തീപ്പെട്ടിക്കൂടുകള്‍ (അവസാന ഭാഗം)
.
ചില ദിവസങ്ങളില്‍ രാവിലെ വല്ല്യച്ചന്‍ ചായ പീടികേല് പോയിട്ടുവരുമ്പോള്‍ പാത്രത്തില്‍ അരഗ്ലാസ്സ് ചായയുണ്ടാവും ചായ പീടികയില്‍ (ഹോട്ടല്‍) നിന്നു കൊണ്ടുവരുന്നത് കാരണം ഞങ്ങളതിനെ 'പീട്യേ ചായ' എന്നാണ് പറയുക. ചില ദിവസം ചായക്കൊപ്പം ഒരു കഷണം പൂട്ട് (പുട്ട്/പിട്ട്) ഉണ്ടാകും. അതൊക്കെ എനിക്കുള്ളതായിരിക്കും. പീട്യേ ചായയും പൂട്ടും കഴിച്ചാല്‍ എനിക്കു തന്നെ തോന്നും ഞാനിവിടത്തെ വിരുന്നുകാരനാണെന്ന്. ചില വൈകുന്നേരങ്ങളില്‍ ചേട്ടന്മാര്‍ പണി കഴിഞ്ഞ് വരുമ്പോള്‍ കപ്പലണ്ടിയോ മുറുക്കോ കൊണ്ടുവരും. അതൊക്കെയായിരുന്നു അന്ന് വിരുന്നുകാരനുള്ള പലഹാരങ്ങള്‍.
പതിവുപോലൊരു ദിവസം ഉച്ചയൂണിനു ശേഷം ഞാന്‍ പതിയെ നടക്കാനിറങ്ങി. വല്യമ്മയുടെ വീട്ടില്‍ വന്ന് കുറെ ദിവസമായതുകൊണ്ടാവും പരിസരത്തൊക്കെ ഒറ്റക്ക് പോകാന്‍ തുടങ്ങി. വല്യമ്മയുടെ രണ്ട് വീടിനപ്പുറം, പണിതീരാറായ (എന്നാല്‍ താമസമുള്ള) ഒരു വീടിനു പുറകിലെ ചെറിയൊരു ഓലപ്പുര അപ്പോഴാണ് ഞാന്‍ കാണുന്നത്. അതിനു മുന്‍പു ഞാനാ വീട് കണ്ടിട്ടുണ്ടായിരുന്നില്ല. ഞാന്‍ പതിയെ ആ വീടിനടുത്തെക്ക് നടന്നു. ഓലമേഞ്ഞ മേല്‍ക്കൂര, മണ്ണുകൊണ്ടു പണിത ചുമര്‍. തറ ചാണകം മെഴുകിയിരിക്കുന്നു. ഞാനെത്തിയത് വീടിന്റെ പുറകുവശത്താണ്. അതിനു മുന്‍പോ ശേഷമോ ഞാനാ വീടിന്റെ മുന്‍ വശം കണ്ടിട്ടില്ല. ആ വീടിന്റെ ഇറയത്ത് പ്രായം ചെന്ന ഒരു ചേച്ചി ഇരുന്ന് എന്തോ ചെയ്യുകയാണ്. ചേച്ചിക്കു മുന്‍പില്‍ വയലറ്റു നിറത്തില്‍ ചെറിയ ചതുരപ്പെട്ടികളുടെ ഒരു കൂമ്പാരം. എനികത്ഭുതവും കൌതുകവും തോന്നി. ഞാന്‍ അവരുടെ അടുത്തേക്ക് ചെന്നു ഇറയത്തിരുന്നു.
"എന്തുറ്റാ ണ്ടാക്കണത്?
"ഇതാ..ഇത് തീപ്പെട്ടി" ആ ചേച്ചി ചെയ്യുന്ന ജോലിയില്‍ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
എനിക്ക് അത്ഭുതം കൊണ്ട് പൊറുതിമുട്ടി. ജീവിതത്തില്‍ ആദ്യമായാണ് ഒരു തീപ്പെട്ടി ഉണ്ടാക്കുന്നത് കാണുന്നത്. ആ പ്രായത്തില്‍ തീപ്പെട്ടി ഒരു അത്ഭുത വസ്തുവായിരുന്നു. ജീവിതത്തില്‍ എപ്പോഴും ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയുടെ നിര്‍മ്മാണം ഞാനാദ്യം കാണുകയായിരുന്നു. അതുവരെ അത് ലോകത്തിലെവിടെയോ ഒരു കമ്പനിയില്‍ ഉണ്ടാക്കുന്ന ഒരു വസ്തുവായിരുന്നു. അന്ന് പൊതുവേ രണ്ടോ മൂന്നോ തരത്തിലുള്ള തീപ്പെട്ടിയേ ഞാന്‍ കണ്ടിട്ടുള്ളൂ. ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്ന 'ബേബി മോള്‍' കൂടാതെ അമ്പും വില്ലും പടമുള്ള "ആരോ' അങ്ങിനെയെന്തെക്കെയോ? പക്ഷെ ഓര്‍മ്മയിലുള്‍ലത് 'ബേബി മോള്‍' തീപ്പെട്ടി. അക്കാലത്ത് അതായിരുന്നു എല്ലാവരും ഉപയോഗിച്ചിരുന്നത്.
"ഇതേത് തീപ്പെട്ട്യാ?"
അപ്പോളവരെനിക്ക് സമീപത്തിരുന്നിരുന്ന അവരുടെ വീട്ടില്‍ ഉപയോഗിക്കുന്ന ഒരു തീപ്പെട്ടിയെടുത്തു തന്നു. ഞാനത് നോക്കിയപ്പോള്‍ എനിക്കത്ഭുതം വീണ്ടും. അത് 'ബേബി മോള്‍' തീപ്പെട്ടിയായിരുന്നു. വെളുത്ത ഒരു കൊച്ചുപെണ്‍കുട്ടി മേലുടുപ്പില്ലാതെ നില്‍ക്കുന്ന ഒരു പടമായിരുന്നു അതിന്. മുടി മെടഞ്ഞ് മുന്നിലേക്കിട്ട് അതില്‍ പൂവ് ചൂടിയിട്ടുണ്ടായിരുന്നു. നല്ല ഓമനത്തമുള്ള മുഖമായിരുന്നു ആ കൊച്ചുപെണ്‍കുട്ടിക്ക്.
"ആയ്.. നല്ല രസംണ്ട് ല്ലേ ഈ ക്ടാവിനെ കാണാന്‍?"
"ഇണ്ടാ? എന്നാ നീ കല്യാണം കഴിച്ചോടാ..ഹ ഹ"
അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ടതും അലക്കു കല്ലിന്റെയവിടെ തുണിയലക്കി നിന്നിരുന്ന ചേച്ചിയും കൂടി ചിരിച്ചു. ഞാനാകെ നാണം കൊണ്ട് ചുളിഞ്ഞു. പെട്ടെന്നുള്ള അവരുടെ മറുപടി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് കേട്ടതും ഇനിയെന്തു ചോദിക്കണം എന്നു എനിക്കറിയാതെയായി. തീപ്പെട്ടി ഉണ്ടാക്കുന്നത് കാണണം എന്നുണ്ട്. പക്ഷെ അവരുടെ കളിയാക്കലില്‍ ഞാന്‍ ചൂളിപോയതുകാരണം എനിക്കവിടെ ഇരിക്കാന്‍ പറ്റാതെയായി. ഞാന്‍ വേഗം വല്യമ്മയുടെ വീട്ടിലേക്ക് ഓടിപോയി.
പിന്നീട് രണ്ടു ദിവസം ഞാനങ്ങോട്ട് പോയില്ലെങ്കിലും തീപ്പെട്ടി ഉണ്ടാക്കുന്ന സൂത്രം എനിക്ക് നേരില്‍ കാണണം എന്ന മോഹം കലശലായി വന്നു. അതുകൊണ്ട് തന്നെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ വീണ്ടും പോയി.
