Wednesday, June 10, 2009

കടലമ്മ കള്ളി

.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി കടല്‍ കണ്ടത്. അതു വരെ പാഠപുസ്തകങ്ങളില്‍ നിന്നും കഥാപുസ്തകങ്ങളില്‍ നിന്നും വായിച്ചും കണ്ടും മാത്രമേ കടലിനെ അറിഞ്ഞിരുന്നുള്ളൂ.

എന്റെ ഗ്രാമത്തിനു പടിഞ്ഞാറ് കൊടുങ്ങല്ലുര്‍ - ഗുരുവായൂര്‍ തീരദേശ ഹൈവേയിലെ ശ്രീനാരായണ പുരമെന്ന ഗ്രാമത്തിനു പടിഞ്ഞാറ് കടല്‍ ആണെന്ന് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അന്നുവരെ ഒരിക്കലും കടലിനെ കാണാനെനിക്കു കഴിഞ്ഞിരുന്നില്ല. എസ്, എന്‍ പുരം എന്നു ചുരുക്കി വിളിക്കുന്ന ശ്രീനാരയണ പുരം, അതിനും വടക്ക് ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലൊക്കെ എന്റെ അച്ഛന്റെയും വലിയച്ഛന്റേയുമൊക്കെ വീട്ടുകാര്‍ ഉണ്ടായിരുന്നു. അവിടങ്ങളിലെ കല്യാണങ്ങള്‍ക്കും മറ്റും അമ്മയോടൊപ്പമോ മറ്റു ബന്ധുക്കള്‍ക്കൊപ്പമോ പലപ്പോഴും പോയിരുന്നു, നാട്ടില്‍ നിന്ന് എസ്. എന്‍ പുരം വരെ നടക്കും അവിടെ നിന്ന് ബസ്സിന് ചെന്ത്രാപ്പിന്നിയിലേക്ക് പോകും. നടക്കുന്ന വഴിയത്രയും അമ്മയുടെ കൈകളില്‍ കോര്‍ത്തു പിടിച്ചിട്ടുണ്ടാകും. ഇരുവശവും കൈത്തോടുകള്‍ കൈതകളും നിറഞ്ഞ വള്ളിവട്ടം-അമരിപ്പാടത്തെ ചെമ്മണ്‍ പാതയിലൂടെ നടന്നെത്തുന്നത് പോത്തും കടവ് എന്ന കനോലികനാലിലേക്കാണ്. പൂവ്വത്തും കടവ് എന്ന പേര് ലോപിച്ച് ലോപിച്ച് പോത്തും കടവായി മാറിയതാണ്. ‘എന്താ ഇതിനെ പോത്തും കടവെന്നു വിളിക്കുന്നത് ‘ എന്ന എന്റെ ബാല്യത്തിലെ സംശയത്തിന് ‘ഇവിടെ പോത്തുകളെ കുളിപ്പിക്കുന്ന കടവാണ് ‘ എന്നായിരുന്നു ചേട്ടന്മാരുടെ ചിരി നിറഞ്ഞ മറുപടി.( തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൂജിച്ച പുഷ്പങ്ങള്‍ ഒഴുകിയൊഴുകി ഈ കടവില്‍ വന്നെത്തുന്നതിനാല്‍ പൂവ് എത്തുന്ന കടവ് എന്നര്‍ത്ഥത്തിലാണ് അതിനു ആ പേര് വന്നത് എന്നൊരു കഥ കേള്‍ക്കുന്നത് പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ‍. )
പോത്തും കടവിനു അപ്പുറമുള്ള പ്രദേശം ഞങ്ങള്‍ക്ക് ‘അക്കരെ’ യാണ്. കടവു കടന്നു പോകുന്നതിനെ ‘അക്കരക്കു പോകുക‘ എന്നാണ് പറയുക. അക്കരെ എന്നു പറഞ്ഞാല്‍ എസ് എന്‍ പുരം മുതലുള്ള പ്രദേശങ്ങള്‍. ‘അക്കരേക്ക് ‘ വഞ്ചിയില് പോണം. നിറയെ ആളുകളെ നിറച്ച് മുളക്കോലൂന്നി കനാലിനെ മറി കടക്കുന്ന കടത്തു വഞ്ചിയിലെ യാത്ര കൌതുകത്തിനൊപ്പം ഭയവും ഉണ്ടാക്കുന്നതാണ്. വഞ്ചി ആടിയുലയുമ്പോള്‍ അമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും എന്നാലും വഞ്ചിയില്‍ തട്ടി ഉലഞ്ഞു നീങ്ങുന്ന ഓളങ്ങളെ നോക്കി നില്ക്കുന്നത് ഏറെ ഇഷ്ടവും കൌതുകവുമായിരുന്നു, മറുകരയിലേക്കുള്ള യാത്രമദ്ധ്യേ കനാലിന്റെ നടുക്കെത്തുമ്പോഴായിരിക്കും ആ അത്ഭുതം സംഭവിക്കുന്നത്, വഞ്ചി വെള്ളത്തില്‍ നിശ്ചലമാകുകയും കനാലിലെ വെള്ളവും അതിലെ കുളവാഴകളും, ചണ്ടികളും പുറകിലേക്ക് നീങ്ങുന്നതു കാണം. കുറേ നേരം ആ അത്ഭുതം അങ്ങിനെ നോക്കി നില്ക്ക്കും പിന്നെ അമ്മയോട് അത് പറയാന്‍ തുടങ്ങുമ്പോഴാണ് നിശ്ചലമായ പുഴയും ഓളങ്ങളെ മുറിച്ച് മുന്നോട്ടു നീങ്ങുന്ന വഞ്ചിയും യാഥാര്‍ത്ഥ്യമാകുന്നത്. പിന്നെ ആ അത്ഭുതം ഉള്ളിലൊതുക്കും ( കുട്ടികാലത്ത് അങ്ങിനെ ഒരുപാട് അത്ഭുതങ്ങള്‍ കണ്ടിരുന്നു, അമ്മവീട്ടിലേക്കുള്ള ബസ്സ യാത്രയില്‍ മാവും അടക്കാമരവും പുറകിലേക്ക് ഓടിമറയുന്നതും, കൊടുങ്ങല്ലൂരിലേക്കുള്ള ബസ്സ് യാത്രയില്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന ചാപ്പാറ പാലത്തിലെത്തുമ്പോള്‍ പാലത്തിനു വശങ്ങളിലെ കറണ്ടു കമ്പികള്‍ (ഇലക്ട്രിക് ലൈനുകള്‍) പതിയെ പതിയെ താഴേക്ക് പോകുന്നതും പിന്നെ കുറേക്കഴിഞ്ഞ് പതിയെ പതിയെ മുകളിലേക്ക് ഉയരുന്നതും ഒരുപാട് നാളത്തെ അത്ഭുതമായിരുന്നു)

വഞ്ചി കരക്കടുപ്പിക്കുമ്പോഴായിരുന്നു ഏറെ ഭയം. മുളക്കോല്‍ വഞ്ചിയുടെ എതിര്‍ വശത്തൂന്നി വഞ്ചിക്കാരന്‍ വഞ്ചി കരയോട് ചേര്‍ത്തും. ആളുകളിറങ്ങുന്നതിന്റെ ബഹളത്തില്‍ വഞ്ചി പലവട്ടം ആടിയുലയും. അമ്മയോ ഇളയമ്മയോ എന്റെ കൈപിടിച്ച് കാലമുട്ട് വരെ നനയുന്ന വെള്ളത്തിലെ പൂഴിമണലില് ഇറക്കി നിര്‍ത്തും, ചണ്ടിയും കുളവാഴയും കാലുകള് കൊണ്ട് തട്ടി മാറ്റി ഞാന്‍ കരയിലേക്ക് കയറും. അവിടെ നിന്ന് കുറേകൂടി നടന്നാല്‍ പിന്നെ എസ് എന്‍ പുരം ജംഗ്ഷനായി.

