Sunday, November 28, 2010

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ബ്ലോഗ് പുസ്തകങ്ങളും

അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ ബ്ലോഗ് പുസ്തകങ്ങളുടെ ആദ്യ വില്പന നടന്നു.


സ്റ്റാള്‍ ഒരുങ്ങുന്നു : ബ്ലോഗര്‍മാരായ, നൊമാദ്, ഡോ. ജയന്‍ ഏവൂര്‍ സഹായങ്ങളുമായി...


റണാകുളത്തപ്പന്‍ ഗ്രൌണ്ടില്‍ എന്‍.ബി. പബ്ലിക്കേഷന്‍ ഒരിക്കിയിരിക്കുന്ന 124ആം സ്റ്റാളിലേക്ക് ബ്ലോഗര്‍മാരായ  നൊമാദ്, ഡോക്ടര്‍ ജയന്‍ ഏവൂര്‍, നന്ദന്‍, ജോഹര്‍,മനോരാജ്, സിജേഷ്, വീണ   തുടങ്ങിയവര്‍ ആദ്യ ദിവസം തന്നെ വന്നു ചേര്‍ന്നു.ശ്രുതിലയം, കമ്യൂണിറ്റിയിലൂടെ കൂടുതലും അറിയപ്പെടുന്ന അനില്‍ കര്യാത്തിയായിരുന്നു ആദ്യം സ്റ്റാളില്‍ നിന്നും പുസ്തകം വാങ്ങിയത്. രണ്ടാമതായി ബ്ലോഗര്‍ കൂടെയായ റീമ അജോയ് പുസ്തകം വാങ്ങി.എന്‍.ബി.പബ്ലിക്കേഷന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗവരദന്‍, എന്നിവക്കൊപ്പം കൃതി പബ്ലിക്കേഷന്‍സിന്റെ മൌനത്തിനപ്പുറത്തേക്ക്.. സിയെല്ലെസ് ബുക്ക്സിന്റെ ലൌലി ഡാഫോഡിത്സ്, നെയ്തിരികള്‍, പ്രയാണം, കണ്ണാടിവീടുകള്‍, സ്വപ്നങ്ങള്‍, മൃത്യുജ്ജയം, സാക്ഷ്യപത്രങ്ങള്‍, ദലമര്‍മ്മരങ്ങള്‍ എന്നിവയും ബുക്ക് റിപ്പബ്ലിക്കിന്റെ നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍, ഡില്‍ഡോ-6 മരണങ്ങളുടെ പള്‍പ്പ് പാഠപുസ്തകം എന്നിവയും എന്‍.ബി.പബ്ലിക്കേഷന്റെ 124 ആം നമ്പര്‍ സ്റ്റാളില്‍ ഡിസ്കൌണ്ട് വിലയില്‍ ലഭ്യമാണ്.


 സ്റ്റാളില്‍ എല്ലാ ദിവസവും വൈകീട്ട് 5 മണി മുതല്‍ എന്‍. ബി. പബ്ലിക്കേഷന്റെ ഏതെങ്കിലും ഒരു പുസ്തകം വാങ്ങുന്നവര്‍ക്ക് കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് വക  കാരിക്കേച്ചര്‍ സമ്മാനം!!

Thursday, November 25, 2010

ബ്ലോഗ് പുസ്തകങ്ങള്‍ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ബൂലോഗത്തിന്റെ സ്വന്തം പ്രസാധകരായ എന്‍ ബി പബ്ലിക്കേഷന്‍ പുറത്തിറക്കിയ ബ്ലോഗര്‍ ശ്രീ. അരുണ്‍ കായംകുളത്തിന്റെ കായംകുളം സൂപ്പര്‍ഫാസ്റ്റ്, കലിയുഗ വരദന്‍, ബ്ലോഗിലെ മറ്റൊരു പ്രസാധകരായ കൃതി പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ 28 ബ്ലോഗ് കഥാകൃത്തുകളുടെ 28 കഥകള്‍ അടങ്ങിയ മൌനത്തിനപ്പുറത്തേക്ക് എന്നീ കഥാസമാഹാരങ്ങളും കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ നിന്നും ഡിസൌണ്ട് വിലയില്‍ ലഭിക്കും 

പുസ്തകോത്സവം 2010 നവംബര്‍ 27 മുതല്‍ ഡിസംബര്‍ 6 വരെ.

Monday, August 16, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം


ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന്‍ ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി കഴിഞ്ഞത്രേ. പാവപ്പെട്ടവന്‍ എന്നെയൊന്നു നോക്കി, ഞാന്‍ ഏറെ വൈകിയെന്ന പരാതിയായിരുന്നു ആ നോട്ടത്തില്‍.

പാവം പാവപ്പെട്ടവന്‍. എത്ര നാള്‍ മുന്‍പ് അദ്ദേഹം പ്ലാന്‍ ചെയ്ത മീറ്റായിരുന്നു. ആദ്യം എറണാകുളത്ത് പിന്നെ തൊടുപുഴക്ക് മാറി ഒടുക്കം കറങ്ങിത്തിരിഞ്ഞ് വീണ്ടും എറണാകുളത്ത്, പക്ഷെ ഊര്‍ജ്ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരല്ലേ കൂടെയൂണ്ടായിരുന്നത്, സോ പാവപ്പെട്ടവനു ഒന്നനങ്ങേണ്ടി വന്നില്ല.


പതുക്കെ ഹാളിനകത്തേക്ക് കടക്കാം എന്ന ഒരേയൊരു വിചാരത്തോടെ ഒരു പാദസ്പര്‍ശം പോലും ഉണ്ടാക്കാതെ ഹാളിലേക്ക് കടന്ന എന്റെ ചുവപ്പ് ഷര്‍ട്ടില്‍ ആരോ പിടി മുറുക്കി പുറകോട്ട് വലിച്ചു. എന്റെ ഏതെങ്കിലും ഫാന്‍സ് ആയിരിക്കുമെന്ന അതിഗംഭീര സന്തോഷത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് മറ്റൊരു ഹൃദയഭേദകമായ രൂപമായിരുന്നു. കഷണ്ടി കയറിയ തല, തുടുത്ത കവിളുകള്‍, മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന മീശയും ബുള്‍ഗാനും നീണ്ട ചുവന്ന ജുബ്ബ. സംശയമില്ല. കവി തന്നെ.

സന്തോഷമടക്കി ഞാന്‍ മന്ത്രിച്ചു. : “കവിയല്ലേ?”

“എന്തൂട്ട്?” ചെറിയ കണ്ണടക്കുള്ളില്‍ കണ്ണ് തള്ളിയൊരു പകപ്പ്

“ പരിചയപ്പെടാനായതില്‍ സന്തോഷം” ഞാന്‍ വീണ്ടും “അല്ല, മുരുകന്‍ കാട്ടാക്കടയല്ലേ?”

“പോടോ... ഞാനൊരു കാട്ടാക്കടയുമല്ല പെട്ടിക്കടയുമല്ല, ഞാന്‍ യൂസുഫ്കാ!!”

ഈശ്വരാ യൂസുഫ്കാ, എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ. ഗുരുവായൂര്‍ സ്വദേശി, ചിത്രകാരന്‍, ഫോട്ടോഗ്രാഫി തല്‍പ്പരന്‍, കറകളഞ്ഞ സൌഹൃദം, ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി. കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട്  വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍.

ഞാന്‍ യൂസുഫ്കയുടെ കൈപിടിച്ചു കുലുക്കി വിശേഷം പറഞ്ഞ് ഹാളിലേക്ക് നീങ്ങാന്‍ നോക്കി. ഇല്ല, യൂസുഫ്ക ഷേക്ക് ഹാന്റ് തന്ന കൈ വിടുന്നില്ല.

“എന്നാ യൂസുഫ്ക ശരിയപ്പോ...കാണാം”

കൈവിടാതെ യൂസുഫ്ക കാതില്‍ മൊഴിഞ്ഞു

“ട്രാ മോനേ...ഞാനീ വെള്ളത്തുണി വിരിച്ച് കുറേ പേപ്പറും വെച്ച് ഇവിടെ കുത്തിരിക്കണത് നിന്റെയൊക്കെ ജാഡ കാണാനല്ല, തന്നിട്ട് പോടാ മുന്നൂറുപ്പ്യ”

ആ ഒറ്റ ഡയലോഡില്‍ എന്റെ കരളിന്റെ അവശേഷിച്ച ചലനവും നിന്നു. പോക്കറ്റില്‍ നിന്ന് നൂറിന്റെ മൂന്ന് പച്ച നോട്ടുകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ച് കാലിയായ പോക്കറ്റിനെ തടവി സദസ്സ്യര്‍ക്കിടയിലേക്ക് നടന്നു.

സദസ്സില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണടക്കു മീതേ നിന്നുള്ള് ആ സജസ്സന്‍ ഷോട്ട് കണ്ടപ്പോഴേ എനിക്കാളെ പിടികിട്ടി. ചിത്രനിരീക്ഷണം ഷാജി. മാസങ്ങളായി ഫോണ്‍ വിളികളും മെയിലയപ്പുമുണ്ടെങ്കില്‍ നേരിട്ടു കാണുന്നത് മീറ്റിലാണ്. സിനിമ ജീവിതവും ജീവിതം സിനിമയുമാണയാള്‍ക്ക്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥായെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം.

സദസ്സ്യരെ നോക്കി പരിചയം പുതുക്കുമ്പോഴായിരുന്നു എന്നെ ഫോക്കസ്സ് ചെയ്യുന്ന ഒരു വീഡിയോ കാമറ കണ്ടത്. ഞാനൊന്നുകൂടി എയര്‍ പിടിച്ചിരുന്നു. മീറ്റിന്റെ വീഡിയോ ബ്ലോഗിലും പിന്നെ സിഡിയുമായിട്ടൊക്കെ വരുന്നതല്ലേ, -ഇനിയിപ്പോ ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും-ഇല്ലാത്ത ഗ്ലാമര്‍ ഉണ്ടെന്ന് വരുത്തിയിരുന്നപ്പോഴാണ് വീഡിയോയും കൊണ്ട് കഷണ്ടി കയറിയെങ്കിലും ‘ഞാന്‍ സമ്മതിക്കില്ല’ എന്ന വീറും വാശിയോടെയുമുള്ള ഹെയര്‍ സ്റ്റൈലുമായി ഗ്രാഫര്‍ എന്റെ നേര്‍ക്ക് കാമറ തന്നത്.

“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”

ആ ബ്ലോഗര്‍ മറ്റാരുമായിരുന്നില്ല. ബൂലോഗത്തിന്റെ സ്വന്തം വീഡിയോഗ്രാഫര്‍, “നമ്മുടെ ബൂലോഗ“ത്തിന്റെ സാരഥി ജോഹര്‍ എന്ന ജോ.

ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഇതിനൊക്കെപ്പോരാഞ്ഞ് ബ്ലോഗറും. അതാണ് ജോ. ഇടപ്പിള്ളി മീറ്റിന്റെ മറ്റൊരു സഹകാര്യദര്‍ശി, മൌനം ഭൂഷണമാക്കിയ സംഘാടകന്‍. പരാതികളും പരിഭവങ്ങളുമില്ലാതെ സംഘാടനത്തില്‍ തന്റെ പങ്കുകള്‍ വൃത്തിയായും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കുന്ന ബ്ലോഗര്‍. കഴിഞ്ഞ ചെറായി മീറ്റും തന്റെ സംഘാടനപാടവം കൊണ്ട് വിജയത്തിലെത്തിച്ച ബ്ലോഗര്‍. പതിഞ്ഞ സ്വരം, മിത ഭാഷണം, ഏറെ അദ്ധ്വാനം. ചുരുങ്ങിയ വാക്കുകളില്‍ ജോ-യെ ഇങ്ങിനെ വിവരിക്കാം.


അതിനിടയിലാണ് സദസ്സിനു തൊട്ടുമുന്നില്‍ ഇടതുമാറി ഒരു കസേരയില്‍ വലതുമാറി ഞെരിഞ്ഞമര്‍ന്ന് ഒരാള്‍ ഇരിക്കുന്നതു കണ്ടത്. മെലിഞ്ഞ് നീണ്ടുയര്‍ന്ന രൂപം 80കളിലെ മലയാള സിനിമയിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ടുവളഞ്ഞ കേശഭാരം, സ്കെയിലും കോമ്പസ്സുകൊണ്ടു അളന്ന് വടിച്ചേടുത്ത മീശയും താടിയും. മുന്നിലെ മേശയില്‍ ലാപ്പ്ടോപ്പ്, വെബ് കാമറ, നിരവധി കോഡുകള്‍ കുന്ത്രാണ്ടങ്ങള്‍ സകലം ബഹളമയം.
ഞാന്‍ തോളിലൊന്നു തൊട്ടതേയുള്ളു. വെട്ടിത്തിരിഞ്ഞുകളഞ്ഞു രൂപം. തലയിലും താടിയിലുമുള്ള ബഹുരോമക്കാടിനും കട്ടിക്കണ്ണടക്കുമിടയില്‍ അല്പം മാത്രം തെളിഞ്ഞു കാണുന്ന രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മുള്ളു എന്ന മുള്ളൂക്കാരന്‍ എന്ന ഷാജി മുള്ളൂക്കാരന്‍.

ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.

പുറത്തെ ഫോട്ടൊയെടൂക്കല്‍ ബഹളം നോക്കിനില്‍ക്കുമ്പോഴാണ് ‘ഹായ് നന്ദന്‍ നേരം വൈകിയല്ലോ’ എന്നുമ്പറഞ്ഞ് ഒരു കുട്ടി ബ്ലോഗര്‍ വന്നത്. ഒരു കൊച്ചു കുട്ടി എന്നെ നന്ദന്‍ എന്നുവിളീച്ചതില്‍ എനിക്ക് തെല്ലൊരലോസരം ഇല്ലാതെ വന്നില്ല. അതു മുഖത്ത് കാണിച്ചില്ല. വെളുത്ത് തുടുത്ത മീശമുളക്കാത്ത ആ കൊച്ചുമുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, കുറച്ചു നാള്‍ മുന്‍പ് ചെറായിയില്‍ വെച്ച് കണ്ടതാണ്. വിശദമായി പരിചയപ്പെട്ടില്ല.

കുട്ടി കൈ തന്ന്‍ പരിചയപ്പെടൂത്തി “ മനോരാജ് “

ഒരത്ഭുതം തോന്നി, പരിചയം പുതുക്കിയേക്കാം എന്ന് കരുതി ചോദിച്ചു :

“മോനെത്രേലാ പഠിക്കുന്നത്?”

“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”

“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?”
  
“ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ. അവനെ ഭാര്യയുടെ ഒപ്പം അവളുടേ വീട്ടില്‍ പറഞ്ഞു വിട്ടിട്ടാ ഞാനീ മീറ്റിനു വന്നത്”

ആ ഒരു സത്യാവസ്ഥ ശരിക്കും ഹൃദയഭേദകമായിരുന്നു. കരള്‍ പിളര്‍ക്കുന്ന നഗ്ന സത്യം!!

കുറച്ചു മാസമായി ഈ മീറ്റിന്റെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന വൈപ്പിന്‍ സ്വദേശി മനോരാജ്, സിമ്പ്ലന്‍, സുന്ദരന്‍, മനോരാജിന്റെ മുഖം കണ്ടാവണം “നിഷ്കളങ്കത” എന്നൊക്കെ കണ്ടുപിടീച്ചത്. മീറ്റിന്റെ സഹ സംഘാടകനും വിജയ ശില്പികളിലൊരാളും

പക്ഷെ, മീറ്റില്‍ നിറഞ്ഞു നിന്നത് മറ്റാരുമായിരുന്നില്ല. ഫോട്ടോകള്‍ കൊണ്ടും സംഘാടാടനം കൊണ്ടും ബ്ലോഗില്‍ വിരിഞ്ഞു നില്‍ക്കുന്ന, കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോട് തടിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കയാണോ എന്ന് തോന്നിപ്പോകുന്ന, വലിയ ശരീരവും അതുനിറയെ സൌഹൃദവുമുള്ള കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുഖത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടുപുഴക്കാരന്‍ ഹരീഷ്.


കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.

സൌഹൃദവും തമാശയും ഭക്ഷണവുമായി, പൊറാടത്തിന്റെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി..” എന്ന ഗാനാലാപനവും (സതീഷ് എന്ന് പൊറാടത്തെ, അതിമനോഹരമായിരുന്നു ആ ഗാനം. നിങ്ങള്‍ പാടിയ വേളയില്‍ ഞാനെന്റെ അസംഖ്യം -മുന്‍-കാമുകിമാരെ ഓര്‍ത്തുപോയി) ബ്ലോഗിണി പ്രയാണിന്റെ പ്രിയതമന്‍ പാടിയ ‘ പണ്ടു പാടിയ പാട്ടിലൊരീണം...” എന്ന ഗാ‍നാലാപനവും ഒക്കെ കണ്ടും കേട്ടും തൃപ്തിയോടെ എന്റെ ഫ്ലാറ്റിലേക്ക് തിരികെ നടക്കാന്‍ നേരം.... എന്റെ സപ്ത നാഡികളും തളര്‍ത്തിക്കളയുന്ന ഒരു ഘാടാഘടിയന്‍ ചോദ്യവുമായി ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍..

