Thursday, May 21, 2009

ബാംഗ്ലൂര്‍ ചരിതം ആദ്യ ഖണ്ഡം...അവസാനത്തേതും

.
“.....വ്യാഴ ദശ തുടങ്ങിയെങ്കിലും ആദ്യത്തെ ഒന്നേമുക്കാല്‍ കൊല്ലം ശനിയുടെ അപഹാരമുണ്ട്. അതങ്ങട് തീര്‍ന്നാല്‍ പിന്നെ വ്യാഴം ഉച്ഛസ്ഥായിയിലാ.. അടുത്ത 47 വയസ്സു വരെ ബെസ്റ്റ് ടൈം. സകല സൌഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗം. ഇപ്പോ അപഹാരം അവസാന ഘട്ടത്തിലായി. ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമാ.. നാലുമാസത്തിനുള്ളില്‍ നിന്റെ കല്യാണവും നടക്കും”

“അതെന്താടാ എന്റെ കല്യാണം നാലം നിലയുടെ മോളില് വെച്ചാണോ നടക്കുന്നത്....വെച്ചടി വെച്ചടി കയറാന്‍..”

ഒരുവര്‍ഷം മുന്‍പ്, ജാതകം നോക്കി എന്റെ ഭാവി പറയാനിരുന്ന എന്റെ ആത്മ സുഹൃത്തും പഴയ സഹ പ്രവര്‍ത്തകനുമായ പാലക്കാട്ടെ സുരേഷ് പണിക്കരോട് ഞാനന്ന് ചോദിച്ചു.


“അതേടാ, നാലാം നിലയല്ല അതിനപ്പുറം പലതും നീ കയറും..സൌഭാഗ്യങ്ങളൂടെ, സമ്പന്നതയുടെ, ഐശ്വര്യത്തിന്റെ ഈരേഴു പതിനാലു നിലയും നീ കയറും. ഇല്ലേ നോക്കിക്കോ..” സുരേഷ് ജാതകം മടക്കി.

*************************************************************************

മദ്ധ്യവേനലവധിയല്ലേ, റിസഷന്‍ കാരണം ജോലിയൊന്നുമില്ലാതിരിക്കല്ലേ, ഭാര്യയെ ബാംഗ്ലൂരിലേക്ക് കൂട്ടികൊണ്ടുവരാം, ഒരു രണ്ടാം ഹണിമൂണിന് ഇനിയും ബാല്യമുണ്ടല്ലോ എന്ന നല്ല മനസ്സുമായാണ് ഞാന്‍ വിവാഹം കഴിഞ്ഞ് ഏഴുമാസവും കഴിഞ്ഞ് ഇക്കഴിഞ്ഞ വിഷുവിന് ശേഷം ഭാര്യയുമൊത്ത് ബാംഗ്ലൂരിലേക്ക് വന്നിറങ്ങിയത്. ഇനി ഒന്നരമാസത്തോളമുണ്ട്. ബാംഗ്ലൂര്‍ ഒക്കെ ഒന്നു വിശദമായി കണ്ടുകളയാം. ഭാര്യക്കു സന്തോഷമാകും.

വന്നിറങ്ങിയ ദിവസം യാത്രാക്ഷീണമകറ്റി, ഭാര്യയുടെ കൈകൊണ്ട് വെച്ചുവിളമ്പിയ സദ്യയുണ്ട്, ഏമ്പക്കമൊന്ന് വിട്ട് ഞാന് പറഞ്ഞു : “ഇന്ന് ഡിന്നര്‍ പുറത്തു നിന്ന്. ഉച്ചതിരിഞ്ഞ് നമുക്കൊന്ന് കറങ്ങാനിറങ്ങാം. അള്‍സൂര്‍ തടാകം, കബ്ബന്‍ പാര്‍ക്ക്, പിന്നെ എം.ജി റോഡിലെ ഒരു മുന്തിയ റെസ്റ്റോറന്റില് നിന്ന് ഒരു ഡിന്നര്‍. തല്ക്കാലം ഇന്നു അതു മതി“

അന്തിച്ചോപ്പണിയാന്‍ സൂര്യേട്ടന്‍ ബാംഗ്ലൂരിന്റെ പടിഞ്ഞാറോട്ട് പോകാനൊരുങ്ങുന്ന സമയത്ത്, പോക്കുവെയില് കോലങ്ങളെഴുതിയ ബാംഗ്ലൂര്‍ നിരത്തിലൂടെ ഞാനുമെന്റെ ഭൈമിയേയും വഹിച്ചെന്റെ കൈനറ്റിക്ക് ഹോണ്ട വായുവിനെ ഭേദിച്ച് മുന്നോട്ടൊഴുകി. വണ്ടിയും തെണ്ടിയും ആളും ആപത്തും കുട്ടികളും പട്ടികളുമൊക്കെയായി നെല്ലിക്കാകൊട്ട മറിഞ്ഞു വീണതുപോലെ തിങ്ങിനിറഞ്ഞുരുളുന്ന ബാനസവാഡി റോഡിലൂടെ ഞാന്‍ അള്‍സൂര്‍ തടാകത്തെ ലക്ഷ്യം വെച്ച് ഇടംതിരിഞ്ഞ് വലം തിരിഞ്ഞ് വലത്തുചാടിച്ച് ഞെരിഞ്ഞമര്‍ന്ന് ഞാന്‍ കൈനിയെ വിട്ടു.

ഫ്രേസര്‍ ടൌണിലേക്ക് സമീപിക്കുന്ന അണ്ടര് ബ്രിഡ്ജിന്റെ ഗുഹയിലൂടെ ഒരു ബി. എം.ടി. സി ബസ്സിനെ ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ച് മെയിന്‍ റോഡിലേക്ക് കടന്നതും, കിരീടം വെച്ച ചില കാക്കിധാരികള് എന്റെ വണ്ടി കൈ കാണിച്ചു നിര്ത്തി സൈഡൊതുക്കിച്ചു.

“ ആരാ നന്ദേട്ടാ? ലിഫ്റ്റ് ചോദിച്ചതാണൊ? ആരാ?”

“ എന്റെ ഫ്രണ്ട്സാ, ഞങ്ങള്‍ ഭയങ്കര കൂട്ടാ.. നീ കണ്ടോ ഇനിയാ രസം” ഉള്ളില്‍ തികട്ടി വന്ന കൊടുങ്ങല്ലുര്‍ ഭരണിയുടെ ഈരടി ചവച്ചിറക്കി ഞാന്‍ പറഞ്ഞു.

പട്ടിക്കൂടുപോലെയുള്ള ട്രാഫിക്ക് കൂട്ടിലേക്ക് ഞാന് ചെന്നു..

“സാറെ, ഭാര്യയേയും കൂട്ടി ഒന്നു ഹോസ്പത്രി..ഹോ സ്..... ശു..... ഹോസ്പിറ്റല് വരെയൊന്നു പോണം” ഞാന്‍ വിക്കി വിക്കി വിക്കിപീഡിയയായി

“ഡി എല്‍ കാണിച്ചിട്ട് എവിടെ വേണേലും പൊക്കോ” ഏമാന്‍ കന്നടയിലാണ്

അസന്നിഗ്ദ്ധ ഘട്ടങ്ങളില്‍ നമുക്ക് ഏത് ഭാഷയും മനസ്സിലാവുമെന്ന് പണ്ടെ ഞാന്‍ പഠിച്ചതാണല്ലോ

ഞാന്‍ ചുമ്മാ പഴ്സ് തുറന്ന്, പോക്കറ്റ് തപ്പി, തപ്പി തപ്പി തപ്പിത്തന്നേയിരുന്നു.

“ഡി എല്‍ കാണിക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ “

ഞാന്‍ വണ്ടിയുടെ കാബിന്‍ തുറന്ന് വലിയൊരു കവര്‍ പുറത്തെടുത്ത് അതില്‍ നിന്ന് ഇന്‍ഷുറന്‍സ് പേപ്പര്‍ എടുത്തു കാണിച്ചു. കൂടെ പഴയ ഏതൊക്കെയോ കടലാസ്സുകളും. ഏമാന്മാര്‍ക്ക് തിരക്കാണേല്‍ ‍ഈ പേപ്പറൊക്കെ കാണുമ്പോള്‍ ഇവന്റെ കയ്യില്‍ സകല പേപ്പേഴ്ദും ഉണ്ട് എന്ന് തെറ്റിദ്ധരിക്കുമെന്ന് ധരിച്ച ഞാന്‍ തെറ്റുകാരനായി.

“ ഇന്‍ഷുറന്‍സ് അടവു തീര്‍ന്നിട്ട് കൊല്ലമൊന്നായല്ലോ...?“

“എപ്പ...?” ശ്ശെഡാ.. ഞാന് പോലുമറിയാത്ത കാര്യം സാറിതെപ്പോ അറിഞ്ഞു.

