Monday, August 16, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം അവസാന ഖണ്ഡം


ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന്‍ ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി കഴിഞ്ഞത്രേ. പാവപ്പെട്ടവന്‍ എന്നെയൊന്നു നോക്കി, ഞാന്‍ ഏറെ വൈകിയെന്ന പരാതിയായിരുന്നു ആ നോട്ടത്തില്‍.

പാവം പാവപ്പെട്ടവന്‍. എത്ര നാള്‍ മുന്‍പ് അദ്ദേഹം പ്ലാന്‍ ചെയ്ത മീറ്റായിരുന്നു. ആദ്യം എറണാകുളത്ത് പിന്നെ തൊടുപുഴക്ക് മാറി ഒടുക്കം കറങ്ങിത്തിരിഞ്ഞ് വീണ്ടും എറണാകുളത്ത്, പക്ഷെ ഊര്‍ജ്ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരല്ലേ കൂടെയൂണ്ടായിരുന്നത്, സോ പാവപ്പെട്ടവനു ഒന്നനങ്ങേണ്ടി വന്നില്ല.


പതുക്കെ ഹാളിനകത്തേക്ക് കടക്കാം എന്ന ഒരേയൊരു വിചാരത്തോടെ ഒരു പാദസ്പര്‍ശം പോലും ഉണ്ടാക്കാതെ ഹാളിലേക്ക് കടന്ന എന്റെ ചുവപ്പ് ഷര്‍ട്ടില്‍ ആരോ പിടി മുറുക്കി പുറകോട്ട് വലിച്ചു. എന്റെ ഏതെങ്കിലും ഫാന്‍സ് ആയിരിക്കുമെന്ന അതിഗംഭീര സന്തോഷത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് മറ്റൊരു ഹൃദയഭേദകമായ രൂപമായിരുന്നു. കഷണ്ടി കയറിയ തല, തുടുത്ത കവിളുകള്‍, മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന മീശയും ബുള്‍ഗാനും നീണ്ട ചുവന്ന ജുബ്ബ. സംശയമില്ല. കവി തന്നെ.

സന്തോഷമടക്കി ഞാന്‍ മന്ത്രിച്ചു. : “കവിയല്ലേ?”

“എന്തൂട്ട്?” ചെറിയ കണ്ണടക്കുള്ളില്‍ കണ്ണ് തള്ളിയൊരു പകപ്പ്

“ പരിചയപ്പെടാനായതില്‍ സന്തോഷം” ഞാന്‍ വീണ്ടും “അല്ല, മുരുകന്‍ കാട്ടാക്കടയല്ലേ?”

“പോടോ... ഞാനൊരു കാട്ടാക്കടയുമല്ല പെട്ടിക്കടയുമല്ല, ഞാന്‍ യൂസുഫ്കാ!!”

ഈശ്വരാ യൂസുഫ്കാ, എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ. ഗുരുവായൂര്‍ സ്വദേശി, ചിത്രകാരന്‍, ഫോട്ടോഗ്രാഫി തല്‍പ്പരന്‍, കറകളഞ്ഞ സൌഹൃദം, ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി. കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട്  വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍.

ഞാന്‍ യൂസുഫ്കയുടെ കൈപിടിച്ചു കുലുക്കി വിശേഷം പറഞ്ഞ് ഹാളിലേക്ക് നീങ്ങാന്‍ നോക്കി. ഇല്ല, യൂസുഫ്ക ഷേക്ക് ഹാന്റ് തന്ന കൈ വിടുന്നില്ല.

“എന്നാ യൂസുഫ്ക ശരിയപ്പോ...കാണാം”

കൈവിടാതെ യൂസുഫ്ക കാതില്‍ മൊഴിഞ്ഞു

“ട്രാ മോനേ...ഞാനീ വെള്ളത്തുണി വിരിച്ച് കുറേ പേപ്പറും വെച്ച് ഇവിടെ കുത്തിരിക്കണത് നിന്റെയൊക്കെ ജാഡ കാണാനല്ല, തന്നിട്ട് പോടാ മുന്നൂറുപ്പ്യ”

ആ ഒറ്റ ഡയലോഡില്‍ എന്റെ കരളിന്റെ അവശേഷിച്ച ചലനവും നിന്നു. പോക്കറ്റില്‍ നിന്ന് നൂറിന്റെ മൂന്ന് പച്ച നോട്ടുകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ച് കാലിയായ പോക്കറ്റിനെ തടവി സദസ്സ്യര്‍ക്കിടയിലേക്ക് നടന്നു.

സദസ്സില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണടക്കു മീതേ നിന്നുള്ള് ആ സജസ്സന്‍ ഷോട്ട് കണ്ടപ്പോഴേ എനിക്കാളെ പിടികിട്ടി. ചിത്രനിരീക്ഷണം ഷാജി. മാസങ്ങളായി ഫോണ്‍ വിളികളും മെയിലയപ്പുമുണ്ടെങ്കില്‍ നേരിട്ടു കാണുന്നത് മീറ്റിലാണ്. സിനിമ ജീവിതവും ജീവിതം സിനിമയുമാണയാള്‍ക്ക്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥായെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം.

