Monday, June 22, 2009

തബല സുധാകര ചരിതം

.

സുധാകരന്‍, ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറും സുധാകരനല്ല; തബല സുധാകരനാണ്. നാട്ടിലെ ഒരേയൊരു തബലിസ്റ്റ്. എന്നു പറഞ്ഞാല്‍ ഞങ്ങളുടെ പഞ്ചായത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തബല പഠിച്ച്, പിന്നീട് ചെറു പരിപാടികള്‍ക്ക് തബല വായിച്ച് കേരളത്തിലെ അറിയപ്പെടുന്ന ഗാനമേളട്രൂപ്പുകളില്‍ തബലിസ്റ്റായ ഒരേയൊരു ആളേയുള്ളു അത് തബല സുധാകരനാണ്. സുധാകരന്റെ കയ്യിലാണ് ഞങ്ങള്‍ ആദ്യമായി തബല കാണുന്നതെന്നും, തബലയെന്നാല്‍ ഇങ്ങിനെയാണിരിക്കുകയെന്നുമൊക്കെ പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പിന്നീട് പലരും തബല പഠിക്കാനോ മറ്റോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് സുധാകരനും തബലയുമായുള്ള ആത്മബന്ധം തുടങ്ങിയതിനു ശേഷമായിരിക്കും അല്ലെങ്കില്‍ അതില്‍ നിന്നും ഇന്‍സ്പിരേഷന്‍ കിട്ടിയിട്ടായിരിക്കും എന്നത് മൂന്നരത്തരം.

തബലയില്‍ സുധാകരന്‍ അഗ്രഗണ്യനായിരുന്നെങ്കിലും ഞങ്ങളുടെയൊക്കെ വിഹാര രംഗങ്ങളായിരുന്ന ജനതാ കോര്‍ണര്‍, പഞ്ചായത്ത് ഹാള്‍ മുറ്റം, പഞ്ചായത്ത് ലൈബ്രറി, കോണത്തുകുന്നിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍ ഇവിടങ്ങളിലെ ‘സുഹൃദ് സംഗമം’ എന്ന് വിളിപ്പേരിട്ട വായ് നോട്ട / പരദൂഷണ സംഘങ്ങളില്‍ സുധാകരന്‍ വളരെ വീക്കായിരുന്നു. ആരെങ്കിലും തമാശ പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ച് കഴിഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോഴായിരിക്കും സുധാകരന്‍ ആദ്യത്തെ തമാശയുടെ ചിരിയുതിര്‍ത്തിരുന്നത്. ചുരുക്കത്തില്‍ ഇത്തിരി സ്ലോ, മിതഭാഷി, നിര്‍ദ്ദോഷി, നിര്‍ഗ്ഗുണന്‍. അന്നൊന്നും സിക്സ് പാക്കും ഏയ്റ്റ് പാക്കും ഇല്ലാത്തതു കൊണ്ട് ആകെയുള്ള ഒരു പാക്ക് വയറേ സുധാകരനുണ്ടായിരുന്നുള്ളു. ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര പ്രകൃതി. കറുപ്പാണോ, കറൂം കറുപ്പാണൊ എന്നു തിരിച്ചറിയാനാവത്ത നിറം, ആവശ്യത്തിനും അനാവശ്യത്തിനും വിടരുന്ന ഇളിഭ്യച്ചിരി. ഇതുകൊണ്ടൊക്കെ തന്നെ പലരേയും പറ്റി ചുമ്മാ കഥകളുണ്ടാക്കുന്നതില്‍ വിരുതന്മാരായ ചിലര്‍ സുധാകരനേയും കുറിച്ചു കഥകളുണ്ടാക്കിയതോടെ എല്ലാ അബദ്ധകഥകളിലേയും മെഗാതാരാം സുധാകരനായിത്തീര്‍ന്നു. ശരിക്കും പറഞ്ഞാല്‍ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മലയാള സിനിമ തിരക്കഥകളൊരുക്കുന്ന പ്രവണതക്കു മുന്‍പേ തന്നെ സുധാകരനു വേണ്ടി ഒരു പാടു സൂപ്പര്‍ ഹിറ്റ് തിരക്കഥകളൊരുക്കി ഞങ്ങള്‍ സുഹൃദ് സംഘം അത്തരം പ്രവണത അന്നേ നാട്ടില്‍ ഉണ്ടാക്കിയിരുന്നു എന്നതായിരുന്നു ചരിത്ര സത്യം!. ഒരു കാര്യം ഉറപ്പായിരുന്നു. തബലയിലെന്നപോലെ സുധാകരന്‍ മറ്റൊന്നിലും കൂടി അഗ്രഗണ്യനായിരുന്നു, പറയുന്ന മണ്ടത്തരങ്ങളിലും.


അതുകൊണ്ട് തന്നെ സുധാകരന്‍ നായകനായ മണ്ടത്തരകഥകള്‍ക്ക് നാട്ടില്‍ പഞ്ഞമേതുമുണ്ടായില്ല. ചില സാമ്പിളുകള്‍ തരാം :

പൂവത്തുംകടവില്‍ ഇപ്പോഴത്തെ പാലം വരുന്നതിനു മുന്‍പേ അപ്പുറമുള്ള എസ്. എന്‍ പുരത്തേക്ക് പോകാന്‍ കടത്തു വഞ്ചിയായിരുന്നു. ഒരു ദിവസം അക്കരേക്കു പോകാന്‍ സുധാകരന്‍ കടത്തിനവിടെ വന്നതും നിറയെ ആളുകളുമായി കടത്തു വഞ്ചി ഇക്കരെകടവില്‍ നിന്നും തെല്ലകലെ മാത്രം ആയിട്ടുള്ളു. വേണേല്‍ ഒന്നാഞ്ഞു ഓടിവന്ന് ചാടിയാല്‍ വഞ്ചിയില്‍ കയറാം. സുധാകരന്‍ മറ്റൊന്നും ചിന്തിച്ചില്ല. വഞ്ചിയില്‍ നില്‍ക്കുന്ന ‘കളറു’കളെ ഒന്നു ഒളികണ്ണിട്ടു നോക്കി നാലഞ്ച് സ്റ്റെപ്പ് പുറകോട്ട് നടന്ന് വഞ്ചിക്കാരനെ വിളിച്ച് ഓടിവന്നൊരു ചാട്ടം.


“കറപ്പേട്ടാ..... വഞ്ചി വിടല്ലേ... ഒരാള്‍ കേറിക്കോട്ടെ... ഊഊഊഊഉ.. ആഹ്!!“

ഇരുകാലുകളും കവച്ചു കുത്തി സുധാകരന്‍ ബാലന്‍സ് ചെയ്തപ്പോള്‍ വഞ്ചിയൊന്നു ആടിയുലഞ്ഞു. വഞ്ചിക്കാരന്‍ കറപ്പേട്ടന്‍ കഴുക്കോല്‍ താഴ്ത്തിക്കുത്തി വഞ്ചി ബാലന്‍സ് ചെയ്തു. ‘ദെന്താപ്പോ ഉണ്ടായേ’ എന്ന് കണ്ണ് മിഴിച്ച് നിന്ന യാത്രക്കാരേയും കറപ്പേട്ടനേയും കണ്ണിറുക്കി നോക്കി സുധാകരന്‍ ചോദിച്ചു :

“എങ്ങനുണ്ട് കറപ്പേട്ടാ കറക്റ്റല്ലേ? എങ്ങനുണ്ട്?”

വെള്ളത്തില്‍ നിന്ന് കഴുക്കോല്‍ പൊക്കി കറപ്പേട്ടന്‍ ഒരൊറ്റ ഗര്‍ജ്ജനം : “ഫ!! കുരിപ്പേ, നിന്റമ്മക്കു വായു ഗുളിക വേടിക്കാന്‍ പോവ്വണ്ടാ നീയ്യ് ? വഞ്ചി അങ്ക്ട് കരക്കടുപ്പിച്ചിട്ട് ആളോള്‍ ഇറങ്ങിയിട്ട് കേറ്യാപോരെടാ തെണ്ടീ? ആളോള്‍ മുഴോന്‍ കേറാണ്ടെങ്ങനണ്ടാ അക്കരേക്ക് വഞ്ചി പോണത്?“

അക്കരെനിന്ന് ആളുകളെ കയറ്റി ഇക്കരേക്ക് വരികയായിരുന്ന വഞ്ചി ഇക്കരെ അടുപ്പിക്കാറായതേയുള്ളു എന്ന സത്യം സുധാകരന്‍ മനസ്സിലാക്കുമ്പോഴേക്കും വഞ്ചിയിലാകെ ചിരി കയറി.

