Sunday, February 14, 2010

വാലന്റയിൻ ദിനവും പൂവാലൻ നിരക്ഷരനും

.
എങ്കിലും നിരക്ഷരൻ എന്നോട് അങ്ങിനെ പറയുമെന്ന് ഞാൻ വിചാരിച്ചതല്ല. നിരക്ഷരനെ അറിയില്ലേ? ഹാ നമ്മുടെ ബ്ലോഗർ നിരക്ഷരനേ.

കുറേ ദിവസം മുൻപ് ഓൺലൈനിൽ വന്ന് എന്നോടാവശ്യപ്പെട്ടത് കേട്ടിട്ട്... അയ്യേ, പണ്ട് പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പടിയിറങ്ങിപ്പോയ എന്റെ ആ നാണം അപ്പോളാ തിരിച്ച് വന്നേ.

എന്നാലുമിങ്ങനെയുമുണ്ടോ മനുഷ്യന്മാർ? കണ്ടാലെത്ര മാന്യന്മാർ. സംഗതി വേറൊന്നുമില്ല, ഓർക്കുട്ടിൽ ഞാൻ അപ്ലോഡ് ചെയ്ത ചില ഇല്ലസ്ട്രേഷൻസ് കണ്ടപ്പോൾ നിരക്ഷരനും പൂതി, അങ്ങേർക്കൊരു ചിത്രം വരച്ചു കൊടുക്കണമെന്ന്; അതും ഫെബ്രുവരി 14 നു മുൻപ് വേണമെന്ന്. എന്താ സംഗതി എന്നു ചോദിച്ചപ്പോ പറയാ തന്റെ കാമുകിക്ക് പ്രണയദിനത്തിൽ കൊടുക്കാനാണെന്ന്...!!

ഹോ, ആളുകൾ പറയുന്നതിൽ വല്ല കുഴപ്പമുണ്ടോ? ഈ ആണുങ്ങളുടെ കാര്യം. കല്യാണം കഴിഞ്ഞെങ്കിലും കൊച്ചുങ്ങളുടെ അച്ഛനായെങ്കിലും ഈ വായ്നോട്ടത്തിനും പ്രേമത്തിനുമൊന്നും ഒരു കുറവുമില്ല. വെറുതെയാണോ ബൂലോഗത്തെ പെൺപുലികളൊക്കെ പോങ്ങൂമ്മൂടന്റെ പോസ്റ്റിൽ ചെന്ന് കള്ളിയങ്കാട്ടു നീലിയെപ്പോലെ രക്തദാ‍ഹം മൂത്ത് അലറിവിളിച്ചത്. എന്തിനവരെ പറയുന്നു, ഈ എനിക്കുപോലും ഇത് കേട്ടിട്ട് ചൊറിച്ചിലും അലർച്ചയും വന്നു.

ഒന്നരാടമോ രണ്ടു മാസം കൂടുമ്പോഴോ ഒക്കെ പല നാട്ടിലും പല ദേശത്തുമല്ലേ നിരക്ഷരന്റെ കറക്കം, സ്വദേശിയും വിദേശിയുമായും തുണിയോടെയും അതില്ലാതെയുമൊക്കെ ഒരുപാടെണ്ണത്തിനെ ദിവസവും കാണൂന്നതല്ലേ, പഴയ എറണാംകുളം കാരന്റെ നമ്പർ വല്ലതും മൂർച്ചകൂട്ടി പ്രയോഗിച്ച് വല്ല നിഷ്കളങ്കയായ വിദേശപെൺകൊടിയെ വളച്ചെടുത്തിട്ടുണ്ടാകും. അവൾക്ക് സമ്മാനിക്കാനായിരിക്കും ഫെബ്രുവരി 14 നു മുൻപായി ഒരു സമ്മാനം എന്നിൽ നിന്നും വരച്ചെടൂത്ത് വസൂലാക്കുന്നത്.

“അല്ലാ ഭായി, എനിക്കിപ്പോ ജോലിത്തിരക്കു കാരണം സമയം കിട്ടോന്നറിയില്ല” ഞാനൊഴിയാൻ നോക്കി

“ഒന്നും പറയണ്ട, കണ്ട പെൺപിള്ളാർക്ക് പടം വരച്ചുകൊടുക്കാനും, ഓർക്കുട്ടിലിട്ട് കമന്റ് വാങ്ങി ഗമയിലിരിക്കാനുമൊന്നും ഒരു കുഴപ്പവുമില്ലല്ലോ, മാത്രമല്ല വരച്ചു തരുന്നതിനു ഞാൻ കാശു തന്നേക്കാം”

നിരക്ഷരൻ എന്റെ വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിച്ചതു കാരണം അനങ്ങാൻ വയ്യാതെ നിന്നുപോയി.

