Monday, February 9, 2009

ബാംഗ്ലൂരിലൊരു വാലന്റയിന്‍ ദിനത്തില്‍...

.

.അവളെ മീറ്റ് ചെയ്യാന്‍ പറ്റിയ സ്ഥലം കഫെ കോഫീ ഡെ ആണെന്ന് എന്നൊട് പറഞ്ഞത് എന്റെ റൂം മേറ്റ് ആയിരുന്നു.

മജെസ്റ്റിക്കിലോ ശിവാജി നഗറിലോ ഉള്ള ബസ് സ്റ്റാന്‍ഡായിരുന്നെങ്കില്‍ എനിക്ക് പോകാനും വരാനും എളുപ്പമല്ലേ എന്ന എന്റെ ചോദ്യത്തിന് 'ഫ്ഫ്ഫാ‍....' എന്നൊരാട്ടായിരുന്നു അവന്റെ മറുപടി.

ബാംഗ്ലൂരില്‍, ഗേള്‍ ഫ്രണ്ടിനെ കാണാനും മുട്ടാനും പിന്നെ സംസാരിക്കാനും മിനിമം കഫേ കോഫീഡെ തന്നെ വേണം എന്നവന്‍ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ മറുത്തു പറയാന്‍ എനിക്കൊന്നുമുണ്ടായില്ല..

ബാംഗ്ലൂര്‍ മഹാനഗരത്തില്‍ വന്ന് നാലഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് ദൈവം തമ്പുരാന്‍ എന്റെ നിരന്തരപ്രാര്‍ത്ഥന കേട്ട പോലെ എന്നെയൊന്ന് അനുഗ്രഹിച്ചത്. ദൈവ പ്രഘോഷണക്കാരും രോഗശാന്തിക്കാരുമൊക്കെ ചെയ്യുന്ന അത്ഭുത പ്രവൃത്തി പോലെ ഒരു ദിവസം പെട്ടന്നങ്ങു ആ ദൈവവിളി/മഹാത്ഭുതം അങ്ങു സംഭവിക്കുകയായിരുന്നു.

ഏതൊരു മലയാളിയുടേയും പോലെ എംജി റോഡ്, ബ്രിഗേഡ് റോഡ്, നഴ്സിങ്ങ് പിള്ളാര്, മാളുകള്‍, പാര്‍ക്കുകള്‍ എന്ന ടിപ്പിക്കല്‍ സ്വപ്നങ്ങളുമായിട്ടായിരുന്നു ഇങ്ങോട്ട് ഐലന്റ് എക്സ്പ്രെസ് കയറിയത്. വന്നു കയറിയതിനുശേഷമാണ് സങ്കലപ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ 'നല്ല സിനിമയും മലയാള സിനിമയും' പോലെയുള്ള അന്തരമുണ്ടെന്നു മനസ്സിലായത്.

ദിവസവും 8 മണിക്കൂര്‍ മാത്രം ജോലി ചെയ്തു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് പതിനഞ്ചും ഇരുപതും മണിക്കൂര്‍ പണിയെടുക്കേണ്ടി വരുന്നതും, ദിവസവും പാതിരാപണി വരുന്നതും, രാവിലെ ഉറക്കം മതിയാകാതെ എഴുന്നേറ്റ് കാക്കക്കുളി കുളിച്ച്, കന്നഡക്കാരന്റെ കടിച്ചാല്‍ പൊട്ടാത്ത കന്നഡതെറി കേട്ടും, ബസ്സില്‍ തൂങ്ങി പിടിച്ച് യാത്ര ചെയ്യേണ്ടി വന്നതും, കയ്യിലുള്ള കാശ് കൊടുത്ത് കടലാസ്സ് വാങ്ങി കാപ്പിപാത്രത്തിന്റെ മുന്നില്‍ കാ മണിക്കൂര്‍ ക്യൂ നിന്ന് കാപ്പികുടിക്കേണ്ട ഗതികേടും വന്നപ്പോള്‍, നാട്ടിലെ ചായക്കടയില്‍ ചായവൈകിയപ്പോ ചായക്കടക്കാരനെ ചീത്ത വിളിച്ചത് ഗൃഹാതുരത്വമാണെന്നു മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു......

