സ്വര്‍ഗ്ഗയാത്ര
.
കല്പറമ്പ് സ്ക്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് വീണ്ടും ആ അത്യാഗ്രഹം മനസ്സിലേക്ക് വന്നത്. ഇത്തവണ യൂത്ത് ഫെസ്റ്റിവലിന് ഒരു നാടകം കളിക്കണം, സമ്മാനം വാങ്ങണം. ഏഴാം ക്ലാസ്സില്‍ വെച്ചും ഒരു നാടകം കളിച്ചെങ്കിലും സമ്മാനമൊത്തില്ല. നാട്ടിലാണെങ്കില്‍ ഞാന്‍ ക്ലബ്ബ് പ്രവര്‍ത്തനവുമായി അഹോരാത്രം കലാകാരനായി ജീവിക്കുമ്പോള്‍, സ്ക്കൂളിലും ആ പ്രതിഭ തെളിയിച്ചില്ലെങ്കില്‍ മോശമല്ലേ, ഉള്ളിലെ കലാകാരന് വരണ്ടുണങ്ങിപോകില്ലേ, അവനോട് ചെയ്യുന്ന പാതകമല്ലേ എന്നു ചിന്തിച്ച് തയ്യാറെടുപ്പുകള്‍ തുടങ്ങി. മുന്‍ വര്‍ഷം നാട്ടിലെ ക്ലബ്ബ് വാര്‍ഷികത്തിന് കൂട്ടുകാരന് രാധാകൃഷ്ണന്റെ രചനാ-സംവിധാനത്തില്‍ അരങ്ങേറിയ ‘ഉത്സവം’ എന്ന നാടകം തന്നെ ചെയ്യാം. രാധകൃഷ്ണന് പക്ഷെ മറ്റൊരു സ്ക്കൂളിലാണ് പഠനം (നടവരമ്പ് ഹൈസ്ക്കൂളില്‍) അവനില്ലെങ്കിലും സ്ക്രിപ്ത് ഞങ്ങളുടെ കയ്യിലുണ്ട്. നാടകം ഒരു പ്രാവശ്യം കളിച്ച പരിചയവും. അതു തന്നെ ചെയ്യാം. ഞാന്‍, കൂടെ പഠിക്കുന്ന ജോഷി, താഴെ ക്ലാസ്സിലെ ബാബു, സുരേഷ്, തുടങ്ങിയവരാണ് അഭിനേതാക്കള്‍. നാടകം, ഇന്ത്യയുടെ അന്നത്തെ അവസ്ഥയും ഭരണകൂടവും വര്‍ഗ്ഗീയതയുമൊക്കെ സിമ്പോളിക്കായിട്ടുള്ള സിമ്പിള്‍ നാടകം. ക്ലാസ്സ് വിട്ടതിനുശേഷം ഒഴിഞ്ഞ ക്ലാസ്സ് റൂമില്‍ റിഹേഴ്സല്‍. പ്രധാന വേഷത്തില്‍ ഞാനും ജോഷിയും, പിന്നെയുള്ള പ്രധാന താരങ്ങളില്‍ ബാബുവും സുരേഷുമാണ്. മറ്റുള്ള നടന്മാര്ക്ക് ആളു തികയാതെ വന്നപ്പോള്‍ ക്ലാസ്സിലെ പലരേയും വിളിച്ചു നോക്കി. പക്ഷെ അവര്‍ക്ക് നാടകം അഭിനയിക്കുന്നതിനേക്കാളിഷ്ടം അത് കണ്ട് പുറത്തിരുന്ന് കൂവുന്നതിലാണ് . എങ്കിലും പലരേയും പല പ്രലോഭനങ്ങളും പറഞ്ഞ് റിഹേഴ്സലിനു വിളിച്ചു വരുത്തി. പക്ഷെ ഇന്നു വന്നവന് നാളെ വരില്ല, നാളെ വന്നവന് മറ്റന്നാള്‍ വരില്ല. തവളയെപിടിച്ച് എണ്ണം വെച്ചതുപോലെയാണ് കാര്യങ്ങള്‍. ഞാനും ജോഷിയും ബാബുവും ആക്ടിവായി രംഗത്തുണ്ട്. സുരേഷ് പിന്നെ ഞങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെയോ അങ്ങിനെ.
റിഹേഴ്സല്‍ രണ്ടു ദിവസം നടന്നു. റിഹേഴ്സല്‍ കണ്ട് പത്താം ക്ലാസ്സിലെ പല ചേട്ടന്മാരും വരുന്നുണ്ട്. ഞങ്ങള്‍ പിള്ളേരായതു കൊണ്ട്. അവന്മാരുടെ വക ഓരോരോ നിര്‍ദ്ദേശങ്ങള്‍. പിന്നെ പതിയെ പതിയെ വരുന്നവനും പോകുന്നവനും എന്തിനേറെ ചില ദിവസങ്ങളില്‍ സ്ക്കൂളിലെ പ്യൂണ്‍ വരെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ആരോടും മറുത്തൊന്നും പറയാനും പറ്റുന്നുമില്ല. അവര്‍ ഞങ്ങളേക്കാള്‍ മുതിര്‍ന്നവരും നാടകം ചെയ്തു ശീലമുള്ളവരും,. നാടകത്തിലാണെങ്കില്‍ മൊത്തം പത്തു പേര് വേണം അഭിനയിക്കാന്‍ . റീഹേഴ്സല് 4 ദിവസം പിന്നിട്ടിട്ടും ആളെ തികയുന്നുമില്ല. മുന്നോട്ടു പോകുന്നുമില്ല. ഒടുവില്‍ ഒരു റിഹേഴ്സല്‍ ദിവസം ജോഷി ദിഗന്തങ്ങള്‍ നടുങ്ങുമാറുച്ഛത്തില്‍ ഒരു പ്രഖ്യാപനം നടത്തി :
“ നാടകം നമ്മള് മാറ്റാന്‍ പോകുന്നു”
ഞങ്ങള്‍ പരസ്പരം നോക്കി. ആറ്റുനോറ്റുണ്ടാക്കിയ നാടകം മാറ്റാന്‍ പോവേ? അപ്പോ ഈ വര്‍ഷം??
