Monday, April 6, 2009

"സ്റ്റാര്‍ട്ട് ആക്ഷന്‍...........കട്ട് "

.
തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നു കോവളത്തെ സമുദ്ര ഹോട്ടലിലേക്ക് ജനപ്രിയ ബ്ലോഗര്‍ പോങ്ങുമ്മൂടന്റെ കാറില്‍ പോകൂമ്പോള്‍ എന്റെ മനസ്സ് , പോസ്റ്റിട്ട ദിവസം തന്നെ നൂറ് കമന്റ് കിട്ടീയ ബ്ലോഗറെപ്പോലെ ആഹ്ലാദം കൊണ്ട് തിരതല്ലുകയായിരുന്നു. ഒരു പക്ഷെ ചരിത്രത്തിന്റെ കരി പിടിച്ച കുമ്മായചുവരില്‍ കരിക്കട്ട കൊണ്ട് എന്റെ പേര്‍ തെളിയുമായിരിക്കും! ഞാനൊരു ഗോള്‍ഡ് കിങ്ങിന് തീ കൊളുത്തി വെളിയിലേക്ക് നോക്കിയിരുന്നു. പച്ചത്തലപ്പുകള്‍ അതിവേഗം പിന്നിലേക്കോടുന്നു, പിടിതരാതെ. ഞാന്‍ പതിയെ കണ്ണടച്ചു സീറ്റിലേക്ക് ചാരി, കാറില്‍ ഗസലിന്റെ നേരിയ സംഗീതം.

“അല്ല! നന്ദേട്ടനൊന്നും പറഞ്ഞില്ല, എന്താ ഈ വരവിന്റെ ഉദ്ദേശമെന്നും എന്തിനു എന്റെ വീട്ടിലേക്ക് വരാതെ സമുദ്ര ഹോട്ടലില്‍ റൂമെടുക്കുന്നുവെന്നും”

പുകയൂതി ചാരം വെളിയിലേക്ക് തട്ടി ഞാനൊന്നു മന്ദഹസിച്ചു.

“നന്ദേട്ടന്‍ വരുമെന്നു കരുതി ഞാന്‍ മത്തി കറിയും കരിമീന്‍ പൊള്ളിച്ചതും പിന്നെ നന്ദേട്ടന്റെ പ്രിയപ്പെട്ട ‘അരച്ചലക്കി’യും ‘തക്കാളി വാട്ടിയതു’മൊക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്., ഇപ്പോഴും കാര്യം പറഞ്ഞില്ല.“

“തീര്‍ച്ചയായും പോങ്ങു, ഞാന്‍ രാത്രി വരും ഒരു 9 മണി കഴിയുമ്പോള്‍. ബട്ട് അതിനു മുന്‍പ് എനിക്ക് ചില അത്യാവശ്യകാര്യങ്ങള്‍ ഇവിടെ തീര്‍ക്കാനുണ്ട്. അതിനുവേണ്ടിയാണ് ഞാനീ നഗരത്തിലെത്തിയത്. “

“നന്ദേട്ടനെന്താ പഴയ ജോസ് പ്രകാശിന്റെ പോലെ സംസാരിക്കുന്നത്? അല്ല ഈ സമുദ്ര ഹോട്ടലില്‍ താമസിക്കാന്നു പറയുമ്പൊ?” കണ്ണുതുറിച്ച് പോങ്ങു സംശയം പ്രകടിപ്പിച്ചു.

“യെസ്, ബട്ട് ഞാനാദ്യം മസ്കറ്റ് ഹോട്ടല്‍ ആണ് പ്രിഫെര്‍ ചെയ്തത്, ഈ ഇലക്ഷന്‍ കാരണം കേന്ദ്രത്തിലേയും കേരളത്തിലേയും രാഷ്ട്രീയക്കാര്‍ ബുക്ക് ചെയ്തിരിക്കുന്നതു കാരണം കിട്ടിയില്ല. അതുകൊണ്ടാ സമുദ്ര ആക്കാമെന്നു വെച്ചത്. ഇന്നത്തെ എന്റെ ആവശ്യത്തിന് അതില്‍ കുറഞ്ഞൊന്നും പ്രാപ്തമല്ല”

എന്റെ ഭാഷ കേട്ടതു കൊണ്ടാവണം പോങ്ങു ഡ്രൈവിങ്ങിനിടയിലും എന്നെ തിരിഞ്ഞു നോക്കി വാ പൊളിച്ചു. ആ കൈപ്പള്ളിയുടെ ആ ഗോമ്പറ്റീഷനില്‍ പങ്കെടുത്തതിനു ശേഷം ഇങ്ങേര്‍ക്കിത് വട്ടായോ എന്നായിരിക്കണം അവന്‍ ചിന്തിച്ചിരിക്കുക. അന്തമില്ലാത്ത അവന്റെ ചിന്തയിലും വലുതല്ലല്ലോ എന്റെ കാര്യമെന്നു ഞാന്‍ ചിന്തിച്ച് അടുത്ത പുകയെടുത്തിട്ടു ഞാനാ കാര്യം പറഞ്ഞു.

“ഞാന്‍ ഇന്ന് ഒരു ബ്ലോഗറെ കാണാനാണ് ഇവിടെയെത്തിയത്. വൈകീട്ട് ഏഴുമണിക്കാണ് മീറ്റിങ്ങ്. രാത്രി ഒന്‍പത് ഒമ്പതരവരെ അത് നീളും. അതു കഴിഞ്ഞ് ഞാന്‍ നിന്റെ വീട്ടില്‍ വരാം, ആ പിന്നെ, കരിമീന്‍ നന്നായി മൊരിഞ്ഞതാ എനിക്കിഷ്ടം’

‘ബ്ലോഗറോ ആര്‍? ഏത് ബ്ലോഗര്‍? ജി.മനുവോ അതോ അച്ചായനോ ? ബ്ലോഗറെ കാണാനാണോ സമുദ്ര ഹോട്ടലില്‍ റൂമെടുക്കുനത്?”

“യെസ് പോങ്ങു. ബ്ലോഗര്‍ തന്നെ, ബട്ട് അതീ പറഞ്ഞ അലവലാതികളൊന്നുമല്ല. അവരെ കാണാന്‍ ഞാനെന്റെ കയ്യിലെ കാ‍ശുമുടക്കി ഇങ്ങോട്ടു വരുമോ? ഇത് മറ്റൊരു ബ്ലോഗറാണ്. ഈയടുത്ത് ബ്ലോഗ് തുടങ്ങിയ പുതിയ ബ്ലോഗര്‍ ആദ്യപോസ്റ്റില്‍ തന്നെ നൂറിലധികം കമന്റും നൂറിലധികം ഫോളോവേഴ്സുമുള്ള മലയാളം ബ്ലോഗിലെ ഒരേയൊരു സൂപ്പര്‍ ബ്ലോഗര്‍, .. ഗ്ലാമര്‍ താരം... ബ്ലോഗ് വായനക്കാര്‍ കമന്റിടാന്‍ കാത്തിരിക്കുന്ന ഒരേയൊരു ബ്ലോഗര്‍”

“ വിശാല മനസ്കനാ??”

“പോഡേയ്.. എനിക്കെന്താ വട്ടാണോ അങ്ങേരെ കാണാന്‍ ഈ തിരോന്തരത്തു വരാന്‍?”

‘പിന്നെയാര്‍? ഇത്ര ഭയങ്കര ബ്ലോഗര്‍?”

ഒരു പുകകൂടിയെടുത്ത് പുറത്ത് വിട്ട് ഞാന്‍ നാടകീയമായി തലവെട്ടിച്ച് അല്പം ബാസ്സ് ഉയര്‍ത്തി പറഞ്ഞു “ ബ്ലോഗര്‍ മമ്മൂട്ടി”

ക്ച്ച്കീച്ച്ക് ക്രൊക്രീടുംടും............

ഞാന്‍ ചുണ്ടോടുപ്പിച്ചിരുന്ന സിഗററ്റ് വായുവിലുയര്‍ന്ന് വെളിയിലേക്ക് തെറിച്ചുപോയി, എന്റെ മടിയിലിരുന്ന ബ്രീഫ്കെയ്സ് താഴെ എന്റെ കാലിലേക്ക് വീണു, എന്താ സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുന്‍പ് മുന്നിലെ ദൃശ്യങ്ങളെല്ലാം സ്റ്റഡികാം കാമറയില്‍ സ്റ്റണ്ട് സീനെടുത്തപ്പോലെ വിറകൊണ്ടു, ഞാന്‍ കണ്ണടച്ചു ‘എന്റെ കൊടുങ്ങല്ലൂരമ്മേ” എന്നു മൂന്നുവട്ടം വിളിച്ചിരിക്കണം. കണ്ണുതുറക്കുമ്പോള്‍ എന്റെ മുന്നില്‍ കോവളം 2 കിമീ എന്നെഴുതിയ മൈല്‍ കുറ്റി

“ഈശ്വരാ ഞാന്‍ കോവളത്തെത്തിയോ?” കിടന്ന കിടപ്പില്‍ ഞാന്‍ കണ്ണുതുറന്നു നോക്കി. മലയാളം ആല്‍ബം സോങ്ങ്സിലെ ടിപ്പിക്കല്‍ ഫ്രെയിം പോലെ 45 ഡിഗ്രി ആക്സിസില്‍ ചെരിഞ്ഞ ഹൈവേ, ഇടതുവശത്ത് അതിഭീമമായൊരു ചെരിഞ്ഞ മരം, ചെരിഞ്ഞൊരു മതില്‍, തൊട്ടുമുന്നില്‍ കാക്കതൂറിയ ഒരു ചെരിഞ്ഞ മൈല്‍കുറ്റി.

ഒരു സെക്കന്റ് കഴിഞ്ഞ് ഞാന്‍ ശ്വാസം എടുത്തു. കാറിനും മൈല്‍കുറ്റിക്കും ഇടയിലായി കിടന്നിരുന്ന എന്റെ ബോഡിയെ ഞാന്‍ യോഗസനം ചെയ്യുന്നവനെപ്പോലെ വളച്ചൊടിച്ച് പുറത്തെടുത്തു. എന്താ സംഭവിച്ചത് എന്നറിയാന്‍ നിവര്‍ന്നുനിന്നു നോക്കിയ ഞാന്‍ കാറിനേയും അതിലെ സ്റ്റിയറിങ്ങിന്റേ പുറത്തു വീണു കിടക്കുന്ന പോങ്ങുമൂടനേയും കണ്ടു.

കയ്യിലെ വാട്ടര്‍ ബോട്ടില്‍ നിന്ന് വെള്ളമെടൂത്ത് തളിച്ച് ബോധമില്ലാത്ത (ബോധം പോയ) പോങ്ങുമ്മുടനെ ഉണര്‍ത്തി. സ്ഥലകാല ബോധം വീണു കിട്ടിയ പോങ്ങു എന്നോട് ഒന്നേ ചോദിച്ചുള്ളു.

“നന്ദേട്ടാ, നന്ദേട്ടന്‍ പറയുന്നത് സത്യമോ അതോ മിഥ്യയോ?”

“നീയെന്തെണ്ടാ ഒരുമാതിരി യുക്തിവാദികളുടെ പുസ്തകത്തിന്റെ പേരു പോലെ ചോദിക്കുന്നത്? ആദ്യം നീയീ കാറിന്റെ നിജസ്ഥിതി മനസ്സിലാക്ക് എന്നിട്ടെന്റെ നിജസ്ഥിതി ഞാന്‍ നിന്നെ മനസ്സിലാക്കാം”

ചെനപിടിച്ച പശുവിനെ പരിശോധിക്കുന്നപോലെ പോങ്ങുമ്മൂടന്‍ അടിയിലും മുകളിലും പിന്നെ സൈഡിലുമായി കാറിനെ സസ്മൂഷം വീഷിച്ച് പത്തുമിനുറ്റ് കൊണ്ട് കാറിനെ വീണ്ടും റോഡിലേക്കിറക്കി. ഭാഗ്യം! കാറിനൊന്നും കാര്യമായി പറ്റിയിരുന്നില്ല. അപ്രതീഷിതമായത് കേട്ടപ്പോള്‍ കൈവിറച്ചതു മൂലം കാറ് ഒന്നു തെന്നിയതാണ്. ഫുട്പാത്തില്‍ കയറി കാറൊന്നു വിശ്രമിച്ചു. അതിന്റെ സെക്കന്റിലൊരംശം കൊണ്ട് പോങ്ങുവിന്‍ ബോധം പോയി.

“ പോങ്ങു, വണ്ടി സ്റ്റാര്‍ട്ടാക്കന്‍ വരട്ടെ, ഇനിയൊരു റിസ്ക്കെടുക്കാന്‍ വയ്യ. അതിനു മുന്‍പ് നീയീ സത്യം കേള്‍ക്കണം”

“പറയൂ നന്ദേട്ടാ... ഞനിപ്പോള്‍ എന്തും സഹിക്കാനുള്ള മൂഡീലാണ്. തലയും മനസ്സും മരവിച്ച പോലെ. പറയൂ എന്താണാ ഞെട്ടിക്കുന്ന സത്യം? തള്ളേ ഇതൊള്ളത് തന്നെ??”

“ അതേ, നീ കേള്‍ക്കു, മലയാളത്തിലാദ്യമായി....” പോങ്ങു ഇമവെട്ടാതെ വാ പൊളിച്ച് എന്നെ നോക്കിയിരിപ്പായി. വരാനിരിക്കുന്ന ഏതു സത്യത്തേയും ഉള്‍ക്കൊള്ളാനുള്ള കരുത്തുമായി.

“........മലയാളത്തിലാദ്യമായി മലയാളം ബ്ലോഗില്‍ നിന്ന് ബ്ലോഗര്‍മാര്‍ അണി നിരക്കുന്ന ഒരു മലയാളം സിനിമ പുറത്തിറങ്ങുന്നു”

തുറന്നു വെച്ചിരിക്കുന്ന പോങ്ങുവിന്റെ വായിലേക്ക്ക് ഇത്തിരി വെള്ളം കമഴ്ത്തി ഞാന്‍ ബാക്കി കൂടെ പറഞ്ഞു :

“ നന്ദകുമാറെന്ന ഞാനെന്ന ബ്ലോഗര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എന്റെ ആദ്യ മലയാള സിനിമയില്‍ മറ്റൊരു ബ്ലോഗറായ മമ്മൂട്ടി നായകനാകുന്നു”

ബ്രിജ് വിഹാരം മനുവിന്റെ പ്രൊഫൈല്‍ ഫോട്ടോയിലെ പോലെ സ്റ്റിയറിങ്ങ് പറിച്ചെടുക്കുന്ന പോസില്‍ പോങ്ങുമൂടന്‍ തെല്ലിട ഇരുന്നു. ഇവനിതു പറിച്ചും കൊണ്ടു ഓടിപ്പോയ്ക്കളയുമോ എന്നു പേടിച്ച് ഞാനവന്റെ തോളില്‍ തട്ടി. പോങ്ങു അവിശ്വസനീയതോടെ എന്നെ തല തിരിച്ചു നോക്കി

“ നന്ദേട്ടാ എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല. കൈവിറച്ചിട്ട് ഞാനിനിയെങ്ങിനെ സമുദ്ര വരെ ഡ്രൈവ് ചെയ്യും? “

“എല്ലാ‍ത്തിനും അതിന്റേതായ സമയമുണ്ട് പോങ്ങു, ബ്ലോഗനയില്‍ പോസ്റ്റ് വരുന്നതു പോലെയല്ല ബ്ലോഗര്‍ ഒരു സിനിമ ചെയ്യുന്നത് എന്ന് നിനക്കിപ്പോഴും മനസ്സിലായില്ലേ? അതും ഒരു സൂപ്പര്‍ സ്റ്റാറിനെ വെച്ച്..”

