പിറന്നാളിന്റെ മധുരം...
കുട്ടിക്കാലത്തെ പിറന്നാളാഘോഷത്തിനു നിറങ്ങളുണ്ടായിരുന്നില്ല, പക്ഷേ സന്തോഷമേറെയുണ്ടായിരുന്നു. കളിപ്പാട്ടങ്ങളും പുത്തന്‍ വസ്ത്രങ്ങളും കേക്കും വര്‍ണ്ണപ്പൂക്കളുമായി ജീവിതത്തിലൊരിക്കലുമൊരു പിറന്നാളാഘോഷം ഉണ്ടായിട്ടില്ല. അതൊന്നും പക്ഷെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മയുമല്ല അപ്പോഴും ഇപ്പോഴും. അന്നും പിറന്നാളുകള്‍ക്ക് അങ്ങിനെയൊരു ചിട്ടവട്ടങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ അതൊന്നും നമുക്ക്(എനിക്ക്) ചേരുന്നതോ നമ്മുടെ ജീവിതത്തിലുള്ളതോ ആണ് എന്നൊന്നും തോന്നിയിട്ടില്ല അന്നും ഇന്നും. പിറന്നാളിന് ‘ഇതെന്റെ സമ്മാനം’ എന്നു പറഞ്ഞ് ആരും ഒരു സമ്മാനപൊതി നീട്ടിയിട്ടുള്ളതായി ഓര്‍മ്മയിലൊരിടത്തും ഇല്ല.
പിറന്നാളിനെകുറിച്ചുള്ള തിളങ്ങുന്ന ഓര്‍മ്മകളെന്നു പറഞ്ഞാല്‍; തലേ ദിവസം രാത്രിയില്‍ അമ്മയോ ചേച്ചിയോ ഓര്‍മ്മിപ്പിക്കും ‘ടാ നാളെ നിന്റെ പെര്‍ന്നാളാ. കാലത്തന്നെ എണീറ്റ് അമ്പലത്തീ പൊക്കോള്‍ട്ടാ’. പുലര്‍ച്ചെ ദൂരങ്ങള്‍ക്കപ്പുറത്ത് നീണ്ട പാടങ്ങള്‍ക്കപ്പുറത്ത് ചെറിയൊരു പാറക്കുന്നിന്റെ മുകളിലെ ഭഗവതീ ക്ഷേത്രത്തിലേക്ക് പോകും. കുട്ടിക്കാലത്ത് അമ്മയുടെ കൈപിടിച്ചായിരുന്നു യാത്ര. വയല്‍ വരമ്പിലൂടേ നെല്ലിന്‍ തലപ്പുകളെ തട്ടി അതിരാവിലെ പാടം കയറി പാറക്കുന്നു കയറി അമ്പലമുറ്റത്തെത്തുമ്പോള്‍ ഭക്തര്‍ പലരും തൊഴുതു പോയിട്ടുണ്ടാകും. പേരും നാളും പറഞ്ഞ് പൂജാരിയുടെ കയ്യില്‍ അര്‍ച്ചനക്ക് പണം കൊടുത്ത് അമ്മ തൊഴുതു നില്‍ക്കും. മുന്നില്‍ അരണ്ട ഇരുട്ടില്‍ നിലവിളക്കിന്റെ പ്രഭയില്‍ സ്വര്‍ണ്ണരൂപം അതിനു പിറകില്‍ തിളക്കമോടെ ചുവന്ന ശീലയുടെ മറ. ഭഗവതിയെ തൊഴുത് നില്‍ക്കുമ്പോള്‍ പൂജാരി തിരികെ വന്ന് അമ്മക്ക് ഇലച്ചീന്തില്‍ പ്രസാദം നല്‍കും. എന്താന്നറിയില്ല അന്ന് എന്റെ നെറ്റിയില്‍ അമ്മ തൊടുവിക്കുന്ന ചന്ദനക്കുറിക്ക് ഉള്ളോളം മുങ്ങുന്നൊരു കുളിര്‍മ്മയുണ്ടായിരുന്നു. തിരികെ മടങ്ങാന്‍ നേരം അമ്പലമുറ്റത്തെ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്ന് ആലില പെറുക്കല്‍ അന്നൊരു കൌതുകമായിരുന്നു. ഇളം പച്ചയിലുള്ള തളിരിലയും പച്ചകളടര്‍ന്ന് ദ്രവിച്ച് ഞരമ്പുകള്‍ കോര്‍ത്തുകിടക്കുന്ന ഇലയുടെ അസ്ഥിപഞ്ചരവും കൈയ്യിലെടുത്ത് സൂക്ഷിക്കും. പിന്നെ വെയില്‍ മൂത്ത പാടവരമ്പത്തിലൂടെ തിരികെ...
