Sunday, March 30, 2008

അടുത്ത നാടകം 'രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന.....'

(അവസാന ഭാഗം)


(തുടര്‍ച്ച....)

ഒരു ദിവസം ഉച്ചയിലെ ഊണില്ലാ ഇടവേളയില്‍ പൊടുന്നനെ രാധയുടെ ഒരു നിര്‍ദ്ദേശം.

' ടാ നന്ദ്വോ, ഇക്കൊല്ലം നമക്കൊരു നാടകാ കളിച്ചാലോ??!!'

സ്ക്കൂള്‍ തലം മുതല്‍ നാടകരചനയും സംവിധാനവും അഭിനയവുമായി നടക്കുന്ന ആ നാടകപുലി പറഞ്ഞാല്‍ പിന്നെ അപ്പീലുണ്ടോ?

'പിന്നെടാ രാധേ, നമുക്കൊരെണ്ണം നോക്കാടാ..., സൂപ്പറൊരെണ്ണം.'

എട്ടാം ക്ലാസ്സ് മുതല്‍ പഠിപ്പിനേക്കാള്‍ വലുത് നാടകമാണെന്നു വിശ്വസിച്ച് സ്റ്റേജില്‍ കയറിയ എനിക്കുണ്ടോ മറിച്ചൊരു വാക്ക്?! രാധയുടെ നാടകത്തിലെ പ്രധാന അഭിനേതാക്കളിലൊരാളും, സഹായിയുമായിരുന്നല്ലൊ ഞാന്‍.

"ന്റേല് ഒരു നാടകംണ്ട്ടാ, ജി. ശങ്കരപ്പിള്ളേടെ 'താവളം'. മൂന്നാള് മതി. ഞാനും നീയും, പിന്നെ നമുക്ക് സെക്കന്റ് എഫിലെ ഷിബര്‍ട്ടിനേം വിളിക്കാം."

ഷിബര്‍ട്ട് രാധയുടെ സ്ക്കൂള്‍ മുതലേയുള്ള കൂട്ടുകാരനാണ്. നല്ല അഭിനേതാവും. കെ.കെ.ടി.എംല്‍ വച്ചാണ് ഞാന്‍ പരിചയപ്പെടുന്നത്.

"മതീടാ, ഷിബര്‍ട്ട്ണ്ടായാ കലക്കും" ഞാന്‍ ആവേശം കൊണ്ടു.

ക്ലാസ്സ് കട്ട് ചെയ്ത് റിഹേഴ്സല് തുടങ്ങി.ക്യാമ്പസ്സിനു വെളിയിലെ കാറ്റാടി മരങ്ങളുടെ കാട്ടിലാണ് റിഹേഴ്സല്‍. കാറ്റാടിക്കാട്ടില്‍ എന്നും നടക്കുന്ന ഒരേയൊരു സംഗതി ലോക്കല്‍സിന്റെ ചീട്ടുകളിയാണ്. കോളേജിനു ഇടക്കു മുടക്കമുണ്ടാകാറുണ്ടെങ്കിലും, ചീട്ടുകളിക്ക് യാതൊരു മുടക്കവും വരാറില്ല.

നാടകറിഹേഴ്സലിനിടയില്‍ അലര്‍ച്ചയോ, ഡയലോഗ് പറയുമ്പോള്‍ ശബ്ദമുയര്‍ത്തലോ, ആക്രോശമോ ഉണ്ടാകുമ്പോള്‍ ചീട്ടുകളിക്കുന്ന ചേട്ടന്മാര്‍ തലതിരിച്ചു നോക്കും :
"ന്തൂട്ടാ ഈ ശ്ശവ്വ്യേള് കാണിക്കണത്, മനുഷ്യന്മാര്‍ക്ക് മര്യായ്ക്ക് കളിക്കാന്‍ പറ്റാണ്ട്...."

ചീട്ടുകളിയിലെ കോണ്‍സണ്ട്രേഷന്‍ തെറ്റുമ്പോള്‍ ഞങ്ങളെ നോക്കി..
" ടാ.. ന്തൂട്ട് ണ്ട്രാ..??" എന്നൊക്കെ ചോദിച്ചു പോന്നു.

റിഹേഴ്സ് ല്‍ പുരോഗമിച്ചു. ഞങ്ങള്‍ക്ക് ഓരോദിവസവും കഴിയുന്തോറും ആത്മവിശ്വാസം കൂടി. 'നാടകം കലക്കും..ജി.ശങ്കരപ്പിള്ളേടെ 'താവളം; അല്ലെ..!!. കിടിലം!!!"

ആകെ മൂന്നു മൂന്നു കഥാപാത്രങ്ങള്‍ . ഒരു സത്രമാണ് പശ്ചാത്തലം. സത്രത്തിലെ ജോലിക്കാരായ മെലിഞ്ഞവനും, തടിയനും, സത്രത്തിലേക്ക് അന്തിയുറങ്ങാന്‍ വരുന്ന വേറൊരാളും. അന്നത്തെ എന്റെ ബോഡി ഫിഗറ് വെച്ച് ഞാന്‍ മെലിഞ്ഞവനായി. രാധ തടിയനും. ആ വേറൊരാള് ഷിബര്‍ട്ടും. നാടകം തുടങ്ങി 10 മിനുട്ട് കഴിയുമ്പോളാണ് ഷിബര്‍ട്ടിന്റെ ആഗമനം.... തമാശയും, ആധുനികതയും, ആക്ഷേപവും, സിമ്പോളിസവും ഒക്കെ കൂടി മറിഞ്ഞ ഉത്തമ നാടകം.

റിഹേഴ്സല്‍ ഗംഭീരം, തകര്‍പ്പന്‍.

ഒരൊറ്റ പ്രശ്നം മാത്രം......ഡയലോഗ് കാണാപാഠമാകുന്നില്ല...!! എത്ര പഠിച്ചിട്ടും ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. ( പിന്നേ....!! പഠിച്ച ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കുമെങ്കില്‍ ഞങ്ങള്‍ കെ.കെ.ടി.എം. കോളേജില്‍ തേഡ് ഗ്രൂപ്പിനു ചേരോ??!! മിനിമം തൃശൂര് എഞ്ചിനീയറിങ്ങ് കോളേജില്‍ നോക്കിയാല്‍ മതി!!)

സ്ക്രിപ്റ്റിലെ ആദ്യത്തെ രണ്ടു പേജ് എനിക്കും രാധക്കും കാണാപാഠം. പിന്നെ ആരെങ്കിലും ആദ്യത്തെ വരിയോ, വാക്കോ പറഞ്ഞു തന്നാല്‍ ...ഒ.കെ.

ബട്ട്........ഷിബര്‍ട്ട്...??

അവന് ഒരു ഡയലോഗും ഓര്‍മ്മയില്ല. പറഞ്ഞാ പറഞ്ഞു.... അത്ര തന്നെ...

അങ്ങിനെ അവസാനം......ആ ദിവസം വന്നെത്തി.

