Thursday, March 18, 2010

പിറന്നാളിന്റെ മധുരം...

കുട്ടിക്കാലത്തെ പിറന്നാളാഘോഷത്തിനു നിറങ്ങളുണ്ടായിരുന്നില്ല, പക്ഷേ സന്തോഷമേറെയുണ്ടായിരുന്നു. കളിപ്പാട്ടങ്ങളും പുത്തന്‍ വസ്ത്രങ്ങളും കേക്കും വര്‍ണ്ണപ്പൂക്കളുമായി ജീവിതത്തിലൊരിക്കലുമൊരു പിറന്നാളാഘോഷം ഉണ്ടായിട്ടില്ല. അതൊന്നും പക്ഷെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയുമല്ല അപ്പോഴും ഇപ്പോഴും‍. അന്നും പിറന്നാളുകള്‍ക്ക് അങ്ങിനെയൊരു ചിട്ടവട്ടങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതൊന്നും നമുക്ക്(എനിക്ക്) ചേരുന്നതോ നമ്മുടെ ജീവിതത്തിലുള്ളതോ ആണ് എന്നൊന്നും തോന്നിയിട്ടില്ല അന്നും ഇന്നും. പിറന്നാളിന് ‘ഇതെന്റെ സമ്മാനം’ എന്നു പറഞ്ഞ് ആരും ഒരു സമ്മാനപൊതി നീട്ടിയിട്ടുള്ളതായി ഓര്‍മ്മയിലൊരിടത്തും ഇല്ല.

പിറന്നാളിനെകുറിച്ചുള്ള തിളങ്ങുന്ന ഓര്‍മ്മകളെന്നു പറഞ്ഞാല്‍; തലേ ദിവസം രാത്രിയില്‍ അമ്മയോ ചേച്ചിയോ ഓര്‍മ്മിപ്പിക്കും ‘ടാ നാളെ നിന്റെ പെര്‍ന്നാളാ. കാലത്തന്നെ എണീറ്റ് അമ്പലത്തീ പൊക്കോള്‍ട്ടാ’. പുലര്‍ച്ചെ ദൂരങ്ങള്‍ക്കപ്പുറത്ത് നീണ്ട പാടങ്ങള്‍ക്കപ്പുറത്ത് ചെറിയൊരു പാറക്കുന്നിന്റെ മുകളിലെ ഭഗവതീ ക്ഷേത്രത്തിലേക്ക് പോകും. കുട്ടിക്കാലത്ത് അമ്മയുടെ കൈപിടിച്ചായിരുന്നു യാത്ര. വയല്‍ വരമ്പിലൂടേ നെല്ലിന്‍ തലപ്പുകളെ തട്ടി അതിരാവിലെ പാടം കയറി പാറക്കുന്നു കയറി അമ്പലമുറ്റത്തെത്തുമ്പോള്‍ ഭക്തര്‍ പലരും തൊഴുതു പോയിട്ടുണ്ടാകും. പേരും നാളും പറഞ്ഞ് പൂജാരിയുടെ കയ്യില്‍ അര്‍ച്ചനക്ക് പണം കൊടുത്ത് അമ്മ തൊഴുതു നില്‍ക്കും. മുന്നില്‍ അരണ്ട ഇരുട്ടില്‍ നിലവിളക്കിന്റെ പ്രഭയില്‍ സ്വര്‍ണ്ണരൂപം അതിനു പിറകില്‍ തിളക്കമോടെ ചുവന്ന ശീലയുടെ മറ. ഭഗവതിയെ തൊഴുത് നില്‍ക്കുമ്പോള്‍ പൂജാരി തിരികെ വന്ന് അമ്മക്ക് ഇലച്ചീന്തില്‍ പ്രസാദം നല്‍കും. എന്താന്നറിയില്ല അന്ന് എന്റെ നെറ്റിയില്‍ അമ്മ തൊടുവിക്കുന്ന ചന്ദനക്കുറിക്ക് ഉള്ളോളം മുങ്ങുന്നൊരു കുളിര്‍മ്മയുണ്ടായിരുന്നു. തിരികെ മടങ്ങാന്‍ നേരം അമ്പലമുറ്റത്തെ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്ന് ആലില പെറുക്കല്‍ അന്നൊരു കൌതുകമായിരുന്നു. ഇളം പച്ചയിലുള്ള തളിരിലയും പച്ചകളടര്‍ന്ന് ദ്രവിച്ച് ഞരമ്പുകള്‍ കോര്‍ത്തുകിടക്കുന്ന ഇലയുടെ അസ്ഥിപഞ്ചരവും കൈയ്യിലെടുത്ത് സൂക്ഷിക്കും. പിന്നെ വെയില്‍ മൂത്ത പാടവരമ്പത്തിലൂടെ തിരികെ...



