Saturday, March 21, 2009

സ്നേഹമെന്ന വാക്കിന്റെ അര്‍ത്ഥം...

.
ഇന്നേക്ക് ഒരു വര്‍ഷം!!

ജീവിതത്തിന്റെ നിരന്തര പ്രയാണത്തില്‍ ഒരു ദീര്‍ഘശ്വാസമെടുക്കാന്‍ പോലും വിശ്രമമില്ലാതെയുള്ള നീണ്ട അലച്ചിലിനൊടുവില്‍ എത്തിച്ചേര്‍ന്നതാണീ ബാംഗ്ലൂര്‍ നഗരത്തില്‍. കെട്ടുകാഴ്ചകളുടേയും, പകര്‍ന്നാട്ടത്തിന്റേയും മഹാവ്യൂഹത്തില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെയെന്നപോലെ മായക്കാഴ്ചകളെ, നഗരത്തിന്റെ പുറം മോടികളെ തന്നിലേക്കാവാഹിക്കാന്‍ കെല്പില്ലാത്ത ഒരു നാട്ടുമ്പുറത്തുകാരന്‍, ഈ ഞാന്‍.

നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ഉപജീവന യാത്രയില്‍ കൈവിട്ട് പോയ ഗ്രാമദൃശ്യങ്ങളും, നാടും നാട്ടാരും, നാട്ടുഭാഷയും ഇനിയും പല മനസ്സുകളില്‍ ജീവിക്കുന്ന ഗ്രാമാനുഭവങ്ങളും എല്ലാം കണ്ടുമുട്ടുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ഈ ബൂലോകത്തില്‍ വെച്ചാണ്. മറന്നുപോയ നാട്ടുഭാഷ, സംസാരങ്ങളിലൂടെ മാത്രം പടരുന്ന ശൈലി അഥവാ സംസ്ക്കാരത്തിന്റെ ആത്മഭാഷ.

2008 മാര്‍ച്ച് 21 നു ‘ഞാനാരാണ് ‘ എന്ന എന്റെ തന്നെ ചോദ്യത്തില്‍ നിന്നു തുടങ്ങി, എന്റെ ഗ്രാമവും, വഴികളും, സ്ക്കൂളും, കോളേജും കൂട്ടുകാരും, പ്രണയവും ദുരിതവുമായി നന്ദനെന്ന നാട്ടുമ്പുറത്തുകാരന്റെ ഈ നന്ദപര്‍വ്വത്തില്‍ ഇരുപത്തിനാലു ജീവിതപര്‍വ്വങ്ങള്‍ കടന്നു പോയി, ഇന്നേക്ക് ഒരു വയസ്സ് തികയുന്നു.

നന്ദപര്‍വ്വത്തിന്റെ ഒന്നാം പിറന്നാളിന്, ബ്ലോഗില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന എഴുത്തുകാരനും ബ്ലോഗിലൂടെ എനിക്ക് കിട്ടിയ സുഹൃത്തുമായ ‘ബ്രിജ് വിഹാര’ത്തിന്റെ ഉടയവനുമായ ശ്രീ. ജി. മനു നന്ദപര്‍വ്വത്തിനു വേണ്ടി സ്നേഹപൂര്‍വ്വം എഴുതിയ വാര്‍ഷിക കുറിപ്പ് നിങ്ങള്‍ക്കായി പങ്കുവെക്കുന്നു

*************************************

ജീവിതത്തിന്റെ അര്‍ഥം എന്താണ്? എന്തിനുവേണ്ടി തീനും വെള്ളവും തന്ന് പ്രകൃതി നമ്മളെ പോറ്റുന്നു, എന്താണിതിന്റെ ഒരു പ്രയോജനം എന്നൊക്കെ ആലോചിച്ച് നടവഴികളില്‍ കൂടി നടക്കുമ്പോള്‍ ആവും ഒരു കാറ്റു വീശുക..അല്ലെങ്കില്‍ മതിലോടൂചേര്‍ന്നു നില്‍ക്കുന്ന മഷിത്തണ്ട് ഞെരടി ഒന്നു മണപ്പിക്കാന്‍ തോന്നുക..ആ ഗന്ധങ്ങളില്‍ ഒരുപാട് ഉത്തരങ്ങള്‍ കലര്‍ന്നു ചേര്‍ന്നിരിക്കും.. പിന്നെ ചോദ്യം ഉപേക്ഷിക്കും..