കൂവാനും കൂവിത്തകര്‍ക്കാനും തയ്യാറായ കൂട്ടങ്ങള്‍ സദ്ദസ്സിന്റെ പലഭാഗങ്ങളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്.. നാടകങ്ങള്‍ക്കു മുന്‍പു നടന്ന കലാപരിപാടികള്‍ പലതും കൂവലിനെ അതിജീവിക്കാനാകാതെ പകുതിയിലും, പകുതിമുക്കാലിലും കര്‍ട്ടിനിട്ടു അവസാനിപ്പിക്കുന്നു.
ഞാനും, രാധയും, ഷിബര്‍ട്ടും മുഖത്തോടു മുഖം നോക്കി..

ദൈവമേ!!...."ഊഊഊഉജ്ജ്വലമാകുമോ".. നാടകം...??

ഉച്ചക്കു ശേഷം, നാടകങ്ങള്‍ തുടങ്ങുന്നു എന്ന അറിയിപ്പു കേട്ടു.

ആദ്യത്തെ നാടകം അനൌണ്‍സ് ചെയ്തു.. സ്റ്റേജിനു പുറകില്‍ ഞങ്ങള്‍ അക്ഷമരായി. രണ്ടാമത്തെ നാടകം ഞങ്ങളുടേതാണ്. ഞങ്ങളുടെ നെഞ്ചിന്‍ കൂടിനകത്തു നിന്നും തായമ്പക കേട്ടുതുടങ്ങി...മേളം ശരിക്കങ്ങ്ട് മുറുകി വരുന്നുണ്ട്...

കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ആദ്യത്തെ നാടകം 'ക്യാന്‍സല്‍' എന്നറിയിപ്പു കേട്ടു.
തായമ്പക ഉച്ചസ്ഥായിലെത്തി.!!!

ഞങ്ങള്‍ മൂന്നുപേര്‍ക്കൊപ്പം വേറെ ആരുമില്ല. കൂടെയുള്ള അവന്മാരൊക്കെ നേരത്തെ സ്ക്കൂട്ടായി.ചിലര്‍ ഞങ്ങളുടെ 'പെര്‍ഫോമന്‍സു' കാണാന്‍ സദ്ദസ്സില്‍ സ്ഥലം പിടിച്ചു. മേക്കപ്പ്, കോസ്റ്റൂംസ്, രംഗപടം എല്ലാം ഞങ്ങള്‍ തന്നെ. പ്രെത്യേകിച്ചൊരു വേഷ/രംഗവിതാനം ഒന്നുമില്ല.സ്റ്റേജിന്റെ ഒത്തനടുക്ക ഒരു ബഞ്ച്. അതു കറുത്ത തുണികൊണ്ട് മൂടിയിട്ടുണ്ടാകും, ഒരു മേശ അതിനൊരു വിരി.ഒരു ഫോണ്‍. രണ്ടു ചൂല്. അത്രേള്ളു.

നാടകത്തിനു തൊട്ടുമുന്‍പ് നാടകത്തിന്റെ സ്ക്രിപ്റ്റ് ഒരു ജഡ്ജിന്റെ കയ്യില്‍ കൊടുക്കണം. നാടകം കാണുന്നതിനോടൊപ്പം സ്ക്രിപ്റ്റും അദ്ദേഹം പരിശോധിക്കും. ഡയലോഗില്‍ എന്തൊക്കെ പാകപ്പിഴകളുണ്ടോ അതിന്റെ ഡിപ്പെന്‍സിലാണ് മാര്‍ക്ക്.

അനൌണ്‍സ്മെന്റ് കേട്ടു : ' അടുത്ത നാടകം, രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിക്കുന്ന താവളം....'

സ്റ്റേജിനു പുറകില്‍ ഞങ്ങള്‍ മൂന്നുപേരും മുഖത്തോടു മുഖം നോക്കി, കളിക്കണോ വേണ്ടയൊ എന്ന ഡിലൈമയില്‍ തെല്ലിട നിന്നു.

ആ അവസാന നിമിഷത്തില്‍ ഞങ്ങളില്‍ അവശേഷിച്ചിരുന്ന ആത്മവിശ്വാസത്തിലേക്ക് 'ഒരു പിടി പച്ചമണ്ണ് വാരിയിട്ട് ' ഷിബര്‍ട്ട് പറഞ്ഞു :

"ടാ.. എനിക്കൊരു ഡയലോഗും ഓര്‍മ്മയില്ല. നാടകം തൊടങ്ങീട്ട് ഞാന്‍ എപ്പഴാ വരണ്ടേ?? എന്റെ ആദ്യത്തെ ഡയലോഗെന്താ??"

"എടാ തെണ്ടീ‍ീ‍ീ‍ീ... ഞാന്‍ അവന്റെ ചെവിട്ടില്‍ അവനു കേള്‍ക്കാ‍വുന്ന മട്ടില്‍ സ്നേഹത്തോടെ, പതിയെ വിളിച്ചു.

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ മൂന്നുപേര്‍ക്കും സമയം അടുക്കുന്തോറും ഡയലോഗുകള്‍ മറക്കാന്‍ തുടങ്ങി. എന്തിന് !! പഠിച്ചു കാണാപാഠമായ ഡയലോഗുകള്‍ പോലും..

പക്ഷെ, സംഗതി പാളിയാലും കയ്യിലുള്ളത് വെച്ച് പെരുക്കാം എന്നൊരു ധൈര്യമുണ്ട്. മൂന്നാളും സ്റ്റേജും, നാടകവും പരിചയമുള്ളവര്‍. പിന്നെന്താ പ്രോബ്ലം??

വീണ്ടും അനൌണ്‍സ്നെന്റ് കേട്ടു. : "അടുത്ത നാടകം......"

സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി.
' കൊഴപ്പാവൊ..?...ഏയ്... ഉണ്ടാവൊ...??...ഇല്ല്യ.......ഉവ്വോ....??

പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്‍പ്പിച്ചങ്ങ്ട് കേറി. വിധിയെ തടുക്കാന്‍ വില്ലേജാഫീസര്‍ക്കും പറ്റില്ലാന്നല്ലേ..ഞെടിപിടീന്ന് കാര്യം തുടങ്ങി. രംഗസജ്ജീകരണം നടത്തി. സ്ക്രിപ്റ്റ് കൈമാറി.
പിന്നെ ഞാനും രാധയും സ്റ്റേജില്‍. നാടകം തുടങ്ങാറായി.......

രാധയുടെ ശബ്ദത്തിലൂടെ അനൌണ്‍സ്മന്റ് ഇങ്ങിനെ കേട്ടു...

"ഗൂട്ടുഗാരെ..രെ..രെ..രെ...... (എക്കൊ)

രാദ്ദാഗൃഷ്ണന്‍ & ബാര്‍ട്ടി അവഥരിപ്പിക്കുന്ന..ന്ന....ന്ന....ന്ന....
ഥാ‍വളം..ളം..ളം..ളം..ളം."