മറ്റൊരു സാമ്പിള്‍ :

ആലുക്കത്തറ അമ്പലത്തിലെ ഉത്സവത്തിനു സുധാകരനും ചില കൂട്ടൂകാരും പപ്പടവടയും കട്ടന്‍ ചായയുമിട്ട് തട്ടുകട നടത്തിയതില്‍ സുധാകരന്റെ വക വാടകക്കെടുത്ത പെട്രോമാക്സ് ആയിരുന്നു കോണ്ട്രിബൂഷന്‍. അത് കൃത്യമായും കൊണ്ടുവരികയും തിരിച്ചു കൊണ്ടു കൊടുക്കേണ്ടതും വാടക കൊടുക്കേണ്ടതും സുധാകരന്റെ ഉത്തരവാദിത്വം. രാത്രി നാടകവും കച്ചവടവും കഴിഞ്ഞ് കട പൂട്ടാനൊരുങ്ങുമ്പോഴാണ് സുധാകരന്റെ കൂട്ടുകാര്‍ തങ്ങള്‍ക്കൊരു ഉപകാരം ചെയ്യണമെന്നും ഉത്സവപ്പറമ്പിന്റെ അപ്പുറം പാടത്തിന്റെ കരയില്‍ ചീട്ടു കളി നടത്തുന്നുണ്ടെന്നും അതിന് സുധാകരന്റെ പെട്രോമാക്സ് വേണമെന്നും ആവശ്യപ്പെടുന്നത്. സുധാകരനല്ലേ, കൂട്ടുകാരല്ലേ, നല്ല മനസ്സല്ലേ എന്നുകരുതി വാടക തരണമെന്ന കരാറില്‍ സുധാകരന്‍ പെട്രോമാക്സ് കൊടുത്തു, . പാടത്തിന്റെ വരമ്പത്ത് കളി തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ സുധാകരനും വന്നു പങ്കുചേര്‍ന്നു. പാടത്തിനിരുവശവും കൈതക്കാടുകളും ചെറിയ പൊന്തകാടുകളുമാണ്. കളി കുറേ പിന്നിട്ടപ്പോഴാണ് വിസിലിന്റെ അകമ്പടിയോടെ മൂന്നാലു പോലീസു കാരുടെ വരവ്.

“ഓടിക്കോടാ...” എന്നു പറഞ്ഞ് കൂട്ടുകാര്‍ ചിതറിയോടി കൈതക്കാട്ടിലും പൊന്തക്കാട്ടിലും ഒളിച്ചു, പെട്രോമാക്സ് തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ള സുധാകരന്‍ അതിനെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തയ്യാറായില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ പെട്രോമാക്സും എടുത്ത് സുധാകരനും ഓടി അടൂത്തുകണ്ട പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീടുള്ള കാര്യം പറയേണ്ടല്ലോ, പോലീസുകാര്‍ക്ക് പണി കുറവായി. വെളിച്ചം കണ്ട പൊന്തക്കാട്ടില്‍ നിന്നും അവര്‍ സുധാകരനെ ഈസിയായി പൊക്കി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടത്രേ!


ഇതത്രയും സുധാകരനെക്കുറിച്ചുള്ള കല്പിതകഥകളെങ്കിലും സുധാകരനെ അറിയുന്നവര്‍ ഇതൊരിക്കലും അവിശ്വസിക്കില്ല, കാരണം സുധാകരന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന് ഒരു ധാരണയുണ്ട്. സംഗതി ആളൊരു ശുദ്ധനാണെങ്കിലും ശുദ്ധന്‍ ദുഷ്മന്റെ റിസള്‍ട്ട് ഉണ്ടാക്കുമെന്നല്ലോ പഴമൊഴി. എന്നാല്‍ ഇക്കഥകളെയൊന്നും പ്രതിരോധിക്കാനൊട്ടു സുധാകരനു കഴിഞ്ഞതുമില്ലാന്നു മാത്രമല്ല അതിനെ എതിര്‍ത്ത് വല്ലതും പറഞ്ഞാല്‍ വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി എന്നു പറഞ്ഞതുപോലെയാകും, അതോടെ പുതിയകഥകളിറങ്ങുകയും ചെയ്യും.

പക്ഷേ ആയിടക്ക് സുധാകരന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം ഈ പറഞ്ഞകഥകള്‍ക്കൊക്കെ ആക്കം കൂട്ടിയ ഒരു സംഭവമുണ്ടായി.

ഒരു ദിവസം ഉച്ചയോടെ കൊടൂങ്ങല്ലൂരിലേക്ക് പോകാന്‍ വേണ്ടി കോണത്തുകുന്ന് ജംഗ്ഗ്ഷനിലേക്കുള്ള നടത്തത്തിലായിരുന്നു സുധാകരനും കൂടെ തന്റെ തബലയും. അന്ന് രാത്രി തൃപ്രയാറൊ മറ്റോ ഒരു ഗാനമേളയുണ്ടായിരുന്നു. എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രൂപ്പിന്റെ വണ്ടി കൊടുങ്ങല്ലൂരിലെത്തി സുധാകരനെ പിക്ക് ചെയ്യും. അതായിരുന്നു പ്ലാന്‍, അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുമായി, തോളില്‍ തബലയെ ഭദ്രമായി പൊതിഞ്ഞെടുത്ത് ലാടവൈദ്യക്കാര്‍ മരുന്നു സഞ്ചി തോളിലിടും പോലെ തോളില്‍ തൂക്കി അലക്കി തേച്ച പാന്റും ഷര്‍ട്ടുമായി ഒരു ചുള്ളനായിട്ടായിരുന്നു സുധാകരന്റെ വരവ്.

വരുംവഴി കല്ലുവെട്ടുകാരന്‍ വേലായുധേട്ടന്റെ വടക്കേ പുറത്ത് ഒരാള്‍ക്കുട്ടം. ആണുങ്ങളും പെണ്ണൂങ്ങളും കുട്ടികളും പട്ടികളുമായി ഒരു മിനിപൂരം. സംഗതിയറിയാന്‍ വേണ്ടി സുധാകരന്‍ തന്റെ തബല ഭാണ്ഡം വേലിക്കരികില്‍ വെച്ച് വടക്കേപുറത്തേക്ക് ചെന്നു. സുധാകരന്റെ ഭാഷയില്‍ അതി ദാരുണമായിരുന്നു സംഭവം. വേലായുധേട്ടന്റെ ഭാര്യ കാര്‍ത്ത്യായനിചേച്ചി ഓമനിച്ചു വളര്‍ത്തിയ പിടക്കോഴി കിണറിനകത്തു നീന്തല്‍ പഠിക്കുന്നു. ഓമനക്കോഴിക്ക് അടുത്തിടെ വിരിഞ്ഞുണ്ടായ എട്ടുകുഞ്ഞുങ്ങള്‍ കിണറിന്റെ പരിസരത്തുനിന്ന് കീയോ കീയോ. പറക്കുമുറ്റും മുന്‍പ് തങ്ങളെ ഉപേക്ഷിച്ചു പോയതില്‍ വേദന തോന്നീട്ടോ, കാര്‍ത്ത്യായനിച്ചേച്ചിയുടെ അമ്മത്തൊട്ടിലിലേക്ക് തങ്ങളെ നിഷ്കരുണം വലിച്ചെറിഞ്ഞതില്‍ രോക്ഷം പൂണ്ടിട്ടോ സഹകരണസംഘത്തിന്റെ കൊടിപോലെ പല കളറുകളുള്ള ആ കോഴികുഞ്ഞുങ്ങള്‍ ഇടക്കിടക്ക് കരച്ചിലിന്റെ വോളിയം കൂട്ടാനും കിണറ്റിന്‍ കരയിലേക്ക് ചാടിക്കയറാനും ശ്രമം നടത്തുന്നുണ്ട്.

സുധാകരനും കിണറിനകത്തേക്ക് എത്തിനോക്കി. സംഗതി ശരിയാണ്. അമ്മക്കോഴി ഇപ്പോള്‍ ബാക്ക് സ്ട്രോക്ക് പരിശീലിക്കുകയാണ്. കുറച്ചു കഴിഞ്ഞാല്‍ ബട്ടര്‍ഫ്ലൈ നീന്തുമായിരിക്കും. കിണറ്റില്‍ വീണു പോയ കോഴിയെ പൊക്കിയെടുക്കാന്‍ പലരും പല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അഭിപ്രായങ്ങളിങ്ങനെ :

1) ഒരു വലിയ കൊട്ട കയറില്‍ കെട്ടി കിണറ്റിനകത്തേക്ക് ഇറക്കുക, കോഴി അതില്‍ കയറുമ്പോള്‍ പൊക്കിയെടുക്കാം.
2) അതല്ല കുട്ടയില്‍ കുറച്ച് ചോറ് വെച്ചു കൊടുക്ക്, അത് കണ്ട് കോഴി കുട്ടയില്‍ കയറും അപ്പോള്‍ പൊക്കിയെടുക്കാമെന്ന് മറ്റൊരാള്‍.
3) ഒരു ഏണി വച്ചു കൊടൂത്താല്‍ ഏണിയില്‍ കൂടി കയറില്ലേ എന്ന് വേറൊരുത്തി (അതിനു കാര്‍ത്ത്യായനി ചേച്ചി പറഞ്ഞ മറുപടി ഇവിടെ എഴുതുന്നില്ല)
4) ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള്‍ (അതു പറഞ്ഞയാള്‍ക്ക് കാര്‍ത്ത്യായനി ചേച്ചി രണ്ട് വരി “സരസ്വതീ സ്തുതി’ പാടി കൊടുത്തു)

അഭിപ്രായ സമന്വയമാകാതെ പാസ്സാക്കാന്‍ പറ്റാത്ത വനിതാ സംവരണ ബില്‍ കണക്കേ അഭിപ്രായമേറെ പറഞ്ഞിട്ടും ഏറെ പണിപ്പെട്ടിട്ടും കോഴി കിണറ്റിനുള്ളില്‍ തന്നെ നീന്തല്‍ തുടര്‍ന്നു. ഗ്രൂപ്പ് ബ്ലോഗില്‍ കുമിഞ്ഞു കൂടുന്ന കമന്റ് കണക്കേ നാട്ടുകാരുടെ ഓപ്ഷനുകള്‍ ഒരുപാടായപ്പോളാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന സുധാകരന്റെ തബലപോലെയുള്ള തലയില്‍ ഒരുഗ്രന്‍ ഐഡിയ വന്നത്.

