Thursday, July 24, 2008

പറയാന്‍ മറന്നത്...

.
മൊബൈല്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. തെല്ലൊരു ഈര്‍ഷ്യയോടെ മൊബൈലെടുക്കാന്‍ ഞാന്‍ കൈനീട്ടി. അപ്പോഴും ഭദ്രയുടെ കൈകള്‍ എന്നെ പുണര്‍ന്നിരുന്നു. മൊബൈലെടുത്തു ഞാന്‍ കണക്റ്റ് ചെയ്തു.

" വിളിക്കരുത് എന്ന് പറഞ്ഞിട്ടല്ലേ പോന്നത് "

അപ്പുറത്തെ ശബ്ദം കേട്ടതും ഞാന്‍ ചീറി.

"ഞാന്‍ വന്നേക്കാം, ചത്തില്ലെങ്കില്‍.." ഡിസ്കണക്റ്റ് പോലും ചെയ്യാതെ മൊബൈല്‍ ഞാന്‍ സോഫയിലേക്കെറിഞ്ഞു.

"ആരായിരുന്നു?" എന്നില്‍ നിന്നും അടര്‍ന്നുമാറി സോഫയിലിരുന്ന് ഭദ്ര ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല.

"അവളായിരിക്കും അല്ലേ? " എന്റെ മൌനം കണ്ടപ്പോള്‍ ഭദ്ര വീണ്ടും " അവള്‍...... നിങ്ങളിങ്ങോട്ടാ പോന്നതെന്ന് അറിഞ്ഞിരിക്കുമല്ലോ!" ഭദ്ര ചിറി കോട്ടി.

ഞാന്‍ മൌനം തുടര്‍ന്നു. കടന്നുപോയ കുറച്ചുനിമിഷങ്ങളെ ഞാന്‍ മനസ്സിലിട്ടു നുണഞ്ഞു. തിരിഞ്ഞ് ഭദ്രയെ പുണരാന്‍ ശ്രമിച്ചു.

"മതി... എന്തെങ്കിലും കഴിച്ചിട്ടാവാം.." ഭദ്ര താല്‍പ്പര്യമില്ലാത്ത മട്ടില്‍ എഴുന്നേറ്റു.

അനവസരത്തില്‍ ഫോണ്‍ വന്നത് ഭദ്രയെ അനിഷ്ടപ്പെടുത്തി എന്നെനിക്കു മനസ്സിലായി. ഡ്രിങ്ക്സ് പകരുന്ന ഭദ്രയെ ഞാന്‍ തിരിഞ്ഞു നോക്കി. നേര്‍ത്ത നിശാവസ്ത്രത്തിനും മറയ്ക്കാനാവാത്ത അവളുടെ ശരീര ഭംഗി എന്റെ അലോസരങ്ങളെ വേരോടെ പിഴുതെറിഞ്ഞു."വരൂ ഡ്രിങ്ക്സ് വേണ്ടേ? ഭദ്ര ചോദിച്ചു.

നിറഞ്ഞ ഗ്ലാസ്സ് ഭദ്രയെനിക്കു നീട്ടി. ഒരു സിപ്പെടുത്ത് ഞാനത് ടേബിളില്‍ വച്ചു. 'വോഡ് ക'. ഭദ്രയുടെ പ്രിയപ്പെട്ട ഡ്രിങ്ക്.

"വോഡ്ക കഴിക്കുന്നതത്ര നന്നല്ല" ഞാന്‍ പാതി കളിയായി പറഞ്ഞു.

"അറിയാം മറ്റൊന്നിന്റേയും രുചി എനിക്കു പിടിക്കില്ല"

എന്റെ നോട്ടം കണ്ടതുകൊണ്ടാകാം ഭദ്ര വീണ്ടും എന്റെ അരികില്‍ ചേര്‍ന്നിരുന്നു. എന്റെ തോളില്‍ കയ്യിട്ട് പതിയെ ചോദിച്ചു.

"ആരായിരുന്നു ഫോണില്‍ വിളിച്ചത്?"

തീര്‍ത്തും അപരിചിതത്തോടെ ഞാനവളെ നോക്കി. അടുത്ത സിപ്പില്‍ ഞാന്‍ ഗ്ലാസ്സ് പകുതിയാക്കി. ഞാന്‍ മിണ്ടിയില്ല.

"എനിക്കറിയാം അത് നിങ്ങളുടെ ഭാര്യയായിരുന്നുവെന്ന്......... എന്നെ കാണാന്‍ വരുമ്പോളെങ്കിലും നിങ്ങള്‍ക്കീ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തുകൂടെ?" അവള്‍ മുഖം എന്റെ കവിളില്‍ ചേര്‍ത്തുവച്ചു.

