Monday, May 31, 2010

ആര്‍.എം.പി.സുരേഷ് വിത്ത് ലോക്കല്‍ ടാക്സസ് എക്സ്ട്രാ

.

അദ്ധ്വാനിക്കാതെ കാശുണ്ടാക്കണം; ചുരുങ്ങിയത്, കാശൊള്ളവന്‍ എന്ന് തോന്നിക്കുമാറ് ചെത്തി നടക്കയെങ്കിലും വേണം എന്ന ചിന്താഗതിയുള്ള ചെറുപ്പക്കാര്‍ക്ക് വേണ്ടിയാണല്ലോ മണി ചെയിന്‍ ബിസിനസ്സ് ഇന്നാട്ടിലുള്ളത്. ചെറിയ തുകമുതല്‍ വലിയ തുക വരെ ആദ്യ ഗഡുവായി അടക്കുന്ന നിരവധി മണി ചെയിനുകള്‍ കേരളത്തിലുണ്ടായിരുന്ന സമയത്താണ് ഞങ്ങളുടെ നാട്ടില്‍ “ആര്‍ എം പി“ എന്നൊരു മണിചെയിന്‍ വരുന്നത്. കോണത്തുകുന്നിലെ ഞങ്ങളുടെ സൌഹൃദ വലയത്തിലെ ചന്ദ്രന്‍ മാഷും രവീന്ദ്രനും പിന്നെ അനവധി നിരവധി പേരും മണി മണിയായി മണി ചെയിന്‍ ബിസിനസ്സില്‍ പണം മുടക്കി പണം കൊയ്തു. അതോടെ ചങ്ങലയില്‍ കൂടിയവരുടെ വേഷവിധാനങ്ങള്‍ക്ക് തിളക്കവും പുതുമയും വന്നു, ശബ്ദത്തില്‍ ബാസ്സ് വന്നു, ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്ക് വരാന്‍ ആരുടേയെങ്കിലും ബൈക്കിന്റെ പുറകു കാത്തിരുന്നവനൊക്കെ കാശുകൊടുത്ത് ഓട്ടോ വിളിച്ചു വരാന്‍ തുടങ്ങി, സെക്കഡ്ക്ലാസ്സില്‍ സിനിമ കണ്ടിരുന്നവനൊക്കെ ബാല്‍ക്കണി ടിക്കറ്റെടുക്കാന്‍ തുടങ്ങി. മൊത്തത്തില്‍ ധനാകര്‍ഷണ ഭൈരവയന്ത്രത്തിനുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്ന റിസള്‍ട്ട്.

ആര്‍ എം പിയിലെ ചിലരുടെ മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായിട്ടാണ് പൈങ്ങോട്ടിലെ പലരും അതില്‍ ആകൃഷ്ടരാകുന്നത്. ആര്‍ എം പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍വേണ്ടി പൈങ്ങോട്ടിലെ രാജന്‍ ഓയില്‍ മില്ലിലെ മുഴുവന്‍ പണി വേണ്ട എന്നു വച്ചു. രാജിവെക്കാന്‍ യാതൊരു ജോലിയുമില്ലാത്തതുകൊണ്ട് ആനന്ദന് അല്പം ആശയക്കുഴപ്പമുണ്ടായിരുന്നു. അവരുടെ കണ്ണിയിലേക്കാണ് പൈങ്ങോട്ടിലെ ഒരു മിമിക്രി കലാകാരനും അത്യാവശ്യം സ്റ്റേജ് പരിപാടികളും ടി വി ചാനല്‍ പരിപാടികളും ഉത്സവസീസണല്ലെങ്കില്‍ ഹൌസ് പെയിന്റിംഗുമായി നടക്കുന്ന സുരേഷ് എന്ന കലാകാരന്‍ കണ്ണി ചേരുന്നത്.


ഒരല്പം ഫ്ലാഷ് ബാക്ക്........

കനത്ത മഴ മാറി, പറമ്പാകെ മഞ്ഞ വെയില്‍ പരന്നു കിടക്കുന്ന ഒരു പകല്‍. പുല്‍ത്തുമ്പുകളിലെ വജ്രമുത്തുകളെ നിര്‍ദ്ദാഷിണ്യം തട്ടിത്തെറിപ്പിച്ച് രാജന്‍ കൂട്ടുകാരനായ മണികണ്ഠന്റെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അപ്പോഴാണ് വേലിക്കപ്പുറംനിന്ന് പറമ്പിലെ പുല്ലരിയുന്ന സുരേഷിന്റെ അമ്മയെക്കണ്ടത്. പരിചയം കൊണ്ടും സുരേഷിന്റെ സുഹൃത്തായതുകൊണ്ടും കുശലമന്വേഷിച്ചേക്കാം എന്നു കരുതി രാജന്‍ സുരേഷിന്റെ അമ്മയോട് ചോദിച്ചു :

“സുരേഷ് ണ്ടാ അവ്ടെ?”

“ഉം...ണ്ട്. ഒറങ്ങാ”

“എന്തേ ഇന്നലെ വല്ല മിമിക്രി പരിപാടിണ്ടായ്ര്ന്നാ?”

“ഏയ് ഇന്നലെ ഇണ്ടായ്ര്ന്നില്ല”

“മിനിഞ്ഞാന്ന് ?” രാജന്‍ വിടാനുള്ള ഭാവം ഇല്ല.

“ഏയ് മിനിഞ്ഞാന്നും ല്ല്യ”

“പിന്നെന്തേ ഈ പകലൊറക്കം?”

“അതേ കഴിഞ്ഞ മാസം അവന് കൊറേ ദിവസം പരിപാടിണ്ടായ്ര്ന്നേ...“

“അതിന്?”

