Friday, April 4, 2008

ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം...


" ഇനി പറയൂ കുട്ടികളെ, രണ്ടുമൂന്നു ദിവസം പട്ടിണി കിടന്ന്, വിശപ്പു സഹിക്കവയ്യാതായപ്പോള്‍ കുട്ടിയായിരുന്ന ജീന്‍ വാല്‍ ജീന്‍ ബേക്കറിയില്‍ നിന്ന് അപ്പം (ബണ്ണ്) മോഷ്ടിച്ചത് ശരിയാണോ ?"

പൈങ്ങോട് എന്ന എന്റെ കൊച്ചുഗ്രാ‍മത്തില്‍ നിന്നും, ഞാന്‍ പഠിച്ചു വളര്‍ന്ന എന്റെ വായനയുടെ ലോകം വലുതാക്കിയ, തൊട്ടടുത്ത കല്‍പ്പറമ്പ് എന്ന ഗ്രാമത്തിലെ 'കോസ്മോപോളിറ്റന്‍' വായനശാലയിലേക്കുള്ള നടത്തത്തിലായിരുന്നു ഞാനും എന്റെ സുഹൃത്ത് മണികണ്ഠനും.

പൈങ്ങോട്ടിലെ കല്ലേരിപ്പാടവും കഴിഞ്ഞ് കല്‍പ്പറമ്പിലേക്കുള്ള ഇടവഴികളിലൂടെ, മണികണ്ഠന്‍ പറയുന്ന തമാശകള്‍ കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടുള്ള പതിവുയാത്രയായിരുന്നു അത്. ഇടവഴികളുടെ ഇരുവശങ്ങളിലും ശീമക്കൊന്നകള്‍ പൂത്ത് ഇളംചുവപ്പാര്‍ന്ന പൂക്കള്‍ തോരണം തൂങ്ങിയിരുന്നു. പതിവിലേറെ ചുവന്ന ഒരു സന്ധ്യയിലായിരുന്നു ആ സായാഹ്ന നടത്തം. പതിവു ചിരി വര്‍ത്തമാനത്തിനിടയിലെപ്പോഴോ ഞങ്ങള്‍ പഠിച്ചു വളര്‍ന്ന കല്‍പ്പറമ്പ് സ്ക്കൂളും, ജീവിതവും, അനുഭവങ്ങളും സംഭാഷണവിഷയമായി വന്നു. അതിനൊടുവിലാണ് ആറാം ക്ലാസ്സിലോ മറ്റോ മലയാളം ക്ലാസ്സില്‍ വെച്ച് മാഷ് പറഞ്ഞുകൊടുത്ത ജീന്‍ വാല്‍ ജീന്റെ കഥയും അതിനെത്തുടര്‍ന്നുള്ള ചോദ്യവും മണികണ്ഠന്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്.

"ജീന്‍ വാല്‍ ജീന്റെ കഥ പറഞ്ഞ് തന്നിട്ട് മാഷ് ഞങ്ങളോടാ ചോദ്യം ചോദിച്ചു " മണികണ്ഠന്‍ പറഞ്ഞു.

" നമ്മളൊക്കെ റേഷനരി ടീമല്ലേടാ നന്ദ്വോ, നമ്മള് ജീന്‍ വാല്‍ ജീന്‍ ചെയ്തതാ ശരീന്നു പറഞ്ഞു."

“നീ മാത്രേ പറഞ്ഞുള്ളൂ?" ഞാന്‍ ചൊദിച്ചു.

"ഞാനും പിന്നെ വേറെ ചില റേഷനരി ടീമുകളും ഹ! ഹ! ഹ!"

" അല്ലാ അതിലിപ്പോ വല്ല്യ തെറ്റുണ്ടോ" മണികണ്ഠന്‍ തുടര്‍ന്നു " വെശപ്പു കൊണ്ടാ ജീന്‍ വാല്‍ ജീന്‍ അന്നത് ചെയ്തത്. അത് ശര്യാന്നന്യാ അന്നും ഇന്നും എനിക്ക് തോന്നണത്."

" ഒരു തെറ്റുമില്ല." ഞാന്‍ പറഞ്ഞു. "വിശപ്പിനും കാമത്തിനും വേണ്ടിയുള്ള യാത്രയും അലച്ചിലുമാണല്ലോ ജീവിതം......അടിസ്ഥാന വികാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള പരക്കം പാച്ചില്‍"
ഞാന്‍ ഫിലോസഫറായി.

"ആ അദ്ന്നേ, ഞങ്ങള് കൊറച്ചു പേര് പറഞ്ഞു ജീന്‍ വാല്‍ ജീന്‍ ചെയ്തതാ ശരീന്ന്." മണികണ്ഠന്‍ തുടര്‍ന്നു. :
പക്ഷേണ്ട്ടാ നന്ദ്വോ! അരിപ്പാലത്തുന്നും, പടിയൂര്‍ന്നും വരുന്ന കൊറെ കാശാര് പിള്ളാരില്ലേ, പടിയൂര്‍ത്തെ കൊറെ സായിപ്പമ്മാര് പിള്ളാര് ( ആഗ്ലോ ഇന്ത്യന്‍സ്) പിന്നെ അരിപ്പാലത്തെ ഗള്‍ഫില് അപ്പമ്മാരുള്ള കാശാര് പിള്ളേര്. അവര് പറഞ്ഞു ജീന്‍ വാല്‍ ജീന്‍ ചെയ്തത് തെറ്റാന്ന്. പട്ട്ണ്യാണെങ്കിലും, വെശപ്പാണെങ്കിലും കടേ കേറി കട്ടത് തെറ്റ്ണ്ന്ന്; അങ്ങിനെ പാടില്ല്യാത്രെ..."

ഞാന്‍ പൊട്ടിച്ചിരിച്ചു., മണികണ്ഠനും കൂടെ ചിരിച്ചു. ഞങ്ങളുടെ പൊട്ടിച്ചിരികേട്ട് പച്ചിലത്തലപ്പുകള്‍ വിറകൊണ്ടു. ചിരിക്കൊടുവില്‍ മണികണ്ഠന്‍ ഇത്രയും കൂടി പറഞ്ഞു :

"എന്തൂറ്റ് തെറ്റ്ശ്ട്ടാ ? അല്ലെങ്കിലും ഈ കാശൊള്ളോന്മാര്‍ക്ക് വെശന്നിട്ട് അന്തപ്രാണന്‍ കത്തണതെന്താന്ന് അറിയില്ലെടാ നന്ദ്വൊ "

സന്ധ്യ കൂടുതല്‍ ചുവന്നു വന്നു. എന്‍.ആര്‍ മേനോന്റെ വീടിനു മുന്നിലെ കയറ്റവും കയറി ഞങ്ങള്‍ വായനശാലയുടെ സമീപത്തെ പള്ളിയുടെ പരിസരത്തെത്താറായി. പതിനായിരങ്ങള്‍ക്ക് അപ്പവും വീഞ്ഞും പകര്‍ന്നു നല്‍കിയ പ്രവാചകന്റെ അടയാളമായി പള്ളിക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുരിശു കാണ്മാറായി.

മണികണ്ഠന്‍ അന്നതു പറയുമ്പോള്‍ അവന്റെ വാക്കുകള്‍ക്ക് ; എത്രവെന്തിട്ടും മണം മാറാത്ത റേഷനരിയുടെ ഗന്ധം ഉണ്ടായിരുന്നു, കാന്താരി മുളകിന്റെ എരിവുണ്ടായിരുന്നു. അവന്റെ സംഭാഷണങ്ങളില്‍ ചുട്ട പപ്പടത്തിന്റെ ചാരം പുരണ്ടിരുന്നു.