അങ്ങിനെ ഒരു ദിവസം അക്കരെയുള്ള ഒരു ബന്ധുവീട്ടിലേക്കുള്ള ഒരു കല്യാണ യാത്രയിലാണ് ഉച്ചതിരിഞ്ഞ് കടല്‍ കാണാം എന്ന് തീരുമാനമുണ്ടാകുന്നത്. കല്യാണത്തിനു പങ്കെടുത്തതിലേറെ സന്തോഷം കടല്‍ കാണുന്നതിലായിരുന്നു. കല്യാണ സദ്യക്കുശേഷം എല്ലാവരും കൂടി കടപ്പുറത്തേക്ക് നടന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലേ നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു. ഉള്ളില്‍ തിളച്ചു വരുന്ന സന്തോഷവും അത്ഭുതവും അടക്കി ഞാനെന്റെ കുഞ്ഞിക്കാലുകള്‍ മണലില്‍ ചവിട്ടി നടന്നു.

ഒടുക്കം അകലെ... വെള്ളാരം മണലിനോട് ചേര്‍ന്ന് അകലെ ആകാശത്തെ നീലകളറിനോടൊപ്പം മുട്ടിച്ചേര്‍ന്നും കരയിലേക്ക് തിരകളെ തുടരെത്തുടരെ വലിച്ചെറിഞ്ഞ് ആഹ്ലാദാരവത്തോടെ കണ്ണെത്താത്ത ദൂരത്തൊളം ചാര നിറത്തില്‍ പരന്നു കിടക്കുന്നു കടല്‍.......

ഏറെ നേരം കണ്ണിമക്കാതെ കടലെന്ന വിസ്മയത്തെ നോക്കി നിന്നിരിക്കണം. പിന്നെ പതിയെ നടന്നിറങ്ങി കാല്‍ നനച്ചു.

‘എടാ അധികം ഇറങ്ങണ്ടാ.... ‘ കൂടെ നിന്ന് പലരും വിളിച്ചു പറഞ്ഞു.

കടലിനെ ആദ്യം കണ്ടപ്പോള്‍ ‍ആദ്യമായി ചെയ്തത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ പാദങ്ങളെ നനച്ചു പോയ ഒരു തിരമാലയുടെ ബാക്കിവന്ന തുള്ളികളില്‍ കൈ മുക്കി ഞാന്‍ ആ കടല്‍ വെള്ളം രുചിച്ചു നോക്കി..

‘ശര്യാ... ഉപ്പാ.. ഉപ്പ് രസാ ട്ടാ... ‘

കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് പണ്ടെന്നോ പഠിച്ച പാഠത്തെ ഞാന്‍ അനുഭവിച്ചറിഞ്ഞു. കൂടെ നിന്നിരുന്നവരൊക്കെ ചിരിച്ചെങ്കിലും ആദ്യമായി കടല്‍ കണ്ടതിന്റെയും കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് നേരില്‍ തിരിച്ചറിഞ്ഞതിന്റേയും ആഹ്ലാദത്തിലായിരുന്നു ഞാന്‍.

പിന്നെ എല്ലാവരും കൂടി കടല്‍തീരത്ത് അവരവരുടെ പേരുകള്‍ എഴുതാന്‍ തുടങ്ങി. എഴുതിത്തീരുമ്പോഴെക്കും കടല്‍ത്തിര വന്ന് അത് മായ്ച്ചു കളഞ്ഞു. തിര പിന്‍ വാങ്ങുമ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി. മണലില്‍ എഴുതിയ ഓരോ പേരുകളും വരികളും കടലമ്മ നക്കിത്തുടച്ചു,

‘കടലമ്മ കള്ളി യെന്നെഴുതിയാ കടലമ്മ അപ്പ മായ്ച്ചു കളയും.‘ കൂട്ടത്തില് നിന്നാരൊ പറഞ്ഞു. പിന്നെ എല്ലാവരും അതെഴുതാന്‍ തുടങ്ങി. ‘കടലമ്മ ക... ‘ എന്നെഴുതുമ്പോഴേക്കും കൂറ്റന്‍ തിരമാലകള്‍ അവയെ മായ്ച്ചുകളഞ്ഞു.

‘കരേല്‍ക്ക് കുറേ കേറ്റി എഴുതിയാ മതി. അവടക്ക് തെര വരില്ലല്ലോ.‘ ഞാന്‍ പറഞ്ഞു

‘കടലമ്മ കള്ളിയെന്നെഴുതിയാ എഴുതിയ ആളുടെ വീടു വരെ തെര വരും. കടലമ്മക്ക് ഏറ്റവും ദ്വേഷ്യള്ളൊതാ അത്. ‘ വലിയച്ചന്റെ മക്കളാരൊ പറഞ്ഞു,.

‘ചോതി നക്ഷത്രക്കാര് ആരും കടലിലേക്ക് ഇറങ്ങില്ലത്രേ, കടലമ്മ കോപിക്കും. കടലമ്മേടെ നാളാ അത്.‘ ആരോ പറഞ്ഞു. അതുകൊണ്ടായിരിക്കണം ഒരു ഇളയച്ഛന്റെ മകള്‍ കടലിലേക്കിറങ്ങി കാല്‍ നനക്കാതെ കരയില്‍ തന്നെ ഇരുന്നു,

കരയില്‍ എന്തെഴുതിയാലും അത് മായ്ച്ചു കളയുന്നത് എന്തിനാണ് എന്നു എനിക്കെത്ര ആലോചിച്ചിട്ടും അന്ന് മനസ്സിലായില്ല. കടലമ്മ കള്ളിയാണോ? അല്ലാത്തതു കൊണ്ടാണോ അത് മായ്ച്ചു കളയുന്നത്? കടല്‍ കരയില്‍ എവിടെ എഴുതിയാലും കടലമ്മ അത് മായ്ച്ചു കളയുമോ?