“നമ്മള് ‘ഉത്സവം‘ മാറ്റി പകരം ‘സ്വര്‍ഗ്ഗയാത്ര‘ ചെയ്യാന്‍ പോകുന്നു” ജോഷി നെഞ്ചു വിരിച്ചു
‘സ്വര്‍ഗ്ഗയാത്രയോ? അത് അത്ര നല്ല നാടകമാണോടാ? “ ഞാന്‍ ചോദിച്ചു. “ ഉത്സവം നല്ല സബ്ജക്റ്റാ. പ്രൈസ് ഉറപ്പാ”
“ അതിന് അളുണ്ടാ? ബാക്കിയുള്ളോരെ നീ കൊണ്ടരോ? സ്വര്‍ഗ്ഗയാത്രയാകുമ്പോ അധികം ആളുവേണ്ട” ജോഷി ചൂടായി.
ആലോചിച്ചപ്പോ ശരിയാണ്. കൂടാതെ അത് മുന്‍പ് പൈങ്ങോട് സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തിലും കഴിഞ്ഞ കൊല്ലം ക്ലബ്ബിന്റെ വാര്‍ഷികത്തിലും ചെയ്തിട്ടുള്ളതാ. തരക്കേടില്ലാത്ത നാടകം എന്നാലും ഉത്സവത്തിന്റെ അത്രയും വരില്ല. സ്ക്രിപ്പ്റ്റ് കയ്യിലുണ്ട്., ഡയലോഗെല്ലാം കാണാപ്പാഠം.
“ഇത് ഇത്രയും ദിവസം റിഹേസ്ഴല്‍ നടത്തിയിട്ട്....” ബാബുവിന് സംശയം.
‘മതി.. സ്വര്‍ഗ്ഗയാത്ര മതി.. അത് നമ്മള് രണ്ട് പ്രാവശ്യം കളിച്ചിട്ടുണ്ട്.ഒരു കുഴപ്പവും വരില്ല. “ ജോഷി കോണ്ഫിഡന്സില്.
“ അപ്പോ ഉത്സവം?? അതെന്തു ചെയ്യും?”
“അത് നമുക്ക് വേറെ ഏതെങ്കിലും പിള്ളര്‍ക്ക് കൊടുക്കാം” ജോഷിക്കും അതിനും മറുപടി.
‘ എന്നാ അങ്ങിനെ ചെയ്യാം” മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ ജോഷിയെ പിന്താങ്ങി
രാജാവും മന്ത്രിയും പരിവാരങ്ങളും ഒരു സന്യാസിയുമടങ്ങുന്നതാണ് നാടകം. അന്നത്തെ ബോഡി ഫിഗറ് വെച്ച് ജോഷി രാജാവും ഞാന്‍ മന്ത്രിയും, സുരേഷ് ഭടനും ബാബു സൈന്യാധിപനോ മറ്റോ ആണ്. മുന്‍പ് രണ്ടു പ്രാവശ്യം കളിച്ചപ്പോളും സന്യാസിയായി ഗിരീഷായിരുന്നു അഭിനയിച്ചത്. (അവനെ കൊണ്ട് അഭിനയിപ്പിക്കുകയായിരുന്നു) ദുര് ഭരണം നടത്തുന്ന രാജാവിനെ ഉപദേശിക്കാന്‍ ഒരു സന്യാസി വരുന്നു. ഒടുക്കം രാജാവ് മാനസാന്തരപ്പെടുന്നു. അവസാനം എല്ലാവരും സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു. അങ്ങിനെയെന്തൊക്കെയോ ആയിരുന്നു കഥ. അതിലും എന്തൊക്കെയോ സിമ്പോളിക്കായി ഉണ്ടെന്നാണ് രാധാകൃഷ്ണന് പറഞ്ഞിരുന്നത്. ആ! ആര്‍ക്കു മനസ്സിലാവാന്‍??
ജോഷിയുടെ തീരുമാനം ഞങ്ങളെ തൃപ്തിപ്പെടുത്തിയില്ലെങ്കിലും മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ അഭിനയിക്കാന്‍ തുടങ്ങി. ‘ഉത്സവം’ എന്ന നാടകം ഒമ്പതാം ക്ലാസ്സിലെ വേറെ ചില പരിചയക്കാര്‍ക്കു കൊടുത്തു. ഒരു സ്ക്റ്റിപ്റ്റ് കിട്ടാതെ ക്ലാസ് കട്ട് ചെയ്യാന്‍ പറ്റാതിരുന്ന അവര്‍ക്ക് ബഹൂത്ത് ഖുശി. അവര്‍ ആളെ സംഘടിപ്പിച്ച് നാടകം റിഹേഴ്സല്‍ തുടങ്ങി. ഞങ്ങളുടെ റിഹേഴ്സല്‍ തുടങ്ങിയതും ദാ, പിന്നേം ആ പ്യൂണ്‍ വന്നു ഡയറക്ഷന്‍ തുടങ്ങി. ‘ചേട്ടാ!! ഞങ്ങളിതു രണ്ടു പ്രാവശ്യം കളിച്ചതാ’ എന്നൊക്കെ പറഞ്ഞെങ്കിലും ചേട്ടന് പിന്മാറാന് തയ്യാറായില്ല. റിഹേഴ്സല്‍ മാക്സിമം കുളമാക്കാന്‍ ചേട്ടന് അശ്രാന്ത പരിശ്രമം നടത്തി. ഞങ്ങള്‍ മനസ്സില്‍ പ്രാകിയെങ്കിലും തല്ക്കാലം അങ്ങേരെ സഹിച്ചു നിന്നു ‘ എന്തായാലും സ്റ്റേജില്‍ കളിക്കാന്‍ അങ്ങേര് വരില്ലല്ലോ’ അതു മാത്രമായിരുന്നു ആശ്വാസം.
