Wednesday, May 5, 2010

കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി

.
ഒരു വിഷുവും കൂടി ആരവങ്ങളില്ലാതെ കഴിഞ്ഞുപോയി. കുറച്ചു വര്‍ഷങ്ങളായി കൈനീട്ടം കൊടുക്കുന്നതിന്റെ ബഡ്ജറ്റ് കൂടുതലായിട്ടുണ്ടെന്നല്ലാതെ വേറെ ഒരു സംഭവും ഇല്ല. അല്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും പകരുന്ന സുഖം കുട്ടിക്കാലത്തല്ലേ. ഇതൊന്നുമല്ലാതെ ലൈഫ് യാതൊരു ലിമിറ്റുമില്ലാതെ ടോപ്പ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന ഒരു ആര്‍മ്മാദകാലത്തെ വിഷു മനസ്സില്‍ നിന്നും മായില്ല. വിഷുവല്ല, വിഷു സംക്രാന്തിയായിരുന്നു ആ സുദിനം.

വര്‍ഷം കുറച്ച് പുറകിലാണ്. നാട്ടിലെ ജംഗ്ഷനില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി തിണ്ണ നിരങ്ങിയിരുന്ന കാലം. ആഴ്ചയില്‍ മാറുന്ന സിനിമകളും വെള്ളിയാഴ്ചയിലെ ചിത്രഗീതവും പള്ളിപ്പെരുന്നാളും ഉത്സവവുമൊക്കെയാണ് ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ എന്ന് വിചാരിച്ചിരുന്ന സുന്ദര സുരഭില കാലഘട്ടം. ഒരു വിഷു സംക്രാന്തിയില്‍ സന്ധ്യയോടെ പതിവു പരദൂഷണ മാരത്തോണ്‍ ചര്‍ച്ചക്കും ഞങ്ങള്‍ നാലുപേര്‍ കല്ലേരിപ്പാടം ലക്ഷ്യമാക്കി നടന്നു. വിഷുവും പടക്കം പൊട്ടിക്കലും മറ്റുമൊന്നുമില്ലാത്ത നാലു അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ യങ്ങ് ജനറേഷന്‍സ് ഞാന്‍, ഗിരീഷ്, ദിനേശന്‍, മണികണ്ഠന്‍. കല്ലേരിപ്പാടത്തിന്റെ കലുങ്കിലേക്ക് ആസനം കൊണ്ടു വന്നിരുത്തി പരദൂഷണവും രാഷ്ട്രീയവും സിനിമയും ചര്‍ച്ചയാക്കി സിഗററ്റുകളെ ഷെയര്‍ ചെയ്ത് പാടത്തിനക്കരെ ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടു നിറങ്ങളെ നോക്കി സംക്രാന്തിയെ സമ്പൂര്‍ണ്ണമാക്കുന്ന നേരം.

ദിനേശനും ഗിരീഷും എന്റെ ക്ലാസ്സ് മേറ്റാണ്. ദിനേശന്‍-ലോകത്തിലെ എന്തിനെക്കുറിച്ചും അറിയുന്ന അഭിപ്രായം പറയുന്ന വായനാശീലമുള്ളവന്‍. രമണ മഹര്‍ഷിമുതല്‍ രജനീഷ് മഹര്‍ഷി വരേയും ഗ്രീക്ക് മുതല്‍ ഗ്രീസ് വരേയും കഥകളി മുതല്‍ കോല്‍ക്കളി വരെയും എന്നു വേണ്ട ആകാശത്തിനു താഴെയും മുകളിലുമുള്ള സകലതിനേയുംകുറിച്ച് ആധികാര വിവരമുള്ളവന്‍‍.

ഗിരീഷ്- ഞങ്ങളുടെ പഞ്ചായത്തിലെ എന്നല്ല തൃശൂര്‍ ജില്ലയിലെ ഏതൊക്കെ പ്രദേശത്ത് എവിടെയൊക്കെ ഏതൊക്കെ പ്രായത്തില്‍ നല്ല സുന്ദരിക്കുട്ടികള്‍ ഉണ്ട് എന്നുള്ളതിന്റെ സഞ്ചരിക്കുന്ന വിജ്ഞാന കോശം, അഞ്ചിലേറെ ലൈനുകളുള്ള അഭിനവ കാസനോവ. ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, സുന്ദരന്‍, അബദ്ധങ്ങളില്‍ ഡിപ്ലോമ, മണ്ടത്തരങ്ങളില്‍ ചക്രവര്‍ത്തി, വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അറിയാതെ ചാണകത്തില്‍ ചവിട്ടിയ മട്ട്.

മണികണ്ഠന്‍- ഗ്രാമത്തിലെ മിമിക്രി ആര്‍ട്ടിസ്റ്റ്, നാടക നടന്‍-എഴുത്തുകാരന്‍-സംവിധായകന്‍, കൊമേഡിയന്‍. വാക്കിലൊളിപ്പിച്ച പരിഹാസം കൊണ്ട് ആളെ ആസാക്കാന്‍ മിടുക്കന്‍. കോമഡി കാസറ്റുകളുടെ ഹിറ്റ് റൈറ്റര്‍.
കളിയാക്കലും ചിരിയും കൊണ്ട് നേരം കഴിക്കവേ വടക്ക് കല്‍പ്പറമ്പ് ഭാഗത്ത് നിന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍കേട്ടു.

“പോലീസായിരിക്കോഡാ?” ഗിരീഷ് സിഗററ്റ് കുത്തിക്കെടുത്തി.

“പോടാ പോലീസ് ജീപ്പിന് ഒരു ഹെഡ്ലൈറ്റേ ഉള്ളൂ? ഇത് ഓട്ടോര്‍ഷ്യാ” ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ദിനേശന്‍ തീരുമാനിച്ചു,

ഓട്ടോ ഞങ്ങളുടെ അടുത്ത് വന്ന് നിര്‍ത്തി. പൈങ്ങോട്ടിലെ മനുച്ചെട്ടന്‍ ആയിരുന്നു. വെള്ളാങ്കല്ലൂരിലെ ഓട്ടവും കഴിഞ്ഞ് വിട്ടിലേക്കുള്ള വരവാണ്.

“ എന്തറാ വിഷുവായിട്ട് വെള്ളടി പരിപാടിണ്ടാ?” മനുച്ചേട്ടന്‍ പുറത്തിറങ്ങി.

“ഏയ് വെര്‍തെ..” ഞങ്ങള്‍

“വീട്ടിപ്പോയി പടക്കം പൊട്ടിച്ചൂര്‍ഡാ ഗിര്യേ” മനുച്ചേട്ടന്‍ തീവാങ്ങി ഒരു സിഗററ്റ് കത്തിച്ചു.

“ ഞങ്ങല്‍ക്ക് വിഷുല്ല്യാന്നേ, ഒരു വല്ല്യശ്ശന്‍ മരിച്ചോണ്ട് ഇത്തവണ വിഷുല്ല്യ” കുത്തിക്കെടൂത്തിയ സിഗരറ്റ് ഗിരീഷ് രണ്ടാമതു കത്തിച്ചു.

“എന്നാ പോട്ടറാ?” മനുച്ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഘണ്ടാകര്‍ണ്ണ കയറ്റം കയറി.

