Friday, October 31, 2008

തീപ്പെട്ടിക്കൂടുകള്‍ (അവസാന ഭാഗം)

.
ചില ദിവസങ്ങളില്‍ രാവിലെ വല്ല്യച്ചന്‍ ചായ പീടികേല് പോയിട്ടുവരുമ്പോള്‍ പാത്രത്തില്‍ അരഗ്ലാസ്സ് ചായയുണ്ടാവും ചായ പീടികയില്‍ (ഹോട്ടല്‍) നിന്നു കൊണ്ടുവരുന്നത് കാരണം ഞങ്ങളതിനെ 'പീട്യേ ചായ' എന്നാണ് പറയുക. ചില ദിവസം ചായക്കൊപ്പം ഒരു കഷണം പൂട്ട് (പുട്ട്/പിട്ട്) ഉണ്ടാകും. അതൊക്കെ എനിക്കുള്ളതായിരിക്കും. പീട്യേ ചായയും പൂട്ടും കഴിച്ചാല്‍ എനിക്കു തന്നെ തോന്നും ഞാനിവിടത്തെ വിരുന്നുകാരനാണെന്ന്. ചില വൈകുന്നേരങ്ങളില്‍ ചേട്ടന്മാര്‍ പണി കഴിഞ്ഞ് വരുമ്പോള്‍ കപ്പലണ്ടിയോ മുറുക്കോ കൊണ്ടുവരും. അതൊക്കെയായിരുന്നു അന്ന് വിരുന്നുകാരനുള്ള പലഹാരങ്ങള്‍.

പതിവുപോലൊരു ദിവസം ഉച്ചയൂണിനു ശേഷം ഞാന്‍ പതിയെ നടക്കാനിറങ്ങി. വല്യമ്മയുടെ വീട്ടില്‍ വന്ന് കുറെ ദിവസമായതുകൊണ്ടാവും പരിസരത്തൊക്കെ ഒറ്റക്ക് പോകാന്‍ തുടങ്ങി. വല്യമ്മയുടെ രണ്ട് വീടിനപ്പുറം, പണിതീരാറായ (എന്നാല്‍ താമസമുള്ള) ഒരു വീടിനു പുറകിലെ ചെറിയൊരു ഓലപ്പുര അപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനു മുന്‍പു ഞാനാ വീട് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ പതിയെ ആ വീടിനടുത്തെക്ക് നടന്നു. ഓലമേഞ്ഞ മേല്‍ക്കൂര, മണ്ണുകൊണ്ടു പണിത ചുമര്‍. തറ ചാണകം മെഴുകിയിരിക്കുന്നു. ഞാനെത്തിയത് വീടിന്റെ പുറകുവശത്താണ്. അതിനു മുന്‍പോ ശേഷമോ ഞാനാ വീടിന്റെ മുന്‍ വശം കണ്ടിട്ടില്ല. ആ വീടിന്റെ ഇറയത്ത് പ്രായം ചെന്ന ഒരു ചേച്ചി ഇരുന്ന് എന്തോ ചെയ്യുകയാണ്. ചേച്ചിക്കു മുന്‍പില്‍ വയലറ്റു നിറത്തില്‍ ചെറിയ ചതുരപ്പെട്ടികളുടെ ഒരു കൂമ്പാരം. എനികത്ഭുതവും കൌതുകവും തോന്നി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു ഇറയത്തിരുന്നു.

"എന്തുറ്റാ ണ്ടാക്കണത്?

"ഇതാ..ഇത് തീപ്പെട്ടി" ആ ചേച്ചി ചെയ്യുന്ന ജോലിയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

എനിക്ക് അത്ഭുതം കൊണ്ട് പൊറുതിമുട്ടി. ജീവിതത്തില്‍ ആദ്യമായാണ് ഒരു തീപ്പെട്ടി ഉണ്ടാക്കുന്നത് കാണുന്നത്. ആ പ്രായത്തില്‍ തീപ്പെട്ടി ഒരു അത്ഭുത വസ്തുവായിരുന്നു. ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയുടെ നിര്‍മ്മാണം ഞാനാദ്യം കാണുകയായിരുന്നു. അതുവരെ അത് ലോകത്തിലെവിടെയോ ഒരു കമ്പനിയില്‍ ഉണ്ടാ‍ക്കുന്ന ഒരു വസ്തുവായിരുന്നു. അന്ന് പൊതുവേ രണ്ടോ മൂന്നോ തരത്തിലുള്ള തീപ്പെട്ടിയേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ബേബി മോള്‍' കൂടാതെ അമ്പും വില്ലും പടമുള്ള "ആരോ' അങ്ങിനെയെന്തെക്കെയോ? പക്ഷെ ഓര്‍മ്മയിലുള്‍ലത് 'ബേബി മോള്‍' തീപ്പെട്ടി. അക്കാലത്ത് അതായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്.

"ഇതേത് തീപ്പെട്ട്യാ?"

അപ്പോളവരെനിക്ക് സമീപത്തിരുന്നിരുന്ന അവരുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയെടുത്തു തന്നു. ഞാനത് നോക്കിയപ്പോള്‍ എനിക്കത്ഭുതം വീണ്ടും. അത് 'ബേബി മോള്‍' തീപ്പെട്ടിയായിരുന്നു. വെളുത്ത ഒരു കൊച്ചുപെണ്‍കുട്ടി മേലുടുപ്പില്ലാതെ നില്‍ക്കുന്ന ഒരു പടമായിരുന്നു അതിന്. മുടി മെടഞ്ഞ് മുന്നിലേക്കിട്ട് അതില്‍ പൂവ് ചൂടിയിട്ടുണ്ടായിരുന്നു. നല്ല ഓമനത്തമുള്ള മുഖമായിരുന്നു ആ കൊച്ചുപെണ്‍കുട്ടിക്ക്.

"ആയ്.. നല്ല രസംണ്ട് ല്ലേ ഈ ക്ടാവിനെ കാണാന്‍?"

"ഇണ്ടാ? എന്നാ നീ കല്യാണം കഴിച്ചോടാ..ഹ ഹ"

അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും അലക്കു കല്ലിന്റെയവിടെ തുണിയലക്കി നിന്നിരുന്ന ചേച്ചിയും കൂടി ചിരിച്ചു. ഞാനാകെ നാണം കൊണ്ട് ചുളിഞ്ഞു. പെട്ടെന്നുള്ള അവരുടെ മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് കേട്ടതും ഇനിയെന്തു ചോദിക്കണം എന്നു എനിക്കറിയാതെയായി. തീപ്പെട്ടി ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്. പക്ഷെ അവരുടെ കളിയാക്കലില്‍ ഞാന്‍ ചൂളിപോയതുകാരണം എനിക്കവിടെ ഇരിക്കാന്‍ പറ്റാതെയായി. ഞാന്‍ വേഗം വല്യമ്മയുടെ വീട്ടിലേക്ക് ഓടിപോയി.