“ എന്റെ കാര്‍ത്ത്യാനേച്ച്യേ ഇങ്ങനൊന്നും ചെയ്തിട്ടൊരു കാര്യോല്ലാട്ടാ. കൊട്ട വെച്ചാലും കൊട്ടേല്‍ ചോറ് വെച്ച് കൊടുത്താലും കോഴി കേറുന്ന് എനിക്ക് തോന്ന്ണില്ല്യ”

“പിന്നെ എന്തണ്ടാ സുധാരാ ചെയ്യാ?” നെഞ്ചത്തടിക്കും നെലവിളിക്കും ഒരു ഷോര്‍ട്ട് ബ്രേക്ക് കൊടുത്ത് കാര്‍ത്ത്യായനി ചേച്ചി സുധാകരന്റെ അടുത്തുവന്നു

“ അതേ തള്ളക്കോഴിക്ക് ഏറ്റോം ഇഷ്ടള്ളൊത് എന്തുറ്റാ?”

കിണറിനു ചുറ്റും വട്ടം കൂടിയവര്‍ മുഖത്തോടു മുഖം നോക്കി. ആ അത്ഭുതത്തിനു മുകളിലേക്ക് സുധാകരന്‍ തന്റെ ഐഡിയ പറഞ്ഞു.

“ അതിന്റെ കുഞ്ഞോളെ തന്നെ. ആ കൊട്ടേല്‍ കുഞ്ഞുങ്ങളെ ഇട്ട് കെണറ്റിലേക്കിറക്കാ... കുഞ്ഞുങ്ങളെ കാണുമ്പോള്‍ തള്ളക്കോഴി വേഗം കുഞ്ഞുങ്ങളുടെ അടുത്തേക്ക് വരാന്‍ വേണ്ടി കൊട്ടേല്‍ കേറും . അപ്പ നമുക്ക് കൊട്ട് പൊന്തിച്ചെടുക്കാം”

സുധാകരന്റെ ഐഡിയ കേട്ടതും, ‘ശ്ശേഡാ ഇതെന്തേ ഞങ്ങള്‍ക്കാദ്യം തോന്നില്ല” എന്നു വിചാരിച്ച് പെണ്ണുങ്ങള്‍ മൂക്കത്തു വിരല്‍ വച്ചു, ചില ആണുങ്ങള്‍ ചന്തി ചൊറിഞ്ഞു. താമസിയാതെ കയറെടുത്ത് വലിയൊരു കുട്ട അതിനോട് ഭദ്രമായി പിടിപ്പിച്ച് അതിലേക്ക് എട്ടും പൊട്ടും തിരിയാത്ത എട്ട് കളര്‍ കുഞ്ഞുങ്ങളെ ഇറക്കി വച്ചു, വേലായുധേട്ടനും നാട്ടുകാരും കൂടി കയര്‍ പതിയെ പതിയെ കിണറ്റിലേക്ക് ഇറക്കി. കീയോ കീയോ ശബ്ദം കിണറിന്റെ ആഴങ്ങളിലേക്ക് നേര്‍ത്തു നേര്‍ത്തു പോയിക്കൊണ്ടിരുന്നു. കിണറ്റിന്‍ കരയില്‍ അക്ഷമരായ ഒരുപാടു കണ്ണുകള്‍, വിജയശ്രീലാളിതനായ മുഖത്തോടെ സുധാകരന്‍, ഇതുവരെ ഇടിച്ച ഇടിയുടെ വേദനകൊണ്ടാണാവോ എന്തോ അമ്മിക്കല്ലിനരികെയിരുന്നു കാര്‍ത്ത്യായനിചേച്ചി നെഞ്ചത്തിടി മതിയാക്കി ഇടിച്ചു പഞ്ചറായ നെഞ്ചു തടവാന്‍ രണ്ടാമതും ഒരു ഷോര്‍ട്ട് ബ്രേക്ക് എടുത്തു. കുട്ടയില്‍ കെട്ടിയ കയര്‍ പതിയെ വെള്ളത്തിനു തൊട്ട് മുകളിലേക്ക് എത്തുവാന്‍ തുടങ്ങി.കോഴി അപ്പോഴേക്കും പ്രാണഭയം മൂലം കിണര്‍ ഒരു പരുവമാക്കിയെടുത്തിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ നിറയെ കോഴിത്തുവലുകള്‍.

അങ്ങിനെ വേലായുധേട്ടനും കൂട്ടരും എട്ടു കുഞ്ഞുങ്ങളെയിട്ട് കെട്ടിയിറക്കിയ കുട്ട പതിയെ വെള്ളത്തിനു മീതെ തൊട്ടൂ തൊട്ടില്ല എന്നു മട്ടിലെത്തിയതും, കുഞ്ഞുങ്ങളെ കണ്ട പിടക്കോഴി ഉച്ചയുണ്ടാക്കാന്‍ ശ്രമിച്ചതും, അമ്മയെ കണ്ട എട്ട് കുഞ്ഞുങ്ങള്‍ “കീയോ കീയോ ...ഞങ്ങടമ്മേ... ...കീയോ കീയോ” എന്നു പറഞ്ഞ് കുട്ടയില്‍ നിന്ന് വെള്ളത്തില്‍ കിടന്ന തള്ളക്കോഴിയുടെ അടുത്തേക്ക് ഡൈവ് ചെയ്തതും ഒരുമിച്ചായിരുന്നു.

വേലായുധേട്ടനും കൂട്ടരും നോക്കുമ്പോള്‍ തള്ളക്കോഴിയും എട്ട് കോഴിക്കുഞ്ഞുങ്ങളും വെള്ളത്തില്‍.......

“ഊശ്ശ്സ്സ്സ്......“ എന്ന് നെടുവീര്‍പ്പോ നിശ്വാസമോ എന്താണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരത്താല്‍ ഒരു ശബ്ദം അവിടെ കൂടിയിരുന്നവരുടെ വായില്‍ നിന്നും വന്നു. കിണറ്റില്‍ നിന്നു കണ്ണെടുത്ത് അവര്‍ നോക്കിയത് സുധാകരനെയായിരുന്നു. ‘സംഗതി പണി പാളിയാ?’ എന്ന് ചിന്തിച്ച് സുധാകരന്‍ കിണറ്റിലേക്ക് നോക്കുമ്പോള്‍ നീന്തി തളര്‍ന്ന തള്ളക്കോഴിയും മുങ്ങാന്‍ തുടങ്ങുന്ന ചില കുഞ്ഞുങ്ങളും പ്രാണരക്ഷാര്‍ത്ഥം മുങ്ങുന്ന തള്ളയുടെ പുറത്തു കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചില കുഞ്ഞുങ്ങളേയുമാണ്.

എല്ലാ കണ്ണുകളും സുധാകരനിലേക്കായതോടെ വെള്ളത്തില്‍ വീണത് കോഴിയായിരുന്നെങ്കിലും നനഞ്ഞ കോഴിയുടെ അവസ്ഥയായിരുന്നു സുധാകരനപ്പോള്‍. കയര്‍ താഴെയിട്ട് വേലായുധേട്ടന്‍ സുധാകരന്റെ അടുത്തേക്ക് വന്നു

“ നിനക്ക് പ്രാന്ത്ണ്ടടാ കുരിപ്പേ? ആദ്യം തള്ളക്കോഴിമാത്രേ ഉണ്ടായിരുന്നുള്ളു കെണറ്റില്‍. ആ കുഞ്ഞുങ്ങളെയെങ്കിലും ഞങ്ങള്‍ക്ക് കിട്ട്യേനെ”

“ അല്ല വേലായുധേട്ടാ...എനിക്കറിയോ അവറ്റകള്‍ കെണറ്റില്‍ ചാടുന്ന്...ഞാനിപ്പോ”

അപ്പോളേക്കും വിവരമറിഞ്ഞ കാര്‍ത്ത്യായനി ചേച്ചി ഷോര്‍ട്ട് ബ്രേക്ക് നിര്‍ത്തി നെഞ്ചത്തടിസീരിയല്‍ പതിവിലേറെ കനത്തിലാക്കി സുധാകരനു നേരെ ഓടി വന്നു.

“ എടാ തപലമോറാ...എന്റെ പെടക്കോഴ്യേം കുഞ്ഞുങ്ങളേയും കെണറ്റില്‍ തള്ളി കൊന്നില്ലേടാ... നീ പണ്ടാറാവുള്ളൂടാ...”