“അതിന്റെ ഒറക്കം ഒറങ്ങിത്തീര്‍ക്കാന്‍ പറ്റില്ല. കൊറേ പണീണ്ടാര്‍ന്നു. ഇന്നാ ഇത്തിരി ഒഴിവു കിട്ടീത്”

“.........??!!!??.....”

അന്തിച്ചു നില്‍ക്കുന്ന രാജനെ പുല്ലുവിലപോലും കൊടുക്കാതെ അരിഞ്ഞെടുത്ത പുല്ലുകെട്ടുമായി സുരേഷിന്റെ അമ്മ നീങ്ങി

ദാറ്റീസ് സുരേഷ്, അദ്ദാണ് സുരേഷ്..


പൈങ്ങോട് എല്‍.പി. സ്ക്കൂളില്‍ നിന്ന് ഉന്നതപഠനത്തിനായി ഞാന്‍ കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസ്സിലെത്തുമ്പോള്‍ സുരേഷ് എന്റെ സീനിയറായി ആറാം ക്ലാസ്സിലുണ്ടായിരുന്നു. പിന്നെ അടുത്ത വര്‍ഷം ഞങ്ങള്‍ ഒരേ പ്രായക്കാരായി ആറാം ക്ലാസ്സില്‍ ഒരുമിച്ചിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ സുരേഷിന്റെ സീനിയറായി. പിന്നെ വര്‍ഷങ്ങള്‍ക്കിടയില്‍ വല്ലപ്പോഴുമാണ് കാണാറ്. സുരേഷ് ആര്‍ എം പിയില്‍ ചേര്‍ന്നതിനു ശേഷം ആര്‍ എം പിയിലെ എല്ലാവര്‍ക്കും ഉഷാര്‍ വന്നുവത്രേ. പുതിയൊരാളെ ചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ “ ടാ..ആ മിമിക്രി സുരേഷ് വരെ ഇതില് ചേര്‍ന്നു.പിന്ന്യണ്?“ ആ അത്ഭുതം കേട്ട വകയില്‍ പലരേയും ആര്‍ എം പിയില്‍ ചേര്‍ക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിഞ്ഞെന്ന് ജനസംസാരമുണ്ടായി! ജോലിയില്ലാതെ പീടിക തിണ്ണ നിരങ്ങുന്ന പലരോടും അവരുടെ അമ്മമാര്‍ പറഞ്ഞു " ആ സുരേഷ് വരെ അദ്ധ്വാനിച്ച് കാശ് ഉണ്ടാക്കിത്തുടങ്ങി..എന്നിട്ടും നിന്നെക്കൊണ്ട് കുടുംബത്തിനു വല്ല ഉപകാര്ണ്ടടാ?"

ആള്‍ഭയമില്ലാതെ സ്റ്റേജില്‍ പരിപാടികള്‍ അവതരിപ്പിക്കുമെങ്കിലും, ഐ ക്യൂ അഥവാ പത്രപാരയണം കുറവായതുകൊണ്ടോ ലോക വിജ്ഞാനം പൈങ്ങോടിന്റെ അങ്ങേ അറ്റത്ത് സുരേഷിന്റെ വീടിന്റെ ഭാഗത്തേക്ക് വരാത്തതു കൊണ്ടോ ഇമ്മാതിരിയുള്ള കാര്യങ്ങളിലും നാലുപേരോട് അത് അവതരിപ്പിക്കുന്നതിലും, ഒരു സദസ്സില്‍ സംസാരിക്കുന്നതിലും ഒരു മിടുക്ക് കുറവ് സുരേഷിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സുരേഷിന്റെ ‘ലെഫ്റ്റ് ലെഗ്‘ നന്നായെങ്കിലും ‘റൈറ്റ് ലെഗ്‘ കാര്യമായി വളര്‍ന്നില്ല. എന്തിനു പറയുന്നു, കസ്റ്റമേഴ്സിനെ ചാക്കിടാന്‍, ആര്‍ എം പിയില്‍ സുരേഷ് ചേര്‍ന്ന സമയത്ത് ചന്ദ്രന്‍ മാഷ് കൊടുത്ത ചെക്ക് ലീഫ് കാണിച്ച് ‘ഇതെനിക്ക് ഇന്നലെ വന്ന ചെക്കാ’ എന്നു പറഞ്ഞിട്ടു പോലും കാര്യമായ പുരോഗതി ഉണ്ടായില്ല. സോ, മണിചെയിനില്‍ സുരേഷിനു തുടക്കത്തില്‍ ഒരു ഗുമ്മു കിട്ടിയില്ല.

അങ്ങിനെയാണ് പുതിയ ആളുകളെ ചേര്‍ത്തതിന്റെ ഭാഗമായി അവര്‍ക്കു വേണ്ടി ഒരു ക്ലാസ്സ് ചന്ദ്രന്‍ മാഷിന്റെയും മറ്റു സീനിയേര്‍സിന്റെയും നേതൃത്വത്തില്‍ നടന്നത്. സുരേഷടക്കമുള്ള പലരും പുതിയ പാഠങ്ങള്‍ പഠിക്കാനും ചിലത്, ചേരാന്‍ പോകുന്നവരെ പഠിപ്പിക്കാനുമായി കാതോര്‍ത്തിരുന്നു. ചന്ദ്രന്‍ മാഷ് ക്ലാസ്സ് തുടങ്ങി.

