Monday, December 1, 2008

ഓടടാ ഓട്ടം

.
അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേടാണ് വെളുപ്പിനെയുള്ള ഓട്ടം എന്ന് ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

എട്ടാം ക്ലാസ്സിലെ ആ "ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്" എന്ന പദ്ധതിക്കു ശേഷം പലപ്പോഴും ഈ ഓട്ട പരിപാടി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കായികലോകത്തിന്റെ നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം അത് നടക്കാതെപോയി. തോമാസേട്ടന്റെ വഴക്ക് പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുകയും പഴയ തെറികളുടെ സ്ഥാനത്ത് കടിച്ചാല്‍ പൊട്ടാത്ത് യമണ്ടന്‍ തെറികള്‍ വന്നതിനാലും ബാബുവുമായൊത്ത് വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാന്‍ എന്റെ മനസ്സും ശരീരവും തീരെ സമ്മതിച്ചില്ല. "പയ്യോളി എക്സ്പ്രെസ്സ്" പോല കായികകേരളത്തിന് ലഭിക്കേണ്ടിയിരുന്ന "പൈങ്ങോട് എക്സ്പ്രെസ്സ്" അതുകൊണ്ടും മാത്രം ലഭിക്കാതെ പോയി.

പൈങ്ങോട് സ്ക്കൂളിലെ നാലുവര്‍ഷവും കല്‍പ്പറമ്പ് സ്ക്കൂളിലെ ആറു വര്‍ഷവും കഴിഞ്ഞ് ഉപരി പഠനാര്‍ത്ഥം ഞാന്‍ കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജില്‍ ഉഴപ്പുന്ന കാലം. യാദൃശ്ചികമായൊരു ദിവസം എന്റെ മനസ്സിലെ ഡാവ് -സ്പോര്‍ട്ട്സ് മാന്‍ സ്പിരിട്ട്- സടകുടഞ്ഞെഴുന്നേറ്റു. പഴയതു പോലല്ല, ഇപ്പോ കോളേജിലാ പഠിക്കുന്നത്. സുന്ദരിമാരുടെ കൃപാകടാക്ഷത്തിന് ഖദര്‍മുണ്ടിന്റെ സിമ്പ്ലിസിറ്റി മാത്രം പോരാ. അവര്‍ക്കതിലൊന്നും ഇപ്പോ വല്യ കമ്പമില്ല. മല്ലികാ ഷെരാവത്തിന്റെ ബോഡീഷെയ്പിനിണങ്ങും വിധമാണ് അന്നെന്റെ ശരീര വണ്ണം. മഷിയിട്ടു നോക്കിയാല്‍ പോലും കാല്‍ കഴഞ്ചു മസില്‍,കാണാവുന്നതും കാണിക്കാത്തതുമായ ഒരു ഭാഗത്തുമില്ല.കാണാത്തതവിടെ നിക്കട്ടെ,കാണാവുന്ന ഭാഗത്ത് എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി കാണാന്‍ കൊള്ളാവുന്ന ഒരുത്തനാവണമെന്ന് അന്നൊരാഗ്രഹം. ക്ലബ്ബ് - നാടകാദി പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും ഇല്ലാതിരുന്ന ആ സമയത്ത് പ്രധാന കൂട്ടുകാരനും കുടുംബസുഹൃത്തുമായിരുന്ന സരസനും സഹൃദയനുമായ 'സന്തോഷ്' എന്റെ വീട്ടിലൊരു ദിവസം വന്നപ്പോള്‍ ഞാന്‍ കാര്യമവതരിപ്പിച്ചു.

" ഡാ സന്ത്വോ, നമുക്ക് വെളുപ്പിന്‍ എഴുന്നേറ്റ് ഓട്യാല്ലോഡാ?"

"വെളുപ്പിനാ? ഓടാനാ? ഞാനാ?"

ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ഒറ്റ മറുപടിയില്‍ മൂന്നു ചോദ്യങ്ങള്‍ അവനെന്റെ മുന്നില്‍ ആവിയോടെ കുത്തിയിട്ടു.

"എന്തേഡാ? വെളുപ്പിന്‍ ഓടണത് നല്ലതല്ലേ, ഞാന്‍ പണ്ട്........."

മുഴുവനാക്കാന്‍ സമ്മതിക്കാതെ അവന്‍ പറഞ്ഞു :

" അതേയ്, ഞാനും ഓടിയിട്ടുണ്ട് വെളുപ്പിന്‍. അന്ന് നിര്‍ത്തിയതാ. പിന്നെ ഇതുവരെ...ഈ നിമിഷം വരെ...ങേ ഹെ."

" അതെന്തേഡാ... പിന്നെ ഓടിയില്ലേ?" ഞാന്‍

അവനെന്നെ ദയനീയമാംവിധം ഒന്നു നോക്കി . മുന്നിലിരുന്ന ആറിത്തണുത്ത കട്ടന്‍ ചായയുടെ ബാക്കി ഒറ്റവലിക്ക് കുടിച്ച് അവനെന്നോട് അതിദാരുണമായ ആ കഥ പറഞ്ഞു. സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവനും തോന്നിയിരുന്നു വെളുപ്പിനേയുള്ള ഓട്ടത്തിന്റെ അസ്കിത. മറ്റൊന്നുമല്ല കരൂപ്പടന്ന ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ അവിടെത്തന്നെ പഠിക്കുന്ന അമരിപ്പാടത്തെ ചില പിള്ളേര്‍ വെളുപ്പിന്‍ എഴുന്നേറ്റ് ഓടുന്നുണ്ടെന്നറിഞ്ഞ സന്തോഷിന് ഇരിക്കപ്പൊറുതിയില്ലാതെയായി.