“ അതേ നന്ദേട്ടാ അന്ന് ബ്ലോഗനയില്‍ വന്നത് വിളിച്ച് പറഞ്ഞതിലും അത് ഒരു പോസ്റ്റാക്കി ഇട്ടതിലും ഞാന്‍ ഇപ്പോള്‍ ലജ്ജിക്കുന്നു. ഞാനീ വിവരം ഒരു പോസ്റ്റാക്കി ഇടട്ടെ? ബ്ലോഗില്‍ നിന്ന് ആദ്യത്തെ സിനിമ എന്ന ടൈറ്റിലില്‍?”

“ നീ ഒരു കുന്തോം ചെയ്യണ്ട തല്‍ക്കാലം വണ്ടി സമുദ്രയിലേക്ക് വിട്, ഇതേ സിനിമയാ അതും മലയാള സിനിമ, എന്തു സംഭവിക്കുമെന്ന് ദൈവം തമ്പുരാന് പോലും പ്രവചിക്കാന്‍ പറ്റില്ല”

പോങ്ങു വണ്ടി വീണ്ടും ഹൈവേയിലേക്കെടുത്തു, നഗര ദൃശ്യങ്ങള്‍ പിന്‍ വാങ്ങി ഞങ്ങള്‍ ഹോട്ടല്‍ സമുദ്രയിലെത്താറായി.

“ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടു പോങ്ങു” ഞാന്‍ ഒന്നു ചുമച്ച് ശബ്ദം വീണ്ടും ബാസ്സിലാക്കി “ എനിക്കീ സിനിമയില്‍ ഒരു അസിസ്റ്റന്റ് ഡയറക്റ്ററെ ആവശ്യമുണ്ട്, മാത്രമല്ല ഒരു ഡ്രൈവറേയും, എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്തു തരാന്‍ പറ്റുന്ന ഒരാള്‍. ചുരുക്കത്തില്‍ എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍. ഞാന്‍ മനസ്സില്‍ കാണുന്നത് മി. പോങ്ങുവിനേയാണ്...”

ട്രീട്രീട്രീട്രീട്രീട്രീശൂറ്ര് ക്കും...............വണ്ടി ഒരു മുരളലോടെ ചവിട്ടിയമര്‍ന്നു

“എന്തു പറ്റി സകലതും കഴിഞ്ഞാ??” വിദൂരതയിലേക്ക് തുറിച്ചു നോക്കുന്ന പോങ്ങുവിനോടായി ഞാന്‍

“ നന്ദേട്ടാ ഈ പറയുന്നത് ................?? എനിക്കു തീരെ വിശ്വസിക്കാന്‍ പറ്റുന്നില്ല... ഞാന്‍.....ഞാന്‍... ഞാനീ കാലുകളില്‍ ഒന്നു തൊട്ടോട്ടെ??” എനിക്ക് തടുക്കാനാവുന്നതിനും മുന്‍പ് പോങ്ങു തന്റെ 120 കിലോയുള്ള ശരീരം വളച്ചു കഴിഞ്ഞു.

“ഏയ്.... ഏയ് .....എന്തൂറ്റ് പണ്യാ നീ കാണിക്കണത്? ഞാന്‍ പോങ്ങുവിനെ നിവര്‍ത്തിയെടുത്തു. അവന്റെ കണ്ണുകള്‍ സോഡയൊഴിച്ചു നിറച്ച മദ്യഗ്ലാസ്സ് പോലെ നിറഞ്ഞു തുളുമ്പാറായിരിക്കുന്നു.

“ നീ അത്ഭുതപ്പെടണ്ട, ബ്ലോഗില്‍ നിന്നും ഞാന്‍ സിനിമയിലേക്കു വരുമ്പോള്‍ നമ്മുടെ കൂടെയുള്ള ആരെയെങ്കിലുമൊക്കെ സഹായിക്കണ്ടേ? നിനക്കറീയോ ഈ സിനിമയിലേക്ക് പാട്ടുകളെഴുതുതാന്‍ ബോഗര്‍ ജി.മനുവും, ബ്ലോഗര്‍ മുരളി കൃഷ്ണ മാലോത്തും, ഫൈനാന്‍സ് കണ്ട്രോളര്‍ തോന്ന്യാസി, സ്റ്റില്‍ സ് ചിത്രപ്പെട്ടി ബ്ലോഗര്‍ ശ്രീലാല്‍, അവരൊക്കെയാണ് ഉദ്ദേശിക്കുന്നത്. എത്രനാളെന്നു വച്ചാ അവരീ ബ്ലോഗില്‍ തന്നെ ചെരണ്ടോണ്ടിരിക്കുന്നത്. അവര്‍ക്കും വേണ്ടെ ഒരവസരം. പിന്നെ എന്റെ ഈ ആദ്യ സിനിമയുടെ പോസ്റ്റര്‍ ചെയ്യുന്നത് നമ്മുടെ ഗായത്രി അശോകേട്ടനാണ് കേട്ടോ “

ഞാന്‍ അടുത്ത സിഗററ്റിലേക്കും പോങ്ങുമ്മൂടന്‍ സ്റ്റിയറിങ്ങിലേക്കും ശ്രദ്ധതിരിച്ചു. വണ്ടി സമുദ്രയിലേക്കുള്ള നീണ്ട പാത കടന്നു.




സമുദ്രയുടെ സ്യൂട്ട് റൂമില്‍ കടന്നപ്പോള്‍ സ്ഥലജല വിഭ്രാന്തി പിടിപെട്ട ദുരോധനനെപ്പോലെയായി പോങ്ങുമ്മൂടന്‍. ഇരിക്കണോ കിടക്കണോ ചാടണോ ടി വി കാണണോ എന്നറിയാതെ കറക്കിവിട്ട പമ്പരം കണക്കെ അവനവിടെ ഉരുണ്ടു കളിച്ചു. സ്യൂട്ട് കെയ്സ് ഭദ്രമായി വെച്ച് ഒരു കുളിയും കഴിഞ്ഞ് വസ്ത്രം മാറി ഞാന്‍ കിടക്കയിലമര്‍ന്നു, ടി വി ഓഫ് ചെയ്ത് പോങ്ങു എന്റെ കൂടെ വന്നിരുന്നു

“ നീ കുളിക്കുന്നില്ലേഡാ യാത്ര ചെയ്തതല്ലേ...വല്ലപ്പോഴും ഒന്നു നനഞ്ഞൂടെടാ?” ഞാന്‍ പോങ്ങുനെ ഒന്നു തോണ്ടി

“വേണ്ടണ്ണാ, സ്യൂട്ട് റൂമില്‍ കുളിച്ച് കഥ നമ്മക്കറിയാം. വെറുതെയല്ല മാസാം കുറേയായിട്ടും മനു ജിയും മുരളീ കൃഷ്ണയും തല ഉഴിഞ്ഞോണ്ടു നടക്കുന്നത്! അല്ല നന്ദേട്ടാ എപ്പോഴാ മമ്മൂട്ടി വരിക? എനിക്കൊന്ന് കാണാന്‍ പറ്റുമോ? മിണ്ടാന്‍ പറ്റുമോ?”

“7 മണിക്ക് ചിലപ്പോ 10 മിനിട്ട് വൈകിയേക്കും, കാണിക്കാം. നീയെന്റെ പിഏ അല്ലേ. നീയിവിടെ തന്നെ നിന്നോ.”

റിസപ്ഷനില്‍ നിന്ന് കോള്‍ വന്നപ്പോഴെ എനിക്കു മനസ്സിലായി എന്റെ അതിഥിയാണെന്ന്, ഞാന്‍ ഒന്നുകൂടി മെയ്ക്കപ്പ് ശരിയാക്കി രണ്ടു വട്ടം സ്പ്രേ പൂശി മൂന്നുവട്ടം ഉടുപ്പു ശരിയാക്കി നാലു വട്ടം കണ്ണാടിയില്‍ നോക്കി.

വാതില്‍ തുറന്ന് മലയാളത്തിന്റെ മഹാ നടന്‍, മെഗാസ്റ്റാര്‍, മമ്മൂട്ടി മന്ദം മന്ദം സമാഗതനായി.

“ഹായ് മിസ്റ്റര്‍ നന്ദന്‍, ഗ്ലാറ്റ് മീറ്റ് യൂ” എന്റെ കൈത്തലം കവര്‍ന്ന് മമ്മൂട്ടി സോഫയില്‍ ചെരിഞ്ഞു “ പിന്നെ, യാത്രയൊക്കെ എങ്ങിനെയുണ്ടായിരുന്നു?”


“ ഒക്കെ സുഖം മമ്മുക്കാ, എല്ലാം തടസ്സമില്ലാതെ നടന്നു. എങ്ങിനെയുണ്ടായിരുന്നു ഷൂട്ടിങ്ങ്? “

“ ഓ! ഇങ്ങിനെ പോകുന്നു. ഞാന്‍ രണ്ടു ദിവസം മുന്‍പ് സിംഗപ്പൂരില്‍ നിന്നും വന്നതേയുള്ളു ഒരു സോങ്ങ്സ് സീന്‍. ഞാനും നായികയുമായുള്ള ഡാന്‍സ്. എന്റെ ഡാന്‍സൊക്കെ ഇപ്പോ ഹിറ്റായിക്കൊണ്ടിരിക്കല്ലേ” മമ്മൂട്ടി ആത്മവിശ്വാസത്തോടെ ചിരിച്ചു.

“ അതേയതെ, പിന്നെ നമ്മുക്ക് പ്രൊജക്സ്റ്റ് ഉടനെ ആരംഭിക്കണം. ബ്ലോഗില്‍ നിന്ന് ഒരു സിനിമ വരുമ്പോള്‍ എന്തായാലും പ്രീ പബ്ലിസിറ്റി കിട്ടൂമല്ലോ” ഞാന്‍ നേരെ വിഷയത്തിലേക്ക് കടന്നു.

“യെസ് യെസ്. ഡെഫനിറ്റിലി, നമുക്കപ്പോ കാര്യങ്ങള്‍ സംസാരിക്കാം ബൈ ദ് ബൈ ആരാ ഈ തടിയന്‍?” പോങ്ങുവിനെ ചൂണ്ടി മമ്മൂട്ടി ചോദിച്ചു

“അത് മമ്മുക്കാ അത് പോങ്ങുമ്മൂടന്‍ എന്റെ അസിസ്റ്റന്റ് കം ഡ്രൈവര്‍ കം പി എ. പിന്നെ... പിന്നെ ആളൊരു ബ്ലോഗറാണ്. ജനപ്രിയ ബ്ലോഗര്‍”

“ ഏത് പോങ്ങനായാലും സോറി മിസ്റ്റര്‍ നന്ദന്‍, നമുക്കിടയിലുള്ള പ്രൊജക്റ്റ് മീറ്റിങ്ങില്‍ മറ്റൊരാളുണ്ടാവുന്നത് എനിക്കിഷ്ടമല്ല, “

“അത് മമ്മുക്കാ... അത് പിന്നെ..”

“ഏത് പിന്നെ? വാത്തഫക്ക് യു തിങ്കിങ്ങ് എബൌട്ട് മി മിസ്റ്റര്‍? നിങ്ങളുടേയും ഫ്രണ്ടിന്റേയും മുന്നില്‍ വെച്ച് എന്റെ കാര്യങ്ങള്‍ സംസാരിക്കാന്‍ എന്നെ കിട്ടുമെന്നൊ? നോ മിസ്റ്റര്‍ നന്ദന്‍, ദിസീസ് മമ്മൂട്ടി....... അയാം.....”

“സോറി സാര്‍ സോറി, ഞാനോര്‍ത്തില്ല” ഞാന്‍ പോങ്ങുവിനോട് തിരിഞ്ഞ് കണ്ണുകൊണ്ട് കാണിച്ചു. മനസ്സില്ലാ മനസ്സോടെ പോങ്ങു പുറത്തേക്ക് പോയി, വാതിലടഞ്ഞു

“നന്ദന്‍, താങ്കളൊരു ബ്ലോഗ്ഗറായതുകൊണ്ടാണ് ഞാന്‍ താങ്കള്‍ക്ക് എന്റെ ഡേറ്റ് തന്നത് കാരണം ഞാനുമൊരു ബ്ലോഗര്‍ തന്നെ. ബട്ട് വളരെ പേര്‍സണല്‍ ആയിരിക്കണം നമ്മുടെ മീറ്റിങ്ങ് എന്നു പറഞ്ഞിരുന്നു ഞാന്‍. അതുകൊണ്ടാണ് സെറ്റില്‍ നിങ്ങള്‍ വരാമെന്ന് പറഞ്ഞിട്ടും മീറ്റിങ്ങ് ഇവിടെ ആക്കാ‍ന്‍ ഞാന്‍ പറഞ്ഞത്, ഒകെ ഡോണ്ട് റിപ്പീറ്റ് ഇറ്റ്”

“ ഇല്ല മമ്മുക്കാ, അവനെന്റെ പി എ ആയതുകൊണ്ടാണ് ഞാനിവിടെ കൂടെ നിര്‍ത്തിയത്. ഇനിയതുണ്ടാവില്ല. പിന്നെ, തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. അതിന്റെ കോപ്പി എന്റെ കൈവശമുണ്ട്. മമ്മുക്കക്കു വേണമെങ്കില്‍ കൊണ്ടുപോകാം. മറ്റു കാര്യങ്ങള്‍ കൂടുതലൊന്നും നിശ്ചയിച്ചിട്ടില്ല. നാളെ പ്രൊഡൂസറുമായിട്ട് മീറ്റിംഗ്. പിന്നെ പ്രൊഡക്ഷന്‍ കണ്ട്രോളറെ നിശ്ചയിച്ച് മറ്റു കാര്യങ്ങള്‍ തീരുമാനിക്കും മിക്കവാറും അടുത്ത ആഴ്ചയോടെ പലര്‍ക്കും ടോക്കന്‍ അഡ്വാന്‍സ് കൊടുക്കും”

“ തിരക്കഥ കുത്തിയിരുന്നു വായിക്കാനൊന്നും സമയമില്ല മിസ്റ്റര്‍, അതിന്റെ ഒരു വണ്‍ലൈന്‍ മാത്രം പറഞ്ഞാല്‍ മതി, പിന്നെ മൊത്തം എനിക്കെത്ര സീന്‍സ്, എന്റെ കോമ്പിനേഷന്‍സ്, അതറഞ്ഞിട്ടൂവേണം എനിക്കെന്റെ ഡെയ്റ്റ് അഡ്ജസ്റ്റ് ചെയ്യാന്‍. ടെല്‍ മീ ഫാസ്റ്റ് ”

“92 സീനുള്ള ഈ സിനിമയില്‍ 85 സീനിലും മമ്മുക്കയുണ്ട്. മൊത്തം 5 പാട്ടുകള്‍, നായികയുമായുള്ള ആദ്യ സോങ്ങ് സീന്‍ പൊള്ളച്ചിയില്‍ അത് ഒരു അടിപൊളി ഗാനമായിരിക്കും”

“കൊള്ളാം ഡാന്‍സ് ഒക്കെ ഉണ്ടാകുമല്ലോ അല്ലേ”

‘ഉവ്വ്, പിന്നെ മറ്റൊരണ്ണം മൌറീഷ്യസ് ബീച്ചില്‍ അതിന്റെ ചരണവും അനുപല്ലവിയും സിംഗപ്പൂരിലും കോലാലമ്പൂരിലും ഷൂട്ട് ചെയ്യും”

“വെരിവെല്‍ , നായികയെ നിശ്ചയിച്ചു കഴിഞ്ഞോ?”