ഉച്ചയ്ക്കാണ് പിന്നെ പിറന്നാളാഘോഷം. അന്ന് ഉച്ചയൂണ് പതിവില്‍ നിന്നും അല്പം ആര്‍ഭാടമായിരിക്കും. എന്നു വെച്ചാല്‍ മുന്നാലു തരം കറികളും മോരും പിന്നെ പായസവും. ഉച്ചയാകുമ്പോഴേക്കും പായസത്തിന്റെ മണം മൂക്കിലേക്കടിക്കും. ഇടക്കിടക്ക് അടുക്കളയിലേക്ക് എത്തിനോക്കും. പക്ഷെ പിറന്നാളുകാരന് അങ്ങിനെ അടപ്പത്തു നിന്ന് എടുത്തുകഴിക്കാനൊന്നും പാടില്ല. പിറന്നാളുകാരന്റെ ഊണിന് പ്രത്യേകതകളുണ്ട്. ഊണു കഴിക്കേണ്ട നേരമായാല്‍ തറയിലൊരു പായ (തടുക്കുപായ) വിരിച്ച് അതിലെന്നെ ഇരുത്തും. മുന്നില്‍ ഒരു നിലവിളക്ക് കത്തിച്ചു വെക്കും പിന്നെ ഒരു തൂശനില നിവര്‍ത്തി വെയ്കും. പിറന്നാളു കാരന്റെ തൂശനില സദ്യക്ക് ഇലയിടുന്ന പോലെ ഇടത്തോട്ടല്ല. നേരെ മുന്നിലേക്ക് (തലഭാഗം മുകളിലേക്ക്) വെച്ച് അതിലേക്ക് ആദ്യം അല്പം പായസം വിളമ്പും. പിറന്നാള്‍ മധുരം. അതുകഴിച്ചു കഴിഞ്ഞാല്‍ പിന്നെ ചോറൂം കറികളും.ഒടൂക്കം മോരും കൂട്ടി ഉണ്ടുകഴിഞ്ഞാല്‍ പിറന്നാള്‍ സദ്യ കഴിഞ്ഞു. അന്ന് ഒരു പ്രത്യേക സ്വാതന്ത്രമൊക്കെ കിട്ടും. പിറന്നാള്‍ കുട്ടി എന്നൊരു ബഹുമാനം. അടുത്ത വീട്ടില്‍ പോയാല്‍ അവരൊക്കെ ചോദിക്കും
‘ എന്തണ്ടാ നെറ്റീമ്മെ കുറി? അമ്പലത്തീ പോയാ?’

‘ഉം, ഇന്നെന്റെ പെര്‍ന്നാളാ..”

“അത്യേ അപ്പോ ഞങ്ങള്‍ക്ക് പായസല്ല്യേ?“

ഞാന്‍ ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ നിന്നു തിരിയും.

“അപ്പോ നിനക്കെത്ര വയസ്സായെടാ?”

‘ഉയ്യൊ ! പെര്‍ന്നാളിന്റന്ന് വയസ്സ് പറയാന്‍ പാടില്ല്യ” അതും പറഞ്ഞ് ഞാനോടി വീട്ടിലേക്കെത്തും.

പിറന്നാളിനു മിഠായി കൊടുക്കുന്ന രീതിയൊക്കെ ഉണ്ടാവാന്‍ പിന്നേയും ഒരുപാട് വര്‍ഷങ്ങളെടുത്തു. അപ്പോഴും പിറന്നാളിനു സമ്മാനവും ആശംസയുമൊക്കെ കിട്ടിയിരുന്നതായി ഓര്‍മ്മയില്ല. കോളേജ് പഠനത്തോടൊപ്പവും അതും കഴിഞ്ഞും സൌഹൃദങ്ങള്‍ വിപുലമാവാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത സുഹൃത്തുക്കളും പിന്നെ യൌവ്വനത്തില്‍ വന്നുപോയ പ്രണയിനികളുമൊക്കെ പിറന്നാള്‍ ദിനം ഓര്‍ത്തിരിക്കാനും ആശംസാപത്രങ്ങള്‍ അയക്കാനും തുടങ്ങിയത്. പിന്നീട് സമ്മാനങ്ങളുടേയും ആശംസാകാര്‍ഡുകളുടേയും പെരുമഴയായിരുന്നു. ഇന്നും പലതും ഒരു നിധിപോലെ സൂക്ഷിക്കുന്നു. അന്നേദിവസം വന്നെത്തിയ ഫോണ്‍ കോളുകളും, കണ്ടുമുട്ടലുകളും വരെ. പക്ഷെ, മുതിര്‍ന്നതിനുശേഷം ജോലിയും ഉത്തരവാദിത്വങ്ങളും കടന്നുവന്നപ്പോള്‍ ജീവിതത്തിലൊരിക്കലും പിന്നെ ഒരു പിറന്നാള്‍ ആഘോഷം ഉണ്ടായിട്ടില്ല. അതിലൊരു പരാതിയോ പരിഭവമോ തോന്നിയിട്ടില്ല; ആരോടും കടന്നു പോന്ന ജീവിതത്തോടും. അനസ്യൂതം ഒഴുകുന്ന നദിപോലെ ജീവിതം ഇടമുറിയാതെ... ഒഴുക്കുജലത്തില്‍ ഉരഞ്ഞു തിളങ്ങുന്ന വെള്ളാരംകല്ലുകള്‍ പോലെ അനുഭവങ്ങള്‍..


