Monday, May 5, 2008

പി.കെ.ജി

ഈ എല്‍.കെ.ജി., യു.കെ.ജി. എല്‍.പി.ജി എന്നൊക്കെ പോലെയുള്ള സംഭവമാണോ ഈ ‘പി.കെ.ജി‘ എന്നു ചോദിക്കരുത്.

കാരണം ഇതൊരു വ്യക്തിയാണ്....വ്യക്തിപ്രഭാവമാണ്.....

എ.കെ.ജി എന്നൊരാളെ നമ്മളെല്ലാവരും അറിയുമല്ലോ?! അതുപോലൊരു രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകന്‍, പ്രാസംഗികന്‍. ഓ! അത്രക്കും പുലിയാണൊ എന്നു സംശയപ്പെട്ടാല്‍ ഞാന്‍ സത്യസന്ധമായിത്തന്നെ പറയും...എ.കെ.ജി.യുടെ പതിനാലു...അല്ലല്ല...ഇരുപത്തെട്ടു അയലത്തു...അല്ലെങ്കില്‍ അതിനപ്പുറം നിര്‍ത്താവുന്ന ഒരു വ്യക്തി. എ.കെ.ജിയും പി.കെ.ജിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വിത്യാസം മാത്രം.

പി.കെ.ജി. പൈങ്ങോട് ഗ്രാമത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക-പ്രാസംഗിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സ്വസ്ഥം ഗൃഹ ഭരണം. സാമൂഹ്യ സേവനത്തിനിയെന്തു വേണം.? അതുകൊണ്ട് പൈങ്ങോടിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ മേഖലകളില്‍ ഇദ്ദേഹം എപ്പോഴും മുന്‍പന്തിയിലുണ്ടാവും. സംശയമുണ്ടെങ്കില്‍ പിറ്റേദിവസത്തെ പത്രമെടുത്തു പ്രാദേശിക പേജൊന്നു നോക്കു. പഞ്ചായത്തിന്റെ, അതേതു വാര്‍ഡുമായിക്കോട്ടേ, ദാ...പി.കെ.ജി, പ്രസിഡന്റിനെ മറച്ചു നിന്നുകൊണ്ട് ചിരിച്ചുകൊണ്ട് മുന്നില്‍ തന്നെ!

പൈങ്ങോട്ടില്‍ നിന്നു രണ്ടരകിലോമീറ്റര്‍ അകലെയുള്ള കോണത്തുകുന്ന് വഴി ഇരിങ്ങാലക്കുട പോകുന്ന രണ്ടു ബസ്സിലും കയറിയാലും കോണത്തുകുന്നില്‍ ജംഗ്ഷനില്‍ ഇറങ്ങാം. പക്ഷെ അദ്ദേഹം കയറില്ല. ബസ്സില്‍, ടിക്കറ്റെന്നോ, കാശ് കൊടുക്കണമെന്നോ ഒക്കെയുള്ള പഴഞ്ചന്‍ ഏര്‍പ്പാടുണ്ട്. പൈങ്ങോട്ടില്‍ നിന്ന് കോണത്തുകുന്ന് ജംഗ്ഷനിലേക്കു തിരിച്ചു പോകുന്ന ഓട്ടോറിക്ഷ കിട്ടും. പക്ഷെ ചുള്ളന്‍ അതിലും കയറില്ല, റിട്ടേണ്‍ ചാര്‍ജ്ജ് കൊടുക്കണം ത്രേ. പിന്നെയന്തു ചെയ്യും? പൈങ്ങോട്ടില്‍ നിന്ന് കോണത്തുകുന്നിലേക്ക് പോകുന്ന ഏതെങ്കിലും ബൈക്ക് / സ്ക്കൂട്ടര്‍ യാത്രക്കാരന്റെ പിന്നില്‍ പിടിച്ചു കയറും. ബൈക്ക് യാത്രക്കാരന്‍ പരിചയമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ, തന്റെ ചന്തിയൊന്നു പുറകിലെ സീറ്റില്‍ വച്ചു കിട്ടണം, കൂളായി കോണത്തുകുന്നിലെത്തണം. അതിനു വേണ്ടി എത്ര മണിക്കൂറും കാത്തുനില്‍ക്കാന്‍ പി.കെ.ജി റെഡി.

വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മാത്രം വേരുകളുള്ള കാക്കതൊള്ളായിരം ഗ്രൂപ്പുകളുള്ള ഒരു പാര്‍ട്ടിയുടെ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ സെക്രട്ടറി, പ്രസിഡണ്ട്, ഖജാന്‍ജി, ഏഴംഗകമ്മറ്റി എല്ലാം പി.കെ.ജി തന്നെയാണ്. അതുകൊണ്ട് രാഷ്ട്രീയ ഉത്തരവാദിത്വം, നിങ്ങള് വിചാരിക്കുന്ന പോലെനിസ്സാരമല്ല, വളരെ വലുതാണ്. പാര്‍ട്ടിയുടെ വല്ല പോസ്റ്ററോ നോട്ടീസൊ വന്നാല്‍ നാട്ടിലെ ഏതെങ്കിലും പിള്ളാര്‍ക്ക് ഇറച്ചിയും പൊറോട്ടയും ഓഫര്‍ ചെയ്ത് അവരെക്കൊണ്ട് മതിലില്‍ പതിപ്പിക്കണം. പ്രസംഗിക്കണം, ജാഥക്കു പോണം. അതും പോരാഞ്ഞ് അതിരാവിലെ പത്രം നോക്കി താനിന്ന് ഏതു നേതാവിന്റെ ഗ്രൂപ്പ് /പാര്‍ട്ടിയിലാണ് എന്നുറപ്പു വരുത്തണം. ഇന്നലെ വരെയുള്ള തന്റെ അഖിലേന്ത്യാ നേതാവ് ഇന്നു പാര്‍ട്ടി വിട്ടോ, വിട്ടെങ്കില്‍ കൂടെനില്‍ക്കണോ, കൂറുമാറണൊ ഒക്കെ പി.കെ.ജി തന്നെ ചെയ്യണം. ഇതൊക്കെ നിസ്സാര കാര്യമാണൊ? ഇതിനൊക്കെയിടയില്‍ പഞ്ചായത്തിലെ പരിപാടികള്‍, ഉദ്ഘാടനങ്ങള്‍, ആക്ഷന്‍ കമ്മറ്റികള്‍, സെമിനാറുകള്‍ ഹൊ! എന്നു വേണ്ട..ഒരു പൊതുപ്രവര്‍ത്തകനായിപ്പോയതിന്റെ ഓരോ പൊല്ലാപ്പുകള്‍...!! മാത്രമല്ല നാട്ടിലെ പൌരസമിതികളില്‍ ഒരു സെക്രട്ടറിയോ പ്രസിഡണ്ടോ ആയിക്കിട്ടാന്‍ വേണ്ടി പി.കെ.ജി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍.....ഒരു ഉദാഹരണം മാത്രം പറയാം.

പൈങ്ങോടു സ്ക്കൂളില്‍ നടന്ന ഒരു പൌരസമിതി രൂപീകരണത്തിന്റെ ആദ്യ മീറ്റിങ്ങ്. ഗ്രാമത്തിലെ റോഡുവികസനമാണു വിഷയം. പല വീട്ടുകാരും പറമ്പിന്റെ ഓരോ ഭാഗം വിട്ടുകൊടുക്കേണ്ടതും സ്വഭാവികമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന സംഭവം. നാടിന്റെ വികസനമല്ലേ എന്നു കരുതി വാര്‍ഡിലെ ഒട്ടുമിക്കവരും തൊട്ടടുത്ത വാര്‍ഡിലെ പ്രമുഖരും എത്തിയിട്ടുണ്ട്. ക്ഷണിച്ചിട്ടില്ലെങ്കിലും പി.കെ.ജി യും സന്നിഹിതന്‍. ഇനി അഥവാ ആരെങ്കിലും ക്ഷണിക്കാന്‍ മറന്നെങ്കില്‍ തന്നെ പി.കെ.ജി ക്കു വിഷമമില്ല. ദിവസവും സമയവും അന്വേഷിച്ച് പുള്ളിക്കാരന്‍ അവിടെയത്തിക്കോളും. അല്ലെങ്കില്‍ തന്നെ പൊതുപ്രവര്‍ത്തകരെ ആരെങ്കിലും ക്ഷണിക്കണോ?

യോഗം തുടങ്ങി, ചര്‍ച്ചകള്‍ക്കു ശേഷം പൌരസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഘട്ടമെത്തി. പി..കെ.ജി ഒന്നു ഉഷാറായി, നിവര്‍ന്നിരുന്നു. ഭാരവാഹികളാവാന്‍ തയ്യാറുള്ളവര്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനം ആരും മുഖവിലക്കെടുത്തില്ല. കുറച്ചു നേരത്തെ നിശ്ശബ്ദത.