"എവ്ട്യായിരുന്നെടാ കണ്ണാ രണ്ടൂസം? നീ ചായെള്ളം കുടിച്ചാ?"
ഞാന്‍ തലയാട്ടി തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരുന്നു. തീപ്പെട്ടിക്കുള്ളിലെ കോലുകള്‍ സൂക്ഷിച്ചുവെയ്ക്കുന്ന പെട്ടിയായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്. മുന്നില്‍ പലകയില്‍ ഉറപ്പിച്ചു വെച്ചിരുന്ന ഒരു ചതുര കഷണത്തില്‍ (ഡൈ) അവര്‍ ആദ്യം നീളമുള്ള ഒരു നേര്‍ത്ത മരകഷണം നാലുമൂലകളിലും മടക്കി ചേര്‍ത്തു വെയ്ക്കും അതിനു മീതെ അരികില്‍ ചതുരത്തില്‍ വെട്ടിയിട്ടിരിക്കുന്ന നേര്‍ത്ത ഒരു മരകഷണം വെയ്ക്കും അതിനും മീതെ വയലറ്റ് നിറത്തിലുള്ള, ചതുരകഷണങ്ങളായി വെട്ടിയിട്ടിരിക്കുന്ന കടലാസ്സുകഷണം അടുത്തിരിക്കുന്ന പശപ്പാത്രത്തില്‍ നിന്ന് ഇത്തിരിയെടുത്ത് തേച്ച് മരപ്പലകയില്‍ വച്ച നേര്‍ത്ത കനമുള്ള മരക്കഷണത്തിന്റെ മുകളില്‍ വയ്ക്കും എന്നിട്ട് നാലു വശത്തേക്കി മടക്കി ഒട്ടിക്കും. അതു ഊരിയെടുത്താല്‍ തീപ്പെട്ടിയുടെ അകത്തെ കൂടായി, എന്നിട്ട് നീണ്ടു നില്‍ക്കുന്ന കടലാസ്സു കഷണത്തിന്റെ ഭാക്കി അകത്തേക്ക് മടക്കി വെച്ച് ഒട്ടിക്കും.
വളരെ വേഗതയിലാണവര്‍ ചെയ്തുകൊണ്ടിരുന്നത്. ഒരു മെഷീന്‍ ചെയ്യുന്ന പോലെ. 'തീപ്പെട്ടി ഉണ്ടാക്കുന്നത് ഒന്നു കാണിച്ചു തരോ' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അവരെനിക്ക് വളരെ പതുക്കെ അതുണ്ടാകുന്ന വിധം കാണിച്ചുതന്നു. എനിക്കന്നു വലിയ സന്തോഷമായിരുന്നു. ലോകത്തിലെ വലിയൊരു സംഗതിയുടെ നിര്‍മ്മാണ രഹസ്യം ഞാന്‍ അറിഞ്ഞിരിക്കുന്നു!! കണ്ടിരിക്കുന്നു !!!
പിന്നീടുള്ള ദിവസങ്ങള്‍ ഞാനവിടത്തെ സന്ദര്‍ശകനായി. രാവിലെ ചായ കുടിച്ചു കഴിഞ്ഞാല്‍ ഞാനവിടെ ചെന്നിരിക്കും. തീപ്പെട്ടി ഉണ്ടാക്കുന്നത് നോക്കിയിരിക്കും. എന്താണന്നെറിയില്ല അതുണ്ടാക്കുന്ന ചേച്ചിയെ എന്നും മുഷിഞ്ഞ വസ്ത്രത്തിലേ കണ്ടിരുന്നുള്ളു. മിക്കപ്പോഴും ഒരേ സാരി തന്നെയായിരിക്കും. ആ ചേച്ചിയെ വീടിന്റെ ഇറയത്ത് തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കുന്നതല്ലാതെ മറ്റൊരു രീതിയിലും ഞാന്‍ കണ്ടിരുന്നില്ല.തീപ്പെട്ടിഒക്കൂടുണ്ടാക്കുന്നത് എപ്പോ തുടങ്ങുന്നുവെന്നൊ അവസാനിക്കുന്നുവെന്നോ അറിയില്ലായിരുന്നു.
ചില നേരങ്ങളില്‍ എനിക്കും ചായ തരും. കട്ടന്‍ ചായ. ആദ്യമൊക്കെ ഞാന്‍ വേണ്ടാ വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നീട് അതു കുടിക്കാന്‍ എനികു മടി തോന്നിയില്ല. പതുക്കെപതുക്കെ തീപ്പെട്ടിക്കൂടുണ്ടാക്കുന്ന വിദ്യ ഞാനും വശമാക്കാന്‍ തുടങ്ങി. ഒരു ദിവസം ഞാന്‍ ചോദിച്ചു :
"ഒരണ്ണം ഞാനും ണ്ടാക്കട്ടെ."
എന്നോടുള്ള വാത്സ്യല്യം കാരണമാകാം അവര്‍ സമ്മതിച്ചു. ഒരുപാട് സമയമെടുത്ത് ഞാനും ഉണ്ടാക്കി ഒരെണ്ണം. അതു ഉണ്ടാക്കികഴിഞ്ഞപ്പോളുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ലോകം കീഴടക്കിയ ആവേശം.... ലോകത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ കൂട് ഞാന്‍ ഒറ്റക്ക് ഉണ്ടാക്കിയിരിക്കുന്നു. !!.. എന്റെ സമപ്രായക്കാര്‍ക്ക് പലര്‍ക്കും കിട്ടാത്ത ഭാഗ്യം!! അന്ന് രാത്രി ഞാനൊരുപാട് നേരം ഉറങ്ങിയില്ല..
പിന്നീട് പല ദിവസങ്ങളില്‍ ഞാന്‍ തീപ്പെട്ടിയുടെ അകം കൂട് ഉണ്ടാക്കികൊണ്ടിരുന്നു. അതുണ്ടാക്കാന്‍ ചേച്ചി എനിക്കു മറ്റൊരു പലക (ഡൈ) തന്നു. ഞാനുണ്ടാക്കുന്ന തീപ്പെട്ടിക്കൂടുകളില്‍ ഞാന്‍ ചിലപ്പോള്‍ മനപ്പൂര്‍വ്വം എന്തെങ്കിലും വ്യത്യസ്ഥത ഉണ്ടാക്കാന്‍ ശ്രമിക്കും. കടലാസ്സിന്റെ മൂല ചെരിച്ചൊട്ടിച്ചോ ഒരു ഭാഗം കുറച്ച് കീറിമാറ്റിയോ മറ്റോ. മറ്റൊന്നിനുമല്ല, പിന്നീട് ആ തീപ്പെട്ടി യാദൃശ്ചികമായെങ്ങാനും എന്റെയോ കൂട്ടുകാരുടേയോ കയ്യില്‍ വന്നാലോ?! അപ്പോളെനിക് അഭിമാനത്തോടെ പറയാലോ 'അത് ഞാനുണ്ടാക്ക്യ തീപ്പെട്ട്യാ' എന്ന്.
തീപ്പെട്ടിക്കൂട് ഉണ്ടാക്കാനുള്ള സാധനങ്ങളും മറ്റും അടുത്തുള്ള ഒരു തീപ്പെട്ടി കമ്പനി കൊടുക്കുന്നതാണത്രെ. ഇത്ര കൂട് ഉണ്ടാക്കികൊടുത്താല്‍ ഇത്ര കാശ്. അതാണ് കണക്ക്. ഇതുപോലെ പലവീടുകളിലും അവര്‍ കൊടുക്കുമത്രെ. പക്ഷെ, ഒരുപാട് ദിവസം അതുണ്ടാക്കിയിട്ടും മരുന്നു തേക്കുന്ന, തീപ്പെട്ടിപ്പടം ഒട്ടിക്കുന്ന ഭാഗം ഉണ്ടാക്കാനോ, കൊള്ളികള്‍ മരുന്നു പുരട്ടി വയ്ക്കുന്നത് ഉണ്ടാക്കാനോ കഴിഞ്ഞില്ല. അതൊക്കെ കമ്പനിക്കാര്‍ തന്നെ അവരുടെ കമ്പനിയില്‍ വെച്ച് ചെയ്യുമത്രെ. ഇതെല്ലാം അവിടെ കൂടു ഉണ്ടാക്കുമ്പോള്‍ ചേച്ചി പറഞ്ഞു തന്ന കാര്യങ്ങളാണ്.
