Thursday, January 7, 2010

ശ്രീ അയ്യപ്പനും ഗിരീഷും

.
പഠിപ്പും പത്രാസും കഴിഞ്ഞ തൊണ്ണൂറൂകളുടെ പകുതിയില്‍. നാട്ടിലെ ജംഗ്ഷനിലൊരു വലിയ കെട്ടിടത്തിന്റെ പുറകിലെ ഒരൊറ്റമുറിയില്‍ കൂട്ടുകാരുമായി കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് ആയി ജിവിതം തള്ളി നീക്കുന്ന കാലം. നാട്ടുകാരുടെ കല്യാണം, മരണം, ജന്മദിനം തുടങ്ങി അമ്പല-പള്ളിപ്പരിപാടിയുടെ നോട്ടീസ് വരെ പ്രിന്റ് ചെയ്തും പോസ്റ്റെറെഴുതിയും രാത്രിയെ പകലാക്കി പണിയെടുത്തും ഓട്ടക്കീശയാല്‍ ഉത്സപ്പറമ്പു നിരങ്ങിയും കാലത്തും വൈകുന്നേരവും വായ് നോക്കിയുമൊക്കെ ജീവിതം ആസ്വദിച്ചു വരുന്ന ആ ‘യൌവ്വന തീഷ്ണവും പ്രേമസുരഭിലവുമായ കാലഘട്ടത്തില്‍‘ സ്ക്കൂള്‍ തലം മുതലേ ഞങ്ങളുടെ കൂട്ടുകാരനായ ഗിരീഷ് ഞങ്ങളുടെ മുറിയിലെ നിത്യ സന്ദര്‍ശകനായിരുന്നു. നാട്ടിലെ ഒരു സ്റ്റുഡിയോയില്‍ അസിസ്റ്റന്റ് ഫോട്ടൊഗ്രാഫറാണ് കക്ഷി. അമേച്ചര്‍ പരിപാടികളില്‍ ഫോട്ടോയെടുക്കുക, ലാബില്‍ പോകുക, പാസ് പോര്‍ട്ട് സൈസ് ഫോട്ടോസ് പ്രിന്റ് ചെയ്യുക, ബോസിനു ചായ വാങ്ങികൊണ്ടുവരിക രാവിലെ നേരത്തെ വന്ന് സ്റ്റുഡിയോ തൂത്തുവാരുക അങ്ങിനെ ഉത്തരവാദിത്വപ്പെട്ട പ്രൊഫഷനായിരുന്നു അവന്. അന്നൊക്കെ ഒരു ഫോട്ടോഗ്രാഫര്‍ എന്നു പറഞ്ഞാല്‍ ഇന്നത്തെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറേക്കാളും വിലയാ കുഗ്രാമത്തില്‍. മാത്രമല്ല ഏതു കല്യാണ വീട്ടില്‍ ചെന്നാലും പ്രത്യേക പരിചരണം. ആള്‍ക്കൂട്ടത്തില്‍ നിന്ന് കടാക്ഷം, പുഞ്ചിരി, പറ്റിയാല്‍ പോരുമ്പോഴേക്കും പോക്കറ്റില്‍ ഒരു കുഞ്ഞിക്കടലാസ്സില്‍ ഒരഡ്രസ്സും കിട്ടും. ഗിരീഷിനൊരൊറ്റ വീക്ക്നെസ്സ്. പ്രണയം. പ്രേമം പ്രേമേന ശാന്തി! എന്ന അവസ്ഥയിലാണ് മുഴുവന്‍ സമയവും. ഇന്നത്തേപ്പോലെ തന്നെ അന്നും അവന്‍ ഒടുക്കത്തെ ഗ്ലാമറായകാരണം പ്രേമിക്കാനുള്ള പെണ്‍പിള്ളാരുടെ ക്യൂവിന് നീളം ഒട്ടും കുറവല്ല. ഒരു വള്ളിയില്‍ നിന്ന് മറ്റൊന്നിലേക്ക് ടാര്‍സന്‍ ചാടുന്നതുപോലെ ഒരു പ്രേമത്തില്‍ നിന്ന് മറ്റൊന്നിലേക്ക് അവന്‍ ഈസിയായി പ്രേമിച്ചു ചാടി.


