Wednesday, November 19, 2008

ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?

..
ജീവിതത്തില്‍ ഒരു സ്പോര്‍ട്ട്സ്മാനാകുക എന്നത് എന്റെ എക്കാലത്തേയും വലിയ ഒരു സ്വപ്നമേ അല്ലായിരുന്നു. പത്രത്തില്‍ വല്ല സ്പോര്‍ട്സ് മാന്റെ പടം കാണുമ്പോളോ സ്ക്കൂളിലെ ഏതെങ്കിലും കൂട്ടുകാരന് ഓട്ടത്തിന് സമ്മാനം കിട്ടുമ്പോഴോ പിന്നെ ടി.വിയില്‍ ഒളിമ്പിക്സ് കാണുമ്പോഴോ എന്റെ ഉള്ളിന്റെയുള്ളില്‍ ഉറക്കഗുളിച്ച് കഴിച്ച് ഉറങ്ങിക്കിടക്കുന്ന അവന്‍ സ്പോര്‍ട്ട്സ് മാന്‍- പതുക്കെ കോട്ടുവായിട്ട് ഉണരും. കുറേ കഴിയുമ്പോള്‍ വീണ്ടും ഉറങ്ങും. അത്രതന്നെ. പണ്ട് പൈങ്ങോട് എല്‍.പി.സ്ക്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തിന് പങ്കെടുത്ത് തോറ്റതും കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്ററില്‍ 8-മനായി ഓടി അവസാനിപ്പിച്ചതും (ആകെ 8 പേരായിരുന്നു ഓടാന്‍) ഒഴിച്ചുനിര്‍ത്തിയാല്‍, കല്പറമ്പില്‍ അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല.
എന്നാലും മറ്റു സ്പോര്‍ട്ട്സ്മാന്മാര കാണുമ്പോള്‍ എന്നിലെ സ്പോര്‍ട്ട്സ്മാന്‍ ഒരിക്കലെങ്കിലും, ഒരു നിമിഷമെങ്കിലും അവരെപ്പോലെ ഓടണമെന്നും നാലാള്‍ കാണുന്ന സദസ്സില്‍ നിന്ന് സമ്മാനം വാങ്ങണമെന്നും കലശലായി മുട്ടിയിട്ടുണ്ടെങ്കിലും അതിലേക്കുള്ള പരിശ്രമമോ മറ്റോ ഒന്നും നടത്തിയിട്ടില്ല.ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഏഴാം ക്ലാസ്സ് മുതലേ നാട്ടിലുള്ള കൂട്ടുകാരുമായി ക്ലബ്ബ് , പൂക്കളമത്സരം, കഥ-കവിത- ചിത്രരചന, നാടകാദി പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അന്നുമതേ മേലനങ്ങാതെയുള്ള പരിപാടിക്ക് നമ്മളെപ്പോഴും ഊര്‍ജ്ജസ്വലനാണ്. അന്നത്തെ ക്ലബ്ബിലെ സഹാംഗവും നാടക സുഹൃത്തുമായിരുന്നു ശ്രീമാന്‍ ബാബു. എന്റെ വീടിന്റെ ഏതാണ്ട് 200 മീറ്റര്‍ അകലെയാണ് അവന്റെ വീട്. അവന് പ്രായം എന്നെക്കാള്‍ താഴെ, വായില്‍ നാക്ക് എന്നേക്കാള്‍ കൂടുതല്‍.

ക്ലബ്ബും, നാടകവും മറ്റു കലാപടിപാടികളുമായി നീങ്ങവേ ഒരു ദിവസം മീശമുളച്ചുതുടങ്ങുന്ന ഏതൊരു പയ്യനും, മീശ ഇന്നും മുളക്കും നാളെ മുളക്കും മറ്റന്നാള്‍ മുളക്കും എന്നു പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്കും അക്കാലയളവില്‍ പിടിപെടുന്ന ഒരു സൂക്കേട് -അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേട് - ഞങ്ങള്‍ക്കും പിടിപെട്ടു. മറ്റൊന്നുമല്ല. "ഓട്ടം". ശരീരത്തിന്റെ കാരിരുമ്പാര്‍ന്ന ഉറപ്പിന്‍ വെളുപ്പിനേ എഴുന്നേറ്റ് ഓടുക!! മനസ്സും ശരീരവും മാത്രമല്ല, ഇനിയുള്ള അവസരങ്ങളില്‍ സ്ക്കൂളിലെ കായികോത്സവത്തില്‍ പങ്കെടുത്ത് വളരെ ഈസിയായി സമ്മാനവും വാങ്ങാം. അന്നു ഞങ്ങള്‍ക്കു മാത്രമല്ല, ഹൈസ്ക്കൂള്‍ തലം മുതല്‍ വിവാഹപ്രായമെത്തിയവര്‍ക്കു വരെ ഉണ്ടായിരുന്ന ഒരു അസുഖമായിരുന്നു വെളുപ്പിനെ എഴുന്നേറ്റ് ഓടുക എന്നത്. പക്ഷെ, മൂന്ന് ദിവസം കൊണ്ടോ മൂന്നാഴ്ച കൊണ്ടോ പല ഓട്ടപരിപാടികളും അവസാനിക്കുകയാണ് പതിവ്.

ഒരു ദിവസം, ക്ലബ്ബിന്റെ മീറ്റിങ്ങ് കഴിഞ്ഞ് രാത്രി എട്ട്-എട്ടരയ്ക്ക് വീട്ടിലേക്കുള്ള തിരിച്ചു വരവില്‍ ബാബുവാണ് ആ ആശയം പറഞ്ഞത്.

" ടാ നന്ദ്വോ, നമുക്ക് ഓട്യാലോ ടാ?"

" എവ്ട്ക്ക്? കുടുമ്മത്തിക്കാ? നടന്നാ പോരെ?" ഞാന്‍

"അല്ലെടാ ശവീ, നമുക്ക് വെളുപ്പിന് എഴുന്നേറ്റ് ഓട്യാലോ ? "

കൊള്ളാലോ സംഗതി. ഇത്തിരി ബുദ്ധിമുട്ടുള്ള പരിപാടിയാനെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ബെന്‍ ജോണ്‍സനൊ കാള്‍ ലൂയീസോ ആയി മാറുന്നത് എന്റെയുള്ളില്‍ ഇന്റര്‍ കട്ട് ഷോട്ടെന്ന പോലെ വന്നു. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന സ്പോര്‍ട്ട്സ്മാനെ ഞാന്‍ വിളിച്ചുണര്‍ത്തി : ' ടാ..മോനെ..ടാ എനീക്കെട... ടാ കുട്ടാ..'

" ടാ നന്ദ്വോ പൈങ്ങൊട്ടിലേം അമരിപ്പാടത്തേം ചെല പിള്ളാര് ഇപ്പ ഓടാന്‍ തൊടങ്ങീട്ട്ണ്ട് റാ" ബാബു വീണ്ടും.

"എന്നാപ്പിന്നെ നമുക്കെന്തറാ ഓട്യാല് ? നാളെ മൊതല് നമുക്കും ഓടാടാ ബാബോ" എനിക്കും ആവേശം

"പക്ഷെ ഒരു കൊഴപ്പണ്ടടാ നന്ദ്വോ" ബാബു റോഡിലെ സര്‍വ്വേരിക്കല്ലില്‍ കുന്തിച്ചിരുന്നു. " നമ്മള് രണ്ടാളായിട്ട് എങ്ങനെണ്ടാ ഓടാ? നമുക്ക് ഷണ്മുഖേട്ടന്റവിടത്തെ ഷനിലിലെ വിളിക്കാറാ"

"ഷനിലിനാ??!!" ഞാന്‍ തലയില്‍ കൈവച്ചു ( രാത്രി ഇരുട്ടായതുകൊണ്ടും കൈ എന്റേതായതുകൊണ്ടും ബാബുവത് കണ്ടില്ല) പണ്ട് കോണത്തകുന്നില്‍ ട്യ്യൂഷനുപോയപ്പോള്‍ ഷനിലിനെ കിടക്കപ്പായേന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് ട്യൂഷനു കൊണ്ടുപോയ കാര്യമോര്‍ത്തപ്പൊള്‍...

