തീപ്പെട്ടിക്കൂടുകള്‍ ( ആദ്യ ഭാഗം)
വളരെ പഴയൊരു ഓര്‍മ്മയാണ്.
ഞാനന്ന് ഒന്നാം ക്ലാസ്സിലോ അതോ രണ്ടിലോ കൃത്യമായി ഓര്‍മ്മയില്ല. ഒരു മദ്ധ്യവേനലവധിയില്‍ ഞാനെന്റെ വല്യമ്മയുടെ (അമ്മയുടെ ചേച്ചി) വീട്ടില്‍ കുറേ ദിവസങ്ങളോളം വിരുന്നു പാര്‍ക്കാന്‍ പോയി.
എന്റെ ഗ്രാമമായ പൈങ്ങോട്ടില്‍ നിന്നും നടന്നു വേണം അരിപ്പാലം എന്ന അയല്‍ ഗ്രാമത്തിലെത്താന്‍. പൈങ്ങോട് പാടവും കഴിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ ഒന്നര കിലോമീറ്റര്‍ നടന്നെത്തിയാല്‍ പനച്ചിക്കല്‍ ചിറ പാടമായി. അവിടെ ഇരുഗ്രാമങ്ങളേയും വേര്‍തിരിക്കുന്ന വലിയൊരു തോടുണ്ട്. തോടിനു മുകളില്‍ നടുഭാഗം കുറച്ച് പൊളിഞ്ഞുപോയ ഒരു സിമന്റുപാലം. നടുഭാഗം ഉയര്‍ന്ന് 'റ' രൂപത്തിലായിരുന്നു ആ പാലം. അതിന്റെ നടുവിലെ പൊളിഞ്ഞുപോയ ഭാഗത്തിലൂടെ നോക്കിയാല്‍ താഴെ തോട്ടിലൂടെ വെള്ളമൊഴുകുന്നതു കാണാം. പേടിപെടുത്തുന്ന ഒരു പൌരാണികതയുണ്ടായിരുന്നു ആ പാലത്തിന്. അമ്മയുടെ കയ്യില്‍ നിന്നും സ്വത്രന്ത്രനായി ചെടിത്തണ്ടൊടിച്ചും മച്ചിങ്ങ തട്ടിക്കളിച്ചും നടക്കുന്ന ഞാന്‍ ആ പാലമെത്തുമ്പോള്‍ അമ്മയുടെ കൈത്തണ്ടയില്‍ മുറുകെ പിടിക്കും. പാലത്തിനു മുകളിലെത്തുമ്പോള്‍ 'ആ ഓട്ടയിലൂടെ നോക്കാന്‍ തോന്നിക്കല്ലേ ഈശ്വരാ.." എന്ന് പ്രാര്‍ത്ഥിക്കും. പക്ഷെ എന്തോ കൃത്യം അവിടെയെത്തുമ്പോള്‍ താനെ താഴേക്കു നോക്കിപ്പോകും. കാലുകളില്‍ വിറയല്‍ അനുഭവപ്പെടും. കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാനാകാതെയാകും. പാലം കടന്ന് വീണ്ടും ചെമ്മണ്‍ പാതയിലെത്തുമ്പോള്‍ അമ്മയുടെ കൈവിട്ട് സ്വതന്ത്രനാകും. കുറച്ചു നേരം നടന്നു കഴിയുമ്പോള്‍ വല്ലാത്തൊരു ദുര്‍ഗന്ധം അനുഭവപ്പെടും.
"ശ്ശോ ദെന്തൂട്ട് മണാ..ദെവട്ന്ന്ണ് ഈ ചൂര് വര്ണ്? "ഞാന്‍ അമ്മയോട് ചോദിക്കും
" ദാ അവ്ട്ന്നാ" വലതുവശത്തെ വെളിമ്പറമ്പില്‍ ഒറ്റക്കു നില്‍ക്കുന്ന പൊട്ടിപ്പൊളിഞ്ഞ ഒരു പഴയകെട്ടിടത്തിലേക്ക് അമ്മ കൈ ചൂണ്ടും " അവ്ടെ ആടിനേം പോത്തിനേമൊക്കെ എറച്ചിവെട്ടാര് അറക്കണ സ്ഥലാ"
ഭീതിയുളവാക്കുന്ന ഒരു വന്യതയുണ്ടായിരുന്നു ആ പറമ്പിനും കെട്ടിടത്തിനും. തൊഴുത്താണോ വീടാണോ എന്നു തിരിച്ചറിയാനാകാത്ത ആ കെട്ടിടത്തിന്റെ പൊളിഞ്ഞടര്‍ന്ന കുമ്മായച്ചുമരില്‍ എന്തോ ഒലിച്ചിറങ്ങിയ പാടുകള്‍ കാണാം. 'ചോരയായിരിക്കുമോ?' 'അറുത്ത പോത്തീന്റേം ആടിന്റേമൊക്കെ ചോര?' 'രാത്രിയാകുമ്പോള്‍ അവറ്റകളുടെ പ്രേതം വര്വോ?' ഇങ്ങിനെ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ എന്റെ മനസ്സിലുണരും. ആ കെട്ട മണം മാറാന്‍ റോഡിന്റെ വശങ്ങളിലെ നല്ല ഗന്ധം പരത്തുന്ന ഇഞ്ചിപുല്ലിന്റെ ഇല പൊട്ടിച്ചെടുത്ത് കൈയ്യില്‍ തിരുമ്മി മണക്കും ' ആഹാ! ഇപ്പോ എന്തൊരു മണാ!'
ആ ചെമ്മണ്‍ പാതയിലൂടെ കുറേ ദൂരം ചെന്നെത്തുമ്പോള്‍ ഇടതുവശത്തായി ആംഗ്ലോ ഇന്ത്യന്‍സിന്റെ ഒരു പള്ളി കാണാം. പറങ്കികളുടെ പള്ളി എന്നാണ് പണ്ട് ഞങ്ങളതിനെ വിളിച്ചിരുന്നത്. എല്ലാ കൃസ്ത്യാനികളും ആ പള്ളിയില്‍ പോകില്ലാത്രെ! ആ പള്ളിയാകട്ടെ യാതൊരു പകിട്ടുമില്ലാതെ ഒരു ഗാംഭീര്യവുമില്ലാത്ത മുഷിഞ്ഞ ഒരു കെട്ടിടമായിരുന്നു അന്ന്. ആ വഴിക്കു ഇരുപുറവും ചിലവീടുകളില്‍ ആംഗ്ലോ ഇന്ത്യന്‍സും ചിലതില്‍ സായിപ്പന്മാരും താമസിച്ചിരുന്നു. വിശാലമായ പൂന്തോട്ടവും പലതരം ചെടികളും, ബാറ്റ്മിന്‍ഡന്‍ കോര്‍ട്ടും ആ വീടുകളിലാണ് ഞാനാദ്യം കാണുന്നത്. മുട്ടോളം ഇറക്കം വരുന്ന ഉടുപ്പിട്ട വെളുവെളുത്ത ഒരു മദാമ്മയെ ഒരു വീടിന്റെ ഉമ്മറത്തെ കസാരയില്‍ കാണാമായിരുന്നു പലപ്പോഴും. ആ വഴിയിലെ ഒരു വീട്ടില്‍ റോഡിനോട് ചേര്‍ന്ന് പറമ്പിന്റെ ഒരു മൂലയില്‍ നിറയെ മഞ്ഞ മുളകള്‍ ആയിരുന്നു. ജീവിതത്തിലാദ്യമായാണ് ഞാന്‍ മഞ്ഞ നിറത്തിലുള്ള മുളകള്‍ കാണുന്നത്.