തെല്ലുനേരത്തെ മൌനത്തിനു ശേഷം വിഷയം മാറ്റാനായി ഞാന്‍ ചോദിച്ചു.

"എന്നാ നിന്റെ റെഡ്ഢി തിരിച്ചു വരുന്നത്?"

"നാളെ ഈവനിങ്ങ് ഫ്ലൈറ്റിന്. നാളെ രാവിലെ ഏതോ സിംഗപ്പൂര്‍ കമ്പനിയുമായി ഒരു മീറ്റിംഗ് ഉണ്ടത്രേ. രാത്രിയാകും ഇവിടെ ഫ്ലാറ്റിലെത്തുമ്പോള്‍..."

ഭദ്ര കണ്ണുകളടച്ച് കണ്‍പീലികള്‍ കൊണ്ട് എന്റെ കവിളിലുരസി. പക്ഷെ അനവസരത്തില്‍ വന്ന മൊബൈല്‍ കോള്‍ എന്റെ മനസ്സിന്റെ ഭാവത്തെ ചോര്‍ത്തിക്കളഞ്ഞിരുന്നു. ഭദ്ര വിരലുകളാലും ചുണ്ടുകളാലും എന്നെ പൊതിയാന്‍ തുടങ്ങി. ഞാന്‍ കണ്ണുകളടച്ച് ആ നിശ്ശ്വാസങ്ങളൊക്കെ ഏറ്റുവാങ്ങാന്‍ ശ്രമിച്ചു.

ഞാന്‍ സോഫയിലേക്ക് തലചെരിച്ചു കിടന്നു. അല്പനിമിഷത്തെ മൌനത്തിനു ശേഷം ഭദ്ര ചോദിച്ചു. :

"എന്തേ ? എന്തേ ഇന്നിങ്ങനെ? ആ ഫോണ്‍ കാള്‍ വന്നതാണോ?"

ഞാന്‍ കണ്ണുകളടച്ചു കിടന്നു.

"ഞാന്‍ ഒരു ഡ്രിങ്ക്സ് കൂടി എടുക്കട്ടെ" മറുപടിക്കു കാത്തുനില്‍ക്കാതെ ഭദ്ര എഴുന്നേറ്റു.


ഭദ്രയുമൊത്തുള്ള ആദ്യ സമാഗമത്തിനു ശേഷം എനിക്കു കുറ്റബോധം തോന്നിയിരുന്നുവോ? അന്ന് ആദ്യമായി ഭദ്രയുടെ ഫ്ലാറ്റില്‍ നിന്ന് വീട്ടിലേക്കു മടങ്ങുമ്പോള്‍, തിരക്കിട്ട നഗരവീഥിയില്‍ വെച്ച് എന്റെ കാറിന്റെ നിയന്ത്രണം പലവട്ടം പിഴച്ചതെന്തിന്?

പക്ഷെ ഞാനത് ഒരു സ്വകാര്യമായി എന്നില്‍ത്തന്നെ ഒളിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധികനാളത് തുടരാനായില്ല. പല രാത്രികളിലും ഞാന്‍ വീട്ടില്‍ തിരിച്ചെത്താതായപ്പോള്‍, ദീര്‍ഘനേരമുള്ള ഫോണ്‍ കോളുകളില്‍ ഒക്കെ അവള്‍ മനസ്സിലാക്കി. പക്ഷെ എന്നെ ചോദ്യം ചെയ്യാനൊന്നും പോയില്ല. കുറേ നേരത്തെ മൌനത്തിനു ശേഷം ഒരു തേങ്ങള്‍ ഞാന്‍ കേട്ടുവോ? പക്ഷെ, തിരയൊടുങ്ങാത്ത കടല്‍ പോലെ അതിജീവനത്തിനപ്പുറം ആത്മഹര്‍ഷത്തിന്റെ തിരതള്ളലില്‍ ഈ നഗരജീവിതത്തോട് പൊരുത്തപ്പെടാന്‍ ഞാനന്നേ ശീലിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കരച്ചിലിനും പരിഭവങ്ങള്‍ക്കും ഞാനൊരു പരിഗണയും കൊടുത്തിരുന്നില്ല.

പക്ഷെ ഇന്ന്.....

അറിയില്ല. ഇന്നെന്താണ് പറ്റിയത്? ആ ഫോണ്‍ കാള്‍ എന്തിനാണെന്നെ അസ്വസ്ഥനാക്കുന്നത്? ഇനി അവള്‍ പറഞ്ഞതൊക്കെയും.......അതു പോലെ ചെയ്യുമോ.....? എനിക്കു പിടി തരാത്ത വണ്ണം എന്റെ മനസ്സെവിടേക്കോ പോകാന്‍ തുടങ്ങി.. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

***************************************

സന്ധ്യയുടെ കടും ചുവപ്പില്‍ ചെമ്പരത്തിക്കാടിനും മന്ദാരപ്പൂക്കള്‍ക്കുമിടയില്‍ കൊലുസിന്റെ കിലുക്കം പോലെ ഒരു പട്ടുപാവാടക്കാരി എന്നോടു ചോദിച്ചു :

"കല്യാണം കഴിഞ്ഞാല്‍ എന്നേം കൊണ്ടോവ്വോ അങ്ങ്ട് ?"