സദസ്സ്യരെ നോക്കി പരിചയം പുതുക്കുമ്പോഴായിരുന്നു എന്നെ ഫോക്കസ്സ് ചെയ്യുന്ന ഒരു വീഡിയോ കാമറ കണ്ടത്. ഞാനൊന്നുകൂടി എയര്‍ പിടിച്ചിരുന്നു. മീറ്റിന്റെ വീഡിയോ ബ്ലോഗിലും പിന്നെ സിഡിയുമായിട്ടൊക്കെ വരുന്നതല്ലേ, -ഇനിയിപ്പോ ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും-ഇല്ലാത്ത ഗ്ലാമര്‍ ഉണ്ടെന്ന് വരുത്തിയിരുന്നപ്പോഴാണ് വീഡിയോയും കൊണ്ട് കഷണ്ടി കയറിയെങ്കിലും ‘ഞാന്‍ സമ്മതിക്കില്ല’ എന്ന വീറും വാശിയോടെയുമുള്ള ഹെയര്‍ സ്റ്റൈലുമായി ഗ്രാഫര്‍ എന്റെ നേര്‍ക്ക് കാമറ തന്നത്.

“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”

ആ ബ്ലോഗര്‍ മറ്റാരുമായിരുന്നില്ല. ബൂലോഗത്തിന്റെ സ്വന്തം വീഡിയോഗ്രാഫര്‍, “നമ്മുടെ ബൂലോഗ“ത്തിന്റെ സാരഥി ജോഹര്‍ എന്ന ജോ.

ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഇതിനൊക്കെപ്പോരാഞ്ഞ് ബ്ലോഗറും. അതാണ് ജോ. ഇടപ്പിള്ളി മീറ്റിന്റെ മറ്റൊരു സഹകാര്യദര്‍ശി, മൌനം ഭൂഷണമാക്കിയ സംഘാടകന്‍. പരാതികളും പരിഭവങ്ങളുമില്ലാതെ സംഘാടനത്തില്‍ തന്റെ പങ്കുകള്‍ വൃത്തിയായും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കുന്ന ബ്ലോഗര്‍. കഴിഞ്ഞ ചെറായി മീറ്റും തന്റെ സംഘാടനപാടവം കൊണ്ട് വിജയത്തിലെത്തിച്ച ബ്ലോഗര്‍. പതിഞ്ഞ സ്വരം, മിത ഭാഷണം, ഏറെ അദ്ധ്വാനം. ചുരുങ്ങിയ വാക്കുകളില്‍ ജോ-യെ ഇങ്ങിനെ വിവരിക്കാം.


അതിനിടയിലാണ് സദസ്സിനു തൊട്ടുമുന്നില്‍ ഇടതുമാറി ഒരു കസേരയില്‍ വലതുമാറി ഞെരിഞ്ഞമര്‍ന്ന് ഒരാള്‍ ഇരിക്കുന്നതു കണ്ടത്. മെലിഞ്ഞ് നീണ്ടുയര്‍ന്ന രൂപം 80കളിലെ മലയാള സിനിമയിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ടുവളഞ്ഞ കേശഭാരം, സ്കെയിലും കോമ്പസ്സുകൊണ്ടു അളന്ന് വടിച്ചേടുത്ത മീശയും താടിയും. മുന്നിലെ മേശയില്‍ ലാപ്പ്ടോപ്പ്, വെബ് കാമറ, നിരവധി കോഡുകള്‍ കുന്ത്രാണ്ടങ്ങള്‍ സകലം ബഹളമയം.
ഞാന്‍ തോളിലൊന്നു തൊട്ടതേയുള്ളു. വെട്ടിത്തിരിഞ്ഞുകളഞ്ഞു രൂപം. തലയിലും താടിയിലുമുള്ള ബഹുരോമക്കാടിനും കട്ടിക്കണ്ണടക്കുമിടയില്‍ അല്പം മാത്രം തെളിഞ്ഞു കാണുന്ന രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മുള്ളു എന്ന മുള്ളൂക്കാരന്‍ എന്ന ഷാജി മുള്ളൂക്കാരന്‍.

ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.

പുറത്തെ ഫോട്ടൊയെടൂക്കല്‍ ബഹളം നോക്കിനില്‍ക്കുമ്പോഴാണ് ‘ഹായ് നന്ദന്‍ നേരം വൈകിയല്ലോ’ എന്നുമ്പറഞ്ഞ് ഒരു കുട്ടി ബ്ലോഗര്‍ വന്നത്. ഒരു കൊച്ചു കുട്ടി എന്നെ നന്ദന്‍ എന്നുവിളീച്ചതില്‍ എനിക്ക് തെല്ലൊരലോസരം ഇല്ലാതെ വന്നില്ല. അതു മുഖത്ത് കാണിച്ചില്ല. വെളുത്ത് തുടുത്ത മീശമുളക്കാത്ത ആ കൊച്ചുമുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, കുറച്ചു നാള്‍ മുന്‍പ് ചെറായിയില്‍ വെച്ച് കണ്ടതാണ്. വിശദമായി പരിചയപ്പെട്ടില്ല.