“ ഓഹ് അന്തപ്രാണന്‍ കത്തിപോയിസ്റ്റാ.. പോലീസ് ജീപ്പ്ണന്നു വിചാരിച്ചു” ഗിരീഷ് കുറ്റി കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

“പണ്ട് രണ്ടുമൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക് പറ്റീറ്റ്ണ്ടറാ.. ഇല്ലെഡ നന്ദ്വോ?” മണികണ്ഠന്‍

“ ആ ടക്കേ... ഒരുസം രാത്രി ഇവിടിരുന്ന് പൂര ബഹളംസ്റ്റാ... അതിന്റെടേലാ വടക്ക്ന്ന് ഒരു ജീപ്പ് പാഞ്ഞ് വന്ന്...” ഞാന്‍

“ഞങ്ങള്‍ടെ അടുത്തെത്തീട്ട് ഒരൊറ്റ ചവിട്ട് നിര്‍ത്തല്” മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു “ ഞങ്ങളൊക്കെ രൊറ്റ പേടിസ്റ്റോ.. എല്ലാവരും എഴുന്നെറ്റ് നിന്നു. നോക്കുമ്പോരാ?”

“ആരാ പോലീസാ?” ഗിരീഷ്

“ ഏയ് എവട്ന്ന്. മ്മടെ ഗംഗേട്ടന്‍. ചാണാശ്ശേരിലേ. പുള്ളി കടപൂട്ടി വീട്ടീല്‍ക്ക് വരായിരുന്നു” മണികണ്ഠന്‍

“അന്ന് ഞങ്ങള് പേടിച്ചോണ്ട് പുള്ളി എടക്കെടക്ക് ഇങ്ങിനെ ചെയ്യുടെക്കേ ഞങ്ങളെ പേടിപ്പിക്കാനായിട്ട്. ഒന്ന് രണ്ട് പ്രാവശ്യം കഴിഞ്ഞ്പ്പോ ഞങ്ങള്‍ക്ക് മനസ്സിലായ്ട്ടാ, പിന്നെ ജീപ്പിന്റെ സൌണ്ട് കേക്കുമ്പഴക്കും ഞങ്ങക്കറീയാം. . പിന്നെ പുള്ളി വന്ന് എന്തെങ്കിലും പറഞ്ഞിട്ട് കൊറച്ചഴിഞ്ഞേ പോവു.”

മണികണ്ഠനില്‍ നിന്ന് സിഗററ്റിന്റെ ബാക്കി വാങ്ങുന്നതിനിടയില്‍ ഗിരീഷിനോട് ദിനേശന്‍ ചോദിച്ചു :

“എന്തായറാ നിന്റെ പുത്യേ ലൈന്‍?”

“എത് ലൈന്‍? ആര് പറഞ്ഞൂ?” ഗിരീഷ് ചൂടാവാന്‍ നോക്കി

“ ഹഹ ആരു പറഞ്ഞൂന്ന്. അപ്പോ സംഗതി ഇണ്ട് ല്ലേ?” ദിനേശന്‍ സംഗതി വെളിവാക്കി.

“പോയരെക്കേ. എനിക്കൊരു ലൈനൂല്ല്യ കോപ്പുല്ല്യ, ഒരെണ്ണത്തിനെ ചാലാക്കന്‍ തന്നെ എന്ത് പാടണന്നറിയോ?”

“ഒള്ള ലൈനൊക്കെ പോരഡാ ഗിരീഷേ.. ഹൊ നീ ഇതൊക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുണൂടാ? “ ഞാന്‍

“ നിന്നെ പ്രിയദര്‍ശന്‍ നേരത്തെ കണ്ടിരുന്നെങ്കീ ബോയിങ്ങ് ബോയിങ്ങ് ല് മോഹന്‍ലാലിനു പകരം നിന്നെ വിളിച്ചേനെ” മണികണ്ഠന്റെ തമാശയില്‍ ഞങ്ങള്‍ അലറിച്ചിരിച്ചു. ആ സമയം പടിഞ്ഞാറെ പാടത്തിന്റവിടെ ഒരു ഗുണ്ട് പൊട്ടി തീപൂവുകള്‍ തെറിച്ചു. മറുകരയില്‍ എവിടെയൊ മാലപ്പടക്കത്തിനു ആരോ തുടക്കമിട്ടു. മേശപ്പൂവിന്റെയും ഗുണ്ടമിട്ടിന്റെയും പ്രഭയില്‍ ഞങ്ങളുടെ ചിരിയുടെ ബഹളത്തെ ഓവര്‍ലാപ്പ് ചെയ്ത്കൊണ്ട് വടക്ക് നിന്ന് ഗംഗേട്ടന്‍ ജീപ്പിന്റെ മുര്‍ള്‍ച്ച കേട്ടു.

“ദേഡേക്കേ ജീപ്പ്, പോലീസാവോ?” ഗിരീഷ് ചാടിയെഴുന്നേറ്റു

“ഒന്നിരിക്കെഡാ ശ്ശവീ. അത് ഗംഗേട്ടനണ്ടാ‍. പുള്ളിവരണ ടൈമാ”

“ ഹോ ഇങ്ങേര്‍ക്ക് വിഷൂന്റെ തലേദിവസേങ്കിലും നേരത്തെ കടയടച്ചു പോന്നുടെസ്റ്റാ”

“ഉം... ഇന്ന് നല്ല തെരക്കല്ലേ”

സിഗററ്റിന്റെ പുകച്ചുരുളകള്‍ക്കൊപ്പം കലുങ്കില്‍ ഗംഗേട്ടനെ കുറ്റപറഞ്ഞുകൊണ്ടിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഗംഗേട്ടന്‍ ജീപ്പ് കൊണ്ട് വന്ന് ചവിട്ട് നിര്‍ത്തി-ഏതാണ്ട് ഷാജി കൈലാസിന്റെ പടത്തിലെ ഷോട്ട് പോലെ.

“ഹായ്......ഗംഗേ......ഗം....ഗം..” ഗംഗേട്ടനെ വിഷ് ചെയ്യാന്‍ കൈപൊക്കിയ മണികണ്ഠന്റെ കൈ വായുവില്‍ നിന്നു. ശബ്ദം പകുതിയില്‍ മുറിഞ്ഞു, ഗംഗേട്ടനെ കാണാന്‍ ഞാന്‍ നൊക്കിയ ജീപ്പില്‍ മൂന്നാലു ഗംഗേട്ടന്മാര്‍....

“ദേഡാ പോലീ.....“ ഗിരീഷിന്റെ ശബ്ദം പുറത്തെക്ക് വന്നില്ല.

“എന്തറാ അവിടെ?” തല പുറത്തേക്കിട്ട് ഒരു പോലീസുകാരന്‍ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചത് പാടത്തിന്റെ അക്കരെ ചെന്നു മാറ്റൊലി കൊണ്ടു..വിടെ?...ടെ...ടെ..

ആരുടേയും സഹായമില്ലാതെ എന്തിനു ഞങ്ങളുടെ മനസ്സുപോലുമറിയാതെ ഞങ്ങള്‍ എഴുന്നേറ്റു. മണികണ്ടന്‍ സിഗററ്റ് പിന്നിലൊളിപ്പിച്ചു, കാലുകൊണ്ട് ചെരുപ്പ് തപ്പി. ഗിരീഷ് മുണ്ട് മടക്കിക്കുത്താന്‍ തുടങ്ങി

“ ഏയ് ഒന്നുല്ല്യ. വെറുതെ..ഞങ്ങളിങ്ങനെ വര്‍ത്താനം പറഞ്ഞ്.....”

“ ആര‍ടമ്മേനെ കെട്ടിക്കാനണ്ടാ ഈ നേരത്ത് കലുങ്കിമ്മേലിരിക്കണേ.” പോലീസുകാരന്‍ ആക്രോശത്തോടെ ചാടിയിറങ്ങി. “കുടുമ്മത്ത്പോടാ“

ഞങ്ങള്‍ പതിയെ അനങ്ങാന്‍ തുടങ്ങി.

