Friday, June 25, 2010

മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍

[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)


ടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.

വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.

ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും, കനത്ത മഴയില്‍ അലോസരപ്പെട്ട് വലിയ ഇലച്ചെടികള്‍ക്കടിയില്‍ അഭയം തേടിയും അവള്‍ ഓടിക്കളിച്ചു.

“ഇനിയും മഴ കൊണ്ടാല്‍ പനി പിടിക്കും” ഇലക്കീറ് സ്വന്തം തലയില്‍ ചൂടി അവള്‍ പറഞ്ഞു.

“ഈ സാന്ധ്യമഴയില്‍ നീയില്ലേ ചൂടു പകരാന്‍..” ഞാന്‍ കവിയായ കാമുകനായി.

“ഞാനും മഴ നനയല്ലേ?! എനിക്കെവിടെന്നാ ചൂട്?!” അവള്‍ കണ്ണു മിഴിച്ചു.

ഒരു പ്രണയ കാവ്യശകലം വഴിയില്‍ വീണു ചിതറിയതിന്റെ വേദനയില്‍ ഞാന്‍ മിഴിപൂട്ടി.

“നമ്മളെപ്പഴാ വീടെത്താ?” അവള്‍ അരികില്‍ വന്ന് ചോദിച്ചു.

“ഇതാണ് നമ്മുടെ വീട്. ഈ വിജനമായ ഇടവഴി. പ്രണയം പോലെ അലതല്ലുന്ന മഴ. ശരീരത്തെ ചൂഴുന്ന തണുപ്പ്. നമ്മുടെ വീട് ഇവിടം..” ഞാന്‍ പ്രണയാതുരനായി പറഞ്ഞു.

“ഇതോ? ഈ വഴിയോ? ചുമ്മാ പ്രാന്ത് പറയാതെ.” അവള്‍ ഈര്‍ഷ്യയോടെ കലമ്പി. “ ഒരു കുടയെടുക്കായിരുന്നു...!”

“കുടയോ..?? ഹ ഹ ഹ...” ഞാന്‍ പൊട്ടിച്ചിരിച്ചു. ചെടിത്തലപ്പുകള്‍ ചെറുതായി ഒന്നാടിയുലഞ്ഞു.

“പ്രിയേ....നമ്മുടെ പ്രേമത്തിന് നമുക്കു വേണ്ടി പെയ്തതാ ഈ മഴ....ഈ വിജനത........” എനിക്ക് മുഴുമിപ്പിക്കാനായില്ല.

“പ്രിയയോ??!! അതാരാ?? അപ്പോ എന്റെ പേരും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാല്‍...??” അവള്‍ ചൊടിച്ചു.

‘എന്റെ അരസിക രാഞ്ജീ‍ീ‍ീ..!!! തിന്നു വീര്‍ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്‍, തീറ്റയുടെ ആക്രാന്തങ്ങള്‍ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്‍!!! ’ ഞാന്‍ മനസ്സില്‍ പ്രാകി

“ഹൌ! എന്തൊരു തണുപ്പ്!” അവള്‍ കൈകള്‍ ചുരുട്ടി സ്വയം പിണച്ചു കെട്ടി. “ ഈ മഴയത്തു നടക്കാന്‍ പ്രാന്താണോ?”

“മഴ നനഞ്ഞു നടന്നിരുന്ന എന്റേയും നിന്റേയും (നിനക്കുണ്ടായിരുന്നോ!) ബാല്യം നീയോര്‍മ്മിക്കുന്നുണ്ടോ?” ഞാന്‍ ഗൃഹാതുരനായി..”മഴയില്‍ തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില്‍ കാല്‍ നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”

“ഞാനങ്ങിനെ ചെയ്തിട്ടുണ്ടാവോ!! ഓര്‍മ്മല്ല്യ” അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. “ കൊറച്ച് നാള് എനിക്കും ഇഷ്ടായിരുന്നു..”

ഞാന്‍ അവള്‍ക്കു വേണ്ടി പ്രണയത്തോടെ കാതോര്‍ത്തു. ഈ മഴ അവളില്‍ പ്രണയത്തിന്റെ കുളിര്‍ പകര്‍ന്നോ എന്നു സംശയിച്ചു.

“ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍..കൂട്ടുകാരികള് മഴയത്തിറങ്ങി ബഹളം വയ്ക്കും...ഹോസ്റ്റലിന്റെ ടറസില്‍ മഴ നനഞ്ഞ് ഡാന്‍സ് കളിക്കും..എന്തിനാണാവോ..?!”

ബാക്കി കേള്‍ക്കാന്‍ കൊതിച്ചു നിന്ന എന്നോട് മുഴുവനായെന്ന മട്ടില്‍ അവള്‍ നോക്കി. നിരാശയോടെ കണ്ണുകള്‍ പിന്‍ വലിച്ച് ഞാന്‍ ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. നൂലുകള്‍ പോലെ, വെളിച്ചക്കീറില്‍ മഴ.

“എന്തിനാ ഇപ്പോള്‍ ഇങ്ങിനെ മഴയിലൂടെ നടക്കണത്??” അവള്‍ വീണ്ടും.

“ഈ മഴയിലൂടെ നടന്നാല്‍........ഈ ഇടവഴിയിലൂടെ നനഞ്ഞ ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ നനഞ്ഞീറനായ ഇലപ്പടര്‍പ്പുകളെ മുട്ടിയിരുമ്മി നമ്മള്‍ ഇടവഴിയുടെ അങ്ങേയറ്റത്തെത്തും.......ഇരുളും വെളിച്ചവും സംഗമിക്കുന്ന പ്രണയത്തിന്റെ താഴ്വര.... ആ താഴ്വരയില്‍ വെച്ച് ഞാന്‍ നിനക്കെന്റെ പ്രണയം പകര്‍ന്നു തരും...”

