താനാരൊ തന്നാരോ തന താനാരോ തന്നാരോ..!!
"താനാരം തന്നാരം താനാരം ദേവ്യേ..
താനാരം തന്നാരം താനാരം
കാവില്‍ കൊടുങ്ങല്ലൂര്‍ വാണിടും ദേവ്യേ
അമ്മേ ഭഗവതി ഭദ്രകാള്യേ.." *
ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.
സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.
കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തെക്ക് കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം. കേരളത്തില്‍ ആദ്യമായി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രമെന്ന പെരുമയുമുണ്ട് കൊടുങ്ങല്ലൂരിന്. അപൂര്‍വ്വമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് മീന മാസത്തിലെ ഭരണി മഹോത്സവം. അശ്വതി നാളിലെ കാവുതീണ്ടലാണ് അതില്‍ പ്രധാനം.
വിശ്വാസം ചെമ്പട്ടു പുതക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ മണ്ണില്‍ മീനത്തിലെ തിരുവോണ ദിവസം ഉച്ചപ്പൂജക്കു ശേഷം വടക്കെ നടയിലെ ദീപസ്തംഭത്തിനു സമീപം മണല്‍ത്തിട്ട രൂപപ്പെടുത്തി അതില്‍ ചെമ്പട്ടു വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്ന 'കോഴിക്കല്ലു മൂടല്‍' ചടങ്ങോടെ ഭരണി തുടങ്ങുകയായി. കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടുകാര്‍ക്കാണ് ആ ചടങ്ങിന് അവകാശം. ചടങ്ങു പൂര്‍ത്തിയായാല്‍ കാരണവര്‍ 'തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ' എന്നു മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ വടക്കന്‍ കേരളത്തിലെ തച്ചോളി തറവാട്ടുകാരാണ് ആദ്യം കോഴിയെ സമര്‍പ്പിക്കുക.കോഴിക്കല്ലു മൂടലിനു ശേഷം ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ കോണിലെ ആല്‍മരത്തില്‍ എടമുക്ക് മൂപ്പന്മാര്‍ വേണാടന്‍ കൊടികള്‍ ഉയര്‍ത്തും. കേരളത്തില്‍ ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത ഏകക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനും ഭരണിക്കും കൊടിയുയര്‍ത്തുന്നത് ക്ഷേത്രമുറ്റത്തെ അരയാല്‍-പേരാല്‍ കൊമ്പുകളിലാണ്.
പുരാണ കഥാഖ്യാന പ്രകാരം, ലോകാധമനം നടത്തിവന്നിരുന്ന ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയായി. അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നണ് വിശ്വാസം. പ്രത്യക്ഷമൈഥുനത്തിന്റെ സൂചനയായിട്ടാണ് തെറിപ്പാട്ടു പാടുന്നത്.
അശ്വതി നാളില്‍ ഉച്ചതിരിഞ്ഞ് സ്ത്രീകളടക്കമുള്ള കോമരങ്ങള്‍ കൂട്ടം ചേര്‍ന്ന് ക്ഷേത്രത്തിനു ചേര്‍ന്നുള്ള അവകാശത്തറകളില്‍ (ആല്‍ത്തറ) സ്ഥാനം പിടിച്ചിരിക്കും. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ നിലപാടു തറയില്‍ വന്ന് ചുവന്ന പട്ടുകുട ഉയര്‍ത്തുന്നതോടെ 'കാവുതീണ്ടല്‍' ആരംഭിക്കുകയായി. തറയില്‍ ഇരിക്കുന്നവരും മറ്റുള്ള കോമരങ്ങളും കൂട്ടരും ക്ഷേത്രത്തിനു ചുറ്റും ഓടി മൂന്നു വട്ടം പ്രദക്ഷിണം വയ്ക്കും കൂറ്റന്‍ തിരമാലകള്‍ പോലെ അലയടിച്ചു വരുന്ന ഭക്തജനം 'അമ്മേ ദേവ്യേ' എന്നുറക്കെ വിളിച്ച് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മുളവടികള്‍ കൊണ്ട് അടിച്ച് , മഞ്ഞള്‍ പൊടിയും കുരുമുള്‍കും വിതറി തിരുനടയിലെത്തി ഉറഞ്ഞു തുള്ളി തിരുനെറ്റിയില്‍ വാള്‍ത്തലപ്പുകൊണ്ട് വെട്ടിയരിഞ്ഞ് നൃത്തം വയ്ക്കും, മുറിവില്‍ അമ്മയുടെ പ്രസാദമായ മഞ്ഞള്‍ പുരട്ടും.
മീനഭരണിയോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ കാവും, നഗരവും ചുവക്കും, അരയാല്‍ കൊമ്പുകളില്‍ കൊടികൂറകള്‍ പാറും, സംഘം ചേര്‍ന്ന് 'തന്നാരം' പാടി ക്ഷേത്രപരിസരത്ത നൃത്തം വയ്ക്കും. 'കോഴിക്കല്ലില്‍; ചുവന്ന പട്ട് വിരിച്ച് നമസ്ക്കരിച്ച് സായൂജ്യമടയും, എല്ലാ സങ്കടങ്ങളും ദേവിക്കു മുന്നില്‍ ഇറക്കിവെയ്ക്കും.