“എല്ലാവരേയും പറ്റി പറഞ്ഞു, പടവും വരച്ചു. എന്നിട്ടും...എന്നിട്ടുമെന്തേ എന്നെക്കുറിച്ച് പറഞ്ഞില്ല്ല....ഞാനെന്താടോ രണ്ടാംകുടീലുണ്ടായതാ??!”

ഇടപ്പിള്ളിമീറ്റിന്റെ ഊര്‍ജ്ജമായിരുന്ന പ്രവീണ്‍ വട്ടപ്പറമ്പത്തെന്ന അന്തിക്കാട്ടുകാരനായിരുന്നു അത്.


ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത  പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..

മറ്റൊരു ബ്ലോഗ് കൂട്ടായ്മയുടെ പദ്ധതികളുമായി മീറ്റ് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഉല്ലാസവും സ്നേഹവുമായി ഞങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു,


|| ഇതി ഇടപ്പിള്ളി ബ്ലോഗ് മീറ്റ് വിവരണം സമാപ്തം ||

(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം)

Thursday, August 12, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം

.
2010 ആഗസ്റ്റ് 7 ശനി
വൈകുന്നേരം 7 മണി“എടാ തോന്ന്യാ..നീയാ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തിട്ട് ഈ സവാള അരിയെടാ..”


“ ഒന്നു മിണ്ടാണ്ട്ക്ക് നന്ദേട്ടാ.... ഞാനീ സിനിമ മുഴുവനാക്കട്ടെ...”

“നിന്നെ ഞാന്‍ മുഴുവനാക്കും, നീ ഇങ്ങ്ട് വരണ്ണ്ടാ??”

“ ഈ മനുഷ്യന്‍!!.. തോന്ന്യാസി സിസ്റ്റം ഓഫ് ചെയ്തു “ഒരു പടം കാണാന്‍ സമ്മതിക്കില്ല”

രൊറ്റ വീക്ക് തന്നാല്‍ നീ പടമാകും. രാത്രീല് അഞ്ചാറ് പേരുണ്ടാവും അവന്മാര്‍ക്ക് കഴിക്കാന്‍ വല്ലോം ഉണ്ടാക്കണ്ടേ?. അല്ലാ, നിനക്ക് ബ്ലോഗ് മീറ്റെന്ന് കേട്ടാല്‍ പെട്ടീം തട്ടിയെടുത്ത് പുറപ്പെട്ടാല്‍ മതിയല്ലോ, നിന്നെയൊക്കെ സഹിക്കുന്ന.......”

“ ദേ നന്ദേട്ടാന്നു വിളിച്ച വായോണ്ട് വേറെ വല്ലതും വിളിപ്പിക്കണ്ട, എന്താ ആവശ്യം ന്ന്  പറ”

“ എടാ നീ ജെട്ടിയില്‍പോണം....”

“ ച്ചെ!... വൃത്തികെട്ട മനുഷ്യാ.. ഞാന്‍ ജെട്ടി  മാത്രമിട്ട്  ഞാന്‍ ഒരിടത്തും പോകില്ല...”

“എടാ അതല്ല. നീ ജെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ല,,,നിന്റെ ശീലങ്ങള്‍ ഇനി ഞാനായിട്ട് മാറ്റുന്നില്ല...ഇത് ആ ജെട്ടിയല്ല..ബോട്ട് ജെട്ടി”

“അതെന്തിനാ അവിടെ? അവിടെയാണോ മീറ്റ്”

“മീറ്റല്ല...അടിയന്തിരം..നീ ഞാന്‍ പറയണത് കേട്ടാല്‍ മതി.. ജെട്ടിയിലാ മീനും ഞണ്ടും ചെമ്മീനുമൊക്കെ വില്‍ക്കുന്നത്”

“അയ്യേ അപ്പോ ഇവിടെയൊക്കെ കുട്ടയില്ലല്ലേ മീന്‍ വിക്കുന്നത്..”

“ പണ്ടാറടങ്ങാന്‍...” ഞാന്‍ കയിലു കയ്യിലെടുത്തു ” ഒരൊറ്റ ഏറു തന്നാല്‍ നീ ദാ ചുമരുമ്മേ വാള്‍പോസ്റ്റായി കിടക്കും...ഞാന്‍ പറയണതു കേക്ക്”
 

“എന്നാ പണ്ടാറമടങ്ങ്”

“അവിടെപോയി നീ കുറച്ചു തവളക്കാലു വാങ്ങണം. നല്ല തുടനോക്കി വാങ്ങണം”

“തുട നോക്കാന്‍ എനിക്കറിയാം, മുന്‍പ് മധുരയിലെ ആണ്ടിപ്പെട്ടിയില്‍ ഒരു പാട് തമിഴത്തികളുടെ തുട ഞാന്‍ നോക്കിയിട്ടുള്ളതാ..”

“വെറുതെയല്ല തമിഴന്മാര്‍ കയ്യ് വെക്കും മുന്‍പേ കമ്പനി നിന്നെ നാട്ടിലോട്ട് കെട്ടിയെടുത്തത്.. എടാ ഇത് തവളക്കാല്‍”

“അല്ലാ നന്ദേട്ടാ... ഇന്ന് തവളക്കാലാണോ സ്പെഷല്‍? നിങ്ങളെ സമ്മതിക്കണം”

“എടാ ഇത് ഒരു ബ്ലോഗര്‍ക്കുള്ള സ്പെഷലാ. നമ്മുടെ കുമാരനേ... അവന്‍ കണ്ണൂര്‍ന്ന് പുറപ്പെട്ടു. ഏതു നിമിഷവും അവനിവിടെ എത്തും. രാത്രി അവനുള്ള സ്പെഷ്യലാ തവളക്കാല്‍. അതവന്റെ ഒരു വീക്ക്നെസ്സാ...ആ നീ വേം വിട്ടോ നേരം വൈകിയാ ചിലപ്പോ തവള തീരും പിന്നെ ഒന്നും കിട്ടിയെന്നു വരില്ല”

“അപ്പോ തീര്‍ന്നാലെന്തു ചെയ്യും?” പാന്റ് വലിച്ചുകേറ്റുന്നതിനിടയില്‍ തോന്ന്യന്‍

“തീര്‍ന്നാല്‍ അപ്പുറത്തുള്ള കൊച്ചിക്കായലിലേക്ക് നീ ചാടിക്കോ! അവിടുന്ന് വല്ല ചൊറിത്തവളയോ പോക്കാച്ചിത്തവളെയേയോ പിടിച്ചോ.. അല്ല പിന്നെ.,  ഒരു കാര്യം പറഞ്ഞാല്‍ അതിന്റപ്പറുത്താ ചെക്കന്റെ വര്‍ത്താനം.. എടാ നീയാകെ രണ്ടടിയേയുള്ളല്ലോടാ..നിന്റെ നാക്കാണെങ്കീ രണ്ടു കിലോമീറ്ററും”

പെട്ടെന്ന് എന്റെ മൊബൈലടിച്ചു,....

“എടാ തോന്ന്യാ നീയാ മൊബൈലെടുത്തേ ഹരീഷോ ജുനൈദോ ആകും. ഞാന്‍ അടുക്കളയിലാണെന്നു പറ.“

“നന്ദേട്ടാ ഇത് കുമാരനാ..” തോന്ന്യന്‍ മൊബൈല്‍ കൈമാറി

“കുമാരാ നീയെത്തിയൊ? പ്രവീണില്ലേ സൌത്ത് സ്റ്റേഷനില്‍. അവന്റെ വണ്ടിയില്‍ കയറിക്കോ”

“ഞാനെത്തി...ഹൂ...ഹാ.. അയ്യോ.. നന്ദാ..ഞാന്‍ പ്രവീണിനെ..ഹെന്റമ്മേ..ആഹ്..... അവന്റെ വണ്ടിയിലാ...ഹൂ..ഊശ്...”

“എന്താടാ നീയെതിവിടെയാ? വല്ല ബിറ്റ് പടം കളിക്കുന്ന തിയ്യേറ്ററീലാണോ? എന്താടാ ഒരു സീല്‍ക്കാരം?”

“ഹെന്റമ്മേ ഞാനിപ്പോള്‍ പ്രവീണിന്റെ വണ്ടിയുടെ പുറകിലാ..ഹൂ..അയ്യോ..ഇടിച്ചു...ഇടിച്ചു...ഇല്ല..രക്ഷപ്പെട്ടു”

“എന്താടാ സംഭവം?”

“ ഇവിടുന്ന് എത്ര ദൂരമുണ്ട് ....ഹമ്മേ..പ്രവീണേ..പതുക്കെ വിടടാ...” 

“ഒരു പത്ത് മിനുട്ടേയുള്ളു കുമാരാ..അടുത്തുതന്നെയാ....നീ പിടിച്ചിരുന്നോ”

“എടാ തോന്ന്യാസി, കുമാരന്‍ ആ പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ വണ്ടിയുടെ പുറകിലാ വരുന്നത് നീയാ മെഡിക്കല്‍ ട്രസ്റ്റിന്റേയും ആംബുലന്‍സിന്റേയും നമ്പര്‍ ഒന്ന് നോട്ട് ചെയ്തേ..അവര്‍ കുറച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട്..........”

പെട്ടെന്ന് വാതിലക്കല്‍ ഒരു മുട്ട് കേട്ടു

“നോക്കെടാ തോന്ന്യാ,...ഞാന്‍ മൊബൈല്‍ മേശപ്പുറത്ത് വെച്ചു.

 
വീഗാലാന്റിലെ റൈഡില്‍ കയറിയിറങ്ങിയ മട്ടില്‍ കുമാരനും വിജയശ്രീലാളിതനായി പ്രവീണും. പത്തുമിനുട്ടുകൊണ്ടെ എത്തേണ്ട സ്ഥലത്ത് രണ്ട് മിനിട്ടുപോലും തികച്ചെടുത്തില്ല. പ്രവീണിനെ ഞാന്‍ ആപാദചൂഡം നോക്കി.


“ഇത്ര പെട്ടെന്ന് എത്ത്യാ? ഞാന്‍ മൊബൈലു ഓഫ് ചെയ്തേയുള്ളു”

 
“ഇതിനേലും പെട്ടെന്ന് അങ്ങ് മോളിലെക്കെത്തിയേനപ്പാ” കുമാരന്‍ കസേരയിലേക്ക് വീണു.

“എന്തായി നന്ദേട്ടാ മെനു” പ്രവീണ്‍ അടുക്കളയില്‍ കടന്നു

 
“ഒരുഗ്രന്‍ സാമ്പാര്‍,  ഉരുളക്കിഴങ്ങ് മെഴുകുപുരട്ടി, കാബേജ് തോരന്‍, ഉണക്ക മുള്ളന്‍ വറുത്തത്, താറാവ് മുട്ട ഉലത്തിയത്.”

“ഇത്രപെട്ടെന്ന് ഒക്കെ ഒലത്തിയോ?”

 
“ ഉവ്വ ഒലത്തും, ഇതാണ് മെനു, ഇതാണുണ്ടാക്കാന്‍ പോണത്. വല്ല നോണ്‍ വെജ് വേണമെങ്കില്‍ പുറത്ത് നിന്ന് വാങ്ങിട്ടു വരണം, പിന്നെ രണ്ടോ മൂന്നോ ബോട്ടില്‍ മിനറല്‍ വാട്ടര്‍. വര്‍ത്താനം പറയുമ്പോ കൊറിക്കാന്‍ വല്ല ചിപ്സോ എന്തേലും”

“ഓക്കെ ഞാനേറ്റു നന്ദേട്ട ഞാനിപ്പോ കൊണ്ടരാ......കുമാരാ റെഡിയായിക്കോ ഒന്നു പുറത്തു പോയിട്ടു വരാം”

കുമാരനും പ്രവീണും വീണ്ടും വണ്ടിയെടൂത്ത് പുറത്തേക്ക് പോയി. തോന്ന്യാസിയും ഞാനും വീണ്ടു ടോമും ജെറിയുമായി...

**************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 8.30

“എന്തു രസമാ അല്ലേ പ്രവീണേ  കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....എന്തു അഗാധതയാണാതില്‍?”


“എവ്ടേ? എവ്ടേ കുമാരാ? ആ മഴവില്‍ പാലത്തിലോ അതോഅവിടെ കായലില്‍ കിടക്കുന്ന ബോട്ടിലോ”


“എന്തേനു?” കുമാരന്‍ വീണ്ടു സ്വപ്നത്തിലാണ്


“എവിടെ അഗാധതയുണ്ടെന്നാ പറഞ്ഞത്? കായലിലല്ലേ? ശരിയാ നല്ല ആഴം കാണും”


“ഹാ അല്ലെഡപ്പാ..ഇങ്ങ് ള് ആ പെണ്ണിനെ നോക്കീന്. അവിടെ ബെഞ്ചില്‍ കക്ഷം കാണിച്ചോണ്ടു ഒരുത്തി ഇരിക്കണത് കണ്ടേനീ? ഹോ കാവ്യാ മാധവന്റെ കണ്ണുകള്‍ പോലെ “


“അത് ശരി, മോനേ കുമാരാ..കണ്ണുര്‍ക്ക് എപ്പഴാ അടുത്ത ടെയിന്‍?


“ എന്താണപ്പോ..ഇരിക്കിന്ന്..കുറച്ചു കഴിഞ്ഞിട്ട് പോകാന്ന്”


“പൊന്നു കുമാരാ...എനിക്ക് വേണേല്‍ നല്ല തല്ല് എന്റെ നാട്ടില്‍ അന്തിക്കാട് കിട്ടും. പിന്നെ എന്തിനാ കൊച്ചിയിലെ ക്വൊട്ടേഷന്‍ ടീമിന്റെ വെട്ട് കൊള്ളണത്. നിങ്ങളിവിടെ അവളുടേ അഗാധതയോ ആഴപ്പരപ്പോ നോക്കിയിരിക്ക്.ഞാന്‍ നന്ദേട്ടന്റെ ഫ്ലാറ്റില്‍ കാണും”


“നില്ലപ്പാ...എന്നാപ്പിന്നെ ഞാനുമുണ്ട്”

********************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 10.30

കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണവും കളിയാക്കലും കൊണ്ട് സമയമേറെ കടന്നുപോയി. തോന്ന്യനും കുമാരനും പ്രവീണും കൂടി മുറി വിറപ്പിച്ചു. ഞാന്‍ അടുക്കളയില്‍ കറി തിളപ്പിച്ചു അപ്പോഴേക്കും എന്റെ മൊബൈല്‍ വീണ്ടും ചിലക്കാന്‍ തുടങ്ങി.

“ നന്ദാ..ഇത് ഞാനാ ജുനെദ്. പറഞ്ഞ പോലെ ഞാന്‍ പള്ളിമുക്കിലിറങ്ങിയിട്ടുണ്ട്., ഇവിടുന്ന് എങ്ങിനെ? എങ്ങോട്ട്? ഇങ്ങോട്ട് വരുമോ?”

“ജുനൈദേ അവിടെ നിന്നോളു. നാലടി നടന്നാല്‍ എന്റെ ഫ്ലാറ്റായി. എന്നാലും ഞാനിത്തിരി ഫ്ലാറ്റായ കാരണം ഒരുത്തനെ അങ്ങോട്ട് വിടാം. പ്രവീണ്‍. രണ്ടുമിനിറ്റില്‍ അവിടെ എത്തും“

അല്പനേരത്തിനുള്ളില്‍ ജുനൈദും റൂമിലെത്തി.

“എടാ നന്ദപ്പാ” എന്നുള്ള ഒറ്റവിളിയൊടേ ജുനൈദ് എന്നെ വട്ടം പുണര്‍ന്നു.

പലരും പരസ്പരം ആദ്യമായി കാണുകയാണ്. പക്ഷെ സംസാരത്തിലും പെരുമാറ്റത്തിലും വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് ഒരു ബഹളമായിരുന്നു. രാവ് പകലാക്കി തോന്ന്യനും കുമാരനും ജുനൈദും പ്രവീണും കൂടി മുറിയെ ബഹളമയമാക്കി.