“അതിപ്പോ, എത്രായാന്നു വെച്ചാ.. എങ്ങിനെയാന്നു വെച്ചാ.. എന്തൂറ്റ് പടാ വരക്കാന്നുവെച്ചാ”

“എന്റെ തന്നെ പടം. കാശിന്റെ കാര്യം ഭായി പേടിക്കേണ്ട, എത്ര വേണേലും തരും, ഇതെന്റെ പ്രസ്റ്റീജ് ഇഷ്യൂവാണ്, അവൾക്ക് 14നു തന്നെ കൊടുക്കണം”

“അതിനിപ്പോ നിരുഭായി എവിടെയാ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, യുസ്, യു കെ, ഏതുകോപ്പിലാ?”

“അതൊന്നും ഭായിയറിയണ്ട, ഭായിയുടെ അക്കൌണ്ടിലോ നേരിട്ടോ ഞാൻ തരും, എന്തു വേണം, ദിർഹം, യൂറോ, ഡോളർ,?”

“ഒരു ............ ഉറുപ്പിക കിട്ട്വോ?”

“...............ഉറുപ്പിക??“ കുറച്ചു നേരം അപ്പുറം നിശ്ശബ്ദത.. “ഉം.. കാറ്റുള്ളപ്പോൾ തന്നെ തൂറ്റണം ഭായി, എന്റെ ശമ്പളത്തിന്റെ പകുതിയാ ചോദിച്ചിരിക്കുന്നത്. അതു സാരമില്ല, എന്റെ അത്യാവശ്യ കാര്യത്തിനല്ലേ, എന്തായാലും ഈ വാലന്റയിൻസ് ഡേ ഞാനൊരു കലക്കു കലക്കും നന്ദാ”

“ഉവ്വാ... കുടുമ്മം കലങ്ങാതെ നോക്യാ മതീ നിരൂ”

“അതൊക്കെ ഞാൻ നോക്കിക്കോളാം, കുടുംബം കലങ്ങാതെ ഞാനിതൊക്കെ എത്ര കൊല്ലായി അഡ്ജസ്റ്റ് ചെയ്തു പോണുവെന്റെ നന്ദാ...ആഗോള ഗ്രാമത്തിലായി എവിടെയൊക്കെയായി ഞങ്ങൾ വാലന്റയിൻ ദിനം ആഘോഷിച്ചിരിക്കുന്നു”

ഭയങ്കരൻ!! ഞാൻ മനസ്സിൽ പറഞ്ഞു, ‘ആഹ്! പറഞ്ഞിട്ടെന്ത് അവന്റെ സമയം, അവന്റെ തലേൽ വരക്കാനെടുത്ത കോൽ എന്റെ പറമ്പിന്റെ ഏതെങ്കിലും മൂലേയിലെങ്ങാനും വന്നു വീണിരുന്നെങ്കിൽ.....പറഞ്ഞിട്ട് കാര്യമില്ല, നമ്മടെ വരയും പടവുംകൊണ്ട് വേറെ വല്ലവർക്കാണ് പ്രയോജനം.‘

“ അപ്പോ നന്ദൻ ഭായി, ഞാൻ അടുത്ത മെയിലിൽ ഒരു ഫോട്ടോ അയച്ചു തരാം, അതു ഒന്നു ഭംഗിയായി, വരച്ചു എനിക്ക് തിരിച്ചയക്കണം. മറക്കല്ലേ, അല്ലേങ്കിൽ 14നു അവൾ പിണങ്ങും”

“ഉം അയക്ക്,“ ഞാൻ ഈർഷ്യയോടെ പറഞ്ഞു. അഞ്ച് മിനിട്ടെടുത്തില്ല മെയിലിൽ ഫോട്ടൊ എത്തി. അത് കണ്ടതും ഞാൻ നിരുവിനെ ചാറ്റ് റുമിൽ ചാടിപ്പിടിച്ചു,

“ഡേയ്, ഇതേത് ഫോട്ടോ? അന്ന് എറണാകുളത്ത് ഞാൻ കണ്ടപ്പോൾ ഇങ്ങിനെ ആയിരുന്നില്ലല്ലോ, ഇതേതാ ഈ ചെറുപ്പക്കാരൻ?”

“ഹഹ്ഹ! അത് ഒരു പത്തുപതിനഞ്ചു കൊല്ലം മുൻപുള്ളതാ... ഇപ്പോഴുള്ള കോലം വരച്ചു വെക്കാൻ ഞാനെന്തടാ അത്രക്കും പൊട്ടനാണോ?”

“അല്ല അതു ശരിയാ...ശരി, ഞാൻ കോണ്ടാക്റ്റ് ചെയ്യാം”

എന്റെ ഇൻബോക്സിലേക്കു വന്ന പടം ഡൌൺ ലോഡ് ചെയ്ത് ഞാൻ വരക്കാനൊരുങ്ങി. നിരുവിന്റെ ഒരു പോർട്രെയിറ്റ്. പടം വരച്ചതെങ്ങിനെയെന്നു പറഞ്ഞാൽ...