നന്ദന്റെ ബ്ലോഗ് വായിക്കുമ്പോഴും മിക്കപ്പോഴും കിട്ടുക ഇതുപോലെയുള്ള ചില ഉത്തരങ്ങള്‍ ആണ്. തൃശ്ശൂര്‍ ഭാഷയും ഇടവഴികളും കുഞ്ഞു കുഞ്ഞു തമാശകളും, ബാല്യസ്‌മൃതികളും ജീവിതത്തിന്റെ പെടാപ്പാടുകളും പ്രണയവും കാമവും വിശപ്പും .....

‘ദരിദ്യം എന്ന വാക്കിന്റെ അര്‍ത്ഥം’ അനര്‍ഥമായി കരളിലെ കടിച്ചു തൂങ്ങി ഇപ്പൊഴും നില്‍ക്കുന്നു. ഒരുമുഴം മുല്ലപ്പൂവിന്റെ മണവും, രാധാകൃഷ്ണന്‍ പാര്‍ട്ടിയുടെ നാടകവും, ആദ്യപ്രേമലേഖനവും പലവുരു വായിച്ചതും ഇതുപോലെയുള്ള മണങ്ങളെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടാവാം. വരകളുടെ ഇന്ദ്രജാലങ്ങള്‍ കണ്ട് മനസു കുളിര്‍ക്കുകയും കണ്ണ് അസൂയകൊണ്ട് തള്ളിപ്പോവുകയും ചെയ്തത് പലതവണ..

‘ഗൃഹതുരത്വം’ മാനസിക രോഗമാണ്, അമ്മയെ ഓര്‍ത്തുകൊണ്ടിരിക്കുന്നവന്‍ ഔട്ട്ഡേറ്റഡ് ആണ് തുടങ്ങിയ ആധുനിക ഐ.ടി ഇന്‍-വെന്‍ഷനുകളുടെ ഛര്‍ദ്ദില്‍ പരന്നു കിടക്കുന്ന ഈ ലോകത്ത്, ഓര്‍മ്മകളെ, മനുഷ്യത്തെ, സ്നേഹത്തെ ഒക്കെ സ്നേഹിക്കുന്നവര്‍ ഒട്ടും കുറവല്ല എന്നു തന്നെ തെളിയിക്കുന്നു ഈ ബ്ലോഗിന്റെ വിജയവും...

ഒന്നാം പിറന്നാളിനു ഒരുപാട് ആശംസകള്‍...

മനസിന്റെ മണ്‍കൂജയില്‍ നിന്ന് ഇനിയും തെളിനീര്‍ത്തുള്ളികള്‍ പൊഴിഞ്ഞുകൊണ്ടേയിരിക്കട്ടെ ഈ ബ്ലോഗില്‍..

സ്നേഹപൂര്‍വ്വം നന്ദന്......

ജി. മനു - ബ്രിജ് വിഹാരം

*************************************

നിങ്ങള്‍ ഇത്രനാളും പകര്‍ന്നു തന്ന സ്നേഹത്തിനു ഒരു വാക്കിലപ്പുറമുള്ള നന്ദിയും, അളവറ്റ സ്നേഹവും, ഇനിയും സ്നേഹവും വിമര്‍ശനവും എന്നോടും എന്റെ ബ്ലോഗിനോടും കൂടെയുണ്ടാവുമെന്ന വിശ്വാസത്തില്‍,

നിങ്ങളുടെ
നന്ദന്‍/നന്ദപര്‍വ്വം
.