"പിന്നേ, അല്ലെങ്കില്‍ പിന്നെന്തിനാ ഞാന്‍ നിന്നെ കല്യാണം കഴിക്കണേ?"

അവള്‍ നാണിച്ചു തലകുമ്പിട്ടു. ചിരിപ്പൂക്കള്‍ അവിടെങ്ങും നിറഞ്ഞു.

"ഞാന്‍ വന്നിട്ടുണ്ട് പണ്ട്. " അവള്‍ തുടര്‍ന്നു. "സ്ക്കൂളീന്ന് എസ്കര്‍ഷന് വന്നപ്പോ. ആ വല്ല്യ പാലസിലൊക്കെ വന്നിട്ടുണ്ട്."

"പാലസ് അവിടല്ലാ, അത് മൈസൂരിലാ. " ഞാന്‍ ചിരിച്ചു.

" ആ! എനിക്കറിഞ്ഞൂടാ, എന്തായാലും എന്നേം കോണ്ടോണം അങ്ങ്ട്."

" എന്തിനാ ഇനി പിന്നെയാക്കുന്നേ, ഇപ്പോ തന്നെ കൊണ്ടോവാലോ നിന്നെ....."

" ഏയ്..ഏയ്....വിട്..വിട്. ...........ആരെങ്കിലും വരൂട്ടോ........ ശ്ശൊ! "

ആ വിടര്‍‌ന്ന കണ്ണുകളിലെ സ്നേഹത്തിന്റെ കടല്‍‌ അയാളെ അതിന്റെ ആഴങ്ങളിലേക്കു വലിച്ചെടുത്തു.

"എനിക്കു വയ്യല്ലോ അത്രേം കാത്തിരിക്കാന്‍"

"ഉം...കാത്തിരിന്നേ പറ്റൂ.............. അതേയ്..ഞാന്‍ പോട്ടെ, എനിക്ക് അമ്പലത്തില്‍ പൂവ്വാനുള്ളതാ, ദീപാരാധനക്ക്.....പൊക്കോട്ടെ..?"

ദീപ്തമായ ഒരു നോട്ടമെറിഞ്ഞ് ആ പട്ടുപാവാടക്കാരി മന്ദാരച്ചെടികളെ വകഞ്ഞുമാറ്റി പച്ചിലച്ചെടികള്‍ക്കപ്പുറത്തേക്ക് നടന്നു. അകലെ മുള്ളുവേലിക്കപ്പുറം തിരിഞ്ഞു നിന്ന് അവളെനിക്കൊരു പുഞ്ചിരി സമ്മാനിച്ചു.

***************************************

"ഇന്നധികം കഴിച്ചില്ലല്ലോ പിന്നെന്തേ?" കിടക്കയില്‍ എന്നോടു ചേര്‍ന്നു കിടക്കുമ്പോള്‍ ഭദ്ര ചോദിച്ചു.

എന്തോ അന്നാദ്യമായി ഭദ്രയുടെ നിശ്വാസങ്ങള്‍ക്ക് മദ്യത്തിന്റെ മണം എനിക്കനുഭവപ്പെട്ടു. ശരീരത്തിനു തണുപ്പു തോന്നി. അവളുടെ നഗ്നമേനിക്കും ചുംബനങ്ങള്‍ക്കും എന്റെ ശരീരത്തെ ചൂടു പിടിപ്പിക്കാനായില്ല.

"എന്തുപറ്റി? കുറച്ചുമുന്‍പു കണ്ട ആളല്ലല്ലോ ഇപ്പോള്‍?"

"നിനക്കു തോന്നുന്നതാകും" മനസ്സിനെ മറച്ചുവെച്ച് ഞാനവളെ ഗാഢമായി പുണരാന്‍ ശ്രമിച്ചു. എങ്കിലും എന്റെ ശരീരത്തിലെവിടെയോ തണുപ്പു പടരുന്നത് എനിക്കറിയാനായി. പക്ഷെ, ഭദ്ര ആളിക്കത്തുന്ന അഗ്നിയായിരുന്നപ്പോള്‍. എന്റെ ചുണ്ടുകള്‍ അവളുടെ നഗ്നഭൂമികയില്‍ സഞ്ചരിക്കുമ്പോളും മനസ്സ് ദൂരേക്കെവിടെയോ സഞ്ചരിക്കാന്‍ തുടങ്ങിയിരുന്നു.