‘കുത്തിരിക്കാന്‍ കണ്ട സ്ഥലം‘ എന്നു പറഞ്ഞ് പോലീസുകാരന്‍ ലാത്തി ഉയര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് വരാന്‍ തുടങ്ങി. ആലോചിക്കാന്‍ സമയമില്ല. കിട്ടിയാല്‍ കിട്ടിയതു തന്നെ. തിരിച്ചു കൊടുക്കാന്‍ പോലും പറ്റില്ല. എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ ഒരു രക്ഷയുമില്ല. ചെലപ്പോ വിഷുക്കഞ്ഞി സ്റ്റേഷനില്‍നിന്ന് കഴിക്കേണ്ടി വരും. അസമയം. ആവശ്യമില്ലാത്ത സ്ഥലം. ജീപ്പിലാണെങ്കില്‍ മൂന്നാലു പോലീസുകാരെങ്കിലും ഉണ്ട്. നമുക്കറിയാവുന്ന ഒരേയൊരു അടവായ പത്തൊമ്പതാമത്തെ അടവു തന്നെ നല്ലത്.

“ ഓടീക്കോറാ” എന്നൊരൊറ്റ പഞ്ച് ഡയലോഗില്‍ ഞാനും ദിനേശനും മണികണ്ഠനും നേരേ വടക്കോട്ട് കലപ്പറമ്പ് റോഡിലേക്ക് ഓടി. ഓടുന്ന വഴി കാലിലിടാന്‍ നേരം കിട്ടാഞ്ഞതു കൊണ്ട് മണികണ്ഠന്‍ തന്റെ ടോപ്പാസ് പരുവത്തിലായ പാരഗണിനെ കയ്യിലെടുത്തിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ മ്മൂന്നു പേര്‍.. ‘അയ്യോ നമ്മള്‍ നാലുപേരില്ലേ. ഗിരീഷ് മിസ്സ്‘ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മണ്ടന്‍ നേരെ ജീപ്പു പോകുന്ന വഴിയിലേക്ക് ഓടുന്നു. ഞങ്ങളുടെ സിഗ്നല്‍ മനസ്സിലാവാതെ അവന്‍ ഓടിയത് നേരെ മുന്നിലേക്കാണ്. പക്ഷെ, ജീപ്പ് എടുത്ത് വരുമ്പോഴേക്കും അടുത്ത കുറ്റിക്കാട്ടിലേക്ക് സെയ്ഫാകാന്‍ അവനു പറ്റും.

റോഡില്‍ കൂടെ ഓടിയാല്‍ പോലീസ് പിന്തുടരും എന്നു തോന്നിയതുകൊണ്ട് ഞങ്ങള്‍ പുഞ്ചകൊയ്ത വയലിലേക്ക് ചാടാം എന്നു നിശ്ചയിക്കവേ ജീപ്പ് മുന്നോട്ടെടുക്കുന്നത് കേട്ടു. പാടത്തിലേക്ക് ചാടുന്നതിനു മുന്‍പ് ഞാനൊന്നു തിരിഞ്ഞു നോക്കി. പൊന്തയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് റോഡിന്റെ സൈഡിലെത്തിയ ഗിരീഷിന്റെ തൊട്ടടുത്തെത്തിയ ജീപ്പില്‍ നിന്നും പുറത്തേക്ക് നീണ്ടുവന്ന ലാത്തി ഗിരീഷിന്റെ ചന്തിയിലേക്ക് ഒന്നു വീശുന്നതു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. “ക് ണേ...’ എന്ന സൌണ്ട് കേട്ടതും ഞാന്‍ വയലിലേക്ക് ചാടിയതും ഒപ്പമായിരുന്നു. റോഡിലെ ഇരുട്ടിനെ തനിച്ചാക്കി ജീപ്പ് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന്റെ കയറ്റത്തിലേക്ക് കയറിപോയി.
കല്ലേരിപ്പടം ഇരുട്ടിലായി. പാടത്തിനക്കരെ പടക്കം പൊട്ടുന്ന സൌണ്ട് കേള്‍ക്കാം. ഒന്നു തെറ്റിയിരുന്നെങ്കില്‍ ഞങ്ങളുടെ പുറത്തും പടക്കം പൊട്ടിയേനെ. ഇനിയെന്തു ചെയ്യേണ്ടു എന്ന മട്ടില്‍ ഞങ്ങള്‍ കുറച്ചു നേരം പാടത്തു നിന്നു,

“ഡാ ഗിരീഷെവിടേ?” മണികണ്ഠന്‍ അപ്പോഴാണ് ഗിരീഷിനെ ഓര്‍ത്തത് “ പണ്ടാറം അതിനെ പിടിച്ചോണ്ടു പോയാ?”

“ ആ ശ്ശവം നമ്മടൊപ്പം ഓടണേനു പകരം അങ്ങടാ ഓടിയത്. അവനിട്ട് ഒന്നു പൊട്ടിക്കണത് ഞാന്‍ കണ്ടു. പിടിച്ചോണ്ടു പോയാവോ?”“ ഞാന്‍ പറഞ്ഞു.

“ഗിരീഷേ......” ദിനേശന്‍ ഗിരീഷ് ഓടിയ ദിക്കിലേക്ക് നോക്കി ഒന്നു ഉറക്കെ വിളിച്ചു, അപ്പുറത്ത് കയറ്റത്ത് തട്ടി ആ ശബ്ദം തിരിച്ചു വന്നു. ഗിരീഷിന്റെ മറുപടിയില്ല. ഇരുട്ടീല്‍ തമ്മില്‍ കാണുന്നില്ലെങ്കിലും ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി (നോക്കിയോടത്ത് മുഖമായിരിക്കുമെന്ന സമാധനത്തില്‍)

“ഒന്നു കൂടി വിളിച്ചേടാ?” എനിക്ക് ആധിയായി

“ഗിരീഷേ...” ഇത്തവണ ദിനേശനും മണികണ്ഠനും ഒരുമിച്ചു വിളിച്ചു

നോ റിപ്ലൈ ഒണ്‍ലി എക്കോ.

ഞങ്ങള്‍ക്ക് പേടിയായി. പതുക്കെ പാടത്ത് നിന്ന് ഉയര്‍ന്ന റോഡിലേക്ക് പൊത്തിപ്പിടിച്ചു കയറി. പണ്ടാറം, ചാടിയപ്പോ ഇത്ര പൊക്കമുണ്ടെന്ന് അറിഞ്ഞില്ല. റോഡിലെത്തി പതിയെ കലുങ്കിനടുത്തേക്ക് നടന്നു. എങ്കിലും അവനിതെവിടെ പോയി എന്നായിരുന്നു ചിന്ത. ആ പൊന്തയുടെ വശത്തുകൂടി അവന്റെ വീട്ടിലേക്ക് ഒരു നടവഴിയുണ്ട്. പക്ഷെ രാത്രി നേരത്ത് അതിലേ നടന്നു പോകാന്‍ പറ്റില്ല. കല്ലും കട്ടയും തോടും ഇഴജന്തുക്കളുമുള്ള വഴിയിലൂടെ ഗിരീഷ് പോകുമെന്ന് കരുതാനും വയ്യ. ഇനിയിപ്പോ പോലീസുകാരന്‍ ഓടിച്ച എനര്‍ജിയില്‍ ആ വഴിയിലൂടെ അറിയാതെ ഓടിപ്പോയിട്ടുണ്ടാവുമോ!. കുറച്ചു നേരം കൂടി ഞങ്ങള്‍ ഗിരീഷിനെ കാത്തു കലുങ്കിലിരുന്നു. വരുന്നതു വരട്ടെ. വേണേല്‍ ഗിരീഷിന്റെ വീട്ടില്‍ കയറി പറഞ്ഞിട്ടൂ പോകാം, ചിലപ്പോ ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ജംഗ്ഷനില്‍ പരിചയക്കാരെക്കണ്ട് അവിടെ ഗിരീഷിനെ ഇറക്കി വിട്ടിട്ടുണ്ടെങ്കിലോ എന്നൊക്കെയുള്ള ആലോചനയും തീരുമാനവുമായി ഞങ്ങള്‍ തിരികെ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.