അവിടെയെത്തുമ്പോള്‍ മുളകളെ നോക്കി കുറേനേരം ഞാന്‍ നില്‍ക്കും. അമ്മയെന്റെ കൈ പിടിച്ച് വലിച്ച് വീണ്ടും മുന്നോട്ട് നടത്തിക്കും. കുറച്ചുകൂടി മുന്നോട്ടു നടന്നാല്‍ അരിപ്പാലം സെന്റര്‍ എത്താറായി. മെയിന്‍ റോഡിലേക്ക് കയറുമ്പോള്‍ വലതുവശത്തായി പല വര്‍ണ്ണങ്ങള്‍ പൂശിയ വലിയൊരു പള്ളി കാണാം. അതാണ് അരിപ്പാലം പള്ളി. ആ പള്ളിയില്‍ എന്നും ഒരുപാടാളുകള്‍ കാണാമായിരുന്നു. ചിലപ്പോള്‍ പ്രസംഗമോ പാട്ടോ കേള്‍ക്കാമായിരുന്നു. മുറ്റത്ത് ഒരുപാട് സൈക്കിളുകളും സ്ക്കൂട്ടറുകളും വിശ്രമിക്കുന്നുണ്ടാകും.(പിന്നീടാണ് അതാണ് റോമന്‍ കത്തോലിക്കരുടെ പള്ളി എന്നു മനസ്സിലാക്കുന്നത്) പള്ളിക്കു മുന്‍പിലൂടെ കുറച്ചുനടന്നാല്‍ അരിപ്പാലം സെന്റര്‍. മൂന്നു ദിശകളിലേക്ക് വഴി പിരിയുന്ന ആ സെന്ററില്‍ നിന്ന് കിഴക്ക് വെള്ളാങ്കല്ലൂര്‍-ചാലക്കുടി വഴി, പടിഞ്ഞാറ് പടിയൂര്‍-മതിലകം വഴി, വടക്ക് എടക്കുളം-ഇരിങ്ങാലക്കുട വഴി. ഞങ്ങള്‍ക്ക് പോകേണ്ടത് വടക്കോട്ടാണ്. ആ വഴിയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ വലതുവശത്തായി മുഷിഞ്ഞ കുമ്മായച്ചുവരുകളുള്ള ഓല മേഞ്ഞ ഒരു ചെറിയ കെട്ടിടം കാണാം അത് അരിപ്പാലം സര്‍ക്കാര്‍ എല്‍.പി.സ്ക്കൂള്‍ ആയിരുന്നു. അവിടെ നിന്ന് അവിടെ നിന്നും കുറേക്കൂടി മുന്നോട്ട് നടന്നുകഴിഞ്ഞാല്‍ വല്ല്യമ്മയുടെ വീടായി.
പ്രായമായ വല്ല്യമ്മക്കും വല്ല്യച്ചനും പുറമെ ആറു മക്കളില്‍ രണ്ട് ചേട്ടന്മാരും രണ്ട് ചേച്ചിമാരുമാണ് അന്ന് അവിടെയുണ്ടായിരുന്നത്. ഓല കൊണ്ട് മറച്ച ഒരു വീടായിരുന്ന് വല്ല്യമ്മയുടെ അന്നത്തെ വീട്. മുകളിലും വശങ്ങളിലും ഓല മേഞ്ഞിരുന്നു. വീട്ടിനുള്ളില്‍ ഓല കൊണ്ട് തന്നെ മുറികള്‍ പകുത്തിരുന്നു. താഴെ ചാണകം മെഴുകിയ തറ. മുറികളില്‍ എപ്പോഴും ഇരുട്ടാണ്. പകല്‍ സമയത്തും. വീടിനുള്ളില്‍ ചാണകത്തിന്റേയും മുഷിഞ്ഞ വസ്ത്രങ്ങളുടേയും ഗന്ധം തങ്ങിനിന്നിരുന്നു. ചില ദിവസങ്ങളില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കാണാം, ഓല കുത്തിനിര്‍ത്തിയിരുന്ന ഇടങ്ങളില്‍ തറയില്‍നിന്ന് ചിതലുകള്‍ വളരാന്‍ തുടങ്ങുന്നത്. അപ്പോള്‍ തന്നെ അത് കാലുകൊണ്ട് തട്ടി നിരപ്പാക്കും. വല്യമ്മയുടെ വീടിനു മുന്നില്‍ വലിയൊരു 'തറ' പണിതുകിടപ്പുണ്ടായിരുന്നു. പുതിയതായി പണിയാന്‍ പോകുന്ന വീടിന്റെ 'തറ' യാണത്രെ. രണ്ടാമത്തെ ചേട്ടന്‍ ഗള്‍ഫില്‍ പോയതിനുശേഷമാണ് തറ പണിതത്. ഇനി അടുത്ത പ്രാവശ്യം കാശ് വരുമ്പോള്‍ വീട് പണി തുടങ്ങുമെന്ന് വല്യമ്മ പറയും. തറക്കു മുകളില്‍ പട്ടയും ഓലയുമൊക്കെ ഉണങ്ങാനിട്ടിരുന്നു. ചില നേരങ്ങളില്‍ അലക്കിയ തുണികളും.
വല്ല്യമ്മയുടെ വീട്ടില്‍ എല്ലാവരും എന്നേക്കള്‍ ഒരുപാട് മുതിര്‍ന്നവരാണ്. സമപ്രായക്കാര്‍ ആരുമില്ല. ഞാന്‍ മാത്രം കുട്ടി. എപ്പോഴും ഒറ്റക്കിരുന്ന് കളിച്ച് മടുക്കും. അപ്പുറത്തും ഇപ്പുറത്തും വല്ല്യ വല്ല്യ വീടുകളുണ്ട് . പക്ഷെ അവിടേക്കൊന്നും പോകണ്ടാന്ന് ചേച്ചിമാര് പറയും. വീടിന്റെ എതിര്‍ വശത്ത് റോഡിനപ്പുറം സമ്പന്നരായ കൃസ്ത്യന്‍ കുടുംബങ്ങളായിരുന്നു. വല്ല്യമ്മയുടെ പ്രധാന അയല്‍ വാസി നേരെ എതിര്‍ വശത്തെ ഒരു കൃസ്ത്യന്‍ കുടുംബമാണ്. അവിടത്തെ ഗൃഹനാഥന്‍ കുറേ കൊല്ലങ്ങളായിട്ട് ഗള്‍ഫിലാണത്രെ. അതായിരിക്കണം ആ വീട് വലിയതും ഭംഗിയുള്ള പെയിന്റ് പൂശിയതുമായത്. മുറ്റത്ത് കുറേ ചെടികളുള്ള പൂന്തോട്ടം. മതിലും അതിനൊരു ഗയ്റ്റും. രാവിലെ എട്ട് എട്ടരയാകുമ്പോള്‍ മീന്‍ കാരന്റെ 'പൂ....യ്യ്...ഹാ..' വിളി കേള്‍ക്കാം. എന്നും ആ വീടിനു മുന്നില്‍ അയാള്‍ നില്‍ക്കും വാതില്‍ തുറന്ന് വെളുത്ത സുന്ദരിപ്പെണ്ണുങ്ങള്‍ മീന്‍ വാങ്ങാന്‍ ഇറങ്ങി വരും. മീന്‍ വാങ്ങി അവര്‍ വല്ല്യമ്മയുടെ വീട്ടിലേക്ക് നോക്കി വിളിച്ചു ചോദിക്കും.
"ലതേച്ചീ...മീന്‍ വേടിക്കിണില്ലേ??"
" ഇല്ലെടെണ്ണ്യേ... ഞാന്‍ സാമ്പാറ് അടപ്പത്ത് വെച്ചു"
ലതചേച്ചി ഇവിടന്ന് വിളിച്ച് പറയും.'ഇന്ന് സാമ്പാറോ?' എന്ന് അതിശയപ്പെട്ട് ഞാന്‍ അടുക്കളയില്‍ കയറി നോക്കുമ്പോള്‍ അരി അടുപ്പത്തിട്ട കലം മാത്രം കാണാം. 'എവ്ടെ സാമ്പാറ് ?' എന്ന് കണ്ണും മിഴിച്ച് ഞാന്‍ ചേച്ചിയെ നോക്കുമ്പോള്‍ ചേച്ചി മുഖം കോട്ടി പറയും :
" ഓ പിന്നേ, കല്ല്യാണല്ലേ സാമ്പാറ്ണ്ടാക്കാന്‍! അരച്ചലക്കി കൂട്ടി ചോറുണ്ടാ മതി. മീനൊക്കെ ഭയങ്കര വെലാ.."
അതും പറഞ്ഞ് ചേച്ചി മുഷിഞ്ഞ തുണിക്കെട്ടെടുത്ത് അലക്കുകല്ലിനടുത്തേക്ക് പോകും.
ഉച്ചക്ക് ഊണുകഴിഞ്ഞാല്‍ പലരും കുറച്ചു നേരം കിടന്നുറങ്ങും ഉറക്കം വരാതാകുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ 'തറ'യില്‍ പോയിരുന്ന് കളിക്കും ഒരു ദിവസം ഒറ്റക്ക് കളിച്ച് മടുത്തപ്പോള്‍ പതുക്കെ തെക്കേലെ വീട്ടില്‍ പോയി. അവരുടെ വടക്കേപ്പുറത്ത് ഇരുമ്പം പുളി മരമുണ്ട്. ഇരുമ്പന്‍ പുളിയും ഉപ്പും കൂട്ടി തിന്നാന്‍ ഭയങ്കര രസമായിരിക്കും. വടക്കേപ്പുറത്ത് പുളിമരത്തിന് ചുറ്റും പുളി പരതി നടന്നപ്പോള്‍ അടുക്കളയില്‍ നിന്ന്‍ അവിടത്തെ ചേച്ചിയുടെ ശബ്ദം :
"എന്തൂട്ടന്റാ നോക്കണത്? ഇങ്ങ്ട് വാടാ കണ്ണാ.." ഞാന്‍ മടിച്ച് മടിച്ച് അടുക്കളയിലേക്ക് ചെന്നു.