“.......... അര്‍ എം പി(RMP) എന്നു പറഞ്ഞാല്‍ നമ്മള്‍ അതില്‍ .....രൂപ ചേര്‍ന്ന് അംഗമാകണം. ആ പണം പക്ഷെ, ഒരു ഫീസല്ല. ആ തുകക്കു തുല്യമായി നമുക്ക് പല കണ്‍സ്യൂമര്‍ പ്രൊഡക്റ്റുകളും കിട്ടും. അവിടെയാണ് ആര്‍ എം പി യുടെ പ്രത്യേകത.. മാര്‍ക്കറ്റില്‍ കിട്ടുന്ന പലതിന്റേയും എം ആര്‍ പി(M R P) അല്ല നമ്മള്‍ അംഗങ്ങള്‍ക്കു ലഭിക്കുക. ആര്‍ എം പി അംഗങ്ങളായവര്‍ക്ക് മാര്‍ക്കറ്റില്‍ കിട്ടുന്ന പല സാധനങ്ങളുടേയും എം ആര്‍ പിയില്‍ നിന്നും കുറവുണ്ടായിരിക്കും. ഉദാഹരണത്തിനു നമ്മള്‍ ഒരു ടി വി വാങ്ങിക്കുന്നു എന്നിരിക്കട്ടെ. അതിന്റെ എം ആര്‍ പി പതിനായിരം ആണെന്നു കരുതുക. പക്ഷെ ആര്‍ എം പി അംഗങ്ങള്‍ക്ക് ഈ എം ആര്‍ പിയില്‍.........”

“ അല്ല സാറെ നമ്മള്‍ ‘ആര്‍ എം പി‘ അല്ലെ” സുരേഷ് ചാടിയെഴുന്നേറ്റ് സംശയം ചോദിച്ചു.

“ അതേ ‘ആര്‍ എം. പി‘ തന്നെ..” ചന്ദ്രന്‍ മാഷ്

“ അല്ല, സാര്‍ അപ്പോ ‘എം ആര്‍ പി‘ എന്നു പറഞ്ഞത്?”

‘ സുരേഷേ അത് ‘എം ആര്‍ പി‘ ആണ്...അതായത്”

“ ഓ മനസ്സിലായി എം ആര്‍ പി വേറെ അല്ലേ?”

“സുരേഷേ നമ്മൂടെ കമ്പനി ‘ആര്‍ എം പി‘...........”

“അപ്പോ ‘എം ആര്‍ പി‘ വേറെ കമ്പന്യാ സാറേ....”


ദാറ്റീസ് സുരേഷ്....അദ്ദാണീ സുരേഷ്.


ഒരു മണിക്കുറാണ് ക്ലാസ്സ് വെച്ചിരുന്നെങ്കിലും 55 മിനിട്ടെങ്കിലും ചന്ദ്രന്‍ മാഷിനു ആര്‍ എം പി യും എം ആര്‍ പിയും തമ്മിലുള്ള വിത്യാസം പറഞ്ഞു കൊടുക്കാന്‍ ഉപയോഗിക്കേണ്ടി വന്നു.

എന്തായാലും സുരേഷിന്റെ തളര്‍ന്നു പൊയ ‘റൈറ്റ്‘ പൊക്കിയുയര്‍ത്താന്‍ കൂടെയുള്ളവര്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ലത്രേ. മാത്രമല്ല. എം ആര്‍ പിയും ആര്‍ എം പിയും തമ്മിലുള്ള വിത്യാസം മനസ്സിലാവാത്ത സുരേഷ് ശ്രമിച്ചാല്‍ ആര് അംഗങ്ങളാവാനാണ് സുരേഷിന്റെ ലെഗ്ഗില്‍‍? കുറച്ചു മാസങ്ങളോടെ പലപ്പോഴായി ആര്‍ എം പി അംഗങ്ങള്‍ക്ക് പല ക്ലാസ്സുകളും കമ്പനി നല്‍കിപോന്നു. പുതിയ ആളുകളെ കാന്‍ വാസ് ചെയ്യുന്നതെങ്ങിനെ, വീഴ്ത്തുന്നതെങ്ങിനെ കൂടൂതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതെങ്ങിനെ എന്ന രീതിയില്‍. എന്നിട്ടും സുരേഷിന്റെ ‘റൈറ്റ്‘ തീരെ പൊന്തിയില്ലത്രേ.

ഒരു ഞായറാഴ്ച ആര്‍ എം പി അംഗങ്ങളുടെ പതിവു ക്ലാസ്സ്. പുതിയ അംഗങ്ങളായിചേര്‍ന്നവര്‍ തങ്ങളുടെ അനുഭവങ്ങളും ആര്‍ എം പിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംസാരിക്കണം. അംഗങ്ങളായവര്‍ പലരും വേദിയില്‍ സംസാരിച്ചു. ‘ഇനി ലോകത്തിനു ഈയൊരു സാമ്പത്തിക രീതിയേ ബാക്കിയുള്ളൂ എന്നു, സര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ഈ മണിചെയ്യിന്‍ ചെയ്യേണ്ടിവരു‘മെന്നൊക്കെ പലരും പറഞ്ഞതായി പറഞ്ഞ് കേട്ടു. ഒടുക്കം സുരേഷിന്റെ ഊഴം വന്നു. സദസ്സിനെ അഭീമുഖീകരിച്ച് സുരേഷ് വിറയലോടെ സംസാരിക്കാന്‍ തുടങ്ങി.

"ആര്‍ എം പി എന്നു പറഞ്ഞാല്‍....എന്നു പറഞ്ഞാല്‍....അതായത്..നമ്മളിപ്പോ എവിടേയെങ്കിലും പോകുകയാണെന്നു വിചാരിക്കുക.”

സദസ്സ് നിശബ്ദമായി സുരേഷിന്റെ വാക്കുകള്‍ക്ക് കാതോര്‍ത്തു

“നമ്മള്‍ പോകുന്ന വഴി......വഴി.......റോഡിന്റെ നടുക്ക് ഒരു വലിയ മരം കിടക്കുകായാണെന്നു വിചാരിക്കുക..”