ഗിരീഷിന്റെ വീട്ടിലെക്കുള്ള കൊച്ചു ഇടവഴിയുടെ അടുത്തെ പൊന്തക്കു മുന്നിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. അല്പം നടന്നപ്പോള്‍ പുറകില്‍ നിന്ന് വളരെ പതിഞ്ഞൊരു ശബ്ദം.

“ഡാ”

ആരാനാവോ ഈ നേരത്ത്?

“ആരണ്ടത്?’ മണികണ്ഠന്‍ ഉറക്കെ ചോദിച്ചു,

“ഞാനണ്ടാ..ഞാനണ്ടക്കെ..“ പൊന്തയിലെ ഇരുട്ടില്‍ നിന്നും ഗിരീഷു കയ്യും തിരുമ്മി നടന്നു വരുന്നു.

“ദേഡക്കേ ഗിരീഷ്” അവനെ കണ്ട ആശ്വാസത്തില്‍ ഞങ്ങള്‍ ചിരിച്ചു, അത്രയും സമയമായപ്പോഴേക്കും കഴിഞ്ഞ സംഭവങ്ങള്‍ ഒരു തമാശയായി ഞങ്ങളില്‍ രൂപപ്പെട്ടിരുന്നു.

“നീയെന്തണ്ടാ കൈതപ്പൊണ്ണന്റെ ഉള്ളീന്ന്, എന്തേറാ കയ്യുമ്മേ?” അവന്റെ തടവുന്ന കയ്യ് നോക്കി ഞങ്ങള്‍ ചോദിച്ചു,

“ഒന്നും പറയണ്ടടക്കെ.. ആ &*^&*%പോലീസുകാരന്‍ ലാത്തി നീട്ടി ചന്തീമെ നോക്കി ഒരൊറ്റ പെട.. തടുക്കാന്‍ വേണ്ടി കൈ വെച്ചതാ. കയ്യിങ്കണേമ്മെത്തന്നെ കിട്ടി”

“നിന്നോടാരണ്ടാ പറഞ്ഞേ ഇങ്ങ്ട് ഓടാന്‍. നിനക്ക് ഞങ്ങടെ കൂടേ ഓടായിരുന്നില്ല്ലേ” ഞാന്‍ ചീത്ത പറാഞ്ഞു.

“പിന്നേ ആ നേരത്ത് എന്‍ സി സി ക്കാരെടെ പോലെ പിന്നക്ക് പിന്നാലെ മാര്‍ച്ച് ചെയ്യാന്‍ നിക്കല്ലേ, ഞാനോടീത് ഇങ്ങ്ടായിപ്പോയി. അവന്മാര്‍ പിന്നാലെ വന്ന് അടിക്കുന്ന് വിചാരിച്ചാ?”

“വേദനിണ്ടറാ” അവന്റെ കയ്യ് നോക്കി ഞാന്‍ ചോദിച്ചു “ എന്തായാലും പറ്റീത് പറ്റി. ഇനിത് ആരോടും പറയാന്‍ നിക്കണ്ട”

“ ഇക്ക് പറ്റുല്ല്യടെക്കേ. ആരോടും പറയാണ്ട് ഒരു സുഖല്ല്യ.” ഗിരീഷ് തന്റെ മനസ്സ് വെളിപ്പെടുത്തി.

“ ഹും. ഇനിത് കൊളാക്കിക്കോ. നാണക്കേടാ ശ്ശവീ”

“ഞാനെന്റെ ചേട്ടനോട് പറയൂടെക്കേ. അല്ലെങ്കീ ശര്യാവില്ല്യ”

ഗിരീഷ് അങ്ങിനെയാണ്. എന്തെങ്കിലും സംഭവം നടന്നാല്‍ വീട്ടിലോ കൂട്ടുകാരുടെ അടുത്തോ പറഞ്ഞില്ലെങ്കില്‍ അവന് സമാധാനക്കേടാണ്. അതിപ്പോ അവന് പറ്റിപ്പോയ അബദ്ധമായാലും ശരി. അങ്ങിനെയാണല്ലോ അവന്റെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ അറിയുന്നത്.

“നീയിനി ഇത് ആരോടും പറയണ്ട. ഓടീതും അടികിട്ടീതും പറഞ്ഞാല്‍ നമുക്ക്തന്നെ നാണക്കേട്.പിന്നെ ഒരുമാസം പൊറത്തെറങ്ങാന്‍ പറ്റില്ല“ എന്ന്പറഞ്ഞ് ഞങ്ങള്‍ ഗിരീഷിനെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ തുടങ്ങി (അവനതില്ലെങ്കിലും) ഞങ്ങളുടെ നിര്‍ബന്ധം കാരണം ആരോടും പറയില്ല എന്ന അവന്റെ ഉറപ്പില്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു പോകാന്‍ നിശ്ചയിച്ചു.

“ എടാ വേഗം പൂവാടാ, പോലീസുകാര് തിരിച്ചു ഈ വഴി തന്നെ വരുംന്ന് പറഞ്ഞിട്ടുണ്ട്. ഇനി വരുമ്പോ നമ്മളേ കണ്ടാല് പിന്നെ, സ്റ്റേഷനില്‍ നോക്യാമതീന്നാ പറഞ്ഞേ“

“ഇത്രക്കും കമ്മ്യൂണിക്കേഷന്‍ നിങ്ങള് എപ്പോ നടത്തീടാ?” ദിനേശന് അത്ഭുതം

“ എനിക്കിട്ട് പെട്ച്ചിട്ട് പോണപോക്കില് ആ പോലീസുകാരന്‍ വിളിച്ചു പറഞ്ഞതണ്ടാ”

മുന്‍പ് നടന്നതൊക്കെ തമാശയായി തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഞങ്ങള് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിന്റെ കയറ്റവും കയറി മഹിളാസമാജവും കഴിഞ്ഞ് ടൈലര്‍ ബാബുച്ചേട്ടന്റെ കടയുടെ മുമ്പിലെത്തി.

എവിടെപ്പോയെടാ കടയുടെ മുമ്പില്‍ വിഷുത്തലേന്ന് ആയതുകൊണ്ടാവും കുറച്ചുപേര്. കൂട്ടത്തിലെ ചന്ദ്രന്റെ ചോദ്യമാണ്.,

ഏയ് വെര്‍തെ.. കല്ലേരിപ്പാടത്ത്. എന്തേ ഇവിടെ..?

ദിപ്പന്നേ ഒരു പോലീസ് ജീപ്പ് ഇതിലേ പോയി, എന്താന്നറിയാന് നോക്കീതാ...വിഷുല്ലെടാ

ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. പറയരുത് എന്ന് മൌനമായി സംവേദിച്ചു. ഗിരീഷിന്റെ മുഖം മാത്രം കയ്യാലപ്പുറത്തെ തേങ്ങ പോലെ. അവന്‍ ദയനീയമായി ഞങ്ങളെ നോക്കുന്നു.