' ഓടണം...വീട് വിട്ട് ഓടണം..വെളുപ്പിനേ ഓടണം. ചിരട്ടക്കുന്ന്-അമരിപ്പാടം-കോണത്തുകുന്ന് വഴി കറങ്ങി ചിരട്ടക്കുന്നില്‍ തിരിച്ചെത്തുന്നവരെ ഓടണം.'

കൂട്ടിന് സന്തോഷ് തന്റെ അയല്‍ വാസിയുമായ മധുവിനെ വിളിച്ചു. ചെറുപ്പം മുതലേയുള്ള കൂട്ടുകാരനാണ് മധു. ഒരേ പ്രായം, ഒരേ വലിപ്പം, ഒരേ ചിന്ത. രണ്ടാളും കൂടി ചിന്തിച്ചുറപ്പിച്ചു. 'നാളെ മുതല്‍ നമുക്കും വെളുപ്പിന്‍ എഴുന്നേറ്റ് ഓടണം' എന്തായാലും അവര്‍ മൂന്നാമതൊരുത്തനെ വിളിച്ചില്ല. മൂന്നുപേരു മുന്നിട്ടിറങ്ങിയാല്‍ ...മൂ...മൂ...മൂവന്തിയായിപ്പോകുമെന്നോ മറ്റോ ഉള്ള ചില പഴഞ്ചന്‍ ധാരണകളായിരുന്നു അതിനു പിന്നില്‍.

വെളുപ്പിന് ആദ്യം എഴുന്നേല്‍ക്കേണ്ടതും വിളിച്ചുണര്‍ത്തേണ്ടതും സന്തോഷാണ്. കുറ്റം പറയരുതല്ലോ വാച്ച്, ക്ലോക്ക്, ടൈമ്പീസ്, ഇത്യാദികളൊന്നും കാര്യമായൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ കാലത്തും സന്തോഷിന്റെ ടൈം സെറ്റിഗ്സ് കറക്ടായിരുന്നു, വാച്ച് ഉപയോഗിച്ചിരുന്നില്ലെങ്കിലും. പല വീടുകളിലും ആകെ ഒരു ക്ലോക്കോ അല്ലെങ്കില്‍ ഒരു ടൈമ്പീസോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൊബൈലൊന്നും സങ്കല്‍പ്പത്തില്‍ പോലുമുണ്ടാവാതിരുന്ന ആ കാലത്ത് പക്ഷെ, സമയത്തെക്കുറിച്ച് ആളുകളുടെ കാല്‍ക്കുലേഷന്‍ പലപ്പോഴും കറക്ടായിരുന്നു. സന്തോഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പഴയൊരു ടൈമ്പീസായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഊണുകഴിച്ചു കിടന്നുറങ്ങുന്ന ഫാമിലി രാവിലത്തെ അതിഭീകരമായ അലാറം കേട്ടായിരുന്നു ഉണര്‍ന്നിരുന്നത്, സന്തോഷിന്റെ വീടുമാത്രമല്ല തൊട്ടയല്‍പ്പക്കത്തെ അഞ്ചാറു ഫാമിലികളും.

സന്തോഷ് വെളുപ്പിന് എഴുന്നേറ്റു. കിഴക്ക് ഉദയത്തിന്റെ മുന്നൊരുക്കം കാണാം. അവന്‍ സമയത്തിന്റ്റെ കാല്‍കുലേഷന്‍ കറക്റ്റാക്കി മധുവിനെ വിളിച്ചു. ചിരട്ടകുന്ന് പണിക്കശ്ശേരി അമ്പലത്തിനു മുന്നിലൂടെ അമരിപ്പാടം വെള്ളടാങ്കി ജംഗ്ഷന്‍ വഴി കോണത്തുകുന്നിലേക്ക് ഓടി അവിടുന്ന് പൈങ്ങോട് വഴി തിരിഞ്ഞ് ചിരട്ടകുന്നില്‍ വീടിനു മുന്നിലെ റോഡില് ഏകദേശം നാലഞ്ച് കിലോമീറ്ററോളം ഓടി പൂര്‍ത്തിയാക്കി. അപ്പോഴേക്കും നേരം പരപരാന്നു വെളുത്തു തുടങ്ങി.

" നാളെ കൊറച്ചും കൂടി നേരത്തെ എഴ്ന്നേല്‍ക്കണടാ..." സന്തോഷ് ആവേശഭരിതനായി.

" ശരിയാ.. നമുക്കപ്പോ രണ്ടു റൌണ്ട് ഓടാം." മധുവിനും ആവേശം

ഓട്ടം പൂര്‍ത്തിയാക്കി വീട്ടില്‍ പോയി പല്ലുതേച്ച് കുളിച്ച് പഴങ്കഞ്ഞി കുടിച്ച് രണ്ടു പഴങ്കഞ്ഞികളും കരൂപ്പടന്ന് സ്ക്കൂളിലേക്ക് നീരു വീര്‍ത്ത കാലുമായി നിരങ്ങി നീങ്ങി.