“ അല്ല ചേച്ച്യേ....അതിപ്പോ ...ഞാന്‍..” കാര്‍ത്ത്യായനി ചേച്ചിയുടെ അപശ്രുതിക്ക് അപതാളം കൊട്ടേണ്ട സ്ഥിതിയിലായി സുധാകരന്‍.

“ ഫ!! തെണ്ടീ, തോന്ന്യാസം പറഞ്ഞിട്ട് നിന്ന് നെരങ്ങുന്നോടാ? വേഗം ആ കോഴീനേം കുഞ്ഞുങ്ങളേയും എടുത്തുതാടാ” വേലായുധേട്ടന്‍ കല്ലുവെട്ടിവെട്ടി തഴമ്പുവന്ന കയ്യു തടവി.

“ അയ്യോ ഇന്ന് പറ്റില്ല ചേട്ടാ.. എനിക്കിപ്പോ തൃപ്പയാര്‍ക്ക് പോണ്ടതാ.. ഇന്ന് കളീണ്ട്.”

“ഒരോടത്തും പോവില്ല, ഇതെടുത്ത് തന്നിട്ട് പോയാ മതി നിന്റെമ്മേനെ കെട്ടിക്കാന്‍...അല്ലെങ്കീ കാര്‍ത്ത്യായനി ആരാ മോള്‍ ന്ന് നീയറിയും”

“ അല്ല ചേച്ചീ...ചേട്ടാ..... ട്രൂപ്പുകാര് വണ്ടീം കൊണ്ട്.....”

“ഇതെങ്ങനേലും എടുക്കാന്‍ നിന്ന ഞങ്ങളെ പറഞ്ഞ് പറ്റിച്ചത് നീയാ, കോഴീനേം കുഞ്ഞുങ്ങളെം എടുത്ത് തന്നിട്ട് നീ എങ്ക്ട്ന്നച്ചാ പൊക്കോ, അല്ലേല്‍ നിന്നെ കൊണ്ടോവാന്‍ മുനിസിപ്പാലിറ്റീന്നാ വണ്ടി വരാ” വേലായുധേട്ടന്‍ നിലപാട് വ്യക്തമാക്കി.

അലക്കിത്തേച്ച പാന്റും ഷര്‍ട്ടും വലിച്ചു കേറ്റി, മുഖത്ത് ചായം പൂശി, ഗാനമേളക്കിറങ്ങിയ സുധാകരന്‍ കിണറിനകത്തേക്കിറങ്ങേണ്ട ഗതികേടിലായി.

അവസാനം ഇട്ടിരുന്ന ഷര്‍ട്ടും പാന്റും ഊരി, വേലായുധേട്ടന്റെ ഒരു തോര്‍ത്തുമുണ്ടും ചുറ്റി, നാട്ടുകാര്‍ വെച്ചു കൊടുത്ത മുളയേണിയിലും ബാക്കി കയറിലുമായി, കിണറിനകത്തേക്ക് നിരങ്ങിയിറങ്ങി കോഴിയേയും കുഞ്ഞുങ്ങളേയും സുധാകരന്‍ കൊട്ടയിലൂടെ പുറത്തെടുത്തു. അതല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല എന്ന് സുധാകരന് നന്നായറിയാം. അല്ലേല്‍ തൃപ്രയാര്‍ നടക്കേണ്ട ഗാനമേള കാര്‍ത്ത്യായനിചേച്ചിയുടെ കിണറ്റിന്‍ കരയില്‍ നടന്നേനെ.

എന്തായാലും പിറ്റെ ദിവസം ട്രൂപ്പിന്റെ ഓഫീസിലേക്ക് പോയ സുധാകരന്റെ നടുമ്പുറത്ത് ട്രൂപ്പ് മാനേജരും സഹപ്രവര്‍ത്തരും ചേര്‍ന്ന് ദ്രുത താളത്തില്‍ നല്ല പെരുക്ക് പെരുക്കി ഒരു ഗാനമേള നടത്തിയെന്ന് കേട്ടു കേള്‍വിയുണ്ട്. ഈ സംഭവത്തോടെ സുധാകരനെക്കുറിച്ചുള്ള (കെട്ടു)കഥകള്‍ക്ക് കര്‍ക്കിടകത്തില്‍ പോലും പഞ്ഞമേതുമുണ്ടായില്ല എന്നു മാത്രമല്ല., കേട്ട കഥകളൊക്കെ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു.||ഇതി സുധാകരചരിതം ശുഭം||

73 comments:

നന്ദകുമാര്‍ June 22, 2009 at 12:24 PM  

സുധാകരന്‍, ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറും സുധാകരനല്ല; തബല സുധാകരനാണ്. നാട്ടിലെ ഒരേയൊരു തബലിസ്റ്റ്.

പക്ഷെ സുധാകരന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തോടെ സുധാകരനെക്കുറിച്ചുള്ള (കെട്ടു)കഥകള്‍ക്ക് കര്‍ക്കിടകത്തില്‍ പോലും പഞ്ഞമേതുമുണ്ടായില്ല എന്നു മാത്രമല്ല., കേട്ട കഥകളൊക്കെ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു.

അരുണ്‍ കായംകുളം June 22, 2009 at 12:36 PM  

((ഠോ))
തേങ്ങാ, മാങ്ങാ, ചക്ക..
വായിച്ചിട്ട് വരാമേ.

ചന്ദ്രമൗലി June 22, 2009 at 12:46 PM  

ഈ അരുണ്‍ ചേട്ടന്‍ ഒരു തേങ്ങ ഉടക്കാനും സമ്മതിക്കില്ലേ? ആദ്യത്തേത് ആവണം ന്ന് ണ്ടായിരുന്നു... ..


എന്നാ 2ആമന്‍ ഞാന്‍ ....((((((((((((((ഠോ)))))))))))))

ഇനി വായിക്കട്ടേ.. :)

അരുണ്‍ കായംകുളം June 22, 2009 at 12:52 PM  

എന്തോന്നാ നന്ദേട്ടാ ഇത്?
എല്ലാ മേഖലയിലും കൈ വക്കുവാണൊ?
കടലമ്മ കള്ളി ഹൈ സ്റ്റാന്‍ഡേര്‍ഡാണെങ്കില്‍ ഇത് നര്‍മ്മം.
കൊള്ളാം
ബാലചന്ദ്രമെനോനെ പോലെ ഒരു തരികിട സ്റ്റൈല്‍.
സുധാകരനെ പോലെ ഒറ്റ ഒരുത്തന്‍ നട്ടിലുണ്ടായാല്‍ മതിയല്ലോ.....
എന്നിട്ടും നിങ്ങളൊക്കെ സമാധാനമായി ജീവിച്ചു എന്ന് പറയുമ്പോഴാ!!!
കര്‍ക്കിടകത്തിലും പഞ്ഞമില്ലാത്ത മണ്ടത്തരങ്ങള്‍ ഇനിയും പോരട്ടെ.

പിന്നെ കോട്ടാനാണെങ്കില്‍..

"ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള്‍ (അതു പറഞ്ഞയാള്‍ക്ക് കാര്‍ത്ത്യായനി ചേച്ചി രണ്ട് വരി “സരസ്വതീ സ്തുതി’ പാടി കൊടുത്തു)"

Cartoonist June 22, 2009 at 1:01 PM  

നന്ദന്റെ ഈ പടങ്ങളാണ് രസം.
എപ്പോഴും, വല്യ ബഹളങ്ങളൊന്നുമില്ലാത്ത നാടന്‍ പടങ്ങള്‍ ‍‍!
കളറിങ്ങ് പതിവുപോലെ സുന്ദരം !

പോങ്ങുമ്മൂടന്‍ June 22, 2009 at 1:13 PM  

കൊണ്ടുവന്ന തേങ്ങ എന്തുചെയ്യണം? താങ്ങുവില പോലുമില്ലാത്ത സാധനമാണെങ്കിലും ഇവിടെയിനി ഉടയ്ക്കുന്നില്ല. ഉച്ചയൂണിന് ച്ചമ്മന്തിയാക്കാൻ തിരിച്ചെടുക്കുന്നു.


പോസ്സ്റ്റ് നന്നായിരിക്കുന്നുവെന്ന പതിവുപല്ലവി ആവർത്തിക്കാതെ മടങ്ങുന്നു. തൃപ്തിയോടെ തന്നെ...

കുമാരന്‍ | kumaran June 22, 2009 at 1:43 PM  

aadyathe story vaayichch chirichch oru vaka aayi...
adi poli post..

'പ്രവണതുക്കു'(pl.correct)

Kiranz..!! June 22, 2009 at 2:16 PM  

വീണ്ടും പടങ്ങൾ..!!
പീഡനം..:(

പുള്ളി പുലി June 22, 2009 at 2:17 PM  

നല്ല കലക്കന്‍ തമാശകള്‍. നന്നേ രസിച്ചു.

riyavins June 22, 2009 at 2:21 PM  

നന്ദേട്ടാ,
കടത്തു വഞ്ചി ചാട്ടം ​തകര്‍ത്തു....

മുണ്ഡിത ശിരസ്കൻ June 22, 2009 at 2:36 PM  

അന്നൊന്നും സിക്സ് പാക്കും ഏയ്റ്റ് പാക്കും ഇല്ലാത്തതു കൊണ്ട് ആകെയുള്ള ഒരു പാക്ക് വയറേ സുധാകരനുണ്ടായിരുന്നുള്ളു. :D

രണ്ടാമത്തേയും മൂന്നാമത്തേയും വരകൾ നന്നായിരിക്കുന്നു.

