Sunday, March 30, 2008

അടുത്ത നാടകം 'രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന.....'

(അവസാന ഭാഗം)


(തുടര്‍ച്ച....)

ഒരു ദിവസം ഉച്ചയിലെ ഊണില്ലാ ഇടവേളയില്‍ പൊടുന്നനെ രാധയുടെ ഒരു നിര്‍ദ്ദേശം.

' ടാ നന്ദ്വോ, ഇക്കൊല്ലം നമക്കൊരു നാടകാ കളിച്ചാലോ??!!'

സ്ക്കൂള്‍ തലം മുതല്‍ നാടകരചനയും സംവിധാനവും അഭിനയവുമായി നടക്കുന്ന ആ നാടകപുലി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ?

'പിന്നെടാ രാധേ, നമുക്കൊരെണ്ണം നോക്കാടാ..., സൂപ്പറൊരെണ്ണം.'

എട്ടാം ക്ലാസ്സ് മുതല്‍ പഠിപ്പിനേക്കാള്‍ വലുത് നാടകമാണെന്നു വിശ്വസിച്ച് സ്റ്റേജില്‍ കയറിയ എനിക്കുണ്ടോ മറിച്ചൊരു വാക്ക്?! രാധയുടെ നാടകത്തിലെ പ്രധാന അഭിനേതാക്കളിലൊരാളും, സഹായിയുമായിരുന്നല്ലൊ ഞാന്‍.

"ന്റേല് ഒരു നാടകംണ്ട്ടാ, ജി. ശങ്കരപ്പിള്ളേടെ 'താവളം'. മൂന്നാള് മതി. ഞാനും നീയും, പിന്നെ നമുക്ക് സെക്കന്റ് എഫിലെ ഷിബര്‍ട്ടിനേം വിളിക്കാം."

ഷിബര്‍ട്ട് രാധയുടെ സ്ക്കൂള്‍ മുതലേയുള്ള കൂട്ടുകാരനാണ്. നല്ല അഭിനേതാവും. കെ.കെ.ടി.എംല്‍ വച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്.

"മതീടാ, ഷിബര്‍ട്ട്ണ്ടായാ കലക്കും" ഞാന്‍ ആവേശം കൊണ്ടു.

ക്ലാസ്സ് കട്ട് ചെയ്ത് റിഹേഴ്സല് തുടങ്ങി.ക്യാമ്പസ്സിനു വെളിയിലെ കാറ്റാടി മരങ്ങളുടെ കാട്ടിലാണ് റിഹേഴ്സല്‍. കാറ്റാടിക്കാട്ടില്‍ എന്നും നടക്കുന്ന ഒരേയൊരു സംഗതി ലോക്കല്‍സിന്റെ ചീട്ടുകളിയാണ്. കോളേജിനു ഇടക്കു മുടക്കമുണ്ടാകാറുണ്ടെങ്കിലും, ചീട്ടുകളിക്ക് യാതൊരു മുടക്കവും വരാറില്ല.

നാടകറിഹേഴ്സലിനിടയില്‍ അലര്‍ച്ചയോ, ഡയലോഗ് പറയുമ്പോള്‍ ശബ്ദമുയര്‍ത്തലോ, ആക്രോശമോ ഉണ്ടാകുമ്പോള്‍ ചീട്ടുകളിക്കുന്ന ചേട്ടന്മാര്‍ തലതിരിച്ചു നോക്കും :
"ന്തൂട്ടാ ഈ ശ്ശവ്വ്യേള് കാണിക്കണത്, മനുഷ്യന്മാര്‍ക്ക് മര്യായ്ക്ക് കളിക്കാന്‍ പറ്റാണ്ട്...."

ചീട്ടുകളിയിലെ കോണ്‍സണ്ട്രേഷന്‍ തെറ്റുമ്പോള്‍ ഞങ്ങളെ നോക്കി..
" ടാ.. ന്തൂട്ട് ണ്ട്രാ..??" എന്നൊക്കെ ചോദിച്ചു പോന്നു.

റിഹേഴ്സ് ല്‍ പുരോഗമിച്ചു. ഞങ്ങള്‍ക്ക് ഓരോദിവസവും കഴിയുന്തോറും ആത്മവിശ്വാസം കൂടി. 'നാടകം കലക്കും..ജി.ശങ്കരപ്പിള്ളേടെ 'താവളം; അല്ലെ..!!. കിടിലം!!!"

ആകെ മൂന്നു മൂന്നു കഥാപാത്രങ്ങള്‍ . ഒരു സത്രമാണ് പശ്ചാത്തലം. സത്രത്തിലെ ജോലിക്കാരായ മെലിഞ്ഞവനും, തടിയനും, സത്രത്തിലേക്ക് അന്തിയുറങ്ങാന്‍ വരുന്ന വേറൊരാളും. അന്നത്തെ എന്റെ ബോഡി ഫിഗറ് വെച്ച് ഞാന്‍ മെലിഞ്ഞവനായി. രാധ തടിയനും. ആ വേറൊരാള് ഷിബര്‍ട്ടും. നാടകം തുടങ്ങി 10 മിനുട്ട് കഴിയുമ്പോളാണ് ഷിബര്‍ട്ടിന്റെ ആഗമനം.... തമാശയും, ആധുനികതയും, ആക്ഷേപവും, സിമ്പോളിസവും ഒക്കെ കൂടി മറിഞ്ഞ ഉത്തമ നാടകം.

റിഹേഴ്സല്‍ ഗംഭീരം, തകര്‍പ്പന്‍.

ഒരൊറ്റ പ്രശ്നം മാത്രം......ഡയലോഗ് കാണാപാഠമാകുന്നില്ല...!! എത്ര പഠിച്ചിട്ടും ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ( പിന്നേ....!! പഠിച്ച ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കുമെങ്കില്‍ ഞങ്ങള്‍ കെ.കെ.ടി.എം. കോളേജില്‍ തേഡ് ഗ്രൂപ്പിനു ചേരോ??!! മിനിമം തൃശൂര് എഞ്ചിനീയറിങ്ങ് കോളേജില്‍ നോക്കിയാല്‍ മതി!!)

സ്ക്രിപ്റ്റിലെ ആദ്യത്തെ രണ്ടു പേജ് എനിക്കും രാധക്കും കാണാപാഠം. പിന്നെ ആരെങ്കിലും ആദ്യത്തെ വരിയോ, വാക്കോ പറഞ്ഞു തന്നാല്‍ ...ഒ.കെ.

ബട്ട്........ഷിബര്‍ട്ട്...??

അവന് ഒരു ഡയലോഗും ഓര്‍മ്മയില്ല. പറഞ്ഞാ പറഞ്ഞു.... അത്ര തന്നെ...

അങ്ങിനെ അവസാനം......ആ ദിവസം വന്നെത്തി.

കൂവാനും കൂവിത്തകര്‍ക്കാനും തയ്യാറായ കൂട്ടങ്ങള്‍ സദ്ദസ്സിന്റെ പലഭാഗങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്.. നാടകങ്ങള്‍ക്കു മുന്‍പു നടന്ന കലാപരിപാടികള്‍ പലതും കൂവലിനെ അതിജീവിക്കാനാകാതെ പകുതിയിലും, പകുതിമുക്കാലിലും കര്‍ട്ടിനിട്ടു അവസാനിപ്പിക്കുന്നു.
ഞാനും, രാധയും, ഷിബര്‍ട്ടും മുഖത്തോടു മുഖം നോക്കി..

ദൈവമേ!!...."ഊഊഊഉജ്ജ്വലമാകുമോ".. നാടകം...??

ഉച്ചക്കു ശേഷം, നാടകങ്ങള്‍ തുടങ്ങുന്നു എന്ന അറിയിപ്പു കേട്ടു.

ആദ്യത്തെ നാടകം അനൌണ്‍സ് ചെയ്തു.. സ്റ്റേജിനു പുറകില്‍ ഞങ്ങള്‍ അക്ഷമരായി. രണ്ടാമത്തെ നാടകം ഞങ്ങളുടേതാണ്. ഞങ്ങളുടെ നെഞ്ചിന്‍ കൂടിനകത്തു നിന്നും തായമ്പക കേട്ടുതുടങ്ങി...മേളം ശരിക്കങ്ങ്ട് മുറുകി വരുന്നുണ്ട്...

കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആദ്യത്തെ നാടകം 'ക്യാന്‍സല്‍' എന്നറിയിപ്പു കേട്ടു.
തായമ്പക ഉച്ചസ്ഥായിലെത്തി.!!!

ഞങ്ങള്‍ മൂന്നുപേര്‍ക്കൊപ്പം വേറെ ആരുമില്ല. കൂടെയുള്ള അവന്മാരൊക്കെ നേരത്തെ സ്ക്കൂട്ടായി.ചിലര്‍ ഞങ്ങളുടെ 'പെര്‍ഫോമന്‍സു' കാണാന്‍ സദ്ദസ്സില്‍ സ്ഥലം പിടിച്ചു. മേക്കപ്പ്, കോസ്റ്റൂംസ്, രംഗപടം എല്ലാം ഞങ്ങള്‍ തന്നെ. പ്രെത്യേകിച്ചൊരു വേഷ/രംഗവിതാനം ഒന്നുമില്ല.സ്റ്റേജിന്റെ ഒത്തനടുക്ക ഒരു ബഞ്ച്. അതു കറുത്ത തുണികൊണ്ട് മൂടിയിട്ടുണ്ടാകും, ഒരു മേശ അതിനൊരു വിരി.ഒരു ഫോണ്‍. രണ്ടു ചൂല്. അത്രേള്ളു.

