Saturday, November 28, 2009

കല്ലേരിപ്പാടം

.
പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു മഹാ സംഭവമാക്കുമെന്ന് കരുതിയാണ്. മൂന്നു നേരം മൂക്കുമുട്ടെ ഫുഡ്ഡടിച്ച് തലയേതാ അരയേതാ കാലേതാ കൈയ്യേതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകെക്കൂടി ഉരുണ്ടിരിക്കുന്ന ഒരു പരുവത്തിലെന്നെ ആക്കിയത് മാതാ-പിതാക്കാന്മാരുടെ ആ ആഗ്രഹമായിരുന്നല്ലോ.

നീല ടൌസറും വെള്ള ഷര്‍ട്ടും യൂണിഫോമിട്ട കല്പറമ്പ് സ്കൂളിലെ കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് കണ്ടാല്‍ വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു. കൈതോടുകളും പാടവും ഇടവഴിയും കടന്ന് പൈങ്ങോട്ടിലെ ആസ്ഥാന മുത്തപ്പനായ ഘണ്ഠാകര്‍ണ്ണ മുത്തപ്പന്റെ അമ്പലവും അമ്പലമുറ്റത്തെ വിരിഞ്ഞ ആലും കടന്നാല്‍ കല്‍പ്പറമ്പ് ഗ്രാമാതിര്‍ത്തിക്കു തൊട്ടുമുമ്പുള്ള വിശാലമായ കല്ലേരിപ്പാടമായി. കല്ലേരിപ്പാടത്തിന്റെ റോഡിനിരുവശവും വിശാലമായ പാടം. അന്ന് പൈങ്ങൊട്ടില്‍ നിന്ന് കല്‍പ്പറമ്പിലേക്കുള്ള വഴി ടാര്‍ ചെയ്തിരുന്നില്ല. കല്ലും കട്ടയും കല്‍മണ്ണും ചേര്‍ന്ന ഇടവഴി, ഇരുവശവും ശീമക്കൊന്നകള്‍‍, തൈത്തെങ്ങുകള്‍, കമ്മ്യൂണിസ്റ്റ് പച്ചകള്‍.

മഴക്കാലമായാല്‍ റോഡിലെ കുഴികളില്‍ നിറയെ കുഞ്ഞു കുഞ്ഞു കുളങ്ങളായിരിക്കും. ഈ കുഴികളില്‍ ചിലപ്പോള്‍ പൊടിത്തവളകളേയും കാണാം. തവളയെ കാലുകൊണ്ട് പുറത്തേക്ക് തട്ടിത്തെറിപ്പിക്കുക എന്നതാണ് ഞങ്ങളുടെ വിനോദങ്ങളില്‍ ഒന്ന്. ചെറുതായി ഒന്ന് ഓടിവന്ന് ഇടതുകാല്‍ കുഴിയിലെ വെള്ളത്തില്‍ ചാടിക്കുത്തി വലതുകാല്‍ കൊണ്ട്, ഉയര്‍ന്നു വന്ന വെള്ളത്തെ ‘ടപ്പേ’ എന്നുച്ചത്തില്‍ പൊട്ടിക്കുന്ന ‘വെള്ളത്തില്‍ പടക്കം പൊട്ടിക്കുക‘ എന്ന മഹത്തായ കലാപരിപാടിയാണ് മറ്റൊന്ന്. തോട്ടിലെ വെള്ളം നോക്കിയും കാല്‍ നനച്ചും മീന്‍ പിടിച്ചും ഞങ്ങള്‍ ദിവസവും സ്കൂളില്‍ നിന്ന് നേരം വൈകി വീട്ടിലെത്തും.

മഞ്ഞുകാലത്ത് കലേരിപ്പാടത്തിന് മറ്റൊരു മുഖമായിരിക്കും. കാലത്ത് മൂടല്‍മഞ്ഞിന്റെ നേര്‍ത്ത പാടകള്‍ അകന്നകന്ന് പോയി മഞ്ഞവെയില്‍ പാടമാകെ പരന്നു തുടങ്ങിയിട്ടുണ്ടാകും. അപ്പോഴും പാടത്ത് വളര്‍ന്ന് നില്‍ക്കുന്ന നെല്‍ച്ചെടിത്തുമ്പുകളില്‍ കൊഴിയാന്‍ മടിച്ച് മഞ്ഞുതുള്ളികള്‍ നില്‍ക്കുന്നത് കാണാം. വെയില്‍ തട്ടി അവ തിളങ്ങുന്നുണ്ടാകും. റോഡിന്റെ വശത്തുകൂടെ നടന്ന് ഈ നെല്‍ത്തുമ്പിലെ മഞ്ഞുത്തുള്ളിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു മറ്റൊരു കൌതുകം. കാലുകളുടെ ആഞ്ഞുവീശലില്‍ ചിലപ്പോള്‍ ചെടിത്തുമ്പത്തിരിക്കുന്ന പൂച്ചാടികളും ദൂരേക്ക് തെറിച്ചു പോകും. വൈകീട്ട് ട്യൂഷനും കഴിഞ്ഞ് ആറുമണിയോടെ തിരിച്ചുവരുമ്പോഴേക്കും കല്ലേരിപ്പാടമാകെ മഞ്ഞു മൂടിയിട്ടുണ്ടാകും. പടിഞ്ഞാറുനിന്ന് ചുവപ്പ് കലര്‍ന്ന രശ്മികള്‍ നെല്‍ത്തുമ്പിനെ ചുവപ്പിച്ചുണ്ടാകും. മഞ്ഞുകണങ്ങള്‍ വീണ്ടും തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ടാകും.

വേനലില്‍ പാടം വരണ്ടു കിടക്കും. കൊയ്തൊഴിഞ്ഞ പാടത്ത് ചിലപ്പോള്‍ ഫുട്ബോള്‍ കളി നടക്കുന്നുണ്ടാകും. കല്ലേരിത്തോട് വെള്ളം കുറഞ്ഞ് വരണ്ട ചാലുകളായിത്തീര്‍ന്നിട്ടുണ്ടാകും. ഏതു ഋതുവിലായാലും കല്ലേരിപ്പാടത്ത് അല്പസമയം ചിലവഴിക്കാത്ത ഒരു ദിവസവും ഒരു പൈങ്ങോട്ടുകാരനുണ്ടായിട്ടുണ്ടാവില്ല. അത്രമാത്രം കല്ലേരിപ്പാടം ഓരോ പൈങ്ങോടന്റേയും ജീവിത്തത്തില്‍ ചേര്‍ന്നു കിടക്കുന്നു.

പൊടിക്കാറ്റില്‍ ചുവന്ന മണ്ണ് പാറുന്ന ഒരു വേനല്‍ക്കാലം. ഞാനന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു എന്നാണോര്‍മ്മ (അഞ്ചാം ക്ലാസ്സില്‍ പോയി വരുന്നു എന്നു പറഞ്ഞാല്‍ മതി, ഒരു ഗമക്ക് പഠിക്കുന്നു എന്നൊക്കെ കൂട്ടീച്ചേര്‍ത്തതാ) അന്നൊരു ദിവസമാണ് ഞങ്ങള്‍ക്ക് ആ വിവരം കിട്ടിയത്. കല്‍പ്പറമ്പില്‍ നിന്ന് പൈങ്ങോട്ടിലേക്കുള്ള വഴി ടാര്‍ ചെയ്യാന്‍ പോകുന്നു!!!. ഒരു ദിവസം ഞങ്ങള്‍ കണ്ടു, റോഡിനിരുവശവും കൂട്ടിയിട്ട മെറ്റല്‍ കൂനകള്‍, ഓരോ വളവിലും ഒതുക്കി വച്ചിരിക്കുന്ന ടാര്‍ വീപ്പകള്‍. ടാറിട്ട റോഡിലൂടെ ഇനിയുള്ള കാലം സ്ക്കൂളില്‍ പോകുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ അന്ന് രോമം മുളക്കാത്ത ഞങ്ങള്‍ പീക്കിരിപ്പിള്ളാര്‍ക്കുപോലും രോമാഞ്ചം വന്നെങ്കില്‍ നിറയെ രോമമുള്ള ചേട്ടന്മാര്‍ക്ക് എന്തൊക്കെ തോന്നിക്കാണണം?! ഈ വേനലില്‍ ടാറിങ്ങ് പണി നടക്കുമെന്നും അടുത്ത കൊല്ലം സ്ക്കൂളില്‍ പോകുന്നത് ടാര്‍ റോഡിലൂടെയാണെന്നുമുള്ള വിവരം ഞങ്ങള്‍ക്ക് ചേട്ടന്മാരില്‍ നിന്ന് കിട്ടി.

പിന്നീടുള്ള ദിവസങ്ങള്‍ കല്‍പ്പറമ്പ് സ്ക്കൂളില്‍ നിന്നുള്ള മടങ്ങിവരവുകള്‍ തീര്‍ത്തും ഗംഭീരമായിരുന്നു. റോഡിലൂടെയുള്ള നടപ്പ് മാറ്റി ഇരുവശത്തുമുള്ള മെറ്റല്‍ക്കൂനയുടെ മുകളില്‍ കൂടെയായി. ഒരു കൂമ്പാരത്തില്‍ നിന്ന് റോഡില്‍ ചവിട്ടാതെ അടുത്ത കൂനയിലേക്ക് ചാടിപോകാനുള്ള ശ്രമത്തില്‍ പലരുടേയും മുതുകിലും തുടയിലും കല്പറമ്പ്-പൈങ്ങോട് റോഡ് ചരിത്രരേഖകള്‍‍ കുറിച്ചെങ്കിലും ഈ സാഹസ യാത്രയില്‍ നിന്ന് ഞങ്ങളാരും പിന്തിരിഞ്ഞില്ല. സാഹസികന്റെ മുന്നില്‍ അപകടങ്ങളില്ലല്ലോ. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ടാര്‍ വീപ്പയുടെ മൂടികള്‍ കുത്തിത്തുറക്കപ്പെടുകയും ടാറ് പുറത്തേക്കൊഴുകയും, ചില വീപ്പയിലെ ടാറിന്റെ അളവ് കുറയുകയും ചെയ്തു. പിന്നെപ്പിന്നെ ടാര്‍ വീപ്പയിലും തൊട്ടടുത്ത വീടിന്റെ മതിലിലുമൊക്കെ പല പല ചിത്രങ്ങള്‍ കണ്ടു. അതോടെ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. ഈ ടാര്‍ എന്നു പറയുന്ന സാധനം ഒരുഗ്രന്‍ മീഡിയമാണെന്ന്, എന്നു വെച്ചാല്‍ ഞങ്ങളുടെ കലാപരിപാടികള്‍ വികസിപ്പിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്ന്. അല്ലാതെ ടാര്‍ ആര് ദുരുപയോഗം ചെയ്തു എന്നൊന്നുമല്ല.

വൈകീട്ട് സ്ക്കൂള്‍ വിട്ടു വരുമ്പോള്‍ പതിയെ നാട്ടുകാരാരും കാണുന്നില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ (ഞാനും കൂട്ടുകാരും) ടാര്‍ വീപ്പയുടെ അടുത്തെത്തും.റോഡിനെപ്പറ്റിയും ടാറിനെപ്പറ്റിയുമൊക്കെ അത്ഭുതത്തോടെ പറഞ്ഞ് ആരും കാണാതെ പതുക്കെ വിരലുകൊണ്ടോ കോലു കൊണ്ടോ ടാറില്‍ നിന്ന് കുറച്ച് ഉരുട്ടിയെടുക്കും. അത് കിട്ടിയാല്‍ ഒന്നുമറിയാത്തവനെപ്പോലെ പതിയെ കൈ മടക്കി മുങ്ങും. കൈയ്യിലല്‍പ്പം വെള്ളം നനച്ച് ടാര്‍ എടുത്താല്‍ ഒരല്പം പോലും കൈയ്യില്‍ പറ്റിപ്പിടിക്കില്ല (അതൊക്കെ ദിവസങ്ങളിലൂടെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് പഠിച്ചതാണ്) പിന്നെ എലാവരും കൂടി ‘ക്ലേ മോഡലിങ്ങ് ‘ ആണ്. ഉരുട്ടിയെടുത്ത ടാര്‍ കൊണ്ട് പതിയെ പല രൂപങ്ങള്‍ ഉണ്ടാക്കും. ഉരല്‍, ഉലക്ക, അമ്മി തുടങ്ങി ആനയെ വരെ ഉണ്ടാക്കാന്‍ ശ്രമം നടത്തി. ചിലരൊക്കെ വെറുതെ ഉരുട്ടിയുരുട്ടി പന്തുപോലെയാക്കി. കല്ലേരിപ്പാടത്തെ കലുങ്കിലിരുന്ന് രൂപങ്ങളെ ഉണ്ടാക്കിയും മാറ്റിയും ചിലപ്പോള്‍ കലുങ്കില്‍ തന്നെ അതിനെ ഉപേക്ഷിച്ചു പോരുകയും ചെയ്യും. അവിടുന്നങ്ങോട്ടു ടാറിനു ഞങ്ങളെയും ഞങ്ങള്‍ക്ക് ടാറിനേയും പിരിയാന്‍ വയ്യാത്ത പോലെയായി. ടാര്‍(ക്ലേ) മോഡലിങ്ങ് മാറി ടാര്‍ ത്രോ ആയി. ടാര്‍ ചെറിയ ചെറിയ ഉരുളകളാക്കി പരസ്പരം ഷര്‍ട്ടിലേക്ക് എറിയുക, പുസ്തകത്തിന്റെ കവറില്‍ ഒട്ടിച്ചു വെക്കുക, ട്രൌസറിന്റെ മൂട്ടിലേക്ക് എറിയുക അങ്ങിനെ കലാപരിപാടികള്‍ ഓരോ ദിവസവും മാറിമാറി വന്നു. വീട്ടിലെത്തുമ്പോഴേക്കും കൈനഖങ്ങള്‍ക്കിടയില്‍ ടാറിന്റെ അവശിഷ്ടങ്ങളുണ്ടാകും വെള്ള ഷര്‍ട്ടിന്റെ പല ഭാഗത്തും ടാറിന്റെ മണമുണ്ടാകും. പക്ഷേ, അതൊന്നും ഞങ്ങളെ ടാര്‍ മോഡലിങ്ങില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടു നയിക്കാനായില്ല.

അങ്ങിനെ നാലുമണിക്ക് സ്ക്കൂള്‍ വിട്ടു വരുന്ന ഒരു പതിവു ദിനം. റോഡിലെ ഞങ്ങളുടെ സ്ഥിരം ഇരയായ ടാര്‍ വീപ്പയില്‍ നിന്ന് നല്ലൊരു ഉണ്ട ടാര്‍ ഉരുട്ടിയെടുത്തു കയ്യിലിട്ടു തിരുകി പല ഷെയ്പ്പുകള്‍ വരുത്തി ഞങ്ങള്‍ നടന്നു കല്ലേരിപാടത്തെത്തി. പോക്കുവെയിലിന്റെ ശോഭയില്‍ പവന്‍ വിതച്ച പാടത്തിന്റെ കരയിലെ പാലത്തിന്മേലിരുന്ന് പല രൂപങ്ങളുണ്ടാക്കി, ചിലതിനെ അവിടെ ഉപേക്ഷിച്ചും ചിലര്‍ ടാര്‍ ഉരുളകളെ കയ്യില്‍ തിരുകിയും ഞങ്ങള്‍ വീണ്ടും നടത്തമാരംഭിച്ചു. പലതും സംസാരിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍, ഉരുട്ടിയ ടാര്‍ ഉണ്ട എന്റെ തലക്കു പുറകില്‍ ചെവിയുടെ സമീപത്ത് വെറുതെ ഉരുട്ടിനോക്കിയത്. കുറച്ചു ദിവസം മുന്‍പ് മുടിവെട്ടിയതുകാരണം തലയുടെ പുറകിലെ ഭാഗം വളരെ ചെറിയ കുറ്റിരോമങ്ങളായിരുന്നു. അതിനു മുകളിലൂടെ ടാറുണ്ട ഉരുട്ടുമ്പോള്‍ നല്ലസുഖം...നല്ല രസം. ആഹാ!! എനിക്കങ്ങു ബോധിച്ചു. ഞാന്‍ ടാറുണ്ട മുകളിലേക്കും താഴേക്കും പതിയെ തടവാന്‍ തുടങ്ങി. ഇക്കിളി തോന്നുന്ന സുഖം. ജോഷിയും ഗിരീഷും ഔസേപ്പുമൊക്കെയായി നടക്കലും വര്‍ത്താനം പറയലും പിന്നെ ഉരുട്ടലും. അതിനിടയില്‍ ആരും കാണാതെ എനിക്കൊരു ഇക്കിളി സുഖവും. അങ്ങിനെ കുറച്ചു നേരത്തെ നടത്തത്തിനിടയില്‍ കൈ താഴേക്ക് ഉരുട്ടിയപ്പോള്‍.....ഉരുട്ടിയപ്പോള്‍.... അയ്യോ! കൈ മാത്രം. കൈക്കുള്ളില്‍ ടാറുണ്ടയില്ല. താഴെ വീണോ? ഇല്ല വീണിട്ടില്ല. ഞാന്‍ തപ്പി നോക്കി. ടാര്‍ ഭദ്രമായി കുറ്റിമുടിയില്‍. ഞാനതിനെ മുകളിലേക്ക് ഉരുട്ടിനോക്കി. ടാര്‍ മുകളിലേക്ക് പരന്നു കയറി. വീണ്ടും താഴേക്ക് ഉരുട്ടി നോക്കി, ടാറുണ്ട താഴേക്ക് പരന്നു. അയ്യോ! പണ്ടാറം. കുരിശായല്ലോ. ഞാനത് വിരലുകൊണ്ട് പിച്ചിയെടുത്തു. കുറച്ചു ഭാഗം എന്റെ കയ്യില്‍ വന്നു, ബാക്കി?? ബാക്കിയെവിടെ? ഞാന്‍ തപ്പി നോക്കി. അതാ കുറച്ചു ഭാഗം മുടിയില്‍ വീണ്ടും വലി. എന്റെ പരാക്രമം കണ്ടിട്ടാകാം ജോഷിയും ഔസേപ്പും ചോദിച്ചു, :
“എന്താണ്ടാ... എന്തു പറ്റീടാ?“

“ടാര്‍ ഡാ.. ടാറെ...”

“റോട്ടിക്കെടന്ന് എന്തണ്ടാ ടാറ് ടാര്‍ന്ന്”

“അല്ലഡാ.. ടാറെന്റെ മുടിയില്‍.. പണ്ടാറടങ്ങാന്‍.. ശ്ശൊ ഇത് കിട്ട്ണില്ലെഡാ..” എനിക്ക് വെപ്രാളമായി.

“ ആ പാകായൊള്ളൊ! നീയല്ലാണ്ട് ഈ കുന്ത്രാണ്ടം തലേല്‍ തേക്കോ ശ്ശവീ”

“ അയിനിപ്പോ എനിക്കറിയോ ഈ കുരിപ്പിവിടെ പിടിക്കും ന്ന്. ശ്ശോ ഇനിപ്പോ എന്തൂട്ടെണ്ടാ ചെയ്യാ?”

“പിച്ചിയെടുക്കെഡാ ശ്ശവീ...”

“പണ്ടാറടങ്ങാന്‍. അമ്മറഞ്ഞാല്‍ കൊല്ലോടെക്കേ.” എനിക്ക് പേടിയും സങ്കടവും വന്നു.

എല്ലാവരും കൂടിയെന്റെ തല പരിശോധിക്കാന്‍ തുടങ്ങി. പല അഭിപ്രായങ്ങള്‍..പല നിര്‍ദ്ദേശങ്ങള്‍. പല കൈകള്‍ എന്റെ തലയിലും ടാറിലുമായി പതിഞ്ഞു, പലരും ടാര്‍ പറിച്ചെടുക്കാന്‍ തുടങ്ങിയതോടേ ചെറിയൊരു ഭാഗത്തു മാത്രം ഉണ്ടായിരുന്ന ടാര്‍ തലയില്‍ പലയിടത്തേക്കും പടരാന്‍ തുടങ്ങി.

“ ഒരു ബ്ലെയിഡ് കൊണ്ട് മുറിച്ചുകളഞ്ഞാലോ”

“ അതിനേക്കാള്‍ നല്ലത് ബ്ലേയിഡോണ്ട് ചെരണ്ട്യാ മതി” വേറൊരുത്തന്‍

“നീ നിന്റെ തലയില്‍ പോയി ചെരണ്ടടാ ശ്ശപ്പേ..” എനിക്ക് ദ്വേഷ്യം വന്നു.

ദൈവമേ ഇവന്മാരെല്ലാവരും കൂടി എന്റെ തല മൊട്ടയടിക്കുന്ന മട്ടാണോ?. ടാറ് കളയാതെ എനിക്ക് വീട്ടില്‍ പോകാനും പറ്റില്ല, ടാറാണെങ്കില്‍ തലയില്‍നിന്ന് പോകുന്നുമില്ല.

“ എന്തണ്ടാ?.. എന്തൂറ്റണ്ടാ? പൂയ്...ടാ”

പാടത്തിനവിടെനിന്നൊരു ശബ്ദം. ഞങ്ങള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പശുവിനെപ്പിടിച്ചുകൊണ്ടൊരു ചേട്ടന്‍. പൈങ്ങോട് മഹിളാ സമാജത്തിന്റെ തൊട്ടടുത്ത് വീടുള്ള രാജന്‍ എന്ന ചേട്ടന്‍ ആയിരുന്നു. ആള് പശുവിനെ തീറ്റാന്‍ പാടത്തേക്ക് വന്നതായിരുന്നു. ഞങ്ങള്‍ കുറച്ചു പേര്‍ എന്റെ തലയെ വട്ടം പിടിച്ച് പരീക്ഷണം നടത്തുന്നത് കണ്ടപ്പോള്‍ ആള്‍ ഉറക്കെ വിളീച്ചു ചോദിച്ചതാണ്.

“വേണ്ടറാ.. പറയണ്ട..” ഞാന്‍ പറഞ്ഞു. : “ആളറിഞ്ഞാല്‍ ഇനി പൈങ്ങോട് മൊത്തം അറിയും. നാണക്കേടാകും”

“ദേ ദിവന്റെ തലേല്‍ ടാറായി” ഏതോ ഒരു ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സെക്കന്റിലൊരംശം കൊണ്ട് സംഗതി അനൌണ്‍സ് ചെയ്തു.

പശുവിനെ സൈഡിലെ തെങ്ങില്‍ കെട്ടി രാജന്‍ ഞങ്ങളുടെ അടുത്തു വന്നു. ഡോക്ടര്‍ രോഗിയെ പരിശോധിക്കും പോലെ എന്റെ തല തിരിച്ചും ചെവി മടക്കിയും ആള്‍ പരിശോധിച്ചു,

“ ഇതാരാണ്ടാ ടാര്‍ തേച്ചെ?” രാജന്റെ ചോദ്യം

“ ഞാന്‍ തന്നാ” എന്റെ ദയനീയ മറുപടി

“ ദെങ്ങനാഡാ തേച്ചെ?“

“തേച്ചതല്ലാ തന്നെ ആയതാ”

“ നിന്നെ സമ്മതിക്കാണോല്ലഡാ.. ഔ...എളുപ്പല്ലാട്ടാ”

“ ഇപ്പോ കൊറേ പോയി”

“ ഹോ! എന്നിട്ട് ബാക്കിഒള്ളതാണോ ഈ കാണണത്?”

“ ഇതെങ്ങെനാ ഒന്നു കളയാ? ” അവസാന വഴിയെന്നപോലെ ഞാന്‍ ചോദിച്ചു,

തല നന്നായി പരിശോധിച്ചു അല്പം ചിന്താധീനനായി രാജന്‍ ഗൌരവത്തില്‍ പറഞ്ഞു. : “ഉം ഒരൊറ്റ വഴിയേയുള്ളു, നീ വാ”

“എവടക്ക്? “ ഞങ്ങളെല്ലാവരും ഒരുമിച്ച്.

“നീ എന്റെ കൂടെ വാടാ.ഞാന്‍ എന്റെ വീട്ടിപ്പോയിട്ട് സകലതും ശര്യാക്കിത്തരാം. ബാ”

അപ്പോഴേക്കും സ്ക്കൂല്‍ വിട്ടിട്ട് വീട്ടിലെത്താതിരുന്ന കുറേ അലവലാതികളും എന്റെ ചുറ്റും കൂടി,. നോക്കട്ടെ നോക്കട്ടെ എന്നും പറഞ്ഞ് പേറ് കഴിഞ്ഞ പെണ്ണിനേയും കുട്ടിയേയും കാണുന്ന പോലെ എല്ലാവരും വന്നെന്റെ തല നോക്കിയും പിടിച്ചും പരിശോധിച്ചു.

‘പണ്ടാറങ്ങാന്‍ ഇവറ്റകള്‍ക്ക് സ്ക്കൂളു വിട്ടാല്‍ കുടുമ്മത്തിക്ക് പൊക്കൂടെ‘ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി. മുന്നില്‍ രാജന്‍ പുറകില്‍ ഞാന്‍ അതിനു പുറകില്‍ മറ്റു സംഘാംഗങ്ങളുമായി പാര്‍ട്ടിയുടെ ശക്തിപ്രകടനം പോലെ, ഘണ്ടാകര്‍ണ്ണന്റെ അമ്പലകയറ്റവും കഴിഞ്ഞ് അംഗനവാടിയുടെ പുറകിലുള്ള രാജന്റെ വീട്ടിലെത്തി.

പശൂനെത്തീറ്റാന്‍ പോയ രാജന്‍ വലിയൊരു കുട്ടി സംഘവുമായി വരുന്നതുകണ്ടപ്പോല്‍ രാജന്റെ അമ്മ അകത്തു നിന്നോടി വന്നു വലിയ വായില്‍ നിലവിളിച്ചു,.

“എന്റെ മോനേ.... നിനക്കെന്തുപറ്റിയെടാ.. പശൂനെത്തീറ്റാന്‍ പോയതല്ലേടാ നീ..എന്തൂട്ട് കുരുത്തക്കേടണ്ടാ നീ കാട്ടീത് ?”

“അമ്മ അവടെ ചാവാണ്ട്ക്ക്. ദേ ഈ ക്ടാവിടെ തലേല്‍ ടാറ് ആയി. അത് കളയാന്‍ വന്നതാ”

‘അത്രേള്ളൊ.” സ്വച്ചിട്ട പോലെ അവര്‍ കരച്ചില്‍ നിര്‍ത്തി മുറ്റത്തു നിര്‍ത്തിയ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് പ്ലാവില കൊടുക്കാന്‍ പോയി.