അങ്ങിനെ സ്വയം പ്രാകിയും ജീവിതം വെറുത്തും കഴിയവേ ഒരു ദിവസം. ചാറ്റ് റൂമിന്റെ വിന്‍ഡോയില്‍ അനര്‍ഗ്ഗസുമശരമൊഴുകും എന്ന മട്ടില്‍ പുഞ്ചിരി പൊഴിയുന്ന മഞ്ചുളാംഗിയുടെ മന്ദഹാസം. വൈകിച്ചില്ല..

"ഹായ്"

തിരിച്ചും കിട്ടി ഒരു ഹായ്.

കുലച്ചു നില്‍ക്കുന്ന മൂവാണ്ടന്‍ മാവിന്റെ ചില്ല കുലുക്കിയപോലെ... സന്ദേശങ്ങളുടെ ഒരു പെരുമഴയായിരുന്നു പിന്നെ.

പേര് സൌമിത്രാ ബാനര്‍ജി. കലക്കത്തയിലെ കലക്കനൊരു കുടുബത്തിലെ ഏക മകള്‍. ഔപചാരിക വിദ്യാഭ്യാസം നാട്ടില്‍, തുടര്‍ന്ന് മുംബയില്‍ പ്രൊഫഷണല്‍ കോളേജില്‍ ഉന്നത വിദ്യാഭ്യാസം. ഇപ്പോള്‍ ബാംഗ്ലൂരില്‍ ഒരു മള്‍ട്ടി നാഷണല്‍ ഭീമന്റെ കമ്പനിയില്‍ സോഫ്റ്റ്വെയറിന്റെ ചക്കപ്പുഴുക്ക് ഉണ്ടാക്കികൊടുക്കുന്നു.

വാഹ്!!

ഈ ദൈവം തമ്പുരാന്റെ ഓരോരൊ കളികളേ..!! ഇണചേരാന്‍ കഴിയാതെന്റെ ജീവിതം ഇടക്കുവെച്ചു നിന്നുപോകുമോ, ആഗോളസാമ്പത്തീക മാന്ദ്യം വരും മുമ്പേ എന്റെ കാലി പഴ്സ് പോക്കറ്റടിച്ചുപോകുമോ, കടം കേറി മുടിഞ്ഞ് കുത്തുപാളയെടുക്കുമോ, ഒരു ഗതീം പരഗതീം ഇല്ലാതാകുമ്പോ കെട്ടിത്തൂങ്ങണോ, വിഷം കഴിക്കണോ, ട്രെയിനിന്‍ തലവെക്കണോ എന്ന സൂയിസൈഡല്‍ കണ്‍ഫ്യൂഷനില്‍ നില്‍ക്കുമോ എന്ന 'കയ്യാലപ്പുറത്തെ തേങ്ങ' പോലെയുള്ള എന്റെ ജീവിതത്തിലേക്ക് ദൈവം നനുത്ത പാദസ്പര്‍ശത്തോടെ... തെളിഞ്ഞ മന്ദഹാസത്തോടേ,... സാന്ദ്രമാം തൂവെള്ളീച്ചന്ദ്രികപോലെ സൌമിത്രയെ സവിധത്തില്‍ സമാഗതമാക്കിയത്.