"അമ്മേടെ മക്കള് വന്നിട്ടുണ്ടമ്മേ
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ
നാടിന്റെ മക്കള്, കാടിന്റെ മക്കള്
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ" *
കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ ഏറെയും വരുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സു കഴിഞ്ഞ വൃദ്ധയും വൃദ്ധനും വരെ ഭക്തരിലുണ്ടാകും. 'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില്‍ തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **
എല്ലാവരും ഒരേ മനസ്സോടെ 'അമ്മേ ദേവ്യേ' വിളിച്ച് കൊടുങ്ങല്ലൂര്‍ കാവിനേയും, നഗരത്തിനേയും ശബ്ദമുഖരിതമാക്കും. സാമൂഹ്യ-ജാതീയ-സാമ്പത്തിക വിത്യാസമില്ലാതെ അമ്മയുടെ മക്കള്‍ ഒരേ മനസ്സോടെ, ഒരേ താളത്തോടെ, ഒരേ വായ്ത്താരിയോടെ തികഞ്ഞ സാഹോദര്യത്തോടെ ക്ഷേത്രമുറ്റത്ത് ഭക്തിയാല്‍ ലയിക്കും. ഓരോ ദേശത്തിനും അവരുടെ ആല്‍ത്തറ, ദേശമൂപ്പന്‍ എന്നിവയുണ്ട്. കലിതുള്ളി വന്ന കോമരങ്ങളും കൂട്ടരും മൂപ്പന്റെ മുന്നില്‍ നമസ്കരിച്ച് മൂപ്പന്റെ അനുഗ്രഹവും വാങ്ങി മഞ്ഞള്‍ പ്രസാദവും അണിഞ്ഞ് തിരിച്ചു പോരും.
അടുത്ത കൊല്ലം ഭരണിനാളില്‍ അമ്മയെ കാണാന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേശങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും.
**********************************************************
കടപ്പാടുകള്‍ : -
* പാട്ട് - സുബ്രഹ്മുണ്യന്‍ പുത്തന്‍ ചിറ,
** 'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്ക്.....' (ഈ വരികള്‍) - പി.എന്‍.ഗോപീകൃഷ്ണന്‍ (അവലംബം : www.kavithakodi.blogspot.com)
**********************************************************
ഞാനെടുത്ത 'ഭരണി ചിത്രങ്ങള്‍' താഴെ....
50 comments:
വിശ്വാസം ചെമ്പട്ടു പുതക്കുന്ന ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂരിലെ മീന ഭരണി വിശേഷം. “താനാരൊ തന്നാരോ തന താനാരൊ തന്നാരോ...”
കേട്ടിരുന്നു.
ചിത്രത്തിലൂടെ കണ്ടു.
നന്ദി.
ഇതെന്തായാലും വളരെ നന്നായി, നന്ദേട്ടാ...
ചിത്രങ്ങലും വിവരണങ്ങളും മികച്ചവ തന്നെ.
:)
gud! got somethng about 'Kodungalur bharani'(am i right) thru ur post! thnx. gud articl.... try to post these kind of informations!
thnxxxxxx
sudhee
നന്ദ,
നല്ല ലേഖനം.......നല്ല വിവരണം.
ചിത്രങ്ങള്‍ കാണുന്നില്ല (x)
വരുന്നവരില്‍ നല്ലൊരു പങ്ക് തമിഴ്നാട്ടില്‍നിന്നുമുണ്ട്.
കുറുമാന്‍ ജി. ചിത്രങ്ങള്‍ കാണുന്നില്ല എന്നു വേറൊരു സുഹൃത്തും പറഞ്ഞു. എന്താ പ്രശ്നന്ന് അറിയില്ല. അതുകൊണ്ടാ മെയില്‍ വഴി ചിത്രങ്ങള്‍ അയച്ചത്. ആരെങ്കിലുമൊന്നു പറഞ്ഞു തന്നിരുന്നെങ്കില്‍...?!!
ശരിയാണ് കുറുമാന്‍ ജി. ഊട്ടിയില്‍ നിന്നും വന്ന ഒരു സംഘത്തെ ഞാന്‍ അന്ന് രാത്രി പാലക്കാട് ബസ്റ്റാന്റില്‍ വെച്ചു കണ്ടു. ഭരണി കഴിഞ്ഞ് തിരിച്ചു പോകുന്ന ഭക്തര്‍.
നന്നായിട്ടുണ്ട്.... വാക്കുകള്‍ ശക്തി പ്രാപിച്ചിരിക്കുന്നു....
തുടര്‍ന്നും പോസ്റ്റുക..
വിവരണം നന്നായി. പടങ്ങളൊന്നും കാണാല്ലാ ട്ടാ.
നൊസ്റ്റാള്ജിക്ക് മെമ്മറീസ് മാന്... :)
അച്ഛന്റെ കൈ പിടിച്ച് താലപ്പൊലി കാവിലെ മണ്ണുപറക്കുന്ന വഴികളിലൂടെ നടന്നത്..
ആദ്യമായി മരണക്കിണര് കണ്ടത്....
പൊട്ടിയൊലിക്കുന്ന നെറ്റിയും വാളും ചിലമ്പുമായി വരുന്ന കോമരങ്ങളെ കണ്ട് പേടിച്ചു നിലവിളിച്ചത്...