Wednesday, March 11, 2009

ജോബിയുടെ ഹോബി

.
"ഡേയ്, ഞാനിന്ന് നിന്റെ റൂമിലേക്ക് വരുന്നുണ്ട്. നീ നേരത്തെ ഇറങ്ങുമോ അതോ ഇന്നും പാതിരാപ്പണിയാണോ?" വൈകീട്ട് ജോലി കഴിഞ്ഞ് ഓഫീസില് ‍ നിന്നിറങ്ങിയതും ഞാന്‍ സുഹൃത്ത് ബിജോയെ വിളിച്ചു.

"പതിവുപോലെ ഞാനിത്തിരി വൈകും, ഇവന്മാര് പണിതന്നിരിക്കുവാ..ഇന്നത്തോടെ ഞാനീ കോപ്പിലെ ജോലി കളഞ്ഞിട്ട് പോകും" ബിജോ കലിപ്പില്‍.

"ഹ ഹ... ഉള്ള പണി കളഞ്ഞിട്ട് വീട്ടില്‍ പോയി റബ്ബര്‍ വെട്ടാം ന്നു വെച്ചാല്‍ മൂത്ത പെങ്ങളുടെ കല്യാണത്തിന് നിന്റെ അപ്പനത് മുറിച്ച് വിറ്റില്ലേഡാ? പിന്നെ എവിടിട്ട് ചെരണ്ടാ‍നാ?"

"ആ ഒറ്റ കാരണം കൊണ്ടാ നന്ദൂ ഗതികെട്ടും ഞാനീ കള്ള താ.......കളുടെ ഓഫീസില്‍ പിടിച്ച് നിക്കണത്. നീ എപ്പഴാ എറങ്ങുന്നത്?"

"ഞാനെറങ്ങി, ഞാന്‍ ദാ, ബി.ഡി.എ കോമ്പ്ലക്സിനടുത്തുള്ള പാര്‍ക്കില്‍; മറുനാടന്‍ കാമുകന്റെ മടിയെ മലര്‍മെത്തയാക്കി മയങ്ങുന്ന മല്ലുകൊച്ചുങ്ങളെ മണപ്പിച്ചോണ്ട് നിക്കുവാ."

"ആഹ്! ഭാഗ്യവാന്‍ അതിനെങ്കിലും യോഗമുണ്ടല്ലോ, കര്‍ത്താവേ നമ്മള്‍ക്കൊക്കെ എന്നാണാവോ ആ ഭാഗ്യം കിട്ടുന്നത്? "

"എടാ ബിജോ, കര്‍ത്താവിനെ വിളിക്കുന്ന നേരംകൊണ്ടോരു ഭര്‍ത്താവാകാനുള്ള ഏര്‍പ്പാട് ചെയ്യ്"

" ഒരു രക്ഷയുമില്ല, ഞാന്‍ ജട്ടി പോലും മാറ്റിയിട്ട് ഇന്നേക്ക് നാലു ദിവസമായി നന്ദൂ. ഊരാനും കഴുകാനും പോലും നേരമില്ല... പണിയോട് പണി"

"അപ്പഴേ, എന്തെങ്കിലും പറഞ്ഞ് വേഗം പോന്നേക്കണം. ഞാന്‍ നിന്റെ റൂമിലേക്ക് പോകാ...രതീഷെത്തിയിട്ടുണ്ടാവോ അവ്ടെ?"