ഉച്ചയ്ക്കാണ് പിന്നെ പിറന്നാളാഘോഷം. അന്ന് ഉച്ചയൂണ് പതിവില്‍ നിന്നും അല്പം ആര്‍ഭാടമായിരിക്കും. എന്നു വെച്ചാല്‍ മുന്നാലു തരം കറികളും മോരും പിന്നെ പായസവും. ഉച്ചയാകുമ്പോഴേക്കും പായസത്തിന്റെ മണം മൂക്കിലേക്കടിക്കും. ഇടക്കിടക്ക് അടുക്കളയിലേക്ക് എത്തിനോക്കും. പക്ഷെ പിറന്നാളുകാരന് അങ്ങിനെ അടപ്പത്തു നിന്ന് എടുത്തുകഴിക്കാനൊന്നും പാടില്ല. പിറന്നാളുകാരന്റെ ഊണിന് പ്രത്യേകതകളുണ്ട്. ഊണു കഴിക്കേണ്ട നേരമായാല്‍ തറയിലൊരു പായ (തടുക്കുപായ) വിരിച്ച് അതിലെന്നെ ഇരുത്തും. മുന്നില്‍ ഒരു നിലവിളക്ക് കത്തിച്ചു വെക്കും പിന്നെ ഒരു തൂശനില നിവര്‍ത്തി വെയ്കും. പിറന്നാളു കാരന്റെ തൂശനില സദ്യക്ക് ഇലയിടുന്ന പോലെ ഇടത്തോട്ടല്ല. നേരെ മുന്നിലേക്ക് (തലഭാഗം മുകളിലേക്ക്) വെച്ച് അതിലേക്ക് ആദ്യം അല്പം പായസം വിളമ്പും. പിറന്നാള്‍ മധുരം. അതുകഴിച്ചു കഴിഞ്ഞാല്‍ പിന്നെ ചോറൂം കറികളും.ഒടൂക്കം മോരും കൂട്ടി ഉണ്ടുകഴിഞ്ഞാല്‍ പിറന്നാള്‍ സദ്യ കഴിഞ്ഞു. അന്ന് ഒരു പ്രത്യേക സ്വാതന്ത്രമൊക്കെ കിട്ടും. പിറന്നാള്‍ കുട്ടി എന്നൊരു ബഹുമാനം. അടുത്ത വീട്ടില്‍ പോയാല്‍ അവരൊക്കെ ചോദിക്കും
‘ എന്തണ്ടാ നെറ്റീമ്മെ കുറി? അമ്പലത്തീ പോയാ?’
‘ഉം, ഇന്നെന്റെ പെര്‍ന്നാളാ..”
“അത്യേ അപ്പോ ഞങ്ങള്‍ക്ക് പായസല്ല്യേ?“
ഞാന്‍ ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ നിന്നു തിരിയും.
“അപ്പോ നിനക്കെത്ര വയസ്സായെടാ?”
‘ഉയ്യൊ ! പെര്‍ന്നാളിന്റന്ന് വയസ്സ് പറയാന്‍ പാടില്ല്യ” അതും പറഞ്ഞ് ഞാനോടി വീട്ടിലേക്കെത്തും.
പിറന്നാളിനു മിഠായി കൊടുക്കുന്ന രീതിയൊക്കെ ഉണ്ടാവാന്‍ പിന്നേയും ഒരുപാട് വര്‍ഷങ്ങളെടുത്തു. അപ്പോഴും പിറന്നാളിനു സമ്മാനവും ആശംസയുമൊക്കെ കിട്ടിയിരുന്നതായി ഓര്‍മ്മയില്ല. കോളേജ് പഠനത്തോടൊപ്പവും അതും കഴിഞ്ഞും സൌഹൃദങ്ങള്‍ വിപുലമാവാന്‍ തുടങ്ങിയപ്പോഴാണ് അടുത്ത സുഹൃത്തുക്കളും പിന്നെ യൌവ്വനത്തില്‍ വന്നുപോയ പ്രണയിനികളുമൊക്കെ പിറന്നാള്‍ ദിനം ഓര്‍ത്തിരിക്കാനും ആശംസാപത്രങ്ങള്‍ അയക്കാനും തുടങ്ങിയത്. പിന്നീട് സമ്മാനങ്ങളുടേയും ആശംസാകാര്‍ഡുകളുടേയും പെരുമഴയായിരുന്നു. ഇന്നും പലതും ഒരു നിധിപോലെ സൂക്ഷിക്കുന്നു. അന്നേദിവസം വന്നെത്തിയ ഫോണ്‍ കോളുകളും, കണ്ടുമുട്ടലുകളും വരെ. പക്ഷെ, മുതിര്‍ന്നതിനുശേഷം ജോലിയും ഉത്തരവാദിത്വങ്ങളും കടന്നുവന്നപ്പോള്‍ ജീവിതത്തിലൊരിക്കലും പിന്നെ ഒരു പിറന്നാള്‍ ആഘോഷം ഉണ്ടായിട്ടില്ല. അതിലൊരു പരാതിയോ പരിഭവമോ തോന്നിയിട്ടില്ല; ആരോടും കടന്നു പോന്ന ജീവിതത്തോടും. അനസ്യൂതം ഒഴുകുന്ന നദിപോലെ ജീവിതം ഇടമുറിയാതെ... ഒഴുക്കുജലത്തില്‍ ഉരഞ്ഞു തിളങ്ങുന്ന വെള്ളാരംകല്ലുകള്‍ പോലെ അനുഭവങ്ങള്‍..