സന്യാസിയായി വീണ്ടും ഗിരീഷിനെ വിളിച്ചെങ്കിലും അവനു തീരെ ഇന്‍ഡ്രസ്റ്റ് ഇല്ല. സേമിയ ഐസ്, ഐസ് കേക്ക്, സ്റ്റിക്കര്‍ പടം എന്നൊക്കെ പല പ്രലോഭനങ്ങള്‍ നീട്ടീയെങ്കിലും അവന് കയ്യാലപുറത്തെ തേങ്ങ പോലെ അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന മട്ടില്‍ നിന്നു. പല ദിവസം ക്ലാസ്സ് കഴിഞ്ഞ് മുങ്ങാന്‍ ശ്രമിച്ചെങ്കിലും ക്ലാസ്സ് കഴിഞ്ഞ് ഓടാന്‍ തയ്യാറെടുക്കുന്ന അവനെ വട്ടം പിടിച്ച് ഞാന്‍ റിഹേഴ്സല്‍ ക്ലാസ്സിലെത്തിച്ചു. സുരേഷാണ് ഭടന്. അവനെകൂടാതെ മറ്റൊരു ഭടന് കൂടി വേണം. കര്ട്ടന് ഉയരുമ്പോള്‍ രണ്ടു ഭടന്മാരും അങ്ങോട്ടു മിങ്ങോട്ടും ഉലാത്താണം എന്നാലേ സ്റ്റേജില്‍ ഒരു രാജ സദസ്സ് ഫീല്‍ ചെയ്യുകയുള്ളു. ഭടനാവാന് ആളെ കിട്ടിയില്ല. വേണേല്‍ രാജാവിന്റെ വേഷം കെട്ടാം ഭടനാവാന് വയ്യത്രേ, ആര്‍ക്കും. ഒടുക്കം എന്റെ ക്ലാസ്സിലെ രാജേഷിനെ ഞാന്‍ പിടിച്ച പിടിയാലെ കൊണ്ടുവന്നു, 4.45 ന്റെ സെന്റ് ജോര്ജ്ജില് അവന് പടിയൂരിലെ വീട്ടില്‍ പോണമെന്ന് കരഞ്ഞു പറഞ്ഞെങ്കിലും നീയില്ലെങ്കില്‍ ഈ നാടകം ഞങ്ങള്‍ കളിക്കില്ല എന്നു ഞാനും കരഞ്ഞു പറഞ്ഞു. ഒടുക്കം അവന് സമ്മതിച്ചു; എല്ലാ റിഹേഴ്സലിനും അവന് വരില്ല എന്ന അവന്റെ ഡിമാന്റില്‍.
തവളയെപിടിച്ച് ചാക്കിലിട്ട് പോലെ ആളുകളെ പിടിച്ച് കഥാപാത്രമാക്കിയെങ്കിലും പ്യൂണിന്റെ ആക്രമണം തീരെ നിലക്കുന്നില്ല. ‘ആ ശ്ശവിയെ ഓടിച്ചില്ലെങ്കില് ഞാനീ കല്‍പ്പറമ്പ് സ്ക്കൂളില്‍ നിന്ന് ടി സി വാങ്ങീ പോകും’ എന്നു വരെ ബാബു ഭീഷണിപ്പെടുത്തി തുടങ്ങി. ജോഷിക്കാണെങ്കില്‍ ക്ലാസ്സ് റൂമിലും റിഹേഴ്സര് റൂമിലും ഇരുപത്തിനാലു മണിക്കൂറും രാജാവിന്റെ ഭാവഹാവാദികളോടെ നടക്കാനെ നേരമുള്ളു. ‘ ജോഷീ, നമുക്ക് റിഹേഴ്സല്‍ തുടങ്ങാം’ എന്നാരെങ്കിലും പറഞ്ഞാല്‍. കാലുകള്‍ അല്പം അകത്തിവെച്ച് വലതുകൈമുഷ്ടി ഇടതു കൈത്തലത്തില് അമര്‍ത്തി ഇടിച്ച് “ ഉം... ഉം.. ആവട്ടെ... നമുക്കുടന്‍ റിഹേഴ്സല്‍ തുടങ്ങിക്കളയാം..” എന്നമട്ടിലാണ് പെരുമാറ്റം. ഊണിലും ഉറക്കത്തിലും എന്തിനേറെ കക്കൂസില്‍ പോകുമ്പോള്‍പോലും അവനിപ്പോ രാജാവിനെപോലെയാണ് പെരുമാറുന്നത് എന്നായി സംസാരം. ഒടുക്കം പ്യൂണിന്റെ ശല്യം ഒഴിവാക്കാന്‍ ക്ലാസ്സ് റൂമുകള്‍ മാറ്റി മാറ്റി നോക്കിയെങ്കിലും അയിലത്തല മണത്ത പട്ടിയെപോലെ പ്യൂണ്‍ അവിടെയൊക്കെ വന്നു ഡയറക്റ്റ് ചെയ്യാന്‍ തുടങ്ങി. ഒടുവില്‍ കൂട്ടുകാരോട് ഞാനൊരു പരിഹാരം പറഞ്ഞു “
“ എഡാ ജോഷ്യേ ബാബു, നമ്മളൊക്കെ ഒരേ ഭാഗത്ത്ന്ന് വരണോരല്ലേ, രാജേഷ് മാത്രല്ലേ വേറെ സ്ഥലത്തുന്നുള്ളൂ, നമുക്ക് റിഹേഴ്സല്‍ നമ്മടവിടെ ആക്ക്യാലോ”
“അത് ശര്യണലാ.... രാജേഷാണെന്ന്കില്‍ ഭടനല്ലേ ‘അടിയന് ‘ എന്ന ഡയലോഗ് മാത്രല്ലേ ള്ളൂ. പക്ഷെ എവിടെ വെച്ച് റിഹേഴ്സല്‍ നടത്തും?”