“ ഡി എല്‍ ഇല്ലത്തതിനു 400, ഇന്‍ഷുറന്‍സ് ഇല്ലാത്തതിനു 200, പൊലൂഷന്റെ 200. മൊത്തം 800 കെട്ടിയിട്ടു പോക്കോ”

‘കൊള്ളാം, ഒന്നു കെട്ടിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. അതിനിടയിലാ എണ്ണൂറ് കെട്ടാന്‍.‘ ഞാന്‍ ചൊറിഞ്ഞു ചൊറിഞ്ഞു ഇനി ചൊറിയാന്‍ തലയിലൊരിടമില്ല എന്ന നിലയിലായി

“ എന്താ നന്ദേട്ടാ പ്രശ്നാവോ? കേസാവോ? കൊഴപ്പണ്ടോ?” നട്ടുച്ചക്കു ശേഷം നഗരം കാണാനിറങ്ങി നടുറോഡില്‍ പോലീസ് പിടിച്ചതിന്റെ ഷോക്കില്‍ നിന്നും ഭാര്യ മുക്തയായിരുന്നില്ല.

“ ഏയ്.... എന്തു പ്രശ്നം? ചീള് കേസ്. നീയിതു പിടിച്ചേ” എന്ന് പറഞ്ഞ് നൂറു രൂപ ഒഴികെ ബാക്കി കാശെല്ലാം ഞാന്‍ ഭാര്യയുടെ പേഴ്സിലേക്ക് നിക്ഷേപിച്ചു വീണ്ടും സാറിനെ സമീപിച്ചു.

ഹുസൈന്‍ രണ്ടത്താണിയുടെ ലീഡ് പോലെ ഫൈന്‍ എണ്ണൂറില്‍ നിന്ന് അഞ്ഞൂറിലേക്കും അവിടെ നിന്ന് മുന്നൂറിലേക്കും പിന്നെ ഇരുന്നൂറിലേക്കും വന്നു. അവസാനം നൂറു രൂപ കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ വെച്ച് ഞാന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു.


സാന്ധ്യവെയില്‍ പടര്‍ന്ന അള്‍സൂര്‍ തടാകത്തിലെ കുഞ്ഞോളങ്ങളേയും അതിന്റെ തീരത്ത് ഒന്നായി നില്ക്കുന്ന മിഥുനങ്ങളേയും നോക്കി ഞാന്‍ ഭാര്യയോട് പറഞ്ഞു : “എന്ത് രസമാ ബാംഗ്ലൂര്‍ അല്ലേ?”

“അതേയതെ...പക്ഷെ ഇത്രക്കു രസം പ്രതീക്ഷിച്ചില്ല”


*******************************************


ലഗ്നത്തില്‍ വിഘ്നം സംഭവിക്കും എന്നു പറഞ്ഞപോലെ വ്യാഴത്തിന്റെ പ്രഭാവം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. രണ്ടാം ഹണിമൂണ്‍ അഘോഷിക്കാന്‍ കൊടുങ്ങല്ലൂരില്‍ നിന്നും കൂടും കുടുക്കയുമെടുത്ത് ബാംഗ്ലൂര്‍ മഹാനഗരത്തില്‍ കാല്‍ കുത്തിയ ദിവസം ഇങ്ങിനെ സംഭവിച്ചെങ്കില്‍ വെക്കേഷന്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് കാലിറങ്ങുന്ന ദിവസത്തില്‍ എങ്ങിനെ ആയിരിക്കുമെന്ന് ആലോചിച്ചോ?
വെച്ചടി വെച്ചടി പോക്കറ്റ് കാലിയായ ഒന്നരമാസത്തെ ഒരുപാട് ദിനങ്ങള്‍ക്കു ശേഷം കൊടുങ്ങല്ലൂര്‍ക്ക് തിരിക്കുന്ന സുദിനത്തിന്റെ തലേന്ന് അവസാന വട്ട കറക്കത്തിനിടയില്‍.....


************************************

വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാന്‍പരാഗ് എന്നു പറഞ്ഞപോലെ, വരുന്ന ഞായറാഴ്ച വിവാഹിതാനാകുന്ന ഒരു സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഒരു പുതിയ കുപ്പായം വാങ്ങണം എന്ന് ഞാന്‍ കരുതിയ അതേ സമയത്തു തന്നെ ഭാര്യക്കും ഷോപ്പിങ്ങ് നടത്തണം എന്നു പറഞ്ഞത് ഒരേ ദിവസത്തില്‍ ഒരേ സമയത്തായി. വേനല്‍ മഴ നഗരത്തെ വെള്ളത്തില്‍ മുക്കിയതും എന്നും ഉച്ചക്കുശേഷം നഗരത്തില്‍ മഴ പെയ്യുമെന്നറിഞ്ഞതുകൊണ്ടും ഷോപ്പിങ്ങ് അന്ന് സന്ധ്യക്കു മുന്‍പാകാമെന്നും സിറ്റിയിലേക്ക് ബസ്സിനു പോകാമെന്നും തീരുമാനിച്ച് , രാവിലെ കുളിച്ച് കുറിതൊട്ട് അടുത്ത ബസ്റ്റോപ്പിലേക്ക് എന്റെ കൈനിയില്‍ പോയി ബസ്റ്റോപ്പിനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് ശിവാജി നഗറിലേക്ക് ബസ്സിനു പോയി.

പതിനൊന്നു മണിയോടെ നഗരത്തിലെത്തി ശിവാജി നഗറും കൊമേഴ്സ്യല്‍ സ്ട്രീറ്റും അരിച്ചുപെറുക്കി, എം ജി റോഡിലെ ‘എമ്പയറി‘ല്‍ കയറി ഒരു എക്സിക്യൂട്ടിവ് ലഞ്ചും കഴിച്ച് അകൌണ്ടിലെ അവസാന പൈസയും വലിച്ചെടുത്ത്, മഴക്കാറ് മൂടി നിന്ന മേഘങ്ങളെ സാക്ഷിനിര്‍ത്തി തിരികെ ഫ്ലാറ്റിലേക്കുള്ള ബസ്സില് കയറി.

ഷോപ്പിങ്ങ് നടത്തിയതിന്റെയും പുറത്തു നിന്ന് ഗ്രേറ്റ് ലഞ്ച് കഴിച്ചതിന്റേയും ചാരിതാര്‍ത്ഥ്യത്തില്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ബൈക്ക് പാര്‍ക്ക് ചെയ്തിടത്തേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍
“ഈശ്വരാ, മജിഷ്യന്‍ മുതുകാടെങ്ങാനും ഈ വഴി വന്നിരുന്നുവൊ?” പാര്‍ക്ക് ചെയ്തിടത്ത് നിന്ന് എന്റെ ബെക്ക് വാനിഷിങ്ങ്. ശുന്യം.!! പഴയ ജയന്‍ സ്റ്റൈലില്‍ വലതു ചൂണ്ടുവിരലില്‍ ചാവി കറക്കി ഞാന്‍ തെല്ലിട നിന്നു. ഇനി എനിക്കു തോന്നിയതാകുമോ? ഞാന്‍ കണ്ണു തിരുമ്മി നോക്കി. ‘ഇല്ല, എന്റെ കൈനറ്റിക്ക് മാത്രം അവിടെയില്ല. ദൈവമേ അതെവിടെപോയി?”

“അയ്യോ നമ്മുടെ വണ്ടിയെവിടെ? നന്ദേട്ടാ, ഇനി അതാരെങ്കിലും അടിച്ചു മാറ്റിയതാകുമൊ?”

“പോടീ, ബാംഗ്ലൂരിലെ കള്ളന്മാരെ വിലകുറച്ച് കാണാതെ, പട്ടാ പകല്‍, പള്‍സറും അപ്പാച്ചെയുമൊക്കെ ഇരിക്കുമ്പോ ച്ഛേ, ച്ഛേ വെറുമൊരു കൈനറ്റിക്ക് ഹോണ്ടയെ അതും സെക്കനാന്റ്.......അല്ല....ഇനിയിപ്പോ അടിച്ചുമാറ്റിയതു തന്നെയാകുമൊ? “ ഞാന്‍ ഭാര്യക്കു നേരെ തിരിഞ്ഞു.

“അതു തന്നെയല്ലെ, ഞാനും അങ്ങോട്ട് ചോദിച്ചത് ” എന്ന് ഭാര്യ “ എന്നാലും നന്ദേട്ടന്റെ ബൈക്ക് മോഷ്ടിക്കാന്‍ മാത്രം ഗതി കെട്ടവനാരഡാ”

അതുകേട്ടില്ലെന്ന് നടിച്ച്, ഒന്നമര്‍ത്തിമൂളി ഞാന്‍ സംശയം മാറ്റാന്‍ തൊട്ടടുത്ത കടക്കാരനോട് കാര്യമന്വേഷിച്ചു. രാവിലെ പതിനൊന്നര ആയപ്പോള്‍ ട്രാഫിക് പോലീസ് വന്ന് ഇവിടെ പാര്‍ക് ചെയ്തിരുന്ന് വണ്ടികളെല്ലാം എടൂത്തുകൊണ്ടുപോയെന്നും തൊട്ടടുത്ത ബാ‍നസവാഡി പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ കിട്ടുമെന്നും അയ്യാള്‍ പറഞ്ഞു.