അപ്പോളാണ് ഞാന്‍ എന്റെ കയ്യിലെ വാച്ച് കണ്ടത്..ഫെസ്റ്റിവലല്ലേ ഒരു വാച്ച് ഇരിക്കട്ടെ എന്നു കരുതി രാവിലെ ചേച്ചിയുടെ കയ്യില്‍ നിന്ന് കടം വാങ്ങിച്ചിട്ടതാ. നാടകത്തിലെ കഥാപാത്രത്തിനാണെങ്കില്‍ വാച്ചില്ല..വാച്ച് പാടില്ല. സ്റ്റേജില്‍ വച്ച് ഞാനത് കണ്ടതും..ഞാനത് ഊരി...രി...രി.......യില്ല.......ഏതോ ഒരുത്തന്‍, സാമദ്രോഹി!!! അവന്‍ കര്‍ട്ടന്‍ പൊക്കി....!!
ഊരിയ വാച്ച് തിരിച്ചിട്ട് ഞാനഭിനയം തുടങ്ങി..

സത്രത്തിലെ ഒരു മുറി വൃത്തിയാക്കുന്ന ഞാനും, രാധയും പറയുന്ന സംഭാഷണങ്ങളാണ് ആദ്യം. രാധ തറ തുടക്കുന്നു. ഞാന്‍ അടിച്ചുവാരുന്നു. ഇതിനിടയില്‍ സംഭാഷണങ്ങള്‍. ആദ്യത്തെ അഞ്ച് മിനുട്ട് ഒ.കെ. ഗംഭീരം. പിന്നെ പതുക്കെ പാളിതുടങ്ങി.. എന്റെ കഴിഞ്ഞാല്‍ രാധയുടേതാണ് ഊഴം. പക്ഷെ അവന്‍ മിണ്ടുന്നില്ല. എനിക്കാണെങ്കില്‍ അവന്‍ പറയേണ്ടത് എന്താണെന്ന് നല്ല ഓര്‍മ്മയുണ്ട്. ഡയലോഗിനു ഡിലേ വരുന്‍പോള്‍ ഞങ്ങള്‍ 'ആക്ഷന്‍, മൂവ്മെന്റ് എന്നിവയില്‍ അഡ് ജസ്റ്റ് ചെയ്യും. എന്നിട്ടും അവന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചുമ്മാ ഒരു ഡയലോഗങ്ങു ഇടും. അവിടെയാണ് കളി!!!. ഞാന്‍ പറയുന്ന ആ ഡയലോഗില്‍ ഞാനൊരു ലിങ്ക് വച്ചിട്ടുണ്ടാകും. രാധ മറന്നു പോയ ഡയലോഗിലെ ഏതെങ്കിലും ഒരു മുന്തിയ പീസ്..!! ഒരു വാക്ക്.!!..ലിങ്കു കിട്ടുന്നതോടെ രാധക്കു സംഭവം പിടികിട്ടും. മറന്ന ഡയലോഗ് അവന്‍ പറയും.ഞാന്‍ ഡയലോഗ് മറക്കുമ്പോള്‍ ഇതേ സംഗതി രാധയും ആവര്‍ത്തിക്കും.

അങ്ങിനെ തടിക്കു കേടില്ലാതെയും, ഡയലോഗുകള്‍ ഇത്തിരി കൂട്ടിയെങ്കിലും ഒട്ടും കുറക്കാതെയും ആദ്യത്തെ പത്തു മിനിട്ടു തകര്‍ത്തു... സദസ്സില്‍ നിന്ന് കയ്യടി..ചിരി...കമന്റ്സ്...
ഇതിനിടയില്‍ സ്റ്റിപ്റ്റ് പരിശോധിക്കുന്ന അരവിന്ദാക്ഷന്‍ സാറിനെ ഞാനൊന്നു ഇടം കണ്ണിട്ടു നോക്കി. സാറ് വാ പൊളിച്ച് സ്ക്രിപ്റ്റിലേക്കും, ഞങ്ങളേയും മാറിമാറി നോക്കുന്നുണ്ട്. മുന്നിനുള്ളത് ആട്ടിങ്കാട്ടാണൊ കൂര്‍ക്കുപ്പേരിയാണോ എന്ന് തിരിച്ചറിയാത്ത മുഖഭാവം.

നാടകം തികച്ചും നാടകീയമായി മുന്നോട്ടു പോകവേ..അതാ വരുന്നു മൂന്നാമന്‍ ഷിബര്‍ട്ട്. പിന്നെ പറയേണ്ടല്ലൊ 'താവളം' താളം തെറ്റി. ഏതാണ്ടു കുറച്ചു ഡയലോഗു ഓര്‍മ്മയുണ്ടായിരുന്ന അവന്‍ സ്റ്റേജില്‍ വന്നപ്പോള്‍ അതും മറന്നു. അവന്‍ ഓര്‍മ്മയില്‍ മുങ്ങിത്തപ്പി, എന്നോടു പറഞ്ഞ ഡയലോഗ് കേട്ട് ഞാന്‍ ഞെട്ടി.ഏതാണ്ട് എട്ടൊ പത്തോ ഡയലോഗ് കഴിഞ്ഞ് അവന്‍ പറയേണ്ട ഡയലോഗാണ് ചങ്ങാതി വന്ന വഴിക്കു പറഞ്ഞത്.

'എന്റെ ദൈവമേ...എന്റെ ഉള്ളു കിടുങ്ങി.' ഇനി ഇതിനുമുന്‍പുള്ള അഞ്ചെട്ടു ഡയലോഗു ഇനി എപ്പ പറയാനാ??!! നാടകം ഇപ്പൊ തീരോ....?..... കര്‍ട്ടനിടേണ്ടി വരോ....??

പക്ഷെ അവിടം വരെ ഓര്‍മ്മയും മനസ്സും എത്താത്തതുകൊണ്ടൊ എന്തോ, രാധ അഞ്ചെട്ടു ഡയലോഗിനു മുമ്പുള്ള മറുപടിയാണ് പറഞ്ഞത്. അതായത്, ഷിബര്‍ട്ട് ആദ്യം പറയേണ്ടിയിരുന്ന ഡയലോഗിന്റെ മറുപടി. നാടകം വീണ്ടും പഴയ ഗിയറില്‍..ഒ.കെ. നോര്‍മ്മലായി.

ഇടക്കു ഞാനൊന്നു അരവിന്ദാക്ഷന്‍ സാറിനെ വീണ്ടും നോക്കി. നാടകത്തിന്റെ സ്ക്രിപ്റ്റ് മുന്നോട്ടു മറിച്ചും, വീണ്ടും പിന്നോട്ടു തിരിച്ചും സാറാകെ ഞെളിപിരി. 'ഇവന്മാര് തന്ന സ്ക്രിപ്റ്റിന്റെ പേജുകള്‍ മാറിപ്പോയോ?' എന്നായിരിക്കണം സാറിന്റെ സംശയം.!!

നാടകത്തിന്റെ പകുതി ഭാഗം കഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നുപേരും തോളില്‍ കയ്യിട്ട് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു ഭാഗമുണ്ട്. മൂവരും ചേര്‍ന്ന് പാടേണ്ട പാട്ട്. അതാണ് നാടകത്തിന്റെ 'ഹൈലൈറ്റ്സ്'. ഒരു കണക്കിന് നമ്മുടെ ഇന്ത്യന്‍ സമ്പദ് ഘടനപോലെ, മുട്ടിലിഴഞ്ഞും, നിരങ്ങിയും, നീങ്ങിയും ഞങ്ങള്‍ ഡാന്‍സ് / പാട്ട് പോര്‍ഷന്‍ എത്തി. തോളില്‍ കയ്യിട്ട് മൂവരും ഡാന്‍സ് / പാട്ട് തുടങ്ങി. ആദ്യത്തെ ഒരു വരി ഒരുമിച്ച് പാടി..രണ്ടാമത്തെ വരിമുതല്‍.....