തിരകളുടെ ഹുങ്കാര ശബ്ദത്തില്‍ ഞങ്ങളുടെ ശബ്ദങ്ങളെല്ലാം മുങ്ങിയിരുന്നു. എങ്ങും തിരമാല വന്നലക്കുന്ന ശബ്ദം മാത്രം. അകലെ മുക്കുവപിള്ളാര്‍ തിരമാലകള്‍ക്കു മീതേക്കൂടി കടലിലേക്ക് വളഞ്ഞു ചാടി. കടലിനടിയിലേക്ക് മുങ്ങാം കുഴിയിട്ട്, കരയില് ശ്വാസം പിടിച്ചു നിന്നവരെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു കൂക്കുവിളിയോട് തിരമാലകള്‍ക്കു മീതെ പൊന്തിവന്നു.

പോരാന്‍ നേരം ഞാന്‍ മണല്‍ തിട്ടയോട് ചേര്‍ന്ന് തിരകള്‍ ‍വന്നടിക്കുന്നതിനും കുറച്ച് പുറകില്‍ മണല്‍ പരപ്പില്‍ എന്റെ കുഞ്ഞു വിരലുകള്‍കൊണ്ടെഴുതി ‘കടലമ്മ കള്ളി’

ഇത്രയും ദൂരത്തില് കടലമ്മക്കത് മായ്ക്കാനാവുമോ എന്നു നോക്കട്ടെ..

ഇല്ല....മൂന്നാലു തിരകള്‍ തല്ലിയലച്ചു കരയില്‍ ചിതറിത്തെറിച്ചെങ്കിലും അവയ്ക്കൊന്നിനും എന്റെ മണലെഴുത്തിനെ മായ്ക്കാന്‍ കഴിഞ്ഞില്ല.

‘മോനെ വല്ല്യ തെര വന്നാല് അതൊക്കെ ശൂ...ന്ന് പറഞ്ഞ് മാച്ചു കളയും’ ചേച്ചിയായിരുന്നെന്നു തോന്നുന്നു പറഞ്ഞത്.
സന്ധ്യ പരക്കും മുമ്പ് കടപ്പുറത്ത് നിന്ന് ഞങ്ങള്‍ പുറപ്പെട്ടു. ഇനിയും അഞ്ചാറു കിലോമീറ്റര്‍ നടന്നു പോണം. ഇരുട്ടുന്നതിനുമുമ്പ് വീടെത്തണം അതിനിടയില്‍ പോത്തും കടവ് കടക്കണം..
ഞങ്ങള്‍ എസ് എന്‍ പുരം ജംഗ്ഷന്‍ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. ഞാന്‍ ഇടക്കിടെ പിന്തിരിഞ്ഞു നോക്കി. ‘തിര വന്നോ, എന്റെ എഴുത്തിനെ മാച്ചു കളഞ്ഞോ? ‘ ഇല്ല, ഓരോ കുഞ്ഞു തിരക‍ള്‍ക്കും ഞാനെഴുതിയ ഇടം വരെ വരാനുള്ള ശക്തിയുണ്ടായിരുന്നില്ല. മണല്‍ തിട്ടയിലേക്കെത്തും മുമ്പേ അവ തീരത്ത് തല്ലിയടിച്ചു വീണു.

കടല്‍ക്കരയില്‍നിന്നുമകലെ ഏതോ ഒരു പറമ്പിലേക്കുള്ള ഇടുങ്ങിയ നടപ്പാതയിലേക്ക് കടക്കുമ്പോഴും അമ്മയുടെ കൈ വിടാതെ നടന്ന ഞാന്‍ വീണ്ടും പിന്തിരിഞ്ഞു നോക്കി ഒരു കൂറ്റന്‍ തിരമാല ആര്‍ത്തലച്ചു വരുന്നുണ്ട്.. അതിന്റെ ഹുങ്കാരശബ്ദം തൊട്ടടുത്തെന്ന പോലെ കേള്‍ക്കാം. ആ തിരമാല മണല്പരപ്പിലെ എന്റെ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമൊ? കടലമ്മ കള്ളിയെന്നെഴുതിയത് ഇഷ്ടപ്പെടാത്തതു കൊണ്ട് കടലമ്മ എന്റെ വീടു വരെ തിരമാലകളെ പറഞ്ഞയക്കുമൊ? ഞാനെഴുതിയതിനു മീതെ മുക്കുവപിള്ളേര്‍ ചാടിതിമിര്‍ത്ത് ആ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമോ? ഒരു പാട് സംശയങ്ങളെ എന്റെ കുഞ്ഞു മനസ്സില് പേറി ഞാന്‍ പച്ചിലകളൂം ചകിരിത്തൊണ്ടും നിറഞ്ഞ ഇടവഴിയിലൂടെ പോത്തും കടവ് ലക്ഷ്യമാക്കി നടന്നു.



**************************************************************************************



കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു. ഒരു എട്ടു വയസ്സുകാരനില്‍ നിന്നും ഒരുപാടു ദൂരം മുന്നോട്ട് പോയിരുന്നുവെങ്കിലും കടലിനോടുള്ള വിസ്മയം ഒട്ടും വിട്ടുമാറിയിരുന്നില്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യാമായി കടല്‍ കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. എനിക്കൊപ്പം ഒരു പാടു പേരുണ്ടായിരുന്നു. പ്രായമായവരും കുട്ടികളുമടക്കം. ബാല്യത്തിന്റെ കൌതുകം വിട്ടെറിഞ്ഞ് ഞാനപ്പോഴേക്കും ഒരു കുടുംബനാഥന്റെ ഗൌരവം പൂണ്ടിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു. പതിവുപോലെ ആ കടല്‍ തീരത്തും ‘കടലമ്മ കള്ളി‘ എന്ന് പലവുരു എഴുതപ്പെട്ടു, മായ്ക്കപ്പെട്ടു.


അധികം സഞ്ചാരികളില്ലാത്ത ആളൊഴിഞ്ഞ കടപ്പുറത്ത് മറ്റൊരു ദിവസം.

കരിമണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി പ്രണയാതുരമായ ഒരു സാന്ധ്യവെയില്‍ നുകര്‍ന്ന് ഞാനെന്റെ ജീവിതസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

‘ഇപ്പോ കടലമ്മ കള്ളിയെന്നെഴുതിയാല്‍ തിര അതു മാച്ചു കളയുമൊ?’

‘ ആ! അറിയില്ല, നീ എഴുതി നോക്ക്’, പക്ഷെ തിരകള്‍ വരുന്നതിനും കുറേ മേലേക്ക് എഴുതണം‘

മണലില്‍ കറുത്ത അക്ഷരങ്ങളില്‍ കടലമ്മ കള്ളിയെന്നെഴുതിയെങ്കിലും ഒരു തിര പോലും വന്നില്ല.

‘ചിലപ്പോ മലയാളത്തിലെഴുതിയതുകൊണ്ടാകും, ഇവിടത്തെ തിരകളക്ക് മലയാളം അറിയില്ലല്ലോ, തമിഴല്ലേ അറിയൂ’

‘ഓ പിന്നേ, എന്നാ പിന്നേ തമിഴിലും എഴുതിയേക്കാം’ വീണ്ടും തമിഴില്‍ കടലമ്മ കള്ളിയെന്നെഴുതി.