കുട്ടി കൈ തന്ന്‍ പരിചയപ്പെടൂത്തി “ മനോരാജ് “

ഒരത്ഭുതം തോന്നി, പരിചയം പുതുക്കിയേക്കാം എന്ന് കരുതി ചോദിച്ചു :

“മോനെത്രേലാ പഠിക്കുന്നത്?”

“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”

“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?”
  
“ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ. അവനെ ഭാര്യയുടെ ഒപ്പം അവളുടേ വീട്ടില്‍ പറഞ്ഞു വിട്ടിട്ടാ ഞാനീ മീറ്റിനു വന്നത്”

ആ ഒരു സത്യാവസ്ഥ ശരിക്കും ഹൃദയഭേദകമായിരുന്നു. കരള്‍ പിളര്‍ക്കുന്ന നഗ്ന സത്യം!!

കുറച്ചു മാസമായി ഈ മീറ്റിന്റെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന വൈപ്പിന്‍ സ്വദേശി മനോരാജ്, സിമ്പ്ലന്‍, സുന്ദരന്‍, മനോരാജിന്റെ മുഖം കണ്ടാവണം “നിഷ്കളങ്കത” എന്നൊക്കെ കണ്ടുപിടീച്ചത്. മീറ്റിന്റെ സഹ സംഘാടകനും വിജയ ശില്പികളിലൊരാളും

പക്ഷെ, മീറ്റില്‍ നിറഞ്ഞു നിന്നത് മറ്റാരുമായിരുന്നില്ല. ഫോട്ടോകള്‍ കൊണ്ടും സംഘാടാടനം കൊണ്ടും ബ്ലോഗില്‍ വിരിഞ്ഞു നില്‍ക്കുന്ന, കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോട് തടിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കയാണോ എന്ന് തോന്നിപ്പോകുന്ന, വലിയ ശരീരവും അതുനിറയെ സൌഹൃദവുമുള്ള കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുഖത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടുപുഴക്കാരന്‍ ഹരീഷ്.


കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.

സൌഹൃദവും തമാശയും ഭക്ഷണവുമായി, പൊറാടത്തിന്റെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി..” എന്ന ഗാനാലാപനവും (സതീഷ് എന്ന് പൊറാടത്തെ, അതിമനോഹരമായിരുന്നു ആ ഗാനം. നിങ്ങള്‍ പാടിയ വേളയില്‍ ഞാനെന്റെ അസംഖ്യം -മുന്‍-കാമുകിമാരെ ഓര്‍ത്തുപോയി) ബ്ലോഗിണി പ്രയാണിന്റെ പ്രിയതമന്‍ പാടിയ ‘ പണ്ടു പാടിയ പാട്ടിലൊരീണം...” എന്ന ഗാ‍നാലാപനവും ഒക്കെ കണ്ടും കേട്ടും തൃപ്തിയോടെ എന്റെ ഫ്ലാറ്റിലേക്ക് തിരികെ നടക്കാന്‍ നേരം.... എന്റെ സപ്ത നാഡികളും തളര്‍ത്തിക്കളയുന്ന ഒരു ഘാടാഘടിയന്‍ ചോദ്യവുമായി ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍..

“എല്ലാവരേയും പറ്റി പറഞ്ഞു, പടവും വരച്ചു. എന്നിട്ടും...എന്നിട്ടുമെന്തേ എന്നെക്കുറിച്ച് പറഞ്ഞില്ല്ല....ഞാനെന്താടോ രണ്ടാംകുടീലുണ്ടായതാ??!”

ഇടപ്പിള്ളിമീറ്റിന്റെ ഊര്‍ജ്ജമായിരുന്ന പ്രവീണ്‍ വട്ടപ്പറമ്പത്തെന്ന അന്തിക്കാട്ടുകാരനായിരുന്നു അത്.


ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത  പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..

മറ്റൊരു ബ്ലോഗ് കൂട്ടായ്മയുടെ പദ്ധതികളുമായി മീറ്റ് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഉല്ലാസവും സ്നേഹവുമായി ഞങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു,


|| ഇതി ഇടപ്പിള്ളി ബ്ലോഗ് മീറ്റ് വിവരണം സമാപ്തം ||

(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം)

Thursday, August 12, 2010

ഇടപ്പിള്ളി ബ്ലോഗ് മീറ്റ് മാമാങ്കം ആദ്യ ഖണ്ഡം

.
2010 ആഗസ്റ്റ് 7 ശനി
വൈകുന്നേരം 7 മണി“എടാ തോന്ന്യാ..നീയാ കമ്പ്യൂട്ടര്‍ ഓഫ് ചെയ്തിട്ട് ഈ സവാള അരിയെടാ..”