"എന്നാപിന്നെ നമ്മുടെ സജ്ജയന്‍ തന്നെ പ്രസിഡണ്ടാവട്ടെ" പി.കെ.ജിയുടെ നിര്‍ദ്ദേശം.

സദസ്സ് ഞെട്ടി. എങ്ങിനെയങ്കിലും ഈ പണ്ടാരമൊന്നു കഴിഞ്ഞിട്ടു കുടുംബത്തു പോകാന്‍ വേണ്ടി തലചൊറിഞ്ഞിരുന്ന സജ്ജയന്‍ചേട്ടന്‍ വരെ ഞെട്ടി. കാരണം മറ്റൊന്നല്ല. സ്വന്തം പറമ്പിലെ തേങ്ങ വീണാല്‍ പൊലും അത് പെറുക്കാന്‍ മുറ്റത്തിറങ്ങാത്ത, തൊട്ടയല്പക്കത്ത് താമസിക്കുന്നത് ആരാണെന്നു പോലും അറിയാത്ത സജ്ജയന്‍ ചേട്ടന്‍ മീറ്റിംഗിനു വന്നതു തന്നെ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. (ലോകം നന്നായി തുടങ്ങിയെന്നു വരെ ചില ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു) അപ്പോഴാണ് സ്വന്തം വാര്‍ഡിലെ ആളുകളെപോലും അറിയാത്ത സജ്ജയന്‍ ചേട്ടന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞെട്ടലില്‍ നിന്നും മുക്തനായ സജ്ജയന്‍ ചേട്ടന്‍ വിനീത വിധേയനായി പറഞ്ഞു.

"അയ്യോ ക്ഷമിക്കണം. എനിക്കിതൊന്നും അറിയാത്ത കാര്യമാണ്. സമയവും തീരെയില്ല. വേറെ ആരെങ്കിലും പ്രസിഡന്റാവുന്നതായിരിക്കും നല്ലത്."

"എന്നു പറഞ്ഞാല്‍ ആരെങ്കിലും ആകണ്ടെ.....എല്ലാവരും ഇങ്ങിനെ പിന്‍ വലിഞ്ഞാ പിന്നെങ്ങിനാ..?" പി.കെ.ജി വിടാനുള്ള ഭാവമില്ല.

"എന്നാ പിന്നെ പി.കെ.ജി തന്നെയാകട്ടെ പ്രസിഡണ്ട്" സജ്ജയന്‍ ചേട്ടന്‍ പറഞ്ഞു.
സ്വാഭവികം. തന്നെ നിര്‍ദ്ദേശിച്ച ആളോട് നന്ദി സൂചകമായി ഈ ഉപകാരമല്ലാതെ മറ്റെന്തു ചെയ്യും?

" ആ..! എന്നാപിന്നെ...ശരി...നിങ്ങളുടെയൊക്കെ നിര്‍ബന്ധം ആണെങ്കില്‍ അങ്ങിനെയായിക്കോട്ടെ.." പി.കെ.ജി ക്കു നൂറു സമ്മതം.

ഡൈ ചെയ്തു കറുപ്പിച്ച പ്രേംനസീര്‍ മീശ ചെറുതായി തടവി പി.കെ.ജി ഇളകിയിരുന്നു. അങ്ങിനെ പി.കെ.ജി പൌരസമിതിയുടെ പ്രസിഡണ്ടായി.

ഇത്രയും വിവരണത്തിലൂടെ മൊത്തത്തില്‍ ആളെങ്ങിനെയെന്ന് മനസ്സിലായല്ലൊ?!