"അവന്‍ വരോടാ? അവനാ നേരത്ത് എനീക്കോ?" എനിക്ക് സംശയം

"ഞാന്‍ വിളിച്ചാ അവന്‍ വരോടക്കേ" ബാബുവിന് തെല്ലുമില്ല സംശയം

"എന്നാപ്പിന്നെ നാളെത്തന്നെ നമുക്ക് ഓടാറാ" ഞാന്‍

ഇനിവരാനുള്ള ദിവസങ്ങളിലൂടെയുള്ള ഓട്ട പ്രാക്റ്റീസിലൂടെ ഞാനൊരു മികച്ച ഓട്ടക്കാരനാകുന്നതും സ്ക്കൂളിലെ സ്പോര്‍ട്ട്സ് ഡേക്ക് 100,200,400,1000 മീറ്റര്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹനാകുന്നതും, ബീനാതോമാസും, അജിതയും, നിഷയും ജോയ്സി പോളുമൊക്കെ എന്നെ ആരാധനയോടെ നോക്കുന്നതും ഞാന്‍ കണ്ടു, വലതു-ഇടതുകയ്യില്‍ സമ്മാനം കിട്ടിയ കപ്പുകള്‍ പിടിച്ച് സ്ക്കൂള്‍ വരാന്തയിലൂടെ അവരെയൊക്കെ നോക്കി ഓരോ പുഞ്ചിരി സമ്മാനിച്ച് നടന്ന് വരവ്വേ...

"ടാ...എനീക്കെടാ..ടാ..ചെക്കാ..എനീക്കിനില്ലേ? ഓടാന്‍ പൂവ്വാന്‍ വെളുപ്പിന് വിളിക്കണന്ന് നീയല്ലേടാ പറഞ്ഞത്...."

ഹോ! നശിപ്പിച്ചു. എന്റെ നോട്ടം, പുഞ്ചിരി ഒക്കെ കാത്തുനിന്നിരുന്ന കല്‍പ്പറമ്പിലേയും അരിപ്പാലത്തേയും ചാമക്കുന്നിലേയും പെണ്‍കിടാങ്ങളൊക്കേയും നിരാശപ്പെടുത്തിക്കൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ആദ്യം ഞാനാണ് എഴുന്നേല്‍ക്കേണ്ടത്. എന്നിട്ട് ബാബുവിന്റെ വീട്ടില്‍ ചെന്ന് അവനെ വിളിക്കും. പിന്നെ ഞങ്ങളൊരുമിച്ച് ഷനിലിനെ വിളിക്കും. പിന്നെ മൂവരും തൊട്ടപ്പുറത്തെ മെയിന്‍ റോഡിലുള്ള കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ നിന്ന് പൈങ്ങോട്ടിലെ കുഞ്ഞിവറീതെട്ടന്റെ റേഷന്‍ കടയുടെ അവിടേക്ക് കൃത്യം ഒരു കിലോമീറ്റര്‍ ഓടും. അവിടെ നിന്ന് തിരിച്ചും. പിന്നേയും നേരം വെളുക്കാന്‍ സമയമുണ്ടെങ്കില്‍ നേരെ പൂവ്വത്തുംകടവ് റോഡിലേക്ക് ഓടി എം.എസ്. മേനോന്‍ സ്റ്റോപ്പില്‍ ചെന്ന് അവിടുന്ന് തിരിക്കും. തിരിച്ച് കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്ന് അന്നത്തെ ഓട്ടമവസാനിപ്പിക്കും. അതാണ് 'ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന് '.

കൊച്ചുവെളുപ്പിന് ഞാനെഴുന്നേറ്റ് ഇരുട്ടിലൂടെ നടന്ന് ബാബുവിന്റെ വീട്ടിലെത്തി അവിടെയവന്‍ എഴുന്നേറ്റിട്ടില്ല എന്നല്ല ഒരു വെളിച്ചം പോലുമില്ല. റോഡില്‍ നിന്നും ഞാനവനെ വിളിച്ചു.

"ബാബോ...ടാ ബാബോ.."

"ങും റും ങ്രുദം ങ്ങ് " ഉമ്മറത്തു നിന്നും ഒരു മുരള്‍ച്ച.

"ദൈവമേ അവന്‍ പട്ടിയെ വാങ്ങിച്ചോ? ഇവനിതെപ്പൊ വേടിച്ചു ശ്ശവം..!"

"ബാബൂ..." ഞാന്‍ വീണ്ടും

"ആരാണ്ടാത്?" ഉമ്മറത്തെ ഇരുട്ടില്‍ നിന്നും വീണ്ടും.

'ഈശ്വരാ...അത് പട്ടിയല്ല..അതവന്റപ്പന്‍ തോമാസേട്ടനാ..'

" ഞാനാ ബാബൂനെ...ഓടാന്‍...വിളിക്കാന്‍"

"ടാ ചെക്കാ...ദേ ആരാണ്ട് ഓടാന്‍ വിളിക്കണടാ.. " ഇരുട്ടിലൂടെ തോമാസേട്ടന്‍ ഉറക്കെ പറഞ്ഞു കൂടെ പതിയെ ' ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ വെളുപ്പിന്?' എന്നും പറയുന്നത് കേട്ടു.

തോമാസേട്ടന്റെ ആത്മഗതം കേട്ടതും ഞാന്‍ ഒരു ശങ്കയിലായി. മറ്റൊന്നുമല്ല രാത്രി എട്ടരമണിക്ക് ആരംഭിക്കുന്ന തോമാസേട്ടന്റെ ‘കഥാപ്രസംഗം’ രാത്രി 11 മണിയാകും കഴിയുമ്പോള്‍. ഭാര്യക്കുമാത്രമുള്ള എക്സ്ക്ലൂസീവ് കഥാ പ്രസംഗമാണെങ്കിലും നാട്ടുകാര്‍ക്കും ഫ്രീയായി കേള്‍ക്കാമായിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയെപ്പോലും വെല്ലുന്ന ഇമ്പമാര്‍ന്ന പാട്ടുകള്‍ മുറുകിമുറുകി ഉച്ഛസ്ഥായിയിലെത്തുമ്പോഴേക്കും ഭാര്യ പായയും തലയിണയും ഉമ്മറത്തേക്ക് എറിഞ്ഞ് വാതിലടച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കഥയുടെ ക്ലൈമാക്സിലേക്ക് കരുതിവെച്ചിരുന്ന 916 ഹാള്‍മാര്‍ക്ക്ഡ് തെറികള്‍ കിടക്കപ്പായിലേക്ക് വീണുകൊണ്ടും പിന്നെ കിടന്നുകൊണ്ടുമായിരികും തോമാസേട്ടന്‍ പറയുക. അപ്പോഴും കിക്ക് ഇറങ്ങിയിട്ടുണ്ടാവില്ല.

ഇനിയിപ്പോ അതിന്റെ ലഹരിയിലെങ്ങാനും കഥയുടെ ബാക്കി എന്നോടെങ്ങാനും പറയുമോ ഭഗവാനേ എന്നു ചിന്തിച്ചപ്പോഴേക്കും അകത്ത് ചിമ്മിനി വെളിച്ചം തെളിഞ്ഞു. കണ്ണും തിരുമ്മി തലയും ചൊറിഞ്ഞ്കൊണ്ട് ബാബു പുറത്തേക്ക് വന്നു.

"ഷനിലിനെ വിളിച്ചോടാ?" കോട്ടുവായിട്ട് ബാബു എന്നോട്.