************************************

മണികണ്ഠന്‍; പൈങ്ങോട് എന്ന എന്റെ ഗ്രാമത്തിലെ നല്ലൊരു സുഹൃത്താണ്. സഹൃദയന്‍, കലാകാരന്‍, അഭിനേതാവ്, നാടകരചയിതാവ് / സംവിധായകന്‍. ഗ്രാമസദസ്സുകളിലെ നിറഞ്ഞ ചിരിസാന്നിദ്ധ്യം. പൈങ്ങോട്ടില്‍ നിന്ന് ആദ്യമായി കൊച്ചില്‍ കലാഭവനില്‍ എത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ്. ഹാസ്യം സൃഷ്ടിക്കാ‍നും, പറയാനും, എഴുതാനും കഴിയുന്ന അപൂര്‍വ്വം ആളുകളില്‍ ഏറെ നര്‍മ്മബോധമുള്ള വ്യക്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മണികണ്ഠന്‍ അറിയപ്പെടുന്നത് 'കലാഭവന്‍ മണികണ്ഠന്‍' എന്നാണ്. കേരളത്തില്‍ കോമഡി കാസറ്റ് തരംഗം ഉദയം ചെയ്തതില്‍ മണികണ്ഠന്‍ ഒരു തുടക്കമായിരുന്നു. മണികണ്ഠന്റെ ഹാസ്യകഥാപ്രസംഗങ്ങള്‍ കാസറ്റുകളില്‍ അവതരിപ്പിച്ച സിനിമാതാരങ്ങളും കോമഡി സ്കിറ്റുകള്‍ വേദിയിലും ചാനലിലും അവതരിപ്പിച്ച മിമിക്രിതാരങ്ങളും കേരളത്തില്‍ കുറവ്. 'കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, സലിംകുമാര്‍' പിന്നെ 'ടിനി ടോം, മനോജ് ഗിന്നസ്, ഉണ്ണി എസ്. നായര്‍' തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

പക്ഷെ ആ കോമഡി കാസറ്റ് തരംഗത്തിനു ശേഷം മണികണ്ഠന്‍ ഒന്നുമായില്ല, ആരുമായില്ല. നര്‍മ്മത്തിന്റെ രസതന്ത്രം അറിയാത്ത കോമാളിക്കൂട്ടങ്ങള്‍ സിനിമയിലും, ചാനലികളിലും അരങ്ങു തകര്‍ക്കുമ്പോള്‍ മണികണ്ഠന്‍ എന്ന; ചിരിയെ നിമിഷങ്ങള്‍‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കലാകാരന്‍ പൈങ്ങോട് എന്ന ഗ്രാമത്തില്‍ ഒതുങ്ങിപ്പോയി.

***********************************

ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള മറ്റൊരു സായാഹ്ന നടത്തമായിരുന്നു അന്നും. പതിവുപോലെ 'കോസ്മോപോളിറ്റന്‍" വായനശാലയിലേക്ക്. ഇടവഴികളിലെ മരങ്ങള്‍ ഇലപൊഴിഞ്ഞ് ശിഖരങ്ങള്‍ നീട്ടിനിന്നിരുന്നു.

തലേദിവസം ഒരു കോമഡി കാസറ്റിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞ് എറണാകുളത്തുനിന്നും വന്നതേയുള്ളു മണികണ്ഠന്‍. അടുത്തയാഴ്ച റിലീസാകാന്‍ പോകുന്ന കാസറ്റിലെ തമാശകളും, പാരഡികളും പറഞ്ഞ് ഇടവഴിയിലെ ശൂന്യതയില്‍ പൊട്ടിച്ചിരിയുടെ പൂക്കള്‍ വിതറിക്കൊണ്ട് ഞങ്ങള്‍ നടന്നു.

ചിരിക്കൊടുവില്‍ മണികണ്ഠന്‍ മറ്റൊന്നു പറഞ്ഞു :

റിയാന്‍ സ്റ്റുഡിയോവിലെ റെക്കൊഡിങ്ങും കഴിഞ്ഞ് പാതിരാത്രി എറണാകുളത്തെ ഒരു ലോഡ്ജിലായിരുന്നു മണികണ്ഠനും മറ്റൊരു കലാഭവന്‍ മിമിക്രി സുഹൃത്തും താമസിച്ചത്. പിറ്റേദിവസം നേരം പുലര്‍ന്ന് പ്രൊഡൂസറുടെ വരവും കാത്തിരിക്കുകയായിരുന്നു അവര്‍. പല്ലുതേപ്പും കുളിയും കഴിഞ്ഞ് താഴെ കടയില്‍ നിന്ന് വാങ്ങിയ മാതൃഭൂമിയും, മനോരമയും വായിക്കുകയായിരുന്നു മണികണ്ഠന്‍. വൈകിയെഴുന്നേറ്റ സുഹൃത്ത് കുളിയിലേക്കുള്ള ഒരുക്കത്തിലും.

കഴുത്തിലെ തടിച്ച സ്വര്‍ണ്ണമാലയും, കയ്യിലെ സ്വര്‍ണ്ണ ചങ്ങലയും, മൊബൈലും മേശപ്പുറത്ത് ഊരിവെച്ച് തോര്‍ത്തുടുത്ത് സുഹൃത്ത് മണികണ്ഠനോട് ചോദിച്ചു :

"ഡാ മണികണ്ഠന്‍, ഞാന്‍ കുളിക്കാന്‍ പോണ് ട്ടാ. നീയിവിടെ ഇണ്ടാവോ, അതൊ പൊറത്ത് പോണ്ണ്ടാ?"

"ഞാന്‍ ഇവിടിണ്ടാവും" സിഗരറ്റു കുറ്റി താഴെ ചവുട്ടി കെടുത്തി മണികണ്ഠന്‍ പറഞ്ഞു.

ഒന്നു സംശയിച്ചു നിന്നിട്ട് സുഹൃത്ത് ബാത്ത് റുമില്‍ കയറി. ബാത്ത് റൂമില്‍ നിന്ന് സിനിമാപാട്ടും പാരഡി ഗാനങ്ങളും കേള്‍ക്കാറായി. ഇടയ്ക്കിടെ ചില സിനിമാ താരങ്ങള്‍ ബാത്ത് റൂമിനുള്ളില്‍ ആക്രോശിക്കും.

‘എന്താപ്പാ ഇത്ര സൌണ്ട്‘ എന്നി ചിന്തിച്ച് മണികണ്ഠന്‍ തല തിരിച്ചു നോക്കിയപ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍ പകുതി ചാരിയിട്ടേയുള്ളു.

'ഇവനെന്തൂറ്റ് വെടക്കാ, കുളിക്കുമ്പോള്‍ വാതിലടച്ചൂടെ' എന്ന് മനസ്സില്‍ പറഞ്ഞ് മണികണ്ഠന്‍ പത്രത്തിലേക്ക് മുഖം തിരിക്കേ....

"ഡാ.. മണികണ്ഠാ....."

മണികണ്ഠന്‍ തലയുയര്‍ത്തി. ബാത്ത് റൂമിനു വെളിയില്‍ തലയിലും ദേഹത്തും സോപ്പു പതയുമായി സുഹൃത്ത്.

"എന്താഡാ..?" മണികണ്ഠന്‍

" അല്ലാ..അതേ..പിന്നെ....അതുപിന്നെ........ഞാന്‍..ഞാനാ കൊച്ചിന്‍ ഹനീഫേടെ സൌണ്ട് എടുത്തത് എങ്ങനിണ്ട്?"