പിന്നേയും കുറേ നിമിഷങ്ങള്‍ ഞങ്ങളവിടെ ഇരുന്നു. തിരകള്‍ പക്ഷേ അതു മായ്ച്ചു കളഞ്ഞില്ല.

സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞങ്ങള്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം നടന്നതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കി.

ഇല്ല ഒരു തിരമാലയും മായ്ചുകളയാതെ, മണലില്‍ ആ കറുത്ത അക്ഷരങ്ങള്‍ അതേപോലെ....
.

55 comments:

nandakumar June 10, 2009 at 11:52 AM  

കരയില്‍ എന്തെഴുതിയാലും അത് മായ്ച്ചു കളയുന്നത് എന്തിനാണ് എന്നു എനിക്കെത്ര ആലോചിച്ചിട്ടും അന്ന് മനസ്സിലായില്ല. കടലമ്മ കള്ളിയാണോ? അല്ലാത്തതു കൊണ്ടാണോ അത് മായ്ച്ചു കളയുന്നത്? കടല്‍ കരയില്‍ എവിടെ എഴുതിയാലും കടലമ്മ അത് മായ്ച്ചു കളയുമോ?

ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ മനസ്സില്‍ തിരതല്ലുന്ന ഓര്‍മ്മ...

..:: അച്ചായന്‍ ::.. June 10, 2009 at 12:02 PM  

ആദ്യം തേങ്ങ അടിക്കട്ടെ എന്നിട്ട് വായന
ഇന്നാ പിടി ഒരു 101 തേങ്ങ
{{{{ ഠോ }}}}

ശ്രീലാല്‍ June 10, 2009 at 12:10 PM  

തെയ്യര തെയ്യരതോം തെയ് തോം തെയ് തോം തെയ്യരാ തോം...പുലരേ പൂങ്കോടിയിൽ ....

ബാക്ക്ഗ്രൌണ്ടിൽ പാട്ട്...
മുന്നിൽ ആർത്തലയ്ക്കുന്ന പോസ്റ്റ്..
ചുറ്റിലും മുക്കുവന്മാർ...
തിരയിൽ കളിക്കുന്ന പിള്ളാർ...
എന്റെ കയ്യിൽ തേങ്ങ..
ഈ പൂഴിയിൽ ഞാനെവിടെ തേങ്ങയുടയ്ക്കും എന്റെ ചെറിയ കടല മ്മേ..?
ഈ കടാപ്പറത്ത് വന്നിട്ട് ത്യാങ്ങ ഒടക്കാണ്ട് പോവാനാണാ വിധി..?

(((ഠേ...))) പെട്ടന്നൊരൊച്ച..
ആരോ അടിച്ചല്ലോ ന്റെ ദൈവങ്ങളേ...
അച്ചായൻ !!!

ന്റെ ചാളക്കൊട്ടേലാണല്ലോ അച്ചായൻ പൂഴി വാരിയിട്ടത്...

ന്റെ തൊറ ദൈവങ്ങളേ..
കാത്തോൾണേ..

കണ്ണനുണ്ണി June 10, 2009 at 12:11 PM  

ബല്യ കാലം ഓര്‍മിപിക്കുന്ന പോലെ മനോഹരമായി എഴുതിയിരിക്കുന്നു. ഞാനും ഒരുപാടൊക്കെ എഴുതിയിട്ടുണ്ട് കടല്‍ തീരത്ത് . ഒക്കെ ഓര്‍മ്മ വരുന്നു

അനില്‍ശ്രീ... June 10, 2009 at 12:12 PM  

നന്ദാ,
ഈ പറഞ്ഞ ബാല്യകാല സ്മരണകളീല്‍ പലതും എനിക്കും അനുഭവമുള്ളത് തന്നെ, പ്രത്യേകിച്ച് ആ ഇലക്ട്രിക് കമ്പിയുടെ കാര്യം. അമ്മയുടെ വീട്ടിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ പലപ്പോഴും ഞാന്‍ നോക്കിയിരുന്നിട്ടുള്ളത് ഈ ഒരു അത്ഭുതമാണ്...

ഓര്‍മകള്‍ പുറകോട്ടോടിച്ചതിന് നന്ദി

ശ്രീലാല്‍ June 10, 2009 at 12:12 PM  

കണ്ടിട്ട് ഒരു സെന്റി പോസ്റ്റാണെന്നാ തോന്നണേ...പോസ്റ്റ് വായിച്ഛിട്ട് മാനസ മൈനേ നീ വർണ്ണ്ടാ....ന്ന് പാടുമോ വായനക്കാർ..?

ചന്ദ്രമൗലി June 10, 2009 at 12:40 PM  

കലക്കി നന്ദേട്ടാ....
ഞാനും എഴുതിയിട്ടുണ്ട്. അത് "വിഷ്ണൂ, ചോതീ" ന്നാ. കുട്ടിയായിരുന്നപ്പൊ ആരോ പറഞ്ഞു തന്നതാ അങ്ങനെ എഴുതാന്‍ .
ചോതി നക്ഷത്രക്കാര്‍ കടലില്‍ എറങ്ങിയാ കടലമ്മ കോപിക്കും ന്ന് പറഞ്ഞത് സത്യാ? അതെയ്, ഞാനൊരു ചോതിക്കാരനാ.അതുകൊണ്ടാ ചോദിച്ചേ.....
ഞാന്‍ പലതവണ കടലില്‍ ഇറങ്ങികുളിച്ചതാ.ഇവിടെ സഹൂദിയില്‍ വരെ. ഒന്നും തോന്നീട്ടില്യ. പിന്നെ ഞാന്‍ കേട്ടിട്ടുള്ളത് കടലമ്മക്ക് ഏറ്റവും ഇഷ്ടള്ളത് ചോതി നക്ഷത്രക്കാരെയാണെന്നാ.. ;)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage June 10, 2009 at 1:08 PM  

നല്ല രസമായി ആസ്വദിച്ചു വായിക്കുവാന്‍ കഴിഞ്ഞു. നന്ദി

ശ്രീഇടമൺ June 10, 2009 at 1:09 PM  

നല്ല പോസ്റ്റ്...
പണ്ട് കുട്ടിക്കാലത്തെപ്പഴോ കടല്‍ക്കരയിലിതുപോലെ "കടലമ്മ കള്ളി" എന്നെഴുതിയതും തിരകള്‍ നേര്‍ത്തുവന്ന് അതിനെ മായ്ച്ചുകളഞ്ഞതും എല്ലാം എല്ലാം ഓര്‍മ്മ വരുന്നു...


നന്ദി

Anil cheleri kumaran June 10, 2009 at 1:25 PM  

രസായിട്ടുണ്ട് കടല്‍ വിശേഷങ്ങള്‍ ചിത്രങ്ങള്‍ അതിമനോഹരം.