“ജോഷീടെ വീട്ടിലോ അല്ലെങ്കില്‍ കല്ലേരി പാടത്ത് വെച്ചോ നടത്താലോ. അവിടക്ക് ഈ പണ്ടാര പ്യൂണ്‍ വരില്ലല്ലോ’ ഞാന്‍ വീണ്ടും
അതൊരു എമണ്ടന്‍ തീരുമാനമാണെന്ന നിഗമനത്തില്‍ ഞങ്ങള്‍ പിന്നെ റിഹേഴ്സല്‍ ഞങ്ങളുടെ നാട്ടിലാക്കി. പക്ഷെ ഗിരീഷ് പതിവുപോലെ ഉഴപ്പാന്‍ തുടങ്ങി. അവനധികം ഡയലോഗില്ല എന്നതു മാത്രമാണ് ആശ്വാസം പക്ഷെ ഉള്ള ഡയലോഗൊന്നും അവന് അറിയില്ലാ എന്നുള്ളത് നഗ്ന സത്യം.
ഒരു ദിവസം കല്ലേരിപ്പടത്തേക്കുള്ള വരവില്‍ ബാബു എന്നൊട് ഒരു രഹസ്യം പറഞ്ഞു :
“ഡാ നന്ദ്വോ, ഉത്സവം മാറ്റി സ്വര്‍ഗ്ഗയാത്ര കളിക്കാന്ന് ജോഷി പറഞ്ഞതെന്തിനാണന്നറിയൊ?”
“ഇല്ല്യാ” അതിലൊരു ഹിഡന്‍ അജണ്ടയുള്ളതായി അതുവരേക്കും എനിക്ക് തോന്നിയില്ലായിരുന്നു
“ ഡാ ശ്ശവീ, സ്വര്‍ഗ്ഗയാത്രേല് ആരാ നായകന്? ജോഷി. ഉത്സവത്തിലാണെങ്കീ നമ്മള്‍ക്കെല്ലാവര്‍ക്കും ഒരേപോലത്തെ റോളാ. ഒറ്റക്ക് ഷൈന്‍ ചെയ്യാന്‍ പറ്റില്ല, മനസ്സിലായാ??’“ ബാബോ ശര്യാണല്ലോ, സ്വര്‍ഗ്ഗയാത്രയാണെങ്കീ അവന് രാജാവാ.. അവന് ശരിക്കും ഷൈന്‍ ചെയ്യാം.. ശ്ശേഡാ”
“ അതന്നേ, അതോണ്ടന്ന്യാ അവനീ നാടകം മാറ്റ്യേ..നാടകം പൊളിഞ്ഞാലും അവന്റെ റോള്‍ അവന് പെടപ്പനാക്കും നീ നോക്കിക്കോ” ബാബു ഗദ്ഗത കണ്ടന് പൂച്ചയായി പറഞ്ഞു
“ശ്ശേഡാ തെണ്ടീ... ഞാനതപ്പോ ഓര്‍ത്തില്ല.. ഇനീപ്പോ നാടകം മാറ്റാന്‍ പറ്റോ?”
“എവ്ട്ന്ന്? യൂത്ത് ഫെസ്റ്റിവലിന് ഇനി കൊറച്ചു ദിവസല്ലേ ള്ളൂ. ഒര് രക്ഷേല്ല്യ”
“ ഹോ ഉത്സവത്തിന്റെ സ്ക്രിപ്റ്റ് കിട്ടിയ പിള്ളാര് അത് കലക്കും, പെട സ്ക്രിപ്റ്റ് ആണത്”
അവിടന്നോട്ടുള്ള റിഹേഴ്സല്‍ ക്യാമ്പുകളില്‍ എന്റേയും ബാബുവിന്റേയും മുഖം പതിവിലേറെ കറുത്തു ( ഇനിയങ്ങോട്ടു കറുക്കാന്‍ ബാക്കിയുണ്ടായിരുന്നില്ല!!) ഗതികെട്ട ബ്ലോഗര്‍ പുലി അനോണിയായും സ്വന്തം ബ്ലോഗില്‍ കമന്റിടും എന്ന് പറഞ്ഞപോലെ, സ്വര്‍ഗ്ഗയാത്ര കളിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഗതികേടുകൊണ്ട് ഞങ്ങള്‍ റിഹേഴ്സല്‍ നടത്തി.
യൂത്ത് ഫെസ്റ്റിവല്‍ അടുത്തെത്തി. റിഹേഴ്സല്‍ പരിസമാപ്തിയിലായി. രണ്ടേ രണ്ടു പ്രശ്നം മാത്രം. സന്യാസിയായ ഗിരീഷ് പല റിഹേഴ്സലിലും പങ്കെടുത്തില്ല എന്നുമാത്രമല്ല ഡയലോഡ് കാണാപ്പാഠം അറിയില്ല. ഭടനായ രാജേഷ് റിഹേഴ്സലിനു വന്നില്ല എന്നല്ല, നാടകത്തിന്റെ അന്നു വരുമോ എന്നു തന്നെ സംശയം. ജോഷിയാണെങ്കില് ഇതിലൊന്നും തീരെ വറീഡാവാതെ ഇടതു കൈത്തലത്തില് വലതു കൈമുഷ്ടി ഇടിച്ചു നടന്നു,
ഒടുവില്‍ യൂത്ത് ഫെസ്റ്റിവല്‍ വന്നെത്തി.
നാടകത്തിന്റെ മെയ്ക്കപ്പ്, ആര്‍ട്ട് എന്നിവക്കു പുറമേ മറ്റൊരു ഉത്തരവാദിത്വവും കൂടി എനിക്കുണ്ടായിരുന്നു. സന്യാസിയാകുന്ന ഗിരീഷിനെ കാലത്തുതന്നെ വീട്ടില്‍ നിന്നും വിളിച്ചിറക്കി സുരക്ഷിതനായി മേക്കപ്പ് റൂമില്‍ എത്തിക്കുക എന്ന ഓപ്പറേഷന്. വര്‍ണ്ണ കടലാസ്സ് ഒട്ടിച്ച കുന്തവും, രാജാവിനും മന്ത്രിക്കുമുള്ള കിരീടം, അരപ്പട്ട, കയ്യങ്കി, പിന്നെ മേക്കപ്പ് സാമഗ്രികള്‍, കൂടാതെ രാജാവിനും മന്ത്രിക്കും ഉടുക്കാനുള്ള സാരി ഇത്യാദികളുമായി ഞാന്‍ കലപ്പറമ്പ് സ്ക്കൂള് ലക്ഷ്യമാക്കി സൈക്കിള്‍ വിട്ടു. പാതി വഴിയില്‍ വെച്ച് ഗിരീഷിന്റെ വീട്ടിലെത്തി. ഉച്ചക്കുള്ള ചോറും കറിയുമൊക്കെ പാത്രത്തിലെടുത്ത് അപ്പുറത്തെ പെണ്‍പിള്ളാരുമായി സൊള്ളുകയാണ് ചുള്ളന്. ഇന്ന് നാടകമുണ്ടെന്ന യാതൊരു വികാരവും അവന്റെ മുഖത്തില്ല. അവനെ വലിച്ച് പുറകിലിരുത്തി സ്ക്കൂളിലേക്ക് വിട്ടു.