"നീ ചോറുണ്ടാ?" ഞാന്‍ തലയാട്ടി.
"എന്തുറ്റായിരുന്നു കൂട്ടാന്‍?"
"അരച്ചലക്കി" ഞാന്‍ നിഷ്കളങ്കമായി പറഞ്ഞു. അപ്പോളെന്തിനാവോ അവരൊന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു :
"അപ്പൊ മീന്ണ്ടായിര്ന്നില്ലേ?"
"ഉം.." ഞാന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"നിന്‍ക്ക് മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണണോ ഇവ്ട്ന്ന്?"
മീന്‍ കൂട്ടാന്‍ എന്നു കേട്ടതും ഭയങ്കര കൊതി തോന്നിയെങ്കിലും അധികം പരിചയമില്ലാത്ത വീടല്ലേ, ആള്‍ക്കാരല്ലേ, അവ്ട്ന്ന് ചോറുണ്ണാണ്‍ പാടുണ്ടോ, ചോറുണ്ടാല്‍ വല്ല്യമ്മയോ ചേച്ചിമാരോ ചീത്ത പറയുമോ എന്നൊക്കെയുള്ള പേടി കാരണം ഞാന്‍ ചോറുണ്ണാന്‍ നിന്നില്ല. പുളി പെറുക്കി വീട്ടില്‍ വന്നു. ഉപ്പെടുക്കാന്‍ അടുക്കളയില്‍ കയറിയതും...
"എവ്ടെ പോയെടാ.. ഈ ഉച്ച നേരത്ത്?" ഇരുട്ടില്‍ നിന്നും ഗിരിജേച്ചിയുടെ ശബ്ദം.
" ദേ ദപ്രത്ത്, ഇരുമ്പന്‍ പുളി പെറുക്കാന്‍." ഉപ്പെടുക്കവേ ഞാന്‍ പറഞ്ഞു.
"ആ! ഇനി അതും കൂടി വേണ്ടു. ഉപ്പും പുളീം തിന്ന് വയറെളക്കം പിടിച്ചോട്ടാ... എന്നെ വിളിക്കണ്ട രാത്രീല്.."
ഞാനൊന്നും മിണ്ടാതെ കല്ലുപ്പു വാരിയെടുത്തു.
"അവര് വല്ലോം ചോയ്ച്ചോടാ?
അവര്‍ എന്തുറ്റാ കൂട്ടാന്‍ എന്നൊക്കെ ചോദിച്ചതും മീങ്കൂട്ടാന്‍ കൂട്ടി ചോറുണ്ണാന്‍ വിളിച്ചതും എല്ലാം ഞാന്‍ വിശദമായി പറഞ്ഞതും...
" അസത്തേ... സാമ്പാറാണെന്ന് പറഞ്ഞൂടായിരുന്നെടാ നെനക്ക്? നാണക്കേടാക്കി കുരുത്തം കെട്ടോന്‍"
അതോടെ ഗിരിജേച്ചി ഉറക്കം നിര്‍ത്തി എണീറ്റിരുന്നു. ഞാന്‍ ഉപ്പ് വാരിയെടുത്ത് പുറത്തേക്കോടി. നേരെ 'തറ'യില്‍ വന്നിരുന്നു. ഒരു ഭാഗം വെടിപ്പാക്കി കയ്യിലെ ഉപ്പ് കൊട്ടിയിട്ട് കീശയില്‍ നിന്ന് ഇരുമ്പന്‍ പുളി ഓരോന്നായി പുറത്തെടുത്ത് ഉപ്പില്‍ മുക്കി കടിച്ചു തിന്നാന്‍ തുടങ്ങി. കൊതികാരണം വായീന്ന് തുപ്പലം തെറിച്ചു. നാവിലെവിടെയോ കൂട്ടിക്കടിച്ചു, അതൊന്നു കാര്യമാക്കാതെ ഞാന്‍ കീശയിലെ പുളി ഓരോന്നായി തീര്‍ക്കാന്‍ തുടങ്ങി.
(തുടരും)
.
63 comments:
തീപ്പെട്ടിക്കൂടുകള്‍...മനസ്സിലിപ്പോഴും കെടാതെ നില്‍ക്കുന്ന എന്റെ ഗ്രാമ ദൃശ്യങ്ങള്‍..
വളരെ പഴകിയ ഒരോര്‍മ്മ. ഇത്രയുമെഴുതിയിട്ടും പ്രധാന വിഷയത്തിലേക്ക് വരാന്‍ കഴിഞ്ഞില്ല. അതു അടുത്ത ഭാഗത്തിലാകാം. തീര്‍ച്ച.
തേങ്ങ എന്റെ വക..
{{{{{{{{{ഠേ}}}}}}}}}
ഓര്‍മ്മകളുടെ വരമ്പിലൂടെയുള്ള ഈ നടത്തം ശരിക്കും ടച്ചിംഗ്..
പഴയ ഓര്‍മ്മകളിലൂടെയുള്ള ഈ യാത്ര വളരെ ഇഷ്ടപ്പെടുന്നു, നന്ദേട്ടാ...
ഫ്ളൂറസന്റ് പച്ച നിറത്തില്‍ പുഴു പോലെ തൂങ്ങിക്കിടന്നിരുന്ന ഇരിമ്പന്‍പുളിയുടെ രുചി... വയര്‍ നിറയെ അടിച്ചിട്ട് കുറേ വെള്ളംകൂടി കുടിച്ചാല്‍ .... :-)
"........ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.... എന്നാത്മാവിന്‍ നഷ്ടസുഗന്ധം...."
1. പേടിപെടുത്തുന്ന ഒരു പൌരാണികതയുണ്ടായിരുന്നു ആ പാലത്തിന്.
2.ഭീതിയുളവാക്കുന്ന ഒരു വന്യതയുണ്ടായിരുന്നു ആ പറമ്പിനും കെട്ടിടത്തിനും.
ഇത് രണ്ടും വേണ്ട നന്ദേട്ടാ ഈ തീപ്പെട്ടിക്കൂടുകളില്‍
നന്ദേട്ടാ ഫോട്ടോസിനെക്കുറിച്ച് പറയാന്‍ മറന്നു. ഫന്റാസ്റ്റിക്. ഗൃഹാതുരതയിലേക്കെത്തിക്കുന്ന ചിത്രങ്ങള്‍. വീട്ടില്‍ ഇരട്ടവാലന്‍ തിന്നതിന്റെ ബാക്കി കുറച്ച് ഫോട്ടോസ് ഇങ്ങനെ ഇരിപ്പുണ്ട്.
കുറച്ച് കഷ്ടപ്പെട്ടല്ലെ ഇതിങ്ങനെയാക്കാന്‍?
പ്രധാന വിഷയത്തിലേയ്ക്ക് ഇനിയും വരാല്ലോ നന്ദേട്ടാ....
സാമ്പാറെന്ന് പറഞ്ഞ അരച്ചലക്കിയുണ്ടാക്കുന്ന സംഭവം ഒരു പാട് ഓര്‍മ്മിപ്പിച്ചു....
പിന്നെ ഇരുമ്പന്‍ പുളി..ഞങ്ങടെ നാട്ടില്‍ ഓര്‍ക്കാപ്പുളി എന്ന് പറയും....
എന്തിനാ കശ്മലാ ഇങ്ങനെ കൊതിപ്പിക്കുന്നേ? ബാലശാപം(എന്റേത് തന്നേ) ഉറപ്പായും കിട്ടും....
ഓ.ടോ... ആ ചങ്ങാതി ഡല്‍ഹീന്ന് കേരളത്തീവന്നതിന്റെ കാര്യം ഇപ്പോഴല്ലേ പിടികിട്ടിയത്..
രസികന്‍ വിവരണം ... :)
പിന്നെ ഫോട്ടോസ് ... അസ്സലായിട്ടുണ്ട്...
ഓരോ ഫൊട്ടൊയ്ക്കും ഉണ്ടാവും ഇതിലും വലിയ കഥകള്‍ പറയാന്‍ .... ഇല്ലേ?
ഇത്തരം ഓര്‍മ്മകളുടെ കൂട്ടില്ലാത്ത ബാല്യമായിരുന്നു എങ്കിലും ഗ്രാമത്തിന്റെ തുടിപ്പുകള്‍ എന്നും ഒരു പിന്‍വിളി ആയിരുന്നു. താങ്കള്‍ ഇതു വായിക്കുന്നവരെ മനു പറഞ്ഞതുപോലെ ഓര്‍മ്മയുടെ മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ ഒരു വയല്‍വരമ്പിലൂടെ നടത്തുന്നുന്ണ്ട്. അതാണല്ലോ എഴുത്തിന്റെ ഒരു ധര്‍മ്മവും അല്ലേ? വളരെ വളരെ നന്നായിരിക്കുന്നു. കൂടെ നടന്ന ആളിനെ പിന്നിലാക്കി മുന്പേ ഓടിയെത്തുന്ന കൊച്ചുകുട്ടിയെപ്പോലെ നിങ്ങളെ പിന്നിലാക്കി വായിച്ചു മുന്നിലെത്തിപ്പോയി. ഇനിയും അടുത്ത ഭാഗവുമായി ഉടനെ വരുന്നുണ്ടെന്ന ഒരു ഉറപ്പില്‍.