"പോടക്ക്യേ...ഞാന്‍ വിളിക്കില്ലാന്ന് പറഞ്ഞാല്ലേ, ഞാന്‍ വേണെല്‍ കൂടെ വരാം”

ഞങ്ങള്‍ രണ്ടു പേരും പോയി, ബാബു ഷനിലിനെ വിളിച്ചു കൊണ്ടു വന്നു, മൂവരും കൂടി കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്നു. ആദ്യം പൈങ്ങോട്ടിലേക്കോടാം എന്ന കൂട്ടായ തീരുമാനത്തോടെ ഞങ്ങള്‍ കൂര്‍ത്ത മെറ്റല്‍ ഇളകികിടന്നിരുന്ന വഴിയിലൂടെ ഓടാന്‍ തുടങ്ങി.

ഏതാണ്ട് ഒരു പത്തിരുപതുമീറ്റര്‍ ഓടിക്കാണും...’ഒരു രക്ഷയുമില്ല... നിലത്ത് കാല്‍ കുത്താന്‍ നിവൃത്തിയില്ല..’

“പണ്ടാറടങ്ങാന്‍...” കൊച്ചു വെളുപ്പിനെ ഞാന്‍ കൊച്ചു വായില്‍ പറഞ്ഞു. കാലിനേറുകൊണ്ട പട്ടിയെപ്പോലെ ഞാന്‍ ഒരുകണക്കിന്‍ ഓടിത്തുടങ്ങി. ഏതാണ്ട് അരകിലോമീറ്റര്‍ ഓടിയപ്പോഴേക്കും എനിക്കു മനസ്സിലായി. ‘ ഇന്നെന്റെ അടപ്പൂരും.. ഒറപ്പ്..’ വെളുപ്പിന്‍ എഴുന്നേറ്റ് ഓടി കാള്‍ ലൂയീസാവാനുള്ള എന്റെ തീരുമാനത്തെ ഞാന്‍ തന്നെ മനസ്സ ശപിക്കുകയല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. എനിക്കു മുന്നേ ഓടിയ ശ്ശവികളോട് ‘ ടാ നിക്കടാ.. പതുക്കെ ഓടറാ..” എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷെ ഇന്നത്തെപ്പോലെ അന്നുമുള്ള ദുരഭിമാനം അതിന്‍ സമ്മതിച്ചില്ല. കൂര്‍ത്ത മെറ്റലില്‍ ചവിട്ടി പാരഗണ്‍ വള്ളി ചെരുപ്പിന്റെ വള്ളി ഊരിപോയി. വാങ്ങിച്ചിട്ട് വെറും ഒരു വര്‍ഷമായതോണ്ടും അടുത്ത് സ്ക്കൂള്‍ തുറക്കലിനുമാത്രമേ വേറൊരണ്ണം കിട്ടുകയുള്ളൂ എന്നറിയാമായതോണ്ടും ഊരിയ വള്ളി തിരിച്ചിട്ട് വീണ്ടും ഓടുകയും വീഴാന്‍ പോകുമ്പോള്‍ വായുവില്‍ ബാലന്‍സ് ചെയ്തും ഒരു കണക്കിന്‍ ഞാന്‍ അവന്മാരുടെ ഒപ്പമെത്തി. നോക്കുമ്പോള്‍ സ്വതവേ തുറിച്ച കണ്ണുകളുള്ള ബാബുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി ഇപ്പോ താഴെ വീഴും എന്ന മട്ടിലാണ്. ഓട്ടത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കാമെന്നു കരുതിയപ്പോള്‍ എന്തിനാ ശവത്തില്‍ കുത്തുന്നത് എന്നോര്‍ത്ത് അവനോട് ഞനൊന്നും ചോദിക്കാതെ ഓട്ടം തുടര്‍ന്നു.

അങ്ങിനെ ഒരു കണക്കിന്‍ ഓടിയും ഇടക്ക് ഞൊണ്ടിയും പലപ്പോഴും താഴെ വീഴാതെയും കൃത്യം ഒരു കിലോമീറ്റര്‍ പൈങ്ങോട് കുഞ്ഞുവറീതേട്ടന്റെ റേഷന്‍ പീടികക്കടുത്തുള്ള മൈല്‍ക്കുറ്റിയുടെ അടുത്തെത്തി. ’പനച്ചിക്കല്‍ ചിറ 2 കി.മീ.’ എന്ന മൈല്‍ കുറ്റി കണ്ടതും കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേജില്‍ എത്തപ്പെട്ടവനെപ്പോലെ മനസ്സിലൊരു കുളിരു പടരുകയും ആക്രാന്തത്തോടെ രണ്ടടിയോടെ ആ മൈല്‍ക്കുറ്റിക്കുമെല്‍ പതിച്ചതും പെട്ടന്നായിരുന്നു.

‘മതീഡെക്കെ….ഒരു..കിലോമീറ്ററായി” എന്നുമ്പറഞ്ഞ് ഞാന്‍ മൈല്‍കുറ്റിയിലിരുന്ന് കിതച്ചു. ബാബുവും ഷനിലും എന്റെ കിതപ്പിന്‍ കോറസ്സായി. മൊത്തം കോറസ്സിന്റെ ഒരു സിംഫണി. സാക്ഷാല്‍ ബീഥോവനു പോലും ക്രിയേറ്റ് ചെയ്യാന്‍ പറ്റാത്ത കിതപ്പിന്റെ ഒരു പെര്‍ഫെക്റ്റ് സിംഫണി. ഒരേ ഈണം. ആരോഹണവും അവരോഹണവും കറക്റ്റ്. സംഗതികളെല്ലാം കിറുകൃത്യം. ഒട്ടും തന്നെ ഫ്ലാറ്റല്ലാത്ത റൊമ്പ റൊമ്പ ഫന്റാസ്റ്റിക് ഏന്റ് ബംബ്ലാസ്റ്റിക്ക് ഏന്റ് ഇലാസ്റ്റിക് കിതപ്പ്.

“കൊറേനേരം ഇരുന്നിട്ട് തിരിച്ചോടാഡാ..” എന്റെ അപേക്ഷ യാതൊരു തടസ്സവുമില്ലാതെ അംഗീകരിക്കപ്പെട്ടു. മൈല്‍ക്കുറ്റിയിലും റോഡിന്റെ വശങ്ങളിലും ഇരുന്നും പാതികിടന്നും ഞങ്ങള്‍ കിതപ്പാറ്റാന്‍ തുടങ്ങി. അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്ടാ’ എന്ന മട്ടില്‍, കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി.

അഞ്ച് മിനുട്ടിന്‍ ശേഷം ഞങ്ങള്‍ തിരിഞ്ഞോടാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ നടത്തിയത് ഓട്ടമായിരുന്നെങ്കില്‍ തിരിച്ചുള്ളത് ‘ഞൊണ്ടോട്ട’മായിരുന്നു. അതായത് പലപ്പോഴും ഞൊണ്ടി ഞൊണ്ടിയും ഇടക്കിത്തിരി ഓട്ടവും. ഓട്ടത്തിടയില്‍ ഞാന്‍ എന്നേയും പിന്നെ ബാബുവിനേയും പ്രാകുകയായിരുന്നു. അതല്ലതെ ആ നേരത്ത് ഞാനെന്തു ചെയ്യാന്‍?! അങ്ങിനെ ഞൊണ്ടോട്ടം ഞൊണ്ടി ഞൊണ്ടി വീണ്ടും കൃഷ്ണപ്പന്റെ പീടികക്കു മുന്നില്‍ തിരിച്ചെത്തി. കടയുടെ മുന്നിലെ കടത്തിണ്ണയിലേക്ക് ആദ്യം മറിഞ്ഞു വീണത് മറ്റാരുമായിരുന്നില്ല, ഈ ഞാനെന്ന ബെന്‍ ജോണ്‍സണായിരുന്നു!!

“ അങ്ങനെ കെടക്കാണ്ട് ഇത്തിരി നീങ്ങടാ… ഞങ്ങള്‍ക്കും കെടക്കണം” ബാബുവിന്റെ അലര്‍ച്ച.
ഒരാള്‍ക്കു നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകമില്ലാത്ത ആ നാലടി നീളമുള്ള തിണ്ണയില്‍ വരും കാലത്തിന്റെ മൂന്ന് ഓട്ടരാജാക്കന്മാര്‍ നാക്ക് പുറത്തേക്കിട്ട് കണ്ണും തള്ളി കിതപ്പാറ്റാന്‍ കുറേ നേരം കിടന്നു.