'എന്താ പറ്റീത്..??"

ഗാ‍നമേളക്കിടയില്‍ 'എക്കൊ' നിന്നതുപോലെ....തിയ്യറ്ററിലെ സിനിമക്കിടയില്‍ ഡി.ടി.എസ്. ഓഫ് ചെയ്ത പോലെ...എന്തൊ ഒരിത്......ഒരു ശബ്ദവിത്യാസം..

ഞാന്‍ തലതിരിച്ച് കൂടെയുള്ളവരെ നോക്കി.. രാധയും ഷിബര്‍ട്ടും കാല് മാറ്റിച്ചവിട്ടുന്നുണ്ട്, പക്ഷെ 'വായ' അടച്ചുവെച്ചിരിക്കുന്നു..

'അത് ശരി..അപ്പ സംഭവം അതാണ്..... പാട്ട് മറന്നപ്പോള്‍ ചുള്ളന്മാര് വായ അടച്ച് മാന്യന്മാരായി.' ഞാനന്നേരം അവന്മാരെ ഒരു നോട്ടം നോക്കി. സത്യം പറയാലോ, ജീവിതത്തിലിന്നേവരെ ഒരു ശത്രുവിനെപ്പോനും ഞാനങ്ങിനെ നോക്കിയിട്ടില്ല.

വായ തുറന്നു പിടിച്ച ഞാനെന്തു ചെയ്യാന്‍? പാടല്ലാതെ...!! അവന്മാര്‍ക്കു കുഴപ്പമില്ല, നാളെ സമരം, ഇലക്ഷന്‍ എന്നൊക്കെപ്പറഞ്ഞ് എല്ലാ ക്ലാസ്സിലും കയറിയിറങ്ങേണ്ടത് ഞാനാണ്. രാഷ്ട്രീയമുള്ളതുകൊണ്ട് പെണ്‍പിള്ളാരടക്കം (ശ്രദ്ധിച്ചു കേള്‍ക്കണം : പെണ്‍പിള്ളാരടക്കം..) കോ‍ളേജ് മുഴുവന്‍ എന്നെയറിയും.

അതുകൊണ്ട് ഞാന്‍ പാടി..., കൊടുങ്ങല്ലൂരമ്മയാണെ, വായില്‍ തോന്നിയ വരിയെല്ലാം ഞാന്‍ പാടി. (പക്ഷെ പൂരപ്പാട്ടല്ല, അതു സത്യം)

ഒള്ളതു പറയാലോ, പിന്നെ എന്താ ചെയ്യേണ്ടതെന്ന് മൂവര്‍ക്കും ഒരു പിടിയില്ല. അവിടെ വെച്ചു ഞങ്ങള്‍ നാടകം മൊത്തത്തില്‍ മാറ്റി. മാറ്റാതെ തരമില്ല. ജി. ശങ്കരപ്പിള്ളയല്ല, ഒടേതമ്പുരാന്‍ വിചാരിച്ചാലും ഇനി ഒന്നും ചെയ്യാന്‍ പറ്റില്ല. കര്‍ട്ടനിടുന്നവരെ എന്തെങ്കിലും ചെയ്ത് മാനം രക്ഷിച്ചെ പറ്റു.! പിന്നൊയൊരു തകര്‍പ്പാണ് - കലക്കെടീ കല്ല്യാണി പൊരിക്കെടീ പപ്പടം എന്നു പറഞ്ഞ മട്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കാവിലെ വെളിച്ചപാടിന് ബാധ കയറിയതു പോലെ,ഞങ്ങള്‍ തകര്‍ത്താടി. ഇനിയൊന്നും നോക്കാനില്ല. മൂവരുടേയും മനോധര്‍മ്മമനുസരിച്ച് (നാടകത്തിന്റെ പ്രധാന തീമിനു ചേരുന്ന വിധം) ഞങ്ങളോരോന്നു പറയുന്നു...ചെയ്യുന്നു. ജി. ശങ്കരപ്പിള്ള എഴുതിവച്ച ഒരു ഡയലോഗും പിന്നെ ഞങ്ങള്‍ പറഞ്ഞില്ല...റിഹേഴ്സലിനു ചെയ്ത ഒന്നും ഞങ്ങള്‍ സ്റ്റേജില്‍ പിന്നെ ചെയ്തില്ല. ഞങ്ങള്‍ തന്നെയായിരുന്നു നാടകരചനയും സംവിധാനവും എല്ലാം.....സംഗതി 'താവളം' ആയിരുന്നില്ല. വേറെന്ത് പേര് വിളിച്ചാലും അതിനു മതിയാകില്ല. പഴയ സ്റ്റേജ് പരിചയം വെച്ച് മൂന്നുപേരും പെരുക്കോട് പെരുക്ക്. പല്ലാവൂര്‍ അപ്പുമാരാര്‍ പോലും അമ്മാതിരി പെരുക്ക് പെരുക്കീട്ടുണ്ടാവില്ല.

ഇടയില്‍ കിട്ടിയ ഗ്യാപ്പില്‍ (വായില്‍ ഡയലോഗ് വരാഞ്ഞിട്ടോ എന്തൊ!!?) ഞാന്‍ വീണ്ടും അരവിന്ദാക്ഷന്‍ സാറിനെ നോക്കി. ചിരിക്കണോ, കരയണോ, വാ പൊളിക്കണൊ എന്നറിയാതെ സ്ക്രിപ്റ്റെല്ലാം മടക്കിവെച്ച് അതിനു മുകളില്‍ ഒരു കൈ വെച്ച് മറുകൈ താടിക്കു കൊടുത്തു ഇരിക്കുന്നു സാറ്.

'മക്കളെ, നിങ്ങള്‍ക്ക് ജി. ശങ്കരപ്പിള്ളയുടെ ആത്മാവ് ഒരിക്കലും മാപ്പു തരില്ലെടാ..' എന്ന ഭാവത്തില്‍...

എങ്ങിനെ സാറിനത് തോന്നാതിരിക്കും??!! കയ്യിലിരിക്കുന്ന സ്ക്രിപ്റ്റ് വേറെ, സ്റ്റേജില്‍ നടക്കുന്നത് വേറെ....ജി. ശങ്കരപ്പിള്ള എഴുതിയത് വേറെ, ഞങ്ങള്‍ പറയുന്നത് വേറെ.. മൊത്തത്തില്‍ പറഞ്ഞാല്‍ 'അന്നമ്മ വേറെ തുണി വേറെ'..

നാടകത്തിന്റെ ബാക്കിയുള്ള ഡയലോഗും, ക്ലൈമാക്സും എല്ലാം ഞങ്ങള്‍ മാറ്റി. അവസാനം ' പുറത്തേക്ക് വാ...നിന്നെ ശരിയാക്കിത്തരാം..' എന്ന ഭാവത്തില്‍ മൂന്നുപേരും പരസ്പരം തറപ്പിച്ചൊന്നു നോക്കിയിട്ട് രക്ഷപ്പെട്ടു.