പലദിവസത്തെ ചാറ്റിലൂടെ പരസ്പരം പിരിയാനാവാത്തവിധം അടുത്തു. ഞാന്‍ മഹാനഗരത്തിലെ മള്‍ട്ടി ഭീമന്റെ കമ്പനിയില്‍ വല്യ പൊസിഷനിലാണെന്നും എനിക്കു താഴെ പത്തിരുപത്തഞ്ചുപേരുണ്ടെന്നും, കമ്പനിയിലെ സീനിയറാണെന്നും, ആറക്കത്തിനടുത്ത മാസ വരുമാനമുണ്ടെന്നും, അച്ഛന്‍ സെക്രട്ടറിയേറ്റിലെ ഉന്നതോദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ആയെന്നും അമ്മ യൂണിവേസിറ്റിയിലെ അസി.വൈസ് ചാനസലര്‍ ആയിരുന്നെന്നും, പെങ്ങള്‍ ഇപ്പോള്‍ അളിയന്റെ കൂടെ സ്റ്റേറ്റ്സിലാണെന്നും മറ്റും എന്റെ ഭാവിയെ കരുതി (ഞങ്ങളുടെ ഭാവിയെകരുതി മാത്രം) ഞാന്‍ നഗ്ന നുണ പറഞ്ഞു.

പിന്നെ മെയിലിലൂടെ അവളെനിക്ക് അവളുടെ ഫോട്ടോ അയച്ചു തന്നു. ദീപികാ പദുക്കോണ്‍ ഇവളുടെ ആരെങ്കിലുമാണോ എന്നും, പ്രിയങ്കാ ചോപ്ര ഇളയമ്മയുടെ മോളാണോ എന്നു ഞാന്‍ ചോദിച്ചപ്പോള്‍ “ഏയ്! ഞങ്ങളൂടെ ഫാമിലിയിലാരും ഫിലിം ഫീല്‍ഡിലില്ല. എന്തേ അങ്ങിനെ ചോദിച്ചത്?“ എന്നായിരുന്നു മറുപടി.

“ഒന്നുമില്ല നിനക്ക് പ്രിയങ്കാ ചോപ്രയുടെ ഒരു വിദൂര ച്ഛായ“ എന്ന് ഞാന്‍ ഒരിക്കലും ദഹിക്കാത്ത ഒരു പ്രശംസ പറഞ്ഞു.

"എന്തിനാ എന്നോട് നുണ പറയുന്നത്? എനിക്കറിഞ്ഞുകൂടെ എനിക്ക് പ്രിയങ്കാചോപ്രയുടെ ഛായയില്ലെന്ന്.."

"ശ്ശോ!! ഈ കൊച്ച് എന്റെ നമ്പറുകളൊക്കെ പിടിച്ചെടുത്തല്ലോ ദൈവമേ എന്ന് ജാള്യം പുരണ്ടപ്പോള്‍........

"എനിക്കറിഞ്ഞൂടെ ഞാന്‍ വിദ്യാബാലന്റെ ഛായയാണെന്ന്......"

ഈശ്വരാ...... കമ്പ്യൂട്ടറും കീബോര്‍ഡും ഞാന്‍ തല്ലിപ്പൊളിക്കാഞ്ഞത് കമ്പനി എന്റെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങുമെന്ന് എനിക്ക് നല്ല ഉറപ്പുള്ളതുകൊണ്ടായിരുന്നു.

ഫോട്ടോഷോപ്പ് എക്സെപെര്‍ട്ട് ആയ എന്റെ റൂം മേറ്റിന്റെ സഹായത്തോടെ വെളുപ്പിച്ചെടുത്ത എന്റെ ചിത്രം ഞാന്‍ അവള്‍ക്ക് അയച്ചു കൊടുത്തു. എപ്പോഴും എന്നെ കാണാന്‍ വേണ്ടി അവള്‍ ആ ചിത്രം ലാപ്പ്ടോപ്പിന്റെ ഡെസ്ക് ടോപ്പില്‍ ഇട്ടിരിക്കാത്രെ. (ആ! വീടിന്റെ മുന്നില്‍ കോലം വെയ്ക്കുമല്ലോ. നല്ലതാ)