‘ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ ആദ്യ ദിവസം അങ്ങിനെ കഴിഞ്ഞെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും ദിവസം വലിയ കുഴപ്പമില്ലാതെ ഓടാന്‍ കഴിഞ്ഞു. ഞങ്ങളുടെ ആത്മവിശ്വാസം പതിയെപതിയെ ഒന്നരയില്‍ നിന്ന് ക്വാര്‍ട്ടറിലേക്കും പിന്നെ പൈന്റിലേക്കും അവിടെനിന്ന് ഫുള്ളിലേക്കും കയറികയറി വന്നു.

അതെ, അന്ന് ‘ഓപ്പറേഷന്‍ ഓട്ട’ത്തിന്റെ നാലാം ദിവസം.

പതിവുപോലെ ഞാന്‍ കൊച്ചുവെളുപ്പിന്‍ എഴുന്നേറ്റ് ബാബുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു, കൂരാകൂരിരുട്ടിലും ചീവീടിന്റെ മെലഡി. ബാബുവിന്റെ വീട്ടുപടിക്കലെത്തി ഞാന്‍ പതിവു പോലെ വിളിച്ചു.
“ബാബോ…..ഡാ..ബാബോ..”

പതിവുപോലെ ഒരു മുരള്‍ച്ച ഇരുട്ടില്‍ നിന്നും.

ഞാനത് മൈന്‍ഡ് ചെയ്യാതെ വീണ്ടും വിളിച്ചു :

“ബാബോ…ഡാ എണീക്കെഡാ..”

“ആഴാണ്ടാ ത്??..” ഇരുട്ടില്‍ നിന്ന് കുഴഞ്ഞുമറിഞ്ഞ ഒരു ചോദ്യം.

“ഞാനാ…ബാബൂനെ ഓടാന്‍ വിളിക്കാന്‍….”

“നിനക്കൊന്നും കുഴുമ്മത്ത് വേഴെ പണിയില്ലേഡാ ക്ടാവേ…?” തോമാസേട്ടന്റ് ശബ്ദം കുഴഞ്ഞിട്ടുണ്ടെങ്കിലും പതിവില്ലാത്ത മൂര്‍ച്ച. ഞാനുറപ്പിച്ചു. ഇന്നലത്തെ വഴക്ക് ‘എന്‍ഡ് ഓഫ് ദി പാര്‍ട്ട്’ ആവുമ്പോഴേക്കും തോമാസേട്ടന്‍ വീണു പോയിട്ടുണ്ടാകും, അതാണ് സംഗതി. എന്നാലും എനിക്ക് ബാബുവിനെ വിളിക്കാതിരിക്കാന്‍ പറ്റില്ലല്ലോ!

“ അല്ല തോമാസേട്ടാ പിന്നെ….. ഞങ്ങള്‍… എല്ലാ ദിവസവും… ഇങ്ങിനെ……..”

“ഫാ!!!! 7*(&&#%^%$^#$ വെളുപ്പിനേ മനുഷ്യന്റെ ഒറക്കം കളയാനായിട്ട് ഓരോരുത്തര്‍…. പോയി കെടന്നൊറങ്ങടാ…”&^%&^%^“

ഞാനൊന്നു നിശ്ശബ്ദനായി. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദം മാത്രം. അവറ്റകളക്കറിയില്ലല്ലൊ തോമാസേട്ടനെ.

കുറച്ചു നേരം കഴിഞ്ഞ് ഞാന്‍ വീണ്ടും പതിയെ വിളിച്ചു.

“ബാബോ…ഡാ… ബാബോ..”

“ഫാ….. പോയില്ലേഡാ കുരിപ്പേ… നീയൊക്കെ..@@^%^@&%^*(&(*&)( നിന്നെയൊന്നും അങ്ങിനെയല്ല പറയേണ്ടത്..നീയൊക്കെ…*&*(^%&^%%#%...”

ഒരു പുളിച്ച രസം എന്റെ നാവിലുണരുകയും കാതടപ്പിക്കുന്ന ഡ്രം ബീറ്റ് ചെവിയില്‍ മൂളുകയും ചെയ്തപ്പോള്‍ എനിക്ക് കാര്യം വളരെ വ്യക്തമായി. ഇന്നലെ തോമാസേട്ടനും ഭാര്യയും തമ്മിലുള്ള വഴക്ക് ക്ലൈമാക്സ്സിലെത്തുമ്പോഴേക്കും, ആവനാഴിയില്‍ ഒരുക്കിവെച്ച തെറിയുടെ ബ്രഹ്മാസ്ത്രങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും പെണ്ണുമ്പിള്ള പായ പുറത്തേക്കിട്ട് വാതിലടച്ചുകാണും. അന്നേരം പറയാന്‍ പറ്റാതെ ബാക്കിയായ തെറികളാണ് കൊച്ചു വെളുപ്പിന്‍ അതും വെറും വയറ്റില്‍ നില്‍ക്കുന്ന എനിക്കിട്ട് തട്ടുന്നത്.

സമാനതകളില്ലാത്ത ആ തെറിഘോഷം കേട്ടതും ഞാന്‍ പിന്തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ വലതുകാല്‍ ഉയര്‍ത്തി വെച്ച്, പിന്നത്തെ ഇടം കാല്‍ കുത്തുമ്പോള്‍ ഞാനെന്റെ വീടിന്റെ പടിഞ്ഞാമ്പുറത്ത്.

ഒരക്ഷരം പോലും മിണ്ടാതെ എന്റെ മുറിയുടെ വാതില്‍ തുറന്ന് പുതച്ചു മൂടി കിടക്കാനൊരുങ്ങുമ്പോള്‍..
“എന്തേടാ.. ഇന്ന് ഓടമ്പോയില്ലേ? ഇത്രവേഗം ഓടികഴിഞ്ഞാ..?” അമ്മ

“ഊം ഓടി… പെട്ടെന്ന് തീര്‍ത്തു” എന്ന് ഹതാശനായി പറഞ്ഞ് പുതപ്പുകൊണ്ട് പൂണ്ടടക്കം മൂടി കിടക്കുമ്പോഴും തോമാസേട്ടന്റെ തെറി എന്റെ തലക്കു ചുറ്റും പ്രകമ്പനം കൊണ്ടിരുന്നു.

“ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ അന്നത്തോടെ തീര്‍ന്നു.

********************************

കാലചക്രം കാളവണ്ടി ചക്രം പോലെ തിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം പല നഗരങ്ങലലഞ്ഞ് ഞാന്‍ ബാംഗ്ലൂരിലെത്തി. നാട്ടില്‍ പല പണികള്‍ ചെയ്ത് ഒടുവില്‍ ബാബു ഗള്‍ഫിലും.
ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികക്കുമുന്നില്‍ യാദൃശ്ചികമായി ബാബുവിനെ കണ്ടു. അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.

“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”

ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”

“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”

ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :

“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”

“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”

“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”

“ഹ ഹ..ഹ”


കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!
.

62 comments:

നന്ദകുമാര്‍ November 19, 2008 at 10:16 AM  

“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”

ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”

“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ“

കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!

പഴയൊരു ഓര്‍മ്മ!!

കുഞ്ഞന്‍ November 19, 2008 at 10:22 AM  

എന്റെ നന്ദനന്..

ഒരു കുഞ്ഞു തൈ ഞാന്‍ ഇവിടെ നടുന്നു, അതിന് ഇവിടെ വരുന്നവര്‍ ഇത്തിരി വെള്ളമൊഴിച്ച് വളര്‍ത്തി വലിയൊരു വടവൃക്ഷമായി തീര്‍ക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട്....

പോങ്ങുമ്മൂടന്‍ November 19, 2008 at 10:42 AM  

പഴയൊരു ഓര്‍മ്മ!!