എന്റെ മൊബൈല്‍ വീണ്ടും ചിലച്ചു


“നന്ദേട്ടാ ഇത് ഞാനാ മുരളി മാലോത്ത്, ഞാനിപ്പോ ബസ്സിലാ..എപ്പോ എത്തുംന്ന് പറയാന്‍ പറ്റില്ല. വെളുപ്പിനെത്തുമായിരിക്കും.എവിടേക്കാ വരണ്ടേ”


“നീ ബസ്സെറങ്ങിയിട്ട് വിളിയെടാ... ഒക്കെ ശരിയാക്കം”


“മുരളി എത്താറായില്ലേ?” തോന്ന്യന്‍


“ഇല്ല അവന്‍ കാസര്‍ഗോഡ് നിന്ന് വരികയാണ് . ഇന്നലെ അവന്‍ സിനിമാ നടി റോമയുടെ കൂടെയായിരുന്നു”“ അത്യോ!  ഹോ അവന്റെ ഒരു ഭാഗ്യം”  തോന്ന്യന്‍ കണ്ണു തുറിച്ചു

“പോടാ ശ്ശവീ,  ഇന്നലെ അവന്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ മാഗസിന്റെ ലോഞ്ച് ആയിരുന്നു. ചീഫ് ഗസ്റ്റ് റോമയും, ആ പരിപാടി കഴിഞ്ഞു വരാണെന്ന്. അല്ലാണ്ട്..... കോഴിക്കോട് വരെ ഒരു ടാക്സിയില്‍. അവിടുന്ന് ബസ്സിലാണ്. വെളുപ്പിനെത്തുമായിരിക്കും”

അപ്പോഴേക്കും പ്രവീണ്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കഴിഞ്ഞിരുന്നു. നെറ്റ് തുറന്ന് ബ്ലോഗുകളും പോസ്റ്റുകളും വായിക്കാനും കമന്റാനും തുടങ്ങി


“അല്ലാ തോന്ന്യന്റെ ബ്ലോഗ് ഏതാ” പ്രവീണ്‍ തോന്ന്യാസിയോട്


“തോന്ന്യാക്ഷരങ്ങള്‍”


“അതിന്റെ യൂ ആര്‍ എല്‍ പറഞ്ഞേ.. ഞാന്‍ നോക്കട്ടെ.. ഇതുവരെ കണ്ടിട്ടില്ല”


“യു ആര്‍ എല്‍...യു ആര്‍ എല്‍.....അതായത്  ഡബ്ലിയു ഡബ്ലിയു ഡബ്ലിയു“


“ഉം..പിന്നേ..” പ്രവീണ്‍ ടൈപ്പ് ചെയ്തു.


“ഡബ്ലിയു....ഡബ്ലിയു........ഡബ്ലിയു....”


“ഇതിപ്പോ അഞ്ചാറു ഡബ്ലിയു ആയല്ലോഡാ.. മുഴുവന്‍ വരട്ടേ..”


“അത് നന്ദേട്ട... പിന്നേ.. ശ്ശോ...എനിക്കോര്‍മ്മയുണ്ടാതാന്നേ..”


“ഹെന്ത്?” പ്രവീണ്‍ ഞെട്ടി” സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ അറിയില്ലെന്നോ?”


“അറിയില്ലാന്നല്ല...ഞാന്‍ മറന്നു പോയതാ”


ഞങ്ങള്‍ മൊത്തം ഞെട്ടി. സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ മറന്ന ഈ തോന്ന്യന്‍ ബ്ലോഗര്‍ നിസ്സാരനല്ലല്ലോ. പ്രവീണ്‍ അത്യാദരപൂര്‍വ്വം തോന്ന്യനെ ഒന്നു നോക്കി

“അല്ല പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം ബ്ലോഗ് എങ്കിലും നോക്കിയിട്ട് കൊല്ലം കുറേയായി. ഒരു പോസ്റ്റ് ഇട്ടിട്ടും. എന്തിനേറെ ഒരു കമന്റ് ഇട്ടിട്ടെങ്കിലും കൊല്ലങ്ങളായിട്ടുണ്ടാവും..അല്ലേഡാ”


“ഓ പിന്നെ കൊല്ലങ്ങളേ.... അത്രൊന്നുമില്ല... ഒരു .....രണ്ടു കൊല്ലം”


“ നിന്നെ സമ്മതിക്കണല്ലോഡാ” ജുനെദ് തോന്ന്യന്റെ തോളില്‍ തട്ടി” രണ്ട് കൊല്ലമായിട്ട് ബ്ലോഗ് എഴുതാറീല്ല, കമന്റ് എഴുതാറീല്ല. ആരുടേയും ബ്ലോഗ് പോസ്റ്റ് വായിക്കാറില്ല. പക്ഷെ..വര്‍ഷാവര്‍ഷം നടക്കുന്ന സകല ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കും”


“അതേ... “ ഞാന്‍ കൂട്ടിച്ചേര്‍ത്തു “ മെയിലയച്ചാലോ മൊബെലില്‍ വിളിച്ചാലോ കിട്ടില്ല. ഓണ്‍ലൈന്‍ കാണില്ല. പക്ഷെ ബ്ലോഗിന്റെ തലേന്ന് മീറ്റ് എവിടെയാണെങ്കിലും അവിടെ പ്രത്യക്ഷപ്പെട്ടോളും തോന്ന്യന്‍..സമ്മതിക്കണം.“

രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു.
ജുനൈദ് പ്രവീണിനൊപ്പം തൃപ്പുണിത്തുറയിലെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. ഏറെ ക്ഷീണിച്ചതോണ്ടാവും ഞാനെന്റെ ബെഡില്‍ കമഴ്ന്നുവീണു കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറിട്ടു. കുമാരനും മറ്റൊരു മുറിയില്‍ ചുരുണ്ടു കൂടി. അപ്പോഴും അവന്റെ മുഖത്ത്  എത്രകണ്ടാലും മതിവരാത്ത കാവ്യാമാധവന്റെ കണ്ണൂകളില്‍ കണ്ട അഗാധതയുടെ ഓളങ്ങള്‍ ഉണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും പുലരാറായിട്ടും തോന്ന്യാസിമാത്രം ഇന്റര്‍നെറ്റില്‍ ഊളിയിട്ടുകൊണ്ടിരുന്നു. എന്തോ കാണാതെപോയ കുഞ്ഞിനെപ്പോലെ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.

*******************************************************************************************************************

2010 ആഗസ്റ്റ് 8 ഞായര്‍
രാവിലെ

കനത്തൊരു മഴയോടെ നഗരം പുലര്‍ന്നു. മടി വിട്ടുണരാതെ ഞങ്ങള്‍ നാലുപേര്‍  ആലസ്യത്തിലിരുന്ന് പിന്നെയും വെടിവട്ടത്തിനു മരുന്നു നിറച്ചു. ബ്ലോഗ് മീറ്റിന്റെ സമയമായെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി, പെട്ടെന്ന് തയ്യാറാക്കിയ പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തികൂട്ടി ഞാനും കുമാരനും പഴങ്കഞ്ഞികുടിച്ചു. സ്വതവേ പഴങ്കഞ്ഞികളായ തോന്ന്യനും മുരളിയും അത് കഴിച്ചില്ല. എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.

കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം......സത്യായിട്ടും :)Wednesday, July 7, 2010

ഗോപാലേട്ടന്‍

.
നതാ കോര്‍ണറിനു കുറച്ച് വടക്കുഭാഗത്തായി ഗോപാലേട്ടന്‍ ചായക്കട തുടങ്ങുമ്പോള്‍ ഒരു അമ്പത് വാര തെക്ക് സുധന്‍ ചേട്ടന്റെ ചായക്കടയും മുന്നൂറ് വാര വടക്ക് സുബ്രേട്ടന്റെ ചായക്കടയും ഉള്ളത് അറിയാഞ്ഞിട്ടല്ല, പക്ഷെ,ഗോപാലേട്ടന് ചായക്കട പരിപാടിയല്ലാതെ മറ്റൊരു പരിപാടിയും അറിയാത്തതുകൊണ്ടാണ്. വെള്ളാങ്കല്ലുര്‍ പഞ്ചായത്തില്‍ എവിടെയോ ആയിരുന്ന ഗോപാലേട്ടനും ഭാര്യയും ഒരു മകനും മകളുമടങ്ങുന്ന കുടുംബം എന്റെ വീടിനടുത്ത് ജനതാ കോര്‍ണറില്‍ വരുന്നത് ഞാന്‍ കലപ്പറമ്പ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ്.

ചായക്കട ഉദ്ഘാടനത്തിന്റെ അന്ന് എല്ലാവര്‍ക്കും ചായയും സവാള വടയും ഫ്രീയായി ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞത് പിറ്റേ ദിവസമായിരുന്നതുകൊണ്ട് എനിക്ക് സംഗതി മിസ്സായി. എന്തായാലും സമീപത്തെ കല്‍പ്പണിക്കാരും മരപ്പണിക്കാരും വാര്‍ക്കപ്പണിക്കാരും രാവിലെ ചായകുടിക്കുന്നതും ദോശ ഇഡ്ഡലി പുട്ട് ഇത്യാദി ഐറ്റംസ് കഴിക്കുന്നതും ഗോപാലേട്ടന്‍സ് ചായക്കടയില്‍ നിന്നായി. സാമാന്യം തരക്കേടില്ലാത്ത കച്ചവടം.ഗോപാലേട്ടനുമൊപ്പം പത്നിയും ഒഴിവു സമയങ്ങളില്‍ ഹെസ്ക്കൂളിലേക്കെത്തിയ മകളുമായപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. മകനെ കോണത്തുകുന്നില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനോ അല്ലാത്തപ്പോള്‍ കടയുടെ ഉമ്മറത്ത് കിടക്കുന്ന പട്ടിയേയും അടുക്കള വൃത്തിയാക്കുന്ന കോഴികളെയും ആട്ടിയകറ്റാന്‍ മാത്രം ചുമതലപ്പെടുത്തി.

കുറ്റം പറയരുതല്ലോ, ഗോപാലേട്ടന്റെ ചായക്കട വെച്ചടി വെച്ചടി കേറി വന്നു, അവിടെ നിന്ന് ഒരു കാലിച്ചായ കഴിക്കാതെ ആബാലവൃദ്ധം ജനങ്ങള്‍ ആ ചായക്കടയെ മുറിഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ പോകില്ലെന്നായി. മാത്രമല്ല, നാലുവശവും ഓലകൊണ്ട് മേഞ്ഞ ചായക്കടയും അതിനുള്ളിലെ ബഞ്ചും ഡസ്ക്കും പലഹാരം ഇട്ടുവെച്ച ചില്ലലമാരയും പുറത്ത് ചാരിവെച്ചിരിക്കുന്ന കോണത്തുകുന്ന് രാജ് ടാക്കീസിന്റെ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ബോര്‍ഡുമെല്ലാം ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ചേരുവ പോലെ പരസ്പരം ഇണങ്ങിച്ചേര്‍ന്നു നാടിന്റെ ലാന്‍ഡ്മാര്‍ക്കായിത്തീര്‍ന്നു. ചുരുക്കത്തില്‍ ജനതാകോര്‍ണര്‍-പൈങ്ങോട് നിവാസികളുടെ അന്നദാതാവായി ഗോപാലേട്ടന്‍.

ചായക്കടയിലെ പ്രധാന പലഹാരം സവാള വടയായിരുന്നു. വടയുടെ വലിപ്പവും വിലയും തമ്മില്‍ അജഗജാന്തരവിത്യാസമുണ്ടെങ്കിലും, ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വടേം തിന്നിട്ട് പൂവ്വാടാ എന്നുള്ള വിശേഷം പറച്ചിലിനു വരെ വട കാരണമായി. ചായക്കടയിലെ ബിസിനസ്സിനു പുറമേ തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ വരുമ്പോള്‍ അവിടെ വരുന്ന മേളക്കാര്‍ക്കും നാടക-ബാലെ ട്രൂപ്പംഗങ്ങള്‍ക്കും ഉച്ചയൂണ് രാത്രിയൂണ് ഇത്യാദി കാര്യങ്ങള്‍ക്കും ഗോപാലേട്ടനെ ഏല്‍പ്പിച്ചു തുടങ്ങി കമ്മറ്റിക്കാര്‍. പക്ഷേ, ‘ഇത്തിരി സാമ്പാറൊഴിച്ചേ ചേച്ച്യേ..” ‘ഇത്തിരി അച്ചാറ് പോരട്ടെ പെങ്ങളെ..” എന്നുള്ള ശൃംഗാര മേളം ഹോട്ടലിനെ പ്രകമ്പനം കൊള്ളിച്ചപ്പൊള്‍ “ഞാന്‍ അമ്പലത്തില്‍ വന്ന് ചോറ് തന്നോളാം” എന്ന ഗോപാലേട്ടന്റെ തില്ലാനയില്‍ ഊണ് തായമ്പക അമ്പലമുറ്റത്തെ പന്തലിലായി. അങ്ങിനെ ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാറ്ററിംഗ് സര്‍വ്വീസ് കൂടിയായി എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.

കുഴിച്ചിട്ട വാഴക്കന്നു മുളപൊട്ടി തൈയായി കൂമ്പുവന്നു വളര്‍ന്നു വാഴയായി കുലവന്ന കാലം പോലെ ദിവസങ്ങളും മാസങ്ങളുമേറെ കടന്നു പോയി. കാലാനുസൃതമായി ഓരോ വിലവര്‍ദ്ധനയിലും ഗോപാലേട്ടന്‍ ചായയുടെ വടയുടേയും വില വര്‍ദ്ധിപ്പിച്ചെങ്കിലും അതിലാര്‍ക്കും ഒരു പരാതിയുമുള്ളതായി കേട്ടിട്ടില്ല. ആയിടെയാണ് കൌമാരത്തിലേക്ക് കാലെടുത്തുകുത്തിയ ഞങ്ങളുടേയും പൊട്ടിത്തെറിച്ച യൌവ്വനമുള്ള ചേട്ടന്മാരുടേയും ശ്വാസവേഗത്തെ പരീക്ഷിച്ച വൈശാലി എന്ന സിനിമ റിലീസായത്. കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയ്യറ്ററില്‍ ആദ്യത്തെ ആഴ്ചതന്നെ സിനിമ കണ്ടവര്‍ കാണാത്തവരോട് കണ്ട വിശേഷം പറഞ്ഞ് സകല തെണ്ടികള്‍ വരെ എന്തിനേറെ ഞങ്ങള്‍ പിള്ളാര്‍ വരെ ആദ്യത്തേയോ രണ്ടാമത്തേയോ ആഴ്ചയിലാ സിനിമ കണ്ടു ആസ്മാ രോഗികളെപോലെ ശ്വാസത്തെ നിയന്ത്രിക്കാനാവതെ കഴിച്ചു കൂട്ടി. സ്ത്രീ സാന്നിദ്ധ്യമറിയാത്ത ഋശ്യശ്രംഗനെ മെയ്യഴകുകൊണ്ട് വശീകരിക്കുന്ന വൈശാലിയുടെ ഉടലളവുകളും ആലില വയറും അതിലെ നാഭീച്ചുഴിയും കാളീശ്വരി തിയ്യറ്ററിന്റെ സ്ക്രീനില്‍ ക്ലോസപ്പില്‍ കണ്ട നാട്ടിലെ ഏതോ ഒരു വിരുതന്‍ ലോ ക്ലാസ്സില്‍ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു നോക്ക്യേറാ.... ഗോപാലേട്ടന്റെ പീട്യേലെ സവാള വട പോലെണ്ട്. വൈശാലി സുപര്‍ണ്ണയുടെ പൊക്കിള്‍ച്ചുഴിയെ അനുസ്മരിപ്പിക്കുന്ന ഗോപാലേട്ടന്റെ സവാള വടക്ക് അന്നു മുതല്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു പേര്‍ വീണു. വൈശാലി വട.

അതിനുശേഷം ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വൈശാലി വടേം തിന്നിട്ട് പൂവ്വാട്ടാ എന്നുള്ളതായി വിശേഷം പറച്ചില്‍.

ഏത് അമേരിക്കക്കും ഉണ്ടാവുമല്ലോ ഒരു സാമ്പത്തികമാന്ദ്യം. അതുപോലെ പതിയെപ്പതിയെ ചില പരാതികള്‍ ഗോപാലേട്ടന്റെ ചായക്കടയെക്കുറിച്ചു പ്രചരിച്ചു വന്നു. അത് വെറും പ്രചാരണമല്ലെന്ന് മാണിക്യേട്ടന്റെ മോന്‍ സുനിയും കല്ലൊരക്കമ്പനിയില്‍ പണിക്കു പോണ പലരും പറഞ്ഞു. ചായക്കുള്ളില്‍ ഈച്ചയും പഞ്ചസാരയില്‍ ഉറുമ്പും പലപ്പോഴും കോമ്പിനേഷനുകളാവാറുണ്ടെന്നും പുട്ടും പപ്പടവും പൊതിഞ്ഞ വാഴയിലയില്‍ മാറാല കെട്ടിയിരുന്നുവെന്നും സ്ഥിരം കസ്റ്റമേഴ്സായ വാര്‍ക്കപ്പണിക്കാരും രാവിലത്തെ ശോധനക്ക് ആക്കം കൂട്ടാന്‍ ഗോപാലേട്ടന്റെ കാലിച്ചായ അടിക്കുന്ന കിളവന്മാരും പറഞ്ഞു. കടലക്കറിയില്‍ നിന്ന് കടുപ്പമുള്ള കല്ലു കിട്ടിയെന്ന് കല്ലുവെട്ടുകാരന്‍ സുബ്രേട്ടന്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്. അന്നൊന്നും ടെക്നോളജി ഇത്രയും ഡവലപ്പ് ആയിട്ടില്ലല്ലോ അല്ലെങ്കില്‍ ഇതെല്ലാം മോര്‍ഫിങ്ങ് ചെയ്ത് ഉണ്ടാക്കിയെടുത്ത നുണക്കഥകളാണെന്ന് ഗോപാലേട്ടനു പറയാമായിരുന്നു.