*************************************

കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ മുന്നണിയുടെ ഘടക കക്ഷിയാണ് പി.കെ.ജി.യുടെ ദേശീയ പാര്‍ട്ടി. അതുകൊണ്ടു തന്നെ മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും, തിരഞ്ഞെടുപ്പു യോഗങ്ങളിലും പി.കെ.ജി മുഖ്യ ഘടകം. പി.കെ.ജിയുടെ പ്രസംഗം വളരെ 'ഉജ്ജ്വല'മായതുകൊണ്ട് മുന്നണി യോഗത്തിന്റെ അവസാന പ്രാസംഗികനായിട്ടാണ് പി.കെ.ജി യെ ഉള്‍പ്പെടുത്താറ്. അധികം ആളുകളില്ലാത്ത, മുന്നണിയിലെ പ്രമുഖ പാര്‍ട്ടിക്ക് തീരെ സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് പി.കെ.ജിയ്ക്ക് പ്രസംഗിക്കാനവസരം കൊടുക്കുന്നത്. (പിന്നേ; വര്‍ഷങ്ങളായി ചോര കൊടുത്തും കെട്ടിപ്പെടുത്തിയ പാര്‍ട്ടിയുടെ സ്വാധീനം ഒറ്റയൊരു പ്രസംഗത്തിലൂടെ കളയാന്‍ മുന്നണിയുടെ തലപ്പത്തിരിക്കുന്നവന്റെ തലയില്‍ ആള്‍താമസം ഇല്ലാതിരിക്കണം)

'രാമ ജന്മഭൂമി പ്രശ്നം' കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം.

കോണത്തുകുന്നില്‍ മുന്നണിയുടെ മതസൌഹാര്‍ദ സമ്മേളനം നടക്കുന്നു. വര്‍ഗ്ഗീയതക്കെതിരെയുള്ള ആഹ്വാനവുമായി സമ്മേളനം ഗംഭീരമായി. അവസാന പ്രാസംഗികനായി പി.കെ.ജി എഴുന്നേറ്റു. അതുവരെ ആവേശത്തോടെ പ്രസംഗം കേട്ടിരുന്നവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങി.കടകളുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ചിലര്‍ ബീഡിവലിക്കാന്‍ മാറിനിന്നു. ഏകദേശം ശൂന്യമായിത്തുടങ്ങിയ കോണത്തുകുന്ന് ജംഗഷനെ നോക്കി പി.കെ.ജി. കത്തിക്കയറിത്തുടങ്ങി. പ്രസംഗം ഒരു പതിനഞ്ചു മിനിട്ടായിക്കാണും..

"................നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."

വീട്ടില്‍ പോകാന്‍ നടന്നു തുടങ്ങിയ പൈങ്ങോട്ടിലെ വേലായുധേട്ടന്‍ പെട്ടെന്ന് നിശ്ചലനായി.
ഷട്ടറിട്ടു തുടങ്ങിയ ദാസേട്ടന്‍ ഷട്ടര്‍ പകുതിക്കുവെച്ച് നിര്‍ത്തി ചെവിയോര്‍ത്തു.
ബീഡി വലിച്ചിരുന്ന കുഞ്ഞഹമ്മദിക്ക പുക പുറത്തേക്കൂതാതെ കണ്ണും തള്ളിയിരുന്നു.

മഴപെയ്തപ്പോള്‍പോലും, മഴകൊള്ളാതിരിക്കാന്‍ വേണ്ടി സ്ക്കുളിന്റെ ഇറയത്ത് കയറിയിട്ടില്ലാത്ത യൂണിയന്‍കാരന്‍ സുധാകരേട്ടന്‍ സര്‍വ്വേരിക്കല്ലിലിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു :

"എന്തൂറ്റാ ഇയാള് പറയണ്? ജഡം ചത്തു വീഴേ?!? ചത്തു കഴിഞ്ഞാലല്ലെഡൊ ജഡാവാണത്? പിന്നെങ്ങിനാണ് ജഡം ചത്തു വീഴണത്? "

****************************************

സംസ്ഥാന സര്‍ക്കാരിന്റെ അരിവില വര്‍ദ്ധനവിനെതിരെയുള്ള മുന്നണിയുടെ വാഹനപ്രചരണ ജാഥക്ക് വെള്ളാങ്കല്ലൂര്‍ ജംഗ്ഷനില്‍ സ്വീകരണം. പ്രാസംഗികന്‍ പതിവുപോലെ പി.കെ.ജി.
സംസ്ഥാന സര്‍ക്കാരിന്റെ വിലവര്‍ദ്ദനവിനെതിരെ പി.കെ.ജി കത്തിക്കയറി.

".......നിങ്ങള്‍ക്കറിയാമോ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മൂന്നു പ്രാവശ്യം അരി വില വര്‍ദ്ധിപ്പിച്ചു...... ഇപ്പോള്‍ ഒരു കിലോ അരിക്ക് റേഷന്‍ കടയില്‍ എത്രയാണ് വില??..."