ഈശ്വരാ, നോ പാര്‍ക്കിങ്ങോ, കഴിഞ്ഞ് ഒരു കൊല്ലമായി ഞാന്‍ ഇവിടെത്തന്നെയാണല്ലോ പാര്‍ക്ക് ചെയ്യാറ്, ഞാന്‍ റോഡിലിറങ്ങി നോക്കി. ശരിതന്നെ പുതിയൊരു സിഗ്നല്‍ ബോര്‍ഡ്.

ഹൊ! ഇനിയിപ്പോ പോലീസ് സ്റ്റേഷന്‍ കയറണമല്ലോ ഭഗവാനേ, അതുവരെയുണ്ടായിരുന്ന സകല സന്തോഷമെല്ലാം ആവിയായിപ്പോയി. എന്തായാലും ഭാര്യയേയുംക്കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോകുക തന്നെ. ഒരു ഓട്ടോ വിളിച്ച് ഭാര്യയേയും കൂട്ടി അടുത്ത പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

ഭാര്യയെയും കൊണ്ടു പോകാന്‍ പല കാരണമുണ്ട്. അവള്‍ കൂടെയുണ്ടെങ്കില്‍ എന്റെ ടെന്‍ഷന്‍ കുറയും, മാത്രമല്ല ബാംഗ്ലൂരില്‍ വന്ന് പാര്‍ക്കും, ലേയ്ക്കും, ഷോപ്പിങ്ങും മാത്രമല്ല പോലീസ് സ്റ്റേഷനും കയറിയ ഒരു എക്സ്പീരിയന്‍സും കൂടെയിരിക്കട്ടെ, അതിനേക്കാളുപരി കന്നഡ പോലീസുകാരന്റെ കടിച്ചാല്പൊട്ടാത്ത കന്നഡത്തെറിയില്‍ നിന്ന് രക്ഷപ്പെടാനും ചുമ്മാ കിട്ടുമെങ്കില്‍ ഒരു സിമ്പതിയെങ്കിലും കിട്ടിക്കൊട്ടെ എന്നും കരുതിയിരുന്നു. കയ്യിലാണെങ്കില്‍ ഡ്രൈവിങ്ങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ് അടച്ചത്, പൊലൂഷന്‍ സര്‍ട്ടിഫികറ്റ് എന്നിവ പോയിട്ട്, ബൈക്ക് തിരികെ കിട്ടിയാല്‍ തിരിച്ചുവരുമ്പോള്‍ തലയില്‍ വെക്കാന്‍ ഹെല്‍മെറ്റ് പോലുമുണ്ടായിരുന്നില്ല. ചോദിക്കുന്ന കാശു കൊടുത്ത് എങ്ങിനെയെങ്കിലും തലയൂരിപോരണം എന്നൊരു ചിന്ത മാത്രമേ അപ്പോഴുണ്ടായിരുന്നുള്ളു.

അരയില്‍ വെള്ളിയരഞ്ഞാണം ധരിച്ച പോലെ, കാലങ്ങളായി പിടിച്ചുവെച്ചിട്ടൂള്ള ഇരുചക്രവും മുചക്രവും നാലുചക്രവുമായി വാഹനങ്ങളെക്കൊണ്ട് നാലു വശവും അലങ്കരിക്കപ്പെട്ട ബാനസവാടി പോലീസ് സ്റ്റേഷന്‍. നാലുവശവും കറങ്ങി അക്കൂട്ടത്തിലെ എന്റെ കൈനിയുണ്ടോന്നു നോക്കി. ഇല്ല, എന്റെ കൈനി മാത്രം അതിലില്ല. അതു പൊളിച്ചടക്കി പാട്ടപെറുക്കികള്‍ക്കു വിറ്റോ ദൈവമേ?

ട്രാഫിക് പോലീസ് സ്റ്റേഷന്റെ അകത്തേക്ക് കടക്കുമ്പോള്‍ ഏ ഏസ് ഐ ഉച്ചഭഷണമായി ബിരിയാണി കഴിക്കുന്നു ഒപ്പം ഒരു ചെറുക്കനൊട് കന്നഡയില്‍ ദ്വേഷ്യത്തില്‍ സംസാരിക്കുന്നുമുണ്ട്. ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി വാഹനങ്ങള്‍ പിടിച്ചെടുത്ത ഔട്ട് സോസ്ഴ് പാര്‍ട്ടിയുടെ അടുത്തുപോയി കാര്യം പറഞ്ഞു. അവനാണെങ്കില്‍ കന്നഡയല്ലാതെ വേറൊരു ഭാഷയും അറിയില്ല. മര്യാദക്കുള്ള കന്നഡയാണെങ്കില്‍ കുഴപ്പമില്ല. ഇതൊരു മാതിരി കാട്ടു കന്നഡ. എന്തായാലും അവന്‍ പറഞ്ഞ പ്രകാരം, എന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത ഏരിയയില്‍ നിന്ന് അവര്‍ വണ്ടികള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അഥവാ എടുത്തിട്ടുണ്ടെങ്കില്‍ അത് കുറേയകലേയുള്ള കെ ആര്‍ പുരം സ്റ്റേഷനില്‍ ആകുമെന്നുമാണ് എനിക്കു മനസ്സിലായത്. സംശയം തീര്‍ക്കാന്‍ ഞാന്‍ മറ്റൊരു പോലീസുകാരനെ കണ്ടു കാര്യം പറഞ്ഞു. അയാളും പറഞ്ഞതും ഇതേ വിവരം തന്നെ. രാമൂര്‍ത്തി നഗറിലുള്ള കെ ആര്‍ പുരം പോലീസ് സ്റ്റേഷനില്‍ ചെന്ന് അന്വേഷിക്കുക തന്നെ.

ഭാര്യയേയും കൂട്ടി അടുത്ത ഓട്ടോ വിളിച്ച് രാമൂര്‍ത്തി നഗറിലെ കെ ആര്‍ പുരം പോലീസ് സ്റ്റേഷനിലേക്ക് വിട്ടു. എന്താണാവോ ഇന്ന് ഓട്ടോക്കാരെല്ലാം മീറ്റര്‍ ചാര്‍ജ്ജേ ചോദിക്കുന്നുള്ളൂ. ചെലപ്പോ പോലീസ് സ്റ്റേഷനിലേക്ക് എന്നു പറഞ്ഞതു കൊണ്ടാകണം.

ഓട്ടോയില്‍ നിന്നിറങ്ങി കെ ആര്‍ പുരം പോലീസ് സ്റ്റേഷനിലേക്ക് കരുതലോടെ, പതുക്കെ ഞാനെന്റെ മഹത്തായ പാദങ്ങള്‍ എടുത്തുവെച്ചു. ഹോ! എന്റെ പാദ സ്പര്‍ശനം ചരിത്രത്തിന്റെ ചുവരില്‍ തങ്കലിപികളില്‍ എഴുതപ്പെടാന്‍ പോകുന്ന രണ്ടാമത്തെ പോലീസ് സ്റ്റേഷന്‍. അവിടെചെന്ന് ഒരു കോണ്‍സ്റ്റബിളിനോട് കാര്യം പറഞ്ഞപ്പോള്‍ “ ഹയ്യോ അത് ഇവിടെയല്ല കെ ആര്‍ പുരത്തെ ‘ട്രാഫിക്ക് പോലീസ് സ്റ്റേഷനിലാ‘, അവിടെചെന്നന്വേഷിക്കൂ. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയാ” എന്ന്.

ഭഗവാനെ!! ദാ, മൂന്നാമത്തെ പോലീസ് സ്റ്റേഷന്‍!. ദൈവമേ ഇതുപോലൊരു ഗതി എന്റെ ശത്രുക്കള്‍ക്കു പോലും വരുത്തരുതേ. ഒരു പോലീസ് സ്റ്റേഷനില്‍ കയറുക എന്നത് ഏത് നിര്‍ഭാഗ്യവാന്റേയും ജീവിതത്തില്‍ ചിലപ്പോല്‍ സംഭവിച്ചേക്കാം. പക്ഷേ, ഒരു മണിക്കൂറിനുള്ളില്‍ മൂന്നു പോലീസ് സ്റ്റേഷന്‍ കയറുക, അതും മറുനാട്ടില്‍ അതും ഭാര്യാസമേതം, തീര്‍ച്ചയായും ഈയുള്ളവനു തന്നെയാകും സംഭവിച്ചിരിക്കുക. ഇത്രയും നല്ലൊരു വര എന്റെ തലയില്‍ വരച്ച ദൈവമേ!! നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്. എന്ന് മുറുമുറുത്ത് ഭാര്യയേയും കൂട്ടി മൂന്നാമത്തെ ഓട്ടോ വിളിച്ച് , മൂന്നാമത്തെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.