സംഗതി ആദ്യം നോട്ടീസടിച്ചത് മിലിട്ടറിയിലുള്ള മോഹനേട്ടനായിരുന്നു. അതിനു പക്ഷേ കാരണമുണ്ടായിരുന്നു. മോഹനേട്ടന്‍ ലീവിനു വന്നതിന്റെ പിറ്റേ ദിവസം തട്ടകത്തമ്മയെ തൊഴുതിട്ട് വരാം എന്നു കരുതി പുതിയകാവിലെ ഭഗവതിയെ തൊഴുത്, സര്‍വ്വേക്കല്ലിന്മേല്‍ കാക്കതൂറിയപോലെ കറുത്ത നെറ്റിയിലൊരു ചന്ദനക്കുറിയുമായി മടങ്ങിവരുമ്പോഴാണ് ഗോപാലേട്ടന്റെ കടയില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാം എന്നു തീരുമാനിച്ചത്.


സൈക്കിള്‍ റോഡരികില്‍ സ്റ്റാന്‍ഡിലിട്ട് മോഹനേട്ടന്‍ കടയില്‍ കയറി ഒരു സ്ട്രോങ്ങ് ചായക്ക് ഓര്‍ഡറിട്ടു. പട്ടാളത്തിലെ വിശേഷം ചോദിച്ച് ഗോപാലേട്ടന്‍ ചായ നീട്ടിയടിക്കുമ്പോള്‍ അതിനുള്ളിലേക്ക് ഒരു അതിഥി പറന്നു വന്നത് ആരും അറിഞ്ഞില്ല. സവാള വട കടിക്കുന്നതിനിടയിലെ ഗ്യാപ്പില്‍ ചായയെ ആദ്യത്തെ മൊത്തു മൊത്താന്‍ തുനിഞ്ഞപ്പോഴാണ് മോഹനേട്ടന്‍ ഏതു പട്ടാളക്കാരനേയും ക്രുദ്ധനാക്കുന്ന ആ കാഴ്ച കണ്ടത്. തന്റെ ചായയിലേക്ക് ഒരു മണിയനീച്ച നുഴഞ്ഞു കയറിയിരിക്കുന്നു!!

“ദെന്തൂട്ടാ ഗോപാലാ ഇദ്? ചായേല് ഈച്ച കെടക്കണ കണ്ടില്ലേ”

“ ദെവടേ?” എന്നു ചോദിച്ച് ഗോപാലേട്ടന്‍ മുഷിഞ്ഞു നനഞ്ഞ തന്റെ വിരലുപയോഗിച്ച് അതിനെ തോണ്ടിയെറിഞ്ഞിട്ട് പറഞ്ഞു. “ ഒരീച്ചല്ലേ മോഹനോ! അതിനിത്ര ബഹളംണ്ടാക്കണോ?”

“ഉം.” എന്നും പറഞ്ഞ് പാഴായ ആദ്യ മൊത്തു മൊത്തി ഒന്നിറക്കി മോഹനേട്ടന്‍ പറഞ്ഞു “ പട്ടാളത്തിലെ മെസ്സിലാണെങ്കീ കാണാരുന്നു. ഒരൊറ്റ വെടിക്ക് തീര്‍ന്നേനെ ജീവന്‍”

“ആര്‍ടെ? ഈച്ചേടാ?” സത്യമായിട്ടും അത് ഗോപാലേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചതായിരുന്നു

“അല്ലാ, ചായ ഇണ്ടാക്കണോന്റെ. ഇതൊന്നും അവടെ നടക്കില്ല.”

‘ഉം, എന്നാപ്പിന്നെ അവിടെ പട്ടാളക്കാരുടെ എണ്ണം ദിവസേന കൊറഞ്ഞേനല്ലോ’ എന്ന് അറിയാതെ പുറത്തു വന്ന ആത്മഗതത്തോടെ ഗോപാലേട്ടന്‍ ഉണങ്ങാന്‍ വെച്ചിരുന്ന അരിപ്പൊടിയില്‍ നിന്ന് ‘ഹൈഡ് ആന്റ് സീക്ക്‘ കളിച്ചിരുന്ന പാവം കോഴികളെ ഓടിക്കാന്‍ അകത്തേക്ക് വലിഞ്ഞു.

ഗോപാലേട്ടന്റെ ആത്മഗതം മോഹനേട്ടന്‍ കേട്ടെങ്കിലും ഇന്നത്തെ ഫെവി ക്വിക്കിനേക്കാള്‍ ഉറപ്പുണ്ടായിരുന്ന അന്നത്തെ ‘വൈശാലിവട‘യിലെ മൈദമാവു കാരണം രണ്ടു നിരയിലേയും പല്ലുകള്‍ വേര്‍പ്പെടുത്താന്‍ കുറേ നേരമെടുത്തതുകൊണ്ട് മറുപടിയുണ്ടായില്ല.

പക്ഷെ, കത്രീന പോലെ വീശിയടിച്ച അപവാദ പ്രചരണത്തിനു ഗോപാലേട്ടനെ വീഴ്ത്താന്‍ കഴിഞ്ഞില്ല. പ്രചരണത്തെക്കുറിച്ച് ഗോപാലേട്ടനോട് പറഞ്ഞവരോട് “ ഒക്കെ വെറുതെണ്ടാ..ആള്‍ക്കാര്‍ക്ക് എന്തൂറ്റാ പറയാന്‍ പറ്റാത്തെ..” എന്ന നിസ്സാര മറുപടിയില്‍ ഗോപാലേട്ടന്‍ മടക്കി.കുറച്ചുനാള്‍ കഴിഞ്ഞ് പതിവുപോലെയുള്ള, യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്രഭാതം.

എവിടെയോ അമ്പലപ്പരിപാടി കഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ ചെണ്ടയുമായി വരികയായിരുന്നു ദേശത്തെ ശങ്കരന്‍ വേലന്‍. വീട്ടിലെത്തത്തുന്നതിനുമുന്‍പ് ബ്രേക്ക് ഫാസ്റ്റ് ഇവിടെയാക്കം എന്നു കരുതി ഗോപാലേട്ടന്റെ ചായക്കടയുടെ ഉമ്മറത്തെ ബക്കറ്റില്‍ നിന്ന് രണ്ടു കൈ വെള്ളമെടുത്ത് കൊലുക്കുഴിഞ്ഞ് മുറുക്കിചുവപ്പിച്ച വായ കഴുകി. ഉള്ളില്‍ കടന്ന് ചെണ്ട, മേശയുടെ സൈഡില്‍ നിവര്‍ത്തിവെച്ചു.

“ ഗോപാലോ... രണ്ട്ഷ്ണം പൂട്ടും ഇത്തിരി കടലച്ചാറും ഇട്ത്തേ. ആവ്, വെശന്നിട്ട് വയ്യാന്നേ”

“ആ, ശങ്കരന്‍ വേലനാ?! ദെവടായിരുന്നു പരിപാടി?” പ്ലേറ്റ് കഴുകി പുട്ട് എടുത്തുവെക്കുന്നതിനിടയില്‍ ഗോപാലേട്ടന്‍ ലോഹ്യം ചോദിച്ചു.

“ഒന്നും പറയണ്ടറപ്പാ...ഇന്നലെ ഒരു ചാത്തനുപാട്ടുണ്ടായിരുന്നു. തുള്ളലും ചാടലും കഴിഞ്ഞപ്പോ വെളുപ്പാന്‍ കാലായി”

ഗോപാലേട്ടന്‍ കടലച്ചാറൊഴിച്ച പുട്ടിന്റെ പ്ലേറ്റ് ശങ്കരന്‍ വേലനു മുന്നിലേക്ക് വെച്ചു. അപ്പോഴാണ് ഗോപാലേട്ടന്റെ മകന്‍അങ്ങോട്ടു വന്നതും മേശമേല്‍ പൊതിഞ്ഞുവെച്ച ചെണ്ട കണ്ടതും. വെറുതെ ഒരു രസത്തിനു ചെണ്ടയുടെ ഒരു സൈഡില്‍ വെറുതേ ഒന്നു കൊട്ടിനോക്കിയത് ചെക്കന്റെ കഷ്ടകാലത്തിന് ഗോപാലേട്ടന്റെ കണ്ണില്‍ പെട്ടു. ചെറുക്കന്റെ കുഞ്ഞിത്തലയില്‍ ചായരിപ്പ കൊണ്ട് ഒരഞ്ചാറു കിഴുക്ക് ഗോപാലേട്ടനും കൊടുത്തിട്ട് ചെക്കനോടായി അലറി:

“ഉസ്ക്കൂളീ പൂവ്വാന്‍ നോക്കറാ പൊട്ടാ, കൊട്ടാന്‍ നിക്കാണ്ട് ”

ചാത്തനുപാട്ടിനു കൊട്ടിയതിന്റേയും പാടിയതിന്റേയും ഉറക്കമൊഴിച്ചതിന്റേയും ഇതുവരെ നടന്നതിന്റേയും ക്ഷീണമാറ്റാന്‍ വേണ്ടി ചാറൊഴിച്ച് ചാലിച്ച പുട്ടെടുത്ത് കുഴച്ച് ആദ്യത്തെ പിടി വായിലിട്ടതും എന്തോ ഒരു അരുചി ശങ്കരന്‍ വേലന്റെ നാക്കിലുണര്‍ന്നു. ഉറക്കമൊഴിച്ചതിന്റെ കുഴപ്പമാകുമെന്നു കരുതി ചവച്ചിറക്കി. രണ്ടാമത്തെ പിടിയും വായിലിട്ടപ്പോള്‍ സെയിം ടേസ്റ്റ്, മാത്രമല്ല ഉടയാത്ത എന്തോ ഒന്ന് നാവില്‍ തടഞ്ഞു. അതെടുത്ത് പുറത്തിട്ട് ശങ്കരന്‍ വേലന്‍ കുഴച്ചിട്ട പുട്ടു നോക്കി. ചാറുപുരളാത്ത പുട്ടില്‍ ചാരനിറത്തില്‍ കട്ടിപിടിച്ച എന്തോ . എന്താണെന്നു ഒരു ഊഹവുമില്ല, നേരത്തെ താന്‍ ചവച്ച പുട്ടില്‍ ഇവന്റെ ഒരു കഷണമാണെന്നു ശങ്കരന്‍ വേലനു മനസ്സിലായി. സംഗതിയുടെ ഷേപ്പും നിറവുമൊക്കെ നല്ല പരിചയവുണ്ട്. ഉറക്കച്ചടവില്‍ അതൊട്ട് ഓര്‍ത്തെടുക്കാനും പറ്റുന്നില്ല.

“ ഗോപാലോ, ദേ നോക്ക്യ്യേ.. ദെന്തൂറ്റാ സംഭവം? ദെന്താ സാനം?”

അടുത്ത വന്ന ഗോപാലേട്ടന്‍ പ്ലേറ്റ് എടുത്തുനോക്കി വിശദമായി പരിശോധിക്കുകയും സംഗതി മനസ്സിലായതുകൊണ്ട് അത്രയും ഭാഗം കൈകൊണ്ട് വടിച്ച് താഴെയിടുകയും “ ഓ! അതെന്തൂറ്റാണാവോ? നിങ്ങള് കഴിക്കെന്നേ” എന്നും പറഞ്ഞ് പ്ലേറ്റ് ശങ്കരന്‍ വേലനു തിരികെ കൊടുക്കുകയും ചെയ്തു. ശങ്കരന്‍ വേലന്‍ തന്റെ വേല പൂര്‍വ്വാധികം ഭംഗിയായി തുടങ്ങാനൊരുങ്ങുമ്പോഴാണ് ഗോപാലേട്ടന്‍ അകത്തേക്ക് ഭാര്യയെ നോക്കി ദ്വേഷ്യത്തൊടെ വിളിച്ചു പറഞ്ഞത് :

“ ട്യേ.. നിങ്ങളൊക്കെ ആരെവടെ നോക്കിയിരിക്ക്യാണ്ടീ... ആ വിരിച്ചിട്ടിരിക്കുന്ന അരിപ്പൊടി നോക്കാന്‍ ഒരുത്തിയും ഇല്ല്യാ‍ലേ”

ഗോപാലേട്ടന്റെ ആജ്ഞ കേട്ടതും അകത്തു നിന്നൊരു ശബ്ദം മുഴങ്ങിയതും ചായക്കടയെ വിജ്രംഭിച്ചൊരു ചാത്തന്‍ കോഴി അകത്തു നിന്നും പറന്നു വന്നതും ഒരുമിച്ചായിരുന്നു. ശങ്കരന്‍ വേലന്റെ ചെണ്ടക്കും തലക്കും മുകളിലുടെ ഒരു വെള്ളത്തൂവല്‍ പറത്തി പുറത്തേക്ക് പാഞ്ഞതു തന്റെ കണ്‍ കോണിലൂടെ കണ്ടപ്പോള്‍ കുഴച്ച പുട്ടെടുത്ത് വായക്കകത്തേക്ക് പോയികൊണ്ടിരുന്ന ശങ്കരന്‍ വേലന്റെ കൈ പാതിവഴിയില്‍ വെച്ചു നിന്നു. അരിപ്പൊടിയില്‍ ആടിക്കളിച്ചിരുന്നതും തലക്കു മുകളിലൂടെ പറന്നകന്നതും ഗോപാലേട്ടന്റെ വളര്‍ത്തു കോഴിയായിരുന്നെന്ന സത്യം ശങ്കരന്‍ വേലനു നിമിഷാര്‍ദ്ധം കൊണ്ട് മനസ്സിലാവുകയും പുട്ടിനൊപ്പം കിട്ടിയ ആ ‘സ്പെഷ്യല്‍ അരുചി‘ക്കു കാരണം ‘ഇവന്റേ‘താണെന്ന സത്യം ഉറക്കച്ചടവിന്റെ ആലസ്യത്തിലായിരുന്ന ശങ്കരന്‍ വേലന്റെ തലച്ചോറിലേക്ക് ചാട്ടുള്ളിപോലെ വീശിയടിച്ചതും പെട്ടെന്നായിരുന്നു.

പൊതിഞ്ഞു വെച്ചിരുന്ന ചെണ്ടയേയും മറികടന്ന് ഓടിയ ശങ്കരന്‍ വേലന്‍ പുറത്തെത്തും മുന്‍പ് ചായക്കടയുടെ മുറ്റത്തേക്ക് തലേന്നത്തെ അന്തിക്കള്ളുമുതല്‍ തൊട്ടുമുന്‍പ് കഴിച്ച പുട്ടു വരെ പുറത്തേക്ക് കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പുറത്ത് ചാരിവെച്ചിരുന്ന കോണത്തുക്കുന്ന് രാജ് ടാക്കീസിലെ സിനിമാ പോസ്റ്ററില്‍ കെട്ടിപ്പിടിച്ചു നിന്നിരുന്ന മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ദേഹത്തേക്ക് ശങ്കരന്‍ വേലന്റെ ‘കൊടുംവാള്‍‘ വന്നലച്ചു വീണു.

ആ ഒരു സംഭവത്തോടെ ഗോപാലേട്ടന്‍ ചായക്കടപൂട്ടി കാശിക്കു പോയെന്നു കരുതിയൊ? നെവര്‍! അസംഭവ്യം!! ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് കൂടുമാറുന്നതുവരെ ചായക്കട ബിസിനസ്സ് അഭംഗുരം നടത്തിയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു.
.

Friday, June 25, 2010

മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍

[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)


ടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.

വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.

ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും, കനത്ത മഴയില്‍ അലോസരപ്പെട്ട് വലിയ ഇലച്ചെടികള്‍ക്കടിയില്‍ അഭയം തേടിയും അവള്‍ ഓടിക്കളിച്ചു.

“ഇനിയും മഴ കൊണ്ടാല്‍ പനി പിടിക്കും” ഇലക്കീറ് സ്വന്തം തലയില്‍ ചൂടി അവള്‍ പറഞ്ഞു.

“ഈ സാന്ധ്യമഴയില്‍ നീയില്ലേ ചൂടു പകരാന്‍..” ഞാന്‍ കവിയായ കാമുകനായി.

“ഞാനും മഴ നനയല്ലേ?! എനിക്കെവിടെന്നാ ചൂട്?!” അവള്‍ കണ്ണു മിഴിച്ചു.

ഒരു പ്രണയ കാവ്യശകലം വഴിയില്‍ വീണു ചിതറിയതിന്റെ വേദനയില്‍ ഞാന്‍ മിഴിപൂട്ടി.

“നമ്മളെപ്പഴാ വീടെത്താ?” അവള്‍ അരികില്‍ വന്ന് ചോദിച്ചു.

“ഇതാണ് നമ്മുടെ വീട്. ഈ വിജനമായ ഇടവഴി. പ്രണയം പോലെ അലതല്ലുന്ന മഴ. ശരീരത്തെ ചൂഴുന്ന തണുപ്പ്. നമ്മുടെ വീട് ഇവിടം..” ഞാന്‍ പ്രണയാതുരനായി പറഞ്ഞു.

“ഇതോ? ഈ വഴിയോ? ചുമ്മാ പ്രാന്ത് പറയാതെ.” അവള്‍ ഈര്‍ഷ്യയോടെ കലമ്പി. “ ഒരു കുടയെടുക്കായിരുന്നു...!”

“കുടയോ..?? ഹ ഹ ഹ...” ഞാന്‍ പൊട്ടിച്ചിരിച്ചു. ചെടിത്തലപ്പുകള്‍ ചെറുതായി ഒന്നാടിയുലഞ്ഞു.

“പ്രിയേ....നമ്മുടെ പ്രേമത്തിന് നമുക്കു വേണ്ടി പെയ്തതാ ഈ മഴ....ഈ വിജനത........” എനിക്ക് മുഴുമിപ്പിക്കാനായില്ല.