ഒരു ദിവസം തീപ്പെട്ടിമരം കൊണ്ടും കടലാസ്സു കൊണ്ടും ഒരു വലിയ ചതുരപ്പെട്ടി എനിക്ക് ഉണ്ടാക്കിതന്നിട്ടു ചേച്ചി പറഞ്ഞു :
"ഇന്നറാ കാശുകുടുക്ക. നിനക്ക് കിട്ടുന്ന കാശൊക്കെ ഇതിനകത്തിട്ടു വെച്ചൊ"
വയലറ്റു കടലാസ്സുകൊണ്ട് പൊതിഞ്ഞ ഒരു ചതുരപ്പെട്ടി. അതിലൊരു വശത്ത് നാണയങ്ങള്‍ ഇടാന്‍ പാകത്തിന് ഒരു ചെറിയ ദ്വാരം. മനോഹരമായ ആ 'കാശുകുടുക്ക' കൊണ്ട് ഞാനോടി വല്യമ്മയുടെ വീട്ടിലേക്ക്. പലദിവസങ്ങളിലായി എനിക്കു കിട്ടിയ രണ്ടിന്റെയും മൂന്നിന്റേയും അഞ്ചിന്റേയും പൈസകള്‍ ഞാനതില്‍ സൂക്ഷിച്ചു വെച്ചു. കാശുകുടുക്ക ആരും എടുക്കാതിരിക്കാനും കാണാതിരിക്കാനും വേണ്ടി ഞാനത് ഓലമറച്ച മേല്‍ക്കൂരക്കിടയില്‍ ഒളിപ്പിച്ചു വെച്ചു. എത്ര ദിവസം കഴിഞ്ഞിട്ടും അതില്‍ പത്തോ പതിനഞ്ചില്‍ കൂടുതലോ പൈസ ആയില്ല. പിന്നെപ്പിന്നെ കാശു കിട്ടാതയപ്പോള്‍ ഞാനത് മറന്നു.
ഒരുപാടു ദിവസങ്ങള്‍ക്കു ശേഷം,
നേരം സന്ധ്യയായപ്പോള്‍ ആകാശം കറുത്തു. കാലവര്‍ഷത്തിന്റെ തുടക്കമെന്നോണം മഴ പെയ്യാനുള്ള ലക്ഷണമാണ്.
"ടാ അസത്തെ..മഴ പെയ്യണേനു മുന്നെ ഈ പട്ടയും ഓലയൊക്കെ എടുത്ത് വെയ്ക്കടാ.." ലതചേച്ചി തറക്കു മുകളില്‍ നിന്നു പറഞ്ഞു.
ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കുന്ന തിരക്കിലായിരുന്നു ഗിരിജേച്ചി. ഞാനോടി ഓലയും പട്ടയുമൊക്കെ പറക്കി അടുക്കളയില്‍ കൊണ്ടിട്ടു. പതിയെ പതിയെ മഴ അരിച്ചിറങ്ങാന്‍ തുടങ്ങി. കനത്ത ഇടിമിന്നലോടെ മഴ തകര്‍ത്തുപെയ്തു. രാത്രി മുഴുവനും നല്ല മഴയും മിന്നലുമുണ്ടായിരുന്നു. മേല്‍ക്കുരയിലെ ഓലക്കീറിനിടയിലൂടെ ഞാനിടക്ക് പുറത്തെ വെള്ളിമിന്നലുകളെ കണ്ടു. അടുക്കളയില്‍ ചോരുന്നിടത്തൊക്കെ പാത്രം നിരത്തിവെച്ച് ചേച്ചിമാര്‍ വെള്ളം അകത്ത് പടരാതിരിക്കാന്‍ നോക്കി. ഞാന്‍ തല വഴി പുതച്ചു മൂടി കിടന്നു.
നേരം വെളുത്തപ്പോള്‍ പറമ്പിലവിടവിടെ വെള്ളം. പുതുമണ്ണിന്റെ മണം. തറയുടെ അരികിലായി വെളുത്ത കൂണുകള്‍ തലപൊന്തിച്ചിരിക്കുന്നു. ഉമിക്കരികൊണ്ട് പല്ലുതേച്ച് , കട്ടന്‍ ചായയും, അരിയും നാളികേരവും കൂട്ടിക്കുഴച്ചു ചുട്ട ഓട്ടടയും കഴിച്ച് ഞാന്‍ തറയില്‍ പോയിരുന്നു കൂണുകളെ നോക്കാന്‍ തുടങ്ങി.
"വേണ്ടാത്തതൊക്കെ ചെയ്തോട്ടാ.. അതിലൊക്കെ വെഷംണ്ടാവ്ടാ. വേറെ എന്തോരം സ്ഥലം കെടക്ക്ണ് കളിക്കാന്‍...ഇങ്ങ്ട് മാറ്ടാ" വല്ല്യമ്മയാണ്.
ഞാന്‍ തറയുടെ അവിടെ തന്നെ ചുറ്റിപറ്റി നിന്നു,
"ദേ നോക്ക്യേടാ കണ്ണാ.. ദാരണ്ടാ വരണേന്ന് നോക്ക്യേ" ലതചേച്ചി ഉമ്മറത്തുനിന്ന് വിളിച്ചു പറഞ്ഞു.
ഞാന്‍ റോഡിലേക്ക് നോക്കി. അമ്മ.
കയ്യിലൊരു സഞ്ചിയും ചുരുട്ടിയ കുടയുമായി അമ്മ റോഡു കഴിഞ്ഞു പറമ്പിലേക്ക് വന്നു.
എന്നെ കൊണ്ടു പോകാനുള്ള വരവാണ്. ഇന്ന് ഉച്ചയ്ക്കലെ ഊണും കഴിഞ്ഞ്, വൈന്നാരത്തെ ചായയും കുടിച്ച് ഒരു അഞ്ചു മണിയാകുമ്പോഴേക്കും ഞങ്ങള്‍ മടങ്ങും. അതിനായിരിക്കണം അമ്മ വന്നത്. എന്നെ കണ്ടതും അമ്മ ചിരിച്ചു. അമ്മയുടെ സഞ്ചിയിലായിരുന്നു എന്റെ കണ്ണ്.
'എന്തെങ്കിലും പലാരമായിരിക്കും. എന്തുട്ടായിരിക്കും?' ആലോചിച്ചിട്ട് എനിക്കൊരു ഊഹവും ഉണ്ടായില്ല.
അമ്മയ്ക്ക് ചായകൊടുക്കുമ്പോള്‍ ലത ചേച്ചി പലഹാരങ്ങളൊക്കെ കിണ്ണത്തില്‍ എടുത്ത് വിളമ്പി. നേന്ത്രപ്പഴം, പിന്നെ മുറുക്ക്. അതിനോടൊപ്പം അന്നു രാവിലെ ചുട്ട ഓട്ടടയും അമ്മക്ക് കൊടുത്തു. ഒപ്പം എനിക്കും.
അന്ന് ഉച്ചക്ക് ഊണിന് മീന്‍ കൂട്ടാന്‍ ഉണ്ടായിരുന്നു. മെഴുക്ക് പുരട്ടിയും. അമ്മയും വല്ല്യമ്മയും ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞിരുന്നു. അന്നത്തെ ദിവസം ഞാനെങ്ങും കളിക്കാന്‍ പോയില്ല. വൈകുന്നേരത്തെ ചായകുടി കഴിഞ്ഞ് ഞങ്ങള്‍ പോകാനൊരുങ്ങി. വല്ല്യമ്മയുടെ വീട്ടില്‍ വന്നപ്പോള്‍ ഞാനിട്ടിരുന്ന ട്രൌസറും ഷര്‍ട്ടും ഞാനെടുത്തിട്ടു. അമ്മയ്ക്ക് കൊണ്ടുപോകാന്‍ ലതചേച്ചി എന്തൊക്കെയോ സാധനങ്ങള്‍ അമ്മയുടെ സഞ്ചിയില്‍ വച്ചു കൊടുത്തു.