അപ്പോ, പറഞ്ഞു വന്നത് പിറന്നാളിനെപ്പറ്റിത്തന്നെ. എന്റെയല്ല "നന്ദപര്‍വ്വം" എന്ന ബ്ലോഗിന്റെ. 2008 മാര്‍ച്ച് 21 നു തുടങ്ങിയ നന്ദപര്‍വ്വം, രണ്ട് വര്‍ഷം തികയുന്നു. ബ്ലോഗ് എനിക്ക് തന്നത് എന്തൊക്കെയാണ്? എണ്ണിപ്പറഞ്ഞാല്‍ തീരുമോ? ജീവിതത്തില്‍ ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളുടെ തെളിഞ്ഞ സൌഹൃദത്തെക്കുറിച്ച് എത്ര പോസ്റ്റുകള്‍ എഴുതിയാലാണ് തീരുക? സൌഹൃദത്തോടൊപ്പം നലകിയ സഹായങ്ങള്‍, സഹകരണങ്ങള്‍, സ്നേഹം. ഒരു വാക്കിലോ പോസ്റ്റിലോ പറഞ്ഞുതീര്‍ക്കാവുന്നതല്ല ഒന്നും. അതോടൊപ്പം ഓരോ ഓര്‍മ്മ-അനുഭവ-നര്‍മ്മ കുറിപ്പുകള്‍ക്ക് അകലങ്ങളിലിരുന്നു നലകിയ പ്രോത്സാഹനങ്ങള്‍, അഭിനന്ദനങ്ങള്‍, വിമര്‍ശനങ്ങള്‍ ഒന്നും മറക്കുന്നില്ല.
ഓര്‍മ്മയുടെ ഹാര്‍ഡ് ഡിസ്കിലെ ഏതെങ്കിലും ഹിഡ്ഡന്‍ ഫോള്‍ഡറുകളില്‍ മറഞ്ഞു പോയേക്കാവുന്ന കുട്ടിക്കാലത്തേയും, കൌമാരത്തിലേയും മധുരമൂറുന്ന, ചിരിയുതിരുന്ന ഒരുപാട് ഫയലുകളെ ഈ ബ്ലോഗ് എനിക്ക് തിരിച്ചു കൊണ്ടു തന്നു. പല നഗരങ്ങളിലലഞ്ഞ് നിരവധിയാളുകളുമായി സംവേദിച്ച് എന്നില്‍ മരണമടഞ്ഞേക്കാവുന്ന എന്റെ നാട്ടുഭാഷയുടേ പുനര്‍ജ്ജീവനത്തിന് ബ്ലോഗ് വഴിയൊരുക്കി. ലോകത്തിലെ പലഭാഗങ്ങളില്‍ ചിതറിത്തെറിച്ചുപോയ സ്ക്കൂള്‍-കോളേജ് കൂട്ടുകാരെ ഈ ബ്ലോഗ് എനിക്ക് കാണിച്ചു തന്നു. അവരുടെ സൌഹൃദത്തെ തേച്ചുമിനുക്കി എന്റെ വിരല്‍ത്തുമ്പമര്‍ത്തിയാല്‍ കിട്ടുന്ന ഐക്കണുകളാക്കി.
അങ്ങിനെയങ്ങിനെയങ്ങിനെ...എണ്ണിയാലൊടുങ്ങാത്ത മാനസിക സന്തോഷങ്ങളുടെ നിര്‍വൃതിയൂടെ സൌഹൃദത്തിന്റെ ഹര്‍ഷോന്മാദത്തിന്റെ ഒരുപാടു പൂക്കുടകള്‍ ഈ നന്ദപര്‍വ്വം കഴിഞ്ഞ രണ്ടു വര്‍ഷത്തിലെനിക്ക് സമ്മാനിച്ചു. ഇതൊക്കെ എനിക്ക് സമ്മാനിച്ച നിങ്ങളോട് ഞാനെന്ത് പറയും? എന്ത് തിരിച്ചു തരും? എന്ത് - എത്ര നല്‍കിയാലാണ് അതിനു പകരമാകുക?
ശിരസ്സു കുനിച്ചു നെഞ്ചില്‍ കൈചേര്‍ത്ത് ഞാന്‍ പറഞ്ഞോട്ടെ.....നന്ദി... നന്ദന്റെ ഹൃദയം നിറഞ്ഞ നന്ദി...
71 comments:
‘ എന്തണ്ടാ നെറ്റീമ്മെ കുറി? അമ്പലത്തീ പോയാ?’
‘ഉം, ഇന്നെന്റെ പെര്‍ന്നാളാ..”
“അത്യേ അപ്പോ ഞങ്ങള്‍ക്ക് പായസല്ല്യേ?“
ഞാന്‍ ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ നിന്നു തിരിയും.
*********************
നന്ദി നന്ദന്റെ ഹൃദയം നിറഞ്ഞ നന്ദി
എന്റെ മൂത്തമകള്‍ ഇസബെല്ലയുടെ ജന്മദിനവും ഇന്നാണ്. എന്റെ മോളുടെ ജന്മദിനത്തിന്റെ അതേ ഹൃദയവികാരത്തോടെ ഈ ബ്ലോഗിന്റെ ജന്മദിനത്തില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.......
ഓ.ടോ.