ഞങ്ങളെ മുറ്റത്ത് നിര്‍ത്തി രാജന്‍ അകത്തേക്ക് പോയി. രാജന്റെ വീട്ടിലുള്ളവരെല്ല്ലം വന്ന് എന്നെ ഒരു അത്ഭുത വസ്തുവിനെ എന്ന പോലെ നോക്കി. ‘എന്നാലും ഇതെങ്ങിനെ ഇവന്റെ തലയില്‍ വന്നു‘ എന്ന് താടിക്ക് കൈ കൊടുത്തു ആലോചിച്ചു നിന്നു. ഞങ്ങള്‍ കുട്ടികളുടെ സംഘം കണ്ട് അയല്പക്കങ്ങളിലെ ചേച്ചിമ്മാര്‍, അമ്മമാര്‍, അമ്മൂമ്മമ്മാര്‍, പശൂവിനേയും ആടിനേയും തീറ്റിക്കാന്‍ പോകുന്നവര്‍ എന്നു വേണ്ട മുറിബീഡി വലിക്കുന്ന അപ്പൂപ്പന്മാര്‍ വരെ അവിടേക്ക് വന്ന് തങ്ങളുടേതായ പ്രസ്ഥാവനകളും അഭിപ്രായങ്ങളും നടത്തി. അതു മാത്രമോ ‘ഈ കുട്ടി എവടത്ത്യാ? ’ എന്നുള്ള ചോദ്യവും. ‘അവര്‍ക്കെന്റെ തല കണ്ടാല്പോരെ?പിന്നെ ഞാനെവിടെത്തെയാണ് , ആരുടെ മോനാണ് എന്നൊക്കെ അറിയുന്നതെന്തിനാ?‘ എനിക്ക് ചൊറിഞ്ഞു കയറുന്നുണ്ടാ‍യിരുന്നു.

ഒരു കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബ്ലെയിഡുമായി അകത്തു നിന്നും രാജന്‍ വന്നു. ‘തല കാട്ടടാ”

“ അയ്യോ ചേട്ടാ എന്താ ചെയ്യാന്‍ പോണെ?”

“അതൊന്നും നീയറിയണ്ട. നീയിവിടെ തലകുനിച്ചിരിക്ക്.“ എന്നും പറഞ്ഞ് രാജനെന്നെ താഴെയിരുത്തി. കുപ്പി തുറന്ന് കയ്യിലെ തുണിക്കഷണത്തിലേക്ക് എന്തൊ ഒഴിച്ചു, അതിന്റെ മണം കേട്ടതും എനിക്ക് മനസ്സിലായി. ‘മണ്ണെണ്ണ’!!

‘ഈശ്വരാ,....കുളിക്കാന്‍ നേരം തലയില്‍ വെളിച്ചെണ്ണ പരട്ടുന്നപോലെ ഇന്നെന്നെ മണ്ണെണ്ണ പുരട്ടി കുളിപ്പിക്കോ?’

“ചേട്ടന്‍ മണ്ണെണ്ണ പരട്ടാന്‍ പോവാണോ? അത് വേണോ?” ഞാന്‍ ദയനീയനായി ചോദിച്ചു

“എടാ മണ്ണെണ്ണയോ പെട്രോളോ പരട്ട്യാലേ ടാ‍ര്‍ പോകള്ളൊ, ഇത് മണ്ണെണ്ണയാ, നീ ചാകാണ്ടിരിക്ക്. ഞാനിത് തലേല്‍ മുഴോന്‍ തേക്കാന്‍ പോവല്ല”

രാജന്‍ ഒരു തുണിയില്‍ മണ്ണെണ്ണ മുക്കി എന്റെ തലയില്‍ പുരട്ടാന്‍ തുടങ്ങി. കുറേ നേരം തുടച്ചിട്ടും മുഴുവന്‍ പോകുന്നില്ല.പിന്നെപ്പിന്നെ ടാര്‍ പതിയെ ഇളകാന്‍ തുടങ്ങി.

“ ഇത് ബ്ലെയിഡുകൊണ്ട് തന്നെ കളയേണ്ടി വരും” എന്ന് പ്രഖ്യാപിച്ചു കളഞ്ഞു രാജന്‍.

“ഇങ്ങ്ട് കുനിഞ്ഞ് നിക്കടാ..”

“അയ്യോ കഴുത്തു മുറിയോ?” എനിക്ക് പേടിയായി

“ഇല്ലടെക്കേ... നീയിങ്ങ്ട് താട്ട്യേ നിന്റെ തല” രാജന്‍ എന്റെ തലപിടിച്ച് ചെരിച്ച് വെച്ചു പതിയെ ബ്ലെയിഡ് കൊണ്ട് ചുരണ്ടാന്‍ തുടങ്ങി. കുറച്ചു ദിവസം മുന്‍പ് ഭംഗിയായി മുടി വെട്ടിയതാണ്, അതും നല്ല സ്റ്റൈലില്‍. ഇനി എലി കരണ്ട കപ്പക്കിഴങ്ങുപോലെയാകുമോ എന്റെ തല?

എന്തിനേറെപറയുന്നു, ഏതാണ്ട് അരമണിക്കുര്‍ നേരത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം രാജന്‍ മണ്ണെണ്ണയും ബ്ലെയിഡും ഉപയോഗിച്ച് എന്റെ തല ഒരു പരുവമാക്കിയെടുത്തു. ഞാന്‍ പതിയെ കൈവിരല്‍ കൊണ്ട് തല തടവി നോക്കി. തലയിലെ ടാര്‍ പോയെങ്കിലും അതോടൊപ്പം അവിടത്തെ മുടിപോയതുകാരണം ഒരു ഭംഗിക്കുറവ്!! തലയില്‍ തടവിയ കൈ ഞാന്‍ മണത്തുനൊക്കി. അസ്സല്‍ മണ്ണെണ്ണ മണം. കാലത്ത് സ്ക്കൂളില്‍ പോകുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേച്ച് കുളിച്ച എന്റെ തല വൈകീട്ടായപ്പോളേക്കും മണ്ണെണ്ണതേച്ച് വടിക്കേണ്ടി വന്നു. സംഗതി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഇനി അമ്മ കൂടി തരാന്‍ പോകുന്ന‘ സമ്മാനം‘ ഓര്‍ത്ത് ഞാന്‍ വീട്ടിലേക്ക് പോകാന്‍ എഴുന്നേറ്റു.

“ ടാ...റോഡ് പണി തൊടങ്ങാന്‍ ഇനീം കൊറേ ദിവസണ്ട്ട്ടാ.. ആ ടാര്‍ അവിടെയുണ്ടാവോ അതോ നിന്റെ തലേന്ന് എടുക്കണ്ടിവര്വോ?” രാജന്‍ എല്ലാവരും കേള്‍ക്കേ ഉറക്കെ കളിയാക്കി.

നാണക്കേട് കാരണം എലികരണ്ട പോലത്തെ തല കുനിച്ചു ഞാന്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഔസേപ്പും മനോജും ബിനോജും ഗിരീഷും കിട്ടിയ അവസരം പാഴാക്കാതെ എന്റെയൊപ്പം വട്ടം ചുറ്റി നടന്ന് പാടാന്‍ തുടങ്ങി...

“ഡിങ്ക ഡിക്ക ടാര്‍ ആയേ...
ഡിങ്ക ഡിക്ക ആരടെ തലേല്‍?
ഡിങ്ക ഡിക്ക നന്ദൂന്റെ തലേല്‍..
ഡിങ്ക ഡിക്ക എന്തു ചെയ്തു?
ഡിങ്ക ഡിക്ക പച്ചെള്ളം പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക വെളിച്ചെണ്ണ പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക മണ്ണെണ്ണ പരട്ടി
ഡിങ്ക ഡിക്ക ടാര്‍ പോയേ....“
.

Wednesday, July 29, 2009

ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്

.
ജൂലൈ 25 പകല്‍


ടിംണീം...ടിംണീം...ടിംണീം...ടിംണീം...
എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.

സംശയമില്ല. പോങ്ങുമ്മൂടന്‍ തന്നെ..

ബംഗലൂരില്‍ നിന്നും കൊടുങ്ങല്ലൂരിലെത്തി റോമിങ്ങിലുള്ള ഞാന്‍ മൊബൈലെടുത്തു വിളിച്ചു. : “എന്തെഡേ? എവിടേ? വൈകീട്ടെത്തില്ലേ?”

“നന്ദേഴാ....ഞാനെഴ്ത്തി.. ഞാനിവിഴെ..എഴണാകുഴത്തുണ്ട്”

തീര്‍ച്ചയായും സത്യം തന്നെ..അഴകൊഴമ്പന്‍ ശബ്ദത്തില്‍ നിന്നും പോങ്ങു എറണാകുളത്തെത്തി, കുളത്തിലിറങ്ങി നനഞ്ഞുവെന്നു മനസ്സിലായി.

“സംഗതികള്‍ കുളമാക്കാ‍തെ നിന്നെയിനി എപ്പോള്‍ കെട്ടിയെടുക്കും?”

നന്ദേഴ്ട്ടാ...ഞാനവിടെ എത്തിക്കോഴാം.. നന്ദേട്ടന്‍ പുറപ്പെട്ടില്ലേ? നമുക്ക് റൂം കിട്ടില്ലേ?”

“നീ ഗോശ്രീ പാലം കയറി ഞാറക്കല്‍ വഴി ചെറായിലേക്ക് വാ, ഞാന്‍ പറവൂരെത്തി ചെറായിലേക്കെത്തിക്കോളാം. നിരക്ഷരന്‍ അമരാവതി റിസോര്‍ട്ടില്‍ നിനക്കൊരു ഡബിള്‍ റൂമും എനിക്കൊരു സിംഗിളും എടുത്തിട്ടുണ്ട്.”

“ഓക്കെ... എങ്കില്‍ ഞാന്‍ ഈ ഫുള്ളു തീര്‍ന്നാലുടന്‍ എഴ്ത്തിക്കോഴാം”

മൊബൈല്‍ കട്ടുചെയ്തു പായ്ക്കു ചെയ്ത ബാഗ് തോളിലിട്ട് പുറത്തിറങ്ങാന്‍ നേരം വീണ്ടും ടിംണീം...ടിംണീം...ടിംണീം...ടിംണീം...

‘ശ്ശോ ഈ ഫോണെടുത്തത് എടാകൂടാമായല്ലോ, ഇതാരാണാവോ!‘

“നന്ദേട്ട... ഇത് ഞാനാ..ജിഹേഷ് എടാകുടം”

ലതു കറക്റ്റ്, അവനൊരുമിച്ച് ചെറായിലേക്ക് വിടാം എന്നായിരുന്നു തീരുമാനം. “നീയിതെവിടെ?”

“ഞാനിന്നു കാലത്തു ബാംഗ്ലൂരില്‍ നിന്ന് ലാന്‍ഡ് ചെയ്തേ ഉള്ളൂ....ചെറിയൊരു പ്രശ്നം എനിക്കിന്നു വരാന്‍ പറ്റില്ല... ഞാന്‍ നാളെ മീറ്റിനെത്തിക്കോളാം..”

“എടാ........കൂടമേ....ഈ അവസാന നേരത്താണോടാ പ്ലാന്‍ മാറ്റുന്നത്. നീയിതു ഏതു എടാകൂടത്തിലാ പെട്ടത്”

“ഒക്കെ വന്നിട്ടൂ പറയാം..അപ്പ നാളെ കാണാട്ടാ”

മൊബൈല്‍ കട്ട് ചെയ്ത് ഞാന്‍ കൊടുങ്ങല്ലൂരിലേക്ക് വിട്ടു. കൊടുങ്ങല്ലുരില്‍ നിന്ന് ഒരു എറണാകുളം ഫാസ്റ്റില്‍ കയറി പറവൂരിറങ്ങി.അവിടെകണ്ട ഒരു ലോക്കലിനോടു വിവരം തിരക്കി ഒരു ലോക്കല്‍ ബസ്സില്‍ കയറി ചെറായി ലോക്കല്‍ ജംഗ്ഷനിലിറങ്ങി.

ഞാന്‍ വീണ്ടും മൊബൈലെടുത്തു പോങ്ങനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം... റിങ്ങ് ചെയ്യുന്നുണ്ട്. പക്ഷെ പോങ്ങന്‍ എടുക്കുന്നില്ല. വീണ്ടും വിളിച്ചു ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ഹായ് നന്ദേഴ്ട്ടാ‍.. പുഴപ്പെട്ടോ? “ പോങ്ങന്റെ കുഴഞ്ഞ ശബ്ദം.

‘പുറപ്പെട്ടു പുറപ്പെട്ടു, നീയിനിയും പുറപ്പെട്ടില്ലേ? നീയെതെന്തിനുള്ള പുറപ്പാടാ??”

“ നന്ദേട്ടാ‍ ഷിനുവുമായി ഒരു ഫുള്ള് തീഴ്ത്ത് ഞാന്‍ നീന്തിയും ഇഴഞ്ഞും ഹൈക്കോര്‍ട്ടിനു മുന്നിലെത്തി, നന്ദേട്ടനെപ്പോഴാ വരുന്നേ? ഇനി വഴാതിരിക്കുമോ”

“എടാ പോങ്ങാ... ഞാനിതിവിടെ എത്തി നിന്നെ വെയ്റ്റ് ചെയ്യാ..നിന്നെ ഇന്നെങ്കിലും കെട്ടിയെടുക്കൊ? എടാ വൈപ്പിന്‍ വഴിയുള്ള മുനമ്പം ബസ്സിലോ പറവൂര്‍ ബസ്സിലോ കേറി പോരാന്‍ നോക്കഡേ”

ഞാന്‍ ഫോണ്‍ കട്ട് ചെയ്ത് നിരക്ഷരനെ വിളിച്ചു. ടിംണീം...ടിംണീം...ടിംണീം...ടിംണീം...

“ മനോജ് ഭായി, ഞാന്‍ ചെറായിലെത്തി, ഇവിടെനിന്നെങ്ങിനെ? എങ്ങോട്ട്? ഏതു വഴി?”

“ ആഹാ!! നന്ദാ ഒരു പതിനഞ്ചു മിനിട്ട് വെയ്റ്റ് ചെയ്താല്‍ ഞാന്‍ വണ്ടിം കൊണ്ടുവരാം, ഞാനിപ്പോള്‍ എറണാകുളത്തു നിന്ന് പുറപ്പെട്ടു”

“മനോജ് ഭായ് പുറപ്പെടാന്‍ വരട്ടെ..... ആ ഹൈക്കൊര്‍ട്ട് ജംഗ്ഷനില്‍ ഒരു സാധനം കിടപ്പുണ്ട്. ഒരു ബ്ലോഗര്‍....നമ്മുടെ പോങ്ങു, കോടതിക്കു മുന്നില്‍ കിടന്നു ഇക്ഷ, ഇഞ്ഞ, ഇത്ത വരക്കുന്നുണ്ട്. ഒന്നു പൊക്കിയെടുത്തു വരാമോ?”

“അയ്യോ ഞാന്‍ പുറപ്പെട്ടല്ല്ലോ നന്ദാ... ഗോശ്രീ പാലത്തില്‍ കയറി, ഞാനൊന്നു വിളിച്ചു നോക്കാം ഇല്ലേല്‍ ചെറായി ജംഗഷനില്‍ നിന്ന് ഓട്ടോക്കു വരാന്‍ പറ. നന്ദനവിടെ നിക്ക് ഞാനിപ്പോ വരാം”

നിര്‍ദ്ദേശിച്ച പ്രകാരം ഞാന്‍ ചെറായി ബീച്ചിലേക്കുള്ള റോഡിലേക്ക് നടന്നു. മൂന്നു ഗോള്‍ഡ് ഫ്ലേക്ക് വലിച്ചു തീര്‍ത്തപ്പോഴേക്കും നിരക്ഷരന്റെ കാറെത്തി, ഞാന്‍ ഡോര്‍ തുറന്നു.

“പുറകില്‍ കയറിക്കോ” ഞാന്‍ നോക്കിയപ്പോള്‍ മുന്‍ സീറ്റില്‍ നിരക്ഷരന്റെയൊപ്പം എന്തോ ഒരു വലിയ ചാക്ക് ഇരിക്കുന്നു. ‘ നാളത്തെ ബ്ലോഗ് മീറ്റിനുള്ള എന്തെങ്കിലും കനപ്പെട്ടത് വാങ്ങിക്കൊണ്ടു വരുന്നതാകും’ ഞാന്‍ ആലോചിച്ചു.

“ഇതെന്താ മനോജ് ഭായി ഈ ചാക്കില്‍? നാളത്തെ പരിപാടിക്കുള്ള സ്പെഷ്യല്‍??”

“ചാക്കോ? ഇതോ?” മനോജ് വാ പൊളിച്ചു എന്നിട്ട് ചാക്കിന്റെ തലഭാ‍ഗം പിടിച്ച് ഉയര്‍ത്തി പിന്നിലേക്ക് കുറച്ച് വലിച്ചിട്ടു, പുറകിലിരുന്ന ഞാന്‍ മുന്നിലേക്ക് എത്തിനോക്കി

“ഈശ്വരാ...........പോങ്ങുമ്മൂടന്‍..”

ചാക്കുകെട്ടാണെന്നു കരുതിയ ഞാന്‍ കണ്ടത് കെട്ടിറങ്ങാത്ത പോങ്ങുവിനെ...

കായലുകളുടെ തുള്ളാട്ടം കണ്ട്, ചുവപ്പു പടര്‍ന്ന ചക്രവാളത്തിനു നേരെ നിരു ഞങ്ങളെ വഹിച്ച് കാര്‍ പായിച്ചു. പരദൂഷണങ്ങളും കളിയാക്കലുകളും പറഞ്ഞ് ഞങ്ങള്‍ കടല്‍തീരത്തേക്ക് പോകവേ വീണ്ടും എന്റെ പോക്കറ്റില്‍ ടിംണീം...ടിംണീം...ടിംണീം...

ഹോ യേതവനാഡേ ഈ നേരത്ത്. സുന്ദരമായ സായംകാലം ഇവന്മാരായിട്ടു നശിപ്പിക്കും. ഈ ബ്ലോഗര്‍മാരുടെ ഓരോ തോന്ന്യാസം‘ രണ്ടും കല്‍പ്പിച്ച് ഞാന്‍ അറ്റന്‍ഡ് ചെയ്തു.

“നന്ദേട്ടാ...ഇത് ഞാനാ തോന്ന്യാസി..ഞാനിവിടെ ചെറായി ദേവസ്വം നടയില്‍ നിക്കാ. ഇനി എന്താ ചെയ്യണ്ടേ?”

“നീയവിടെ നാലു മണിക്കുറ് നിക്കഡാ പോത്തേ... നിനക്കൊരു 5 മിനിട്ടു മുന്‍പ് വിളിക്കാരുന്നില്ലേഡാ ശ്ശവീ..ഞങ്ങളിപ്പോ അവ്ടന്ന് പോന്നേ ള്ളു.”

ഞങ്ങള്‍ വീണ്ടും വണ്ടി തിരിച്ചു ജംഗഷിനിലെത്തി. ഇലക്ട്രിക്ക് പോസ്റ്റില്‍ തെങ്ങിന്റെ കവണം പട്ട ചാരി നിര്‍ത്തിയ മാതിരി പോസ്റ്റില്‍ ചാരി നില്‍ക്കുന്നു രണ്ടടി ഉയരവും ഒന്നരയിഞ്ചു വീതിയുമുള്ള ബൂലോക തോന്ന്യാസി..അതിനെ കോരിയെടുത്ത് കാറിലിട്ട് ഞങ്ങള്‍ കടപ്പുറത്തേക്ക് തെറിച്ചു

കാറ് കടല്‍തീരത്തെത്തി, വെള്ളിയരഞ്ഞാണങ്ങള്‍ തീരത്തേക്ക് വലിച്ചെറിഞ്ഞ്, നെറ്റിയില്‍ സിന്ദൂരമണിഞ്ഞ് ചെറായി കടപ്പുറം ഋതുമതിയായ പെണ്‍കിടാവിനെപോലെ സുന്ദരിയായിരിക്കുന്നു.

മുന്‍വശം അലറുന്ന കടലും പിന്നില്‍ നിശ്ശബ്ദമായ കായലിനുമിടയിലായി അമരാവതി റിസോര്‍ട്ട്. ഞങ്ങളെ സ്വീകരിക്കാന്‍ പ്രിയപ്പെട്ട ലതിച്ചേച്ചുയും സുഭാഷേട്ടനും മുറ്റത്ത്. കുറച്ചു നേരത്തെ വിശ്രമത്തിനു വേണ്ടി ഞങ്ങള്‍ മുകളിലെ മുറിയിലേക്ക് കയറി.

“ചെന്നോളു അവിടെ മറ്റൊരു ബ്ലൊഗറും കാണും” നിരക്ഷരന്‍ പറഞ്ഞു.

പോങ്ങു കട്ടിലിലേക്ക് മറിഞ്ഞു ഞാന്‍ തോന്ന്യനും ഒരോ കസേരയിലേക്കും.

“ഡേയ് ഇന്ന് രാത്രി കീച്ചാന്‍ സാധനമൊന്നും കൊണ്ടുവന്നില്ലേഡേ?’ ഒരു ഗോള്‍ഡനെ ചുണ്ടത്തു തിരുകി തീ കൊളുത്തുന്നതിനിടയില്‍ ഞാന്‍ തോന്ന്യനോട് ചോദിച്ചു.

മറുപടി പറയാന്‍ തോന്ന്യന്‍ വാ പോളിച്ചതും റൂമിലെ ബാത്ത് റൂമീല്‍ നിന്ന് ധാരധാരയായി എന്തോ ഒഴുകുന്നശബ്ദം.

ഞങ്ങള്‍ അലെര്‍ട്ടായി. ‘ഇനി വല്ല ചാവേര്‍? ഭീകരന്‍? മനുഷ്യ ബോംബ്? പറയാന്‍ പറ്റില്ല നാളെ ബ്ലോഗ് മീറ്റല്ലേ.. ബ്ലോഗ് മീറ്റുള്ളിടത്ത് ഭീകരാക്രമണമുണ്ടാക്കുമെന്നും ചാവേറുകള്‍ വരുമെന്നും പത്ര പ്രവാചകര്‍ ഈയ്യിടെ പ്രവചിച്ചിരുന്നതേയുള്ളു. അവരുടെ പ്രവചനം ഒരിക്കലും വെറുതെയാവില്ലല്ലോ‘

‘ആരോ മുള്ളിക്കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു.“ ശബ്ദത്തെ അനലൈസ് ചെയ്ത് തോന്ന്യന്‍ പറഞ്ഞു.

ധാരധാരയുടെ ശബ്ദം നിലച്ചതും കുറച്ചു നിമിഷത്തിനു ശേഷം ബാത്ത് റൂമില്‍ നിന്നും നീണ്ടു നിവര്‍ന്ന് താടി ജഡാദികള്‍ വളര്‍ത്തിയ കൃശഗാത്രന്‍ കൈയ്യും മുഖവും തുടച്ചു കൊണ്ട് വന്ന് ഞങ്ങള്‍ക്ക് നേരെ കൈ നീട്ടി.

“ഹായ്, ഞാന്‍ മുള്ളൂക്കാരന്‍”

“അത് മുള്ളിക്കൊണ്ടിരിക്കുന്നത് കണ്ടപ്പൊഴേ തോന്നി” ഞാന്‍ തിരിച്ചും കൈനീട്ടി.

“ഇത്...ഇതെന്താ സാധനം?” കിടക്കയിലെ ഭീമാകാരത്തെ നോക്കി മുള്ളൂക്കാരന്‍ ചോദിച്ചു,

“സംശയിക്കേണ്ട ബ്ലോഗര്‍ തന്നെ... ബ്ലോഗ്ഗര്‍ പോങ്ങുമ്മൂടന്‍“

“ചേട്ടാ‍... പോങ്ങേട്ടാ.....” ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മുള്ളൂക്കാരന്‍ പോങ്ങന്റെ ഭീമാകാര ശരീരത്തിലേക്ക് ചാടി വീണു,

വിഷ് ചെയ്യാനാണ്......


..........................................................................................................


ജൂലൈ 25, രാത്രി,
ചെറായി കടപ്പുറം. ഇരുട്ടില്‍ തിരമാലകളുടെ നിലക്കാത്ത ആരവം. അകലെ അമരാവതിയില്‍ വെളിച്ചക്കീറുകള്‍.

“.......അങ്ങിനെ ആണ്ടിപ്പെട്ടിയില്‍ നിന്ന് അരക്ഷണനായി ഞാന്‍ നാട്ടിലെത്തി,. ഇപ്പോ പെരിന്തല്‍ മണ്ണയില്‍ മാതൃഭൂമിയില്‍ ഒരു ജോലി തരപ്പെട്ടു.”

തന്റെ കഥ പറഞ്ഞ് തോന്ന്യാസി ഗോള്‍ഡ് ഫ്ലേക്കിന്റെ കുറ്റി മണല്‍ തീരത്തേക്ക് വലിച്ചെറിഞ്ഞു.

“നിങ്ങളെയൊകെ കാണാം, ഒരുമിച്ചു കൂടാം എന്നു കരുതിമാത്രമാ ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഇന്നു തന്നെ കാലത്തേ പുറപ്പെട്ടത്” തന്റെ അടുത്ത ഗ്ലാസ്സ് നിറച്ച് പോങ്ങു പറഞ്ഞു

“എന്തായാലും ഇന്ന് വന്നത് നന്നായി. ഇതാണ് ശരിക്കും മീറ്റ്. ഇന്നത്തെ രാത്രി, കടലിന്റെ തീരം, സൌഹൃദത്തിന്റെ ആള്‍ രൂപങ്ങള്‍..” ഞാന്‍ ഗ്ലാസ്സിലെ അവസാന സിപ്പെടുത്ത് ഗ്ലാസ്സ് മണലില്‍ വെച്ചു, ഒരു പുകകൂടിയെടുത്തു.

അമരാവതിയിലേക്ക് വീണ്ടും കാറുകള്‍ വന്നുകൊണ്ടിരുന്നു, മുകളിലെ മുറിയുടെ മുന്നില്‍ ആള്‍പെരുമാറ്റങ്ങള്‍.

“മനുജിയും മാലോത്തുമായിരിക്കുമൊ, ഒന്നെഴുന്നേറ്റ് നോക്ക്യേഡാ തോന്ന്യാ” മണലില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പരാജയപ്പെട്ട് പോങ്ങന്‍ പറഞ്ഞു, ഒറ്റവലിക്ക് ഗ്ലാസ്സ് കാലിയാക്കി.