"...അറിയുമോ ഒരു കിലോ അരിക്ക് എന്താണിപ്പോ വില...?"

ജംഗ്ഷന്‍ നിശ്ശബ്ദം.. പി.കെ.ജി. വീണ്ടും ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉത്തരത്തിനു ജനം കാതോര്‍ത്തു നിന്നു.

"......എത്രയാണു വില...?" അഞ്ചു പ്രാവശ്യം പി.കെ.ജി. ആ ചോദ്യം ചോദിച്ചു...അവസാനം തൊട്ടടുത്തിരുന്ന അദ്ധ്യക്ഷനോട് പതുക്കെ ഒരു ചോദ്യം :

".....ശ്...ശ്.....അതേ, ഒരു കിലോ അരിക്ക് ഇപ്പൊ എത്രാണ് വെലാ?..."

********************************

ഒരു ഓണക്കാലം. കോണത്തുകുന്നിന്റെ സമീപ ഗ്രാമമായ കാരുമാത്രയില്‍ ഗ്രാമത്തിലെ ഒരു കലാസമിതി സംഘടിപ്പിച്ച ഓണാഘോഷം. വൈകീട്ട് ആറു മണിക്ക് സമ്മേളനം തുടങ്ങി. അതു കഴിഞ്ഞു വേണം കുട്ടികളുടെ കലാപരിപാടികള്‍, അവസാനം നാടകം ഒക്കെ നടത്താന്‍. ആശംസാ പ്രസംഗത്തിനു നമ്മുടെ പി.കെ.ജിയുമുണ്ട്. ഉദ്ഘാടകന്‍ പഞ്ചായത്ത് പ്രസിഡണ്ട്. പ്രസംഗം തുടങ്ങി. അവസാനം പി.കെ.ജിയുടെ ഊഴമെത്തി. കോണ്‍ വെന്റ് സ്ക്കൂളില്‍ പഠിച്ചവന്‍ ഗവ. മിക്സഡ് കോളേജില്‍ ചെന്ന പോലെ, ആക്രാന്തത്തോടെ പി.കെ.ജി. മൈക്കിനരികിലെത്തി വാഗ്വിലാസം തുടങ്ങി.

പി.കെ.ജി യുടെ പ്രസംഗം തുടങ്ങിയതോടെ ആണുങ്ങളില്‍ പലരും ബീഡി വലിക്കാനും ചായകുടിക്കാനും എഴുന്നേറ്റു. പെണ്ണുങ്ങള്‍ പരസ്പരം തലയിലെ പേന്‍ നോക്കാനിരുന്നു.

"ഈ ഈ ഓണം ഓണം എന്നു പറഞ്ഞാല്‍...... നിങ്ങള്‍ക്കറിയാമോ ഡല്‍ഹിയില്‍ മണ്ഡല്‍ കമ്മീഷന്റെ പേരില്‍ എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്......“

പി.കെ.ജിയുടെ പ്രസംഗത്തില്‍ ഓണം പോയിട്ട് ഒരു മൂലം പോലുമില്ല. അയോദ്ധ്യയും, മണ്ഡലും, വര്‍ഗ്ഗീയതയും മാത്രം.

അതിനിടയില്‍ ക്ലബ്ബ് പ്രസിഡണ്ട് ഒരു കടലാസ്സ് പി.കെ.ജിക്കു കൈമാറി. കടലാസ്സ് നോക്കി പി.കെ.ജി വായിച്ചു.

".....കബ്ബിന്റെ ഖജാന്‍ ജി സുരേഷ് ഈ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ സ്റ്റേജിനു പുറകിലേക്കു വരണം..എന്ന് ക്ലബ്ബ് പ്രസിഡണ്ട്.."

അത്രയും പറഞ്ഞ് പി.കെ.ജി വീണ്ടും അയോദ്ധ്യയിലേക്കു പോയി..

ആണുങ്ങള്‍ രണ്ടു ചായ കുടിച്ചു മൂന്നാമത്തേതിനു ഓര്‍ഡര്‍ ചെയ്തു...ബീഡി മൂന്നെണ്ണം വലിച്ചു.
പി.കെ.ജി പ്രസംഗവണ്ടി അയോദ്ധ്യയില്‍ നിന്ന് നേരെ ഡല്‍ഹിയിലേക്ക് വിട്ടു, മണ്ഡല്‍ കമ്മീഷന്‍ കവര്‍ ചെയ്യാന്‍..