മിണ്ടരുത് എന്ന് കണ്ണുരുട്ടി ഞങ്ങള്‍

എന്തറാ ഒരു വശപ്പെശക്? ഞങ്ങളുടെ മുഖാഭിനയം കണ്ടതോണ്ടാവും ചന്ദ്രന് വീണ്ടും.

ഏയ്...

അപ്പോഴേക്കും ഗിരീഷ് അടുത്ത് വന്നു എന്നിട്ട് ദിനേശിനോട് മുറുമുറുത്തു. ഞങ്ങളെ മാറ്റി നിര്‍ത്തി ദിനേശന്‍ പറഞ്ഞു എടാ അവന് പറയാന് മുട്ടുണൂന്ന്!

കൊന്നളയും ഞാനും മണികണ്ഠനും ഒരുമിച്ചു പറഞ്ഞു.

ഗിരീഷ് നിന്നു പിരിയാന്‍ തുടങ്ങി. പ്രായം കൂടുതലാണെങ്കിലും അവന്റെ നല്ല കൂട്ടൂകാരനാണ് ചന്ദ്രന്‍. അവനോടെങ്കിലും അത് പറയണമെന്നു അവനൊരു തോന്നല്‍

“എന്തണ്ടാ. എന്തോ ഒളിക്കണുണ്ടല്ലോ നിങ്ങള്, വെള്ളടിച്ചോടാ? ചന്ദ്രന്‍ സംഗതി പിടികിട്ടാന് നമ്പറെറക്കിനോക്കി.

“ഏയ്, വെര്‍തെ.. തോന്നണതാവും ഞങ്ങള്‍ മൂവരും ഒരുമിച്ചു പറഞ്ഞു.

അടുത്ത് സിഗററ്റിനു തീ കൊളുത്തി മണികണഠന്‍ തന്റെ പുതിയ കാസറ്റിന്റെ കഥപറയാന്‍ തുടങ്ങി. വലിയൊരു ആപത്തില്‍ നിന്നു രക്ഷപ്പെട്ടെന്ന മട്ടില്‍ ഞാന്‍ വീട്ടിലേക്കുള്ള ഇരുട്ടുപിടിച്ച വഴിയിലൂടെ നടക്കാന്‍ തുടങ്ങി.


**************************************************************************************


പിറ്റേ ദിവസം. വിഷു.
കുളിച്ച് കുറിതൊട്ട് കൈനീട്ടം വാങ്ങി, കൈലിമുണ്ട് മാറ്റി വെള്ളമുണ്ടുടുത്ത് കാല്‍ നടയായി പൈങ്ങോട്ടിലേക്ക് പോയി, ടൈലര്‍ ബാബുചേട്ടന്റെ കടയുടേ മുന്‍പിലെത്തിയപ്പോള്‍, പതിവു കൂട്ടം. ചന്ദ്രനും മറ്റുള്ളവരുമുണ്ട്. എന്നെ കണ്ടതും അവരില്‍ മേശപ്പൂവ് പോലൊരു ചിരി വിരിഞ്ഞു. എന്താണ് സംഗതി എന്നറിയാതെ ഞാന്‍ നടന്ന് അവര്‍ക്കരികിലെത്തി..

ഇന്നലെ എങ്ങ്നുണ്ടാര്‍ന്നു സംക്രാന്തി നന്ദ്വോ?

എന്ത് ?! എങ്ങിനെ? ഞാന്‍ പിടികിട്ടാതെ ചോദിച്ചു.

ഇന്നലെ പോലീസുകാരുടെ പെട എങ്ങനുണ്ടാര്‍ന്നെന്ന്? രാജനാണ് എക്സ്പ്ലെയിന്‍ ചെയ്തത്

പെടേ? ആരു പെടച്ചു? പോലീസാരാ? ഏയ്? ആരു പറഞ്ഞു

“വേണ്ടറാ...വേണ്ടറാ മോനെ, സംഗതി ഒക്കെ ഞങ്ങളറിഞ്ഞു. ചന്ദ്രന്‍ വീണ്ടും

എന്തൂറ്ററിഞ്ഞെന്ന്?

എടാ, ഇന്നലെ നിങ്ങള് കല്ലേരിപ്പാടത്തിരുന്നപ്പോ പോലീസ് ജീപ്പ് വന്നതും എല്ലാവര്‍ക്കും പെടകിട്ടീതും?

“ഇതാരു പറഞ്ഞു ഇങ്ങനെ“

“ഒക്കെ ഗിരീഷു പറഞ്ഞെടാ...ഗിരീഷിന്റെ കയ്യുമ്മെ ആദ്യം ലാത്തികൊണ്ടടിച്ചു, പിന്നെ നിങ്ങളോരോരുത്തരേം പിടീച്ചു നിര്‍ത്തി ചന്തീമ്മെ പെടച്ചൂന്ന്.

ഈശ്വരാ അവനങ്ങനാണോ പറഞ്ഞേ?

ഇനിയൊന്നും പറയണ്ട... എല്ലാവര്‍ക്കും പെട കിട്ട്യ കാര്യം ഗിരീഷു വിസ്തരിച്ചു പറഞ്ഞെടാ മോനേ..

എടാ മഹാപാപി ഗിരീഷേ.. നിനക്ക് പെടകിട്ടീത് പറയാന്‍ നീ ഞങ്ങള്‍ക്കിട്ട് പെടച്ച്യൂല്ലെറാ.. പോലീസുകാരേക്കാള്‍ വല്യ ചെയ്തായെടാ ഇത്‘ ഞാന്‍ മനസ്സില്‍ ഗിരീഷിനെ പ്രാകിക്കൊണ്ട് പറഞ്ഞു.

എന്തായാലും ആ വര്‍ഷം വിഷുവിന് ഗിരീഷ് കൊളുത്തിയ തിരിയില്ലാത്ത ഗുണ്ട് കാരണം വിഷു കേമമായെന്ന് പ്രത്യേകം പറയേണ്ടല്ലോ.

57 comments:

nandakumar May 5, 2010 at 12:50 PM  

ഒരു വിഷുവും കൂടി ആരവങ്ങളില്ലാതെ കഴിഞ്ഞുപോയി. കുറച്ചു വര്‍ഷങ്ങളായി കൈനീട്ടം കൊടുക്കുന്നതിന്റെ ബഡ്ജറ്റ് കൂടുതലായിട്ടുണ്ടെന്നല്ലാതെ വേറെ ഒരു സംഭവും ഇല്ല. അല്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും പകരുന്ന സുഖം കുട്ടിക്കാലത്തല്ലേ. ഇതൊന്നുമല്ലാതെ ലൈഫ് യാതൊരു ലിമിറ്റുമില്ലാതെ ടോപ്പ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന ഒരു ആര്‍മ്മാദകാലത്തെ വിഷു മനസ്സില്‍ നിന്നും മായില്ല. വിഷുവല്ല, വിഷു സംക്രാന്തിയായിരുന്നു ആ സുദിനം.

kARNOr(കാര്‍ന്നോര്) May 5, 2010 at 12:59 PM  

ആദ്യ തേങ്ങ എന്റെ വക

ഠോ ...

(മാങ്ങാ ഇട്ട് ചമ്മന്തി അരയ്ക്കാം)
വായിച്ചിട്ട് വരാം

sijo george May 5, 2010 at 1:09 PM  

soo nostalgic, as usual..nandetta.. :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് May 5, 2010 at 1:15 PM  

ശ്ശൂർ സ്റ്റൈൽ സംസാരം ഇത്ര മനോഹരമായി പകർത്താനെങ്ങനെ സാധിക്കുന്നു??

“ഒന്നു പോയെരെക്കാ”.. ഇതൊക്കെ മറന്നു പോയിത്തൂടങ്ങിയതാർന്നു..