ചെകിട് തെറിപ്പിക്കുന്ന വെടി ശബ്ദങ്ങള്...... വളയങ്ങളായി ഉയരുന്ന പുക..... എല്ലാം...
താനാരോ തന്നാരോ... അക്ഷരാഭ്യാസം കുട്ടുകാരോടൊത്ത് തുടങ്ങി ആദ്യനാളുകളില്‍ തന്നെ സ്വായത്തമാക്കിയ പാട്ട്. അതിനിത്രയും ആഴമുണ്ടെന്ന് മനസ്സിലായിരുന്നില്ല.
ഏതായാലും ബുദ്ധവിഹാരമായിരുന്നു കൊടുങ്ങല്ലൂര്‍ എന്നും അവിടെനിന്നും ബുദ്ധഭിക്ഷുക്കളെ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ തെറിവിളിച്ച് ആട്ടിയോടിച്ചതിന്റെ സ്‌മരണപുതുക്കലാണ് ഭരണി എന്നുമെവിടെയോ വായിച്ചത് ഓര്‍മ്മവരുന്നു.
ഭരണി മിസ്സായിട്ട് ഇപ്പോ ഇത് മൂന്നാമത്തെ വര്‍ഷമാ..ഈ കൊല്ലമെങ്കിലും ഭരണിക്ക് നാട്ടില്‍ ഉണ്ടാവണെമെന്ന് കരുതിയെങ്കിലും നടന്നില്ല. ഞങ്ങള്‍ ഭരണിക്ക് രാത്രിയാണ് പോകാറുണ്ടായിരുന്നത്. രാത്രി ഒരു ഒമ്പത് മണിയാവുമ്പോ പോകും. എന്നിട്ട് തിരിച്ചു വരുന്നത് പിറ്റേ ദിവസം രാവിലെ. ഒരു കൂട്ടമായാണ് പോവുക..പത്തും പതിനഞ്ചും സുഹൃത്തുക്കള്‍ ഉണ്ടാകും. കാവില്‍ ചെന്നാല്‍ പിന്നെ ഒരു ആര്‍മാദ്ദമാണ്. തെറിപാട്ടും പാടി പല പല സംഘങ്ങള്‍ അമ്പലത്തിനു ചുറ്റും ഉണ്ടാകും. ആദ്യം നന്നായി പാട്ടുപാടുന്ന ഏതെങ്കിലും ഒരു സംഘത്തിന്റെ കൂടെ കൂടും. എന്നിട്ട് അവരുടെ കയ്യിലുള്ള പാട്ടുകള്‍ മുഴുവന്‍ മനസ്സില്ലാക്കികഴിഞ്ഞാല്‍ പിന്നെ അവരോട് ഗുഡ് ബൈ പറഞ്ഞ്, നമ്മുടെ പിള്ളാരെല്ലാം കൂടിയുള്ള ഒരു ടീം സെറ്റപ്പാക്കും. പാട്ടുകേട്ടുനില്‍ക്കുന്നവനേയും, പാടുമ്പോ കൂടെ പാടാത്തവനേയും നല്ല ഗമണ്ടന്‍ തെറികൊണ്ട് അഭിഷേകം നടത്തും. ഈ ഒരു ദിവസം മാത്രം നമ്മുക്ക് ആരേ വേണേലും തെറി പറയാം..ഒരാളും നമ്മളെ ഒന്നും ചെയ്യില്ല.. എന്റെ പല സുഹൃത്തുക്കളോടും ഈ ആചാരത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ പലര്‍ക്കും സംശയമാണ്, ഇപ്പോഴും ഇങ്ങിനെയൊക്കെ ഉണ്ടോന്ന്..കൊടുങ്ങല്ലൂര്‍ ഭരണി കണ്ടിട്ടില്ലാത്തവര്‍ ഒരിക്കലെങ്കിലും അതു കാണേണ്ടതാണ്.
അടുത്തവര്‍ഷം എന്തായാലും ഒരു ടീം സെറ്റപ്പ് ചെയ്തിട്ടേയുള്ളൂ ബാക്കി കാര്യം..അതുറപ്പ്
വിവരണവും ചിത്രങ്ങളും നന്നായി മച്ചൂ
പോകല്ലേ ഒരു മിനിറ്റ് : ഈ തെറിപ്പാട്ടെന്ന് വെച്ചാലെന്താ? അല്ലാ, ഈ തെറീന്ന് വെച്ചാലോ..നിങ്ങക്കറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരണേ..
നന്ദപര്‍വ്വം നന്ദേട്ടാ, നന്ദി..
കാര്യം കൊടുങ്ങല്ലൂരമ്പലത്തില്‍ വന്നിട്ടുണ്ടെങ്കിലും, ഇതു വരെ ഭരണി കൂടിയിട്ടില്ല.
പിന്നെ , ആ തെറിയുടെ പുറകിലുള്ള കഥ കൂടിയൊന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.. കുറേയധികം തെറ്റിധാരണകള്‍ പലര്‍ക്കുമുണ്ടെന്നു തോന്നിയിട്ടുണ്ട്. അതും ഒന്നു ക്ളിയര്‍ ചെയ്യാമല്ലോ
അയ്യോ..ഇടയ്ക്ക് ഒരു അല്പ്പം വിട്ടു പോയെന്നു പിന്നെ വായിച്ചപ്പോ കണ്ടു. ചോദിച്ച ചോദ്യം തിരിച്ചെടുത്തിരിയ്ക്കുന്നു.