അങ്ങിനെ ഓട്ടം ആദ്യത്തെ ദിവസം സൂപ്പര്‍ ഹിറ്റ് , രണ്ടാമത്തെ ദിവസം മൊത്തം രണ്ടു റൌണ്ട് ഓടി മെഗാ ഹിറ്റായി, മൂന്നാമത്തെ ദിവസവും രണ്ട് റൌണ്ട് ഓടി ബമ്പര്‍ ഹിറ്റ്. നാലാമത്തെ ദിവസം.......നാലാമത്തെ ദിവസം, ഊ..ഊ..ഉജ്ജ്വലമായിരുന്നു പ്രകടനം!!

പതിവുപോലെ തലേ ദിവസം അത്താഴവും കഴിഞ്ഞ് ഒമ്പതുമണിയോടെ ഉറങ്ങാന്‍ കിടന്ന സന്തോഷ് പതിവു പോലെയുള്ള റൂട്ടിന്‍ അനുസരിച്ച് ഉള്‍വിളിയാലെ വെളുപ്പിന് എഴുന്നേറ്റ് മധുവിന്റെ വീട്ടിലെത്തി മധുവിനെ വിളിച്ച് ചിരട്ടക്കുന്ന് റോഡിലൂടെ ഓടാന്‍ തുടങ്ങി.

ചിരട്ടക്കുന്ന് , അമരിപ്പാടം, കോണത്തുകുന്ന്, പൈങ്ങോട് വഴി നാലഞ്ചുകിലോമീറ്റര്‍ ഓടി സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ എത്തി. വീണ്ടും രണ്ടാം റൌണ്ടിനൊരുങ്ങി. പഴയപോലെ ഒരു റൌണ്ടുകൂടിയെടുത്തു തിരിച്ചെത്തി. മൊത്തം പത്തുകിലോമീറ്ററോളം. എന്നിട്ടും ഇരുട്ട് മാറിയില്ല. സൂര്യേട്ടന്‍ ഉദിക്കാനൊരു ഭാവവുമില്ല.

" ഇന്നിത്തിരി നേരത്തെയാണോടാ നമ്മള്‍? " മധു കിതപ്പോടെ ചോദിച്ചു.

" ആവേരിക്കും" സന്തോഷ് " എന്നാപിന്നെ നമുക്ക് ഒരു റൌണ്ടും കൂടി ഓട്യാലോ?"


പഴയ റൂട്ടിലോടെ നാലഞ്ചുകിലോമീറ്റര്‍ ഒന്നുകൂടി ഓടി സന്തോഷും മധുവും ഉല്‍ഭവസ്ഥാനത്ത് തിരിച്ചെത്തി. കൂരാകൂരിട്ടായിരുന്ന ആകാശം നോക്കി മധു ചോദിച്ചു :

" ഇതെന്താണ്ടാ നേരം വെളുക്കാത്തെ? നമ്മളിന്ന് മൂന്ന് റൌണ്ട് ഓടീലാ!"

" ആ! ചെലപ്പ മഴക്കാറ് ആയിരിക്കുഡെക്കേ" സന്തോഷിന്‍ സംശയം " എന്നാപിന്നെ നമുക്കൊരു റൌണ്ട് കൂടി ഓട്യാലോഡാ മധൂ"

എന്റമ്മേ ഞാനില്ലഡക്കേ. മതീരാ ഓടീത്. വീട്ടിപ്പോകാം" വയറിനു രണ്ടു വശത്തുകൂടീ കൈചേര്‍ത്ത് മധു പറഞ്ഞു.

അപ്പോഴും സന്തോഷിന്റെ സംശയം മാറിയിരുന്നില്ല 'മൂന്നു റൌണ്ടായി ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ ഓടിക്കാണും...പിന്നെ..'

" അല്ലഡാ സാധാരണയായി രണ്ടു റൌണ്ട് ഓടിക്കഴിഞ്ഞാല് നേറം വെളുക്കാറില്ലേഡാ.. ഇന്നെന്തെണ്ടാ നേരം വെളുക്കാന്‍............"

" നീയൊരു കോപ്പും പറയണ്ടഡാ... മനുഷ്യനിവിടെ വയറുവേദന എടുക്ക്വാ"

" നമ്മളിന്ന് ഭയങ്കര സ്പീഡിലോടീഡെക്കെ അതാ" സന്തോഷ് അനുനയിപ്പിച്ചു.

" എന്തൂട്ട് പണ്ടാറായാലും ഞാനില്ലെഡെക്കെ, ഇമ്മ്ക്ക് വീട്ടീപ്പോകാം"

ഉദിക്കാതിരുന്ന സൂര്യനെ രണ്ടു തൊള്ള ചീത്ത പറഞ്ഞ് സന്തോഷും മധുവും വീട്ടിലേക്ക് തിരിച്ചു പോയി. വീട്ടിലെത്തിയിട്ടൂം സൂര്യന് ഉദിക്കാനുള്ള ഭാവം ഉണ്ടായില്ല. വീട്ടിലെത്തിയിട്ടും,വീണ്ടും കിടന്നിട്ടും സന്തോഷിന് സംശയം മാറിയില്ല 'ഇന്നെന്തായിരിക്കും പറ്റീത്?'