"ഇല്ല, രതീഷിറങ്ങാറായിട്ടുണ്ടാകും. റൂമില്‍ ജോബിയുണ്ടാകും. അവനു പിന്നെ പണിയൊന്നുമില്ലല്ലോ. നിങ്ങള്‍ അവിടെ കാരംസും കളിച്ചിരിക്ക് ഞങ്ങളപ്പോഴേക്കും എത്തിയേക്കാം"


" ഓ! എന്നാപ്പിന്നെ ഞാനെന്റെ റുമില്‍ പോയി ഒന്നു കുളിച്ചു ഫ്രഷായി വേഷം മാറ്റി വരാം, നിന്റെ റൂമില്‍ ചെന്ന് ജോബിയുമായി സംസാരിച്ചിരിക്കുന്നതിലും ഭേദം ബാംഗ്ലൂരിലെ ട്രാഫിക്കില്‍ കിടക്കുന്നതാ "

അവനോട് ബൈ പറഞ്ഞ് പാര്‍ക്കിലെ അരണ്ടവെളിച്ചത്തില്‍ ഇണപിരിയുന്ന മിഥുനങ്ങളെ നോക്കി ഒന്നു നെടുവീര്‍പ്പിട്ട് ഞാനെന്റെ പ്രിയപ്പെട്ട കൈനറ്റിക്ക് ഹോണ്ട സ്റ്റാര്‍ട്ടാക്കി ഓള്‍ഡ് മദ്രാസ് റോഡിലെ ജനസമുദ്രത്തിലേക്കൂളിയിട്ടു.

ഞാന്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്നു കുറച്ചകലെ ഗംഗാനഗറിലായിരുന്നു സുഹൃത്തുക്കളായ കോട്ടയംകാരന്‍ ബിജോയും കുന്നംകുളംകാരായ രതീഷും, ബിനുവും താമസിച്ചിരുന്നത്. ബിനു ഐ സി ഐ സി ഐ യില് . ബിജോയും രതീഷും എന്റെ ഫീല്‍ഡായിരുന്നതുകൊണ്ടു തന്നെ വാരാന്ത്യങ്ങളില്‍ ഞാന്‍ അവിടെപോയിരുന്നു പരസ്പരം പരാതിയും പരിഭവവും പ്രതീക്ഷയും പറയുക പതിവായിരുന്നു. ചിലപ്പോള്‍ പകലില്‍ സിറ്റിയിലേക്ക് ഒരു കറക്കവും രാത്രി ചിലപ്പോള്‍ അടുത്തുള്ള തിയ്യേറ്ററില്‍ ഏതെങ്കിലും മലയാളം പടവും. ഒരു പകലും ഒരു രാത്രിയും താമസിച്ച് എന്റെ സിനിമാ സ്വപ്നങ്ങളൂം അവരുടെ ഓഫീസിലെ പാര വിശേഷങ്ങളും പിന്നെ ഞങ്ങളുടെ ജീവിത പ്രാരബ്ദങ്ങളും ഉരല്‍ മദ്ദളത്തിനോടെന്നപോലെ പരസ്പരം പറഞ്ഞു ദിവസങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കവേ...