സ്റ്റുഡിയോവില്‍ ഒമ്പതുമണിക്ക് എത്തിയാല്‍ മതിയെങ്കിലും വീട്ടില്‍ നിന്ന് 7.30 കഴിയുമ്പോഴേക്കും അവന്റെ ബി എസ് എ എസ് എല്‍ ആര്‍ ത്രീ സ്പീഡ് ‘ബൈക്കില്‍’ പുറപ്പെടും, സകല സ്റ്റോപ്പിലേയും, ട്യൂഷന്‍ സെന്ററിലേയും കണക്കെടുത്തിട്ട് അവന്റെ ഞങ്ങളുടെ മുറിയിലെത്തും. പെയിന്റും ബ്രഷുമായി ഞാനപ്പോഴേക്കും എന്റെ പണി തുടങ്ങിയിരിക്കും. കൂടെയുള്ള സുഹൃത്തുക്കള്‍ സ്ക്രീന്‍ പ്രിന്റിങ്ങിന്റെ പണിയും തുടങ്ങിയിട്ടുണ്ടാകും. റൂമിലെത്തിയാല്‍ ഗിരീഷിന്റെ പ്രണയ കഥകളായിരിക്കും. തലേന്നും രാവിലേയും കണ്ട സുന്ദരിമാരുടെ വര്‍ണന കാളിദാസനേക്കാള്‍ മികവോടെ പറഞ്ഞ് ഞങ്ങളുടെ ചിലവില്‍ ഒരു കാലിച്ചായയുമടിച്ച് സൈക്കിളെടുത്ത് സ്റ്റുഡിയോവിലെത്തുമ്പോള്‍ ഒമ്പതരയായിട്ടുണ്ടാകും. എന്തായാലും അവന്റെ ഭാ‍ഗ്യമെന്നോണം ബസ്റ്റോപ്പിന്റെ നേരെ എതിര്‍വശത്ത് ഒന്നാം നിലയിലായിരുന്നു സ്റ്റുഡിയോ.

കാലമിങ്ങനെ പോകവേ, സ്റ്റുഡിയോ തൂത്തുവാരലില്‍ നിന്നും വളര്‍ന്ന് ചില കല്യാണങ്ങള്‍ക്ക് ഫോട്ടോയെടുക്കുക എന്ന നിലയിലേക്ക് ഗിരീഷിന്റെ കരിയര്‍ വളര്‍ന്നു, അവന്റെ ഉടുപ്പുകള്‍ക്ക് നിറഭേദങ്ങളുണ്ടായി, സൈക്കിളിനു പുതിയ പെയിന്റടിച്ചു, സിസ്സര്‍ ഫില്‍ട്ടറില്‍ നിന്ന് വിത്സിലേക്ക് മാറി എങ്കിലും അവന്റെ വായ്നോട്ടത്തിനും പ്രേമത്തിനും യാതൊരു കുറവുമുണ്ടായില്ല എന്നു മാത്രമല്ല പരമാവധി കൂടുതലാവുകയായുണ്ടായത്. ഓരോ കല്യാണത്തിനു പോയി വരുമ്പോഴും പുതിയ ലൈനുകള്‍ ഒപ്പിക്കാനും അവരുടെ മേല്‍ വിലാസം ഒപ്പിച്ചെടുക്കാനും അവനു സാധിച്ചു. അവന്റെ പ്രേമത്തിന്റെ കണക്കെടുക്കാന്‍ കൈയ്യിലേയും കാലിലേയും വിരലുകള്‍ പോരാ എന്നൊരു അവസ്ഥ വരെയുണ്ടായി എന്നു പറഞ്ഞാല്‍ അവിശ്വസിക്കരുത്.അങ്ങിനെ ഒരു ശബരിമല മണ്ഡലക്കാലം. തണുത്തുറയുന്ന വൃശ്ചികരാവില്‍ ഞങ്ങളെ നടുക്കിക്കൊണ്ട് ഗിരീഷിന്റെ ഒരു പ്രഖ്യാപനം ഉണ്ടായി

“ഞാന്‍ ഇപ്രാവശ്യം മലക്ക് പോകുന്നു”

ഞങ്ങള്‍ ഒന്നു അന്ധാളിച്ചു. ബ്രഷ് താഴെ വെച്ച് കൈലാസന്‍ അവനോട് ചോദിച്ചു.