കെ ആര്‍ പുരം ട്രാഫിക് പോലീസ് സ്റ്റേഷന്റെ കോമ്പൌണ്ടിലെക്ക് കടന്നതും ഞാന്‍ കണ്ടു, പിടിച്ചെടുത്ത് ചങ്ങലക്കിട്ടു വെച്ച ബൈക്കുകള്‍ക്കിടയില്‍...അതാ അതാ... എന്റെ കൈനറ്റിക്ക് ഹോണ്ട. പാവം ഒത്തിരി വെയിലു കൊണ്ട് വാടിപോയി. ഞാന്‍ സ്റ്റേഷനകത്തു കടന്നു അവിടെ കണ്ട ഒരു പോലീസുകാരനോട് കാര്യം പറഞ്ഞു

“സാറു ബര്‍ത്തിരി, ഹാഫ് അവര്‍ വെയ്റ്റ് മാഡിത്തിരി, അല്ലി കുത്ത്കൊള്ളി” സാര്‍ കന്നഡയില്‍ മുരണ്ടു.

“ എന്താ നന്ദേട്ടാ കൊള്ളികിഴങ്ങു കൂട്ടി ബിരിയാണി കഴിക്കാമെന്നോ, നമ്മളിപ്പോള്‍ ഊണുകഴിച്ചേയുള്ളു എന്ന് പറ” ഭാര്യ വിനീതയായി

“ ബിരിയാണിയല്ല, എന്റെ പിരിയാണി ഇളകി നില്‍ക്കാ, എടീ അര മണിക്കൂര്‍ വെയ്റ്റ് ചെയ്യാന്‍, സാര്‍ വരുന്നതേയുള്ളൂ എന്ന്”

“ ഓഹ്!! നന്ദേട്ടന് കന്നഡയൊക്കെ നന്നായിട്ടറിയാലേ”

“ ഇമ്മാതിരി നേരത്ത് കന്നഡയല്ലെഡീ, ഹീബ്രുവും പാലിയും വരെ പഠിച്ചുപോകും” ഞാനെന്റെ കൈനിയെ നോക്കി നെടുവീര്‍പ്പിട്ടു,

പത്തു മിനുട്ടായപ്പോഴേക്കും ഏ എസ് ഐ വന്നു, കാര്യം പറഞ്ഞു. ലൈസന്‍സ്, മറ്റു പേപ്പറുകള്‍ അവയ്ക്കെല്ലാം ചേര്‍ത്ത് ഒരു ആയിരം രൂപ ഫൈന്‍ ചോദിക്കുമെന്നും പകരം കാശില്ലായെന്ന് കരഞ്ഞ് പറഞ്ഞ്, ഭാര്യയെകൊണ്ടും കരയിപ്പിച്ച് അഞ്ഞൂറോ എഴുന്നൂറോ രൂപക്ക് കാര്യം സാധിച്ച് അവിടെ നിന്ന് തടിയൂരണമെന്ന് മനസ്സില്‍ കരുതിയിരുന്ന എന്നെ ഞെട്ടിച്ചുകൊണ്ട് സാര്‍ പറഞ്ഞു : ‘മുന്നൂറ് രൂപാ കൊടി” (മുന്നൂറ് കൊടുക്കാന്‍!)

‘ഏ!! മുന്നൂറ് ഉര്‍പ്പ്യേ? ഇത്രേള്ളൂ? വേറൊരു ഫോര്‍മാലിറ്റീസും? ഉം? ’ ദൈവമേ നാടു നന്നായിത്തുടങ്ങിയൊ? എന്തൊരു തങ്കമാന മനിതന്‍! വേറെ ഒന്നും ചോദിക്കുന്നില്ല!!

പഴ്സില്‍ നിന്ന് മുന്നൂറ് രൂപ കൊടുത്ത്, മറുത്തൊന്നും പറയാതെ എഴുതിവെച്ച റെസീപ്റ്റില്‍ ഒപ്പിട്ട് ഭവ്യനായി നിന്നു. ഔട്ട് സോഴ്സ് പാര്‍ട്ടികള്‍ എന്റെ കൈനിയെ ചങ്ങലയില്‍ നിന്നും വിമുക്തനാക്കി എന്റെ മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി.

പുലിപോലെ വന്നത് എലിപോലെ ആയ ആശ്വാസത്തിലായിരുന്നു ഞാന്‍. ഏ, എസ്. യോടു നന്ദി പറഞ്ഞ് ഭാര്യയെ പുറകിലിരുത്തി ചുട്ടുപൊള്ളുന്ന വെയിലില്‍ കെ ആര്‍ പുരം റോഡിലൂടെ ഞാനെന്റെ വീട് ലക്ഷ്യമാക്കി കൈനിയെ വിട്ടു.

കെ ആര്‍ പുരം തൂക്കു പാലത്തിനു മീതെ വന്നപ്പോള്‍ അകലെ പടിഞ്ഞാറ് ചുകന്നു പഴുത്ത സൂര്യനെ നോക്കി ഞാന്‍ ഭാര്യയോട് പറഞ്ഞു:

“നോക്ക്യേ.. എന്തു ചോപ്പാ..എന്തു ഭംഗിയാ അല്ലേ?”

“ അതേയതേ, പക്ഷേ ഇതിനേക്കാള്‍ ചോപ്പുണ്ടായിരുന്നു കുറെമുന്‍പ് വരെ നന്ദേട്ടന്റെ മൊഖത്ത്”

“ ഹഹഹ” എനിക്കതു നന്നേ രസിച്ചു “ എന്തായാലും ഇതൊരു നല്ല എക്സിപീരിയന്‍സായില്ലേടീ, ബാംഗ്ലൂരില്‍ വന്നിട്ട് ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷന്‍ കയറുക എന്നു പറഞ്ഞാല്‍, അതും ഒന്നല്ല മൂന്ന് പോലീസ് സ്റ്റേഷന്‍.സത്യം പറഞ്ഞാല്‍ വേറേതാണ്ട് വലുത് സംഭവിക്കാനിരുന്നതാ, ഇതോണ്ടു അവസാനിച്ചൂന്ന് കരുതിയാ മതി”

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”
അന്തിചുവപ്പു പടര്‍ന്ന, ബാഗ്ലൂര്‍ വെക്കേഷനിലെ അവസാന സന്ധ്യയില്‍ റിങ്ങ് റോഡിലെ തിരക്കിനിടയിലൂടെ എന്റെ ഫ്ലാറ്റിലേക്കുള്ള ക്രോസ് റോഡിലേക്ക് വണ്ടിയോടിച്ചു പോകുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു :

നാളെ നാട്ടില്‍ ചെന്നിറങ്ങിയിട്ട് പാലക്കാട്ടേക്ക് ഒന്നു പോകണം. ആ സുരേഷ് പണിക്കരെ ഒന്നു കാണണം. കൈനീട്ടി അവന്റെ കവിളത്ത് വെച്ചടി വെച്ചടി കൊടുക്കണം. ഹല്ല പിന്നേ!
.

46 comments:

നന്ദകുമാര്‍ May 21, 2009 at 1:53 PM  

ലഗ്നത്തില്‍ വിഘ്നം സംഭവിക്കും എന്നു പറഞ്ഞപോലെ വ്യാഴത്തിന്റെ പ്രഭാവം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. രണ്ടാം ഹണിമൂണ്‍ അഘോഷിക്കാന്‍ കൊടുങ്ങല്ലൂരില്‍ നിന്നും കൂടും കുടുക്കയുമെടുത്ത് ബാംഗ്ലൂര്‍ മഹാനഗരത്തില്‍ കാല്‍ കുത്തിയ ദിവസം ഇങ്ങിനെ സംഭവിച്ചെങ്കില്‍ വെക്കേഷന്‍ കഴിഞ്ഞ് ബാംഗ്ലൂരില്‍ നിന്ന് കാലിറങ്ങുന്ന ദിവസത്തില്‍ എങ്ങിനെ ആയിരിക്കുമെന്ന് ആലോചിച്ചോ?
വെച്ചടി വെച്ചടി പോക്കറ്റ് കാലിയായ ഒന്നരമാസത്തെ ഒരുപാട് ദിനങ്ങള്‍ക്കു ശേഷം കൊടുങ്ങല്ലൂര്‍ക്ക് തിരിക്കുന്ന സുദിനത്തിന്റെ തലേന്ന് അവസാന വട്ട കറക്കത്തിനിടയില്‍.....

ശ്രീലാല്‍ May 21, 2009 at 2:07 PM  

ഈ ബ്ലോഗ് നട എനിക്കുള്ളതാണ്.. ഗർ..ർ...
പോസ്റ്റ് വായിക്കാനൊന്നും നിന്നാൽ ശരിയാവില്ല..
അൾസൂരമ്പലത്തിൽ പൂജിച്ച തേങ്ങ കണ്ണും പൂട്ടി ഈ നടയിലടിച്ച് ഞാനീ പോസ്റ്റ് ഉൽഘാടിക്കുന്നു.
ശ്..ശ്...ശ്...((( ഠോ))))

ശ്രീ May 21, 2009 at 2:38 PM  

ഹ ഹ. ബെസ്റ്റ് !