പിന്നീട് രണ്ടു ദിവസം ഞാനങ്ങോട്ട് പോയില്ലെങ്കിലും തീപ്പെട്ടി ഉണ്ടാക്കുന്ന സൂത്രം എനിക്ക് നേരില്‍ കാണണം എന്ന മോഹം കലശലായി വന്നു. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും പോയി.

"എവ്ട്യായിരുന്നെടാ കണ്ണാ രണ്ടൂസം? നീ ചായെള്ളം കുടിച്ചാ?"

ഞാന്‍ തലയാട്ടി തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരുന്നു. തീപ്പെട്ടിക്കുള്ളിലെ കോലുകള്‍ സൂക്ഷിച്ചുവെയ്ക്കുന്ന പെട്ടിയായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്. മുന്നില്‍ പലകയില്‍ ഉറപ്പിച്ചു വെച്ചിരുന്ന ഒരു ചതുര കഷണത്തില്‍ (ഡൈ) അവര്‍ ആദ്യം നീളമുള്ള ഒരു നേര്‍ത്ത മരകഷണം നാലുമൂലകളിലും മടക്കി ചേര്‍ത്തു വെയ്ക്കും അതിനു മീതെ അരികില്‍ ചതുരത്തില്‍ വെട്ടിയിട്ടിരിക്കുന്ന നേര്‍ത്ത ഒരു മര‍കഷണം വെയ്ക്കും അതിനും മീതെ വയലറ്റ് നിറത്തിലുള്ള, ചതുരകഷണങ്ങളായി വെട്ടിയിട്ടിരിക്കുന്ന കടലാസ്സുകഷണം അടുത്തിരിക്കുന്ന പശപ്പാത്രത്തില്‍ നിന്ന് ഇത്തിരിയെടുത്ത് തേച്ച് മരപ്പലകയില്‍ വച്ച നേര്‍ത്ത കനമുള്ള മരക്കഷണത്തിന്റെ മുകളില്‍ വയ്ക്കും എന്നിട്ട് നാലു വശത്തേക്കി മടക്കി ഒട്ടിക്കും. അതു ഊരിയെടുത്താല്‍ തീപ്പെട്ടിയുടെ അകത്തെ കൂടായി, എന്നിട്ട് നീണ്ടു നില്‍ക്കുന്ന കടലാസ്സു കഷണത്തിന്റെ ഭാക്കി അകത്തേക്ക് മടക്കി വെച്ച് ഒട്ടിക്കും.

വളരെ വേഗതയിലാണവര്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു മെഷീന്‍ ചെയ്യുന്ന പോലെ. 'തീപ്പെട്ടി ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരോ' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവരെനിക്ക് വളരെ പതുക്കെ അതുണ്ടാകുന്ന വിധം കാണിച്ചുതന്നു. എനിക്കന്നു വലിയ സന്തോഷമായിരുന്നു. ലോകത്തിലെ വലിയൊരു സംഗതിയുടെ നിര്‍മ്മാണ രഹസ്യം ഞാന്‍ അറിഞ്ഞിരിക്കുന്നു!! കണ്ടിരിക്കുന്നു !!!

പിന്നീടുള്ള ദിവസങ്ങള്‍ ഞാനവിടത്തെ സന്ദര്‍ശകനാ‍യി. രാവിലെ ചായ കുടിച്ചു കഴിഞ്ഞാല്‍ ഞാനവിടെ ചെന്നിരിക്കും. തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരിക്കും. എന്താണന്നെറിയില്ല അതുണ്ടാക്കുന്ന ചേച്ചിയെ എന്നും മുഷിഞ്ഞ വസ്ത്രത്തിലേ കണ്ടിരുന്നുള്ളു. മിക്കപ്പോഴും ഒരേ സാരി തന്നെയായിരിക്കും. ആ ചേച്ചിയെ വീടിന്റെ ഇറയത്ത് തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റൊരു രീതിയിലും ഞാന്‍ കണ്ടിരുന്നില്ല.തീപ്പെട്ടിഒക്കൂടുണ്ടാക്കുന്നത് എപ്പോ തുടങ്ങുന്നുവെന്നൊ അവസാനിക്കുന്നുവെന്നോ അറിയില്ലായിരുന്നു.

ചില നേരങ്ങളില്‍ എനിക്കും ചായ തരും. കട്ടന്‍ ചായ. ആദ്യമൊക്കെ ഞാന്‍ വേണ്ടാ വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നീട് അതു കുടിക്കാന്‍ എനികു മടി തോന്നിയില്ല. പതുക്കെപതുക്കെ തീപ്പെട്ടിക്കൂടുണ്ടാക്കുന്ന വിദ്യ ഞാനും വശമാക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ ചോദിച്ചു :

"ഒരണ്ണം ഞാനും ണ്ടാക്കട്ടെ."

എന്നോടുള്ള വാത്സ്യല്യം കാരണമാകാം അവര്‍ സമ്മതിച്ചു. ഒരുപാട് സമയമെടുത്ത് ഞാനും ഉണ്ടാക്കി ഒരെണ്ണം. അതു ഉണ്ടാക്കികഴിഞ്ഞപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ലോകം കീഴടക്കിയ ആവേശം.... ലോകത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ കൂട് ഞാന്‍ ഒറ്റക്ക് ഉണ്ടാക്കിയിരിക്കുന്നു. !!.. എന്റെ സമപ്രായക്കാര്‍ക്ക് പലര്‍ക്കും കിട്ടാത്ത ഭാഗ്യം!! അന്ന് രാത്രി ഞാനൊരുപാട് നേരം ഉറങ്ങിയില്ല..

പിന്നീട് പല ദിവസങ്ങളില്‍ ഞാന്‍ തീപ്പെട്ടിയുടെ അകം കൂട് ഉണ്ടാക്കികൊണ്ടിരുന്നു. അതുണ്ടാക്കാന്‍ ചേച്ചി എനിക്കു മറ്റൊരു പലക (ഡൈ) തന്നു. ഞാനുണ്ടാക്കുന്ന തീപ്പെട്ടിക്കൂടുകളില്‍ ഞാന്‍ ചിലപ്പോള്‍ മനപ്പൂര്‍വ്വം എന്തെങ്കിലും വ്യത്യസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കും. കടലാസ്സിന്റെ മൂല ചെരിച്ചൊട്ടിച്ചോ ഒരു ഭാഗം കുറച്ച് കീറിമാറ്റിയോ മറ്റോ. മറ്റൊന്നിനുമല്ല, പിന്നീട് ആ തീപ്പെട്ടി യാദൃശ്ചികമായെങ്ങാനും എന്റെയോ കൂട്ടുകാരുടേയോ കയ്യില്‍ വന്നാലോ?! അപ്പോളെനിക് അഭിമാനത്തോടെ പറയാലോ 'അത് ഞാനുണ്ടാക്ക്യ തീപ്പെട്ട്യാ' എന്ന്.

