Thursday, August 14, 2008

ഒരു കൈനറ്റിക്ക് ഹോണ്ടയും, എന്റെ ഒടുക്കത്തെ പ് രാക്കും

.
ഒരു ബൈക്ക് സ്വന്തമാക്കണം എന്നത് എന്റെ എക്കാലത്തേയും ആഗ്രഹമായിരുന്നു. പക്ഷെ ഈയടുത്തകാലത്തോ ഈ ജന്മത്തിലോ അത് സാദ്ധ്യമാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നതല്ല. പക്ഷെ ബാംഗ്ലൂരില്‍ വന്ന് ഒരു കൊല്ലം തികയുന്നതിന് മുന്‍പ് ഞാനൊരു ടൂ വീലര്‍ വാങ്ങി. സംഗതി കൈനറ്റിക്ക് ഹോണ്ടയാണെങ്കിലും ടൂ വീലര്‍ തന്നാണല്ലോ? ( രാത്രിയായാല്‍ മാത്രം 'ത്രീ വീല്‍' ആകും. ഹോണ്ടയും പുറത്തു ഞാനും!) വാങ്ങാനുള്ള സാഹചര്യം മറ്റൊന്നായിരുന്നില്ല.ആദ്യം ജോലി ചെയ്തിരുന്ന കമ്പനി ഒരു മലയാളി കമ്പനി ആയിരുന്നു. സ്റ്റാഫെല്ലം മലയാളികള്‍ ‘എന്ന് റിസൈന്‍ ചെയ്തൂന്ന് ‘ ചോദിച്ചാല്‍ മതി. അതായിരുന്നു അവസ്ഥ.! ക്ഷമയുടെ നെല്ലിപ്പലകയും, കട്ട് ളയും, അസ്ഥിവാരവും കണ്ടപ്പോള്‍ മറ്റൊരു ജോലി സംഘടിപ്പിക്കാന്‍ ശ്രമിച്ചു. ഒരു സുഹൃത്തിന്റെ സഹായത്താല്‍ പുതിയൊരു ജോലിക്ക് ശ്രമിച്ചു തുടങ്ങി. എനിക്കാണെങ്കില്‍ മാതൃഭാഷ നല്ലവണ്ണം വശം. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ എല്ലം പച്ചവെള്ളം പോലെ ഒരു തുള്ളിയറിയില്ല! പിന്നെ ഹൈസ്ക്കൂള്‍ മുതല്‍ തമിഴ് സിനിമ കണ്ടു പഠിച്ചതിന്റെ ഗുണമായി അല്പം തമിഴും പേശും. ഭാഷയല്ലല്ലോ ജോലിയല്ലേ വലുത്! ജീവിതമല്ലേ വലുത്. എന്നും എക്കാലത്തും കൂട്ടിനുണ്ടായിരുന്ന കരളുറപ്പും തൊലിക്കട്ടിയും കൈമുതലാക്കി ബാംഗ്ലൂര്‍ നഗരത്തിലെ പല പരസ്യകമ്പനിയിലും കയറിയിറങ്ങി. അപ്പോഴാ മറ്റൊരു തമാശ!!! ബാഗ്ലൂരിലെ ഒരു കമ്പനിയിലെ ഒരു അവന്മാര്‍ക്കും മലയാളം അറിയില്ല. ശ്ശോ!! എന്റെ ദൈവമേ, ഇനി എന്നാണ് ഇവനൊക്കെ മലയാളം പഠിക്കുന്നത് എന്നു സഹതപിച്ച് ഇംഗ്ലീഷിലുള്ള അവരുടെ ചോദ്യങ്ങള്‍ക്ക് " യാ യാ.“ ..“ങേ.?“ “ ഉം ഉം..“. “ഓ പിന്നേ!" എന്നൊക്കെ തട്ടിമൂളി ഒരുവിധം ഒപ്പിച്ചു പോന്നു. ഒടുവില്‍ ഒരു പരസ്യകമ്പനിയില്‍ ഇന്റര്‍വ്യൂ തരപ്പെടുന്നു. ഉടമസ്ഥരിലൊരാള്‍ മലയാളി. (അവരുടെ ഭാഗ്യം അല്ലെങ്കില്‍ ഇന്റര്‍വ്യൂവിന് അവര്‍ തെണ്ടിപ്പോയേനെ!) അങ്ങിനെ അവിടെ ജോലി തര്വായി.

താമസം വിനാ താമസവും മാറ്റി. ഒരു സുഹൃത്തിന്റെയൊപ്പം. ഇഷ്ടം പോലെ മല്ലു മെസ്സ് ഉള്ളതുകൊണ്ടോ മല്ലുമെസ്സില്‍ മത്തിക്കറി, മത്തിഫ്രൈ കിട്ടുന്നതുകൊണ്ടോ എന്താന്നറിയില്ല താമസസ്ഥലത്തിന്റെ പേര് 'മത്തിക്കരെ' എന്നായിരുന്നു. ഒരു പത്തു പന്ത്രണ്ടു കിലോമീറ്റര്‍ അകലെ ഇന്ദിരാനഗറിലാണ് ഓഫീസ്.ആദ്യമാദ്യം ബസ്സിലാണ് ഓഫീസില്‍ പോയിരുന്നത്. ഒരാഴ്ചകൊണ്ട് സംഗതി ശരിയാവില്ലെന്ന് മനസ്സിലായി. ഈ 'വാഗണ്‍ ട്രാജഡി' എന്നൊക്കെ നമ്മള്‍ സ്ക്കൂളില്‍ പഠിച്ചിട്ടേയുള്ളൂ നേരിട്ട് അനുഭവിക്കുന്നത് ബാംഗ്ലൂരില്‍ ബസ്സില്‍ പോയിത്തുടങ്ങിയപ്പോഴാണ്. ഓഫീസിനടുത്തു വേറെ വീടു നോക്കാന്‍ മാര്‍ഗ്ഗമില്ലെങ്കിലും അറ്റകൈക്ക് അതും നോക്കി. നോ റിസള്‍ട്ട്, നമ്മുടെ പോക്കറ്റിലൊതുങ്ങുന്നത് കിട്ടിയില്ല. എന്നാപിന്നെ ബസ്സെങ്കില്‍ ബസ്സ്. നാടും നഗരവും കാണാമല്ലോ എന്നു സമാധാനിച്ചു. അപ്പോഴാ വേറൊരു പ്രശ്നം. കന്നഡയില്‍ ചോദിച്ചാലേ ബസ്സ് ജീവനക്കാര്‍ക്കും ലോക്കത്സിനും മനസ്സിലാകൂ അല്ലെങ്കില്‍ ഹിന്ദി വേണം. ഷര്‍ട്ട് തൂക്കിയിട്ട ഹാങ്കര്‍ പോലത്തെ ഹിന്ദി അക്ഷരങ്ങള്‍ പണ്ടേ എന്റെ ശത്രുവാ! കന്നഡയിലെ ഏതാണ്ട് ചില വാക്കുകളോക്കെ കാണാപാഠം പഠിക്കാന്‍ തുടങ്ങി.

രണ്ട് ബസ്സ് മാറികയറണം ഓഫീസിലേക്ക്. ഒന്ന് ശിവാജി നഗറിലേക്ക് അവിടുന്ന് ഇന്ദിരാ നഗറിലേക്ക്. ഒരു ദിവസം മത്തിക്കരെ സ്റ്റോപ്പില്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ ഒരു ബസ്സ് വന്നു. എവിടെക്കാണെന്ന് ഒരു പിടുത്തവുമില്ല. മുന്നില്‍ മൂന്നക്ക നമ്പര്‍ മാത്രം. ആരോടു ചോദിക്കും??!! രണ്ടും കല്‍പ്പിച്ച് ബസ്സിലിരുന്ന ഒരു ചേട്ടനോട് കന്നഡയില്‍ ഞാന്‍ ചോദിച്ചു.

"ഗുരോ.. ഈ.....ബസ്സ്....ശിവാ‍ജി നഗര്‍...ഹോ...ഹോഗുമോ?"

ബസ്സിലെ ചേട്ടന്‍ ഒന്നു മന്ദഹസിച്ചു എന്നിട്ടു പറഞ്ഞു : " ആ! ഹോഗുമായിരിക്കും എനിക്കറീല്ല്യ "

ദൈവമേ മലയാളി!!!! അങ്ങേരോടാണോ ഞാനീ കന്നഡ കഷ്ടപ്പെട്ടു പറഞ്ഞത്. എന്തായാലും കന്നഡിഗകള്‍ ആരും കേള്‍ക്കാതിരുന്നത് ഭാഗ്യം. ഭാഷ വികൃതമാക്കി എന്ന ഒറ്റക്കാരണം മതി ബാംഗ്ലൂരില്‍ കലാപമുണ്ടാകാന്‍.