മേക്കപ്പിനെടുത്ത ക്ലാസ്സ് റൂമില്‍ ബാബുവിന്റെ അവസാന റിഹേഴ്ഷല് . ജോഷിയാണെങ്കില് വലതു മുഷ്ടി ഇടതു കൈത്തലത്തില് ഇടിച്ച് ക്ലാസ്സ് റൂമിനെ വലം വെക്കുന്നു. ഞാന്‍ ക്ലാസ്സ് റുമില് കടന്നതും..
“ എന്ത്??? നന്ദന് വരാനിത്ര വൈകിയെന്നോ?” ജോഷി രാജാവ്.
“ പോടാ.^&*^&^&*..... പിന്നെ മെയ്ക്കപ്പും കോപ്പും നിന്റപ്പന് കൊണ്ടരോ?” ടെന്‍ഷന്‍ കാരണം എന്റെ വായില്‍ തെറിയേ വന്നുള്ളു.
“ തെറി പറയാണ്ട് മേക്കപ്പ് തൊടങ്ങാന് നോക്കഡാ &%**^&%%$ കളേ.. നമ്മടെ നാടകം നാലാമത്തേയാ” ബാബു ഒരു തെറി കൂടി പറഞ്ഞു
താമസിയാതെ ഞാന്‍ മേക്കപ്പ് തുടങ്ങി, രാജാവിനു മീശവെച്ചു, സാരി മടക്കി ഉടുപ്പിച്ചു അരപ്പട്ടയണിയിച്ചു, സന്യാസിക്കു താടിയും മീശയും ജഡയും വെച്ചു, ഭടന്മാര്ക്ക് മീശ വരച്ചു, ഒടുക്കം ഞാനും മീശ വെച്ചു ജോഷിയും ഞാനും വര്‍ണ്ണക്കടലാസ്സിന്റെ കിരീടവും വെച്ചു.
“നാടകം നമ്പര്‍ നാല്, ജോഷി ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന സ്വര്‍ഗ്ഗയാത്ര“
സേവ്യര്‍ മാഷുടെ ശബ്ദം മൈക്കിലൂടെ ധാരധാരയായി ഒഴുകി വന്നു. കുന്തവും സ്ക്രിപ്റ്റുമായി ഞങ്ങള്‍ സ്റ്റേജിനു പുറകിലേക്കൊടി.
“ഡാ നന്ദോ എടക്ക് ഡയലോഗ് പറഞ്ഞെരണട്ടാ… എനൊക്കൊരു ഓര്‍മ്മയുമില്ല’ ആ അവസാന നിമിഷത്തില്‍ ഗിരീഷ് എന്റെ നെഞ്ചിലെ ആധിയിലേക്ക് പെട്രോളൊഴിച്ചു.
“ എന്റെ കണ്ടാരന് മുത്തപ്പാ… പു……….ന്നാര മോനേ ഗിരീഷേ, ചതിക്കല്ലേടാ..” ഞാന്‍ ഗ്ലിസറിനില്ലാതെ കരയുമെന്ന അവസ്ഥയായി.
“ ദേ ഞാനൊന്നും മിണ്ടില്ലാട്ടാ.. ‘ആരവിടെ‘ ന്ന് വിളിച്ചാല്‍ ‘അടിയന്‘ ന്ന് മാത്രം പറയും. എപ്പഴാ വരണ്ടേ പോണ്ടേ എന്നൊക്കെ പിന്നീന്ന് പറഞ്ഞരണം.” പെട്രോളിനു പുറമേ രാജേഷ് മണ്ണെണ്ണയും ഊറ്റിയൊഴിച്ചു.
എന്തൂറ്റ് പണ്ടാറേങ്കിലും കാണിക്ക് എന്നു പറഞ്ഞ് ഞാന്‍ രാജേഷിനെയും സുരേഷിനേയും സ്റ്റേജില്‍ നിര്‍ത്തി. പരിചയമുള്ള ഒരു കൂട്ടുകാരനെ സ്റ്റേജിനു പുറകിലിരുത്തി സ്ക്രിപ്റ്റ് കൊടുത്ത് ഗിരീഷിന്റെ മുഖത്ത് ഇളകികിടന്ന താടി അമര്‍ത്തി ഒട്ടിച്ച് കര്ട്ടന് പൊക്കാന്‍ സിഗ്നല്‍ കൊടുത്തു. കര്ട്ടന് പൊങ്ങിയതും രാജേഷും സുരേഷും കുന്തം പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍ തുടങ്ങി. സദസ്സില്‍ നിന്ന് നല്ല കൂവല്‍. ഞാന്‍ കണ്ണുയര്‍ത്തി ബാബുവിനെ നോക്കി.
“അതുണ്ടാവും. നാടകം തൊടങ്ങ്യല്ലേ ള്ളൂ” ബാബു സമാധാനപ്പെടുത്തി.