ശ്രീനന്ദ June 10, 2009 at 1:29 PM  

"ശര്യാ... ഉപ്പാ.. ഉപ്പ് രസാ ട്ടാ... ‘
ട്രെയിന്‍ യാത്രകളില്‍ കടലിനെ ദൂരത്തു നിന്ന് കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി തൊട്ടതു ഹൈസ്കൂള്‍ ക്ലാസ്സില്‍ എക്സ്കര്‍ഷന് തിരുവനന്തപുരത്ത് പോയപ്പോഴായിരുന്നു. അന്ന് ഞാനും ആരും കാണാതെ വെള്ളം കുടിച്ചിട്ട് എന്നോട് തന്നെ ഇത് പറഞ്ഞായിരുന്നു. ഒരു പാട് നല്ല ഓര്‍മ്മകളെ തൊട്ടുണര്‍ത്തി ഈ പോസ്റ്റ്‌. പഴയ കൂട്ടുകാരെ ഒക്കെ ഓര്‍ത്തു. താങ്ക്സ് നന്ദേട്ടാ. ഇപ്പൊ സരികയുടെ വീട്ടില്‍ പോവുമ്പോള്‍ കടല്‍ ഇപ്പോഴും കാണാമല്ലോ അല്ലെ. ഞങ്ങളും കുറെ നാളായി പ്ലാന്‍ ചെയ്യുന്നുണ്ട് ഒരു കന്യാകുമാരി ട്രിപ്പ്‌. ഉണ്ണിക്കുട്ടനെ ഇത് വരെ കടല്‍ കാട്ടി കൊടുത്തിട്ടില്ല.

Pongummoodan June 10, 2009 at 1:57 PM  

നന്നായിരിക്കുന്നു നന്ദേട്ടാ.

“കടലമ്മ കള്ളിയെന്നെഴുതിയാ എഴുതിയ ആളുടെ വീടു വരെ തെര വരും. കടലമ്മക്ക് ഏറ്റവും ദ്വേഷ്യള്ളൊതാ അത്.“ ഇങ്ങനെ ബാല്യകാലത്തിലെ കടൽക്കരയിലേയ്ക്ക് മനസിനെ എത്തിക്കാൻ പ്രാപ്തമായ എത്രയോ പ്രയോഗങ്ങൾ. നന്നായിരിക്കുന്നു. നർമ്മം നിറഞ്ഞ പോസ്റ്റുകളിൽ നിന്നും നന്ദേട്ടൻ പതിയെ ഗൌരവത്തിലേയ്ക്ക് നടക്കുന്നു.അപ്പോൾ വായനക്കാരുടെ മനസ്സും കൂടെ വരുന്നുവെന്നത് താങ്കളുടെ വിജയമാണ്.

അഭിനന്ദനങ്ങൾ.

..:: അച്ചായന്‍ ::.. June 10, 2009 at 2:16 PM  

ഞാനും അക്കരെ വരെ പോയി എന്റെ അമ്മേടെ വീട് അക്കരെ ആണ് ആറു കടന്നു വേണം പോകാന്‍ ഞാന്‍ ശരിക്കും നന്ദേട്ടന്റെ കൂടെ നടന്നു .. നന്ദി ഒരു പാട് നന്ദി

ആർപീയാർ | RPR June 10, 2009 at 2:17 PM  

വായിച്ചിട്ട് അഭിപ്രായം പറയാതെ പോകാൻ തോന്നുന്നില്ല.. വളരെ കയ്യടക്കത്തോടെ അവതരിപ്പിച്ചു..
ആശംസകൾ..

ramanika June 10, 2009 at 2:20 PM  

മനോഹരമായി എഴുതിയിരിക്കുന്നു
ബ്ലോഗില്‍ ഇന്ന് കടലാണോ വിഷയം
അരുണ്‍ കടലിനെ കുറിച്ച് വഴുതി
ഇപ്പൊ ഇവിടെയും കടല്‍ !

കുട്ടിച്ചാത്തന്‍ June 10, 2009 at 2:22 PM  

ചാത്തനേറ്:“പാലത്തിനു വശങ്ങളിലെ കറണ്ടു കമ്പികള്‍ (ഇലക്ട്രിക് ലൈനുകള്‍) പതിയെ പതിയെ താഴേക്ക് പോകുന്നതും പിന്നെ കുറേക്കഴിഞ്ഞ് പതിയെ പതിയെ മുകളിലേക്ക് ഉയരുന്നതും ഒരുപാട് നാളത്തെ അത്ഭുതമായിരുന്നു” -- മറന്ന് പോയ ഈ കാര്യം ഓര്‍മപ്പെടുത്തിയതിനു നന്ദി..

ഇതിന്റെ അവസാന ഭാഗം എന്താ... വല്ല ബ്ലോഗ് സാഹിത്യ അക്കാദമി അവാര്‍ഡിനും ഉള്ള പരിശ്രമമാണോ?

nandakumar June 10, 2009 at 3:10 PM  

@ കുട്ടിച്ചാത്തന്‍

കുറച്ചു ദിവസങ്ങളില്‍ കടല്‍ തീരത്ത് ചിലവഴിച്ചപ്പോള്‍ ഒഴിയാതെ നിന്ന ഓര്‍മ്മയായിരുന്നു ആ കുട്ടിക്കാലത്തേത്. ഇത്രയും കൃത്യമായും ഓര്‍ത്തെടുക്കാന്‍ കാരണമായതും. അതിനെ പരാമര്‍ശികാനാണ് ഒരു രണ്ടാംഭാഗമെന്ന നിലയില്‍ അതെഴുതിയത്. എട്ടു വയസ്സുകാരനിലും, ഇപ്പോള്‍ ഈ വര്‍ത്തമാന കാലത്തും സംഭവിച്ച ഒരേ കാര്യങ്ങള്‍. അതു ബാല്യത്തിലെ ഓര്‍മ്മയോടൊപ്പം ചേര്‍ത്തു വെക്കാനാണ് അത് എഴുതിയത്.
പിന്നെ ബ്ലോഗ് അക്കാദമി അവാര്‍ഡ്, :) അങ്ങിനെയൊന്നുണ്ടോ, അത് സ്വീകരിക്കണമോ, അതിനര്‍ഹനാണോ എന്നൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല.. കിട്ടിയാല്‍ വേണ്ട എന്നു പറയാനുമുള്ള മഹാ മനസ്കതയൊട്ടില്ലതാനും, യേത്.
:)

Unknown June 10, 2009 at 4:16 PM  

രസകരമായിരുന്നു. മറക്കാന്‍ പറ്റാത്ത ബാല്യത്തിന്റെ ഓര്‍മ്മകള്‍.