ഒന്നുരണ്ടാഴ്ചത്തെ അഞ്ജാത സംസാരത്തിനുശേഷം തമ്മില്‍ കാ‍ണണമെന്ന് പറഞ്ഞത് അവള്‍ തന്നെയായിരുന്നു. (എന്റെ തിരുസ്വരൂപം കാണിക്കാന്‍ ഞാന്‍ വെകിളി പിടിക്കുമോ?! നല്ല കാര്യം) കാണുന്നതിലല്ല പരസ്പരം ഹൃദയവും മനസ്സും പങ്കുവെക്കുന്നതാണ് കാര്യമെന്നും വാലന്റയിനച്ഛന്‍ തടവറയില്‍ കിടന്ന് കാമുകി വിരഹം എത്രയനുഭവിച്ചു എന്നൊക്കെ മറുവെട്ട് വെട്ടി പിടിച്ചു നിന്നെങ്കിലും, ഇനി കാണാതെ ഞാനിനി മിണ്ടില്ല എന്ന അവളുടെ പത്തൊമ്പതാമടവില്‍ ഞാന്‍ അനുരാഗത്തിന്റെ അങ്കത്തട്ടില്‍ അലതല്ലി അലച്ചു വീണു.

നാട്ടിന്‍പുറത്തെ നാടന്‍ പെണ്‍പിള്ളേരെ നാക്കിട്ടടിച്ച് വീഴ്ത്തുന്നപോലെയല്ല മഹാനഗരത്തിലെ മഹിളകളെ കൈകാര്യം ചെയ്യുന്നതെന്ന് മുന്‍ കാല അനുഭവങ്ങളോടെ റൂം മേറ്റ് പറഞ്ഞപ്പോള്‍ ഞാനവന് ശിഷ്യപ്പെട്ടു. ആശാനായിരുന്നു പിന്നെയെന്റെ ഗുരു. പ്രേമപാഠങ്ങള്‍ ഹോം വര്‍ക്കുകളോടെ (വീട്ടിലെ പണിയൊക്കെ ഞാന്‍ തന്നെ ചെയ്യണം..ന്ന്) ഞാന്‍ പഠിച്ചെടുത്തു. എല്ലാ പണിയും കഴിഞ്ഞ് പാതിരാത്രിയോളമോ വെളുപ്പാന്‍ കാലം വരെയോ അവളുമായി ഫോണില്‍ കിന്നാരം. എന്റെ മുറിയിലെ അലമാര നിറയെ ചുരണ്ടി മാറ്റിയ പ്രീപെയ്ഡ് കാര്‍ഡുകളെ കൊണ്ടു നിറഞ്ഞു. ഒടുക്കം ഒരു കന്നഡ കടലാസ്സ് /പാട്ടപെറുക്കിക്ക് അതൊക്കെ തൂക്കിവിറ്റു അതുകൊണ്ടൊരു റീചാര്‍ജ്ജ് കൂപ്പണ്‍ വേറെ വാങ്ങി.


അങ്ങിനെയങ്ങിനെ കാത്തുകാത്തിരുന്നൊരു ദിവസം.

പ്രശസ്തമായ വാലന്റയിന്‍സ് ഡേ. ഫെബ്രുവരി 14

എം.ജി റോഡീലെ കഫേ കോഫിഡേയില്‍ വിളിച്ച് നേരത്തെ ബുക്ക് ചെയ്യണമെന്ന്‍ ഞാന്‍ കരുതിയിരുന്നെങ്കിലും; വീട്ടിലേക്ക് ആയിരം ഉറുപ്പിക മണിയോര്‍ഡര്‍ അയക്കാനുള്ള തിരക്കിലും, ചേച്ചിയുടെ വളയും മാലയും പണയം വെച്ചത് 2 കൊല്ലമായിട്ട് തിരിച്ചെടുത്തു കൊടുക്കാത്തതിന്റെ പേരില്‍ ഉടക്കി നില്‍ക്കുന്ന അളിയനെ ഒതുക്കിയെടുക്കേണ്ട തിരക്കിലും ഞാനത് മറന്ന് പോയി.
അതുകൊണ്ട് കോഫീഡേ കിട്ടിയില്ല. ഒരു തിരക്കൊഴിവായ സ്ഥലം മതിയെന്ന് ഞാന്‍ പറഞ്ഞതുകൊണ്ട് 100 ഫീറ്റ് റോഡിലെ ബാരിസ്റ്റ മതിയെന്ന് പറഞ്ഞതും ബുക്ക് ചെയ്തതും അവള്‍ തന്നെയായിരുന്നു,