“ നീയാ? ഒന്നു പോയേരെക്കേ..... നാഴികക്ക് നാല്‍പ്പതു വട്ടം വായ് നോക്കി നടക്കണ നീയല്ലേ മലക്ക് പോണത്”

“ അപ്പോ ഇത്തവണ അറിയാം മലേല് പുലിയുണ്ടോന്ന്...” രാജേഷ് അതുപറഞ്ഞ് പ്രിന്റിങ്ങിലേക്ക് നീങ്ങി.

“ എന്തറാ ഞാന്‍ പോയാല്? എനിക്കെന്താറാ കൊഴപ്പം?”

“ നിനക്ക് കൊഴപ്പം മാത്രല്ലേ ഉള്ളൂ.. ഡാ അയ്യപ്പസ്വാമിയോടാ കളീന്നോര്‍ക്കണം” ഞാന്‍ അടുത്ത ബാനറെഴുതാന്‍ നീങ്ങി.

മാലയിട്ടെങ്കിലും ശരണം വിളി തുടങ്ങിയെങ്കിലും ഗിരീഷിന്റെ ‘സ്വാമി‘ക്ക് വലിയ വിത്യാസമൊന്നുമുണ്ടായില്ല. മലക്കുപോകുന്നുണ്ടെങ്കിലും പ്രൊഫഷന്‍ ഫോട്ടോഗ്രാഫിയായതുകൊണ്ട് അടിപൊളി ജീന്‍സും ഷര്‍ട്ടും തന്നെയാണ് വേഷം. അങ്ങിനെയിരിക്കെ നാട്ടിലൊരു കല്യാണത്തിനു ഗിരീഷാണ് ഫോട്ടോഗ്രാഫര്‍. ചെറുക്കനും കുടുംബവും ഗിരീഷിന്റെ അടുത്ത സൌഹൃദത്തിലുള്ളവര്‍. കല്യാണ സംഘത്തോടൊപ്പം താരപ്രഭ ഒട്ടും കുറയാതെ ഗിരീഷും വധുവിന്റെ വീട്ടിലേക്ക് പോയി. പിന്നേ ഫോട്ടോഗ്രാഫര്‍ ഗിരീഷിന്റെ നിര്‍ദ്ദേശങ്ങളായിരുന്നു പന്തലില്‍ മുഴങ്ങിക്കേട്ടത്. അവന്റെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പുടവകൊടുക്കലും സാരി മാറലും താലികെട്ടലും മാലയിടലും ഗംഭീരമായി. അതിനിടയില്‍ കല്യാണപന്തലില്‍ വധുവിന്റെ സംഘത്തില്‍ രണ്ടു കണ്ണൂകള്‍ തന്നെ പിന്തുടരുന്നത് ഗിരീഷറിഞ്ഞു. ആള്‍ക്കുട്ടത്തില്‍ നിന്ന് ഗിരീഷിന്റെ ചലനത്തിനൊപ്പം ആ കണ്ണുകള്‍ വിടാതെ പിന്തുടരുന്നത് ഗിരീഷിലെ പ്രേമകുമാരനെ ഉണര്‍ത്തി. താന്‍ സ്വാമിയാണെന്നും, ഒരാഴ്ച കഴിഞ്ഞാല്‍ മലക്കു പോകേണ്ടവനാണെന്നും ഗിരീഷ് മറന്നു. ദിവസം രണ്ടു നേരം കുളിച്ച് വിഭൂതിയണിഞ്ഞ് ശരണം വിളിക്കുന്നവനാണ് താനെന്ന കാര്യം ആ കണ്ണൂകളുടെ ചാട്ടുള്ളി നോട്ടത്തില്‍ നിഷ്പ്രഭമായി. ചെറുക്കന്റേയും പെണ്ണിന്റേയും ഫോട്ടോയെടുക്കലിനിടയില്‍ തിളങ്ങുന്ന കണ്ണുകളുടെ ഇടയിലേക്ക് അഞ്ചാറ് ഫ്ലാഷ് വിടാന്‍ ഗിരീഷ് മറന്നില്ല. മാത്രമല്ല വധൂവരന്മാരൊടൊപ്പം തന്റെ പുതിയ കാമുകിയെ ചേര്‍ത്തു നിര്‍ത്തി ഫോട്ടൊയെടുക്കാനും അതുവഴി പരിചയപ്പെടാനും കഴിഞ്ഞു. വധുവിന്റെ വീട്ടുകാരാണ് കുട്ടിയെന്നും, കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണെന്നും നാളത്തെ കഴിഞ്ഞാല്‍ അല്പം അകലെയുള്ള അവളുടെ വീട്ടിലേക്ക് പോകുമെന്നും പോകുന്നതിനു മുന്‍പ് തന്റെ മേല്‍ വിലാസം തരാമന്നും രണ്ടുമൂന്ന് സ്നാപ്പിന് ഫ്ലാഷടിക്കുന്നതിനിടയില്‍ ഗിരീഷ് അറിഞ്ഞു വെച്ചു. ആ സംഭവങ്ങള്‍ക്കിടയില്‍ ‘ഗിരീഷ് സ്വാമി‘ പൂര്‍ണ്ണമായി ‘ആസാമി‘യായി മാറിയിരുന്നു.