തീപ്പെട്ടിക്കൂട് ഉണ്ടാക്കാനുള്ള സാധനങ്ങളും മറ്റും അടുത്തുള്ള ഒരു തീപ്പെട്ടി കമ്പനി കൊടുക്കുന്നതാണത്രെ. ഇത്ര കൂട് ഉണ്ടാക്കികൊടുത്താല്‍ ഇത്ര കാശ്. അതാണ് കണക്ക്. ഇതുപോലെ പലവീടുകളിലും അവര്‍ കൊടുക്കുമത്രെ. പക്ഷെ, ഒരുപാട് ദിവസം അതുണ്ടാക്കിയിട്ടും മരുന്നു തേക്കുന്ന, തീപ്പെട്ടിപ്പടം ഒട്ടിക്കുന്ന ഭാഗം ഉണ്ടാക്കാനോ, കൊള്ളികള്‍ മരുന്നു പുരട്ടി വയ്ക്കുന്നത് ഉണ്ടാക്കാനോ കഴിഞ്ഞില്ല. അതൊക്കെ കമ്പനിക്കാര്‍ തന്നെ അവരുടെ കമ്പനിയില്‍ വെച്ച് ചെയ്യുമത്രെ. ഇതെല്ലാം അവിടെ കൂടു ഉണ്ടാക്കുമ്പോള്‍ ചേച്ചി പറഞ്ഞു തന്ന കാര്യങ്ങളാണ്.

ഒരു ദിവസം തീപ്പെട്ടിമരം കൊണ്ടും കടലാസ്സു കൊണ്ടും ഒരു വലിയ ചതുരപ്പെട്ടി എനിക്ക് ഉണ്ടാക്കിതന്നിട്ടു ചേച്ചി പറഞ്ഞു :
"ഇന്നറാ കാശുകുടുക്ക. നിനക്ക് കിട്ടുന്ന കാശൊക്കെ ഇതിനകത്തിട്ടു വെച്ചൊ"

വയലറ്റു കടലാസ്സുകൊണ്ട് പൊതിഞ്ഞ ഒരു ചതുരപ്പെട്ടി. അതിലൊരു വശത്ത് നാണയങ്ങള്‍ ഇടാന്‍ പാ‍കത്തിന് ഒരു ചെറിയ ദ്വാരം. മനോഹരമായ ആ 'കാശുകുടുക്ക' കൊണ്ട് ഞാനോടി വല്യമ്മയുടെ വീട്ടിലേക്ക്. പലദിവസങ്ങളിലായി എനിക്കു കിട്ടിയ രണ്ടിന്റെയും മൂന്നിന്റേയും അഞ്ചിന്റേയും പൈസകള്‍ ഞാനതില്‍ സൂക്ഷിച്ചു വെച്ചു. കാശുകുടുക്ക ആരും എടുക്കാതിരിക്കാനും കാണാതിരിക്കാനും വേണ്ടി ഞാനത് ഓലമറച്ച മേല്‍ക്കൂരക്കിടയില്‍ ഒളിപ്പിച്ചു വെച്ചു. എത്ര ദിവസം കഴിഞ്ഞിട്ടും അതില്‍ പത്തോ പതിനഞ്ചില്‍ കൂടുതലോ പൈസ ആയില്ല. പിന്നെപ്പിന്നെ കാശു കിട്ടാതയപ്പോള്‍ ഞാനത് മറന്നു.

ഒരുപാടു ദിവസങ്ങള്‍‍ക്കു ശേഷം,

നേരം സന്ധ്യയായപ്പോള്‍ ആകാശം കറുത്തു. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം മഴ പെയ്യാനുള്ള ലക്ഷണമാണ്.

"ടാ അസത്തെ..മഴ പെയ്യണേനു മുന്നെ ഈ പട്ടയും ഓലയൊക്കെ എടുത്ത് വെയ്ക്കടാ.." ലതചേച്ചി തറക്കു മുകളില്‍ നിന്നു പറഞ്ഞു.

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഗിരിജേച്ചി. ഞാനോടി ഓലയും പട്ടയുമൊക്കെ പറക്കി അടുക്കളയില്‍ കൊണ്ടിട്ടു. പതിയെ പതിയെ മഴ അരിച്ചിറങ്ങാന്‍ തുടങ്ങി. കനത്ത ഇടിമിന്നലോടെ മഴ തകര്‍ത്തുപെയ്തു. രാത്രി മുഴുവനും നല്ല മഴയും മിന്നലുമുണ്ടായിരുന്നു. മേല്‍ക്കുരയിലെ ഓലക്കീറിനിടയിലൂടെ ഞാനിടക്ക് പുറത്തെ വെള്ളിമിന്നലുകളെ കണ്ടു. അടുക്കളയില്‍ ചോരുന്നിടത്തൊക്കെ പാത്രം നിരത്തിവെച്ച് ചേച്ചിമാര്‍ വെള്ളം അകത്ത് പടരാതിരിക്കാന്‍ നോക്കി. ഞാന്‍ തല വഴി പുതച്ചു മൂടി കിടന്നു.

നേരം വെളുത്തപ്പോള്‍ പറമ്പിലവിടവിടെ വെള്ളം. പുതുമണ്ണിന്റെ മണം. തറയുടെ അരികിലായി വെളുത്ത കൂണുകള്‍ തലപൊന്തിച്ചിരിക്കുന്നു. ഉമിക്കരികൊണ്ട് പല്ലുതേച്ച് , കട്ടന്‍ ചായയും, അരിയും നാളികേരവും കൂട്ടിക്കുഴച്ചു ചുട്ട ഓട്ടടയും കഴിച്ച് ഞാന്‍ തറയില്‍ പോയിരുന്നു കൂണുകളെ നോക്കാന്‍ തുടങ്ങി.

"വേണ്ടാത്തതൊക്കെ ചെയ്തോട്ടാ.. അതിലൊക്കെ വെഷംണ്ടാവ്ടാ. വേറെ എന്തോരം സ്ഥലം കെടക്ക്ണ് കളിക്കാന്‍...ഇങ്ങ്ട് മാറ്ടാ" വല്ല്യമ്മയാണ്.

ഞാന്‍ തറയുടെ അവിടെ തന്നെ ചുറ്റിപറ്റി നിന്നു,

"ദേ നോക്ക്യേടാ കണ്ണാ.. ദാരണ്ടാ വരണേന്ന് നോക്ക്യേ" ലതചേച്ചി ഉമ്മറത്തുനിന്ന് വിളിച്ചു പറഞ്ഞു.

ഞാന്‍ റോഡിലേക്ക് നോക്കി. അമ്മ.

കയ്യിലൊരു സഞ്ചിയും ചുരുട്ടിയ കുടയുമായി അമ്മ റോഡു കഴിഞ്ഞു പറമ്പിലേക്ക് വന്നു.