സദസ്സ് തല ചൊറിയാന്‍ തുടങ്ങി

“ നമുക്ക് ആ മരം മാറ്റാതെ പോകാന്‍ പറ്റില്ല. അതിങ്ങനെ തടസ്സമായി കിടക്കുകയാണ്.. അപ്പോ നമ്മളെന്തു ചെയ്യും?....അപ്പോ...നമ്മള്‍.....മരം തള്ളിമാറ്റിയിട്ട് പോകാന്‍ നോക്കും......പക്ഷെ നമ്മള്‍ തള്ളിയിട്ട് അത് മാറ്റാന്‍ പറ്റുന്നില്ല......“

സഭാകമ്പവും ഓര്‍മ്മക്കുറവുകൊണ്ടും സുരേഷിനു വാക്കുകളും കിട്ടുന്നില്ല, കാര്യം അവതരിപ്പിക്കാനും സാധിക്കുന്നില്ല. സദസ്സ് മുഖത്തോട് മുഖം നോക്കി

“ അപ്പോ മരം ഇങ്ങനെ റോഡില്‍ ക്രോസ്സായിട്ട് കിടക്കയാണ്.. നമ്മളെന്തു ചെയ്യും..”

‘ശ്ശെഡാ ഇവനീ മരം കൊണ്ട് എന്താ ചെയ്യാന്‍ പോണെ?’ രാജന്‍ കണ്ണൂമിഴിച്ചു

“അപ്പോ നമ്മളൊറ്റക്ക് വിചാരിച്ചിട്ട് അത് തള്ളി നീക്കാന്‍ പറ്റുന്നില്ല. അപ്പോള്‍ നമ്മളെന്തു ചെയ്യൂം?”

‘നീയെന്തെങ്കിലും ചെയ്യടാ സുരേഷേ...’ ആനന്ദന്‍ പതുക്കെ രാജന്റെ ചെവിട്ടില്‍ പറഞ്ഞു.

“ എന്നിട്ടും മരം മാറുന്നില്ല... വീണ്ടും തള്ളി നോക്കി...“


സുരേഷ് അരമണിക്കുറ് എടുത്ത് തള്ളി നീക്കിയിട്ടും മരം റോട്ടില്‍ നിന്ന് മാറിയില്ല!. സുരേഷ് തള്ളലൊട്ടും നിര്‍ത്തിയതുമില്ല. എല്ലാവരും മുഖത്തോട് മുഖം നോക്കി. വാച്ചിലേക്കും നോക്കാന്‍ തുടങ്ങി.

‘അരമണിക്കൂറായല്ലോഡാ സുരേഷ് തള്ളാന്‍ നോക്കിയിട്ട്.. അത് മാറ്റാണ്ട് നമുക്ക് വീട്ടീപൂവാനും പറ്റില്ലല്ലോ‘ രാജന്‍ ആനന്ദന്റെ ചെവിയില്‍ പതുക്കെ പറഞ്ഞു.ആനന്ദനും രാജനും ചിരിയൊതുക്കി. എന്നിട്ടും സുരേഷ് മരത്തിനിട്ട് തള്ളല്‍ തുടരുകയാണ്. സദസ്സില്‍ പലരും ചിരി ഒതുക്കിപ്പിടിക്കാന്‍ തുടങ്ങി. എന്നിട്ടും റോട്ടിലെ മരം സുരേഷിനു തള്ളിമാറ്റാന്‍ പറ്റിയില്ല.

“മതി സുരേഷ്, ഇനി സീറ്റില്‍ പോയി ഇരുന്നോളു” എന്നു ചന്ദ്രന്‍ മാഷ് പറയുന്നത് വരെ സുരേഷ് തള്ളല്‍ തുടര്‍ന്നു,

മാസങ്ങളായുള്ള ആര്‍ എം പി ക്ലാസ്സിന്റെ ഇഫക്റ്റില്‍ സുരേഷ് ഒരു ഉപമ പറയാന്‍ ശ്രമിച്ചതായിരുന്നു സത്യത്തില്‍. റോഡില്‍ മരം വീണതു കൊണ്ട് ഗതാഗതം തടസ്സമാകുമെന്നും നമ്മളോരാള്‍ വിചാരിച്ചാല്‍ മാത്രം ആ മരം മാറ്റാനാകില്ലെന്നും പകരം ഒരുപാടുപേര്‍കൂടി ശ്രമിച്ചാലേ അത് മാറ്റാന്‍ കഴിയുകയുള്ളൂ എന്ന് പഴയ ‘ഐക്യമത്യം മഹാബലം‘ കഥ പൊടിതട്ടി ആര്‍ എം പിയുമായി കൂട്ടിച്ചേര്‍ത്ത് പറഞ്ഞതാണ്. പക്ഷെ അരമണിക്കുര്‍ തള്ളിയിട്ടും സുരേഷിനു കഥയുടെ ക്ലൈമാക്സിലേക്ക് വരാന്‍ പറ്റിയില്ലാ എന്നുള്ളതായിരുന്നു സത്യം!!!

രാജന്റേയും ആനന്ദന്റേയും ബ്രോഡ്കാസ്റ്റിങ്ങ് മൂലം കോണത്തുകുന്നിലും പൈങ്ങോട്ടിലും സംഗതി പാട്ടാവാന്‍ നിമിഷ നേരം വേണ്ടായിരുന്നു. മണികണ്ഠന്റെ ഉപകഥകള്‍ കൂടിയായപ്പോള്‍ ഒരു സൂപ്പര്‍ ഹിറ്റ് സുരേഷ് കഥയായി.