പിറന്ന ‘നാളും”....ജന്മദിനവും....എല്ലാം നമ്മുക്ക് ഒന്നുപോലെ.
ഹാപ്പി പിറന്ത നാള്‍,ഒരായിരം,അല്ലെങ്കില്‍ അത്രേം വേണ്ട നന്ദുനു തോന്നുന്ന അത്രയും വര്‍ഷങ്ങള്‍ ബ്ലോഗില്‍ എഴുതിയും വരച്ചും ജീവിച്ചു അര്‍മ്മാദിക്കട്ടെ
എണ്ണിയാലൊടുങ്ങാത്ത അത്രയും ആശംസകള്‍...ഉമ്മ
ഹാപ്പി പിറന്നാൾ നന്ദപർവ്വം..:)
2 വർഷം കഴിഞ്ഞ് 4)ം പിറന്നാൾ ആഘോഷിക്കുമ്പോളേക്കും നന്ദപർവതം ആകട്ടെയെന്ന് ആശംസിക്കുന്നു നന്ദേട്ടാ..
ആരും തേങ്ങ അടിച്ചില്ല ഭാഗ്യം അപ്പൊ എത്നെ വക ഒരു ലോറി തേങ്ങ അടിച്ചിരിക്കുന്നു ബാക്കി പോസ്റ്റ് വായിച്ചിട്ട്
നന്ദപര്‍വത്തിന് പിറന്നാളാശംസകള്‍
നന്ദപര്‍വ്വത്തിനു പിറന്നാള്‍ ആശംസകള്‍.
എനിക്കിപ്പോഴും ഓര്‍മയുണ്ട് ഇതില്‍ ആദ്യ പോസ്റ്റ് വന്ന ദിവസം. ഞാന്‍ തന്നെ ലിങ്ക് ഒരു പത്ത് പേര്‍ക്കെങ്കിലും അയച്ചിട്ടുണ്ട്.
ആശംസകള്‍...
“അത്യേ അപ്പോ ഞമ്മക്ക് പായസല്ല്യേ?"
നന്ദപര്‍വത്തിന് പിറന്നാളാശംസകള്‍ :)
നല്ല രസായി ഒഴുക്കോടെ വായിച്ചു ഈ പിറന്നാള്‍ പോസ്റ്റും
ആശംസകള്‍
നന്ദപര്‍വ്വത്തിനു പിറന്നാള്‍ ആശംസകള്‍
നന്ദപര്‍വത്തിന് പിറന്നാളാശംസകള്‍
നന്ദപര്‍വത്തിന് പിറന്നാളാശംസകള്‍ :)
നന്ദേട്ടാ, ആശംസകള്‍ (ചേട്ടനല്ല, ബ്ലോഗിന്)
@നട്ടപിരാന്താ :
ഇസബെല്ലയോട് ജന്മദിനാശംസകള്‍ പറയണേ..
:)
നന്ദപർവ്വം നീണാൾ വാഴ്ക !!
ബ്ലോഗ് പിറന്നാള്‍ അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടു.
ആശംസകള്‍..!
പിറന്നാൾ ആശംസകൾ!!
കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ, നന്ദപർവം!
ആശംസകള്‍....
മടങ്ങാന്‍ നേരം അമ്പലമുറ്റത്തെ ആല്‍മരത്തിന്റെ ചുവട്ടില്‍ നിന്ന് ആലില പെറുക്കല്‍ അന്നൊരു കൌതുകമായിരുന്നു.
thats also my habit
All the bests
:-)
Upasana
ഈ ബൂലോകത്തെ രണ്ടു വര്‍ഷമായി വാക്കുകള്‍ കൊണ്ടും വരകള്‍ കൊണ്ടും സംബന്നമാക്കിയത്തിനു എന്റെയും നന്ദി...
നന്ദേട്ടാ.. ഇനിയും ആഘോഷിക്കണം നമുക്ക് പിറനാളുകള്‍ ....ഇവിടെ.. ഒരുപാട്..
“യൌവ്വനങ്ങളില്‍ വന്നുപോയ പ്രണയിനികളുമൊക്കെ ...“
... എവിടന്ന് വന്നു ? എങ്ങോട്ട് പോയി ? എന്തുകൊണ്ട് പോയി ? ഈ വക കാര്യങ്ങള്‍ വിശദമാക്കീട്ട് മതി പിറന്നാളാഘോഷമൊക്കെ.
രണ്ടാം പിറന്നാളാശംസകള്‍ . കുറഞ്ഞത് 2ഗുണം30=60 കൊല്ലം കൂടെ മലയാളം ബ്ലോഗ് വായനക്കാരെ ഇടങ്ങേറാക്കാന്‍ കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.
ആശംസകൾ..
ഒരു സംശയം ഉണ്ടായിരുന്നു..
"2008 മാര്‍ച്ച് 21 നു തുടങ്ങിയ നന്ദപര്‍വ്വം, രണ്ട് വര്‍ഷം തികയുന്നു"
എന്നാ 21 നു ഇട്ടാ പോരായിരുന്നോ?