പക്ഷെ ഭടന്മാരുടെ ഉലാത്തലിന് ‘ടക് ടക്; എന്ന ബാഗ്രൌണ്ട് സ്കോര്‍. അത് എന്താണെന്ന് എനിക്കു പിടികിട്ടിയില്ല. അല്പം കഴിഞ്ഞ് ജോഷി, രാജാവിന്റെ പ്രൌഢിയില്‍ രംഗത്തേത്ത് വന്നു. സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൈയ്യടി. ‘ഹോ ആശ്വാസം’ സ്റ്റേജിന്റെ രണ്ടു മൂലയിലേക്കും ഓരോ തവണ നടന്ന് പിന്നെ സ്റ്റേജിന്റെ ഒത്ത നടുവിലേക്ക് വന്ന് ( മൈക്ക് അവിടേയുള്ളൂ) ജോഷി ഗര്‍ജ്ജിച്ചു.
“ആരവിടെ…”
സുരേഷ് ഭവ്യനായി, വിധേയനായി നടു വളഞ്ഞു ജോഷിക്കരികില്‍ വന്ന് ജോഷി മാത്രം കേള്‍ക്കേ പറഞ്ഞു : “ അടിയന്”
“ഒന്ന് ഒറക്കെ പറയഡാ സുരേഷേ…” സദസ്സില്‍ നിന്ന് ഏതോ ഒരുത്തന്
കല്‍പ്പന കൊടുക്കാന്‍ തുടങ്ങിയ ജോഷിയുടെ ചുണ്ടില്‍ പെട്ടെന്ന് ഒരു പൊട്ടിച്ചിരി വന്നതും അവനത് കടിച്ച് പിടിച്ച് വീണ്ടും ഗര്‍ജ്ജിച്ചു : “ മന്ത്രിയെ വിളിക്കൂ”
“ഉത്തരവ് പോലെ” സുരേഷ് വീണ്ടും മന്ത്രിച്ചു.
“സുരേഷേ, ഒറക്കെ പറയെഡാ… ഞങ്ങളും കേള്‍ക്കട്ടേഡാ..”
ചുണ്ടില്‍ വന്ന ചിരി മറക്കാന്‍ ജോഷി രണ്ടു വട്ടം ഒന്നു ഉലാത്തി.
മന്ത്രിയായ ഞാന്‍ സ്റ്റേജില്‍ വന്നു വണങ്ങി.
‘ ഇത് നമ്മടെ നന്ദകുമാറല്ലേഡാ… പൂയ്.. നന്ദകുമാറേ….” സദസ്സില്‍ നിന്നും ഏതോ പരിചയക്കാരനാണ്
“ മഹാരാജന് വിളിച്ചോ?” ഞാനെന്റെ ആദ്യ ഡയലോഗ് കീച്ചി ജോഷിയുടെ മുഖത്ത് നോക്കുമ്പോള്‍ സദസ്സിന്റെ കമന്റ് കേട്ട് ചിരിക്കാന്‍ പൊട്ടി നില്‍ക്കുകയാണ് അവന്റെ മത്തങ്ങാ മോറ്.
പിന്നീടുള്ള എന്റേയും ജോഷിയുടേയും കൌണ്ടറുകള്‍ ഒരു കുഴപ്പവുമില്ലാതെ മുന്നേറി. ഇടക്കെപ്പോഴോ ജോഷി ഭടനെ വിളിച്ചപ്പോള്‍ രാജേഷ് ഭയഭക്തി ബഹുമാനത്തോടെ വന്നു വണങ്ങി നിന്നു. സദസ്സില്‍ നിന്ന് അപ്പോള്‍ നിര്‍ത്താത്ത കൂവല്‍.
“ ഹോ! രാജാവിനേക്കാള്‍ കേമനാണല്ലോടാ ഭടന്.. അത് ഏതണ്ടാ ചെരുപ്പ് രാജേഷേ?”
അപ്പോഴാണ് ഞാന്‍ രാജേഷിന്റെ കാലിലേക്ക് നോക്കിയത്. തേഞ്ഞു തീരാറായ രണ്ടു വള്ളിച്ചെരുപ്പ് അവന്റെ കാലില്‍. ‘ദൈവമേ സ്റ്റേജില്‍ കയറുന്നതിനു മുന്‍പ് അവനിത് മാറ്റിയില്ലായിരുന്നൊ? ഇതായിരുന്നല്ലേ ‘ടക് ടക് ‘ബാഗ്രൌണ്ടായിരുന്നത് ’ നാടകത്തിനിടയിലും ഞാനവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. ‘ ഞാന്‍ മറന്നെഡാ’ എന്ന മറുപടി അവന്റെ കണ്ണില്‍. പറ്റിയത് പറ്റി. തടിക്കൊന്നും വരുത്താതെ ഇതില്‍ നിന്നൊന്നൂരികിട്ടിയാല്‍ മതിയായിരുന്നു മുത്തപ്പാ..
കൂവലിലും ചിരിയിലുമായി നാടകം മുന്നോട്ടു പോയി. ഡയലോഗുകളുടെ തീപ്പൊരി പടര്‍ന്നും ഗതിവിഗതികളിലൂടെ കഥ വഴിമാറി വരികയാണ്. വഴിത്തിരിവായ സന്യാസി രംഗത്തു വരാന്‍ പോകുന്നു.
“ആ സന്യാസിയെ വിളിക്കൂ” എന്ന ആജ്ഞ കിട്ടിയതും ഭടന് സന്യാസിയായ ഗിരീഷിനെ സ്റ്റേജില്‍ കൊണ്ടു വന്നു നിര്‍ത്തി. താടിയും ജഡയും കാവിമുണ്ടുമായി ഗിരീഷ് ഒന്നാന്തരമൊരു സന്യാസിയായിട്ടുണ്ട്. സദസ്സിന്റെ കൈയ്യടി.