എന്നെ കൊണ്ടു പോകാനുള്ള വരവാണ്. ഇന്ന് ഉച്ചയ്ക്കലെ ഊണും കഴിഞ്ഞ്, വൈന്നാരത്തെ ചായയും കുടിച്ച് ഒരു അഞ്ചു മണിയാകുമ്പോഴേക്കും ഞങ്ങള്‍ മടങ്ങും. അതിനായിരിക്കണം അമ്മ വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചു. അമ്മയുടെ സഞ്ചിയിലായിരുന്നു എന്റെ കണ്ണ്.
'എന്തെങ്കിലും പലാരമായിരിക്കും. എന്തുട്ടായിരിക്കും?' ആലോചിച്ചിട്ട് എനിക്കൊരു ഊഹവും ഉണ്ടായില്ല.

അമ്മയ്ക്ക് ചായകൊടുക്കുമ്പോള്‍ ലത ചേച്ചി പലഹാരങ്ങളൊക്കെ കിണ്ണത്തില്‍ എടുത്ത് വിളമ്പി. നേന്ത്രപ്പഴം, പിന്നെ മുറുക്ക്. അതിനോടൊപ്പം അന്നു രാവിലെ ചുട്ട ഓട്ടടയും അമ്മക്ക് കൊടുത്തു. ഒപ്പം എനിക്കും.

അന്ന് ഉച്ചക്ക് ഊണിന് മീന്‍ കൂട്ടാന്‍ ഉണ്ടായിരുന്നു. മെഴുക്ക് പുരട്ടിയും. അമ്മയും വല്ല്യമ്മയും ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അന്നത്തെ ദിവസം ഞാനെങ്ങും കളിക്കാന്‍ പോയില്ല. വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് ഞങ്ങള്‍ പോകാനൊരുങ്ങി. വല്ല്യമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ ഞാനിട്ടിരുന്ന ട്രൌസറും ഷര്‍ട്ടും ഞാനെടുത്തിട്ടു. അമ്മയ്ക്ക് കൊണ്ടുപോകാന്‍ ലതചേച്ചി എന്തൊക്കെയോ സാധനങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ വച്ചു കൊടുത്തു.

പുതിയ ഷര്‍ട്ടൂം ട്രൌസറുമിട്ട് ഞാന്‍ തെക്കേലെ വീട്ടിലേക്കൊടി. അവിടെയപ്പോഴും ആ ചേച്ചി തീപ്പെട്ടിക്കൂടുകളുണ്ടാക്കുന്നുണ്ടായിരുന്നു.

"ആ! പുത്യേ കുപ്പായക്കൊ ഇട്ട് ട്ട് ണ്ടല്ലാ?!"

"ആ..ഞങ്ങളിന്ന് പൂവ്വാ..ന്റെ വീട്ടിക്ക്." ഞാന്‍ പറഞ്ഞു.

"അതേ?, അതിനണ് അമ്മ വന്നത്?"

"ഉം. അട്ത്താഴ്ച ഉസ്ക്കൂളു തൊറക്കും."

"എന്നാ പോയിട്ട് വാ.. നിന്റെ കാശുടുക്കേല് കൊറേ കാശൊക്കെ ആയാ? "

അപ്പോഴാണ് ഞാന്‍ മറന്നുപോയ ആ കാശുകുടുക്കയുടെ കാര്യമോര്‍ത്തത്. ഞാനവിടെ നിന്നും വേഗം ഓടി വല്ല്യമ്മയുടെ വീട്ടില്‍ വന്നു. ഓലക്കീറിനിടയില്‍ തിരയാന്‍ തുടങ്ങി.

"ഈ പോണ നേരത്ത് നീയ്യെവ്ടെ പോയിരിക്കാര്‍ന്ന്ടാ.. എന്തുറ്റാ നീ നോക്കണ്?"

അമ്മ ചോദിച്ചെങ്കിലും ഞാനത് കേള്‍ക്കാത്ത് മട്ടില്‍ കാശുകുടുക്ക തിരഞ്ഞു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല.. ഞാനു വീണ്ടും വീണ്ടും തിരഞ്ഞു. പക്ഷെ കാശുകുടുക്ക കണ്ടെത്തിയില്ല.

എനിക്കാകെ സങ്കടം വന്നു. തീപ്പെട്ടി ഉണ്ടാക്കിയതും അതുകൊണ്ട് കാശുകുടുക്ക ഉണ്ടാക്കി തന്നതുമൊക്കെ വീട്ടില്‍ ചെന്നിട്ടും സ്ക്കൂളില്‍ ചെന്നിട്ടും പറയേണ്ടതാണ്. വിശ്വസിക്കാത്തവര്‍ക്ക് അതുകൊണ്ട് ഉണ്ടാക്കിയ കാശുകുടുക്ക കാണിച്ച് കൊടുത്തിട്ടു വേണം വിശ്വസിപ്പിക്കാന്‍. അതിനേക്കാളുമപ്പുറം ജീവിതത്തില്‍ ആദ്യമായിട്ട് എനിക്കു വേണ്ടി ഒരാള്‍ ഉണ്ടാക്കി തന്നെ സമ്മാനമാണ്. പോരാത്തതിന് അതില്‍ ഇരുപതു പൈസയോളമോ മറ്റോ ഉണ്ടായിരുന്നു. അതൊക്കെയാണ് ഒറ്റ നിമിഷം കൊണ്ട് കാണാതായത്.. ആലോചിക്കുന്തോറും എന്റെ കണ്ണ് നിറയാന്‍ തുടങ്ങി.സങ്കടമാണെങ്കില്‍ സഹിക്കാന്‍ പറ്റ്ണില്ല്യ.

ഞാന്‍ വീണ്ടും വീണ്ടും തിരഞ്ഞു. മേല്‍ക്കുരയിലും വശത്ത് ചുമരാക്കിയ ഓലകള്‍ക്കിടയിലും, താഴെ പെട്ടികള്‍ക്കും തുണികള്‍ക്കുമിടയിലും ഞാന്‍ നോക്കി. ഒരിടത്തും എന്റെ കാശുകുടുക്കയില്ല..

അപ്പോഴേക്കും യാത്ര പറഞ്ഞ് അമ്മയെന്റെ കൈ പിടിച്ചു. ഞാനും സങ്കടകണ്ണീരിന്റെ മറക്കുള്ളില്‍ നിന്നുകൊണ്ട് വല്ല്യമ്മയോടും വല്ല്യച്ചനോടും ലതച്ചേച്ചിയോടും ഗിരിജേച്ചിയോടും യാത്ര പറഞ്ഞു.

"ഇനി എപ്പഴണ്ടാ ഇങ്ങ്ട് വരാ??" ലത ചേച്ചി ചോദിച്ചു.

"അടുത്തൊല്ലം. ഉസ്ക്കൂളു പൂട്ടുമ്പോ" ഞാന്‍ പറഞ്ഞു.

അതു പറഞ്ഞതിനെന്തിനാണാവോ അവരൊക്കെ ചിരിച്ചു, അമ്മയും.