കിടന്നിട്ടും കിടക്കപൊറുതിയില്ലാണ്ടായപ്പോ സന്തോഷ് പതുക്കെ എഴുന്നേറ്റു. 'സമയം നോക്കുക തന്നെ' ടൈമ്പീസ് അച്ഛന്റെ മുറിയിലാണ്‍. സന്തോഷ് അച്ഛന്റെ മുറിയിലേക്ക് നടന്നു. ചാരി വെച്ച ഓലവാതില്‍ ഒരു വശത്തേക്ക് നീക്കി അവനകത്തു കടന്നു.ഇരുട്ടില്‍ തീപ്പെട്ടി കണ്ടെടുത്ത് ഉരച്ച് ചിമ്മിനി വിളക്കു കത്തിച്ചു. അച്ഛന്റെ പായയുടെ തലക്കലിരുന്ന ടൈമ്പീസെടുത്തു സന്തോഷ് സമയം നോക്കി. വിശ്വാസം വരുന്നില്ല.. ..

' ഏയ് അങ്ങിനെയാവോ?'

കണ്ണു തിരുമ്മി അവന്‍ വീണ്ടും സമയം നോക്കി. സമയം 2-10.....പാതിരാത്രി കഴിഞ്ഞ് 2.10........

പുധ്ദ്ധുതുമ്മം.......

വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും കൂടെ ടൈമ്പീസും പുറകിലെ ചുമരിലേക്കു മറിഞ്ഞു .

" അപ്പോ ഈ നട്ട പാതിരിക്കായിരുന്നോ പത്തുപതിനഞ്ചു കിലോമീറ്റര്‍ ഞാന്‍ ഓടീത് എന്റെ മുത്തപ്പാപ്പാപ്പാപ്പാ‍ാ‍ാ‍ാ......"

52 comments:

നന്ദകുമാര്‍ December 1, 2008 at 12:09 PM  

അവനെന്നെ ദയനീയമാംവിധം ഒന്നു നോക്കി . മുന്നിലിരുന്ന ആറിത്തണുത്ത കട്ടന്‍ ചായയുടെ ബാക്കി ഒറ്റവലിക്ക് കുടിച്ച് അവനെന്നോട് അതിദാരുണമായ ആ കഥ പറഞ്ഞു. സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

കുഞ്ഞന്‍ December 1, 2008 at 12:13 PM  

നന്ദേട്ടാ..

ഒരു നാളികേരം ഉടക്കുന്നു..

(((((((((( ഠോ )))))))))


ഇനി വായന തുടങ്ങട്ടെ

ശ്രീ December 1, 2008 at 12:18 PM  

“പ്‌ഠേ!”

തേങ്ങയല്ല, സന്തോഷ് മറിഞ്ഞു വീണപ്പോ ആ ടൈമ്പീസ് താഴെ വീണതാ...

സമയം ഊഹിച്ച് ഓടാന്‍ പോയാല്‍ ഇങ്ങനെയിരിയ്ക്കും. അല്ല, അതോടെ അവരും ഓട്ടം നിര്‍ത്തിയല്ലേ?

BS Madai December 1, 2008 at 12:32 PM  

നന്ദന്ജി, ഇതു പഴയ കഥ.. അപ്പൊ നമ്മുടെ ഇപ്പോഴത്തെ ഓട്ടം എങ്ങിനെയാ? രാത്രീ തന്നെ?!
ആ പുട്ടുകുറ്റി ചോദ്യം - ലത് കലക്കി...

ആചാര്യന്‍... December 1, 2008 at 1:12 PM  

ഫൈനല്‍ റൗണ്ട് പോളിംഗില്‍ വോട്ടുചെയ്യാന്‍ മറക്കരുതേ.. ഇവിടെ ക്ലീക്കുക

സ്മിത December 1, 2008 at 1:31 PM  

ഇതു സന്തൊഷിന്റെ തന്നെ അനുഭവം ആണൊ മാഷെ??????????.അതൊ സ്വന്തം അക്കിടി ആണൊ?

Kichu $ Chinnu | കിച്ചു $ ചിന്നു December 1, 2008 at 1:50 PM  

ബാക്കിയുള്ളവരിവിടെ അലാം വെച്ചാല്‍ പോലും ആറിനെഴുന്നേല്‍ക്കാന്‍ പറ്റണില്ല, അപ്പ്ഴാ ഉള്‍വിളിയാലെ എണിറ്റ് 2:10ന് ഓടാന്‍ പോണത്!
ഇത് സത്യത്തില്‍ മാഷിന്റെ അനുഭവം ആണോ

Kichu Vallivattom December 1, 2008 at 1:55 PM  

എനിക്ക് വയ്യ... ഇത് ഉള്ള സംഭവം തന്നെ ആണോ?
ഗംഭീരമായ ഒരു ഉള്‍വിളി ആയിപ്പോയി ഇത്..

krish | കൃഷ് December 1, 2008 at 4:00 PM  

ഓട്ടം തന്നെ ഓട്ടം. പാതിരാത്രിക്കും ഓട്ടം.
ഇതെന്താ “ഓട്ടപര്‍വ്വ”മോ?
:)

G.manu December 1, 2008 at 5:45 PM  

ഹഹ മച്ചാ ഓട്ടം തുടരുകയാണല്ലോ..