ടിംണീം...ടിംണീം...ടിംണീം... പോങ്ങന്റെ മൊബൈലില്‍ നിരക്ഷരന്‍

“ഡേയ് രണ്ടുമണിക്കുറായല്ലോ കടപ്പുറത്തേക്ക് കുപ്പീം ഗ്ലാസ്സുമായി പോയിട്ട്. വെള്ളത്തിലാണൊ? “ നിരക്ഷരന്‍

“അതേ മനോജേട്ടാ ഇപ്പോ അകത്തും പുറത്തും വെള്ളം” പോങ്ങു

“ ഇങ്ങോ‍ട്ട് വാ സകലരും എത്തിയിട്ടുണ്ട്.“ നിരു.

കുപ്പിയും ഗ്ലാസ്സുമെടുത്ത് മണലിലൂടെ വേച്ച് വേച്ച് ഞങ്ങള്‍ അമരാവതിയുടെ പടി കയറി. അവിടെ ഒരു സിഗ്നേച്ചറിന്റെ കഴുത്തൊടിച്ച് വട്ടം വളഞ്ഞിരിക്കുന്നു ബ്ലോഗ് സുഹൃത്തുക്കള്‍.

“ഹായ് നന്ദേട്ടാ..” മുരളി മാലോത്ത് എന്റെ തോളില്‍ ചാഞ്ഞു. വീഴാതിരിക്കാന്‍ ഞാന്‍ റിസോര്‍ട്ടിന്റെ തൂണില്‍ ചാരി.

“മാഷേ........ “ മനു ജി എന്നെ വട്ടം പുണര്‍ന്നു “ എന്താ മാഷെ ഒരു മണം, മൂന്നു മുഴം മുല്ലപ്പൂവിന്റേതാണോ?”

“അല്ല മനു മാഷെ മൂന്നു ലാര്‍ജ്ജ് ബ്രാണ്ടിപ്പൂവിന്റെതാ” ഞാന്‍

കസേരയില്‍ ഒരു വെളുത്ത രൂപം. അറ്റ്ലസ് രാമചന്ദ്രനെ പോലെ, ജോയ് ആലുക്കാസിനെ പോലെ, അംബാനിയെപ്പോലെ ഒരു ബിസിനസ്സ് മാനെന്നു തോന്നിക്കുന്ന കയ്യിലും കഴുത്തിലും സ്വര്‍ണ്ണച്ചങ്ങലുയുള്ള വെളുത്തു തുടുത്ത പണക്കാരനായ ഒരു ബിസിനസ്സ് കാരനെപോലെ തോന്നിക്കുന്ന ഒരു രൂപം

ഞാനയാള്‍ക്ക് കൈ കൊടുത്തു പറഞ്ഞു “ ഞാന്‍ നന്ദന്‍, നന്ദപര്‍വ്വം..താങ്കള്‍?”

“ഞാന്‍ പാവപ്പെട്ടവന്‍..” അയാള്‍ മൊഴിഞ്ഞു

“പാവ.....??”

“പ്പെട്ടവന്‍”

ഞാനയാളെ സൂക്ഷിച്ചു നോക്കി. പണ്ടു മുതലേ ഞാന്‍ പഠിച്ച ‘പാവപ്പെട്ടവന്‍‘ എന്ന വാക്കിന്റെ അര്‍ത്ഥം ഈയിടെ മാറ്റിയോ ദൈവമേ?

പെട്ടെന്ന് കാമറയുമായി ഒരു രൂപം എന്റെ അടുത്ത് വന്നു. രാത്രിയിലും തിളങ്ങുന്ന കണ്ണൂകള്‍. ഉഷാറായ മുഖഭാവം. മുഖത്ത് മൂര്‍ച്ചയില്ലാത്ത ബ്ലെയ്ഡ് കൊണ്ട് ഷേവു ചെയ്ത പോലെ താടിയുടെ സ്ഥാനത്ത് ചില വരകള്‍ മാത്രം!!

‘ഇയാളാരാ.. ഉറക്കത്തിന്റെ ഒരു ലക്ഷണവുമില്ലാതെ രാത്രിയിലും ഉണര്‍ന്നിരിക്കുന്ന ഈ രൂപം??”

“ഞാന്‍ പകല്‍ കിനാവന്‍” അയാള്‍ പരിചയപ്പെടുത്തി.

നിരക്ഷരനും, പകല്‍കിനാവനും, പാവപ്പെട്ടവനും, മനു ജിയും, മുരളീ കൃഷ്ണയും, തോന്ന്യാസിയും, പോങ്ങുമ്മൂടനും, മുള്ളൂര്‍ക്കാരനും കൂടിച്ചേര്‍ന്ന് രാത്രിയെ പകലാക്കി, കവിതകളും, പാട്ടുമായി, സൌഹൃദവും സന്തോഷവും ആഹ്ലാദവുമായി ആരവുമായി പുലരുവോളം ഇരുന്നു. പിന്നെ, പതിയെ പലരും അവരവരുടെ മുറിയിലേക്കു പോയി.

ഡബിള്‍ ബെഡ്ഡിന്റെ മൂന്നില്‍ രണ്ടര ഭാഗം പോങ്ങുമ്മൂടന്‍ കയ്യടക്കി,. ബാക്കിയുള്ള ഭാഗത്ത് ഞാനുംകൂടിയായപ്പോള്‍.....

“ഞാന്‍ പിന്നെ ആരടെ അടുപ്പിലാ കിടക്കാ? ഇതേ എനിക്കും കൂടി കിടക്കാനുള്ളതാ. അങ്ങ്ട് ഒതുങ്ങികിടക്ക് പണ്ടാറങ്ങളേ...” തോന്ന്യന്‍ ഗര്‍ജ്ജിച്ചു.

“ഉള്ള സ്ഥലത്ത് കിടന്ന് ഒറങ്ങാന്‍ നോക്കടാ കുരിപ്പേ” എന്നും പറഞ്ഞ് ഞാന്‍ കൂറക്കം വലിയുടെ ടോപ്പ് ഗിയറിട്ടു.


..............................................................................................................


ടിംണീം...ടിംണീം...ടിംണീം..

എന്റെ മൊബൈല്‍ അതിരാവിലെ തന്നെ എന്ന് വിളിച്ചുണര്‍ത്തി.

“ഹെന്റെ കൊടുങ്ങല്ലൂരമ്മേ..... സകല അലവലാതികള്‍ക്കും വിളിക്കാന്‍ എന്റെയീ നമ്പറെ കിട്ടിയൂള്ളൂ ഒറ്റദിവസം കൊണ്ട് എന്റെ മൊബൈലിലെ കാശു തീരോലോ ഈശ്വരാ...” റോമിങ്ങിലുള്ള എന്റെ കണക്ഷനെ കുറിച്ചോര്‍ത്ത് ഞാന്‍ മൊബൈല്‍ ഞെക്കി.

“നന്ദേട്ടാ... ഇത് ഞാനാ സീര്‍കാല്‍... കണ്ണൂര്‍ന്ന് ദിപ്പ ആലുവയിലെത്തി, പറഞ്ഞപോലെ ബസ്സിന് പറവൂര്‍ക്കും, ഇനിയെന്താ ചെയ്യണ്ട്? ഇങ്ങളെവിട്യാണ്?”

“ഡേയ് ചെറായിലേക്കുള്ള ബസ്സില്‍ കയറി, ജംഗഷനിലിറങ്ങി ഒരു ഓട്ടോ പിടിച്ച് അമരാവതി റിസോര്‍ട്ടിലേക്ക് വാഡേ... നിന്റെ കുളീം തെളീം ഇവിടാവാം’“

ഞാനൊരു സിഗററ്റ് കൊളുത്തി പത്രമെടുത്ത് നിവര്‍ത്തിയപ്പോഴേക്കും മുറ്റത്ത് ഓട്ടോയെത്തി അതില്‍ നിന്നും ഫോട്ടോബ്ലോഗര്‍ ശ്രീലാല്‍ എന്ന സീര്‍കാല്‍ പുറത്തിറങ്ങി, മുകളിലേക്ക് കയറി, ഒറ്റനിമിഷംകൊണ്ട് എല്ലവരേയും പരിചയപ്പെട്ട്, മുള്ളൂക്കാ‍രന്റെ മുറിയിലെ ബാത്ത് റുമീല്‍ കയറി വാതിലടച്ചു,

........................................................................................................................


ജൂലായ് 26 , ചെറായി ബ്ലോഗ് മീറ്റ്

മീറ്റിനെ കുറിച്ച് പറയാന്‍ വാക്കുകളില്ല. അതുകൊണ്ട് അത് ചിത്രങ്ങളിലൂടെ പകര്‍ത്തുന്നു.’അനുഭവിച്ചാലും’


നിരുവിന്റെ കാറില്‍ ചെറായിയിലെ അമരാവതി റിസോര്‍ട്ടിലേക്ക്

എഴുത്തുകാരി : “കേട്ടോ കുട്ടികളെ, ബൂലോകത്തെ ഏതു പുലിയായാളും കൊള്ളാം, പുപ്പുലിയായാലും കൊള്ളാം. ഇവിടെ 250 രൂപ തന്ന് രജിസ്റ്റര്‍ ചെയ്തിട്ട് ഹാളില്‍ കയറ്റിയാല്‍ മതി”
വാഴക്കോടന്‍ : “ജുനൈദേ, വെറും ഒരു ചാണ്‍ നീളമല്ലേയുള്ളൂ ഈ കാമറക്ക്! ഇതിനകത്തു ഈ പോങ്ങുവിനെ കിട്ടുമൊ?”

അപ്പുറത്ത് മനു.ജി മണികണ്ഠനോട് : “ കേട്ടോ മണികണ്ഠാ....നാളെ പോസ്റ്റുമ്പോള്‍ എന്റെ....കേട്ടോ എന്റെ മാത്രം ഫോട്ടോ ചേര്‍ത്താല്‍ മതി”
കാര്‍ട്ടൂണിസ്റ്റ് “ ഒരു കസേര സഹായം കിട്ടുമോ?”
രജിസ്ട്രേഷന്‍ ഫോം പൂരിപ്പിക്കാന്‍ വേണ്ടി ‘വൈദ്യസഹായ’ത്തിന്റെ ബഞ്ചില്‍ കയറിയപ്പോള്‍...... (ബഞ്ചിനുമില്ലേ താങ്ങാനുള്ള ഒരു പരിധി...!!)

സുനില്‍ കൃഷ്ണന്‍ : “വിട് പോങ്ങുമ്മൂടാ..പ്ലീസ്..എന്നെ ഒന്നും ചെയ്യരുത്”
പോങ്ങുമ്മൂടന്‍ : “ഇനി എന്റെ ബ്ലോഗ് പോസ്റ്റില്‍ വന്ന് എന്നെ ചീത്ത പറഞ്ഞ് കമന്റിട്ടാല്‍.........ഉം.”
പോങ്ങുമ്മൂടന്‍ സുനിലിനെ ഒരു ധൃതരാഷ്ട്രാലിംഗനത്തിലൂടെ ഒതുക്കാന്‍ നോക്കിയപ്പോള്‍...

തിങ്ങിനിറഞ്ഞ സദസ്സിന്റെ ഫോട്ടോയെടുത്തതാണ്. പക്ഷെ സദസ്സിന്റെ ഏതോ ഒരു മൂലയില്‍, ഒരുപാടകലെ പോങ്ങുമ്മൂടന്‍ നിന്നിരുന്നു.!!!!!

“കുറച്ചു കസേര കൂടി കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍........ഒന്നിരിക്കാമായിരുന്നുന്നുന്നുന്നു....”

അഞ്ചാറുകസേരകള്‍ കൂട്ടിയിട്ടിരിക്കുന്ന കാര്‍ട്ടൂണിസ്റ്റ്. ഞാന്‍ ഒരു പത്തടി അകലത്തിലായിരുന്നത് കൊണ്ട് കാര്‍ട്ടൂണിസ്റ്റിനെ ഫ്രെയിമിലൊതുക്കാന്‍ പറ്റിയില്ല. ഒരു ഇരുപത്തഞ്ചടികൂടി കിട്ടിയിരുന്നെങ്കില്‍ ഒന്നു നോക്കാമായിരുന്നു.

പകല്‍ കിനാവന്‍ : “ ഷംസിക്കാ, അവിടെ നോക്കിക്കോ ഞാനിവിടെ നോക്കിക്കോളാം... ഫോട്ടോയെടുക്കാന്‍ വല്ലതും കിട്ടാതിരിക്കില്ല”
ഫോട്ടോയെടുത്ത് ഇരുവഴിക്കു പിരിഞ്ഞ രണ്ടു ഫോട്ടോഗ്രാഫര്‍മാര്‍


‘മോനേ കാര്‍ട്ടൂണിസ്റ്റേട്ടാ...അങ്ങിനെ അധികം ചിരിക്കണ്ട. ചേട്ടന്റെ കഴിവുകള്‍ മറികടക്കാന്‍ എനിക്കു കഴിയില്ലെങ്കിലും തടിയില്‍ ഞാന്‍ വെട്ടിച്ചു” പോങ്ങുവിന്റെ ആത്മഗതം.

സജ്ജീവേട്ടന്‍ : “ ഹോ തന്റെ പടം വരച്ച് എന്റെ മാര്‍ക്കറിലെ മഷി മുഴുവന്‍ തീര്‍ന്നല്ലോഡോ”
(ഭാരക്കൂടുതല്‍ കാരണം കുറച്ച് നേരം നില്‍ക്കാന്‍ പോലും ശരീര ഭാരം അനുവദിക്കാത്ത സജ്ജീവേട്ടന്‍ ബ്ലോഗ്ഗര്‍മാരുടെ കാര്‍ക്കേച്ചര്‍ വരക്കാന്‍ വേണ്ടി മണിക്കൂറുകള്‍ നിന്നപ്പോള്‍)

തോന്ന്യാസിയും പോങ്ങുമ്മൂടനും.
തോന്ന്യാസിയെ ഒരു കസേരയില്‍ കയറ്റി നിര്‍ത്തി കമ്പോസു ചെയ്തിട്ടും ചിലപ്പോള്‍ പോങ്ങുവിന്റെ മുഖം നഷ്ടപ്പെടും, അല്ലെങ്കില്‍ പോങ്ങുവിനെ ഫ്രെയിമിലൊതുക്കിയാല്‍ തോന്ന്യനെ കിട്ടില്ല. രണ്ടിനേയും ഒരുമിച്ച് കമ്പോസ് ചെയ്ത് ഒരു കീച്ചു കീച്ചിയപ്പോള്‍.....

“വീട്ടില്‍ പോകാന്‍ ബസ്സ് കാശില്ല സുഹൃത്തുക്കളെ. ആരെങ്കിലും ഒരു അഞ്ചുരൂപ തന്നാല്‍ ഞാനത് മാജിക്കിലൂടെ അമ്പത് രൂപയാക്കി ബസ്സിനു പൊക്കോളാം.”
ബിലാത്തിപട്ടണത്തിന്റെ മാജിക്. അതിന്റെ കണ്‍കെട്ട് കാമറയിലൂടെ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന വീഡിയോഗ്രാഫര്‍!!!

ബിന്ദു കെ.പി യുടെ ആത്മഗതം : ‘ഇങ്ങേരിതാരുടെ പടമാണ് എടുക്കുന്നത്? കാലത്തുതന്നെ മെയ്ക്കപ്പൊക്കെ ചെയ്ത് ഇവിടെയെത്തിയിട്ട് ഈ പെണ്ണുങ്ങളുടെ പടമെടുക്കാന്‍ ഒരു ഫോട്ടോഗ്രാഫറുമില്ലേ ഇവിടെ....?”
അമരാവതി റിസോര്‍ട്ടീലെ റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം റെഡിയായിട്ടുണ്ട് എന്ന നിരക്ഷരന്റെ അറിയിപ്പു കേട്ട് റെസ്റ്റോറന്റിലേക്ക് ഓടുന്ന ബ്ലോഗ്ഗേസ്.

കൊഞ്ച് വടയും അച്ചാറും ബ്ലോഗേസ്ഴിനു സപ്ലൈ ചെയ്യാന്‍ ബ്ലോഗര്‍ കിച്ചുവിനെ ഏല്‍പ്പിച്ചപ്പോള്‍ (വെറും അഞ്ച് മിനുട്ട് കൊണ്ട് കിച്ചു കൊഞ്ചുവടയുടെ പാത്രം കാലിയാക്കി!!!!)

കരിമീന്‍ വാരിത്തിന്ന് അണ്ണാക്കില്‍ തടഞ്ഞ് കണ്ണുതള്ളിപ്പോയ ബ്ലോഗര്‍ ശ്രീലാല്‍!!!

കരിമീനും പപ്പടവും വെച്ച ഈ ഭക്ഷണക്കൂമ്പാരത്തിനു പുറകില്‍ ഇരിക്കുന്നത് ബ്ലോഗര്‍ പോങ്ങുമ്മൂടനാണ്. ഭക്ഷണത്തിന്റെ കൂമ്പാരം കാരണം പോങ്ങുവിനെ ഫ്രെയിമില്‍ കിട്ടിയില്ല!!!

വാഴക്കോടന്റെ മിമിക്രി കേട്ട് ബ്ലോഗേഴ്സ് പുറത്തേക്കോടിയപ്പോള്‍!!!

ഗ്രൂപ്പ് ഫോട്ടോ എടുക്കാറായപ്പോള്‍ ഫ്രെയിമില്‍പ്പെടാന്‍ തള്ളിക്കയറുന്ന ബ്ലോഗേഴ്സിന്റെ തിക്കും തിരക്കും!!

തോന്ന്യാസിയുടെ ആത്മഗതം : ‘ഇങ്ങേരിത് കൊറേനേരായില്ലോ ഞെക്കാന്‍ തുടങ്ങിയിട്ട്...’
ജിഹേഷ് എടാകൂടത്തിന്റെ ആത്മഗതം.: ‘പണ്ടാറടങ്ങാന്‍... ഈ നട്ടാപ്പറവെയിലത്ത് പത്തു പതിനഞ്ച് ഫോട്ടോയെടുത്തിട്ടും ഒരെണ്ണം പോലും ഇതിനകത്ത് കേറിയില്ലല്ലോ‘

അപ്പു : “അങ്ങ്ട് കേറി നിക്ക്... ഇങ്ങിനെ നിന്നാല്‍ ഫ്രെയിമില്‍ കിട്ടില്ല..നീങ്ങി നില്‍ക്കൂ....”
ഹരീഷ് ടച്ച് റിവര്‍ : “ ദൈവമേ! ആ സജ്ജീവേട്ടനേയും പോങ്ങുമ്മൂടനേയുമൊക്കെ എങ്ങനെയാ ഈ ഫ്രെയിമിലൊതുക്കാ..??!!”

...................................................................................................


ജൂലൈ 26 സായാഹ്നം


“ഹയ്യോ ഇതാര്? ഭീകരനോ? ചാവേറോ?” ചുവന്ന ഓവര്‍ക്കോട്ടും ഹെല്‍മെറ്റും താടിയും ജഡയുമായി ബൈക്കില്‍ കയറാന്‍ പോയ മുള്ളൂക്കാരനെ നോക്കി ഞാന്‍ ചോദിച്ചു.

“ എടേയ് മുള്ളൂക്കാര്‍... ഈ വേഷമൊക്കെ ഇട്ട് നീ ബൈക്കില്‍ പാലക്കാട്ടേക്ക് തനിച്ചു പോകണ്ടാ കെട്ടോ...നിനക്കറിയാഞ്ഞിട്ടാ ഈ സ്ഥലം“

“എന്താ ചേട്ടാ ഈ സ്ഥലത്തിനു കുഴപ്പം?” ബൈക്കിനെ കവച്ച് കാല്‍ക്കീഴില്‍ വെച്ച് മുള്ളൂക്കാരന്‍ ചോദിച്ചു,

“മോനെ, ഇത് സ്ഥലം ചെറായിയാ.. കണിച്ചുകുളങ്ങര എന്നൊക്കെ കേട്ടിട്ടില്ലേ? ഹിമാലയ? പറവൂര്‍ വഴിയാണോ പോകുന്നത്? അവിടെ വെടിമറ എന്നൊരു സ്ഥലം കേട്ടിട്ടുണ്ടോ? പറവൂരിനപ്പുറം കൊടുങ്ങല്ലൂര്‍. രാഷ്ടീയ സംഘട്ടങ്ങള്‍ മുറക്ക് നടക്കുന്ന കൊടുങ്ങല്ലൂര്‍? നീ ഈ വേഷത്തിലൊക്കെ പോയാല്‍ വല്ല ഭീകരനാണെന്നു കരുതി വല്ല പോലീസുകാരും...??!” ഞാന്‍ മുള്ളൂക്കാരന്റെ ബൈക്കിനെ തടവി നിന്നു.

“ചേട്ടന്‍ പറഞ്ഞു വരുന്നത്....?”

“ അല്ല..നീ ഒറ്റക്കു പോകണ്ടാ‍ന്നു പറയായിരുന്നു. നിന്നെകണ്ടാല്‍ നിന്റെ വേഷം കണ്ടാല്‍.....നിയമപാലകര്‍ക്ക് വല്ല സംശയവും തോന്നിയാല്‍..അതുകൊണ്ട് ഞാന്‍ വേണേല്‍ നിന്റെ കൂടെ വരാം. ഞാനാണെങ്കില്‍ അടുത്ത നാടായ കൊടുങ്ങല്ലൂര്‍ക്കാരനല്ലെ. അത്യാവശ്യം പ്രാദേശിക സ്വാധീനമൊക്കെയുണ്ട്....അതുകൊണ്ട്......“

“അതുശരി...അപ്പോ അതാണ് കാര്യം....” മുള്ളൂക്കാരന്‍ ഹെല്‍മറ്റ് ഊരി കയ്യില്‍ വെച്ചും :“ ചേട്ടനപ്പൊ എന്റെ ബൈക്കില്‍ പറവൂര്‍ക്കോ കൊടുങ്ങല്ലൂര്‍ക്കോ വരണം അല്ലേ?”

“അതെ നിന്റെ ഒരു രക്ഷക്ക്”

“എന്റെ രക്ഷ അവിടെ നിക്കട്ടെ..... ചേട്ടന് തിരിച്ച് വീട്ടില്‍പോകാന്‍ കയ്യില്‍ കാശില്ല എങ്കില്‍ അതു പറഞ്ഞാപോരെ ചേട്ടാ....” മുള്ളു എന്റെ കള്ളി പൊളിച്ചു,

“അപ്പോ....നിനക്ക് സംഗതി മനസ്സിലായി..ലേ...? “

“എന്റെ പൊന്നു ചേട്ടാ...ചേട്ടനെ ഞാന്‍ ഇന്നലെ മുതലേ നിരീക്ഷിക്കുന്നതാ.. പോങ്ങുവിന്റെ ചിലവില്‍ ഒരു ഫുള്ള് ബോട്ടില്‍, തോന്ന്യാസിയുടെ വകയില്‍ സിഗററ്റ്, പാവപ്പെട്ടവന്‍ പകുതി ബാക്കിവെച്ച സിഗ്നേച്ചര്‍, രജിസ്ട്രേഷന് ജി.മനുച്ചേട്ടന്റെ പോക്കറ്റീന്ന് 250 രൂപാ, ബാംഗ്ലൂര്‍ക്ക് തിരിച്ചു പോകാന്‍ കാശില്ലാതായപ്പോള്‍ ശ്രീലാലിന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ 200 രൂപ...ഹെന്റെ പൊന്നു ചേട്ടാ.... ഓസിലായിരുന്നല്ലേ ഈ ബ്ലോഗ് മീറ്റ് മൊത്തം.....??”

“എടേയ്...പതുക്കെ.....പതുക്കെ പറയഡെ.. പറഞ്ഞെന്നെ നാറ്റിക്കല്ലെഡേ....ആരുമറിയണ്ടടാ... നീയെന്നെ ആ പറവൂര്‍ ജംഗ്ഷനിലറക്കിയാ മതി ഏതെങ്കിലും ലിമിറ്റഡ് സ്റ്റോപ്പില്‍ ഞാന്‍ കൊടുങ്ങല്ലൂര്‍ക്ക് പൊക്കോളാം.”

“ഉം...ശരി ശരി.... ഒരു പാവം ബ്ലോഗറായിപ്പോയില്ലേ.....കയറിക്കൊ.” മുള്ളൂക്കാരന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി. ആരും കേട്ടില്ലെന്ന് ഉറപ്പുവരുത്തി ഞാനവന്റെ പുറകില്‍ വലിഞ്ഞു കയറി. അവന്‍ അതിവേഗം ബൈക്ക് വിട്ടു.

..................................................................................................................


മൈലുകള്‍ക്കപ്പുറത്തിരുന്ന് ഭാഷാച്ചരടില്‍ കോര്‍ത്തെടുത്ത സൌഹൃദത്തിന്റെ സ്നേഹമാല പോലെ ബ്ലോഗിലെ സുഹൃത്തുക്കള്‍ ചിരിച്ചും, കളിച്ചും, രസിച്ചും പരിചയപ്പെട്ടും, പരിചയം പുതുക്കിയും സായാഹ്നസൂര്യന്‍ ചക്രവാളത്തിലേക്ക് പോകുന്നതിനു മുന്‍പ് വഴിപിരിയാന്‍ തുടങ്ങി.

ജോലിയുടേയും, ജീവിതത്തിന്റേയുമൊക്കെ അലോസരങ്ങള്‍ ഒരു ദിവസത്തേക്ക് വേണ്ടി മാറ്റിവെച്ച്, കേരളത്തിന്റെ വടക്കു-തെക്കേയറ്റത്തുനിന്നും ജീവിതത്തിലിന്നേവരെ കാണാത്ത സുഹൃത്തുക്കളെ തേടി ചെറായിയുടെ മണല്‍പ്പരപ്പില്‍ വന്നത് എന്തിനാവാം? എന്താവാം അവരെ കൂട്ടിയിണക്കിയ കണ്ണികള്‍?? ഗള്‍ഫില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും മറ്റു ദൂരങ്ങളില്‍ നിന്നും മണിക്കൂറുകളുടെ സംഗമത്തിന് ഇവിടെയെത്തിയതും, ഇനിയുമൊരുമിച്ച് വീണ്ടും കാണാമെന്നുപറഞ്ഞ് പിരിഞ്ഞതും ഭാഷയുടെ കാണാച്ചരടില്‍ കോര്‍ത്ത സ്നേഹത്തിന്റെ സൌഹൃദത്തിന്റെ തിളങ്ങുന്ന വജ്രങ്ങള്‍ കൊണ്ടുതന്നെയാകാം.
.

Monday, June 22, 2009

തബല സുധാകര ചരിതം

.