***********************************************************************************


സംഭവം നടന്ന് ഒരാഴ്ച തികയുന്നതിനു മുന്‍പ് രാത്രി കോണത്തുകുന്ന് ജംഗ്ഷനില്‍ നിന്ന് പൈങ്ങോട്ടീലെ തന്റെ വീട്ടിലേക്ക് സുധാകരേട്ടന്റെ ഓട്ടോ വിളിച്ച് പോകുകയായിരുന്നു സുരേഷ്. പാതി വഴിയിലെത്തിയപ്പോള്‍ സുധാകരേട്ടന്‍ തിരിഞ്ഞ് സുരേഷിനോട് ഒരു ചോദ്യം :

“ അല്ല സുരേഷേ, ഇനിയിപ്പോ നമ്മള് പോണ വഴീല് വല്ലോടത്തും മരം വീണു കെടക്കണുണ്ടാവൊ? അല്ലാ, പിന്നെ മരം മാറ്റാ‍ണ്ട് നമുക്ക് പൂവാമ്പറ്റില്ലാട്ടാ...”

ഓട്ടോക്കുള്ളിലെ ഇരുട്ടില്‍ നിന്നും ചെവിക്കല്ലു പിളര്‍ക്കുന്ന ഒരു തെറി വന്നതും സുധാകരേട്ടന്‍ വണ്ടി ടോപ്പ് ഗിയറിലാക്കിയതും നിമിഷ നേരത്തിലായിരുന്നു.
.

51 comments:

nandakumar May 31, 2010 at 9:58 AM  

ആര്‍ എം പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍വേണ്ടി പൈങ്ങോട്ടിലെ രാജന്‍ ഓയില്‍ മില്ലിലെ മുഴുവന്‍ പണി വേണ്ട എന്നു വച്ചു. രാജിവെക്കാന്‍ യാതൊരു ജോലിയുമില്ലാത്തതുകൊണ്ട് ആനന്ദന് അല്പം ആശയക്കുഴപ്പമുണ്ടായിരുന്നു. അവരുടെ കണ്ണിയിലേക്കാണ് പൈങ്ങോട്ടിലെ ഒരു മിമിക്രി കലാകാരനും അത്യാവശ്യം സ്റ്റേജ് പരിപാടികളും ടി വി ചാനല്‍ പരിപാടികളും ഉത്സവസീസണല്ലെങ്കില്‍ ഹൌസ് പെയിന്റിംഗുമായി നടക്കുന്ന സുരേഷ് എന്ന കലാകാരന്‍ കണ്ണി ചേരുന്നത്.

Unknown May 31, 2010 at 10:09 AM  

ആദ്യം തേങ്ങ
((((((((((((((ഠോ))))))))))))))))
ഇനി വായിക്കട്ടെ.

ശ്രീ May 31, 2010 at 10:23 AM  

ഇതു ഞങ്ങളുടെ പിള്ളേച്ചന്‍ ഉപമകള്‍ പറയുന്നതു പോലെയാണല്ലോ നന്ദേട്ടാ (നന്ദേട്ടനും പരിചയപ്പെട്ടിട്ടുണ്ട്, കക്ഷിയെ...)

അവനെന്താണ് പറഞ്ഞു വരുന്നത് എന്ന് പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാകുകയില്ല, പറഞ്ഞു കഴിഞ്ഞാല്‍ അവനു പോലും അതെന്തിനു പറഞ്ഞു എന്നു വിശദമാക്കാനുമാകില്ല. അതു തന്നെ ഈ സുരേഷിന്റെയും കഥ ല്ലേ? :)

എറക്കാടൻ / Erakkadan May 31, 2010 at 11:24 AM  

സുരേഷിന്റെ അമ്മയോടുള്ള സംസാരമോക്കെ സൂപ്പര്‍ .... തുടക്കത്തിലെ മാലപ്പടക്കം പോലുള്ള തമാശകളും ഇഷ്ടായി......

Renjith Kumar CR May 31, 2010 at 11:26 AM  

അപ്പോ മരം ഇങ്ങനെ റോഡില്‍ ക്രോസ്സായിട്ട് കിടക്കയാണ്.. നമ്മളെന്തു ചെയ്യും.....

നന്ദേട്ടാ:)

hi May 31, 2010 at 11:41 AM  

എന്റെ ഒരു സുഹൃത്ത്‌ ഉണ്ട് ഇതു പോലെ ഒരു ബന്ധവും ഇല്ലാത്ത ഉപമകള്‍ പറഞ്ഞു കളയും :)

Unknown May 31, 2010 at 11:55 AM  

*ഒരു മണിക്കുറാണ് ക്ലാസ്സ് വെച്ചിരുന്നെങ്കിലും 55 മിനിട്ടെങ്കിലും ചന്ദ്രന്‍ മാഷിനു ആര്‍ എം പി യും എം ആര്‍ പിയും തമ്മിലുള്ള വിത്യാസം പറഞ്ഞു കൊടുക്കാന്‍ ഉപയോഗിക്കേണ്ടി വന്നു.*
ഹ ഹ ...
നന്ദേട്ടാ പതിവുപോലെ നല്ല വര.

സഹയാത്രികന്‍...! May 31, 2010 at 12:05 PM  

നന്ദേട്ടാ, കൊള്ളാട്ടാ. പതിവുപോലെ നല്ല രസായീണ്ട് :)

പ്രവീണ്‍ വട്ടപ്പറമ്പത്ത് May 31, 2010 at 12:13 PM  

ഗഡീ ... ഹഹ :) ഇത്തരം സുരേഷുമാരെ പലപ്പോഴും കണ്ടുമുട്ടേണ്ടി വന്നട്ടുണ്ട്.

ഒരു ഡൌബ്ട്, ശരിക്കും നായകൻ സുരേഷ് തന്നാണോ?