ഫോട്ടോയെടുക്കല്‍ കഴിഞ്ഞ് സദ്യക്കുള്ള സമയമായി. ആദ്യത്തെ പന്തിയിലെ രണ്ടുമൂന്നു സ്നാപ്പിനു ശേഷം ഗിരീഷ് പുതിയ കാമുകിക്കരികിലേക്ക് വീണ്ടും പോയി പഞ്ചാരയടി തുടര്‍ന്നു. ശ്രീനിവാസന്‍ സിനിമയില്‍ പറഞ്ഞപോലെ അവിടെ ഫുഡടി ഇവിടെ പഞ്ചാരയടി, ഇവിടെ പഞ്ചാരയടി..അവിടെ.. രണ്ട് പന്തി സദ്യ കഴിഞ്ഞപ്പോള്‍ കാമുകിയും കൂട്ടുകാരികളും കൂടി സദ്യയുണ്ണാന്‍ പന്തലിലെത്തി. പിടക്കോഴിയുടെ ചുറ്റും പമ്മി നടക്കുന്ന ചാത്തനെപ്പോലെ ഗിരീഷും അവരെ ചുറ്റിപ്പറ്റി അവര്‍ക്കെതിരെയുള്ള കസേരയില്‍ ഇരിപ്പുറപ്പിച്ചു. ഇരിക്കുമ്പോള്‍, ഇലയിടുമ്പോള്‍, ചെറുകറികള്‍ വിളമ്പുമ്പോഴൊക്കെ ഗിരീഷിന്റെ കണ്ണുകള്‍ കാമുകിയോട് കുശലം പറഞ്ഞു, നോട്ടങ്ങള്‍ കഥ പറഞ്ഞു,

“ എടാ കറികളൊക്കെ കൊള്ളാ ലേ... എന്താ ടേസ്റ്റ്!” ഗിരീഷ് അടുത്തിരുന്ന കൂട്ടുകാരനോട്

“ഉം.പറയാന്ണ്ടാ.. സൂപ്പറല്ലേ” കൂട്ടുകാരന്‍ ശരിവെച്ചു

“ ആരാണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍? സൂപ്പറായിട്ടുണ്ട്” ഗിരീഷ് ഇടം കണ്ണിട്ട് എതിരെയുള്ള കാമുകിയെ നോക്കി പ്രസ്താവിച്ചു.

“മാങ്ങച്ചാറും കാളനും ഗംഭീരം”

“പിന്നെ കാളന്‍ അടിപൊളി” ഗിരീഷ് ജഡ്ജ് മെന്റ് ചെയ്തു.