ഓർമ്മകൾ വീഞ്ഞ് പോലെയാണ്. പഴകും തോറും വീര്യം ഏറിടും. ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഒരു പോലെ ഈ പോസ്റ്റ് ഉപകാരപ്പെടും. ഇനിയും ഓർമ്മകെളെ ഇതുപോലെ മനോഹരമായി വിളമ്പുക.

പോങ്ങുമ്മൂടൻ.

സുല്‍ |Sul November 19, 2008 at 11:10 AM  

നന്ദാ ഇത് ഓര്‍മ്മകളെ തിരിച്ചു തരുന്ന പോസ്റ്റ്. ഞങ്ങളും ഓടിയിട്ടുണ്ട് ഇതുപോലെയെല്ലാം. ഇതില്‍ കൂടുതലൊന്നും പറ്റിയുമില്ല. എന്തായാലും തെറി കേള്‍ക്കാത്തതിനാല്‍ ഒന്നരമാസത്തോളം അധ്വാനിക്കേണ്ടി വന്നു ഒന്നു നിര്‍ത്തിക്കിട്ടാന്‍ :)

-സുല്‍

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. November 19, 2008 at 11:12 AM  

മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഇതുപോലെ ഒരുപാട് ഓര്‍മ്മകളെ കുഴിച്ചെടുക്കാന്‍ സഹായിച്ചു ഈ വായന.

നൊമാദ് | A N E E S H November 19, 2008 at 11:45 AM  

ഗഡ്യേ, സംഭവം എനിക്കിഷ്ടായ്ട്ടാ.വായിച്ച് കഴിഞ്ഞപ്പോ മനസിനു ഒരു കനക്കുറവ്. നല്ല രസായിട്ട് എഴുതീട്ട്ണ്ട്. അല്ലേലും ഈ തൃശൂര്‍ക്കാര്‍ടെ ഒരു കാര്യേ.

സ്നേഹം

ശ്രീ November 19, 2008 at 12:00 PM  

അപ്പോ ഇത്തരം കസര്‍ത്തുകള്‍ എല്ലാവരും നടത്തിയിട്ടുണ്ടല്ലേ?

:)

കുഞ്ഞന്‍ November 19, 2008 at 12:01 PM  

നന്ദകുമാര്‍ മാഷെ,

ഹഹ..നാലു ദിവസം വെളുപ്പിന് ഓടിയതിന് ഒരു വലിയ അഭിനന്ദനം..!

ഞാനും ഇതുപോലെ പലമോഹങ്ങളുമായി ഒന്ന് രണ്ട് ദിവസങ്ങള്‍ ഇതുപോലെ ഓടിയിട്ടുണ്ട്. മൂന്നു ദിവസം അടുപ്പിച്ച് ഇതുവരെ ഓടിയിട്ടില്ല, എന്നു വച്ചാല്‍ ഇപ്പോഴും ആഗ്രഹമുണ്ട് അത് പ്രഷറും ഷുഗറും കുറക്കാനും, കുടവയറ് എന്റെ മൊത്തം ഗ്ലാമറിന് അപമാനകരമായി നില്‍ക്കുന്നതിനാലും പിന്നെ പെണ്ണുമ്പിള്ളയുടെ വയസ്സനായി എന്ന അശരീരിയെയും പേടിച്ചാണ്.

പിന്നെ ഈ സംഭവം ആ രണ്ടു പടങ്ങളില്‍ നോക്കിയാല്‍ മതി അത്രക്ക് ആവാഹിച്ചിട്ടുണ്ട് അതിലെ വര..! ഒരു വലിയ കൈയ്യടി ആ വരക്ക്.

നന്ദന്‍ ടച്ച്..അത് സുഖകരം തന്നെ പ്രത്യേകിച്ച് കുട്ടിക്കാലത്തിന്റെ.

sv November 19, 2008 at 12:05 PM  

നല്ല ഓര്‍മ്മകള്‍....

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വരവൂരാൻ November 19, 2008 at 12:15 PM  

ഒത്തിരി ഒത്തിരി രസിപ്പിച്ചും, ഒരുപാടു ഒരുപാടു ഇഷ്ടമായി, ഈ ഓർമ്മകൾ ഈ എഴുത്ത്‌ മനോഹരമായിരിക്കുന്നു

വിക്രംസ് ദര്‍ബാര്‍ November 19, 2008 at 12:19 PM  

ഓര്‍മ്മകളിലൂടെയുള്ള ഓട്ടം നന്നായി. പടങ്ങള്‍ അതിനെക്കാള്‍ നന്നായി ( നാം പറഞ്ഞിട്ടുണ്ട്, വെറുതെ നമ്മെ ഇങ്ങനെ അസൂയപ്പെടുത്തരുത് എന്ന് ...)
കാലം മാറ്റ് കെടുത്താത്ത സൌഹൃദങ്ങള്‍ക്ക് നമ്മുടെ സലാം

ആചാര്യന്‍... November 19, 2008 at 12:47 PM  

ടൈറ്റില്‍ കണ്ടപ്പോള്‍ ഐ.എം.വിജയന്‍ ഏതെങ്കിലും സിനിമയില്‍ ഗുണ്ടയായി വന്നു ചോദിക്കുകയാണെന്നു തോന്നിപ്പോയി

BS Madai November 19, 2008 at 12:56 PM  

തൃശൂര്‍ slang നന്നായി ഉപയോഗിച്ചിരിക്കുന്നു. ഓര്‍മ്മകള്‍ മനോഹരം - ചിത്രങ്ങള്‍ അതിമനോഹരം..

V.R. Hariprasad November 19, 2008 at 1:04 PM  

ഉഷാര്‍ ഓര്‍മ്മക്കുറിപ്പ്‌.
:)

Sarija N S November 19, 2008 at 1:14 PM  

Really a 'Nandan touch' post. Illustration is also very nice, especially the second one.

ശ്രീനന്ദ November 19, 2008 at 1:52 PM  

നന്ദേട്ടാ,
വെറുതെയൊന്നു എത്തിനോക്കിയതാ, എന്റെയൊരു ഭാഗ്യമേ. ഈ പോസ്റെങ്ങാനും മിസ്സായി പോയിരുന്നേല്‍ എന്തൊരു നഷ്ടമായേനെ. കഥയും വരയും സൂപ്പര്‍.

poor-me/പാവം-ഞാന്‍ November 19, 2008 at 2:21 PM  

great people create great things from nothing ...so are you ..
From this chil hood walking xprnc you created a nice piece. congratsda savye!

ബീരാന്‍ കുട്ടി November 19, 2008 at 2:22 PM  

നന്ദേട്ടാ,

ഇത് ശരിക്കും മറ്റോരു ടച്ചിങ്ങുമില്ലാതെ വായിച്ചു. അത്രക്ക് ടച്ചിങ്ങ്.

അപ്പോ അന്ന് കേട്ട് പഠിച്ചതാണല്ലെ ഇപ്പോ പ്രയോഗിക്കുന്നത്. കാലമെത്രയായാലും ചിലത് മറക്കാൻ പറ്റില്ലല്ലോ. (ഞാനോടി)

Siju | സിജു November 19, 2008 at 3:06 PM  

:-)
സുഖമുള്ള കുറെ ഓര്‍മ്മകള്‍..

The Common Man | പ്രാരാബ്ധം November 19, 2008 at 3:17 PM  

കേന്ദ്രത്തില്‍ കയ്യും കയറ്റി കിടന്നുറങ്ങിയ കാലത്ത് ഇതുപോലെ ഒന്നോടാന്‍ പോയിരിന്നേല്‍ ഇപ്പൊ എനിക്കും എഴുതാരുന്നു..:-(

കലക്കി!!!

ഓണ്‍ .ടോ:

"..ഒന്നു രണ്ടു മാസം കൊണ്ട് ബെന്‍ ജോണ്‍സനൊ കാള്‍ ലൂയീസോ ആയി മാറുന്നത് .."

കണ്ടാലും പറയും!