Sudhi|I|സുധീ June 10, 2009 at 4:19 PM  

നൊസ്റ്റാള്‍ജിക്ക്‌...

siva // ശിവ June 10, 2009 at 5:35 PM  

സുന്ദരമായ ഓര്‍മ്മകള്‍, എന്താണെന്നറിയില്ല ഒരിയ്ക്കലും കടല്‍ എന്നെ സ്വാധീനിച്ചിട്ടില്ല...

ഹന്‍ല്ലലത്ത് Hanllalath June 10, 2009 at 6:43 PM  

മനോഹരമായ ശൈലി..
.വായിക്കുകയായിരുന്നില്ല....കാണുകയായിരുന്നു..
തോണിയും.. കടലും...എട്ടു വയസ്സുകാരനും എല്ലാം...

ജിജ സുബ്രഹ്മണ്യൻ June 10, 2009 at 7:15 PM  

ഞാൻ കടൽ കാണാൻ പോയപ്പോളും കടലമ്മ കള്ളി എന്നെഴുതി നോക്കുമായിരുന്നു.തിരകൾ ഉടനടി വന്നത് മായ്ച്ചു കളഞ്ഞിട്ടുണ്ട്.നല്ല ഓർമ്മക്കുറിപ്പുകൾ.പക്ഷേ എനിക്കൊത്തിരി ഇഷ്ടമായത് ആ പടങ്ങളാ..

G.MANU June 10, 2009 at 8:38 PM  

മാഷേ..
വളരെ വ്യത്യസ്തമായ ഒരു വായനാനുഭവം..നന്ദപര്‍വ്വത്തിലെ ഏറ്റവു മികച്ചതെന്നു പറയാന്‍ തോന്നുന്നു

എല്ലാം മായ്ക്കുന്ന കടല്‍, എല്ലാം മായ്ക്കാനാവത്ത കടല്‍, ഓര്‍മ്മ, തിരിച്ചുവരവ്

തിരകള്‍ പോലെ ഫീലിംഗ്സ് പതയുന്ന ഒരു സൂപ്പര്‍ പോസ്റ്റ്..

ലേഖ June 10, 2009 at 8:38 PM  

നല്ല വര.. വരി.. :)

പാവത്താൻ June 10, 2009 at 8:40 PM  

കടൽത്തീരത്തൽപനേരം ചെലവഴിക്കാൻ കൂട്ടിക്കൊണ്ടു പോയതിനു നന്ദി.

ദീപക് രാജ്|Deepak Raj June 10, 2009 at 10:51 PM  

ചിത്രകഥ വളരെ നന്നായി.

Typist | എഴുത്തുകാരി June 10, 2009 at 11:47 PM  

എവിടെ കടല്‍ കാണാന്‍ പോയാലും എഴുതി നോക്കാറുണ്ട്‌. ഉടനെ തിരകള്‍ വന്നു മായ്ക്കുകയും ചെയ്യും. ഇതെന്താ തിരകള്‍ വരാത്തതാവോ? നന്ദനോട് വല്ല ദേഷ്യവുമുണ്ടോ? അതോ ഇഷ്ടം കൂടിയിട്ടോ?

ശ്രീലാല്‍ June 10, 2009 at 11:48 PM  

നന്ദേട്ടാ, വളരെ നല്ല ഒരു പോസ്റ്റ്. മനു അങ്കിള്‍ പറഞ്ഞതു തന്നെയാണ് ഞാനും പറയാന്‍ വന്നത്.. നന്ദപര്‍വ്വത്തിലെ മികച്ച പോസ്റ്റുകളിലൊന്ന്.
മനസ്സില്‍ തങ്ങി നില്‍ക്കുന്ന എഴുത്ത്. മനസ്സ് നിറഞ്ഞു കവിയുന്ന ഓര്‍മ്മകള്‍

നന്ദി.

ആഫ് : എസ്. എന്‍ പുരത്ത് ഞാന്‍ പോയിട്ടുണ്ട്. :) അവ്ട്യാന്ന് ഇന്നല്ലേ അറിയുന്നത്.

Unknown June 11, 2009 at 12:03 AM  

കുട്ടികാലത്ത് കടലുകാണാൻ പോയ ഓർമ്മകളായിരുന്നു
മനസ്സിൽ ഇത് വായിച്ചപ്പോൾ

ഉഷ June 11, 2009 at 1:09 AM  

നമ്മുട്ടെ എന്നല്ല എല്ലാ കുട്ടികളുടെയും മനസ്സാണിത്... എത്ര കണ്ടാലും മതിവരാത്ത ഒന്നാ കടൽ

പൈങ്ങോടന്‍ June 11, 2009 at 1:29 AM  

ഇതു പര്‍വ്വത്തിലെ മികച്ച പോസ്റ്റുകളിലൊന്നു തന്നെ!
വളരെ മനോഹരമായി എഴുതിയിരിക്കുന്നു. ആ ചിത്രങ്ങള്‍ കൂടിചേര്‍ന്നപ്പോള്‍ അതിമനോഹരം
പൂവ്വത്തും കടവ് പോത്തും കടവായത് ചില പോത്തുകള്‍ വഞ്ചിയില്‍ കയറി ഇടയ്ക്കിടയ്ക്ക് കടല്‍ കാണാന്‍ അക്കരെയ്ക്ക് പോയിരുന്നതുകൊണ്ടാണെന്ന് ചിലരും പറയുന്നുണ്ട് :)

ഇട്ടിമാളു അഗ്നിമിത്ര June 11, 2009 at 10:25 AM  

കടലമ്മ കള്ളിയാ... അതല്ലെ നമ്മളേ ഇങ്ങനൊരു കള്ളം വിശ്വസിപ്പിച്ചിരിക്കുന്നെ..

riyavins June 11, 2009 at 10:57 AM  

നന്ദേട്ടാ....
ഒത്തിരി ഇഷ്ട്മായ്...
നന്ദി

പി.സി. പ്രദീപ്‌ June 11, 2009 at 11:29 AM  

വായിക്കുകയല്ലായിരുന്നു, ഞാനും ആ എട്ടു വയസ്സുകാരനാവുകയായിരുന്നു.
അങ്ങിനെ പറയണമെങ്കില്‍ നന്ദന്‍ എത്ര നന്നായി എഴുതിയിരിക്കുന്നുഎന്നു പറയേണ്ടതില്ലോ.

ശ്രീ June 11, 2009 at 5:05 PM  

നല്ലൊരു പോസ്റ്റ്, നന്ദേട്ടാ... നൊസ്റ്റാള്‍ജിക്!

പുഴയും കടത്തു കടക്കുന്നതുമൊക്കെയായി ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചു... :)

ഗുപ്തന്‍ June 12, 2009 at 12:41 AM  

കടലമ്മയൊക്കെ സ്റ്റൈല് മട്ടി നന്ദേട്ടാ..ഇപ്പം കള്ളീ എന്ന് വിളിച്ചാ സംസ്ഥാന കമ്മറ്റി മുതല്‍ കേന്ദ്ര കമ്മറ്റി വരെ ഓടിച്ചിട്ടു വെട്ടും; കേരളയാത്ര നടത്തും; ഏ ജിയെ സോപ്പിട്ടുപിടിക്കും...... നിവൃത്തിയില്ലാതെ വരുമ്പം അറ്റകൈക്ക് മാരീചനെക്കൊണ്ട് പോസ്റ്റെഴുതിക്കും...