നാടകത്തിനു തൊട്ടുമുന്‍പ് നാടകത്തിന്റെ സ്ക്രിപ്റ്റ് ഒരു ജഡ്ജിന്റെ കയ്യില്‍ കൊടുക്കണം. നാടകം കാണുന്നതിനോടൊപ്പം സ്ക്രിപ്റ്റും അദ്ദേഹം പരിശോധിക്കും. ഡയലോഗില്‍ എന്തൊക്കെ പാകപ്പിഴകളുണ്ടോ അതിന്റെ ഡിപ്പെന്‍സിലാണ് മാര്‍ക്ക്.

അനൌണ്‍സ്മെന്റ് കേട്ടു : ' അടുത്ത നാടകം, രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന താവളം....'

സ്റ്റേജിനു പുറകില്‍ ഞങ്ങള്‍ മൂന്നുപേരും മുഖത്തോടു മുഖം നോക്കി, കളിക്കണോ വേണ്ടയൊ എന്ന ഡിലൈമയില്‍ തെല്ലിട നിന്നു.

ആ അവസാന നിമിഷത്തില്‍ ഞങ്ങളില്‍ അവശേഷിച്ചിരുന്ന ആത്മവിശ്വാസത്തിലേക്ക് 'ഒരു പിടി പച്ചമണ്ണ് വാരിയിട്ട് ' ഷിബര്‍ട്ട് പറഞ്ഞു :

"ടാ.. എനിക്കൊരു ഡയലോഗും ഓര്‍മ്മയില്ല. നാടകം തൊടങ്ങീട്ട് ഞാന്‍ എപ്പഴാ വരണ്ടേ?? എന്റെ ആദ്യത്തെ ഡയലോഗെന്താ??"

"എടാ തെണ്ടീ‍ീ‍ീ‍ീ... ഞാന്‍ അവന്റെ ചെവിട്ടില്‍ അവനു കേള്‍ക്കാ‍വുന്ന മട്ടില്‍ സ്നേഹത്തോടെ, പതിയെ വിളിച്ചു.

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും സമയം അടുക്കുന്തോറും ഡയലോഗുകള്‍ മറക്കാന്‍ തുടങ്ങി. എന്തിന് !! പഠിച്ചു കാണാപാഠമായ ഡയലോഗുകള്‍ പോലും..

പക്ഷെ, സംഗതി പാളിയാലും കയ്യിലുള്ളത് വെച്ച് പെരുക്കാം എന്നൊരു ധൈര്യമുണ്ട്. മൂന്നാളും സ്റ്റേജും, നാടകവും പരിചയമുള്ളവര്‍. പിന്നെന്താ പ്രോബ്ലം??

വീണ്ടും അനൌണ്‍സ്നെന്റ് കേട്ടു. : "അടുത്ത നാടകം......"

സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
' കൊഴപ്പാവൊ..?...ഏയ്... ഉണ്ടാവൊ...??...ഇല്ല്യ.......ഉവ്വോ....??

പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്‍പ്പിച്ചങ്ങ്ട് കേറി. വിധിയെ തടുക്കാന്‍ വില്ലേജാഫീസര്‍ക്കും പറ്റില്ലാന്നല്ലേ..ഞെടിപിടീന്ന് കാര്യം തുടങ്ങി. രംഗസജ്ജീകരണം നടത്തി. സ്ക്രിപ്റ്റ് കൈമാറി.
പിന്നെ ഞാനും രാധയും സ്റ്റേജില്‍. നാടകം തുടങ്ങാറായി.......

രാധയുടെ ശബ്ദത്തിലൂടെ അനൌണ്‍സ്മന്റ് ഇങ്ങിനെ കേട്ടു...

"ഗൂട്ടുഗാരെ..രെ..രെ..രെ...... (എക്കൊ)

രാദ്ദാഗൃഷ്ണന്‍ & ബാര്‍ട്ടി അവഥരിപ്പിക്കുന്ന..ന്ന....ന്ന....ന്ന....
ഥാ‍വളം..ളം..ളം..ളം..ളം."

അപ്പോളാണ് ഞാന്‍ എന്റെ കയ്യിലെ വാച്ച് കണ്ടത്..ഫെസ്റ്റിവലല്ലേ ഒരു വാച്ച് ഇരിക്കട്ടെ എന്നു കരുതി രാവിലെ ചേച്ചിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിച്ചിട്ടതാ. നാടകത്തിലെ കഥാപാത്രത്തിനാണെങ്കില്‍ വാച്ചില്ല..വാച്ച് പാടില്ല. സ്റ്റേജില്‍ വച്ച് ഞാനത് കണ്ടതും..ഞാനത് ഊരി...രി...രി.......യില്ല.......ഏതോ ഒരുത്തന്‍, സാമദ്രോഹി!!! അവന്‍ കര്‍ട്ടന്‍ പൊക്കി....!!
ഊരിയ വാച്ച് തിരിച്ചിട്ട് ഞാനഭിനയം തുടങ്ങി..

സത്രത്തിലെ ഒരു മുറി വൃത്തിയാക്കുന്ന ഞാനും, രാധയും പറയുന്ന സംഭാഷണങ്ങളാണ് ആദ്യം. രാധ തറ തുടക്കുന്നു. ഞാന്‍ അടിച്ചുവാരുന്നു. ഇതിനിടയില്‍ സംഭാഷണങ്ങള്‍. ആദ്യത്തെ അഞ്ച് മിനുട്ട് ഒ.കെ. ഗംഭീരം. പിന്നെ പതുക്കെ പാളിതുടങ്ങി.. എന്റെ കഴിഞ്ഞാല്‍ രാധയുടേതാണ് ഊഴം. പക്ഷെ അവന്‍ മിണ്ടുന്നില്ല. എനിക്കാണെങ്കില്‍ അവന്‍ പറയേണ്ടത് എന്താണെന്ന് നല്ല ഓര്‍മ്മയുണ്ട്. ഡയലോഗിനു ഡിലേ വരുന്‍പോള്‍ ഞങ്ങള്‍ 'ആക്ഷന്‍, മൂവ്മെന്റ് എന്നിവയില്‍ അഡ് ജസ്റ്റ് ചെയ്യും. എന്നിട്ടും അവന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചുമ്മാ ഒരു ഡയലോഗങ്ങു ഇടും. അവിടെയാണ് കളി!!!. ഞാന്‍ പറയുന്ന ആ ഡയലോഗില്‍ ഞാനൊരു ലിങ്ക് വച്ചിട്ടുണ്ടാകും. രാധ മറന്നു പോയ ഡയലോഗിലെ ഏതെങ്കിലും ഒരു മുന്തിയ പീസ്..!! ഒരു വാക്ക്.!!..ലിങ്കു കിട്ടുന്നതോടെ രാധക്കു സംഭവം പിടികിട്ടും. മറന്ന ഡയലോഗ് അവന്‍ പറയും.ഞാന്‍ ഡയലോഗ് മറക്കുമ്പോള്‍ ഇതേ സംഗതി രാധയും ആവര്‍ത്തിക്കും.

അങ്ങിനെ തടിക്കു കേടില്ലാതെയും, ഡയലോഗുകള്‍ ഇത്തിരി കൂട്ടിയെങ്കിലും ഒട്ടും കുറക്കാതെയും ആദ്യത്തെ പത്തു മിനിട്ടു തകര്‍ത്തു... സദസ്സില്‍ നിന്ന് കയ്യടി..ചിരി...കമന്റ്സ്...
ഇതിനിടയില്‍ സ്റ്റിപ്റ്റ് പരിശോധിക്കുന്ന അരവിന്ദാക്ഷന്‍ സാറിനെ ഞാനൊന്നു ഇടം കണ്ണിട്ടു നോക്കി. സാറ് വാ പൊളിച്ച് സ്ക്രിപ്റ്റിലേക്കും, ഞങ്ങളേയും മാറിമാറി നോക്കുന്നുണ്ട്. മുന്നിനുള്ളത് ആട്ടിങ്കാട്ടാണൊ കൂര്‍ക്കുപ്പേരിയാണോ എന്ന് തിരിച്ചറിയാത്ത മുഖഭാവം.

നാടകം തികച്ചും നാടകീയമായി മുന്നോട്ടു പോകവേ..അതാ വരുന്നു മൂന്നാമന്‍ ഷിബര്‍ട്ട്. പിന്നെ പറയേണ്ടല്ലൊ 'താവളം' താളം തെറ്റി. ഏതാണ്ടു കുറച്ചു ഡയലോഗു ഓര്‍മ്മയുണ്ടായിരുന്ന അവന്‍ സ്റ്റേജില്‍ വന്നപ്പോള്‍ അതും മറന്നു. അവന്‍ ഓര്‍മ്മയില്‍ മുങ്ങിത്തപ്പി, എന്നോടു പറഞ്ഞ ഡയലോഗ് കേട്ട് ഞാന്‍ ഞെട്ടി.ഏതാണ്ട് എട്ടൊ പത്തോ ഡയലോഗ് കഴിഞ്ഞ് അവന്‍ പറയേണ്ട ഡയലോഗാണ് ചങ്ങാതി വന്ന വഴിക്കു പറഞ്ഞത്.

'എന്റെ ദൈവമേ...എന്റെ ഉള്ളു കിടുങ്ങി.' ഇനി ഇതിനുമുന്‍പുള്ള അഞ്ചെട്ടു ഡയലോഗു ഇനി എപ്പ പറയാനാ??!! നാടകം ഇപ്പൊ തീരോ....?..... കര്‍ട്ടനിടേണ്ടി വരോ....??