നന്ദന്‍ മാഷെ..
ബാല്യത്തിലെ നൊമ്പരം..ഇപ്പോള്‍ മധുര നൊമ്പരം എന്നൊക്കെ പറയാമെങ്കിലും അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസ്സിലാകൂ.
ഇരുമ്പന്‍ പുളി കല്ലുപ്പ് കൂട്ടീ തിന്നണകാര്യം വായിക്കുമ്പോള്‍ത്തന്നെ വായില്‍ വെള്ളം നിറയുന്നു.
കഥയുടെ മാസ്മരികഥയിലേക്കു വന്നപ്പോഴേക്കും ആഴ്ചപ്പതിപ്പില്‍ നോവല്‍ നിര്‍ത്തുന്നതുപോലെ തുടരും..ഇതിത്തിരി കടത്തുപോയി..ഇമ്മാതിരി രീതിയിലാണ് ശൈലി എങ്കില്‍ എത്ര നീണ്ടു പോയാലും കുഴപ്പമില്ലെന്നേ..
ബാല്യകാല സ്മരണകള്‍ നന്നായിട്ടുണ്ട്.
നല്ല ഓര്‍മ്മക്കുറിപ്പുകള്‍ , എനിക്ക് ആ ചിത്രങ്ങള്‍ ആണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്
നന്ദന്‍ ബാല്യത്തിന്റെ നിഷ്കളങ്കതയും, നൊമ്പരങ്ങളും, ഓര്‍മ്മകളും എല്ലാം ഭംഗിയായി എഴുതി (സോറി, വരച്ചു വച്ചിരിക്കുന്ന) ഈ ഓര്‍മ്മക്കുറിപ്പ് വളരെ ഹൃദ്യമായിത്തോന്നി. അതിലും ഇഷ്ടമായത് പഴമയുടെ ടച്ചുള്ള ആ ചിത്രങ്ങളാണ്!
തുടരട്ടേ.....
ഗ്രാമക്കാഴ്ചകൾ, കഥകൾ, കുരുന്നിലെ ഓർമ്മകൾ എല്ലാം രസകരങ്ങളാണ്, ആ ഓർമ്മകൾക്കെന്നും മധുരവുമാണ്. ചിലതൊക്കെ എന്റെയും മനസ്സിൽ (പച്ച)പായൽ പിടിച്ചു കിടക്കുന്നു. ആശാൻ പള്ളിക്കൂടത്തിൽ പോകുന്ന വഴിയെ ആദ്യമായി ലോറിക്കു കുപ്പിച്ചില്ലു വച്ചതും, പറങ്കിമാവിൽ കേറാൻ നോക്കി നീറുകടി കൊണ്ടതും മാവിലെറിഞ്ഞകല്ല് കൂട്ടുകാരന്റെ തലയ്ക്കു കൊണ്ടു മുറിഞ്ഞതും ആദ്യമായി വേറൊരു പെണ്ണ് എന്നോടു മിണ്ടിയതും.... അങ്ങനെ അങ്ങനെ..... ഓർത്താൽ മാത്രം ചികഞ്ഞെടുക്കാവുന്ന കുറേ ഓർമ്മകൾ.
അപ്പോൾ മാഷേ ഈ ബ്ലോഗിൽ ൻ ‘ന്’ ആയും ൾ ‘ള്’ ർ ‘ര്’ ആയുമൊക്കെയാണ് വരുന്നത്. മംഗ്ലീഷിലാണു ടൈപ്പുചെയ്യുന്നതെങ്കിൽ ചില്ലുകളുടെ ഈ പ്രശ്നം വരമൊഴി വേർഷൻ 1.08.02 ഇൻസ്റ്റാൾ ചെയ്ത് പരിഹരിച്ചുകൂടേ, അഞ്ജലിഓൾഡ്‌ലിപി ഫോണ്ടാണെങ്കിൽ? അതോ എനിക്കു ഡിസ്‌പ്ലേ ആകുന്നത് ഇങ്ങനായിരിക്കുമോ ആർക്കറിയാം!!
ഭാര്യയോട് പഴങ്കഥകള്‍ പറഞ്ഞ് തുടങ്ങി അല്ലെ....കൊച്ചു കള്ളന്‍..
വായില്‍ വെള്ളം വന്നു കേട്ടോ.. പുളിയും ഉപ്പും, കാന്താരി മുളകും...ആഹ...മ്മ്മ്മ എന്താ കോമ്പിനേഷന്‍...
പുളി, മാങ്ങാ എന്നിവകള്‍ ഗര്‍ഭിണിക്ക് ഇഷ്ടപ്പെട്ട ഐറ്റം ആണെ.. [രഹസ്യം]
സസ്നേഹം,
പഴമ്പുരാണംസ്.
ദുഷ്ടാ...നന്ദാ
എന്തൊരു ചെയ്ത്താണിത് ? പുളി ഉപ്പും കൂട്ടി തിന്നുന്നത് വര്‍ണ്ണിച്ചിരിക്കുന്നോ ? എന്റെ കീബോര്‍ഡ് തുപ്പല് വീണ് നാശമായി :) നാവും കുറുനാക്കും എല്ലാം കൂടെയാണ് ഞാന്‍ കൂട്ടിക്കടിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് പഴയ ഓര്‍മ്മകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാന്‍ പാകത്തിന് ‘നാശം പിടിച്ച‘ കുറേ പടങ്ങളും, ഒടുക്കത്തെ ഒരു വിവരണവും. കണ്ണീച്ചോരയില്ലാത്തവന്‍... :) :)
എന്തോന്നാണ് ഈ അരച്ചലക്കി ? ഞാനാദ്യായിട്ടാ കേള്‍ക്കുന്നത് ? കൊടുങ്ങല്ലൂര് ഭാഷയാണെങ്കില്‍ ഇതുവരെ കേള്‍ക്കാതെ പോയതില്‍ ലജ്ജിക്കുന്നു. ഇജ്ജാതി ഒന്നൊന്നര പോസ്റ്റുകളൊന്നും എഴുതി മനുഷ്യനെ എടങ്ങേറാക്കാതെ പുതുപ്പെണ്ണിനേം കൂട്ടി അടങ്ങിയൊതുങ്ങി ജീവിച്ചോണം. പറഞ്ഞില്ലാന്ന് വേണ്ട... :)
ഉഗ്രന്‍ കേട്ടോ
ഒഴിവു സമയങ്ങളില്‍ ഞങ്ങളുടെ സ്ഥിരം റുട്ടായിരുന്നു അത്.
ഇപ്പൊ കുറെ നാളായി അതിലെ ഒക്കെ ഒന്ന് പോയിട്ട്.
ഇത് വായിച്ചപ്പോ നല്ല മിസ്സിംഗ് തോന്നുന്നു.
എന്തായാലും കഥ തുടരട്ടെ...........
Beautiful.
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു....
പഴമയുടെ ചില ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ/വിവരണങ്ങൾ. മനോഹരമായി. ആദ്യം ഒരു യാത്രാവിവരണം പോലെ തുടങ്ങിയെങ്കിലും പിന്നീട് പറഞ്ഞവയെല്ലാം മനസ്സിനെ തൊടുന്ന മിഴിവുറ്റ നിഷ്ക്കളങ്കചിത്രങ്ങളായി. ഇനിയുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കുന്നു
നീരു പറഞ്ഞ പോലെ ഈ അരച്ചലക്കി എനിക്കും മനസ്സിലായില്ലാട്ടോ
ividetha alpam vaikippoy. ilumpan puli ivide thekk pulinchikka ennu parayum. Hmm kothippichu..
nalla ezhuthu.... thudaroo asamsakal
നിരക്ഷരന്‍ & ലക്ഷ്മി
കൂട്ടാന്റെ കാര്യത്തിലും നിരക്ഷരനാണെന്ന് അറിഞ്ഞില്ല :) ‘അരച്ചലക്കി’ എന്നു പറഞ്ഞാല്‍ വെരി സിമ്പിള്‍. ചുവന്ന മുളകും ഉള്ളിയും തേങ്ങയും കൂടി അമ്മിയില്‍ അരച്ചെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ചീനച്ചട്ടിയില്‍ കടുകു പൊട്ടിച്ചെടുത്തു ഉണ്ടാക്കുന്ന ഒരു കറി(നമ്മുടെ ‘ചട്ണി’ തന്നെ സാധനം!) ഒരുകാലത്ത് വീട്ടിലിതായിരുന്നു (പല വീട്ടിലും)പലപ്പോഴും കറി. മറ്റൊന്നും കൊണ്ടല്ല, ഇതിനാകുമ്പോള്‍ പച്ചക്കറികളോ, കറിപൌഡറോ, മസാലയോ വേണ്ട. പറമ്പിലെ പച്ചമുളകും ആവശ്യത്തിനു ചെറിയ ഉള്ളിയും ഉണ്ടായാലും മതി. ഉണ്ടാക്കാന്‍ എളുപ്പവും. ചിലവ് തുച്ഛം ടേസ്റ്റ് മെച്ചം :) അന്ന് ‘ചട്ണി’ എന്നത് ആഡംബരമുള്ള പേരായിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട് വളരെ സാധാരണക്കാരക്കൊ ‘അരച്ചലക്കി’ എന്നാണ് പറഞ്ഞിരുന്നത്. ഒരു ഗ്രാമ്യ ഭാഷയാകാം അത്.