“ഒന്നുമായിട്ടില്ല, എല്ലാം പതിയെ മതി, നൃത്തത്തിനു പ്രാധാന്യമുള്ള ഒരു നായികയുടെ ഫ്ലാഷ് ബാക്ക് ഇതിലുണ്ട്. അവരോടൊപ്പം ഒരു സോങ്ങും, പല സീനിലും മമ്മുക്ക കളര്‍ഫുള്‍ ആയ ഡ്രെസ്സും കൂളിങ്ങ് ഗ്ലാസും, പിന്നെ ഡാന്‍സും”

“മതി മതി! സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ഉറപ്പാണല്ലോ അല്ലേ, നല്ല പ്രീ പബ്ലിസിറ്റി കൊടൂക്കണം, കഴിവതും സിനിമ ഇറങ്ങുതിനുമുന്‍പേ നിരൂപണം എഴുതാന്‍ ബ്ലോഗിലെ നിരൂപകന്മാരോട് പറയണം, അവരതില്‍ മിടുക്കന്മാരാണല്ലോ ”

കഥയുടെ ഏകദേശരൂപവും സഹതാരങ്ങള്‍ ആരൊക്കെയാവണമെന്നുള്ള എന്റെ അഭിപ്രായവും ഷൂട്ടിങ്ങിന്റെ ഏകദേശ സമയവും പറഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ മീറ്റിങ്ങ് അവസാനിപ്പിച്ചു. പോകാന്‍ നേരം വീണ്ടും കൈ തന്ന് മമ്മൂട്ടി പറഞ്ഞു

“ ഓകെ മിസ്റ്റര്‍ നന്ദന്‍, അപ്പോ ഞാനിറങ്ങുന്നു, മറ്റു കാര്യങ്ങള്‍ ഒക്കെ ആയാല്‍ വിളിക്കു, എഗ്രിമെന്റിന്റെ കോപ്പിയുമായി എക്സ്കൂട്ടിവിനെ ലൊക്കേഷനിലേക്കയച്ചയച്ചാല്‍ മതി. മറ്റു കാര്യങ്ങള്‍ അതിന്റെ പതിവു പോലെ”

“ സന്തോഷം മമ്മുക്കാ, മമ്മൂക്കയുടെ ഡേറ്റ് കിട്ടിയ ഞാനെത്ര ഭാഗ്യവാനാണ്. എന്റെ ആദ്യ സിനിമ........”

“നൊ നൊ മിസ്റ്റര്‍ നന്ദന്‍, ഒന്നുമില്ലേലും നമ്മളൊക്കെ ബ്ലോഗേര്‍സല്ലേ!! പിന്നെ, നന്ദപര്‍വ്വം എങ്ങിനെ പോകുന്നു, കമന്റുകളൊക്കെ നല്ലവണ്ണം ഉണ്ടല്ലോ അല്ലേ, ഞാന്‍ അന്ന് ആ മൂന്നുമുഴം മുല്ലപ്പൂ വായിച്ചതാണ്. പിന്നീട് ബ്ലോഗില്‍ കയറാന്‍ നേരം കിട്ടിയില്ല, “

“എല്ലാം നല്ലരീതിയല്‍ പോകുന്നു മമ്മുക്കാ”

മമ്മൂട്ടിയെ ഞാന്‍ റിസപ്ഷന്‍ വരെ അനുഗമിച്ചു, പുറത്ത് പോങ്ങുമ്മൂടനപ്പോള്‍ കാറിന്റെ സൈഡില്‍ ചാരി നിന്ന് ഒരു സിഗററ്റ് വലിക്കുകയായിരുന്നു, ഞങ്ങളെ കണ്ടതും സിഗററ്റ് താഴെയിട്ട് ചവുട്ടി കെടുത്തി ഭവ്യനായി

“ മമ്മുക്കാ ഇതാണ് പോങ്ങുമ്മൂടന്‍, എന്റെ അസിസ്റ്റന്റ് കം ഡ്രൈവര്‍ കം......”

“ ആ കേട്ടിട്ടുണ്ട്, ഹലോ മിസ്റ്റര്‍ പോങ്ങന്‍, താങ്കളല്ലേ, എന്റെ ആദ്യപോസ്റ്റിനെ വിമര്‍ശിച്ച് മറുപോസ്റ്റ് ഇട്ട് കയ്യടി വാങ്ങിയ ആള്‍ “ മമ്മൂട്ടി ഗൌരവം പൂണ്ടു.

“അ...ആ....അതെ...” പോങ്ങു വിറച്ചു വിറച്ചു ചുണ്ടനക്കി

“ ആ, ഈ പേര്‍ എനിക്ക് നല്ലപോലെ ഓര്‍മ്മയുണ്ട്, കേട്ടോ മിസ്റ്റര്‍ നന്ദന്‍, വിഗ്രഹങ്ങളെ കല്ലെടുത്തെറിഞ്ഞാലല്ലേ ആളുകളുടെ കയ്യടി കിട്ടൂ, നന്ദന്റെ ബ്ലോഗിനെ വിമര്‍ശിച്ചാല്‍ ആര് വായിക്കാനാ? മമ്മൂട്ടിയാകുമ്പോള്‍ പ്രചാരം കൂടുമല്ലോ, അല്ലേ പോങ്ങന്‍”

“ അയ്യോ മമ്മുക്കാ അവനോട് ദ്വേഷ്യമൊന്നും തോന്നരുത്, അവനന്ന്.....” ഞാന്‍ ഇടയില്‍ കയറി

“ ഹേയ് എന്തു ദേഷ്യം?! എന്നാലും പടച്ച തമ്പുരാന്‍ കണ്ണുള്ളവനാണടോ പോങ്ങാ, ബ്ലോഗില്‍ നിന്നുള്ള ആദ്യസിനിമയില്‍ ഞാന്‍ അഭിനയിക്കുക, അത് തന്റെ സുഹൃത്ത് നന്ദന്‍ ഡയറക്റ്റ് ചെയ്യുക അതില്‍ ഒരു അസിസ്റ്റന്റായും ഡ്രൈവറായും താന്‍ എത്തിപ്പെടുക.. ദൈവത്തിന്റെ ഓരോ മറിമായങ്ങളെ...” മമ്മൂട്ടി അല്പം പരിഹാസത്തോടെ ചിരിച്ചു

മറുപടിയൊന്നും പറയാതെ പോങ്ങു തറയില്‍ ചേന വരച്ചു നിന്നു. ദഹിച്ച കണ്ണുകള്‍കൊണ്ട് ഞാന്‍ പോങ്ങുവിനെ നോക്കി. മമ്മൂട്ടി പോയിക്കഴിഞ്ഞപ്പോള്‍ പോങ്ങു പറഞ്ഞു

“ ഹും നല്ല കടുപ്പം ല്ലേ?”




“അതേ നല്ല കടുപ്പം, എന്നാലും നന്നായി മൊരിഞ്ഞിട്ടുണ്ട്” കരിമീന്‍ ഒരു കഷണം കടിച്ചെടൂത്ത് ഞാന്‍ പറഞ്ഞു. പോങ്ങു എന്റെ ഒഴിഞ്ഞ ഗ്ലാസ്സില്‍ വീണ്ടും നിറച്ചു. കരിമീനും ചാളക്കൂട്ടാനും കൂട്ടി ഞാന്‍ നന്നായി ഊണു കഴിച്ചു, ബ്ലോഗര്‍മാരെ കുറിച്ച് കുറച്ചു പരദൂഷണവും പറഞ്ഞ് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും സമുദ്രയിലേക്ക് പോയി. നേരം വെളുക്കും വരെ എന്റെ ആദ്യസിനിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പറഞ്ഞു.



ദിവസങ്ങള്‍ കടന്നു പോയതറിഞ്ഞില്ല. പ്രൊഡ്യൂസര്‍ എല്ലാവര്‍ക്കും ടോക്കന്‍ അഡ്വാസും കൊടുത്തു യൂണിറ്റും ബുക്ക് ചെയ്ത് പൂജയുടെ ദിവസം വരെ നിശ്ചയിച്ചു. പൂജയുടെ അന്നു തന്നെ 5 ഗാനങ്ങള്‍ റിക്കാര്‍ഡ് ചെയ്യും. പൂജക്കു മലയാള സിനിമയിലെ പ്രമുഖരും മലയാളം ബ്ലോഗില്‍ നിന്നുള്ളവരും പങ്കെടുക്കും. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാല്‍ ഷൂട്ടിങ്ങ്. ആദ്യ ഷെഡ്യൂള്‍ ഒറ്റപ്പാലത്ത്.



ഹോട്ടലിന്റെ തണുത്തമുറിയില്‍ ഞാനും പ്രൊഡ്യൂസറും കൂടെ പോങ്ങുവുമുണ്ടായിരുന്നു. ഏസിയുടെ തണുപ്പു കൂടുതലായതുകൊണ്ടാണൊ എന്നറിയില്ല പോങ്ങു ചെറുതായീ വിറക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് കൈ.

“ ഏ സി കുറച്ചിടണോഡാ?” ഞാനവനോടു ചോദിച്ചു

“ഏയ് വേണ്ട നന്ദേട്ടാ ഇതതിന്റെ അല്ല, കാലത്തു തന്നെ രണ്ടെണ്ണം വിടാത്തതിന്റേയാ” പോങ്ങു എന്നെ കണ്ണിറുക്കി കാണിച്ചു. ‘നീ നന്നാവില്ലെഡാ‘ എന്നു പറഞ്ഞു ഞാന്‍ നേരെ കാര്യത്തിലേക്ക് കടന്നു

" അല്ല നന്ദന്‍ നമ്മളിപ്പോഴും നായികയെ നിശ്ചയിച്ചില്ല.” പ്രൊഡ്യൂസര്‍ പറഞ്ഞു “ അത് ആരെന്ന് നിശ്ചയിക്കാത്തതുകൊണ്ട് സാറല്പം നീരസത്തിലാ...”

“ നമ്മളെന്തു ചെയ്യാന പ്രൊഡ്യൂസറെ, പറ്റിയ ഒരെണ്ണത്തിനെ കിട്ടണ്ടേ? ബോളിവുഡില്‍ നിന്ന് ഞാനൊരണ്ണത്തിനെ നോക്കുന്നുണ്ട്.” ഞാന്‍ പറഞ്ഞു

“ ഹിന്ദിയില്‍ നിന്നാണെങ്കില്‍ സോനം കപൂറിനെ നോക്കിയാലോ സാര്‍. അവരിപ്പോ ഹിറ്റല്ലേ”

‘ഹൂര്ര്ര്മ്മ്ം...’ എന്നൊരു ശബ്ദം കേട്ടപ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കി പോങ്ങുമ്മൂടന്‍ വായ് പൊത്തി അമര്‍ത്തിച്ചിരിക്കുന്നു. ‘അങ്ങേര്‍ക്ക് വളര്‍ത്താനാണോ?” എന്ന് ചോദിക്കാന്‍ കൈകൊണ്ട് ആഗ്യം കാണിക്കുന്നു.

“അതൊരു കൊച്ചു പെണ്ണല്ലേ പ്രൊഡ്യൂസര്‍ സാര്‍, പിന്നെ നായകന്റെ ബ്ലാഷ്ബാക്കില്‍ വരുന്ന നായികയെ ഞാന്‍ മനസ്സില്‍ കണ്ടിട്ടുണ്ട്. പ്രേമവും നൃത്തപ്രാധാന്യവുമുള്ളതു കൊണ്ട് അത് നടി ശോഭനയായിരിക്കും ചെയ്യുക”

“ശോഭനയോ” പ്രൊഡ്യൂസര്‍ വാപിളര്‍ത്തി “എനിക്കു തോന്നുന്നില്ല ശരിയാകുമെന്ന്. എന്നാ പിന്നെ, ജയഭാരതിയേയോ ശാരദയേയോ വിളിക്കാമായിരുന്നില്ലേന്നു ചോദിക്കാതിരുന്നാല്‍ മതി ” പ്രൊഡ്യൂസര്‍ ഈര്‍ഷ്യയോടെ മുഖം തിരിച്ചു

“വിളിച്ചതാ.. പക്ഷേ നായകന്‍ ദിലീപാണെങ്കില്‍ അവര്‍ സമ്മതിക്കാമെന്ന്” പോങ്ങുമ്മൂടന്‍ പിന്നില്‍ നിന്ന് കമന്റ്

ഒന്നു മിണ്ടാതിരിക്കടാ എന്ന് ഞാനവനെ കണ്ണുകൊണ്ട് കാണിച്ചു, അവിചാരിതമായി കിട്ടിയ ഭാഗ്യം ഇവനായിട്ട് കളയുമോ ദൈവമേ!

“എങ്കില്‍ പിന്നെ നമുക്ക്....വേറെ....” ഒടുക്കം ഞാന്‍ പറഞ്ഞു.

“നിങ്ങള്‍ക്കു സനുഷയെ കാസ്റ്റ് ചെയ്യാമായിരുന്നില്ലേ ? “ വെള്ളമൊലിപ്പിച്ച മുഖവുമായി പ്രൊഡ്യൂസര്‍ “അല്ലാ...ആ കുട്ടിയാകുമ്പൊള്‍ നന്നയി അഭിനയിക്കും പിന്നെ യൂത്ത് പ്രേക്ഷകരുടെ ഹരവുമല്ലേ..”