സുധാകരന്‍, ഞങ്ങള്‍ നാട്ടുകാര്‍ക്ക് വെറും സുധാകരനല്ല; തബല സുധാകരനാണ്. നാട്ടിലെ ഒരേയൊരു തബലിസ്റ്റ്. എന്നു പറഞ്ഞാല്‍ ഞങ്ങളുടെ പഞ്ചായത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തബല പഠിച്ച്, പിന്നീട് ചെറു പരിപാടികള്‍ക്ക് തബല വായിച്ച് കേരളത്തിലെ അറിയപ്പെടുന്ന ഗാനമേളട്രൂപ്പുകളില്‍ തബലിസ്റ്റായ ഒരേയൊരു ആളേയുള്ളു അത് തബല സുധാകരനാണ്. സുധാകരന്റെ കയ്യിലാണ് ഞങ്ങള്‍ ആദ്യമായി തബല കാണുന്നതെന്നും, തബലയെന്നാല്‍ ഇങ്ങിനെയാണിരിക്കുകയെന്നുമൊക്കെ പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പിന്നീട് പലരും തബല പഠിക്കാനോ മറ്റോ ശ്രമിച്ചിട്ടുണ്ടെങ്കില്‍ തന്നെ അത് സുധാകരനും തബലയുമായുള്ള ആത്മബന്ധം തുടങ്ങിയതിനു ശേഷമായിരിക്കും അല്ലെങ്കില്‍ അതില്‍ നിന്നും ഇന്‍സ്പിരേഷന്‍ കിട്ടിയിട്ടായിരിക്കും എന്നത് മൂന്നരത്തരം.

തബലയില്‍ സുധാകരന്‍ അഗ്രഗണ്യനായിരുന്നെങ്കിലും ഞങ്ങളുടെയൊക്കെ വിഹാര രംഗങ്ങളായിരുന്ന ജനതാ കോര്‍ണര്‍, പഞ്ചായത്ത് ഹാള്‍ മുറ്റം, പഞ്ചായത്ത് ലൈബ്രറി, കോണത്തുകുന്നിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍ ഇവിടങ്ങളിലെ ‘സുഹൃദ് സംഗമം’ എന്ന് വിളിപ്പേരിട്ട വായ് നോട്ട / പരദൂഷണ സംഘങ്ങളില്‍ സുധാകരന്‍ വളരെ വീക്കായിരുന്നു. ആരെങ്കിലും തമാശ പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ച് കഴിഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോഴായിരിക്കും സുധാകരന്‍ ആദ്യത്തെ തമാശയുടെ ചിരിയുതിര്‍ത്തിരുന്നത്. ചുരുക്കത്തില്‍ ഇത്തിരി സ്ലോ, മിതഭാഷി, നിര്‍ദ്ദോഷി, നിര്‍ഗ്ഗുണന്‍. അന്നൊന്നും സിക്സ് പാക്കും ഏയ്റ്റ് പാക്കും ഇല്ലാത്തതു കൊണ്ട് ആകെയുള്ള ഒരു പാക്ക് വയറേ സുധാകരനുണ്ടായിരുന്നുള്ളു. ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര പ്രകൃതി. കറുപ്പാണോ, കറൂം കറുപ്പാണൊ എന്നു തിരിച്ചറിയാനാവത്ത നിറം, ആവശ്യത്തിനും അനാവശ്യത്തിനും വിടരുന്ന ഇളിഭ്യച്ചിരി. ഇതുകൊണ്ടൊക്കെ തന്നെ പലരേയും പറ്റി ചുമ്മാ കഥകളുണ്ടാക്കുന്നതില്‍ വിരുതന്മാരായ ചിലര്‍ സുധാകരനേയും കുറിച്ചു കഥകളുണ്ടാക്കിയതോടെ എല്ലാ അബദ്ധകഥകളിലേയും മെഗാതാരാം സുധാകരനായിത്തീര്‍ന്നു. ശരിക്കും പറഞ്ഞാല്‍ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മലയാള സിനിമ തിരക്കഥകളൊരുക്കുന്ന പ്രവണതക്കു മുന്‍പേ തന്നെ സുധാകരനു വേണ്ടി ഒരു പാടു സൂപ്പര്‍ ഹിറ്റ് തിരക്കഥകളൊരുക്കി ഞങ്ങള്‍ സുഹൃദ് സംഘം അത്തരം പ്രവണത അന്നേ നാട്ടില്‍ ഉണ്ടാക്കിയിരുന്നു എന്നതായിരുന്നു ചരിത്ര സത്യം!. ഒരു കാര്യം ഉറപ്പായിരുന്നു. തബലയിലെന്നപോലെ സുധാകരന്‍ മറ്റൊന്നിലും കൂടി അഗ്രഗണ്യനായിരുന്നു, പറയുന്ന മണ്ടത്തരങ്ങളിലും.


അതുകൊണ്ട് തന്നെ സുധാകരന്‍ നായകനായ മണ്ടത്തരകഥകള്‍ക്ക് നാട്ടില്‍ പഞ്ഞമേതുമുണ്ടായില്ല. ചില സാമ്പിളുകള്‍ തരാം :

പൂവത്തുംകടവില്‍ ഇപ്പോഴത്തെ പാലം വരുന്നതിനു മുന്‍പേ അപ്പുറമുള്ള എസ്. എന്‍ പുരത്തേക്ക് പോകാന്‍ കടത്തു വഞ്ചിയായിരുന്നു. ഒരു ദിവസം അക്കരേക്കു പോകാന്‍ സുധാകരന്‍ കടത്തിനവിടെ വന്നതും നിറയെ ആളുകളുമായി കടത്തു വഞ്ചി ഇക്കരെകടവില്‍ നിന്നും തെല്ലകലെ മാത്രം ആയിട്ടുള്ളു. വേണേല്‍ ഒന്നാഞ്ഞു ഓടിവന്ന് ചാടിയാല്‍ വഞ്ചിയില്‍ കയറാം. സുധാകരന്‍ മറ്റൊന്നും ചിന്തിച്ചില്ല. വഞ്ചിയില്‍ നില്‍ക്കുന്ന ‘കളറു’കളെ ഒന്നു ഒളികണ്ണിട്ടു നോക്കി നാലഞ്ച് സ്റ്റെപ്പ് പുറകോട്ട് നടന്ന് വഞ്ചിക്കാരനെ വിളിച്ച് ഓടിവന്നൊരു ചാട്ടം.


“കറപ്പേട്ടാ..... വഞ്ചി വിടല്ലേ... ഒരാള്‍ കേറിക്കോട്ടെ... ഊഊഊഊഉ.. ആഹ്!!“

ഇരുകാലുകളും കവച്ചു കുത്തി സുധാകരന്‍ ബാലന്‍സ് ചെയ്തപ്പോള്‍ വഞ്ചിയൊന്നു ആടിയുലഞ്ഞു. വഞ്ചിക്കാരന്‍ കറപ്പേട്ടന്‍ കഴുക്കോല്‍ താഴ്ത്തിക്കുത്തി വഞ്ചി ബാലന്‍സ് ചെയ്തു. ‘ദെന്താപ്പോ ഉണ്ടായേ’ എന്ന് കണ്ണ് മിഴിച്ച് നിന്ന യാത്രക്കാരേയും കറപ്പേട്ടനേയും കണ്ണിറുക്കി നോക്കി സുധാകരന്‍ ചോദിച്ചു :

“എങ്ങനുണ്ട് കറപ്പേട്ടാ കറക്റ്റല്ലേ? എങ്ങനുണ്ട്?”

വെള്ളത്തില്‍ നിന്ന് കഴുക്കോല്‍ പൊക്കി കറപ്പേട്ടന്‍ ഒരൊറ്റ ഗര്‍ജ്ജനം : “ഫ!! കുരിപ്പേ, നിന്റമ്മക്കു വായു ഗുളിക വേടിക്കാന്‍ പോവ്വണ്ടാ നീയ്യ് ? വഞ്ചി അങ്ക്ട് കരക്കടുപ്പിച്ചിട്ട് ആളോള്‍ ഇറങ്ങിയിട്ട് കേറ്യാപോരെടാ തെണ്ടീ? ആളോള്‍ മുഴോന്‍ കേറാണ്ടെങ്ങനണ്ടാ അക്കരേക്ക് വഞ്ചി പോണത്?“

അക്കരെനിന്ന് ആളുകളെ കയറ്റി ഇക്കരേക്ക് വരികയായിരുന്ന വഞ്ചി ഇക്കരെ അടുപ്പിക്കാറായതേയുള്ളു എന്ന സത്യം സുധാകരന്‍ മനസ്സിലാക്കുമ്പോഴേക്കും വഞ്ചിയിലാകെ ചിരി കയറി.

മറ്റൊരു സാമ്പിള്‍ :

ആലുക്കത്തറ അമ്പലത്തിലെ ഉത്സവത്തിനു സുധാകരനും ചില കൂട്ടൂകാരും പപ്പടവടയും കട്ടന്‍ ചായയുമിട്ട് തട്ടുകട നടത്തിയതില്‍ സുധാകരന്റെ വക വാടകക്കെടുത്ത പെട്രോമാക്സ് ആയിരുന്നു കോണ്ട്രിബൂഷന്‍. അത് കൃത്യമായും കൊണ്ടുവരികയും തിരിച്ചു കൊണ്ടു കൊടുക്കേണ്ടതും വാടക കൊടുക്കേണ്ടതും സുധാകരന്റെ ഉത്തരവാദിത്വം. രാത്രി നാടകവും കച്ചവടവും കഴിഞ്ഞ് കട പൂട്ടാനൊരുങ്ങുമ്പോഴാണ് സുധാകരന്റെ കൂട്ടുകാര്‍ തങ്ങള്‍ക്കൊരു ഉപകാരം ചെയ്യണമെന്നും ഉത്സവപ്പറമ്പിന്റെ അപ്പുറം പാടത്തിന്റെ കരയില്‍ ചീട്ടു കളി നടത്തുന്നുണ്ടെന്നും അതിന് സുധാകരന്റെ പെട്രോമാക്സ് വേണമെന്നും ആവശ്യപ്പെടുന്നത്. സുധാകരനല്ലേ, കൂട്ടുകാരല്ലേ, നല്ല മനസ്സല്ലേ എന്നുകരുതി വാടക തരണമെന്ന കരാറില്‍ സുധാകരന്‍ പെട്രോമാക്സ് കൊടുത്തു, . പാടത്തിന്റെ വരമ്പത്ത് കളി തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ സുധാകരനും വന്നു പങ്കുചേര്‍ന്നു. പാടത്തിനിരുവശവും കൈതക്കാടുകളും ചെറിയ പൊന്തകാടുകളുമാണ്. കളി കുറേ പിന്നിട്ടപ്പോഴാണ് വിസിലിന്റെ അകമ്പടിയോടെ മൂന്നാലു പോലീസു കാരുടെ വരവ്.

“ഓടിക്കോടാ...” എന്നു പറഞ്ഞ് കൂട്ടുകാര്‍ ചിതറിയോടി കൈതക്കാട്ടിലും പൊന്തക്കാട്ടിലും ഒളിച്ചു, പെട്രോമാക്സ് തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ള സുധാകരന്‍ അതിനെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തയ്യാറായില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ പെട്രോമാക്സും എടുത്ത് സുധാകരനും ഓടി അടൂത്തുകണ്ട പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീടുള്ള കാര്യം പറയേണ്ടല്ലോ, പോലീസുകാര്‍ക്ക് പണി കുറവായി. വെളിച്ചം കണ്ട പൊന്തക്കാട്ടില്‍ നിന്നും അവര്‍ സുധാകരനെ ഈസിയായി പൊക്കി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടത്രേ!


ഇതത്രയും സുധാകരനെക്കുറിച്ചുള്ള കല്പിതകഥകളെങ്കിലും സുധാകരനെ അറിയുന്നവര്‍ ഇതൊരിക്കലും അവിശ്വസിക്കില്ല, കാരണം സുധാകരന്‍ ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന് ഒരു ധാരണയുണ്ട്. സംഗതി ആളൊരു ശുദ്ധനാണെങ്കിലും ശുദ്ധന്‍ ദുഷ്മന്റെ റിസള്‍ട്ട് ഉണ്ടാക്കുമെന്നല്ലോ പഴമൊഴി. എന്നാല്‍ ഇക്കഥകളെയൊന്നും പ്രതിരോധിക്കാനൊട്ടു സുധാകരനു കഴിഞ്ഞതുമില്ലാന്നു മാത്രമല്ല അതിനെ എതിര്‍ത്ത് വല്ലതും പറഞ്ഞാല്‍ വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി എന്നു പറഞ്ഞതുപോലെയാകും, അതോടെ പുതിയകഥകളിറങ്ങുകയും ചെയ്യും.

പക്ഷേ ആയിടക്ക് സുധാകരന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം ഈ പറഞ്ഞകഥകള്‍ക്കൊക്കെ ആക്കം കൂട്ടിയ ഒരു സംഭവമുണ്ടായി.

ഒരു ദിവസം ഉച്ചയോടെ കൊടൂങ്ങല്ലൂരിലേക്ക് പോകാന്‍ വേണ്ടി കോണത്തുകുന്ന് ജംഗ്ഗ്ഷനിലേക്കുള്ള നടത്തത്തിലായിരുന്നു സുധാകരനും കൂടെ തന്റെ തബലയും. അന്ന് രാത്രി തൃപ്രയാറൊ മറ്റോ ഒരു ഗാനമേളയുണ്ടായിരുന്നു. എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രൂപ്പിന്റെ വണ്ടി കൊടുങ്ങല്ലൂരിലെത്തി സുധാകരനെ പിക്ക് ചെയ്യും. അതായിരുന്നു പ്ലാന്‍, അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുമായി, തോളില്‍ തബലയെ ഭദ്രമായി പൊതിഞ്ഞെടുത്ത് ലാടവൈദ്യക്കാര്‍ മരുന്നു സഞ്ചി തോളിലിടും പോലെ തോളില്‍ തൂക്കി അലക്കി തേച്ച പാന്റും ഷര്‍ട്ടുമായി ഒരു ചുള്ളനായിട്ടായിരുന്നു സുധാകരന്റെ വരവ്.

വരുംവഴി കല്ലുവെട്ടുകാരന്‍ വേലായുധേട്ടന്റെ വടക്കേ പുറത്ത് ഒരാള്‍ക്കുട്ടം. ആണുങ്ങളും പെണ്ണൂങ്ങളും കുട്ടികളും പട്ടികളുമായി ഒരു മിനിപൂരം. സംഗതിയറിയാന്‍ വേണ്ടി സുധാകരന്‍ തന്റെ തബല ഭാണ്ഡം വേലിക്കരികില്‍ വെച്ച് വടക്കേപുറത്തേക്ക് ചെന്നു. സുധാകരന്റെ ഭാഷയില്‍ അതി ദാരുണമായിരുന്നു സംഭവം. വേലായുധേട്ടന്റെ ഭാര്യ കാര്‍ത്ത്യായനിചേച്ചി ഓമനിച്ചു വളര്‍ത്തിയ പിടക്കോഴി കിണറിനകത്തു നീന്തല്‍ പഠിക്കുന്നു. ഓമനക്കോഴിക്ക് അടുത്തിടെ വിരിഞ്ഞുണ്ടായ എട്ടുകുഞ്ഞുങ്ങള്‍ കിണറിന്റെ പരിസരത്തുനിന്ന് കീയോ കീയോ. പറക്കുമുറ്റും മുന്‍പ് തങ്ങളെ ഉപേക്ഷിച്ചു പോയതില്‍ വേദന തോന്നീട്ടോ, കാര്‍ത്ത്യായനിച്ചേച്ചിയുടെ അമ്മത്തൊട്ടിലിലേക്ക് തങ്ങളെ നിഷ്കരുണം വലിച്ചെറിഞ്ഞതില്‍ രോക്ഷം പൂണ്ടിട്ടോ സഹകരണസംഘത്തിന്റെ കൊടിപോലെ പല കളറുകളുള്ള ആ കോഴികുഞ്ഞുങ്ങള്‍ ഇടക്കിടക്ക് കരച്ചിലിന്റെ വോളിയം കൂട്ടാനും കിണറ്റിന്‍ കരയിലേക്ക് ചാടിക്കയറാനും ശ്രമം നടത്തുന്നുണ്ട്.

സുധാകരനും കിണറിനകത്തേക്ക് എത്തിനോക്കി. സംഗതി ശരിയാണ്. അമ്മക്കോഴി ഇപ്പോള്‍ ബാക്ക് സ്ട്രോക്ക് പരിശീലിക്കുകയാണ്. കുറച്ചു കഴിഞ്ഞാല്‍ ബട്ടര്‍ഫ്ലൈ നീന്തുമായിരിക്കും. കിണറ്റില്‍ വീണു പോയ കോഴിയെ പൊക്കിയെടുക്കാന്‍ പലരും പല അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അഭിപ്രായങ്ങളിങ്ങനെ :

1) ഒരു വലിയ കൊട്ട കയറില്‍ കെട്ടി കിണറ്റിനകത്തേക്ക് ഇറക്കുക, കോഴി അതില്‍ കയറുമ്പോള്‍ പൊക്കിയെടുക്കാം.
2) അതല്ല കുട്ടയില്‍ കുറച്ച് ചോറ് വെച്ചു കൊടുക്ക്, അത് കണ്ട് കോഴി കുട്ടയില്‍ കയറും അപ്പോള്‍ പൊക്കിയെടുക്കാമെന്ന് മറ്റൊരാള്‍.
3) ഒരു ഏണി വച്ചു കൊടൂത്താല്‍ ഏണിയില്‍ കൂടി കയറില്ലേ എന്ന് വേറൊരുത്തി (അതിനു കാര്‍ത്ത്യായനി ചേച്ചി പറഞ്ഞ മറുപടി ഇവിടെ എഴുതുന്നില്ല)
4) ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള്‍ (അതു പറഞ്ഞയാള്‍ക്ക് കാര്‍ത്ത്യായനി ചേച്ചി രണ്ട് വരി “സരസ്വതീ സ്തുതി’ പാടി കൊടുത്തു)

അഭിപ്രായ സമന്വയമാകാതെ പാസ്സാക്കാന്‍ പറ്റാത്ത വനിതാ സംവരണ ബില്‍ കണക്കേ അഭിപ്രായമേറെ പറഞ്ഞിട്ടും ഏറെ പണിപ്പെട്ടിട്ടും കോഴി കിണറ്റിനുള്ളില്‍ തന്നെ നീന്തല്‍ തുടര്‍ന്നു. ഗ്രൂപ്പ് ബ്ലോഗില്‍ കുമിഞ്ഞു കൂടുന്ന കമന്റ് കണക്കേ നാട്ടുകാരുടെ ഓപ്ഷനുകള്‍ ഒരുപാടായപ്പോളാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന സുധാകരന്റെ തബലപോലെയുള്ള തലയില്‍ ഒരുഗ്രന്‍ ഐഡിയ വന്നത്.

“ എന്റെ കാര്‍ത്ത്യാനേച്ച്യേ ഇങ്ങനൊന്നും ചെയ്തിട്ടൊരു കാര്യോല്ലാട്ടാ. കൊട്ട വെച്ചാലും കൊട്ടേല്‍ ചോറ് വെച്ച് കൊടുത്താലും കോഴി കേറുന്ന് എനിക്ക് തോന്ന്ണില്ല്യ”

“പിന്നെ എന്തണ്ടാ സുധാരാ ചെയ്യാ?” നെഞ്ചത്തടിക്കും നെലവിളിക്കും ഒരു ഷോര്‍ട്ട് ബ്രേക്ക് കൊടുത്ത് കാര്‍ത്ത്യായനി ചേച്ചി സുധാകരന്റെ അടുത്തുവന്നു

“ അതേ തള്ളക്കോഴിക്ക് ഏറ്റോം ഇഷ്ടള്ളൊത് എന്തുറ്റാ?”

കിണറിനു ചുറ്റും വട്ടം കൂടിയവര്‍ മുഖത്തോടു മുഖം നോക്കി. ആ അത്ഭുതത്തിനു മുകളിലേക്ക് സുധാകരന്‍ തന്റെ ഐഡിയ പറഞ്ഞു.

“ അതിന്റെ കുഞ്ഞോളെ തന്നെ. ആ കൊട്ടേല്‍ കുഞ്ഞുങ്ങളെ ഇട്ട് കെണറ്റിലേക്കിറക്കാ... കുഞ്ഞുങ്ങളെ കാണുമ്പോള്‍ തള്ളക്കോഴി വേഗം കുഞ്ഞുങ്ങളുടെ അടുത്തേക്ക് വരാന്‍ വേണ്ടി കൊട്ടേല്‍ കേറും . അപ്പ നമുക്ക് കൊട്ട് പൊന്തിച്ചെടുക്കാം”

സുധാകരന്റെ ഐഡിയ കേട്ടതും, ‘ശ്ശേഡാ ഇതെന്തേ ഞങ്ങള്‍ക്കാദ്യം തോന്നില്ല” എന്നു വിചാരിച്ച് പെണ്ണുങ്ങള്‍ മൂക്കത്തു വിരല്‍ വച്ചു, ചില ആണുങ്ങള്‍ ചന്തി ചൊറിഞ്ഞു. താമസിയാതെ കയറെടുത്ത് വലിയൊരു കുട്ട അതിനോട് ഭദ്രമായി പിടിപ്പിച്ച് അതിലേക്ക് എട്ടും പൊട്ടും തിരിയാത്ത എട്ട് കളര്‍ കുഞ്ഞുങ്ങളെ ഇറക്കി വച്ചു, വേലായുധേട്ടനും നാട്ടുകാരും കൂടി കയര്‍ പതിയെ പതിയെ കിണറ്റിലേക്ക് ഇറക്കി. കീയോ കീയോ ശബ്ദം കിണറിന്റെ ആഴങ്ങളിലേക്ക് നേര്‍ത്തു നേര്‍ത്തു പോയിക്കൊണ്ടിരുന്നു. കിണറ്റിന്‍ കരയില്‍ അക്ഷമരായ ഒരുപാടു കണ്ണുകള്‍, വിജയശ്രീലാളിതനായ മുഖത്തോടെ സുധാകരന്‍, ഇതുവരെ ഇടിച്ച ഇടിയുടെ വേദനകൊണ്ടാണാവോ എന്തോ അമ്മിക്കല്ലിനരികെയിരുന്നു കാര്‍ത്ത്യായനിചേച്ചി നെഞ്ചത്തിടി മതിയാക്കി ഇടിച്ചു പഞ്ചറായ നെഞ്ചു തടവാന്‍ രണ്ടാമതും ഒരു ഷോര്‍ട്ട് ബ്രേക്ക് എടുത്തു. കുട്ടയില്‍ കെട്ടിയ കയര്‍ പതിയെ വെള്ളത്തിനു തൊട്ട് മുകളിലേക്ക് എത്തുവാന്‍ തുടങ്ങി.കോഴി അപ്പോഴേക്കും പ്രാണഭയം മൂലം കിണര്‍ ഒരു പരുവമാക്കിയെടുത്തിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ നിറയെ കോഴിത്തുവലുകള്‍.

അങ്ങിനെ വേലായുധേട്ടനും കൂട്ടരും എട്ടു കുഞ്ഞുങ്ങളെയിട്ട് കെട്ടിയിറക്കിയ കുട്ട പതിയെ വെള്ളത്തിനു മീതെ തൊട്ടൂ തൊട്ടില്ല എന്നു മട്ടിലെത്തിയതും, കുഞ്ഞുങ്ങളെ കണ്ട പിടക്കോഴി ഉച്ചയുണ്ടാക്കാന്‍ ശ്രമിച്ചതും, അമ്മയെ കണ്ട എട്ട് കുഞ്ഞുങ്ങള്‍ “കീയോ കീയോ ...ഞങ്ങടമ്മേ... ...കീയോ കീയോ” എന്നു പറഞ്ഞ് കുട്ടയില്‍ നിന്ന് വെള്ളത്തില്‍ കിടന്ന തള്ളക്കോഴിയുടെ അടുത്തേക്ക് ഡൈവ് ചെയ്തതും ഒരുമിച്ചായിരുന്നു.

വേലായുധേട്ടനും കൂട്ടരും നോക്കുമ്പോള്‍ തള്ളക്കോഴിയും എട്ട് കോഴിക്കുഞ്ഞുങ്ങളും വെള്ളത്തില്‍.......

“ഊശ്ശ്സ്സ്സ്......“ എന്ന് നെടുവീര്‍പ്പോ നിശ്വാസമോ എന്താണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരത്താല്‍ ഒരു ശബ്ദം അവിടെ കൂടിയിരുന്നവരുടെ വായില്‍ നിന്നും വന്നു. കിണറ്റില്‍ നിന്നു കണ്ണെടുത്ത് അവര്‍ നോക്കിയത് സുധാകരനെയായിരുന്നു. ‘സംഗതി പണി പാളിയാ?’ എന്ന് ചിന്തിച്ച് സുധാകരന്‍ കിണറ്റിലേക്ക് നോക്കുമ്പോള്‍ നീന്തി തളര്‍ന്ന തള്ളക്കോഴിയും മുങ്ങാന്‍ തുടങ്ങുന്ന ചില കുഞ്ഞുങ്ങളും പ്രാണരക്ഷാര്‍ത്ഥം മുങ്ങുന്ന തള്ളയുടെ പുറത്തു കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചില കുഞ്ഞുങ്ങളേയുമാണ്.

എല്ലാ കണ്ണുകളും സുധാകരനിലേക്കായതോടെ വെള്ളത്തില്‍ വീണത് കോഴിയായിരുന്നെങ്കിലും നനഞ്ഞ കോഴിയുടെ അവസ്ഥയായിരുന്നു സുധാകരനപ്പോള്‍. കയര്‍ താഴെയിട്ട് വേലായുധേട്ടന്‍ സുധാകരന്റെ അടുത്തേക്ക് വന്നു

“ നിനക്ക് പ്രാന്ത്ണ്ടടാ കുരിപ്പേ? ആദ്യം തള്ളക്കോഴിമാത്രേ ഉണ്ടായിരുന്നുള്ളു കെണറ്റില്‍. ആ കുഞ്ഞുങ്ങളെയെങ്കിലും ഞങ്ങള്‍ക്ക് കിട്ട്യേനെ”

“ അല്ല വേലായുധേട്ടാ...എനിക്കറിയോ അവറ്റകള്‍ കെണറ്റില്‍ ചാടുന്ന്...ഞാനിപ്പോ”

അപ്പോളേക്കും വിവരമറിഞ്ഞ കാര്‍ത്ത്യായനി ചേച്ചി ഷോര്‍ട്ട് ബ്രേക്ക് നിര്‍ത്തി നെഞ്ചത്തടിസീരിയല്‍ പതിവിലേറെ കനത്തിലാക്കി സുധാകരനു നേരെ ഓടി വന്നു.