ഒരു ടിപ്പിക്കൽ നന്ദപർവ്വം പോസ്റ്റ് :)

ചേച്ചിപ്പെണ്ണ്‍ May 5, 2010 at 1:20 PM  

nalla ormakal ...:)

സജി May 5, 2010 at 1:45 PM  

മണ മഹര്‍ഷിമുതല്‍ രജനീഷ് മഹര്‍ഷി വരേയും ഗ്രീക്ക് മുതല്‍ ഗ്രീസ് വരേയും കഥകളി മുതല്‍ കോല്‍ക്കളി വരെയും എന്നു വേണ്ട ആകാശത്തിനു താഴെയും മുകളിലുമുള്ള സകലതിനേയുംകുറിച്ച് ആധികാര വിവരമുള്ളവന്‍‍.


ഇത്തരക്കാര്‍ എല്ലാ നാട്ടിലും ഉണ്ടല്ലേ..ഗോള്ളാം....

ഉപാസന || Upasana May 5, 2010 at 1:58 PM  

“ ആര‍ടമ്മേനെ കെട്ടിക്കാനണ്ടാ ഈ നേരത്ത് കലുങ്കിമ്മേലിരിക്കണേ.” പോലീസുകാരന്‍ ആക്രോശത്തോടെ ചാടിയിറങ്ങി. “കുടുമ്മത്ത്പോടാ“

അതാണ് പഞ്ച് ഡയലോഗ്...
:-))
ഉപാസന

Sandeepkalapurakkal May 5, 2010 at 1:59 PM  

പെട എല്ലാവര്‍ക്കും കിട്ടി, അതല്ലേ സത്യം ?

ശ്രീ May 5, 2010 at 2:23 PM  

ആദ്യം ഗിരീഷിനെ അതങ്ങു പറയാന്‍ സമ്മതിച്ചിരുന്നെങ്കില്‍ നിങ്ങളുടെ മാനമെങ്കിലും രക്ഷപ്പെടുമായിരുന്നില്ലേ?

കുഞ്ഞൻ May 5, 2010 at 2:26 PM  

സത്യത്തിൽ ചെറുതായെങ്കിലും നിങ്ങൾക്ക് കിട്ടിയൊ..??

എന്തായാലും ഗിരീഷൻ മണ്ടനാണെന്ന് ഇനി പറയരുത്..!

രസകരമായ പോസ്റ്റ്.

kARNOr(കാര്‍ന്നോര്) May 5, 2010 at 2:50 PM  

നന്നായിരിക്കുന്നു..
നുമ്മ ത്രിശ്ശൂക്കാരനല്ലേലും ഭാഷ ആസ്വാദ്യകരം ..
ഒരു ചെറുകഥ വായിച്ച സുഖം..

കല്ലേരിപ്പാടവും മണികണ്ഠനുമൊക്കെ ചിരപരിചിതരായി..

(അടുത്ത പോസ്ടിന് ഇത്രേം ഗ്യാപ്പ് വേണ്ടാട്ടോ)

Sulthan | സുൽത്താൻ May 5, 2010 at 3:03 PM  

പിന്നേ ആ നേരത്ത് എന്‍ സി സി ക്കാരെടെ പോലെ പിന്നക്ക് പിന്നാലെ മാര്‍ച്ച് ചെയ്യാന്‍ നിക്കല്ലേ

നന്ദൂജീ,

ചിരിച്ച്‌ പണ്ടാരടങ്ങിട്ടാ, മ്മടെ പണിപോയാലെ, ഞാനുണ്ടാവും കലുങ്കുമലിരിക്കാൻ, അടുത്ത വീഷൂന്‌.

Sulthan | സുൽത്താൻ

Rejitha May 5, 2010 at 3:25 PM  

Puthiya vayanakkariyanu.Ella postum kazhinja 2 weeks kondu vayichu.
Nalla post.
Chithrathil Nandan ethanu. Gireeshine manasilayi .
Aakhoshangale patti ella malayalikalkum kanum enthenkilumoke ormakal. Ennepole ezhuthan ariyathavar athoke idakkidaku orkukayo , makkalodu parayukayo cheyyum.

Appu Adyakshari May 5, 2010 at 4:31 PM  

നല്ല ഓർമ്മകൾ നന്ദാ.. പങ്കുവച്ചതിനു നന്ദി. പോലീസ് ഗിരീഷിനെ തല്ലുന്ന ചിത്രം (രണ്ടാമത്തേത്) എന്താ അതിന്റെ ഒരു ഭാവം !!

ഒഴാക്കന്‍. May 5, 2010 at 4:39 PM  

നന്ദൂജീ,

നല്ല രസയിട്റ്റ് എഴുതി ഗഡി! അപ്പൊ ഇങ്ങന അല്ലെ ഈ വിഷു കലക്കുവ!

Unknown May 5, 2010 at 5:16 PM  

ഡാ നന്ദാ കിടുക്കനായിറ്റ്ണ്ട്രാ...
കുടുമ്മത്ത്പോടാ തിമിർത്തൂ

മത്താപ്പ് May 5, 2010 at 6:52 PM  

പോലീസും കലക്കി കൂട്ടുകാരനും കലക്കി
സംഭവം മൊത്തം കലക്കീട്ട്ണ്ട് .....


hats of to you
bravo bravo...

സുമേഷ് | Sumesh Menon May 5, 2010 at 7:30 PM  

ഹൃദ്യം...

G.MANU May 5, 2010 at 8:01 PM  

നന്ദന്‍സ്
വിഷുസ്മൃതികളുടെ സത്യസന്ധമായ അവതരണം
പൊന്തക്കാട്ടിലേക്കുള്ള ലാന്‍ഡിംഗ് ഗംഭീരം
വരയ്ക്ക് മുന്നില്‍ നമിച്ചു മച്ചാ..
ജീപ്പിന്റെ ലൈറ്റ് ..കണ്ണ് അവിടെ ഉടക്കി നില്‍ക്കുന്നു

നെക്സ് പ്ലീസ്..

Ranjith chemmad / ചെമ്മാടൻ May 5, 2010 at 8:20 PM  

നന്ദേട്ടാ, കിടിലന്‍ കാച്ചാ കാച്ച്യേ...!
ഇഷ്ടായീ....

Muralee Mukundan , ബിലാത്തിപട്ടണം May 5, 2010 at 9:31 PM  

കല്ലേരിപ്പാടത്തെ വിഷുസംക്രാന്തിയുടെ ആ പൊട്ടിക്കലുകളുണ്ടല്ലോ,ഈ തനി കൊടുങ്ങല്ലൂർ ഭാഷയിലുള്ളത്..
കലക്കീണ്ട് ഭായി ...
തനി ഉണ്ടൻപൊരികൾ തന്നെ !


അല്ലാ..എനിക്കറിയാണ്ട് ചോദിക്ക്യാ ഗെഡീ...
കന്നിമാസം പട്ടികൾക്കെന്ന പോലെ ഈ ബൂലോഗത്തെ പുലികൾക്കെല്ലാം മെയ്മാസമാണൊ...?
ബ്രിജ്വിഹാരത്തിന്നൊരു കരിമ്പുലി,കൊടകരേന്നൊരു കടുവ,ഇപ്പതാ നന്ദപർവ്വതത്തീന്നൊരു പുള്ളിപ്പുലി !

ഇവിടെ ഞങ്ങളെപ്പോലുള്ള എലികൾ വിരണ്ടുതുടങ്ങി...കേട്ടൊ ഭായി .