അങ്ങനെ ഒന്നര മാസം സംഭവ ബഹുലമായി തന്നെ ആസ്വദിച്ച് ആഘോഷിച്ചു അല്ലേ?

G.manu May 21, 2009 at 2:52 PM  

ഹഹ അടിപൊളി സെക്കന്റ് ഹണീമൂണ്‍....പ്രയോഗങ്ങള്‍ സൂപ്പര്‍ മച്ചാ..

---അള്‍സൂര്‍ തടാകം, കബ്ബന്‍ പാര്‍ക്ക്, പിന്നെ എം.ജി റോഡിലെ ഒരു മുന്തിയ റെസ്റ്റോറന്റില് നിന്ന് ഒരു ഡിന്നര്‍---

ഞാന്‍ ഒരുമാസം കൂടെ നിന്നിട്ടും , കറുത്ത പോളിത്തീന്‍ കവറില്‍ നരകതീര്‍ഥം കൊടുക്കുന്ന ടൂറിസ്റ്റ് പ്ലേസില്‍ അല്ലാതെ മുകളില്‍ പറഞ്ഞ ഒരു കോപ്പിലും താന്‍ കൊണ്ടുപോയില്ലല്ലോടോ ക്രൂരാ.....

‘ലഗ്നത്തില്‍ വിഘ്നം’ കണ്ടപ്പോള്‍ പണ്ട് ജോലിപോയി പുതിയതിനു ഇന്റര്‍വ്യൂ‍വിനു പോയി ഫെയില്‍ ആയി തിരികെ വരുന്ന വഴി ഓട്ടോ ഇടിച്ച് ആശുപത്രിയില്‍ ആയ സുഹൃത്ത്, കെട്ടിത്തൂങ്ങി കിടന്നു പറഞ്ഞ ഡയലോഗ് ഓര്‍ത്തുപോയി

“ജാതകവശാല്‍ എനിക്കിപ്പോ ശുക്രനാണ്.. അപ്പോ (വിത്ത് ഞരക്കം) ശനി വരുമ്പോഴുള്ള അവസ്ഥ എന്താവും മച്ചാ...”)

പോസ്റ്റ് കസറി....

പൈങ്ങോടന്‍ May 21, 2009 at 3:07 PM  

എന്തോ മുന്‍പത്തെ പോസ്റ്റുംകളുടെ അത്ര എയിമായി തോന്നിയില്ല. മുന്‍പത്തെ പോസ്റ്റുകളില്‍ ഉണ്ടായിരുന്ന ആ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും കണ്ടില്ല ഈ പോസ്റ്റില്‍.

പോലീസുകാര്‍ ബെസ്റ്റ് തമിഴ്നാട്ടിലേതു തന്നെ. കാരണം അവര്‍ക്കു വെറും പത്തുരൂപ കൊടുത്താല്‍ മതി. ഞാന്‍ കഴിഞ്ഞ മാസം രാമേശ്വരത്ത് പോയപ്പോള്‍ രണ്ടു തവണ പോലീസ് ചെക്കിങ്ങില്‍പ്പെട്ടു. വെറും പത്തുരൂപ കൊണ്ട് കാര്യം നടത്തി.

കുഞ്ഞന്‍ May 21, 2009 at 3:13 PM  

ഹഹ..ചിരിച്ചു ചിരിച്ചു അവശതായി...

അപ്പൊ ജാതകത്തിലൊക്കെ വിശ്വസിക്കാമല്ലെ. എന്തായാലും ആ പാലക്കാടന് അടി കൊടുക്കേണ്ടാ പാവം..!

പിന്നെ മനുജീയുടെ കമന്റ് വായിച്ചപ്പോള്‍, നന്ദന് ഇതല്ല ഇതിനപ്പുറം വരണം. ഹല്ലപിന്നെ കൂട്ടുകാര്‍ വന്നാല്‍ ടി പ്രദേശങ്ങളൊക്കെ കാണിക്കാതെ ദെ ഇതാണ് ബാംഗ്ലൂര്‍ എന്നുപറഞ്ഞ് പറ്റിക്കുന്നതിനാല്‍ ഇത്രയെ സംഭവിച്ചൊള്ളൂന്ന് വിചാരിച്ച് സമാധാനീക്ക് കുട്ടാ.. ഈ സംഗതി മറ്റു ബാഗ്ലൂര്‍ ബ്ലോഗേഴ്സിന് ഒരു പാഠമാകട്ടെ..കൂട്ടുകാര്‍ കഴിഞ്ഞിട്ടു മതി മറ്റെന്തും..!

brahmadarsan May 21, 2009 at 3:15 PM  

നന്ദാ,
ജീവിത ഗന്ധമുള്ള ഈ എഴുത്തുകള്‍
ഇത്ര സരസമായി..........
ബാംഗ്ലൂര്‍ ചരിതം ആദ്യ ഖണ്ഡം...
അവസനത്തേതല്ല!
തുടരണേ..............

കാട്ടിപ്പരുത്തി May 21, 2009 at 3:22 PM  

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”


അപ്പൊ വിവരമുണ്ട്

അരവിന്ദ് :: aravind May 21, 2009 at 3:41 PM  

ഹഹഹ..
കലക്കീണ്ട് നന്ദന്‍.

നല്ലോം രസിച്ചു, ചിരിച്ചു.

നൊമാദ് | A N E E S H May 21, 2009 at 3:42 PM  

നന്ദാ ഇത്തവണ കലക്കി എഴുത്ത്. ബ്ളാക്ക് കോമഡിയില്‍ പെടുത്താം ഇത്. ആ ശകടത്തിനു പിന്നിലിരുന്ന് പോയ വഴികളൊക്കെ ആയത് കൊണ്ട് ശരിക്കും ഫീല്‍ ചെയ്തു.

4myspecial May 21, 2009 at 3:52 PM  

നന്ദേട്ടാ
പോസ്റ്റ് വായിച്ചു, ചിത്രങ്ങളുടെ കുറവുണ്ട‍് കേട്ടാ.....
ഒരു മൂഡില്ല, പിന്നെ കമന്‍റാം, ഡീറ്റയില്‍ഡായിട്ട് പിന്നെ എഴുതാം....

നിരക്ഷരന്‍ May 21, 2009 at 4:25 PM  

പോസ്റ്റ് വായിക്കാന്‍ പിന്നെ വരാം. അതിനുമുന്‍പ് ഒന്ന് ചോദിക്കട്ടെ.

പുതിയ ബാനര്‍ ഡിസൈന്‍ ചെയ്തത് മരമാക്രിയോ മറ്റോ ആണോ ? :)അദ്ദേഹത്തിന്റ് ബാനറും ഏതാണ് ഇതുപോലാ.

ഞാന്‍ ഓടീ... :)

ഷിജു | the-friend May 21, 2009 at 4:41 PM  

നന്ദേട്ടാ ബാഗ്ലൂരിലെ പോലീസുകാരേക്കാളും കഷ്ടമാ നമ്മൂറ്റെ കേരളാ പോലീസ്, സൂക്ഷിച്ചോ നാട്ടില്‍ വന്ന് ടൂവീലറില്‍ കറങ്ങണ്ട :)

നന്ദകുമാര്‍ May 21, 2009 at 4:41 PM  

നിരക്ഷരാ‍ാ‍ാ‍ാ‍ാ‍ാ‍ാ
:)

ഇനി മരമാക്രീം ഞാനാണെന്ന് പറഞ്ഞ് വന്നൊ!
എന്റെ ബ്ലോഗ് ഹെഡ്ഡര്‍ അങ്ങിനല്ലാ‍ാ‍ാ‍ാ‍ാ :):)

കല്യാണിക്കുട്ടി May 21, 2009 at 4:57 PM  

hahaha..........kalakki..................suresh panikkare thalliyo ennittu?????????

..:: അച്ചായന്‍ ::.. May 21, 2009 at 5:00 PM  

ചേച്ചിക്ക് വിവരം ഉണ്ട് എന്ന് എന്തായാലും ഉറപ്പിച്ചു ... :D പടങ്ങള്‍ ഇല്ലാത്ത കൊണ്ട് ഒരു കുറവ് ഉണ്ട് പിന്നെ എ കൈനി ഒകെ മാറ്റി ഒരു BMW ഒകെ വാങ്ങു എന്റെ നന്ദേട്ടോ ... :Dമനുജി വന്നരുന്നു അല്ലെ അനങേര്‍ക്ക് അങ്ങനെ തന്നെ വേണം :D

ആർപീയാർ | RPR May 21, 2009 at 5:05 PM  

നന്നായീട്ടോ...