മത്തിക്കരെയില്‍ നിന്ന് ശിവാജിനഗറിലേക്ക് രാവിലെ ബസ്സുകള്‍ കുറവ്. ഉള്ളതു നമ്മള്‍ കുളിച്ചൊരുങ്ങി വരുമ്പോഴേക്കും പോയിട്ടുണ്ടാകും. പിന്നെ നാട്ടുകാര്‍ 'ബാംഗ്ലൂര്‍ ട്രിപ്പ്' ' എന്നു വിളിക്കുന്ന ഒരു ബസ്സാണ് ഉള്ളത്. ഒരു ദിവസം അതില്‍ കയറി. ബാംഗ്ലൂര്‍ നോര്‍ത്ത്-ഈസ്റ്റ് ഏരിയ മൊത്തം കണ്ടു. വെറും ഏഴു കിലോമീറ്റര്‍ അകലമുള്ള ശിവാജിനഗറിലെത്താന്‍ ഒരു മണിക്കൂര്‍ പതിനഞ്ചു മിനുട്ട്. മത്തിക്കരെ, യശ്വന്ത്പുരം, മല്ലേശ്വരം, റെയ്സ് ഹോഴ്സ്, മജെസ്റ്റിക്ക്, വസന്ത നഗര്‍, കന്റോണ്മെന്റ് ഏരിയായിലെ മൊത്തം വീടും കടകളും മരങ്ങളും എന്തിനു വീട്ടിലെ കുളിമുറിയും വരെ കാണിച്ചു തന്നു.. ഇനിയും അരമണിക്കൂര്‍ വേണം ഇന്ദിരാനഗറിലെത്താന്‍. അതും വേറെ ബസ്സില്‍. ഈശ്വരാ! 'പാപി ചെല്ലുന്നിടം പാതാളം' എന്നൊക്കെ എഴുതി വെച്ചത് എന്റെയീ അവസ്ഥ മുന്‍ കൂട്ടി കണ്ടാണോ?

തിരിച്ചുവരുന്ന അവസ്ഥയും മറ്റൊന്നല്ല. ഇന്ദിരാ നഗറില്‍ നിന്ന് ഒന്നുകില്‍ ശിവാജി നഗറിലേക്കു വരണം രണ്ടുകില്‍ മജെസ്റ്റിക്കിലേക്ക്. അവിടുന്നേ മത്തിക്കരെയിലേക്ക് ബസ്സു കിട്ടു. ശിവാജി നഗറിലെത്തിയാല്‍ കാണുന്ന കാഴ്ച, തൃശൂര്‍ പൂരം കഴിഞ്ഞാല്‍ അത്രയും ആളുകളെ ഒന്നിച്ചു കാണുന്നത് ശിവാജി നഗര്‍ ഏഴാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ്. പണ്ട് കോളേജില്‍ ബസ്സിനു പോയിരുന്നത് എത്ര നന്നായെന്ന് അപ്പോള്‍ ഓര്‍ത്തു. വെറുതെയല്ല നിത്യാഭ്യാസി ദിനോസറിനേയും എടുക്കും എന്നു പറയുന്നത്. ദിനോസറിനെ മാത്രമല്ല ബി.എം.ടി.സി ബസ്സിലും കയറും.

മുറിയിലെത്തിയാല്‍ സഹമുറിയനുമായും തൊട്ടടുത്തു താമസിക്കുന്ന ഹൌസ് ഓണര്‍ 'അങ്കിളു'മായി കൂലംകഷമായ ചര്‍ച്ച.

" വണ്ടി വേണം അല്ലെങ്കീ ഞാന്‍ തെണ്ടിപ്പോകും"

ഒരു ദിവസം അങ്കിള്‍ എന്നോട് ഒരൊറ്റ ചോദ്യം.. "എടോ ഒരു കൈനറ്റിക്ക് ഉണ്ട് നോക്കുന്നോ?"

"എത്ര വേണ്ടി വരും" ഞാന്‍

"ഒരു എട്ട് എട്ടര പറയുന്നു. ഏഴിന് ചോദിച്ചു നോക്കാം. വണ്ടി കണ്ടീഷന്‍"

വീണ്ടും ആലോചനകള്‍ കണക്കെടുപ്പുകള്‍.

എന്തിനേറെ പറയുന്നു, ഒടുവില്‍ വണ്ടി വാങ്ങിച്ചു എന്നല്ലേ പറയേണ്ടു. വണ്ടിയും അതിന്റെ സ്ഥാവര ജംഗമവുമെല്ലാം അന്നു രാത്രി തന്നെ ഏര്‍പ്പാടാക്കി.

രാത്രി ഉറക്കം വന്നില്ല! എങ്ങിനെ വരും? ഇന്നു രാത്രി മുതല്‍ ഞാനൊരു ടൂ വീലറിന്റെ ഓണറാണ്. സ്വന്തമായൊരു വാഹനം. ഓഫീസിലേക്ക് പോകുന്നു, വരുന്നു. സുഹൃത്തിനെ കാണാന്‍ പോകുന്നു വരുന്നു, ഷോപ്പിങ്ങിന് പോകുന്നു വരുന്നു. ഒത്താല്‍ ഒരു ഗേള്‍ഫ്രെണ്ടിനേയും പുറകിലിരുത്തി ബാംഗ്ലൂര്‍ നഗരം ചുറ്റുന്നു (അമ്മ്യാണേ ഇതുവരെ നടന്നിട്ടില്ല, സത്യം!!)

പറയാന്‍ വിട്ടു ഒരു പ്രധാന കാര്യം, ഇന്നേവരെ ഒരു ഡി.എല്‍ അഥവാ ഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടിട്ടുള്ളതല്ലാതെ, ങേഹെ! ഒരെണ്ണം സ്വന്തമാക്കിയിട്ടില്ല.

കുറച്ചു ദിവസത്തെ യാത്രയില്‍ ബാംഗ്ലൂരില്‍ വണ്ടിയോടിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ പഠിച്ചു :

ഓട്ടോറിക്ഷ, ബി.എം.ടി.സി. ബസ്സ്; അതിന്റെ പുറകെ ഫോളോ ചെയ്യാന്‍ നില്‍ക്കണ്ട. ഈ ജന്മത്തില്‍ അവന്‍ സൈഡ് തരില്ല. ഏതെങ്കിലും വിധത്തില്‍ എന്തു റിസ്കെടുത്തും ഓവര്‍ ടേയ്ക് ചെയ്ത് രക്ഷപ്പെടുക. സ്പെഷ്യലി ഓട്ടോറിക്ഷയുടെ പുറകില്‍ പെട്ടാല്‍ ജീവന്‍ പണയം വെച്ചും മുന്നില്‍ കയറി രക്ഷപ്പെടുക. കാരണം അവന്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തിരിക്കുമെന്നോ അവിടെത്തന്നെ സഡന്‍ ബ്രേക്കിടുമെന്നോ അവനു തന്നെ നിശ്ചയമില്ല. 'എല്‍' (L) എന്ന ചുവന്ന സ്റ്റിക്കര്‍ കാണുന്ന ആക്ടീവ, സ്ക്കൂട്ടി, കൈനറ്റിക്ക് ഹോണ്ട മുതലായവയില്‍ യാത്ര ചെയ്യുന്ന അംഗലാവണ്യമാര്‍ന്ന തരുണീമണികള്‍ മുന്നില്‍ പെട്ടാല്‍ "എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദര്‍ന്മാരാണ് " എന്നു മൂന്നുവട്ടം മനസ്സില്‍ ഉരുവിട്ട് വേഗം ഓവര്‍ടേയ്ക്ക് ചെയ്ത് സ്ക്കൂട്ടാവുക. അല്ലെങ്കില്‍ ഇടം വലം സ്പേസ് കണ്ടെത്തുക. അല്ലെങ്കില്‍ ഒരു സഡ്ഡന്‍ ബ്രേക്കിനു സാധ്യത ഉണ്ട്. അല്ലെങ്കില്‍ ഉച്ചക്കകം ഓഫീസ് പൂകുമെന്ന് പൂതി വേണ്ട. പുറകില്‍ പ്രായമായ അച്ഛന്‍, അമ്മ എന്നിവരുമായി യാത്രചെയ്യുന്ന ബൈക്കു യാത്രക്കാര്‍, പഴയ സ്ക്കൂട്ടറില്‍ ഇപ്പോഴും യാത്ര ചെയ്യുന്ന മദ്ധ്യവയസ്കര്‍ ഇവരെയൊക്കെ ഒഴിവാക്കി ഇടം വലം തിരിഞ്ഞോ, വലതുമാറി ഇടതുമാറിയോ ഞെരിഞ്ഞമര്‍ന്നോ ഓവര്‍ടേയ്ക്ക് ചെയ്തു പോകണം. അല്ലെങ്കില്‍ ഒരു സഡന്‍ ബ്രേക്ക്, അരമണിക്കൂര്‍ ട്രാഫിക്ക് ജാമില്‍ ഇതിനു സാദ്ധ്യത.