Unknown May 5, 2010 at 9:53 PM  

നന്ദേട്ടാ,
നല്ല ഓർമ്മകൾ...
ഒരു കഥ വായിച്ച സുഖം...

ദിലീപ് വിശ്വനാഥ് May 5, 2010 at 11:42 PM  

അത് തന്നെ. പെട കിട്ടിയിട്ട് അതിപ്പോ ഗിരീഷിനു മാത്രമായി അല്ലെ? കള്ളാ...

നിരക്ഷരൻ May 6, 2010 at 2:15 AM  

നമ്മക്ക് ഈ ഗിരീഷിനേം മണികണ്ഠനേം ഒന്നും അറീല്ലല്ലോ ? എന്ത് പറഞ്ഞാലും വിശ്വസിക്ക തന്നെ. വിഷുക്കാലം കഴിഞ്ഞാലും ഗുണ്ട് പൊട്ടിച്ച് എടങ്ങേറാക്കിക്കോണം. പോയീരടെക്കാ.... :)

കലുങ്കില്‍ കയറിയിരുന്ന് സന്ധ്യകള്‍ ആഘോഷമാക്കിയിരുന്ന യൌവനങ്ങളുടെ നേര്‍ക്കാഴ്ച്ച.

മാണിക്യം May 6, 2010 at 4:28 AM  

“ഒക്കെ ഗിരീഷു പറഞ്ഞെടാ...
ഗിരീഷിന്റെ കയ്യുമ്മെ ആദ്യം ലാത്തികൊണ്ടടിച്ചു,
പിന്നെ നിങ്ങളോരോരുത്തരേം പിടീച്ചു നിര്‍ത്തി
ചന്തീമ്മെ പെടച്ചൂന്ന്.”
അപ്പോ അതാണല്ലേ സത്യം ?
പോട്ടെ സാരാമില്ല ട്ടോ..
ഞാന്‍ അമ്മച്ചിയാണെ ഇതാരോടും പറയൂല്ലാ
അല്ലാ ലാത്തി കൊണ്ടടിച്ചാല്‍ നോവ്വോ?

Anil cheleri kumaran May 6, 2010 at 7:09 AM  

ടോപ്പാസ് പോലത്തെ പാരഗണ്‍... ഹഹഹ്.. ചിരിച്ച് പോയി... നന്നായിട്ടുണ്ട് നാടന്‍ സംഭാഷണങ്ങള്‍.

Cartoonist May 6, 2010 at 8:14 AM  

ആ പടങ്കള്‍ - ഹാ !!

Typist | എഴുത്തുകാരി May 6, 2010 at 12:17 PM  

നിങ്ങള്‍ക്കു പോലീസിന്റെ കയ്യീന്നു കിട്ടീല്യാന്നു പറയാന്‍ പാടെത്ര പെട്ടു. എന്നിട്ടും.. പാവം ഗിരീഷ്, സത്യം പറഞ്ഞുപോയി.

പകല്‍കിനാവന്‍ | daYdreaMer May 6, 2010 at 1:04 PM  

കലക്കീടാ നന്ദപ്പാ ! :)

Junaiths May 6, 2010 at 1:37 PM  

സംഗതി മൊത്തത്തില്‍ കലക്കി ഗഡീ,
എനിക്കിഷ്ടായത്-
ആഴ്ചയില്‍ മാറുന്ന സിനിമകളും വെള്ളിയാഴ്ചയിലെ ചിത്രഗീതവും പള്ളിപ്പെരുന്നാളും ഉത്സവവുമൊക്കെയാണ് ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ എന്ന് വിചാരിച്ചിരുന്ന സുന്ദര സുരഭില കാലഘട്ടം.

ഓര്‍മ്മിപ്പിച്ചു കൊല്ലുന്നു..ദുഷ്ടന്‍

nandakumar May 6, 2010 at 2:28 PM  

പോസ്റ്റ് വായിച്ചു ചിത്രവും കണ്ട് അഭിപ്രായം പറഞ്ഞ സുമനസ്സുള്ള എല്ലാ ഗഡ്യോള്‍ക്കും നന്ദി..:)

ഹംസ May 6, 2010 at 4:05 PM  

രസകരമായ വായന . നന്നായിരിക്കുന്നു.!

ശ്രീനന്ദ May 6, 2010 at 4:31 PM  

ചിത്രങ്ങള്‍ക്കൊക്കെ എന്തൊരു ഭംഗിയാ, ഗിരീഷിനു അടികിട്ടുന്നത്‌ സൂപ്പര്‍. നാട്ടുഭാഷയുടെ മുഴുവന്‍ ചന്തവുമുള്ള വരികള്‍.

"റോഡിലെ ഇരുട്ടിനെ തനിച്ചാക്കി ജീപ്പ് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന്റെ കയറ്റത്തിലേക്ക് കയറിപോയി." ഇതെനിക്കൊത്തിരി ഇഷ്ടമായി.

നന്ദേട്ടന്‍ പറയുന്നത് വിശ്വസിക്കയല്ലേ ഞങ്ങള്‍ക്ക് തരമുള്ളൂ. ഗിരീഷ്‌ ബ്ലോഗ്‌ എഴുതിയിരുന്നെങ്കില്‍ സംക്രാന്തിയുടെ സത്യാവസ്ഥ അറിയാരുന്നു.

Renjith Kumar CR May 6, 2010 at 4:36 PM  

വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അറിയാതെ ചാണകത്തില്‍ ചവിട്ടിയ മട്ട്

നന്ദേട്ടാ :)

വിനുവേട്ടന്‍ May 6, 2010 at 7:36 PM  

നന്ദന്‍ജി.. വിഷൂന്‌ പടക്കം പൊട്ടിയപ്പോള്‍ അസ്സല്‌ രണ്ടെണ്ണം നിങ്ങളുടെയൊക്കെ മേലും പൊട്ടി അല്ലേ? ആരോടും പറയരുത്‌ പറയരുത്‌ എന്ന് ആ പാവത്തിന്റെ പേടിപ്പിച്ചതിന്റെ രഹസ്യം ഇപ്പോഴല്ലേ മനസ്സിലായത്‌... ഈ ലാത്തികൊണ്ടുള്ള അടിയുടെ കടുപ്പം എങ്ങനെയാ...?

jayanEvoor May 7, 2010 at 7:49 AM  

എല്ലാം മനസ്സിലായി!

മനപ്പൂർവമല്ലേ ഈ വിഷുപ്പോസ്റ്റ് വച്ചു താമസിപ്പിച്ചത്!?

അല്ലെങ്കിൽ ചെറായിയിൽ വച്ച് നിരക്ഷരനോ അച്ചായനോ മുതുക് പരിശൊധിച്ചേനേ!

ഇതിപ്പൊ പാവം ഗിരീഷിനിട്ടു വച്ചു!

siva // ശിവ May 7, 2010 at 10:04 AM  

കല്ലേരിപ്പാടം എന്റെ ഓര്‍മ്മയിലേയ്ക്കും നന്ദന്‍ വരച്ചിട്ടിരിക്കുന്നു. മനോഹരമായ നാടന്‍ പ്രയോഗങ്ങള്‍. ആകെ മൊത്തം ഒരു നല്ല പോസ്റ്റ്.

ഓ.ടോ: ഇത് ചിന്തയില്‍ വന്നില്ലെ? അതൊ ഞാന്‍ കാണാത്തതോ?

Sreejith May 7, 2010 at 12:58 PM  

നന്ദൂസെ പെട പോസ്റ്റായല്ലോ .. ഇനി നമ്മുടെ ശ്രീനിവാസനെപ്പറ്റി (സുരേഷ് കലഭവൻ) എന്തെൻകിലും ഉണ്ടോ എഴുതാൻ .... മണികണ്ഠന്റെ അനിയൻ ഉണ്ണികൃഷ്ണൻ ..ആരൊക്കെയാ ഗഡീ ...പൈങ്ങോട് ഒരു സംഭവം തന്നെ ഇസ്റ്റാ..