കര്‍ട്ടന്‍ വീണു...നാടകം അവസാനിച്ചു.

കര്‍ട്ടന്‍ വീണു കഴിഞ്ഞപ്പോള്‍ പുറത്ത് സദസ്സില്‍ നിന്ന് ഭയങ്കര കയ്യടി... നിലക്കാത്ത കയ്യടി..കമന്റ്സ്... ഞങ്ങള്‍ത്തന്നെ ഞെട്ടിപ്പോയി!!

സത്യത്തില്‍ ആ നാടകം ആരും അതിനു മുന്‍പു കണ്ടില്ലാത്തതുകൊണ്ടും,വായിക്കാത്തതുകൊണ്ടും ആധുനിക-സിമ്പോളിക്ക് ആശയങ്ങളായതുകൊണ്ടും അതിലെ സംഗതികള്‍ ആര്‍ക്കും മനസ്സിലായില്ല. (അതോ ഞങ്ങളോടുള്ള സഹതാപം കൊണ്ടോ?!?) വെളുപ്പാന്‍ കാലത്ത് ഉറക്കംതൂങ്ങി കഥകളി കണ്ട നമ്പൂതിരി പിറ്റേന്ന് മറ്റൊരു നമ്പൂതിരിയോട് കണ്ട കളിയെക്കുറിച്ച് പറയുന്നപോലെ, " ബാലി വന്നു...സുഗ്രി വന്നു.....പിന്നെ രണ്ടു വേഷം വന്നു...." എന്ന മട്ടിലായിരുന്നു സദ്ദസ്സ്.

സത്യത്തില്‍ ആ കയ്യടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് പറയാനാവാത്ത ആശ്വാസം തോന്നി. "പോളോ" മിഠായി (പോളോ മിന്റ്) തിന്നു കഴിഞ്ഞിട്ടു "ഈഈശ്സ്ശ്സ്സ്സ്..." എന്ന് ശ്വാസം മേലോട്ടു വലിക്കുമ്പോള്‍ തോന്നണ ഒരു ഫീലിംങ്ങ് ഇല്ലേ? അതുപോലെ..

ഞങ്ങള്‍ സ്റ്റേജില്‍ കാണിച്ചുകൂട്ടിയത് അഭിനയമായിരുന്നില്ല, മറിച്ച് പരാക്രമങ്ങളായിരുന്നു എന്നത് ഞങ്ങള്‍ മൂന്നുപേര്‍ക്കും പിന്നെ അരവിന്ദാക്ഷന്‍ സാറിനും മാത്രമറിയാവുന്ന തുണിയില്ലാത്ത സത്യം (നഗ്ന സത്യം ന്ന്!)

നാടകം കഴിഞ്ഞ് ജഡ്ജ് ചെയ്യാന്‍ കൊടുത്ത സ്ക്രിപ്റ്റ് വാങ്ങാന്‍ ആരു പോകും??!! അല്ല ആരു പോകും?? ആരെങ്കിലും പോകണമല്ലോ...!? എന്നാല്‍ ആരും പോയില്ല. അത് സാറിന്റെ കയ്യില്‍ തന്നെ ഇരുന്നു.

അടുത്തത് വേറൊരു ടീം അവതരിപ്പിച്ച നാടകമായിരുന്നു. (പേരോര്‍ക്കുന്നില്ല.) സ്റ്റേജിനുള്ളില്‍ ഇരുന്നു ഞങ്ങളാ നാടകം കണ്ടു. (അമ്മ്യാണേ, സദസ്സിലേക്കു പോകാന്‍ ധൈര്യമില്ലായിരുന്നു.) പക്ഷെ ദോഷം പറയരുതല്ലൊ, ഞങ്ങള്‍ക്കുശേഷം അവതരിപ്പിച്ച ആ നാടകം കിടിലമായിരുന്നു! അവരുടെ പെര്‍ഫോമന്‍സ് കിടിലോല്‍ക്കിടിലമായിരുന്നു.!! ആ നാടകം മുഴുവനാകും മുന്‍പേ ഞങ്ങള്‍ മൂന്നുപേരും വീട്ടിലേക്കു വിട്ടു, അടുത്ത മൂന്നു നാടകങ്ങള്‍ കാണാന്‍ നില്‍ക്കാതെ.. കാണാനുള്ള ശേഷിയുണ്ടായിരുന്നില്ല സത്യത്തില്‍.

രാവിലെത്തന്നെ വന്ന്, കൂട്ടുകാരെ ഫെയ്സ് ചെയ്യാനുള്ള അപാര ധൈര്യം കൊണ്ട് പിറ്റേന്ന് ഉച്ചയോടെ 12 മണിക്കാണ് എത്തിയത്.

അതുവരെ നടന്ന കലാമത്സരങ്ങളുടെ ഫലപ്രഖ്യാപനം അന്നായിരുന്നു.

അവാര്‍ഡ് മോഹങ്ങള്‍ അന്നേ ഞങ്ങളില്ലാത്തതുകൊണ്ട് ഞങ്ങള്‍ക്ക് പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല. എന്തിനു തോന്നണം??!! സംവിധായകന്‍ വിനയന്‍ തന്റെ ചിത്രത്തിനു ഓസ്കാര്‍ അവാര്‍ഡ് പ്രതീക്ഷിക്കുമോ?! സുരേഷ് ഗോപി തന്നെ അടുത്ത ജയിംസ് ബോണ്ട് ആകാന്‍ ക്ഷണിക്കുമെന്ന് പ്രതീക്ഷിക്കുമോ?! എന്തിന്, മല്ലികാ ഷെറാവത്ത് തന്റെ അടുത്ത ചിത്രത്തില്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തുണിയുടുത്തു അഭിനയിക്കേണ്ടി വരുമെന്ന് പ്രതീക്ഷിക്കുമോ?! ഇല്ലേയില്ല..അതുകൊണ്ട് അങ്ങിനെയൊരു അവാര്‍ഡു സ്വപ്നങ്ങളൊന്നും ഞങ്ങള്‍ക്കുണ്ടായിരുന്നതേയില്ല.

ഞാനും രാധയും, ഷിബര്‍ട്ടും കൊടുങ്ങല്ലൂരില്‍ ഭരണിക്കു മാത്രം പാടുന്ന ചില ശ്രവണാനന്ദകരമായ ഗാനങ്ങളുടെ ഈരടികള്‍ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പാടിക്കൊണ്ടിരുന്നു.!! തലേദിവസം നാടകം ചളമായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ ഞങ്ങളുടെ അഛന്മാരുടെ പേര് 'മഹാത്മാഗാന്ധി', യേശുകൃസ്തു' എന്നൊന്നുമല്ലല്ലൊ!! അതുകൊണ്ട് പരസ്പരം 'താനാരൊ താനാരൊ' പറഞ്ഞുകൊണ്ടിരുന്നു, ആ അനൌണ്‍സ്മെന്റ് വരുന്നതു വരെ.