കുട്ടു | Kuttu June 22, 2009 at 2:42 PM  

Superb..

ശ്രീലാല്‍ June 22, 2009 at 2:51 PM  

ഒരു മീറ്റിംഗും കഴിഞ്ഞ് ത്യാങ്ങയ്യും വാങ്ങി ഞാനോടിയെത്തുമ്പോഴേക്കും എല്ലാം കൈവിട്ടുപോയിരുന്നു. ഞാൻ തേങ്ങിപ്പോയി.. എന്തായാലും എന്റെ തേങ്ങയില്ലാതെ ഈ പോസ്റ്റ് എവിടം വരെ പോകും എന്ന് നോക്കട്ടെ. എന്തായാലും തേങ്ങ കൊണ്ടുവന്നു. ഇതീ ബ്ലോഗിന്റെ മൂലയ്ക്ക് ഇരിക്കട്ടെ. അമ്പതാവുമ്പോ വേണേൽ അടിക്കാലോ.

പതിവുപോലെ നല്ല രസികൻ പോസ്റ്റ്.ഗ്രാമീണപശ്ചാത്തലത്തിലുള്ള നന്ദപർവ്വങ്ങൾ കൂടുതൽ രസകരമാണ്.

G.manu June 22, 2009 at 3:30 PM  

നന്ദന്‍സ്....
നാട്ടുകഥകളില്‍ മറ്റൊരു മനോഹരമായ ഏടുകൂടി..

എല്ലാം നാട്ടിലും ഉണ്ടല്ലോ സുധാരകനെപ്പോലെ ഒരു തബലിസ്റ്റ്..

ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള്‍ (അതു പറഞ്ഞയാള്‍ക്ക് കാര്‍ത്ത്യായനി ചേച്ചി രണ്ട് വരി “സരസ്വതീ സ്തുതി’ പാടി കൊടുത്തു)"


:) :)

Typist | എഴുത്തുകാരി June 22, 2009 at 3:41 PM  

മാഷേ, അടിപൊളി.പടങ്ങള്‍ സൂപ്പറ്. ശരിക്കും ചിരിച്ചു.

Rare Rose June 22, 2009 at 3:47 PM  

ശുദ്ധന്മാരായ ഇത്തരം കഥാപാത്രങ്ങള്‍ പരിചിതരായതു കൊണ്ടു സുധാകര ചരിതം രസത്തില്‍ വായിച്ചു..എല്ലാ പടംസും കലക്കന്‍ എന്താ വര..പ്രത്യേകിച്ചും ആ പേട്രോമാക്സ് വെളിച്ചവും പൊന്തക്കാടും നല്ല രസം തോന്നി...:)

ശ്രീഇടമൺ June 22, 2009 at 3:56 PM  

സുധാകര ചരിതം പെരുത്തിഷ്ട്ടായി....
വരകളും സൂപ്പര്‍...
ആശംസകള്‍.....കൂടെ
ഒരഞ്ചാറ് സ്മൈലിയും...
:)
:)
:)
:)
:)

മച്ചുനന്‍/കണ്ണന്‍ June 22, 2009 at 4:48 PM  

ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള്‍ ....
ഇത് പറഞ്ഞയാളെ ജീവനോടെ കാണാന്‍ വല്ല മാര്‍ഗോം ഉണ്ടോ നന്ദേട്ടാ..

bilatthipattanam June 22, 2009 at 4:52 PM  

പത്തിരുപതുകൊല്ലം മുമ്പ് ഞാനും, സന്തോഷും, ജയരാജ് വാര്യരും കൂടി കോണത്തുകുന്ന് സ്കൂളിൽ;
പരിപാടി അവതരിപ്പിക്കാൻ(മാജിക്,ക്യാരികേച്ചർ)വന്നപ്പോൾ അപ്പുട്ടകുട്ടന്മാഷ് ഏർപ്പടാക്കി തന്ന ആ ട്യൂബ് ലൈറ്റ് സുധാകരൻ എന്ന തബലിസ്റ്റ് തന്നെയാണൊ ഈ മൂപ്പർ ?/ഹിപ്നോരമക്കിടയിൽ തബലകൊട്ടുനിർത്തി സ്റ്റേജിൽ വന്ന് തവളചാട്ടം നടത്തിയയാൾ !

സന്ദീപ് കളപ്പുരയ്ക്കല്‍ June 22, 2009 at 6:36 PM  

ഗാനമേള കഴിഞ്ഞ് രാവിലെ വീട്ടില്‍ വന്നപ്പോള്‍ സുധാകരന്റെ അനുജന്‍ പനിച്ച് കിടക്കുന്നു.
പോയി ഡോക്ടറെ കാണാന്‍ പറഞ്ഞു കൊണ്ട് സുധാകരന്‍ കിണറിനടുത്തേക്ക് നടന്നു.
“അതിന്റെ ഒന്നും ആവശ്യമില്ല മോനേ.. കുറച്ചു പനിക്കൂര്‍ക്ക കൊടുത്താല്‍ ശരിയായിക്കോളും, അതിനു പാത്തിക്കീരിയെ കാണണമന്നൊന്നും ഇല്ല.
നീ പടിഞ്ഞാറേലെ രാജന്റെ മോനോട് കുറച്ചു പനിക്കൂര്‍ക്കയുടെ ഇല പൊട്ടിച്ചുതരാന്‍ പറ” എന്നും പറഞ്ഞുകൊണ്ട് ചായയുമായി അമ്മ വന്നു
“പിന്നേ...... എന്നിട്ടുവേണം ചെക്കന്‍ ആ മരത്തില്‍ കേറി വീണ് കൈയ്യും കാളും ഒടിഞ്ഞ് പ്രശ്നങ്ങളാകാന്‍“
സുധാകരന്റെ അമ്മ പിന്നെ ഒന്നും മിണ്ടിയില്ല...

ശോ... ഇതു കൂടെ ചേര്‍ക്കാമായിരുന്നു...........

കുഞ്ഞന്‍ June 22, 2009 at 7:25 PM  

മാഷെ..

ഈ സുധാ‍കര ചരിതം നന്ദനഭാഷയിലൂടെ രചിച്ചപ്പോള്‍, സിദ്ധിക് ലാല്‍ സിനിമ കണ്ടതുപോലെയുള്ള ഇഫക്റ്റ്..!

പടങ്ങള്‍ എടുത്തുപറയേണ്ട കാര്യമാണ്. കൂടുതലെഴുതി ചളമാക്കുന്നില്ല.

മുരളിക... June 22, 2009 at 9:17 PM  

അല്ലെങ്കീ കാര്‍ത്ത്യായനി ആരാ മോള്‍ ന്ന് നീയറിയും...


arinjappaaa... arinju... :)

..:: അച്ചായന്‍ ::.. June 22, 2009 at 10:15 PM  

നന്ദേട്ടാ വരകള്‍ അടിപൊളി കേട്ടോ ... സുധാകരനേം പിടിച്ചു ... എന്റെ മോഹം ആരുന്നു തബല
എല്ലാ നാട്ടിലും ഉണ്ടാവും ഇങ്ങനെ കുറെ പേര് ... ഞാനും ഏകദേശം ഇങ്ങനെ തന്നെ :D

Anonymous June 22, 2009 at 10:32 PM  

".......വഞ്ചി ഇക്കരെ അടുപ്പിക്കാറായതേയുള്ളു എന്ന സത്യം സുധാകരന്‍ മനസ്സിലാക്കുമ്പോഴേക്കും വഞ്ചിയിലാകെ ചിരി കയറി......"

വാഹ്! എന്താ ഒരു സ്റ്റൈല്‍ എഴുത്ത്. ‘ചിരി കയറി” എന്നിടത്ത് ഒരു വലിയ സന്ദര്‍ഭത്തെ ഒരൊറ്റ വാക്കില്‍ ഒതുക്കിയിരിക്കുന്നു. കണ്‍ഗ്രാഡ്സ് മാന്‍...


കൂട്ടൂകാരന്‍

നൊമാദ് | ans June 22, 2009 at 11:11 PM  

നന്ദാ ടച്ചിങ്ങ് എന്ന ഒരൊറ്റവാക്കല്ലാതെ ഒന്നും വരുന്നില്ല.

kichu June 22, 2009 at 11:13 PM  

ഹ ഹ ഹ
സുധാകരേട്ടന്റെ ഒരു കാര്യം :) :)

ഗല്‍ക്കി നന്ദാ ഗല്‍ക്കി..എഴുത്തും വരകളും:)

ഇതെന്താ നന്ദപര്‍വതത്തില്‍ തേങ്ങാ കച്ചവടം തകര്‍ത്ത് മുന്നേറുന്നല്ലോ..:)

പുള്ളി June 23, 2009 at 12:17 AM  

നന്ദകുമാരാ... ഇതിനു മുന്‍പ് എഴുതിയിരുന്നതും ഇതും എല്ലാം ഇപ്പോഴേ വായിക്കാന്‍ കഴിഞുള്ളൂ...
അസ്സലായിട്ടുണ്ട് !
സജ്ജീവ് ഭായിടെ വാക്കുകള്‍ കടമെടുക്കുന്നു "എറങ്ങണ്ടാന്നു വിചാരിച്ചതാ.. പിന്നെ രണ്ടും കല്‍പ്പിച്ചങ്ക്ട് എറങ്ങി.തല പൊന്തിച്ചത് മൂന്നു കടവ് അപ്രത്ത് ! ഹെന്താ, ഹൊഴുക്ക് !"
'ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം' മലയാളം ബ്ലോഗ് ക്ലാസിക്ക്കളില്‍ ഉള്‍പ്പെടുത്തപ്പെടും.....
ഇനി എന്നും ഇവിടെ വായിക്കാന്‍ ഞാനുണ്ട് ! ആശംസകള്‍!!!