പക്ഷെ അവിടം വരെ ഓര്‍മ്മയും മനസ്സും എത്താത്തതുകൊണ്ടൊ എന്തോ, രാധ അഞ്ചെട്ടു ഡയലോഗിനു മുമ്പുള്ള മറുപടിയാണ് പറഞ്ഞത്. അതായത്, ഷിബര്‍ട്ട് ആദ്യം പറയേണ്ടിയിരുന്ന ഡയലോഗിന്റെ മറുപടി. നാടകം വീണ്ടും പഴയ ഗിയറില്‍..ഒ.കെ. നോര്‍മ്മലായി.

ഇടക്കു ഞാനൊന്നു അരവിന്ദാക്ഷന്‍ സാറിനെ വീണ്ടും നോക്കി. നാടകത്തിന്റെ സ്ക്രിപ്റ്റ് മുന്നോട്ടു മറിച്ചും, വീണ്ടും പിന്നോട്ടു തിരിച്ചും സാറാകെ ഞെളിപിരി. 'ഇവന്മാര് തന്ന സ്ക്രിപ്റ്റിന്റെ പേജുകള്‍ മാറിപ്പോയോ?' എന്നായിരിക്കണം സാറിന്റെ സംശയം.!!

നാടകത്തിന്റെ പകുതി ഭാഗം കഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും തോളില്‍ കയ്യിട്ട് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു ഭാഗമുണ്ട്. മൂവരും ചേര്‍ന്ന് പാടേണ്ട പാട്ട്. അതാണ് നാടകത്തിന്റെ 'ഹൈലൈറ്റ്സ്'. ഒരു കണക്കിന് നമ്മുടെ ഇന്ത്യന്‍ സമ്പദ് ഘടനപോലെ, മുട്ടിലിഴഞ്ഞും, നിരങ്ങിയും, നീങ്ങിയും ഞങ്ങള്‍ ഡാന്‍സ് / പാട്ട് പോര്‍ഷന്‍ എത്തി. തോളില്‍ കയ്യിട്ട് മൂവരും ഡാന്‍സ് / പാട്ട് തുടങ്ങി. ആദ്യത്തെ ഒരു വരി ഒരുമിച്ച് പാടി..രണ്ടാമത്തെ വരിമുതല്‍.....

'എന്താ പറ്റീത്..??"

ഗാ‍നമേളക്കിടയില്‍ 'എക്കൊ' നിന്നതുപോലെ....തിയ്യറ്ററിലെ സിനിമക്കിടയില്‍ ഡി.ടി.എസ്. ഓഫ് ചെയ്ത പോലെ...എന്തൊ ഒരിത്......ഒരു ശബ്ദവിത്യാസം..

ഞാന്‍ തലതിരിച്ച് കൂടെയുള്ളവരെ നോക്കി.. രാധയും ഷിബര്‍ട്ടും കാല് മാറ്റിച്ചവിട്ടുന്നുണ്ട്, പക്ഷെ 'വായ' അടച്ചുവെച്ചിരിക്കുന്നു..

'അത് ശരി..അപ്പ സംഭവം അതാണ്..... പാട്ട് മറന്നപ്പോള്‍ ചുള്ളന്മാര് വായ അടച്ച് മാന്യന്മാരായി.' ഞാനന്നേരം അവന്മാരെ ഒരു നോട്ടം നോക്കി. സത്യം പറയാലോ, ജീവിതത്തിലിന്നേവരെ ഒരു ശത്രുവിനെപ്പോനും ഞാനങ്ങിനെ നോക്കിയിട്ടില്ല.

വായ തുറന്നു പിടിച്ച ഞാനെന്തു ചെയ്യാന്‍? പാടല്ലാതെ...!! അവന്മാര്‍ക്കു കുഴപ്പമില്ല, നാളെ സമരം, ഇലക്ഷന്‍ എന്നൊക്കെപ്പറഞ്ഞ് എല്ലാ ക്ലാസ്സിലും കയറിയിറങ്ങേണ്ടത് ഞാനാണ്. രാഷ്ട്രീയമുള്ളതുകൊണ്ട് പെണ്‍പിള്ളാരടക്കം (ശ്രദ്ധിച്ചു കേള്‍ക്കണം : പെണ്‍പിള്ളാരടക്കം..) കോ‍ളേജ് മുഴുവന്‍ എന്നെയറിയും.

അതുകൊണ്ട് ഞാന്‍ പാടി..., കൊടുങ്ങല്ലൂരമ്മയാണെ, വായില്‍ തോന്നിയ വരിയെല്ലാം ഞാന്‍ പാടി. (പക്ഷെ പൂരപ്പാട്ടല്ല, അതു സത്യം)

ഒള്ളതു പറയാലോ, പിന്നെ എന്താ ചെയ്യേണ്ടതെന്ന് മൂവര്‍ക്കും ഒരു പിടിയില്ല. അവിടെ വെച്ചു ഞങ്ങള്‍ നാടകം മൊത്തത്തില്‍ മാറ്റി. മാറ്റാതെ തരമില്ല. ജി. ശങ്കരപ്പിള്ളയല്ല, ഒടേതമ്പുരാന്‍ വിചാരിച്ചാലും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. കര്‍ട്ടനിടുന്നവരെ എന്തെങ്കിലും ചെയ്ത് മാനം രക്ഷിച്ചെ പറ്റു.! പിന്നൊയൊരു തകര്‍പ്പാണ് - കലക്കെടീ കല്ല്യാണി പൊരിക്കെടീ പപ്പടം എന്നു പറഞ്ഞ മട്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കാവിലെ വെളിച്ചപാടിന് ബാധ കയറിയതു പോലെ,ഞങ്ങള്‍ തകര്‍ത്താടി. ഇനിയൊന്നും നോക്കാനില്ല. മൂവരുടേയും മനോധര്‍മ്മമനുസരിച്ച് (നാടകത്തിന്റെ പ്രധാന തീമിനു ചേരുന്ന വിധം) ഞങ്ങളോരോന്നു പറയുന്നു...ചെയ്യുന്നു. ജി. ശങ്കരപ്പിള്ള എഴുതിവച്ച ഒരു ഡയലോഗും പിന്നെ ഞങ്ങള്‍ പറഞ്ഞില്ല...റിഹേഴ്സലിനു ചെയ്ത ഒന്നും ഞങ്ങള്‍ സ്റ്റേജില്‍ പിന്നെ ചെയ്തില്ല. ഞങ്ങള്‍ തന്നെയായിരുന്നു നാടകരചനയും സംവിധാനവും എല്ലാം.....സംഗതി 'താവളം' ആയിരുന്നില്ല. വേറെന്ത് പേര് വിളിച്ചാലും അതിനു മതിയാകില്ല. പഴയ സ്റ്റേജ് പരിചയം വെച്ച് മൂന്നുപേരും പെരുക്കോട് പെരുക്ക്. പല്ലാവൂര്‍ അപ്പുമാരാര്‍ പോലും അമ്മാതിരി പെരുക്ക് പെരുക്കീട്ടുണ്ടാവില്ല.

ഇടയില്‍ കിട്ടിയ ഗ്യാപ്പില്‍ (വായില്‍ ഡയലോഗ് വരാഞ്ഞിട്ടോ എന്തൊ!!?) ഞാന്‍ വീണ്ടും അരവിന്ദാക്ഷന്‍ സാറിനെ നോക്കി. ചിരിക്കണോ, കരയണോ, വാ പൊളിക്കണൊ എന്നറിയാതെ സ്ക്രിപ്റ്റെല്ലാം മടക്കിവെച്ച് അതിനു മുകളില്‍ ഒരു കൈ വെച്ച് മറുകൈ താടിക്കു കൊടുത്തു ഇരിക്കുന്നു സാറ്.

'മക്കളെ, നിങ്ങള്‍ക്ക് ജി. ശങ്കരപ്പിള്ളയുടെ ആത്മാവ് ഒരിക്കലും മാപ്പു തരില്ലെടാ..' എന്ന ഭാവത്തില്‍...

എങ്ങിനെ സാറിനത് തോന്നാതിരിക്കും??!! കയ്യിലിരിക്കുന്ന സ്ക്രിപ്റ്റ് വേറെ, സ്റ്റേജില്‍ നടക്കുന്നത് വേറെ....ജി. ശങ്കരപ്പിള്ള എഴുതിയത് വേറെ, ഞങ്ങള്‍ പറയുന്നത് വേറെ.. മൊത്തത്തില്‍ പറഞ്ഞാല്‍ 'അന്നമ്മ വേറെ തുണി വേറെ'..

നാടകത്തിന്റെ ബാക്കിയുള്ള ഡയലോഗും, ക്ലൈമാക്സും എല്ലാം ഞങ്ങള്‍ മാറ്റി. അവസാനം ' പുറത്തേക്ക് വാ...നിന്നെ ശരിയാക്കിത്തരാം..' എന്ന ഭാവത്തില്‍ മൂന്നുപേരും പരസ്പരം തറപ്പിച്ചൊന്നു നോക്കിയിട്ട് രക്ഷപ്പെട്ടു.

കര്‍ട്ടന്‍ വീണു...നാടകം അവസാനിച്ചു.

കര്‍ട്ടന്‍ വീണു കഴിഞ്ഞപ്പോള്‍ പുറത്ത് സദസ്സില്‍ നിന്ന് ഭയങ്കര കയ്യടി... നിലക്കാത്ത കയ്യടി..കമന്റ്സ്... ഞങ്ങള്‍ത്തന്നെ ഞെട്ടിപ്പോയി!!