പുതിയ ഷര്‍ട്ടൂം ട്രൌസറുമിട്ട് ഞാന്‍ തെക്കേലെ വീട്ടിലേക്കൊടി. അവിടെയപ്പോഴും ആ ചേച്ചി തീപ്പെട്ടിക്കൂടുകളുണ്ടാക്കുന്നുണ്ടായിരുന്നു.
"ആ! പുത്യേ കുപ്പായക്കൊ ഇട്ട് ട്ട് ണ്ടല്ലാ?!"
"ആ..ഞങ്ങളിന്ന് പൂവ്വാ..ന്റെ വീട്ടിക്ക്." ഞാന്‍ പറഞ്ഞു.
"അതേ?, അതിനണ് അമ്മ വന്നത്?"
"ഉം. അട്ത്താഴ്ച ഉസ്ക്കൂളു തൊറക്കും."
"എന്നാ പോയിട്ട് വാ.. നിന്റെ കാശുടുക്കേല് കൊറേ കാശൊക്കെ ആയാ? "
അപ്പോഴാണ് ഞാന്‍ മറന്നുപോയ ആ കാശുകുടുക്കയുടെ കാര്യമോര്‍ത്തത്. ഞാനവിടെ നിന്നും വേഗം ഓടി വല്ല്യമ്മയുടെ വീട്ടില്‍ വന്നു. ഓലക്കീറിനിടയില്‍ തിരയാന്‍ തുടങ്ങി.
"ഈ പോണ നേരത്ത് നീയ്യെവ്ടെ പോയിരിക്കാര്‍ന്ന്ടാ.. എന്തുറ്റാ നീ നോക്കണ്?"
അമ്മ ചോദിച്ചെങ്കിലും ഞാനത് കേള്‍ക്കാത്ത് മട്ടില്‍ കാശുകുടുക്ക തിരഞ്ഞു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല.. ഞാനു വീണ്ടും വീണ്ടും തിരഞ്ഞു. പക്ഷെ കാശുകുടുക്ക കണ്ടെത്തിയില്ല.
എനിക്കാകെ സങ്കടം വന്നു. തീപ്പെട്ടി ഉണ്ടാക്കിയതും അതുകൊണ്ട് കാശുകുടുക്ക ഉണ്ടാക്കി തന്നതുമൊക്കെ വീട്ടില്‍ ചെന്നിട്ടും സ്ക്കൂളില്‍ ചെന്നിട്ടും പറയേണ്ടതാണ്. വിശ്വസിക്കാത്തവര്‍ക്ക് അതുകൊണ്ട് ഉണ്ടാക്കിയ കാശുകുടുക്ക കാണിച്ച് കൊടുത്തിട്ടു വേണം വിശ്വസിപ്പിക്കാന്‍. അതിനേക്കാളുമപ്പുറം ജീവിതത്തില്‍ ആദ്യമായിട്ട് എനിക്കു വേണ്ടി ഒരാള്‍ ഉണ്ടാക്കി തന്നെ സമ്മാനമാണ്. പോരാത്തതിന് അതില്‍ ഇരുപതു പൈസയോളമോ മറ്റോ ഉണ്ടായിരുന്നു. അതൊക്കെയാണ് ഒറ്റ നിമിഷം കൊണ്ട് കാണാതായത്.. ആലോചിക്കുന്തോറും എന്റെ കണ്ണ് നിറയാന്‍ തുടങ്ങി.സങ്കടമാണെങ്കില്‍ സഹിക്കാന്‍ പറ്റ്ണില്ല്യ.
ഞാന്‍ വീണ്ടും വീണ്ടും തിരഞ്ഞു. മേല്‍ക്കുരയിലും വശത്ത് ചുമരാക്കിയ ഓലകള്‍ക്കിടയിലും, താഴെ പെട്ടികള്‍ക്കും തുണികള്‍ക്കുമിടയിലും ഞാന്‍ നോക്കി. ഒരിടത്തും എന്റെ കാശുകുടുക്കയില്ല..
അപ്പോഴേക്കും യാത്ര പറഞ്ഞ് അമ്മയെന്റെ കൈ പിടിച്ചു. ഞാനും സങ്കടകണ്ണീരിന്റെ മറക്കുള്ളില്‍ നിന്നുകൊണ്ട് വല്ല്യമ്മയോടും വല്ല്യച്ചനോടും ലതച്ചേച്ചിയോടും ഗിരിജേച്ചിയോടും യാത്ര പറഞ്ഞു.
"ഇനി എപ്പഴണ്ടാ ഇങ്ങ്ട് വരാ??" ലത ചേച്ചി ചോദിച്ചു.
"അടുത്തൊല്ലം. ഉസ്ക്കൂളു പൂട്ടുമ്പോ" ഞാന്‍ പറഞ്ഞു.
അതു പറഞ്ഞതിനെന്തിനാണാവോ അവരൊക്കെ ചിരിച്ചു, അമ്മയും.
"പോട്ടടെണ്ണ്യേ.. ഇപ്പ പോയാല് നേരം നേരം കരിപ്പാവണേല് മുന്‍പ് വീടെത്താം" അതു പറഞ്ഞ് അമ്മ നടന്നു.
ഞാനപ്പോഴും കാശുകുടുക്ക കാണാതായതിനെ പറ്റി ആലോചിക്കുകയായിരുന്നു. അമ്മയെന്റെ കയ്യില്‍ മുറുകെ പിടിച്ച് റോഡിലേകിറങ്ങി. റോഡിലെത്തിയപ്പോള്‍ അമ്മയും ഞാനും തിരിഞ്ഞു നോക്കി. ലതേച്ചിയും ഗിരിജേച്ചിയും എനിക്ക് റ്റാ റ്റാ തന്നു. അവര്‍ക്കും റ്റാ റ്റാ കൊടുത്ത് ഞാനും അമ്മയും അരിപ്പാലം സെന്ററിലേക്ക് നടന്നു. സെന്ററും പള്ളിയും കഴിഞ്ഞ് പനച്ചിക്കല്‍ ചിറ പാടത്തിലേക്കുള്ള റോഡിലൂടെ ആഗ്ലോ ഇന്ത്യന്‍സിന്റെ വീടും പള്ളിയും കഴിഞ്ഞ് ഇഞ്ചിപുല്ലുകള്‍ വളര്‍ന്നു നിന്ന ചെമ്മണ്‍ വഴിയിലൂടെ പൊളിഞ്ഞ പാലത്തിനടുത്തെത്തി. അപ്പോഴേക്കും പൊളിഞ്ഞ പാലത്തിന്റെ പേടിപ്പേടുത്തുന്ന ഓര്‍മ്മ വന്നു. അതെന്റെ മനസ്സിലെ കാശുകുടുക്കയെ നിശ്ശേഷം വലിച്ചെറിഞ്ഞു. അമ്മയുടെ കൈ മുറുകെ പിടിച്ച് പാലം കടന്ന് ശീമക്കൊന്നകള്‍ വളര്‍ന്ന് ഇരുവശവും ഇരുളാക്കിയിരുന്ന ഇടവഴിയിലേക്ക് ഞങ്ങള്‍ നടന്നു തുടങ്ങി..
.
45 comments:
ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല...