’താനാരോ’ ചരിത്രം ഒട്ടും അറിയില്ലായിരുന്നു നന്ദേഷ്. ക്ലീനായി വിവരിച്ചതിനു നന്ദി. :-)
പടങ്ങളും കിടിലന്‍. ആ ചോര നാവു കൊണ്ടു നുണയുന്ന പടം (ഇരുപത്തൊന്നാമത്തേത്) വേണായിരുന്നോ? കണ്ടിട്ടുണ്ട്, ഇപ്പോഴും കാണാറുണ്ട് എന്നതൊക്കെ ശരിയാണെങ്കിലും നോക്കുമ്പോ ഒരു... ഒരിദ്... പതിനഞ്ചാം തിയ്യതി കാവില് തിറയാണ്. മൂഡായി. :-)
പടങ്ങള്‍ വളരെ നന്നായിരിക്കുന്നു.
നന്ദന്‍.. നല്ല വിവരണം.. നല്ല വാക്കുകള്‍..
ഭരണി നേരിട്ട് കണ്ട അനുഭവം.., ആ ഫോട്ടോസ് കൂടി കണ്ടപ്പോള്‍..
പഠിയ്ക്കുന്ന കാലത്ത്, ഭരണിനാളുകള്‍ക്കടുത്ത ദിവസങ്ങളില്‍, മലപ്പുറത്ത് നിന്നുള്ള, ഉറഞ്ഞ് തുള്ളിയ കോമരങ്ങളോടൊപ്പമുണ്ടായിരുന്ന, ആ യാത്രകള്‍ ഇന്നും ഹരമായി മനസ്സിലവശേഷിയ്ക്കുന്നു..
ഓര്‍മ്മ വെച്ച നാള്‍ കേട്ടിട്ടുള്ള ഒരു ഒത്സവം..ഇന്നോളം കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത ആ ഉത്സവം കണ്ണിന്‍മുന്നില്‍ കണ്ടതുപോലെ അനുഭവിപ്പിച്ചതിനു ഒരു കോടി നന്ദി.. ഗോത്രസംസ്കാരങ്ങളുടെ ആ നിറപ്പൊലിമ ഇന്നും സൂക്ഷിക്കുന്ന ഇത്തരം ഉത്സവങ്ങള്‍ മനസ്സില്‍നിന്നും കൊടിയിറങ്ങാത്തിടത്തോളം നമ്മളൊക്കെ മലയാളികളായിരിക്കും..എത്ര സുഖമുള്ള കാഴ്ച്ചകള്‍...നന്ദകുമാര്‍ നന്ദി..
ആ പറമ്പില്‍ എവിടെയോ ഞാനുണ്ടായിരുന്നു....പൊട്ടിയ ഒരു ബലൂണിന്റെ മുറിത്തുണ്ടും പോക്കറ്റിലിട്ട്
മാഷേ..ഇത്തരം പോസ്റ്റുകളുമായി നിത്യം വരണേ...മാഷിന്റെ ക്യാമറ ഇനിയും ഒരുപാടു സുഖമുള്ള ഓര്‍മകളെ ഒപ്പിയെടുക്കട്ടെ...അതു ഇങ്ങനുള്ളവര്‍ക്കു പകരട്ടെ..
നല്ല അസ്സല്‍ വിവരണം, ഭരണി ചിത്രങ്ങള്‍ ആദ്യായിട്ടാ കാണുന്നെ
nanduchetta
nannayittundu.njan ellathum vaayichirunnu.nalla bhasha .
pinne manikandan chettane kurichu ezhuthiyathu (specially)nannayi.aasamsakal .
Nalla post Nandusee....
:)
Picturesile watermarks ozhivaakaam ennu thonni. Padanaglude naduviloodeyulla orezhuthinu oru vallaayma undu.
Athozhivakki pakaram ivide poyi oru license sanghadippikku.
http://creativecommons.org/licenses/
സു :- ആദ്യമായിവിടെ വന്നതിനും കമന്റിയതിനും നന്ദി. ഇനിം വരൂല്ലോ ല്ലേ? :-)
ശ്രീ :- സന്തോഷം. :-)
സുധീഷ് :- ഞാന്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒക്കെ ശരിതന്നെ. തീര്‍ച്ചയായും ശ്രമിക്കാം.
കുറുമാന്‍ :- ജി നന്ദി. ഇപ്പോള്‍ കാണാലോ അല്ലെ? :-)
കിച്ചു. :- സന്തോഷം ഗഡ്യേ..
കുട്ടന്‍ മേനോന്‍ :- ആദ്യമായിവിടെ വന്നതിനും കമന്റിയതിനും നന്ദി. ഇനിം വരൂല്ലോ ല്ലേ? ഇപ്പോ ചിത്രങ്ങള്‍ കാണാലോ ല്ലേ?