:P

തോന്ന്യാസി November 19, 2008 at 3:36 PM  

നന്ദേട്ടാ....

ഓര്‍മ്മകള്‍ മധുരിക്കുന്നവയാണ് പ്രത്യേകിച്ചു തെറികേട്ട സംഭവങ്ങളാകുമ്പോള്‍......

ഈ ഓര്‍മ്മക്കുറിപ്പും അങ്ങനെ തന്നെ

പക്ഷേ ആ നന്ദന്‍ ടച്ച് അതെനിക്കു കിട്ടിയില്ല......എന്തു പറ്റി?

Rare Rose November 19, 2008 at 3:43 PM  

കൊച്ചു സംഭവാണേലും നല്ല രസായി പറഞ്ഞിരിക്കണു...ഇപ്പോള്‍ പോസ്റ്റിനു അലങ്കാരം ആയി വരേനേം കൂടെ കൂട്ടിയോ..;)..മൂനു കൂട്ടുകാരും കൂടി കിതച്ചു മരിച്ചിരിക്കുന്ന പടംസ് കേമം...പരമ പുച്ഛഭാവത്തില്‍ നടന്നകലുന്ന ആ പട്ടിക്കൊരു പ്രത്യേക ഭംഗി....:)

ഹംസ കോയ November 19, 2008 at 4:21 PM  

കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!

ത് ഒരോന്നര ഡയലോഗാ ൺലോ. നന്ദൻ മാഷെ പോക്കാൻ മള് കൊണ്ട് പറ്റുലാ.

kaithamullu : കൈതമുള്ള് November 19, 2008 at 5:03 PM  

കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി......

നന്ദാ, ഇത്ര അസൂയ എനിക്ക് മാത്രേ ണ്ടായിട്ട്‌ള്ളൂന്നാ വിചാരിച്ചിരുന്നേ...!

നന്നായി എഴുതിയെന്ന് , പതിവ് പോലെ, പ്രത്യേകം പറയണ്ടല്ലോ?

Anonymous November 19, 2008 at 5:41 PM  

koottukarikale onnum marannittilla alle. nee varachathu nannayi. decemberil naatil undakumo. veendum ninneyum, giriyeyum,manoj, joshy, narayankutty, suresh,unni angane koode padicha ellavareyum kaanan oru ...............

Anonymous November 19, 2008 at 5:42 PM  

ennegilum ninne kanubol nanum chodikum
ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം

കുട്ടിച്ചാത്തന്‍ November 19, 2008 at 6:14 PM  

ചാത്തനേറ്: കൂടെ സത്യത്തില്‍ നാലു ദിവസം നീണ്ട് നിന്നതു തന്നെ എല്ലാരും വേറെ വേറെ വീട്ടിലായതോണ്ടാ, ഒരുപാടെണ്ണത്തിനെ ഉരുട്ടിയെണീപ്പിച്ച് ഓടിച്ച ചരിത്രം ചാത്തനൂണ്ട് .അല്ലാണ്ട് പിന്നെ നമ്മളെത്ര കഷ്ടപ്പെട്ടിട്ടാ അവിടെ വരെ ചെല്ലണത്...

ഉപാസന || Upasana November 19, 2008 at 7:27 PM  

പണ്ട് പൈങ്ങോട് എല്‍.പി.സ്ക്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തിന് പങ്കെടുത്ത് തോറ്റതും കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്ററില്‍ 8-മനായി ഓടി അവസാനിപ്പിച്ചതും (ആകെ 8 പേരായിരുന്നു ഓടാന്‍) ഒഴിച്ചുനിര്‍ത്തിയാല്‍, കല്പറമ്പില്‍ അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല.

Alakki mashe..!
:-)
Upasana

കാപ്പിലാന്‍ November 19, 2008 at 8:13 PM  

ഓര്‍മ്മകള്‍ മരിക്കുമോ ? നല്ല കുറിപ്പ്

lakshmy November 20, 2008 at 5:59 AM  

ദെന്തൂട്ട്‌ണ് ദ്. വേഗങ്ങ്ട് ഓടണ്ടേ..

ചിത്രങ്ങൾ ഇഷ്ടായീട്ടോ

കുറുപ്പിന്റെ കണക്കു പുസ്തകം November 20, 2008 at 11:14 AM  

കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍!

അതാണ് നന്ദേട്ടാ യഥാര്ത്ഥ സത്യം എന്ന് തോന്നിപോയി. ചിത്രങ്ങള്‍ അതി മനോഹരം.

G.manu November 20, 2008 at 12:28 PM  

ഭാര്യക്കുമാത്രമുള്ള എക്സ്ക്ലൂസീവ് കഥാ പ്രസംഗമാണെങ്കിലും നാട്ടുകാര്‍ക്കും ഫ്രീയായി കേള്‍ക്കാമായിരുന്നു

ഹ ഹാ ജി..തകര്‍പ്പന്‍..

ഒടുവില്‍ ഒരു കുളിരും..സൌഹൃദത്തിന്റെ കുളിര്‌.
നന്ദപര്‍വത്തിലെ മികച്ച പൊസ്റ്റുകളില്‍ ഒന്ന്..

പടങ്ങള്‍ ക്ലാസിക്ക് മച്ചാ.. എക്സ്‌ട്രാ ചീയേഴ്സ് ഫോര്‍ ദാറ്റ്.

Kichu Vallivattom November 20, 2008 at 12:43 PM  

കലക്കീണ്ട് നന്ദേട്ടാ..
ഞങ്ങളും കുറച്ചു നാള് പോയിരുന്നു ഓടാന്..
നമ്മടെ ചാക്കുകാരന് മോമ്മാലിക്കാനെ അറ്യോ നന്ദേട്ടന്.. ഒരു ദിവസം വെളുപ്പിന് ഞാനും എന്റെ ചേട്ടനും പിന്നെ ഞങ്ങളുടെ അയല്വാസിയും സുഹൃത്തുക്കളുമായ ഹാഷിമും ടുട്ടുവും കൂടി ഓടാന് പോയി.. അപ്പൊ രാത്രി ആയതു കാരണം പരസ്പരം മുഖം കാണാന് പറ്റുന്നുണ്ടായിരുന്നില്ല... ഞങ്ങള് നമ്മടെ ടൈഗര് വേലായുധന്റെ അവിടെ എത്തിയപ്പോ മോമ്മാലിക്ക പുള്ളീടെ മോന് നാസറിക്കയുടെ ബൈക്കില് പള്ളിയില് പോകുകയായിരുന്നു.. ആ നേരത്ത് ഞങ്ങളെ അവിടെ കണ്ടപ്പോ പുള്ളി വണ്ടി നിറുത്തി.. പെട്ടെന്ന് ടുട്ടു പുള്ളീടെ പൊറത്ത് ഒരിടി കൊടുത്തിട്ട് ചോദിക്കുവാ... 'ആ നാസറിക്കാ എവിട്‌ക്കാ ഈ നേരത്ത്?' പാവം മോമ്മാലിക്ക പൊറം ഉഴിയാന്‍ പോലും പറ്റാതെ വണ്ടിയില്‍ ഇരിക്കുന്നത് ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്... അതിലും രസമായിരുന്നു ടുട്ടുവിന്റെ മുഖം കാണാന്‍..

അപ്പു November 20, 2008 at 1:10 PM  

നന്ദാ.... നല്ലൊരു ഓര്‍മ്മക്കുറിപ്പ്. അതിനു ചേരുന്ന ചിത്രങ്ങളും. അപ്പോ ആളൊരു സര്‍വ്വകലാവല്ലഭനാണല്ലോ. ഇതെങ്ങനെയാ വരയ്ക്കുകാ? നന്നായിട്ടുണ്ട്. ഇതുപോലുള്ള സൌഹൃദങ്ങളെ വീണ്ടും ഓര്‍ക്കാനൊരു പോസ്റ്റ്.