“ ഒന്നു മിണ്ടാണ്ട്ക്ക് നന്ദേട്ടാ.... ഞാനീ സിനിമ മുഴുവനാക്കട്ടെ...”

“നിന്നെ ഞാന്‍ മുഴുവനാക്കും, നീ ഇങ്ങ്ട് വരണ്ണ്ടാ??”

“ ഈ മനുഷ്യന്‍!!.. തോന്ന്യാസി സിസ്റ്റം ഓഫ് ചെയ്തു “ഒരു പടം കാണാന്‍ സമ്മതിക്കില്ല”

രൊറ്റ വീക്ക് തന്നാല്‍ നീ പടമാകും. രാത്രീല് അഞ്ചാറ് പേരുണ്ടാവും അവന്മാര്‍ക്ക് കഴിക്കാന്‍ വല്ലോം ഉണ്ടാക്കണ്ടേ?. അല്ലാ, നിനക്ക് ബ്ലോഗ് മീറ്റെന്ന് കേട്ടാല്‍ പെട്ടീം തട്ടിയെടുത്ത് പുറപ്പെട്ടാല്‍ മതിയല്ലോ, നിന്നെയൊക്കെ സഹിക്കുന്ന.......”

“ ദേ നന്ദേട്ടാന്നു വിളിച്ച വായോണ്ട് വേറെ വല്ലതും വിളിപ്പിക്കണ്ട, എന്താ ആവശ്യം ന്ന്  പറ”

“ എടാ നീ ജെട്ടിയില്‍പോണം....”

“ ച്ചെ!... വൃത്തികെട്ട മനുഷ്യാ.. ഞാന്‍ ജെട്ടി  മാത്രമിട്ട്  ഞാന്‍ ഒരിടത്തും പോകില്ല...”

“എടാ അതല്ല. നീ ജെട്ടിയിട്ടില്ലെങ്കിലും കുഴപ്പമില്ല,,,നിന്റെ ശീലങ്ങള്‍ ഇനി ഞാനായിട്ട് മാറ്റുന്നില്ല...ഇത് ആ ജെട്ടിയല്ല..ബോട്ട് ജെട്ടി”

“അതെന്തിനാ അവിടെ? അവിടെയാണോ മീറ്റ്”

“മീറ്റല്ല...അടിയന്തിരം..നീ ഞാന്‍ പറയണത് കേട്ടാല്‍ മതി.. ജെട്ടിയിലാ മീനും ഞണ്ടും ചെമ്മീനുമൊക്കെ വില്‍ക്കുന്നത്”

“അയ്യേ അപ്പോ ഇവിടെയൊക്കെ കുട്ടയില്ലല്ലേ മീന്‍ വിക്കുന്നത്..”

“ പണ്ടാറടങ്ങാന്‍...” ഞാന്‍ കയിലു കയ്യിലെടുത്തു ” ഒരൊറ്റ ഏറു തന്നാല്‍ നീ ദാ ചുമരുമ്മേ വാള്‍പോസ്റ്റായി കിടക്കും...ഞാന്‍ പറയണതു കേക്ക്”
 

“എന്നാ പണ്ടാറമടങ്ങ്”

“അവിടെപോയി നീ കുറച്ചു തവളക്കാലു വാങ്ങണം. നല്ല തുടനോക്കി വാങ്ങണം”

“തുട നോക്കാന്‍ എനിക്കറിയാം, മുന്‍പ് മധുരയിലെ ആണ്ടിപ്പെട്ടിയില്‍ ഒരു പാട് തമിഴത്തികളുടെ തുട ഞാന്‍ നോക്കിയിട്ടുള്ളതാ..”

“വെറുതെയല്ല തമിഴന്മാര്‍ കയ്യ് വെക്കും മുന്‍പേ കമ്പനി നിന്നെ നാട്ടിലോട്ട് കെട്ടിയെടുത്തത്.. എടാ ഇത് തവളക്കാല്‍”

“അല്ലാ നന്ദേട്ടാ... ഇന്ന് തവളക്കാലാണോ സ്പെഷല്‍? നിങ്ങളെ സമ്മതിക്കണം”

“എടാ ഇത് ഒരു ബ്ലോഗര്‍ക്കുള്ള സ്പെഷലാ. നമ്മുടെ കുമാരനേ... അവന്‍ കണ്ണൂര്‍ന്ന് പുറപ്പെട്ടു. ഏതു നിമിഷവും അവനിവിടെ എത്തും. രാത്രി അവനുള്ള സ്പെഷ്യലാ തവളക്കാല്‍. അതവന്റെ ഒരു വീക്ക്നെസ്സാ...ആ നീ വേം വിട്ടോ നേരം വൈകിയാ ചിലപ്പോ തവള തീരും പിന്നെ ഒന്നും കിട്ടിയെന്നു വരില്ല”