ഒരു പിയേഴ്സ് സോപ്പ് തീരുന്നവരെ തേച്ച് കുളിച്ച്, കൂട്ടുകാരന്റെ ആക്സ് സ്പ്രേ പൂശി, ഫെയര്‍ & ലൌലി ഞെക്കിപ്പിഴിഞ്ഞിട്ടും കിട്ടാതെ വന്നപ്പോള്‍ കത്രികക്കു മുറിച്ച് ഉള്ളില്‍ നിന്ന് തോണ്ടിയെടുത്ത് മുഖത്ത് തേച്ച് , പലവട്ടം തലമുടി ചീകി, മീശ ലെവലാക്കി, അവന്റെ അലക്കി തേച്ച കാര്‍ഗോ ജീന്‍സും, അവന്റെ വുഡ് ലാന്റ് ഷൂസും എന്റെ തന്നെ ചുവന്ന ടീ ഷര്‍ട്ടും, തല്ലിക്കയറ്റി തയ്യാറായി ഞാന് എം. ജി റോഡ് ലക്ഷ്യമാക്കി തെറിച്ചു.

വരും വഴി എനിക്കവളുടെ ദൂര സംഭാഷണം കിട്ടി. ബാരിസ്റ്റക്കു മുമ്പില്‍ അവള്‍ കാത്തു നില്‍ക്കുകയാണെന്നും എപ്പോഴെത്തും എന്നു ചോദിച്ചു.

"ഞാന്‍ നിന്നിലേക്ക് എത്തികൊണ്ടിരിക്കുകയല്ലേ സഖീ... " എന്നൊരു ഡയലോഗും കാച്ചി സി.എം.എച്ച് സിഗ്നനില്‍ വണ്ടി നിര്‍ത്തി 50 രൂപക്ക് ചോരനിറത്തില്‍ ഒരു ഹൃദയ പുഷ്പം വാങ്ങി (10 അല്ലെങ്കില്‍ 20 രൂപക്ക് വില്‍ക്കുന്ന റോസാപുഷ്പത്തിന് അന്നത്തെ ദിവസം 50 മുതല്‍ മുകളിലേക്ക് വില... ഈ റോസാപുഷ്പത്തിനെ പ്രേമത്തിന്റെ അടയാളമെന്ന് വിളിച്ചത് ഏത് മൈ.......മൈ...മൈ ഗോഡ്....നേരം ഒരുപാടായി അവള്‍ കാത്തു നില്‍ക്കുന്നു)

“ബേഗ്ഗാ ഹോഗി ഗുരോ... “ ഞാന്‍ മുറിക്കന്നഡയില്‍ കല്‍പ്പിച്ചു.

മുച്ചക്രം 100 ഫീറ്റില്‍ ഇടതു വശം ചേര്‍ത്തു നിര്‍ത്തി. ചുവന്ന തൊട്ടിയില്‍ വീണ നായയെപോലെ ഞാന്‍ ബാരിസ്റ്റയുടെ പടവുകള്‍ കയറി.


ചെന്നു കയറിയിപ്പോള്‍, രാഷ്ട്രീയ കൊലപാതകം കഴിഞ്ഞ തെരുവുപോലെ, അവിടെ മാകെ ചോരക്കളം....... ഓ!!! ചോന്ന ടീ ഷര്‍ട്ടൂം പാന്റുമിട്ട ഷാരൂഖാന്മാരും കത്രീനാ കൈഫുമാരുമാണ്.

ഞാന്‍ മൊബൈലില്‍ വിളിച്ചു : "എവിടെയാ?"

മറുപടി " വലത്തുനിന്നു അവസാനത്തെ, രണ്ടു കസേരമാത്രമുള്ളത്"

ഒരു മൂലയില്‍ രണ്ടു കസേരകള്‍ മാത്രമിട്ട ടേബിളില്‍ അവളെന്നെക്കാത്തിരിക്കുന്നു. ഞാന്‍ മടിച്ച് മടിച്ച് ചെന്നു...