നന്ദകുമാര്‍ May 21, 2009 at 5:31 PM  

@ പൈങ്ങോടന്‍

തമിഴന്മാര്‍ അല്ലെങ്കിലും അവരുടെ ആളുകളോട് പത്തു രൂപയില്‍ കൂടുതല്‍ വാങ്ങാറില്ല. :)

ആഫ്രിക്കന്‍ ട്രാഫിക് പോലീസ് വരെ നിന്റെ കയ്യില്‍ നിന്ന് അവിടുത്തെ വെറും പത്തുരൂപ മാത്രമേ വാങ്ങാറുള്ളു എന്ന് നീ തന്നെയല്ലെ എന്നോട് പറഞ്ഞത് :)

ആഹ് നീ ഭാഗ്യവാന്‍!! :P

പ്രിയ ഉണ്ണികൃഷ്ണന്‍ May 21, 2009 at 6:30 PM  

ഭാര്യ വിചാരിച്ചപോലല്ല. ബുദ്ധിയുള്ള കൂട്ടത്തിലാ

നല്ല രസായി വായിച്ചു. മനൂജീടെ കമന്റ് ഉഗ്രനായി :)

ശ്രീലാല്‍ May 21, 2009 at 7:17 PM  

രസികൻ വൺ‌ നന്ദകു.:) ഇഷ്ടപ്പെട്ടു...

ഒന്തിൽ (ഓന്തിൽ അല്ല) പിഴച്ചാൽ മൂറിൽ എന്ന കന്നേഡിയൻ പഴഞ്ചൊല്ല് കേട്ടിട്ടില്ലേ ? അതാണ് സംഭവം. ബിട്ട്ബിഡ് മച്ചൂ. :)

ഇവിടുത്തെ കഥ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്..

കഴിഞ്ഞ ദിവസം എന്നെ ചുമ്മാ - ചുമ്മാന്ന് പറഞ്ഞാ, ഏതോ വി വീ ഐ പിക്ക് പോകാൻ വേണ്ടി മറ്റു വാഹനങ്ങളെല്ലാം സൈഡാക്കി വെച്ചിരിക്കുന്ന എയർപോർട്ട് റോഡിൽ , നല്ല ഒഴിഞ്ഞ റോഡ് കണ്ടപ്പോൾ പോലീസിനെ ശ്രദ്ധിക്കാതെ ഞാന്‍ “നമ്മൂര് മൈസൂര്... നിമ്മൂര് ബാംഗ്ലൂര്.. ലതികേ..ഹേ..ലതികേ...” എന്ന എന്റെ ഫേവറൈറ്റ് കന്നട പാട്ടും പാടി പുൾസറിൽ ഇങ്ങനെ ഗമിച്ചോണ്ടിരുന്നപ്പോള്‍ നടുറോഡിൽ കേറിപ്പിടിച്ചു ഒരു പൌലോസ്..

“വണ്ടി സൈഡാക്കീ..“ എന്ന് പൌ.‍. (സൈഡാക്കീന്ന് കേട്ടിട്ട് കോഴിക്കോടന്‍ ഭാഷയാണെന്ന് ആരും തിങ്കിപ്പോകരുത്.. ഇദു നമ്മ ഗന്നഡ ലാംഗ്വേജൂ...കൊടീ, പിടീ,തിന്നീ,.. സിമ്പിള്‍ )

വണ്ടി സൈഡില്‍ നിര്‍ത്തിയതും “വണ്ടി ലൈനില്‍ നിര്‍ത്തിയിരിക്കുന്നത് കണ്ടൂടെ ചക്കര വാവേ...?” എന്ന് അലറി ആ ധന്യാത്മാവ് എന്റെ ബൈക്ക് ഓഫാക്കി, കീയും എടുത്ത് പോക്കറ്റിലിട്ട് ഒറ്റപ്പോക്ക്. ഞാൻ എന്റെ കന്നട പാണ്ഡിത്യം വാരി വിതറി പുറകേ ഓടി..

“സാര്‍ .. സാർ .. നാനു (നാണു അല്ല, മല്ലൂസ്.. നാനു ..ഞാന്‍..ഞാന്‍. ) ഇല്ലി ഹൊസബ..(ഫുതിയ ആള്‍) ബിട്ട് ബിഡീ.. സാർ...“ (ബിട്ട് ബിഡീ കാജാ ബീഡി പോലെ ഒരു ബീഡി ആണെന്ന് കരുതണ്ട. ബിട്ട് ബിഡീന്ന് വച്ചാ “ബ്ട്. ബ്ട്...ന്ന്..“ )
കെ എല്‍ രെജിസ്റ്റ്രേഷന്‍ കണ്ട് യെശ്മാ തിരിഞ്ഞൊരു ചോദ്യം. “ടാക്സ് അടച്ചോ ഇവിടെ ?“

“ഇല്ല യെശ്മാ, അതടക്കണോ ? നാവു ഇന്നലെ കേരളാ ബന്തിതേ.. ” ( ഞാന്‍ ബാംഗ്ലൂരു വന്നിട്ട് അഞ്ച് വര്‍ഷമായീന്ന് )
ടെന്‍ഷന്‍ ലഘൂകരിക്കാന്‍ വേണ്ടിയും ഞാന്‍ കൂള്‍ ആണെന്ന് ധരിപ്പിക്കാന്‍ വേണ്ടിയും ഞാന്‍ ഒരു കുട്ടിയെപ്പോലെ
“ദെന്താ സാര്‍ ഇങ്ങനെ വണ്ടിയെല്ലാം വരി വരിയായി നിര്‍ത്തിയിട്ടിരിക്കുന്നേ ? ആരാ സാര്‍ പോണത്..?” എന്ന് വളരെ കൌതുകത്തോടെ ഒരു വള്ളുവനാടന്‍ കന്നഡയില്‍ ഒരു ചോദ്യമൊക്കെ ചോദിച്ചു. തറപ്പിച്ചൊരു നോട്ടമായിരുന്നു ഉത്തരം.

തുടര്‍ന്ന് കന്നഡീകരിച്ച മലയാളം നിറഞ്ഞ ഇംഗ്ലീഷില്‍ ഞങ്ങള്‍ തമ്മില്‍ ഇങ്ങനെയെല്ലാം സംവദിക്കപ്പെട്ടു.

“മുന്നില്‍ ഇന്‍സ്‌പേട്ടര്‍ ഉണ്ട്. പോയി തൌസന്‍ഡ് റുപ്പീസ് കൊട് “
“ദുട്ടില്ല സാര്‍.. ഞാനിത് ഫസ്റ്റ് ടൈം, ഇപ്രാവശ്യത്തേക്ക് വിടൂ പ്ലീസ്..”
“ന്നാ.. ഒരു 500 എട് നിക്ക്”
“ഇല്യമ്പ്രാ.. ദുട്ടില്ല.. സത്യായിട്ടും.. ഇനി ഈ റോഡിലേ ഞാന്‍ വരൂല..പ്ലീസ്”
“ഹും.. എന്നാ ഒരു 300 കൊട്”
“മ്മ്യാണെ ഇല്ല.. “ - (പണ്ടാരം എന്റെ ക്രെഡിറ്റ് കാര്‍ഡോ മറ്റോ ചോദിച്ചു കളയുമോന്നായിരുന്നു എന്റെ പേടി)
“എന്നാ ഒരു നൂറു രൂപ..?.”
“ഇല്ല സാര്‍. പ്ലീസ്..”
“എന്നാല്‍ ഒരു അമ്പത് രൂപയെങ്കിലും താടേയ്.....” (എന്റെ കരളലിഞ്ഞുപോയി.)
ഇല്ല സാര്‍ ദുട്ടില്ല.. സത്യായിട്ടും ദുട്ടില്ല..

ഇങ്ങനെ ഞങ്ങള്‍ തമ്മില്‍ റോഡരികില്‍ ബിസിനസ് മീറ്റിംഗ് നടന്നോണ്ടിരിക്കേ, വീ വീ ഐ പി , “കീയോം കീയോം കുരുവി ഞാന്‍, കീയോം കീയോം കോ...” എന്ന് കാറില്‍ അലാറിക്കൊണ്ട് കടന്ന് പോയി.

തുടര്‍ന്ന് സിഗ്നല്‍ ഓണായതും, പിടിച്ചിട്ടിരുന്ന ലക്ഷക്കണക്കിനു(ഒരു മുന്നൂറ്റി ഇരുപത്തെട്ടെണ്ണം വരും) ബൈക്കാദിവണ്ടികള്‍ സകല ലൈനും തെറ്റിച്ച് ഒരു മലവെള്ളം പോലെ ഒന്നിച്ചിളകി ഇരമ്പി അലറിവിളിച്ച് വന്നു. ഈ അലറലില്‍ പൌലോസ് പേടിക്കുകയും, എന്നൊട് പറഞ്ഞ് നിന്നാല്‍ ശരിയാവില്ലാന്ന് തോന്നി, ഡീല്‍ ക്യാന്‍സല്‍ ചെയ്ത്
“എടുത്തോണ്ട് പോ തന്റെ കോഴിക്കോട്ടെ വണ്ടി....” എന്ന് പറഞ്ഞ് കീയും തന്നു അനുഗ്രഹിച്ചു..... പോലീസുകാരന് ഒരു നന്ദീ ഹില്‍‌സ് പറഞ്ഞ് അങ്ങനെ ഞാന്‍ രക്ഷപ്പെട്ടു. എന്നാലും ആയിരത്തില്‍ നിന്ന് അമ്പത് രൂപ വരെ പൌലോസ് എത്തി.