“പ്രിയയോ??!! അതാരാ?? അപ്പോ എന്റെ പേരും മറന്നല്ലേ?! ഇനി കല്ല്യാണം കൂടി കഴിഞ്ഞാല്‍...??” അവള്‍ ചൊടിച്ചു.

‘എന്റെ അരസിക രാഞ്ജീ‍ീ‍ീ..!!! തിന്നു വീര്‍ത്ത ആ ഉരുണ്ട ശരീരത്തിനുള്ളില്‍, തീറ്റയുടെ ആക്രാന്തങ്ങള്‍ക്കപ്പുറത്ത് പ്രണയത്തിന്റെ ഒരു ഹൃദയമുണ്ടെന്ന് വിശ്വസിച്ച ഞാനെത്ര മണ്ടന്‍!!! ’ ഞാന്‍ മനസ്സില്‍ പ്രാകി

“ഹൌ! എന്തൊരു തണുപ്പ്!” അവള്‍ കൈകള്‍ ചുരുട്ടി സ്വയം പിണച്ചു കെട്ടി. “ ഈ മഴയത്തു നടക്കാന്‍ പ്രാന്താണോ?”

“മഴ നനഞ്ഞു നടന്നിരുന്ന എന്റേയും നിന്റേയും (നിനക്കുണ്ടായിരുന്നോ!) ബാല്യം നീയോര്‍മ്മിക്കുന്നുണ്ടോ?” ഞാന്‍ ഗൃഹാതുരനായി..”മഴയില്‍ തുള്ളിക്കളിച്ചത്...ഉമ്മറപ്പടിയിലിരുന്ന് മഴയെ നോക്കിയിരുന്നത്..തണുത്ത മഴ വെള്ളത്തില്‍ കാല്‍ നനച്ചത്....കടലാസ്സു വഞ്ചി ഒഴുക്കിയത്....”

“ഞാനങ്ങിനെ ചെയ്തിട്ടുണ്ടാവോ!! ഓര്‍മ്മല്ല്യ” അവള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. “ കൊറച്ച് നാള് എനിക്കും ഇഷ്ടായിരുന്നു..”

ഞാന്‍ അവള്‍ക്കു വേണ്ടി പ്രണയത്തോടെ കാതോര്‍ത്തു. ഈ മഴ അവളില്‍ പ്രണയത്തിന്റെ കുളിര്‍ പകര്‍ന്നോ എന്നു സംശയിച്ചു.

“ഹോസ്റ്റലില്‍ താമസിച്ചപ്പോള്‍..കൂട്ടുകാരികള് മഴയത്തിറങ്ങി ബഹളം വയ്ക്കും...ഹോസ്റ്റലിന്റെ ടറസില്‍ മഴ നനഞ്ഞ് ഡാന്‍സ് കളിക്കും..എന്തിനാണാവോ..?!”

ബാക്കി കേള്‍ക്കാന്‍ കൊതിച്ചു നിന്ന എന്നോട് മുഴുവനായെന്ന മട്ടില്‍ അവള്‍ നോക്കി. നിരാശയോടെ കണ്ണുകള്‍ പിന്‍ വലിച്ച് ഞാന്‍ ഇടവഴിയുടെ അങ്ങേയറ്റത്തേക്ക് നോക്കി. നൂലുകള്‍ പോലെ, വെളിച്ചക്കീറില്‍ മഴ.

“എന്തിനാ ഇപ്പോള്‍ ഇങ്ങിനെ മഴയിലൂടെ നടക്കണത്??” അവള്‍ വീണ്ടും.

“ഈ മഴയിലൂടെ നടന്നാല്‍........ഈ ഇടവഴിയിലൂടെ നനഞ്ഞ ചരല്‍ക്കല്ലുകള്‍ക്കു മുകളിലൂടെ നനഞ്ഞീറനായ ഇലപ്പടര്‍പ്പുകളെ മുട്ടിയിരുമ്മി നമ്മള്‍ ഇടവഴിയുടെ അങ്ങേയറ്റത്തെത്തും.......ഇരുളും വെളിച്ചവും സംഗമിക്കുന്ന പ്രണയത്തിന്റെ താഴ്വര.... ആ താഴ്വരയില്‍ വെച്ച് ഞാന്‍ നിനക്കെന്റെ പ്രണയം പകര്‍ന്നു തരും...”

ഒട്ടൊന്നു സംശയിച്ചു നിന്ന് അവള്‍ കണ്ണു മിഴിച്ചു ചോദിച്ചു : “ അതെങ്ങിനാ...?”

‘ആഹ്ഹ്.......!!’ പ്രണയം ഉള്ളിലൊതുക്കി, അരികില്‍ നിന്ന ഒരു ചെടിത്തുമ്പിനെ ഞാന്‍ ദ്വേഷ്യത്തോടെ ഒടിച്ചെറിഞ്ഞു.

മഴ കൂടിയും കുറഞ്ഞും പെയ്തുകൊണ്ടിരുന്നു. വെളിച്ചകീറുകള്‍ വഴിമാറാന്‍ തുടങ്ങി.

“ ഈ മഴയില്‍...എന്റേയും നിന്റേയും പ്രേമം തിരിച്ചറിയാന്‍, പ്രണയത്തിന്റെ ഭൂമികയിലൂടെ നടക്കാന്‍ ഞാനൊരു വഴി പറയട്ടെ?” ഞാനവളുടെ തോളില്‍ കൈവച്ചു.

“എന്താദ്?” അവളെനിക്കു മുഖമെറിഞ്ഞു.

“നീയെന്റെ കയ്യില്‍ ചേര്‍ത്തു പിടിക്കൂ” അവള്‍ കൈ ചേര്‍ത്തു പിടിച്ചു.

“എന്റെ കയ്യോട്, തോളോട് ചേര്‍ന്നു നില്‍ക്കു...“ ഞാനും ചേര്‍ന്നു നിന്നു.

“ നമുക്കിനി പതിയെ നടക്കാം.....നിന്റെ കണ്ണുകളടച്ചു പിടിക്കു...”

“കണ്ണുകളടച്ചാല്‍ നടക്കാന്‍ പറ്റോ? വീഴില്ലേ.? “

“ഞാന്‍ നിന്റെ കയ്യില്‍ പിടിച്ചിട്ടില്ലേ.......ഇനി എന്റെ ശരീരത്തോട് മുട്ടിയുരുമ്മി നടക്കൂ...എന്റെ ചൂട് നിന്നിലേക്ക് പകരും...”

“ശ്ശൊ, ഷര്‍ട്ട് ഒന്നു ഊരി പിഴിയായിരുന്നു...തണുക്കുന്നു” അവള്‍ കണ്ണുകളടച്ച് പറഞ്ഞു.

ഞാനത് കേള്‍ക്കതെ (നടിച്ചു) അവളുടെ കയ്യില്‍ കോര്‍ത്ത് ചരല്‍ കല്ലുകളിലൂടെ നടന്നു തുടങ്ങി

“കണ്ണുകള്‍ തുറക്കരുത്”

“ഉം” അവള്‍ മൂളി

മഴ ഞങ്ങളിലേക്ക് പിന്നേയും പെയ്തിറങ്ങിയിരുന്നു..അപ്പോള്‍ ഞാന്‍ പറഞ്ഞു തുടങ്ങി....

ഈ ഇടവഴിയില്‍ ഞാനും നീയും ഇടതോരാതെ പെയ്യുന്ന മഴയും മാത്രം...പരസ്പരം ശരീരത്തോടൊട്ടി അനന്തതയിലേക്കു നടക്കുകയാണ് നമ്മള്‍...”

“ഉം..”

“മനസ്സില്‍ നിനക്കെന്നോട് പ്രേമം മാത്രമേയുള്ളു, എനിക്കും.... മഴയും, സന്ധ്യയും, പൂക്കളും എല്ലാം നമുക്കു വേണ്ടി മാത്രം..”

‘ഉം”

“ഈ വഴിയിലൂടെ, മഴയിലൂടെ എന്നോടൊപ്പം ചേര്‍ന്നു നടക്കുമ്പോള്‍ നിനക്കെന്നോട് എന്തൊ പറയണമെന്നു തോന്നുന്നില്ലേ..?”

“ഉം”

എനിക്ക് ജിജ്ഞാസയായി..അവളുടെ മുഖത്തേക്ക് നോക്കി ഞാന്‍ വീണ്ടും..:

“നിന്റെ പറച്ചിലുകള്‍ കേള്‍ക്കാന്‍ ഞാനുണ്ടല്ലോ കൂടെ....പറയൂ

പ്രണയം തുളുമ്പുന്ന നിന്റെ വാക്കുകള്‍ കേള്‍ക്കാന്‍, കാതോര്‍ക്കാന്‍ ഞാനുണ്ടല്ലോ സഖീ നിന്റെയരികെ..

എന്നോട് പറയാന്‍...എന്നോട് മാത്രം പങ്കു വെയ്ക്കാ‍ന്‍ നീയെന്തൊ കൊതിക്കുന്നില്ലേ.....പറയൂ.”

“ഉം”

“ഈ തണുപ്പില്‍....നിനക്കു പറയാനുള്ളത് എന്നോടു മാത്രം എനിക്കുമാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ പറയൂ..”

“അതോ....” അവള്‍ വാ തുറന്നു

ഞാനവളെ ഒന്നുകൂടി ചേര്‍ത്തുപിടിച്ചു. മഴ ഞങ്ങളിലേക്ക് തിമിര്‍ത്തുപെയ്യാന്‍ തുടങ്ങി

“ഞാന്‍ പറയട്ടെ....” അവള്‍ വീണ്ടും

“പറയൂ നിന്റെ പ്രണയ മന്ത്രണങ്ങള്‍ കേള്‍ക്കാന്‍ എനിക്കു ധൃതിയായി...”

“നമ്മളീ മഴയത്തുകൂടി നടന്ന്.....”

“നടന്ന്....?”

“വേഗം നടന്ന്.....”

“വേഗം നടന്ന്..?? “

“വേഗം നടന്ന് വീട്ടിലെത്തിയാലെ....”

“വീട്ടിലെത്തിയാല്‍...??”“നമ്മള്‍ വേഗം നടന്ന് വീട്ടിലെത്തിയാല്‍.....ചൂടോടെ രണ്ട് ഗ്ലാസ്സ് കട്ടന്‍ കാപ്പി വെച്ച് കുടിക്കണം..എന്താ തണുപ്പ്..”

.....................
പകല്‍ വഴി മാറിയ ഇടവഴിയില്‍ ഒരു ഭഗ്നകാമുകന്റെ ശവശരീരം മഴ നനഞ്ഞുകിടന്നു.

.

Monday, May 31, 2010

ആര്‍.എം.പി.സുരേഷ് വിത്ത് ലോക്കല്‍ ടാക്സസ് എക്സ്ട്രാ

.

അദ്ധ്വാനിക്കാതെ കാശുണ്ടാക്കണം; ചുരുങ്ങിയത്, കാശൊള്ളവന്‍ എന്ന് തോന്നിക്കുമാറ് ചെത്തി നടക്കയെങ്കിലും വേണം എന്ന ചിന്താഗതിയുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണല്ലോ മണി ചെയിന്‍ ബിസിനസ്സ് ഇന്നാട്ടിലുള്ളത്. ചെറിയ തുകമുതല്‍ വലിയ തുക വരെ ആദ്യ ഗഡുവായി അടക്കുന്ന നിരവധി മണി ചെയിനുകള്‍ കേരളത്തിലുണ്ടായിരുന്ന സമയത്താണ് ഞങ്ങളുടെ നാട്ടില്‍ “ആര്‍ എം പി“ എന്നൊരു മണിചെയിന്‍ വരുന്നത്. കോണത്തുകുന്നിലെ ഞങ്ങളുടെ സൌഹൃദ വലയത്തിലെ ചന്ദ്രന്‍ മാഷും രവീന്ദ്രനും പിന്നെ അനവധി നിരവധി പേരും മണി മണിയായി മണി ചെയിന്‍ ബിസിനസ്സില്‍ പണം മുടക്കി പണം കൊയ്തു. അതോടെ ചങ്ങലയില്‍ കൂടിയവരുടെ വേഷവിധാനങ്ങള്‍ക്ക് തിളക്കവും പുതുമയും വന്നു, ശബ്ദത്തില്‍ ബാസ്സ് വന്നു, ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ ആരുടേയെങ്കിലും ബൈക്കിന്റെ പുറകു കാത്തിരുന്നവനൊക്കെ കാശുകൊടുത്ത് ഓട്ടോ വിളിച്ചു വരാന്‍ തുടങ്ങി, സെക്കഡ്ക്ലാസ്സില്‍ സിനിമ കണ്ടിരുന്നവനൊക്കെ ബാല്‍ക്കണി ടിക്കറ്റെടുക്കാന്‍ തുടങ്ങി. മൊത്തത്തില്‍ ധനാകര്‍ഷണ ഭൈരവയന്ത്രത്തിനുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്ന റിസള്‍ട്ട്.

ആര്‍ എം പിയിലെ ചിലരുടെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ് പൈങ്ങോട്ടിലെ പലരും അതില്‍ ആകൃഷ്ടരാകുന്നത്. ആര്‍ എം പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍വേണ്ടി പൈങ്ങോട്ടിലെ രാജന്‍ ഓയില്‍ മില്ലിലെ മുഴുവന്‍ പണി വേണ്ട എന്നു വച്ചു. രാജിവെക്കാന്‍ യാതൊരു ജോലിയുമില്ലാത്തതുകൊണ്ട് ആനന്ദന് അല്പം ആശയക്കുഴപ്പമുണ്ടായിരുന്നു. അവരുടെ കണ്ണിയിലേക്കാണ് പൈങ്ങോട്ടിലെ ഒരു മിമിക്രി കലാകാരനും അത്യാവശ്യം സ്റ്റേജ് പരിപാടികളും ടി വി ചാനല്‍ പരിപാടികളും ഉത്സവസീസണല്ലെങ്കില്‍ ഹൌസ് പെയിന്റിംഗുമായി നടക്കുന്ന സുരേഷ് എന്ന കലാകാരന്‍ കണ്ണി ചേരുന്നത്.


ഒരല്പം ഫ്ലാഷ് ബാക്ക്........

കനത്ത മഴ മാറി, പറമ്പാകെ മഞ്ഞ വെയില്‍ പരന്നു കിടക്കുന്ന ഒരു പകല്‍. പുല്‍ത്തുമ്പുകളിലെ വജ്രമുത്തുകളെ നിര്‍ദ്ദാഷിണ്യം തട്ടിത്തെറിപ്പിച്ച് രാജന്‍ കൂട്ടുകാരനായ മണികണ്ഠന്റെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അപ്പോഴാണ് വേലിക്കപ്പുറംനിന്ന് പറമ്പിലെ പുല്ലരിയുന്ന സുരേഷിന്റെ അമ്മയെക്കണ്ടത്. പരിചയം കൊണ്ടും സുരേഷിന്റെ സുഹൃത്തായതുകൊണ്ടും കുശലമന്വേഷിച്ചേക്കാം എന്നു കരുതി രാജന്‍ സുരേഷിന്റെ അമ്മയോട് ചോദിച്ചു :

“സുരേഷ് ണ്ടാ അവ്ടെ?”

“ഉം...ണ്ട്. ഒറങ്ങാ”

“എന്തേ ഇന്നലെ വല്ല മിമിക്രി പരിപാടിണ്ടായ്ര്ന്നാ?”

“ഏയ് ഇന്നലെ ഇണ്ടായ്ര്ന്നില്ല”

“മിനിഞ്ഞാന്ന് ?” രാജന്‍ വിടാനുള്ള ഭാവം ഇല്ല.

“ഏയ് മിനിഞ്ഞാന്നും ല്ല്യ”

“പിന്നെന്തേ ഈ പകലൊറക്കം?”

“അതേ കഴിഞ്ഞ മാസം അവന് കൊറേ ദിവസം പരിപാടിണ്ടായ്ര്ന്നേ...“

“അതിന്?”

“അതിന്റെ ഒറക്കം ഒറങ്ങിത്തീര്‍ക്കാന്‍ പറ്റില്ല. കൊറേ പണീണ്ടാര്‍ന്നു. ഇന്നാ ഇത്തിരി ഒഴിവു കിട്ടീത്”

“.........??!!!??.....”

അന്തിച്ചു നില്‍ക്കുന്ന രാജനെ പുല്ലുവിലപോലും കൊടുക്കാതെ അരിഞ്ഞെടുത്ത പുല്ലുകെട്ടുമായി സുരേഷിന്റെ അമ്മ നീങ്ങി

ദാറ്റീസ് സുരേഷ്, അദ്ദാണ് സുരേഷ്..