പണ്ട് ദില്ലിയില്‍ വച്ച് വിസിറ്റര്‍ ആയി ഒരു മച്ചാന്‍ വന്നു.. കക്ഷിക്ക് രാവിലെ ഓടണംത്രെ..നാട്ടിലെ ശീലം യാത്രയ്ക്കിടയിലും മുടക്കാന്‍ വയ്യ..
അഞ്ചുമണിക്ക് എണീറ്റ് ഓടാന്‍ പോയ കക്ഷി 10 മിനിട്ട് കഴിഞ്ഞ് മടങ്ങിയെത്ത്..

“പത്തുമിനിട്ട് കൊണ്ട് 10 കി.മി.ഓടിയണ്ണാ.. പട്ടി പുറകെ ഉള്ളതോണ്ട് ദൂരം താണ്ടിയതറിഞ്ഞില്ല...”


ഇനി എന്നാ അടുത്ത ഓട്ടം...??

smitha adharsh December 1, 2008 at 8:28 PM  

നല്ല ഓട്ടം..ഒരു അഞ്ചാറ് റൌണ്ട് കൂടെ ഓടായിരുന്നു..ചിരിച്ചു..കേട്ടോ.

തോന്ന്യാസി December 2, 2008 at 1:24 PM  

സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട'ത്തിന്റെ കഥ കേട്ട് ചിരിച്ചു സാമാന്യം മോശമില്ലാതെ.....

മൂന്നു കഷണം പുട്ടു പോലുള്ള ആ ചോദ്യങ്ങള്‍... എന്താ ഉപമ.....

ഇതില്‍ നിന്നും മനസ്സിലായത്...

1) കഥാകൃത്ത് പാതിരാത്രിയ്ക്ക് ഓടിയത് നാട്ടാരറിഞ്ഞു എന്ന് മനസ്സിലാക്കിയപ്പോള്‍ നന്ദകുമാര്‍ എന്ന് പേര് മാറ്റി

2) അക്കാലത്തും കഥാകൃത്തിന് ഇക്കാലത്തെപ്പോലെ വെളിവില്ലായിരുന്നു. (അല്ലേല്‍ പാതിരാത്രി ആകാശത്തേയ്ക്ക് നോക്കി അമ്പിളിമാമനെക്കണ്ട് സൂര്യന്‍ എന്ന് പറയില്ലായിരുന്നു)

ഇനി താങ്കളോടൊരു ചോദ്യം : അവനെന്നെ ദയനീയമാംവിധം ഒന്നു നോക്കി

ഇതില്‍ എന്നെ എന്ന് ഉദ്ദേശിച്ചിരിയ്ക്കുന്നത് ആരെയാണ്? താങ്കളെങ്ങനെ സ്വയം നോക്കും? ഇത് ഞാന്‍ പറഞ്ഞ രണ്ടാമത്തെ പോയന്റിനെ ശക്തിയായി പിന്താങ്ങുന്ന ഘടകമാണ്.

നന്ദേട്ടാ......ട്യൂ..ട്യൂ......

കുമാരന്‍ December 2, 2008 at 1:51 PM  

കൊള്ളാം രസിച്ചു. നന്നായിട്ടുണ്ട്.

കാന്താരിക്കുട്ടി December 2, 2008 at 2:41 PM  

പാതിരാത്രീലെ ഓട്ടം കണ്ട് കള്ള്ന്മാരാന്നു കരുതി നാട്ടുകാര്‍ ഓടിക്കാഞ്ഞതു ഭാഗ്യം എന്ന് കരുതിക്കോ

അല്ലാ ഈ ഓട്ട പ്രാന്ത് ഇപ്പോള്‍ ഉണ്ടോ .സന്തോഷിന്റെ അല്ല നന്ദ കുമാറിന്റെ

കാന്താരിക്കുട്ടി December 2, 2008 at 2:42 PM  

എനിക്കൊരു സംശയം കുഞ്ഞന്‍ ചേട്ടനാണോ നന്ദകുമാര്‍ ആണോ മൂത്തത് ?

Sarija N S December 2, 2008 at 3:19 PM  

നന്ദേട്ടാ,
ഇതു നന്ദേട്ടനു പറ്റിയ അമളിയാണെന്ന് പറഞ്ഞിട്ട് എന്തിനാ പേരു മാറ്റിയെഴുതിയെ?

പേര് ആരുടെ ആയാലും എഴുത്ത് നന്നായി

ന്നാലും പേര് മാറ്റണ്ടാ‍യിരുന്നു!!!

ശ്രീലാല്‍ December 2, 2008 at 6:16 PM  

നന്ദപർവ്വക്കാരാ, നന്ദപർവ്വതാകാരാ ;) വായിച്ചിട്ട് ഇത്ര ചിരിച്ച ഒരു പോസ്റ്റ് അടുത്തൊന്നും ഉണ്ടായിട്ടില്ല.. ഇതുപോലൊൻ ഞാനു അനുഭവിച്ചിട്ടുണ്ട് അതിനാൽ വായന ഒരു ത്രില്ലുതന്നെയായിരുന്നു... പിള്ളേര് എവിടെയായാലും ഒരേ പോലെത്തന്നെ...