......ഒരു ജോലി നോക്കാന്‍ വേണ്ടി ബിജോയുടെ നാട്ടൂകാരന്‍ ജോബിയുടെ ബാംഗ്ലൂര്‍ രംഗപ്രവേശം. ബിജോയുടെ നാട്ടുകാരനായതോണ്ട് തല്‍ക്കാലം അവരുടെ റുമില്‍ തങ്ങി. പകല്‍ ചിലപ്പോള്‍ തൊഴിലന്വേഷണം. ഏതെങ്കിലുമൊരു ഇന്റര്‍വ്യ്യൂ കിട്ടിയാല്‍ പോകും ഇല്ലെങ്കില്‍ റുമില്‍. ഞായറാഴ്ച പുള്ളി ആകെ ബിസിയായിരിക്കും. തൊട്ടടുള്ള പള്ളിയില്‍ രാവിലെ തന്നെ പോകും, അവിടുത്തെ കണക്കപ്പിള്ളയോ കാര്യസ്ഥനോ ആണത്രേ. ഉച്ചക്ക് രണ്ടുമണിയോടടുത്തേ തിരിച്ചു വരൂ. ബാക്കിയുള്ള ദിവസം, ജോബിക്ക് മറ്റൊരു ഹോബിയുമില്ലാത്തതുകൊണ്ടു റൂമിലെ അഡ്മിനിസ്ട്രേറ്ററായി. അതിരാവിലെ എഴുന്നേറ്റ് താഴെ പോയി പത്രം എടുത്തുവരിക, പാല് വാങ്ങിച്ചുവന്ന് ചായ തിളപ്പിച്ച് ബാക്കിയുള്ള കുംഭകര്‍ണ്ണന്മാര്‍ക്ക് കൊടുക്കുക, പാതിരാത്രിയില്‍ പണി കഴിഞ്ഞ് പഴത്തൊലിപോലെ ചതഞ്ഞെത്തുന്ന ബാക്കിയുള്ളവര്‍ക്ക് ചോറും കറിയും വെച്ച് കൊടുക്കുക ഇത്യാദി ജോലികള്‍ ഒരു ഹോബിപോലെ ജോബി ഏറ്റെടുത്തു.വല്ലപ്പോഴും വെള്ളിയാഴ്ചകളിലോ ശനിയാഴ്ചകളിലോ ഞാനെത്തുന്ന ആ റൂമില്‍ എന്റെ കാരംസ് പാര്‍ട്ടണായി.

കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ഞാന്‍ ഗംഗാനഗറിലെ ബിജോയുടെ കൊട്ടാരത്തിലേക്ക് വിട്ടു. പതിവുപോലെയുള്ള ട്രാഫിക് കാരണം നേരം വൈകിയിരുന്നു, അപ്പോഴേക്കും ബിജോയും രതീഷും റൂമിലെത്തിയിരുന്നു.

“കാ‍രം ബോര്‍ഡെടുക്കെടാ, നമുക്കൊന്നു മുട്ടി നോക്കാം” ഞാന്‍ രതീഷിനെ വെല്ലുവിളിച്ചു.

“നീയൊന്ന് മിണ്ടാണ്ടിരുന്നേ, മനുഷ്യനിവിടെ പ്രാന്തായിട്ടിരിക്കാ. ഒരഞ്ചുമിനിട്ട് ശ്വാസം വിടാന്‍ പറ്റീയിട്ടില്ല ഓഫീസില്, അയിനെടക്കാ ഇനീ കളീ,” രതീഷ് കാലില്‍ നിന്ന് ഷൂ പറിച്ചെറിഞ്ഞു.

ഞാന്‍ നോക്കുമ്പോള്‍ ബിജോ ഷൂ പോലും മാറ്റാതെ കിടക്കിയില്‍ മലര്‍ന്നടീച്ച് കിടക്കുകയാണ്.

“എന്തണ്ടാ ഡ്രസ്സ് മാറ്റിക്കൂടെ?” ഞാന്‍

“ഓ എന്നാ പറയാനാ ഡാ, തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുക എന്നൊക്കെ കേട്ടിട്ടേയുള്ളൂ, ഇപ്പോളാ ശരിക്കും അനുഭവികുന്നത്.” ബിജോ കിടന്നകിടപ്പില്‍ പറഞ്ഞു.

ജോബി എവിടെടാ?” ഞാന്‍ ചോദിച്ചു.

“ദേ അവന്‍ കക്കൂസിലുണ്ട്..പത്ത് മിനിട്ടിലിത് രണ്ടാമത്തെ പ്രാവശ്യമാ”

“അവന്‍ ചോറു വെച്ചിട്ടുണ്ടോടാ?” ബിജോ

“ഉം, ഒക്കെ വെച്ചിട്ടുണ്ട്, എടുത്ത് കഴിക്കണം ന്ന് ഇന്ന് അവന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്.“ രതീഷ്.