പ്രസിഡണ്ട് വീണ്ടുമൊരു കടലാസ്സ് പി.കെ.ജിക്കു കൈമാറി. പി.കെ.ജി അതുനോക്കി വീണ്ടും :
"....സിംഗിള്‍ ഡാന്‍സിനു പേരുകൊടുത്തിട്ടുള്ള കെ.പി. മഞ്ചുമോള്‍ ഉടനെ സ്റ്റേജിനു പുറകിലെത്തണം. പ്രസംഗം കഴിഞ്ഞാല്‍ ഉടനെ കലാപരിപാടികള്‍ ആരംഭിക്കും...."

ആണുങ്ങള്‍ മൂന്നാമത്തെ ചായ കടം പറഞ്ഞു. പെണ്ണുങ്ങളില്‍ ചിലര്‍ വീട്ടില്‍ പോകാനെഴുന്നേറ്റു. എന്നിട്ടും പി.കെ.ജി ക്കു യാതൊരു കുലുക്കവുമില്ല. ആശാന്‍ തകര്‍ക്കുകയാണ്.

സ്റ്റേജിനു പുറകില്‍ പ്രസിഡന്റും,സെക്രട്ടറിയും, ഖജാന്‍ ജിയും തലചൊറിഞ്ഞു.
'പണ്ടാറം, ഇയാള്‍ടെ പ്രസംഗം കഴിഞ്ഞിട്ട് ഇന്നിനി കലാപരിപാടി നടത്താന്‍ സമയമുണ്ടാവോ?'

ഓണത്തിനിടയില്‍ പ്രസംഗകച്ചവടം നടത്തിയിരുന്ന പി.കെ.ജിയുടെ കയ്യിലേക്ക് പ്രസിഡണ്ട് ഒരു കടലാസ്സ് കൂടി കൈമാറി. പ്രസംഗത്തിന്റെ ഒഴുക്ക് നഷ്ടപെട്ടതിന്റെ ഈര്‍ഷ്യയില്‍ പി.കെ.ജി കടലാസ്സ് വാങ്ങി യാന്ത്രികമായി വായിച്ചു.:

"...........പ്രസംഗം ഉടന്‍ നിറുത്തണം........"

കടലാസ്സ് താഴെയിട്ട് വീണ്ടും അയോദ്ധ്യയിലേക്ക് നടക്കാന്‍ തുടങ്ങിയ പി.കെ.ജി. പെട്ടെന്ന് നിന്നു..

'എന്താ ഞാന്‍ വായിച്ചത്............??' പി.കെ.ജി. തന്റെ മൈന്റിനെ ഒന്നു റിവൈന്റു ചെയ്തു..

"....പ്രസംഗം......പ്രസംഗം.....ഉടനെ.......ഉടനെ.......നിറുത്ത.........."

ആണുങ്ങള്‍ നിര്‍ത്താതെ കൈയ്യടിക്കാന്‍ തുടങ്ങി. പെണ്ണുങ്ങള്‍ വാ പൊത്തിച്ചിരിച്ചു.

' അതു ശരി..അപ്പൊ അത് എനിക്കുള്ള കടലാസ്സായിരുന്നല്ലേ....'

അയോദ്ധ്യയിലേക്ക് പോകാന്‍ തുടങ്ങിയ പ്രസംഗത്തെ പി.കെ.ജി ഒരു കണക്കിന് ഓണത്തിന്മെലേക്ക് വലിച്ചുകെട്ടി നന്ദി പറഞ്ഞു സ്റ്റേജിനുപുറകിലേക്ക് ചെന്നു. ഭാരവാഹികളാരാ മക്കള്‍!?! അവര്‍ കടലാസ്സ് കൊടുത്ത അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. കലാപരിപാടികളും നാടകവും കാണാന്‍ നില്‍ക്കാതെ പി.കെ.ജി പൈങ്ങോട്ടിലേക്ക് വച്ചു പിടിച്ചു

************************************

പി.കെ.ജിയെക്കുറിച്ച് പൈങ്ങോട്ടിലും കോണത്തുകുന്നിലും പ്രചരിക്കുന്ന ഒരു കഥ കൂടി പറഞ്ഞു നിര്‍ത്താം. പൈങ്ങോട്ടിലേ ആസ്ഥാനവിദൂഷകരെന്നു പേരുകേട്ട കലാഭവന്‍ മണികണ്ഠനും രാജനുമാണ് ആ കഥയുടെ സൃഷ്ടാക്കള്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തുമാകട്ടെ, കഥ ഇതാണ്.