ഈശ്വരാ.....

ആദ്യമായാണ് കാണുന്നതെങ്കിലും...ആ രൂപം ..വേഷം ..അതെന്നെ, ആദ്യമായി മരണകിണറിലെ ബൈക്കോട്ടം കണ്ടവനെപ്പോലെ അത്ഭുതപ്പെടുത്തി. ഇറുകിപ്പിടിച്ചൊരു ജീന്‍സും ശരീരത്തോടൊട്ടിക്കിടന്ന ഇളം പിങ്ക് നിറത്തിലൊരു ടോപ്പും. ശരീരത്തിലെ പല ഭാഗങ്ങളും പൊട്ടിത്തെറീച്ച് പുറത്തേക്കു പോകുമെന്ന മട്ടില്‍. ദൈവമേ, ഇത് ശരീരത്തിലേക്ക് കയറ്റിയിട്ടതാണൊ? എനിക്കു തോന്നിയത് തുണി വാങ്ങിച്ച് ദേഹത്ത് ചേര്‍ത്തു വെച്ച് തുന്നിയെടുത്തതാണ് എന്നാണ്. അല്ലാതെ ഈയൊരു ഉടുപ്പിലേക്ക് കയറുക എന്നുപറഞ്ഞാല്‍ ഒട്ടകത്തെ സൂചിക്കുഴയിലൂടെ നടത്തിക്കുന്ന പോലെയാലും.

"ഹാ....ഹാ‍... ഹാപ്പി വാല....വാലന്റൈന്‍സ്..ഡേ... ഡാ....."

അമ്പലത്തില്‍ പുഷ്പാഞ്ജലിക്ക് പേരും നാളും പറഞ്ഞ് ശീട്ടു കൈമാറും പോലെ ഞാനവള്‍ക്ക് പൂവ് കൊടുത്തു.

അവളുടെ വെളുത്ത മുഖം ചുണ്ണാമ്പുവെള്ളത്തില്‍ മഞ്ഞള്‍ കലക്കിയപോലെയങ്ങു ചുവന്നു തുടുത്തു.

നീലക്കടലിനെ അഗാധതയിലൊളിപ്പിച്ച കണ്ണുകള്‍, ചുണ്ടില്‍ ചോര. വിടര്‍ന്ന നെറ്റിയിലേക്ക് വീണുകിടന്ന അളകങ്ങളെ മാടിയൊതുക്കി അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. ഉച്ചവെയിലിന്റെ സ്വര്‍ണ്ണശോഭ അവളുടെ മുടിയിഴകളെ സ്വര്‍ണ്ണത്തിന്റെ നിറം പൂശിച്ചു.


മേശയില്‍ കൊണ്ടു വെച്ച മെനു കാര്‍ഡ് സ്നേഹപൂര്‍വ്വം ഞാനവള്‍ക്ക് കൈമാറി (മറ്റൊന്നും കൊണ്ടല്ല അതില്‍ പറഞ്ഞ ഒരു സാധനവും ഞാനതുവരെ കഴിച്ചിട്ടില്ലയിരുന്നു. മാത്രമല്ല പലതും മൂന്നക്ക സമൃദ്ധം.) മെനു സശ്രദ്ധം വായിച്ചു അവള്‍ സെലക്റ്റ് ചെയ്തു, ഞാനിതുവരെ കേട്ടിട്ടില്ലാത്ത (വിലകൂടിയ)എന്തോ ഒന്ന്.

" എന്താ കഴിക്കുന്നത്?"

"ഓ എനിക്കൊരു...കു...ക...കപ്പുച്ചിനൊ കോഫി" ഞാന്‍ പറഞ്ഞു

"വേറൊന്നും വേണ്ടേ?" അവളുടെ കളമൊഴി.