ഓര്‍ക്കേണ്ട മറ്റൊരു പ്രധാന കാര്യം, അന്യസംസ്ഥാന റജിസ്ട്രേഷന്‍ (ഉദാ:കെ.എല്‍, ടി.എന്‍, പി.എന്‍) ഡോക്യുമെന്റ്സ് കയ്യിലില്ലാത്തവര്‍, നമ്പര്‍ ബോര്‍ഡ് ഇല്ലാത്തവര്‍ കഴിവതും വാഹനവൂഹത്തിന്റെ നടുക്കു വേണം യാത്ര ചെയ്യാന്‍. ട്രാഫിക്ക് സിഗ്നലിലോ റോഡിന്റെ ഇരുവശങ്ങളിലോ എവിടെയെങ്കിലും പതിയിരിക്കുന്ന പോലീസ് ചേട്ടന്‍മാരുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രമാണിത്. ചേട്ടന്മാര്‍ ചെക്കിങ്ങിനായി സ്ഥിരം തങ്ങുന്ന ഏരിയായകള്‍ കവര്‍ ചെയ്യാതെ ഷോര്‍ട്ട് / ലോങ്ങ് കട്ടുകള്‍ കണ്ടുപിടിക്കുന്നത് പോക്കറ്റിനു വളരെ നല്ലതാണ്.

കുറച്ചുമാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, ഒരു വെള്ളിയാഴ്ച.

ബുധനാഴ്ചമുതല്‍ എന്റെ വയറിനെ പിടികൂടിയ സുനാമി തീരെ അങ്ങ്ട് ശമിക്കുന്നില്ല. രണ്ടു ദിവസം പിടിച്ചു നിന്നു. വെള്ളിയാഴ്ച ജോലിയെല്ലാം നേരത്തെ തീര്‍ന്നപ്പോള്‍ നേരത്തെ വീട്ടില്‍ പോകാം എന്നു തോന്നി. ഡോക്ടറെ കാണണം റെസ്റ്റ് എടുക്കണം. ഭക്ഷണം വീട്ടില്‍ തന്നെ ഉണ്ടാക്കാറാണ് പതിവ്. സമയ-ഗ്യാസ്-വെള്ളം ഇത്യാദികളുടെ ദൌര്‍ലഭ്യം കാരണം ചിലദിവസങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ട കന്നഡികാ ഗഡികളുടെ ഭോജന ശാലയെ ഡിപ്പെന്‍ഡു ചെയ്യേണ്ടി വരും. അവിടെനിന്നും രണ്ടു നേരം ഭോജിച്ചാല്‍ ആറു നേരം കക്കൂസില്‍ സ്പെന്‍ഡു ചെയ്യേണ്ടിവരാറുണ്ട്. ശീലമായതുകൊണ്ട് അതിലൊരു അത്ഭുതവും തോന്നാറില്ല.

പക്ഷെ ഇത്തവണ സംഗതി അതു മാത്രമല്ല. വേദന നന്നായിട്ടുണ്ട്. എന്നാല്‍ 'കാര്യങ്ങള്‍' എപ്പഴും അങ്ങ്ട് സാധിക്കുന്നില്ല താനും. ഒരു തരം വര്‍ണ്ണ്യത്തിലാശങ്ക കണക്കേ. ഒടുക്കത്തെ വേദന ചില നേരങ്ങളില്‍.

ഓഫീസില്‍ നിന്നും പെര്‍മിഷന്‍ വാങ്ങി നേരത്തെ സ്ക്കൂട്ടറും കൊണ്ട് സ്ക്കൂട്ടായി.

സന്ധ്യാ സമയം! ബാംഗ്ലൂരില്‍ വന്നതിനുശേഷം സന്ധ്യാനേരം കാണാറുള്ളത് ഞായറാഴ്ചകളില്‍ മാത്രമായിരുന്നു.

ആഹാ!!! ആകാശത്തിനെന്തു ഭംഗി. സ്വയം പറഞ്ഞു. സന്ധ്യകഴിഞ്ഞാല്‍ മുഖത്ത് ചായം പൂശി പബ്ബിലേക്കിറങ്ങുന്ന ബാംഗ്ലൂര്‍ സുന്ദരിമാരേപോലെ അങ്ങ്, അള്‍സൂര്‍ ലെയ്ക്കിനപ്പുറം നമ്മുടെ സൂര്യേട്ടന്‍!

"കമ കമ കമ കമലാക്ഷി
ജല ജല ജല ജലജാക്ഷി
മിനു മിനു മിനു മീനാക്ഷി
പട പട പട പഞ്ചറാംഗി
ബാരേ.....അയ്ത്തലെക്കിഡി ബാരേ......"

ഒരു സൂപ്പര്‍ ഹിറ്റ് കന്നഡ ഗാനവും പാടി ഞാന്‍ വണ്ടി കത്തിച്ചു വിട്ടു. സിഗ്നലില്‍ ആളു കുറവ്, ട്രാഫിക്ക് കുറവ്, മര്‍ഫി റോഡും, അള്‍സൂര്‍ ലെയ്ക്കും, ബെന്‍സന്‍ ടൌണും കഴിഞ്ഞ് എന്നെ വഹിച്ച് എന്റെ കൈനി, ജെ.സി. നഗര്‍ ലക്ഷ്യമാക്കി നീങ്ങവേ......

അതാ ആരോ കൈ കാണിക്കുന്നു....

'വയറ്റിലൊരു സുനാമീം കൊണ്ട് പോകുമ്പോള്‍ ഏത് ശവ്വ്യണ്ടാ വണ്ടിക്ക് കൈ കാണിക്കണത്?" ഞാന്‍ മനസ്സില്‍ പ്രാകി

"ദൈവമേ"

മുപ്പത്തിമുക്കോടി ദൈവങ്ങളേയും ചേര്‍ത്തുള്ള ഒരൊറ്റ വിളിയായിരുന്നു എന്റെ.

മുന്നിലതാ ലവന്‍....ലവന്‍ തന്നെ...ഡാവ്... നമ്മടെ ട്രാഫിക്ക് പോലീസ് ചുള്ളന്‍. നോ കട്ട് വഴി! നോ സൈഡ് വഴി!!, കീഴടങ്ങുക തന്നെ വഴി!!!

ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങിനെയൊരു അനുഭവം. അതും മറുനാട്ടില്‍ വെച്ച്. കയ്യിലുള്ള മലയാളവും, സിനിമ കണ്ട് പഠിച്ച തമിഴും ഇവിടെ വിലപോകില്ലെന്ന് മനസ്സിലായി. വേറൊരു ഭാഷ അറിയില്ലതാനും.

ചേട്ടന്‍ വണ്ടി നിര്‍ത്തിച്ചു അരികില്‍ വന്നു, താക്കോള്‍ ഊരിയെടുത്തു കന്നടയില്‍ എന്തോ കല്‍പ്പിച്ചു..

എനിക്ക് മനസ്സിലായില്ല " വാട്ട്? വാട്ട് സാര്‍?"

"ഓയ് ........വണ്ടി സൈഡോതുക്കഡേ, ഡി. എല്‍. കാണിക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍, സകല ഡോക്യുമെന്റ്സും കാണിക്കെഡേയ്. ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്. എല്ലാം കാണിച്ചിട്ടു പോയാ മതി..കേട്ടോഡാ..?"

കീഴടങ്ങിയാല്‍ ലോകത്തിലെ ഏതു ഭാഷയും നമുക്കു മനസ്സിലാകുമെന്ന് അന്നെനിക്കു മനസ്സിലായി.

ഞാനാദ്യം പരുങ്ങി. (എനിക്ക് ലൈസന്‍സില്ലല്ലോ, പക്ഷെ ബാക്കി എല്ലാ ഡോക്യുമെന്റ്സും ഉണ്ട്!)

" ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്, വേഗമെടുക്കെടാ"

സാറിന്റെ കയ്യില്‍ നിന്നു കീ വാങ്ങി ഞാന്‍ വണ്ടിയുടെ കാബിന്‍ തുറന്നു.

'എന്റീശ്വരാ‍രാ‍രാ‍രാ‍രാ‍രാ‍രാ‍!!'

അധികാരത്തിലേറിയ പുതിയ സര്‍ക്കാര്‍ ഖജനാവു തുറന്നപ്പോള്‍ കണ്ട കാഴ്ച പോലെ, അതിനകം ശൂന്യമായിരുന്നു.

കഴിഞ്ഞയാഴ്ച വണ്ടി സര്‍വ്വീസിനു കൊടുത്തപ്പോള്‍ ഡോക്യുമെന്റ്സെല്ലാം വണ്ടിയില്‍ നിന്നെടുത്ത് അലമാരയില്‍ വെച്ചത് ഒരു മിന്നായം പോലെ ഓര്‍മ്മയില്‍ മിന്നി.

" സാര്‍,.....ഡോക്യുമെന്റ്സ് വീട്ടിലാണ്"

"എവിടെ വീട്?"