‘സനുഷയോ??‘ ഞാനും പോങ്ങുമ്മൂടനും വാതുറന്ന് മുഖത്തോടു മുഖം നോക്കി.

“അതേ.... അതാകുമ്പോള്‍ ഒരു പുതുമയുണ്ടാകും.... പിന്നെ ചെറുപ്പവുമല്ലേ....” പ്രൊഡ്യൂസര്‍ ആത്മവിശ്വാസത്തിലാണ്.

പെട്ടെന്ന് പിന്നില്‍ നിന്ന് പോങ്ങുമ്മൂടന്റെ കമന്റ് : “ അവരെ വിളിച്ചതായിരുന്നു സാര്‍, പക്ഷേ ആ കൊച്ചപ്പോള്‍ രാവിലെ മുലകുടി കഴിഞ്ഞ് ഫാരക്സ് കഴിക്കുകയായിരുന്നു അത് കഴിഞ്ഞിട്ട് അമ്മ വിളിക്കാന്ന് പറഞ്ഞു” പോങ്ങുമ്മൂടന്‍ ചിരി വെളിയില്‍ വരാതിരിക്കാന്‍ വാ പൊത്തി നിന്നു.

“മിസര്‍ നന്ദന്‍, ഈ തടിയനെ പെട്ടെന്ന് തന്നെ പുറത്തിറക്കൂ... അല്ലേല്‍ ഞാന്‍ ഇവിടെനിന്നു പോകേണ്ടി വരും” പ്രൊഡ്യൂസര്‍ ചൂടായി

ഞാന്‍ കണ്ണൂകൊണ്ട് കാണിച്ചതു കാരണം പോങ്ങു വെളിയില്‍ പോയി.

“ നോക്കു നന്ദന്‍, പ്രായം ഒരു പ്രശ്നമല്ല, മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അഞ്ചു തന്നെ അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിച്ചിട്ടില്ലേ? പിന്നേന്താ??”

“ എന്തായാലും കുറച്ചു ദിവസങ്ങള്‍ കൂടിയില്ലേ... നമുക്ക് ഒന്നുകൂടി ആലോചിച്ചു ചെയ്യാം” സഹികെട്ട് ഞാന്‍ പറഞ്ഞു.

എന്തായാലും ഫ്ലാഷ്ബാക്കും സോങ്ങ് സീന്‍സും പിന്നെയുള്ള ഷെഡ്യ്യൂളുകളില്‍ ചെയ്യാം എന്ന് അപ്പോള്‍ തീരുമാനിച്ചു. മറ്റുള്ള സീനുകളൊക്കെ ഒറ്റഷെഡ്യൂളില്‍ പൂര്‍ത്തിയാക്കന്‍ തീരുമാനിച്ച് ഷൂട്ടിംഗ് തിയതി നിശ്ചയിച്ചു പിരിഞ്ഞു, പ്രൊഡ്യൂസര്‍ ഇറങ്ങിയപ്പോള്‍ ഞാനൊരു ഷേക്ക് ഹാന്‍ഡ് പോങ്ങുമ്മൂടനു സമ്മാനിച്ചു; സ്നേഹപൂര്‍വ്വം.



ഒറ്റപ്പാലം.
ഷൂട്ടിങ്ങിന്റെ ആദ്യദിവസം.

കാത്തുകാത്തിരുന്ന ദിവസം വന്നെത്തി. ഒട്ടേറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് എന്റെ ആദ്യസിനിമ ഷൂട്ടു ചെയ്യുന്ന ആദ്യദിവസം. ഹോട്ടലില്‍ നിന്ന് ഞാനും പോങ്ങുമ്മൂടനും മറ്റു അസിസ്റ്റന്റ്സും ക്യാമറാമാനും നേരത്തെ ലൊക്കേഷനിലെത്തി. ഷൂട്ടൂചെയ്യേണ്ട് സീന്‍ പ്ലാന്‍ ചെയ്തു. മമ്മുട്ടിയുടെ ക്ലോസില്‍ നിന്നാണ് ആദ്യ ഷോട്ട്. ലൈറ്റ് ബോയ്സ് ലൈറ്റ്സെല്ലാം അറേജ്ച് ചെയ്തു. കാമറാ‍മെന്‍ നിര്‍ദ്ദേശങ്ങള്‍ കൊടൂക്കുന്നു , മദ്രാസില്‍ നിന്നു കൊണ്ടുവന്ന അക്കല ക്രെയിനും ബോയ്സും ലൊക്ക്കേഷന്റെ ഒരു ഭാഗത്തുണ്ട്. ഉച്ചതിരിഞ്ഞ് എടുക്കാനുള്ള ഫൈറ്റ് സീനിനെകുറീച്ച് കനല്‍ കണ്ണന്‍ അസിസ്റ്റന്‍സിനു നിര്‍ദ്ദേശം കൊടൂക്കുന്നു. സഹ നടന്മാരും നടീകളും മേക്കപ്പ് ചെയ്യുന്നു. എല്ലാ ഒരുക്കങ്ങളും പൂത്തിയാകുന്നു., പ്രൊഡ്യ്യൂസരുടെ സഹായി കാഷ്യറ് എല്ലാ കാര്യങ്ങളും അറേഞ്ചു ചെയ്യുന്നു. എല്ലാം കൃത്യം, ഭദ്രം.


ആ സമയത്താണ് ഉരുള്‍പൊട്ടലില്‍ വലിയൊരു മലയിടിഞ്ഞു വരുന്നത് പോലെ ഓടിക്കിതച്ച് പോങ്ങുമ്മൂടന്‍ എന്റെ അടുത്ത് വന്ന് ഒരു സ്വകാര്യം പറയുന്നത്..” നന്ദേട്ടാ മമ്മൂട്ടി ഇതുവരെ വന്നിട്ടില്ല”

“ മൈ ഗോഡ്??!! വാട്ട്? ആദ്യ ഷോട്ട് അദ്ദേഹത്തിന്റെ തിരുമോന്തയില്‍ നിന്നാണെന്ന് പ്ലാന്‍ ചെയ്തിരുന്നതാണല്ലോ. മാത്രമല്ല ഇന്നെടുക്കേണ്ട 4 സീനുകളിലും മമ്മൂട്ടിയുണ്ട്. അദ്ദേഹമില്ലാതെ എന്തു ചെയ്യും. കോമ്പിനേഷന്‍ സീനിസിന്റെ ക്ലോസ് എടുത്താല്‍ തന്നെയും.......ആദ്യ ഷോട്ട്.. എന്റെ ആദ്യ സിനിമ..”

“ അറിയില്ല നന്ദേട്ടാ... ഞാന്‍ ആളുടെ മൊബൈലിലേക്കും കുറേ ടൈചെയ്തു കിട്ടുന്നില്ല.. അവസാനം പേഴ്സണല്‍ മേക്കപ്പ് മാന്‍ ജോര്‍ജ്ജിന്റെ മൊബൈലിലേക്ക് വരെ വിളിച്ചു. നോ രക്ഷ”

ഞാന്‍ കസേരയിലേക്ക് വീണു. പോങ്ങു ഒരു ഗോള്‍ഡ് കിങ്ങ് എന്റെ ചുണ്ടില്‍ വെച്ചു കത്തിച്ച് തന്നു. പെട്ടെന്ന് രണ്ട് പ്രൊഡക്ഷന്‍ മാനേജര്‍ മാര്‍ എന്റെ അടുത്ത് വന്ന് പതിയെ തലചൊറിഞ്ഞു നിന്നു. കാര്യം പറയാന്‍ പറഞ്ഞപ്പോള്‍ അവര്‍ മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു :

“ സാര്‍, ഇന്നലെ അര്‍ദ്ധരാത്രി മറ്റേ പടത്തിന്റെ ഷൂട്ടീങ്ങ് കഴിഞ്ഞ് ഹോട്ടലിലെത്താമായിരുന്നു എന്നാണ് പറഞ്ഞിരുന്നത് പക്ഷെ ഇന്നലേയും എത്തിയില്ല ഇന്ന് വെളുപ്പിനും എത്തിയില്ല, അപ്പോള്‍ ഞങ്ങള്‍ കരുതി നേരെ അവിടെ നിന്ന് നമ്മുടെ ലൊക്കേഷനിലേക്ക് എത്തുമെന്ന്. ഞങ്ങള്‍ മൊബൈലില്‍ കുറെ ട്രൈ ചെയ്തു കിട്ടൂന്നില്ല. അദ്ദേഹത്തിന്റെ പേര്‍സണല്‍ മേക്കപ്പ്മാനേയും കോസ്റ്റൂമറേയും ബന്ധപ്പെടാന്‍ നോക്കി. കിട്ടൂന്നില്ല. അതിനിടയില്‍ ഒരു ശ്രുതി പരക്കുന്നുണ്ട്...........”

ഞാന്‍ പുകതള്ളി ചോദ്യഭാവത്തില്‍ നോക്കി

“ അല്ല ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷയില്ലെന്നും ബ്ലോഗില്‍ ചുമ്മാ ഓര്‍മ്മക്കുറിപ്പെഴുതുന്ന ആള്‍ സിനിമപിടിച്ചാല്‍ ശരിയാകില്ലെന്നും അതുകൊണ്ട് അദ്ദേഹം ഈ പ്രൊജക്സ്റ്റ് ഉപേക്ഷിക്കുകയാണെന്നുമൊക്കെ....... പലരും.......”

“നൊ” എന്റെ ശബ്ദം ഇത്തിരി ഉച്ചത്തിലായി

“നന്ദേട്ടാ പതുക്കെ....., നമുക്ക് വേറെ എന്തെങ്കിലും വഴികാണാം.” പോങ്ങു എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. “ മറ്റുള്ളവരുടെ സീനെടുത്തോ അല്ലെങ്കില്‍ എങ്ങിനെയെങ്കിലും രണ്ടു ദിവസം അഡ്ജസ്റ്റു ചെയ്തോ, ഇതിപ്പോ എല്ലാവരേയും അറിയിച്ച് ആദ്യ ദിവസം തന്നെ.....”

പെട്ടെന്ന് ഒരു കാറ് ചീറിപ്പാഞ്ഞ് ഫീല്‍ഡിലേക്ക് വന്നു നിന്നു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്. മമ്മൂട്ടിയെ വിളിക്കാന്‍ വേണ്ടി പോയതാണ്. എവിടെയൊക്കെയോ കറങ്ങി തിരിഞ്ഞ് വെട്ടി വിയര്‍ത്തമുഖവുമായി അവന്‍ എന്റെ അടൂത്തേക്ക് ഓടി വന്നു

“ നടക്കില്ല സാര്‍... ഈ ഷൂട്ടിങ്ങ് നടക്കില്ല...”

“ ഫ്!! എരണം കെട്ടവനെ... എന്ത് കോപ്രായണ്ടാ നീ പറയണേ?” സിഗററ്റ് തറയിലേക്കെറീഞ്ഞ് ഞാനവനെ ഷര്‍ട്ടിനു കുത്തി പിടിച്ചു.

“ അതേ നന്ദന്‍ സാര്‍, മമ്മുട്ടിക്കിതില്‍ താല്‍പ്പര്യമില്ലെന്ന്..... രണ്ടുമൂന്നു പടങ്ങള്‍ പൊട്ടി നില്‍ക്കുന്ന ഈ സമയത്ത് ഒരു തുടക്കക്കാരന്റെ സിനിമയില്‍ അഭിനയിച്ചാല്‍ ഫീല്‍ഡില്‍ നിന്ന് ഔട്ടായിപ്പോയേക്കാമെന്ന് പലരും ഉപദേശിച്ചുവത്രെ.... എനിക്കു നേരിട്ടു സംസാരിക്കാനായില്ലെങ്കിലും ഒരു ദൂതന്‍ മുഖേന അദ്ദേഹം അതു അറിയിച്ചു, അയാള്‍ വശം മമ്മൂട്ടി തിരിച്ചു കൊടുത്തയച്ച അഡ്വാന്‍സ് ഇതാ....” എക്സിക്യൂട്ടീവ് ഒരു പൊതി എനിക്കു നീട്ടി.

ഞാന്‍ കസേരയിലേക്ക് വീണു. ഏറെക്കൊതിച്ച് ഏറെ കഷ്ടപ്പെട്ട് ഒരുവിധം ഷൂട്ടിങ്ങിന്റെ ദിവസമായതാണ്. ബ്ലോഗില്‍ നിന്നുള്ള ആദ്യസിനിമ. പക്ഷെ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുന്ന പോലെ ആ സ്വപ്നവും ഇല്ലാതാവുകയാണ്. മദ്രാസില്‍ നിന്നും വന്ന അക്കലാ ക്രെയിനും യൂണിറ്റംഗങ്ങളും, ഉച്ചഭക്ഷണം റെഡിയാക്കുന്ന മെസ്സും, മേക്കപ്പിട്ട താരങ്ങളും, ഫ്രെയിം സെറ്റ് ചെയ്ത കാമറാമാനും എല്ലാം എന്റെ കണ്ണീരിന്റെ മറ പടര്‍ന്ന കാഴ്ചയില്‍ കലങ്ങിയ ദൃശ്യങ്ങളായി... ഒന്നും വേര്‍തിരിച്ചെടൂക്കാനാവാത്ത കലങ്ങി മറിഞ്ഞ കാഴ്ചകള്‍

തണുപ്പിന്റെ നേര്‍ത്ത പാട പുതഞ്ഞുനിന്ന ആ പുലര്‍ച്ചയിലും എന്റെ ശരീരം വിയര്‍പ്പാല്‍ നനഞ്ഞു കുതിര്‍ന്നു. ആദ്യഷോട്ടു പോലും എടുക്കാതെ വിസ്മൃതിയിലേക്ക് പോകുന്ന ആ മൊത്തം യൂണിറ്റിനെ നോക്കി ഞാന്‍ അലറി........

“പാ‍യ്ക്കയ്ക്കയ്ക്കയ്ക്കയ്ക്കയ്ക്കയ്ക്ക......പ്പ്....”





“പായ്.....പായ്....ക്കപ്പ്....ക്കപ്പ്.....പായ്ക്ക.... കപ്പ്....”

“എന്താ എന്താ നന്ദേട്ട.... പായയില്‍ കിടന്നെന്താ കപ്പ് കപ്പ് എന്നു അലറുന്നേ?”

“പായ്.... ആ‍ാ..... ഞാന്‍... “ ഞാന്‍ കണ്ണൂ തുറന്ന് ചാടി എഴുന്നേറ്റ്. മുകളില്‍ സീലിങ്ങ് ഫാനിന്റെ മുരള്‍ച്ച. എന്റെ ശരീരം വെട്ടി വിയര്‍ത്തിരിക്കുന്നു. മുന്നിലെന്തോ അവ്യക്തമായ രൂപം. ഞാന്‍ രണ്ടു വട്ടം കണ്ണു തിരുമ്മി നോക്കി. കയ്യിലൊരു കയിലു(തവി)മായി ഭാര്യ..