സത്യത്തില്‍ ആ നാടകം ആരും അതിനു മുന്‍പു കണ്ടില്ലാത്തതുകൊണ്ടും,വായിക്കാത്തതുകൊണ്ടും ആധുനിക-സിമ്പോളിക്ക് ആശയങ്ങളായതുകൊണ്ടും അതിലെ സംഗതികള്‍ ആര്‍ക്കും മനസ്സിലായില്ല. (അതോ ഞങ്ങളോടുള്ള സഹതാപം കൊണ്ടോ?!?) വെളുപ്പാന്‍ കാലത്ത് ഉറക്കംതൂങ്ങി കഥകളി കണ്ട നമ്പൂതിരി പിറ്റേന്ന് മറ്റൊരു നമ്പൂതിരിയോട് കണ്ട കളിയെക്കുറിച്ച് പറയുന്നപോലെ, " ബാലി വന്നു...സുഗ്രി വന്നു.....പിന്നെ രണ്ടു വേഷം വന്നു...." എന്ന മട്ടിലായിരുന്നു സദ്ദസ്സ്.

സത്യത്തില്‍ ആ കയ്യടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പറയാനാവാത്ത ആശ്വാസം തോന്നി. "പോളോ" മിഠായി (പോളോ മിന്റ്) തിന്നു കഴിഞ്ഞിട്ടു "ഈഈശ്സ്ശ്സ്സ്സ്..." എന്ന് ശ്വാസം മേലോട്ടു വലിക്കുമ്പോള്‍ തോന്നണ ഒരു ഫീലിംങ്ങ് ഇല്ലേ? അതുപോലെ..

ഞങ്ങള്‍ സ്റ്റേജില്‍ കാണിച്ചുകൂട്ടിയത് അഭിനയമായിരുന്നില്ല, മറിച്ച് പരാക്രമങ്ങളായിരുന്നു എന്നത് ഞങ്ങള്‍ മൂന്നുപേര്‍ക്കും പിന്നെ അരവിന്ദാക്ഷന്‍ സാറിനും മാത്രമറിയാവുന്ന തുണിയില്ലാത്ത സത്യം (നഗ്ന സത്യം ന്ന്!)

നാടകം കഴിഞ്ഞ് ജഡ്ജ് ചെയ്യാന്‍ കൊടുത്ത സ്ക്രിപ്റ്റ് വാങ്ങാന്‍ ആരു പോകും??!! അല്ല ആരു പോകും?? ആരെങ്കിലും പോകണമല്ലോ...!? എന്നാല്‍ ആരും പോയില്ല. അത് സാറിന്റെ കയ്യില്‍ തന്നെ ഇരുന്നു.

അടുത്തത് വേറൊരു ടീം അവതരിപ്പിച്ച നാടകമായിരുന്നു. (പേരോര്‍ക്കുന്നില്ല.) സ്റ്റേജിനുള്ളില്‍ ഇരുന്നു ഞങ്ങളാ നാടകം കണ്ടു. (അമ്മ്യാണേ, സദസ്സിലേക്കു പോകാന്‍ ധൈര്യമില്ലായിരുന്നു.) പക്ഷെ ദോഷം പറയരുതല്ലൊ, ഞങ്ങള്‍ക്കുശേഷം അവതരിപ്പിച്ച ആ നാടകം കിടിലമായിരുന്നു! അവരുടെ പെര്‍ഫോമന്‍സ് കിടിലോല്‍ക്കിടിലമായിരുന്നു.!! ആ നാടകം മുഴുവനാകും മുന്‍പേ ഞങ്ങള്‍ മൂന്നുപേരും വീട്ടിലേക്കു വിട്ടു, അടുത്ത മൂന്നു നാടകങ്ങള്‍ കാണാന്‍ നില്‍ക്കാതെ.. കാണാനുള്ള ശേഷിയുണ്ടായിരുന്നില്ല സത്യത്തില്‍.

രാവിലെത്തന്നെ വന്ന്, കൂട്ടുകാരെ ഫെയ്സ് ചെയ്യാനുള്ള അപാര ധൈര്യം കൊണ്ട് പിറ്റേന്ന് ഉച്ചയോടെ 12 മണിക്കാണ് എത്തിയത്.

അതുവരെ നടന്ന കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം അന്നായിരുന്നു.

അവാര്‍ഡ് മോഹങ്ങള്‍ അന്നേ ഞങ്ങളില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. എന്തിനു തോന്നണം??!! സംവിധായകന്‍ വിനയന്‍ തന്റെ ചിത്രത്തിനു ഓസ്കാര്‍ അവാര്‍ഡ് പ്രതീക്ഷിക്കുമോ?! സുരേഷ് ഗോപി തന്നെ അടുത്ത ജയിംസ് ബോണ്ട് ആകാന്‍ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുമോ?! എന്തിന്, മല്ലികാ ഷെറാവത്ത് തന്റെ അടുത്ത ചിത്രത്തില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തുണിയുടുത്തു അഭിനയിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുമോ?! ഇല്ലേയില്ല..അതുകൊണ്ട് അങ്ങിനെയൊരു അവാര്‍ഡു സ്വപ്നങ്ങളൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നതേയില്ല.

ഞാനും രാധയും, ഷിബര്‍ട്ടും കൊടുങ്ങല്ലൂരില്‍ ഭരണിക്കു മാത്രം പാടുന്ന ചില ശ്രവണാനന്ദകരമായ ഗാനങ്ങളുടെ ഈരടികള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പാടിക്കൊണ്ടിരുന്നു.!! തലേദിവസം നാടകം ചളമായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ഞങ്ങളുടെ അഛന്മാരുടെ പേര് 'മഹാത്മാഗാന്ധി', യേശുകൃസ്തു' എന്നൊന്നുമല്ലല്ലൊ!! അതുകൊണ്ട് പരസ്പരം 'താനാരൊ താനാരൊ' പറഞ്ഞുകൊണ്ടിരുന്നു, ആ അനൌണ്‍സ്മെന്റ് വരുന്നതു വരെ.

മറ്റു ചില മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ അതാ.... മൈക്കിലൂടെ ആ ശബ്ദം ഒഴുകി വരുന്നു..

"ഏകാങ്ക നാടകം......"

ഞങ്ങളൊന്നു നിശ്ശബ്ദരായോ??!

"ഒന്നാം സമ്മാനം......."

"..................& പാര്‍ട്ടി അവതരിപ്പിച്ച............."

ഞങ്ങളുടെ നാടകത്തിനു ശേഷം അവതരിപ്പിച്ച ടീമിന്റെ ആ കിടിലന്‍ നാടകം.
(അവര്‍ക്കു കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.. കാരണം അവരുടെ പെര്‍ഫോമന്‍സ് കണ്ടപ്പോഴെ ഞങ്ങളൂഹിച്ചതാ, കിട്ടുമെന്ന്)

സദ്ദസ്സില്‍ കയ്യടിയുടെ താലപ്പൊലി... ബഹളം.... അവരുടെ കൂട്ടുകാര്‍ അത് ശരിക്കും ആഘോഷിക്കുകയാണ്.

സദസ്സിന്റെ ഒരു മൂലയില്‍ "അഭിനയത്തിന്റെ മൂന്നു കുലപതികള്‍" തളര്‍ന്നിരിക്കുന്നത് ആരും കണ്ടില്ല.!!

"രണ്ടാം സമ്മാനം..."
മൈക്കിലൂടെ വീണ്ടും അറിയിപ്പെത്തി..

സദ്ദസ്സ് നിശ്ശബ്ദരായി....കാതോര്‍ത്തു..

"രണ്ടാം സമ്മാനം........

രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിച്ച "താവളം"

......................................
.....................................

ആരെങ്കിലും കയ്യടിച്ചോ??? ഏയ് തോന്നീതാവും......

ഞാനും രാധയും ഷിബര്‍ട്ടും മുഖത്തോടു മുഖം നോക്കി...!!!
ഞാന്‍ കേട്ടതു ശരിയാണോ എന്ന സംശയത്തോടെ......
നീ ശരിക്കു കേട്ടോ എന്ന ചോദ്യത്തോടെ.......

തൊട്ടടുത്തിരിക്കുന്ന കൂട്ടുകാര്‍ തോളില്‍ തട്ടുന്നു...കൈ തരുന്നു..(അല്ലാ! മരവിച്ചിരിക്കുന്ന ഞങ്ങളുടെ കൈ പിടിച്ചു വാങ്ങുന്നു.)

"ടാ.. നന്ദ്വോ...രാധേ... നിങ്ങക്ക് സെക്കന്റ്ഡ്...."

"ഞാന്‍ അപ്പഴേ പറഞ്ഞില്ലേഡാ ഇവര്‍ക്കായിരിക്കും സെക്കന്‍ഡ് ന്ന്..." ഏതോ ഒരുത്തന്‍.

"എടാ... നമ്മുടെ നാടകം സെക്കന്‍ഡ്........??!!!!!"

കിലുക്കം സിനിമയില്‍ ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നസെന്റിന്റെ മുഖത്തു വന്ന ഭാവവുമായി മൂന്നു മുഖങ്ങള്‍...

ഞാന്‍, രാധ, ഷിബര്‍ട്ട്........ഷിബര്‍ട്ട്, രാധ, ഞാന്‍..... പിന്നേം..ഞാന്‍...രാ.......

നാടകത്തിനു രണ്ടാം സമ്മാനം ഞങ്ങളവതരിപ്പിച്ചു വികൃതമാക്കിയ 'താവളം' എന്ന നാടകത്തിന്.....കാരണം....????