"മത്തിക്കരെ"

" വണ്ടി സൈഡൊതുക്കിയിട്, ബസ്സിലോ ഓട്ടോയിലോ പോയി ഡോക്യുമെന്റ്സ് എടുത്തിട്ടു വാ.. ഡേയ് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്"

പെട്ടെന്നോര്‍മ്മ വന്ന നമ്പര്‍ ഇറക്കാമെന്നു കരുതി

" സാറെ, രാമയ്യ ഹോസ്പിറ്റലില്‍ ഒരു സുഹൃത്തിനു രക്തം കൊടുക്കാന്‍ പോകുന്നതാ... പറഞ്ഞുവിടണം. ഞാന്‍ അടുത്ത ദിവസം........"

"ഓട്ടോറിക്ഷക്കു പൊയ്ക്കോ, വണ്ടി ഇവിടെ ഇരിക്കട്ടെ. പേപ്പേഴ്സ് കാണിച്ചിട്ട് വണ്ടി കോണ്ടുപോകാം"

ഓഫീസില്‍ നിന്നും നേരത്തെ ഇറങ്ങാന്‍ തോന്നിയതിനേയും അതിനു കാരണമായ വയറു വേദനയേയും മനസ്സാ ശപിച്ചു. കാരണവന്മാര്‍ ഉണ്ടാക്കിവെച്ച എല്ലാ ചൊല്ലുകളും അന്വര്‍ത്ഥമാണെന്ന് അന്ന് മനസ്സിലായി.

"സാറെ....സാറെ..എന്തെങ്കിലും അഡ്ജസ്റ്റ്മെന്റ്?"

"എന്തോന്നു അഡ്ജ്സ്റ്റ്മെന്റ്? വല്ല ഡോക്യുമെന്റ്സും ഉണ്ടോഡേ? ഇല്ലേല്‍ ഒരു നാലായിരം കെട്ടിക്കോ.."

"നാലായിരോ? പൊന്നു സാറെ എന്തേലും....എങ്ങിനേലും...ഒരു...പ്ലീസ്.."

" ഉം ശരി ശരി....ഒരു ഒരു ആയിരം കൊട്...അതു മതി."

"എന്റമ്മോ...സാറെ അത്രയും വേണോ? ഒരു നൂറ്....അല്ലേല്‍ ഇരുന്നൂറ്..അതു പോരെ...?"

"ഓയ്.......ഒരു ഡോക്യുമെന്റ്സും ഇല്ലാതെ നൂറു രൂപായോ?? ഡേയ് ഇത് ഹൈക്കോര്‍ട്ട് ഓര്‍ഡറാണ്."

ഞാന്‍ പഴ്സ് തുറന്നു. തുറന്നില്ലെങ്കില്‍ വീട്ടീപ്പോകാനും പറ്റില്ല, ഡോക്ടറെകാണാനും പറ്റില്ല.. തുറന്നപ്പോള്‍....കഷ്ടകാലത്തിന് പാമ്പല്ല പെരുമ്പാമ്പ് വിഴുങ്ങാന്‍ അതിലാണെങ്കില്‍ ഒരു അഞ്ഞൂറിന്റെ നോട്ടും ഒരു പത്തു രൂപാ നോട്ടും..!!!

എടുക്കേണ്ടി വന്നില്ല. ചേട്ടന്‍ തന്നെ സഹായിച്ചു. ചുള്ളന്‍ അഞ്ഞൂറു രൂപാ സ്വന്തം പോക്കറ്റിലേക്ക് കട്ട് ആന്റ് പേസ്റ്റ് ചെയ്തു.! സാമദ്രോഹി!

"അഞ്ഞൂറെങ്കില്‍ അഞ്ഞൂറ്...ങാ നീ പോ" അണ്ണന്‍ കീ കൈമാറി.

ബ്രേക്ക് ഏത്, ആക്സിലേറ്റര്‍ ഏത് എന്നറിയാതെ ഞാന്‍ പരുങ്ങി. കണ്ണിലിരുട്ട് കയറിയിട്ട് ഒന്നും കാണാന്‍ വയ്യ. ദൈവമേ! ഇത്ര വേഗം ഇരുട്ടായോ? വേദനയോ തളര്‍ച്ചയോ? അതോ രണ്ടും കൂടിയതോ??!!

ഒരു കണക്കിന് വണ്ടി സ്റ്റാര്‍ട്ടാക്കി ഒരു മുപ്പത് വാര അകലെ കൊണ്ടുവന്നു നിര്‍ത്തി. സങ്കടവും വിഷമവും എല്ലാംകൊണ്ടും ഞാന്‍ ഒരു പരുവമായി. അവനോടുള്ള ധാര്‍മ്മിക രോക്ഷം ആളിക്കത്തി.

'എന്റെ കൊടുങ്ങല്ലൂരമ്മേ, ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും പെട്രോളടിക്കാനും വച്ച കാശായിരുന്നല്ലോ ആ ബാംഗ്ലൂര്‍ സാമദ്രോഹി അടിച്ചെടുത്തത്.'

വണ്ടി നീങ്ങുന്നില്ല. ഒരൊറ്റ നിമിഷം കൊണ്ട് ഒന്നും കാണാതായി. ഇരുട്ട് തന്നെ ഇരുട്ട്. ഞാന്‍ പിന്തിരിഞ്ഞു നോക്കി. ആ അരണ്ട വെളിച്ചത്തിലും ഞാന്‍ കണ്ടു. ലവന്‍ അടുത്ത ഇരയ്ക്കു നേരെ കൈ നീട്ടുന്നത്.

"ഹെന്റെ ദൈവമേ..." മുപ്പത്തിമുക്കോടു ദൈവങ്ങളേയും അവരുടെ ബന്ധുമിത്രാദികളേയും ഒരുമിച്ചു വിളിച്ചു.

സത്യം പറയാലോ, ജനിച്ച നാള്‍ തൊട്ട് ഇന്നേ വരെ ഞാന്‍ അങ്ങിനെ ദൈവത്തെ വിളിച്ചിട്ടില്ല.

'കൊടുങ്ങല്ലൂരമ്മേ, ദേവീ, നീ കാണുന്നില്ലേ ഈ പകല്‍ കൊള്ള?! അകാരണമായി ഈ ഭക്തനെ ദ്രോഹിച്ച ആ പോലീസുകാരനെ......ഒരു ദാക്ഷിണ്യവുമില്ലാതെ അഞ്ഞൂറു രൂപാ തട്ടിപ്പറിച്ച ആ പണ്ടാറക്കാലനെ തക്കശിക്ഷ നല്‍കണേ ദേവീ....അവന്‍......അവന്‍...പണ്ടാറമറങ്ങിപ്പോകണേ....

ജീവതത്തിലാദ്യമായി മനസ്സുരുകി ഒരുത്തനെ പ് രാകി. പ്രാക്കെന്നു പറഞ്ഞാല്‍ ഒടുക്കത്തെ പ്രാക്ക്!!

കൊടുങ്ങല്ലൂരമ്മ എന്നെ കൈവിടാറില്ല.

ആ പോലീസുകാരനു വല്ലതും പറ്റിയോ ആവോ, ഇപ്പോ ജീവിച്ചിരിക്കുന്നുണ്ടോ ആവോ!? ആ! ആര്‍ക്കറിയാം? ഞാനന്വേഷിക്കാന്‍ പോയില്ല...!!

.

Monday, August 4, 2008

ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രെസ്സ്

.


"ചേട്ടാ ഇവിടെ ആളില്ലല്ലോ ല്ലേ? ഒന്നഡ്ജസ്റ്റ് ചെയ്തിരിക്കാമോ"

"എന്തരണ്ണാ, ഇവിടെ ആളിരിക്കണത് കണ്ടില്ലേ, ലോ ദവിടെങ്ങാനും പോയി നോക്കണ്ണാ"

"ചേട്ടോ ഒന്നഡ്ജസ്റ്റ് ചെയ്യാമോ? ഒരാള്‍ക്ക് കൂടി ഇരിക്കലോ ല്ലേ?"

"പറ്റത്തില്ല ചേട്ടാ, ഇപ്പത്തന്നെ ഫുള്ളാ, ഇനിയെന്നാ അഡ്ജസ്റ്റ്മെന്റ് ചെയ്യാനാ?"

"അയ്യോ!! ഇതെന്താണ് ഏട്ടോ!!" പെട്ടെന്നൊരു അലര്‍ച്ച "എവ്ടെ നോക്ക്യാണ് ങ്ങ് ള് നടക്കണത്?"

എന്റെ ഷൂസ് ഒരുത്തന്റെ കാലില്‍ അമര്‍ന്നപ്പോള്‍ അവന്‍ അമറിയതാണ്.