കാലമേറെ കഴിഞ്ഞ് അരിപ്പാലത്തിനടുത്തുള്ള കല്‍പ്പറമ്പ് ഗ്രാമത്തിലെ സ്ക്കൂളില്‍ ആറാം ക്ലാസ്സിലായിരുന്നപ്പോള്‍ ഉച്ചയിലെ ഇടവേളകളില്‍ വാടകയ്ക്ക് സൈക്കിളെടുത്ത് കറങ്ങും. ചാമക്കുന്ന്, പൈങ്ങോട്, അരിപ്പാലം തുടങ്ങിയ അയല്‍ഗ്രാമങ്ങളിലേക്കായിരിക്കും കറക്കം. അരിപ്പാലത്തേക്കുള്ള സൈക്കിള്‍ സവാരിക്കിടെ അന്നത്തെ കൂട്ടുകാരന്‍ റോഡിനരികിലെ ഒരു കെട്ടിടം ചൂണ്ടി എന്നോട് പറഞ്ഞു : “ദോക്ക്യേടാ നന്ദകുമാറെ..ദിദണ്ടാ അരിപ്പാലത്തെ തീപ്പെട്ടി കമ്പനി“ കമ്പനിക്കെട്ടിടത്തിലെ മുകളില്‍ പെയിന്റിലെഴുതിയിരുന്നത് ഞാന്‍ വായിച്ചു. ‘പൂമംഗലം പഞ്ചായത്ത് വനിതാ സഹകരണ സംഘം തീപ്പെട്ടി നിര്‍മ്മാണ കേന്ദ്രം’ (ഇങ്ങിനെയായിരുന്നു എന്നാണ് ഓര്‍മ്മ) അതിനു ഒരു വശത്ത് പാതി തുറന്നു വെച്ച ഒരു തീപ്പെട്ടിയുടെ പടം. അതില്‍ മേലുടുപ്പിടാത്ത, വെളുത്ത് ഓമനത്തമുള്ള ഒരു കുട്ടി തലമുടി മെടഞ്ഞ് മുന്നിലേക്കിട്ട് പൂ ചൂടിയിരിക്കുന്നു. ഒരു നിമിഷം എന്നിലൂടെ മിന്നല്‍ പാഞ്ഞു. ‘ഈ കമ്പനിയിലേക്കായിരിക്കണം ഞാനന്ന് തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കിയത്.
കാലങ്ങള്‍ കഴിയവേ ‘ബേബി മോള്‍’ കാലത്തിന്റെ പിറകിലേക്ക് പോയി. ‘ഷിപ്പും‘ മറ്റനേകം കാര്‍ബോണൈസ്ഡ് തീപ്പെട്ടികള്‍ വന്നു. പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞ് ആ വഴി പോയപ്പോള്‍ അവിടെ ആ കെട്ടിടമുണ്ടായിരുന്നില്ല. പകരം തലയെടുപ്പോടെ ഒരു വീട്. പരിസരങ്ങളും ആകെ മാറിയിരിക്കുന്നു. ബേബി മോളോടൊപ്പം ഒരു പാട് കുടുംബങ്ങളെ പോറ്റിയിരുന്ന ആ തീപ്പെട്ടികമ്പനിയും കാലത്തിന്റെ പുറകിലേക്ക് മറഞ്ഞു.
പഴയ ‘ബേബിമോള്‍’ തീപ്പെട്ടിയോ അതിന്റെ പടമോ ഞാനിപ്പോള്‍ ഒരുപാട് തിരഞ്ഞു. ഒരു കീവേര്‍ഡിനും അതെനിക്ക് തിരിച്ച് തരാനായില്ല. എങ്കിലും വിഷമമില്ല. ഓര്‍മ്മകളെ; ഒരു സെര്‍ച്ച് എഞ്ചിനും കാണിച്ചു തരാനാകില്ലല്ലൊ!
നന്ദേട്ടാ...
തേങ്ങ എന്റെ വക
((( “ഠേ!” )))
മനോഹരമായ ഈ ഓര്‍മ്മക്കുറിപ്പ് ആദ്യഭാഗം പോലെ തന്നെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന രീതിയില്‍ അവതരിപ്പിച്ചിരിയ്ക്കുന്നു; നന്നായി ഇഷ്ടപ്പെട്ടു.
തീപ്പെട്ടിക്കൂടുകള്‍ ഉണ്ടാക്കുന്ന ആ ചേച്ചിയുടെ ചിത്രം വരച്ചു വച്ചിരിയ്ക്കുന്നതു പോലെ തോന്നി.
പണ്ട് തീപ്പെട്ടിപ്പടങ്ങള്‍ ശേഖരിയ്ക്കുന്ന ഒരു പതിവുണ്ടായിരുന്നു... അതൊക്കെ ഓര്‍ത്തു
മാഷേ
ഹൃദയസ്പര്‍ശിയായ രണ്ടാം ഭാഗം..കളഞ്ഞുപോയ കാശുകുടുക്ക..പിന്നെ കളഞ്ഞൂപോയ ബേബിമോള്‍ തീപ്പെട്ടി... അങ്ങനെ ഒടുവില്‍ എല്ലാം കളഞ്ഞും ഓര്‍ക്കാതെയും പോകുന്ന മനുഷ്യജന്മം. ഒരു കഥയ്ക്കപ്പുറം ജീവിതത്തിന്റെ കഥയില്ലായ്മയിലേക്ക് ഒരു നെടുവീര്‍പ്പായി ഈ പോസ്സുകള്‍..
ഇനിയും പോരട്ടെ ഓര്‍മ്മകളുടെ ചിന്തകളുടെ തീപ്പെട്ടിക്കൂടുകള്‍...
നന്ദന്‍, രണ്ടാംഭാഗവും വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങള്‍! തീപ്പെട്ടിയുണ്ടാക്കുന്നവര്‍ണ്ണനയും, അതുകഴിഞ്ഞുള്ള അഭിമാനവും കൊചുകുട്ടിയുടെ കണ്ണിലൂടെ കാണാന്‍ പറ്റി. ഇനിയും ഇതുപോലെ എഴുതൂ.
dear nandakumar..
what a great work!!
fantastic..
oru kochukuttiyute ormmakale ethra lalithavum manoharavumaayi ningal varachu vechirikunnu.
congrats..
നഷ്ടപ്പെട്ട എന്തൊക്കെയോ മനസ്സില്‍ കുത്തി മുറിവേല്‍പ്പിക്കുന്നതു പോലെ തോന്നുന്നല്ലോ നന്ദേട്ടാ.....
എന്തായാല്ലും പോട്ട് കുഞ്ഞുന്നാളില്‍ തന്നെ ഒരു കൈത്തൊഴില് പഠിച്ചത് നന്നായി, എപ്പളേലും ഉപകരിച്ചാലോ.......
നന്ദേട്ടാ,
ഇതിന്റെ രണ്ടാം ഭാഗം പോസ്റ്റ് ചെയ്തോ എന്ന് ഞാന്‍ ദിവസവും നോക്കാറുണ്ടായിരുന്നു.
ഇന്നെകിലും ഇതു പോസ്റ്റ് ചെയ്തല്ലോ .........
മറ്റുള്ള പോസ്റ്റുകളെ പോലെത്തന്നെ വളരെ നന്നായിരിക്കുന്നു.
എത്ര നന്നായിട്ടാണ് എഴുതുന്നെ........
ഞാനും എഴുതും ഒരു ദിവസം ഇതു പോലെ.
ഹി ഹി
നന്ദന്‍ മാഷേ..
വായിച്ചു തീര്‍ന്നപ്പോള്‍ തീപ്പെട്ടിക്കൊള്ളികള്‍ ഉരച്ചു തീര്‍ത്ത തീപ്പെട്ടി ബോക്സ് പോലെയായി മനസ്സ്..
എനിക്ക് നിങ്ങളുടെ ഭാഷ വളരെ ഇഷ്ടമായി..:)
പിന്നെ പ്രയാസിയുടെ തീപ്പെട്ടിപ്രണയം കാണണമെങ്കില്‍ സമയമുണ്ടാകുമ്പോള്‍
http://chakramchava.blogspot.com/2007/12/blog-post.html
ഒന്നു നോക്കിക്കൊള്ളൂ..
നന്ദാ,നന്നായിരിക്കുനു. പിന്നെ കാശുകുടുക്ക കിട്ടിയോ?