പുനര്‍ജ്ജനി November 20, 2008 at 1:49 PM  

നന്ദന്‍ ടച്ച്..അത് സുഖകരം തന്നെ

മുസാഫിര്‍ November 20, 2008 at 4:12 PM  

പയ്യോളി എക്സ്പ്രസ്സ് പോലെ ഒരു പൈങോട് എക്സ്പ്രസ്സിനെയല്ലെ കായിക ഭാരതത്തിന് നഷ്ടമായത് തോമാസേട്ടന്റെ ക്രൂരകൃത്യം കാരണം.

നവരുചിയന്‍ November 20, 2008 at 5:32 PM  

കൊള്ളാം. ..നല്ല ഓട്ടം ഉള്ള്ള ഓര്‍മ്മകള്‍ ..............

എനിക്കും ഇടക്ക് ഉണ്ടായിരുന്നു ഈ അസുഖം .... പക്ഷെ ഒരിക്കല്‍ ഒരു പട്ടി എന്‍റെ വേഗം കൂടാന്‍ ശ്രെമിച്ചു ... അന്ന് ലോങ്ങ് ജമ്പ് കൂടെ പഠിച്ചു ... അതോടെ ഓട്ടവും തിര്‍ന്നു.

എം. എസ്. രാജ്‌ November 20, 2008 at 9:07 PM  

digrikku padikkunna kaalathu njanum sahamuriyanmaarum koodi itharam oru ottam nadathi. koottukaaraya randu pere vilichodikkan chennu. avarude roominte munnil ninnu viliyodu vili. vaathil thurannu aadyam purathu vannathu athil oruthante appan...! (pulli oru surprise visitinu vannathaayirunnu)urakkachadavode pinnale koottukaarum. valare maanyamaya bhaashayil avar varunnilla ennu paranju nnjangale madakki ayachu.

annu classil chennappol serikkulla theri abhishekam kitty.
oraazhcha thikachu odiyilla. :)

പൈങ്ങോടന്‍ November 20, 2008 at 11:34 PM  

അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല

ദതു മാത്രം പറയരുത്..അതും ഞാനിവിടുള്ളപ്പോ. പൈങ്ങോട് പള്ളീടെ താഴെ, പാടത്തിന്റെ പൊക്കത്തുള്ള ഒരാള്‍ മാത്രം പൊക്കമുള്ള ചെന്തെങ്ങില്‍ നിന്ന് കരിക്കടിച്ചു മാറ്റന്‍ രാത്രി പോയപ്പോ പ്രഭാകരേട്ടനന്‍ കവണന്‍ മടലുമായി ഓടിപ്പിച്ച ആ ഓട്ടം എവിടെയാ ചെന്നു നിന്നതെന്ന് ഇത്ര വേഗം മറന്നുപോയത് ഞാന്‍ വിശ്വസിക്കണമല്ലേ..വേണ്ട മോനെ..വേണ്ടാ, ഞാനീ ഏരിയായി തന്നെയുണ്ട്. നിന്റെ ഒരു വിളിച്ചിലും ഇവ്‌ടെ നടക്കില്ല

പിന്നെ ഇതിലെ പടംസ്. അതൊരൊന്നൊന്നര തന്നെ. എല്ലാം ഞാന്‍ പഠിപ്പിച്ചു തന്ന പോലെ തന്നെ വരയ്ക്കുന്നുണ്ടല്ലോ..എനിക്കതുമതി

johndaughter November 20, 2008 at 11:37 PM  

അന്ന് അത്രേം തെറി കേട്ടതോണ്ട് എന്തായീ‍?..പിറ്റേ കൊല്ലം മുതല്‍ ഭരണിപ്പാട്ടിന് ഫസ്റ്റായില്ലേ? :)


പടംസ് കലക്കി..:)

johndaughter November 20, 2008 at 11:39 PM  

ഇതാണീ പൈങ്ങോടനു ഞാന്‍ ഒന്നും പഠിപ്പിച്ചു കൊടുക്കാത്തത്... എല്ലാര്‍ക്കും പറഞ്ഞു കൊടുക്കും ഹും :)

ശ്രീവല്ലഭന്‍. November 21, 2008 at 9:48 AM  

ഒറ്റക്കാത്ത കലക്കി. നല്ല വരകളും.
"പക്ഷെ, മൂന്ന് ദിവസം കൊണ്ടോ മൂന്നാഴ്ച കൊണ്ടോ പല ഓട്ടപരിപാടികളും അവസാനിക്കുകയാണ് പതിവ്. " സത്യം സത്യം സത്യം...ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുപ്പിന് പത്തോളം പട്ടികളെ വകവയ്ക്കാതെ അതിരാവിലെ നടന്ന് പൊടിയാടി ജങ്ഷനില്‍ ചെന്ന് അജിയോടൊപ്പം ഒരു കിലോമീറ്റര്‍ കഷ്ടിച്ചോടി തളര്‍ന്ന് പുളിക്കീഴ് ബസ്സ് സ്റ്റോപ്പില്‍ കിടന്നപ്പോള്‍, സമീപത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും രണ്ടു പോലീസുകാര്‍ ഓടി എത്തി ഉപദേശിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു! ആ ഓട്ടവും കഷ്ടിച്ച് ഒരാഴ്ച നീണ്ടു.

krish | കൃഷ് November 21, 2008 at 2:24 PM  

ഈ ശ്ശവ്യേടെ ഓട്ടപുരാണം ഇഷ്ടായി.
പണ്ട് നമ്മളും വൈകീട്ട് സ്കൂള്‍ മൈതാനത്ത് മറ്റുള്ളവര്‍ ഓടുന്നത് കണ്ട് ഓട്ടപരീക്ഷണം നടത്തി അമ്പേ പരാജയമടഞ്ഞതുകൊണ്ട് ഇതിന്റെ വിഷമങ്ങളൊക്കെ അറിയ്യാം. ഹ്‌അ..ഹ.അ.ഹ്‌അ.. കിതപ്പിന്റേ..

പിന്നെ, ചുരുക്കം വരകളാല്‍ വരച്ച ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ട്.

annamma November 22, 2008 at 2:19 PM  

കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേജില്‍ എത്തപ്പെട്ടവനെപ്പോലെ മനസ്സിലൊരു കുളിരു പടരുകയും ആക്രാന്തത്തോടെ രണ്ടടിയോടെ ആ മൈല്‍ക്കുറ്റിക്കുമെല്‍ പതിച്ചതും പെട്ടന്നായിരുന്നു.
:D

ആചാര്യന്‍... November 23, 2008 at 5:50 PM  

വെളുപ്പാന്‍ കാലത്തെ പട്ടികള്‍, അവ പാര വച്ചില്ലായിരുന്നെങ്കില്‍ ഞാനിന്ന് മിനിമം ഒരു പീട്ടിയുഷയെങ്കിലുമായേനെ...എന്തോരു നഷ്ടമായിപ്പോയി.. ഓടാന്‍ പോകുമ്പോള്‍ പട്ടിയെ എറിയാന്‍ കല്ലും, പഴയ ബാറ്ററിയും (ഇവനാ ബെസ്റ്റ്...കറക്ട് ഗ്രാവിറ്റി മൂലം ഏറ് നല്ല കുറിക്കു കൊള്ളും) ഒക്കെ കയ്യില്‍ പിടിച്ചോടേണ്ടി വന്നിട്ടുണ്ട്

രുദ്ര November 25, 2008 at 1:40 PM  

സുഖമുള്ള ഓര്‍മ്മകള്‍! Very nice pics :)
രാവിലത്തെ ഓട്ടത്തിന്റെ ഒരുപാടോര്‍മ്മകളിലൊന്ന് ഷൂസിടാതെ ഗ്രൌണ്ടില്‍ ചെന്നാല്‍ ചെരുപ്പ് തലയ്ക്ക് മീതെ പൊക്കിപിടിച്ച് പണിഷ്മെന്റ് റൌണ്ട് :) എന്ത് സുഖായിരുന്നു!!