ശ്രീ June 23, 2009 at 8:24 AM  

ഹ ഹ... തബല സുധാകര ചരിതം രസകരമായി, നന്ദേട്ടാ... സുധാകരന്റെ കൂടുതല്‍ കഥകള്‍ക്കാ‍യി കാത്തിരിയ്ക്കുന്നു.
:)

അപ്പു June 23, 2009 at 10:25 AM  

നന്ദാ,നല്ല പോസ്റ്റ്. :-)

അവസാനഭാഗത്ത് അതിഭാവുകത്വം ഒരല്പം കൂടിപ്പോയെങ്കിലും ആദ്യഭാഗം നന്നായി രസിച്ചുവായിച്ചു. പ്രത്യേകിച്ച് പെട്രോമാക്സുമായി പൊന്തക്കാട്ടിൽ ഒളിക്കുന്ന ചിത്രവും രംഗവും കലക്കി!!

വശംവദൻ June 23, 2009 at 4:43 PM  

സുധാകര ചരിതം, രസകരം. നന്നായി ചിരിപ്പിച്ചു

VEERU June 23, 2009 at 5:31 PM  

hi bhai...,
assalaayi katha...!!! chithrangalum kathaparayunnathil sahaayichu...
valare nannaayittundu...

അരുണ്‍ കായംകുളം June 23, 2009 at 5:35 PM  

തേങ്ങായുമടിച്ചു, കഥയെ പറ്റിയും പറഞ്ഞു.

നന്ദേട്ടന്‍: പിന്നെയും എന്തോന്നിനാ വന്നത്?
ഞാന്‍:ഒരു കാര്യം ചോദിക്കാനാ..
നന്ദേട്ടന്‍:എന്താണാവോ?
ഞാന്‍:ഈ പോസ്റ്റിന്‍റെ കൂടെയുള്ള പടമൊക്കെ എവിടുന്നാ വാങ്ങിയത്?
നന്ദേട്ടന്‍:എടാ മഹാപാപി, അത് ഞാന്‍ വരച്ചതാ.
ഞാന്‍:സത്യം
നന്ദേട്ടന്‍:അതേടാ, സത്യം.

സത്യമാരിക്കും, എന്തായാലും ഇങ്ങേരൊരു സംഭവം തന്നെ.
എന്താ വര..
പ്രത്യേകിച്ചും ആ പെട്രോള്‍മാക്സ്സ്!!
ഗുഡ് വര്‍ക്ക്!!

ഷിജു | the-friend June 23, 2009 at 9:16 PM  

Superb............ :)

Sudheesh|I|സുധീഷ്‌.. June 23, 2009 at 10:17 PM  

രസിച്ചു...
പാവം തബല സുധാകരന്‍...

കാന്താരിക്കുട്ടി June 23, 2009 at 10:44 PM  

ഇതു കലക്കിയല്ലോ മച്ചാ ! ഇത്രേം ബുദ്ധിമാനായ സുധാകരൻ നിങ്ങടെ നാട്ടിൽ ഉണ്ടായിട്ട് നന്ദൻ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിക്കാഞ്ഞതെന്താ ?? പതിവ് പോലെ പടവും വിവരണങ്ങളും കലക്കി.

“ അതിന്റെ കുഞ്ഞോളെ തന്നെ. ആ കൊട്ടേല്‍ കുഞ്ഞുങ്ങളെ ഇട്ട് കെണറ്റിലേക്കിറക്കാ... കുഞ്ഞുങ്ങളെ കാണുമ്പോള്‍ തള്ളക്കോഴി വേഗം കുഞ്ഞുങ്ങളുടെ അടുത്തേക്ക് വരാന്‍ വേണ്ടി കൊട്ടേല്‍ കേറും . അപ്പ നമുക്ക് കൊട്ട് പൊന്തിച്ചെടുക്കാം”


ഈ ബുദ്ധി ആലോചിക്കുമ്പോൾ എനിക്ക് പിന്നേയും പിന്നേയും ചിരി വരുന്നു !

രുദ്ര June 23, 2009 at 11:28 PM  

നന്ദാ [;)] നന്നായി :)
പടംസ് 1)Super 2)SUPER 3)Super
എന്നാ ജമ്പ് ആണ് വഞ്ചിയിലോട്ട്!!

ചേച്ചിപ്പെണ്ണ് June 24, 2009 at 11:48 AM  

ഈ പടംസ് ഒക്കെ പെയിന്റ് ഇല്‍ വരച്ചതാ ?
നന്നായിട്ടുണ്ട് ട്ടോ ,
എല്ലാ കൊഴികുഞ്ഞുങ്ങലേം കിണറ്റില്‍ ഇറക്കണ്ടയിരുന്നു ,
ഒന്നിനെ കൊട്ടേല് കേട്ടീട്ടാ മതിയാര്‍ന്നു ,
അപ്പോപ്പിന്നെ ആ കോഴിയമ്മ കോട്ടെ കേറിയേനെ !

. June 24, 2009 at 11:51 AM  

എഴുത്തില്‍ ഒത്തിരി ഒതുക്കം വന്നിട്ടുണ്ട് ട്ടോ.നന്നായിരിക്കുന്നു.പക്ഷെ,നന്ദന്‍ ജി,കല്ലേരിപാടവും ,മഴയും വെയിലും ഒരുപോലെ ശിരസ്സിലെടുത്തണിയുന്ന കണ്ടാകര്‍ണ്ണ മൂര്‍ത്തിയും ഒക്കെയുള്ള നാ‍ട്ടിലെ ആള്‍ക്ക് എഴുതാന്‍ topic നു ബുദ്ധിമുട്ടുണ്ടാവില്ലല്ലൊ.(അതോ എന്റെ വെരുമൊരു തോന്നലൊ )ആശംസകളോടെ.

unnimol June 24, 2009 at 1:32 PM  

ഈ സുധാകരനില്‍ അല്പം ആത്മാശം ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല :)

പൈങ്ങോടന്‍ June 24, 2009 at 5:40 PM  

ആ വഞ്ചിയിലേക്കുള്ള ചാടിക്കേറ്റം ആരുടേതാണെന്ന് അറിയാല്‍ കഴിഞ്ഞ പോസ്റ്റ് വാഴിച്ചാല്‍ മതി. കടലുകാണാന്‍ സുധാകരനല്ലല്ലോ പോയത്

എഴുത്തിനേക്കാല്‍ ചിത്രങ്ങള്‍ മികച്ചു നിന്നു

ഉപാസന || Upasana June 24, 2009 at 8:11 PM  

വിറ്റുകള്‍ തകര്‍ത്തു എന്ന് പറയേണ്ടതില്ല, അവതരിപ്പിച്ച രീതിയും, ഡയലോഗുകളും.

പാര്‍ട്ട് പാര്‍ട്ടായി പറഞ്ഞപ്പോള്‍ എന്തോ പോലെ തോന്നി മനസ്സില്‍.
:-)
ഉപാസന

Sudheesh|I|സുധീഷ്‌.. June 24, 2009 at 8:28 PM  

നന്ദേട്ടാ,
ഒരു ഔട്ട്‌ ഓഫ് സിലബസ്... :D
പഴയ പോസ്റ്റുകളില്‍ ബന്ഗ്ലൂരിലെ ട്രാഫിക് പോലീസ് സംഭവങ്ങള്‍ എഴുതിയിരുന്നല്ലോ...
ദാ താഴത്തെ ലിങ്കില്‍ പോയി വായിച്ചേ..... ഇനി ധൈരായി ബുക്കും പേപ്പറും, ലൈസന്‍സ് ഒന്നും ഇല്ലാതെ ബാന്ഗ്ലൂരില്‍ വിലസാം... ഓള്‍ ദി ബെസ്ടേ..
http://www.jagrancityplus.com/Utilities.aspx?articleid=14403&catgid=24&cityid=11&Bool=h

lakshmy June 24, 2009 at 9:01 PM  

അപ്പോൾ ആ ഗ്രാമക്കാരു മുഴുവൻ ഓരോ സുധാകരന്മാരാണല്ലേ? അല്ലെങ്കിൽ എല്ലാവരുടേയും സമവായത്തിൽ കോഴിക്കുഞ്ഞുങ്ങളെ കിണറ്റിലേക്കിറക്കുമോ!! എന്നിട്ട് അവസാനം പഴി പാവം സുധാകരനും. സത്യം പറ, കിണറ്റിനു ചുറ്റും കൂടിയവരിൽ നന്ദനുമുണ്ടായിരുന്നില്ലേ? :))

വിവരണം കൊള്ളാട്ടോ. ചിത്രങ്ങൾ ഒരുപാടിഷ്ടപ്പെട്ടു

haaari June 24, 2009 at 11:10 PM  

തബല സുധാകരന്റെ വീര കഥകള്‍ കലക്കി
അതുപോലെ ചിത്രങ്ങളും

സായന്തനം June 25, 2009 at 1:29 AM  

നന്ദേട്ടാ..പോസ്റ്റ്‌ സൂപ്പർ!