:)
നേരത്തേ ഇട്ടാ എന്താ കൊഴപ്പം? എന്നാലല്ലേ പിറന്നാളിനു മുന്‍പേ ആള്‍ക്കാര്‍ക്കു ആശംസ (ഇനിപ്പോ വല്ല സമ്മാനംണ്ടെങ്കിലോ) തരാന്‍ പറ്റൂ
@നിരക്ഷരന്‍.. തനിക്കുള്ളത് വേറേ വെച്ചിട്ടുണ്ട്. അതു മാത്രേ കണ്ടുള്ളൂ ല്ലേ?
അതു ശരി..അപ്പോ അതാണു സംഭവം..നടക്കില്ല മാഷേ...ചെലവു ചെയ്യാതെ ഒരു പിറന്നാളും ആഘോഷിക്കാന്‍ സമ്മതിക്കില്ല...വേഗമാകട്ടെ...എപ്പോള്‍? എങ്ങിനെ എന്നൊക്കെ പറയൂ
നിരക്ഷരന്‍ ചോദിച്ചതിനും മറുപടി പറയാതെ പോകാമെന്നാണോ കരുതുന്നത്? വിടില്ല ഞങ്ങള്‍ !
ആശംസകള്‍ നന്ദന്‍........ഈ നന്ദ സ്പര്‍ശം കൂടുതല്‍ ആളുകളിലേക്കും കൂടുതല്‍ ദേശങ്ങളിലേക്കും പടരട്ടെ !
നന്ദാ,
പിറന്നാൾ ആശംസകൾ. നന്ദപർവം നീണാൾ വാഴട്ടെ!!
<=============>
|*****Happy*******|
|*****Birthday****|
|*Nandaparvam*|
| ^^^^^^^^^^^^|
<=============>
നന്ദേട്ടാ ... ഈ സമ്മാനപൊതി - "ഇതെന്റെ സമ്മാനം"
പിന്നെ ഒരു ഈ മെയിലും അയച്ചിടുണ്ട്ട്ടോ ..
സമയം കിട്ടുമ്പോ ചുമ്മാ ഒന്ന് വായിച്ചു വിട്ടേക്ക്
നന്ദേട്ടാ...
ഇഷ്ടമായി ഈ പോസ്റ്റ്. എന്റെയും കുട്ടിക്കാലത്തെ പിറന്നാള്‍ ഓര്‍മ്മകള്‍ക്ക് ഇതില്‍ നിന്നും കാര്യമായ വ്യത്യാസമില്ല. (പിറന്നാളിന്റെ ദിവസമായതു കൊണ്ട് അന്ന് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാല്‍ അടിയ്ക്ക് പകരം ഒരു വാണിങ്ങില്‍ ഒതുങ്ങും എന്നതൊഴിച്ചാല്‍ അന്നത്തെ ദിവസം പ്രത്യേക പരിഗണനകളൊന്നും കിട്ടാറില്ല)
പിന്നെ, പിറന്നാളിനും ഓണത്തിനും മാത്രമാണ് പുത്തന്‍ ഉടുപ്പ് കിട്ടിയിരുന്നത് എന്നതും മറക്കാനാകില്ല. :)
നന്ദപര്‍വ്വത്തിന് വാര്‍ഷികാശംസകള്‍ നേരുന്നു... തുടരട്ടെ, ഈ ജൈത്രയാത്ര!
പിറന്നാളാശംസകൾ
ആശംസകള്‍!!
‘ എന്തണ്ടാ നെറ്റീമ്മെ കുറി? അമ്പലത്തീ പോയാ?’
‘ഉം, ഇന്നെന്റെ പെര്‍ന്നാളാ..”
“അത്യേ അപ്പോ ഞങ്ങള്‍ക്ക് പായസല്ല്യേ?“
ഞാന്‍ ഇല്ലെന്നോ ഉണ്ടെന്നോ പറയാതെ നിന്നു തിരിയും.
“അപ്പോ നിനക്കെത്ര വയസ്സായെടാ?”
‘ഉയ്യൊ ! പെര്‍ന്നാളിന്റന്ന് വയസ്സ് പറയാന്‍ പാടില്ല്യ”
തനി നാട്ടുമ്പുറത്ത് ശൈലിയിലുള്ള ഈ വരികള്‍ എന്താ രസം ....
വാര്‍ഷികാശംസകള്‍ നേരുന്നു നന്ദന്‍ ജീ
ആശംസകൾ..
കൊച്ചു കൊച്ചു ഓര്‍മ്മകള്‍ കൊണ്ടു കൊരുത്തെടുത്തൊരു ഹൃദ്യമായ പിറന്നാള്‍ പോസ്റ്റ്...
നാട്ടുഭാഷയുടെ തനിമയുള്ള ഒരുപാട് പോസ്റ്റുകളുമായി നന്ദപര്‍വ്വം ഇനിയുമിനിയും മുന്നേറട്ടെ..
നന്ദേട്ടാ,
പിറന്നാളിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ നന്നായി . ഏതാണ്ട് എല്ലാം അതുപോലെ ഒക്കെ തന്നെ ............
ബ്ലോഗിന്റെ പിറന്നാളിന് ആശംസകള്‍
valare nannayirikkunnu :-)
Happy B'Day... :)
നന്ദപർവ്വത്തിന് പെർന്നാളാശംസകൾ ...