“ എടാ തപലമോറാ...എന്റെ പെടക്കോഴ്യേം കുഞ്ഞുങ്ങളേയും കെണറ്റില്‍ തള്ളി കൊന്നില്ലേടാ... നീ പണ്ടാറാവുള്ളൂടാ...”

“ അല്ല ചേച്ച്യേ....അതിപ്പോ ...ഞാന്‍..” കാര്‍ത്ത്യായനി ചേച്ചിയുടെ അപശ്രുതിക്ക് അപതാളം കൊട്ടേണ്ട സ്ഥിതിയിലായി സുധാകരന്‍.

“ ഫ!! തെണ്ടീ, തോന്ന്യാസം പറഞ്ഞിട്ട് നിന്ന് നെരങ്ങുന്നോടാ? വേഗം ആ കോഴീനേം കുഞ്ഞുങ്ങളേയും എടുത്തുതാടാ” വേലായുധേട്ടന്‍ കല്ലുവെട്ടിവെട്ടി തഴമ്പുവന്ന കയ്യു തടവി.

“ അയ്യോ ഇന്ന് പറ്റില്ല ചേട്ടാ.. എനിക്കിപ്പോ തൃപ്പയാര്‍ക്ക് പോണ്ടതാ.. ഇന്ന് കളീണ്ട്.”

“ഒരോടത്തും പോവില്ല, ഇതെടുത്ത് തന്നിട്ട് പോയാ മതി നിന്റെമ്മേനെ കെട്ടിക്കാന്‍...അല്ലെങ്കീ കാര്‍ത്ത്യായനി ആരാ മോള്‍ ന്ന് നീയറിയും”

“ അല്ല ചേച്ചീ...ചേട്ടാ..... ട്രൂപ്പുകാര് വണ്ടീം കൊണ്ട്.....”

“ഇതെങ്ങനേലും എടുക്കാന്‍ നിന്ന ഞങ്ങളെ പറഞ്ഞ് പറ്റിച്ചത് നീയാ, കോഴീനേം കുഞ്ഞുങ്ങളെം എടുത്ത് തന്നിട്ട് നീ എങ്ക്ട്ന്നച്ചാ പൊക്കോ, അല്ലേല്‍ നിന്നെ കൊണ്ടോവാന്‍ മുനിസിപ്പാലിറ്റീന്നാ വണ്ടി വരാ” വേലായുധേട്ടന്‍ നിലപാട് വ്യക്തമാക്കി.

അലക്കിത്തേച്ച പാന്റും ഷര്‍ട്ടും വലിച്ചു കേറ്റി, മുഖത്ത് ചായം പൂശി, ഗാനമേളക്കിറങ്ങിയ സുധാകരന്‍ കിണറിനകത്തേക്കിറങ്ങേണ്ട ഗതികേടിലായി.

അവസാനം ഇട്ടിരുന്ന ഷര്‍ട്ടും പാന്റും ഊരി, വേലായുധേട്ടന്റെ ഒരു തോര്‍ത്തുമുണ്ടും ചുറ്റി, നാട്ടുകാര്‍ വെച്ചു കൊടുത്ത മുളയേണിയിലും ബാക്കി കയറിലുമായി, കിണറിനകത്തേക്ക് നിരങ്ങിയിറങ്ങി കോഴിയേയും കുഞ്ഞുങ്ങളേയും സുധാകരന്‍ കൊട്ടയിലൂടെ പുറത്തെടുത്തു. അതല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല എന്ന് സുധാകരന് നന്നായറിയാം. അല്ലേല്‍ തൃപ്രയാര്‍ നടക്കേണ്ട ഗാനമേള കാര്‍ത്ത്യായനിചേച്ചിയുടെ കിണറ്റിന്‍ കരയില്‍ നടന്നേനെ.

എന്തായാലും പിറ്റെ ദിവസം ട്രൂപ്പിന്റെ ഓഫീസിലേക്ക് പോയ സുധാകരന്റെ നടുമ്പുറത്ത് ട്രൂപ്പ് മാനേജരും സഹപ്രവര്‍ത്തരും ചേര്‍ന്ന് ദ്രുത താളത്തില്‍ നല്ല പെരുക്ക് പെരുക്കി ഒരു ഗാനമേള നടത്തിയെന്ന് കേട്ടു കേള്‍വിയുണ്ട്. ഈ സംഭവത്തോടെ സുധാകരനെക്കുറിച്ചുള്ള (കെട്ടു)കഥകള്‍ക്ക് കര്‍ക്കിടകത്തില്‍ പോലും പഞ്ഞമേതുമുണ്ടായില്ല എന്നു മാത്രമല്ല., കേട്ട കഥകളൊക്കെ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു.||ഇതി സുധാകരചരിതം ശുഭം||

Wednesday, June 10, 2009

കടലമ്മ കള്ളി

.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു ഞാന്‍ ആദ്യമായി കടല്‍ കണ്ടത്. അതു വരെ പാഠപുസ്തകങ്ങളില്‍ നിന്നും കഥാപുസ്തകങ്ങളില്‍ നിന്നും വായിച്ചും കണ്ടും മാത്രമേ കടലിനെ അറിഞ്ഞിരുന്നുള്ളൂ.

എന്റെ ഗ്രാമത്തിനു പടിഞ്ഞാറ് കൊടുങ്ങല്ലുര്‍ - ഗുരുവായൂര്‍ തീരദേശ ഹൈവേയിലെ ശ്രീനാരായണ പുരമെന്ന ഗ്രാമത്തിനു പടിഞ്ഞാറ് കടല്‍ ആണെന്ന് കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അന്നുവരെ ഒരിക്കലും കടലിനെ കാണാനെനിക്കു കഴിഞ്ഞിരുന്നില്ല. എസ്, എന്‍ പുരം എന്നു ചുരുക്കി വിളിക്കുന്ന ശ്രീനാരയണ പുരം, അതിനും വടക്ക് ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിലൊക്കെ എന്റെ അച്ഛന്റെയും വലിയച്ഛന്റേയുമൊക്കെ വീട്ടുകാര്‍ ഉണ്ടായിരുന്നു. അവിടങ്ങളിലെ കല്യാണങ്ങള്‍ക്കും മറ്റും അമ്മയോടൊപ്പമോ മറ്റു ബന്ധുക്കള്‍ക്കൊപ്പമോ പലപ്പോഴും പോയിരുന്നു, നാട്ടില്‍ നിന്ന് എസ്. എന്‍ പുരം വരെ നടക്കും അവിടെ നിന്ന് ബസ്സിന് ചെന്ത്രാപ്പിന്നിയിലേക്ക് പോകും. നടക്കുന്ന വഴിയത്രയും അമ്മയുടെ കൈകളില്‍ കോര്‍ത്തു പിടിച്ചിട്ടുണ്ടാകും. ഇരുവശവും കൈത്തോടുകള്‍ കൈതകളും നിറഞ്ഞ വള്ളിവട്ടം-അമരിപ്പാടത്തെ ചെമ്മണ്‍ പാതയിലൂടെ നടന്നെത്തുന്നത് പോത്തും കടവ് എന്ന കനോലികനാലിലേക്കാണ്. പൂവ്വത്തും കടവ് എന്ന പേര് ലോപിച്ച് ലോപിച്ച് പോത്തും കടവായി മാറിയതാണ്. ‘എന്താ ഇതിനെ പോത്തും കടവെന്നു വിളിക്കുന്നത് ‘ എന്ന എന്റെ ബാല്യത്തിലെ സംശയത്തിന് ‘ഇവിടെ പോത്തുകളെ കുളിപ്പിക്കുന്ന കടവാണ് ‘ എന്നായിരുന്നു ചേട്ടന്മാരുടെ ചിരി നിറഞ്ഞ മറുപടി.( തൃപ്രയാര്‍ ക്ഷേത്രത്തില്‍ പൂജിച്ച പുഷ്പങ്ങള്‍ ഒഴുകിയൊഴുകി ഈ കടവില്‍ വന്നെത്തുന്നതിനാല്‍ പൂവ് എത്തുന്ന കടവ് എന്നര്‍ത്ഥത്തിലാണ് അതിനു ആ പേര് വന്നത് എന്നൊരു കഥ കേള്‍ക്കുന്നത് പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ‍. )
പോത്തും കടവിനു അപ്പുറമുള്ള പ്രദേശം ഞങ്ങള്‍ക്ക് ‘അക്കരെ’ യാണ്. കടവു കടന്നു പോകുന്നതിനെ ‘അക്കരക്കു പോകുക‘ എന്നാണ് പറയുക. അക്കരെ എന്നു പറഞ്ഞാല്‍ എസ് എന്‍ പുരം മുതലുള്ള പ്രദേശങ്ങള്‍. ‘അക്കരേക്ക് ‘ വഞ്ചിയില് പോണം. നിറയെ ആളുകളെ നിറച്ച് മുളക്കോലൂന്നി കനാലിനെ മറി കടക്കുന്ന കടത്തു വഞ്ചിയിലെ യാത്ര കൌതുകത്തിനൊപ്പം ഭയവും ഉണ്ടാക്കുന്നതാണ്. വഞ്ചി ആടിയുലയുമ്പോള്‍ അമ്മയുടെ കൈയ്യില്‍ മുറുകെ പിടിക്കും എന്നാലും വഞ്ചിയില്‍ തട്ടി ഉലഞ്ഞു നീങ്ങുന്ന ഓളങ്ങളെ നോക്കി നില്ക്കുന്നത് ഏറെ ഇഷ്ടവും കൌതുകവുമായിരുന്നു, മറുകരയിലേക്കുള്ള യാത്രമദ്ധ്യേ കനാലിന്റെ നടുക്കെത്തുമ്പോഴായിരിക്കും ആ അത്ഭുതം സംഭവിക്കുന്നത്, വഞ്ചി വെള്ളത്തില്‍ നിശ്ചലമാകുകയും കനാലിലെ വെള്ളവും അതിലെ കുളവാഴകളും, ചണ്ടികളും പുറകിലേക്ക് നീങ്ങുന്നതു കാണം. കുറേ നേരം ആ അത്ഭുതം അങ്ങിനെ നോക്കി നില്ക്ക്കും പിന്നെ അമ്മയോട് അത് പറയാന്‍ തുടങ്ങുമ്പോഴാണ് നിശ്ചലമായ പുഴയും ഓളങ്ങളെ മുറിച്ച് മുന്നോട്ടു നീങ്ങുന്ന വഞ്ചിയും യാഥാര്‍ത്ഥ്യമാകുന്നത്. പിന്നെ ആ അത്ഭുതം ഉള്ളിലൊതുക്കും ( കുട്ടികാലത്ത് അങ്ങിനെ ഒരുപാട് അത്ഭുതങ്ങള്‍ കണ്ടിരുന്നു, അമ്മവീട്ടിലേക്കുള്ള ബസ്സ യാത്രയില്‍ മാവും അടക്കാമരവും പുറകിലേക്ക് ഓടിമറയുന്നതും, കൊടുങ്ങല്ലൂരിലേക്കുള്ള ബസ്സ് യാത്രയില്‍ കൊടുങ്ങല്ലൂര്‍ പട്ടണത്തിലേക്ക് പ്രവേശിക്കുന്ന ചാപ്പാറ പാലത്തിലെത്തുമ്പോള്‍ പാലത്തിനു വശങ്ങളിലെ കറണ്ടു കമ്പികള്‍ (ഇലക്ട്രിക് ലൈനുകള്‍) പതിയെ പതിയെ താഴേക്ക് പോകുന്നതും പിന്നെ കുറേക്കഴിഞ്ഞ് പതിയെ പതിയെ മുകളിലേക്ക് ഉയരുന്നതും ഒരുപാട് നാളത്തെ അത്ഭുതമായിരുന്നു)

വഞ്ചി കരക്കടുപ്പിക്കുമ്പോഴായിരുന്നു ഏറെ ഭയം. മുളക്കോല്‍ വഞ്ചിയുടെ എതിര്‍ വശത്തൂന്നി വഞ്ചിക്കാരന്‍ വഞ്ചി കരയോട് ചേര്‍ത്തും. ആളുകളിറങ്ങുന്നതിന്റെ ബഹളത്തില്‍ വഞ്ചി പലവട്ടം ആടിയുലയും. അമ്മയോ ഇളയമ്മയോ എന്റെ കൈപിടിച്ച് കാലമുട്ട് വരെ നനയുന്ന വെള്ളത്തിലെ പൂഴിമണലില് ഇറക്കി നിര്‍ത്തും, ചണ്ടിയും കുളവാഴയും കാലുകള് കൊണ്ട് തട്ടി മാറ്റി ഞാന്‍ കരയിലേക്ക് കയറും. അവിടെ നിന്ന് കുറേകൂടി നടന്നാല്‍ പിന്നെ എസ് എന്‍ പുരം ജംഗ്ഷനായി.

അങ്ങിനെ ഒരു ദിവസം അക്കരെയുള്ള ഒരു ബന്ധുവീട്ടിലേക്കുള്ള ഒരു കല്യാണ യാത്രയിലാണ് ഉച്ചതിരിഞ്ഞ് കടല്‍ കാണാം എന്ന് തീരുമാനമുണ്ടാകുന്നത്. കല്യാണത്തിനു പങ്കെടുത്തതിലേറെ സന്തോഷം കടല്‍ കാണുന്നതിലായിരുന്നു. കല്യാണ സദ്യക്കുശേഷം എല്ലാവരും കൂടി കടപ്പുറത്തേക്ക് നടന്നു.

വെളുത്ത പൂഴിമണലിലൂടെ കാല്‍ പുതഞ്ഞ് നടക്കുമ്പോള്‍ അകലേ നിന്ന് കടലിന്റെ ഇരമ്പം കേള്‍ക്കാമായിരുന്നു. ഉള്ളില്‍ തിളച്ചു വരുന്ന സന്തോഷവും അത്ഭുതവും അടക്കി ഞാനെന്റെ കുഞ്ഞിക്കാലുകള്‍ മണലില്‍ ചവിട്ടി നടന്നു.

ഒടുക്കം അകലെ... വെള്ളാരം മണലിനോട് ചേര്‍ന്ന് അകലെ ആകാശത്തെ നീലകളറിനോടൊപ്പം മുട്ടിച്ചേര്‍ന്നും കരയിലേക്ക് തിരകളെ തുടരെത്തുടരെ വലിച്ചെറിഞ്ഞ് ആഹ്ലാദാരവത്തോടെ കണ്ണെത്താത്ത ദൂരത്തൊളം ചാര നിറത്തില്‍ പരന്നു കിടക്കുന്നു കടല്‍.......

ഏറെ നേരം കണ്ണിമക്കാതെ കടലെന്ന വിസ്മയത്തെ നോക്കി നിന്നിരിക്കണം. പിന്നെ പതിയെ നടന്നിറങ്ങി കാല്‍ നനച്ചു.

‘എടാ അധികം ഇറങ്ങണ്ടാ.... ‘ കൂടെ നിന്ന് പലരും വിളിച്ചു പറഞ്ഞു.

കടലിനെ ആദ്യം കണ്ടപ്പോള്‍ ‍ആദ്യമായി ചെയ്തത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ പാദങ്ങളെ നനച്ചു പോയ ഒരു തിരമാലയുടെ ബാക്കിവന്ന തുള്ളികളില്‍ കൈ മുക്കി ഞാന്‍ ആ കടല്‍ വെള്ളം രുചിച്ചു നോക്കി..

‘ശര്യാ... ഉപ്പാ.. ഉപ്പ് രസാ ട്ടാ... ‘

കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് പണ്ടെന്നോ പഠിച്ച പാഠത്തെ ഞാന്‍ അനുഭവിച്ചറിഞ്ഞു. കൂടെ നിന്നിരുന്നവരൊക്കെ ചിരിച്ചെങ്കിലും ആദ്യമായി കടല്‍ കണ്ടതിന്റെയും കടല്‍ വെള്ളത്തിന് ഉപ്പുരസമാണെന്ന് നേരില്‍ തിരിച്ചറിഞ്ഞതിന്റേയും ആഹ്ലാദത്തിലായിരുന്നു ഞാന്‍.

പിന്നെ എല്ലാവരും കൂടി കടല്‍തീരത്ത് അവരവരുടെ പേരുകള്‍ എഴുതാന്‍ തുടങ്ങി. എഴുതിത്തീരുമ്പോഴെക്കും കടല്‍ത്തിര വന്ന് അത് മായ്ച്ചു കളഞ്ഞു. തിര പിന്‍ വാങ്ങുമ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി. മണലില്‍ എഴുതിയ ഓരോ പേരുകളും വരികളും കടലമ്മ നക്കിത്തുടച്ചു,

‘കടലമ്മ കള്ളി യെന്നെഴുതിയാ കടലമ്മ അപ്പ മായ്ച്ചു കളയും.‘ കൂട്ടത്തില് നിന്നാരൊ പറഞ്ഞു. പിന്നെ എല്ലാവരും അതെഴുതാന്‍ തുടങ്ങി. ‘കടലമ്മ ക... ‘ എന്നെഴുതുമ്പോഴേക്കും കൂറ്റന്‍ തിരമാലകള്‍ അവയെ മായ്ച്ചുകളഞ്ഞു.

‘കരേല്‍ക്ക് കുറേ കേറ്റി എഴുതിയാ മതി. അവടക്ക് തെര വരില്ലല്ലോ.‘ ഞാന്‍ പറഞ്ഞു

‘കടലമ്മ കള്ളിയെന്നെഴുതിയാ എഴുതിയ ആളുടെ വീടു വരെ തെര വരും. കടലമ്മക്ക് ഏറ്റവും ദ്വേഷ്യള്ളൊതാ അത്. ‘ വലിയച്ചന്റെ മക്കളാരൊ പറഞ്ഞു,.

‘ചോതി നക്ഷത്രക്കാര് ആരും കടലിലേക്ക് ഇറങ്ങില്ലത്രേ, കടലമ്മ കോപിക്കും. കടലമ്മേടെ നാളാ അത്.‘ ആരോ പറഞ്ഞു. അതുകൊണ്ടായിരിക്കണം ഒരു ഇളയച്ഛന്റെ മകള്‍ കടലിലേക്കിറങ്ങി കാല്‍ നനക്കാതെ കരയില്‍ തന്നെ ഇരുന്നു,

കരയില്‍ എന്തെഴുതിയാലും അത് മായ്ച്ചു കളയുന്നത് എന്തിനാണ് എന്നു എനിക്കെത്ര ആലോചിച്ചിട്ടും അന്ന് മനസ്സിലായില്ല. കടലമ്മ കള്ളിയാണോ? അല്ലാത്തതു കൊണ്ടാണോ അത് മായ്ച്ചു കളയുന്നത്? കടല്‍ കരയില്‍ എവിടെ എഴുതിയാലും കടലമ്മ അത് മായ്ച്ചു കളയുമോ?

തിരകളുടെ ഹുങ്കാര ശബ്ദത്തില്‍ ഞങ്ങളുടെ ശബ്ദങ്ങളെല്ലാം മുങ്ങിയിരുന്നു. എങ്ങും തിരമാല വന്നലക്കുന്ന ശബ്ദം മാത്രം. അകലെ മുക്കുവപിള്ളാര്‍ തിരമാലകള്‍ക്കു മീതേക്കൂടി കടലിലേക്ക് വളഞ്ഞു ചാടി. കടലിനടിയിലേക്ക് മുങ്ങാം കുഴിയിട്ട്, കരയില് ശ്വാസം പിടിച്ചു നിന്നവരെ അത്ഭുതപ്പെടുത്തികൊണ്ട് ഒരു കൂക്കുവിളിയോട് തിരമാലകള്‍ക്കു മീതെ പൊന്തിവന്നു.

പോരാന്‍ നേരം ഞാന്‍ മണല്‍ തിട്ടയോട് ചേര്‍ന്ന് തിരകള്‍ ‍വന്നടിക്കുന്നതിനും കുറച്ച് പുറകില്‍ മണല്‍ പരപ്പില്‍ എന്റെ കുഞ്ഞു വിരലുകള്‍കൊണ്ടെഴുതി ‘കടലമ്മ കള്ളി’

ഇത്രയും ദൂരത്തില് കടലമ്മക്കത് മായ്ക്കാനാവുമോ എന്നു നോക്കട്ടെ..

ഇല്ല....മൂന്നാലു തിരകള്‍ തല്ലിയലച്ചു കരയില്‍ ചിതറിത്തെറിച്ചെങ്കിലും അവയ്ക്കൊന്നിനും എന്റെ മണലെഴുത്തിനെ മായ്ക്കാന്‍ കഴിഞ്ഞില്ല.

‘മോനെ വല്ല്യ തെര വന്നാല് അതൊക്കെ ശൂ...ന്ന് പറഞ്ഞ് മാച്ചു കളയും’ ചേച്ചിയായിരുന്നെന്നു തോന്നുന്നു പറഞ്ഞത്.
സന്ധ്യ പരക്കും മുമ്പ് കടപ്പുറത്ത് നിന്ന് ഞങ്ങള്‍ പുറപ്പെട്ടു. ഇനിയും അഞ്ചാറു കിലോമീറ്റര്‍ നടന്നു പോണം. ഇരുട്ടുന്നതിനുമുമ്പ് വീടെത്തണം അതിനിടയില്‍ പോത്തും കടവ് കടക്കണം..
ഞങ്ങള്‍ എസ് എന്‍ പുരം ജംഗ്ഷന്‍ ലക്ഷ്യമാക്കി നടക്കാന്‍ തുടങ്ങി. ഞാന്‍ ഇടക്കിടെ പിന്തിരിഞ്ഞു നോക്കി. ‘തിര വന്നോ, എന്റെ എഴുത്തിനെ മാച്ചു കളഞ്ഞോ? ‘ ഇല്ല, ഓരോ കുഞ്ഞു തിരക‍ള്‍ക്കും ഞാനെഴുതിയ ഇടം വരെ വരാനുള്ള ശക്തിയുണ്ടായിരുന്നില്ല. മണല്‍ തിട്ടയിലേക്കെത്തും മുമ്പേ അവ തീരത്ത് തല്ലിയടിച്ചു വീണു.

കടല്‍ക്കരയില്‍നിന്നുമകലെ ഏതോ ഒരു പറമ്പിലേക്കുള്ള ഇടുങ്ങിയ നടപ്പാതയിലേക്ക് കടക്കുമ്പോഴും അമ്മയുടെ കൈ വിടാതെ നടന്ന ഞാന്‍ വീണ്ടും പിന്തിരിഞ്ഞു നോക്കി ഒരു കൂറ്റന്‍ തിരമാല ആര്‍ത്തലച്ചു വരുന്നുണ്ട്.. അതിന്റെ ഹുങ്കാരശബ്ദം തൊട്ടടുത്തെന്ന പോലെ കേള്‍ക്കാം. ആ തിരമാല മണല്പരപ്പിലെ എന്റെ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമൊ? കടലമ്മ കള്ളിയെന്നെഴുതിയത് ഇഷ്ടപ്പെടാത്തതു കൊണ്ട് കടലമ്മ എന്റെ വീടു വരെ തിരമാലകളെ പറഞ്ഞയക്കുമൊ? ഞാനെഴുതിയതിനു മീതെ മുക്കുവപിള്ളേര്‍ ചാടിതിമിര്‍ത്ത് ആ അക്ഷരങ്ങളെ മാച്ചു കളഞ്ഞിരിക്കുമോ? ഒരു പാട് സംശയങ്ങളെ എന്റെ കുഞ്ഞു മനസ്സില് പേറി ഞാന്‍ പച്ചിലകളൂം ചകിരിത്തൊണ്ടും നിറഞ്ഞ ഇടവഴിയിലൂടെ പോത്തും കടവ് ലക്ഷ്യമാക്കി നടന്നു.**************************************************************************************കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഞാന്‍ കടല്‍ക്കരയിലായിരുന്നു. ഉദയവും സായാഹ്നവുമൊക്കെ കടലിന്റെ വിസ്തൃതിയില്‍ കണ്ടു. ഒരു എട്ടു വയസ്സുകാരനില്‍ നിന്നും ഒരുപാടു ദൂരം മുന്നോട്ട് പോയിരുന്നുവെങ്കിലും കടലിനോടുള്ള വിസ്മയം ഒട്ടും വിട്ടുമാറിയിരുന്നില്ല. ഓരോ പ്രാവശ്യവും കടല്‍ കാണുമ്പോള്‍ ആദ്യാമായി കടല്‍ കാണുന്ന ആവേശത്തോടെ തിരമാലകളെ വിടര്‍ന്ന കണ്ണുകളോടെ നോക്കി. എനിക്കൊപ്പം ഒരു പാടു പേരുണ്ടായിരുന്നു. പ്രായമായവരും കുട്ടികളുമടക്കം. ബാല്യത്തിന്റെ കൌതുകം വിട്ടെറിഞ്ഞ് ഞാനപ്പോഴേക്കും ഒരു കുടുംബനാഥന്റെ ഗൌരവം പൂണ്ടിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ പതിവുപോലെ അവരുടെ പേരുകളെഴുതാനും തിരവരുമ്പോള്‍ കാല്‍പ്പാദം നനച്ച് ഓടിമാറാനും ശ്രമിച്ചു. പതിവുപോലെ ആ കടല്‍ തീരത്തും ‘കടലമ്മ കള്ളി‘ എന്ന് പലവുരു എഴുതപ്പെട്ടു, മായ്ക്കപ്പെട്ടു.


അധികം സഞ്ചാരികളില്ലാത്ത ആളൊഴിഞ്ഞ കടപ്പുറത്ത് മറ്റൊരു ദിവസം.

കരിമണല്‍ പരന്നുകിടക്കുന്ന കടല്‍തീരത്ത് തിരകളെ നോക്കി, അല്പം മുന്‍പ് പെയ്ത ചാറ്റല്‍ മഴക്കു ശേഷം ചക്രവാളത്തില്‍ കണ്ട മഴവില്ലിന്റെ സൌന്ദര്യം നോക്കി പ്രണയാതുരമായ ഒരു സാന്ധ്യവെയില്‍ നുകര്‍ന്ന് ഞാനെന്റെ ജീവിതസഖിയുമായി ആ കടല്‍ തീരത്തിരുന്നു. തിരകള്‍ക്ക് തീരെ ശക്തിയുണ്ടായിരുന്നില്ല. തീരത്തേക്ക് അധികം കയറിവരാതെ അവ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്നു.

‘ഇപ്പോ കടലമ്മ കള്ളിയെന്നെഴുതിയാല്‍ തിര അതു മാച്ചു കളയുമൊ?’

‘ ആ! അറിയില്ല, നീ എഴുതി നോക്ക്’, പക്ഷെ തിരകള്‍ വരുന്നതിനും കുറേ മേലേക്ക് എഴുതണം‘

മണലില്‍ കറുത്ത അക്ഷരങ്ങളില്‍ കടലമ്മ കള്ളിയെന്നെഴുതിയെങ്കിലും ഒരു തിര പോലും വന്നില്ല.