"ഏയ് ഞാന്‍ രാവിലെ പഴങ്ക...... സോറി ഫ്രൈഡ് റൈസ് കഴിച്ചതാ വിശപ്പില്ല"

കിന്നാരങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സല്‍ക്കാരത്തിനും ശേഷം ബില്ല് കൊണ്ടുവന്നപ്പോള്‍ അവള്‍ പെട്ടെന്ന് മൊബൈലെടുത്ത് ചെവിയില്‍ വെച്ചു. ഞാന്‍ ബില്ല് നോക്കി....എന്റെമ്മേ??!!

പഴ്സ് തുറന്ന് ഞാന്‍ ഒരു നൂറിന്റേയും അമ്പതിന്റേയും പിന്നെ കുറേ പത്തിന്റേയും നോട്ടുകള്‍ പെറുക്കി ബില്ലിനോടൊപ്പം മെനുവില്‍ വെക്കുമ്പോള്‍.......

"ഐ വില്‍ കാള്‍ ബാക്ക് യു" എന്നു പറഞ്ഞ് മൊബൈല്‍ ഓഫ് ചെയ്ത് അവളെന്നെ നോക്കി.

" കാര്‍ഡില്ലേ? "

"എന്തൂറ്റ്?" (ഇനിയിപ്പോ വിസിറ്റിങ്ങ് കാര്‍ഡാണോ? എന്നാലോചിച്ച് ഞാനവളെ നോക്കുമ്പോള്‍?)

"ക്രെഡിറ്റ് കാര്‍ഡില്ലേ, കാര്‍ഡ് വെച്ചാ പൊരെ?"

"അത് പിന്നേ..... ഞാന്‍.... കാര്‍ഡ് " ഞാനൊന്നു തപ്പിത്തടഞ്ഞ് ഇളിഞ്ഞ ചിരിയോടെ എടുത്ത നോട്ടുകള്‍ ബില്ലിനൊപ്പം വച്ച് അവളെ നോക്കിയിരുന്നു. അവളുടെ മുഖത്തെ വികാരമപ്പോള്‍ എനിക്ക് മനസ്സിലാക്കാനായില്ല. നവരസങ്ങളല്ല!! ഇനിയിപ്പോ പത്താമത്തെ ഏതെങ്കിലും രസമാണോ?


അവളൊന്നും പറയാതെ ലാപ്പ് ടോപ്പ് എടുത്ത് എന്തോ ചെയ്യാന്‍ തുടങ്ങി. ടിപ്പായി 10 രൂപ തിരികെ വച്ചപ്പൊള്‍ ബാരിസ്റ്റയിലെ പയ്യന്റെ മുഖത്തെ ഭാവം എനിക്കു പെട്ടെന്നു തിരിച്ചറിയാന്‍ പറ്റി. 'എവ്ടെന്ന് വരുന്നെഡേ അലവലാതി?! 10 ഉര്‍പ്പ്യ...!!' എന്നായിരുന്നു ആ ഭാവം.

" ആ.. പിന്നേ" ലാപ്പ് ടോപ്പില്‍ നിന്നും കണ്ണെടുക്കാതെ അവള്‍ പറഞ്ഞു " ഡാര്‍ലിങ്ങിന്റെ ക്രെഡിറ്റ് കാര്‍ഡ് നമ്പറെത്രയാ?"

'ദൈവമേ!! ഇവളതുമ്മേന്ന് പിടി വിട്ടില്ലേ. ഇവള്‍ക്കാരെങ്കിലും ക്രെഡിറ്റ് കാര്‍ഡില്‍ കൈവിഷം കൊടുത്തിട്ടുണ്ടോ? ശ്ശോ!! എന്റേലാകെയുള്ളത് വിസിറ്റിങ്ങ് കാര്‍ഡ് ആണെന്നു പറയാന്‍ പറ്റുവൊ? ആറ്റുനോറ്റൊരെണ്ണം ചാലായി വന്നതാ... ഈശ്വരാ ഒരു ക്രെഡിറ്റ് കാര്‍ഡ് നമ്പറിന്റെ പേരില്‍ ഇതു പോകുമോ??? ഈ ക്രെഡിറ്റ് കാര്‍ഡ് കണ്ടുപിടിച്ചവനെ ഒന്നു കയ്യില്‍ കിട്ടീയിരുന്നെങ്കില്‍......'