...sijEEsh... May 31, 2010 at 1:04 PM  

ഹ ഹ... "കാശൊള്ളവന്‍ എന്ന് തോന്നിക്കുമാറ് ചെത്തി നടക്കയെങ്കിലും വേണം..."അത് കറക്റ്റ്... "രാജിവെക്കാന്‍ യാതൊരു ജോലിയുമില്ലാത്തതുകൊണ്ട് ആനന്ദന് അല്പം ആശയക്കുഴപ്പമുണ്ടായിരുന്നു."ഇത് സൂപ്പര്‍...

സജി May 31, 2010 at 1:22 PM  

@പക്ഷെ അരമണിക്കുര്‍ തള്ളിയിട്ടും സുരേഷിനു കഥയുടെ ക്ലൈമാക്സിലേക്ക് വരാന്‍ പറ്റിയില്ലാ എന്നുള്ളതായിരുന്നു സത്യം!!!


സത്യം പറ-- ഇതാരുടെ അനുഭവമാ?

Naushu May 31, 2010 at 2:01 PM  

എന്തായാലും സംഗതി കൊള്ളാം...

Rare Rose May 31, 2010 at 2:06 PM  

ഈ സംഭവത്തോടെ മണിചെയിന്‍ അഭ്യാസങ്ങളിലേക്ക് തല വെച്ചു കൊടുക്കാന്‍ സുരേഷ് നിന്നു കാണില്ല അല്ലേ.;)

കുഞ്ഞു സംഭവമെങ്കിലും രസായി വായിച്ചു.ഭാവനയിലെ മരം നീക്കി കഷ്ടപ്പെടുന്ന സുരേഷിന്റെ പടവും ഇഷ്ടപ്പെട്ടു.:)

|santhosh|സന്തോഷ്| May 31, 2010 at 2:16 PM  

പോസ്റ്റ് പതിവുപോലെ ഇഷ്ടപ്പെട്ടു. ചെറുതും രസകരവും...

jayanEvoor May 31, 2010 at 2:24 PM  

കൊള്ളാം, ആർ.എം.പി!
(ഞാ‍ൻ കരുതിയത് ആർ.എം.പി എന്നാൽ രെജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർ എന്നാ!)

രഘുനാഥന്‍ May 31, 2010 at 2:25 PM  

സ്വയം ചൂടാക്കാതെ വെള്ളം തിളപ്പിക്കാന്‍ കഴിവുള്ള ഒരു "RMP പ്രോഡക്റ്റ്" വാങ്ങി വീട്ടിലെത്തിയ ഞാന്‍ അതിന്റെ മണ്ടയ്ക്ക് ഒരു സ്റ്റീല്‍ ചരുവത്തില്‍ വെള്ളം വച്ചിട്ട് സ്വിച്ച് ഓണ്‍ ചെയ്തു.

പാത്രം ചൂടാകാതെ തന്നെ അതിനുള്ളിലെ വെള്ളം തിളയ്ക്കുന്ന അസുലഭ കാഴ്ച കാണിക്കാന്‍ ഭാര്യയെ വിളിച്ചു.

മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞിട്ടും വെള്ളം തിളച്ചില്ല എന്ന് മാത്രമല്ല സഹികെട്ട ഭാര്യ ആ പ്രോഡക്റ്റ് അതിന്റെ മണ്ടയ്ക്കിരുന്ന ചരുവം സഹിതം എടുത്തു കിണറ്റിലിടുകയും ചെയ്തു.

അതോടെ ചുളുവില്‍ ഒരു കോടീശ്വരന്‍ ആകാനുള്ള എന്റെ മോഹം "ലെഫ്റ്റ് ലെഗ്ഗും റൈറ്റ് ലെഗ്ഗും' തളര്‍ന്നു കൂമ്പടച്ച്‌ മുരടിച്ചു പോയി...

വിവരണം നന്നായി നന്ദേട്ടാ

manojmaani.com May 31, 2010 at 2:31 PM  

nannaittundu

krish | കൃഷ് May 31, 2010 at 3:06 PM  

:)

ഭായി May 31, 2010 at 3:32 PM  

അവന്റെ ഒടുക്കത്തെ പ്രസംഗം...:-)
രസിപ്പിച്ചു, ചിരിപ്പിച്ചു.

ചാണ്ടിച്ചൻ May 31, 2010 at 3:40 PM  

RMP യുടെ MRP കേട്ട് എല്ലാരും RIP ആയല്ലേ...ദതാണ് സുരേഷ്...
കൊള്ളാം നന്ദേട്ടാ...ചിരിപ്പിച്ചു...
ഇതിനു സമാനമായ ഒരെണ്ണം വെള്ളത്തിലാശാനും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു...

Junaiths May 31, 2010 at 4:02 PM  

മനുഷ്യാ നിങ്ങളെല്ലാവരും കൂടെ ആ സുരേഷിന് കൊന്നു കൊലവിളിച്ചല്ലേ?
ഞാന്‍ കരുതി ആര്‍.എം.പി.,ആംവേ തുടങ്ങിയ ടീമുകള്‍ക്കുള്ള കൊട്ടായിരിക്കുമെന്നു..ബട്ട്‌ പാവം സുരേഷിനെ കൊട്ടിയിട്ടു നിങ്ങള് പോയ്‌..ദുഷ്..നിങ്ങളുടെ വാഹനത്തിന്റെ മുന്‍പില്‍ മരം വീണു അരമണിക്കൂര്‍ നിങ്ങള്‍ എന്ത് ചെയ്യണമെന്നു ആലോചിച്ചു നിന്ന് പോകട്ടെ..

കണ്ണനുണ്ണി May 31, 2010 at 4:42 PM  

ഇടക്കൊരു കാലത്ത് ഇതൊരു ശല്യം തന്നെ ആരുന്നു.. ആംവേ , ആര്‍ എം പി... മാങ്ങാത്തൊലി,
നമ്മുടെ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിക്കുമ്പോ സ്കൂട്ട് ആവാന്‍ വല്യ പാടും ആവും...