“അപ്പോ തീര്‍ന്നാലെന്തു ചെയ്യും?” പാന്റ് വലിച്ചുകേറ്റുന്നതിനിടയില്‍ തോന്ന്യന്‍

“തീര്‍ന്നാല്‍ അപ്പുറത്തുള്ള കൊച്ചിക്കായലിലേക്ക് നീ ചാടിക്കോ! അവിടുന്ന് വല്ല ചൊറിത്തവളയോ പോക്കാച്ചിത്തവളെയേയോ പിടിച്ചോ.. അല്ല പിന്നെ.,  ഒരു കാര്യം പറഞ്ഞാല്‍ അതിന്റപ്പറുത്താ ചെക്കന്റെ വര്‍ത്താനം.. എടാ നീയാകെ രണ്ടടിയേയുള്ളല്ലോടാ..നിന്റെ നാക്കാണെങ്കീ രണ്ടു കിലോമീറ്ററും”

പെട്ടെന്ന് എന്റെ മൊബൈലടിച്ചു,....

“എടാ തോന്ന്യാ നീയാ മൊബൈലെടുത്തേ ഹരീഷോ ജുനൈദോ ആകും. ഞാന്‍ അടുക്കളയിലാണെന്നു പറ.“

“നന്ദേട്ടാ ഇത് കുമാരനാ..” തോന്ന്യന്‍ മൊബൈല്‍ കൈമാറി

“കുമാരാ നീയെത്തിയൊ? പ്രവീണില്ലേ സൌത്ത് സ്റ്റേഷനില്‍. അവന്റെ വണ്ടിയില്‍ കയറിക്കോ”

“ഞാനെത്തി...ഹൂ...ഹാ.. അയ്യോ.. നന്ദാ..ഞാന്‍ പ്രവീണിനെ..ഹെന്റമ്മേ..ആഹ്..... അവന്റെ വണ്ടിയിലാ...ഹൂ..ഊശ്...”

“എന്താടാ നീയെതിവിടെയാ? വല്ല ബിറ്റ് പടം കളിക്കുന്ന തിയ്യേറ്ററീലാണോ? എന്താടാ ഒരു സീല്‍ക്കാരം?”

“ഹെന്റമ്മേ ഞാനിപ്പോള്‍ പ്രവീണിന്റെ വണ്ടിയുടെ പുറകിലാ..ഹൂ..അയ്യോ..ഇടിച്ചു...ഇടിച്ചു...ഇല്ല..രക്ഷപ്പെട്ടു”

“എന്താടാ സംഭവം?”

“ ഇവിടുന്ന് എത്ര ദൂരമുണ്ട് ....ഹമ്മേ..പ്രവീണേ..പതുക്കെ വിടടാ...” 

“ഒരു പത്ത് മിനുട്ടേയുള്ളു കുമാരാ..അടുത്തുതന്നെയാ....നീ പിടിച്ചിരുന്നോ”

“എടാ തോന്ന്യാസി, കുമാരന്‍ ആ പ്രവീണ്‍ വട്ടപ്പറമ്പത്തിന്റെ വണ്ടിയുടെ പുറകിലാ വരുന്നത് നീയാ മെഡിക്കല്‍ ട്രസ്റ്റിന്റേയും ആംബുലന്‍സിന്റേയും നമ്പര്‍ ഒന്ന് നോട്ട് ചെയ്തേ..അവര്‍ കുറച്ചു കഴിഞ്ഞാല്‍ ഇങ്ങോട്ട്..........”

പെട്ടെന്ന് വാതിലക്കല്‍ ഒരു മുട്ട് കേട്ടു

“നോക്കെടാ തോന്ന്യാ,...ഞാന്‍ മൊബൈല്‍ മേശപ്പുറത്ത് വെച്ചു.

 
വീഗാലാന്റിലെ റൈഡില്‍ കയറിയിറങ്ങിയ മട്ടില്‍ കുമാരനും വിജയശ്രീലാളിതനായി പ്രവീണും. പത്തുമിനുട്ടുകൊണ്ടെ എത്തേണ്ട സ്ഥലത്ത് രണ്ട് മിനിട്ടുപോലും തികച്ചെടുത്തില്ല. പ്രവീണിനെ ഞാന്‍ ആപാദചൂഡം നോക്കി.


“ഇത്ര പെട്ടെന്ന് എത്ത്യാ? ഞാന്‍ മൊബൈലു ഓഫ് ചെയ്തേയുള്ളു”

 
“ഇതിനേലും പെട്ടെന്ന് അങ്ങ് മോളിലെക്കെത്തിയേനപ്പാ” കുമാരന്‍ കസേരയിലേക്ക് വീണു.

“എന്തായി നന്ദേട്ടാ മെനു” പ്രവീണ്‍ അടുക്കളയില്‍ കടന്നു

 
“ഒരുഗ്രന്‍ സാമ്പാര്‍,  ഉരുളക്കിഴങ്ങ് മെഴുകുപുരട്ടി, കാബേജ് തോരന്‍, ഉണക്ക മുള്ളന്‍ വറുത്തത്, താറാവ് മുട്ട ഉലത്തിയത്.”