ആശംസകൾ
ലോകത്തിലെ എല്ലാവരും ഉപയോഗിക്കുന്ന തീപ്പെട്ടിയുടെ കൂട് ഞാന്‍ ഒറ്റക്ക് ഉണ്ടാക്കിയിരിക്കുന്നു. !!.. എന്റെ സമപ്രായക്കാര്‍ക്ക് പലര്‍ക്കും കിട്ടാത്ത ഭാഗ്യം!! അന്ന് രാത്രി ഞാനൊരുപാട് നേരം ഉറങ്ങിയില്ല..
I can understand this feeling :)
കാശുകുടുക്ക തിരഞ്ഞു. പക്ഷെ അതവിടെ ഉണ്ടായിരുന്നില്ല.. ഞാനു വീണ്ടും വീണ്ടും തിരഞ്ഞു. പക്ഷെ കാശുകുടുക്ക കണ്ടെത്തിയില്ല.
Njaanum thirayaarund.. innum, nidhi pole sookshicha kaashu kudukkakalkkayi..
ഒന്നും,രണ്ടും ഭാഗങ്ങള്‍ ഒന്നിച്ചു വായിച്ചു..വളരെ ഇഷ്ടപ്പെട്ടു.ഒരുപാടു കാലമായി ഇങ്ങനെ ഒരു പോസ്റ്റ് വായിച്ചിട്ട്. .കാശ് കുടുക്ക കാനാതായപ്പോ എനിക്കും സങ്കടായി. അത് പിന്നെ കിട്ട്യോ?
We are happy to introduce a new BLOG aggregator BLOGKUT.
Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.
കുറേ നാളായി ഞാനൊന്നു പോസ്റ്റിയിട്ട്.ഓര്‍മ്മകള്‍ മനസിലുണ്ട്,എന്നാല്‍ എഴുതിയൊതുക്കാന്‍ കഴിയുന്നില്ല.അതിനിടയിലാണ് നന്ദേട്ടന്റെ തീപ്പെട്ടിക്കൂടുകള്‍ വന്നത്.അതു വായിച്ചപ്പൊ ഉഷാറായി.അങ്ങനെയ എന്റെ പുതിയ പോസ്റ്റ് ജനിക്കുന്നത്.അതവിടെ നില്‍ക്കട്ടെ.
എന്ത് രസ്സായിട്ടാ ഇതവസാനിപ്പിച്ചിരിക്കുന്നത്..ആ ചെമ്മണ്‍ പാതയിലെ പൊടി എന്റെ കാലിലും പറ്റിയ അവസ്ഥ...
(“”ദോക്ക്യേടാ“” ഈ വാക്ക് ഞാന്‍ നോക്കി നടക്കായിരുന്നു...ഇപ്പൊ കിട്ടി)
ഈ വക ഇനിയുണ്ടെങ്കി തരണം.
നന്ദേട്ടാ ഞാൻ അവസാനഭാഗം ഒന്ന് ഓടിച്ച് നോക്കീ
ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം
കേട്ടോ
സസ്നേഹം
അനൂപ് കോതനല്ലൂർ
നിഷ്‌കളങ്കമായ ഓര്‍മകള്‍
നിറഞ്ഞ തീപ്പെട്ടീകൂട്!
ഒത്തിരി ഇഷ്ടമായി നന്ദകുമാറ്.
കൊച്ചിലേ എനിക്ക് തീപ്പെട്ടി പടം ശേഖരണം ഉണ്ടായിരുന്നു,അന്ന് അച്ചന്‍ പുകവലിക്കും ഇടക്കിടക്ക് ഞാന്‍ ചെന്ന് ചോദിക്കും അച്ചാ തീപ്പെട്ടി തീര്‍ന്നോ? എന്ന് തീര്‍ന്നിട്ട് വേണം പടം എടുക്കാന്‍ .. മിക്കപ്പോഴും അച്ചന്‍ എന്നെ ഒരു നോട്ടം നോക്കും...
ഹോ! എത്രപാട് പെട്ടാ ഞാനാ പടങ്ങള്‍ ശേഖരിച്ചു കൂട്ടിയത്....
രണ്ടിന്റെയും മൂന്നിന്റേയും പൈസ്യാ? :)
നന്ദാ..
ശരിക്കും പുതുമണ്ണിന്റെ ആ മണം ഈ പോസ്റ്റിലുണ്ട്. സിനിമ തിരക്കഥ വായിക്കുന്നതുപോലെ ഒരോ രംഗവും വായിക്കുന്നതിനോടൊപ്പം മനസ്സില്‍ തെളിയുന്നു.
അമ്മ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്ന രംഗം, അമ്മയുടെ സഞ്ചിയിലേക്ക് ആകാംക്ഷയോടെ നോക്കുന്ന നന്ദു.. ഇത് വല്ലാത്ത ടച്ചിങ്സായിപ്പോയി..കാരണം ഞാനും ഇതുപോലെ നോക്കി നില്‍ക്കാറുണ്ടായിരുന്നു.
പോസ്റ്റിനോടൊപ്പം നില്‍ക്കുന്ന ആദ്യ കമന്റായി നന്ദുവിന്റെ വരികള്‍..ഓര്‍മ്മകളെ ഒരു സേര്‍ച്ചെന്ചിനും കാണിച്ചു തരാനാകില്ലല്ലൊ..!
** ദീപം തീപ്പട്ടിയും പഴയതുതന്നെ.
പ്രിയ നന്ദകുമാര്‍,
എഴുതിയത് വായിച്ചപ്പോ അത് മറ്റൊരാള്‍ എഴുതിയത് വായിച്ചതായി തോന്നിയില്ല. നേരിട്ട് അനുഭവിച്ചറിഞ്ഞ ഒരു സുഖം! ഇഷ്ടായി.... അടുത്ത കുറിപ്പിനു കാതോര്‍ത്തുകൊണ്ട്... സസ്നേഹം...
ഓ.ടോ.: ഒരു മാസം മുമ്പ് 1-2 ദിവസം നന്ദന്റെ നാട്ടില്‍ (കൊടുങ്ങല്ലൂരില്‍) വിസിറ്റിയിട്ടുണ്ടായിരുന്നു.
ഈ ഒരൊറ്റ പോസ്റ്റ് കാരണം ( ഒന്നാം ഭാഗവും , രണ്ടാം ഭാഗവും കണക്കാ) നാം നാട്ടിലേക്ക് പോകുവാന്‍ തീരുമാനിച്ചിരിക്കുന്നു . ജോലി ഒഴിവു കിട്ടിയാലും, ഇല്ലെങ്കിലും പോകും എന്നാണു ഇപ്പോഴത്തെ നിലപാട്. നമ്മെ ഈ പരുവത്തിലാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്ത്വം നന്ദകുമാര്‍ രാജാവേ, താങ്കളുടെ തീപ്പെട്ടികൂടുകള്‍ക്കാണ്.