"പോട്ടടെണ്ണ്യേ.. ഇപ്പ പോയാല് നേരം നേരം കരിപ്പാവണേല് മുന്‍പ് വീടെത്താം" അതു പറഞ്ഞ് അമ്മ നടന്നു.

ഞാനപ്പോഴും കാശുകുടുക്ക കാണാതായതിനെ പറ്റി ആലോചിക്കുകയായിരുന്നു. അമ്മയെന്റെ കയ്യില്‍ മുറുകെ പിടിച്ച് റോഡിലേകിറങ്ങി. റോഡിലെത്തിയപ്പോള്‍ അമ്മയും ഞാനും തിരിഞ്ഞു നോക്കി. ലതേച്ചിയും ഗിരിജേച്ചിയും എനിക്ക് റ്റാ റ്റാ തന്നു. അവര്‍ക്കും റ്റാ റ്റാ കൊടുത്ത് ഞാനും അമ്മയും അരിപ്പാലം സെന്ററിലേക്ക് നടന്നു. സെന്ററും പള്ളിയും കഴിഞ്ഞ് പനച്ചിക്കല്‍ ചിറ പാടത്തിലേക്കുള്ള റോഡിലൂടെ ആഗ്ലോ ഇന്ത്യന്‍സിന്റെ വീടും പള്ളിയും കഴിഞ്ഞ് ഇഞ്ചിപുല്ലുകള്‍ വളര്‍ന്നു നിന്ന ചെമ്മണ്‍ വഴിയിലൂടെ പൊളിഞ്ഞ പാലത്തിനടുത്തെത്തി. അപ്പോഴേക്കും പൊളിഞ്ഞ പാലത്തിന്റെ പേടിപ്പേടുത്തുന്ന ഓര്‍മ്മ വന്നു. അതെന്റെ മനസ്സിലെ കാശുകുടുക്കയെ നിശ്ശേഷം വലിച്ചെറിഞ്ഞു. അമ്മയുടെ കൈ മുറുകെ പിടിച്ച് പാലം കടന്ന് ശീമക്കൊന്നകള്‍ വളര്‍ന്ന് ഇരുവശവും ഇരുളാക്കിയിരുന്ന ഇടവഴിയിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി..

.

Friday, October 17, 2008

തീപ്പെട്ടിക്കൂടുകള്‍ ( ആദ്യ ഭാഗം)

.


വളരെ പഴയൊരു ഓര്‍മ്മയാണ്.

ഞാനന്ന് ഒന്നാം ക്ലാസ്സിലോ അതോ രണ്ടിലോ കൃത്യമായി ഓര്‍മ്മയില്ല. ഒരു മദ്ധ്യവേനലവധിയില്‍ ഞാനെന്റെ വല്യമ്മയുടെ (അമ്മയുടെ ചേച്ചി) വീട്ടില്‍ കുറേ ദിവസങ്ങളോളം വിരുന്നു പാര്‍ക്കാന്‍ പോയി.

എന്റെ ഗ്രാമമായ പൈങ്ങോട്ടില്‍ നിന്നും നടന്നു വേണം അരിപ്പാലം എന്ന അയല്‍ ഗ്രാമത്തിലെത്താന്‍. പൈങ്ങോട് പാടവും കഴിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നെത്തിയാല്‍ പനച്ചിക്കല്‍ ചിറ പാടമായി. അവിടെ ഇരുഗ്രാമങ്ങളേയും വേര്‍തിരിക്കുന്ന വലിയൊരു തോടുണ്ട്. തോടിനു മുകളില്‍ നടുഭാഗം കുറച്ച് പൊളിഞ്ഞുപോയ ഒരു സിമന്റുപാലം. നടുഭാഗം ഉയര്‍ന്ന് 'റ' രൂപത്തിലായിരുന്നു ആ പാലം. അതിന്റെ നടുവിലെ പൊളിഞ്ഞുപോയ ഭാഗത്തിലൂടെ നോക്കിയാല്‍ താഴെ തോട്ടിലൂടെ വെള്ളമൊഴുകുന്നതു കാണാം. പേടിപെടുത്തുന്ന ഒരു പൌരാണികതയുണ്ടായിരുന്നു ആ പാലത്തിന്. അമ്മയുടെ കയ്യില്‍ നിന്നും സ്വത്രന്ത്രനായി ചെടിത്തണ്ടൊടിച്ചും മച്ചിങ്ങ തട്ടിക്കളിച്ചും നടക്കുന്ന ഞാന്‍ ആ പാലമെത്തുമ്പോള്‍ അമ്മയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കും. പാലത്തിനു മുകളിലെത്തുമ്പോള്‍ 'ആ ഓട്ടയിലൂടെ നോക്കാന്‍ തോന്നിക്കല്ലേ ഈശ്വരാ.." എന്ന് പ്രാര്‍ത്ഥിക്കും. പക്ഷെ എന്തോ കൃത്യം അവിടെയെത്തുമ്പോള്‍ താനെ താഴേക്കു നോക്കിപ്പോകും. കാലുകളില്‍ വിറയല്‍ അനുഭവപ്പെടും. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാനാകാതെയാകും. പാലം കടന്ന് വീണ്ടും ചെമ്മണ്‍ പാതയിലെത്തുമ്പോള്‍ അമ്മയുടെ കൈവിട്ട് സ്വതന്ത്രനാകും. കുറച്ചു നേരം നടന്നു കഴിയുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെടും.

"ശ്ശോ ദെന്തൂട്ട് മണാ..ദെവട്ന്ന്ണ് ഈ ചൂര് വര്ണ്? "ഞാന്‍ അമ്മയോട് ചോദിക്കും

" ദാ അവ്ട്ന്നാ" വലതുവശത്തെ വെളിമ്പറമ്പില്‍ ഒറ്റക്കു നില്‍ക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു പഴയകെട്ടിടത്തിലേക്ക് അമ്മ കൈ ചൂണ്ടും " അവ്ടെ ആടിനേം പോത്തിനേമൊക്കെ എറച്ചിവെട്ടാര് അറക്കണ സ്ഥലാ"

ഭീതിയുളവാക്കുന്ന ഒരു വന്യതയുണ്ടായിരുന്നു ആ പറമ്പിനും കെട്ടിടത്തിനും. തൊഴുത്താണോ വീടാണോ എന്നു തിരിച്ചറിയാനാകാത്ത ആ കെട്ടിടത്തിന്റെ പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരില്‍ എന്തോ ഒലിച്ചിറങ്ങിയ പാടുകള്‍ കാണാം. 'ചോരയായിരിക്കുമോ?' 'അറുത്ത പോത്തീന്റേം ആടിന്റേമൊക്കെ ചോര?' 'രാത്രിയാകുമ്പോള്‍ അവറ്റകളുടെ പ്രേതം വര്വോ?' ഇങ്ങിനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ എന്റെ മനസ്സിലുണരും. ആ കെട്ട മണം മാറാന്‍ റോഡിന്റെ വശങ്ങളിലെ നല്ല ഗന്ധം പരത്തുന്ന ഇഞ്ചിപുല്ലിന്റെ ഇല പൊട്ടിച്ചെടുത്ത് കൈയ്യില്‍ തിരുമ്മി മണക്കും ' ആഹാ! ഇപ്പോ എന്തൊരു മണാ!'