“ഇത്രപെട്ടെന്ന് ഒക്കെ ഒലത്തിയോ?”

 
“ ഉവ്വ ഒലത്തും, ഇതാണ് മെനു, ഇതാണുണ്ടാക്കാന്‍ പോണത്. വല്ല നോണ്‍ വെജ് വേണമെങ്കില്‍ പുറത്ത് നിന്ന് വാങ്ങിട്ടു വരണം, പിന്നെ രണ്ടോ മൂന്നോ ബോട്ടില്‍ മിനറല്‍ വാട്ടര്‍. വര്‍ത്താനം പറയുമ്പോ കൊറിക്കാന്‍ വല്ല ചിപ്സോ എന്തേലും”

“ഓക്കെ ഞാനേറ്റു നന്ദേട്ട ഞാനിപ്പോ കൊണ്ടരാ......കുമാരാ റെഡിയായിക്കോ ഒന്നു പുറത്തു പോയിട്ടു വരാം”

കുമാരനും പ്രവീണും വീണ്ടും വണ്ടിയെടൂത്ത് പുറത്തേക്ക് പോയി. തോന്ന്യാസിയും ഞാനും വീണ്ടു ടോമും ജെറിയുമായി...

**************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 8.30

“എന്തു രസമാ അല്ലേ പ്രവീണേ  കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല....എന്തു അഗാധതയാണാതില്‍?”


“എവ്ടേ? എവ്ടേ കുമാരാ? ആ മഴവില്‍ പാലത്തിലോ അതോഅവിടെ കായലില്‍ കിടക്കുന്ന ബോട്ടിലോ”


“എന്തേനു?” കുമാരന്‍ വീണ്ടു സ്വപ്നത്തിലാണ്


“എവിടെ അഗാധതയുണ്ടെന്നാ പറഞ്ഞത്? കായലിലല്ലേ? ശരിയാ നല്ല ആഴം കാണും”


“ഹാ അല്ലെഡപ്പാ..ഇങ്ങ് ള് ആ പെണ്ണിനെ നോക്കീന്. അവിടെ ബെഞ്ചില്‍ കക്ഷം കാണിച്ചോണ്ടു ഒരുത്തി ഇരിക്കണത് കണ്ടേനീ? ഹോ കാവ്യാ മാധവന്റെ കണ്ണുകള്‍ പോലെ “


“അത് ശരി, മോനേ കുമാരാ..കണ്ണുര്‍ക്ക് എപ്പഴാ അടുത്ത ടെയിന്‍?


“ എന്താണപ്പോ..ഇരിക്കിന്ന്..കുറച്ചു കഴിഞ്ഞിട്ട് പോകാന്ന്”


“പൊന്നു കുമാരാ...എനിക്ക് വേണേല്‍ നല്ല തല്ല് എന്റെ നാട്ടില്‍ അന്തിക്കാട് കിട്ടും. പിന്നെ എന്തിനാ കൊച്ചിയിലെ ക്വൊട്ടേഷന്‍ ടീമിന്റെ വെട്ട് കൊള്ളണത്. നിങ്ങളിവിടെ അവളുടേ അഗാധതയോ ആഴപ്പരപ്പോ നോക്കിയിരിക്ക്.ഞാന്‍ നന്ദേട്ടന്റെ ഫ്ലാറ്റില്‍ കാണും”


“നില്ലപ്പാ...എന്നാപ്പിന്നെ ഞാനുമുണ്ട്”

********************************************************************************************************************

2010 ആഗസ്റ്റ് 7 ശനി
രാത്രി 10.30

കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണവും കളിയാക്കലും കൊണ്ട് സമയമേറെ കടന്നുപോയി. തോന്ന്യനും കുമാരനും പ്രവീണും കൂടി മുറി വിറപ്പിച്ചു. ഞാന്‍ അടുക്കളയില്‍ കറി തിളപ്പിച്ചു അപ്പോഴേക്കും എന്റെ മൊബൈല്‍ വീണ്ടും ചിലക്കാന്‍ തുടങ്ങി.

“ നന്ദാ..ഇത് ഞാനാ ജുനെദ്. പറഞ്ഞ പോലെ ഞാന്‍ പള്ളിമുക്കിലിറങ്ങിയിട്ടുണ്ട്., ഇവിടുന്ന് എങ്ങിനെ? എങ്ങോട്ട്? ഇങ്ങോട്ട് വരുമോ?”

“ജുനൈദേ അവിടെ നിന്നോളു. നാലടി നടന്നാല്‍ എന്റെ ഫ്ലാറ്റായി. എന്നാലും ഞാനിത്തിരി ഫ്ലാറ്റായ കാരണം ഒരുത്തനെ അങ്ങോട്ട് വിടാം. പ്രവീണ്‍. രണ്ടുമിനിറ്റില്‍ അവിടെ എത്തും“

അല്പനേരത്തിനുള്ളില്‍ ജുനൈദും റൂമിലെത്തി.