പോസ്റ്റില്‍ പറഞ്ഞത് ഒരു പ്രധാന കാര്യമാണ്. ലൈസ,പൊളു, ഇന്‍ഷു, ടാക്സ് - ഇജ്ജാദി ശീട്ടുകള്‍ കയ്യിലില്ലെങ്കില്‍ വാഹനവ്യൂഹത്തിനു തൊട്ട് പിന്നിലോ, കവചിത വാഹനങ്ങളുടെ നടുവിലോ വേണം പ്രധാന പരിശോധനാ ഏരിയയില്‍ ഓടിക്കാന്‍... പ്രത്യേകിച്ചു, അസമയത്ത് (അതായത് ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 10 - 11.30 , വൈകുന്നേരങ്ങളില്‍ 3-4.30 സമയങ്ങളില്‍ )

നന്ദേട്ടാ, കമന്റെഴുതി ഓവറാക്കി. വിട്ടാള. :)

Bindhu Unny May 21, 2009 at 8:06 PM  

എന്നിട്ടിപ്പഴും പേപ്പറുകളില്ലാതെയാ ഓട്ടം? കൈക്കൂലി വാങ്ങാത്ത വല്ല പോലീസുകാരുടേം കയ്യില്‍ പെട്ടാല്‍ പേഴ്‌സിന്റെ കനം കുറയുമേ.
:-)

...പകല്‍കിനാവന്‍...daYdreamEr... May 21, 2009 at 8:23 PM  

ഹെന്റമ്മോ കലക്കി... പണ്ട് ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു പാട്ട കേരള നമ്പര്‍ യമഹയും ആയി പോലീസ് കാരായ പോലീസുകാരെ ഒക്കെ നമിച്ചു വണങ്ങി കൈകൂപ്പി നടന്നതൊക്കെ ഓര്‍ത്തു പോയി.. കലക്കന്‍ എഴുത്ത്..

ദീപക് രാജ്|Deepak Raj May 21, 2009 at 9:02 PM  

സംഭവം ഇഷ്ടപ്പെട്ടു. പിന്നെ ചോദിക്കാന്‍ വന്നത് നിരക്ഷരന്‍ ചേട്ടന്‍ ചോദിച്ചു. അതിന്റെ മറുപടിയില്‍ എന്റെ രണ്ടാമത്തെ ചോദ്യത്തിന്റെ സ്കോപും പോയി. അല്ല എങ്കിലും വല്ല ലിങ്കും ഉണ്ടോ നിങ്ങള്‍ തമ്മില്‍ അല്ല അറിയാന്‍ ചോദിച്ചതാ.

കാന്താരിക്കുട്ടി May 21, 2009 at 10:17 PM  

“സാറു ബര്‍ത്തിരി, ഹാഫ് അവര്‍ വെയ്റ്റ് മാഡിത്തിരി, അല്ലി കുത്ത്കൊള്ളി” സാര്‍ കന്നഡയില്‍ മുരണ്ടു.

“ എന്താ നന്ദേട്ടാ കൊള്ളികിഴങ്ങു കൂട്ടി ബിരിയാണി കഴിക്കാമെന്നോ, നമ്മളിപ്പോള്‍ ഊണുകഴിച്ചേയുള്ളു എന്ന് പറ” ഭാര്യ വിനീതയായി


അപ്പോൾ കന്നഡ ഒക്കെ നന്നായി പഠിച്ചിട്ടുണ്ടല്ലേ !നന്നായി രസിപ്പിച്ചു നന്ദാ.പാവം ഭൈമി.അതിനേൻ കൂടെ പോലീസ് സ്റ്റേഷൻ കാണിച്ചല്ലോ !

sherlock May 21, 2009 at 11:29 PM  

ആള്‍ ദി ബെസ്റ്റ്.. :) ഇനിയും ഇമ്മാതിരി നടക്കാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ഥിക്കാം :)

ശ്രാലിന്റെ കമന്റ് കലക്കി. എന്താ ശ്രാലേ പടം പിടുത്തത്തിന്റെ കൂടെ എന്തേലും എഴുതി കൂടെ?

ഗ്രഹനില May 21, 2009 at 11:44 PM  

“.....വ്യാഴ ദശ തുടങ്ങിയെങ്കിലും ആദ്യത്തെ ഒന്നേമുക്കാല്‍ കൊല്ലം ശനിയുടെ അപഹാരമുണ്ട്. അതങ്ങട് തീര്‍ന്നാല്‍ പിന്നെ വ്യാഴം ഉച്ഛസ്ഥായിയിലാ.. അടുത്ത 47 വയസ്സു വരെ ബെസ്റ്റ് ടൈം. സകല സൌഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗം. ഇപ്പോ അപഹാരം അവസാന ഘട്ടത്തിലായി. ഇനിയങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമാ.. നാലുമാസത്തിനുള്ളില്‍ നിന്റെ കല്യാണവും നടക്കും”

ഒരു പൊട്ടൻ ജ്യൊത്സ്യനാണെന്നു തോന്നുന്നു. ചുമ്മാ നന്ദേട്ടനെ റ്റെൻഷൻ അടിപ്പിക്കാൻ പറഞ്ഞതാവുമെന്നെ. ശരിക്കുമുള്ള ശനിയുടെ അപഹാരം വരുന്നതെ ഉള്ളന്നേ, ഇപ്പഴേ റ്റെൻഷൻ അടിക്കണ്ട :-)

ചന്ദ്രമൗലി May 22, 2009 at 4:25 AM  

നന്ദപര്‍വ്വം തട്ടിത്തുടച്ച് വൃത്തിയാക്കീട്ട് ണ്ട് ന്ന് ഒരു മെയില്‍ കിട്ടി. ഇപ്പഴാ ഒന്നു നോക്കാന്‍ പറ്റീത്. കസറി അണ്ണാ.

“എന്താ നന്ദേട്ടാ കൊള്ളികിഴങ്ങു കൂട്ടി ബിരിയാണി കഴിക്കാമെന്നോ, നമ്മളിപ്പോള്‍ ഊണുകഴിച്ചേയുള്ളു എന്ന് പറ” ഭാര്യ വിനീതയായി

“ ബിരിയാണിയല്ല, എന്റെ പിരിയാണി ഇളകി നില്‍ക്കാ, എടീ അര മണിക്കൂര്‍ വെയ്റ്റ് ചെയ്യാന്‍, സാര്‍ വരുന്നതേയുള്ളൂ എന്ന്”

“ ഓഹ്!! നന്ദേട്ടന് കന്നഡയൊക്കെ നന്നായിട്ടറിയാലേ”

“ ഇമ്മാതിരി നേരത്ത് കന്നഡയല്ലെഡീ, ഹീബ്രുവും പാലിയും വരെ പഠിച്ചുപോകും” ഞാനെന്റെ കൈനിയെ നോക്കി നെടുവീര്‍പ്പിട്ടു“

ഇതു പൊളപ്പന്‍.....

പാവം ചേച്ചി. പോലീസ് സ്റ്റേഷനീകയറ്റിയത് മോശായീ... :P

Typist | എഴുത്തുകാരി May 22, 2009 at 9:45 AM  

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”

അതെന്തായാലും കലക്കി.

അരുണ്‍ കായംകുളം May 22, 2009 at 11:17 AM  

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”

ഹി..ഹി..
ഇത് സൂപ്പര്‍, നല്ലോണ്ണം ചിരിച്ചു

ശിവ May 22, 2009 at 1:10 PM  

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ” ഹ ഹ നല്ല ഫീഡ് ബാക്ക്....:)

ഉപാസന || Upasana May 22, 2009 at 1:44 PM  

ഇത്ര നാളും പറ്റിച്ചില്ല്ലേ ബാംഗ്ലൂര്‍ പോലീസിനെ. ഇനിയെങ്കിലും ഒരു ലൈസന്‍സ് എടുക്കൂ.

നല്ല ഹ്യൂമറോ‍ടെ എഴുതിയിട്ടുണ്ട്.
:-)
ഉപാസന

ഓഫ്: മാക്രി വീണ്ടും എത്തിയോ? ലിങ്ക്?