( ഇന്നും ഈ ബാംഗ്ലൂര്‍ നഗര ജീവിതത്തിലും ഇടക്കിടക്ക് ഞാനും ഉണ്ടാക്കറുണ്ട് പഴയ ഓര്‍മ്മകളുള്ള അരച്ചലക്കി)
ഒരു മറുകമന്റ്.
നന്ദന്‍ജീ..
ഈ പറഞ്ഞ അരച്ചുകലക്കിയില്‍ ചിലപ്പോള്‍ മോരും ചേര്‍ക്കും(മോര് ചേര്‍ത്തതിനെ അരച്ചുകലക്കിയെന്നും അല്ലാത്തതിനെ ചട്ണി എന്നുമാണ് ഞങ്ങള്‍ പറയുന്നത്), എന്റെ വീട്ടീല്‍ അതുതന്നെയായിരുന്നു എപ്പോഴും. അതുപോലെ എന്റെ സ്കൂള്‍ ജീവിതത്തില്‍ ചോറിന്റെ കൂടെ ഈയൊരു ഐറ്റമൊ അല്ലെങ്കില്‍ തേങ്ങാചമ്മന്തിയൊ ഉണ്ടായിരുന്നൊള്ളൂ അത് പട്ടണിയായതുകോണ്ടല്ലാട്ടൊ എളുപ്പം ഉണ്ടാക്കാന്‍ പറ്റുന്ന കറിയായതുകൊണ്ട്.
നന്ദേട്ടാ,നന്നായിരിക്കുന്നു.വിവരണം കൊള്ളാം.അമ്മയുടെ കൈയ്യും പിടിച്ച് പാടത്ത് കൂടിയുള്ള യാത്ര എന്‍റെ മനസ്സിലും ഉണ്ട്.
പിന്നെ ഫോട്ടോകള്‍ നന്നാവുന്നുണ്ട്,ദ്യശ്യപര്‍വ്വം.ഈ കാര്യത്തില്‍ ഒരു ഉസ്താദാണ്.അല്ലേ?
പ്ലീസ് തുടരരുത് :P
ഇരുമ്പമ്പുളി, അരച്ചു കലക്കി...
കൊള്ളം കുറേ കഴിച്ചിട്ടുണ്ട്. അരച്ച് കലക്കിയേക്കാളും ചെലവ് കുറവാണ് ഉരി മോരും ഉപ്പും (പിന്നെ പറമ്പില്‍ വളരണ ഒരു കാന്താരിമുളകും).
വിവരണത്തിന് ഒരു നല്ല നാടന്‍ ടച്ചുണ്ട് ഭായ്.
പക്ഷേ അരിപ്പാലം സെന്റര്‍ ന്റെ ഡിസ്ക്രിപ്ഷന്‍ പോസ്റ്റിലെ ബാക്കിയുള്ള ഭാഗവുമായി ആ പാര്‍ട്ട് ഇഴുകുന്നില്ല എന്ന് തോന്നി.
ആശംസകള്‍
:-)
ഉപാസന
കല്‍പ്പറമ്പ്,അരിപ്പാലം,മതിലകം എന്നീ സ്ഥലങ്ങളില്‍ കറങ്ങിയിട്ടുണ്ട്.നല്ല പുഴ മീന്‍ വാങ്ങിക്കാനും പിന്നെ ഊക്കന്റവിടത്തെ പോളേട്ടന്റെ മകന്‍ ബാബുപോളിനെ കാണാനും.
ഗ്രാമദൃശ്യങ്ങള്‍ ഇഷ്ടമായി.
ബ്ലോഗില്‍ മൊത്തം കണ്ണിമാങ്ങ, ഇരുമ്പമ്പുളി ഓര്‍മ്മകളാണല്ലോ.....
അരിപ്പാലത്തക്ക് ചേലൂര്‍, എടക്കുളം വഴി വരുമ്പോഴും ഇതേ പോലെ പൊട്ടിപൊളിഞ്ഞ ഒരു പാലമുണ്ട് നന്ദാ. ഓര്‍മ്മകള്‍ക്കെന്നും യൌവ്വനം തന്നെ അല്ലെ :)
ഓർമ്മകളെ ഇത്ര മനോഹരങ്ങളായ അക്ഷരങ്ങളാക്കുന്ന സ്നേഹിതാ, പറയൂ ഞാനെപ്പൊഴാണ് ‘അരച്ചലക്കി’ കൂട്ടാൻ വരേണ്ടത് ?
മനസ്സിനെ ഓര്‍മ്മകളിലേക്കു കൊണ്ടുപോയി. ബാല്യത്തിലെ നിറങ്ങളിലേക്ക്. ഇരുമ്പന്‍ പുളി തിന്നണ ഭാഗം വായിച്ചപ്പോള്‍ എന്റെ വായിലും വെള്ളം നിറഞ്ഞു :)
ചിത്രങ്ങള്‍ മനോഹരം. (പുലിയാണല്ലേ!!?)
((Rudra said...
പ്ലീസ് തുടരരുത് :P))
രുദ്ര എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല. ഈ പോസ്റ്റ് തുടരരുത് എന്നാണോ?
അല്ലേലും നല്ല പോസ്റ്റുകള്‍ മലയാളം ബ്ലോഗില്‍ ആരാണ് വായിക്കുന്നത്. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍?! :(
യോ ജയാന്റി, ഇങ്ങനെ കഷ്ടം വെക്കാതെ. അത് പോസ്റ്റിട്ട ആള് ചോദിച്ചുവാങ്ങിയതാ. എന്താ ഉദ്ദേശിക്കുന്നേന്ന് പോസ്റ്റിടുന്ന ആള്‍ മനസ്സിലാക്കിയാമതിയെന്നാ കരുതിയെ!!
ഇത് നന്ദേട്ടന് (“മാത്രം“) പോസ്റ്റ് വായിച്ചിട്ട്.
=> ശൈലിയൊന്ന് മാറ്റിപിടിച്ചത് നന്നായി. അനുഭവങ്ങളെ അനുഭവിപ്പിക്കുന്നു. പോസ്റ്റ് വളരെ നന്നായി
=> ഫിക്ഷന്‍ ഒട്ടുമില്ലാതെ ഓര്‍മ്മകള്‍ എഴുതിയാല്‍ (അങ്ങനെയാണെങ്കില്‍) സ്റ്റോക്ക് തീര്‍ന്ന് വെറുതെയിരിക്കേണ്ടി വരും. ബി ക്രിയേറ്റീവ്. [പ്ലീസ് ‘pulling leg‘ ആണെന്ന് വേറാരും തെറ്റിദ്ധരിക്കരുത്. എന്നും നന്ദേട്ടന്റെ പോസ്റ്റ് കാണാനുള്ള കൊതികൊണ്ടാണ് :P ]
നേരാ നന്ദാ..
വെട്ടിരുമ്പ് അടിച്ചടിച്ചു, നല്ല കള്ളു ഞങ്ങക്കു വയറ്റില്‍ പിടിക്കാതായി....
അല്പ്പം ഫിക്ഷനുംകൂടി ചേര്‍ത്തിളക്കി ഒന്നുകൂടി തിളപ്പിച്ചൂറ്റിയാല്‍ സൌകര്യമായിരിക്കും...
പിന്നെ നന്ദന്റെ പോസ്റ്റ്, അതെങ്ങനെ കാണിക്കണം, ആരെ കാണിക്കണം എന്നതൊക്കെ നന്ദന്റെ സൌകര്യം...:P
അവതരണം നന്നായി. പടങ്ങളും പോസ്റ്റിന്റെ ഫീലിനോടു ചേര്‍ന്നു നില്‍ക്കുന്നു (പോട്ടോ ഷാപ്പി’ല്‍ കേറിയിറങ്ങിയതാണോ ഇവരൊക്കെ? ;) അതോ പഴയ പടങ്ങളോ? എന്തായാലും സംഗതി ഉഗ്രനായിട്ടുണ്ട്).