ഇടക്കിടെ കാമുകിയെ നോക്കലും കമന്റ് ചെയ്യലും കാളന്‍ നുണയലുമായി ഗിരീഷ് മുന്നേറി. അവരുടെ കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ കഥകള്‍ കൈമാറിയിരിക്കുന്ന ആ സമയത്ത്......കൂട്ടുകാരനോടെന്ന വ്യാജേന കാമുകി കേള്‍ക്കാന്‍ എന്തോ കമന്റ് പറഞ്ഞ് ഗിരീഷ് കുറുക്ക് കാളനിലെ എണ്ണയില്‍ വറുത്തെടുത്ത മുളക് ചോറിനെ ലക്ഷ്യമാക്കി പിഴിഞ്ഞൊഴിക്കാന്‍ വേണ്ടി ഒറ്റ ഞെക്ക്....


“ശ്ഛ്ച് ച് ശ് ശ്ച് ച് ശ് ച്........”


“ അയ്യോ...അമ്മേ... ആശ്ച്...ഊം... ഊഊവ്വ്...”

എന്താപ്പോ ഇണ്ടായേ....എന്തൂറ്റാ സംഭവിച്ചേ എന്ന മട്ടില്‍ നോക്കിയ കൂട്ടുകാരന്‍ കണ്ടത് ഇടതുകൈ കൊണ്ട് ഇടതു കണ്ണൂ പൊത്തിപ്പിടീച്ചിരിക്കുന്ന ഗിരീഷിനെ. കൂടെയിരുന്ന് കഴിക്കുന്നവര്‍, സദ്യ വിളമ്പുന്നവര്‍ ഉരുളയുരുട്ടി അണ്ണാക്കിലേക്കെറിയുന്ന പുതിയകാമുകി വരെ ഷോര്‍ട്ട് ബേക്ക് എടുത്ത് സംഭവം നോക്കി. കല്യണ പന്തല്‍ നിശ്ചലം, വിമൂകം. ഗിരീഷിന്റെ അമറലും മുരളലും മാത്രം.

“എന്താടാ എന്തു പറ്റിയെടാ...കണ്ണൂ തുറക്ക്” കൂട്ടുകാരന്‍ ഗിരീഷിനെ നിര്‍ബന്ധിച്ചു.

“ ഓഹ്!! അമ്മെ... എടാ.. ...അയ്യോ!”

“എന്താടാ? “

“ഏടാ.. പണ്ടാറടങ്ങാന്‍... ഹെന്റമ്മേ..കണ്ണൂ തുറക്കാന്‍ പറ്റ്ല്ല്യടാ?”

കൂട്ടുകാരനും വന്നെത്തിയ ആളുകള്‍ക്കും അപ്പോഴാണ് സംഭവം മനസ്സിലായത്. സദ്യക്ക് ഇത്തിരി എരിവു പകരാനായി കാളനിലെ വെളിച്ചെണ്ണയില്‍ വറൂത്തെടുത്ത ചുവപ്പന്‍ മുളകെടുത്ത് പിഴിഞ്ഞതും എണ്ണ കുടിച്ചു വീര്‍ത്ത മുളക് സദ്യയില എന്ന ലക്ഷ്യം മറന്ന് ഗിരീഷിന്റെ കണ്ണിലേക്ക് ചന്ദ്രയാന്‍ പോലെ തെറിച്ചതും...

അവസാനം കണ്ണു തുറക്കാന്‍ പോലും പറ്റാതിരുന്ന ഗിരീഷിനെ രണ്ടു കൂട്ടുകാര്‍ പിടിച്ചെഴുന്നേല്‍പ്പിച്ച് ഇരുവശങ്ങളിലും പിടിച്ച് അന്ധനെ റോഡ് ക്രോസ് ചെയ്യിക്കുന്നതുപോലെ തന്റെ ഏറ്റവും പുതിയ കാമുകിയുടെ മുന്‍പിലൂടെത്തന്നെ കല്യാണ പന്തലിനു വെളിയിലെ വാട്ടര്‍ ടാപ്പിനടുത്തേക്ക് കൊണ്ടുപോയി. പോകുന്ന പോക്കില്‍ ഗിരീഷ് തൊട്ടുമുന്‍പ് പറഞ്ഞ അതേ ഡയലോഗ് ആവര്‍ത്തിക്കുന്നുണ്ടായിരുന്നു, പക്ഷെ മറ്റൊരു ടോണിലായിരുന്നുവെന്ന് മാത്രം...

“ആരണ്ടാ ഈ കല്യാണത്തിന്റെ പാചകക്കാരന്‍..??”
.