"സോറി ചേട്ടാ, ഞാന്‍ കണ്ടില്ല"

" ഇദ്ന്താണ്ടോ കര്‍മ്മം!! ഇവിടെ സീറ്റൊന്നും ഇല്ല്യാന്ന്, നിങ്ങള് വേറോടത്ത് നോക്കിട്ടോളീന്‍"

"ചേട്ടാ ഈ ബര്‍ത്തില് ആളില്ലാല്ലേ, ഞാനിരിക്കിണുണ്ടേ..?

"എന്തുവാ ചേട്ടാ? ഇവിടെ തോനെ ആളിരിക്കണത് കണ്ടില്ല്യോ? അങ്ങത്തെങ്ങാനും പോയി നോക്ക് "

'ശ്ശെടാ, ഇതെന്താ, കേരള സംസ്ഥാനം മുഴുവന്‍ ഈ ട്രെയിനകത്താണല്ലോ!! ഇതിനകത്തു ഒരു സീറ്റ് ഒപ്പിക്കാനെന്താപ്പാ ചെയ്യാ??!!'

"ചേട്ടാ, അവിടെ ബര്‍ത്തില് ആളില്ലല്ലോ? ഞാനിരുന്നോട്ടെ?"

"ഇല്ല, ഇവിടെ ആളുണ്ട്. ബാഗ് വച്ചിട്ട് പോയിരിക്കുവാ."

"എന്നാലും ഒന്നു അഡ്ജസ്റ്റ് ചെയ്തൂടെ ചേട്ടാ??"

"പറ്റത്തില്ല ചേട്ടാ, ഇനി ഇവിടെ ഇരിക്കാനൊന്നും പറ്റത്തില്ല. ചേട്ടന്‍ വേറെ സീറ്റ് നോക്ക് "

"ചേട്ടാ ഇവിടെ ഒന്ന് അഡ്ജസ്റ്റ് ചെയ്തിരിക്കാവോ?"

"പറ്റില്ല്യാട്ടാ ഗഡ്യേ, ഇവ് ടെ ഒരാളുണ്ട് ട്ടാ . ബാഗിരിക്കണ് കണ്ടില്ല്യേ."

ശെടാ! എവിടയാ ഒന്നിരിക്കുന്നേ എന്നാലോചിച്ച് കമ്പാര്‍ട്ടുമെന്റ് മൊത്തം കറങ്ങി. ഒക്കെ ഫുള്ളാ. 'ദൈവമേ ബാംഗ്ലൂരിലെ മൊത്തം ആളുകളു ഇന്നു തന്നെയാണോ കേരളത്തിലേക്ക് പോകുന്നേ? സൂക്ഷിച്ചു നോക്കിയപ്പോ നാലുപേരിരിക്കുന്ന ബഞ്ചില്‍ ഒരിത്തിരി സ്ഥലം.

"ചേട്ടാ! ഒന്നഡ്ജ്സ്റ്റ് ചെയ്തേ, ഒന്നിരുന്നോട്ടേ."

എന്താവോ ഭാഗ്യം. ആ മസിലുചേട്ടന്‍ അഡജസ്റ്റ് ചെയ്തു. ഇത്തിരി കിട്ടിയ സ്ഥലത്ത് ഞാന്‍ അരച്ചന്തി വച്ചിരുന്നു. 'ദൈവമേ ബാംഗ്ലൂര്‍ന്ന് കന്യാകുമാരിക്കാ ടിക്കറ്റ് എടുത്തിരിക്കുന്നത്. കന്യാകുമാരിയില് ഇനി എപ്പോഴാണാവോ എത്തുക? അവിടെ വരെ അര ചന്തി പുറത്തിട്ടിരിക്കേണ്ടി വരുമോ ആവോ?'

'എക്സൂസ്മീ, ഇവിടെ ആളുണ്ടോ?"

ഒരു കുയില്‍ നാദം. ഒരു മുക്കാല്‍ പാന്റും ടീ ഷര്‍ട്ടും ഇട്ട മല്ലു കൊച്ച്. പുറത്തു ബാഗൊക്കെ തൂക്കിയിട്ട്. ഒഴിഞ്ഞിരിക്കുന്ന ബര്‍ത്തിലെ ചേട്ടനോടാണ് ചോദ്യം.

"ഏയ്! അധികം ആളില്ല. വേണേല്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാം." ബര്‍ത്തിലേ ചേട്ടന്‍ പെട്ടെന്ന് വിനീത്കുമാറായി. കേട്ട പാതി, പെണ്‍കൊച്ച് ബര്‍ത്തില്‍ പിടിച്ചു കയറി.

'ശ്ശെടാ നീ ആളു കൊള്ളാമല്ലോ ചേട്ടാ! ഞാന്‍ ചോദിച്ചപ്പോ അവിടെ സീറ്റുണ്ടായിരുന്നില്ല. രണ്ടു മിനിറ്റിനികം സീറ്റു വന്നോ?? ഭയങ്കരാ..' ഞാന്‍ മനസ്സിലവനെ പ്രാകി.

പെങ്കൊച്ചു വന്നപ്പോള്‍ പുന്നെല്ലു കണ്ട എലിയെപ്പോലെയായി അവന്റെ മുഖം. കൊച്ചാണെങ്കില്‍ കീഴറ്റം ലൂസായ ഒരു പാന്റും അതാണെങ്കില്‍ മുട്ടു വരെ തെരുത്തു കയറ്റി വച്ചിരിക്കുന്നു. റെയില്‍ വേ ഗാര്‍ഡ് കൊടിവീശും പോലെ അതിങ്ങനെ ആടിക്കൊണ്ടിരുന്നു.

സമയം ഒമ്പതു മണിയേ ആയിട്ടുള്ളൂ. അതിനു മുന്‍പേ കമ്പാര്‍ട്ടുമെന്റ് ഫുള്ളായി. വണ്ടി ഏതാണ്ട് വാഗണ്‍ ട്രാജഡിയുടെ പരുവമായി.'ഇനിയുള്ള സ്റ്റേഷനില്‍ നിന്നുള്ള ആളുകളൊക്കെ എവിടെയാണാവോ കയറുക?! ഗാപ്പി ഗാപ്പ്യേ' 'ച്യായ് ച്യായ് 'വിളി അന്തരീക്ഷത്തില്‍.

എങ്ങിനെയെങ്കിലും നേരമൊന്നു വെളുപ്പിച്ചുകിട്ടണമല്ലോ എന്റെ തൃപ്രയാറപ്പാ!! കയ്യിലിരിക്കുന്ന ബാഗ് സൈഡില്‍ തൂക്കിയിട്ടേക്കാം എന്നു കരുതി കൈ പൊക്കി നോക്കിയതും....എന്റെ ദൈവമേ! ആ പെങ്കൊച്ച് അപ്പുറത്തെ ബര്‍ത്തിലിരുന്ന് എന്റെ തലക്കു മുകളിലെ ബര്‍ത്തിലേക്ക് കാലും നീട്ടിയിരിക്കുന്നു. നോക്കിയപ്പോള്‍ എന്താ കഥ!? കൊച്ചിന്റെ ബാംഗ്ലൂരു മുതല്‍ കന്യാകുമാരി വരെ കാണാം.

"പെങ്ങളേ ഈ കാലൊന്നു മടക്കി വച്ചിരുന്നെങ്കില്‍......"

കൊച്ചു നേരെ ചമ്രം പടിഞ്ഞിരുന്നു. ഇരുന്നപ്പോള്‍ തൊട്ടടുത്തിരുന്ന ചെറുക്കന്റെ ദേഹം പെണ്‍കുട്ടിയുടെ ദേഹത്തു മുട്ടിയുരുമ്മി.

"എക്സ്ക്യൂസ് മീ.......പ്ലീസ്." പെണ്‍കുട്ടി ഇത്തിരി നീരസത്തോടെ അവനോട്.

"സോറി" ചമ്മിയ ചിരി ചിരിച്ച് അവന്‍ അല്പം അനങ്ങിയിരുന്നു. അവര്‍ക്കിടയില്‍ ഒരു രണ്ടിഞ്ചു അകലത്തില്‍ ഒരു അലിഖിത നിയന്ത്രണ രേഖ കാണാറായി.

അരച്ചന്തിയില്‍ അഡ്ജസ്റ്റ് ചെയ്തു ഞാനിരുന്നു. രണ്ട് കാലിന്മേലാണ് എന്റെ ബാലന്‍സ് മുഴുവന്‍. തൊട്ടുമുന്നിലെ സീറ്റില്‍ പ്രായമായ ഒരു അമ്മച്ചിയും കൂടെ അവരുടെ മകളോ മരുമകളൊ ആയ ഒരു ചേച്ചിയും. ശരിക്കിരുന്ന് പോകാന്‍ പറ്റാത്തതില്‍ അമ്മച്ചിക്ക് തെല്ലു വിഷമമുള്ളതു പോലെ. അതിന്റെ ക്ഷീണം തീര്‍ക്കാനെന്നോണം മകളോട് എന്തൊക്കെയോ മുറുമുറുക്കുന്നുണ്ട്. മുറുമുറുക്കല്‍ ഇടക്കിടക്ക് ഉച്ചത്തിലാവുമ്പോള്‍ മകളായ സ്ത്രീ ചമ്മല്‍ കൊണ്ടോ എന്തോ ചുറ്റും നോക്കുന്നു. തൊട്ടടുത്തിരുന്നവര്‍ അമ്മച്ചിയുടെ വര്‍ത്താനം കേള്‍ക്കാന്‍ ഉത്സാഹപ്പെട്ടിരിക്കുകയാണ്,

"അമ്മച്ചിക്ക് കഴിക്കാനെന്തെലും വാങ്ങട്ടേ?" എടുത്തടിച്ചപോലെ, പെട്ടെന്ന് ആ സ്ത്രീ അമ്മച്ചിയോട് ഒരു ചോദ്യം.