ഒട്ടൊന്നു സംശയിച്ചു നിന്ന് അവള്‍ കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ...?”

‘ആഹ്ഹ്.......!!’ പ്രണയം ഉള്ളിലൊതുക്കി, അരികില്‍ നിന്ന ഒരു ചെടിത്തുമ്പിനെ ഞാന്‍ ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.

മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്നു. വെളിച്ചകീറുകള്‍ വഴിമാറാന്‍ തുടങ്ങി.

“ ഈ മഴയില്‍...എന്റേയും നിന്റേയും പ്രേമം തിരിച്ചറിയാന്‍, പ്രണയത്തിന്റെ ഭൂമികയിലൂടെ നടക്കാന്‍ ഞാനൊരു വഴി പറയട്ടെ?” ഞാനവളുടെ തോളില്‍ കൈവച്ചു.

“എന്താദ്?” അവളെനിക്കു മുഖമെറിഞ്ഞു.

“നീയെന്റെ കയ്യില്‍ ചേര്‍ത്തു പിടിക്കൂ” അവള്‍ കൈ ചേര്‍ത്തു പിടിച്ചു.

“എന്റെ കയ്യോട്, തോളോട് ചേര്‍ന്നു നില്‍ക്കു...“ ഞാനും ചേര്‍ന്നു നിന്നു.

“ നമുക്കിനി പതിയെ നടക്കാം.....നിന്റെ കണ്ണുകളടച്ചു പിടിക്കു...”

“കണ്ണുകളടച്ചാല്‍ നടക്കാന്‍ പറ്റോ? വീഴില്ലേ.? “

“ഞാന്‍ നിന്റെ കയ്യില്‍ പിടിച്ചിട്ടില്ലേ.......ഇനി എന്റെ ശരീരത്തോട് മുട്ടിയുരുമ്മി നടക്കൂ...എന്റെ ചൂട് നിന്നിലേക്ക് പകരും...”

“ശ്ശൊ, ഷര്‍ട്ട് ഒന്നു ഊരി പിഴിയായിരുന്നു...തണുക്കുന്നു” അവള്‍ കണ്ണുകളടച്ച് പറഞ്ഞു.

ഞാനത് കേള്‍ക്കതെ (നടിച്ചു) അവളുടെ കയ്യില്‍ കോര്‍ത്ത് ചരല്‍ കല്ലുകളിലൂടെ നടന്നു തുടങ്ങി

“കണ്ണുകള്‍ തുറക്കരുത്”

“ഉം” അവള്‍ മൂളി

മഴ ഞങ്ങളിലേക്ക് പിന്നേയും പെയ്തിറങ്ങിയിരുന്നു..അപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി....

ഈ ഇടവഴിയില്‍ ഞാനും നീയും ഇടതോരാതെ പെയ്യുന്ന മഴയും മാത്രം...പരസ്പരം ശരീരത്തോടൊട്ടി അനന്തതയിലേക്കു നടക്കുകയാണ് നമ്മള്‍...”

“ഉം..”

“മനസ്സില്‍ നിനക്കെന്നോട് പ്രേമം മാത്രമേയുള്ളു, എനിക്കും.... മഴയും, സന്ധ്യയും, പൂക്കളും എല്ലാം നമുക്കു വേണ്ടി മാത്രം..”

‘ഉം”

“ഈ വഴിയിലൂടെ, മഴയിലൂടെ എന്നോടൊപ്പം ചേര്‍ന്നു നടക്കുമ്പോള്‍ നിനക്കെന്നോട് എന്തൊ പറയണമെന്നു തോന്നുന്നില്ലേ..?”

“ഉം”

എനിക്ക് ജിജ്ഞാസയായി..അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും..:

“നിന്റെ പറച്ചിലുകള്‍ കേള്‍ക്കാന്‍ ഞാനുണ്ടല്ലോ കൂടെ....പറയൂ

പ്രണയം തുളുമ്പുന്ന നിന്റെ വാക്കുകള്‍ കേള്‍ക്കാന്‍, കാതോര്‍ക്കാന്‍ ഞാനുണ്ടല്ലോ സഖീ നിന്റെയരികെ..

എന്നോട് പറയാന്‍...എന്നോട് മാത്രം പങ്കു വെയ്ക്കാ‍ന്‍ നീയെന്തൊ കൊതിക്കുന്നില്ലേ.....പറയൂ.”

“ഉം”

“ഈ തണുപ്പില്‍....നിനക്കു പറയാനുള്ളത് എന്നോടു മാത്രം എനിക്കുമാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറയൂ..”

“അതോ....” അവള്‍ വാ തുറന്നു

ഞാനവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മഴ ഞങ്ങളിലേക്ക് തിമിര്‍ത്തുപെയ്യാന്‍ തുടങ്ങി

“ഞാന്‍ പറയട്ടെ....” അവള്‍ വീണ്ടും

“പറയൂ നിന്റെ പ്രണയ മന്ത്രണങ്ങള്‍ കേള്‍ക്കാന്‍ എനിക്കു ധൃതിയായി...”

“നമ്മളീ മഴയത്തുകൂടി നടന്ന്.....”

“നടന്ന്....?”

“വേഗം നടന്ന്.....”

“വേഗം നടന്ന്..?? “

“വേഗം നടന്ന് വീട്ടിലെത്തിയാലെ....”

“വീട്ടിലെത്തിയാല്‍...??”“നമ്മള്‍ വേഗം നടന്ന് വീട്ടിലെത്തിയാല്‍.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന്‍ കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”

.....................
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.

.