എന്തായിരുന്നു കാരണം....???

ഊഹിക്കാമോ.??


ആ വര്‍ഷം ആര്‍ട്ടു ഫെസ്റ്റിവലിനു ആകെ 'രണ്ടേ രണ്ടു' നാടകങ്ങളേ അവതരിപ്പിച്ചിരുന്നുള്ളൂ......!!
(അഞ്ച് നാടകങ്ങള്‍ പേര് കൊടുത്തെങ്കിലും മൂന്നെണ്ണം ക്യാന്‍സല്‍ ആവുകയായിരുന്നു...!!!)

ജി. ശങ്കരപ്പിള്ള പരലോകത്തിരുന്നു കരഞ്ഞിട്ടുണ്ടാകും.....!!


(ഈ പര്‍വ്വത്തിന്റെ കര്‍ട്ടന്‍ വീണു.)

Wednesday, March 26, 2008

അടുത്ത നാടകം രാധാകൃഷ്ണന്‍ & പാര്‍ട്ടിയുടെ.....(ഒന്നാം ഭാഗം)

ഞാന്‍ എസ്.എസ്.എല്‍.സി പാസ്സാകുമെന്നോ, ഒരു റെഗുലര്‍ കോളേജില്‍ എനിക്ക് അഡ്മിഷന്‍ കിട്ടുമെന്നോ എന്റെ വീട്ടുകാര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല (ഞാനും!) പത്താംക്ലാസ്സ് കഴിഞ്ഞാല്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ചേര‍ണം എന്നായിരുന്നു എന്റെ ആഗ്രഹം; വലിയ ചിത്രകാരനാകണം; പറ്റുമെങ്കില്‍ ഒരു പരസ്യകന്പനിയില്‍ ജോലിചെയ്ത് പേരെടുക്കണം അങ്ങിനെയൊക്കെ..... പണ്ടൊരിക്കല്‍ എന്റെ ചേട്ടന്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ അപ്ലൈ ചെയ്തതായിരുന്നു. പക്ഷെ ഇന്‍റ്റര്‍വ്യൂ കാര്‍ഡ് കിട്ടിയത് ക്ലാസ്സ് തുടങ്ങി രണ്ടു മാസം കഴിഞ്ഞ്. തപാല്‍ വകുപ്പിലെ ചേട്ടന്മാരുടെ സമരമായിരുന്നു അതിനു കാരണം. സമരം കഴിഞ്ഞെങ്കിലും, ദിവസങ്ങള്‍ വൈകിയെങ്കിലും പോസ്റ്റ്മാന്‍ ഇന്‍റ്റര്‍വ്യൂ കാര്‍ഡ് കൃത്യമായി വീട്ടില്‍ കൊണ്ടു വന്നു തന്നു, കൃത്യവിലോപം പാടില്ലല്ലോ!. അന്ന് ചേട്ടന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആ ആഗ്രഹം ഈയുള്ള അനിയന്‍ പൂര്‍ത്തിയാക്കി വലിയൊരു വരക്കാരനായി മാറി.....ചേട്ടനു വേണ്ടി ഒന്നു സാക്രിഫൈസ് ചെയ്തു കളയാം എന്നു കരുതെ......, നമ്മുടെ വീട്ടില്‍ മൂന്നു ആണ്‍ തരികളുണ്ടായിട്ടും, കോളേജില്‍ ചേരാന്‍ അവസരം ലഭിച്ച ഏക ആണ്‍ തരി എന്ന അഭിമാനം കൊണ്ടും, ഈയുള്ളവന്‍ പഠിച്ച് ഡിഗ്രിയെടുത്ത് സര്‍ക്കാര്‍ ജോലി ലഭിച്ച് നമ്മുടെ കുടുംബം നല്ലൊരു വഴിക്ക് കരകയറും എന്ന വീട്ടുകാരുടെ മിഥ്യാസങ്കല്‍പ്പം കൊണ്ടും, വിശ്വപ്രസിദ്ധനായൊരു മൈക്കല്‍ നന്ദകുമാരഞ്ചലൊ അല്ലെങ്കില്‍ വിന്‍സെന്റ് നന്ദഗോഖ് ഒക്കെ ആയിത്തീരാനുള്ള എന്റെ ഫൈന്‍ ആര്‍ട്സ് സ്വപ്നങ്ങളെ നിഷ്കരുണം ഷിഫ്റ്റ് + ഡെലിറ്റ് ചെയ്ത് എന്നെ കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കുഞ്ഞികുട്ടന്‍ തന്‍പുരാന്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ (കെ.കെ.ടി.എം.) പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പിനു ചേര്‍ത്തു.(ഫസ്റ്റ്, സെക്കന്‍ഡ് ഗ്രൂപ്പുകളില്‍, നല്ലമാര്‍ക്കോടെ, എസ്.എസ്.എല്‍.സിക്ക് മിനിമം സെക്കന്‍ഡ് ക്ലാസ്സെങ്കിലും പാസ്സായ കുട്ടികള്‍ക്ക് സീറ്റു കൊടുത്തതുകൊണ്ടും, നാലാമതൊരു ഗ്രൂപ്പ് ഇല്ലാത്തതുകൊണ്ടും.)

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തെക്കേ അറ്റത്തെ അവസാനത്തെ കോളേജാണ് കെ.കെ.ടി.എം. കൊടുങ്ങല്ലൂരിനപ്പുറം തെക്കുമുതല്‍ ഗാന്ധിജി യൂണിവേഴ്സിറ്റി തുടങ്ങുകയായി. കെ.കെ.ടി.എം. പണ്ടുമുതലേ കുപ്രസിദ്ധമാണ്, രാഷ്ട്രീയം കൊണ്ടും, സമരം കൊണ്ടും,സംക്ക്ങട്ടനം കൊണ്ടും. പോരാത്തതിനു തൃശ്ശൂര്‍ ജില്ലയിലെ വിരലിലെണ്ണാവുന്ന മിക്സഡ് കോളേജുകളില്‍ ഒരെണ്ണം.

സര്‍ക്കാര്‍ കോളേജായതിനാല്‍ ഏതു പോക്രിത്തരവും അവിടെ അനുവദിക്കപ്പെട്ടിരുന്ന കാലം,കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടും പെണ്‍ മക്കളെ പാരലല്‍ കോളേജില്‍ അയച്ചിരുന്ന രക്ഷിതാക്കളുടെ കാലം, പെണ്ണ് കെ.കെ.ടി.എം-ല്‍ പഠിച്ചതാണോ എങ്കില്‍ കല്ല്യാണം വേണ്ട എന്ന മട്ടില്‍ പെണ്‍കുട്ടികളുടെ കല്ല്യാണങ്ങള്‍ മുടങ്ങിയിരുന്ന കാലം, കെ.കെ.ടി.എം കോളേജില്‍ നിന്നും ക്ലാസ്സ് കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ, നാട്ടുകാര്‍ ആകെയൊന്നു ചുഴിഞ്ഞു നോക്കിയിരുന്ന കാലം. സത്യം പറഞ്ഞാല്‍ കെ.കെ.ടി.എം-ല്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ പാവം ഇവന്‍ / ഇവള്‍ കൈവിട്ടുപോയി എന്ന് മനസ്സില്‍ പറഞ്ഞ് അവനെ/അവളെ നോക്കി നാട്ടുകാര്‍ തലയില്‍ കൈവെച്ചിരുന്ന കാലം. ഇതായിരുന്നു കെ.കെ.ടി.എം കോളെജിനെപ്പറ്റി 90കള്‍ക്ക് മുന്‍പേയുള്ള പൊതു സങ്കലപ്പം.

80 കളുടെ അവസാനത്തിലാണ് ഞാന്‍ കെ.കെ.ടി.എം. ന്റെ പടി കയറുന്നത്. (പാടം കയറുന്നു എന്നതാണ് ശരി, അവിടെ അന്ന് പടി പോയിട്ട് ഒരു ചെടി പോലുമുണ്ടായിരുന്നില്ല. കോളേജിനു മുന്നില്‍ വലിയ പാടം ആയിരുന്നു.) കെ.കെ.ടി.എം കോളേജ് എന്നു പറഞ്ഞാല്‍.........ഒരു സ്ക്കൂള്., അല്ലാ!!..... അതിനേക്കാളും വല്ല്യ ഒരു സ്ക്കൂള്. അത്രേള്ളു!! ആസ്ബ്സ്റ്റോസ് മേഞ്ഞ രണ്ടു കെട്ടിടങ്ങള്‍ അടുത്തടുത്തായി ഒരു നിരയില്‍. പ്രീഡിഗ്രി ഒന്നാം വര്‍ഷം അവിടെയാണ്. അതിനു സമാന്തരമായി കോണ്‍ക്രീറ്റില്‍ ഒരു നിര. പ്രീ ഡിഗ്രി രണ്ടാം വര്‍ഷം അവിടെ. ഇതിനു നടുവിലായി അതിന്റെ പകുതി നീളത്തില്‍ ഒരു കോണ്‍ക്രീറ്റു കെട്ടിടം. ഓഫീസ്,പ്രിന്‍സിപ്പാള്‍ റൂം, അദ്ധ്യാപക വിശ്രമ മുറി(ആ മുറിയില്‍ എപ്പോഴും ആളുണ്ടാകും!) അതെല്ലാം ആ ബില്‍ഡിംങ്ങില്‍. പിന്നെ ക്യാന്‍പസ്സിന്റെ ഒരു മൂലയില്‍ ഒരു രണ്ടു നില കെട്ടിടം. ഡിഗ്രി, ലാബ് അതൊക്കെ അവിടെയാണ്. ചുരുക്കം പറഞ്ഞാല്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ 'പുട്ടു' ചുട്ടുവച്ച പാത്രത്തില്‍ നിന്ന് നടുവിലെ കുറ്റിയിലെ അരക്കഷണം എടുത്തു മാറ്റിയാല്‍ എങ്ങിനെയിരിക്കും?! അതായിരുന്നു കോളേജിന്റെ ഒരു 'ഏരിയല്‍ വ്യൂ'.