അപ്പോ, പറഞ്ഞു വന്നത് പിറന്നാളിനെപ്പറ്റിത്തന്നെ. എന്റെയല്ല "നന്ദപര്‍വ്വം" എന്ന ബ്ലോഗിന്റെ. 2008 മാര്‍ച്ച് 21 നു തുടങ്ങിയ നന്ദപര്‍വ്വം, രണ്ട് വര്‍ഷം തികയുന്നു. ബ്ലോഗ് എനിക്ക് തന്നത് എന്തൊക്കെയാണ്? എണ്ണിപ്പറഞ്ഞാല്‍ തീരുമോ? ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളുടെ തെളിഞ്ഞ സൌഹൃദത്തെക്കുറിച്ച് എത്ര പോസ്റ്റുകള്‍ എഴുതിയാലാണ് തീരുക? സൌഹൃദത്തോടൊപ്പം നലകിയ സഹായങ്ങള്‍, സഹകരണങ്ങള്‍, സ്നേഹം. ഒരു വാക്കിലോ പോസ്റ്റിലോ പറഞ്ഞുതീര്‍ക്കാവുന്നതല്ല ഒന്നും. അതോടൊപ്പം ഓരോ ഓര്‍മ്മ-അനുഭവ-നര്‍മ്മ കുറിപ്പുകള്‍ക്ക് അകലങ്ങളിലിരുന്നു നലകിയ പ്രോത്സാഹനങ്ങള്‍, അഭിനന്ദനങ്ങള്‍, വിമര്‍ശനങ്ങള്‍ ഒന്നും മറക്കുന്നില്ല.

ഓര്‍മ്മയുടെ ഹാര്‍ഡ് ഡിസ്കിലെ ഏതെങ്കിലും ഹിഡ്ഡന്‍ ഫോള്‍ഡറുകളില്‍ മറഞ്ഞു പോയേക്കാവുന്ന കുട്ടിക്കാലത്തേയും, കൌമാരത്തിലേയും മധുരമൂറുന്ന, ചിരിയുതിരുന്ന ഒരുപാട് ഫയലുകളെ ഈ ബ്ലോഗ് എനിക്ക് തിരിച്ചു കൊണ്ടു തന്നു. പല നഗരങ്ങളിലലഞ്ഞ് നിരവധിയാളുകളുമായി സംവേദിച്ച് എന്നില്‍ മരണമടഞ്ഞേക്കാവുന്ന എന്റെ നാട്ടുഭാഷയുടേ പുനര്‍ജ്ജീവനത്തിന് ബ്ലോഗ് വഴിയൊരുക്കി. ലോകത്തിലെ പലഭാഗങ്ങളില്‍ ചിതറിത്തെറിച്ചുപോയ സ്ക്കൂള്‍-കോളേജ് കൂട്ടുകാരെ ഈ ബ്ലോഗ് എനിക്ക് കാണിച്ചു തന്നു. അവരുടെ സൌഹൃദത്തെ തേച്ചുമിനുക്കി എന്റെ വിരല്‍ത്തുമ്പമര്‍ത്തിയാല്‍ കിട്ടുന്ന ഐക്കണുകളാക്കി.

അങ്ങിനെയങ്ങിനെയങ്ങിനെ...എണ്ണിയാലൊടുങ്ങാത്ത മാനസിക സന്തോഷങ്ങളുടെ നിര്‍വൃതിയൂടെ സൌഹൃദത്തിന്റെ ഹര്‍ഷോന്മാദത്തിന്റെ ഒരുപാടു പൂക്കുടകള്‍ ഈ നന്ദപര്‍വ്വം കഴിഞ്ഞ രണ്ടു വര്‍ഷത്തിലെനിക്ക് സമ്മാനിച്ചു. ഇതൊക്കെ എനിക്ക് സമ്മാനിച്ച നിങ്ങളോട് ഞാനെന്ത് പറയും? എന്ത് തിരിച്ചു തരും? എന്ത് - എത്ര നല്‍കിയാലാണ് അതിനു പകരമാകുക?

ശിരസ്സു കുനിച്ചു നെഞ്ചില്‍ കൈചേര്‍ത്ത് ഞാന്‍ പറഞ്ഞോട്ടെ.....നന്ദി... നന്ദന്റെ ഹൃദയം നിറഞ്ഞ നന്ദി...