ജിഹേഷ് :- നന്ദീഡാ. അപ്പറഞ്ഞതിനു നിനക്കിരിക്കട്ടെ രണ്ടു ‘താനാരാ തന്നാരാ’
നന്ദേട്ടാ മനോഹരമായിരിക്കുന്നു, ചിത്രങ്ങളും, ഐതിഹ്യവുമെല്ലാം.......നന്ദി
നിത്യന്‍ :- അങ്ങിനേയും ഒരു ഭാഷ്യം ഉണ്ട്. ബുദ്ധഭിക്ഷുക്കളുടെ തലയറുത്ത് പാത്രത്തില്‍ വെച്ച് എഴുന്നെള്ളിയതിന്റെ(പൊലിയടുത്തതിന്റെ)പ്രതീകമാണ് ‘താലപ്പൊലി’ (താലപ്പൊലി മഹോത്സവം) എന്നും പറയുന്നുണ്ട്. (‘തലപ്പൊലി‘ പിന്നീട് ‘താലപ്പൊലി’യായതെന്നും പറയപ്പെടുന്നു.) ശബരിമല, കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഇവ ബുദ്ധവിഹാരങ്ങളായിരുന്നെന്നും ഹൈന്ദവ ബ്രാഹ്മണര്‍ കവര്‍ന്നെടുത്തതാണെന്നും. ചരിത്രത്തില്‍ ഇതിലെത്ര വസ്തുതയുണ്ട് എന്ന് അറിഞ്ഞുകൂടാ. പക്ഷേ കേരളത്തില്‍ ബുദ്ധസ്വാധീനം വളരെ കുറവായിരുന്നെന്ന് ആയുര്‍വ്വേദ വൈദ്യനും പണ്ഡിതനുമായ ശ്രീ. രാഘവന്‍ തിരുമല്‍പ്പാട് പറഞ്ഞിട്ടുള്ളതായി ഞാനോര്‍ക്കുന്നു (ഭാഷാപോഷിണി 2006, ആഗസ്റ്റ്)എന്തൊക്കെ ഭേദങ്ങളുണ്ടായാലും ഭരണി ഒരു അനുഭവമാണ്. അത് പ്രാകൃതമല്ല, പ്രാചീനമാണ്. മുഖാവരണമില്ലാത്ത നിഷ്കളങ്കഭക്തി, നൃത്തവും, പാട്ടും സമന്വയിക്കുന്ന പ്രാഗ് കലാ രൂപം.
പൈങ്ങോടന്‍ :- എടാ പൈങ്ങോടാ.. കൊടുങ്ങല്ലൂരില്‍ വരുന്ന ഭരണി ഭക്തര്‍ ‘തെറിപ്പാട്ട്’ പാടാറില്ലെന്നും പ്രാസമൊപ്പിച്ചുള്ള ‘കാളിചരിതം’ആണ് പാടാറുള്ളതെന്നും കൊടുങ്ങല്ലൂരിലെ ലോക്കല്‍ സംഘങ്ങളാണ് തെറിപ്പാട്ടുകള്‍ പാടുന്നതെന്നും അറിയാം. അപ്പോള്‍ ആ പച്ചത്തെറിയുടെ പുറകില്‍ നീയും നിന്റെ കൂട്ടുകാരുമായിരുന്നല്ലേ?!? ച്ചെ! വൃത്തികെട്ടവന്‍. വെറുതെയല്ല നാട്ടാരു പിരിവിടുത്തു നിന്നെ ആഫ്രിക്കയിലേക്കു നാടു കടത്തിയത്. 3 വര്‍ഷമായി കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ടു തീരെയില്ലെന്നു പറയുന്നുമുണ്ട്. ഇപ്പോഴാണ് സത്യം മനസ്സിലായത്. :-)
ഇതുവരെ കൊടുങ്ങല്ലൂരു പോയിട്ടില്ല. ധാരാളം കേട്ടിട്ടുണ്ട്. ഇനിയൊന്നു പോകണം ഒരിക്കല്‍. ഈ പോസ്റ്റ് വളരെ വിജ്നാനപ്രദമാണു. ചിത്രങ്ങളും നന്നായിരിക്കുന്നു.
സസ്നേഹം
ആവനാഴി
കോമണ്‍ മാന്‍ :- അപ്പോ കാര്യങ്ങളൊക്കെ പിടികിട്ടിയില്ലേ?! ഭാഗ്യം തെറിയുടെ പുറകിലുള്ള കഥയല്ലെ ചോദിച്ചുള്ളു. തെറിപ്പാട്ടു വെണംന്ന് പറഞ്ഞില്ലല്ലൊ!
പപ്പൂസ് :- ദിനപത്രങ്ങളിലെ മുന്‍പേജുകളില്‍ എന്നും വരുന്ന ചിത്രങ്ങളേക്കാള്‍ അസ്വസ്ഥതയുണ്ടോ ആ ചിത്രത്തിന്? കൊടുങ്ങല്ലൂര്‍ ഭരണിയുടെ മുഴുവന്‍ വിവരണത്തിനും ആ ചിത്രം കൂടി വേണം എന്നു തോന്നി.
കുതിരവട്ടന്‍ :- നന്ദി. ഈ വഴിക്ക് വല്ലപ്പോഴും വരണേ..