“എന്താ നന്ദേട്ടാ.... എന്തിനാ കപ്പ് കപ്പ് എന്നലറിയേ... കാപ്പിക്കപ്പല്ലേ ഈ അടുത്തിരിക്കുന്നത്?”

“ കപ്പോ.... അയ്യോ മമ്മൂട്ടി എവിടെ?” ഞാന്‍ പുലമ്പി

“മമ്മൂട്ടിയോ? ഏത് ? ആ പത്രമിടാന്‍ വരുന്ന കന്നഡ ചെറുക്കനോ? അവന്‍ പത്രമിട്ടോണ്ട് പോയല്ലോ ദാ പത്രം” ഭാര്യ ‘മാതൃഭൂമി’ എന്റെ മടീയിലേക്കെറിഞ്ഞു

“അല്ല... സിനിമാ....നടന്‍.. മമ്മൂട്ടി... ഷൂട്ടിങ്ങ്... “

“ ഓ !! അപ്പോ ഇന്ന് മമ്മൂട്ടിയായിരുന്നോ? ഭാഗ്യം മുംതാസിനെയൊന്നും സ്വപ്നം കാണാഞ്ഞത്!!! നന്ദേട്ടാ അത് സ്വപ്നം കണ്ടതാ.. ദാ ഈ കട്ടന്‍ കാപ്പിയെടുത്ത് കുടിക്ക് ബോധം വീഴട്ടെ” ഭാര്യ ഫാനിന്റെ സ്പ്പീഡ് അല്പം കൂട്ടിയിട്ടു.



കണ്ടത് സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ വയ്യാതെ വിയര്‍പ്പില്‍ കുളിച്ച് ഞാനിരുന്നു. അരികിലിരുന്ന കാപ്പി കപ്പെടുത്ത് ഒരു കവിള്‍ മൊത്തി

“തണുത്തിരിക്കുന്നു”

“തണുക്കട്ടെ ഈ തലയൊന്നു നന്നായി തണുക്കട്ടെ.... കാപ്പി തണുത്തെങ്കില്‍ ഞാന്‍ ചൂടാക്കി വേറെ കൊണ്ടുവരാം. അല്ല ആക്വച്ചലി എന്തായിരുന്നു പ്രശ്നം? ” അവള്‍ ഒരു ചിരിയോടെ.

കിട്ടിയ വാക്കുകളോടെ ഞാന്‍ കാര്യം ചുരുക്കി പറഞ്ഞു കഴിഞ്ഞപ്പോള്‍ അവള്‍ പരിഹാസപൂര്‍വ്വം പറഞ്ഞു :

“ നന്ദേട്ടോ... റിസഷന്‍ കാരണം ജോലി പോയെന്നു കരുതി ഇത്ര വെപ്രാളപ്പെടേണ്ട കാര്യമുണ്ടൊ? ഇവിടെ ബാംഗ്ലൂരില്‍ എത്ര പേര്‍ക്ക് ജോലി പോയിരിക്കുന്നു. അതൊക്കെ അങ്ങിനെ ഉണ്ടാകും എന്നുവെച്ച് ചാകാന്‍ പറ്റ്വോ? ഹോ ആ മാര്‍ച്ച് 31 രാത്രി മുതല്‍ തുടങ്ങിയതാ ഈ സ്വപ്നം കാണലും അലര്‍ച്ചയും... ഒരു ജോലി പോയെന്ന് വെച്ച് ഇങ്ങനുണ്ടോ മനുഷ്യന്മാര്‍?!”

എന്തു പറയണമെന്നറിയാതെ ഞാന്‍ കണ്ണുമിഴിച്ചിരുന്നു. പുതപ്പുകൊണ്ടെന്റെ വിയര്‍പ്പ് ഒപ്പി

“ഇതേ...സാമ്പത്തിക മാന്ദ്യത്തിന്റെ ആഫ്റ്റര്‍ എഫക്റ്റാ.. ഒരു കാര്യംചെയ്യ്. ഒരാഴ്ച കന്യാകുമാരിയില്‍ വന്ന് നില്‍ക്ക്. കാലത്തും വൈകീട്ടും രണ്ടു മണിക്കൂര്‍ വീതം അവിടെ കടല്‍ കരയില്‍ ചെന്നു നിന്നാ മതി. ആ കടല്‍ കാറ്റും വെയിലും കൊള്ളുമ്പോല്‍ തലേടെ ഈ പെരുപ്പൊക്കെ ഒന്നു മാറും..” അതും പറഞ്ഞ് അവള്‍ കാപ്പിയെടുക്കാന്‍ അടുക്കളയിലേക്ക് പോയി.

സ്വബോധം വീണ്ടു കിട്ടിയ ഞാന്‍ നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാന്‍ കിടക്കയിലേക്ക് മറിഞ്ഞു.
.

67 comments:

nandakumar April 6, 2009 at 7:50 AM  

“യെസ് പോങ്ങു. ബ്ലോഗര്‍ തന്നെ, ബട്ട് അതീ പറഞ്ഞ അലവലാതികളൊന്നുമല്ല. ഇത് മറ്റൊരു ബ്ലോഗറാണ്. ഈയടുത്ത് ബ്ലോഗ് തുടങ്ങിയ പുതിയ ബ്ലോഗര്‍ ആദ്യപോസ്റ്റില്‍ തന്നെ നൂറിലധികം കമന്റും നൂറിലധികം ഫോളോവേഴ്സുമുള്ള മലയാളം ബ്ലോഗിലെ ഒരേയൊരു സൂപ്പര്‍ ബ്ലോഗര്‍, .. ഗ്ലാമര്‍ താരം... ബ്ലോഗ് വായനക്കാര്‍ കമന്റിടാന്‍ കാത്തിരിക്കുന്ന ഒരേയൊരു ബ്ലോഗര്‍”

“ വിശാല മനസ്കനാ??”

“പോഡേയ്.. എനിക്കെന്താ വട്ടാണോ അങ്ങേരെ കാണാന്‍ ഈ തിരോന്തരത്തു വരാന്‍?”

‘പിന്നെയാര്‍? ഇത്ര ഭയങ്കര ബ്ലോഗര്‍?”

ഒരു പുകകൂടിയെടുത്ത് പുറത്ത് വിട്ട് ഞാന്‍ നാടകീയമായി തലവെട്ടിച്ച് അല്പം ബാസ്സ് ഉയര്‍ത്തി പറഞ്ഞു......
............

മലയാളത്തിലാദ്യമായി മലയാളം ബ്ലോഗില്‍ നിന്ന് ബ്ലോഗര്‍മാര്‍ അണി നിരക്കുന്ന ഒരു മലയാളം സിനിമ പുറത്തിറങ്ങുന്നു

(പോസ്റ്റിനു പതിവിലേറെ നീളമുണ്ട്.. സഹിക്കാനാവുന്നവര്‍ മാത്രം..:)...)

♥♥♥♥♥ Jennifer™® ♥♥♥♥♥ April 6, 2009 at 7:54 AM  

ഈശ്വരാ ഞാന്‍ കോവളത്തെത്തിയോ

Appu Adyakshari April 6, 2009 at 8:04 AM  

നന്ദാ, ചിത്രങ്ങളെല്ലാം എനിക്ക് ഇഷ്ടമായി, വരച്ചതും എഴുതിയതും!

ശ്രീ April 6, 2009 at 8:17 AM  

ഹ ഹ . മൊത്തത്തില്‍ സംഭവം കലക്കി, നന്ദേട്ടാ... ആദ്യ ബൂലോക സിനിമ!

എന്നാലും സ്വപ്നം കാണുമ്പോഴെങ്കിലും മര്യാദയ്ക്കു കണ്ടു കൂടേ? അറ്റ്‌ലീസ്റ്റ് ആദ്യ ദിവസത്തെ ഷൂട്ടിങ്ങ്... വേണ്ട ആദ്യ ഷോട്ടെങ്കിലും കഴിഞ്ഞ ശേഷം കണ്ണു തുറന്നാല്‍ പോരായിരുന്നോ?

ന്നാലും സ്വപ്നമാണെങ്കില്‍ തന്നെ, മമ്മൂക്ക ചെയ്തത് കൊലച്ചതി തന്നെ ആയിപ്പോയി ല്ലേ?

Typist | എഴുത്തുകാരി April 6, 2009 at 8:47 AM  

മമ്മൂക്ക പോയെങ്കില്‍ പോട്ടെ, അഭിനയം, അതുകൂടി ഞാനങ്ങു ചെയ്തേക്കാം എന്നു പറയുംന്നാ ഞാന്‍ വിചാരിച്ചേ. അല്ലാതെ മമ്മുട്ടി ഇല്ലാ‍ത്തതുകൊണ്ട് ബ്ലോഗ് സിനിമയില്ലാതാ‍യതു കഷ്ടമായിപ്പോയി.

കാദംബരി April 6, 2009 at 8:49 AM  

നീണ്ട സ്വപ്നം..എങ്കിലും മുഴുവനും വായിച്ചു

..:: അച്ചായന്‍ ::.. April 6, 2009 at 9:05 AM  

നന്ദേട്ടന്റെ പോസ്റ്റില്‍ എന്റെ പേര് അയ്യോ അയ്യോ എന്നെ അങ്ങ് കൊല്ല് .. അതെ എന്നെ ടെക്നിക്കല്‍ ഡയറക്ടര്‍ ആക്കുവോ :D ,
മമ്മുട്ടി പോകാന്‍ പറ പോങ്ങുമൂടന്‍ മതി ഹിഹിഹി :D

അതെ നാട്ടില്‍ വന്നു കേറി അല്ലെ നമ്പര്‍ വേഗം മെയില്‍ ചെയിതെ

പ്രിയ ഉണ്ണികൃഷ്ണന്‍ April 6, 2009 at 9:30 AM  

ചായക്കപ്പെടുത്ത് തലയിലൂടെ ഒഴിക്കാരുന്നു വേണ്ടത്. ഈ ചേച്ചിമാരൊക്കെ ഇനിയെന്നാ നല്ലബുദ്ധി പഠിക്കാ...

എഴുത്ത് ഇഷ്ടായി

ജോഷി April 6, 2009 at 9:44 AM  

ഇതൊരു ഒന്നൊന്നര സ്വപ്നമായി പോയി ! എന്നാലും ബ്ലൊഗിൽ നിന്നുള്ള അദ്യ സിനിമയോട് ഈ ചതി ചെയ്തല്ലൊ?
രാവിലെ മിക്കവാറും കാർ നന്നാക്കിക്കൊടുക്കാൻ ചങ്ങാതി വിളിച്ചേക്കും.

കുഞ്ഞന്‍ April 6, 2009 at 9:58 AM  

നന്ദന്‍ മാഷെ..

സിനിമ പൊളിഞ്ഞെങ്കിലെന്താ ഈ പോസ്റ്റ് ഗംഭീര വിജയമാകുമല്ലൊ..!!


പടങ്ങള്‍..അത് മാത്രം മതിയല്ലൊ കഥകള്‍ പറയാന്‍.. പടങ്ങള്‍ക്ക് പ്രത്യേക കൈയ്യടി..!

പാവം പോങ്ങൂ..ആ ഒരു പടത്തില്‍ കൈകെട്ടി റാന്‍ പറഞ്ഞുള്ള നില്‍പ്പ് കണ്ടാല്‍ത്തന്നെ ഇത്ര പാവത്താനാണൊ ഈ ജനപ്രിയന്‍ എന്ന് തോന്നും നന്ദന്‍ ഭായി.

രസകരമായ അവതരണത്തിലൂടെ ഒരു സിനിമയുടെ പിന്നാമ്പുറ കാര്യങ്ങള്‍ കാണിച്ചുതന്ന നന്ദന് നന്ദി.

ഒരു സീനില്‍ നിന്നും മറ്റൊരു സീനിലേക്കുള്ള പോക്ക് മനൂജിയുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നു.

പിന്നെ സ്വപ്നം യാഥാര്‍ഥ്യമായി മാറട്ടെ ( സിനിമയെടുക്കാന്‍ കഴിയുന്നത് )

എന്തായാലും നന്ദന്‍ഭായി വിഷമിക്കേണ്ടാ ജോലി പോയത് ഇയാളുടെ കുഴപ്പംകൊണ്ടല്ലല്ലൊ. വേറെ ജോലി ശരിയാകും തീര്‍ച്ച..! എത്രയും പെട്ടന്ന് മറ്റൊരു ജോലി ശരിയാകട്ടെ.

Sapna Anu B.George April 6, 2009 at 10:04 AM  

വളരെ നീണ്ട ഒരു സ്വപ്നത്തില്‍ ഉറങ്ങി എഴുനേറ്റു...ഇത്ര നല്ല സര്‍ഗ്ഗഭാവന്‍ സ്വപ്നമായെത്തിയത് നന്നായി

Unknown April 6, 2009 at 10:10 AM  

നന്ദേട്ടാ,
പോസ്റ്റ് നന്നായി. പിന്നെ ഒരു പ്രശ്നം ഇത് അവസാനം ഒരു സ്വപ്നത്തില്‍ എന്തും എന്ന് തുടക്കം തൊട്ടേ
ഉറപ്പായിരുന്നു. കട്ടിലില്‍ നിന്നും വീഴും എന്നാ ഞാന്‍ കരുതിയെ..എന്തായാലും അത് ഉണ്ടായില്ല.
മൊത്തതില്‍ അടിപൊളി.

സുല്‍ |Sul April 6, 2009 at 10:15 AM  

അങ്ങനെ അതിങ്ങനെയായില്ലേ..
സൂപ്പര്‍ട്ടാ... പോങ്ങുനെ താങ്ങിയാണല്ല് എല്ലാരും ഇപ്പോള്‍ പോസ്റ്റിടുന്നത്. ങെ.

ഗോംബീഷനില്‍ പോകാന്‍ തിരക്കായതിനാല്‍ കമെന്റ് ഇത്രയേ ഉള്ളൂ..

-സുല്‍

Unknown April 6, 2009 at 11:11 AM  

നന്ദേട്ടാ കൊള്ളാം എന്തുട്ടാ സ്വപനം കാണുമ്പോള്‍ ഇങ്ങിനെ ഉള്ള സ്വപ്നം കാണണം. നടക്കാത്ത കാര്യങ്ങള്‍ സ്വപനമെങ്കിലും കണ്ടു കൊതി തീര്‍ക്കാം യേത്!!! ഞാന്‍ വെറുതെ പറഞ്ഞതാ ശരിക്കും നന്ദേട്ടന്റെ ജീവിതത്തില്‍ ഇങ്ങിനെ ഒന്നുണ്ടാകാന്‍ ഞാന്‍ ആത്മാര്‍ത്തമായി പ്രാര്ത്ഥിക്കാം സത്യം തമാശയല്ല. യു ടൂബിലെ വീഡിയോ കണ്ടായിരുന്നു എല്ലാം നന്നായിട്ടുണ്ട്. ഭാവിയില്‍ ആകാനുള്ള ബൂലോഗത്തിന്റെ ആദ്യ സംവിദായകന് എന്റെ അഭിനന്ദനങ്ങള്‍.