പൈങ്ങോട് എല്‍.പി. സ്ക്കൂളില്‍ നിന്ന് ഉന്നതപഠനത്തിനായി ഞാന്‍ കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസ്സിലെത്തുമ്പോള്‍ സുരേഷ് എന്റെ സീനിയറായി ആറാം ക്ലാസ്സിലുണ്ടായിരുന്നു. പിന്നെ അടുത്ത വര്‍ഷം ഞങ്ങള്‍ ഒരേ പ്രായക്കാരായി ആറാം ക്ലാസ്സില്‍ ഒരുമിച്ചിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ സുരേഷിന്റെ സീനിയറായി. പിന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ വല്ലപ്പോഴുമാണ് കാണാറ്. സുരേഷ് ആര്‍ എം പിയില്‍ ചേര്‍ന്നതിനു ശേഷം ആര്‍ എം പിയിലെ എല്ലാവര്‍ക്കും ഉഷാര്‍ വന്നുവത്രേ. പുതിയൊരാളെ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ “ ടാ..ആ മിമിക്രി സുരേഷ് വരെ ഇതില് ചേര്‍ന്നു.പിന്ന്യണ്?“ ആ അത്ഭുതം കേട്ട വകയില്‍ പലരേയും ആര്‍ എം പിയില്‍ ചേര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞെന്ന് ജനസംസാരമുണ്ടായി! ജോലിയില്ലാതെ പീടിക തിണ്ണ നിരങ്ങുന്ന പലരോടും അവരുടെ അമ്മമാര്‍ പറഞ്ഞു " ആ സുരേഷ് വരെ അദ്ധ്വാനിച്ച് കാശ് ഉണ്ടാക്കിത്തുടങ്ങി..എന്നിട്ടും നിന്നെക്കൊണ്ട് കുടുംബത്തിനു വല്ല ഉപകാര്ണ്ടടാ?"

ആള്‍ഭയമില്ലാതെ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കുമെങ്കിലും, ഐ ക്യൂ അഥവാ പത്രപാരയണം കുറവായതുകൊണ്ടോ ലോക വിജ്ഞാനം പൈങ്ങോടിന്റെ അങ്ങേ അറ്റത്ത് സുരേഷിന്റെ വീടിന്റെ ഭാഗത്തേക്ക് വരാത്തതു കൊണ്ടോ ഇമ്മാതിരിയുള്ള കാര്യങ്ങളിലും നാലുപേരോട് അത് അവതരിപ്പിക്കുന്നതിലും, ഒരു സദസ്സില്‍ സംസാരിക്കുന്നതിലും ഒരു മിടുക്ക് കുറവ് സുരേഷിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുരേഷിന്റെ ‘ലെഫ്റ്റ് ലെഗ്‘ നന്നായെങ്കിലും ‘റൈറ്റ് ലെഗ്‘ കാര്യമായി വളര്‍ന്നില്ല. എന്തിനു പറയുന്നു, കസ്റ്റമേഴ്സിനെ ചാക്കിടാന്‍, ആര്‍ എം പിയില്‍ സുരേഷ് ചേര്‍ന്ന സമയത്ത് ചന്ദ്രന്‍ മാഷ് കൊടുത്ത ചെക്ക് ലീഫ് കാണിച്ച് ‘ഇതെനിക്ക് ഇന്നലെ വന്ന ചെക്കാ’ എന്നു പറഞ്ഞിട്ടു പോലും കാര്യമായ പുരോഗതി ഉണ്ടായില്ല. സോ, മണിചെയിനില്‍ സുരേഷിനു തുടക്കത്തില്‍ ഒരു ഗുമ്മു കിട്ടിയില്ല.

അങ്ങിനെയാണ് പുതിയ ആളുകളെ ചേര്‍ത്തതിന്റെ ഭാഗമായി അവര്‍ക്കു വേണ്ടി ഒരു ക്ലാസ്സ് ചന്ദ്രന്‍ മാഷിന്റെയും മറ്റു സീനിയേര്‍സിന്റെയും നേതൃത്വത്തില്‍ നടന്നത്. സുരേഷടക്കമുള്ള പലരും പുതിയ പാഠങ്ങള്‍ പഠിക്കാനും ചിലത്, ചേരാന്‍ പോകുന്നവരെ പഠിപ്പിക്കാനുമായി കാതോര്‍ത്തിരുന്നു. ചന്ദ്രന്‍ മാഷ് ക്ലാസ്സ് തുടങ്ങി.

“.......... അര്‍ എം പി(RMP) എന്നു പറഞ്ഞാല്‍ നമ്മള്‍ അതില്‍ .....രൂപ ചേര്‍ന്ന് അംഗമാകണം. ആ പണം പക്ഷെ, ഒരു ഫീസല്ല. ആ തുകക്കു തുല്യമായി നമുക്ക് പല കണ്‍സ്യൂമര്‍ പ്രൊഡക്റ്റുകളും കിട്ടും. അവിടെയാണ് ആര്‍ എം പി യുടെ പ്രത്യേകത.. മാര്‍ക്കറ്റില്‍ കിട്ടുന്ന പലതിന്റേയും എം ആര്‍ പി(M R P) അല്ല നമ്മള്‍ അംഗങ്ങള്‍ക്കു ലഭിക്കുക. ആര്‍ എം പി അംഗങ്ങളായവര്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന പല സാധനങ്ങളുടേയും എം ആര്‍ പിയില്‍ നിന്നും കുറവുണ്ടായിരിക്കും. ഉദാഹരണത്തിനു നമ്മള്‍ ഒരു ടി വി വാങ്ങിക്കുന്നു എന്നിരിക്കട്ടെ. അതിന്റെ എം ആര്‍ പി പതിനായിരം ആണെന്നു കരുതുക. പക്ഷെ ആര്‍ എം പി അംഗങ്ങള്‍ക്ക് ഈ എം ആര്‍ പിയില്‍.........”

“ അല്ല സാറെ നമ്മള്‍ ‘ആര്‍ എം പി‘ അല്ലെ” സുരേഷ് ചാടിയെഴുന്നേറ്റ് സംശയം ചോദിച്ചു.

“ അതേ ‘ആര്‍ എം. പി‘ തന്നെ..” ചന്ദ്രന്‍ മാഷ്

“ അല്ല, സാര്‍ അപ്പോ ‘എം ആര്‍ പി‘ എന്നു പറഞ്ഞത്?”

‘ സുരേഷേ അത് ‘എം ആര്‍ പി‘ ആണ്...അതായത്”

“ ഓ മനസ്സിലായി എം ആര്‍ പി വേറെ അല്ലേ?”

“സുരേഷേ നമ്മൂടെ കമ്പനി ‘ആര്‍ എം പി‘...........”

“അപ്പോ ‘എം ആര്‍ പി‘ വേറെ കമ്പന്യാ സാറേ....”


ദാറ്റീസ് സുരേഷ്....അദ്ദാണീ സുരേഷ്.


ഒരു മണിക്കുറാണ് ക്ലാസ്സ് വെച്ചിരുന്നെങ്കിലും 55 മിനിട്ടെങ്കിലും ചന്ദ്രന്‍ മാഷിനു ആര്‍ എം പി യും എം ആര്‍ പിയും തമ്മിലുള്ള വിത്യാസം പറഞ്ഞു കൊടുക്കാന്‍ ഉപയോഗിക്കേണ്ടി വന്നു.

എന്തായാലും സുരേഷിന്റെ തളര്‍ന്നു പൊയ ‘റൈറ്റ്‘ പൊക്കിയുയര്‍ത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ലത്രേ. മാത്രമല്ല. എം ആര്‍ പിയും ആര്‍ എം പിയും തമ്മിലുള്ള വിത്യാസം മനസ്സിലാവാത്ത സുരേഷ് ശ്രമിച്ചാല്‍ ആര് അംഗങ്ങളാവാനാണ് സുരേഷിന്റെ ലെഗ്ഗില്‍‍? കുറച്ചു മാസങ്ങളോടെ പലപ്പോഴായി ആര്‍ എം പി അംഗങ്ങള്‍ക്ക് പല ക്ലാസ്സുകളും കമ്പനി നല്‍കിപോന്നു. പുതിയ ആളുകളെ കാന്‍ വാസ് ചെയ്യുന്നതെങ്ങിനെ, വീഴ്ത്തുന്നതെങ്ങിനെ കൂടൂതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെങ്ങിനെ എന്ന രീതിയില്‍. എന്നിട്ടും സുരേഷിന്റെ ‘റൈറ്റ്‘ തീരെ പൊന്തിയില്ലത്രേ.

ഒരു ഞായറാഴ്ച ആര്‍ എം പി അംഗങ്ങളുടെ പതിവു ക്ലാസ്സ്. പുതിയ അംഗങ്ങളായിചേര്‍ന്നവര്‍ തങ്ങളുടെ അനുഭവങ്ങളും ആര്‍ എം പിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംസാരിക്കണം. അംഗങ്ങളായവര്‍ പലരും വേദിയില്‍ സംസാരിച്ചു. ‘ഇനി ലോകത്തിനു ഈയൊരു സാമ്പത്തിക രീതിയേ ബാക്കിയുള്ളൂ എന്നു, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഈ മണിചെയ്യിന്‍ ചെയ്യേണ്ടിവരു‘മെന്നൊക്കെ പലരും പറഞ്ഞതായി പറഞ്ഞ് കേട്ടു. ഒടുക്കം സുരേഷിന്റെ ഊഴം വന്നു. സദസ്സിനെ അഭീമുഖീകരിച്ച് സുരേഷ് വിറയലോടെ സംസാരിക്കാന്‍ തുടങ്ങി.

"ആര്‍ എം പി എന്നു പറഞ്ഞാല്‍....എന്നു പറഞ്ഞാല്‍....അതായത്..നമ്മളിപ്പോ എവിടേയെങ്കിലും പോകുകയാണെന്നു വിചാരിക്കുക.”

സദസ്സ് നിശബ്ദമായി സുരേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു

“നമ്മള്‍ പോകുന്ന വഴി......വഴി.......റോഡിന്റെ നടുക്ക് ഒരു വലിയ മരം കിടക്കുകായാണെന്നു വിചാരിക്കുക..”

സദസ്സ് തല ചൊറിയാന്‍ തുടങ്ങി

“ നമുക്ക് ആ മരം മാറ്റാതെ പോകാന്‍ പറ്റില്ല. അതിങ്ങനെ തടസ്സമായി കിടക്കുകയാണ്.. അപ്പോ നമ്മളെന്തു ചെയ്യും?....അപ്പോ...നമ്മള്‍.....മരം തള്ളിമാറ്റിയിട്ട് പോകാന്‍ നോക്കും......പക്ഷെ നമ്മള്‍ തള്ളിയിട്ട് അത് മാറ്റാന്‍ പറ്റുന്നില്ല......“

സഭാകമ്പവും ഓര്‍മ്മക്കുറവുകൊണ്ടും സുരേഷിനു വാക്കുകളും കിട്ടുന്നില്ല, കാര്യം അവതരിപ്പിക്കാനും സാധിക്കുന്നില്ല. സദസ്സ് മുഖത്തോട് മുഖം നോക്കി

“ അപ്പോ മരം ഇങ്ങനെ റോഡില്‍ ക്രോസ്സായിട്ട് കിടക്കയാണ്.. നമ്മളെന്തു ചെയ്യും..”

‘ശ്ശെഡാ ഇവനീ മരം കൊണ്ട് എന്താ ചെയ്യാന്‍ പോണെ?’ രാജന്‍ കണ്ണൂമിഴിച്ചു

“അപ്പോ നമ്മളൊറ്റക്ക് വിചാരിച്ചിട്ട് അത് തള്ളി നീക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ നമ്മളെന്തു ചെയ്യൂം?”

‘നീയെന്തെങ്കിലും ചെയ്യടാ സുരേഷേ...’ ആനന്ദന്‍ പതുക്കെ രാജന്റെ ചെവിട്ടില്‍ പറഞ്ഞു.

“ എന്നിട്ടും മരം മാറുന്നില്ല... വീണ്ടും തള്ളി നോക്കി...“


സുരേഷ് അരമണിക്കുറ് എടുത്ത് തള്ളി നീക്കിയിട്ടും മരം റോട്ടില്‍ നിന്ന് മാറിയില്ല!. സുരേഷ് തള്ളലൊട്ടും നിര്‍ത്തിയതുമില്ല. എല്ലാവരും മുഖത്തോട് മുഖം നോക്കി. വാച്ചിലേക്കും നോക്കാന്‍ തുടങ്ങി.

‘അരമണിക്കൂറായല്ലോഡാ സുരേഷ് തള്ളാന്‍ നോക്കിയിട്ട്.. അത് മാറ്റാണ്ട് നമുക്ക് വീട്ടീപൂവാനും പറ്റില്ലല്ലോ‘ രാജന്‍ ആനന്ദന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.ആനന്ദനും രാജനും ചിരിയൊതുക്കി. എന്നിട്ടും സുരേഷ് മരത്തിനിട്ട് തള്ളല്‍ തുടരുകയാണ്. സദസ്സില്‍ പലരും ചിരി ഒതുക്കിപ്പിടിക്കാന്‍ തുടങ്ങി. എന്നിട്ടും റോട്ടിലെ മരം സുരേഷിനു തള്ളിമാറ്റാന്‍ പറ്റിയില്ല.

“മതി സുരേഷ്, ഇനി സീറ്റില്‍ പോയി ഇരുന്നോളു” എന്നു ചന്ദ്രന്‍ മാഷ് പറയുന്നത് വരെ സുരേഷ് തള്ളല്‍ തുടര്‍ന്നു,

മാസങ്ങളായുള്ള ആര്‍ എം പി ക്ലാസ്സിന്റെ ഇഫക്റ്റില്‍ സുരേഷ് ഒരു ഉപമ പറയാന്‍ ശ്രമിച്ചതായിരുന്നു സത്യത്തില്‍. റോഡില്‍ മരം വീണതു കൊണ്ട് ഗതാഗതം തടസ്സമാകുമെന്നും നമ്മളോരാള്‍ വിചാരിച്ചാല്‍ മാത്രം ആ മരം മാറ്റാനാകില്ലെന്നും പകരം ഒരുപാടുപേര്‍കൂടി ശ്രമിച്ചാലേ അത് മാറ്റാന്‍ കഴിയുകയുള്ളൂ എന്ന് പഴയ ‘ഐക്യമത്യം മഹാബലം‘ കഥ പൊടിതട്ടി ആര്‍ എം പിയുമായി കൂട്ടിച്ചേര്‍ത്ത് പറഞ്ഞതാണ്. പക്ഷെ അരമണിക്കുര്‍ തള്ളിയിട്ടും സുരേഷിനു കഥയുടെ ക്ലൈമാക്സിലേക്ക് വരാന്‍ പറ്റിയില്ലാ എന്നുള്ളതായിരുന്നു സത്യം!!!

രാജന്റേയും ആനന്ദന്റേയും ബ്രോഡ്കാസ്റ്റിങ്ങ് മൂലം കോണത്തുകുന്നിലും പൈങ്ങോട്ടിലും സംഗതി പാട്ടാവാന്‍ നിമിഷ നേരം വേണ്ടായിരുന്നു. മണികണ്ഠന്റെ ഉപകഥകള്‍ കൂടിയായപ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് സുരേഷ് കഥയായി.


***********************************************************************************


സംഭവം നടന്ന് ഒരാഴ്ച തികയുന്നതിനു മുന്‍പ് രാത്രി കോണത്തുകുന്ന് ജംഗ്ഷനില്‍ നിന്ന് പൈങ്ങോട്ടീലെ തന്റെ വീട്ടിലേക്ക് സുധാകരേട്ടന്റെ ഓട്ടോ വിളിച്ച് പോകുകയായിരുന്നു സുരേഷ്. പാതി വഴിയിലെത്തിയപ്പോള്‍ സുധാകരേട്ടന്‍ തിരിഞ്ഞ് സുരേഷിനോട് ഒരു ചോദ്യം :

“ അല്ല സുരേഷേ, ഇനിയിപ്പോ നമ്മള് പോണ വഴീല് വല്ലോടത്തും മരം വീണു കെടക്കണുണ്ടാവൊ? അല്ലാ, പിന്നെ മരം മാറ്റാ‍ണ്ട് നമുക്ക് പൂവാമ്പറ്റില്ലാട്ടാ...”

ഓട്ടോക്കുള്ളിലെ ഇരുട്ടില്‍ നിന്നും ചെവിക്കല്ലു പിളര്‍ക്കുന്ന ഒരു തെറി വന്നതും സുധാകരേട്ടന്‍ വണ്ടി ടോപ്പ് ഗിയറിലാക്കിയതും നിമിഷ നേരത്തിലായിരുന്നു.
.

Wednesday, May 5, 2010

കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി

.
ഒരു വിഷുവും കൂടി ആരവങ്ങളില്ലാതെ കഴിഞ്ഞുപോയി. കുറച്ചു വര്‍ഷങ്ങളായി കൈനീട്ടം കൊടുക്കുന്നതിന്റെ ബഡ്ജറ്റ് കൂടുതലായിട്ടുണ്ടെന്നല്ലാതെ വേറെ ഒരു സംഭവും ഇല്ല. അല്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും പകരുന്ന സുഖം കുട്ടിക്കാലത്തല്ലേ. ഇതൊന്നുമല്ലാതെ ലൈഫ് യാതൊരു ലിമിറ്റുമില്ലാതെ ടോപ്പ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന ഒരു ആര്‍മ്മാദകാലത്തെ വിഷു മനസ്സില്‍ നിന്നും മായില്ല. വിഷുവല്ല, വിഷു സംക്രാന്തിയായിരുന്നു ആ സുദിനം.