മരുമകളു തന്നെ. ഉറപ്പിച്ചു. അമ്മച്ചിയുടെ വായടപ്പിച്ചു വെക്കാന്‍ ഇതിലും നല്ലൊരു മാര്‍ഗ്ഗമില്ലെന്ന് ആ മരുമോളു കരുതിയിരിക്കം. അപ്പോള്‍ തന്നെ ഒരു പാക്കറ്റ് പൊറോട്ടയും മുട്ടക്കറിയും വാങ്ങി അമ്മച്ചിക്കു കൊടുത്തു. അമ്മച്ചി പാക്കറ്റ് അഴിക്കുയായിരുന്നില്ല, കീറിപ്പൊളിക്കുകയായിരുന്നു. പൊറോട്ട കീറി കഷണങ്ങളാക്കി അമ്മച്ചി അണ്ണാക്കിലേക്കെറിയാന്‍ തുടങ്ങി.

ഞാനൊരുവിധം ബാലന്‍സ് ചെയ്തിരുന്ന് കമ്പാര്‍ട്ടുമെന്റിനകം വീക്ഷിക്കാന്‍ തുടങ്ങി. ഉറങ്ങാന്‍ പറ്റിയില്ലെങ്കില്‍ കണ്ണിനു കുളിര്‍മ്മയേകുന്ന വല്ല കളറുകളുമുണ്ടോ എന്ന്? ഏയ്.! എവ്ടെ! അന്നത്തെ ദിവസം എന്റെയായിരുന്നില്ല എന്നു തോന്നുന്നു. അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ ഇമ്മാതിരി ചതി എന്നൊടു കാണിക്കുമായിരുന്നോ? കമ്പാര്‍ട്ടുമെന്റ് ഏതാണ്ട് കമ്പ്ലീട്ട് സി.സി അടഞ്ഞു തീരാറായ ഇനങ്ങളാണ്. പറ്റിയതു പറ്റി എന്നും ചിന്തിച്ചിരിക്കുമ്പോള്‍.....

"ങ് ഹ്...ങ്ഹ്... ഹ്യാ.."

ദൈവമേ, ഇതെന്തോന്നു ശബ്ദം?? നോക്കിയപ്പോള്‍ അമ്മച്ചി പോറോട്ട തോണ്ടയില്‍ തടഞ്ഞ് എക്കിളിടുന്നു. പണ്ടാറമടങ്ങാന്‍! അതെങ്ങാനും തട്ടിപ്പോകുമോ? തട്ടിപ്പോയാല്‍ ട്രെയിന്‍ കാന്‍സലാക്കുമോ? എങ്കില്‍ എനിക്ക് നാളെ കന്യാകുമാരിയിലെത്താന്‍ പറ്റുമോ? ഞാനങ്ങിനെ സെല്‍ഫിഷായി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന ഒരു പയ്യന്‍ അമ്മച്ചിക്ക് മിനറല്‍ വാട്ടര്‍ ബോട്ടില്‍ കൊടുത്തു. അടപ്പ് തുറന്ന് ഒരു കവിള്‍ വെള്ളം കുടിച്ചതും അമ്മച്ചി കുപ്പിയിലോട്ടു നോക്കി, എന്നിട്ടു ചെറുക്കനോടൊരു ചോദ്യം .

"ഖൊ ഖൊ ഖോളയില്ലെ മ്വാനേ?"

'അയ്യോ, ഈ അമ്മച്ചിക്കിതെന്തിന്റെ കേടാ? അന്ത്യകൂദാശക്കു അച്ചനു അഡ്വാന്‍സും കൊടുത്തിരിക്കുന്ന അമ്മച്ചിക്ക് ഇനി ഗൊ ഗൊ ഗോളയില്ലാഞ്ഞിട്ടാ! ഉള്ള വെള്ളം തൊള്ളേലൊഴിച്ച് ശ്വാസം വിടാന്‍ നോക്ക് അമ്മച്ചീ' ഞാന്‍ മനസ്സില്‍ പറഞ്ഞു.

എന്റെ പ്രാക്ക് കൊണ്ടാണോ എന്തോ ട്രെയിന്‍ ബാംഗ്ലൂരു വിട്ടു. ഓരോ സ്റ്റേഷന്‍ കഴിയുമ്പോഴും ആളുകള്‍ കൂടികൂടി വന്നു. 'പണ്ടാറടങ്ങാന്‍' എന്നു ഇടക്കിടെ മനസ്സില്‍ പറഞ്ഞ് ഞാന്‍ സഹിച്ചിരുന്നു.

ഒരു പ്രധാനപ്പെട്ട ആവശ്യത്തിനും തീരുമാനത്തിനുമായാണ് ഞാനന്ന് രാത്രി ബാംഗ്ലൂരു നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ടിക്കറ്റു ബുക്കു ചെയ്യാനും സാധിച്ചിരുന്നില്ല, മാത്രമല്ല, ഇരിങ്ങാലക്കുട സ്റ്റേഷനില്‍ നിന്ന് എന്റെ ചേട്ടനും പിറ്റേ ദിവസം യാത്രയില്‍ പങ്കുചേരും. ചേട്ടനാണെന്റെ ഏറ്റവും അടുത്ത ഫ്രണ്ട്. എന്റെ നല്ല കമ്പനി. പക്ഷെ, ആള്‍ക്കാണെങ്കില്‍ ട്രെയിന്‍ യാത്ര വലിയ പരിചയമില്ല.ടിക്കറ്റു ബുക്കുചെയ്തു വരാനോ ലോക്കലില്‍ വരാനോ ചേട്ടനോടു പറഞ്ഞാല്‍ പുള്ളിക്ക് ഒറ്റ മറുപടിയേ ഉണ്ടാവുള്ളൂ....' എന്നാലേ, നീയങ്ക്ട് ഒറ്റക്ക് പോയാ മതി, എനിക്ക് വല്ല മേക്കുത്തിക്കഴപ്പല്ലേ!' എന്ന്.

അന്നാണെങ്കില്‍ കന്യാകുമാരി എക്സ്പ്രസില്‍ ഒടുക്കത്തെ തിരക്ക്. കൂടുന്നതല്ലാതെ തിരക്ക് ഒട്ടും കുറയുന്നില്ല. എനിക്കാണെങ്കില്‍ ഉറങ്ങാനും വയ്യ ഉറങ്ങാതിരിക്കാനും പറ്റില്ല എന്ന സ്ഥിതിയായി.

'ഹോ! എന്റെ കാര്യം പോക്കാ ' ഞാന്‍ നെടുവീര്‍പ്പിട്ടു. 'ട്രെയിന്‍ യാത്രക്കിടെ ഉറക്കം കിട്ടാതെ മരിച്ച യുവാവിന്റെ ജഡം കന്യാകുമാരി റെയില്‍വെ സ്റ്റേഷനില്‍'... എന്ന് പിറ്റേ ദിവസത്തെ പത്രത്തിലുണ്ടാവുമോ ആവോ!? എന്തായാലും കാര്യങ്ങളൊക്കെ ദൈവത്തിനു വിട്ടുകൊടുത്ത് ഞാനവിടെത്തന്നെയിരുന്നു (ഇടക്കിടെയുള്ള തിരക്കില്‍ ചന്തിയുടെ ബാക്കി ഭാഗം സീറ്റിലേക്ക് തിരുകികയറ്റാനൊക്കെ നോക്കി. എവ്ടെ? അടുത്തിരിക്കുന്നത് സല്‍മാന്‍ ഖാന്റെ മരുമോനാണെന്നു തോന്നുന്നു!)