കുറുപ്പിന്‍റെ കണക്കു പുസ്തകം June 25, 2009 at 10:36 AM  

നന്ദേട്ടാ ചിരിച്ചു പണ്ടാരം അടങ്ങി. ഇനിയും സുധാകരന്റെ കഥ വേണം

നന്ദകുമാര്‍ June 25, 2009 at 11:33 AM  

സുധാകര ചരിതം വായിക്കാനെത്തിയ
അരുണ്‍ കായംകുളം : തേങ്ങക്കും അഭിപ്രായത്തിനും നന്ദി

ചന്ദ്രമൌലി : നിന്റെ തേങ്ങക്കും നന്ദി

കാര്‍ട്ടൂണിസ്റ്റ് : സജ്ജീവേട്ടാ ഈ അഭിപ്രായങ്ങള്‍ക്ക് ഒരുപാട് നന്ദി, പ്രോത്സാഹനത്തിനും

പോങ്ങുമ്മൂടന്‍ : ചമ്മന്തിക്കു എടുക്കാമല്ലോ എടൂത്തുവെച്ചേക്ക് ഞാന്‍ വരുമ്പോള്‍ തൊട്ടുനക്കാം

കുമാരന്‍ : നന്ദി, ഞാന്‍ തിരുത്തി. അക്ഷരത്തെറ്റായിരുന്നു. സന്തോഷം

കിരണ്‍സ് : നിന്നെ ഒരാളെ ഓര്‍ത്താണ് ഞാനീ പടങ്ങള്‍ വരക്കുന്നത്. നീ അസൂയപ്പെട്ട് മരീ.. :)

പുള്ളിപുലി : സന്തോഷം. നന്ദി

riyavins : നന്ദി

മുണ്ഡിത ശിരസ്കന്‍ : :) സന്തോഷം. നന്ദി

കുട്ടു : നന്ദി

ശ്രീലാലേ : ഞാനീ പോസ്റ്റിടുന്ന നേരത്ത് മീറ്റിങ്ങിനു പോണ്ട കാര്യമുണ്ടായിരുന്നോ? ഒത്താല്‍ നിന്നെ 50ആം കമന്റിനു വിളിക്കാം. തേങ്ങ അവിടിരിക്കട്ടെ

ജി. മനു : മാഷെ, സന്തോഷം

എഴുത്തുകാരി : സന്തോഷം നന്ദി

റെയര്‍ റോസ് : വര കണ്ടാലെന്താ വരക്കാനും തുടങ്ങിയില്ലേ? നന്ദി

ശ്രീ ഇടമണ്‍ : അതിനു ഒരു പത്തു പന്ത്രണ്ടു സ്മൈലി തിരിച്ചും :)

മച്ചുനന്‍ കണ്ണന്‍ : ഉണ്ട്. അങ്ങേരിപ്പോഴും ഉണ്ട്. :) ഇടക്കിടക്കു ബ്ലോഗില്‍ വരണം.സന്തോഷം നന്ദി

bilatthipattanam : യെസ്, ബിലാത്തി ലവന്‍ തന്നെ. അവനല്ലാതെ വേറെയാരും ആവാന്‍ വഴിയില്ല. വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിലെ ഒരേയൊരു കിടീലന്‍ തബലിസ്റ്റ് അവനേ ഉള്ളു. കണ്ടത് അവനാവണം.

സന്ദീപ് : ചെ, അതൊക്കെ പറയണമായിരുന്നോ? ;) നന്ദി

കുഞ്ഞന്‍ : സന്തോഷം മാഷെ..

മുരളിക : അറിഞ്ഞല്ലോ കാര്‍ത്യായനി ചേച്ചീനെ മനസ്സിലായല്ലോ ... അദ്ദാണ്. :)

അച്ചായന്‍ : തബലിസ്റ്റേ, അവസാനം കിണറ്റിലിറങ്ങേണ്ടിവരും :) നന്ദി

അനോണി : പ്രത്യേക നന്ദി. എനിക്കും വളരെയേറെ ഇഷ്ടപ്പെട്ട ഒരു പ്രയോഗത്തെ എടുത്തുപറഞ്ഞതില്‍( എന്നാലും താങ്കളുടെ പേര്‍ പറയാമായിരുന്നു)

നൊമാദ് : താങ്ക്സ് ഗഡീ

കിച്ചു : ആകെ കിട്ടണ തേങ്ങ്യാ.. ആ കച്ചോടം മുടക്കല്ലെ കിച്ചു :) നന്ദി

പുള്ളി : സന്തോഷം ഭായി. എന്റെ മറ്റു പോസ്റ്റുകളും വായിച്ചെന്നു കരുതുന്നു. ആ പ്രോത്സാഹനത്തിനു തലകുനിക്കുന്നു.

ശ്രീ : നീയിവിടെ ഇല്ലാത്തതു കാരണം ആമ്പിള്ളാരു വന്നു തേങ്ങയൂടച്ചു പോയി..:)

അപ്പു : അവസാന ഭാഗത്ത് ക്ലൈമാക്സിനു വേണ്ടി പൊലിപ്പിച്ചെഴുതിയിട്ടുണ്ട്. പക്ഷെ സംഭവം നടന്നതു തന്നെ. നന്ദി

വശംവദന്‍ : നന്ദി

വീരു : സന്തോഷം സുഹൃത്തേ. നന്ദി

ദേം പിന്നേം അരുണ്‍ : ഇങ്ങിനെ പോയാല്‍ കായം കുളം എക്സ്പ്രെസ്സിനു ഞാന്‍ തലവെക്കും :)

ഷിജു : നന്ദീ..

സുധീഷ് : നന്ദി :)

കാന്താരികുട്ടീ : എനൊക്കൊത്ത ഗുരുവല്ല സുധാകരന്‍ അതോണ്ടാ :) നന്ദി

രുദ്ര : താങ്ക്സ്, സന്തോഷം :)

ചേച്ചിപ്പെണ്ണ് : ഇതു പെയിന്റില്‍ വരച്ചതല്ല. കോറല്‍ ഡ്രോ & ഫോട്ടോഷോപ്പില്‍ വരച്ചതാണ്
അഭിപ്രായത്തിനു നന്ദി

നന്ദകുമാര്‍ June 25, 2009 at 11:40 AM  

. (എന്റെ കുത്തേ...) പേരില്ലാത്ത വായനക്കാരാ/ക്കാരി : താങ്കളുടെ സംശയം ശരിയാണ്. ഇപ്പോ ടോപ്പിക്കിനു/എഴുത്തിനു നല്ല ദാരിദ്രമാണ്. വിഷയ ദാരിദ്രം. മാത്രമല്ല. എഴുതാനുള്ള മനസ്സും കൈമോശം വന്നു, പണ്ടൊക്കെ എഴുതാന്‍ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാര്‍ ഉണ്ടായിരുന്നു. ;) അഭിപ്രായത്തിനു നന്ദി. :)

ഉണ്ണിമോള്‍ : ഇല്ല ഉണ്ണിമോളേ, ഇതിലൊരു ആത്മാശവുമില്ല. ആത്മാശം ഉള്ള പോസ്റ്റുകള്‍ വേറെ പലതുമുണ്ട്. മറിച്ചു നോക്കിയാല്‍ കാണാം. നന്ദി

പൈങ്ങോടന്‍ : പൈങ്ങോടാ ഞാനിപ്പോഴും കോണത്തുക്കുന്നും അമരിപ്പാടവുമൊക്കെ ആയിട്ടുള്ളൂ. പൈങ്ങോടൂം, കള്ളൂഷാപ്പു-സൌഭാഗ്യ ഓയില്‍ മില്‍ പരിസരമൊക്കെ ഞാന്‍ എഴുതാന്‍ പോകുന്നതേയുള്ളു. ശര്യാക്കിത്തരാട്ടാ.. :)

ഉപാസന : നന്ദി സുനില്‍ നന്ദി.

സുധീഷ് : അത് കലക്കി സുധീ, എനിക്കു ഉപകാരപ്പെടും ;)

ലക്ഷ്മി : :) ഞാനുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കുട്ടയില്‍ കുഞ്ഞുങ്ങളോടൊപ്പം സുധാകരനേയും കെട്ടിത്താഴ്ത്തുമായിരുന്നു :) നന്ദി

haaari : ആദ്യമായാണിവിടെ എന്നു തോന്നുന്നു ല്ലേ? വന്നതിനും അഭിപ്രായത്തിനും നന്ദി :)

സായന്തനമേ : നന്ദി

കുറുപ്പേട്ടാ : സുധാകരന്റെ പറഞ്ഞാല്‍ തീരാത്ത കഥകള്‍ വേറെയുണ്ട്. പറ്റിയാല്‍ സമയം കിട്ടീയാല്‍ ഒന്നാലോചിക്കാം . നന്ദി ;)

haaari June 25, 2009 at 12:12 PM  

നന്ദന്‍ ജീ,
കമന്റ്‌ ആദ്യമാണെങ്കിലും എല്ലാ പോസ്റ്റും വായിക്കാറുണ്ട്
(നമ്മള്‍ടെ ബ്ലോഗ്‌ ശൂന്യമായതിനാല് കമന്റാന്‍ ഒരു മടി)
ഇത് പോലൊരു കക്ഷി എന്റെ നാട്ടിലും ഉണ്ടായിരുന്നു
അതാ പെട്ടന്ന് ഓര്‍മ്മ വന്നത്.
ഒരിക്കല്‍ കൂടെ വന്നതില്‍ ക്ഷമിക്കുമല്ലോ ?