മറ്റു ചില മത്സരങ്ങളുടെ ഫലപ്രഖ്യാപനം കഴിഞ്ഞയുടനെ അതാ.... മൈക്കിലൂടെ ആ ശബ്ദം ഒഴുകി വരുന്നു..

"ഏകാങ്ക നാടകം......"

ഞങ്ങളൊന്നു നിശ്ശബ്ദരായോ??!

"ഒന്നാം സമ്മാനം......."

"..................& പാര്‍ട്ടി അവതരിപ്പിച്ച............."

ഞങ്ങളുടെ നാടകത്തിനു ശേഷം അവതരിപ്പിച്ച ടീമിന്റെ ആ കിടിലന്‍ നാടകം.
(അവര്‍ക്കു കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു.. കാരണം അവരുടെ പെര്‍ഫോമന്‍സ് കണ്ടപ്പോഴെ ഞങ്ങളൂഹിച്ചതാ, കിട്ടുമെന്ന്)

സദ്ദസ്സില്‍ കയ്യടിയുടെ താലപ്പൊലി... ബഹളം.... അവരുടെ കൂട്ടുകാര്‍ അത് ശരിക്കും ആഘോഷിക്കുകയാണ്.

സദസ്സിന്റെ ഒരു മൂലയില്‍ "അഭിനയത്തിന്റെ മൂന്നു കുലപതികള്‍" തളര്‍ന്നിരിക്കുന്നത് ആരും കണ്ടില്ല.!!

"രണ്ടാം സമ്മാനം..."
മൈക്കിലൂടെ വീണ്ടും അറിയിപ്പെത്തി..

സദ്ദസ്സ് നിശ്ശബ്ദരായി....കാതോര്‍ത്തു..

"രണ്ടാം സമ്മാനം........

രാധാകൃഷ്ണന്‍ & പാര്‍ട്ടി അവതരിപ്പിച്ച "താവളം"

......................................
.....................................

ആരെങ്കിലും കയ്യടിച്ചോ??? ഏയ് തോന്നീതാവും......

ഞാനും രാധയും ഷിബര്‍ട്ടും മുഖത്തോടു മുഖം നോക്കി...!!!
ഞാന്‍ കേട്ടതു ശരിയാണോ എന്ന സംശയത്തോടെ......
നീ ശരിക്കു കേട്ടോ എന്ന ചോദ്യത്തോടെ.......

തൊട്ടടുത്തിരിക്കുന്ന കൂട്ടുകാര്‍ തോളില്‍ തട്ടുന്നു...കൈ തരുന്നു..(അല്ലാ! മരവിച്ചിരിക്കുന്ന ഞങ്ങളുടെ കൈ പിടിച്ചു വാങ്ങുന്നു.)

"ടാ.. നന്ദ്വോ...രാധേ... നിങ്ങക്ക് സെക്കന്റ്ഡ്...."

"ഞാന്‍ അപ്പഴേ പറഞ്ഞില്ലേഡാ ഇവര്‍ക്കായിരിക്കും സെക്കന്‍ഡ് ന്ന്..." ഏതോ ഒരുത്തന്‍.

"എടാ... നമ്മുടെ നാടകം സെക്കന്‍ഡ്........??!!!!!"

കിലുക്കം സിനിമയില്‍ ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നസെന്റിന്റെ മുഖത്തു വന്ന ഭാവവുമായി മൂന്നു മുഖങ്ങള്‍...

ഞാന്‍, രാധ, ഷിബര്‍ട്ട്........ഷിബര്‍ട്ട്, രാധ, ഞാന്‍..... പിന്നേം..ഞാന്‍...രാ.......

നാടകത്തിനു രണ്ടാം സമ്മാനം ഞങ്ങളവതരിപ്പിച്ചു വികൃതമാക്കിയ 'താവളം' എന്ന നാടകത്തിന്.....



കാരണം....????

എന്തായിരുന്നു കാരണം....???

ഊഹിക്കാമോ.??


ആ വര്‍ഷം ആര്‍ട്ടു ഫെസ്റ്റിവലിനു ആകെ 'രണ്ടേ രണ്ടു' നാടകങ്ങളേ അവതരിപ്പിച്ചിരുന്നുള്ളൂ......!!
(അഞ്ച് നാടകങ്ങള്‍ പേര് കൊടുത്തെങ്കിലും മൂന്നെണ്ണം ക്യാന്‍സല്‍ ആവുകയായിരുന്നു...!!!)

ജി. ശങ്കരപ്പിള്ള പരലോകത്തിരുന്നു കരഞ്ഞിട്ടുണ്ടാകും.....!!


(ഈ പര്‍വ്വത്തിന്റെ കര്‍ട്ടന്‍ വീണു.)

25 comments:

nandakumar March 30, 2008 at 1:59 PM  

നിറം മങ്ങാത്ത കലായയ സ്മരണയുടെ അവസാന ഭാഗം. ഈ പര്‍വ്വത്തിനു ഇതോടെ തിരശ്ശീല വീഴുന്നു.

കണ്ണൂരാന്‍ - KANNURAN March 30, 2008 at 3:45 PM  

രസച്ചരടുമുറിയാതെ എഴുതിയിരിക്കുന്നു.

കണ്ണൂരാന്‍ - KANNURAN March 30, 2008 at 3:45 PM  
This comment has been removed by the author.
തോന്ന്യാസി March 30, 2008 at 4:53 PM  

ഞാന്‍ വരുന്നേനു മുമ്പേ കര്‍ട്ടനിട്ടോ? കൊന്നളയും ഞാന്‍........ഇനി ഇങ്ങനെ ചെയ്യരുത്‌ ട്ടോ.....

ഇത്തവണ ക്ഷമിച്ചു........

vadavosky March 30, 2008 at 8:19 PM  

നന്നായി എഴുതിയിരിക്കുന്നു. :)

SIJI March 31, 2008 at 6:34 PM  

oooooops!!! kalakki. idakku dialogues il keri varunna aa "trichurian" slang "ksha" pidichu. hi enthhoottu parayaan... vadavovsky nnoru gadi ezhthiyekkanathu thanne seri.

The Common Man | പ്രാരബ്ധം March 31, 2008 at 7:05 PM  

എനിക്കു വയ്യ!!!!!!

ഒരു നാടക ക്ളബ്ബ് തുടങ്ങാറായി.

[ ഞാനും സ്കൂള്‍ തലം മുതല്‍ നാടകം കളിച്ചു കുളമാക്കാറുള്ള ഒരു നാടകപ്രേമിയാണു കേട്ടോ]

യു.പി.സ്കൂള്‍ മുതലുള്ള നാടക വീരകഥകള്‍ പോരട്ടേ!!!