പൊറാടത്ത് :- നന്ദി. എല്ലാ പോസ്റ്റുകള്‍ക്കും അഭിപ്രായം പറയുന്നതിനും ബ്ലോഗില്‍ വരുന്നതിനും നന്ദി.
ഗുരുജി :- ഞാന്‍ പറഞ്ഞതിനേക്കാളും അപ്പുറമാണ് യഥാര്‍ത്ഥത്തില്‍ ഭരണി. അതിന്റെ മുഴുവന്‍ ചിത്രവും എനിക്കു ഈ പോസ്റ്റില്‍ വരക്കാന്‍ കഴിഞ്ഞോ എന്ന ആശങ്കയിലാണ് ഞാനിപ്പോഴും. നന്ദി.
പുനര്‍ജ്ജനി :- വന്നതിനു കമന്റിയതിനും നന്ദി. തീര്‍ച്ചയായും ശ്രമിക്കാം.
പ്രിയ ഉണ്ണികൃഷ്ണന്‍ :- പ്രിയപ്പെട്ട പ്രിയാ എന്റെ പ്രിയപ്പെട്ട ഭരണിചിത്രങ്ങള്‍ കണ്ട് പ്രിയക്ക് പ്രിയപ്പെട്ടതില്‍ പ്രിയയോടെനിക്ക് പ്രിയം..:-) ഇനിം വരൂല്ലൊ അല്ലെ ഈ വഴിക്ക്?
ശ്രീകേഷ് :- നമ്മളെ അങ്ങ്ട്ട് മനസ്സിലായില്ല. ബ്ലോഗ് കണ്ടു. പാരിജാതപുരം ചിത്രങ്ങള്‍ കണ്ട് ഞാന്‍ സന്തോഷിച്ചു. നന്ദി.
എം എം. :- വേലു, വാട്ടര്‍ മാര്‍ക്ക് മാറ്റണം എന്നു അവസാനം കരുതിയതാണ്. പക്ഷെ, എത്രയും പെട്ടെന്ന് പോസ്റ്റാനുള്ള ആക്രാന്തത്തില്‍ അതു മറന്നു. കമന്റിനു നന്ദി.
തോന്ന്യാസി :- നന്ദി, എന്നുമിവിടെ വരുന്നതിനും.
ആവനാഴി :- ഞാന്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു മാഷെ. വന്നാലും. ഒരിക്കലെങ്കിലും അത് കാണണം. അടുത്ത തവണ ഞാന്‍ നേരത്തെ അറിയിക്കാം. വരണം. നന്ദി ഇവിടെ വന്നതില്‍. ഇനിയും വരണം
കൊടുങ്ങല്ലൂരമ്മ വടക്കോട്ടേക്കുള്ള യാത്രയില്‍ കൊച്ചന്നൂര്‍ അംശമായ കപ്ലേങ്ങാട് എത്തിയതും ഒറ്റപ്പെട്ടുപോയ അമ്മയെ ഒരു മുസല്‍മാന്‍ കുടിയീരുത്തിയതും ഒരൈതീഹ്യമാണ്.വര്‍ഷം തോറും നടക്കാറുള്ള ഭരണി മഹോത്സവം മൂന്നു നാള്‍ നീണ്ടുനില്‍കും.ഒട്ടേറെ കാലം ഉത്സവ കമ്മിറ്റിക്കാരില്‍ അധികവും മാപ്പിളമാര്‍ ആയിരുന്നു.ഇന്ന് മാപ്പിളമാര്‍ അന്യരാണ്.
അല്ലെങ്കിലും പൂച്ചക്കെന്താ പൊന്നുരുക്കുന്നേടത്ത്.
വിശ്വാസമേതായാലും ചരിത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അറിവിന്റെ ഹുണ്ടികയില്‍ ഒരു മുതല്‍കൂട്ടാണ്.
നന്ദന്‍ അറിവ് പങ്കു വെച്ചതിന് നന്ദി.
nalla ezhuthu..bharaniye pattiyulla oru vivaranam mathramayi thonniyilla.chithrangalum nannayirikkunnu..ethu vare kanan kazhinjittillatha meena bharani kanda pratheethi...
(appo full time kavilayirunnu lle..?)
ഇതൊക്കെ കാട്ടി തന്നതിനു നന്ദി നന്ദാ.
തെറിപ്പാട്ട് ഇവിടെയാണല്ലേ
പറഞ്ഞു കേട്ടിട്ടുള്ള പ്രസിദ്ധമായ് മീന ഭരണിയിലെ വിശേഷങ്ങള്‍ നേരിട്ട് കണ്ട് ഒരു അനുഭൂതി ഉണ്ടായി. നന്നായി വിവരിച്ചിരിക്കുന്നു. പക്ഷെ ഒറ്റ ഫോട്ടോസും എനിക്ക് കാണാന്‍ പറ്റിയില്ല...ഒപ്പം ആ പൂരപ്പാട്ടുകളും..
ഇതുവരെ കൊടുങ്ങല്ലൂര്‍ഭരണി കണ്ടിട്ടില്ല. ഈ ചിത്രങ്ങളിലൂടെയെങ്കിലും കണ്ടല്ലോ. പോസ്റ്റും നന്നായി
ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.
നല്ല ലേഖനം,
നല്ല ചിത്രങ്ങള്‍.