ഇത്രയും വര്‍ഷം പഴക്കമുള്ള പടങ്ങളൊക്കെ ഇപ്പളും സൂക്ഷിച്ചു വെച്ചിട്ടുണ്ടല്ലേ.
പുരാവസ്തുഗവേഷണമായിരുന്നു പറ്റിയ പണി
മാഷേ.. നല്ല വിവരണം.. എല്ലാ പോസ്റ്റും നന്നായിരിക്കുന്നു,.,, പോസ്റ്റുകളെല്ലാം വായിക്കാറുണ്ടെങ്കിലും കമ്മെന്റ് ഇടാറില്ല.. പക്ഷെ ഈ പോസ്റ്റിനു കമെന്റാം എന്നു തോന്നി.. :)
പിന്നെ, ദൃശ്യപര്‍വ്വത്തിലെ ആദ്യത്തെ ഫോട്ടോ ഞാനെടുത്തൂ ട്ടോ.. :)
എല്ലാം സഹിക്കാം
ആ ഉപ്പും കൂട്ടി പുളി തിന്നത് കേട്ട് കൊതിയാവുണു.
പുളി നാലായി പിളര്‍ന്ന് ചൂട് ഉപ്പുവെള്ളത്തില്‍ ഇട്ട് ഊറ്റി എടുത്ത് ഇടിച്ച ചുവന്ന മുളകും ചിരകിയ തേങ്ങയും ചുവന്നുള്ളിയും മഞ്ഞളും ചേര്‍ത്ത് വറ്റിച്ച് പച്ച വെളിച്ചണ്ണയുംഒഴിച്ച് കറിവേപ്പിലയും ഇട്ട് എടുക്കുക, എന്താരു സ്വാദ്! .സത്യമായിട്ടും എനിക്ക് നാട്ടില്‍ പോണം ...
ബാല്യസ്മൃതികളുടെ മനോഹരമായ ഒഴുക്ക്.. പടം അതിലും മനോഹരം. പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ഫീലിംഗ്..
ഓ.ടൊ
Rudra said...
പ്ലീസ് തുടരരുത് :P
മനുഷ്യവികാരങ്ങളെ പുച്ഛിച്ചു തള്ളുന്ന ബുജി കൊച്ചമ്മമാരുടെ കമന്റ് മൈന്‍ഡ് ചെയ്യാതിരിക്കുക.. മാര്‍ക്കേസിന്റെ പൊത്തകം കൈയില്‍ വച്ചു നടന്ന്, മംഗളോം മനോരമേം വായിച്ചുറങ്ങുന്നവരെ നന്നാക്കാന്‍ ബുദ്ധിമുട്ടാണ്‍്. :):)
നന്ദാ,
എനിക്കേറെ പരിചയമുള്ള വഴികളിലേക്ക് ഒരിക്കല്‍കൂടി കൊണ്ട് പോയി എന്നെ. സൈക്കിളില്‍ വെല്ലാംകല്ലൂര്‍ വഴി പടിയൂരുള്ള കൂട്ടുകാരന്‍ അശോകന്റെ വീട്ടിലേക്ക് എത്ര തവണ പോയിട്ടുണ്ട് ഞാന്‍.
ആ പറങ്കിപ്പള്ളിയില്‍ നിറയെ ആളുകള്‍ കൂടുമായിരുന്നൂ, അന്ന്. കാലക്രമേണ ഓരോരുത്തരായി സ്ഥല വിട്ടതാ.
മാഗി എന്ന ഒരു പറങ്കിപ്പേണ്‍കൊടി പത്താം ക്ലാസില്‍ നടവരമ്പ് സ്കൂളില്‍ വന്ന് ചേര്‍ന്നതും കൊച്ച് പാവാട കാണാന്‍ ഞങ്ങള്‍ ജൂനിയേഴ്സ് ഗേറ്റില്‍ പോയി നില്‍ക്കാറുള്ളതും ഓര്‍മ്മ വരുന്നു.
-നല്ല എഴുത്ത്!
തുടരൂ.
ഒന്ന് കൂടി,
എന്നെ ഇവിടേക്ക് നയിച്ച ആവനാഴി മാഷിന് നന്ദി!
നന്ദന്‍ജീ..
ഇനിയും തുടരൂ..
ഉപ്പുചേര്‍ത്തു തിന്നുന്ന പുളി പോലെ കൊതിപ്പിക്കുന്നു..:)
നന്ദേട്ടാ...
വായിക്കാന്‍ വൈകിയതില്‍ വളരേ വിഷമം തോന്നുന്നു.
അസ്സലായിട്ടുണ്ട് ...ഇരുമ്പമ്പുളി അരിഞ്ഞ് ഉപ്പിട്ട് ഉണക്കി തിന്ന ഓര്‍മ്മകള്‍.സത്യമായിട്ടും വായില്‍ വെള്ളമൂറി.
( പൊന്നു ചേട്ടാ ഈ വക ഓര്‍മ്മകള്‍ എഴുതിയാ ഞാന്‍ വല്ലപ്പോഴും ഒരു ബ്ലോഗറാകുന്നത്.എന്റെ ചീട്ട് കീറോ?.) :) :)
സാരല്യാ.തുടര്‍ന്നോളൂ.
ഒരു നാള്‍ ഞാനും ചേട്ടനെപ്പോലെ വളരും വലുതാകും....
ജി.മനുമാഷെ, മാഷ് ഉടക്കുന്ന തേങ്ങക്കു നല്ല ഐശ്വര്യാറായ്. പഴവങ്ങാടീലെ തേങ്ങ ആണോ മാഷെ :)
ശ്രീ. ബഹൂത്ത് ഖുശി
കോമന്‍ മാന്‍ :“വയര്‍ നിറയെ അടിച്ചിട്ട് കുറേ വെള്ളംകൂടി കുടിച്ചാല്‍..” ഓ ഇതുകേട്ടാല്‍ തോന്നും എന്നും വയര്‍ നിറയെ വെള്ളമടിക്കാത്തപോലെ ഒന്നു പോ അച്ചായാ.. :)
സരിജ : വിവരണങ്ങളെല്ലാം മുതിര്‍ന്ന എന്റെ തന്നെയാണ്. സംഭാഷണങ്ങള്‍ മാത്രം കുട്ടിയുടെ. ആ ഒരു ട്രീറ്റ്മെന്റിലാണ് എഴുതിയത്. അത് വന്നു എന്നു ഞാന്‍ കരുതുന്നു. ഫോട്ടോസ് അങ്ങിനെയാക്കാന്‍ കഷ്ടപ്പെട്ടെന്നോ..ചില്ലറ പണിയൊന്നുമല്ല :)
തോന്ന്യാസി : ബാലശാപം? ബാലന്റെ ശാപം? നീ പേരു മാറ്റ്യാ? കാര്‍ന്നോന്‍ ശാപം ന്ന് പറയഡാ ഗഡ്ഡ്യേ..