കാലം മാറീല്ലേ ..


ആ ഇത്സ്ട്രേഷനുപയോഗിച്ച കള്ളപ്പണി കിടു :)

nandakumar June 12, 2009 at 11:49 AM  

ബാല്യാനുഭവങ്ങളെ വായിച്ചറിയാന്‍ വന്ന എല്ലാവര്‍ക്കും
അച്ചായന്‍
ശ്രീലാല്‍
കണ്ണനുണ്ണി
അനില്‍ശ്രീ
ചന്ദ്രമൌലി
ഇന്ത്യാ ഹെറിറ്റേജ്
ശ്രീ ഇടമണ്‍
കുമാരന്‍
ശ്രീനന്ദ
പോങ്ങുമ്മൂടന്‍
ആര്‍പീയാര്‍
ramaniga
കുട്ടിച്ചാത്തന്‍
പുള്ളിപ്പുലി
ശിവ
hAnLLaLaTh
കാന്താരികുട്ടി
ജി.മനു
ലേഖ
പാവത്താന്‍
ദീപക് രാജ്
ടൈപ്പിസ്റ്റ്/എഴുത്തുകാരി
അനൂപ് കോതനെല്ലൂര്‍
ഉഷ
പൈങ്ങോടന്‍
ഇട്ടീമാളു
riyavins
പി.സി പ്രദീപ്
ശ്രീ
ഗുപ്തന്‍

എല്ലാവര്‍ക്കും എന്റെ നന്ദി.

Rare Rose June 12, 2009 at 12:55 PM  

നന്ദന്‍ ജീ..,കടല്‍ ഒരു അത്ഭുതമായി ഒരു കുട്ടിക്കു മുന്നില്‍ അലയടിക്കുന്നതെങ്ങനെയെന്നു ഈ പോസ്റ്റിലൂടെ അറിയാന്‍ പറ്റുന്നു...കാലത്തിനൊപ്പം നടന്നു കടലിനെ നോക്കിക്കണ്ട പോലെ..ചേര്‍ത്തു വെച്ച കടല്‍ച്ചിത്രങ്ങളും ഇഷ്ടായി..:)

ചേച്ചിപ്പെണ്ണ്‍ June 12, 2009 at 1:58 PM  

കടല്‍ നമ്മളെ കുട്ടികള്‍ ആക്കുന്നു ....
തിരിഞ്ഞു നോക്കി ,തിരിഞ്ഞു നോക്കി മാത്രം നാം കടലിന്റെ അരികില്‍ നിന്ന് പിന്‍വാങ്ങുന്നു ....
" അപ്പേ വെരി വെരി പ്ലീസ് , കുറച്ചു നേരം കൂടെ കഴിഞ്ഞിട്ട് പാം .." എന്ന് എന്റെ അഞ്ചു വയസ്സുകാരന്‍ ഉണ്ണി,,

ചേച്ചിപ്പെണ്ണ്‍ June 12, 2009 at 2:07 PM  

കൊച്ച്ച്ചുത്രെസ്സ്യെടെ ക്രുരകൃത്യങ്ങള്‍ എന്ന് കണ്ടപ്പോ ഞാന്‍ ഓര്‍ത്തത്‌ ബ്ലോഗ്ഗര്‍ കൊച്ച്ച്ചുത്രെസ്സ്യെ പറ്റി ആയിരിക്കുംന്ന !
നന്നായിട്ടുണ്ട് ... അന്ന് ടീച്ചര്‍ന്റെ കാലേ കുപ്പിച്ചില്ല് കേറിയോ ?

krish | കൃഷ് June 12, 2009 at 4:59 PM  

കടൽ കാണാൻ പോയ അനുഭവം ഇഷ്ടപ്പെട്ടു.

പിന്നെ, ആ ചിത്രങ്ങ്നൾ, ഫോട്ടോയും വരയും കൂടി സംയോജിപ്പിച്ചതാണൊ? എന്തായാലും മനോഹരമായിട്ടുണ്ട്‌.

Jayasree Lakshmy Kumar June 12, 2009 at 7:51 PM  

നന്ദന്റെ മറ്റു പോസ്റ്റുകളേക്കാൾ ഇഷ്ടമായ പോസ്റ്റ്. ഒരു കുട്ടിയുടെ കടൽ‌ക്കൌതുങ്ങൾ തന്നെ മുതിർന്നവരിലും എന്നത് അനുഭവം.
ചിത്രങ്ങൾ ഇഷ്ടമായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

ഷിജു June 12, 2009 at 9:05 PM  

നന്ദേട്ടാ സമയക്കുറവുകാരണം ഇന്നാ വായിച്ച് തീര്‍ക്കാന്‍ പറ്റിയത്.
ഞാന്‍ എപ്പൊ കടലുകാണാന്‍ പോയാലും കടലമ്മ കള്ളി എന്നെഴുതി അത് തിര വന്ന് മായിച്ചിട്ടു പോകുന്നത് കണ്ടിട്ടേ തിരികെ പോരാറുള്ളൂ . ഇവിടെ പപ്പാ എപ്പോഴും പറയും ആനയേയും കടലും എത്ര കണ്ടാലും മതിവരില്ലെന്ന് :)
ഈ പോസ്റ്റ് പണ്ടത്തെ ചില നല്ല ഓര്‍മ്മകളെ തൊട്ടുണര്‍ത്തി. നന്ദി,
നന്നായിരിക്കുന്നു .

Appu Adyakshari June 12, 2009 at 9:40 PM  

നന്ദാ. ശരിയാ കടല്‍ എത്രകണ്ടാലും മതിവരാത്ത ഒരു കാഴ്ചതന്നെയാണ്. പക്ഷേ ഗള്‍ഫിലെ കടലുകണ്ടാല്‍ നമ്മള്‍ക്കങ്ങനെ തോന്നുകയില്ല കേട്ടോ. ഓളങ്ങള്‍ മാത്രമുള്ള, കായലുപോലെ കിടക്കുന്ന, തിരമാലകളില്ലാത്ത കടല്‍!

എഴുത്തുപോലെ ചിത്രങ്ങളും അതീവ സുന്ദരങ്ങല്‍ എന്നു പറയാതെ പോവാനാവുന്നില്ല.

മുസാഫിര്‍ June 13, 2009 at 12:46 PM  

കടലിനെക്കുറിച്ച് എത്ര പറഞ്ഞാ‍ലും മതിയാവില്ല.കടല്‍ക്കരയിരുന്നാല്‍ നമ്മള്‍ ഒരു പ്രത്യേക മൂഡിലെത്തും അല്ലെ.അതായിരീക്കും ദുഖം വരുമ്പോള്‍ സിനിമയിലെ നായകന്‍ കടലിലേക്ക് പോകുന്നത്.എഴുത്ത് ലളിതം,മനോഹരം.പൂവത്തും കടവിന്റെ ആ സ്ഥലപുരാണം അറിയില്ലായിരൂന്നു.