അതിലിപ്പൊ എന്താത്ര ചോദിക്കാന്‍ അടുത്താഴ്ച കാസറ്റ് റിലീസാവില്ലേ എന്നാലോചിച്ച് മണികണ്ഠന്‍ മറുപടി പറയാന്‍ തുനിയവേ, മറുപടിക്ക് കാത്തുനില്‍ക്കാതെ സോപ്പുപത രൂപം ബാത്ത് റൂമിലേക്ക് കയറിപ്പോയി.

അകത്തുനിന്നും വീണ്ടും പാരഡി. ഇടക്കിടെ 'മണികണ്ഠന്‍..." എന്നുള്ള വിളികളും, എന്തോ ചോദ്യങ്ങളും. പത്രത്തില്‍ നിന്ന് കണ്ണെടുക്കതെ മണികണ്ഠന്‍ മൂളിക്കൊണ്ടിരുന്നു.

ഇടക്ക് എപ്പോഴൊ, മണികണ്ഠന്‍ മേശപ്പുറത്തുനിന്നും സിഗററ്റ് എടുക്കവെ, മേശപ്പുറത്തിരുന്ന പിക്കപ്പ് ബാഗില്‍ (Plastic Pick up Bag) കൈ തട്ടി 'കര കര' ശബ്ദം ഉണ്ടായി.

"ഡാ‍ മണികണ്ഠന്‍........."

ശബ്ദം കേട്ട് മണികണ്ഠന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ സോപ്പു പത നിറഞ്ഞ രൂപം പിന്നില്‍..

"എന്താടാ..?" മണികണ്ഠന്‍ സിഗററ്റ് ചുണ്ടില്‍ വച്ചു.

"അല്ലാ... അത് പിന്നെ..... നമ്മുടെ..നമ്മുടെ കാസറ്റ് ഹിറ്റാവും ല്ലേ?"

"ആവുന്നാ തോന്നണേ.." മണികണ്ഠന്‍ സിഗററ്റ് കത്തിച്ചു.

മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ രൂപം വീണ്ടും ബാത്ത് റൂമിലേക്ക് കയറിപ്പോയി.

'ഇവനെന്താ ഇങ്ങിനെ??!!' മണികണ്ഠന്‍ ആലോചിക്കുകയായിരുന്നു. 'വാതില്‍ തുറന്നിട്ടു കുളിക്കുന്നു, കുളിക്കിടയില്‍ മണികണ്ഠാ...മണികണ്ഠാ... എന്നു വിളിക്കുന്നു, ഇടക്കിടക്കു പുറത്തേക്കു ചാടുന്നു....ഇവന് വട്ടായോ..??!'

"പിന്നേ...മണികണ്ഠന്‍...." ബാത്ത് റൂമില്‍ നിന്ന് വീണ്ടും
"ആ സുരേഷ് ഗോപീഡെ ഡയലോഗ് കലക്കീലേ..?"

ഒരു പതിനഞ്ചു മിനുട്ടോളം ഈ നാടകം അരങ്ങേറവേ മണികണ്ഠനു പതുക്കെ സംഗതികള്‍ മനസ്സിലാവാന്‍ തുടങ്ങി. മേശപ്പുറത്ത് സുഹൃത്തിന്റെ മാല, കൈചെയിന്‍, മൊബൈല്‍ ഇരിക്കുന്നുണ്ട്. റൂമിലാണെങ്കില്‍ താന്‍ മാത്രം. ഇതായിരിക്കുമോ സുഹൃത്തിനെ അസ്വസ്ഥനാക്കുന്നത് !?!

ആദ്യമാദ്യം അത് തന്റെ സംശയമാണെന്നു വിശ്വസിക്കാന്‍ ശ്രമിച്ചങ്കിലും ബാത്ത് റുമില്‍ നിന്നും പുറത്തേക്ക് ചാടിവരുമ്പോള്‍ സുഹൃത്തിന്റെ നോട്ടം മേശപ്പുറത്തെ തന്റെ വിലപിടിച്ച വസ്തുക്കളിലേക്ക് പോകുന്നത് മണികണ്ഠന്‍ ഓര്‍ത്തെടുത്തു.

എന്തോ, മണികണ്ഠനു സ്വയം ജാള്യത തോന്നി.

ഒരുമിച്ചു ഒരേ വേദികള്‍ പങ്കിട്ട, ഒരു പാടു കാസറ്റുകളില്‍ ഒരുമിച്ചു പങ്കെടുത്ത, ഇപ്പോള്‍ വേദികളില്‍ വിലപിടിച്ച തന്റെ പഴയ സുഹൃത്ത് തന്നെ അങ്ങിനെ കാണുന്നതില്‍ മണികണ്ഠനു വിവരിക്കാനാവാത്ത ഒരു ജാള്യത തോന്നി.

'ഇവനെന്തേ ഇങ്ങിനെ..?'

താന്‍ മുറിയില്‍ ഇരിക്കുവോളം, സുഹൃത്തിന്റെ വില പിടിച്ച വസ്തുക്കള്‍ എന്റെ കൈകള്‍ക്കരികെ വിശ്രമിക്കുമ്പോഴും സുഹൃത്തിന് മനസ്സമാധാനത്തോടെ കുളിക്കാനാവില്ല എന്ന സത്യം മണികണ്ഠന്‍ തിരിച്ചറിഞ്ഞു.

പത്രം കട്ടിലിലേക്കെറിഞ്ഞ് പുതിയൊരു സിഗററ്റിന് തീ കൊളുത്തി മണികണ്ഠന്‍ വാതില്‍ ചാരി ബാല്‍ക്കണിയിലേക്ക് നടന്നു.

പുറത്ത് കൊച്ചി നഗരം തിളച്ചുതുടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ അനന്തമായ നിര. നഗരം, ഓഫീസിലേക്കും, കച്ചവടത്തിലേക്കും, ജീവിതത്തിലേക്കും ഉണരുകയായിരുന്നു. കറുത്ത പൊടിപടലങ്ങള്‍ നഗരത്തില്‍ പടര്‍ന്നുതുടങ്ങിയിരുന്നു.

മണികണ്ഠന്‍ സിഗററ്റ് ആഞ്ഞാഞ്ഞു വലിച്ചു.

************************************

ഒരുപാടു നാളുകള്‍ക്കു ശേഷം മറ്റൊരു വേനല്‍ സന്ധ്യ.

പൈങ്ങോട് ഗ്രാമത്തിലെ ഒട്ടുമിക്ക പൈങ്ങോടന്മാരും ഒത്തു ചേരാറുള്ള കല്ലേരിപാടത്തെ കലുങ്കിലിരിക്കുകയായിരുന്നു ഞാന്‍.കൂടെ പഠിച്ചവരും അല്ലാത്തതുമായ സുഹൃത്തുക്കളുമുണ്ടായിരുന്നു കൂടെ. തൊട്ടകലെ പാടത്ത് ക്രിക്കറ്റ് കളി നടക്കുന്നു. തമാശയും കളിയാക്കലും സിഗരറ്റ് വലിയുമായി സൌഹൃദസംഘം കല്ലേരിപാടത്തെ ചെറിയൊരു ഉത്സവപ്പറമ്പാക്കിമാറ്റിയിരുന്നു.

സന്ധ്യ കനത്തുവന്നതോടെ പലരും വീടുകളിലേക്ക് ചേക്കേറാന്‍ തുടങ്ങി.ഞാനും ഒന്നോ രണ്ടോ സുഹൃത്തുക്കളും മാത്രം അവശേഷിച്ചു.