കരിങ്കല്ലേ : തീര്‍ച്ചയായും ഓരോ ഫോട്ടോകള്‍ക്കു മുണ്ട് ഒരു കഥ പറയാന്‍ :)
കൃഷ്ണ-തൃഷ്ണ : ആദ്യത്തെ ഗംഭീര വരവിനും അഭിപ്രായത്തിനും ഗംഭീരന്‍ നന്ദി. ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ സന്തോഷം :)
കുഞ്ഞാ : ‘പോസ്റ്റിനു നീളം കൂടുതലാ’ എന്ന ബ്ലോഗു ഭീഷണി ഉള്ള ആളാ ഞാന്‍ :) എക്സ് വൈ ഇസെഡ് കാറ്റഗറിയിലാ ഞാനിപ്പോ ബ്ലോഗില്‍. അതുകൊണ്ടാ തുടരും വച്ചത്. സത്യത്തില്‍ എനിക്കും അതിഷ്ടമില്ലാത്തതാ. പറഞ്ഞിട്ടെന്താ..വിധി എന്റെ വിധി സഹിക്ക്യന്നെ.. :)
കൃഷേ നന്ദി. (കുറച്ചു പച്ചമാങ്ങ അവിടെ മാറ്റി വെച്ചേക്കണേ, എനിക്ക് ആവശ്യം വരും ) :)
കൃഷ്ണാ : വരവില്‍ സന്തോഷം നന്ദി :)
അപ്പു : വീണ്ടും വന്നതില്‍ നന്ദി..ഒത്തിരി സന്തോഷം. അടുത്ത പ്രാവശ്യം ഞാന്‍ മെയിലയക്കാം. ചിത്രങ്ങള്‍ ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം :)
ചെറിയനാടന്‍ : നന്ദി അഭിപ്രായത്തിന്. ഞാന്‍ മൊഴി കീമാന്‍ ആണ് ഉപയോഗിക്കുന്നത്. സാങ്കേതികത്വം ഒന്നും ചോദിക്കരുത്. എനിക്കറിഞ്ഞൂടാ :)
പഴമ്പുരാണംസ് : അഹമ്മതി..അഹമ്മതി :) ഇല്ലാവചനം പറഞ്ഞാല്‍ കര്‍ത്താവ് പോലും സഹിക്കില്ല പിന്നെയല്ലെ വെറുമൊരു ഭര്‍ത്താവായ ഞാന്‍ :)
നിരക്ഷരാ : നന്ദി. വെവരം ഞാന്‍ വേറൊരു കമന്റായി ഇട്ടത് കണ്ടുകാണുമല്ലോ. അതിന്റെ വേറൊരു വേര്‍ഷന്‍ കുഞ്ഞനും പറഞ്ഞിട്ടുണ്ട്. കമന്റിനു വല്ല്യൊരു നന്ദി :)
സപ്നാ: ഉഗ്രന്‍ കമന്റിനു ഉഗ്രന്‍ നന്ദി :)
കിച്ചു : സന്ധ്യ കഴിഞ്ഞാല്‍ ഇപ്പോ ആ വഴിക്ക് പോലീസ് വരണുണ്ട്ട്ടാ.. കമന്റിനു നന്ദി :)
ശേഖര്‍ & വാല്‍മീകി : പെരുത്ത് നന്ദി
ലക്ഷ്മി : ഒരു വല്യ നന്ദി :) ചിത്രങ്ങള്‍ ചിത്രകാരിക്ക് ഇഷ്ടമായതില്‍ ഈയുള്ളവന് സന്തോഷായി
കാര്‍വര്‍ണം. നന്ദി. ഇനിയും വരിക :)
അരുണ്‍ കായംകുളം : നന്ദി. കായംകുളം എക്സ്പ്രസ് കലക്ക്ണ് ട്ടാ :)
രുദ്രാ:എന്താപ്പ ചെയ്യാ..എല്ലാരും പറയണത് തുടരണം ന്നാ
ഉപാസന ഭായി : എന്നുമുള്ള ഈ വരവിനു ഒരു പ്രത്യേക നന്ദി :)
മുസാഫിര്‍ : വീണ്ടുമുള്ള വരവിനു നന്ദി. അപ്പോ പണ്ടേ ഒരു കറക്കക്കാരനായിരുന്നു ല്ലേ? :)
കുറുമാന്‍ : നന്ദി. അതേ ഓര്‍മ്മകള്‍ക്കെന്നും നിറ യൌവ്വനം :)
ശ്രീലാന്‍ എന്ന സ്രാല്‍ : തീര്‍ച്ചയായും. കാശ് ഒഴികെ എന്തു വേണെലും ചോയ്ച്ചോ :) വരൂ ഒരു ദിവസം എന്റെ മാളത്തിലേക്ക് :)
ജയ : ഇവിടെ ആദ്യമായിട്ടാണെന്നു തോന്നുന്നു :) വരവിനും അഭിപ്രായത്തിനും നന്ദി :) (പിന്നെ ഓഫ് : അത് ഓരോരുത്തരുടെ അഭിപ്രായമല്ലേ, നമ്മളെന്താ പറയ്യാ)
വീണ്ടും രുദ്രാ : അതിപ്പോ ശൈലീന്ന് പറയുമ്പോ നമ്മള് എന്നും ഒരേമാതിരി തന്നല്യേ എഴുതുന്നത്? ബോധപൂര്‍വ്വമായ ഒരു എടപാടുമില്ലെന്നേ എഴുത്തില്. പിന്നെ ഓര്‍മ്മള്‍ മിക്സ് വിത്ത് ഫിക്ഷന്‍, ക്രിയേറ്റിവിറ്റി, ശ്ശൊ അതൊക്കെ നിങ്ങളെപ്പോലുള്ള ക്രിയേറ്റീവായ, ലബ്ധപ്രതിഷ്ഠരായ എഴുത്തുകാര്‍ക്കല്ലേ പറ്റൂ. എന്നെപ്പോലുള്ള എഴുതാനറിയാത്ത ആളുകള്‍ ഇങ്ങിനെ മനസ്സില്‍ വരുന്നത് അങ്ങിനെ തന്നെ എഴുതും. അത് എത്രകാലം ഉണ്ടാവുമോ അത്രയും കാലം. ഗ്യാസ് തീര്‍ന്നാല്‍ അവിടെ നില്‍ക്കും. പോകുന്ന വരെ അങ്ങ് പോട്ടേന്ന്. ഹല്ല പിന്നെ :)
പ്രാരബ്ദം : ഹോ ! ഈ അച്ചായന്റെ ഒരു കാര്യം. ഞാനപ്പോഴേ പറയാറുള്ളതാ നല്ലതേ വാങ്ങി കഴിക്കാവൂ ന്ന്. പറഞ്ഞാ കേട്ടില്ലേ ന്താ പ്പോ ചെയ്യാ :)
നന്ദ : നന്ദന്റെ ബ്ലോഗിലേക്ക് നന്ദ വന്നതില്‍ നന്ദന്റെ നന്ദി :) അപ്പൊ ഇനീം വരൂലോ?
പൈങ്ങോടാ : നീ തന്നെ പറയണം ഇത്.. നീ തന്നെ പറയണം :)
സച്ചിന്‍ : അങ്ങിനെ പാടുണ്ടോ? ഇടക്കിടക്കെന്നല്ല എല്ലാ പോസ്റ്റിനും ഇടണ്ടെ കമന്റ്. എന്നാലല്ലേ നമ്മള്‍ക്ക് എഴുതാനൊരു ഇത് ഉണ്ടാവുള്ളൂ :)
മാണിക്യം : ശ്ശോ പറഞ്ഞ് പറഞ്ഞ് ദ എന്റെ കീബോര്‍ഡും ഇപ്പ വെള്ളത്തിലായി :) നന്ദി കമന്റിനും എന്നെ കൊതിപ്പിച്ചതിനും
സന്തോഷ് : (സന്തോഷ് മാധവനല്ലല്ലൊ?) :) പുതിയ ബ്ലോഗറാണല്ലേ? ഞാന്‍ കണ്ടു സന്തോഷിന്റെ ബ്ലോഗ്. കൊള്ളാം. കമന്റ് കണ്ടാല്‍ പക്ഷെ പുതിയ ആളാണെന്നു പറയില്ല. നല്ല ഭാഷയുണ്ട്. വളരട്ടെ :)
കൈതമുള്ളേ : ആദ്യവരവിന് നന്ദി. സന്തോഷം. വിലപ്പെട്ട അഭിപ്രായം കാത്തു സൂക്ഷിക്കുന്നു. അല്ലാ എന്നിട്ട് ആവനാഴിയെവിടെ? കമന്റിന്റെ ആവനാഴിയില്‍ അസ്ത്രങ്ങളൊന്നുമില്ലെന്നോ? :)
പ്രയാസി : വരവില്‍ എനിക്ക് അമിതമായ സ്ന്തോഷം. നന്ദി
മച്ചുനാ : നിനക്ക് നന്ദി വേണോ അക്കരക്കാരാ?? നീ ഉടനെ പോസ്റ്റുകള്‍ ഇട്ടില്ലെങ്കില്‍ ഇനി നീ എഴുതാന്‍ പോകുന്ന സകല പോസ്റ്റുകളും ഞാനെഴുതി നിന്നെ ഈ ബ്ലോഗുലകത്തില്‍ നിന്ന് തിരിച്ചോടിക്കും :)
ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം പറഞ്ഞ എല്ല സുഹൃത്തുക്കള്‍ക്കും :
ആദ്യ രണ്ടു ചിത്രം പനചിക്കല്‍ ചിറ പാടത്തിന്റെ തന്നെയാണ്. മുളയുടെ ചിത്രം വേറെയാണ്. മൂന്നും ഒരു കൊല്ലം മുന്‍പ് ഞാനെടുത്ത ചിത്രങ്ങള്‍. പിന്നെ പഴയ ഓര്‍മ്മകള്‍ പറയുകയല്ലേ അപ്പോള്‍ ഒരു ചിത്രങ്ങളില്‍ പുതുമക്കു വേണ്ടി ഒരു ‘പഴമ‘ സൃഷ്ടിച്ചെടുത്തതാണ്. :) ഫോട്ടോകളെ ഫോട്ടോഷാപ്പില്‍ കയറ്റി നാലു കുപ്പി അടിപ്പിച്ചു. പിന്നെ അവരിങ്ങനെയായി :)
നന്ദു ഗംഭീരമായിരിക്കുന്നു...
മനോഹരമായ ഭാഷ..
ഇതു വായിക്കുന്ന ഏതൊരാളും തന്റെ ബാല്യത്തിലേയ്ക്കു തിരിച്ചുപോകും..
തീര്‍ച്ച..!