Unknown April 6, 2009 at 11:11 AM  

നന്ദേട്ടാ കൊള്ളാം എന്തുട്ടാ സ്വപനം കാണുമ്പോള്‍ ഇങ്ങിനെ ഉള്ള സ്വപ്നം കാണണം. നടക്കാത്ത കാര്യങ്ങള്‍ സ്വപനമെങ്കിലും കണ്ടു കൊതി തീര്‍ക്കാം യേത്!!! ഞാന്‍ വെറുതെ പറഞ്ഞതാ ശരിക്കും നന്ദേട്ടന്റെ ജീവിതത്തില്‍ ഇങ്ങിനെ ഒന്നുണ്ടാകാന്‍ ഞാന്‍ ആത്മാര്‍ത്തമായി പ്രാര്ത്ഥിക്കാം സത്യം തമാശയല്ല. യു ടൂബിലെ വീഡിയോ കണ്ടായിരുന്നു എല്ലാം നന്നായിട്ടുണ്ട്. ഭാവിയില്‍ ആകാനുള്ള ബൂലോഗത്തിന്റെ ആദ്യ സംവിദായകന് എന്റെ അഭിനന്ദനങ്ങള്‍.

അനില്‍ശ്രീ... April 6, 2009 at 11:35 AM  

ഉറങ്ങുമ്പോഴും ഈ ഒരൊറ്റ ആഗ്രമേ ഉള്ളു അല്ലേ.. "കെ.എസ് ഗോപാലകൃഷ്ണന്റെ" ഒരു വേക്കന്‍സി ഉണ്ട്... (അടൂര്‍ വേണ്ട അല്ലേ...). അതു ശ്രമിക്കാന്‍ വയ്യേ..

കഥ ഇഷ്ടമായി..

BS Madai April 6, 2009 at 11:43 AM  

മാഷെ, മൊത്തം സംഭവം സൂപ്പര്‍ ആയിട്ടുണ്ട്‌. ചിത്രങ്ങളെല്ലാം മനോഹരം. ആദ്യ ചിത്രത്തില്‍ പോങ്ങുവിനെ നിര്‍ത്തിയ നില്പ്! എന്തൊരു ' വിധേയന്‍ ' Direct ചെയ്യുന്ന സീന്‍ ആയപ്പോള്‍ പുള്ളിയെ സിഗരറ്റ്/ചായ വാങ്ങിക്കാന്‍ പറഞ്ഞയച്ചോ? അതിലെങ്ങും കണ്ടില്ല?! നല്ലൊരു പോസ്റ്റിനു നന്ദി നന്ദന്‍

പ്രിയ April 6, 2009 at 11:57 AM  

എന്നാലും ഈ ക്ലൈമാക്സ് കഷ്ടമായിപ്പോയ്, എന്തെല്ലാം എന്തെല്ലാം മോഹങ്ങളായിരുന്നു (ചാന്‍സ് ചോദിക്കാനല്ലാരുന്നു. സത്യം.)

സ്വപ്നതില്‍ ആണെങ്കില്‍ കൂടി ബ്ലൊഗര്‍ മമ്മൂട്ടി ബ്ലൊഗര്‍ നന്ദേട്ടനോടീ ചതി ചെയ്തല്ലോ.മമ്മൂട്ടിടെ ബ്ലൊഗില്‍ ചെന്നു പ്രതിഷേധം അറിയിക്കണോ നന്ദേട്ടാ.

:))

ആ സ്വപ്നം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ, ഇവിടെ ഒരു നൂറ് കമന്റാശംസ :)

ഉണ്ണി.......... April 6, 2009 at 12:04 PM  

മിസ്റ്റർ നന്ദകുമാർ നിങ്ങൾക്ക് ഇത് തന്നെ കിട്ടണം എനിക്ക് തരാം എന്ന് പറഞ്ഞ് റോൾ സൂപ്പർ സ്റ്റാറായതിന്റെ പേരിൽ മാത്രം താങ്കൾ ബ്ലൊഗ്ഗർ മമ്മുട്ടിക്ക് മറിച്ച് കൊടുത്തു അല്ലെങ്കിൽ ആ സ്വപനമെങ്കിലും മുഴുവനാക്കാമായിരുന്നു,അല്ലെങ്കിൽ മമ്മുട്ടിപോയാൽ പോട്ടെ അന്നു ഞാൻ ഡേറ്റ് തരാതിരുന്നപ്പോൾ “പ്രൊമൊ”യിൽ ചെയ്തപോലെ തങ്കൾക്ക് തന്നെ അഭിനയിക്കാമായിരുന്നു, എന്തായാലും അടുത്ത സ്വപ്നത്തിന് മുമ്പ് എന്റെ ഡേറ്റ് ഉറപ്പാക്കുക

ജോലി ഒക്കെ ശരിആവും നന്ദേട്ടാ ഈ മാർച്ച് 31 നു ജോലി നഷ്ടപ്പെടുന്നവർ ജീനിയസ്സുകളാണെന്ന് എവിടെയോ വായിച്ചുകണ്ടു..............

മനുജി പോസ്റ്റുന്ന പോലെ ഇനി ആ ഓഫീസും അവിടത്തെ കഥാപാത്രങ്ങളും സൂപ്പർ ബ്ലോഗ്ഗ് ക്യാരക്റ്റേഴ്സ് ആയിമാറട്ടെ...

smitha April 6, 2009 at 12:35 PM  

നന്നായി രസിപ്പിച്ചു ,അവസാനം അത് സ്വപ്നം ആകും എന്ന് നേരത്തെ മനസിലായി. എഴുത്തിന്റെ സ്റ്റയിലില്‍ കുറച്ചു മാറ്റം വന്നിട്ടുണ്ടെന്ന് തോന്നി.

ചന്ദ്രമൗലി April 6, 2009 at 12:45 PM  

നന്ദേട്ടാ...... കലക്കി ട്ടോ...പാവം ന്റെ പോങ്ങേട്ടനെ നല്ലോണം താങ്ങിയല്ലോ.


"എനിക്കു തീരെ വിശ്വസിക്കാന്‍ പറ്റുന്നില്ല... ഞാന്‍.....ഞാന്‍... ഞാനീ കാലുകളില്‍ ഒന്നു തൊട്ടോട്ടെ??” എനിക്ക് തടുക്കാനാവുന്നതിനും മുന്‍പ് പോങ്ങു തന്റെ 120 കിലോയുള്ള ശരീരം വളച്ചു കഴിഞ്ഞു."

"പുറത്ത് പോങ്ങുമ്മൂടനപ്പോള്‍ കാറിന്റെ സൈഡില്‍ ചാരി നിന്ന് ഒരു സിഗററ്റ് വലിക്കുകയായിരുന്നു, ഞങ്ങളെ കണ്ടതും സിഗററ്റ് താഴെയിട്ട് ചവുട്ടി കെടുത്തി ഭവ്യനായി"


"പോങ്ങു ഒരു ഗോള്‍ഡ് കിങ്ങ് എന്റെ ചുണ്ടില്‍ വെച്ചു കത്തിച്ച് തന്നു."


പതിവുപോലെ ചിത്രങ്ങളും കലക്കി അണ്ണാ...


"ഒരു ചരട് ജപിച്ച് കെട്ടൂ.....ഒറക്കത്തില്‍ ഞെട്ടി ഉണരാതിരിക്കാന്‍... :D

G.MANU April 6, 2009 at 1:22 PM  

ഹഹ....സംഭവം കസറിത്തകര്‍ത്തു..!

പ്രോജക്ട് പൊളിഞ്ഞതിനു പ്രധാനമായും രണ്ടു കാരണമാണ് ഞാന്‍ കാണുന്നത്..

1

ലൌസീനില്‍ നായകന്‍ കാറിലിരുന്ന് പെഗ്ഗടിച്ചുകൊണ്ട് ‘നീ വൃന്ദാവനത്തിലെ രാധ..വാളകം ചെക്ക് പോസ്റ്റിലെ മന്ദാനിലന്‍’ എന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ പറഞ്ഞത് താന്‍ കേട്ടില്ല

2
പ്രൊഡക്ഷന്‍ കണ്ട്രോളറായി ആ തോന്ന്യാസിയെ ഏല്‍പ്പിച്ചത്.. പെട്ടിയുമായി ആണ്ടിപെട്ടി വിട്ടില്ലേ കുട്ടി... :)

G.MANU April 6, 2009 at 1:25 PM  

വാളകം അല്ല വാളയാര്‍.. സ്പെല്‍മിസ്റ്റ്

നിരക്ഷരൻ April 6, 2009 at 2:49 PM  

ദാണ്ടേ ഇങ്ങനെ വേണം സ്വപ്നം കാണാന്‍. ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള കാര്യങ്ങള്‍ സ്വപ്നത്തിലൂടെയെങ്കിലും നടത്തണം.... :):)

അല്ലാണ്ട് പൊളിഞ്ഞുപോലെ ഈ ആദ്യ ബൂലോക സിനിമേലെ ഗാനരചയിതാവ് മുരളീകൃഷ്ണ, കുറച്ച് ദിവസം മുന്‍പ് ഓടുന്ന വണ്ടിയിലിരുന്ന് കണ്ട സ്വപ്നം പോലാകരുത്. വിളിച്ചെണീപ്പിച്ച് സ്വപ്നത്തിന്റെ കണ്ടെന്റ് ചോദിച്ചപ്പോള്‍ ഇഷ്ടന്‍ പറയേണ്....

‘ഞാനൊരു കച്ചന്‍ ചായ കുടിക്കുന്നത് സ്വപ്നം കണ്ടു’ എന്ന്.... :) :)

എല്ലാരുംകൂടെ അസുരതീര്‍ത്ഥം കുടിച്ച് പൊങ്ങുപോലെ വീര്‍ത്തിരിക്കുന്ന ആ പൊങ്ങുമ്മൂടന്റെ മേല് കേറി മേഞ്ഞോ.... :) :)

പാവപ്പെട്ടവൻ April 6, 2009 at 4:31 PM  

മനോഹരം ചിന്താപരം നല്ല എഴുത്ത്
അഭിനന്ദനങ്ങള്‍

Sherlock April 6, 2009 at 5:02 PM  

ഊഹിച്ച ക്ലൈമാക്സ് തന്നെ.

"സ്വബോധം വീണ്ടു കിട്ടിയ ഞാന്‍ നഷ്ടപ്പെട്ട ഉറക്കത്തെ വീണ്ടെടുക്കാന്‍ കിടക്കയിലേക്ക് മറിഞ്ഞു"

നുണ പറയാതെ ഒന്നു പോ മാഷേ... ഉണ്ടെങ്കിലല്ലേ അതൊക്കെ വീണ്ടു കിട്ടൂ...:):)

Muralee Mukundan , ബിലാത്തിപട്ടണം April 6, 2009 at 5:23 PM  

ഇന്നത്തെ ആറാട്ടുപുഴ പൂരം കണ്ട ഒരു പ്രതീതി- ബുലോഗത്തെ തലയെടുപ്പുള്ള ആനകളെയെല്ലാം കൂട്ടിയുള്ള ഒരു എഴുന്നുള്ളിപ്പ് !
ഉന്തുട്ടായാലും കലക്കീട്ട്ണ്ട്...നന്ദാജി

|santhosh|സന്തോഷ്| April 6, 2009 at 5:26 PM  

പോസ്റ്റ് പതിവുപോലെ രസകരം. ഇഷ്ടപ്പെട്ടു. ചിത്രങ്ങളും. എങ്കിലും വായിച്ചവസാനിച്ചപ്പോള്‍ പെട്ടെന്ന് മനസ്സിനകത്ത് ഒരു ഒരു.. പറയാനാവാത്ത...

ക്ലൈമാക്സില്‍ പറഞ്ഞത് സത്യമാണെങ്കില്‍... റിസഷന്‍ മൂലം ജോലി നഷ്ടപ്പെട്ട ഒരാളാണ് താങ്കളെങ്കില്‍ ഒരു വലിയ സല്യൂട്ട്.. മറ്റൊന്നിനുമല്ല, ജീവിതം മുന്നിലിങ്ങനെ ഉത്തരമില്ലാതെ നില്‍ക്കുമ്പോല്‍ ഇതുപോലെ നര്‍മ്മത്തോടെ അതിനെ എഴുതാന്‍ കഴിഞ്ഞതിന്. വേദനകളെ അനുഭവിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നവനെ നര്‍മ്മം നന്നയി കൈകാര്യം ചെയ്യാന്‍ പറ്റൂ എന്ന് പണ്ടാരോ പറഞ്ഞതോര്‍മ്മ വരുന്നു.

Rare Rose April 6, 2009 at 6:18 PM  

നന്ദന്‍ ജീ..,മാന്ദ്യമെന്ന് പറഞ്ഞിട്ടു സ്വപ്നങ്ങള്‍ അതിശീഘ്രം കിടിലനായി ഓടുവാണല്ലോ..:) സ്വപ്നം കാണണമെങ്കില്‍ ഇതു പോലെ കാണണം...എന്തായാലും ഇത്രേം കണ്ട സ്ഥിതിക്ക് ഒന്നു രണ്ടു രംഗങ്ങളു കൂടി ഷൂട്ട് ചെയ്തുണര്‍ന്നാല്‍ മത്യാരുന്നു...:)

പിന്നെ പടംസിന്റെ കാര്യം..“നന്നായി”,“കിടു” എന്നൊക്കെ പറഞ്ഞു പറഞ്ഞു അസൂയപ്പെട്ടു ഞാന്‍ തോറ്റു..:)

ഞാന്‍ ആചാര്യന്‍ April 6, 2009 at 6:32 PM  

വായന തുടങ്ങിയപ്പോള്‍ നിങ്ങള്‍ "ബൈ ദ ബൈ, രണ്ട് കപ്പല്‍ സൊര്‍ണം വന്നിട്ടില്ലേ"ന്ന് ചോദിക്കുന്നതും പോങ്ങ് "ബോസേ, ഞാനിതാ പോണൂ"ന്നു പറയുന്നതൊക്കെയാണ് മനസില്‍ തെളിഞ്ഞത്. പിന്നെ സ്ഥലത്തെ പ്രധാന വില്ലന്‍ തോന്ന്യാസി എത്തി എല്ലാവരെയും അടിച്ച് പപ്പടം പൊടിക്കുന്നതും, കഥാന്ത്യത്തില്‍ ഡിഷും ഡിഷും ഇടിയേറ്റ് നെടുപടാരം വീഴുന്നതുമൊക്കെ ഭാവനയില്‍ കണ്ടു...എന്നിട്ടൊടുക്കം നിങ്ങള്‍ ഉറക്കത്തില്‍ നിന്നെണീറ്റ് കൂവുന്നു, നാണമില്ലേ മനുഷ്യ... ഛേ, കളഞ്ഞു,കളഞ്ഞൂ.... കേമറ, ആക്ഷന്‍, കട്ട്.... അപ്പ് കേമറ എവിടാ വെക്കണ്ടതെന്ന് സാറ് പറഞ്ഞില്ല..കേമറയും ഒപ്പം ഉറക്കത്തിലേക്ക് വീഴട്ടെ..