ആ ചെമ്മണ്‍ പാതയിലൂടെ കുറേ ദൂരം ചെന്നെത്തുമ്പോള്‍ ഇടതുവശത്തായി ആംഗ്ലോ ഇന്ത്യന്‍സിന്റെ ഒരു പള്ളി കാണാം. പറങ്കികളുടെ പള്ളി എന്നാണ് പണ്ട് ഞങ്ങളതിനെ വിളിച്ചിരുന്നത്. എല്ലാ കൃസ്ത്യാനികളും ആ പള്ളിയില്‍ പോകില്ലാത്രെ! ആ പള്ളിയാകട്ടെ യാതൊരു പകിട്ടുമില്ലാതെ ഒരു ഗാംഭീര്യവുമില്ലാത്ത മുഷിഞ്ഞ ഒരു കെട്ടിടമായിരുന്നു അന്ന്. ആ വഴിക്കു ഇരുപുറവും ചിലവീടുകളില്‍ ആംഗ്ലോ ഇന്ത്യന്‍സും ചിലതില്‍ സായിപ്പന്മാരും താമസിച്ചിരുന്നു. വിശാലമായ പൂന്തോട്ടവും പലതരം ചെടികളും, ബാറ്റ്മിന്‍ഡന്‍ കോര്‍ട്ടും ആ വീടുകളിലാണ് ഞാനാദ്യം കാണുന്നത്. മുട്ടോളം ഇറക്കം വരുന്ന ഉടുപ്പിട്ട വെളുവെളുത്ത ഒരു മദാമ്മയെ ഒരു വീടിന്റെ ഉമ്മറത്തെ കസാരയില്‍ കാണാമായിരുന്നു പലപ്പോഴും. ആ വഴിയിലെ ഒരു വീട്ടില്‍ റോഡിനോട് ചേര്‍ന്ന് പറമ്പിന്റെ ഒരു മൂലയില്‍ നിറയെ മഞ്ഞ മുളകള്‍ ആയിരുന്നു. ജീവിതത്തിലാദ്യമായാണ് ഞാന്‍ മഞ്ഞ നിറത്തിലുള്ള മുളകള്‍ കാണുന്നത്.

അവിടെയെത്തുമ്പോള്‍ മുളകളെ നോക്കി കുറേനേരം ഞാന്‍ നില്‍ക്കും. അമ്മയെന്റെ കൈ പിടിച്ച് വലിച്ച് വീണ്ടും മുന്നോട്ട് നടത്തിക്കും. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ അരിപ്പാലം സെന്റര്‍ എത്താറായി. മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ വലതുവശത്തായി പല വര്‍ണ്ണങ്ങള്‍ പൂശിയ വലിയൊരു പള്ളി കാണാം. അതാണ് അരിപ്പാലം പള്ളി. ആ പള്ളിയില്‍ എന്നും ഒരുപാടാളുകള്‍ കാണാമായിരുന്നു. ചിലപ്പോള്‍ പ്രസംഗമോ പാട്ടോ കേള്‍ക്കാമായിരുന്നു. മുറ്റത്ത് ഒരുപാട് സൈക്കിളുകളും സ്ക്കൂട്ടറുകളും വിശ്രമിക്കുന്നുണ്ടാകും.(പിന്നീടാണ് അതാണ് റോമന്‍ കത്തോലിക്കരുടെ പള്ളി എന്നു മനസ്സിലാക്കുന്നത്) പള്ളിക്കു മുന്‍പിലൂടെ കുറച്ചുനടന്നാല്‍ അരിപ്പാലം സെന്റര്‍. മൂന്നു ദിശകളിലേക്ക് വഴി പിരിയുന്ന ആ സെന്ററില്‍ നിന്ന് കിഴക്ക് വെള്ളാങ്കല്ലൂര്‍-ചാലക്കുടി വഴി, പടിഞ്ഞാറ് പടിയൂര്‍-മതിലകം വഴി, വടക്ക് എടക്കുളം-ഇരിങ്ങാലക്കുട വഴി. ഞങ്ങള്‍ക്ക് പോകേണ്ടത് വടക്കോട്ടാണ്. ആ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ വലതുവശത്തായി മുഷിഞ്ഞ കുമ്മായച്ചുവരുകളുള്ള ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടം കാണാം അത് അരിപ്പാലം സര്‍ക്കാര്‍ എല്‍.പി.സ്ക്കൂള്‍ ആയിരുന്നു. അവിടെ നിന്ന് അവിടെ നിന്നും കുറേക്കൂടി മുന്നോട്ട് നടന്നുകഴിഞ്ഞാല്‍ വല്ല്യമ്മയുടെ വീടായി.

പ്രായമായ വല്ല്യമ്മക്കും വല്ല്യച്ചനും പുറമെ ആറു മക്കളില്‍ രണ്ട് ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ് അന്ന് അവിടെയുണ്ടായിരുന്നത്. ഓല കൊണ്ട് മറച്ച ഒരു വീടായിരുന്ന് വല്ല്യമ്മയുടെ അന്നത്തെ വീട്. മുകളിലും വശങ്ങളിലും ഓല മേഞ്ഞിരുന്നു. വീട്ടിനുള്ളില്‍ ഓല കൊണ്ട് തന്നെ മുറികള്‍ പകുത്തിരുന്നു. താഴെ ചാണകം മെഴുകിയ തറ. മുറികളില്‍ എപ്പോഴും ഇരുട്ടാണ്. പകല്‍ സമയത്തും. വീടിനുള്ളില്‍ ചാണകത്തിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും ഗന്ധം തങ്ങിനിന്നിരുന്നു. ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണാം, ഓല കുത്തിനിര്‍ത്തിയിരുന്ന ഇടങ്ങളില്‍ തറയില്‍നിന്ന് ചിതലുകള്‍ വളരാന്‍ തുടങ്ങുന്നത്. അപ്പോള്‍ തന്നെ അത് കാലുകൊണ്ട് തട്ടി നിരപ്പാക്കും. വല്യമ്മയുടെ വീടിനു മുന്നില്‍ വലിയൊരു 'തറ' പണിതുകിടപ്പുണ്ടായിരുന്നു. പുതിയതായി പണിയാന്‍ പോകുന്ന വീടിന്റെ 'തറ' യാണത്രെ. രണ്ടാമത്തെ ചേട്ടന്‍ ഗള്‍ഫില്‍ പോയതിനുശേഷമാണ് തറ പണിതത്. ഇനി അടുത്ത പ്രാവശ്യം കാശ് വരുമ്പോള്‍ വീട് പണി തുടങ്ങുമെന്ന് വല്യമ്മ പറയും. തറക്കു മുകളില്‍ പട്ടയും ഓലയുമൊക്കെ ഉണങ്ങാനിട്ടിരുന്നു. ചില നേരങ്ങളില്‍ അലക്കിയ തുണികളും.