ഉപാസന || Upasana December 2, 2008 at 7:02 PM  

മാഷെ...

എഴുത്ത് നന്നായി.
:-)
ഉപാസന

Senu Eapen Thomas, Poovathoor December 2, 2008 at 8:29 PM  

ഇത്‌ നന്ദന്‍ തന്നെ. ഈ ഓട്ടക്കാരന്‍ നന്ദനാണേ....

പക്ഷെ ഓട്ടം ഇത്തിരി കടുത്ത്‌ പോയി... ഇനിയും ഓടുക...അതും വെളുപ്പിനു തന്നെ...അതു ആരോഗ്യത്തിനു നല്ലതാ....ഒപ്പം ഞങ്ങള്‍ക്കും..ചിരിക്കാന്‍ വല്ലതും കിട്ടുമല്ലോ...

സസ്നേഹം,
പഴമ്പുരാണംസ്‌.

മാണിക്യം December 2, 2008 at 10:03 PM  

കൊള്ളാം
ഓട്ടം നന്നാവുന്നുണ്ട്
വെട്ടം വീഴും വരെ ഓടാം എന്ന് കരുതാഞ്ഞത് നന്നായി..

കുറുപ്പിന്റെ കണക്കു പുസ്തകം December 3, 2008 at 10:13 AM  

"വെളുപ്പിനാ? ഓടാനാ? ഞാനാ?"

ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ഒറ്റ മറുപടിയില്‍ മൂന്നു ചോദ്യങ്ങള്‍ അവനെന്റെ മുന്നില്‍ ആവിയോടെ കുത്തിയിട്ടു.


അണ്ണാ അതാണ്‌ സാധനം, സൂപ്പര്‍ ഉപമ. നന്ദേട്ടാ ഈ പോസ്റ്റും ബമ്പര്‍ ഹിറ്റ് ആണ് കേട്ടോ

കുഞ്ഞന്‍ December 3, 2008 at 11:51 AM  

നന്ദന്‍ ജീ..

ഓടടാ ഓട്ടം ഓട്ടക്കഥ കിടിലന്‍.അല്ലാ മാഷെ ഇപ്പോഴും ഈ ഓട്ട പ്രാന്തുണ്ടൊ..?

കാന്താരിക്കുട്ടി December 3, 2008 at 4:43 PM  

കുഞ്ഞന്‍ ചേട്ടാ !!!!!

jaya December 3, 2008 at 5:12 PM  

പോസ്റ്റ് എന്നത്തേയും പോലെ റിയലി നന്ദന്‍ ടച്ച്. കൂടുതലൊന്നും പറയാനില്ല. ഹൃദ്യം, നര്‍മ്മം :)

ഓഫ് : ക.കുട്ടി എന്തിനാണാവോ കുഞ്ഞനെ വിളിച്ചത്? ;)

കൂട്ടുകാരന്‍ December 4, 2008 at 12:28 AM  

അങ്ങിനെ ഓട്ടം ആദ്യത്തെ ദിവസം സൂപ്പര്‍ ഹിറ്റ് , രണ്ടാമത്തെ ദിവസം മൊത്തം രണ്ടു റൌണ്ട് ഓടി മെഗാ ഹിറ്റായി, മൂന്നാമത്തെ ദിവസവും രണ്ട് റൌണ്ട് ഓടി ബമ്പര്‍ ഹിറ്റ്. നാലാമത്തെ ദിവസം.......നാലാമത്തെ ദിവസം, ഊ..ഊ..ഉജ്ജ്വലമായിരുന്നു പ്രകടനം!!GeDi ..ezhuthth assalaayittind tta..

പോങ്ങുമ്മൂടന്‍ December 4, 2008 at 10:21 AM  

നന്ദേട്ടാ,പെരുക്കിയല്ലോ.:)

നന്നായി രസിച്ചു. ചിരിച്ചു.

പിന്നെ “ മഷിയിട്ടു നോക്കിയാല്‍ പോലും കാല്‍ കഴഞ്ചു മസില്‍,കാണാവുന്നതും കാണിക്കാത്തതുമായ ഒരു ഭാഗത്തുമില്ല.“

ഈ ഭാഗം മാത്രം എനിക്ക് പൂർണ്ണമായി മനസ്സിലായില്ല.

തോന്ന്യാസിയോട്: നീ സൂക്ഷിച്ചോ. നിന്റെ കല്യാണസൂത്രം ചെത്തി പട്ടിക്കിട്ടുകൊടുക്കും. കാര്യമെന്താണെന്ന് മനസ്സിലായല്ലോ? :)

Mittu December 4, 2008 at 1:18 PM  

മാഷേ.. അന്നു ഓടിയിരുന്നെങ്കില്‍ ബാഗ്ലൂരില്‍ വെച്ചു പെണ്‍പിള്ളേരുടെ തന്തപ്പടിമാരു ഓടിച്ചപ്പോള്‍ അടി കൊള്ളാതെ രക്ഷപെടാന്‍ പറ്റുമായിരുന്നില്ലെ?? പക്ഷെ അതു കൊണ്ടു ഒരു നല്ലതു സംഭവിച്ചു.. അവരെല്ലാം കൂടി കന്യാകുമാരി എക്സ്പ്രസ്സില്‍ കയറ്റി വിട്ടതു കൊണ്ടു കെട്ടു നടന്നു .. :)

തോന്ന്യാസി December 4, 2008 at 1:21 PM  

പോങ്ങേട്ടാ അതിലും ഭേദം എന്നെയങ്ങ് തല്ലിക്കൊല്ല്.......