“എടാ നന്ദപ്പാ” എന്നുള്ള ഒറ്റവിളിയൊടേ ജുനൈദ് എന്നെ വട്ടം പുണര്‍ന്നു.

പലരും പരസ്പരം ആദ്യമായി കാണുകയാണ്. പക്ഷെ സംസാരത്തിലും പെരുമാറ്റത്തിലും വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. പിന്നെ അവിടെ നടന്നത് ഒരു ബഹളമായിരുന്നു. രാവ് പകലാക്കി തോന്ന്യനും കുമാരനും ജുനൈദും പ്രവീണും കൂടി മുറിയെ ബഹളമയമാക്കി.

എന്റെ മൊബൈല്‍ വീണ്ടും ചിലച്ചു


“നന്ദേട്ടാ ഇത് ഞാനാ മുരളി മാലോത്ത്, ഞാനിപ്പോ ബസ്സിലാ..എപ്പോ എത്തുംന്ന് പറയാന്‍ പറ്റില്ല. വെളുപ്പിനെത്തുമായിരിക്കും.എവിടേക്കാ വരണ്ടേ”


“നീ ബസ്സെറങ്ങിയിട്ട് വിളിയെടാ... ഒക്കെ ശരിയാക്കം”


“മുരളി എത്താറായില്ലേ?” തോന്ന്യന്‍


“ഇല്ല അവന്‍ കാസര്‍ഗോഡ് നിന്ന് വരികയാണ് . ഇന്നലെ അവന്‍ സിനിമാ നടി റോമയുടെ കൂടെയായിരുന്നു”“ അത്യോ!  ഹോ അവന്റെ ഒരു ഭാഗ്യം”  തോന്ന്യന്‍ കണ്ണു തുറിച്ചു

“പോടാ ശ്ശവീ,  ഇന്നലെ അവന്‍ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ മാഗസിന്റെ ലോഞ്ച് ആയിരുന്നു. ചീഫ് ഗസ്റ്റ് റോമയും, ആ പരിപാടി കഴിഞ്ഞു വരാണെന്ന്. അല്ലാണ്ട്..... കോഴിക്കോട് വരെ ഒരു ടാക്സിയില്‍. അവിടുന്ന് ബസ്സിലാണ്. വെളുപ്പിനെത്തുമായിരിക്കും”

അപ്പോഴേക്കും പ്രവീണ്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു കഴിഞ്ഞിരുന്നു. നെറ്റ് തുറന്ന് ബ്ലോഗുകളും പോസ്റ്റുകളും വായിക്കാനും കമന്റാനും തുടങ്ങി


“അല്ലാ തോന്ന്യന്റെ ബ്ലോഗ് ഏതാ” പ്രവീണ്‍ തോന്ന്യാസിയോട്


“തോന്ന്യാക്ഷരങ്ങള്‍”


“അതിന്റെ യൂ ആര്‍ എല്‍ പറഞ്ഞേ.. ഞാന്‍ നോക്കട്ടെ.. ഇതുവരെ കണ്ടിട്ടില്ല”


“യു ആര്‍ എല്‍...യു ആര്‍ എല്‍.....അതായത്  ഡബ്ലിയു ഡബ്ലിയു ഡബ്ലിയു“


“ഉം..പിന്നേ..” പ്രവീണ്‍ ടൈപ്പ് ചെയ്തു.


“ഡബ്ലിയു....ഡബ്ലിയു........ഡബ്ലിയു....”


“ഇതിപ്പോ അഞ്ചാറു ഡബ്ലിയു ആയല്ലോഡാ.. മുഴുവന്‍ വരട്ടേ..”


“അത് നന്ദേട്ട... പിന്നേ.. ശ്ശോ...എനിക്കോര്‍മ്മയുണ്ടാതാന്നേ..”


“ഹെന്ത്?” പ്രവീണ്‍ ഞെട്ടി” സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ അറിയില്ലെന്നോ?”


“അറിയില്ലാന്നല്ല...ഞാന്‍ മറന്നു പോയതാ”


ഞങ്ങള്‍ മൊത്തം ഞെട്ടി. സ്വന്തം ബ്ലോഗിന്റെ യു ആര്‍ എല്‍ മറന്ന ഈ തോന്ന്യന്‍ ബ്ലോഗര്‍ നിസ്സാരനല്ലല്ലോ. പ്രവീണ്‍ അത്യാദരപൂര്‍വ്വം തോന്ന്യനെ ഒന്നു നോക്കി

“അല്ല പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം ബ്ലോഗ് എങ്കിലും നോക്കിയിട്ട് കൊല്ലം കുറേയായി. ഒരു പോസ്റ്റ് ഇട്ടിട്ടും. എന്തിനേറെ ഒരു കമന്റ് ഇട്ടിട്ടെങ്കിലും കൊല്ലങ്ങളായിട്ടുണ്ടാവും..അല്ലേഡാ”