നന്ദേട്ട...സുരേഷൊരു വ്യക്തിയല്ല.. പ്രസ്ഥാനം ആട്ടോ

അരുണ്‍ കരിമുട്ടം May 31, 2010 at 5:05 PM  

സുരേഷ് സുധാകരേട്ടനോട് പറഞ്ഞ വാചകം കൂടി എഴുതാമായിരുന്നു:)
(ഇക്കുറി പടം തട്ടി കൂട്ടിയതാണല്ലേ?)

ഷൈജൻ കാക്കര May 31, 2010 at 5:09 PM  

R.M.P യൊക്കെ ഒരു വഴിക്കായില്ലേ...

Sandeepkalapurakkal May 31, 2010 at 5:48 PM  

“ അല്ല സുരേഷേ, ഇനിയിപ്പോ നമ്മള് പോണ വഴീല് വല്ലോടത്തും മരം വീണു കെടക്കണുണ്ടാവൊ? അല്ലാ, പിന്നെ മരം മാറ്റാ‍ണ്ട് നമുക്ക് പൂവാമ്പറ്റില്ലാട്ടാ...”

സുരേഷ് ബ്ലോഗിനെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല എന്ന് വിചാരിക്കുന്നു, സുക്ഷിച്ചോ വല്ല പണിയും തരും :)

Unknown May 31, 2010 at 6:42 PM  

ആര്‍ എം പി കഥ കലക്കി.
മിമിക്രി കലാകാരനായ സുരേഷിനു അത് തന്നീയായിരുന്നു നല്ലത്

വിനയന്‍ May 31, 2010 at 6:46 PM  

അമിട്ടുകള്‍ നല്ല രീതിയില്‍ തന്നെ പൊട്ടി...സുരേഷ് തന്നെ ഹീറോ...ദ്ദാണു സുരേഷ്...:)

Muralee Mukundan , ബിലാത്തിപട്ടണം May 31, 2010 at 6:52 PM  

കോണത്തുകുന്നിലോ,മറ്റോ സുരേഷിന്റെ ഗെഡികൾ ആരെങ്കിലും ഈ നന്ദപർവ്വം വായിക്കാതിരിക്കില്ലല്ലോ...
അല്ലാ നേരിട്ടുകിട്ടാനുള്ളത് ഞാനെന്തിനു വിളിച്ചുപറയണം..?

പണ്ട് ഞാനും കുറെ മണിചെയ്യിനുകളിൽ ചേർന്ന് പെട്ടിട്ടുള്ളതാ...
വരയും വരികളും ഉഗ്രൻ കേട്ടൊ ഭായി.

നിരക്ഷരൻ May 31, 2010 at 7:43 PM  

ഞാന്‍ കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ അഞ്ചാം ക്ലാസ്സിലെത്തുമ്പോള്‍ സുരേഷ് എന്റെ സീനിയറായി ആറാം ക്ലാസ്സിലുണ്ടായിരുന്നു. പിന്നെ അടുത്ത വര്‍ഷം ഞങ്ങള്‍ ഒരേ പ്രായക്കാരായി ആറാം ക്ലാസ്സില്‍ ഒരുമിച്ചിരുന്നു. അതിനടുത്ത വര്‍ഷം ഞാന്‍ സുരേഷിന്റെ സീനിയറായി.

5ലും 6ലും തോറ്റിട്ടില്ലാന്നുള്ള കള്ളം സ്ഥാപിച്ചെടുക്കാന്‍ പാവം സുരേഷിനെ ബലിയാടാക്കി :)

Anil cheleri kumaran May 31, 2010 at 8:07 PM  

രാജിവെക്കാന്‍ യാതൊരു ജോലിയുമില്ലാത്തതുകൊണ്ട് ആനന്ദന് അല്പം ആശയക്കുഴപ്പമുണ്ടായിരുന്നു.

ഭായി.. കലക്കി.

കൂതറHashimܓ May 31, 2010 at 9:15 PM  

ഹ ഹ ഹാ‍
നന്നായി ചിരിച്ചു, എനിക്കിഷ്ട്ടായി ഒരുപാട്

Manoraj May 31, 2010 at 9:17 PM  

പോസ്റ്റ് സൂപ്പറായി. പക്ഷെ ഈ സുരേഷിനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഒരു ബുൾഗാൻ താടിയൊക്കെ വച്ച്.. ഹേയ് നന്ദനെയല്ല കേട്ടോ.. തമാശകളോക്കെ മനോഹരമായി നന്ദൻ. ഒരു കാലത്ത് ആംവേ, മുതലായ കുറേ ആളൂകൾ ഇതുമായി നടന്നിരുന്നു. ഇപ്പോൾ പക്ഷെ കുറവാണെന്ന് തോന്നുന്നു..

ചെലക്കാണ്ട് പോടാ May 31, 2010 at 9:22 PM  

തള്ളാന്‍ മരങ്ങള്‍ വല്ലതുമുണ്ടോ?

ഇവിടെയും അരങ്ങേറിയ ബിസിനസ്സ് ക്ലാസ്സുകളെ ഓര്‍മ്മപ്പെടുത്തി....

ഒഴാക്കന്‍. June 1, 2010 at 1:02 AM  

ഞാനും പണ്ടു കൂടിയരുന്നു ഒരു മണി ചെയ്നില്‍ കോണ്ടം, ചേര്‍ന്നാല്‍ ചേരുന്നവര്‍ ഫുള്‍ സേഫ് ആണ് പോലും ,, സേഫ് ആയിരിക്കും ആവോ എന്തോഅറിയില്ല

Unknown June 1, 2010 at 11:36 AM  

ആര്‍ എം പി യില്‍ അംഗമായ സുഹൃത്തിനെ കണ്ടാല്‍ ഇപ്പോള്‍ മുങ്ങലാണ് എന്റെ പരിപാടി....