രാജാവിന്റെ ഏതോ കല്‍പ്പന കേട്ടിട്ട് ഗിരീഷിന്റെ സന്യാസി രണ്ടും കയ്യും മുകളിലേക്കുയര്‍ത്തി ഒരു ഡയലോഗുണ്ട്. ജോഷിയുടെ കല്‍പ്പന കേട്ടതും “അരുത് രാജന് അരുത്” എന്ന ഡയലോഡ് കീച്ചി ഗിരീഷ് തന്റെ രണ്ടു കൈയ്യും ഉയര്‍ത്തി. പെട്ടെന്ന് സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൂവല്‍. എന്താണെന്ന് ഒരു പിടിയുമില്ല. കര്ട്ടന് വലിക്കുന്ന പാണ്ടന്‍ പ്രദീപ് ഒരു കൈ കൊണ്ട് വാ പൊത്തി ചിരിക്കുന്നു. ജഡ്ജ് ചെയ്യന്‍ ഇരുന്ന ടീച്ചര്മാര് ചിരിയോട് ചിരി. എന്താപ്പോ ഇത്ര ചിരിക്കാന്‍ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. ഗിരീഷിന്റെ ഡയലോഗ് കേട്ട് അവനെ നോക്കിയ ജോഷി ചിരി കടിച്ചമര്ത്താന് നോക്കി എന്നിട്ടും പറ്റാതായപ്പോ സ്റ്റേജിന്റെ ഒരു മൂലയിലേക്ക് നോക്കി. ഇതൊക്കെകണ്ടതും കയ്യുയര്‍ത്തി രാജാവിനെ തടയാന്‍ നിന്ന ഗിരീഷ് സന്യാസിയെ ഞാനും നോക്കി..” എന്റെ ഗുരുവായൂരപ്പാാാാ.... സര്‍വ്വ സംഗ പരിത്യാഗിയായ.......ലൌകീക സുഖം ത്വജിച്ച സന്യാസി വര്യന്റെ ഇടം കൈയ്യില്‍ അതാ വെള്ളി നിറത്തില്‍ വെട്ടിത്തിളങ്ങുന്നു ഉഗ്രനൊരു റിസ്റ്റ് വാച്ച്......”
ഞാന്‍ ഗിരീഷിനെ നോക്കിയതും ‘ ഞാനെന്തൂട്ട് ചെയ്യാനാ’ എന്ന മട്ടില്‍ അവന് തിരിച്ചു നോക്കി. വേറെ വഴിയില്ലാത്തതു കൊണ്ട് ഞാന്‍ സദസ്സിന്റെ ഏതോ മൂലയിലേക്ക് നോക്കി. ജോഷിയുടെ അടുത്ത ഡയലോഗ് കേട്ടിട്ടും ഗിരീഷെന്തോ തപ്പിത്തടയുകയാണ്. അവന്റെ ഡയലോഗിന്റെ തുടക്കം വെച്ച് ഞാനൊരു ഡയലോഡ് എടുത്തിട്ടെങ്കിലും അവനു അതും മനസ്സിലായില്ല. അവന് രണ്ട് സ്റ്റെപ്പ് പിറകിലേക്ക് നീങ്ങി. പുറകില്‍ നിന്നുള്ള പ്രോംപ്റ്റ് കിട്ടാന്‍ വേണ്ടിയാണ്. പുറകില്‍ നിന്ന് ഡയലോഗ് കേട്ടതും ഗിരീഷ് അത് ആവര്‍ത്തിച്ചു. പിന്നെ ഞാന്‍. പിന്നെ ജോഷി.
“ആരവിടെ?” ജോഷിയുടെ അലര്‍ച്ച. രാജേഷ് ഭടന് വീണ്ടും അവതരിച്ചു. രാജേഷ് വന്നപ്പോള്‍ അതിഭയങ്കരമായ കൂവല്‍. ഞാന്‍ നോക്കിയപ്പോള്‍ അവന് കാല് ചെരുപ്പ് ശൂന്യം. ആദ്യത്തെ കൂവല്‍ കാരണം അകത്തു പോയ തക്കത്തില്‍ ചെരുപ്പൂരിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് കണ്ടാല്‍ സദസ്സ് വെറുതെയിരിക്കുമ്മോ?
ഒടുവില്‍ ഡയലോഗെല്ലാം ഒരുവിധം പറഞ്ഞൊപ്പിച്ച് കൂവലും കയ്യടിയും (എവ്ടേ) കിട്ടി ഞങ്ങള്‍ സ്വര്‍ഗ്ഗയാത്രക്ക് ഇരുകൈകളുമുയര്‍ത്തി ആകാശ ഗമനത്തിനു തയ്യാറായി. ആ പോസില്‍ കര്ട്ടന് വീണു, നാടകം കഴിഞ്ഞതും മുഖത്തെ താടിയും മീശയും വലിച്ചെറിഞ്ഞ് ഗിരീഷ് ഓടിയതു കാരണം അവന്റെ കൊരവള്ളിക്കു പിടിക്കാനുള്ള ചാന്‍സ് എനിക്കു കിട്ടിയില്ല..
പിറ്റേ ദിവസം നാടക മത്സരത്തിന്റെ റിസള്‍ട്ട് മൈക്കിലൂടെ ഒഴുകിവന്നു : നാടകം ഒന്നാം സമ്മാനം.......... പത്താം ക്ലാസ്സിലെ ചേട്ടന്മാര് അവതരിപ്പിച്ച ഒരു കിടിലന്‍ നാടകത്തിനു തന്നെ........ രണ്ടാം സമ്മാനം.... രണ്ടാം സമ്മാനം..... മനോജ് ആന്റ് പാര്‍ട്ടി അവതരിപ്പിച്ച ‘ഉത്സവം’ .....”
അതേ, അതുതന്നെ.!! ഞങ്ങള്‍ കളിക്കാതെ മറ്റു കൂട്ടുകാര്‍ക്ക് വെറുതെ കൊടുത്ത അതേ നാടകത്തിനു രണ്ടാം സ്ഥാനം...ഞങ്ങള്‍ക്ക് ഒന്നുമില്ല.. കിട്ടിയ കൂവല്‍ മാത്രം മിച്ചം.