Rare Rose May 22, 2009 at 1:53 PM  

ബാംഗ്ലൂരിലൂടെ ഒരോട്ടപ്രദക്ഷിണം വെച്ച പോലെ തോന്നിയിതു വായിച്ചപ്പോള്‍...രസായി വായിച്ചു..പാവം സരിഗേച്ചീടേ ഒരു യോഗമേ..ഒരു ദിവസം ഇത്രേം പോലീസ് സ്റ്റേഷനില്‍ കേറിയിറങ്ങേണ്ടി വന്നില്ലേ..:)

ബാംഗ്ലൂര്‍ ചരിതത്തിന്റെ കൂടെ രസികന്‍ ചിത്രങ്ങള്‍ കൂടി പ്രതീക്ഷിച്ചു..അതൂടെ ഉണ്ടായിരുന്നെങ്കില്‍ പൊലിമ കൂടിയേനെ..:)

ശ്രീഇടമൺ May 22, 2009 at 3:17 PM  

ഹുസൈന്‍ രണ്ടത്താണിയുടെ ലീഡ് പോലെ ഫൈന്‍ എണ്ണൂറില്‍ നിന്ന് അഞ്ഞൂറിലേക്കും അവിടെ നിന്ന് മുന്നൂറിലേക്കും പിന്നെ ഇരുന്നൂറിലേക്കും വന്നു. അവസാനം നൂറു രൂപ കോണ്‍സ്റ്റബിളിന്റെ കൈയ്യില്‍ വെച്ച് ഞാന്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു.
ഹ ഹ ഹ....

എഴുത്ത് ഉഗ്രന്‍...
വായിച്ചു രസിച്ചു...
:)

hAnLLaLaTh May 22, 2009 at 3:40 PM  

"....വെള്ളവസ്ത്രധാരികളായ കിരീടം വെച്ച ചില കാക്കിധാരികള്..."
ഇതെന്താ ഒരു കല്ല്‌ കടി പോലെ..?


ഭാര്യേടെ കമന്റ് കലക്കി...
ഇതൊക്കെ ചീള് കേസ്...കെട്ടിയതിനേക്കാള്‍ വലുതെന്തുണ്ടാകാന്‍... :)

Sudheesh|I|സുധീഷ്‌ May 22, 2009 at 9:41 PM  

ഇതൊക്കെ ചീളു കേസ് ...
നാട് നന്നാവുന്നുണ്ട്...

പുള്ളി പുലി May 23, 2009 at 2:54 AM  

കൊള്ളാട്ടാ പൈസ പോയെങ്കിലെന്താ നല്ലൊരു രണ്ടാം ഹണിമൂണ്‍ ഒപ്പിച്ചില്ലേ.

സ്രാലിന്റെ അഫിപ്രായം ഗലക്കി.

പൈങ്ങോടന്‍ പറഞ്ഞ പോലെ പടങ്ങളില്ലാത്തത് കൊണ്ട് എന്തോ ഒരു ഇത് യേത് യിതു തന്നെ.

പി.സി. പ്രദീപ്‌ May 23, 2009 at 8:48 AM  

ഹ ഹ ഹ , ഹി ഹീയ്
“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ” ഇതു കലക്കി ഭാര്യയ്ക്കും വിവരം ഉണ്ട്.എന്റെ ഭാര്യയും ചിലപ്പോഴൊക്കെ ഇങ്ങിനെ പറയാറുണ്ട്:)
നന്ദാ, നന്നായിട്ടുണ്ട്. നല്ല രീതിയില്‍ അവതരിപ്പിച്ചു.

കണ്ണനുണ്ണി May 23, 2009 at 11:40 AM  

നന്ദാ കലക്കിട്ട്ടോ....കുറെ ചിരിച്ചു...

ഛരത് May 23, 2009 at 12:35 PM  

“അല്ലാ, നന്ദേട്ടനെ കെട്ടിയതിനേക്കാള്‍ വലുത് ഇനി എന്ത് സംഭവിക്കാന്‍.... ഇതൊക്കെ ചീളു കേസ് ”
നന്ദേട്ടന്റെ കഴുത്തിൽ കെട്ടിതൂങ്ങിയതു എന്നാക്കാമായിരുന്നു :P

തകർത്തൂട്ടോ.......

നന്ദ May 23, 2009 at 6:42 PM  

:)

Sureshkumar Punjhayil May 26, 2009 at 8:53 PM  

നാളെ നാട്ടില്‍ ചെന്നിറങ്ങിയിട്ട് പാലക്കാട്ടേക്ക് ഒന്നു പോകണം. ആ സുരേഷ് പണിക്കരെ ഒന്നു കാണണം. കൈനീട്ടി അവന്റെ കവിളത്ത് വെച്ചടി വെച്ചടി കൊടുക്കണം. ഹല്ല പിന്നേ!
Theerchayayum... Njanumundakum koottinu..!!! Valare rasakaram. Ashamsakal...!!!

bilatthipattanam May 28, 2009 at 3:02 AM  

സമ്പത്തുമാന്ദ്യം വിഷാദത്തിലാഴ്ത്തി കൂപ്പുകുത്തിയിരിക്കുന്ന ഞങ്ങൾക്ക് വളരെയധികം സന്തോഷം നൽകുന്ന അനുഭവമായിരുന്നു ഈ ചരിതം...കേട്ടൊ

പോങ്ങുമ്മൂടന്‍ May 30, 2009 at 2:01 PM  

നന്ദേട്ടാ,

ഈ പോസ്റ്റിനൊരു കമന്റ് കുറിക്കാൻ ഞാൻ ഒരു പാട് താമസിച്ചിരിക്കുന്നു. പോസ്റ്റിനെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ എറണാകുളത്തെ ഒബ്രോയ് ബാറിലെ ശീതീകരിച്ച മുറിയിരുന്ന് നമുക്ക് പ്രിയപ്പെട്ട അശോകേട്ടന്റെ സാന്നിദ്ധ്യത്തിൽ നമ്മൾ സംസാരിച്ചതാണല്ലോ. അതുകൊണ്ടുതന്നെ പോസ്റ്റിനെക്കുറിച്ച് ഇനി ഞാൻ പരാമർശിക്കുന്നതിൽ യുക്തിയില്ല. ഈ കമന്റ് നന്ദപർവ്വത്തിലെ എന്റെ സാന്നിദ്ധ്യം അറിയിക്കാനായി ഞാൻ ഉപയോഗിക്കുന്നു. നന്ദേട്ടൻ ഇനിയും എഴുതുക. ധാരാളമായി. നിങ്ങളുടെ പോസ്റ്റുകൾ രസിപ്പിക്കുന്ന ഒരു പാടുപേർ ഈ ബൂലോഗത്തുണ്ട്. ഞാനുൾപ്പെടെ. സന്തോഷം. ഇനിയും കാണാം. കാണുമ്പോൾ കാണുമ്പോൾ കുടിക്കാം. സ്നേഹം പങ്കിടാം. സൌഹൃദത്തിന്റെ ലഹരിയിലാറാടാം. :)

നന്ദകുമാര്‍ June 6, 2009 at 11:48 AM  

ലഗ്നത്തില്‍ വിഘ്നം സംഭവിച്ച എന്റെ ദുരന്തകഥ വായിച്ചു രസിക്കാന്‍ വന്നെത്തിയ
ശ്രീലാല്‍,
ശ്രീ,
ജി മനു
പൈങ്ങോടന്‍
കുഞ്ഞന്‍
brahmadarsan
കാട്ടിപ്പരുത്തി
അരവിന്ദ്
നൊമാദ്
4myspecial
നിരക്ഷരന്‍
ഷിജു | the-friend
കല്യാണിക്കുട്ടി
അച്ചായന്‍
ആര്‍ പി ആര്‍
പ്രിയ ഉണ്ണികൃഷ്ണന്‍
ശ്രീലാല്‍
ബിന്ദു ഉണ്ണി
പകല്‍കിനാവന്‍
ദീപക് രാജ്
കാന്താരിക്കുട്ടി
sherlock
ഗ്രഹനില
ചന്ദ്രമൌലി
എഴുത്തുകാരി
അരുണ്‍ കായംകുളം
ശിവ
ഉപാസന
റെയര്‍ റോസ്
ശ്രീ ഇടമണ്‍
hAnLLaLaTh
സുധീഷ്
പുള്ളി പുലി
പി.സി. പ്രദീപ
കണ്ണനുണ്ണി
ഛരത്
നന്ദ
Sureshkumar Punjhayil
bilatthipattanam
പോങ്ങുമ്മൂടന്‍

എല്ലാവര്‍ക്കും എന്റെ ഹൃദയം ‘തകര്‍ന്ന’ നന്ദി, സന്തോഷം :)

VEERU June 9, 2009 at 10:39 PM  

hai nandhan bhai,

nannaayirikkunnu ishtamaayi ..iniyu ezhuthuka...

സുധി അറയ്ക്കൽ October 6, 2016 at 8:37 PM  

രസികനായി എഴുതിയെങ്കിലും വല്ലാത്ത അനുഭവം തന്നെയായിരുന്നല്ലോ!!!!