തീപ്പെട്ടികമ്പുകള്‍ കൊണ്ടുണ്ടാക്കി, വയലറ്റ് നിറത്തിലെ വര്‍ണ്ണ കടലാസ് ഒട്ടിച്ച ഒരു വീട് പണ്ടു നമുക്കു നമ്മുടെ അപ്പുപ്പന്‍ ഉണ്ടാക്കി തന്നിട്ടുണ്ട്. ഈ പോസ്റ്റിലൂടെ ആ ഒരമ്മകളുടെ നാട്ടിലേക്ക് തിരിച്ച് പോകണം എന്ന തോന്നല്‍ ഉണര്‍ത്തിയതിന് ഒരായിരം നന്ദി ( ഇനി ഒഴിവ് കിട്ടാതെ നാട്ടിലേക്ക് വാശി പിടിച്ചു പോയിട്ട് നമ്മുടെ ജോലി കുന്തമായാല്‍ , മേല്‍ പറഞ്ഞ നന്ദിയില്‍ നിന്നും അഞ്ഞൂറ് തിരിച്ചെടുക്കും. പറഞ്ഞില്ലെന്നു വേണ്ട )
ഈ കൊടുങ്ങല്ലൂര്‍ എന്നുള്ളത് അങ്ങ് കന്യാകുമാരി മുതല്‍ ഇങ്ങ് രാമേശ്വരം വരെ ഉണ്ടോന്നൊരു സംശയം...:)
ശരിക്കും എവിടന്നു തൊട്ട് എവിടം വരെയാ?..മാടായി ചേട്ടന്‍ പറഞ്ഞപ്പം എനിക്ക് ഒരു സംശയം :)
ഇതും വളരേ നന്നായിരിക്കുന്നു
ഞാനും പഠിച്ചിട്ടുണ്ട് ഇങ്ങിനെ ചില കൈപ്പണികൾ, അയല്വക്കത്തെ വീട്ടിൽ നിന്ന്. അവിടത്തെ ചേച്ചിമാരും അവരുടെ അമ്മയും ചെയ്തിരുന്ന വീശുവല നെയ്യൽ പടക്കം കെട്ടൽ [പേണൽ എന്നു ലോക്കൽ ഭാഷ] തുടങ്ങിയവയെല്ലാം. വലനെയ്ത്തിൽ തെറ്റായ കെട്ടു വീണാൽ അതഴിക്കുക വളരേ ശ്രമകരം. എന്നിട്ടും എന്നെ ഒരിക്കൽ പോലും നിരുത്സാഹപ്പെടുത്താതെ അവർ ആ കെട്ടുകളെല്ലാം വീണ്ടും വീണ്ടും അഴിച്ച് പണിയുമായിരുന്നു
ഓര്‍മ്മകളിലേക്കുള്ള ആ യാത്ര മനോഹരമായിരിക്കുന്നു.പണ്ട് ബേബീ തീപ്പെട്ടിക്കൂടിന്റെ കുറെ പടങ്ങള്‍ എന്റെ ചേട്ടന്‍ ശേഖരിച്ചു വെക്കുന്നതു കാണാമായിരുന്നു.എന്തായാലും ഈ ഓര്‍മ്മക്കുറിപ്പുകള്‍ എനിക്കിഷ്ടമായി,ഒരുപാട് ഇഷ്ടമായി.
ഒരു തൊഴില്‍ പഠിച്ചു പ്രയോഗത്തില്‍ വരുത്തിയപ്പോള്‍ ആ കൊച്ചുമനസ്സിനു തോന്നിയ അഭിമാനം !
ബേബിമോള്‍ തീപ്പെട്ടി മറക്കില്ല. ആദ്യഭാഗത്തേക്കാള്‍ ഇതു കുറച്ചുകൂടി ഹൃദയസ്പര്‍ശിയായി.
നല്ല എഴുത്ത്, നന്ദകുമാര്.
Second part also very nice & nostalgic..
രണ്ടാമത്തെ പാര്‍ട്ട് ആണ് കൂടുതല്‍ ഇഷ്ടമായത്.
വലിയ മനുഷ്യര്‍ക്ക് നിസാരങ്ങളെന്ന് തോന്നുന്നതും അന്നാല്‍ കുഞ്ഞ് മനസ്സിനെ സംബന്ധിച്ചിടത്തോളം വലിയതുമായ കാര്യങ്ങള്‍ നന്നായി അവതരിപ്പിച്ചു.
"ആയ്.. നല്ല രസംണ്ട് ല്ലേ ഈ ക്ടാവിനെ കാണാന്‍?"
ഈ വാചകം പ്രായമുള്ള തീപ്പെട്ടിയുണ്ടാക്കുന്ന ആ ചേച്ചി പറഞ്ഞതായിട്ട് കഥയില്‍ വന്നാല്‍ ഒകെ. പക്ഷേ പത്ത് (ചിലപോള്‍ അതിനും താഴെ) വയസ്സോളമുള്ള ഒരു കുട്ടി ഇങ്ങിനെ പറയുമോ (പറയുന്ന കുട്ടിയും ഒരു ‘ക്ടാവ്’ തന്നെ) എന്ന് സംശയമുണ്ട്, അത് കഥയിലായാലും..!
ഒരു നല്ല ഓര്‍മ്മക്കുറിപ്പാണ് ഈ ‘തീപ്പെട്ടിക്കൂടുകള്‍’. വേറെയും ഓര്‍മ്മക്കുറിപ്പുകള്‍ പടുത്തുയര്‍ത്തുക.
ആശംസകള്‍
:-)
ഉപാസന
ഉപാസന : ആ കുട്ടി (ഞാന്‍) അത് പറയുന്നത് തീര്‍ച്ചയായും ആ ചിത്രത്തിന്റെ (ബേബി മോള്‍) ഭംഗി കണ്ടാണ്. നല്ല രസംണ്ട് ല്ലേ എന്നുവെച്ചാല്‍ നല്ല ഭംഗിയുണ്ട് അല്ലേ എന്നര്‍ത്ഥം (ഓമനത്തമുള്ള മുഖം..എന്ന് ആ ചിത്രത്തെ വിവരിച്ചത് ഓര്‍ക്കുക) ആ ചോദ്യത്തിന് ആ ചേച്ചി പറയുന്ന മറുപടി എന്നെ കളിയാക്കുന്നതാണ്. അതായത് അവര്‍ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുന്നു (കളിയാക്കാന്‍ വേണ്ടി) ചേച്ചിയുടെ മറുപടിയുടെ അര്‍ത്ഥം എന്റെ ചോദ്യത്തിനില്ല.:)
ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന മറ്റൊരു പോസ്റ്റാണ് കണ്ണന്‍ എന്ന ബ്ലോഗറുടെ മച്ചുനന്‍ ബ്ലോഗിലെ ‘ചക്കമരം മേരി നഴ്സ്’ എന്ന പോസ്റ്റ് ലിങ്ക് : http://onlykannanz.blogspot.com/
ശ്രീ, ജി.മനു,അപ്പു, കുമാരന്‍, തോന്ന്യാസി, ശങ്കര്‍, പ്രയാസി, ചെറിയനാടന്‍, എം.എസ്. രാജ്,സ്മിതാ ആദര്‍ശ്,മച്ചുനന്‍-കണ്ണന്‍, പിള്ളേച്ചനെന്ന അനൂപ്, മാണിക്യം, ജിഹേഷ് (കണ്ടിട്ടില്യാലേ?)കുഞ്ഞന്‍, ബിയെസ് മാടായി, വിക്രം കുമാരന്‍, ലക്ഷ്മി,ഷിജു, ഗീതാഗീതികള്‍, സന്തോഷ്,ഉപാസന.. വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. സന്തോഷം.
നന്ദേട്ടാ,
ഇന്നലെയാണ് ഇത് വായിച്ചത്. ഇന്ന് ഒന്നുകൂടി വായിച്ചു.
ഇനിയും ഇത്തരം ഹൃദ്യമായ ഓർമ്മകൾ ഇവിടെ കുറിക്കുക.
പതിവ് വാചകങ്ങൾ ആവർത്തിക്കാതെ പൂർണ്ണ തൃപ്തിയോടെ ഞാൻ മടങ്ങുന്നു.
പിന്നെ നന്ദേട്ടാ, ഇന്നലെ കണ്ട തലേക്കെട്ടല്ലല്ലോ ഇന്ന് നന്ദപർവ്വത്തിന്.
ഈ ശൈലി ഞാനും അങ്ങ് പിന്തുടർന്നാലോന്ന് ആലോചിക്കുകയാണ്. :)
കൈപിടിച്ചു നടത്താന്‍ അമ്മ കൂടുള്ളവര്‍..
പയ്യാരം പറയാന്‍, തമ്മില്‍തല്ലി പിണങ്ങാന്‍ കൂടെപ്പിറപ്പുള്ളവര്‍..
വിരുന്നുപോകാന്‍ വീടുള്ളവര്‍...
ഇനിക്കുന്ന ബാല്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഒരുപാടാണിവിടെ..........
...............................
കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതാകണമ്..
അവര്‍ ജനിച്ചുപോകുന്നവരാകരുത്..