ഉപാസന || Upasana June 13, 2009 at 9:38 PM  

കഴിഞ്ഞ ജനുവരിയില്‍ കുട്ടനോടൊത്താണ് ചെന്നൈ മറീനയില്‍ പോയത്.
കടലമ്മയോട് സങ്കടങ്ങളൊക്കെ പറഞ്ഞ് ഇരുട്ടുംവരെ ഇരുന്നു.

കടലമ്മയുടെ അനുഗ്രഹം കൊണ്ടാണോ എന്നറിയിലൊല. പിറ്റേ ദിവസത്തെ ഇന്റര്‍വ്യൂവില്‍ ജോലി കിട്ടി. :-)

കുട്ടനോടും ഹരി(കൂട്ടുകാരന്‍)യോടുമൊത്തുള്ള ആ നിമിഷങ്ങള്‍ എഴുതണം.

നന്ദന്‍ ഭായ്.
അടുക്കും ചിട്ടയോടെയും എഴുതിയിരിക്കുന്നു.
ആശംസകള്‍
:-)
സുനില്‍ || ഉപാസന

അഗ്രജന്‍ June 15, 2009 at 10:25 AM  

നന്ദാ, മനോഹരമായി എഴുതിയിരിക്കുന്നു...

കടലമ്മ കള്ളി... എന്നെഴുതിയത് ഓരോ തവണ തിരവന്ന് മായ്ക്കുമ്പോഴേക്കും വീണ്ടും വീണ്ടും കരയിലോട്ട് എഴുതിയിട്ടുണ്ട് ഞാനും ഒരുപാട് തവണ... :)

ഇപ്പോഴും ഓരോ തവണ നാട്ടിൽ പോവുമ്പോഴും ഒരു തവണ കുടുംബസമേതം കടൽ കാണാൻ പോകും...

ഉമ്മാടെ മൂന്നു നാല് ആഗ്രഹങ്ങളിൽ പെടുന്ന ഒന്നാണ് കടൽ... (മൃഗശാല, പരിപ്പ് വട, ഹോട്ടൽ ബിരിയാണി... ഇവയാണ് മറ്റ് മൂന്നെണ്ണം)...

കടൽ കണ്ടാൽ ഉമ്മ ഇപ്പഴും കാൽ നനയ്ക്കാനോടുന്ന ചെറിയ കുട്ടിയാവും :)

. June 16, 2009 at 9:30 AM  

കടലമ്മക്കു language pbm ഉണ്ടെന്നു ഇപ്പൊഴാ മനസ്സിലായതു.ഡാങ്സ്.എഴുതീയെഴുതി കയ്യൊരുമാതിരിയായിട്ടുണ്ടേ..

അരുണ്‍ കരിമുട്ടം June 16, 2009 at 10:05 AM  

നന്ദേട്ടാ,
എന്താ ഇപ്പോ പറയുക?
നന്നായിരിക്കുന്നു എന്ന് മാത്രം പറഞ്ഞാല്‍ പോരാ.
കടല്‍ക്കരയില്‍ പോയതും, കക്കാ വാരിയതും , കള്ളിയെന്നെഴുതിയതും എന്ന് വേണ്ടാ പഴയ കാല ചെയ്തികള്‍ എല്ലാം മനസ്സില്‍ തികട്ടി വന്നു.ഒരു നിമിഷം ഞാനും കടലിനെ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയായ പോലെ..

രാജീവ്‌ .എ . കുറുപ്പ് June 16, 2009 at 10:43 AM  

നന്ദേട്ടാ മനോഹരമായ ശൈലി.

നന്ദേട്ടാ ഞങ്ങളും താങ്കളുടെ കൂടെ ആ കടല്‍ കരയില്‍ നടക്കുകയായിരുന്നു.

കടലമ്മ കള്ളി എന്ന് എഴുതിയതും, തിരകള്‍ വന്നു അതിനെ മായ്ക്കുനതും എല്ലാം ഇന്നലെ കഴിഞ്ഞപോലെ.

എന്റെയും വീടിന്റെ അടുത്ത് തന്നെയാണ് കടല്‍, പലതും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്‌, നന്ദി

nandakumar June 16, 2009 at 11:52 AM  

അഭിപ്രായങ്ങളറിയിച്ച പ്രിയപ്പെട്ട

റെയര്‍ റോസ്
ചേച്ചിപ്പെണ്ണ്
ക്രിഷ്
ലക്ഷ്മി
ഷിജു
അപ്പു
മുസാഫിര്‍
ഉപാസന
അഗ്രജന്‍
. (ഹെന്ത് പേരില്ലേ?) :)
അരുണ്‍ കായംകുളം
കുറുപ്പിന്റെ കണക്കു പുസ്തകം

എല്ലാവര്‍ക്കും എന്റെ നന്ദി

Santosh June 19, 2009 at 12:14 AM  

ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്നു.......
വളരെ നന്നായി. ആശംസകള്‍!

ഉണ്ണി.......... June 19, 2009 at 10:22 PM  

kure divasangalkku shesham aanu nettil enthaayalum blogile kani moshaayilla.... Nandettante pazhaya postukalude oru sukham undu ithinu...
Time illa Malayalam fontum illa
Appo shari

keraladasanunni June 22, 2009 at 8:03 PM  

കടല്‍ ഇല്ലാത്ത ജില്ലയില്‍ കഴിയുന്ന ആളായ എനിക്ക് സന്ദര്‍ഭം കിട്ടിയാല്‍ മണിക്കൂറുകളോളം കടല്‍ കണ്ടിരിക്കുവാന്‍ ഇഷ്ടമാണ്. കടല്‍ തീരത്ത് ശ്രീരാമന്‍ എന്ന് എഴുതിയാല്‍ തിര വന്ന് മായ്ക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പരീക്ഷിച്ച് നോക്കി ശരിയാണെന്ന് കാണുകയും ചെയ്തു.
palakkattettan.

റിയാസ് (മിഴിനീര്‍ത്തുള്ളി) October 17, 2010 at 12:45 AM  

നന്ദേട്ടാ...
പോത്തും കടവ് വഴി ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ഞാന്‍..
ഇപ്പോഴും നാട്ടില്‍ വന്നാല്‍ ആ വഴി വരാറുണ്ട്...പക്ഷെ ആ കടവിനു അങ്ങിനെ ഒരു പേരു വന്നതെങ്ങിനെയെന്നു അറിയില്ലായിരുന്നു...പിന്നെ കഥകളില്‍ തൃപ്രയാര്‍ അമ്പലവും, ചെന്ത്രാപ്പിന്നിയുമൊക്കെ വായിച്ചപ്പോള്‍ മനസില്‍ അതൊക്കെ മിസ് ചെയ്യുന്ന ഫീലിങ്ങ്...