“ഹോ സത്യം പറയാലോ നന്ദൂ, അവന്‍ വന്നേപ്പിന്നെ ഞങ്ങള്‍ക്ക് സമയാ സമയത്തിനു ഭക്ഷണം കഴിക്കാന്‍ പറ്റുന്നുണ്ട് കെട്ടോ...ഉള്ളത് പറയാലോ....” ബിജു തുടങ്ങി

“ഇപ്പോ കാലത്ത് ചായ....രാത്രീല്‍ ചോറ്, അതിനെന്തെങ്കിലും കറി.. നമ്മള്‍ റെഡിയായി വന്നാ മതി. ഒക്കെ അവന്‍ ശരിയാക്കിയിട്ടുണ്ടാകും” രതീഷ കൂട്ടിച്ചേര്‍ത്തു.

“അവന്‍ വന്നത് ഞങ്ങടെയൊക്കെ ഭാഗ്യവാ കേട്ടോ... അല്ലേല്‍ എന്നതായിരുന്നു” എന്നു പറഞ്ഞ് ബിജോ അകത്തേ മുറിയിലേക്ക് ഡ്രസ്സ് മാറാന്‍ പോയി.

‘നീ വാടാ നമുക്ക് ഒരു ഗെയിം നോക്കാഡാ ഗഡീ” ഞാന്‍ രതീക്ഷിനെ നിര്‍ബന്ധിച്ചു.

മനസ്സില്ലാ മനസ്സോടെ രതീഷ് ബോര്‍ഡ് നിവര്‍ത്തി, കോയിന്‍സ് നിരത്തി. ഞങ്ങള്‍ കളി തുടങ്ങി

അഞ്ച് മിനുട്ടായിട്ടില്ല.....

“എന്റെ കര്‍ത്താവേ, എന്നതാ ഞാനീ കാണുന്നേ...” എന്ന ബിജോയുടെ അലര്‍ച്ചയും പാത്രം താഴെ വീഴുന്ന ശബ്ദവും.

“എന്തൂറ്റണ്ടാ” എന്നും പറഞ്ഞ് ഞാനും രതീഷും അടുക്കളയിലേക്കോടി. അവിടെ ബിജോ കണ്ണും തള്ളി സ്റ്റൌലിരിക്കുന്ന ചീനച്ചട്ടിയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.

“എടാ രതീഷെ, ഇത് എന്നതാടാ? എന്നതാ ഇവന്‍ ഉണ്ടാക്കി വെച്ചിരിക്കുന്നത്?”

ഞങ്ങള്‍ ചീനച്ചട്ടിയിലേക്ക് നോക്കി. ആടിനെ അറുത്തപ്പോളുള്ള ചോര പോലെ ചട്ടിയിലാകെ ചുവന്ന വെള്ളം.

“ഇദ് എന്തൂറ്റണ്ടാ? ആട്ടിറച്ച്യോ പോത്തിറച്ച്യോ ? “ ഞാന്‍ ചോദിച്ചു.

“എന്നാ കോപ്പിലെ കറിയാണാവോ” അതും പറഞ്ഞ് അവന്‍ തവിയെടുത്തു ഇളക്കി നോക്കി. വെറും ചുവന്ന വെള്ളം, മുളകിന്റെ അസഹ്യമണം ഇളക്കുമ്പോള്‍.

“ഇത്പ്പോ എന്തൂട്ടണന്ന് എങ്ങിന്യാ അറിയാ” രതീഷ്

“ നീയാ അവനെ ഇങ്ങു വിളിച്ചേ” ബിജോയുടെ ശബ്ദം ഉയര്‍ന്നു

രതീഷ് കക്കൂസിന്റെ വാതിലിലേക്കോടി

“ഡാ ജോബി, ജോബി” അകത്തു നിന്നും മറുപടിയില്ല..