വല്ല്യമ്മയുടെ വീട്ടില്‍ എല്ലാവരും എന്നേക്കള്‍ ഒരുപാട് മുതിര്‍ന്നവരാണ്. സമപ്രായക്കാര്‍ ആരുമില്ല. ഞാന്‍ മാത്രം കുട്ടി. എപ്പോഴും ഒറ്റക്കിരുന്ന് കളിച്ച് മടുക്കും. അപ്പുറത്തും ഇപ്പുറത്തും വല്ല്യ വല്ല്യ വീടുകളുണ്ട് . പക്ഷെ അവിടേക്കൊന്നും പോകണ്ടാന്ന് ചേച്ചിമാര് പറയും. വീടിന്റെ എതിര്‍ വശത്ത് റോഡിനപ്പുറം സമ്പന്നരായ കൃസ്ത്യന്‍ കുടുംബങ്ങളായിരുന്നു. വല്ല്യമ്മയുടെ പ്രധാന അയല്‍ വാസി നേരെ എതിര്‍ വശത്തെ ഒരു കൃസ്ത്യന്‍ കുടുംബമാണ്. അവിടത്തെ ഗൃഹനാഥന്‍ കുറേ കൊല്ലങ്ങളായിട്ട് ഗള്‍ഫിലാണത്രെ. അതായിരിക്കണം ആ വീട് വലിയതും ഭംഗിയുള്ള പെയിന്റ് പൂശിയതുമായത്. മുറ്റത്ത് കുറേ ചെടികളുള്ള പൂന്തോട്ടം. മതിലും അതിനൊരു ഗയ്റ്റും. രാവിലെ എട്ട് എട്ടരയാകുമ്പോള്‍ മീന്‍ കാരന്റെ 'പൂ....യ്യ്...ഹാ..' വിളി കേള്‍ക്കാം. എന്നും ആ വീടിനു മുന്നില്‍ അയാള്‍ നില്‍ക്കും വാതില്‍ തുറന്ന് വെളുത്ത സുന്ദരിപ്പെണ്ണുങ്ങള്‍ മീന്‍ വാങ്ങാന്‍ ഇറങ്ങി വരും. മീന്‍ വാങ്ങി അവര്‍ വല്ല്യമ്മയുടെ വീട്ടിലേക്ക് നോക്കി വിളിച്ചു ചോദിക്കും.

"ലതേച്ചീ...മീന്‍ വേടിക്കിണില്ലേ??"

" ഇല്ലെടെണ്ണ്യേ... ഞാന്‍ സാമ്പാറ് അടപ്പത്ത് വെച്ചു"

ലതചേച്ചി ഇവിടന്ന് വിളിച്ച് പറയും.'ഇന്ന് സാമ്പാറോ?' എന്ന് അതിശയപ്പെട്ട് ഞാന്‍ അടുക്കളയില്‍ കയറി നോക്കുമ്പോള്‍ അരി അടുപ്പത്തിട്ട കലം മാത്രം കാണാം. 'എവ്ടെ സാമ്പാറ് ?' എന്ന് കണ്ണും മിഴിച്ച് ഞാന്‍ ചേച്ചിയെ നോക്കുമ്പോള്‍ ചേച്ചി മുഖം കോട്ടി പറയും :

" ഓ പിന്നേ, കല്ല്യാണല്ലേ സാമ്പാറ്ണ്ടാക്കാന്‍! അരച്ചലക്കി കൂട്ടി ചോറുണ്ടാ മതി. മീനൊക്കെ ഭയങ്കര വെലാ.."

അതും പറഞ്ഞ് ചേച്ചി മുഷിഞ്ഞ തുണിക്കെട്ടെടുത്ത് അലക്കുകല്ലിനടുത്തേക്ക് പോകും.

ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ പലരും കുറച്ചു നേരം കിടന്നുറങ്ങും ഉറക്കം വരാതാകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ 'തറ'യില്‍ പോയിരുന്ന് കളിക്കും ഒരു ദിവസം ഒറ്റക്ക് കളിച്ച് മടുത്തപ്പോള്‍ പതുക്കെ തെക്കേലെ വീട്ടില്‍ പോയി. അവരുടെ വടക്കേപ്പുറത്ത് ഇരുമ്പം പുളി മരമുണ്ട്. ഇരുമ്പന്‍ പുളിയും ഉപ്പും കൂട്ടി തിന്നാന്‍ ഭയങ്കര രസമായിരിക്കും. വടക്കേപ്പുറത്ത് പുളിമരത്തിന് ചുറ്റും പുളി പരതി നടന്നപ്പോള്‍ അടുക്കളയില്‍ നിന്ന്‍ അവിടത്തെ ചേച്ചിയുടെ ശബ്ദം :

"എന്തൂട്ടന്റാ നോക്കണത്? ഇങ്ങ്ട് വാടാ കണ്ണാ.." ഞാന്‍ മടിച്ച് മടിച്ച് അടുക്കളയിലേക്ക് ചെന്നു.

"നീ ചോറുണ്ടാ?" ഞാന്‍ തലയാട്ടി.

"എന്തുറ്റായിരുന്നു കൂട്ടാന്‍?"

"അരച്ചലക്കി" ഞാന്‍ നിഷ്കളങ്കമായി പറഞ്ഞു. അപ്പോളെന്തിനാവോ അവരൊന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു :

"അപ്പൊ മീന്ണ്ടായിര്ന്നില്ലേ?"

"ഉം.." ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"നിന്‍ക്ക് മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണണോ ഇവ്ട്ന്ന്?"

മീന്‍ കൂട്ടാന്‍ എന്നു കേട്ടതും ഭയങ്കര കൊതി തോന്നിയെങ്കിലും അധികം പരിചയമില്ലാത്ത വീടല്ലേ, ആള്‍ക്കാരല്ലേ, അവ്ട്ന്ന് ചോറുണ്ണാണ്‍ പാടുണ്ടോ, ചോറുണ്ടാല്‍ വല്ല്യമ്മയോ ചേച്ചിമാരോ ചീത്ത പറയുമോ എന്നൊക്കെയുള്ള പേടി കാരണം ഞാന്‍ ചോറുണ്ണാന്‍ നിന്നില്ല. പുളി പെറുക്കി വീട്ടില്‍ വന്നു. ഉപ്പെടുക്കാന്‍ അടുക്കളയില്‍ കയറിയതും...

"എവ്ടെ പോയെടാ.. ഈ ഉച്ച നേരത്ത്?" ഇരുട്ടില്‍ നിന്നും ഗിരിജേച്ചിയുടെ ശബ്ദം.