സമീപത്തെ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള ഇറക്കവും കഴിഞ്ഞ് മണികണ്ഠന്‍ കല്ലേരിപ്പാടത്തെ ചുവന്ന സന്ധ്യയിലേക്കത്തി, ആരുടേയോ കയ്യില്‍നിന്ന് സിഗററ്റ് വാങ്ങി പുകച്ചു.

തമാശകളും, ചിരിയുമായി കുറച്ചുനിമിഷങ്ങള്‍കൂടി കടന്നു പോയി. കൂടെയുള്ള സുഹൃത്തുക്കളും സൈക്കിളെടുത്തു പോയി. ഇരുട്ടിനു വഴിമാറാന്‍ തുടങ്ങുന്ന ചുകന്നു തുടുത്ത സന്ധ്യയില്‍ ഞാനും മണികണ്ഠനും തനിച്ചായി.

പൊട്ടിച്ചിരികളുടെ പൂമരങ്ങള്‍ തീര്‍ക്കാറുള്ള മണികണ്ഠന്‍ അന്ന് ഇലകൊഴിഞ്ഞ ചില്ലപോലെ മൌനിയായിരുന്നു.

"എവിടായിരുന്നു കൊറച്ചൂസം?" ഞാന്‍ ചോദിച്ചു.

"എറണാകുളത്തായിരുന്നു." മണികണ്ഠന്‍ നിര്‍വ്വികാരനായി
"ഒരു കാസറ്റ് റെക്കോഡിങ്ങുണ്ടായിരുന്നു"

മണികണ്ഠന്റെ മറ്റൊരു മിമിക്രി സുഹൃത്തായിരുന്നു നിര്‍മ്മാതാവ്. മണികണ്ഠന്‍ സ്ക്രിപ്റ്റ്, മലയാള സിനിമയിലെ ഒരു പ്രശസ്ത ഹാസ്യ നടന്‍ അവതരണം.

മീനച്ചൂടില്‍ വിണ്ടുകിടന്ന കല്ലേരിപ്പാടത്തിലേക്ക് മിഴികള്‍ നട്ട് മണികണ്ഠന്‍ തലേ രാത്രിയിലെ അനുഭവം പറഞ്ഞു :

റെക്കോഡിങ്ങ് കഴിഞ്ഞ് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിലായിരുന്നു മണികണ്ഠനും, പ്രൊഡ്യൂസര്‍ സുഹൃത്തും. പ്രൊഡ്യൂസര്‍ സുഹൃത്തിന്റെ ബൈക്കിലായിരുന്നു ഇരുവരുടേയും രാത്രിയേറെ വൈകിയുള്ള യാത്ര.

എറണാകുളത്തുനിന്നും യാത്ര തുടങ്ങി ഒരുപാടു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവുചെയ്തിരുന്ന സുഹൃത്ത് പുറകിലേക്ക് കൈ നീട്ടി അയാളുടെ ചന്തിയില്‍ തടവും..പിന്നേയും ഡ്രൈവു ചെയ്യും.
കുറേ ദൂരം പിന്നിടുമ്പോള്‍ വീണ്ടും കൈ പുറകിലേക്ക്....

'ഇവനിതെന്തിന്റെ സൂക്കേടാ..അയ്യേ വൃത്തികെട്ടവന്‍' സുഹൃത്തിന്റെ കൈ മണികണ്ഠന്റെ തുടയില്‍ തട്ടുമ്പോള്‍ മണികണ്ഠന്‍ ചിന്തിച്ചു.

കുറേ ദൂരം പിന്നിടുമ്പോള്‍ വീണ്ടും സുഹൃത്തിന്റെ കൈ.

'ഇവനിത് എന്ത് ഭാവിച്ചാ..??!! അയ്യേ ഇവനിത്തരക്കാരനാണോ??' മണികണ്ഠന്‍ ആലോചിച്ചു.

സുഹൃത്തിന്റെ അതുവരെ കണ്ടിട്ടില്ലാത്ത പെരുമാറ്റം മണികണ്ഠനെ സംശയങ്ങളുടെ നാല്‍ക്കവലയില്‍ നിര്‍ത്തി. പലപ്പോഴും ഇതാവര്‍ത്തിച്ചപ്പോള്‍ മണികണ്ഠന്‍ ചോദിച്ചു. :

"എന്താണ്‍ ഡ്രാ...എന്താ പറ്റീത്.?"

"ഏയ് ഒന്നൂല്ല്യാ.."

കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയില്‍ ഇത് പലപ്പോഴും ആവര്‍ത്തിച്ചു; അതോടൊപ്പം കാസറ്റിനെക്കുറിച്ചും, ഭാവിപരിപാടികളെക്കുറിച്ചും സുഹൃത്ത് മണികണ്ഠനോട് സംസാരിചുകൊണ്ടിരുന്നു.മണികണ്ഠന്‍ അതിന് മറുപടിയും പറഞ്ഞുകൊണ്ടിരുന്നു; ഒപ്പം സുഹൃത്തിന്റെ ഈ പ്രവൃത്തിയെപ്പറ്റി ചിന്തിച്ചുംകൊണ്ടിരുന്നു.
ബൈക്കിലുള്ള യാത്രയില്‍ വളവിലും, തിരിവിലും അതല്ലെങ്കില്‍ ഗട്ടര്‍ ചാടുമ്പോള്‍ മണികണ്ഠന്റെ കാലും കൈയ്യും സുഹൃത്തിന്റെ കാലിലോ ദേഹത്തൊ സ്പര്‍ശിക്കും, സ്വാഭാവികമായി. അപ്പോഴാണ് സുഹൃത്തിന്റെ ഈ കൈ പ്രയോഗം.
ഒരുപാടു ദൂരം പിന്നിട്ടപ്പോള്‍ മണികണ്ഠനു ഒരു കാര്യം മനസ്സിലായി. സുഹൃത്ത് കൈ നീട്ടി ചെയ്യുന്നത് സുഹൃത്തിന്റെ തന്നെ പിന്‍പോക്കറ്റ് തപ്പുന്നതാണെന്ന്.

ആദ്യത്തെ ചിന്തകള്‍ തന്റെ തോന്നലുകളാണെന്ന് കരുതി വിട്ടുകളഞ്ഞെങ്കിലും സുഹൃത്തിന്റെ ആവര്‍ത്തനങ്ങള്‍ മണികണ്ഠനു ഒരു കാര്യം മനസ്സിലാക്കികൊടുത്തു :

'സുഹൃത്ത് ചെയ്യുന്നത് അയാളുടെ പിന്‍പോക്കറ്റിലിരിക്കുന്ന പഴ്സ് തപ്പുന്നതാണെന്ന സത്യം.'

എത്ര ശ്രമിച്ചിട്ടും മണികണ്ഠനത് ദഹിച്ചില്ല. അങ്ങിനെയാകാന്‍ വഴിയില്ല. ഒരുപാടു നാളുകളായി, ഒരേ വേദികള്‍ പങ്കിട്ട അവനുവേണ്ടി സൌജന്യമായി സ്ക്രിപ്റ്റുകള്‍ എഴുതികൊടുത്ത എന്നെ അവനങ്ങിനെ സംശയിക്കോ?

'ഏയ് ഇല്ല്യ....അങ്ങിനെ വരാന്‍ വഴിയില്ല..'

ഇടയ്ക് ഒരിടത്ത് വഴിയരുകില്‍ മൂത്രമൊഴിക്കാന്‍ സുഹൃത്ത് വണ്ടി നിര്‍ത്തി. വഴിയരുകിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് രണ്ടുപേരും ആശ്വാസം നിര്‍വ്വഹിക്കേ സുഹൃത്ത് മണികണ്ഠനോട് ഒരു കഥ പറഞ്ഞു. :

"മണികണ്ഠാ, എനിക്ക് ഇത് മാതിരി രാത്രി ആളുകളെ പൊറകിലിരുത്തി വണ്ടിയോടിക്കാന്‍ ഇപ്പോ ഭയങ്കര പേട്യാ.."