നന്ദേട്ടാ,
താങ്കളൂടെ പോസ്റ്റുകളിൽ വളരെയേറെ ഇഷ്ടപ്പെട്ട ഒരു പോസ്റ്റാണിത്. അടുത്ത ഭാഗം വായിക്കാൻ കാത്തിരിക്കുന്നുവെന്ന് പറഞ്ഞാൽ അത് ഭംഗിവാക്കായി കരുതി എന്നെ അപമാനിക്കരുത്. ഫോട്ടോസ് എല്ലാം ഈ പോസ്റ്റിൽ എന്ത് ധർമ്മമാണോ അവയ്ക്ക് വഹിക്കേണ്ടിയിരുന്നത് അത് നന്നായി ചെയ്തിരിക്കുന്നു. താമസിയാതെ തന്നെ അടുത്ത ഭാഗം ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
നന്ദേട്ടാ, എല്ലാ നാട്ടിൻപുറങ്ങൾക്കും ഒരുപാടൊക്കെ പറയാനുണ്ടല്ലേ?
നന്ദേട്ടാ,
ഒന്നുകൂടി പറയട്ടെ. നമ്മൂടെ പണിക്കരേട്ടൻ പോങ്ങുമ്മൂടേയ്ക്ക് വന്നിട്ടൊരുപാട് നാളായി. ആ ദുഷ്ടനെ ഞാൻ ഉള്ളി ചുട്ട് പ്രാകുമെന്ന് ഒന്ന് പറഞ്ഞേക്കു.. :)
50-)മത്തെ കമന്റ് എന്റെ അവകാശമാണ്.
ആദ്യ കമന്റ് മനുജിയുടേതെങ്കിൽ അൻപതാമത്തെ കമന്റ് പോങ്ങുമ്മൂടന്റെ ആവും എന്നൊരു പഴമൊഴി തന്നെയില്ലേ?
കേട്ടിട്ടില്ലാ? :)
പഴമൊഴി അങ്ങനെയല്ല...
"ആശാന്‍ ഒന്നാം നമ്പരു പിഴയാണെങ്കില്‍, ശിഷ്യന്‍ അമ്പത്തൊനാം നമ്പരു പിഴ.." എന്നാണ്...
ഒന്നാമത്തെ കമന്റ് ഗുരു നന്ദന്റെ വക....അമ്പത്തൊന്നാമത് വിനീതശിഷ്യന്‍ എന്റെ വക...
പനിപിടിച്ച് വീട്ടില്‍ കുത്തിയിരുന്ന വിഷമം മാറി! ഇനി രണ്ടാം ഭാഗം വരട്ടെ... അതുംകൂടി വായിച്ചിട്ടേ ഇനി ലീവ് മതിയാക്കുന്നുള്ളൂ...
മനസ്സിനെ തൊടുന്ന എഴുത്ത്. ആ ഗ്രാമീണാന്തരീക്ഷം നന്നായി പകര്‍ത്തിയിരിക്കുന്നു.
“പാലത്തിനു മുകളിലെത്തുമ്പോള്‍ 'ആ ഓട്ടയിലൂടെ നോക്കാന്‍ തോന്നിക്കല്ലേ ഈശ്വരാ.." എന്ന് പ്രാര്‍ത്ഥിക്കും. പക്ഷെ എന്തോ കൃത്യം അവിടെയെത്തുമ്പോള്‍ താനെ താഴേക്കു നോക്കിപ്പോകും..”
മനസ്സെപ്പോഴും ഇങ്ങനെ ഒരു കുസൃതിക്കാരനാണല്ലോ. എന്തു കാണരുതെന്നു വിചാരിക്കുന്നോ അവിടേയ്ക്കു തന്നെ കണ്ണുകളെ പായിക്കും.
നമ്മട അവടത്തെ ഭാഷയൊക്കെ ശരിക്കും മറന്നിരിക്കാര്‍ന്നു. വായിച്ചു കഴിഞ്ഞപ്പോ പല പ്രയോഗങ്ങളും ഓര്‍മ്മവരുന്നു.. (ഉദാ: ഇല്ല്യടെണ്ണ്യ). എന്തായാലും ഒരു ജാതി ഓര്‍മ്മ തന്നെ :)
“...*ആയിരുന്നു“ എന്ന പ്രയോഗം വല്യ ഇഷ്ടമാണല്ലേ:). അടുപ്പിച്ചുള്ള വാചകങ്ങള്‍ “ആയിരുന്നു” എന്നതില്‍ അവസാനിക്കുമ്പോള്‍ എന്തോ ഒരിത്..
വരാനും, വായിക്കുവാനും അല്‍പ്പം വൈകി . രണ്ടു കാര്യങ്ങള്‍ പോസ്റ്റ് വായിച്ചപ്പോള്‍ നമ്മുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി. അമ്മയുടെ കൈയ്യില്‍ തൂങ്ങിയും, ഇടക്കിടെ കൈ വിടുവിച്ചും കൊണ്ടു നാട്ടു വഴിയിലൂടെയുള്ള നടത്തം, പിന്നെ ചിറക്കല്‍ പാടത്തിന്റെ ചിത്രം...
അരച്ചു കലക്കി താമസിയാതെ പരീക്ഷിക്കുന്നുണ്ട്. തുടരാന്‍ പെട്ടെന്ന് ആയിക്കോട്ടെ ....
പ്രിയ നന്ദകുമാര്‍,
ഉണ്ട്. ആവനാഴിയില്‍ ധാരാളം.
വായിച്ചു. വില്ലു കുലക്കും മുമ്പ് കൈതമുള്ളിനെ വിവരമറിയിച്ചു. സ്വാദിഷ്ടവിഭവങ്ങള്‍ മറ്റുള്ളവരോടൊപ്പം ആസ്വദിക്കുന്നതിന്റെ ഒന്നു വേറെ തന്നെ.
ഇപ്പോള്‍ ശരം തൊടുക്കാം. സമയമായിരിക്കുന്നു. താങ്കളുടെ രചനയുടെ പാഞ്ചജന്യം ശ്രവിച്ചാല്‍ പിന്നെ അതു തൊടുക്കാതിരിക്കാന്‍ കഴിയില്ല.
മനോഹരമായ രചന! നാട്ടിന്‍പുറത്തിന്റെ ലാളിത്യങ്ങളിലൂടെ അതിന്റെ നന്മകളിലൂടെ അങ്ങിനെ സഞ്ചരിച്ചപ്പോള്‍ എന്തൊരു സുഖം! എന്തൊരു നിര്‍വൃതി!
ബാല്യത്തിന്റെ ഗതകാലസൌഭാഗ്യങ്ങളിലേക്കു കൊണ്ടു പോയി താങ്കളുടെ കൃതി.
അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
സസ്നേഹം
ആവനാഴി
സുനില്‍ പണിക്കര്‍, പോങ്ങുമൂടന്‍, മൈക്രോ ജീവി, ഗീതാഗീതികള്‍, ജിഹേഷ് ഏടാകൂടം, വിക്രംസ് ദര്‍ബാര്‍, ആവനാഴി : വൈകിയെത്തിയാാലും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി. :)
നന്ദപര്‍വ്വത്തിലെ തീപ്പെട്ടിക്കൂടുകളുടെ ആദ്യ പര്‍വ്വം വായിച്ചു. അടുത്ത പര്‍വ്വങ്ങള്‍ക്കായി കാത്തിരിക്കുന്നു.
തികച്ചും മനോഹരമായ ഒരു വായനാനുഭവം.
നന്ദേട്ടാ...
പഴയ ഓര്‍മ്മകളിലൂടെയുള്ള ഈ യാത്ര വളരെ ഇഷ്ടപ്പെടുന്നു,
സസ്നേഹം,
ജോയിസ്..!!
Nandetta, sorry, ithil nerathe thanne oru comment idaan pataanjathil dukham thonnunnu. aa pazhaya kaalathiloode jeevichu vannathu pole thonni. oppam chithrangalum aa moodinu othu nilkkunnu.
Simple, but Great work..!!
Touched.
(gathikedu konda mangleeshil commnetiyathu ketto.)
Love,
Raj
നന്ദാ,
ഞാന്‍ ഇപ്പോഴാ വായിച്ചത്.
നല്ല അവതരണം.
ദാ, ബാക്കി വായിക്കാന്‍ പോണു.
നന്ദേട്ടാ...
നന്ദേട്ടന്‍ പറഞ്ഞ ആ വഴിയിലൂടെ ഞാന്‍ പോകാറുണ്ട്.
അതുകൊണ്ട് തന്നെ എല്ലാം നേരില്‍ കണ്ട ഒരു പ്രതീതി
നന്ദി..ബാക്കി കൂടി വായിക്കട്ടേ..ട്ടാ.
വളരെ നന്നായി, നമ്മളുടെ വിശപ്പിന്റെ വിളി അറിയാത്ത കുഞ്ഞുങ്ങള്‍ ഇത് വായിച്ചിരുന്നെങ്കില്‍!!!!!!!!!!!!!!
Post a Comment