പൈങ്ങോടന്‍ March 31, 2008 at 10:02 PM  

നന്നായിട്ടുണ്ട് മച്ചൂ..എന്നാലും ഒന്നാംഭാഗത്തിന്റെയത്ര അങ്ങോട്ട് എത്തിയോ എന്നൊരു സംശയം.
റോളുചോദിച്ച് കുറെപിന്നാലെ നടന്നപ്പോ ശല്യം സഹിക്കവയ്യാതെയാണ് തനിക്ക് റോളുതന്നതെന്നുമാണല്ലോ രാധ പറഞ്ഞത്.(അവന് ഇറച്ചീം പെറോട്ടേം വേടിച്ചുകൊടുത്തതുകൊണ്ടല്ല റോളു തന്നതെന്നും പറഞ്ഞു)

Unknown April 1, 2008 at 5:26 PM  

aa.. kidilan nadakam koodi cancel aayi poyirunnenkil enthayirikkum sthithi...pinne D zone fest inokke poyi ,,prasnamayene...

Sherlock April 1, 2008 at 7:45 PM  

'ഇവന്മാര് തന്ന സ്ക്രിപ്റ്റിന്റെ പേജുകള്‍ മാറിപ്പോയോ?' എന്നായിരിക്കണം സാറിന്റെ സംശയം.!!

ഹ ഹ.... :)

വായനയുടെ സുഖം അവസാനം വരെ നിലനിര്‍ത്തിയിട്ടുണ്ട്... തുടരുക..ആശംസകള്‍

Movie Mazaa April 1, 2008 at 9:43 PM  

Ivide ingane oru paripadi arangeriyathu arinjilla ketttaaaa... Ithu kalakkiyittundu.. Nee thakartho.. Laksham laksham pinnaalee...

Movie Mazaa April 1, 2008 at 9:45 PM  
This comment has been removed by the author.
Movie Mazaa April 1, 2008 at 9:46 PM  

Oru prolsahanam enna nilayil janathinte thikkum thirakkum karanam adachu pootiyaalo ennu aalochichirikkunna ente vilayeriya blog-il ninte nandaparvathe add cheythittundu..

:P :)

അപ്പു ആദ്യാക്ഷരി April 2, 2008 at 8:56 AM  

ഈ നാടകം വായിച്ചു കുറേ ചിരിച്ചു. നല്ലവിവരണം മാഷേ.

പഠിച്ച ഡയലോഗ് ഓര്‍മ്മയില്‍ നില്‍ക്കുമെങ്കില്‍ ഞങ്ങള്‍ കെ.കെ.ടി.എം. കോളേജില്‍ തേഡ് ഗ്രൂപ്പിനു ചേരോ??!! മിനിമം തൃശൂര് എഞ്ചിനീയറിങ്ങ് കോളേജില്‍ നോക്കിയാല്‍ മതി!!)

കലക്കി!!

ശ്രീ April 2, 2008 at 9:05 AM  

ശരിയ്ക്കും ആസ്വദിച്ചു വായിച്ചു. മിക്ക ഭാഗങ്ങളും ചിരിപ്പിച്ചു...
“ദൈവമേ!!...."ഊഊഊഉജ്ജ്വലമാകുമോ".. നാടകം...???”
ഹ ഹ. അതു പോലെ നാടകത്തിനു സെക്കന്റ് എന്നു കേട്ടിട്ട് നിങ്ങള്‍ ഞെട്ടിയിരിയ്ക്കുന്നതു ഒന്നോര്‍ത്തു പോയി.
:)

പൊറാടത്ത് April 2, 2008 at 12:42 PM  

ആദ്യാ‍വസാന ഭാഗങ്ങള്‍ ഒരുമിച്ച് ഇന്ന് വായിച്ചു. തരക്കേടില്ല..ആ ശൈലി കണ്ട്, നന്ദന് നര്‍മ്മത്തേക്കാള്‍ ഗൌരവവിഷയങ്ങളാകും ചേരുക എന്നെനിയ്ക്ക് തോന്നുന്നു..

എഴുത്ത് തുടരൂ..

Be positive April 3, 2008 at 2:00 PM  

വിവരണം ഇത്തിരി കൂടിപ്പോയോ എന്നു സംശയം.....എന്തായാലും നന്നായിട്ടുണ്ട് ....അടുത്ത പോസ്റ്റ് ഇനി എന്നണ് എന്തായാലും അറിയിക്കണം......
ആശംസകള്‍........
പ്രകാശ്.എ.വി.

,, April 3, 2008 at 3:09 PM  

നന്ദന്‍ നല്ല എഴുത്ത്. മുഴുവന്‍ വായിക്കാനായി പ്രിന്റ് എടുത്തു.

G.MANU April 4, 2008 at 10:44 AM  

കൊഴപ്പാവൊ..?...ഏയ്... ഉണ്ടാവൊ...??...ഇല്ല്യ.......ഉവ്വോ....??

ഹ ഹ ഇല്ല..ഒരു കൊഴപ്പോമില്ല..തകര്‍ത്തു..
ഇനി അടുത്ത എപ്പി പോരട്ടെ

nandakumar April 4, 2008 at 10:47 AM  

കണ്ണൂരാന്‍ : ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി. ഇനീം വരണം ഇവിടേക്ക്.
തോന്ന്യാസി :- ക്ഷമീ.. അടുത്തതവണ ചാന്‍സ് തരാം. നന്ദി.
Vadavosky :- നന്ദീണ്ട് മാഷെ. ഇനീം വരണം ഇവിടേക്ക്.
Siji :- ഇഷ്ടപ്പെട്ടൂന്നറിഞ്ഞേല് സന്തോഷണ്ട്ട്ടാ ഗഡ്യേ.. നന്ദീംണ്ട്.
പ്രാരാബ്ദം :- സന്തോഷം. :-) യു.പി മുതലില്ല. ഹൈസ്ക്കൂളു മുതല്. എഴുതാം. നന്ദി.

nandakumar April 4, 2008 at 10:56 AM  

പൈങ്ങോടന്‍ :- ആരാ മോനെ പൈങ്ങോടാ ഈ കമന്റെ ഇവിടെ ഇട്ടത്? നീയാ? ഏതു പൈങ്ങോടനായാലും ഈ കമന്റുകളൊക്കെ പെറുക്കിക്കൂട്ടി ഒരു നല്ല പോസ്റ്റാക്കി ‘പൈങ്ങോടന്‍സ് ‘ ബ്ലോഗിലിട്ടേക്കണം. നന്ദന്റെ കൂടി തറവാടാ അത്. പൊട്ടിയതും ചളുങ്ങിയതുമായ പോസ്റ്റൊന്നും വേണ്ട. പകരം പുതിയതു വേണം ബ്ലോഗിലെത്താന്‍. അതിപ്പൊ ‘മീന്‍ പിടിക്കുന്ന’ പടമായാലും കൊള്ളാം. (ഡിഷ്യൂം..) അങ്ങിനെ ചെയ്യാന്‍ പറയണം. അല്ലേല്‍ ഞാ‍നങ്ങ് വരും ആഫ്രിക്കയിലേക്ക്. നിന്റെ കഴുത്തില്‍ തൂങ്ങുന്ന ക്യാമറയും, നാലഞ്ചു പോസ്റ്റുമായി പടിഞ്ഞാറ്റിയില്‍ അട്ടം നോക്കി കിടക്കുന്ന നിന്റെ പൈങ്ങോടന്‍ ബ്ലോഗിനേയും വലിച്ചു പുറത്തിട്ടു കത്തിക്കും.. കേട്ടൊ മോനെ പൈങ്ങോടാ‍....