"എന്ത്യേ?"

" നീ വായിച്ചില്ലേ? പത്രത്തില്, ചാവക്കാട്ട് നടന്ന ഒരു സംഭവം..?" സുഹൃത്ത്

"ഇല്ല്യ......എന്താ സംഭവം..??" മണികണ്ഠന്‍

"ഒരുത്തന്‍ കൂട്ടുകാരനായിട്ട് രാത്രി വണ്ടീല് പോവ്വായിരുന്നു. ഇതുപോലെ മൂത്രൊഴിക്കാന്‍ വണ്ടിനിര്‍ത്തി അവര് മൂത്രൊഴിക്കായിരുന്നു. പെട്ടന്ന് പൊറകിലിരുന്ന കൂട്ടാരനില്ല്യേ, അവന്‍ റോട്ടില് കെടന്ന ഒരു വല്ല്യ കരിങ്കല്ലെടുത്ത് കൂട്ടാരന്റെ തലേല് ഒറ്റ അടി. തലപൊട്ടി അയാള് താഴെ വീണു. വണ്ടീടെ പൊറകിലിരുന്ന കൂട്ടാരന്‍ താഴെവീണോന്റെ മാലയും, മൊബൈലും, പോക്കറ്റിലെ പഴ്സും എടുത്ത് അയാള്ടെ വണ്ടീല് തന്നെ രക്ഷപ്പെട്ടുത്രെ............എന്താലേ...ഹൊ...വിശ്വസിക്കാന്‍ പറ്റ്ണില്ല...."

മണികണ്ഠന്‍ ഒഴിച്ചുകൊണ്ടിരുന്ന മൂത്രം പകുതിയില്‍ വെച്ച് നിന്നുപോയി. കുറച്ചുനേരം എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ മണികണ്ഠന്‍ നിന്നു പോയി. ദിവസവും പത്രം വായിക്കുന്ന പത്രത്തിലെ കുഞ്ഞു വാര്‍ത്തകളിലും, വിശേഷങ്ങളിലും നിന്ന് തമാശക്കുള്ള സ്കോപ്പുകള്‍ പരതുന്ന മണികണ്ഠന്‍, സുഹൃത്ത് പറഞ്ഞ ഒരു ന്യൂസ് ഒരു പത്രത്തിലും കണ്ടിരുന്നില്ല.

സുഹൃത്ത് പറഞ്ഞത് വാര്‍ത്തയല്ലായിരുന്നെന്നും, സുഹൃത്തിന്റെ സംശയം നിറഞ്ഞ മനസ്സില്‍ നിന്നും പുറത്തുവന്ന ഭാവനയായിരുന്നെന്ന് മനസ്സിലാക്കാന്‍ ദിവസനും ചോറുതിന്നുന്ന മണികണ്ഠനു തെല്ലു സമയം വേണ്ടി വന്നില്ല.

റെക്കോഡിങ്ങ് കഴിഞ്ഞ് സുഹൃത്തിന്റെ വണ്ടിയില്‍ കയറിപോന്നത് വളരെ വിഡ്ഢിത്തമായെന്ന് മണികണ്ഠനു തോന്നി. ബസ്സിലോ വല്ല തമിഴന്‍ ലോറിയിലോ കയറിവന്നാല്‍ മതിയായിരുന്നു എന്നും തോന്നി. ഇനിയിപ്പൊ ഈ പാതിരാത്രിയില്‍ പാതിവഴിയില്‍ എന്തു ചെയ്യാന്‍ എന്ന് സ്വയം പഴിച്ചുകൊണ്ടു മണികണ്ഠന്‍ വീണ്ടും സുഹൃത്തിന്റെ പുറകില്‍ കയറി. ഇപ്രാവശ്യം സുഹൃത്തിനെ സ്പര്‍ശിക്കാതെ തെല്ലകലം പാലിച്ചിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.

നാട്ടിലെ ആളൊഴിഞ്ഞ ജംഗ്ഷന്‍ എത്തുവോളം സുഹൃത്ത് മണികണ്ഠനോട് എന്തൊക്കെയോ സംസാരിച്ചു, എന്തൊക്കെയോ ചോദിച്ചു. തന്റെ ജന്മത്തേയും വിധിയേയും പഴിച്ചുകൊണ്ടുതന്നെ മണികണ്ഠന്‍ അതിനൊക്കെയും യാന്ത്രികമായി മൂളിക്കൊണ്ടിരുന്നു.

പാതിരാത്രിയില്‍ കവലയില്‍ നിന്ന് രണ്ടുപേരും രണ്ടു വീടുകളിലേക്ക് പിരിഞ്ഞുപോയി.

ഒരു പൊട്ടിച്ചിരിയുടെ കഥ പ്രതീക്ഷിച്ചിരുന്ന എന്നോട് മണികണ്ഠന്‍ പറഞ്ഞു നിര്‍ത്തിയത് ഇതായിരുന്നു. ഒരു മറുപടിക്കായി ഞാനെന്റെ മനസ്സ് പരതവെ, വാക്കുകള്‍ തിരയെ...സിഗററ്റിന്റെ പുകയൂതികൊണ്ട് മണികണ്ഠന്‍ പറഞ്ഞു :

"നന്ദൂ...അന്ന് രാത്രി ഞാനൊരു സത്യം മനസ്സില്ലാക്കി.."

ഒരു ചിരിക്കഥയാണൊ എന്ന പ്രതീക്ഷയോടെ അവനെ നോക്കിയ എന്നോട്, ദൂരെ കല്ലേരിപ്പാടത്തിനു പടിഞ്ഞാറ് പകുതിയോളം മറഞ്ഞു കഴിഞ്ഞ സൂര്യനെ നോക്കി മണികണ്ഠന്‍ നിര്‍വ്വികാരനായി പറഞ്ഞു

"ദാരിദ്ര്യം എന്ന വാക്കിന്..................കള്ളന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന്......"

.

51 comments:

nandakumar April 4, 2008 at 4:29 PM  

എന്റെ സുഹൃത്ത് മണികണ്ഠന്‍ പലപ്പോഴായി പറഞ്ഞ അവന്റെ മൂന്നു അനുഭവങ്ങള്‍. മൂന്നിനും സമാന സ്വഭാവമുള്ളതുകൊണ്ട് ഞാനത് ഒരു ഓര്‍മ്മയായി അവതരിപ്പിക്കുന്നു.

ശ്രീ April 4, 2008 at 4:46 PM  

നന്ദേട്ടാ...
ശരിയ്ക്കും മനസ്സിനെ സ്പര്‍‌ശിച്ചു മണികണ്ഠന്‍ എന്ന ആ സുഹൃത്തിന്റെ ഈ അനുഭവങ്ങള്‍. മണികണ്ഠന്റെ ഇതു പോലുള്ള സുഹൃത്തുക്കളെ എങ്ങനെ നല്ല സുഹൃത്തുക്കളെന്ന് പറയും? കഷ്ടം തന്നെ.