പകല്‍കിനാവന്‍ | daYdreaMer April 6, 2009 at 6:44 PM  

ഹഹഹ... കിടിലന്‍ പോസ്റ്റ് മാഷേ... തകര്‍ത്തു...

Ajith Pantheeradi April 6, 2009 at 8:49 PM  

അടിപൊളി സ്വപ്നം...

Unknown April 6, 2009 at 11:10 PM  

പൂവര്‍ മലയാളീ ബ്ലോഗേര്‍സ്, നല്ല നാല് സിനിമ പാട്ട് കേക്കാനുള്ള ചാന്‍സ് ലോസ്റ്റ്..
(തോന്ന്യ, പെട്ടെന്ന് പ്രശസ്തരകനാണോ ബ്ലോഗേര്‍സ് എല്ലാം നമുക്കിട്ടാണല്ലോ... )

ആ പോട്ട്.. എന്തുട്ട് വരയാ എന്‍റെ നന്ദേട്ടാ? നീരുസ് ഫോടോസ് പോലെ, കിടു. കിടുകിടു..
(നീരു വഴിയെ പോകുമ്പോ എനിക്കിട്ടൊന്നു വച്ചു ല്ലേ? )

ചോലയില്‍ April 7, 2009 at 3:21 AM  

അനുഭവത്തിലെ നര്‍മ്മം ഇഷ്ടമായി കേട്ടോ.
വായിച്ചു തീര്‍ന്നതറിഞ്ഞതേയില്ല!!

മാണിക്യം April 7, 2009 at 9:49 AM  

അത് അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ
നന്ദാ ഒന്നും കൂടി കിടന്നുറങ്ങു
അടുത്ത ട്രിപ്പില്‍ മോഹന്‍ലാലിനെ വച്ച് പടം തീര്‍ക്കാം.
മമ്മൂട്ടി പൂവാന്‍ പറ ..പിന്നല്ല..
റിസഷന്‍ ഒന്നും സാരമില്ലാ
ഒരു കണക്കിനു നന്നായി നല്ലൊരു പോസ്റ്റ് വായിക്കാന്‍ പറ്റിയല്ലോ!!
ചിത്രങ്ങള്‍ ജോര്‍‌ ജോര്‍‌ ആയിട്ടുണ്ട്..
എല്ലാം മംഗളമാവാന്‍ പ്രാര്‍ത്തിക്കുന്നു.. ആശംസകളോടെ മാണിക്യം

Pongummoodan April 7, 2009 at 10:39 AM  

“ഇപ്പ വരാം. കുറച്ച് സംഗതികൾ എടുക്കാൻ വിട്ടുപോയി. ഇവിടെ തന്നെ കാണുമല്ലോ ഡയറക്ടർ സാർ?“ :)

പോങ്ങു

siva // ശിവ April 7, 2009 at 11:50 AM  

ഹോ! എന്നാലും ആ സ്വപ്നത്തിന്റെ ബാക്കി കൂടി കാണാമായിരുന്നു.

Mr. X April 7, 2009 at 12:54 PM  

1. "അവന്റെ കണ്ണുകള്‍ സോഡയൊഴിച്ചു നിറച്ച മദ്യഗ്ലാസ്സ് പോലെ നിറഞ്ഞു തുളുമ്പാറായിരിക്കുന്നു."

2. "‘അങ്ങേര്‍ക്ക് വളര്‍ത്താനാണോ?' എന്ന് ചോദിക്കാന്‍ കൈകൊണ്ട് ആഗ്യം കാണിക്കുന്നു."

3. “നിങ്ങള്‍ക്കു സനുഷയെ കാസ്റ്റ് ചെയ്യാമായിരുന്നില്ലേ ? “ വെള്ളമൊലിപ്പിച്ച മുഖവുമായി പ്രൊഡ്യൂസര്‍ “അല്ലാ...ആ കുട്ടിയാകുമ്പൊള്‍ നന്നയി അഭിനയിക്കും പിന്നെ യൂത്ത് പ്രേക്ഷകരുടെ ഹരവുമല്ലേ..”

4. “അവരെ വിളിച്ചതായിരുന്നു സാര്‍, പക്ഷേ ആ കൊച്ചപ്പോള്‍ രാവിലെ മുലകുടി കഴിഞ്ഞ് ഫാരക്സ് കഴിക്കുകയായിരുന്നു അത് കഴിഞ്ഞിട്ട് അമ്മ വിളിക്കാന്ന് പറഞ്ഞു”

5. “ഓ !! അപ്പോ ഇന്ന് മമ്മൂട്ടിയായിരുന്നോ? ഭാഗ്യം മുംതാസിനെയൊന്നും സ്വപ്നം കാണാഞ്ഞത്!!! നന്ദേട്ടാ അത് സ്വപ്നം കണ്ടതാ.. ദാ ഈ കട്ടന്‍ കാപ്പിയെടുത്ത് കുടിക്ക് ബോധം വീഴട്ടെ”

(പാവം മിസ്സിസ് നന്ദന്‍, ജന്മനാ ഇല്ലാത്ത ബോധം കട്ടന്‍ കാപ്പി കുടിച്ചാല്‍ എങ്ങനെ ഉണ്ടാകാനാ?)

=================================

നന്ദൂ,
തകര്‍ത്തലക്കീ ട്ടാ!

Jayasree Lakshmy Kumar April 7, 2009 at 4:00 PM  

എന്റമ്മോ!! ഇതെന്തൊരു “എമണ്ടൻ” സ്വപ്നം!! ഇത്രയും കണ്ടു തീർക്കാൻ ഒരഞ്ചാറു ദിവസം കിടന്ന കിടപ്പിൽ കിടന്നുറങ്ങിയിട്ടുണ്ടാവണമല്ലോ!!

കൊള്ളാട്ടോ പോസ്റ്റ്. ചിത്രങ്ങളും ഇഷ്ടമായി. അതിൽ ചായമിടാൻ ഫോട്ടോ ഷോപ്പ് ഉപയോഗിച്ചിരുന്നോ? എനിക്കൊത്തിരി ഇഷ്ടമായി അതിലെ കളറിങ്. ഫോട്ടോ ഷോപ്പ് പഠിക്കാൻ തോന്നുന്നുണ്ട് :)

Kaithamullu April 7, 2009 at 5:27 PM  

ചെനപിടിച്ച പശുവിനെ പരിശോധിക്കുന്നപോലെ പോങ്ങുമ്മൂടന്‍ അടിയിലും മുകളിലും പിന്നെ സൈഡിലുമായി കാറിനെ സസ്മൂഷം വീഷിച്ച് പത്തുമിനുറ്റ് കൊണ്ട് കാറിനെ വീണ്ടും റോഡിലേക്കിറക്കി....
--
ക്വോട്ടാനല്ല കോപ്പിയത്...(ഇഷ്ടായതോണ്ടാ...)

നന്ദാ, ദാ..പര്‍വതം തലേക്കൂടി വീണ്ടും.

നീളം കൂടിയിട്ടും, അന്ത്യമെന്തെന്ന് ഊഹിച്ചിട്ടും അവസാനം വരെ ശ്വാസമടക്കിയിരുന്ന് വായിപ്പിച്ചു.അതാ നന്ദന്‍ ഇഷ്റ്റൈല്‍!

വര ബഹു കേമം ന്ന് ഇനി വേറെ പറയണോ?

ചന്ദ്രകാന്തം April 7, 2009 at 5:38 PM  

നന്ദന്‍.... അസാദ്ധ്യപ്രയോഗങ്ങള്‍ പൂത്തുലഞ്ഞു കിടക്കുന്നു ഓരോ വരിയിലും... വരയിലും.
ഇഷ്ടമായി.

(നീരുവിന്റെ 'അസുരതീര്‍ത്ഥം'... കലക്കി..ട്ടൊ. :) )

നിരക്ഷരൻ April 7, 2009 at 5:59 PM  

നന്ദാ - 2 ഓഫ് അടിക്കാന്‍ അനുവദിക്കണം.

ഓഫ് 1. @ മുരളീക - മാഷേ ആ യാത്രയ്ക്കിടയില്‍ ഉണ്ടായ ബാക്കി കാര്യങ്ങളൊന്നും ഞാനിവിടെ വിളിച്ച് കൂവീലല്ലോ ? എങ്കി കാണായിരുന്നു, മാനം മട്ടാഞ്ചേരി വാര്‍ഫീന്ന് കപ്പലുകേറി നാടുവിട്ട് പോകുന്നത് :) :)

ഓഫ് 2. @ ചന്ത്രകാന്തം - ‘അസുരതീര്‍ത്ഥം‘ എന്റെ വാക്കല്ല മാഷേ.

“അസുരതീര്‍ത്ഥം കുടിക്കുവാന്‍ അന്യന്റെ
അവയവം വിറ്റ കാശുമായ് പോകുവോര്‍”

അനില്‍ പനച്ചൂരാന്റെ വരികളാ.ഞാനതെടുത്ത് നല്ല സ്റ്റൈലായിട്ട് പെരുമാറുന്നു. അത്ര തന്നെ:)

ശ്രീലാല്‍ April 7, 2009 at 11:10 PM  

നരകതീര്‍ത്ഥം എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് എവിടെ ജോണില്‍ :)

ശ്രീലാല്‍ April 7, 2009 at 11:31 PM  

എനിക്ക് ഒരു പാട് കഥന കഥകള്‍ പറയുവാനുണ്ട്..
ആദ്യമായി എന്നെ സെറ്റില്‍ ക്യാമറയും കടിച്ചു തൂക്കി നടത്താന്‍ നടത്താന്‍ പ്ലാന്‍ ചെയ്ത മിസ്റ്റര്‍ ഡയറക്ടറോടുള്ള എന്റെ അമര്‍ഷം രേഖപ്പെടുത്തട്ടെ. നേരിട്ട് കണ്ടാല്‍ കുത്താന്‍ എന്റെ ക്യാമറാ ബാഗില്‍ ഒരു പിച്ചാത്തിയും വച്ചാണ് ഞാന്‍ നടക്കുന്നത് എന്ന് വിനയപൂര്‍വ്വം അറിയിക്കട്ടെ.

ഫ്ലാഷ് ബാക്ക്....

മൂന്നു നാലു മാസങ്ങള്‍ക്കു മുന്‍പ്.. Date സ്ക്രീനില്‍ കാണിച്ചാല്‍ മതി..
നട്ടുച്ച. ബാംഗ്ലൂര്‍ എം. ജി റോഡ്. ഒരു അഞ്ചാറു നിലക്കെട്ടിടത്തില്‍ നിന്ന് താഴേക്ക് ഇറങ്ങി വരുന്ന സുമുഗന്‍ സുന്തരന്‍ ജെറുപ്പക്കാരന്‍.(അത് ഞാനാണ്.. ഞാന്‍ ഞാന്‍, മിസ്റ്റര്‍ നന്ദകുമാറാണെന്ന് ഒരു നിമിഷം പോലും ആരും ചിന്തിച്ചുപോകരുത് അതോണ്ട് പെട്ടന്ന് പറയുന്നു.. അത് ഞാനാണ്)

പെട്ടന്ന് എന്റെ മൊബൈല്‍ ശബ്ദിച്ചു... “ഹലോ, ഞാന്‍ നന്ദനാണ്. ഡയറ്ക്ടര്‍...
പുതിയ ഒരു പടം ചെയ്യുന്നുണ്ട്. ഒരു റോളുണ്ട്... നോക്കുന്നോ..”

ഇടിവെട്ടിയപോലെ നിന്നുപോയി ഞാന്‍. ഒന്നും മിണ്ടാനാവുന്നില്ല.. എം.ജി. റോഡിലെ സകല കെട്ടിടങ്ങളും മാഞ്ഞ്പോയി.. അവിടെ മൊത്തത്തില്‍ ഒരു ബീച്ചും.. അതില്‍ ഞാന്‍ നിക്കറും ഇട്ട് ബേ വാച്ച് സ്റ്റൈലില്‍ പാഞ്ഞ് കളിക്കുന്നതുപോലെ തോന്നി എനിക്ക്..

“നീ എപ്പൊഴാ ഫ്രീ ആകുന്നത്..? നമുക്കൊന്ന് ഇരിക്കണം.. “
ജീവിതത്തിലാദ്യമായി ഒരാള്‍ എന്നോട് ഡേറ്റ് ചോദിക്കുന്നു. ഞാന്‍ ഗദ്ഗദ കണ്ടന്‍ പൂച്ചയായി...
ഒക്കെ തീരുമാനിക്കാമെന്നും. ലൊക്കേഷന്‍ കാണുവാന്‍ പോകുമ്പൊള്‍ വിളിക്കാമെന്നും പറഞ്ഞു ഫോണ്‍ വച്ചു.

എടാ എന്നെ സില്‍മേലെടുത്തെടാ എന്ന് ഞാന്‍ അന്ന് ലോകം മുഴുവന്‍ വിളിച്ചു പറഞ്ഞു.. ഒരാഴ്ച മുഴുവന്‍ ജീമെയില്‍ സ്റ്റാറ്റസ് വച്ച് സകലരെയും അറിയിച്ചു..

പിന്നെ ഞാന്‍ ഒരു പാടുതവണ വിളിച്ചു.. എപ്പൊ വിളിച്ചാലും ഉടന്‍ തുടങ്ങാം.. അടുത്ത മാസം തുടങ്ങും.. എന്ന് പറഞ്ഞ് പറഞ്ഞ് കാലം കഴിഞ്ഞുപോയി..

ഇപ്പൊഴല്ലേ മനസ്സിലിരിപ്പ് മനസ്സിലായത്..
മമ്മൂട്ടിയായിരുന്നു മനസ്സിലെങ്കില്‍ നന്ദേട്ടാ, എനിക്കെന്തിനാശ തന്നു..
എനിക്കെന്തിനു മോഹന്‍ തന്നു....?

ഭാഗ്യം ഈ പടം സ്വപ്നത്തില്‍ തന്നെ പൊട്ടിയത്..ഇല്ലെങ്കില്‍ എനിക്ക് പിറക്കാത്ത എന്റെ കാമുകിയുടെ കാമുകനായി മമ്മൂട്ടി ഡാന്‍സ് ചെയ്ത് നടക്കുന്നത് ഞാന്‍ ഈ ഗണ്ണുകൊണ്ട് കാണേണ്ടി വന്നേനെ...