നല്ല വിവരണം.
good article....
not balanced..
നന്ദാ..
എഴുത്തിന്റെ ശക്തി കമന്റുകളില്‍ പ്രതിധ്വനിക്കുന്നു. പടങ്ങള്‍ എഴുത്തിലെ തീവ്രതയെടുത്തുകാണിക്കുന്നു. പിന്നെ പൈങ്ങോടനുകൊടുത്ത മറുപടി വായിച്ചപ്പോള്‍, എന്തുകൊണ്ടാണു തെറിപ്പാട്ടുകള്‍ നിന്നുപോയതെന്ന് മനസ്സിലായി..!
അത്ക്കന്‍ :- ആ വിവരം അറിയച്ചതിനു നന്ദി. എനിക്കതു ആദ്യ അറിവാണ്. തൃശ്ശുര്‍ ജില്ലയുടെ വടക്കെയറ്റം ‘പഴയന്നൂര്‍’ തട്ടകത്തില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിക്ക് ആരും വരില്ല. പഴയന്നൂര്‍ ഭഗവതിയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു പഴയ വഴക്ക്. :-)
ജ്യോതി :- ഇനി മലയാളത്തില്‍ കമന്റ്റിയാലെ നന്ദി പറയുന്നുള്ളൂ :-)
ആഷ :- അതെ, പാട്ടു മാത്രമല്ല. നൃത്തവും എല്ലാം.
പഴമ്പുരാണംസ് :- അങ്ങിനെ പലരും പറഞ്ഞതുകൊണ്ട് ഞാന്‍ റീ-അപ് ലോഡ് ചെയ്ത് താണല്ലൊ, പലര്‍ക്കും കാണാമെന്നും പറഞ്ഞു. എനിക്കു താങ്കളുടെ ഇ-മെയില്‍ ഐഡി അയക്കു ഞാന്‍ മെയില്‍ വഴി അയച്ചു തരാം.
ഗീതാഗീതികള്‍ :- നന്ദി. ഇനീം വരണം ഈ വഴിക്ക്.
വാത്മീകി:- നന്ദി മാഹാമുനേ...:-)
യാരിദ് :- :-)
മുഹമ്മദ് സഗീര്‍ :- സംന്തോഷം സുഹൃത്തെ. ഇനീം വരണം.
കലേഷ് കുമാര്‍ :- നന്ദി.
കുഞ്ഞന്‍ :- കമന്റിയതിനു. നന്ദി. അതു പൈങ്ങോടനൊരു കൊട്ടല്ലെ..
ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാത്തവര്‍ ഇ-മെയില്‍ ഐഡി അയച്ചു തന്നാല്‍ ചിത്രങ്ങള്‍ മെയില്‍ ആയി അയച്ചു തരാം :-)
താങ്കളുടെ വിവരണവും ചിത്രങ്ങളും കണ്ടു... കൊള്ളാം..
ഭരണി കലക്കി മാഷേ..
പിന്നെ കൈരളി ടി.വി. സമ്പ്രേക്ഷണം ചെയ്ത ‘കലി’ എന്ന ഡോക്യുമെന്ററി കണ്ടിട്ടുണ്ടോ. കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഏറ്റവും നല്ല ദൃശ്യാവിഷ്കാരം. ബനേഷിന്റെ സ്ക്രിപ്റ്റ്. എല്ലാം കൊണ്ടും മികച്ചു നിന്ന ഒരു ദോക്യുമെന്ററിയായിരുന്നു അത്.
നല്ല പോസ്റ്റ്. പലകാര്യങ്ങളും പുതിയ അറിവാണ് നന്ദി
കൊള്ളാം. നല്ലൊരു ലേഖനം.
ഇനിയും പ്രതീക്ഷിക്കട്ടെ..
നന്ദി.
ബെസ്റ്റ് നന്ദാ ബെസ്റ്റ്....
നല്ല ബെസ്റ്റ് ആഖ്യാനരീതി.. :)
ഒരു ബ്ലോഗ് തുടങ്ങി...
തസ്കരവീരന്‍
(ഈ പരസ്യം ഇത്തവണത്തേക്കു മാത്രമാണ് കേട്ടോ, പിണങ്ങിക്കളയല്ലേ...)
ഏതോ ഒരു കമന്റ്ന്റെ വാള് പിടിച്ചു വന്നതാണ് ഇവിടേക്ക്...വന്നത് വെറുതെയായില്ല..തൃശ്ശൂര്‍ കാരിയാനെന്കിലും,കൊടുങ്ങല്ലൂര്‍ ഭരണിയെപ്പറ്റി ഇത്ര അറിയില്ലായിരുന്നു...നന്ദി..
നന്ദന്‍ ജീ..,കൊടുങ്ങല്ലൂര്‍ ഭരണിയെപ്പറ്റി കേട്ടറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ...പോസ്റ്റിലൂടെ വിശദമായി തന്നെ ഭരണി കണ്ടറിഞ്ഞു...രൌദ്ര ഭാവമാര്‍ന്ന കോമരങ്ങള്‍ ഉറഞ്ഞു തൂള്ളുന്ന..,തെറിപ്പാട്ടുകള്‍ മുഴങ്ങുന്ന ആ ഭക്തിസാന്ദ്രമായ അന്തരീക്ഷം മനസ്സിലേക്കിട്ട് തന്നതിനു നന്ദി..പിന്നെ ചിലമ്പു നഷ്ടപ്പെട്ട കണ്ണകിയല്ലേ കൊടുങ്ങല്ലൂരമ്മ...എന്തോ അങ്ങനെയൊരു കഥയായിരുന്നു എന്റെ മനസ്സില്‍..
"ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു."
ഇത് കേവലമായ ഒരു ദ്രാവിഢ ദ്രുത താളത്തിന്റെ കലാശക്തിയായിമാത്രം കാണാന്‍ കഴിയില്ല.
മറിച്ച് ആത്മാംശത്തിലനാദിയായിക്കിടക്കുന്ന ദൈവകണമുള്ള വിദ്യുത്‌സ്ഫുലിംഗങ്ങള്‍
ദൈവാംശത്തിലേക്ക്, അതായത് അതിന്റെ യഥാര്‍ത്ത ഉറവിടത്തിലേക്ക് പ്രവേശിക്കാന്‍
വെമ്പല്‍ കൊള്ളുന്ന അതി തീവ്രമായ ഒരു ശ്രമത്തിന്റെ ഭാഗമാണു എന്ന് പറയാം...
അതൊന്നുമല്ല, അതിനുമപ്പുറത്തേക്ക് ഒരുപാട് നിറ്വ്വചനങ്ങള്‍ വേണ്ടി വരുന്ന
മറ്റെന്തൊക്കെയോ ആണ്
തിരുത്തലുകളും പുതുനിറ്വ്വചനങ്ങളും ഇനിയും ആവാം
സ്നേഹപൂറ്വ്വം മണല്‍ക്കിനാവ്
ഉഷാകുമാരി :- ടീച്ചര്‍, ആദ്യമായിവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
പുടയൂര്‍ :- നന്ദി. ‘കലി’യെക്കുറിച്ച് കേട്ടിട്ടുണ്ട്. കണ്ടിട്ടില്ല. എന്റെ തന്നെ സുഹൃത്ത് പി.എന്‍.ഗോപീകൃഷ്ണനാണ് സംവിധാനം.
ഗുപ്തന്‍ : എനിക്കും അത്ഭുതമായി, പലര്‍ക്കും ഇതൊരു പുതിയ അറിവായതില്‍. നന്ദി
അനില്‍ : നന്ദി. ഇനീം വരണം
സുമേഷ് : നന്ദി. എടക്കൊക്കെ ഇങ്ങോട്ടൊക്കെ ഇറങ്ങൂ :-)
തസ്കരവീരന്‍ : എടാ വീരാ..എന്റ്റെ പോസ്റ്റിനെക്കുറിച്ച് ഒന്നും പറയാനില്ലേ?
സ്മിത:- അറിഞ്ഞിരിക്കണം, പലതും :-) നാട്ടുചരിതങ്ങള്‍ അറിഞ്ഞിരിക്കേണ്ടേ?
റെയര്‍ റോസ് : നന്ദി. അത് മറ്റൊരു കഥയാണ്. കമന്റിനു നന്ദി.
രഞ്ചിത്ത് : കമന്റിനു നന്ദി. ഇനിയും ആഴത്തിലേക്കു പോയാല്‍ ഒരുപാടു കിട്ടും നിര്‍വ്വചനങ്ങള്‍, കാഴചപ്പാടുകള്‍. അത് മറ്റൊരിക്കലാവാം.
പറയാനുള്ളത് രണ്ടാം റൌണ്ടില്‍ ആകാമെന്ന് കരുതിയതാ.
An informative article.
ഭരണിപ്പാട്ടില്‍ അശ്ലീലമല്ല, പലതും താന്ത്രികതയുമായി ബന്ധമുള്ള - കൊടുങ്ങല്ലൂരിലെ താന്ന്ത്രിക പാരമ്പര്യത്തെ സൂചിപ്പിക്കുന്നു എന്ന് ഒരിടത്ത് വായിച്ചതും ഓര്‍മ വന്നു.
ഇടക്കൊക്കെ ഞാന്‍ ഇതു വഴി വരും...
മോഷ്ടിക്കാന്‍ എന്തെങ്കിലും ഒക്കെ കിട്ടിയാലോ...!
Good narration and Photos.. Do u know more details about the last photo..?
കൊടുങ്ങല്ലൂര്‍ കുരുംബ കാവിനെക്കുറിച്ചുള്ള അറിവും കാഴ്ച്ചയും നല്‍കുന്ന ഈ പോസ്റ്റിനു നന്ദി.
കാവിലെ പരികര്‍മ്മികളേയും വിവിധ ചടങ്ങുകളുടെ അവകാശക്കാരേയും കാണാനും അറിയാനും വഴിയുണ്ടെങ്കില്‍ പറയണേ...
ഹിന്ദുമതം ജനിക്കുന്നതിനു മുന്‍പുള്ള സാംസ്ക്കാരികതയുടെയും മൂപ്പന്മാരുടേയും പാരമ്പര്യ പ്രഭാവം കാവില്‍ സംരക്ഷിക്കപ്പെട്ടുകിടക്കുന്നു.
Post a Comment