ഗുരുജി April 4, 2008 at 5:51 PM  

ദാരിദ്ര്യത്തിന്റെ ഭീകരതകളിലൊന്നു മാത്രമാണിത് നന്ദകുമാര്‍. വളരെ നല്ല വായനാസുഖം. വായിച്ചു വായിച്ചു വന്നപ്പോള്‍ ഈ മൂന്നു അനുഭവങ്ങളും മൂന്നു പോസ്റ്റാക്കിയിടാമായിരുന്നില്ലേ എന്നു ചിന്തിച്ചാണു വന്നത്..അവസാനം സമാനസ്വഭാവമുള്ള ഈ അനുഭവങ്ങള്‍ ഒന്നായിതന്നെ എഴുതിയതാണ്‌ ശരി എന്നു തോന്നി. ഒരോ പര്‍വങ്ങളും ഇതിഹാസത്തിന്റെ ഏടായിമാറട്ടെ.

Anonymous April 4, 2008 at 5:55 PM  

'ethra venthittum...kantharimulakinte...charam purandirunnu'Valare touching aayittund.
daridryathinte artham parayunna suhruthiloode oru valiya sathyam thanneyanu velippeduthiyirikkunnathu. nannayittundu.
(malayalam aduthuthanne pratheekshikkam.)

Movie Mazaa April 5, 2008 at 9:31 AM  
This comment has been removed by the author.
Movie Mazaa April 5, 2008 at 9:32 AM  

മണികണ്ഠനോടൊപ്പമുള്ള ഈ ഹ്രുസ്വ ജീവിതയാത്രയ്ക്ക്‌ ഒരു വല്ലാത്ത ഊഷ്മളതയുണ്ടായിരുന്നു, നന്ദൂ...

അദ്ദേഹത്തിന്‌ നന്മകള്‍ ഉണ്ടാകട്ടെ.

The Common Man | പ്രാരബ്ധം April 5, 2008 at 9:52 AM  

ദുഃഖകരം! പക്ഷേ ഇതൊരു നാട്ടുനടപ്പായി മാറിയിരിക്കുന്നു.

എന്റെ ഹോസ്റ്റലിലും ചില്ലറ മോഷണങ്ങള്‍ പതിവായിരുന്നു. സംശയത്തിന്റെ നിഴലുകള്‍ എന്നും സാധാരണക്കാരുടെ പുറത്ത്. പക്ഷേ കേസുകള്‍ തെളിയുമ്പോള്‍ എല്ലാം വലിയ പുള്ളികളും!

നന്ദേട്ടാ...മനസ്സു വിങ്ങുന്നു. ഇത്തരം അനുഭവങ്ങളിലും പതറാതെ നില്‍ക്കുന്ന ആയിരക്കണക്കിനു മണികണ്ഠന്‍മാരെ ഓര്‍ത്ത്....

തോന്ന്യാസി April 5, 2008 at 9:58 AM  

ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.....

Kichu Vallivattom April 5, 2008 at 10:13 AM  

ആദ്യത്തേത് പോലെ നര്‍മ്മം തുളുമ്പുന്ന പോസ്റ്റ് ആയിരിക്കും എന്നു വിചാരിച്ചാണ് വായിച്ചു തുടങ്ങിയത്.
ശരിക്കും ഹൃദയസ്പര്‍ശിയാണ്.....

പൊറാടത്ത് April 5, 2008 at 10:40 AM  

നന്ദന്‍.. മണികണ്ഠന്റെ അനുഭവങ്ങള്‍ പങ്ക് വെച്ചതിന്‌ നന്ദി...

നല്ല ഒഴുക്കുള്ള ശൈലി. വരികള്‍ക്ക് വായനക്കാരനെ പിടിച്ചിരുത്താനുള്ള കഴിവുണ്ട്.. ഇനിയും തുടരൂ..

മനോജ് കുമാർ വട്ടക്കാട്ട് April 5, 2008 at 10:45 AM  

നന്ദകുമാര്‍, നല്ല കുറിപ്പ്

Rare Rose April 5, 2008 at 12:04 PM  

നന്ദപര്‍വ്വത്തില്‍ ഞാനിതാദ്യമായാണു..ഇതു വായിച്ചപ്പോള്‍ മനസില്‍ ഒട്ടേറെ പേര്‍ കടന്നു പോയി..ഹ്യൂഗോയുടെ പാവങ്ങളിലെ ജീന്‍ വാല്‍ ജീനും.., നിരാശകളിലും പതറാതെ പൊട്ടിച്ചിരികള്‍ തീര്‍ക്കുന്ന മണികണ്ഠനും ഒക്കെ..സംശയക്കണ്ണുകളോടെ നോക്കുന്ന സുഹൃത്തുക്കളുടെ മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന മണികണ്ഠന്‍..മനസിനെ ഏറെ സ്പര്‍ശിച്ചു..കാലം ആ സുഹൃത്തിനെ ഉയരങ്ങളിലെത്തിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു..എഴുത്തു ഇനിയും തുടരൂ..ആശംസകള്‍..

ശ്രീവല്ലഭന്‍. April 5, 2008 at 3:42 PM  

നന്ദന്‍,
വളരെ നല്ല ഒരു കുറിപ്പ്. ചിന്തിപ്പിച്ചു.

ഗീത April 5, 2008 at 4:24 PM  

ഹൃദയസ്പര്‍ശിയായ വിവരണം നന്ദകുമാര്‍.

മണികണ്ഠന്‍ ആ സുഹൃത്തിന് സൌജന്യമായി സ്ക്രിപ്റ്റ് എഴുതിക്കൊടുത്തു എന്നല്ലേ പറഞ്ഞത്. മണികണ്ഠന്‍, ഒരു പരമാര്‍ത്ഥം മനസ്സിലാക്കണം. ഇന്നത്തെ ലോകത്ത് ആര്‍ക്കു വേണ്ടിയും ഒരു സൌജന്യവുമരുത്. പിന്നെ, താന്‍ ചെയ്ത ജോലിക്ക് പ്രതിഫലം വാങ്ങുന്നത് തെറ്റൊന്നുമല്ല. അന്നങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇന്ന് ഈ സുഹൃത്തുക്കളൊക്കെ മണികണ്ഠനെ ബഹുമാനിച്ചേനേ.
ഇനിയുള്ള ജിവിതത്തിലെങ്കിലും മണികണ്ഠന് സര്‍വ്വ വിധ ഉയര്‍ച്ചയും ഉണ്ടാകാന്‍ ഭഗവാന്‍ അനുഗ്രഹിക്കട്ടേ...
നന്ദു മണിയെ ഇനി കണ്ടു മുട്ടുമ്പോള്‍ ഈ ചേച്ചിയുടെ ആശംസകള്‍ കൈമാറുക. ഈശ്വരന്‍ രണ്ടാളേയും അനുഗ്രഹിക്കട്ടേ.....

കുറുമാന്‍ April 5, 2008 at 5:30 PM  

നന്ദാ എഴുത്ത് സൂപ്പര്‍. മറ്റൊന്നും പറയാനില്ല. പറയാനുള്ളത് ഫോണില്‍ പറയാം. നമ്പറൊന്ന് വേഗം മെയില്‍ ചെയ്യ് താന്‍

പൈങ്ങോടന്‍ April 5, 2008 at 6:12 PM  

അടുത്ത പോസ്റ്റ് മണികണ്ഠനെക്കുറെച്ചാണെന്ന് പറഞ്ഞപ്പോള്‍ ഒരു ഹ്യൂമര്‍ പോസ്റ്റാണ് പ്രതീക്ഷിച്ചത്.
ഇത് നന്നായി എഴുതിയിരിക്കുന്നു മച്ചൂ..ഇങ്ങിനെയുള്ള സുഹൃത്തുക്കളുമായി അടുക്കാതിരിക്കുന്നതല്ലേ നല്ലത്.