‘ചിലപ്പോ മലയാളത്തിലെഴുതിയതുകൊണ്ടാകും, ഇവിടത്തെ തിരകളക്ക് മലയാളം അറിയില്ലല്ലോ, തമിഴല്ലേ അറിയൂ’

‘ഓ പിന്നേ, എന്നാ പിന്നേ തമിഴിലും എഴുതിയേക്കാം’ വീണ്ടും തമിഴില്‍ കടലമ്മ കള്ളിയെന്നെഴുതി.

പിന്നേയും കുറേ നിമിഷങ്ങള്‍ ഞങ്ങളവിടെ ഇരുന്നു. തിരകള്‍ പക്ഷേ അതു മായ്ച്ചു കളഞ്ഞില്ല.

സന്ധ്യ കനക്കാന്‍ തുടങ്ങി. കടല്‍ക്കര വിജനമാകാന്‍ തുടങ്ങി. സ്വപ്നങ്ങള്‍ നിറഞ്ഞ മനസ്സുമായി ഞങ്ങള്‍ മണലില്‍ നിന്നുമെഴുന്നേറ്റ് തിരികേ നടക്കാന്‍ തുടങ്ങി. കുറച്ചു ദൂരം നടന്നതിനു ശേഷം ഞാന്‍ തിരിഞ്ഞു നോക്കി.

ഇല്ല ഒരു തിരമാലയും മായ്ചുകളയാതെ, മണലില്‍ ആ കറുത്ത അക്ഷരങ്ങള്‍ അതേപോലെ....
.

Thursday, May 21, 2009

ബാംഗ്ലൂര്‍ ചരിതം ആദ്യ ഖണ്ഡം...അവസാനത്തേതും

.
“.....വ്യാഴ ദശ തുടങ്ങിയെങ്കിലും ആദ്യത്തെ ഒന്നേമുക്കാല്‍ കൊല്ലം ശനിയുടെ അപഹാരമുണ്ട്. അതങ്ങട് തീര്‍ന്നാല്‍ പിന്നെ വ്യാഴം ഉച്ഛസ്ഥായിയിലാ.. അടുത്ത 47 വയസ്സു വരെ ബെസ്റ്റ് ടൈം. സകല സൌഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗം. ഇപ്പോ അപഹാരം അവസാന ഘട്ടത്തിലായി. ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമാ.. നാലുമാസത്തിനുള്ളില്‍ നിന്റെ കല്യാണവും നടക്കും”

“അതെന്താടാ എന്റെ കല്യാണം നാലം നിലയുടെ മോളില് വെച്ചാണോ നടക്കുന്നത്....വെച്ചടി വെച്ചടി കയറാന്‍..”

ഒരുവര്‍ഷം മുന്‍പ്, ജാതകം നോക്കി എന്റെ ഭാവി പറയാനിരുന്ന എന്റെ ആത്മ സുഹൃത്തും പഴയ സഹ പ്രവര്‍ത്തകനുമായ പാലക്കാട്ടെ സുരേഷ് പണിക്കരോട് ഞാനന്ന് ചോദിച്ചു.


“അതേടാ, നാലാം നിലയല്ല അതിനപ്പുറം പലതും നീ കയറും..സൌഭാഗ്യങ്ങളൂടെ, സമ്പന്നതയുടെ, ഐശ്വര്യത്തിന്റെ ഈരേഴു പതിനാലു നിലയും നീ കയറും. ഇല്ലേ നോക്കിക്കോ..” സുരേഷ് ജാതകം മടക്കി.

*************************************************************************

മദ്ധ്യവേനലവധിയല്ലേ, റിസഷന്‍ കാരണം ജോലിയൊന്നുമില്ലാതിരിക്കല്ലേ, ഭാര്യയെ ബാംഗ്ലൂരിലേക്ക് കൂട്ടികൊണ്ടുവരാം, ഒരു രണ്ടാം ഹണിമൂണിന് ഇനിയും ബാല്യമുണ്ടല്ലോ എന്ന നല്ല മനസ്സുമായാണ് ഞാന്‍ വിവാഹം കഴിഞ്ഞ് ഏഴുമാസവും കഴിഞ്ഞ് ഇക്കഴിഞ്ഞ വിഷുവിന് ശേഷം ഭാര്യയുമൊത്ത് ബാംഗ്ലൂരിലേക്ക് വന്നിറങ്ങിയത്. ഇനി ഒന്നരമാസത്തോളമുണ്ട്. ബാംഗ്ലൂര്‍ ഒക്കെ ഒന്നു വിശദമായി കണ്ടുകളയാം. ഭാര്യക്കു സന്തോഷമാകും.

വന്നിറങ്ങിയ ദിവസം യാത്രാക്ഷീണമകറ്റി, ഭാര്യയുടെ കൈകൊണ്ട് വെച്ചുവിളമ്പിയ സദ്യയുണ്ട്, ഏമ്പക്കമൊന്ന് വിട്ട് ഞാന് പറഞ്ഞു : “ഇന്ന് ഡിന്നര്‍ പുറത്തു നിന്ന്. ഉച്ചതിരിഞ്ഞ് നമുക്കൊന്ന് കറങ്ങാനിറങ്ങാം. അള്‍സൂര്‍ തടാകം, കബ്ബന്‍ പാര്‍ക്ക്, പിന്നെ എം.ജി റോഡിലെ ഒരു മുന്തിയ റെസ്റ്റോറന്റില് നിന്ന് ഒരു ഡിന്നര്‍. തല്ക്കാലം ഇന്നു അതു മതി“

അന്തിച്ചോപ്പണിയാന്‍ സൂര്യേട്ടന്‍ ബാംഗ്ലൂരിന്റെ പടിഞ്ഞാറോട്ട് പോകാനൊരുങ്ങുന്ന സമയത്ത്, പോക്കുവെയില് കോലങ്ങളെഴുതിയ ബാംഗ്ലൂര്‍ നിരത്തിലൂടെ ഞാനുമെന്റെ ഭൈമിയേയും വഹിച്ചെന്റെ കൈനറ്റിക്ക് ഹോണ്ട വായുവിനെ ഭേദിച്ച് മുന്നോട്ടൊഴുകി. വണ്ടിയും തെണ്ടിയും ആളും ആപത്തും കുട്ടികളും പട്ടികളുമൊക്കെയായി നെല്ലിക്കാകൊട്ട മറിഞ്ഞു വീണതുപോലെ തിങ്ങിനിറഞ്ഞുരുളുന്ന ബാനസവാഡി റോഡിലൂടെ ഞാന്‍ അള്‍സൂര്‍ തടാകത്തെ ലക്ഷ്യം വെച്ച് ഇടംതിരിഞ്ഞ് വലം തിരിഞ്ഞ് വലത്തുചാടിച്ച് ഞെരിഞ്ഞമര്‍ന്ന് ഞാന്‍ കൈനിയെ വിട്ടു.

ഫ്രേസര്‍ ടൌണിലേക്ക് സമീപിക്കുന്ന അണ്ടര് ബ്രിഡ്ജിന്റെ ഗുഹയിലൂടെ ഒരു ബി. എം.ടി. സി ബസ്സിനെ ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച് മെയിന്‍ റോഡിലേക്ക് കടന്നതും, കിരീടം വെച്ച ചില കാക്കിധാരികള് എന്റെ വണ്ടി കൈ കാണിച്ചു നിര്ത്തി സൈഡൊതുക്കിച്ചു.

“ ആരാ നന്ദേട്ടാ? ലിഫ്റ്റ് ചോദിച്ചതാണൊ? ആരാ?”

“ എന്റെ ഫ്രണ്ട്സാ, ഞങ്ങള്‍ ഭയങ്കര കൂട്ടാ.. നീ കണ്ടോ ഇനിയാ രസം” ഉള്ളില്‍ തികട്ടി വന്ന കൊടുങ്ങല്ലുര്‍ ഭരണിയുടെ ഈരടി ചവച്ചിറക്കി ഞാന്‍ പറഞ്ഞു.

പട്ടിക്കൂടുപോലെയുള്ള ട്രാഫിക്ക് കൂട്ടിലേക്ക് ഞാന് ചെന്നു..

“സാറെ, ഭാര്യയേയും കൂട്ടി ഒന്നു ഹോസ്പത്രി..ഹോ സ്..... ശു..... ഹോസ്പിറ്റല് വരെയൊന്നു പോണം” ഞാന്‍ വിക്കി വിക്കി വിക്കിപീഡിയയായി

“ഡി എല്‍ കാണിച്ചിട്ട് എവിടെ വേണേലും പൊക്കോ” ഏമാന്‍ കന്നടയിലാണ്

അസന്നിഗ്ദ്ധ ഘട്ടങ്ങളില്‍ നമുക്ക് ഏത് ഭാഷയും മനസ്സിലാവുമെന്ന് പണ്ടെ ഞാന്‍ പഠിച്ചതാണല്ലോ

ഞാന്‍ ചുമ്മാ പഴ്സ് തുറന്ന്, പോക്കറ്റ് തപ്പി, തപ്പി തപ്പി തപ്പിത്തന്നേയിരുന്നു.

“ഡി എല്‍ കാണിക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ “

ഞാന്‍ വണ്ടിയുടെ കാബിന്‍ തുറന്ന് വലിയൊരു കവര്‍ പുറത്തെടുത്ത് അതില്‍ നിന്ന് ഇന്‍ഷുറന്‍സ് പേപ്പര്‍ എടുത്തു കാണിച്ചു. കൂടെ പഴയ ഏതൊക്കെയോ കടലാസ്സുകളും. ഏമാന്മാര്‍ക്ക് തിരക്കാണേല്‍ ‍ഈ പേപ്പറൊക്കെ കാണുമ്പോള്‍ ഇവന്റെ കയ്യില്‍ സകല പേപ്പേഴ്ദും ഉണ്ട് എന്ന് തെറ്റിദ്ധരിക്കുമെന്ന് ധരിച്ച ഞാന്‍ തെറ്റുകാരനായി.

“ ഇന്‍ഷുറന്‍സ് അടവു തീര്‍ന്നിട്ട് കൊല്ലമൊന്നായല്ലോ...?“

“എപ്പ...?” ശ്ശെഡാ.. ഞാന് പോലുമറിയാത്ത കാര്യം സാറിതെപ്പോ അറിഞ്ഞു.

“ ഡി എല്‍ ഇല്ലത്തതിനു 400, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനു 200, പൊലൂഷന്റെ 200. മൊത്തം 800 കെട്ടിയിട്ടു പോക്കോ”

‘കൊള്ളാം, ഒന്നു കെട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതിനിടയിലാ എണ്ണൂറ് കെട്ടാന്‍.‘ ഞാന്‍ ചൊറിഞ്ഞു ചൊറിഞ്ഞു ഇനി ചൊറിയാന്‍ തലയിലൊരിടമില്ല എന്ന നിലയിലായി

“ എന്താ നന്ദേട്ടാ പ്രശ്നാവോ? കേസാവോ? കൊഴപ്പണ്ടോ?” നട്ടുച്ചക്കു ശേഷം നഗരം കാണാനിറങ്ങി നടുറോഡില്‍ പോലീസ് പിടിച്ചതിന്റെ ഷോക്കില്‍ നിന്നും ഭാര്യ മുക്തയായിരുന്നില്ല.

“ ഏയ്.... എന്തു പ്രശ്നം? ചീള് കേസ്. നീയിതു പിടിച്ചേ” എന്ന് പറഞ്ഞ് നൂറു രൂപ ഒഴികെ ബാക്കി കാശെല്ലാം ഞാന്‍ ഭാര്യയുടെ പേഴ്സിലേക്ക് നിക്ഷേപിച്ചു വീണ്ടും സാറിനെ സമീപിച്ചു.

ഹുസൈന്‍ രണ്ടത്താണിയുടെ ലീഡ് പോലെ ഫൈന്‍ എണ്ണൂറില്‍ നിന്ന് അഞ്ഞൂറിലേക്കും അവിടെ നിന്ന് മുന്നൂറിലേക്കും പിന്നെ ഇരുന്നൂറിലേക്കും വന്നു. അവസാനം നൂറു രൂപ കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ വെച്ച് ഞാന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു.


സാന്ധ്യവെയില്‍ പടര്‍ന്ന അള്‍സൂര്‍ തടാകത്തിലെ കുഞ്ഞോളങ്ങളേയും അതിന്റെ തീരത്ത് ഒന്നായി നില്ക്കുന്ന മിഥുനങ്ങളേയും നോക്കി ഞാന്‍ ഭാര്യയോട് പറഞ്ഞു : “എന്ത് രസമാ ബാംഗ്ലൂര്‍ അല്ലേ?”

“അതേയതെ...പക്ഷെ ഇത്രക്കു രസം പ്രതീക്ഷിച്ചില്ല”


*******************************************


ലഗ്നത്തില്‍ വിഘ്നം സംഭവിക്കും എന്നു പറഞ്ഞപോലെ വ്യാഴത്തിന്റെ പ്രഭാവം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. രണ്ടാം ഹണിമൂണ്‍ അഘോഷിക്കാന്‍ കൊടുങ്ങല്ലൂരില്‍ നിന്നും കൂടും കുടുക്കയുമെടുത്ത് ബാംഗ്ലൂര്‍ മഹാനഗരത്തില്‍ കാല്‍ കുത്തിയ ദിവസം ഇങ്ങിനെ സംഭവിച്ചെങ്കില്‍ വെക്കേഷന്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് കാലിറങ്ങുന്ന ദിവസത്തില്‍ എങ്ങിനെ ആയിരിക്കുമെന്ന് ആലോചിച്ചോ?
വെച്ചടി വെച്ചടി പോക്കറ്റ് കാലിയായ ഒന്നരമാസത്തെ ഒരുപാട് ദിനങ്ങള്‍ക്കു ശേഷം കൊടുങ്ങല്ലൂര്‍ക്ക് തിരിക്കുന്ന സുദിനത്തിന്റെ തലേന്ന് അവസാന വട്ട കറക്കത്തിനിടയില്‍.....


************************************

വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാന്‍പരാഗ് എന്നു പറഞ്ഞപോലെ, വരുന്ന ഞായറാഴ്ച വിവാഹിതാനാകുന്ന ഒരു സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഒരു പുതിയ കുപ്പായം വാങ്ങണം എന്ന് ഞാന്‍ കരുതിയ അതേ സമയത്തു തന്നെ ഭാര്യക്കും ഷോപ്പിങ്ങ് നടത്തണം എന്നു പറഞ്ഞത് ഒരേ ദിവസത്തില്‍ ഒരേ സമയത്തായി. വേനല്‍ മഴ നഗരത്തെ വെള്ളത്തില്‍ മുക്കിയതും എന്നും ഉച്ചക്കുശേഷം നഗരത്തില്‍ മഴ പെയ്യുമെന്നറിഞ്ഞതുകൊണ്ടും ഷോപ്പിങ്ങ് അന്ന് സന്ധ്യക്കു മുന്‍പാകാമെന്നും സിറ്റിയിലേക്ക് ബസ്സിനു പോകാമെന്നും തീരുമാനിച്ച് , രാവിലെ കുളിച്ച് കുറിതൊട്ട് അടുത്ത ബസ്റ്റോപ്പിലേക്ക് എന്റെ കൈനിയില്‍ പോയി ബസ്റ്റോപ്പിനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് ശിവാജി നഗറിലേക്ക് ബസ്സിനു പോയി.

പതിനൊന്നു മണിയോടെ നഗരത്തിലെത്തി ശിവാജി നഗറും കൊമേഴ്സ്യല്‍ സ്ട്രീറ്റും അരിച്ചുപെറുക്കി, എം ജി റോഡിലെ ‘എമ്പയറി‘ല്‍ കയറി ഒരു എക്സിക്യൂട്ടിവ് ലഞ്ചും കഴിച്ച് അകൌണ്ടിലെ അവസാന പൈസയും വലിച്ചെടുത്ത്, മഴക്കാറ് മൂടി നിന്ന മേഘങ്ങളെ സാക്ഷിനിര്‍ത്തി തിരികെ ഫ്ലാറ്റിലേക്കുള്ള ബസ്സില് കയറി.

ഷോപ്പിങ്ങ് നടത്തിയതിന്റെയും പുറത്തു നിന്ന് ഗ്രേറ്റ് ലഞ്ച് കഴിച്ചതിന്റേയും ചാരിതാര്‍ത്ഥ്യത്തില്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍
“ഈശ്വരാ, മജിഷ്യന്‍ മുതുകാടെങ്ങാനും ഈ വഴി വന്നിരുന്നുവൊ?” പാര്‍ക്ക് ചെയ്തിടത്ത് നിന്ന് എന്റെ ബെക്ക് വാനിഷിങ്ങ്. ശുന്യം.!! പഴയ ജയന്‍ സ്റ്റൈലില്‍ വലതു ചൂണ്ടുവിരലില്‍ ചാവി കറക്കി ഞാന്‍ തെല്ലിട നിന്നു. ഇനി എനിക്കു തോന്നിയതാകുമോ? ഞാന്‍ കണ്ണു തിരുമ്മി നോക്കി. ‘ഇല്ല, എന്റെ കൈനറ്റിക്ക് മാത്രം അവിടെയില്ല. ദൈവമേ അതെവിടെപോയി?”

“അയ്യോ നമ്മുടെ വണ്ടിയെവിടെ? നന്ദേട്ടാ, ഇനി അതാരെങ്കിലും അടിച്ചു മാറ്റിയതാകുമൊ?”

“പോടീ, ബാംഗ്ലൂരിലെ കള്ളന്മാരെ വിലകുറച്ച് കാണാതെ, പട്ടാ പകല്‍, പള്‍സറും അപ്പാച്ചെയുമൊക്കെ ഇരിക്കുമ്പോ ച്ഛേ, ച്ഛേ വെറുമൊരു കൈനറ്റിക്ക് ഹോണ്ടയെ അതും സെക്കനാന്റ്.......അല്ല....ഇനിയിപ്പോ അടിച്ചുമാറ്റിയതു തന്നെയാകുമൊ? “ ഞാന്‍ ഭാര്യക്കു നേരെ തിരിഞ്ഞു.

“അതു തന്നെയല്ലെ, ഞാനും അങ്ങോട്ട് ചോദിച്ചത് ” എന്ന് ഭാര്യ “ എന്നാലും നന്ദേട്ടന്റെ ബൈക്ക് മോഷ്ടിക്കാന്‍ മാത്രം ഗതി കെട്ടവനാരഡാ”

അതുകേട്ടില്ലെന്ന് നടിച്ച്, ഒന്നമര്‍ത്തിമൂളി ഞാന്‍ സംശയം മാറ്റാന്‍ തൊട്ടടുത്ത കടക്കാരനോട് കാര്യമന്വേഷിച്ചു. രാവിലെ പതിനൊന്നര ആയപ്പോള്‍ ട്രാഫിക് പോലീസ് വന്ന് ഇവിടെ പാര്‍ക് ചെയ്തിരുന്ന് വണ്ടികളെല്ലാം എടൂത്തുകൊണ്ടുപോയെന്നും തൊട്ടടുത്ത ബാ‍നസവാഡി പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ കിട്ടുമെന്നും അയ്യാള്‍ പറഞ്ഞു.

ഈശ്വരാ, നോ പാര്‍ക്കിങ്ങോ, കഴിഞ്ഞ് ഒരു കൊല്ലമായി ഞാന്‍ ഇവിടെത്തന്നെയാണല്ലോ പാര്‍ക്ക് ചെയ്യാറ്, ഞാന്‍ റോഡിലിറങ്ങി നോക്കി. ശരിതന്നെ പുതിയൊരു സിഗ്നല്‍ ബോര്‍ഡ്.

ഹൊ! ഇനിയിപ്പോ പോലീസ് സ്റ്റേഷന്‍ കയറണമല്ലോ ഭഗവാനേ, അതുവരെയുണ്ടായിരുന്ന സകല സന്തോഷമെല്ലാം ആവിയായിപ്പോയി. എന്തായാലും ഭാര്യയേയുംക്കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുക തന്നെ. ഒരു ഓട്ടോ വിളിച്ച് ഭാര്യയേയും കൂട്ടി അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

ഭാര്യയെയും കൊണ്ടു പോകാന്‍ പല കാരണമുണ്ട്. അവള്‍ കൂടെയുണ്ടെങ്കില്‍ എന്റെ ടെന്‍ഷന്‍ കുറയും, മാത്രമല്ല ബാംഗ്ലൂരില്‍ വന്ന് പാര്‍ക്കും, ലേയ്ക്കും, ഷോപ്പിങ്ങും മാത്രമല്ല പോലീസ് സ്റ്റേഷനും കയറിയ ഒരു എക്സ്പീരിയന്‍സും കൂടെയിരിക്കട്ടെ, അതിനേക്കാളുപരി കന്നഡ പോലീസുകാരന്റെ കടിച്ചാല്പൊട്ടാത്ത കന്നഡത്തെറിയില്‍ നിന്ന് രക്ഷപ്പെടാനും ചുമ്മാ കിട്ടുമെങ്കില്‍ ഒരു സിമ്പതിയെങ്കിലും കിട്ടിക്കൊട്ടെ എന്നും കരുതിയിരുന്നു. കയ്യിലാണെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് അടച്ചത്, പൊലൂഷന്‍ സര്‍ട്ടിഫികറ്റ് എന്നിവ പോയിട്ട്, ബൈക്ക് തിരികെ കിട്ടിയാല്‍ തിരിച്ചുവരുമ്പോള്‍ തലയില്‍ വെക്കാന്‍ ഹെല്‍മെറ്റ് പോലുമുണ്ടായിരുന്നില്ല. ചോദിക്കുന്ന കാശു കൊടുത്ത് എങ്ങിനെയെങ്കിലും തലയൂരിപോരണം എന്നൊരു ചിന്ത മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു.

അരയില്‍ വെള്ളിയരഞ്ഞാണം ധരിച്ച പോലെ, കാലങ്ങളായി പിടിച്ചുവെച്ചിട്ടൂള്ള ഇരുചക്രവും മുചക്രവും നാലുചക്രവുമായി വാഹനങ്ങളെക്കൊണ്ട് നാലു വശവും അലങ്കരിക്കപ്പെട്ട ബാനസവാടി പോലീസ് സ്റ്റേഷന്‍. നാലുവശവും കറങ്ങി അക്കൂട്ടത്തിലെ എന്റെ കൈനിയുണ്ടോന്നു നോക്കി. ഇല്ല, എന്റെ കൈനി മാത്രം അതിലില്ല. അതു പൊളിച്ചടക്കി പാട്ടപെറുക്കികള്‍ക്കു വിറ്റോ ദൈവമേ?

ട്രാഫിക് പോലീസ് സ്റ്റേഷന്റെ അകത്തേക്ക് കടക്കുമ്പോള്‍ ഏ ഏസ് ഐ ഉച്ചഭഷണമായി ബിരിയാണി കഴിക്കുന്നു ഒപ്പം ഒരു ചെറുക്കനൊട് കന്നഡയില്‍ ദ്വേഷ്യത്തില്‍ സംസാരിക്കുന്നുമുണ്ട്. ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി വാഹനങ്ങള്‍ പിടിച്ചെടുത്ത ഔട്ട് സോസ്ഴ് പാര്‍ട്ടിയുടെ അടുത്തുപോയി കാര്യം പറഞ്ഞു. അവനാണെങ്കില്‍ കന്നഡയല്ലാതെ വേറൊരു ഭാഷയും അറിയില്ല. മര്യാദക്കുള്ള കന്നഡയാണെങ്കില്‍ കുഴപ്പമില്ല. ഇതൊരു മാതിരി കാട്ടു കന്നഡ. എന്തായാലും അവന്‍ പറഞ്ഞ പ്രകാരം, എന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത ഏരിയയില്‍ നിന്ന് അവര്‍ വണ്ടികള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അഥവാ എടുത്തിട്ടുണ്ടെങ്കില്‍ അത് കുറേയകലേയുള്ള കെ ആര്‍ പുരം സ്റ്റേഷനില്‍ ആകുമെന്നുമാണ് എനിക്കു മനസ്സിലായത്. സംശയം തീര്‍ക്കാന്‍ ഞാന്‍ മറ്റൊരു പോലീസുകാരനെ കണ്ടു കാര്യം പറഞ്ഞു. അയാളും പറഞ്ഞതും ഇതേ വിവരം തന്നെ. രാമൂര്‍ത്തി നഗറിലുള്ള കെ ആര്‍ പുരം പോലീസ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിക്കുക തന്നെ.

ഭാര്യയേയും കൂട്ടി അടുത്ത ഓട്ടോ വിളിച്ച് രാമൂര്‍ത്തി നഗറിലെ കെ ആര്‍ പുരം പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. എന്താണാവോ ഇന്ന് ഓട്ടോക്കാരെല്ലാം മീറ്റര്‍ ചാര്‍ജ്ജേ ചോദിക്കുന്നുള്ളൂ. ചെലപ്പോ പോലീസ് സ്റ്റേഷനിലേക്ക് എന്നു പറഞ്ഞതു കൊണ്ടാകണം.

ഓട്ടോയില്‍ നിന്നിറങ്ങി കെ ആര്‍ പുരം പോലീസ് സ്റ്റേഷനിലേക്ക് കരുതലോടെ, പതുക്കെ ഞാനെന്റെ മഹത്തായ പാദങ്ങള്‍ എടുത്തുവെച്ചു. ഹോ! എന്റെ പാദ സ്പര്‍ശനം ചരിത്രത്തിന്റെ ചുവരില്‍ തങ്കലിപികളില്‍ എഴുതപ്പെടാന്‍ പോകുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷന്‍. അവിടെചെന്ന് ഒരു കോണ്‍സ്റ്റബിളിനോട് കാര്യം പറഞ്ഞപ്പോള്‍ “ ഹയ്യോ അത് ഇവിടെയല്ല കെ ആര്‍ പുരത്തെ ‘ട്രാഫിക്ക് പോലീസ് സ്റ്റേഷനിലാ‘, അവിടെചെന്നന്വേഷിക്കൂ. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാ” എന്ന്.