എപ്പോള്‍ കണ്ടാലും ക്ലാസ്സുകളെ കുറിച്ചും വരുന്ന ഇരുപതു കൊല്ലം കൊണ്ട് സാമ്പത്തിക അവസ്ഥക്ക് മണി ചെയിന്‍ വഴി ഉണ്ടാക്കാന്‍ പോകുന്ന മഹത്തായ മാറ്റങ്ങളെയും കുറിച്ച് മാത്രമേ അവനു പറയാന്‍ ഉള്ളൂ....

കുറെ കാശ് കൊണ്ട് കലക്കി കളഞ്ഞു എങ്കിലും ഒരു ഉപകാരം ഉണ്ടായത് അവനിപ്പോള്‍ നന്നായി സംസാരിക്കാന്‍ പഠിച്ചു എന്നതാണ് .

നല്ല അവതരണം....

ഷേരൂ പാവം June 1, 2010 at 5:58 PM  

ഹഹ കൊല്ല് നാട്ടരെ മുഴുവൻ

അവസനം നാട്ടിലിറങ്ങാ‍ാൻ പറ്റാതാവുംട്ടാ

ഹഹാ കൊള്ളാം

kARNOr(കാര്‍ന്നോര്) June 1, 2010 at 7:09 PM  

ലെഫ്റ്റ് ലെഗില്‍ ചേരുന്നതിനേക്കാള്‍ നല്ലതാണല്ലോ റൈറ്റ് ലെഗ്ഗില്‍ ചേരുന്നതിനേക്കാള്‍ നല്ലതാണല്ലോ..

ആശംസകള്‍...

ദിലീപ് വിശ്വനാഥ് June 1, 2010 at 11:22 PM  

എന്റെ നന്ദാ, ഇനിയിപ്പോ നാട്ടില്‍ ചെന്നാല്‍ സുരേഷ് എടുത്തിട്ട് അലക്കുമോ?

G.MANU June 2, 2010 at 8:20 AM  

‘അരമണിക്കൂറായല്ലോഡാ സുരേഷ് തള്ളാന്‍ നോക്കിയിട്ട്.. അത് മാറ്റാണ്ട് നമുക്ക് വീട്ടീപൂവാനും പറ്റില്ലല്ലോ

മാഷേ രസികന്‍ പോസ്റ്റ്‌.
നാളെ നിന്നെ കോടീശ്വരന്‍ ആക്കാം എന്ന് വാഗ്ദാനം നല്‍കി പണ്ടൊരു ചങ്ങാതി ആര്‍.എം.പി ക്ലാസില്‍ കൊണ്ടുപോയ സംഭവം ഓര്‍ത്തു. പ്രസംഗവും പ്രേസേന്റ്റേനും കണ്ട കണ്ണ് തള്ളി ഇരിക്കുന്ന കക്ഷികളെ കണ്ടു ചിരി വന്നു (ഒടുവില്‍ 'വരിക്കാര്' വരി ഉടക്കും എന്ന സ്ഥിതി ആയപ്പോ ഈ ലീഡര്‍ വേറൊരു നാട്ടിലേക്ക് മുങ്ങിയത് വേറൊരു കഥ. )

Pongummoodan June 2, 2010 at 9:49 AM  

:)

sijo george June 2, 2010 at 3:48 PM  

:) kidu. ipo postinte neelam kuranj varuvanallo.. ningade paingot oru sambavam thanne nandettaa..:)

nandakumar June 3, 2010 at 1:07 PM  

പോസ്റ്റ് വായിക്കുകയും അഭിപ്രായം എഴുതിയവര്‍ക്കും, ഫോണിലും ചാറ്റിലും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. സ്നേഹം.

siya June 7, 2010 at 4:18 PM  

വളരെ നല്ല പോസ്റ്റ്‌ ..വായിച്ചപോള്‍ മുന്‍പിലൂടെ നടക്കുന്ന സംഭവം പോലെ തോന്നി .അത്രയും നല്ലപോലെ വിവരിച്ചിട്ടും ഉണ്ട് .

ചിതല്‍/chithal June 7, 2010 at 7:45 PM  

ഹ ഹ! ഈ സുരേഷിനോട്‌ വല്ലാത്ത താദാത്മ്യം (സ്വയം) തോന്നുന്നു!!

മത്താപ്പ് June 12, 2010 at 8:32 PM  

ഹ ഹ ഹാ‍!!!!!!
എന്റെ നന്ദേട്ടാ,
നിങ്ങളെ എന്ത് ചെയ്യണം????? ;) ;-))

ഗോപീകൃഷ്ണ൯.വി.ജി June 13, 2010 at 12:07 AM  

പോസ്റ്റ് ഇഷ്ടമായി.ആശംസകള്‍

. June 14, 2010 at 4:18 PM  

othukkamulla nalloru post. pakshe,'kidu'ennu parayaan enthu kondo pattunnilla.mashinu ethinekkal nannayi ezhuthan pattum enna thonnalullathu kondavam :-)

Jishad Cronic June 20, 2010 at 4:27 PM  

നല്ല അവതരണം....

Unknown June 25, 2010 at 1:45 AM  

ഈ പോസ്റ്റ്‌ വായിച്ച് ഒരുപാട് ചിരിച്ചു, വളരെ നന്നായിട്ടുണ്ട് മാഷേ, ആശംസകള്‍...

റിയാസ് (മിഴിനീര്‍ത്തുള്ളി) October 15, 2010 at 11:44 AM  

കിടിലന്‍ അവതരണം

സുധി അറയ്ക്കൽ October 9, 2016 at 7:48 AM  

വളരെ നന്നായിരിക്കുന്നു.ചിരിച്ചു.