കിടക്കാന്‍ പറ്റിയില്ലെങ്കിലും മര്യാദക്കൊന്ന് ഇരിക്കാന്‍ പറ്റിയില്ലെങ്കിലും ഉറക്കം വന്നാല്‍ ഉറങ്ങിയതു തന്നെ.. ഞാനും എപ്പോഴോ ഉറങ്ങിയിട്ടുണ്ടാവണം. രാത്രി ഒരു പാടു കഴിഞ്ഞിരിക്കുന്നു. ഏതാണ്ട് തിരുപ്പൂരോ സേലം സ്റ്റേഷനോ, അറിയില്ല, പെട്ടെന്ന് കണ്ണുതുറന്നു. ചുമ്മാ മുകളിലേക്ക് നോക്കിയപ്പോള്‍....നിയന്ത്രണ രേഖ വച്ചു അകലം പാലിച്ചിരുന്ന ചെറുക്കന്റെ തോളില്‍ ആ പെങ്കൊച്ച് തല ചായ്ചു കിടക്കുന്നു. അവന്റെ കൈ അവളുടെ തുടയില്‍ വിശ്രമിക്കുന്നു. രണ്ടാളും നല്ല ഉറക്കം. കൊള്ളാം! വെറുതെയല്ല ഈ പാക്കിസ്ഥാനൊക്കെ നിയന്ത്രണ രേഖയൊക്കെ ഭേദിക്കുന്നത് !!.ചിലപ്പോ നുഴഞ്ഞുകയറ്റക്കാരെയും വിടും. എത്ര നാളെന്നു വെച്ചിട്ടാ ഈ പാക്കിസ്ഥാനൊക്കെ ക്ഷമിക്കുന്നത് !

കോയമ്പത്തൂരെത്തിയപ്പോഴാണ് മര്യാദക്കൊന്നിരിക്കാന്‍ പറ്റിയത്.അപ്പോഴേക്കും നേരം വെളുത്തിരുന്നു. പലപ്രാവശ്യം ബാംഗ്ലൂരില്‍ നിന്ന് നാട്ടിലേക്ക് ഈ വാഗണ്‍ ട്രാജഡിയില്‍ പോയിട്ടുള്ളതു കൊണ്ട് തിരക്കും ഉറക്കമൊഴിക്കലും അത്ര പ്രശ്നമായി തോന്നിയില്ല. തൃശ്ശൂരെത്താന്‍ ഇനീം സമയമുണ്ട്. ഒന്നുറങ്ങിക്കളയാം എന്നു കരുതി. വിശാലമായിട്ടൊന്നു(വിശാലമനസ്കനല്ല) ഉറങ്ങി. തൃശൂരെത്തിയപ്പോള്‍ കൃത്യം എഴുന്നേറ്റു. തിരക്ക് ചെറുതായി കുറഞ്ഞിരിക്കുന്നു. എന്നാലും പറയത്തക്ക മാറ്റമൊന്നുമില്ല. ബാഗ്, സീറ്റില്‍ വെച്ച് വാതിക്കല്‍ പോയി നിന്നു. ഒല്ലൂരും പുതുക്കാ‍ടും കഴിഞ്ഞാല്‍ ഇരിങ്ങാലക്കുടയായി. അവിടുന്ന് ചേട്ടന്‍ കയറും.എനിക്കാണെങ്കില്‍ ഞാന്‍ കയറിയ കമ്പാര്‍ട്ടുമെന്റ് ഏതു നമ്പറാണെന്നറിയില്ല, മുന്നിലാണോ പിന്നിലാണോ എന്നും നോക്കിയില്ല. എന്തായാലും വാതില്‍ക്കല്‍ വന്ന് നിന്ന് കൈ കാണിക്കാം.

വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തി.

'ദാ നിക്ക്ണ് ചേട്ടന്‍'

ദിങ്ങോട്ട് കേറീക്കോ ന്ന് പറഞ്ഞ് ചേട്ടനെ പിടിച്ചു കയറ്റി, ഒപ്പമിരുത്തി. വണ്ടി ഇരിങ്ങാലക്കുട സ്റ്റേഷനും വിട്ടു. രാവിലെ ഓഫീസ് സമയമായതോണ്ട് നല്ല തിരക്കായിത്തുടങ്ങി. ചാലക്കുടിയും ആലുവയും അങ്കമാലിയും കഴിഞ്ഞ് ട്രെയിന്‍ എറണാകുളത്തെത്തിയപ്പോഴേക്കും ഒരു പൂരത്തിനുള്ള തിരക്കായി. അവിടെ കുറച്ചു നേരം വിശ്രമമുണ്ട്.

'കാപ്പി കുടിക്കണോടാ?' ചേട്ടന്റെ ചോദ്യം.

"പിന്നെ വേണ്ടെ? കാപ്പി മാത്രാക്കണ്ടാ ഒരു വടേം വേടിച്ചോ" ഞാന്‍

ഞാനാണെങ്കില്‍ ഇന്നലെ രാത്രി 9 മണിക്ക് കയറിയതാ. നേരം വെളുത്ത് ഇത്ര നേരമായിട്ടും (വി.കെ.എന്‍. പറഞ്ഞപോലെ) ദന്തപ്രക്ഷാളനമോ, ചെറിയ ശങ്ക മുതല്‍ വലിയ ശങ്ക വരെയുള്ള കാളീകൂളികളൊന്നും നടത്തിയിട്ടില്ല.

'ഓ! ഇനിപ്പോ അതില്ലാത്തതിന്റെ കേടാ.. "ചേട്ടോ ഒരു വടകൂടിയെടുത്തോ? " ഞാന്‍ പെട്ടെന്ന്.

"അതെന്തിനാഡാ?" ചേട്ടന്‍

"ഒരെണ്ണം പല്ല് തേക്കാനും ഒരെണ്ണം കഴിക്കാനും" ഞാന്‍.

ട്രെയിന്‍ കോട്ടയത്തെത്തിയപ്പോള്‍ ഉച്ച 12 മണി.

"ഇനി ഇതിപ്പോ കന്യാകുമാ‍രീല് എപ്പ എത്താനണ്ടാ?" ചേട്ടന്‍ ചോദിച്ചു.

"ഒരു നാലു മണി ആവേരിക്കും" ഞാന്‍

ട്രെയിന്‍ ചെങ്ങന്നൂരും, കായംകുളവും, കരുനാഗപ്പിള്ളിയും കൊല്ലവും കഴിഞ്ഞ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തെത്തിയപ്പോള്‍ 3 മണി കഴിഞ്ഞു.

"ഓ ഇനീപ്പോ അധികം സ്റ്റേഷനുണ്ടായിരിക്കില്ലാന്നാ തോന്നണേ.. കന്യാകുമാരീല് അഞ്ച് മണി ആവുമ്പഴക്കും എത്തും. അഞ്ചു മണി ആവണംന്നില്ല്യ " എനിക്കുറപ്പ്.

ഇതിനിടയില്‍ ചെറിയ ചെറിയ മയക്കങ്ങള്‍, കാപ്പി, പഴമ്പൊരി, വട, ടോയ് ലറ്റില്‍ പോകല്‍ എല്ലാം മുറക്ക് നടക്കുന്നുണ്ട്.

ട്രെയിന്‍ തിരുവനന്തപുരം വിട്ടതും യാത്രക്കാരുടെ വേഷവിധാനങ്ങള്‍ പെരുമാറ്റങ്ങള്‍, സംസാരങ്ങള്‍ ഒക്കെ മാറിത്തുടങ്ങി. തമിഴ് കലര്‍ന്ന സംസാരം, തമിഴരുടെ വേഷങ്ങള്‍. കളിയിക്കവിളയും പാറശ്ശാലയും കഴിഞ്ഞ് ട്രെയില്‍ നാഗര്‍കോവിലേക്ക് പ്രവേശിച്ചു. ഇരുവശങ്ങളിലും അതു വരെ കാണാതിരുന്ന ഒരു പ്രകൃതി ഭംഗി അപ്പോള്‍ കണ്ടു. പച്ചച്ച പാടങ്ങള്‍, തെങ്ങിന്‍ തോപ്പുകള്‍, വാഴ തോപ്പുകള്‍, മറ്റനേകം കൃഷിയിടങ്ങള്‍.. അകലേ നീല നിറത്തില്‍ മലകള്‍ ആകാ‍ശത്തോടു തൊട്ടു നില്‍ക്കുന്നു.




ഞാനും ചേട്ടനും സീറ്റില്‍ നിന്ന് എഴുന്നേറ്റ് വാതിക്കല്‍ പോയി നിന്നു. തിരുവനന്തപുരം കഴിഞ്ഞതോടു കൂടി തിരക്കു നന്നായി കുറഞ്ഞിരുന്നു. ശരിക്കും പറഞ്ഞാല്‍ ഒരു രാത്രി ഉറക്കമില്ലാതെ, ശ്വാസം പോലും വിടാനാവാതെ യാത്ര ചെയ്ത എനിക്ക് ആ ദൃശ്യം വല്ലാത്തൊരു കുളിര്‍മ്മയേകി.