ഈ കെട്ടിട സമുച്ചയങ്ങളുടെ ഇടയില്‍ മൂന്നോ നാലോ മാവുകള്‍. മാവിനു താഴെ വെടിപ്പായി പൊട്ടിപ്പൊളിഞ്ഞ തറ. കോളേജിലെ എല്ലാ തറകളും കൂടിയിരുന്നത് ആ മാവിന്‍ തറയിലായിരുന്നു. പിന്നെ ക്യാന്‍പസ്സില്‍ അവിടവിടായി വലിയ യമണ്ടന്‍ ഇരുന്പ് പൈപ്പുകള്‍. ഇതാണ് കൊടുങ്ങല്ലൂര്‍ കെ,കെ,ടി.എം. കോളേജ്.

പ്രണയം,വിപ്ലവം,ബഹളം,വായ് നോട്ടം ഇത്യാദി കാര്യങ്ങളില്‍ വളരെ പിന്നിലായിരുന്ന കുറേ മുണ്ടുടുക്കികള്‍, അതായിരുന്നു ഞാനും എന്റെ കുറച്ചു കൂട്ടുകാരും. അന്ന് 'ബാഗി' പാന്റ്, ജീന്‍സിന്റെ തുടക്കമായിരുന്നുവെങ്കിലും, മുണ്ടായിരുന്നു പൊതുവെയുള്ള വേഷം. പാവാട ബ്ലൌസ്സിലും, ചുരിദാറിലും,കൂടിവന്നാല്‍ മിഡിയിലും പെണ്‍കുട്ടികളുടെ ഫാഷന്‍ ഒതുങ്ങി. മൈക്രോ മിഡി എന്നൊക്കെപ്പറഞ്ഞാല്‍ ഒരു 7 - 8 വയസ്സു വരെ വീട്ടില്‍ മാത്രം ധരിക്കുന്ന കൊച്ചുപാവാട എന്നായിരുന്നു അന്നത്തെ പെണ്‍കുട്ടികളുടെ ധാരണ. (ഇപ്പോഴാണല്ലൊ, വീട്ടില്‍ മുഴുനീള വസ്ത്രവും, വീടിനു പുറത്ത്, അവശ്യഭാഗങ്ങള്‍ മാത്രം മറക്കുന്ന കൊച്ചുകൊച്ചു തുണിക്കഷണങ്ങളും ആയത്. അന്നൊക്കെ നമ്മള്‍ പ്രാകൃത സമൂഹമായിരുന്നില്ലേ!!?!!)

ഞങ്ങള്‍ മുണ്ടുടുക്കികള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ പിന്നോക്കമായിരുന്നതു കൊണ്ട്, മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാനാവാതെയും, തുന്നലുടുപ്പുകള്‍ നല്‍കാതെയും സ്വപ്നങ്ങളുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് അവയെ നിഷ്കരുണം കൊന്നു അഥവാ അബോര്‍ട്ടു ചെയ്തു.

ഈ ഗ്രൂപ്പില്‍ എനിക്ക് പൊടി രാഷ്ടീയവും, വിദ്യാര്‍ത്ഥി സംങ് കടനാ പ്രവര്‍ത്തനവും ഉണ്ടായിരുന്നതൊഴിചാല്‍ ഞങ്ങളുടെ ഗ്രൂപ്പ് ശാന്തം, മൂകം.
ഞാന്‍ കൂടാതെ, ഞാന്‍ രാധ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍. എന്റെ നാട്ടുകാരനും, എഴുത്തുകാരനും, നാടക രചന/സംവിധായകനും, സാജന്‍ പറവൂര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ എഡിറ്റര്‍) സഹദേവന്‍ എടതിരിഞ്ഞി,ലതീഷ് മാള, ഫസറുദ്ദീന്‍ മതിലകം(ഇപ്പൊള്‍ എക്സ്-ഗള്‍ഫ്, നാട്ടില്‍ ബിസിനസ്സ്, ഇപ്പോഴും എന്റെ സുഹൃത്ത്) സജീവന്‍ പനങ്ങാട്, പിന്നെ ഇപ്പോള്‍ പേരോര്‍മ്മയില്ലാത്ത കുറച്ചുപേരും.

ഉച്ചക്ക് ഉണ്ണാതെ, മാവിഞ്ചുവട്ടിലോ, സൈക്കിള്‍ ഷെഡ്ഡിലൊ,കാറ്റാടി മരത്തിന്റെ കാട്ടിലൊ, മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ട പൈപ്പിനു പുറത്തോ ഇരുന്ന് സിനിമ, സാഹിത്യം,സംഗീതം,കല, രാഷ്ടീയം, സാമുഹ്യപ്രതിബദ്ധത ഒക്കെ ചര്‍ച്ചചെയ്യുന്ന വിവരദോഷികള്‍........നിര്‍ഗ്ഗു‍ണപരബ്രഹ്മങ്ങള്‍.......അതായിരുന്നു ഞങ്ങള്‍...

എന്തായാലും കോളേജല്ലേ എന്നു കരുതി കോളേജ് ജീവിതത്തിനു പിന്നീട് ഒരു നാണക്കേട് ഉണ്ടാകാതിരിക്കാന്‍ ക്ലാസ്സുകള്‍ കട്ട് ചെയ്തിരുന്ന കാലം, പോക്കറ്റിലെ ചില്ലറകള്‍ തപ്പിപ്പെറുക്കി പൊറോട്ടയും ആവോളം സാന്‍പാറും വാങ്ങിതിന്നിരുന്ന കാലം, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് പ്രണയം വെളിപ്പെടുത്താതെ ഉള്ളിലൊതുക്കിയ കാലം, ഏതെങ്കിലും ഒരു പെണ്‍കുട്ടി നമ്മോട് സംസാരിച്ചാല്‍ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് തൊണ്ട വരണ്ട് തൊട്ടടുത്ത പൈപ്പിന്‍ ചോട്ടില്‍ പോയി തൊണ്ട നനച്ചിരുന്ന കാലം. "അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍പ്പാതി പതിരായി പോയി" എന്ന് മനസ്സില്‍ മൂളിനടന്നിരുന്ന വേണു നാഗവള്ളിക്കാലം.

സമരവും ക്ലാസ്സും, ക്ലാസ്സ് -കട്ടലും കയറലുമൊക്കെയായി ഒന്നാം വര്‍ഷ പ്രീഡിഗ്രി പൂര്‍ത്തിയാക്കി ഞങ്ങള്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെത്തി, ഞങ്ങള്‍ ചേട്ടന്മാരായി.

ഒരു ദിവസം, ഓഫീസ് റൂമിന്റെ ചുമരിലൊട്ടിച്ചുവെച്ച അടുത്ത ഒന്നാം വര്‍ഷ പ്രിഡിഗ്രിയുടെ സെലക്ഷന്‍ ലിസ്റ്റ് നോക്കാന്‍ പോയി.സെലക്ഷന്‍ ലിസ്റ്റിലെ ആണ്‍കുട്ടികളുടെ പേരുകള്‍ യാ‍തൊരു വ്യത്യാസവും കൂടാതെ ലിസ്റ്റില്‍ കിടന്നപ്പോള്‍ പെണ്‍കുട്ടികളുടെ പേരുകള്‍ക്കു ചുറ്റും, നാട്ടിലെ ക്ഷേത്രങ്ങളില്‍ കളമെഴുത്തുപാട്ടിനു കളം വരക്കുന്നതുപോലെ, അഗ്രഹാരങ്ങളിലെ വീട്ടുമുറ്റത്ത് കോല‍ങ്ങള്‍ വരച്ചപോലെ വരഞ്ഞും കുറുകിയും വട്ടത്തിലും നീളത്തിലും ഓരോരോ ചിത്രപ്പണികള്‍. രണ്ടാംവര്‍ഷ പ്രീഡിഗ്രിയിലെ ചേട്ടന്‍മാരുടെ കരവിരുതാണ്. അത്രയും പോന്ന കലാകാരന്മാരുടെ ബാച്ചില്‍ പഠിക്കാന്‍ സാധിച്ചതില്‍ അവിടെ വെച്ചു തന്നെ ഞാന്‍ അഭിമാനം കൊണ്ടു!! ഇലക്ഷന്‍ അടുക്കുന്‍പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നാട്ടിലെ ചുമരുകള്‍ ബുക്കു ചെയ്യുന്നപോലെ, ചില പെണ്‍കുട്ടികളുടെ പേരിന്റെ ചുറ്റും ഒരു വട്ടം വരച്ചിട്ട് അതിനുനേരെ 'ബുക്ക്ഡ്'' എന്നെഴുതിയിരിക്കുന്നു. 'രശ്മി.ആര്‍.' എന്നതിന്റെ നേരെ ഒരുത്തന്‍ ഒരു ആരോ വരച്ചിട്ട് 'എന്റെ ചരക്കേ..' എന്നെഴുതിയിരിക്കുന്നു. പിന്നെ 'വീണ എ.സി.' 'പൊന്നുമോളെ'....'അശ്വതി കെ.കെ.' 'ചേട്ടന്റെ മുത്തേ'... ഇതൊക്കെകൂടാതെ ചില പേരുകള്‍ക്കു നേരെ 'അന്‍പു കൊണ്ട ഹൃദയവും', 'എന്റെ മാത്രം'...'ഇവളെന്റേത്"... എന്നൊക്കെയുണ്ട്.