Cartoonist November 25, 2008 at 7:16 PM  

സിമ്പിള്‍ വൃത്തിയുള്ള ചിത്രങ്ങള്‍ :)
കമ്പോസിഷന്‍ അസ്സലായി.
കാണാന്‍ നല്ല രസം ഉണ്ട്. :)
ആശംസകള്‍
സജ്ജീവ്

Sureshkumar Punjhayil November 25, 2008 at 7:33 PM  

really good one. Thanks & Best wishes dear.!

Cartoonist Gireesh vengara November 26, 2008 at 3:47 PM  

nannayi

jaya November 27, 2008 at 11:55 AM  

"കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!"

Wow....classic line.

Congrads nandan.

അരുണ്‍ കായംകുളം November 27, 2008 at 12:08 PM  

നന്ദേട്ടാ,ഓര്‍മ്മകള്‍ കലക്കി.ഏറെ ഇഷ്ടമായത് ഓടിതളര്‍ന്ന് പട്ടിയുടെ മുമ്പില്‍ ഇരിക്കുന്ന ആ പടമാ

നന്ദകുമാര്‍ November 27, 2008 at 6:24 PM  

പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞ :
കുഞ്ഞന്‍
പോങ്ങുമൂടന്‍
സുല്‍
രാമചന്ദ്രന്‍ വെട്ടിക്കാട്ട്
നൊമാദ്
ശ്രീ
വരവൂരാന്‍
വിക്രംസ് ദര്‍‘ബാര്‍’
ആചാര്യന്‍
ബി.എസ്. മാടായി
വിയാര്‍ ഹരിപ്രസാദ്
സരിജ
ശ്രീനന്ദ
പാവം ഞാന്‍
ബീരാങ്കുട്ടി
സിജു
പ്രാരബ്ദം
തോന്ന്യാസി
റെയര്‍ റോസ്
ഹംസക്കോയ
കൈതമുള്ള്
അനോനിയായ എന്റെ കൂട്ടുകാരാ
കുട്ടിച്ചാത്തന്‍
ഉപാസന
കാപ്പിലാന്‍
ലക്ഷ്മി
കുറുപ്പിന്റെ കണക്ക്പുസ്തകം
ജി.മനു
കിച്ചു വള്ളിവട്ടം
അപ്പു
പുനര്‍ജ്ജനി
മുസാഫിര്‍
നവരുചിയന്‍
എം.എസ്.രാജ്
പൈങ്ങോടന്‍
ജോണ്ഡോട്ടര്‍ എന്ന എടാകൂടം
ശ്രീവല്ലഭന്‍
ക്രിഷ്
അന്നമ്മ
ആചാര്യന്‍
രുദ്ര
കാര്‍ട്ടൂണിസ്റ്റ്
സുരേഷ്കുമാര്‍ പുഞ്ചയില്‍
കാര്‍ട്ടൂണിസ്റ്റ് ഗിരീഷ് വെങ്ങര
ജയ
അരുണ്‍ കായംകുളം

എല്ലാവര്‍ക്കും, എന്റെ നന്ദി. സ്നേഹത്തോടെ-നന്ദന്‍

സ്മിത November 27, 2008 at 7:56 PM  

ഞാന്‍ ആദ്യമായണു മാഷിന്റെ പോസ്റ്റ് വായിചതു.അടിപൊളി ത്രിശ്ശുര്‍ ഭാഷ ഉപയൊഗിചു. തനി നാടന്‍ ഭാഷ.
കലക്കി ഗഡി, കലക്കി.

മാണിക്യം November 28, 2008 at 11:02 AM  

വള്രെ നല്ല അവതരണം പടം അതിലും നല്ലത്
മുബൈ വാര്‍‌ത്ത കേട്ട് തലക്ക് വെളിവില്ലതായി
അപ്പോ രണ്ടാമതെ വന്നതാ വീണ്ടും
ഈ മൊഗത്തിനു മുന്നില്‍
നന്ദി ........

ബാലാമണി November 29, 2008 at 1:55 PM  

കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!

ശരിയാണ് സൗഹ്യദം ഒരിക്കലും മരിക്കുന്നില്ല അത് യഥാര്‍ത്ഥമഅണങ്കില്‍. നന്നായിട്ടുണ്ട്..

ശ്രീലാല്‍ December 11, 2008 at 6:47 PM  

പർവ്വാ,
ഇതുവരെ മിണ്ടാതിരുന്ന എന്റെ തൊട്ടടുത്ത ക്യൂബിൽ പുതുതായി വന്ന പെൺ സോഫ്റ്റ് - വെ(വി)യർ എഞ്ചി. എഴുന്നേറ്റ് എന്നെ നോക്കി . എന്റെ ചിരികേട്ടിട്ട് (Thank you ;) ) - പോസ്റ്റ് വായിച്ച് ഇവിടെ എത്തിയപ്പോൾ -
“രാത്രി ഇരുട്ടായതുകൊണ്ടും കൈ എന്റേതായതുകൊണ്ടും ബാബുവത് കണ്ടില്ല“

എഴുതിത്തകർക്ക്... :)

നിരക്ഷരന്‍ December 14, 2008 at 7:39 AM  

"അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്ടാ’ എന്ന മട്ടില്‍, കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി"

പട്ടി എന്ന് മാത്രം പറയരുത്. കളി കാര്യമാകും:)

നന്ദാ...വെളുപ്പിനെഴുന്നേറ്റ് ഓടിയിരുന്ന ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ഈ പോസ്റ്റ്. തൃശൂര്‍ ഭാഷ രസിച്ച് വായിച്ചു. രണ്ടാമത്തെ പടത്തില്‍ എല്ലാവരുടേയും കിതപ്പും പട്ടിയുടെ മനസ്സും കിറുകിറുത്യമായി വരച്ചുവെച്ചിട്ടുണ്ട്.

ബാംഗ്ലൂരാകുമ്പോള്‍ ഭാര്യാസമേതനായി ഓടാനോ നടക്കാനോ പോകാവുന്നതാണ്. ഞങ്ങള്‍‍ ചെയ്തിട്ടുള്ളതാണ്. എന്താ ഒരു കൈ നോക്കുന്നോ ?

shian December 25, 2008 at 5:46 PM  

eda super,engane oppiyeduthu ella smbavangalum, very touching, some feelings rooming around me, when i finished the reading.
This is fabulous man....

മുണ്ഡിത ശിരസ്കൻ January 17, 2009 at 1:37 PM  

അസ്സലായി. ചിരിച്ചു മരിച്ചു. ക്വോട്ട് ചെയ്യണമെന്നുണ്ട്. പക്ഷേ കണ്ടമാനമായി പ്പോകും.
:)

പിരിക്കുട്ടി January 23, 2009 at 4:42 PM  

nalla "otaakaar"

ishtaayitto

റിയാസ് (മിഴിനീര്‍ത്തുള്ളി) October 18, 2010 at 12:16 AM  

നന്ദേട്ടാ...
ആ ബാബൂ വിളിണ്ട്‌ല്ലാ...
എനിക്ക് ക്ഷാ പിടിച്ചൂട്ടാ
ഞാനും ഇതുപോലെ ഓടിയിട്ടുണ്ട്..
കൂടെ എന്റെ കൂട്ടുകാരും..
അതില്‍ ഒരു മജു എന്നൊരു കൂട്ടുകാരനുണ്ടായിരുന്നു.
അവനെ വിളിക്കാന്‍ പോയിരുന്നവന്‍ ഇതേ സ്റ്റയിലിലാ വിളിച്ചിരുന്നത്.

മജോ...മജോ...
ആരണ്ടാ ത്...?
ഞാന്ണ്..അച്ചാത്ണ്..(അര്‍ഷാദ്)
എന്താണ്ടാ...?
ഓതാന്ണ്...
മുണ്ടാണ്ട്...പൊക്കോണവിട്ന്ന്...

പള്ളിക്കരയില്‍ October 18, 2010 at 4:07 PM  

രസിച്ചു വായിച്ചു. പ്രസന്നമായ വായൻ നൽകി. നന്ദി.