പോങ്ങുമ്മൂടന്‍ June 25, 2009 at 1:21 PM  

50 :)

പോങ്ങുമ്മൂടന്‍ June 25, 2009 at 1:22 PM  

ഹല്ലപിന്നെ, അല്ലെങ്കിൽ തന്നെ ഇവിടെയുടക്കാൻ വന്ന തേങ്ങ ഞാൻ ചമ്മന്തി അരയ്ക്കുവോ? കിടക്കട്ടെ അൻപതാമത്തെ തേങ്ങ എന്റെ വകയായി. :)

Anonymous June 26, 2009 at 2:20 AM  

nanthetta, ellam epposhanu ayichathu, otta divasamkondu ellam vayichutheerthu, chirichu maduthu, ellam adipoli posttukal tto, Good luck
sheeba

വിനുവേട്ടന്‍|vinuvettan June 26, 2009 at 2:34 PM  

കൊള്ളാം നന്ദന്‍ ... എന്നാലും എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ ആ പെട്രോമാക്സും പിടിച്ച്‌ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന സുധാകരനെയാണ്‌ ... കുറേ ചിരിച്ചു. നല്ല ചിത്രങ്ങളും... വീണ്ടും വരാം ... നന്ദപര്‍വ്വത്തിന്റെ ലിങ്ക്‌ ഞാന്‍ എന്റെ ബ്ലോഗില്‍ കൊടുക്കുന്നു...

ഉണ്ണി.......... June 26, 2009 at 5:08 PM  

മലയാളത്തില്‍ തന്നെ കമെന്റാംന്ന് വിചാരിച്ച് ആണ് ഒരു കുറച്ച് ദിവസം വൈകിച്ചത് അപ്പൊ ഇവിടെ 50 കഴിഞ്ഞതിന്റെ ആഘോഷം തുടങ്ങി.....

നന്ദേട്ടന്‍ നാട്ടിലെ എന്തു കാര്യങ്ങളെ കുടിച്ചെഴുതുന്ന പോസ്റ്റും എനിക്കിഷ്ടാവാറുണ്ട് ഇതിലും മാറ്റം വന്നിട്ടില്ല...............

ഒരു ചെറിയ സംശയംകൂടി ഉണ്ട്

നന്നായി വരക്കും നന്നായി എഴുതും ..........
നന്ദേട്ടനു തബല വായിക്കാന്‍ അറിയൊ..........

അല്ല വെറുതെ ചോദിച്ചതാ......

FRAME- ഫ്രെയിം June 28, 2009 at 8:04 AM  

വാക്കും വരയും നന്നായി......

കൊട്ടോട്ടിക്കാരന്‍... June 28, 2009 at 11:53 AM  

ഇതു വഴി പോയപ്പൊ കേറിയതാ...
സുധാ‍കരന്റെ കാര്യങ്ങള്‍ നന്നായി ആസ്വദിച്ചു.
ഇനി ഇവിടന്നു പോകുന്ന പ്രശ്നമില്ല...
ഹ ഹ...ഹ ഹ...

മനു June 29, 2009 at 6:38 PM  

കലക്കിയിട്ടുണ്ട് നന്ദേട്ടോ

നിരക്ഷരന്‍ June 30, 2009 at 3:01 PM  

3) ഒരു ഏണി വച്ചു കൊടൂത്താല്‍ ഏണിയില്‍ കൂടി കയറില്ലേ എന്ന് വേറൊരുത്തി (അതിനു കാര്‍ത്ത്യായനി ചേച്ചി പറഞ്ഞ മറുപടി ഇവിടെ എഴുതുന്നില്ല)

നിരക്ഷരന്‍ June 30, 2009 at 3:06 PM  

സോറി കമന്റ് കൈവിട്ട് പോയി :)

കാര്‍ത്ത്യായനിച്ചേച്ചിയുടെ ആ മറുപടി പറഞ്ഞേ പറ്റൂ. രഹസ്യായിട്ട് മെയിലില്‍ അയച്ച് തന്നാലും മതി :)

പടങ്ങളൊക്കെ കിടു കിടു :)

സുനിൽ കൃഷ്ണൻ(Sunil Krishnan) June 30, 2009 at 5:19 PM  

നന്ദാ....അസലായ വിവരണം..എനിയ്ക്കു തോന്നുന്നത് ഇത്തരം ആൾക്കാർ എല്ലാ നാട്ടിലും ഉണ്ടാവുമെന്നാണ്.ഞങ്ങളുടെ നാട്ടിലും ഒരു “ഏനപ്പൻ “ ചേട്ടൻ ഉണ്ട്.സുധാകരനേപ്പോലെ പാവപ്പെട്ടവൻ അല്ല..പണക്കാരൻ..പക്ഷേ അബദ്ധങ്ങളുടെ കാര്യത്തിൽ സുധാകരനെ വെല്ലും...

പടങ്ങൾ പതിവുപോലെ സൂപ്പർ ആയി എന്ന് പറയേണ്ടല്ലോ..ഫോട്ടോ ബ്ലോഗ് പോലെ ഇത്തരം ചിത്രങ്ങൾ മാത്രമുള്ള ഒരു ബ്ലോഗ്ഗ് ആയിക്കൂടെ?

ആശംസകൾ....സുനിൽ

സുല്‍ |Sul July 6, 2009 at 1:24 PM  

ആകെ മൊത്തം മൂന്നു കഥകള്‍... മൂന്നും ഒന്നിനൊന്നു സൂപ്പര്‍...

കിടിത്സ് മച്ചൂ..
-സുല്‍

Rani Ajay July 8, 2009 at 1:42 AM  

അസ്സലായിട്ടുണ്ട് ..

ബിന്ദു കെ പി July 11, 2009 at 9:13 PM  

സുധാകരചരിതം കലക്കി..... എങ്കിലും നന്ദന്റെ പോസ്റ്റുകളിൽ പടങ്ങളാണെന്നെ ഏറെ ആകർഷിയ്ക്കുന്നത്. ആ രണ്ടാമത്തെ പടം...ഹോ, കിടിലൻ..!!!

നന്ദകുമാര്‍ July 14, 2009 at 11:22 AM  

haari : -)
50-ം കമന്റിട്ട പോങ്ങുമ്മൂടന്‍
Sheeba :)
വിനുവേട്ടന്‍ :)നന്ദി
ഉണ്ണി :) നിനക്കുള്ളതു പിന്നെ തരാം
FRAME :)
കൊണ്ടോട്ടിക്കാരന്‍ :)
മനു :)
നിരക്ഷരന്‍ :)
സുനില്‍ കൃഷ്ണന്‍ :) നന്ദി
സുല്‍ :)
Rani Ajay
ബിന്ദു കെപി

സുധാകര ചരിതം വായിക്കാന്‍ വന്നവര്‍ക്കും, അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

PAACHU.... July 15, 2009 at 5:45 PM  

Enikkonnum parayanille...

annamma July 22, 2009 at 12:40 PM  

:D

മുള്ളൂക്കാരന്‍ July 26, 2009 at 10:05 PM  

എന്നെ ഒന്ന് കൊന്നു തരാമോ മാഷെ.. (((((((((ഠോ)))))))))..........

രാഹുല്‍ July 28, 2009 at 5:23 PM  

കൊള്ളാം നന്നായിരിക്കുന്നു. ചിത്രങ്ങളും കൊള്ളാം.

നന്ദകുമാര്‍ July 28, 2009 at 10:26 PM  

paachu
annamma
മുള്ളൂക്കാരന്‍
രാഹൂല്‍
എല്ലാവര്‍കും എന്റെ നന്ദി,സ്നേഹം

Chinnu July 28, 2009 at 11:54 PM  

:) Good Humour sense chettaayi.......vanjiyil keriya sudhaakarane nalla parichayamulla pole..

ആര്യന്‍ March 19, 2010 at 2:24 PM  

ബൂട്ടിഫുള്‍!!

റിയാസ് (മിഴിനീര്‍ത്തുള്ളി) October 17, 2010 at 12:31 AM  

അടിപൊളി...
പെട്രോള്‍ മാക്സ് ചരിതം സൂപ്പര്‍

അഭിലാഷ്‌ പൈങ്ങോട് July 7, 2012 at 11:52 PM  

സുധാകര ചരിതം വളരെ ഇഷ്ടമായി....ഇനിയും പ്രതീക്ഷിക്കുന്നു ...എല്ലാവിധ ആശംസകളും നേരുന്നു.