ഫസ്റ്റ് ഇയര്‍ പ്രീഡിഗ്രി തുടങ്ങിയെങ്കിലും റാഗ് ചെയ്യാനൊ, പരിചയപ്പെടാനോ ഞങ്ങള്‍ പോയില്ല. എന്തിന് ?!!? ഞങ്ങള്‍ ബുദ്ധിജീവികള്‍! പക്വമതികള്‍!! രാഷ്ട്രീയ-സാമൂഹ്യപ്രതിബദ്ധതയുള്ള രക്തം തിളക്കുന്ന യുവജനങ്ങള്‍!!!. അതൊക്കെ പെണ്‍ മോഹികളായ, സദാചാരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില 'പുഷ്പ'ന്മാര്‍ക്ക്' പറഞ്ഞിട്ടുള്ളതാണ്. ഞങ്ങള്‍ക്കതൊന്നും ചേരില്ല. ( അല്ലാതെ, ധൈര്യമില്ലാഞ്ഞിട്ടും, ചമ്മലുണ്ടായിട്ടൊന്നുമല്ല!!) ഞാന്‍ മാത്രം പൊളിറ്റിക്കല്‍ ക്യാന്‍പയിന്‍ എന്ന പേരില്‍ സഹപ്രവര്‍ത്തകരോടൊപ്പം രാഷ്ടീയ വിശദീകരണത്തിനും മറ്റുമായി ഒന്നാംവര്‍ഷ ക്ലാസ്സുകളില്‍ പോയി. ആ വഴിക്ക് അങ്കവും കണ്ടു, താളിയും പറിച്ചു.!

ഗെയ്റ്റിനരികിലോ, ഓഫീസിനടുത്തുവെച്ചോ, മാവിന്‍ ചുവട്ടിലോ നില്‍ക്കുന്‍പോള്‍ ഒന്നാംവര്‍ഷ പ്രീഡിഗ്രിയിലെ സുന്ദരികുട്ടികള്‍ ഞങ്ങളെ കടന്നുപോകുന്‍പോള്‍ ഞാനും രാധയും സാജനും പരസ്പരം നോക്കി ഒന്നു നെടുവീര്‍പ്പിടും, വീണ്ടും മാവിന്‍ ചുവട്ടില്‍ പോയി മാനം നോക്കി ഇരിക്കും അത്രതന്നെ...!!

ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, ക്ലാസ്സുകളായും, സമരങ്ങളായും, സംങ്ങ്ക്കട്ടനങ്ങളായും കടന്നുപോയി. കൊടുങ്ങല്ലൂരിലെ തിയ്യറ്ററുകളില്‍ സിനിമകള്‍ മാറി മാറി വന്നു.

അങ്ങിനെയിരിക്കെ ഒരു ദിവസം കോളേജില്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍ വന്നെത്തി!

മൂന്നു ദിവസം നീളുന്ന വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍!!

പലര്‍ക്കും കൂവാനും, കൂവിത്തെളിയാനുമുള്ള അസുലഭാവസരം! വായ് നോക്കികള്‍ക്ക് വായ് നോക്കാനും, കാമുകന്‍മാര്‍ക്ക് കാമുകിയെ മുട്ടിയുരുമ്മാനും കിട്ടുന്ന അവര്‍ണ്ണനീയാവസരം!! കൊടുങ്ങല്ലൂരിലെ തലതെറിച്ചവന്‍മാര്‍ക്ക് "താനാരോ തന്നാരോ" പാടാന്‍ കിട്ടുന്ന പത്തര മാറ്റുള്ള സുവര്‍ണ്ണാവസരം!!!

ഒരു ദിവസം ഉച്ചയിലെ ഊണില്ലാ ഇടവേളയില്‍ പൊടുന്നനെ രാധയുടെ ഒരു നിര്‍ദ്ദേശം.

' ടാ നന്ദ്വോ, ഇക്കൊല്ലം നമക്കൊരു നാടകാ കളിച്ചാലോ??!!'...........................................തുടരും..........................................

പര്‍വ്വത്തില്‍ പറയാത്തത് :- ഞാനീ പോളീടെക്നിക്കില്‍ പഠിക്കാത്തതു കൊണ്ട് മലയാളം ബ്ലോഗിങ്ങിന്റെ യന്ത്ര സംവിധാനങ്ങളെ കുറിച്ചൊന്നും വലിയ പിടിയില്ല. എഴുതി വന്നപ്പോള്‍ വല്ല്യൊരു പോസ്റ്റായോ എന്നു സംശ്യം!! ഒരു തുടക്കക്കാരന്റെ നീളമുള്ള പോസ്റ്റ് എങ്ങിനെ സ്വീകരിക്കപ്പെടും എന്നതില്‍ ആശങ്കയുണ്ടുതാനും. അതുകൊണ്ട് 'മെഷീന്‍ കട്ട്'‘ ഉപയോഗിച്ചു മുറിച്ചു രണ്ടാക്കി. ആദ്യ പോസ്റ്റിലൂടെ 'തുടരന്‍' എഴുതിയ ബ്ലോഗര്‍ എന്ന ബഹുമതി കിട്ടുമോ എന്തോ!? എന്തരോ!! ??

ഇപ്പഴും നിറം മങ്ങാതെ നില്‍ക്കുന്ന പഴയൊരു കലാലയ സ്മരണ. നര്‍മ്മത്തിന്റെ മേന്‍പൊടി ചേര്‍ത്തി പോസ്റ്റുണ്ടാക്കാം എന്നായിരുന്നു ചിന്ത. പോസ്റ്റു പാകം ചെയ്തു വെന്തു വന്നപ്പോള്‍, നര്‍മ്മത്തിന്റെ കഴഞ്ചു തീരെ കൂറഞ്ഞോ എന്നും സംശ്യം. (ഈ സംശ്യം കൊണ്ട് വല്ല്യ ത്വയിരക്കേടായല്ലോ ഭഗോത്യേ !!) നര്‍മ്മം ചേര്‍ത്തു വിളന്‍പുന്ന മാന്ത്രിക വിദ്യ അറിയാത്തതുകൊണ്ട് നിങ്ങളു തന്നെ എടുത്ത് കഴിക്ക് , എന്നിട്ടു പറ, വല്ല ചൂരും മണോം ണ്ടോന്ന്. !!!

Sunday, March 23, 2008

ഞാനാരാണ്?

അഥവാ ഞാനാരെങ്കിലുമാണോ? വര്‍ഷങ്ങളായി ഞാനും സ്വയം ചോദിക്കുന്ന ചോദ്യമാണ്. ഞാനാരാണ്, ഞാനെന്താണ്. വ്യക്തമായൊരുത്തരം ഇല്ലതന്നെ. ആരൊക്കയൊ ആണ്. അഥവാ ആരൊക്കയൊ ആകാന്‍ ശ്രമിക്കുന്ന ആരോ ആണ്.അതുമ്മല്ലെങ്കില്‍ ആരൊക്കയൊ ആകാന്‍ ശ്രമിച്ച് ആരുമാകാത്ത ആരോ ആണ്.

ഓരോ പ്രായത്തില്‍ ഓരോന്നും ആകാന്‍ കൊതിച്ചു. ഇന്നതാവണം, ഇന്നയാള്‍ ആവണം എന്ന് മോഹിച്ചിരുന്നു. സ്വപ്നങ്ങളിലെ നായകനാകാന്‍ കഴിഞ്ഞോ? ഇല്ല തന്നെ.
പക്ഷെ ഓര്‍മ്മവെച്ച കാലം മുതല്‍ ഒരു ചിത്രകാരനാകണം എന്നു മോഹിച്ചിരുന്നു. പടം വരക്കുന്നവന്‍.!..പടംവരക്കാരന്‍..!!

മുറ്റത്തെ മണലില്‍ വിരല്‍ത്തുന്‍പാല്‍ കോറിയിട്ട ചിത്രങ്ങളായിരുന്നു തുടക്കം. അന്നുമുതല്‍ ഞാന്‍ ചിത്രകാരനാവുകയായിരുന്നു. പൂഴിമണലിലെ വിശാല്‍മായ ക്യാന്‍വാസില്‍ നിന്ന് വീടിന്റെ ചാണകം മെഴുകിയ തറ, വാതിലിന്റെ പുറകില്‍, പിന്നെ സ്ലേറ്റ്, പുസ്തകം, ഡ്രോയിംങ്ങ് ഷീറ്റ്, ക്യാന്‍വാസ്, തുണി, മതില്‍ അങ്ങിനെയ്ങ്ങിനെ ഇപ്പോളിതാ..നാലതിര്‍ത്തികളുള്ള എന്നാല്‍ അതിരുകളില്ലാത്ത കന്പ്യൂട്ടറിന്റെ ക്യാന്‍വാസില്‍ വരെ എത്തിനില്‍ക്കുന്നു.
വര തലേവരയായതു കൊണ്ട് തലയും വരയും വിരലുമായി ജീവിക്കുന്നു. എന്നാല്‍ ഞാനൊരു ചിത്രകാരനെന്നു പറയാനാകുമോ? അംഗീകരിക്കപ്പെട്ടതൊ അല്ലാത്തതൊ ആയ ചിത്രകാരനാണോ?. പിന്നെ ഞാനാരാണ്? ആരോ ആണ്. അത്രയേ പറയാനാകൂ.