"ഈയൊരു രാത്രിയേ ഉള്ളു നമുക്ക് " ഭദ്ര മന്ത്രിച്ചു.

സിരകളില്‍ പടര്‍ന്ന ലഹരിയോടെ അവളെന്റെ ശരീരത്തിലേക്ക് പടര്‍ന്നുകയറി. പൂര്‍ണ്ണതയിലെത്താറായ അവളുടെ ശരീര താളത്തിനും നിശ്വാ‍സത്തിനുമിടയില്‍ പെട്ടെന്ന് എന്റെ മൊബൈല്‍ ശബ്ദിച്ചു.

ഭദ്രയുടെ ശരീരത്തെ കുടഞ്ഞെറിയാന്‍ ശ്രമിച്ച് ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.

"ഹലോ"

മറുപടിയായി ഒറ്റവാചകം മാത്രം. ഒരൊറ്റ വാചകം. ഫോണ്‍ കട്ടായി. പെട്ടെന്ന് എന്റെ ശരീരം തണുത്ത് നിശ്ചലമായി.

ഭദ്രയുടെ കണ്ണുകളില്‍ വെറുപ്പിന്റെ കനലുകള്‍ പടരുന്നത് കണ്ടില്ല എന്നു നടിച്ച്, എന്നെ പുണര്‍ന്നിരുന്ന അവളുടെ ശരീരത്തെ തള്ളിയകറ്റി ഞാനെഴുന്നേറ്റു.

തിരക്കിട്ടു വസ്ത്രമുടുക്കുമ്പോള്‍ ദേഷ്യത്തോടെ അവള്‍ ചോദിച്ചു :


"എവിടേക്ക്?.......തിരക്കിട്ട് എവിടേക്ക്? "

ഞാനൊന്നും മിണ്ടിയില്ല. വസ്ത്രമണിഞ്ഞ് ഞാന്‍ മുറിക്കു പുറത്തേക്ക് പാഞ്ഞു.

"പ്ലീസ്.. എന്നോടൊന്നു പറഞ്ഞിട്ടെങ്കിലും പോ."

വാതില്‍ കൊട്ടിയടച്ച് ലിഫ്റ്റിറങ്ങി വണ്ടി പുറത്തേക്കെടുക്കുമ്പോള്‍ സലാം തന്ന സെക്യൂരിറ്റിയെ കണ്ടില്ല എന്നു നടിച്ചു.

നഗരമപ്പോഴും ഉറങ്ങിയിട്ടില്ല. റോഡില്‍ തിരക്ക് ഒട്ടും കുറഞ്ഞിട്ടുമില്ല. മൊബൈല്‍ സൈഡ് സീറ്റിലേക്കെറിഞ്ഞ് ആക്സിലേറ്ററില്‍ കാലമര്‍ത്തി, ഞാന്‍ തിങ്ങി നിറഞ്ഞ വാഹനവ്യൂഹത്തിലേക്ക് ഊളിയിട്ടു.

കഥാകൃത്തിന് പറയാനുള്ളത് :

നഗരമപ്പോഴും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല. റോഡില്‍ തിരക്ക് ഒട്ടും കുറഞ്ഞിരുന്നുമില്ല. മൊബൈല്‍, സൈഡ് സീറ്റിലേക്കെറിഞ്ഞ് ആക്സിലേറ്ററില്‍ കാലമര്‍ത്തി അയാള്‍ തിങ്ങി നിറഞ്ഞ വാഹനവ്യൂഹത്തിലേക്ക് ഊളിയിട്ടു. കാറിന്റെ ഹോണ്‍ നിര്‍ത്താതെ ശബ്ദിച്ച് അയാള്‍ മുന്നിലുള്ള വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ചു. വഴിതരാത്ത വാഹനങ്ങളെ നോക്കി അയാള്‍ എന്തൊക്കെയോ പുലമ്പി. പെട്ടെന്ന് ......എതിരെ അതിവേഗം പാഞ്ഞുവന്ന ഒരു വാഹനത്തിന്റെ പ്രകാശം അയാളുടെ കണ്ണുകളെ പൊള്ളിച്ചു. ആ വെളിച്ചത്തെ എതിരിടാനാവാതെ അയാളുടെ നിയന്ത്രണം തെറ്റി. പാഞ്ഞടുത്ത ആ വെളിച്ചവ്യൂഹത്തിന് വേണ്ടി അയാള്‍ തന്റെ കാര്‍ ഇടത്തോട്ടൊതുക്കാന്‍ ശ്രമിക്കവേ, തലയില്‍ ചുവന്ന വെളിച്ചം വിതറിയ ആ വെളുത്ത വാഹനം അലറിവിളിച്ചുകൊണ്ട് അയാളുടെ കാറിനെ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ കടന്നു പോയി.

.