വര്‍ഷം കുറച്ച് പുറകിലാണ്. നാട്ടിലെ ജംഗ്ഷനില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി തിണ്ണ നിരങ്ങിയിരുന്ന കാലം. ആഴ്ചയില്‍ മാറുന്ന സിനിമകളും വെള്ളിയാഴ്ചയിലെ ചിത്രഗീതവും പള്ളിപ്പെരുന്നാളും ഉത്സവവുമൊക്കെയാണ് ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ എന്ന് വിചാരിച്ചിരുന്ന സുന്ദര സുരഭില കാലഘട്ടം. ഒരു വിഷു സംക്രാന്തിയില്‍ സന്ധ്യയോടെ പതിവു പരദൂഷണ മാരത്തോണ്‍ ചര്‍ച്ചക്കും ഞങ്ങള്‍ നാലുപേര്‍ കല്ലേരിപ്പാടം ലക്ഷ്യമാക്കി നടന്നു. വിഷുവും പടക്കം പൊട്ടിക്കലും മറ്റുമൊന്നുമില്ലാത്ത നാലു അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ യങ്ങ് ജനറേഷന്‍സ് ഞാന്‍, ഗിരീഷ്, ദിനേശന്‍, മണികണ്ഠന്‍. കല്ലേരിപ്പാടത്തിന്റെ കലുങ്കിലേക്ക് ആസനം കൊണ്ടു വന്നിരുത്തി പരദൂഷണവും രാഷ്ട്രീയവും സിനിമയും ചര്‍ച്ചയാക്കി സിഗററ്റുകളെ ഷെയര്‍ ചെയ്ത് പാടത്തിനക്കരെ ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടു നിറങ്ങളെ നോക്കി സംക്രാന്തിയെ സമ്പൂര്‍ണ്ണമാക്കുന്ന നേരം.

ദിനേശനും ഗിരീഷും എന്റെ ക്ലാസ്സ് മേറ്റാണ്. ദിനേശന്‍-ലോകത്തിലെ എന്തിനെക്കുറിച്ചും അറിയുന്ന അഭിപ്രായം പറയുന്ന വായനാശീലമുള്ളവന്‍. രമണ മഹര്‍ഷിമുതല്‍ രജനീഷ് മഹര്‍ഷി വരേയും ഗ്രീക്ക് മുതല്‍ ഗ്രീസ് വരേയും കഥകളി മുതല്‍ കോല്‍ക്കളി വരെയും എന്നു വേണ്ട ആകാശത്തിനു താഴെയും മുകളിലുമുള്ള സകലതിനേയുംകുറിച്ച് ആധികാര വിവരമുള്ളവന്‍‍.

ഗിരീഷ്- ഞങ്ങളുടെ പഞ്ചായത്തിലെ എന്നല്ല തൃശൂര്‍ ജില്ലയിലെ ഏതൊക്കെ പ്രദേശത്ത് എവിടെയൊക്കെ ഏതൊക്കെ പ്രായത്തില്‍ നല്ല സുന്ദരിക്കുട്ടികള്‍ ഉണ്ട് എന്നുള്ളതിന്റെ സഞ്ചരിക്കുന്ന വിജ്ഞാന കോശം, അഞ്ചിലേറെ ലൈനുകളുള്ള അഭിനവ കാസനോവ. ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, സുന്ദരന്‍, അബദ്ധങ്ങളില്‍ ഡിപ്ലോമ, മണ്ടത്തരങ്ങളില്‍ ചക്രവര്‍ത്തി, വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അറിയാതെ ചാണകത്തില്‍ ചവിട്ടിയ മട്ട്.

മണികണ്ഠന്‍- ഗ്രാമത്തിലെ മിമിക്രി ആര്‍ട്ടിസ്റ്റ്, നാടക നടന്‍-എഴുത്തുകാരന്‍-സംവിധായകന്‍, കൊമേഡിയന്‍. വാക്കിലൊളിപ്പിച്ച പരിഹാസം കൊണ്ട് ആളെ ആസാക്കാന്‍ മിടുക്കന്‍. കോമഡി കാസറ്റുകളുടെ ഹിറ്റ് റൈറ്റര്‍.
കളിയാക്കലും ചിരിയും കൊണ്ട് നേരം കഴിക്കവേ വടക്ക് കല്‍പ്പറമ്പ് ഭാഗത്ത് നിന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍കേട്ടു.

“പോലീസായിരിക്കോഡാ?” ഗിരീഷ് സിഗററ്റ് കുത്തിക്കെടുത്തി.

“പോടാ പോലീസ് ജീപ്പിന് ഒരു ഹെഡ്ലൈറ്റേ ഉള്ളൂ? ഇത് ഓട്ടോര്‍ഷ്യാ” ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ദിനേശന്‍ തീരുമാനിച്ചു,

ഓട്ടോ ഞങ്ങളുടെ അടുത്ത് വന്ന് നിര്‍ത്തി. പൈങ്ങോട്ടിലെ മനുച്ചെട്ടന്‍ ആയിരുന്നു. വെള്ളാങ്കല്ലൂരിലെ ഓട്ടവും കഴിഞ്ഞ് വിട്ടിലേക്കുള്ള വരവാണ്.

“ എന്തറാ വിഷുവായിട്ട് വെള്ളടി പരിപാടിണ്ടാ?” മനുച്ചേട്ടന്‍ പുറത്തിറങ്ങി.

“ഏയ് വെര്‍തെ..” ഞങ്ങള്‍

“വീട്ടിപ്പോയി പടക്കം പൊട്ടിച്ചൂര്‍ഡാ ഗിര്യേ” മനുച്ചേട്ടന്‍ തീവാങ്ങി ഒരു സിഗററ്റ് കത്തിച്ചു.

“ ഞങ്ങല്‍ക്ക് വിഷുല്ല്യാന്നേ, ഒരു വല്ല്യശ്ശന്‍ മരിച്ചോണ്ട് ഇത്തവണ വിഷുല്ല്യ” കുത്തിക്കെടൂത്തിയ സിഗരറ്റ് ഗിരീഷ് രണ്ടാമതു കത്തിച്ചു.

“എന്നാ പോട്ടറാ?” മനുച്ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഘണ്ടാകര്‍ണ്ണ കയറ്റം കയറി.

“ ഓഹ് അന്തപ്രാണന്‍ കത്തിപോയിസ്റ്റാ.. പോലീസ് ജീപ്പ്ണന്നു വിചാരിച്ചു” ഗിരീഷ് കുറ്റി കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

“പണ്ട് രണ്ടുമൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക് പറ്റീറ്റ്ണ്ടറാ.. ഇല്ലെഡ നന്ദ്വോ?” മണികണ്ഠന്‍

“ ആ ടക്കേ... ഒരുസം രാത്രി ഇവിടിരുന്ന് പൂര ബഹളംസ്റ്റാ... അതിന്റെടേലാ വടക്ക്ന്ന് ഒരു ജീപ്പ് പാഞ്ഞ് വന്ന്...” ഞാന്‍

“ഞങ്ങള്‍ടെ അടുത്തെത്തീട്ട് ഒരൊറ്റ ചവിട്ട് നിര്‍ത്തല്” മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു “ ഞങ്ങളൊക്കെ രൊറ്റ പേടിസ്റ്റോ.. എല്ലാവരും എഴുന്നെറ്റ് നിന്നു. നോക്കുമ്പോരാ?”

“ആരാ പോലീസാ?” ഗിരീഷ്

“ ഏയ് എവട്ന്ന്. മ്മടെ ഗംഗേട്ടന്‍. ചാണാശ്ശേരിലേ. പുള്ളി കടപൂട്ടി വീട്ടീല്‍ക്ക് വരായിരുന്നു” മണികണ്ഠന്‍

“അന്ന് ഞങ്ങള് പേടിച്ചോണ്ട് പുള്ളി എടക്കെടക്ക് ഇങ്ങിനെ ചെയ്യുടെക്കേ ഞങ്ങളെ പേടിപ്പിക്കാനായിട്ട്. ഒന്ന് രണ്ട് പ്രാവശ്യം കഴിഞ്ഞ്പ്പോ ഞങ്ങള്‍ക്ക് മനസ്സിലായ്ട്ടാ, പിന്നെ ജീപ്പിന്റെ സൌണ്ട് കേക്കുമ്പഴക്കും ഞങ്ങക്കറീയാം. . പിന്നെ പുള്ളി വന്ന് എന്തെങ്കിലും പറഞ്ഞിട്ട് കൊറച്ചഴിഞ്ഞേ പോവു.”

മണികണ്ഠനില്‍ നിന്ന് സിഗററ്റിന്റെ ബാക്കി വാങ്ങുന്നതിനിടയില്‍ ഗിരീഷിനോട് ദിനേശന്‍ ചോദിച്ചു :

“എന്തായറാ നിന്റെ പുത്യേ ലൈന്‍?”

“എത് ലൈന്‍? ആര് പറഞ്ഞൂ?” ഗിരീഷ് ചൂടാവാന്‍ നോക്കി

“ ഹഹ ആരു പറഞ്ഞൂന്ന്. അപ്പോ സംഗതി ഇണ്ട് ല്ലേ?” ദിനേശന്‍ സംഗതി വെളിവാക്കി.

“പോയരെക്കേ. എനിക്കൊരു ലൈനൂല്ല്യ കോപ്പുല്ല്യ, ഒരെണ്ണത്തിനെ ചാലാക്കന്‍ തന്നെ എന്ത് പാടണന്നറിയോ?”

“ഒള്ള ലൈനൊക്കെ പോരഡാ ഗിരീഷേ.. ഹൊ നീ ഇതൊക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുണൂടാ? “ ഞാന്‍

“ നിന്നെ പ്രിയദര്‍ശന്‍ നേരത്തെ കണ്ടിരുന്നെങ്കീ ബോയിങ്ങ് ബോയിങ്ങ് ല് മോഹന്‍ലാലിനു പകരം നിന്നെ വിളിച്ചേനെ” മണികണ്ഠന്റെ തമാശയില്‍ ഞങ്ങള്‍ അലറിച്ചിരിച്ചു. ആ സമയം പടിഞ്ഞാറെ പാടത്തിന്റവിടെ ഒരു ഗുണ്ട് പൊട്ടി തീപൂവുകള്‍ തെറിച്ചു. മറുകരയില്‍ എവിടെയൊ മാലപ്പടക്കത്തിനു ആരോ തുടക്കമിട്ടു. മേശപ്പൂവിന്റെയും ഗുണ്ടമിട്ടിന്റെയും പ്രഭയില്‍ ഞങ്ങളുടെ ചിരിയുടെ ബഹളത്തെ ഓവര്‍ലാപ്പ് ചെയ്ത്കൊണ്ട് വടക്ക് നിന്ന് ഗംഗേട്ടന്‍ ജീപ്പിന്റെ മുര്‍ള്‍ച്ച കേട്ടു.

“ദേഡേക്കേ ജീപ്പ്, പോലീസാവോ?” ഗിരീഷ് ചാടിയെഴുന്നേറ്റു

“ഒന്നിരിക്കെഡാ ശ്ശവീ. അത് ഗംഗേട്ടനണ്ടാ‍. പുള്ളിവരണ ടൈമാ”

“ ഹോ ഇങ്ങേര്‍ക്ക് വിഷൂന്റെ തലേദിവസേങ്കിലും നേരത്തെ കടയടച്ചു പോന്നുടെസ്റ്റാ”

“ഉം... ഇന്ന് നല്ല തെരക്കല്ലേ”

സിഗററ്റിന്റെ പുകച്ചുരുളകള്‍ക്കൊപ്പം കലുങ്കില്‍ ഗംഗേട്ടനെ കുറ്റപറഞ്ഞുകൊണ്ടിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഗംഗേട്ടന്‍ ജീപ്പ് കൊണ്ട് വന്ന് ചവിട്ട് നിര്‍ത്തി-ഏതാണ്ട് ഷാജി കൈലാസിന്റെ പടത്തിലെ ഷോട്ട് പോലെ.

“ഹായ്......ഗംഗേ......ഗം....ഗം..” ഗംഗേട്ടനെ വിഷ് ചെയ്യാന്‍ കൈപൊക്കിയ മണികണ്ഠന്റെ കൈ വായുവില്‍ നിന്നു. ശബ്ദം പകുതിയില്‍ മുറിഞ്ഞു, ഗംഗേട്ടനെ കാണാന്‍ ഞാന്‍ നൊക്കിയ ജീപ്പില്‍ മൂന്നാലു ഗംഗേട്ടന്മാര്‍....

“ദേഡാ പോലീ.....“ ഗിരീഷിന്റെ ശബ്ദം പുറത്തെക്ക് വന്നില്ല.

“എന്തറാ അവിടെ?” തല പുറത്തേക്കിട്ട് ഒരു പോലീസുകാരന്‍ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചത് പാടത്തിന്റെ അക്കരെ ചെന്നു മാറ്റൊലി കൊണ്ടു..വിടെ?...ടെ...ടെ..

ആരുടേയും സഹായമില്ലാതെ എന്തിനു ഞങ്ങളുടെ മനസ്സുപോലുമറിയാതെ ഞങ്ങള്‍ എഴുന്നേറ്റു. മണികണ്ടന്‍ സിഗററ്റ് പിന്നിലൊളിപ്പിച്ചു, കാലുകൊണ്ട് ചെരുപ്പ് തപ്പി. ഗിരീഷ് മുണ്ട് മടക്കിക്കുത്താന്‍ തുടങ്ങി

“ ഏയ് ഒന്നുല്ല്യ. വെറുതെ..ഞങ്ങളിങ്ങനെ വര്‍ത്താനം പറഞ്ഞ്.....”

“ ആര‍ടമ്മേനെ കെട്ടിക്കാനണ്ടാ ഈ നേരത്ത് കലുങ്കിമ്മേലിരിക്കണേ.” പോലീസുകാരന്‍ ആക്രോശത്തോടെ ചാടിയിറങ്ങി. “കുടുമ്മത്ത്പോടാ“

ഞങ്ങള്‍ പതിയെ അനങ്ങാന്‍ തുടങ്ങി.

‘കുത്തിരിക്കാന്‍ കണ്ട സ്ഥലം‘ എന്നു പറഞ്ഞ് പോലീസുകാരന്‍ ലാത്തി ഉയര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് വരാന്‍ തുടങ്ങി. ആലോചിക്കാന്‍ സമയമില്ല. കിട്ടിയാല്‍ കിട്ടിയതു തന്നെ. തിരിച്ചു കൊടുക്കാന്‍ പോലും പറ്റില്ല. എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ ഒരു രക്ഷയുമില്ല. ചെലപ്പോ വിഷുക്കഞ്ഞി സ്റ്റേഷനില്‍നിന്ന് കഴിക്കേണ്ടി വരും. അസമയം. ആവശ്യമില്ലാത്ത സ്ഥലം. ജീപ്പിലാണെങ്കില്‍ മൂന്നാലു പോലീസുകാരെങ്കിലും ഉണ്ട്. നമുക്കറിയാവുന്ന ഒരേയൊരു അടവായ പത്തൊമ്പതാമത്തെ അടവു തന്നെ നല്ലത്.

“ ഓടീക്കോറാ” എന്നൊരൊറ്റ പഞ്ച് ഡയലോഗില്‍ ഞാനും ദിനേശനും മണികണ്ഠനും നേരേ വടക്കോട്ട് കലപ്പറമ്പ് റോഡിലേക്ക് ഓടി. ഓടുന്ന വഴി കാലിലിടാന്‍ നേരം കിട്ടാഞ്ഞതു കൊണ്ട് മണികണ്ഠന്‍ തന്റെ ടോപ്പാസ് പരുവത്തിലായ പാരഗണിനെ കയ്യിലെടുത്തിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ മ്മൂന്നു പേര്‍.. ‘അയ്യോ നമ്മള്‍ നാലുപേരില്ലേ. ഗിരീഷ് മിസ്സ്‘ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മണ്ടന്‍ നേരെ ജീപ്പു പോകുന്ന വഴിയിലേക്ക് ഓടുന്നു. ഞങ്ങളുടെ സിഗ്നല്‍ മനസ്സിലാവാതെ അവന്‍ ഓടിയത് നേരെ മുന്നിലേക്കാണ്. പക്ഷെ, ജീപ്പ് എടുത്ത് വരുമ്പോഴേക്കും അടുത്ത കുറ്റിക്കാട്ടിലേക്ക് സെയ്ഫാകാന്‍ അവനു പറ്റും.