8-ആം ക്ലാസ്സില്‍ പഠിക്കുന്‍പൊളാണ് ആദ്യമായി മാതൃഭൂമി ആഴ്ചപ്പതിപ്പു പരിചയപ്പെടുന്നത്. ബാലപംക്തിയും സിനിമാനിരൂപണവുമാണ് സ്ഥിരമായി വായിച്ചിരുന്ന രണ്ടു കാര്യങ്ങള്‍. സിനിമയും കുഞ്ഞുനാളിലേ എന്നെ ആവേശിച്ചിരുന്ന ഒന്നായിരുന്നു. വായന പകര്‍ന്നു തന്നത് മറ്റൊരു ലോകമായിരുന്നു. മഹാസാഹിത്യ കൃതികളെ പരിചയപ്പെടുന്നത് അന്നുമുതലാണ്. അന്നുമുതല്‍ ജീവിതത്തിലിന്നോളം വായന, പുസ്തകങ്ങള്‍ ജീവിതത്തിന്‍റ്റെ ഭാഗമായി.

വരയും വായനയും ജീവിതവും പകര്‍ന്നു നല്‍കിയ അനുഭവങ്ങളാവണം ജീവിതത്തെ ഇത്ര കണ്ട് എത്തിച്ചതെന്നു തോന്നുന്നു.

ഞാനെങ്ങിനെ മലയാളം ബ്ലോഗറായി?
ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും വിശ്രമമില്ലാതെയുള്ള നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നതാണീ ബാംഗ്ലൂര്‍ നഗരത്തില്‍. കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെ നഗരത്തിന്റെ പുറം മോടികളെ തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്‍, ഈ ഞാന്‍.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ഉപജീവന യാത്രയില്‍ കൈവിട്ട് പോയ ഗ്രാമദൃശ്യങ്ങളും, നാട്ടുഭാഷയും, നാടും നാട്ടാരും ഇനിയും പല മനസ്സുകളില്‍ ജീവിക്കുന്ന ഗ്രാമാനുഭവങ്ങളും എല്ലാം കണ്ടുമുട്ടുന്നത് ഈ ബൂലോകത്തില്‍ വെച്ചാണ്. മലയാളം ബ്ലോഗുകള്‍ പകര്‍ന്നു തന്നത് ഇവയൊക്കെയാണ്. മറന്നുപോയ നാട്ടുഭാഷ, സംസാരങ്ങളിലൂടെ മാത്രം പടരുന്ന ശൈലി അഥവാ സംസ്ക്കാരത്തിന്റെ ആത്മഭാഷ.

ആദ്യം പരിചയപ്പെടുന്നത് കുഴൂര്‍ വിത്സന്റെ ബ്ലോഗായിരുന്നു. അഭിപ്രായം എഴുതിയതും അവിടെത്തന്നെ. ഒരു സുഹൃത്തിന്റെ മെയിലില്‍ നിന്നാണ് ‘കൊടകരപുരാണം’ എന്ന് ബ്ലോഗില്‍ എത്തുന്നത്. ശരിക്കും വിശാലന്‍ പറയുന്നതുപോലെ നാട്ടുകലുങ്കിലേക്കൊരു ഇന്റര്‍നെറ്റ് ലിങ്കു തന്നെയാണത്. കുഴൂര്‍ വിത്സന്‍ പറഞ്ഞ പോലെ ‘ഓര്‍മ്മ തന്നെ വിശാലന്റെ എഴുത്ത്.’ ഇതുവരെ നേരില്‍ കാണാത്ത, ചാറ്റ് റൂമില്‍ വന്നാല്‍ സംസാരിക്കാന്‍ പിശുക്കു കാട്ടുന്ന വിശാലന്‍ തന്നെയായിരിക്കണം എന്റെ ബോധവും അബോധവുമായ മനസ്സിലേക്ക് ബ്ലോഗ് തുടങ്ങണം എന്ന ആശയം പാകിയത്. കൊടകരപുരാണം വായിചില്ലായിരുന്നുവെങ്കില്‍, വിശാല്‍നുമായി സംസാരിചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ പോസ്റ്റ് ചെയ്യാന്‍ വരില്ലായിരുന്നു എന്നു തോന്നുന്നു.
മറ്റു മലയാളം ബ്ലോഗുകള്‍ പകര്‍ന്നു തന്നത് എന്ത്, എത്ര എന്നൊന്നും പറയുക വയ്യ.! ചിരിയുടെ എട്ടുനില തീര്‍ത്തു പൊട്ടിവിരിയുന്ന അരവിന്ദന്റെ ‘മൊത്തം ചില്ലറ’ ചിരിക്കൊടുവില്‍ കണ്ണീരിന്റെ നനവു പടര്‍ത്തുന്ന മനുവിന്റെ ‘ബ്രജ് വിഹാര്‍’. ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി ‘കുറുമാന്‍’ വ്യത്യസ്ഥ കാഴ്ചപ്പാടുകളുമായി ചിരിയുടെ അന്‍പു പെരുന്നാള്‍ തീര്‍ക്കുന്ന ‘കൊച്ചുത്രേസ്യയുടെ ലോകം’ ഭാവനകളുടെ അതിരില്ലാലോകത്തേക്ക് രചനയുടെ കൈവിരുതാല്‍ കൊണ്ടുപോകുന്ന ‘ ഭരണങ്ങാനവും, ബെര്‍ലിത്തരങ്ങളും’ പൊട്ടിച്ചിരിയുടെ ഇടിമിന്നലുതിര്‍ക്കുന്ന ‘ഇടിവാളും’ മന്ദഹാസത്തിലൊളിപ്പിച്ച നേര്‍ക്കാഴ്ചക്കളുമായി പോങ്ങുമൂടനും, ദില്‍ബാസുരനും, പച്ചാളവും, എതിരവന്‍, കതിരവന്‍, തമനുവും, പിന്നെ എല്ലാ ബ്ലോഗിലും മറക്കാതെ, മടിക്കാതെ കയറിയിറങ്ങി, അതിലളിതമായ അഭിനന്ദനങ്ങള്‍ ചൊരിയുന്ന ‘ശ്രീ’യും, ഇതിനൊക്കെയപ്പുറം വേദനകളുടെ ജീവിതാനുഭവങ്ങള്‍ ചിരിയുടേയും, വരയുടേയും മധുരത്തില്‍ പൊതിഞ്ഞ് വരയുടെ ആനന്ദവും, ശൈലിയുടെ വ്യത്യസ്ഥതയും പകര്‍ന്നുതന്ന കാര്‍ട്ടൂണിസ്റ്റ് സജ്ജീവ്....

ബ്ലോഗുകളിലൂടെ ഇവര്‍ പകര്‍ന്നു നല്‍കിയ് ഊര്‍ജ്ജത്തിലുടെ എന്റെ ഓര്‍മ്മകളും, അനുഭവങ്ങളും, കാഴ്ചപ്പാടുകളും ഞാനിവിടെ പങ്കു വെയ്ക്കുകയാണ്. ആര്‍ഭാടങ്ങളും ആഭരണങ്ങളുമില്ലാതെ..കൂട്ടായി നില്‍ക്കാന്‍ നിങ്ങളെല്ലാവരും എന്റെയൊപ്പമുണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട്.....

ഇനിയും പറയാന്‍ നിരവധി... എല്ലാം ഓരോ പര്‍വ്വങ്ങളായി പറയാം...
കാരണം.. ഇതെന്റെ പര്‍വ്വം......നന്ദന്റെ പര്‍വ്വം.......നന്ദപര്‍വ്വം.
ബൂലോകത്തില്‍ ഞാന്‍ വാങ്ങിയ ഒരിടം.

..................................................................................
നന്ദി : ‘അലക്കങ്ങ്ട്’ എന്ന് തുടരെതുടരെ എന്നോട് പറഞ്ഞ വിശാല മനസ്ക്കന്, ബാംഗ്ലൂര്‍ കവലയിലേക്ക് വഴികാട്ടിയ ‘ശ്രീ’ക്ക്, വല്ലപ്പോഴും വര്‍ത്തമാനമുറിയില്‍ നുറുങ്ങു വര്‍ത്തമാനവുമായെത്തുന്ന് ‘കുറുമാന്’. ഓര്‍ക്കുട്ടിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച ‘ബ്രിജ് വിഹാര്‍ മനു‘വിന്. ഓണ്‍ലൈനിലൂടെ എനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി, ബ്ലോഗിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ത്തു തന്ന ‘ശ്രീജിത്തിന്’. ബ്ലോഗ് തുടങ്ങാന്‍ എനിക്കു സഹായപ്പെട്ട ബ്ലോഗുകളുടെ ഉടമകള്‍ ശ്രീ ‘ സഹയാത്രികനും, വക്കാരിമഷ്ടനും’

പിന്നെ പ്രചോദനങ്ങള്‍ കൊണ്ടും, അക്ഷരാത്ഭുതങ്ങള്‍ കൊണ്ടും എന്നെ കീഴ്പ്പെടുത്തിയ മറ്റനേകം ബ്ലോഗുകള്‍ക്കും.

Friday, March 21, 2008

അങ്ങിനെ ഞാനും ബ്ലോഗറായി...

അങ്ങിനെ ഞാനും ബ്ലോഗറായി... സഹായങ്ങള്‍ ഉണ്ടാവുമല്ലോ അല്ലേ?!! ഞാന്‍ പ്രതീക്ഷിച്ചോട്ടെ..?!!