ഞാനും ബിജോയും കുടി അങ്ങോട്ട് ചെന്ന് “എഡാ ജോബിയേ, ഡാ”

‘’എന്നതാടാ” അകത്തുനിന്നും

“നീയൊന്നു പുറത്തോട്ടു വന്നേ”

“ഇത് കഴിയട്ടെ ആദ്യം” ജോബി

“അല്ല അത് ശരിയാണല്ലോ, ചെയ്തോണ്ടിരിക്കണ കാര്യം കഴിയാണ്ട് അവന് വരാന്‍ പറ്റോ” ഞാന്‍ ന്യായം പറഞ്ഞു.

ഞങ്ങള്‍ വീണ്ടും അടുക്കളയില്‍ ചെന്ന് എല്ലാം പരിശോധിച്ചു. ചോറ് കുക്കറിലിരുപ്പുണ്ട്. ആകെയുള്ള കറി ഈ ചീനച്ചട്ടിക്കകത്താണ്. അതെന്താണെന്ന് ഒരു പിടുത്തവുമില്ല

രണ്ടു മിനിട്ട് കഴിഞ്ഞിട്ടും ജോബിയുടെ പ്രതികരണമൊന്നുമില്ല.

“ഇവനെയിന്ന് ഞാന്‍..” എന്നു പറഞ്ഞ് ബിജോ കക്കൂസിന്റെ വാതിലിനടുത്തെത്തി

“കഴിഞ്ഞില്ലേടാ.. എടാ”

അകത്ത് നിന്ന് പ്രതികരണമില്ല

“എടാ കഴിഞ്ഞോന്ന്..” ബിജോ വാതിലില്‍ ശക്തിയായി ഒരു ഇടി വെച്ചുകൊടുത്തു. ‘ കഴിഞ്ഞോന്ന്”

“ഞാനിത് തിന്നല്ലാ!! ”

അകത്തുനിന്ന് ജോബിയുടെ കിടിലന്‍ മറുപടി

അതോടെ ബിജോ ഷട്ടിലടിക്കുന്ന ടിപ്പര്‍ ലോറി മാതിരി അടുക്കളയിലേക്ക് തിരികെ വന്നു. ഞങ്ങള്‍ മൂവരും ശാസ്ത്രഞ്ജ്ന്മാരെപ്പോലെ ചട്ടിക്ക് ചുറ്റും നിന്ന് അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കേ, വിജയകരമായ ഒരു ദൌത്യം പൂര്‍ത്തിയാക്കിയ കമാന്‍ഡോയെപോലെ ജോബി മുണ്ടും മടക്കികുത്തി അടുക്കളയിലേക്ക് വന്നു

“ എന്നതാ, എന്നാ കോപ്പുണ്ടായിട്ടാ എല്ലാം കൂടി അലറുന്നേ” ജോബി

“എടാ ജോബിയേ, ഇത് എന്നതാടാ ഒണ്ടാക്കിവെച്ചിരിക്കണത്? ബിജോ ചട്ടി ചൂണ്ടികാണിച്ചു.

ചട്ടിയിലേക്ക് നോക്കി ജോബി നിസ്സാരഭാവത്തില്‍ ,

“ ഓ ഇതിനാണോ മൂന്നും കൂടി ഒച്ചയിട്ടത് ഇത് കറിയാണെന്ന് കണ്ടാലറിഞ്ഞൂടെ?

“അത് മനസ്സിലായെഡാ ശ്ശവ്വീ, എന്തൂറ്റ് കറിയാണെന്നാ ചൊയിച്ചേ” രതീഷ്

“അത് എന്നതാ.. മോരുകറി” ജോബി നിസംഗതയോടെ

“ മോരു കറീയോ?” ഞങ്ങള്‍ മൂവരും കോറസ്സായി.

“ആ! അതെന്താ മോരുകറി പോരെ, വേറെ വെച്ചുണ്ടാക്കാനൊന്നും..........”