വരക്കാൻ ആദ്യം വേണ്ടത് വരക്കേണ്ടയാളുടെ തിരുമോന്തയുടെ വൃത്തിയുള്ള തെളിഞ്ഞ ഒരു ഫോട്ടോ :എന്നിട്ടത് കടലാസ്സിലേക്ക് വരച്ചെടുത്ത് പണ്ടാറമടങ്ങണം...ദാ ഇതുപോലെ... :
അവനെ കളർ ചെയ്തു കുട്ടപ്പനാക്കാൻ ദാ താഴെക്കാണൂന്നപോലെ സ്കാൻ ചെയ്തെടുക്കണം :ഫോട്ടോഷോപ്പിൽ ചെന്ന് ഒരു കുടം കള്ള്...സോറി സ്കാൻ ഫയൽ ഓപ്പൻ ചെയ്യുന്നു.:അവനെ ആവശ്യമുള്ള സൈസിലേക്കും റെസലൂഷ്യനിലേക്കും മാറ്റി ആ തിരുമോന്ത ഒരു മൂലക്ക് വെച്ച് പതിയെ കളർ ചെയ്തെടുക്കുന്നു :ആ!! ഏതാണ്ടൊക്കെ ഒരു രൂപമായി വരുന്നുണ്ട് :ഓഹ്! വരച്ചു വന്നപ്പോൾ ഗ്ലാമറ് കൂടി, ചെറൂപ്പക്കാരനായി്‌! എന്താന്നറിയില്ല ഞാനീയിടെ ആരെ വരച്ചാലും ഭയങ്കര ഗ്ലാമറായിപോകും. ഇനി വരക്കണ എന്റെ ഗ്ലാമറെങ്ങാനും പടത്തിലേക്ക് പകരുന്നതാണോ? ആ യാരിദും കിരൺസുമൊക്കെ ഈ ജന്മത്ത് ഒരിക്കലും കിട്ടാത്ത മോന്തയുമായി പടം ഫ്രെയിം ചെയ്തു വെച്ചത് പിന്നെ വെറുതെയാണോ? എന്തിനേറെ പറയുന്നു, ഞാൻ വരച്ചു കൊടുത്ത പടം ബ്രോക്കർക്ക് പ്രിന്റ് എടുത്ത് കൊടുത്ത് യാരിദ് കല്യാണം വരെ കഴിച്ചു.ഉം.. കുറച്ച് നരപ്പിച്ചെടുത്ത് ശരിക്കുമുള്ള മോന്തയാക്കി മാറ്റി ഒറിജിനൽ പടവുമായി ഒത്തുനോക്കി..കുഴപ്പമില്ലാല്ലേ? :തള്ളേ!!! ദാ....ലവനല്ലേ ലിവൻ, മനോജ് എന്ന നിരക്ഷരൻ, ഭൂലോക സഞ്ചാരി, ബ്ലോഗിന്റെ എസ്. കെ പൊന്തക്കാട്, ബ്ലോഗിണികളുടെ നിരു...!!!!വരച്ചതു അയച്ചു കൊടുത്തതും ചാറ്റ് റൂമിലൂടെയും മെയിലിലൂടെയും നിരക്ഷരൻ ഉമ്മകളുടെ ഒരു പ്രവാഹം തന്നെ അയച്ചു. അയ്യേ..വൃത്തികെട്ടവൻ! കല്യാണം കഴിഞ്ഞിട്ട് എന്റെ ഭാര്യയിൽ നിന്നുപോലും എനിക്ക് കിട്ടിയിട്ടില്ല ഇത്രക്കും.

“മതി മതി നിരൂ, തന്നത് മതി, ബാക്കി എടൂത്ത് വെച്ചേക്ക് 14 നു തന്റെ പുതിയ കാമുകിക്കു കൊടുക്കേണ്ടതല്ലേ” (ദുഷ്ടാ തന്റെ ഭാര്യയുടെ ഫോൺ നമ്പർ കിട്ടിയിട്ടു വേണം തന്റെ ഈ വൃത്തികെട്ട കളികൾ പറഞ്ഞുകൊടുക്കാൻ)

“നന്ദൻ ഭായി, സമ്മാനദാനമായി ഭായി സമ്മാനദാനമായി. കണ്ണീർ നിറഞ്ഞിട്ട് എനിക്ക് മോണിറ്റർ നോക്കാൻ പറ്റുന്നില്ല..(ഗദ് ഗദ്) ഞാനിന്നു തന്നെ ഇതു ഫ്രെയിം ചെയ്തെടുക്കാൻ പോവുകാ. അവൾക്ക് 14നു പ്രണയ സമ്മാനമായി കൊടുക്കാൻ”

“അല്ല നിരു ഭായി ഒന്നു ചോദിച്ചോട്ടേ....ഇതൊക്കെ മോശമല്ലേ?”