ശ്രീലാല്‍ April 7, 2009 at 11:34 PM  

പോസ്റ്റിനെപ്പറ്റി. നന്ദപര്‍വ്വം is rocking !!.

രണ്ട് ലക്കത്തിലായി അറുമാദിക്കാമായിരുന്ന കിടു ത്രെഡ്ഡ് ഒറ്റ അലക്കില്‍ അലക്കിത്തീര്‍ത്തു എന്നേ ഞാന്‍ പറയൂ.

ഉസ്മാന്‍ പള്ളിക്കരയില്‍ April 8, 2009 at 12:56 PM  

അനുശോചനങ്ങൾ.. ആദ്യ ബ്ലോഗ് സിനിമ ചാപിള്ളയായിപ്പോയതിനു..

Kavitha sheril April 8, 2009 at 5:08 PM  

നന്ദേട്ടാ..കലക്കി...

ഉപാസന || Upasana April 8, 2009 at 8:04 PM  

“തൊട്ടുമുന്നില്‍ കാക്കതൂറിയ ഒരു ചെരിഞ്ഞ മൈല്‍കുറ്റി.“

ഇത്തരം വിവരണങ്ങളെയാണ് ക്ലാസ്സ് എന്ന് പറയുന്നത്. വെറും മൈല്‍കുറ്റിയല്ല, മൈല്‍കുറ്റിയുടെ പ്രത്യേകതകളും.

ലിങ്കുകള്‍ കുറച്ച് കൂടുതലാണെന്നതൊഴിച്ചാല്‍ നന്ദന്‍ ഭായിയുടെ ബ്ലോഗില്‍ ഞാന്‍ വായിച്ച ഏറ്റവും മികച്ച മൂന്ന് പോസ്റ്റുകളില്‍ ഒന്നാണിത്.
:-)
ഉപാസന

ഓഫ് : പണി പോയോ..? :-(

പിരിക്കുട്ടി April 9, 2009 at 2:21 PM  

നന്ദന്‍ നല്ല രസം ഉണ്ടായിരുന്നു .നായകന്‍ ബ്ലോഗ്ഗര്‍ ആണല്ലോ ?
ഞാന്‍ കരുതി നായികയായി ബ്ലോഗിലെ (കലാതിലകവും സുന്ദരിയും )ആയ എന്നെ തിരഞ്ഞെടുക്കും എന്ന്
കഷ്ടം ആയിപ്പോയി നന്ദന്റെ സ്വപ്നത്തില്‍ എങ്കിലും മമ്മൂട്യുടെ നായിക ആകാമെന്ന് കരുതി
പിന്നെ ,............
ജോലി പോയെന്നും പറഞ്ഞു എന്നാ പരാക്രമം ആണ്
കലക്കി കേട്ടോ നന്ദൂ ...ഭാവിയില്‍ ബ്ലോഗില്‍ നിന്ന് ഒരു സംവിധായകനായി
ഉയര്‍ന്നു വരാന്‍ പ്രാര്‍ഥനകള്‍
പോങ്ങുംമൂടന്റെ ഡയലോഗുകളും കലക്കി

Unknown April 9, 2009 at 6:51 PM  

@ നീരു: ഹ ഹ ഹ.... അതിലൊരു ബ്ലാക്ക്‌ മെയിലിന്റെ ചുവയുണ്ടല്ലോ നീരുവേ,,,,
(പരിചിതമായ ചാരായ ശാലയില്‍....
''നരകതീര്‍ത്ഥം'' പകരുന്ന പരിഷയോദ് ഞാന്‍ ചോദിച്ചു..
ബാലന്‍ ഇതിനെ വിളിച്ചത് നരകതീര്‍ത്ഥം എന്ന്. പനചൂരന് അത് അസുരതീര്‍ഥം ആയി.. )

yousufpa April 9, 2009 at 10:35 PM  

മമ്മുട്ടീടെ കൊരലില്‍ കയറിയപ്പോഴേ തോന്നിയിരുന്നു ഇതൊരു സ്വപ്നമായിരിക്കും എന്ന്.

എന്തായാലും കൊഴപ്പല്യ.

ഛരത് April 10, 2009 at 6:36 PM  

ഈ പോസ്റ്റ് തന്നെ ഒരു പടം ആക്കാൻ ഉള്ള സകല സാധ്യതകളും കാണുന്നു. ബട്ട് അതു നന്ദേട്ടൻ ഡയറക്റ്റ് ചെയ്യണ്ട. ഒരു അടൂർ ടച്ച് ഉണ്ട്.

ഛരത് April 10, 2009 at 6:40 PM  

അല്ല നന്ദേട്ടാ... ശോഭനയേയും സനുഷയേയും ലിങ്ക് വെച്ചു കാണിച്ചതിന്റെ പൊരുൾ മനസ്സിലായില്ല. അവരെ ഒക്കെ എന്നെ പോലെ ഉള്ള എല്ലാ ചീളു ചെക്കന്മാർക്കും അറിയാവുന്നതാണല്ലൊ. ഇനി കഥയിൽ അല്പം മസാല?!!!!.അതായിരുന്നൊ? :)

aneeshans April 10, 2009 at 9:55 PM  

ഇതു കലകലക്കി നന്ദാ. വര സൂപ്പര്‍

krish | കൃഷ് April 10, 2009 at 10:55 PM  

വായിച്ചുതുടങ്ങിയപ്പോഴേ.. ക്ലൈമാക്സ്.. ഇത് അതുതന്നെയാകും എന്ന് ഉറപ്പിച്ചെങ്കിലും, വായിക്കാന്‍ നല്ല രസമുണ്ടായിരുന്നു.
അപ്പോള്‍ പൊങ്ങുവിനെ അസി‘സ്റ്റണ്ട്‘ ആക്കിയല്ലേ. ആശാന്റെ കൂലി കുപ്പിയാണെന്നറിഞ്ഞുകൊണ്ടാണോ.
നന്ദപര്‍വ്വത്തിലെ ഈ സ്വപ്നപര്‍വ്വം നന്നായിട്ടുണ്ട്.

പിന്നെ, വര ഗംഭീരമായിട്ടുണ്ടെന്നത് എടുത്ത് പറയേണ്ടല്ലോ.

അരുണ്‍ കരിമുട്ടം April 17, 2009 at 10:55 AM  

നന്ദേട്ടാ,
അപാര ഭാവന.പക്ഷേ സ്വപ്നത്തിലായാലും ചില ബ്ലോഗര്‍ സുഹൃത്തുക്കളെ അലവലാതികള്‍ എന്ന് വിളിച്ചത് ഇമ്മിണി കടന്ന കൈയ്യായി പോയി.(ആരെങ്കിലുമൊക്കെ തല്ലാന്‍ വരുന്നേല്‍ വരട്ടെ)

Kichu $ Chinnu | കിച്ചു $ ചിന്നു April 17, 2009 at 12:19 PM  

ഇവിടെ കിട്ടേണ്ട ഒരു കമന്റ് എന്റെ ബ്ലോഗില്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്. തിരിച്ചേല്‍പ്പിക്കുന്നു .. :)
അരുണ്‍ കായംകുളം said...

നന്ദേട്ടാ,
അപാര ഭാവന.പക്ഷേ സ്വപ്നത്തിലായാലും ചില ബ്ലോഗര്‍ സുഹൃത്തുക്കളെ അലവലാതികള്‍ എന്ന് വിളിച്ചത് ഇമ്മിണി കടന്ന കൈയ്യായി പോയി.(ആരെങ്കിലുമൊക്കെ തല്ലാന്‍ വരുന്നേല്‍ വരട്ടെ)

Manoj April 17, 2009 at 1:39 PM  

ഞാന്‍ കരുതി ശ്രീനിവാസന്‍ സംവിധാനം ചെയ്ത പോലെ ആകുമെന്ന് ( ചിന്താവിഷ്ട ).
ഏതായാലും സംഭവം കലക്കി

സെറീന April 20, 2009 at 9:57 PM  

സ്വപ്നത്തിലായാലും അത് തന്നെ കിട്ടണം..
പാട്ടെഴുതാന്‍ എന്നെ വിളിക്കാതിരുന്നപ്പഴേ
തോന്നീതാ ഇതിങ്ങനെയേ വരൂന്ന്...

nandakumar April 20, 2009 at 10:58 PM  

സാമ്പത്തിക പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട് സ്വപ്നവിഭ്രാന്തിയിലായിപ്പോയ എന്നെ കാണാനും എന്റെ സ്വപ്നം കേട്ടാസ്വദിക്കാനും എത്തിയ

ജെനിഫര്‍, അപ്പു, ശ്രീ, എഴുത്തുകാരി, കാദംബരി, അച്ചായന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ജോഷി, കുഞ്ഞന്‍, Sapna Anu B.George, Sankar,സുല്‍ |Sul, പുള്ളി പുലി,അനില്‍ശ്രീ.,BS Madai,പ്രിയ,ഉണ്ണി,smitha,ചന്ദ്രമൗലി,G.manu, നിരക്ഷരന്‍, നിരക്ഷരന്‍, sherlock, bilatthipattanam, santhosh|സന്തോഷ്|, ആചാര്യന്‍..., പകല്‍കിനാവന്‍...daYdreamEr, മാരാര്‍, മുരളിക, ചോലയില്‍, മാണിക്യം, പോങ്ങുമ്മൂടന്‍, ശിവ, ആര്യന്‍, ലക്ഷ്മി, കൈതമുള്ള്, ചന്ദ്രകാന്തം, ശ്രീലാല്‍, പള്ളിക്കരയില്‍, കവിത ഷെരില്‍, ഉപാസന, പിരിക്കുട്ടി, യൂസുഫ്പ, സൂത്രന്‍, നൊമാദ്, കൃഷ്, അരുണ്‍ കായങ്കുളം, കിച്ചു & ചിന്നു, മനു, സെറീന..

എന്നിവര്‍ക്ക് എന്റെ സ്വപ്നമാനമായ വലിയൊരു നന്ദി!! :)

:-) April 21, 2009 at 4:27 PM  

സ്വപ്നം സ്വപ്നമായിത്തന്നെയിരിക്കട്ടെ.വാസ്തവത്തില്‍ നൂറു ദിവസം ഹൌസ്ഫുള്‍ ആയി ,പിന്നെ അതിന്റെ സെകന്റ്റ് പാര്‍ട് ഒക്കെ എടുത്ത്(റീലോഡഡ്)...ഹൊ....(ചുമ്മാ ...!)

ജിജ സുബ്രഹ്മണ്യൻ April 23, 2009 at 12:19 PM  

ആകെ മൊത്തം റ്റോട്ടൽ നോക്കിയാൽ സംഭവം ബഹുരസമായിരുന്നു.സ്വപ്നം കലക്കി,കാണുകയാണേൽ ഇങ്ങനത്തെ സ്വപ്നങ്ങൾ വേണം കാണാൻ.പക്ഷേ ഒരു ജോലി പോയതിൽ ഇത്രയ്ക്കു റ്റെൻഷൻ വേണ്ടാട്ടോ.നാട്ടിൽ സ്വന്തമായി ഭൂമി ഇല്ലേ.നന്നായി അദ്ധ്വാനിക്കണം.അല്ലെങ്കിൽ നന്ദനു വേറെ ഒരു ജോലി കിട്ടും ഉറപ്പാ.

എം.എസ്. രാജ്‌ | M S Raj April 23, 2009 at 5:05 PM  

സ്വപ്നത്തിലെ സിനിമയില്‍ പോലും എനിക്ക് ഒരു റോളില്ല അല്ലേ?? അറ്റ് ലീസ്റ്റ് യൂണിറ്റില്‍ ചായ കൊണ്ടുവരാനെങ്കിലും എന്നെ...

വേണ്ട നന്ദേട്ടാ.. റിസഷന്‍ കാലത്ത് ആര്‍ക്കും ഇത്രേയൊക്കെയേ കാണൂ...:(

nandakumar April 24, 2009 at 9:52 PM  

@ :)
സെക്കന്റ് പാര്‍ട്ട് ഉടനെയില്ല :) പറ്റിയാ ഒരു റീലോഡഡ് എടുത്തേക്കാം. :)
കാന്താരി : എവിടിട്ടു കളക്കാനാ ;) നന്ദി
എം എസ് രാജ് : അത്തരം ചെറിയ ജോലിക്ക് ഞാന്‍ നിന്നെ ഏര്‍പ്പെടുത്തോ? ;) നിനക്ക് പറ്റിയൊരു ജോലി തരാം. സിനിമ ഒന്നു റെഡിയാകട്ടെ... :)

Unknown April 26, 2009 at 5:46 PM  

കലക്കി മാഷെ കലക്കി ,“മതി മതി! സൂപ്പര്‍ ഹിറ്റ് ആകുമെന്ന് ഉറപ്പാണല്ലോ അല്ലേ, നല്ല പ്രീ പബ്ലിസിറ്റി കൊടൂക്കണം, കഴിവതും സിനിമ ഇറങ്ങുതിനുമുന്‍പേ നിരൂപണം എഴുതാന്‍ ബ്ലോഗിലെ നിരൂപകന്മാരോട് പറയണം, അവരതില്‍ മിടുക്കന്മാരാണല്ലോ ”
“നൊ നൊ മിസ്റ്റര്‍ നന്ദന്‍, ഒന്നുമില്ലേലും നമ്മളൊക്കെ ബ്ലോഗേര്‍സല്ലേ!! പിന്നെ, നന്ദപര്‍വ്വം എങ്ങിനെ പോകുന്നു, കമന്റുകളൊക്കെ നല്ലവണ്ണം ഉണ്ടല്ലോ അല്ലേ, ഞാന്‍ അന്ന് ആ മൂന്നുമുഴം മുല്ലപ്പൂ വായിച്ചതാണ്. പിന്നീട് ബ്ലോഗില്‍ കയറാന്‍ നേരം കിട്ടിയില്ല,
മോഹന്‍ ലാലും ബ്ലോഗ്ഗര്‍ തന്നെ അങ്ങേരെ വിളിക്കാം നമുക്ക്

റിയാസ് (മിഴിനീര്‍ത്തുള്ളി) October 17, 2010 at 2:01 AM  

നന്ദേട്ടാ...മുംതാസിനെയെങ്ങാനും ഇതുപോലെ സ്വപ്നം കണ്ടിട്ടുണ്ടോ...?
ഉണ്ടങ്കില്‍ അതുകൂടി ഒരു പോസ്റ്റാക്കി എഴുതണേ........

vava April 23, 2014 at 12:08 PM  

രസകരമായി എഴുതി ..അല്‍പ്പം നീളം കൂടിയതും ക്ലൈമാക്സ്‌ പ്രതീക്ഷിച്ചതും ആയിരുന്നു ...പോങ്ങനെ നേരിട്ട് അറിയാം ആയിരുന്നു എങ്കില്‍ അല്‍പ്പം കൂടി ചിരിക്കമായിരുന്നു ,....ആശംസകള്‍ ..