പിന്നെ നിരക്ഷരൻ ചേട്ടന്റെ ചോദ്യത്തിനുള്ള ഉത്തരം വൈകിക്കണ്ടാട്ടോ ....
ഹൃദയം നിറഞ്ഞ ആശംസകള്‍.......
പിറന്നാളിന്റെ ആ ദിനം ഓർത്തു. വിവരണത്തെ കുറിച്ച് ആധികാരികമായി പറയുന്നില്ല. ആശം സകൾ....
നന്ദാ
ആദ്യം തന്നെ ആ മധുരത്തില്‍ കുറച്ചു ഞാനും എടുത്തു.
നല്ലൊരു സൌഹൃദം സമ്മാനിച്ച തന്റെ ഈ ബ്ലോഗിന് എല്ലാവിധ ആശംസകളും
സ്നേഹബന്ധങ്ങളുടെ കഥകളുമായി ഇനിയും മുന്നേറ്
പിറന്നാള്‍ ചെലവ് നേരിട്ട് കാണുമ്പോള്‍..
അപ്പൊ പറഞ്ഞപോലെ
ബോഗ്ഗിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കു ചേരുന്നു, (പാർട്ടി പിന്നെ സൌകര്യം പോലെ മതി)
sana-helva-yagameein - അങ്ങനെയെന്തോ ആണ് അറബിക്കില്‍ പിറന്നാള്‍ ആശംസ.. തല്‍ക്കാലം സ്വീകരിക്ക് .. പിന്നെ വിവരമുള്ള ആരേലും കറക്ട് ചെയ്തു തരും..
............................
............................
നന്ദപര്‍വ്വത്തിനു
പിറന്നാളാശംസകള്‍
ഓര്‍മ്മക്കുറിപ്പ് വളരെ
മനോഹരമായി നന്ദേട്ടാ.
.............................
.............................
പിറന്നാള്‍ ദിനത്തിലെ ആദ്യ കമ്മെന്റ് എന്റെ വഹ..
'നന്ദപര്‍വ്വത്തിനു' ഹൃദയത്തിന്റെ ഭാഷയില്‍ പിറന്നാള്‍ ആശംസകള്‍ .....
ഒരു കേക്ക് ഗിഫ്റ്റ് ആയി അയക്കുന്നു,കാര്ഗോയില്‍ ...ഇത് അങ്ങെത്തുമ്പോഴേക്കും പീസ് പീസായി പോകുമോ ആവോ...:(
---------------------
-----------------()---()—()—()—()
-----------------||---||—||—||—||
--------------{*~*~*~*~*~*~*}
---------@@@@@@@@@@@@@@@
--------{~*~*~*~*~*~*~*~*~*~}
---@@@@@@@@@@@@@@@@@@@@
---{~*~*~*~*~HAPPY~*~*~*~*~*~}
---{~*~*~*~~ BIRTHDAY! ~~*~~*~*}
---{~*~*~*~*~*~ *~*~*~*~*~*~*}
---@@@@@@@@@@@@@@@@@@@@
--------------------)---------(
------------_____,-----------,____
-----------/_________________\ ---------
എന്താ മാഷേ... വയസ്സ് പറയില്ലെന്നോ?
ഹും... വേണ്ട,വേണ്ട...കാലം തെളിയിച്ചോളും....:p
പിറന്നാള്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി,സന്തോഷം :)
ആശംസകൾ ആശംസകൾ പിറന്നാളാശംസകൾ
:)
മാനസയുടെ കേക്ക് ഇപ്പോ വീഴൂല്ലോ !!!!
പിറന്നാള്‍ ആശംസകള്‍ :)
belated bay wishes to nandaparvam
നന്ദേട്ടാ...
പിറന്നാളിനൊപ്പം തന്നെ ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായല്ലോ... അതിന്റെ ആശംസകളും കൂടെ ചേര്‍ത്ത് ഈ അമ്പതാം കമന്റ് ഇവിടെ കിടക്കട്ടെ!
[ചിലവ് മറക്കണ്ട]
പിറന്നാള്‍ ആശംസകള്‍
പ്രിയ നന്ദൻ ഭായി..
അങ്ങിനെ നന്ദനും അച്ഛനായി, ഈ പിറന്നാൾ പോസ്റ്റിലൂടെ എന്റെ ആശംസകൾ അറിയിക്കുന്നു. അമ്മയും മോളും സുഖമായിരിക്കുന്നുവെന്ന് കരുതുന്നു..ഇനിയും ഈ യാത്ര മുടക്കമില്ലാതെ തുടരട്ടെ..
നന്ദന്‍ജീ... ഒരുപാടൊരുപാടാശംസകള്‍... നമ്മുടെ തൃശൂര്‍ ഭാഷ കാണാന്‍ കിട്ടുന്ന അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്ന് എന്ന നിലയില്‍ ഞാനിത് അന്ന് മുതലേ നോട്ടമിട്ടതാ... എല്ലാ ഭാവുകങ്ങളും...
പിന്നെ അച്ഛനായതിന്റെ ആശംസകള്‍ വേറെയും... അപ്പോള്‍ ചെലവ് ഇങ്ങോട്ട് പാര്‍സല്‍ ആയി അയച്ചു തന്നാല്‍ മതീട്ടാ...