ഓര്‍മ്മകള്‍ അവര്‍ക്കു ഭാരമായിരിക്കും..
നഷ്ടസ്‌മൃതികളുടെ നടവരമ്പിലൂടെ നടക്കുന്ന നന്ദകുമാര്. ഒന്നോര്‍മ്മിപ്പിച്ചോട്ടേ..
താങ്കള്‍ താലോലിക്കുന്ന പലതും ചിലര്‍ക്കൊക്കെ ഭാരമാകുന്നുണ്ട്...
ഗുഡ് പോസ്റ്റ്.
നന്ദന്‍സ്.
വള്ളി ട്രൌസറും (മിക്കവാറും ഒരു വള്ളിയെ തോളില്‍ ഉണ്ടാവൂ) ഇട്ട് കണ്ണിമാങ്ങയും പെറുക്കി , തീപ്പെട്ടിയില്‍ ഒരു നൂല് ചുറ്റി അതില്‍ ഈര്‍ക്കില്‍ പിടിപ്പിച്ച് ടക് ടക് എന്ന് ശബ്ദമുണ്ടാക്കി നടന്നിരുന്ന ആ ഭൂതകാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോയി ഈ എഴുത്ത്.നന്ദി.
മഹാബോറ്
എനിക്കിഷ്ടപ്പെട്ടില്ല
വാഹ് നന്ദന്‍!! രണ്ടാം ഭാഗവും അതിമനോഹരമായിരിക്കുന്നു. സുന്ദരമായ ആഖ്യാനം. ഒരു കുട്ടിത്തത്തിന്റെ ഭാഷ. തികച്ചും മനസ്സില്ലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ശൈലി. പൊള്ളയായ അഭിപ്രായമല്ല..തികച്ചും സത്യസന്ധം. തുടരുക നന്ദന്‍, ഇതുപോലുള്ള ഓര്‍മ്മക്കുറിപ്പുകള്‍.
ഓടോ : ഇത്രയും നല്ലൊരു പോസ്റ്റ് ഈ ബ്ലോഗിലുണ്ടായിട്ടൂം ബ്ലോഗുലകത്തിലെ ആളുകള്‍ ചവറുകള്‍ക്കു പിന്നാലേ.. അല്ലെങ്കിലും ബ്ലോഗില്‍ നല്ലതു കണ്ടെത്താന്‍ ആര്‍ക്കാ സമയം??!!
ഈ ഒറ്റ കാരണം കൊണ്ടാണു നന്ദനെ എങ്ങും ആരും കയറ്റാത്തത്. ആ തീപ്പെട്ടി ഉണ്ടാക്കാന്‍ പഠിപ്പിച്ചതും പോര അത് ഇപ്പോള്‍ ബ്ലോഗ് ആക്കി ആ പാവങ്ങളുടെ വയറ്റത്തടിക്കുകയും ചെയ്തിരിക്കുന്നു. പണ്ട് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഹോബിയായിരുന്നു തീപ്പെട്ടി പടം കളക്റ്റ് ചെയ്യുകയെന്നത്.
ഓര്‍മ്മക്കുറിപ്പുകള്‍ നന്നായിരിക്കുന്നു. ഇനിയും എഴുതുക.
സസ്നേഹം,
പഴമ്പുരാണംസ്.
ശരിയാണ്.ഓര്‍മ്മകളെ ഒരു സെര്‍ച്ചെഞ്ചിനും കാണിച്ചുതരാനാകില്ല.ഓര്‍മ്മകള്‍ മനസ്സിലാണ്,അതിനു മരണവുമില്ല...ഒരു സുഖമായി ,വിങ്ങലായി എന്നും കൂടെയുണ്ടാകും..പ്രിയപ്പെട്ട സുഹ്രുത്തെ...ആശംസകള്‍...
ഈ പുതിയ തലക്കെട്ട് മനോഹരം......
അതെ, അതാണു അതിന്റെ ഒരിത് എന്നു പറയുന്നത്. വായിച്ചു കഴിയുമ്പോള്‍ എന്തോ ഒന്നു ഒരു നോവായി ഉള്ളില്‍ കിടക്കണം. തീപ്പെട്ടിക്കാശുകുടുക്ക നഷ്ടപ്പെട്ട ആ വേദന അനുവാചകരിലും പടര്‍ന്നു കയറിയിരിക്കുന്നു. വികാരങ്ങളെ വായനക്കാരിലേക്കു സംക്രമിപ്പിക്കാന്‍ മാഷിനു കഴിഞ്ഞിരിക്കുന്നു.
രസ്യനെഴുത്തു.
തുടരൂട്ടോ.
സസ്നേഹം
ആവനാഴി.
പോങ്ങുമൂടന്‍, കൃഷ്ണ തൃഷ്ണ,മുസാഫിര്‍, നന്ദി. പൈങ്ങോടാ : അടുത്ത പ്രാവശ്യം ഞാന്‍ ബോറാക്കാതെ എഴുതിക്കൊള്ളം പ്ലീസ് ഒന്നും തോന്നരുത്.:)ജയ : നൊ കമന്റ്സ്, അഭിപ്രായത്തിനു നന്ദി. സെനു ഈപ്പന്‍, സസ്നേഹം : നന്ദി. ആവനാഴി : ഊര്‍ജ്ജന്‍ പകരുന്ന ഈ കമന്റിനു എത്രയാണ് നന്ദി പറയുക??
എല്ലാവര്‍കും നന്ദിപൂര്‍വ്വം നന്ദന്‍
ഓര്‍മ്മകള്‍ പ്രത്യേകിച്ചും കുട്ടിക്കാലത്തെ എത്രത്തോളം മനോഹരമാണെന്നതിനു ഈ തീപ്പെട്ടിക്കൂടുകള്‍ തന്നെ തെളിവ്... അവസാന ഭാഗത്തെ അമ്മയ്ക്കൊപ്പമുള്ള യാത്ര മനസ്സില്‍ നിന്നും മായണതേയില്ല...ഒരുപാട് ഓര്‍മ്മകള്‍ ഇനിയും ഈ പര്‍വ്വത്തിനു കാഴ്ച വെയ്ക്കാനാവട്ടെ..:)
"നേന്ത്രപ്പഴം, പിന്നെ മുറുക്ക്. അതിനോടൊപ്പം അന്നു രാവിലെ ചുട്ട ഓട്ടടയും അമ്മക്ക് കൊടുത്തു. ഒപ്പം എനിക്കും."
നേന്ത്രപ്പഴം വലിയ താല്പര്യമില്ലെങ്കിലും പകുതി മുറുക്കും ഒരു കഷ്ണം ഓട്ടടയും ഞാനും തിന്നു നന്ദാ.
എന്താ രുചി!!
എല്ലാം ഓര്‍ത്തിരിക്കുന്നു, നന്ദന്‍.
ഓര്‍മ്മശക്തി മാത്രം പോരാ, ഓര്‍ക്കുന്നതൊക്കെ വെള്ളം ചേര്‍ക്കാതെ കുറിക്കാന്‍ ഒരു നല്ല മനസ്സ്...
അഭിനന്ദനങ്ങള്‍...........
hallo ishtappettutto... naklla rasamundu vaayikkaan
അസാധ്യം നന്ദേട്ടാ !! ഞാന്‍ വരാന്‍ അല്‍പ്പം വൈകി.. ഇനി പിറകെ ഉണ്ടാവും
നന്ദേട്ടാ...
പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല..
തീപ്പെട്ടി കഥയും,അതിലെ കഥാപാത്രങ്ങളും
മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
പ്രത്യേകിച്ച് തീപ്പെട്ടി ഉണ്ടാക്കിയിരുന്ന ചേച്ചി...
എന്തൊ അറിയില്ല...നന്ദേട്ടന്‍ ഇപ്പോഴും അവരെയൊക്കെ കാണാറുണ്ടോ...?
ഓർമ്മകളിലൂടെയുള്ള സഞ്ചാരം.. നന്നായിരിക്കുന്നു..
Post a Comment