“ എന്തു മോശം നന്ദാ.. വരച്ചതോ?”

“അതല്ല...”

“പിന്നെന്താ സമ്മാനം കൊടുക്കുന്നതോ?”

“ അതേ... അതായത്..നമ്മൾ കല്യാണമൊക്കെ കഴിഞ്ഞ്....ഒരു ഭാര്യയൊക്കെയായി...”

“ഭാര്യയൊക്കെയായി?”

“അല്ല പിള്ളാരുടെ അച്ഛനൊക്കെയായിക്കഴിഞ്ഞിട്ട്.....പിന്നേം പ്രേമിക്കാ‍ന്നു പറഞ്ഞാൽ...?”

“ അതെന്താ നന്ദാ കല്യാണത്തോടെ ഈ പ്രണയമൊക്കെ നിർത്തിവെക്കണോ, കല്യാണം കഴിഞ്ഞും നമുക്ക് പ്രേമിച്ചുകൂടേ?”

“അതല്ല...എന്നാലും നമ്മുടെ സാമൂഹികാന്തരീക്ഷത്തിൽ..അല്ല ഇതിനൊക്കെ ഒരു...അല്ല അതു പോട്ടെ, നിരു ഭായി പ്രേമിക്കേ സമ്മാനം കൊടുക്കേ എന്താന്നു വെച്ചാ ചെയ്യ് “

“പിന്നെന്താ നന്ദനറിയണ്ടേ?”

“അല്ലാ ഇത്രയുമൊക്കെ ആയ സ്ഥിതിക്ക്, കക്ഷിയാരാന്നു ഒന്നു പറഞ്ഞൂടേ? ലവളേ...? സ്വദേശിയാ വിദേശിയാ?”

“കാമുകിയോ? ആഹ് അതോ അതു സ്വദേശിയാ..”

“ആഹാ ആണോ നിരു, ഇന്ത്യനോ....നോർത്തിന്ത്യനോ മലയാളിയോ?”

“മലയാളിയാ, എറണാകളം-മുഴങ്ങോടി”

“ആഹാ അതുകൊള്ളാമല്ലോ നിരൂ ഭായി, അവരു കെട്ടിയതോ അതോ കിളുന്തോ?”

“ആഹ് ഒന്നു കെട്ടിയതാ...കൂടെ ഒരു കൊച്ചുമുണ്ട്”

“ച്ഛേ...കളഞ്ഞില്ലേ പൂശാര് കാവടി!! നശിപ്പിച്ചല്ലോ നിരക്ഷരാ കമ്പ്ലീറ്റും”

“ഡോ, താനെന്താ ഈ പറയണേ? അവളാരെന്നു വെച്ചിട്ടാ തന്റെ ഈ ഡയലോഗ്?”

“നിരുവിന്റെ പുതിയ കാമുകി ?”

“എഡോ....പുതിയതും പഴയതുമായിട്ട് എനിക്കൊരൊറ്റ കാമുകിയേ ഉള്ളു. ഒരു പത്തുകൊല്ലം മുൻപൊരു വാലന്റയിൻ ദിനത്തിന്റെ തലേ ദിവസം കണ്ടുമുട്ടിയതാ. ഇപ്പോ 10 കൊല്ലമായി അവളെന്റെ കൂടെയുണ്ട്. എല്ലാ കൊല്ലവും വാലന്റയിൻ ദിനത്തിന് ഞങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലായിരിക്കും എന്നാലും ഞങ്ങളുടെ പ്രണയത്തിനു കാലവും ദേശവുമൊന്നും ഒരു തടസ്സമാവില്ല. ഈ കാമുകിതന്നെയാണ് എന്റെ കൊച്ചിന്റെ അമ്മയും,. എന്റെ ഭാര്യ.... മനസ്സിലായോഡോ മണുങ്ങൂസേ....”

ഡിം!!!!!!!

ഒരു മലയാളിസദാചാരിയുടെ കണ്ണോടെ, ഒരു ഒളിഞ്ഞുനോട്ടക്കാരന്റെ വിരുതോടെ വിവരങ്ങളറിയാൻ കൊതിച്ചിരുന്ന ഞാനാരായി?? അല്ല ഞാനാരായി?!
.........................................................................................

(ചിത്രത്തിലെ നിരക്ഷരന്റെ തിരുമോന്തക്കു മൌസ് കൊണ്ടൊരു കുത്തു കൊടുത്താല്‍ തിരുമോന്ത വലിയ വലുപ്പത്തില്‍ കാണാം) :)
.