ഹൃദയം നിറഞ്ഞ ആശംസകൾ..
നന്മകൾ നേരുന്നു
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകള്‍
ഇവിടെ എത്താൻ വൈകി,
ഒരായിരം ചുവന്ന റോസാപൂക്കൾ
വൈകിയെങ്കിലും ആശംസകള്‍.
ബൂലോകത്തെ പ്രകാശമാനമാക്കുന്നതിന്.
ഹൃദയം നിറഞ്ഞ ആശംസകള്‍.
ഞാനിത്തിരി വൈകി. ആശംസകള്‍ മാഷേ. ബ്ലോഗിനു്, പിന്നെ അഛനായതിനു്.
ആ ചിത്രം ഭയങ്കര ഇഷ്ടായീട്ടോ. അമ്മേടെ കയ്യും പിടിച്ച്..
ചെലവു ചെയ്യാതെ രക്ഷയില്ല. ഞാനിവിടെ അടുത്തല്ലേ, ഒരു ദിവസം വരും അങ്ങോട്ട്.
സ്നേഹത്തോടെ,
നട്ടപിരാന്തന്റെ ഇസബെല്ലക്കും പിറന്നാള്‍ ആശംസകള്‍.
പറയൂ, ഈ പര്‍വ്വത്തെക്കുറിച്ച്...
അതിനു ഞാന്‍ ഒരു പോസ്റ്റ് തന്നെ എഴുതണ്ടതായി വരും,നന്ദപര്‍വ്വത്തില്‍ എത്തുമ്പോള്‍ അറിയാതെ ഗ്രാമീണഭംഗിയില്‍ ലയിച്ച് ഇളം കാറ്റ് കൊണ്ട് നടന്നു നീങ്ങുന്ന അനുഭവമാണ്, ഞാനും ആദ്യമായി കടല്‍ കണ്ടതു കൊല്ലത്ത് വന്നപ്പോഴാ അന്നു മൂന്നാം ക്ലാസ്സില്‍, കാലം നമുക്കു മുന്നില്‍ എത്ര നാടകമാടുന്നു?!! നന്ദപര്‍വ്വത്തിന്റെ വാര്‍ഷികത്തിനു ആശംസകള്‍.... ബ്ലോഗ് അവിടെ നില്‍ക്കട്ടെ... നന്ദകുമാര്‍ എന്ന അച്ഛന് എല്ലാ വിധ അനുഗ്രഹാശിസുകളും പ്രാര്‍ത്ഥനയും.. ഒരു മകനായി ജീവിക്കാന്‍ എളുപ്പമാണ് അഥവ വല്ല പിശകും വന്നാലും അച്ഛനും അമ്മയും ക്ഷമിക്കും.. പക്ഷെ ഒരച്ഛന്‍ അത് വലിയ ഒരു സ്ഥാനമാണ്,അതും പെണ്മക്കള്‍ക്ക് അച്ഛന്‍ എന്നും മനസ്സില്‍ ധീരന്‍ വീരന്‍ ദൈവതുല്യന്‍... നല്ലൊരു സുഹൃത്തും കലാകാരനും എഴുത്തുകാരനും ആയ നന്ദന്‍ നല്ലൊരു അച്ഛനും ആയിരിക്കും... ഇനി പറയൂ മകളെ പറ്റി ... Let me hear from the proud father!! May God Bless you & your family!!
നന്ദേട്ടാ ബിലേറ്റഡ് ബര്‍ത്ത്ഡേ വിഷസ്, ബ്ലോഗിനെ അറിയിക്കണേ.... :D
"കുട്ടിക്കാലത്തെ പിറന്നാളാഘോഷത്തിനു നിറങ്ങളുണ്ടായിരുന്നില്ല".
അമ്മയും ചേച്ചിയും കൂടി ഉച്ചയ്ക്ക് പിറന്നാളുകാരന് തൂശനില തലതിരിച്ചിട്ട് വിളമ്പിയ ഊണ്... അതിലപ്പുറം ഒരു നിറം പിറന്നാളിനുണ്ടാവില്ല നന്ദാ. ഇന്നത്തെ തിരക്കുകള്‍ക്കിടയില്‍ ഇത്ര ഹൃദ്യമായ പിറന്നാള്‍ എത്ര കുട്ടികള്‍ അനുഭവിക്കുന്നു? സമ്മാനപ്പൊതികളെക്കാള്‍ എന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത് ഇതുപോലൊരു പിറന്നാളാണ്.
ബ്ലോഗ് നിറങ്ങളുടെ, അക്ഷരങ്ങളുടെ മനോഹാരിതയായ് എന്നും ഇവിടുണ്ടാകട്ടെ...
എനിയ്ക്കറിയാം, അതാ ഞാന്‍ പായസം മുമ്പേ വിളമ്പിയത്...
പിറന്നാളുകളും പിറന്നാളാശംസകളും കൊണ്ട് ഈ ബ്ലോഗു നിറയട്ടെ...
പിറന്നാളിന്റെ ഊണിന് ചിട്ടവട്ടങ്ങളുണ്ടെന്നു ഇപ്പൊഴാട്ടൊ കേട്ടത്...!