നാഗര്‍കോവില്‍ കഴിഞ്ഞാല്‍ പിന്നെ കന്യാകുമാരിയാണ്. കന്യാകുമാരി എക്സ്പ്രെസ് അവസാനിക്കുന്ന സ്റ്റേഷന്‍. വണ്ടി പതിയെ കന്യാകുമാരി സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഞാന്‍ സമയം നോക്കി. വൈകീട്ട് ആറരയാകാന്‍ അഞ്ചുമിനുട്ട്. മരങ്ങള്‍ തണല്‍ വിരിച്ച, സിമന്റു ബഞ്ചുകളുള്ള പ്ലാറ്റ് ഫോം. സന്ധ്യയുടെ ചുവപ്പ് രശ്മികള്‍ ചാരുബെഞ്ചില്‍ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു. അത്രക്കു വിശാലമല്ലെങ്കിലും ആധുനികമായ സ്റ്റേഷന്‍. സ്റ്റേഷനപ്പുറം പ്രധാന ഹൈവേ. അതിനപ്പുറം ബീച്ച്.

സന്ധ്യയായി. ഇപ്പോള്‍ നേരെ ബീച്ചിലേക്കു വിട്ടാല്‍ അസ്തമയത്തിന്റെ അവസാന ദൃശ്യങ്ങള്‍ കാണാം. പക്ഷെ വയ്യ. ഇനി മുറിയെടുക്കണം. മാത്രമല്ല അസ്തമയവും ഉദയവും കാണാനല്ലല്ലോ നമ്മളിവിടെ വന്നത്. പ്രധാന കാര്യം മറ്റൊന്നല്ലേ. വേണേല്‍ നാളെ ഉദയം കാണാം.
മുറിയെടുത്തു, കുളിച്ചു, പുറത്തുപോയി ഭക്ഷണം കഴിച്ചു, തിരികെ ബീച്ചിലേക്ക് വിട്ടു. കന്യാകുമാരി ക്ഷേത്രത്തില്‍ അപ്പോഴും തിരക്ക്. ടൂറിസ്റ്റുകള്‍ ഒരുപാടുണ്ട്. ഇന്നത്തോടെ വെക്കേഷന്‍ തീരുകയാണ്. നാളെ ജൂണ്‍ ഒന്ന്. ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും നോര്‍ത്ത് ഇന്ത്യക്കാരാണ്. അധികനേരം ചിലവഴിക്കാന്‍ നിന്നില്ല. യാത്രക്ഷീണം അത്രക്കുണ്ട്. മുറിയില്‍ വന്നു നേരത്തെ എഴുന്നേല്‍ക്കാന്‍ അലാറം വെച്ചു കിടന്നു. കിടന്നതറിയാതെ ഉറങ്ങിപ്പോയി.


******************************************************


അന്നു പതിവിലും നേരത്തെ എഴുന്നേറ്റു. കുളിയൊക്കെ വന്നിട്ടാകം എന്നു കരുതി ഞങ്ങള്‍ നേരെ ബീച്ചിലേക്ക് വിട്ടു. ഉദയം കാണാന്‍ വന്നവരുടെ തിരക്കായിരുന്നു അവിടെ. കുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെ നേരത്തെ സ്ഥലം പിടിച്ചിരിക്കുന്ന. ഞാന്‍ കാമറയുമായി കടലിന്റേയും മറ്റും ചിത്രമെടുക്കാന്‍ തുടങ്ങി.





നിമിഷങ്ങള്‍ കഴിയവേ അങ്ങ് കിഴക്കേ ചക്രവാളത്തില്‍ ചുവന്ന പൊട്ട് പ്രത്യക്ഷമാകാന്‍ തുടങ്ങി. ഇരുളില്‍ നിന്നും ചുവന്ന സൂര്യന്‍ തലയുയര്‍ത്തി വന്നു. താഴെ കടലില്‍ ചുവന്ന വെള്ളം. കടലിനു വലതു വശത്തു കറുത്ത നിറത്തില്‍ വിവേകാനന്ദ സ്മാരകവും, തിരുവള്ളുവര്‍ പ്രതിമയും തലയുയര്‍ത്തി നിന്നു.








സ്വദേശികളും വിദേശികളുമായ ഒരു പാടു ടൂറിസ്റ്റുകള്‍. സുനാമി തകര്‍ത്ത കടപ്പുറമാണെന്നു പറയാനാവാത്ത രീതിയില്‍ അതു പുതുക്കി പണിതിരിക്കുന്നു. സുനാമിയില്‍ ബലിചെയ്യപ്പെട്ടവരുടെ സ്മരണക്ക് ഒരു സ്മരണ കുടീരവും പാര്‍ക്കും.

കുറേനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോയി.കുളിയും പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഒരുങ്ങിയിറങ്ങി.

മാധവപുരം ഗ്രാമം. ആ ഗ്രാമത്തിലേക്കാണ് ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്. ഒരു ഓട്ടോയില്‍ ആ ഗ്രാമത്തിലേക്ക് പോയി. ഒരു മണിക്കൂറിലധികം അവിടെ ചിലവഴിച്ചിരുന്നു. ഒരു പാട് അഭിപ്രായങ്ങളും തീരുമാനങ്ങളും വേണ്ടിയിരുന്ന ഒരു സന്ദര്‍ശനമായിരുന്നു അത്.

ശേഷം കന്യാകുമാരി ജില്ലയിലെ മാധവപുരം ഗ്രാമത്തില്‍ നിന്ന് ഞങ്ങള്‍ ഹോട്ടല്‍ മുറിയിലേക്കും തിരികെ ബസ്റ്റാന്റിലേക്കും തിരിച്ചു. അപ്പോഴേക്കും കനത്ത വെയില്‍ ബീച്ചിനെ പൊതിഞ്ഞിരുന്നു.



സ്വാമി വിവേകാനന്ദന്‍ ഭാരതമാകെ സഞ്ചരിച്ച് ഒടുക്കം കന്യാകുമാരി കടല്‍തീരത്തെത്തി. കരയില്‍ നിന്നും തെല്ലകലെ നീങ്ങി കടലില്‍ നിലകൊണ്ട ഒരു പാറക്കൂട്ടത്തെ കണ്ട് അത്ഭുതപ്പെട്ടു. ശക്തമായ തിരകളുള്ള കടലിലേക്കിറങ്ങി നീന്തി അദ്ദേഹം ആ പാറക്കു മുകളിലെത്തി. അവിടെ മൂന്നു ദിവസം ധ്യാന നിരതനായി ഇരുന്നു. ധിഷണാശാലിയായ ആ വേദാന്തി ഭാരതത്തെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും, ജനങ്ങളെക്കുറിച്ചും, ആത്മീയതയെക്കുറിച്ചുമൊക്കെ ആലോചിച്ചു, വേദന പൂണ്ടു. പരിഹാരവും കണ്ടു. ആ മൂന്നു ദിവസത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ചിക്കാഗോ യാത്രയും പ്രസിദ്ധമായ ചിക്കാഗോ പ്രസംഗവും നടന്നത്.

കന്യാകുമാരിയില്‍ നിന്നും തിരികെ നാട്ടിലേക്കുള്ള ബസ്സ് യാത്രയില്‍ വെച്ച് കുട്ടിക്കാലത്തു കേട്ട ഈ വിവേകാനന്ദ കഥ എന്റെ മനസ്സില്‍ അറിയാതെ ഓടിയെത്തി. കടലില്‍ തലയുയര്‍ത്തിനിന്ന ആ സ്മാരകം ബസ്സ് യാത്രയില്‍ കുറേനേരം എന്നോടൊപ്പമുണ്ടായിരുന്നു..പിന്നെപ്പിന്നെ ഞാന്‍ അറിയാതെ ഉറങ്ങിപ്പോയി....ബസ്സ് തിരുവനന്തപുരം നഗരം ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.




പറയാന്‍ ബാക്കിയുള്ളത് :

ഇത്രയൊക്കെ പറഞ്ഞെത്തിച്ചിട്ട് ഞാനെന്തോ പറയാന്‍ ബാക്കി വെച്ചല്ലോ എന്നല്ലേ നിങ്ങളിപ്പോള്‍ ചിന്തിച്ചത്?! അതെ.. ഞാനിതില്‍ പറയാന്‍ അല്പം ബാക്കി വെച്ചിട്ടുണ്ട്. എന്തിനു കന്യാകുമാരിയിലേക്ക് പോയി, എന്തിന് മാധവപുരം ഗ്രാമം സന്ദര്‍ശിച്ചു......ഇതൊക്കെ എനിക്ക് നിങ്ങളോട് പറയേണ്ടതായുണ്ട്. പക്ഷെ ഇപ്പോഴല്ല. പിന്നീട്. എന്റെ ജീവിതത്തില്‍ സംഭവിച്ച തികച്ചും അപ്രതീക്ഷിതമായ ആ കന്യാകുമാരി യാത്ര, അതൊക്കെ ഞാന്‍ പറയാം, അടുത്ത പോസ്റ്റില്‍ അല്ലെങ്കില്‍ അതിനടുത്ത പോസ്റ്റില്‍. ഇതൊക്കെ നിങ്ങളോട് പറയാതെ ഞാനെവിടെപോകാന്‍? പക്ഷെ അതിനെനിക്ക് ഇത്തിരി സമയം വേണം. :)