LAN December 5, 2008 at 11:12 PM  

എഴുത്തും വരയും നന്നാവുന്നുണ്ട് ട്ടാ.ഇയാളൊരു സംഭവം തന്നെ!!!!“ആവേരിക്കും..” കലക്കി.

നന്ദകുമാര്‍ December 6, 2008 at 9:56 PM  

കുഞ്ഞന്‍, ശ്രീ, ബിയെസ് മാടായി,ആചാര്യന്ം സ്മിത, കിച്ചു&ചിന്നു, കിച്ചു വള്ളിവട്ടം, കൃഷ്, മനുജി, സ്മിതാ ആദര്‍ശ്, തോന്ന്യാസി, കുമാരന്‍, കാന്താരികുട്ടീ, സരിജ, ശ്രീലാല്‍, ഉപാസന്‍, സെനു ഈപ്പന്‍, മാണിക്യം, കുറുപ്പിന്റെ കണക്കുപുസ്തകം, ജയ, കൂട്ടുകാരന്‍, പോങ്ങുമൂടന്‍, മിട്ടു,ലാന്‍
എല്ലവര്‍ക്കും എന്റെ നന്ദി. കൂപ്പുകൈ :)

കിലുക്കാംപെട്ടി December 8, 2008 at 8:34 AM  

വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും കൂടെ ടൈമ്പീസും പുറകിലെ ചുമരിലേക്കു മറിഞ്ഞു .

" അപ്പോ ഈ നട്ട പാതിരിക്കായിരുന്നോ പത്തുപതിനഞ്ചു കിലോമീറ്റര്‍ ഞാന്‍ ഓടീത് എന്റെ മുത്തപ്പാപ്പാപ്പാപ്പാ‍ാ‍ാ‍ാ......"
അവതരണത്തിലെ ആ ഹാസ്യശൈലി...നന്നായിരിക്കുന്നു.


ഓ::ടോ;എന്റെ പി..സി എന്നോടു വല്ലാണ്ടെ ഒരു പിണക്കത്തിലാരുന്നു.അതിനാല്‍ കുറെനാളായി ഒന്നും വായിക്കാനോ കമന്റാനോ എഴുതാനോ കഴിഞ്ഞീരുന്നില്ല.അതാവൈകിയത്....
അപ്പോള്‍ എല്ലാം പറഞ്ഞതു പോലെ

നന്ദ December 8, 2008 at 6:50 PM  

ഹ ഹ. ആ സമയം അറിഞ്ഞ നേരത്തെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിച്ചിട്ട് :))

ഓഫ്: കഥ ശരിക്കും നടന്നതാ? ;)

നന്ദകുമാര്‍ December 8, 2008 at 10:05 PM  

കിലുക്സ്..എല്ലാ പിണക്കവും തീര്‍ന്ന് പി.സി തിരികെ വന്നതില്‍ സന്തോഷം. അഭിപ്രായത്തിനു നന്ദി

നന്ദാ..നന്ദന്റെ ബ്ലോഗില്‍ കമന്റിയതിനു നന്ദന്റെ നന്ദി. സംഭവം നടന്നതാണ്. 100 ശതമാനവും. അതിനു ശേഷം പട്ടി ഓടിച്ചപ്പോളല്ലാതെ സന്തോഷ് ഓടിയിട്ടില്ല. സത്യം. :)

devarenjini... December 8, 2008 at 11:12 PM  

ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ...നന്നായിരിയ്ക്കുന്നു....:)

നവരുചിയന്‍ December 9, 2008 at 4:34 PM  

അടുത്ത പോസ്റ്റ് കല്യാണം കഴിഞ്ഞിട്ട് ഓടിയ ഓട്ടതിനെ പറ്റി ആണോ ??

keerthi December 10, 2008 at 7:12 PM  

നന്ദേട്ടാ...

ഓട്ടം ഗം ഭീരം.....

'കല്യാണി' December 13, 2008 at 10:51 PM  

ottam kollaam nalla post...

രഘുനാഥന്‍ December 15, 2008 at 2:17 PM  

നന്ദേട്ടാ ഓട്ടം കലക്കി. അതാണോ ഈ താടിയുടെ അല്ല തടിയുടെ രഹസ്യം?

എം. എസ്. രാജ്‌ December 16, 2008 at 11:02 PM  

കൂടുതല്‍ ഓടാന്‍ തോന്നാതിരുന്നതു നന്നായി.

പിന്നെ, മസാല കുറവായിരുന്നു. ഉപ്പു പാകത്തിനു തന്നെ. :)

അരുണ്‍ കായംകുളം December 26, 2008 at 9:51 PM  

ഇപ്പോഴും ഓടാറുണ്ടോ മാഷേ?അതോ നട്ട പാതിരാത്രിക്ക് ഓടിയതോടെ പുള്ളിക്കാരന്‍ പരിപാടി നിര്‍ത്തിയോ?