“എടാ മോരുകറിയെന്നാടാ ചുവന്നിരിക്കുന്നേ? മഞ്ഞ നിറമല്ലോഡാ?” ബിജോ

“അതേ, യെല്ലോ, ശരിക്കും പറഞ്ഞാല്‍ യെല്ലോ യോക്കര്‍ കളര്‍, 100 % യെല്ലോയും 20 % മജെന്റയും” ഒരു ഡിസൈനര്‍ ആണെന്നു വെളിപ്പെടുത്താന്‍ കിട്ടിയ ചാന്‍സ് ഞാന്‍ മിസ്സാക്കിയില്ല.

“ഇതെന്താണ്ടാ ചോന്നിരിക്കണേ?” രതീഷും

“ ഓ അതാണോ ഇത്ര വല്യകാര്യം?! ജോബി തിരുവായ തുറന്നു.

സംഗതി എന്താ സംഭവിച്ചെന്നറിയാന്‍ ഞങ്ങള്‍ അവനോട് ചേര്‍ന്ന് നിന്നു

“ചട്ടി ചൂടാക്കി, വെളിച്ചെണ്ണയൊഴിച്ച് കടുക് പൊട്ടിച്ചെടുത്ത്, ഉള്ളീം മൊളകൂം താളിച്ചെടുത്ത്, പിന്നെ പാക്കറ്റീന്ന് തൈര് പൊട്ടിച്ചൊഴിച്ച് നോക്കിയപ്പോഴാ.......”

“നോക്കിയപ്പോ......??”

“അല്ല, മഞ്ഞള്‍പ്പൊടിയിടാന്‍ നോക്കിയപ്പോഴാ കണ്ടത്, കുപ്പി കാലിയായിരിക്കണത്. വിരലേല്‍ തോണ്ടാന്‍ പോലും പൊടി അതിനകത്തില്ല”

“എന്നിട്ട്”

“ഓ എന്നാ പറയാനാ, അപ്പഴാ അതിന്റടുത്ത് മൊളകുപൊടി ഇരികുന്നത് കണ്ടത്, മഞ്ഞപ്പൊടിയില്ലേ പിന്നെ കുറച്ച് മുളകുപൊടിയിരിക്കട്ടെ ന്നു കരുതി...”

“ഈശ്വരാ മുളകുപൊടിയോ?”

“ ഓ അതിനെന്നാ... മഞ്ഞളാണേലും മൊളകാണേലും ഒക്കെ കണക്കല്ലേ, പൊടി പൊടിതന്ന്യല്ലോ“

ഞഞ്ഞള്‍ മറൂപടിയില്ലാതെ മുഖത്തോടു മുഖം നോക്കി

വയറും തിരുമ്മി ജോബി വീണ്ടും പറഞ്ഞു :
“എന്തായാലും മഞ്ഞള്‍ പൊടി ഇല്ലാത്തതല്ലേ, കറീ മോശമാകണ്ടാന്നു കരുതി ഞാന്‍ നാലഞ്ച് സ്പൂണ്‍ പൊടിയെടുത്തിട്ടു......അതേ.....ഒരു മിനുട്ട്..”

ഞങ്ങള്‍ അന്തിച്ചു നില്‍ക്കേ “ഇപ്പ വരാ” എന്നും പറഞ്ഞ് മുണ്ടു മാടികുത്തിം ജോബി തന്റെ മൂന്നാമത്തെ ഓപ്പറേഷനുവേണ്ടി, കക്കൂസ് ലക്ഷ്യമാക്കി ഓടി....




(എന്റെ പഴയ പോസ്റ്റുകള്‍ ഉണ്ടാക്കുമ്പോള്‍ ചേര്‍ത്തിരുന്ന ‘ഗുമ്മ്’ -ന്റെ പൊടി ഇട്ടുവെച്ചിരുന്ന കുപ്പി കാലിയായിരുന്നതു കാരണം ഈ പോസ്റ്റുകറിയില്‍ ‘ഗുമ്മ്’ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഗുമ്മിന്റെ പുതിയ പായ്ക്കറ്റ് വാങ്ങി അടുത്ത പോസ്റ്റ് മുതല്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണ്.)