ഭഗവാനെ!! ദാ, മൂന്നാമത്തെ പോലീസ് സ്റ്റേഷന്‍!. ദൈവമേ ഇതുപോലൊരു ഗതി എന്റെ ശത്രുക്കള്‍ക്കു പോലും വരുത്തരുതേ. ഒരു പോലീസ് സ്റ്റേഷനില്‍ കയറുക എന്നത് ഏത് നിര്‍ഭാഗ്യവാന്റേയും ജീവിതത്തില്‍ ചിലപ്പോല്‍ സംഭവിച്ചേക്കാം. പക്ഷേ, ഒരു മണിക്കൂറിനുള്ളില്‍ മൂന്നു പോലീസ് സ്റ്റേഷന്‍ കയറുക, അതും മറുനാട്ടില്‍ അതും ഭാര്യാസമേതം, തീര്‍ച്ചയായും ഈയുള്ളവനു തന്നെയാകും സംഭവിച്ചിരിക്കുക. ഇത്രയും നല്ലൊരു വര എന്റെ തലയില്‍ വരച്ച ദൈവമേ!! നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. എന്ന് മുറുമുറുത്ത് ഭാര്യയേയും കൂട്ടി മൂന്നാമത്തെ ഓട്ടോ വിളിച്ച് , മൂന്നാമത്തെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

കെ ആര്‍ പുരം ട്രാഫിക് പോലീസ് സ്റ്റേഷന്റെ കോമ്പൌണ്ടിലെക്ക് കടന്നതും ഞാന്‍ കണ്ടു, പിടിച്ചെടുത്ത് ചങ്ങലക്കിട്ടു വെച്ച ബൈക്കുകള്‍ക്കിടയില്‍...അതാ അതാ... എന്റെ കൈനറ്റിക്ക് ഹോണ്ട. പാവം ഒത്തിരി വെയിലു കൊണ്ട് വാടിപോയി. ഞാന്‍ സ്റ്റേഷനകത്തു കടന്നു അവിടെ കണ്ട ഒരു പോലീസുകാരനോട് കാര്യം പറഞ്ഞു

“സാറു ബര്‍ത്തിരി, ഹാഫ് അവര്‍ വെയ്റ്റ് മാഡിത്തിരി, അല്ലി കുത്ത്കൊള്ളി” സാര്‍ കന്നഡയില്‍ മുരണ്ടു.

“ എന്താ നന്ദേട്ടാ കൊള്ളികിഴങ്ങു കൂട്ടി ബിരിയാണി കഴിക്കാമെന്നോ, നമ്മളിപ്പോള്‍ ഊണുകഴിച്ചേയുള്ളു എന്ന് പറ” ഭാര്യ വിനീതയായി

“ ബിരിയാണിയല്ല, എന്റെ പിരിയാണി ഇളകി നില്‍ക്കാ, എടീ അര മണിക്കൂര്‍ വെയ്റ്റ് ചെയ്യാന്‍, സാര്‍ വരുന്നതേയുള്ളൂ എന്ന്”

“ ഓഹ്!! നന്ദേട്ടന് കന്നഡയൊക്കെ നന്നായിട്ടറിയാലേ”

“ ഇമ്മാതിരി നേരത്ത് കന്നഡയല്ലെഡീ, ഹീബ്രുവും പാലിയും വരെ പഠിച്ചുപോകും” ഞാനെന്റെ കൈനിയെ നോക്കി നെടുവീര്‍പ്പിട്ടു,

പത്തു മിനുട്ടായപ്പോഴേക്കും ഏ എസ് ഐ വന്നു, കാര്യം പറഞ്ഞു. ലൈസന്‍സ്, മറ്റു പേപ്പറുകള്‍ അവയ്ക്കെല്ലാം ചേര്‍ത്ത് ഒരു ആയിരം രൂപ ഫൈന്‍ ചോദിക്കുമെന്നും പകരം കാശില്ലായെന്ന് കരഞ്ഞ് പറഞ്ഞ്, ഭാര്യയെകൊണ്ടും കരയിപ്പിച്ച് അഞ്ഞൂറോ എഴുന്നൂറോ രൂപക്ക് കാര്യം സാധിച്ച് അവിടെ നിന്ന് തടിയൂരണമെന്ന് മനസ്സില്‍ കരുതിയിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് സാര്‍ പറഞ്ഞു : ‘മുന്നൂറ് രൂപാ കൊടി” (മുന്നൂറ് കൊടുക്കാന്‍!)

‘ഏ!! മുന്നൂറ് ഉര്‍പ്പ്യേ? ഇത്രേള്ളൂ? വേറൊരു ഫോര്‍മാലിറ്റീസും? ഉം? ’ ദൈവമേ നാടു നന്നായിത്തുടങ്ങിയൊ? എന്തൊരു തങ്കമാന മനിതന്‍! വേറെ ഒന്നും ചോദിക്കുന്നില്ല!!

പഴ്സില്‍ നിന്ന് മുന്നൂറ് രൂപ കൊടുത്ത്, മറുത്തൊന്നും പറയാതെ എഴുതിവെച്ച റെസീപ്റ്റില്‍ ഒപ്പിട്ട് ഭവ്യനായി നിന്നു. ഔട്ട് സോഴ്സ് പാര്‍ട്ടികള്‍ എന്റെ കൈനിയെ ചങ്ങലയില്‍ നിന്നും വിമുക്തനാക്കി എന്റെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി.

പുലിപോലെ വന്നത് എലിപോലെ ആയ ആശ്വാസത്തിലായിരുന്നു ഞാന്‍. ഏ, എസ്. യോടു നന്ദി പറഞ്ഞ് ഭാര്യയെ പുറകിലിരുത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ കെ ആര്‍ പുരം റോഡിലൂടെ ഞാനെന്റെ വീട് ലക്ഷ്യമാക്കി കൈനിയെ വിട്ടു.

കെ ആര്‍ പുരം തൂക്കു പാലത്തിനു മീതെ വന്നപ്പോള്‍ അകലെ പടിഞ്ഞാറ് ചുകന്നു പഴുത്ത സൂര്യനെ നോക്കി ഞാന്‍ ഭാര്യയോട് പറഞ്ഞു:

“നോക്ക്യേ.. എന്തു ചോപ്പാ..എന്തു ഭംഗിയാ അല്ലേ?”

“ അതേയതേ, പക്ഷേ ഇതിനേക്കാള്‍ ചോപ്പുണ്ടായിരുന്നു കുറെമുന്‍പ് വരെ നന്ദേട്ടന്റെ മൊഖത്ത്”

“ ഹഹഹ” എനിക്കതു നന്നേ രസിച്ചു “ എന്തായാലും ഇതൊരു നല്ല എക്സിപീരിയന്‍സായില്ലേടീ, ബാംഗ്ലൂരില്‍ വന്നിട്ട് ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷന്‍ കയറുക എന്നു പറഞ്ഞാല്‍, അതും ഒന്നല്ല മൂന്ന് പോലീസ് സ്റ്റേഷന്‍.സത്യം പറഞ്ഞാല്‍ വേറേതാണ്ട് വലുത് സംഭവിക്കാനിരുന്നതാ, ഇതോണ്ടു അവസാനിച്ചൂന്ന് കരുതിയാ മതി”

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”
അന്തിചുവപ്പു പടര്‍ന്ന, ബാഗ്ലൂര്‍ വെക്കേഷനിലെ അവസാന സന്ധ്യയില്‍ റിങ്ങ് റോഡിലെ തിരക്കിനിടയിലൂടെ എന്റെ ഫ്ലാറ്റിലേക്കുള്ള ക്രോസ് റോഡിലേക്ക് വണ്ടിയോടിച്ചു പോകുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു :

നാളെ നാട്ടില്‍ ചെന്നിറങ്ങിയിട്ട് പാലക്കാട്ടേക്ക് ഒന്നു പോകണം. ആ സുരേഷ് പണിക്കരെ ഒന്നു കാണണം. കൈനീട്ടി അവന്റെ കവിളത്ത് വെച്ചടി വെച്ചടി കൊടുക്കണം. ഹല്ല പിന്നേ!
.

Tuesday, April 28, 2009

സ്വര്‍ഗ്ഗയാത്ര

.
കല്പറമ്പ് സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വീണ്ടും ആ
അത്യാഗ്രഹം മനസ്സിലേക്ക് വന്നത്. ഇത്തവണ യൂത്ത് ഫെസ്റ്റിവലിന് ഒരു നാടകം കളിക്കണം, സമ്മാനം വാങ്ങണം. ഏഴാം ക്ലാസ്സില്‍ വെച്ചും ഒരു നാടകം കളിച്ചെങ്കിലും സമ്മാനമൊത്തില്ല. നാട്ടിലാണെങ്കില്‍ ഞാന്‍ ക്ലബ്ബ് പ്രവര്‍ത്തനവുമായി അഹോരാത്രം കലാകാരനായി ജീവിക്കുമ്പോള്‍, സ്ക്കൂളിലും ആ പ്രതിഭ തെളിയിച്ചില്ലെങ്കില്‍ മോശമല്ലേ, ഉള്ളിലെ കലാകാരന്‍ വരണ്ടുണങ്ങിപോകില്ലേ, അവനോട് ചെയ്യുന്ന പാതകമല്ലേ എന്നു ചിന്തിച്ച് തയ്യാറെടുപ്പുകള്‍ തുടങ്ങി. മുന്‍ വര്ഷം നാട്ടിലെ ക്ലബ്ബ് വാര്‍ഷികത്തിന് കൂട്ടുകാരന്‍ രാധാകൃഷ്ണന്റെ രചനാ-സംവിധാനത്തില് അരങ്ങേറിയ ‘ഉത്സവം’ എന്ന നാടകം തന്നെ ചെയ്യാം. രാധകൃഷ്ണന് പക്ഷെ മറ്റൊരു സ്ക്കൂളിലാണ് പഠനം (നടവരമ്പ് ഹൈസ്ക്കൂളില്) അവനില്ലെങ്കിലും സ്ക്രിപ്ത് ഞങ്ങളുടെ കയ്യിലുണ്ട്. നാടകം ഒരു പ്രാവശ്യം കളിച്ച പരിചയവും. അതു തന്നെ ചെയ്യാം. ഞാന്, കൂടെ പഠിക്കുന്ന ജോഷി, താഴെ ക്ലാസ്സിലെ ബാബു, സുരേഷ്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. നാടകം, ഇന്ത്യയുടെ അന്നത്തെ അവസ്ഥയും ഭരണകൂടവും വര്‍ഗ്ഗീയതയുമൊക്കെ സിമ്പോളിക്കായിട്ടുള്ള സിമ്പിള് നാടകം. ക്ലാസ്സ് വിട്ടതിനുശേഷം ഒഴിഞ്ഞ ക്ലാസ്സ് റൂമില്‍ റിഹേഴ്സല്‍. പ്രധാന വേഷത്തില് ഞാനും ജോഷിയും, പിന്നെയുള്ള പ്രധാന താരങ്ങളില് ബാബുവും സുരേഷുമാണ്. മറ്റുള്ള നടന്മാര്ക്ക് ആളു തികയാതെ വന്നപ്പോള് ക്ലാസ്സിലെ പലരേയും വിളിച്ചു നോക്കി. പക്ഷെ അവര്‍ക്ക് നാടകം അഭിനയിക്കുന്നതിനേക്കാളിഷ്ടം അത് കണ്ട് പുറത്തിരുന്ന് കൂവുന്നതിലാണ് . എങ്കിലും പലരേയും പല പ്രലോഭനങ്ങളും പറഞ്ഞ് റിഹേഴ്സലിനു വിളിച്ചു വരുത്തി. പക്ഷെ ഇന്നു വന്നവന്‍ നാളെ വരില്ല, നാളെ വന്നവന്‍ മറ്റന്നാള്‍ വരില്ല. തവളയെപിടിച്ച് എണ്ണം വെച്ചതുപോലെയാണ് കാര്യങ്ങള്‍. ഞാനും ജോഷിയും ബാബുവും ആക്ടിവായി രംഗത്തുണ്ട്. സുരേഷ് പിന്നെ ഞങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയോ അങ്ങിനെ.

റിഹേഴ്സല്‍ രണ്ടു ദിവസം നടന്നു. റിഹേഴ്സല്‍ കണ്ട് പത്താം ക്ലാസ്സിലെ പല ചേട്ടന്മാരും വരുന്നുണ്ട്. ഞങ്ങള്‍ പിള്ളേരായതു കൊണ്ട്. അവന്മാരുടെ വക ഓരോരോ നിര്‍ദ്ദേശങ്ങള്‍. പിന്നെ പതിയെ പതിയെ വരുന്നവനും പോകുന്നവനും എന്തിനേറെ ചില ദിവസങ്ങളില്‍ സ്ക്കൂളിലെ പ്യൂണ്‍ വരെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ആരോടും മറുത്തൊന്നും പറയാനും പറ്റുന്നുമില്ല. അവര്‍ ഞങ്ങളേക്കാള്‍ മുതിര്‍ന്നവരും നാടകം ചെയ്തു ശീലമുള്ളവരും,. നാടകത്തിലാണെങ്കില്‍ മൊത്തം പത്തു പേര്‍ വേണം അഭിനയിക്കാന്‍ . റീഹേഴ്സല് 4 ദിവസം പിന്നിട്ടിട്ടും ആളെ തികയുന്നുമില്ല. മുന്നോട്ടു പോകുന്നുമില്ല. ഒടുവില്‍ ഒരു റിഹേഴ്സല്‍ ദിവസം ജോഷി ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ഛത്തില്‍ ഒരു പ്രഖ്യാപനം നടത്തി :

“ നാടകം നമ്മള്‍ മാറ്റാന് പോകുന്നു”

ഞങ്ങള്‍ പരസ്പരം നോക്കി. ആറ്റുനോറ്റുണ്ടാക്കിയ നാടകം മാറ്റാന് പോവേ? അപ്പോ ഈ വര്ഷം??

“നമ്മള്‍ ‘ഉത്സവം‘ മാറ്റി പകരം ‘സ്വര്‍ഗ്ഗയാത്ര‘ ചെയ്യാന്‍ പോകുന്നു” ജോഷി നെഞ്ചു വിരിച്ചു

‘സ്വര്‍ഗ്ഗയാത്രയോ? അത് അത്ര നല്ല നാടകമാണോടാ? “ ഞാന്‍ ചോദിച്ചു. “ ഉത്സവം നല്ല സബ്ജക്റ്റാ. പ്രൈസ് ഉറപ്പാ”

“ അതിന് അളുണ്ടാ? ബാക്കിയുള്ളോരെ നീ കൊണ്ടരോ? സ്വര്‍ഗ്ഗയാത്രയാകുമ്പോ അധികം ആളുവേണ്ട” ജോഷി ചൂടായി.

ആലോചിച്ചപ്പോ ശരിയാണ്. കൂടാതെ അത് മുന്‍പ് പൈങ്ങോട് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തിലും കഴിഞ്ഞ കൊല്ലം ക്ലബ്ബിന്റെ വാര്‍ഷികത്തിലും ചെയ്തിട്ടുള്ളതാ. തരക്കേടില്ലാത്ത നാടകം എന്നാലും ഉത്സവത്തിന്റെ അത്രയും വരില്ല. സ്ക്രിപ്പ്റ്റ് കയ്യിലുണ്ട്., ഡയലോഗെല്ലാം കാണാപ്പാഠം.

“ഇത് ഇത്രയും ദിവസം റിഹേസ്ഴല്‍ നടത്തിയിട്ട്....” ബാബുവിന് സംശയം.

‘മതി.. സ്വര്‍ഗ്ഗയാത്ര മതി.. അത് നമ്മള് രണ്ട് പ്രാവശ്യം കളിച്ചിട്ടുണ്ട്.ഒരു കുഴപ്പവും വരില്ല. “ ജോഷി കോണ്‍ഫിഡന്‍സില്‍.

“ അപ്പോ ഉത്സവം?? അതെന്തു ചെയ്യും?”

“അത് നമുക്ക് വേറെ ഏതെങ്കിലും പിള്ളര്‍ക്ക് കൊടുക്കാം” ജോഷിക്കും അതിനും മറുപടി.

‘ എന്നാ അങ്ങിനെ ചെയ്യാം” മനസ്സില്ലാ മനസ്സോടെ ഞങ്ങള് ജോഷിയെ പിന്താങ്ങി

രാജാവും മന്ത്രിയും പരിവാരങ്ങളും ഒരു സന്യാസിയുമടങ്ങുന്നതാണ് നാടകം. അന്നത്തെ ബോഡി ഫിഗറ് വെച്ച് ജോഷി രാജാവും ഞാന്‍ മന്ത്രിയും, സുരേഷ് ഭടനും ബാബു സൈന്യാധിപനോ മറ്റോ ആണ്. മുന്‍പ് രണ്ടു പ്രാവശ്യം കളിച്ചപ്പോളും സന്യാസിയായി ഗിരീഷായിരുന്നു അഭിനയിച്ചത്. (അവനെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു) ദുര്‍ ഭരണം നടത്തുന്ന രാജാവിനെ ഉപദേശിക്കാന്‍ ഒരു സന്യാസി വരുന്നു. ഒടുക്കം രാജാവ് മാനസാന്തരപ്പെടുന്നു. അവസാനം എല്ലാവരും സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു. അങ്ങിനെയെന്തൊക്കെയോ ആയിരുന്നു കഥ. അതിലും എന്തൊക്കെയോ സിമ്പോളിക്കായി ഉണ്ടെന്നാണ് രാധാകൃഷ്ണന് പറഞ്ഞിരുന്നത്. ആ! ആര്‍ക്കു മനസ്സിലാവാന്‍??

ജോഷിയുടെ തീരുമാനം ഞങ്ങളെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ഞങ്ങള് അഭിനയിക്കാന്‍ തുടങ്ങി. ‘ഉത്സവം’ എന്ന നാടകം ഒമ്പതാം ക്ലാസ്സിലെ വേറെ ചില പരിചയക്കാര്‍ക്കു കൊടുത്തു. ഒരു സ്ക്റ്റിപ്റ്റ് കിട്ടാതെ ക്ലാസ് കട്ട് ചെയ്യാന്‍ പറ്റാതിരുന്ന അവര്‍ക്ക് ബഹൂത്ത് ഖുശി. അവര്‍ ആളെ സംഘടിപ്പിച്ച് നാടകം റിഹേഴ്സല്‍ തുടങ്ങി. ഞങ്ങളുടെ റിഹേഴ്സല്‍ തുടങ്ങിയതും ദാ, പിന്നേം ആ പ്യൂണ്‍ വന്നു ഡയറക്ഷന്‍ തുടങ്ങി. ‘ചേട്ടാ!! ഞങ്ങളിതു രണ്ടു പ്രാവശ്യം കളിച്ചതാ’ എന്നൊക്കെ പറഞ്ഞെങ്കിലും ചേട്ടന് പിന്മാറാന്‍ തയ്യാറായില്ല. റിഹേഴ്സല്‍ മാക്സിമം കുളമാക്കാന്‍ ചേട്ടന്‍ അശ്രാന്ത പരിശ്രമം നടത്തി. ഞങ്ങള്‍ മനസ്സില്‍ പ്രാകിയെങ്കിലും തല്ക്കാലം അങ്ങേരെ സഹിച്ചു നിന്നു ‘ എന്തായാലും സ്റ്റേജില് കളിക്കാന്‍ അങ്ങേര് വരില്ലല്ലോ’ അതു മാത്രമായിരുന്നു ആശ്വാസം.

സന്യാസിയായി വീണ്ടും ഗിരീഷിനെ വിളിച്ചെങ്കിലും അവനു തീരെ ഇന്‍ഡ്രസ്റ്റ് ഇല്ല. സേമിയ ഐസ്, ഐസ് കേക്ക്, സ്റ്റിക്കര് പടം എന്നൊക്കെ പല പ്രലോഭനങ്ങള്‍ നീട്ടീയെങ്കിലും അവന്‍ കയ്യാലപുറത്തെ തേങ്ങ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടില്‍ നിന്നു. പല ദിവസം ക്ലാസ്സ് കഴിഞ്ഞ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ക്ലാസ്സ് കഴിഞ്ഞ് ഓടാന് തയ്യാറെടുക്കുന്ന അവനെ വട്ടം പിടിച്ച് ഞാന്‍ റിഹേഴ്സല്‍ ക്ലാസ്സിലെത്തിച്ചു. സുരേഷാണ് ഭടന്‍. അവനെകൂടാതെ മറ്റൊരു ഭടന് കൂടി വേണം. കര്‍ട്ടന്‍ ഉയരുമ്പോള്‍ രണ്ടു ഭടന്മാരും അങ്ങോട്ടു മിങ്ങോട്ടും ഉലാത്താണം എന്നാലേ സ്റ്റേജില് ഒരു രാജ സദസ്സ് ഫീല് ചെയ്യുകയുള്ളു. ഭടനാവാന് ആളെ കിട്ടിയില്ല. വേണേല്‍ രാജാവിന്റെ വേഷം കെട്ടാം ഭടനാവാന്‍ വയ്യത്രേ, ആര്‍ക്കും. ഒടുക്കം എന്റെ ക്ലാസ്സിലെ രാജേഷിനെ ഞാന്‍ പിടിച്ച പിടിയാലെ കൊണ്ടുവന്നു, 4.45 ന്റെ സെന്റ് ജോര്ജ്ജില് അവന് പടിയൂരിലെ വീട്ടില്‍ പോണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും നീയില്ലെങ്കില്‍ ഈ നാടകം ഞങ്ങള്‍ കളിക്കില്ല എന്നു ഞാനും കരഞ്ഞു പറഞ്ഞു. ഒടുക്കം അവന്‍ സമ്മതിച്ചു; എല്ലാ റിഹേഴ്സലിനും അവന്‍ വരില്ല എന്ന അവന്റെ ഡിമാന്റില്‍.

തവളയെപിടിച്ച് ചാക്കിലിട്ട് പോലെ ആളുകളെ പിടിച്ച് കഥാപാത്രമാക്കിയെങ്കിലും പ്യൂണിന്റെ ആക്രമണം തീരെ നിലക്കുന്നില്ല. ‘ആ ശ്ശവിയെ ഓടിച്ചില്ലെങ്കില് ഞാനീ കല്പ്പറമ്പ് സ്ക്കൂളില് നിന്ന് ടി സി വാങ്ങീ പോകും’ എന്നു വരെ ബാബു ഭീഷണിപ്പെടുത്തി തുടങ്ങി. ജോഷിക്കാണെങ്കില്‍ ക്ലാസ്സ് റൂമിലും റിഹേഴ്സര് റൂമിലും ഇരുപത്തിനാലു മണിക്കൂറും രാജാവിന്റെ ഭാവഹാവാദികളോടെ നടക്കാനെ നേരമുള്ളു. ‘ ജോഷീ, നമുക്ക് റിഹേഴ്സല് തുടങ്ങാം’ എന്നാരെങ്കിലും പറഞ്ഞാല്. കാലുകള് അല്പം അകത്തിവെച്ച് വലതുകൈമുഷ്ടി ഇടതു കൈത്തലത്തില് അമര്‍ത്തി ഇടിച്ച് “ ഉം... ഉം.. ആവട്ടെ... നമുക്കുടന്‍ റിഹേഴ്സല്‍ തുടങ്ങിക്കളയാം..” എന്നമട്ടിലാണ് പെരുമാറ്റം. ഊണിലും ഉറക്കത്തിലും എന്തിനേറെ കക്കൂസില് പോകുമ്പോള്‍പോലും അവനിപ്പോ രാജാവിനെപോലെയാണ് പെരുമാറുന്നത് എന്നായി സംസാരം. ഒടുക്കം പ്യൂണിന്റെ ശല്യം ഒഴിവാക്കാന്‍ ക്ലാസ്സ് റൂമുകള് മാറ്റി മാറ്റി നോക്കിയെങ്കിലും അയിലത്തല മണത്ത പട്ടിയെപോലെ പ്യൂണ്‍ അവിടെയൊക്കെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ കൂട്ടുകാരോട് ഞാനൊരു പരിഹാരം പറഞ്ഞു “

“ എഡാ ജോഷ്യേ ബാബു, നമ്മളൊക്കെ ഒരേ ഭാഗത്ത്ന്ന് വരണോരല്ലേ, രാജേഷ് മാത്രല്ലേ വേറെ സ്ഥലത്തുന്നുള്ളൂ, നമുക്ക് റിഹേഴ്സല് നമ്മടവിടെ ആക്ക്യാലോ”

“അത് ശര്യണലാ.... രാജേഷാണെന്ന്കില്‍ ഭടനല്ലേ ‘അടിയന് ‘ എന്ന ഡയലോഗ് മാത്രല്ലേ ള്ളൂ. പക്ഷെ എവിടെ വെച്ച് റിഹേഴ്സല് നടത്തും?”

“ജോഷീടെ വീട്ടിലോ അല്ലെങ്കില് കല്ലേരി പാടത്ത് വെച്ചോ നടത്താലോ. അവിടക്ക് ഈ പണ്ടാര പ്യൂണ്‍ വരില്ലല്ലോ’ ഞാന് വീണ്ടും

അതൊരു എമണ്ടന്‍ തീരുമാനമാണെന്ന നിഗമനത്തില് ഞങ്ങള്‍ പിന്നെ റിഹേഴ്സല്‍ ഞങ്ങളുടെ നാട്ടിലാക്കി. പക്ഷെ ഗിരീഷ് പതിവുപോലെ ഉഴപ്പാന്‍ തുടങ്ങി. അവനധികം ഡയലോഗില്ല എന്നതു മാത്രമാണ് ആശ്വാസം പക്ഷെ ഉള്ള ഡയലോഗൊന്നും അവന് അറിയില്ലാ എന്നുള്ളത് നഗ്ന സത്യം.

ഒരു ദിവസം കല്ലേരിപ്പടത്തേക്കുള്ള വരവില് ബാബു എന്നൊട് ഒരു രഹസ്യം പറഞ്ഞു :

“ഡാ നന്ദ്വോ, ഉത്സവം മാറ്റി സ്വര്‍ഗ്ഗയാത്ര കളിക്കാന്ന് ജോഷി പറഞ്ഞതെന്തിനാണന്നറിയൊ?”

“ഇല്ല്യാ” അതിലൊരു ഹിഡന്‍ അജണ്ടയുള്ളതായി അതുവരേക്കും എനിക്ക് തോന്നിയില്ലായിരുന്നു

“ ഡാ ശ്ശവീ, സ്വര്‍ഗ്ഗയാത്രേല് ആരാ നായകന്? ജോഷി. ഉത്സവത്തിലാണെങ്കീ നമ്മള്ക്കെല്ലാവര്‍ക്കും ഒരേപോലത്തെ റോളാ. ഒറ്റക്ക് ഷൈന് ചെയ്യാന് പറ്റില്ല, മനസ്സിലായാ??’
“ ബാബോ ശര്യാണല്ലോ, സ്വര്‍ഗ്ഗയാത്രയാണെങ്കീ അവന്‍ രാജാവാ.. അവന് ശരിക്കും ഷൈന് ചെയ്യാം.. ശ്ശേഡാ”

“ അതന്നേ, അതോണ്ടന്ന്യാ അവനീ നാടകം മാറ്റ്യേ..നാടകം പൊളിഞ്ഞാലും അവന്റെ റോള് അവന്‍ പെടപ്പനാക്കും നീ നോക്കിക്കോ” ബാബു ഗദ്ഗത കണ്ടന് പൂച്ചയായി പറഞ്ഞു

“ശ്ശേഡാ തെണ്ടീ... ഞാനതപ്പോ ഓര്‍ത്തില്ല.. ഇനീപ്പോ നാടകം മാറ്റാന്‍ പറ്റോ?”