ഇരിഞ്ഞാലകുടക്കാര൯ December 30, 2008 at 11:13 AM  

നന്ദേട്ടാ..

ഇനി പ്രതീക്ഷകളുടെ 2009. സോറി നന്ദേട്ടാ..
ഇപ്പോഴാണ് ഞാന്‍ ഈ ബ്ലോഗ് തുറന്ന് നോക്കിയത് ക്ഷമിക്കണം. .........വളരെ നല്ല എഴുത്ത്....തുടരുക...
..എന്റെ ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്...... !
ഇരിഞ്ഞാലകുടക്കാരന്‍

ആര്യന്‍ December 30, 2008 at 6:22 PM  

നന്ദന്‍ ബ്ലോഗിങ്ങ് തുടങ്ങിയ ഇടയ്ക്കായിരുന്നു, ഞാന്‍ ആദ്യം ഈ ബ്ലോഗില്‍ വന്നത്. ശരിക്കും പറഞ്ഞാല്‍ ആദ്യത്തെ പോസ്റ്റ് മുതല്‍. തുടക്കത്തിലെ ചില പോസ്റ്റുകള്‍ കൊണ്ടു തന്നെ നന്ദന്റെ "റേഞ്ച്" എനിക്ക് മനസ്സിലായിരുന്നു... ഇന്നും ബ്ലോഗിലെ പുലിയായി തുടരുന്നു എന്ന് കാണുന്നതില്‍ സന്തോഷം.
ഈ പോസ്റ്റില്‍ നിന്നും, ഏറെ ഇഷ്ടപ്പെട്ട ഒരു ഭാഗം quote ചെയ്യാം എന്ന് വെച്ചാല്‍, മുഴുവന്‍ പോസ്റ്റും അതെ പടി കോപ്പി-പേസ്റ്റ് ചെയ്യേണ്ടി വരും.കിടിലന്‍ പോസ്റ്റ് എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. നന്നായി ചിരിപ്പിച്ചു. ഇനിയും ഇമ്മാതിരി "മൊതലു"കള്‍ പ്രതീക്ഷിക്കുന്നു...

Sureshkumar Punjhayil December 30, 2008 at 11:37 PM  
This comment has been removed by the author.
:-) December 31, 2008 at 10:32 AM  

പുതുവര്‍ഷായിട്ട് പുതിയ പോസ്റ്റൊന്നൂല്ല്യ്യാ..??(മടിയാണല്ലേ...)
“ഹൊഷ വര്‍ഷദ ശുഭാഷ്യഗലു” :-)

Kannan January 4, 2009 at 5:16 PM  

പ്രിയപ്പെട്ട നന്ദു,

നന്ദുവിന്റെ ബ്ലോഗ് ഇന്നാണ് ആദ്യമായി കാണുന്നത്, വിശദമായി വായിക്കുവാനുള്ള സമയം കിട്ടിയിട്ടില്ല.

ഈ പരവ്വവും വായിച്ചിട്ടില്ല...
എന്നിട്ടാണോ കമന്റുന്നതെന്ന് എന്ന് തോന്നുന്നുണ്ടെങ്കില്...

ഞാന് നന്ദുവിന്റെ നാട്ടുകാരനാണ് (ഒരു കേണത്തുകുന്നുകാരന്)
അതുകൊണ്ടാണ്...

വിശദമായി വായിച്ച് പിന്നീട് എഴുതാം നന്ദു

നൊമാദ് | A N E E S H January 5, 2009 at 8:58 PM  

സംഭവം കലക്കീട്ണ്ട് ഗഡ്ഡ്യേ. ഒറ്റയ്ക്കിരിന്ന് ചിരിക്കണ് കണ്ട് അമ്മച്ചി അന്തം വിട്ട് നിക്കണ്
അത്മകഥയാണല്ലേ, സത്യം പറ


ഓഫ് “ ഗഡ്ഡ്യേ അപ്പ അങ്ങനെണ് കാര്യങ്ങള്. ഈ പെങ്കൊച്ചുങ്ങടെ കാര്യങ്ങള് നേര് ആണ് ല്ലേ.

Sureshkumar Punjhayil January 5, 2009 at 11:45 PM  

Ee ottam Valare Manoharam. Chithrangal Super. best wishes.

പാലക്കുഴി January 6, 2009 at 2:54 AM  

രസികന്‍ കുറിപ്പ്..

മുണ്ഡിത ശിരസ്കൻ January 17, 2009 at 1:24 PM  

സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

ഭയങ്കരൻ!

പിരിക്കുട്ടി January 23, 2009 at 4:46 PM  

hahahaha

ദീപക് രാജ്|Deepak Raj January 30, 2009 at 4:51 PM  

ഓട്ട കഥയങ്ങ് പിടിച്ചു.. ഒരു ചെറിയ സംശയം ചോദിക്കട്ടെ.. ഇപ്പോള്‍ നാട്ടില്‍ ബാംഗളൂരില്‍ നിന്നും അവധിയ്ക്ക് പോകുന്നതും ഓടിയാണോ ..?
അല്ല വെറുതെ ചോദിച്ചതാ..

റിയാസ് (മിഴിനീര്‍ത്തുള്ളി) October 17, 2010 at 11:58 PM  

ഒരുപാട് ചിരിച്ചുട്ടോ...