" ദേ ദപ്രത്ത്, ഇരുമ്പന്‍ പുളി പെറുക്കാന്‍." ഉപ്പെടുക്കവേ ഞാന്‍ പറഞ്ഞു.

"ആ! ഇനി അതും കൂടി വേണ്ടു. ഉപ്പും പുളീം തിന്ന് വയറെളക്കം പിടിച്ചോട്ടാ... എന്നെ വിളിക്കണ്ട രാത്രീല്.."

ഞാനൊന്നും മിണ്ടാതെ കല്ലുപ്പു വാരിയെടുത്തു.

"അവര് വല്ലോം ചോയ്ച്ചോടാ?

അവര്‍ എന്തുറ്റാ കൂട്ടാന്‍ എന്നൊക്കെ ചോദിച്ചതും മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണാന്‍ വിളിച്ചതും എല്ലാം ഞാന്‍ വിശദമായി പറഞ്ഞതും...

" അസത്തേ... സാമ്പാറാണെന്ന് പറഞ്ഞൂടായിരുന്നെടാ നെനക്ക്? നാണക്കേടാക്കി കുരുത്തം കെട്ടോന്‍"

അതോടെ ഗിരിജേച്ചി ഉറക്കം നിര്‍ത്തി എണീറ്റിരുന്നു. ഞാന്‍ ഉപ്പ് വാരിയെടുത്ത് പുറത്തേക്കോടി. നേരെ 'തറ'യില്‍ വന്നിരുന്നു. ഒരു ഭാഗം വെടിപ്പാക്കി കയ്യിലെ ഉപ്പ് കൊട്ടിയിട്ട് കീശയില്‍ നിന്ന് ഇരുമ്പന്‍ പുളി ഓരോന്നായി പുറത്തെടുത്ത് ഉപ്പില്‍ മുക്കി കടിച്ചു തിന്നാന്‍ തുടങ്ങി. കൊതികാരണം വായീന്ന് തുപ്പലം തെറിച്ചു. നാവിലെവിടെയോ കൂട്ടിക്കടിച്ചു, അതൊന്നു കാര്യമാക്കാതെ ഞാന്‍ കീശയിലെ പുളി ഓരോന്നായി തീര്‍ക്കാന്‍ തുടങ്ങി.




(തുടരും)

.

Monday, October 13, 2008

ദൃശ്യപര്‍വ്വം-2 (കന്യാകുമാരി കാഴ്ചകള്‍)

..
എന്തായാലും പുലര്‍ച്ചെ തന്നെ നമുക്ക് കന്യാകുമാരിയില്‍ എത്താന്‍ പറ്റി. അതുകൊണ്ട് സൂര്യോദയവും കാണാന്‍ പറ്റി.




ആര്‍ത്തലച്ചുവരുന്ന തിരമാലകളെ ഫ്രെയിമിലൊതുക്കാന്‍ ശ്രമിക്കുന്ന ഒരു സഞ്ചാരി

എന്തായാലും ഇത്രടം വന്നതല്ലേ. വിവേകാനന്ദ പാറയും സ്മാരകവും കൂടി കണ്ടിട്ടു പോകാം. വിവേകാനന്ദ സ്മാരകവും വള്ളുവര്‍ പ്രതിമയും, ഒരു വിദൂര ദൃശ്യം.


വിവേകാനന്ദ സ്മാരകത്തിന്റെ വിവിധ ദൃശ്യങ്ങള്‍




എന്തായാലും തൊട്ടടുത്ത വിവേകാനന്ദ കേന്ദ്രത്തിലും കൂടിയൊന്നു കയറിയിട്ടു പോകാം. മനോഹരമായ ഉദ്യാനവും, മയില്‍ വളര്‍ത്തല്‍ സങ്കേതവും, വിവേകാനന്ദ സ്മൃതിയും കണ്ടിട്ട് പോകാം.






വിവേകാനന്ദ കേന്ദ്രത്തില്‍ നിന്നൊരു വിദൂര ദൃശ്യം


അസ്തമയവും കൂടി കാണാതെ പോകുന്നതെങ്ങിനെ??



.


.

Monday, October 6, 2008

ദൃശ്യപര്‍വ്വം.1- നാട്ടിലെ കാഴ്ചകള്‍

.

ഒരു മാസം നാട്ടിലായിരുന്നു. (വിശേഷങ്ങളൊക്കെ കഴിഞ്ഞ പോസ്റ്റിലുണ്ടായിരുന്നല്ലോ.) വിവാഹവും, വിരുന്നും കഴിഞ്ഞിപ്പോള്‍ വിരഹത്തിലാണ്. ഒരുമാസമായി അടച്ചിട്ടിരുന്ന ബ്ലോഗ് പൊടിതട്ടിയെടുത്തേക്കാം എന്നൊരു അഹങ്കാരം. അതുകൊണ്ട് നാട്ടിലായിരുന്നപ്പോള്‍ ക്യാമറയില്‍ പതിഞ്ഞ ഏതാനും ചിത്രങ്ങളായേക്കം എന്നു തോന്നി. (ഫോട്ടോഗ്രാഫറല്ലാത്തതുകൊണ്ടും, ക്യാമറയുടെ ‘നിലവാരം’ കൊണ്ടും എന്നെക്കൊണ്ട് ഇത്രയേ പറ്റൂ)
തൃശ്ശൂര്‍ ജില്ലയിലെ മതിലകം കനാല്‍. കനോലികനാലിന്റെ ഒരു കൈവഴി. മതിലകം പാലത്തില്‍ നിന്നെടുത്ത ദൃശ്യങ്ങള്‍.


തൃശ്ശൂര്‍-ഊരകം- കടലാശ്ശേരി ഗ്രാമത്തില്‍ നിന്ന്. ഒരു നാട്ടിടവഴി, പുഴയിലേക്കുള്ള പടികളും. ഒപ്പം സന്ധ്യയുടെ പശ്ചാത്തലത്തില്‍ പുഴ.


യാത്രകള്‍ അവസാനിച്ചത് ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍. മറ്റൊന്നിനുമല്ല. യാത്ര കന്യാകുമാരിയിലേക്ക് തന്നെ. അയലന്റ് എക്സ്പ്രെസും കാത്തുള്ള നില്‍പ്പാണ്.

ഇരിങ്ങാലക്കുട റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് കിഴക്കോട്ട് നോക്കിയാല്‍ കാണുന്ന പ്രകൃതി ദൃശ്യം.
‘ട്രെയിന്‍ വരുന്നതിനു മുന്‍പ് ഒന്നു മുറുക്കിയേക്കാം’

നാട്ടിലെ ദൃശ്യങ്ങള്‍ തീരുന്നു. ഇനി കന്യാകുമാരിയില്‍ ചെന്നിട്ട് കാണാം. അവിടത്തെ ദൃശ്യങ്ങള്‍ മറ്റൊരിക്കല്‍..

.