“ഓ പിന്നെ കൊല്ലങ്ങളേ.... അത്രൊന്നുമില്ല... ഒരു .....രണ്ടു കൊല്ലം”


“ നിന്നെ സമ്മതിക്കണല്ലോഡാ” ജുനെദ് തോന്ന്യന്റെ തോളില്‍ തട്ടി” രണ്ട് കൊല്ലമായിട്ട് ബ്ലോഗ് എഴുതാറീല്ല, കമന്റ് എഴുതാറീല്ല. ആരുടേയും ബ്ലോഗ് പോസ്റ്റ് വായിക്കാറില്ല. പക്ഷെ..വര്‍ഷാവര്‍ഷം നടക്കുന്ന സകല ബ്ലോഗ് മീറ്റുകളിലും പങ്കെടുക്കും”


“അതേ... “ ഞാന്‍ കൂട്ടിച്ചേര്‍ത്തു “ മെയിലയച്ചാലോ മൊബെലില്‍ വിളിച്ചാലോ കിട്ടില്ല. ഓണ്‍ലൈന്‍ കാണില്ല. പക്ഷെ ബ്ലോഗിന്റെ തലേന്ന് മീറ്റ് എവിടെയാണെങ്കിലും അവിടെ പ്രത്യക്ഷപ്പെട്ടോളും തോന്ന്യന്‍..സമ്മതിക്കണം.“

രാവേറെയായി നഗരം ഇരുട്ടിലലിഞ്ഞു. ഫ്ലാറ്റിനു പുറത്ത് നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ചില ആംബുലെന്‍സുകളും പാണ്ടിലോറികളും മാത്രം പാഞ്ഞു.
ജുനൈദ് പ്രവീണിനൊപ്പം തൃപ്പുണിത്തുറയിലെ അവന്റെ ഫ്ലാറ്റിലേക്ക് പോയി. ഏറെ ക്ഷീണിച്ചതോണ്ടാവും ഞാനെന്റെ ബെഡില്‍ കമഴ്ന്നുവീണു കൂര്‍ക്കം വലിയുടെ ടോപ്പ് ഗിയറിട്ടു. കുമാരനും മറ്റൊരു മുറിയില്‍ ചുരുണ്ടു കൂടി. അപ്പോഴും അവന്റെ മുഖത്ത്  എത്രകണ്ടാലും മതിവരാത്ത കാവ്യാമാധവന്റെ കണ്ണൂകളില്‍ കണ്ട അഗാധതയുടെ ഓളങ്ങള്‍ ഉണ്ടായിരുന്നു. പാതിരാത്രി കഴിഞ്ഞിട്ടും പുലരാറായിട്ടും തോന്ന്യാസിമാത്രം ഇന്റര്‍നെറ്റില്‍ ഊളിയിട്ടുകൊണ്ടിരുന്നു. എന്തോ കാണാതെപോയ കുഞ്ഞിനെപ്പോലെ എന്തൊക്കെയോ തിരഞ്ഞുകൊണ്ടിരുന്നു.

*******************************************************************************************************************

2010 ആഗസ്റ്റ് 8 ഞായര്‍
രാവിലെ

കനത്തൊരു മഴയോടെ നഗരം പുലര്‍ന്നു. മടി വിട്ടുണരാതെ ഞങ്ങള്‍ നാലുപേര്‍  ആലസ്യത്തിലിരുന്ന് പിന്നെയും വെടിവട്ടത്തിനു മരുന്നു നിറച്ചു. ബ്ലോഗ് മീറ്റിന്റെ സമയമായെന്ന തിരിച്ചറിവില്‍ പെട്ടെന്ന് കുളിച്ച് ഡ്രസ്സ് മാറി, പെട്ടെന്ന് തയ്യാറാക്കിയ പച്ചമുളകും ചുവന്നുള്ളിയും വാളന്‍പുളിയും കറിവേപ്പിലയും ചേര്‍ത്തരച്ച ചമ്മന്തികൂട്ടി ഞാനും കുമാരനും പഴങ്കഞ്ഞികുടിച്ചു. സ്വതവേ പഴങ്കഞ്ഞികളായ തോന്ന്യനും മുരളിയും അത് കഴിച്ചില്ല. എം.ജി റോഡില്‍ നിന്നൊരു ഓട്ടോ പിടിച്ച് ബൂലോഗ സംഗമ സ്ഥലമായ ഇടപ്പള്ളി ഹൈവേ ഗാര്‍ഡനിലേക്ക് പറന്നു.പക്ഷെ, ഇടപ്പള്ളി ഹൈവേ ഗാര്‍ഡനില്‍ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു.

കരള്‍ പിളര്‍ക്കുന്ന ആ കാഴ്ച്ചകള്‍ മറ്റൊരു ദിവസം......സത്യായിട്ടും :)