വെര്‍തെ.... :-)

nandakumar April 4, 2008 at 11:09 AM  

Jyothi :- സന്തോഷംണ്ട്. എന്നാണാവോ ഇനി മലയാളത്തില്‍ കമന്റുന്നത്? ആ നല്ല നാളേക്കു കാത്തിരിക്കുന്നു. :-)

ജിഹേഷ് :- ഒരു പാടു നന്ദീണ്ട് ഗഡീ. സന്തോഷം. നിന്റെ ബ്ലോഗു കണ്ടു. ആ സ്വപ്നങ്ങള്‍ 1,2,3 ഭാഗങ്ങള്‍ അതി സുന്ദരം. പോരട്ടെ അതുപോലെ ഇനീം. :-)

MM :- വേലു, സന്തോഷം. വന്നതിനും കമന്റിയതിനും. ഇനീം വരണം :-)

അപ്പു :- വന്നതില്‍, അഭിപ്രായം അറിയിച്ചതില്‍ ഒരുപാട് സന്തോഷം.’പോര്‍ട്ട് ഫോളിയ’യിലെ കമന്റും കണ്ട്. നന്ദി. ഇനീം വരണം :-)

ശ്രീ :- നന്ദി. ശ്രീ മാത്രമാണ് ആ ഭാഗം ശ്രദ്ധിച്ചത്. അതിനു സ്പെഷ്യല്‍ നന്ദി.

പൊറാടത്ത്:- തുറന്നു പറഞ്ഞ അഭിപ്രായത്തിനു ഒരു പാടു നന്ദി. ഇതൊരു പരീക്ഷണാര്‍ത്ഥം എഴുതി നോക്കിയതാണ്. ശ്രമിക്കാം. ഇനീം വരണം :-)

ബി.പോസറ്റീവ് :- പ്രകാശ്. എനിക്കും തോന്നി. അതുകൊണ്ടാ 2 ഭാഗം ആക്കിയതു. അടുത്ത പോസ്റ്റ് ഉടനെയുണ്ടാവും. വന്നതിനും കമന്റിയതിനും നന്ദി.

നന്ദന:- ഇവിടെ വന്നതില്‍ സന്തോഷം. പ്രിന്റ് എടുത്തൊള്ളൊ അതൊ വായിച്ചോ? :-) ഒരു കവയത്രി എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതില്‍ പെരുത്ത് സന്തോഷം.ഇനീം വരണം :-)

ജി. മനു:- സാറെപ്പൊ വന്നു? എന്താ വരാത്തെ, എന്താ വരാത്തെ എന്നാലോചിക്കയിരുന്നു. ഒരു പാടു നന്ദി. ഇനീം വരണം :-)

ശ്രീവല്ലഭന്‍. April 5, 2008 at 4:58 PM  

നന്ദന്‍,
വളരെ രസകരമായ് എഴുതിയിരിക്കുന്നു. ഞാനും കുറച്ച് നാടകങ്ങള്‍ കളിച്ചിട്ടുണ്ട്. ആ ഓര്‍മ്മ പുതുക്കല്‍ രസകരം തന്നെ. :-)

സനീഷ് സി എസ് April 8, 2008 at 12:08 AM  

കലക്കി ഭായി...കലക്കി..
ഇനിയും എഴുതണം..സൂപ്പര്‍ ആയിട്ടുണ്ട്‌.

ഇതു വായിച്ചു കൊണ്ടിരിക്കുമ്പോള്‍ മനസ്സു പഴയ ആ കലാലയ ദിനങ്ങളിലേക്ക് തിരിച്ചു നടക്കുകയായിരുന്നു... ആ കാറ്റാടി മരങ്ങളും, പൊട്ടിപ്പൊളിഞ്ഞ തറകളുള്ള മാവിന്‍ ചുവടും, കെമിസ്ട്രി ലാബ്‌ ഇലെ സള്‍ഫുരിക് ആസിഡ് ന്റെ ഗന്ധവും, ഇന്‍ങ്ക്വിലാബ്‌ വിളിച്ചു നടന്ന ഇടനാഴികളും മനസിലേക്ക് ഓടിയെത്തുന്നു.

താങ്ക്സ് നന്ദന്‍....

പിന്നെ..."കാറ്റാടിക്കാട്ടില്‍ എന്നും നടക്കുന്ന ഒരേയൊരു സംഗതി ലോക്കല്‍സിന്റെ ചീട്ടുകളിയാണ്. കോളേജിനു ഇടക്കു മുടക്കമുണ്ടാകാറുണ്ടെങ്കിലും, ചീട്ടുകളിക്ക് യാതൊരു മുടക്കവും വരാറില്ല.നാടകറിഹേഴ്സലിനിടയില്‍ അലര്‍ച്ചയോ, ഡയലോഗ് പറയുമ്പോള്‍ ശബ്ദമുയര്‍ത്തലോ, ആക്രോശമോ ഉണ്ടാകുമ്പോള്‍ ചീട്ടുകളിക്കുന്ന ചേട്ടന്മാര്‍ തലതിരിച്ചു നോക്കും"

ഈ പറഞ്ഞ ചീട്ടുകളിക്കുന്ന ചേട്ടന്മാരുടെ(പുതിയ തലമുറയിലെ) കൂട്ടത്തില്‍ 2 വര്‍ഷം ഞാനും ആ കാറ്റാടി മരങ്ങള്‍കിടയില്‍ ഇരുന്നു കുറെ കളിച്ചതാ.

സനീഷ് സി എസ് April 8, 2008 at 12:15 AM  

ആദ്യത്തെ ഒരു വരി ഒരുമിച്ച് പാടി..രണ്ടാമത്തെ വരിമുതല്‍.....

'എന്താ പറ്റീത്..??"

ഗാ‍നമേളക്കിടയില്‍ 'എക്കൊ' നിന്നതുപോലെ....തിയ്യറ്ററിലെ സിനിമക്കിടയില്‍ ഡി.ടി.എസ്. ഓഫ് ചെയ്ത പോലെ...എന്തൊ ഒരിത്......ഒരു ശബ്ദവിത്യാസം..

ഞാന്‍ തലതിരിച്ച് കൂടെയുള്ളവരെ നോക്കി.. രാധയും ഷിബര്‍ട്ടും കാല് മാറ്റിച്ചവിട്ടുന്നുണ്ട്, പക്ഷെ 'വായ' അടച്ചുവെച്ചിരിക്കുന്നു..

'അത് ശരി..അപ്പ സംഭവം അതാണ്..... പാട്ട് മറന്നപ്പോള്‍ ചുള്ളന്മാര് വായ അടച്ച് മാന്യന്മാരായി.' ഞാനന്നേരം അവന്മാരെ ഒരു നോട്ടം നോക്കി. സത്യം പറയാലോ, ജീവിതത്തിലിന്നേവരെ ഒരു ശത്രുവിനെപ്പോനും ഞാനങ്ങിനെ നോക്കിയിട്ടില്ല.


ഇതു കലക്കീട്ടോ... എനിക്ക് ചിരി അടക്കാന്‍ പറ്റണില്ല ഭായി... നര്‍മം നന്നായി ഉപയോഗിച്ചിരിക്കുന്നു..