Readers Dais May 7, 2010 at 3:38 PM  

കൂട്ടുകാര്‍ ആയാല്‍ ഇങ്ങനെ വേണം എല്ലാം പങ്കു വെയ്കണം ....
സായാഹ്നത്തിലെ വെടി പറച്ചിലുകളുടെ ഓര്‍മ്മകളിലേയ്ക്ക് കൊണ്ട് പോയി ഈ പോസ്റ്റ്‌ ...
ആ തൃച്ചുര്‍ പെട അങ്ങട് പിടിച്ചു ട്ടോ ഘടിയെ ...

nandakumar May 7, 2010 at 3:47 PM  

പോസ്റ്റ് വായിക്കുകയും സ്നേഹവും പ്രോത്സാഹനവും തരികയും ചെയ്യുന്ന കൂട്ടുകാര്‍ക്ക് സ്നേഹം നിറഞ്ഞ നന്ദി. ഇനിയും വരിക

രഘുനാഥന്‍ May 7, 2010 at 5:04 PM  

നന്ദേട്ടാ...

നല്ല വായനാ സുഖം തരുന്ന കഥയും വിവരണവും..
കല്ലേരിപ്പാടവും ഘണ്ടാകര്‍ണ ക്ഷേത്രവും, എല്ലാം കൂടിയപ്പോള്‍ നാട്ടിന്‍ പുറത്തു കൂടി നടക്കുന്ന ഒരനുഭവം തന്നു...
പിന്നെ ഗിരീഷിന്റെ ചന്തിയിലെ പെട ചിരിയും...
ചിത്രങ്ങളും മനോഹരം...
ആശംസകള്‍

കൊലകൊമ്പന്‍ May 8, 2010 at 12:21 AM  

നന്ദേട്ടാ ...സിനിമയെക്കുറിച്ച് ഒന്നും മിണ്ടാനില്ല .. മാരകം ! ! :-)

നിങ്ങ പറയണ ഈ ഭാഷ കേട്ടു ഇനി ഞങ്ങ ഇങ്ങനെയാവും എന്ന് തോന്നുന്നു

Unknown May 8, 2010 at 12:37 PM  

നാട്ടിന്‍ പുറത്തെ ആ സുന്ദര സായാഹ്നങ്ങളെ ഓര്‍മ്മിപ്പിച്ചു. ഭാഷ മനോഹരമായി, ചിത്രങ്ങളും.

Rare Rose May 8, 2010 at 2:27 PM  

നന്ദന്‍ ജീ.,പറയേണ്ടത് പറയേണ്ട സമയത്ത് പറയാന്‍ സമ്മതിച്ചില്ലേല്‍ ഇങ്ങനെയിരിക്കും.അതല്ലേ ഗിരീഷിനു സംഭവമൊന്നൂടെ തൊങ്ങലു പിടിപ്പിച്ചു വര്‍ണ്ണിക്കാന്‍ തോന്നിയത്.;)
പടംസിന്റെ കാര്യം പറാഞ്ഞാല്‍..ഉഗ്രുഗ്രന്‍!കലകലക്കന്‍.!!
ആ രണ്ടാമത്തെ പടം ആ വെളിച്ചം പോണ വഴി കണ്ട് പെരുത്തിഷ്ടായി.:)

ബഷീർ May 8, 2010 at 3:34 PM  

ഉഷാറായി..പോലീസിന്റെ പെടയും കൂ‍ട്ടുകാരന്റെ പെടയും :)

കിട്ടിയതൊക്കെ കൂട്ടുകാരനു കിട്ടിയതാണെന്ന് എഴുതിപിടിപ്പിച്ചാൽ എങ്ങിനെ വിശ്വസിക്കാണ്ടിരിക്കും ഇസ്റ്റാ

ഇമ്മ്ടെ ഭാഷേണ് ഭാഷ..അല്ലെസ്റ്റാ :)

അരുണ്‍ കരിമുട്ടം May 8, 2010 at 5:21 PM  

എന്നാ പിന്നെ ആ വിഷുവിനുള്ള വെടിക്കെട്ട് ഗിരീഷിന്‍റെ പുറത്ത് ആക്കി കൂടെ?

hi May 9, 2010 at 2:51 PM  

:)

siya May 12, 2010 at 10:48 PM  

ഇത് കൊള്ളാം ട്ടോ ...ഓരോന്ന് ആയി വായിച്ചു വരുന്നതേ ഉള്ളു ..എന്തായാലും (വര തലേവരയായതുകൊണ്ട് വരയും തലയും വിരലുമായി ജീവിത പര്‍വ്വങ്ങള്‍ താണ്ടുന്നു).ഇത് കൊള്ളാം ..എന്‍റെ കൂടെ യും ഇതുപോലെ ഒരു വര ക്കാരന്‍ ഉണ്ട് .സമയം കിട്ടാത്തത് കൊണ്ട് വരയും ഇല്ല .എന്തായാലും നന്ദനു ആശംസകള്‍ ............

Manikandan May 13, 2010 at 1:23 AM  

കൊള്ളം മാഷേ ശരിക്കും ആസ്വദിച്ചു.

ഒരു യാത്രികന്‍ May 16, 2010 at 5:00 PM  

പ്രാദേശിക ഭാഷ അതിന്റെ സത്ത ചോരാതെ മനോഹരമായി എഴുതുക , അത് നന്ദന്‍ മനോഹരമായി ചെയ്തിരിക്കുന്നു. വളരെ അധികം ആസ്വദിച്ചു വായിച്ചു......സസ്നേഹം

വീകെ May 18, 2010 at 9:36 PM  

പണ്ടു ഞങ്ങൾ കുടിൽ‌പ്പടിയിലെ കലുങ്കിലിരുന്നതും, അകലെ നിന്ന് വണ്ടിയുടെ ലൈറ്റ് കണ്ടാലോടുന്നതും മറ്റും ഒന്നു കൂടി ഓർത്ത് ചിരിക്കാനിടയാക്കി ഈ പോസ്റ്റ്..
രണ്ടാമത്തെ ചിത്രം അടിപൊളി കെട്ടൊ...!!

ആശംസകൾ....

Ashly May 24, 2010 at 4:52 PM  

ha..ha..ha.. :)

Jijo May 26, 2010 at 4:12 AM  

നന്നായിണ്ട്‌ട്ടാ...

nandakumar May 27, 2010 at 4:44 PM  

എല്ലാ വായനക്കാര്‍ക്കും അഭിപ്രായം രേഖപ്പെടുത്തിവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി

ജയരാജ്‌മുരുക്കുംപുഴ May 30, 2010 at 3:39 PM  

ormmakalkku enthu sugantham........ aashamsakal..

റിയാസ് (മിഴിനീര്‍ത്തുള്ളി) October 15, 2010 at 12:13 PM  

ഭായ്..ഈ മണികണ്ഠനാണോ ആ കലാഭവന്‍ മണികണ്ഠന്‍...?
നല്ല അവതരണം തനി നാടന്‍ സ്റ്റയിലില്‍ ...
കുറെ പഴയ വാക്കുകള്‍, ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി

സുധി അറയ്ക്കൽ October 8, 2016 at 6:11 PM  

ആ കാലഘട്ടം അറിയാൻ കഴിഞ്ഞു.ആശംസകൾ!!ചിത്രങ്ങൾ അതിമനോഹരം.