"അതു പിന്നെ ...സ്വീറ്റി....... ഞാന്‍... ക്രെഡിറ്റ് കാര്‍ഡ്........ എന്റേലില്ല.." ഒടുക്കം എന്തും വരട്ടെയെന്നു കരുതി ഞാനാ നഗ്ന സത്യം പറഞ്ഞു.

"ഇല്ല???" അവള്‍ വിശ്വാസം വരാതെയെന്നെ നോക്കി..

"ഇറ്റ്സ് ഓക്കെ... എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വേണ്ട"

എനിക്കാശ്വാസമായി. രക്ഷപ്പെട്ടു..

" ഹണീ.....എങ്കില്‍.. ഡെബിറ്റ് കാര്‍ഡ് നമ്പര്‍??"

(ദേ വരുന്നു അടുത്തത്.. ..... ഞാന്‍ മൌനം)

"അതുമില്ല???...." അവള്‍ വിശ്വാസം വരാതെയെന്നെ നോക്കി

ഉപ്പില്‍ വീണ പല്ലിയെപോലെ ഞാനൊന്നു ഇളിഞ്ഞു പുളഞ്ഞു. "അതിപ്പോ......"

ഒട്ടും വിശ്വാസം വരാതെ...(ഇവനെവിടെ കിടന്നവനാഡാ..? എന്നമട്ടില്‍ ) അവളെന്നെ ഒരു നോട്ടം നോക്കി.

"അറ്റ് ലീസ്റ്റ് പാന്‍ കാര്‍ഡെങ്കിലും???" അവള്‍ വീണ്ടും

" .......................................... "


സര്‍ക്കാര്‍ കണക്കുപ്രകാരം ദാരിദ്ര രേഖക്കു താഴെ ജീവിക്കുന്ന എന്റേലെവിടുന്നാ ഇത്രയും കാര്‍ഡ്? ഓരോ മാസവും ബെല്‍റ്റിന്റെ തുള കൂട്ടി വയര്‍ മുറുക്കുന്ന എനിക്കെവിടുന്ന് ക്രെഡിറ്റും ഡെബിറ്റും കാര്‍ഡുകള്‍??

ഒടുക്കം ഞാന്‍ എനിക്ക് ആകെ അറിയാവുന്ന എന്റെ 'റേഷന്‍ കാര്‍ഡി'ന്റെ നമ്പര്‍ പറഞ്ഞു കൊടുത്തു :

" ഡാര്‍ലിങ്ങ് , അതായത്.........മുകുന്ദപുരം താലൂക്കില്‍ ഇരിങ്ങാലക്കുട സപ്ലൈ ഡിവിഷനില്‍ തെക്കും കര വില്ലേജിലെ 1732-മാം നമ്പ്ര്..........."

" ................................ "


അതില്‍ പിന്നെ, അന്നു പിരിഞ്ഞതിനുശേഷം ഞാനവളെ കണ്ടിട്ടീല്ല. അവളെയിപ്പോള്‍ ഓണ്‍ലൈനില്‍ കാണാറില്ല!!. കുറേ മെയിലയച്ചു നോക്കി, പക്ഷെ ഇതുവരെ മറുപടി വന്നിട്ടില്ലാന്നേ.. മൊബൈലിലും കുറേ ട്രൈ ചെയ്തു. 'ഈ നമ്പര്‍ നിലവിലില്ലാ' എന്നാ മറുപടി..

എന്താണാവോ?!!
(സമര്‍പ്പണം : ഈ കഥക്ക് പ്രചോദനമായ, പഴയൊരു തമാശ സാന്ദര്‍ഭികമായി പറഞ്ഞ എന്റെ കൂട്ടുകാരന്)
.