നന്ദപർവ്വത്തിന് ആയിരമായിരം ആശംസകൾ...
നട്ടാപ്പിയുടെ മോൾക്കും പിറന്നാളാശംസകൾ..
നന്ദേട്ടന്റെ ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍ .. നാട്ടില്‍ വന്നപ്പോള്‍ വിളിക്കാന്‍ കഴിഞ്ഞില്ലാ .. അരിപ്പാലം പള്ളിപ്പെരുന്നാളും പായമ്മല്‍ ഉത്സവമൊക്കെ കണ്ടു... നല്ല തിരക്കായിരുന്നു ...വൈകിയ വേളയിലും ഈ പിറന്നാള്‍ ആശംസകള്‍ സ്വീകരിച്ചാലും .. നന്മ മാത്രം നേരുന്നു ..
ഓര്‍മ്മയുടെ ഹാര്‍ഡ് ഡിസ്കിലെ ഏതെങ്കിലും ഹിഡ്ഡന്‍ ഫോള്‍ഡറുകളില്‍ മറഞ്ഞു പോയേക്കാവുന്ന കുട്ടിക്കാലത്തേയും...
നന്നായിട്ടുണ്ട് ആശംസകൾ
ആദ്യമായാണ് ഞാന്‍ നന്ദപര്‍വ്വത്തില്‍ എത്തുന്നത്. അത് എന്തായാലും വെറുതെ ആയില്ല. എന്നെ എന്റെ കുട്ടിക്കാലത്തിലേയ്ക്ക് എത്തിച്ചു ഈ വരികള്‍. അധികം വ്യത്യാസമില്ല്ല എന്റെ അനുഭവത്തിനും. അമ്മയേക്കാള്‍ അമ്മൂമ്മയാണ് ഞങ്ങള്‍ എല്ലാവരുടെയും പിറന്നാള്‍ (മലയാളമാസത്തില്‍ ജന്മനക്ഷത്രം വരുന്ന ദിവസം, അതാണ് അമ്മൂമ്മയ്ക്ക് പിറന്നാള്‍; പിറന്ന നാള്‍.)നോക്കിവെയ്ക്കുക. ഇവിടെ ഭഗവതീക്ഷേത്രത്തില്‍ പുഷ്പാഞ്ജലിയും കൂട്ടുപായസവും കഴിപ്പിക്കും അമ്മൂമ്മ. മിക്കവാറും പിറന്നാള്‍ ദിനത്തിലെ ഉച്ചയൂണ് അമ്മൂമ്മയ്ക്കൊപ്പം തറവാട്ട് വീട്ടില്‍ ആവും. അമ്മൂമ്മയ്ക്ക് ആകെ ആറുമക്കള്‍ അവരില്‍ പതിനഞ്ച് കൊച്ചുമക്കള്‍ അങ്ങനെ എല്ലാവരുടെയും പിറന്നാള്‍ ദിനം അമ്മൂമ്മ മരിയ്ക്കുന്നതു വരെ വഴിപാടുകളും പായസവും എല്ലാമായി നടത്തി. ഇപ്പോള്‍ അമ്മയാണ് എന്നെ എന്റെ പിറന്നാള്‍ ദിനം ഓര്‍മ്മിപ്പിക്കുന്നത്. ശരീരീക അവശതകള്‍ ഉണ്ടെങ്കിലും പിറന്നാള്‍ ദിനത്തിലെ പായസം ഇതുവരെ അമ്മയും മുടക്കിയിട്ടില്ല. ഈ പായസങ്ങള്‍ക്കപ്പുറം ഒരു പിറന്നാള്‍ സമ്മാനവും ലഭിച്ചിട്ടില്ല ഇതുവരെ. പക്ഷേ ശിവ പറഞ്ഞതുപോലെ മറ്റേതു സമ്മാനത്തേക്കാളും വലുതാണ് ഈ സ്നേഹം. വളരെ വൈകിയാണെങ്കിലും നന്ദപര്‍വ്വത്തിന് എന്റെ എല്ലാ ഭാവുകങ്ങളും.
വിഷു ആശംസകള്‍...
നന്ദപര്‍വ്വത്തിന് ഒരു പുതുനാമ്പിന്റെ പിറന്നാളാശംസകള്‍
ആദ്യമായിട്ടാണ് ഇവിടെ എന്നാണെന്റെ ഓര്‍മ.പിറന്നാളില്‍ വൈകിയെങ്കിലും പങ്കു ചേരുന്നു.ആശംസകള്‍ .
ഞാന്‍ ആദ്യം വായിക്കേണ്ടിയിരുന്നതും ഈ പോസ്റ്റ് ആയിരുന്നിരിക്കണം ..ഇതാവും ശരിക്കുള്ള എഴുത്തിന്റെ ശൈലി അല്ലേ?വളരെ നല്ല പോസ്റ്റ് ..എല്ലാം വായിച്ചപോള്‍ ഒരു നല്ല സ്വപ്നത്തില്‍ നിന്നും ഞാന്‍ പുറത്തു വന്നത് പോലെ ...നന്നായിരിക്കുന്നു .
ആശംസകള്‍ .
Post a Comment