“എടാ തെണ്ടീ.......” ഞാനും ബാബുവും കൂടി ജോഷിയുടെ നേരെ കയ്യോങ്ങി ഓടിയടുത്തു
“എന്തൂറ്റാ എന്റെടുത്ത്? ഞാനുന്തൂട്ടാ ചെയ്തേ? കാലില്‍ വള്ളിച്ചെരുപ്പിട്ട് വരാന്‍ ഞാമ്പറഞ്ഞാ?? സന്യാസീടെ കയ്യില്‍ വാച്ച് കെട്ടീത് ഞാനാ?” എന്നോട് പറയണ്ട, അവരോട് പോയി പറ” ജോഷി സുഖമായി കൈയ്യൂരി
ഞാനും ബാബുവും റിസഷന് ടൈമില്‍ റിലീവിങ്ങ് ഓര്‍ഡര്‍ കിട്ടിയവരെപോലെ സ്ക്കൂള് വരാന്തയുടെ പടിയില്‍ ഇരുന്നു. ‘ഇനി അടുത്ത വര്‍ഷം മാത്രം...”
..............................
വര്‍ഷങ്ങള്‍ ഒരുപാടു കഴിഞ്ഞു, നാടകങ്ങള്‍ പിന്നേയും കളിച്ചു, സമ്മാനങ്ങളും കൈയ്യടിയും വാരിക്കൂട്ടി, പലരും പലനാടുകളിലായി. പലരുമായി ബന്ധങ്ങള്‍ പോലും അറ്റു. പലരേയും വല്ലപ്പോഴുമൊരിക്കല്‍ ആകസ്മികമായി കണ്ടെങ്കിലായി. സ്റ്റേജിലെ നാടകത്തില്‍ നിന്ന് ജീവിതത്തിന്റെ തിരുവരങ്ങില്‍ ഇപ്പോഴും ജീവിത നാടകങ്ങള്‍ ആടിക്കൊണ്ടിരിക്കുന്നു.
പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം പിന്നീടെന്നോ രാജേഷിനെ കണ്ടു. മുബൈയിലായിരുന്നു അവന്. പിന്നീട് മുബൈയിലേക്ക് തന്നെ തിരിച്ചു പോയതായും അറിഞ്ഞു. അതിനപ്പുറം ഒരുപാടു വര്‍ഷങ്ങളായി അവനെ കുറീച്ച് ഒരു അറിവും കിട്ടിയില്ല.
സുരേഷ്, പിന്നീട് ഞങ്ങളുടെ നാടകങ്ങളില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്നു, പത്താം ക്ലാസ്സ് മുഴുവനാക്കാന്‍ അവന് സാധിച്ചില്ല. പഠിപ്പില്‍ മോശമായിരുന്നു. പിന്നീട് ലോട്ടറി വില്‍പ്പനകാരനായി പിന്നേയും വേറെന്തോ ജോലികള്‍ ചെയ്തു. വിവാഹവും കഴിഞ്ഞു, കുട്ടികളായി. വര്‍ഷങ്ങളേറെയായിരിക്കുന്നു അവനെ കണ്ടിട്ട്.
ഗിരീഷ് പത്താം ക്ലാസ്സ് കഴിഞ്ഞതിനു ശേഷം ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ അസിസ്റ്റന്റായി. പ്രണയവും വരയുമായി അവന് കുറേ നാള് എന്നോടൊപ്പമുണ്ടായിരുന്നു. പിന്നെ ഉപജീവനത്തിന്റെ അലച്ചിലില്‍ ഞാനെന്ന കണ്ണി വിട്ടു. അപ്പോഴേക്കും ഒരു പ്രണയവും അതിനെതുടര്‍ന്നുള്ള വിവാഹവും കഴിഞ്ഞ് അവന് ഗള്‍ഫിലേക്കെത്തിയിരുന്നു. രണ്ടു വര്‍ഷം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തി അവന് സ്വന്തമായൊരു സ്റ്റുഡിയോ തുടങ്ങി. ഭാര്യയും കുട്ടിയും സ്റ്റുഡിയോയുമായി അവനിപ്പോഴും നാട്ടില്‍
ബാബുവും ഞാനും പിന്നേയും ക്ലബ്ബ്, നാടകം എന്നും പറഞ്ഞ് നടന്നു. പിന്നെ കോളേജും പഠനവുമായി ഞാന്‍ നീങ്ങിയപ്പോള്‍ അവന് ഓട്ടോറിക്ഷ ഓടിക്കാനും പിന്നെ ഗള്‍ഫിലേക്കും കടന്നും. തിരികെ വന്നു വീണ്ടും ഓട്ടോയെടുത്തു പിന്നേയും ഗള്‍ഫിലേക്ക് പോയി. കഴിഞ്ഞ ഡിസംബറില്‍ അവനും വിവാഹിതാനായി അവധി കഴിഞ്ഞ് മണലാരണ്യത്തിലേക്ക് തിരിച്ചു പോയി.
പ്രീഡിഗ്രി കഴിഞ്ഞ് ജോഷി വേറൊന്നും ചെയ്തില്ല.. ക്ലബ്ബും നാടകവുമായി കുറേക്കാലം അവനുമുണ്ടായിരുന്നു എന്റെ കൂടെ. അതിനിടയില്‍ കേരളോത്സവത്തില്‍ മിമിക്രിയും മോണോ ആക്റ്റും അവതരിപ്പിച്ച് അവന് കലാതിലകമായി, ജില്ലാ തലത്തിലും ഒന്നാമനായി, പിന്നെ മിമിക്രി താരമായി കൊച്ചിന് കലാഭവനില്‍ ചേര്‍ന്നു മലയാളി ഉള്ളിടത്തൊക്കെ ചിരിയുടെ അമിട്ടുകള്‍ വാരി വിതറി ഒടുവിലവന് കലാഭവന്‍ ജോഷിയായി. കാസറ്റുകളിലൂടെയും ചാനലി(സിനിമാല)ലൂടെയും അവന് കേരളീയര്‍ക്ക് സുപരിചിതനായി, വിവാഹമൊക്കെ കഴിഞ്ഞ് ഒരു കുട്ടിയുടെ പിതാവായി.
കാലം നമുക്കു മുന്നില്‍ എത്ര നാടകമാടുന്നു?!! അതോ നമ്മള് കാലത്തിനൊപ്പം നാടകം കളിക്കുന്നോ??
.