Cartoonist April 7, 2008 at 12:07 PM  

എറങ്ങണ്ടാന്നു വിചാരിച്ചതാ.. പിന്നെ രണ്ടും കല്‍പ്പിച്ചങ്ക്ട് എറങ്ങി.തല പൊന്തിച്ചത് മൂന്നു കടവ് അപ്രത്ത് !
ഹെന്താ, ഹൊഴുക്ക് !

കുഞ്ഞന്‍ April 7, 2008 at 12:28 PM  

നന്ദന്‍‌ജീ..

ഉയരങ്ങളിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന മണികണ്ഠന്റെ സുഹൃത്തുക്കള്‍, മുന്‍പ് ഇത്തരം പ്രവൃത്തികള്‍ ചെയ്തിരിക്കണം അപ്പോള്‍ മണികണ്ഠനും അതുപോലെ ചെയ്യുമെന്ന് ഭയന്നിട്ടായിരിക്കും..

അതെ ദാരിദ്രത്തിന് എന്നും കള്ളന്റെ മുഖം കൂടിയുണ്ട്...!

പപ്പൂസ് April 7, 2008 at 12:29 PM  

വായിക്കാന്‍ വൈകി. ഒന്നും മിണ്ടാണ്ടെ പോവാന്‍ പറ്റുന്നില്ല... എങ്കിലൊട്ടു മിണ്ടാനും പറ്റുന്നില്ല... ഇതെന്തേ ഇങ്ങനേ!

കൊച്ചുത്രേസ്യ April 7, 2008 at 1:38 PM  

ചിന്തിപ്പിക്കുന്ന പോസ്റ്റ്‌..

d April 7, 2008 at 1:44 PM  

ആദ്യായിട്ടാണിവിടെ. കുറിപ്പ് ഹൃദയസ്പര്‍ശിയായി.. താങ്കളുടെ കൂട്ടുകാരന്റെ അനുഭവം മനസ്സില്‍ ഒരു നൊമ്പരം അവശേഷിപ്പിക്കുന്നു.. അദ്ദേഹത്തിന്‍ നല്ലതു വരട്ടെ.. നല്ല സുഹൃത്തുക്കളെ മാത്രം ലഭിക്കട്ടെ..

ഇട്ടിമാളു അഗ്നിമിത്ര April 7, 2008 at 2:37 PM  

"റേഷനരി ടീം” ..

വല്ലാതെ ഉള്ളില്‍ തട്ടുന്ന വിവരണം...

കണ്ണൂരാന്‍ - KANNURAN April 7, 2008 at 2:48 PM  

എഴുത്തു നന്നായിട്ടുണ്ട്, വല്ലാത്തൊരവസ്ഥ തന്നെ.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ April 7, 2008 at 6:27 PM  

ജീന്‍ വാല്‍ ജീന്റെ കഥ വായിക്കുന്നത്‌ ജേഷ്ഠന്റെ മലയാള പുസ്തകത്തില്‍ നിന്നാണ്‌ എന്നാണ്‌ ഓര്‍മ്മ. അന്ന് ജീന്‍ വാല്‍ ജീനോടും ഹൃദയം നിറയുന്ന കനിവായിരുന്നു.

പക്ഷെ ഇത്‌ നെഞ്ചില്‍ നിറക്കുന്ന അസ്വസ്ഥതയും, കണ്ണുകളില്‍ ഒഴുകാതെ നിറഞ്ഞ കണ്ണീരിനുമിടയില്‍ താങ്കളെ പോലെ എന്തു പറയും എന്നാണ്‌ പരതുന്നത്‌

മണികണ്ഠന്‍ അടുത്തുണ്ടായിരുന്നെങ്കില്‍ ഹൃദയത്തോട്‌ ചേര്‍ത്തു നിറുത്തി സ്നേഹിതന്മാര്‍ എന്ന ആ അല്‍പന്മാരെ രണ്ടു തെറിപറയമായിരുന്നു..... ആര്‍ത്തികള്‍ക്കിടയില്‍ ചവിട്ടിയരക്കപ്പെടുന്ന മനുഷ്യത്വത്തിന്‌ വേണ്ടി പ്രാര്‍ഥനകളേടെ വിട വാങ്ങുന്നു സുഹൃത്തെ.

സനീഷ് സി എസ് April 8, 2008 at 12:28 AM  

ഹൃദയസ്പര്‍ശിയായ ഓര്‍മ കുറിപ്പ്.

"നമ്മളൊക്കെ റേഷനരി ടീമല്ലേടാ നന്ദ്വോ, നമ്മള് ജീന്‍ വാല്‍ ജീന്‍ ചെയ്തതാ ശരീന്നു പറഞ്ഞു."

"അവന്റെ വാക്കുകള്‍ക്ക് എത്രവെന്തിട്ടും മണം മാറാത്ത റേഷനരിയുടെ ഗന്ധം ഉണ്ടായിരുന്നു, കാന്താരി മുളകിന്റെ എരിവുണ്ടായിരുന്നു. അവന്റെ സംഭാഷണങ്ങളില്‍ ചുട്ട പപ്പടത്തിന്റെ ചാരം പുരണ്ടിരുന്നു."

പുനര്‍ജ്ജനി April 8, 2008 at 7:07 PM  

ഇതിനേക്കാള്‍ വേദനിപ്പിക്കുന്ന കഥകള്‍ പറയാനുണ്ടെനിക്ക്‌....നിരവധി....നിരവധി...

ഹരിശ്രീ April 9, 2008 at 5:51 PM  

നന്ദകുമാര്‍ ജീ,

ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പ്

nandakumar April 9, 2008 at 6:20 PM  

ഒരു പാടു വര്‍ഷങ്ങളുടെ പഴക്കമില്ല ഈ അനുഭവങ്ങള്‍ക്ക് എന്നതാണ് ഇതിന്റെ പ്രസക്തി. വിദ്യാഭ്യാസ-സാമൂഹ്യ-സാംസ്ക്കാരിക- മായി ഏറെ ഉന്നതിയിലാണെന്നും, പുരോഗമനആളുകളാണെന്നും, പ്രബുദ്ധതയുള്ള സമൂഹമാണെന്നുമുള്ള നമ്മുടെ വീമ്പു പറച്ചിലുകള്‍ക്കിടയിലാണ് ഒരു പരിഷ്കൃത സമൂഹത്തിനാല്‍ ഒരു പാടു മണികണ്ഠന്മാര്‍ അവമാനിതരാകുന്നത്. ദാരിദ്ര്യമെന്നാല്‍ വെറുക്കപ്പെടേണ്ടതും സംശയിക്കപ്പെടേണ്ട്തുമാണെന്ന നെറികെട്ട ‘തമ്പുരാന്‍ കാഴ്ചപാടുകള്‍’ ഇപ്പോഴും എത്രത്തൊളം രൂഢമൂലമാണ്
നമ്മുടെ സമൂഹത്തിന്റെ ഉള്ളില്‍.?! എന്നാണ് നമ്മളൊരു പരിഷകൃത സമൂഹമാകുക? സാഹോദര്യമെന്നാല്‍ എന്താണെന്ന് എന്നാണ് നാം മനസ്സിലാക്കുക?