റോഡില്‍ കൂടെ ഓടിയാല്‍ പോലീസ് പിന്തുടരും എന്നു തോന്നിയതുകൊണ്ട് ഞങ്ങള്‍ പുഞ്ചകൊയ്ത വയലിലേക്ക് ചാടാം എന്നു നിശ്ചയിക്കവേ ജീപ്പ് മുന്നോട്ടെടുക്കുന്നത് കേട്ടു. പാടത്തിലേക്ക് ചാടുന്നതിനു മുന്‍പ് ഞാനൊന്നു തിരിഞ്ഞു നോക്കി. പൊന്തയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് റോഡിന്റെ സൈഡിലെത്തിയ ഗിരീഷിന്റെ തൊട്ടടുത്തെത്തിയ ജീപ്പില്‍ നിന്നും പുറത്തേക്ക് നീണ്ടുവന്ന ലാത്തി ഗിരീഷിന്റെ ചന്തിയിലേക്ക് ഒന്നു വീശുന്നതു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. “ക് ണേ...’ എന്ന സൌണ്ട് കേട്ടതും ഞാന്‍ വയലിലേക്ക് ചാടിയതും ഒപ്പമായിരുന്നു. റോഡിലെ ഇരുട്ടിനെ തനിച്ചാക്കി ജീപ്പ് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന്റെ കയറ്റത്തിലേക്ക് കയറിപോയി.
കല്ലേരിപ്പടം ഇരുട്ടിലായി. പാടത്തിനക്കരെ പടക്കം പൊട്ടുന്ന സൌണ്ട് കേള്‍ക്കാം. ഒന്നു തെറ്റിയിരുന്നെങ്കില്‍ ഞങ്ങളുടെ പുറത്തും പടക്കം പൊട്ടിയേനെ. ഇനിയെന്തു ചെയ്യേണ്ടു എന്ന മട്ടില്‍ ഞങ്ങള്‍ കുറച്ചു നേരം പാടത്തു നിന്നു,

“ഡാ ഗിരീഷെവിടേ?” മണികണ്ഠന്‍ അപ്പോഴാണ് ഗിരീഷിനെ ഓര്‍ത്തത് “ പണ്ടാറം അതിനെ പിടിച്ചോണ്ടു പോയാ?”

“ ആ ശ്ശവം നമ്മടൊപ്പം ഓടണേനു പകരം അങ്ങടാ ഓടിയത്. അവനിട്ട് ഒന്നു പൊട്ടിക്കണത് ഞാന്‍ കണ്ടു. പിടിച്ചോണ്ടു പോയാവോ?”“ ഞാന്‍ പറഞ്ഞു.

“ഗിരീഷേ......” ദിനേശന്‍ ഗിരീഷ് ഓടിയ ദിക്കിലേക്ക് നോക്കി ഒന്നു ഉറക്കെ വിളിച്ചു, അപ്പുറത്ത് കയറ്റത്ത് തട്ടി ആ ശബ്ദം തിരിച്ചു വന്നു. ഗിരീഷിന്റെ മറുപടിയില്ല. ഇരുട്ടീല്‍ തമ്മില്‍ കാണുന്നില്ലെങ്കിലും ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി (നോക്കിയോടത്ത് മുഖമായിരിക്കുമെന്ന സമാധനത്തില്‍)

“ഒന്നു കൂടി വിളിച്ചേടാ?” എനിക്ക് ആധിയായി

“ഗിരീഷേ...” ഇത്തവണ ദിനേശനും മണികണ്ഠനും ഒരുമിച്ചു വിളിച്ചു

നോ റിപ്ലൈ ഒണ്‍ലി എക്കോ.

ഞങ്ങള്‍ക്ക് പേടിയായി. പതുക്കെ പാടത്ത് നിന്ന് ഉയര്‍ന്ന റോഡിലേക്ക് പൊത്തിപ്പിടിച്ചു കയറി. പണ്ടാറം, ചാടിയപ്പോ ഇത്ര പൊക്കമുണ്ടെന്ന് അറിഞ്ഞില്ല. റോഡിലെത്തി പതിയെ കലുങ്കിനടുത്തേക്ക് നടന്നു. എങ്കിലും അവനിതെവിടെ പോയി എന്നായിരുന്നു ചിന്ത. ആ പൊന്തയുടെ വശത്തുകൂടി അവന്റെ വീട്ടിലേക്ക് ഒരു നടവഴിയുണ്ട്. പക്ഷെ രാത്രി നേരത്ത് അതിലേ നടന്നു പോകാന്‍ പറ്റില്ല. കല്ലും കട്ടയും തോടും ഇഴജന്തുക്കളുമുള്ള വഴിയിലൂടെ ഗിരീഷ് പോകുമെന്ന് കരുതാനും വയ്യ. ഇനിയിപ്പോ പോലീസുകാരന്‍ ഓടിച്ച എനര്‍ജിയില്‍ ആ വഴിയിലൂടെ അറിയാതെ ഓടിപ്പോയിട്ടുണ്ടാവുമോ!. കുറച്ചു നേരം കൂടി ഞങ്ങള്‍ ഗിരീഷിനെ കാത്തു കലുങ്കിലിരുന്നു. വരുന്നതു വരട്ടെ. വേണേല്‍ ഗിരീഷിന്റെ വീട്ടില്‍ കയറി പറഞ്ഞിട്ടൂ പോകാം, ചിലപ്പോ ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ജംഗ്ഷനില്‍ പരിചയക്കാരെക്കണ്ട് അവിടെ ഗിരീഷിനെ ഇറക്കി വിട്ടിട്ടുണ്ടെങ്കിലോ എന്നൊക്കെയുള്ള ആലോചനയും തീരുമാനവുമായി ഞങ്ങള്‍ തിരികെ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.

ഗിരീഷിന്റെ വീട്ടിലെക്കുള്ള കൊച്ചു ഇടവഴിയുടെ അടുത്തെ പൊന്തക്കു മുന്നിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. അല്പം നടന്നപ്പോള്‍ പുറകില്‍ നിന്ന് വളരെ പതിഞ്ഞൊരു ശബ്ദം.

“ഡാ”

ആരാനാവോ ഈ നേരത്ത്?

“ആരണ്ടത്?’ മണികണ്ഠന്‍ ഉറക്കെ ചോദിച്ചു,

“ഞാനണ്ടാ..ഞാനണ്ടക്കെ..“ പൊന്തയിലെ ഇരുട്ടില്‍ നിന്നും ഗിരീഷു കയ്യും തിരുമ്മി നടന്നു വരുന്നു.

“ദേഡക്കേ ഗിരീഷ്” അവനെ കണ്ട ആശ്വാസത്തില്‍ ഞങ്ങള്‍ ചിരിച്ചു, അത്രയും സമയമായപ്പോഴേക്കും കഴിഞ്ഞ സംഭവങ്ങള്‍ ഒരു തമാശയായി ഞങ്ങളില്‍ രൂപപ്പെട്ടിരുന്നു.

“നീയെന്തണ്ടാ കൈതപ്പൊണ്ണന്റെ ഉള്ളീന്ന്, എന്തേറാ കയ്യുമ്മേ?” അവന്റെ തടവുന്ന കയ്യ് നോക്കി ഞങ്ങള്‍ ചോദിച്ചു,

“ഒന്നും പറയണ്ടടക്കെ.. ആ &*^&*%പോലീസുകാരന്‍ ലാത്തി നീട്ടി ചന്തീമെ നോക്കി ഒരൊറ്റ പെട.. തടുക്കാന്‍ വേണ്ടി കൈ വെച്ചതാ. കയ്യിങ്കണേമ്മെത്തന്നെ കിട്ടി”

“നിന്നോടാരണ്ടാ പറഞ്ഞേ ഇങ്ങ്ട് ഓടാന്‍. നിനക്ക് ഞങ്ങടെ കൂടേ ഓടായിരുന്നില്ല്ലേ” ഞാന്‍ ചീത്ത പറാഞ്ഞു.

“പിന്നേ ആ നേരത്ത് എന്‍ സി സി ക്കാരെടെ പോലെ പിന്നക്ക് പിന്നാലെ മാര്‍ച്ച് ചെയ്യാന്‍ നിക്കല്ലേ, ഞാനോടീത് ഇങ്ങ്ടായിപ്പോയി. അവന്മാര്‍ പിന്നാലെ വന്ന് അടിക്കുന്ന് വിചാരിച്ചാ?”

“വേദനിണ്ടറാ” അവന്റെ കയ്യ് നോക്കി ഞാന്‍ ചോദിച്ചു “ എന്തായാലും പറ്റീത് പറ്റി. ഇനിത് ആരോടും പറയാന്‍ നിക്കണ്ട”

“ ഇക്ക് പറ്റുല്ല്യടെക്കേ. ആരോടും പറയാണ്ട് ഒരു സുഖല്ല്യ.” ഗിരീഷ് തന്റെ മനസ്സ് വെളിപ്പെടുത്തി.

“ ഹും. ഇനിത് കൊളാക്കിക്കോ. നാണക്കേടാ ശ്ശവീ”

“ഞാനെന്റെ ചേട്ടനോട് പറയൂടെക്കേ. അല്ലെങ്കീ ശര്യാവില്ല്യ”

ഗിരീഷ് അങ്ങിനെയാണ്. എന്തെങ്കിലും സംഭവം നടന്നാല്‍ വീട്ടിലോ കൂട്ടുകാരുടെ അടുത്തോ പറഞ്ഞില്ലെങ്കില്‍ അവന് സമാധാനക്കേടാണ്. അതിപ്പോ അവന് പറ്റിപ്പോയ അബദ്ധമായാലും ശരി. അങ്ങിനെയാണല്ലോ അവന്റെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ അറിയുന്നത്.

“നീയിനി ഇത് ആരോടും പറയണ്ട. ഓടീതും അടികിട്ടീതും പറഞ്ഞാല്‍ നമുക്ക്തന്നെ നാണക്കേട്.പിന്നെ ഒരുമാസം പൊറത്തെറങ്ങാന്‍ പറ്റില്ല“ എന്ന്പറഞ്ഞ് ഞങ്ങള്‍ ഗിരീഷിനെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ തുടങ്ങി (അവനതില്ലെങ്കിലും) ഞങ്ങളുടെ നിര്‍ബന്ധം കാരണം ആരോടും പറയില്ല എന്ന അവന്റെ ഉറപ്പില്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു പോകാന്‍ നിശ്ചയിച്ചു.

“ എടാ വേഗം പൂവാടാ, പോലീസുകാര് തിരിച്ചു ഈ വഴി തന്നെ വരുംന്ന് പറഞ്ഞിട്ടുണ്ട്. ഇനി വരുമ്പോ നമ്മളേ കണ്ടാല് പിന്നെ, സ്റ്റേഷനില്‍ നോക്യാമതീന്നാ പറഞ്ഞേ“

“ഇത്രക്കും കമ്മ്യൂണിക്കേഷന്‍ നിങ്ങള് എപ്പോ നടത്തീടാ?” ദിനേശന് അത്ഭുതം

“ എനിക്കിട്ട് പെട്ച്ചിട്ട് പോണപോക്കില് ആ പോലീസുകാരന്‍ വിളിച്ചു പറഞ്ഞതണ്ടാ”

മുന്‍പ് നടന്നതൊക്കെ തമാശയായി തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഞങ്ങള് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിന്റെ കയറ്റവും കയറി മഹിളാസമാജവും കഴിഞ്ഞ് ടൈലര്‍ ബാബുച്ചേട്ടന്റെ കടയുടെ മുമ്പിലെത്തി.

എവിടെപ്പോയെടാ കടയുടെ മുമ്പില്‍ വിഷുത്തലേന്ന് ആയതുകൊണ്ടാവും കുറച്ചുപേര്. കൂട്ടത്തിലെ ചന്ദ്രന്റെ ചോദ്യമാണ്.,

ഏയ് വെര്‍തെ.. കല്ലേരിപ്പാടത്ത്. എന്തേ ഇവിടെ..?

ദിപ്പന്നേ ഒരു പോലീസ് ജീപ്പ് ഇതിലേ പോയി, എന്താന്നറിയാന് നോക്കീതാ...വിഷുല്ലെടാ

ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. പറയരുത് എന്ന് മൌനമായി സംവേദിച്ചു. ഗിരീഷിന്റെ മുഖം മാത്രം കയ്യാലപ്പുറത്തെ തേങ്ങ പോലെ. അവന്‍ ദയനീയമായി ഞങ്ങളെ നോക്കുന്നു.

മിണ്ടരുത് എന്ന് കണ്ണുരുട്ടി ഞങ്ങള്‍

എന്തറാ ഒരു വശപ്പെശക്? ഞങ്ങളുടെ മുഖാഭിനയം കണ്ടതോണ്ടാവും ചന്ദ്രന് വീണ്ടും.

ഏയ്...

അപ്പോഴേക്കും ഗിരീഷ് അടുത്ത് വന്നു എന്നിട്ട് ദിനേശിനോട് മുറുമുറുത്തു. ഞങ്ങളെ മാറ്റി നിര്‍ത്തി ദിനേശന്‍ പറഞ്ഞു എടാ അവന് പറയാന് മുട്ടുണൂന്ന്!

കൊന്നളയും ഞാനും മണികണ്ഠനും ഒരുമിച്ചു പറഞ്ഞു.

ഗിരീഷ് നിന്നു പിരിയാന്‍ തുടങ്ങി. പ്രായം കൂടുതലാണെങ്കിലും അവന്റെ നല്ല കൂട്ടൂകാരനാണ് ചന്ദ്രന്‍. അവനോടെങ്കിലും അത് പറയണമെന്നു അവനൊരു തോന്നല്‍

“എന്തണ്ടാ. എന്തോ ഒളിക്കണുണ്ടല്ലോ നിങ്ങള്, വെള്ളടിച്ചോടാ? ചന്ദ്രന്‍ സംഗതി പിടികിട്ടാന് നമ്പറെറക്കിനോക്കി.

“ഏയ്, വെര്‍തെ.. തോന്നണതാവും ഞങ്ങള്‍ മൂവരും ഒരുമിച്ചു പറഞ്ഞു.

അടുത്ത് സിഗററ്റിനു തീ കൊളുത്തി മണികണഠന്‍ തന്റെ പുതിയ കാസറ്റിന്റെ കഥപറയാന്‍ തുടങ്ങി. വലിയൊരു ആപത്തില്‍ നിന്നു രക്ഷപ്പെട്ടെന്ന മട്ടില്‍ ഞാന്‍ വീട്ടിലേക്കുള്ള ഇരുട്ടുപിടിച്ച വഴിയിലൂടെ നടക്കാന്‍ തുടങ്ങി.


**************************************************************************************


പിറ്റേ ദിവസം. വിഷു.
കുളിച്ച് കുറിതൊട്ട് കൈനീട്ടം വാങ്ങി, കൈലിമുണ്ട് മാറ്റി വെള്ളമുണ്ടുടുത്ത് കാല്‍ നടയായി പൈങ്ങോട്ടിലേക്ക് പോയി, ടൈലര്‍ ബാബുചേട്ടന്റെ കടയുടേ മുന്‍പിലെത്തിയപ്പോള്‍, പതിവു കൂട്ടം. ചന്ദ്രനും മറ്റുള്ളവരുമുണ്ട്. എന്നെ കണ്ടതും അവരില്‍ മേശപ്പൂവ് പോലൊരു ചിരി വിരിഞ്ഞു. എന്താണ് സംഗതി എന്നറിയാതെ ഞാന്‍ നടന്ന് അവര്‍ക്കരികിലെത്തി..

ഇന്നലെ എങ്ങ്നുണ്ടാര്‍ന്നു സംക്രാന്തി നന്ദ്വോ?

എന്ത് ?! എങ്ങിനെ? ഞാന്‍ പിടികിട്ടാതെ ചോദിച്ചു.

ഇന്നലെ പോലീസുകാരുടെ പെട എങ്ങനുണ്ടാര്‍ന്നെന്ന്? രാജനാണ് എക്സ്പ്ലെയിന്‍ ചെയ്തത്

പെടേ? ആരു പെടച്ചു? പോലീസാരാ? ഏയ്? ആരു പറഞ്ഞു

“വേണ്ടറാ...വേണ്ടറാ മോനെ, സംഗതി ഒക്കെ ഞങ്ങളറിഞ്ഞു. ചന്ദ്രന്‍ വീണ്ടും

എന്തൂറ്ററിഞ്ഞെന്ന്?

എടാ, ഇന്നലെ നിങ്ങള് കല്ലേരിപ്പാടത്തിരുന്നപ്പോ പോലീസ് ജീപ്പ് വന്നതും എല്ലാവര്‍ക്കും പെടകിട്ടീതും?

“ഇതാരു പറഞ്ഞു ഇങ്ങനെ“

“ഒക്കെ ഗിരീഷു പറഞ്ഞെടാ...ഗിരീഷിന്റെ കയ്യുമ്മെ ആദ്യം ലാത്തികൊണ്ടടിച്ചു, പിന്നെ നിങ്ങളോരോരുത്തരേം പിടീച്ചു നിര്‍ത്തി ചന്തീമ്മെ പെടച്ചൂന്ന്.

ഈശ്വരാ അവനങ്ങനാണോ പറഞ്ഞേ?

ഇനിയൊന്നും പറയണ്ട... എല്ലാവര്‍ക്കും പെട കിട്ട്യ കാര്യം ഗിരീഷു വിസ്തരിച്ചു പറഞ്ഞെടാ മോനേ..

എടാ മഹാപാപി ഗിരീഷേ.. നിനക്ക് പെടകിട്ടീത് പറയാന്‍ നീ ഞങ്ങള്‍ക്കിട്ട് പെടച്ച്യൂല്ലെറാ.. പോലീസുകാരേക്കാള്‍ വല്യ ചെയ്തായെടാ ഇത്‘ ഞാന്‍ മനസ്സില്‍ ഗിരീഷിനെ പ്രാകിക്കൊണ്ട് പറഞ്ഞു.

എന്തായാലും ആ വര്‍ഷം വിഷുവിന് ഗിരീഷ് കൊളുത്തിയ തിരിയില്ലാത്ത ഗുണ്ട് കാരണം വിഷു കേമമായെന്ന് പ്രത്യേകം പറയേണ്ടല്ലോ.