“എവ്ട്ന്ന്? യൂത്ത് ഫെസ്റ്റിവലിന് ഇനി കൊറച്ചു ദിവസല്ലേ ള്ളൂ. ഒര് രക്ഷേല്ല്യ”

“ ഹോ ഉത്സവത്തിന്റെ സ്ക്രിപ്റ്റ് കിട്ടിയ പിള്ളാര് അത് കലക്കും, പെട സ്ക്രിപ്റ്റ് ആണത്”

അവിടന്നോട്ടുള്ള റിഹേഴ്സല്‍ ക്യാമ്പുകളില് എന്റേയും ബാബുവിന്റേയും മുഖം പതിവിലേറെ കറുത്തു ( ഇനിയങ്ങോട്ടു കറുക്കാന് ബാക്കിയുണ്ടായിരുന്നില്ല!!) ഗതികെട്ട ബ്ലോഗര്‍ പുലി അനോണിയായും സ്വന്തം ബ്ലോഗില് കമന്റിടും എന്ന് പറഞ്ഞപോലെ, സ്വര്‍ഗ്ഗയാത്ര കളിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഗതികേടുകൊണ്ട് ഞങ്ങള്‍ റിഹേഴ്സല്‍ നടത്തി.

യൂത്ത് ഫെസ്റ്റിവല്‍ അടുത്തെത്തി. റിഹേഴ്സല്‍ പരിസമാപ്തിയിലായി. രണ്ടേ രണ്ടു പ്രശ്നം മാത്രം. സന്യാസിയായ ഗിരീഷ് പല റിഹേഴ്സലിലും പങ്കെടുത്തില്ല എന്നുമാത്രമല്ല ഡയലോഡ് കാണാപ്പാഠം അറിയില്ല. ഭടനായ രാജേഷ് റിഹേഴ്സലിനു വന്നില്ല എന്നല്ല, നാടകത്തിന്റെ അന്നു വരുമോ എന്നു തന്നെ സംശയം. ജോഷിയാണെങ്കില്‍ ഇതിലൊന്നും തീരെ വറീഡാവാതെ ഇടതു കൈത്തലത്തില് വലതു കൈമുഷ്ടി ഇടിച്ചു നടന്നു,

ഒടുവില്‍ യൂത്ത് ഫെസ്റ്റിവല്‍ വന്നെത്തി.

നാടകത്തിന്റെ മെയ്ക്കപ്പ്, ആര്‍ട്ട് എന്നിവക്കു പുറമേ മറ്റൊരു ഉത്തരവാദിത്വവും കൂടി എനിക്കുണ്ടായിരുന്നു. സന്യാസിയാകുന്ന ഗിരീഷിനെ കാലത്തുതന്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി സുരക്ഷിതനായി മേക്കപ്പ് റൂമില്‍ എത്തിക്കുക എന്ന ഓപ്പറേഷന്‍. വര്‍ണ്ണ കടലാസ്സ് ഒട്ടിച്ച കുന്തവും, രാജാവിനും മന്ത്രിക്കുമുള്ള കിരീടം, അരപ്പട്ട, കയ്യങ്കി, പിന്നെ മേക്കപ്പ് സാമഗ്രികള്‍, കൂടാതെ രാജാവിനും മന്ത്രിക്കും ഉടുക്കാനുള്ള സാരി ഇത്യാദികളുമായി ഞാന്‍ കലപ്പറമ്പ് സ്ക്കൂള് ലക്ഷ്യമാക്കി സൈക്കിള്‍ വിട്ടു. പാതി വഴിയില്‍ വെച്ച് ഗിരീഷിന്റെ വീട്ടിലെത്തി. ഉച്ചക്കുള്ള ചോറും കറിയുമൊക്കെ പാത്രത്തിലെടുത്ത് അപ്പുറത്തെ പെണ്‍പിള്ളാരുമായി സൊള്ളുകയാണ് ചുള്ളന്‍. ഇന്ന് നാടകമുണ്ടെന്ന യാതൊരു വികാരവും അവന്റെ മുഖത്തില്ല. അവനെ വലിച്ച് പുറകിലിരുത്തി സ്ക്കൂളിലേക്ക് വിട്ടു.

മേക്കപ്പിനെടുത്ത ക്ലാസ്സ് റൂമില് ബാബുവിന്റെ അവസാന റിഹേഴ്ഷല് . ജോഷിയാണെങ്കില് വലതു മുഷ്ടി ഇടതു കൈത്തലത്തില് ഇടിച്ച് ക്ലാസ്സ് റൂമിനെ വലം വെക്കുന്നു. ഞാന്‍ ക്ലാസ്സ് റുമില്‍ കടന്നതും..

“ എന്ത്??? നന്ദന്‍ വരാനിത്ര വൈകിയെന്നോ?” ജോഷി രാജാവ്.

“ പോടാ.^&*^&^&*..... പിന്നെ മെയ്ക്കപ്പും കോപ്പും നിന്റപ്പന്‍ കൊണ്ടരോ?” ടെന്‍ഷന്‍ കാരണം എന്റെ വായില്‍ തെറിയേ വന്നുള്ളു.

“ തെറി പറയാണ്ട് മേക്കപ്പ് തൊടങ്ങാന് നോക്കഡാ &%**^&%%$ കളേ.. നമ്മടെ നാടകം നാലാമത്തേയാ” ബാബു ഒരു തെറി കൂടി പറഞ്ഞു

താമസിയാതെ ഞാന് മേക്കപ്പ് തുടങ്ങി, രാജാവിനു മീശവെച്ചു, സാരി മടക്കി ഉടുപ്പിച്ചു അരപ്പട്ടയണിയിച്ചു, സന്യാസിക്കു താടിയും മീശയും ജഡയും വെച്ചു, ഭടന്മാര്‍ക്ക് മീശ വരച്ചു, ഒടുക്കം ഞാനും മീശ വെച്ചു ജോഷിയും ഞാനും വര്‍ണ്ണക്കടലാസ്സിന്റെ കിരീടവും വെച്ചു.

“നാടകം നമ്പര്‍ നാല്, ജോഷി ആന്റ് പാര്ട്ടി അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗയാത്ര“

സേവ്യര്‍ മാഷുടെ ശബ്ദം മൈക്കിലൂടെ ധാരധാരയായി ഒഴുകി വന്നു. കുന്തവും സ്ക്രിപ്റ്റുമായി ഞങ്ങള് സ്റ്റേജിനു പുറകിലേക്കൊടി.

“ഡാ നന്ദോ എടക്ക് ഡയലോഗ് പറഞ്ഞെരണട്ടാ എനൊക്കൊരു ഓര്‍മ്മയുമില്ല’ ആ അവസാന നിമിഷത്തില് ഗിരീഷ് എന്റെ നെഞ്ചിലെ ആധിയിലേക്ക് പെട്രോളൊഴിച്ചു.

“ എന്റെ കണ്ടാരന്‍ മുത്തപ്പാ പു……….ന്നാര മോനേ ഗിരീഷേ, ചതിക്കല്ലേടാ..” ഞാന് ഗ്ലിസറിനില്ലാതെ കരയുമെന്ന അവസ്ഥയായി.

“ ദേ ഞാനൊന്നും മിണ്ടില്ലാട്ടാ.. ‘ആരവിടെ‘ ന്ന് വിളിച്ചാല് ‘അടിയന്‍‘ ന്ന് മാത്രം പറയും. എപ്പഴാ വരണ്ടേ പോണ്ടേ എന്നൊക്കെ പിന്നീന്ന് പറഞ്ഞരണം.” പെട്രോളിനു പുറമേ രാജേഷ് മണ്ണെണ്ണയും ഊറ്റിയൊഴിച്ചു.

എന്തൂറ്റ് പണ്ടാറേങ്കിലും കാണിക്ക് എന്നു പറഞ്ഞ് ഞാന് രാജേഷിനെയും സുരേഷിനേയും സ്റ്റേജില് നിര്‍ത്തി. പരിചയമുള്ള ഒരു കൂട്ടുകാരനെ സ്റ്റേജിനു പുറകിലിരുത്തി സ്ക്രിപ്റ്റ് കൊടുത്ത് ഗിരീഷിന്റെ മുഖത്ത് ഇളകികിടന്ന താടി അമര്‍ത്തി ഒട്ടിച്ച് കര്‍ട്ടന്‍ പൊക്കാന്‍ സിഗ്നല് കൊടുത്തു. കര്‍ട്ടന് പൊങ്ങിയതും രാജേഷും സുരേഷും കുന്തം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍ തുടങ്ങി. സദസ്സില്‍ നിന്ന് നല്ല കൂവല്. ഞാന് കണ്ണുയര്‍ത്തി ബാബുവിനെ നോക്കി.

“അതുണ്ടാവും. നാടകം തൊടങ്ങ്യല്ലേ ള്ളൂ” ബാബു സമാധാനപ്പെടുത്തി.

പക്ഷെ ഭടന്മാരുടെ ഉലാത്തലിന് ‘ടക് ടക്; എന്ന ബാഗ്രൌണ്ട് സ്കോര്‍. അത് എന്താണെന്ന് എനിക്കു പിടികിട്ടിയില്ല. അല്പം കഴിഞ്ഞ് ജോഷി, രാജാവിന്റെ പ്രൌഢിയില്‍ രംഗത്തേത്ത് വന്നു. സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൈയ്യടി. ‘ഹോ ആശ്വാസം’ സ്റ്റേജിന്റെ രണ്ടു മൂലയിലേക്കും ഓരോ തവണ നടന്ന് പിന്നെ സ്റ്റേജിന്റെ ഒത്ത നടുവിലേക്ക് വന്ന് ( മൈക്ക് അവിടേയുള്ളൂ) ജോഷി ഗര്‍ജ്ജിച്ചു.

“ആരവിടെ

സുരേഷ് ഭവ്യനായി, വിധേയനായി നടു വളഞ്ഞു ജോഷിക്കരികില്‍ വന്ന് ജോഷി മാത്രം കേള്‍ക്കേ പറഞ്ഞു : “ അടിയന്‍”

“ഒന്ന് ഒറക്കെ പറയഡാ സുരേഷേ” സദസ്സില് നിന്ന് ഏതോ ഒരുത്തന്‍

കല്‍പ്പന കൊടുക്കാന്‍ തുടങ്ങിയ ജോഷിയുടെ ചുണ്ടില് പെട്ടെന്ന് ഒരു പൊട്ടിച്ചിരി വന്നതും അവനത് കടിച്ച് പിടിച്ച് വീണ്ടും ഗര്‍ജ്ജിച്ചു : “ മന്ത്രിയെ വിളിക്കൂ”

“ഉത്തരവ് പോലെ” സുരേഷ് വീണ്ടും മന്ത്രിച്ചു.

“സുരേഷേ, ഒറക്കെ പറയെഡാ ഞങ്ങളും കേള്‍ക്കട്ടേഡാ..”

ചുണ്ടില്‍ വന്ന ചിരി മറക്കാന്‍ ജോഷി രണ്ടു വട്ടം ഒന്നു ഉലാത്തി.

മന്ത്രിയായ ഞാന് സ്റ്റേജില് വന്നു വണങ്ങി.

‘ ഇത് നമ്മടെ നന്ദകുമാറല്ലേഡാ പൂയ്.. നന്ദകുമാറേ.” സദസ്സില് നിന്നും ഏതോ പരിചയക്കാരനാണ്

“ മഹാരാജന്‍ വിളിച്ചോ?” ഞാനെന്റെ ആദ്യ ഡയലോഗ് കീച്ചി ജോഷിയുടെ മുഖത്ത് നോക്കുമ്പോള്‍ സദസ്സിന്റെ കമന്റ് കേട്ട് ചിരിക്കാന്‍ പൊട്ടി നില്ക്കുകയാണ് അവന്റെ മത്തങ്ങാ മോറ്.

പിന്നീടുള്ള എന്റേയും ജോഷിയുടേയും കൌണ്ടറുകള്‍ ഒരു കുഴപ്പവുമില്ലാതെ മുന്നേറി. ഇടക്കെപ്പോഴോ ജോഷി ഭടനെ വിളിച്ചപ്പോള്‍ രാജേഷ് ഭയഭക്തി ബഹുമാനത്തോടെ വന്നു വണങ്ങി നിന്നു. സദസ്സില് നിന്ന് അപ്പോള് നിര്‍ത്താത്ത കൂവല്.

“ ഹോ! രാജാവിനേക്കാള് കേമനാണല്ലോടാ ഭടന്.. അത് ഏതണ്ടാ ചെരുപ്പ് രാജേഷേ?”

അപ്പോഴാണ് ഞാന്‍ രാജേഷിന്റെ കാലിലേക്ക് നോക്കിയത്. തേഞ്ഞു തീരാറായ രണ്ടു വള്ളിച്ചെരുപ്പ് അവന്റെ കാലില്‍. ‘ദൈവമേ സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് അവനിത് മാറ്റിയില്ലായിരുന്നൊ? ഇതായിരുന്നല്ലേ ‘ടക് ടക് ‘ബാഗ്രൌണ്ടായിരുന്നത് ’ നാടകത്തിനിടയിലും ഞാനവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ‘ ഞാന്‍ മറന്നെഡാ’ എന്ന മറുപടി അവന്റെ കണ്ണില്‍. പറ്റിയത് പറ്റി. തടിക്കൊന്നും വരുത്താതെ ഇതില്‍ നിന്നൊന്നൂരികിട്ടിയാല്‍ മതിയായിരുന്നു മുത്തപ്പാ..

കൂവലിലും ചിരിയിലുമായി നാടകം മുന്നോട്ടു പോയി. ഡയലോഗുകളുടെ തീപ്പൊരി പടര്‍ന്നും ഗതിവിഗതികളിലൂടെ കഥ വഴിമാറി വരികയാണ്. വഴിത്തിരിവായ സന്യാസി രംഗത്തു വരാന്‍ പോകുന്നു.

“ആ സന്യാസിയെ വിളിക്കൂ” എന്ന ആജ്ഞ കിട്ടിയതും ഭടന്‍ സന്യാസിയായ ഗിരീഷിനെ സ്റ്റേജില്‍ കൊണ്ടു വന്നു നിര്‍ത്തി. താടിയും ജഡയും കാവിമുണ്ടുമായി ഗിരീഷ് ഒന്നാന്തരമൊരു സന്യാസിയായിട്ടുണ്ട്. സദസ്സിന്റെ കൈയ്യടി.

രാജാവിന്റെ ഏതോ കല്‍പ്പന കേട്ടിട്ട് ഗിരീഷിന്റെ സന്യാസി രണ്ടും കയ്യും മുകളിലേക്കുയര്‍ത്തി ഒരു ഡയലോഗുണ്ട്. ജോഷിയുടെ കല്‍പ്പന കേട്ടതും “അരുത് രാജന്‍ അരുത്” എന്ന ഡയലോഡ് കീച്ചി ഗിരീഷ് തന്റെ രണ്ടു കൈയ്യും ഉയര്‍ത്തി. പെട്ടെന്ന് സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൂവല്‍. എന്താണെന്ന് ഒരു പിടിയുമില്ല. കര്‍ട്ടന്‍ വലിക്കുന്ന പാണ്ടന്‍ പ്രദീപ് ഒരു കൈ കൊണ്ട് വാ പൊത്തി ചിരിക്കുന്നു. ജഡ്ജ് ചെയ്യന്‍ ഇരുന്ന ടീച്ചര്‍മാര്‍ ചിരിയോട് ചിരി. എന്താപ്പോ ഇത്ര ചിരിക്കാന്‍ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഗിരീഷിന്റെ ഡയലോഗ് കേട്ട് അവനെ നോക്കിയ ജോഷി ചിരി കടിച്ചമര്‍ത്താന്‍ നോക്കി എന്നിട്ടും പറ്റാതായപ്പോ സ്റ്റേജിന്റെ ഒരു മൂലയിലേക്ക് നോക്കി. ഇതൊക്കെകണ്ടതും കയ്യുയര്‍ത്തി രാജാവിനെ തടയാന്‍ നിന്ന ഗിരീഷ് സന്യാസിയെ ഞാനും നോക്കി..” എന്റെ ഗുരുവായൂരപ്പാ‍ാ‍ാ‍ാ.... സര്‍വ്വ സംഗ പരിത്യാഗിയായ.......ലൌകീക സുഖം ത്വജിച്ച സന്യാസി വര്യന്റെ ഇടം കൈയ്യില്‍ അതാ വെള്ളി നിറത്തില്‍ വെട്ടിത്തിളങ്ങുന്നു ഉഗ്രനൊരു റിസ്റ്റ് വാച്ച്......”

ഞാന്‍ ഗിരീഷിനെ നോക്കിയതും ‘ ഞാനെന്തൂട്ട് ചെയ്യാനാ’ എന്ന മട്ടില്‍ അവന്‍ തിരിച്ചു നോക്കി. വേറെ വഴിയില്ലാത്തതു കൊണ്ട് ഞാന്‍ സദസ്സിന്റെ ഏതോ മൂലയിലേക്ക് നോക്കി. ജോഷിയുടെ അടുത്ത ഡയലോഗ് കേട്ടിട്ടും ഗിരീഷെന്തോ തപ്പിത്തടയുകയാണ്. അവന്റെ ഡയലോഗിന്റെ തുടക്കം വെച്ച് ഞാനൊരു ഡയലോഡ് എടുത്തിട്ടെങ്കിലും അവനു അതും മനസ്സിലായില്ല. അവന്‍ രണ്ട് സ്റ്റെപ്പ് പിറകിലേക്ക് നീങ്ങി. പുറകില്‍ നിന്നുള്ള പ്രോംപ്റ്റ് കിട്ടാന്‍ വേണ്ടിയാണ്. പുറകില്‍ നിന്ന് ഡയലോഗ് കേട്ടതും ഗിരീഷ് അത് ആവര്‍ത്തിച്ചു. പിന്നെ ഞാന്‍. പിന്നെ ജോഷി.

“ആരവിടെ?” ജോഷിയുടെ അലര്‍ച്ച. രാജേഷ് ഭടന്‍ വീണ്ടും അവതരിച്ചു. രാജേഷ് വന്നപ്പോള്‍ അതിഭയങ്കരമായ കൂവല്‍. ഞാന്‍ നോക്കിയപ്പോള്‍ അവന്‍ കാല്‍ ചെരുപ്പ് ശൂന്യം‍. ആദ്യത്തെ കൂവല്‍ കാരണം അകത്തു പോയ തക്കത്തില്‍ ചെരുപ്പൂരിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് കണ്ടാല്‍ സദസ്സ് വെറുതെയിരിക്കുമ്മോ?

ഒടുവില്‍ ഡയലോഗെല്ലാം ഒരുവിധം പറഞ്ഞൊപ്പിച്ച് കൂവലും കയ്യടിയും (എവ്ടേ) കിട്ടി ഞങ്ങള്‍ സ്വര്‍ഗ്ഗയാത്രക്ക് ഇരുകൈകളുമുയര്‍ത്തി ആകാശ ഗമനത്തിനു തയ്യാറായി. ആ പോസില്‍ കര്‍ട്ടന്‍ വീണു, നാടകം കഴിഞ്ഞതും മുഖത്തെ താടിയും മീശയും വലിച്ചെറിഞ്ഞ് ഗിരീഷ് ഓടിയതു കാരണം അവന്റെ കൊരവള്ളിക്കു പിടിക്കാനുള്ള ചാന്‍സ് എനിക്കു കിട്ടിയില്ല..


പിറ്റേ ദിവസം നാടക മത്സരത്തിന്റെ റിസള്‍ട്ട് മൈക്കിലൂടെ ഒഴുകിവന്നു : നാടകം ഒന്നാം സമ്മാനം.......... പത്താം ക്ലാസ്സിലെ ചേട്ടന്മാര്‍ അവതരിപ്പിച്ച ഒരു കിടിലന്‍ നാടകത്തിനു തന്നെ........ രണ്ടാം സമ്മാനം.... രണ്ടാം സമ്മാനം..... മനോജ് ആന്റ് പാര്‍ട്ടി അവതരിപ്പിച്ച ‘ഉത്സവം’ .....”

അതേ, അതുതന്നെ.!! ഞങ്ങള്‍ കളിക്കാതെ മറ്റു കൂട്ടുകാര്‍ക്ക് വെറുതെ കൊടുത്ത അതേ നാടകത്തിനു രണ്ടാം സ്ഥാനം...ഞങ്ങള്‍ക്ക് ഒന്നുമില്ല.. കിട്ടിയ കൂവല്‍ മാത്രം മിച്ചം.

“എടാ തെണ്ടീ.......” ഞാനും ബാബുവും കൂടി ജോഷിയുടെ നേരെ കയ്യോങ്ങി ഓടിയടുത്തു

“എന്തൂറ്റാ എന്റെടുത്ത്? ഞാനുന്തൂട്ടാ ചെയ്തേ? കാലില്‍ വള്ളിച്ചെരുപ്പിട്ട് വരാന്‍ ഞാമ്പറഞ്ഞാ?? സന്യാസീടെ കയ്യില്‍ വാച്ച് കെട്ടീത് ഞാനാ?” എന്നോട് പറയണ്ട, അവരോട് പോയി പറ” ജോഷി സുഖമായി കൈയ്യൂരി

ഞാനും ബാബുവും റിസഷന്‍ ടൈമില്‍ റിലീവിങ്ങ് ഓര്‍ഡര്‍ കിട്ടിയവരെപോലെ സ്ക്കൂള്‍ വരാന്തയുടെ പടിയില്‍ ഇരുന്നു. ‘ഇനി അടുത്ത വര്‍ഷം മാത്രം...”

.......................................................................................................................................

വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു, നാടകങ്ങള്‍ പിന്നേയും കളിച്ചു, സമ്മാനങ്ങളും കൈയ്യടിയും വാരിക്കൂട്ടി, പലരും പലനാടുകളിലായി. പലരുമായി ബന്ധങ്ങള്‍ പോലും അറ്റു. പലരേയും വല്ലപ്പോഴുമൊരിക്കല്‍ ആകസ്മികമായി കണ്ടെങ്കിലായി. സ്റ്റേജിലെ നാടകത്തില്‍ നിന്ന് ജീവിതത്തിന്റെ തിരുവരങ്ങില്‍ ഇപ്പോഴും ജീവിത നാടകങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നു.

പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം പിന്നീടെന്നോ രാജേഷിനെ കണ്ടു. മുബൈയിലായിരുന്നു അവന്‍. പിന്നീട് മുബൈയിലേക്ക് തന്നെ തിരിച്ചു പോയതായും അറിഞ്ഞു. അതിനപ്പുറം ഒരുപാടു വര്‍ഷങ്ങളായി അവനെ കുറീച്ച് ഒരു അറിവും കിട്ടിയില്ല.

സുരേഷ്, പിന്നീട് ഞങ്ങളുടെ നാടകങ്ങളില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്നു, പത്താം ക്ലാസ്സ് മുഴുവനാക്കാന്‍ അവന്‍ സാധിച്ചില്ല. പഠിപ്പില്‍ മോശമായിരുന്നു. പിന്നീട് ലോട്ടറി വില്‍പ്പനകാരനായി പിന്നേയും വേറെന്തോ ജോലികള്‍ ചെയ്തു. വിവാഹവും കഴിഞ്ഞു, കുട്ടികളായി. വര്‍ഷങ്ങളേറെയായിരിക്കുന്നു അവനെ കണ്ടിട്ട്.

ഗിരീഷ് പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ അസിസ്റ്റന്റായി. പ്രണയവും വരയുമായി അവന്‍ കുറേ നാള്‍ എന്നോടൊപ്പമുണ്ടായിരുന്നു. പിന്നെ ഉപജീവനത്തിന്റെ അലച്ചിലില്‍ ഞാനെന്ന കണ്ണി വിട്ടു. അപ്പോഴേക്കും ഒരു പ്രണയവും അതിനെതുടര്‍ന്നുള്ള വിവാഹവും കഴിഞ്ഞ് അവന്‍ ഗള്‍ഫിലേക്കെത്തിയിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി അവന്‍ സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങി. ഭാര്യയും കുട്ടിയും സ്റ്റുഡിയോയുമായി അവനിപ്പോഴും നാട്ടില്‍

ബാബുവും ഞാനും പിന്നേയും ക്ലബ്ബ്, നാടകം എന്നും പറഞ്ഞ് നടന്നു. പിന്നെ കോളേജും പഠനവുമായി ഞാന്‍ നീങ്ങിയപ്പോള്‍ അവന്‍ ഓട്ടോറിക്ഷ ഓടിക്കാ‍നും പിന്നെ ഗള്‍ഫിലേക്കും കടന്നും. തിരികെ വന്നു വീണ്ടും ഓട്ടോയെടുത്തു പിന്നേയും ഗള്‍ഫിലേക്ക് പോയി. കഴിഞ്ഞ ഡിസംബറില്‍ അവനും വിവാഹിതാനായി അവധി കഴിഞ്ഞ് മണലാരണ്യത്തിലേക്ക് തിരിച്ചു പോയി.

പ്രീഡിഗ്രി കഴിഞ്ഞ് ജോഷി വേറൊന്നും ചെയ്തില്ല.. ക്ലബ്ബും നാടകവുമായി കുറേക്കാലം അവനുമുണ്ടായിരുന്നു എന്റെ കൂടെ. അതിനിടയില്‍ കേരളോത്സവത്തില്‍ മിമിക്രിയും മോണോ ആക്റ്റും അവതരിപ്പിച്ച് അവന്‍ കലാതിലകമായി, ജില്ലാ തലത്തിലും ഒന്നാമനായി, പിന്നെ മിമിക്രി താരമായി കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നു മലയാളി ഉള്ളിടത്തൊക്കെ ചിരിയുടെ അമിട്ടുകള്‍ വാരി വിതറി ഒടുവിലവന്‍ കലാഭവന്‍ ജോഷിയായി. കാസറ്റുകളിലൂടെയും ചാനലി(സിനിമാല)ലൂടെയും അവന്‍ കേരളീയര്‍ക്ക് സുപരിചിതനായി, വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയുടെ പിതാവായി.

കാലം നമുക്കു മുന്നില്‍ എത്ര നാടകമാടുന്നു?!! അതോ നമ്മള്‍ കാലത്തിനൊപ്പം നാടകം കളിക്കുന്നോ??

.