എന്റെ ബ്ലോഗിലേക്കു വരികയും, ഈ ജീവിതാനുഭത്തെ നെഞ്ചേല്‍ക്കുകയും ചെയ്ത ബൂലോകത്തിലെ സുമനുസ്സുകള്‍ക്ക്..”ശ്രീ, ഗുരുജി, ജ്യോതി, എം എം, പ്രാരാബ്ദം, തോന്ന്യാസി, കിച്ചു, പോ‍റാടത്ത്, പടിപ്പുര, റോസ്, ശ്രീ വല്ലഭന്‍, ഗീതാഗീതികള്‍, കുറുമാന്‍, പൈങ്ങോടന്‍, കാര്‍ട്ടുണിസ്റ്റ് സജ്ജീവ്, കുഞ്ഞന്‍, പപ്പൂസ്, കൊച്ചുത്രേസ്യ, വീണ, ഇട്ടിമാളു, കണ്ണുരാന്‍, ശൈരിഖ് ഹൈദര്‍, സനീഷ്, പുനര്‍ജ്ജനി” എന്നിവരോട് എന്റെ സ്നേഹത്തില്‍ പൊതിഞ്ഞ നന്ദി.

ദിലീപ് വിശ്വനാഥ് April 10, 2008 at 3:56 AM  

നന്ദാ...
വളരെ ഹൃദയസ്പര്‍ശിയായ കുറിപ്പ്.
സൌഹൃദത്തിന്റെ മായകാഴ്ചകളില്‍ മനം മയങ്ങുമ്പോള്‍ ഇങ്ങനെയും അവസ്ഥകള്‍ മനുഷ്യരുടെ ഇടയിലുണ്ടെന്നത് ആശ്ചര്യം തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ April 10, 2008 at 4:29 AM  

ദാരിദ്ര്യത്തിന് കള്ളനെന്ന അര്‍ഥമുണ്ടെന്നു പറഞ്ഞത് എത്ര സത്യം...

നന്ദകുമാര്‍, ഹൃദയസ്പര്‍ശിയായ വിവരണം

Rajeeve Chelanat April 10, 2008 at 4:45 PM  

നന്ദകുമാര്‍

എന്റെ പോസ്റ്റിലടിച്ച കമന്റുഗോള്‍ വഴി ഇന്ന് ഇവിടെയെത്തി.

പൈങ്ങോടില്‍ ഒതുങ്ങിപ്പോയ ആ സുഹൃത്തിനെ നേരില്‍ കണ്ടതുപോലെ.

ഇനിയും എഴുതൂ.

അഭിവാദ്യങ്ങളോടെ

ആഷ | Asha April 11, 2008 at 6:49 PM  

പപ്പൂസിന്റെ അതേ അവസ്ഥ എനിക്കും :)

Rakhesh Bhagavathy April 20, 2008 at 5:00 PM  

nandhu...,
no words to appreciate...
..but what the experience happend with manikandan is not the rare in the human life...its not a contreversial but i remind you that manikandan is not an odd one in this society...why it happends...its not becos of his friends...but offcourse its with the system and the setaire...
we have to change the system slowly...but no one is ready to do that...thats why still one MAHATMA GANDHIJI...alives...

Mittu May 2, 2008 at 12:17 PM  

it was a real touching post. may Manikandan find success in his future life.

Vineeth July 30, 2008 at 12:30 PM  

പൊട്ടിച്ചിരിക്കാനുള്ള ഒരുക്കതോടെയാണ് വായിക്കാന്‍ തുടങ്ങിയത് പക്ഷെ വിവരണം മനസിനെ ശരിക്കും സ്പര്‍ശിച്ചു നല്ല നിലവാരമുള്ള ഒരു പോസ്റ്റ് ......
പിന്നെ ഞാന്‍ ഒരു തുടക്കാകരനാണ് സമയമുണ്ടെങ്കില്‍ ഒന്നു നോക്കണം :
http://www.nerambokkukal.blogspot.com/

Vipin vasudev December 29, 2008 at 9:45 AM  

പോസ്റ്റ് നന്നായിട്ടുണ്ട് ...

മുക്കുവന്‍ February 4, 2009 at 2:14 AM  

ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.....

ചന്ദ്രമൗലി February 6, 2009 at 10:20 PM  

ഒരു കമന്റ് ഇടാന്‍ പറയാന്‍ തുനിഞ്ഞതാ.....
കഴിയുന്നില്ല.....തൊണ്ടയില്‍ ഒരു പിടുത്തം ...

അനീഷ് രവീന്ദ്രൻ February 7, 2009 at 8:09 PM  

“എത്രവെന്തിട്ടും മണം മാറാത്ത റേഷനരിയുടെ ഗന്ധം ഉണ്ടായിരുന്നു, കാന്താരി മുളകിന്റെ എരിവുണ്ടായിരുന്നു. അവന്റെ സംഭാഷണങ്ങളില്‍ ചുട്ട പപ്പടത്തിന്റെ ചാരം പുരണ്ടിരുന്നു.“

ശരിക്കും ഹൃദയസ്പർശിയായ കഥ. അഞ്ചാറ് തവണ ടൈപ് ചെയ്തത് ഡിലിറ്റ് ചെയ്തു. കമന്റെഴുതാൻ പോലും എനിക്ക് പറ്റുന്നില്ലല്ലോ.

Anonymous March 9, 2009 at 3:59 PM  

nandu ,valare nannayi ttundu
prakash.A.V

കുറ്റ്യാടിക്കാരന്‍|Suhair June 28, 2009 at 10:33 PM  

Nandetta...

wonderful...

i dont know what to comment.

really touching..

suhair

മാനസ December 6, 2009 at 5:58 PM  

ഹൃദയ സ്പര്‍ശിയായ പോസ്റ്റ്.
ഇപ്പോള്‍ മണികണ്ഠന്‍ എവിടെയാണ്?

Echmukutty July 16, 2010 at 11:25 PM  

ഞാനാദ്യമായാണിവിടെ.
ആദ്യം വായിച്ച പോസ്റ്റ് .......
മണികണ്ഠന്റെ വാക്കുകൾ ശരിയാണ്.

റിയാസ് (മിഴിനീര്‍ത്തുള്ളി) October 19, 2010 at 1:29 AM  

മനസിലൊരു നൊമ്പരം

അജേഷ് ചന്ദ്രന്‍ ബി സി October 21, 2010 at 3:35 PM  

സത്യം..
ദാരിദ്ര്യം എന്ന വാക്കിന്‌ കള്ളന്‍ എന്നും അര്‍ത്ഥമുണ്ട്..
പലപ്പോഴും ഈ ഒരവസ്ഥയില്‍ പെട്ടവരെ ജീവിതത്തിന്റെ പല കോണുകളിലും വച്ച് കണ്ട് മുട്ടിയിട്ടുമുണ്ട്..
ഹൃദയ സ്പര്‍ശിയായത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ടു..

Santhosh neendakara February 12, 2011 at 11:14 PM  

Nothing to say.... touching

പാക്കരൻ June 24, 2011 at 1:30 PM  

നന്ദേട്ടാ വളരെ ഹൃദയ സ്പര്‍ശിയായിരിരുന്നു മണികണ്ഠന്റെ അനുഭവങ്ങള്‍....

രാഹുല്‍ June 24, 2011 at 5:31 PM  

ഇതാണ് പോസ്റ്റ്‌... ഹൃദയത്തെ ശരിക്കും തൊട്ടു പോയാ ഒരു സുഖം ... നന്ദേട്ട ...ഒരു 1000 like.... :)

കാട്ടിപ്പരുത്തി June 27, 2011 at 3:13 PM  

സുഹൃത്ത് എന്ന വാക്കിന്റെ അർത്ഥമെന്താണു?

Anonymous July 10, 2011 at 1:17 PM  

കണ്ണ് നിറഞ്ഞു


നല്ല ഒഴുക്കുണ്ട് എഴുത്തിനു..എല്ലാ ആശംസകളും

abhilash pyngode June 27, 2012 at 11:01 PM  

ഹൃദയസ്പര്‍ശിയായ വിവരണം......