പ്രാകൃതമായ ശിക്ഷാവിധികള്‍ ഇപ്പോഴും നിലവിലുള്ള ചില യാഥാസ്ഥിക മത ഭരണകൂടങ്ങള്‍ നിലവിലുള്ള ചില രാജ്യങ്ങള്‍ (സൌദി അറേബ്യ അടക്കമുള്ള ചില മത ഭരണ രാജ്യങ്ങള്‍) തദ്ദേശിയരുടെയും മറുനാട്ടുകാരുടേയും നിരന്തരമായ അഭ്യര്‍ത്ഥനകളെ മാനിച്ച് ഒരു പുനര്‍ചിന്തക്കു ഒരുങ്ങുന്നു. കൈ വെട്ടുക, തല വെട്ടുക, കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ പ്രാകൃത ശിക്ഷാവിധികള്‍ നിര്‍ത്തിവെച്ച് പകരം മറ്റു ശിക്ഷാവിധികള്‍ നടപ്പിലാക്കണം അതാണ് ജനങ്ങളുടെ ആവശ്യം.

യാഥാസ്ഥിക ഭരണകൂടം ലോകത്തിന്റെ എല്ലാഭാഗത്തേക്കും നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് അഭിപ്രായ സര്‍വ്വേകള്‍ നടത്തി. ലോകത്തിലെ ജനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ അയക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തി. ഭരണകൂടം നിശ്ചയിച്ച ഒരു വിദഗ്ദസമിതി ആയിരിക്കും ഈ കാര്യങ്ങള്‍ ചെയ്യുന്നത്. ലോകത്തില്‍ നിന്ന് വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കൊ സംഘടനകള്‍ക്കോ ഈ പ്രാകൃതശിക്ഷാവിധികള്‍ക്കു പകരമായി മറ്റേതു ശിക്ഷാവിധിയും വിശദമായി എഴുതി അറിയിക്കാം. അതിന്റെ ഓഡിയോ, വീഡിയോ അടക്കമുള്ള വിശദീകരണങ്ങള്‍കൂടി വിദഗ്ദസമിതിക്കു സമര്‍പ്പിക്കണം. വിദഗ്ദസമിതി വിശദമായി അതെല്ലാം പരിശോധിച്ച് ഒട്ടും പ്രാകൃതമല്ലാത്തതാണോ, എന്നാല്‍ പഴയ ശിക്ഷാവിധിപോലെ കഠിനമായതു തന്നെയാണോ എന്ന് തീരുമാനിച്ച് വിധിയെഴുതും.

പക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങളില്‍ പാനലും, ഭരണകൂടവും തൃപ്തരായില്ല.നിര്‍ദ്ദേശങ്ങളില്‍ പലതും പഴയ പോലെ അതിക്രൂരമായത് അല്ലെങ്കില്‍ വളരെ മൃദുലമായത്. ഭരണകൂടം തൃപ്തരായില്ല.

അവസാനം രണ്ടുമൂന്നു മാസങ്ങള്‍ക്കു ശേഷം വിദഗ്ദസമിതിക്ക് വേറേതൊ രാജ്യത്തിന്നു നിന്നും ഒരു നിര്‍ദ്ദേശം കിട്ടി. വിശദമായ ആ ശിക്ഷാവിധി വായിച്ചപ്പോള്‍ പാനലിലെ അംഗങ്ങളുടെ മുഖം തെളിഞ്ഞു. തങ്ങളിത്രനാള്‍ തേടിയതെന്തോ അവസാനം അതു കിട്ടിയിരിക്കുന്നു.....ക്രൂരവും, മൃഗീയവും,പൈശാചികവുമായ ഈ ശിക്ഷാവിധികള്‍ക്കു പകരം, കൈ വെട്ടുകയോ, തലവെട്ടുകയോ, കല്ലെറിയുകയോ ചെയ്യാതെ......എന്നാല്‍ പഴയപോലെത്തന്നെ കുറ്റവാളി അത്യന്തം വേദനയോടെ... നീറി നീറി....മൃഗീയമായി മരണമടയുന്ന ഒരു പുതിയ ശിക്ഷ...

പാനല്‍ അയച്ചുകിട്ടിയ കുറിപ്പുകളും, അനുഭവക്കുറിപ്പുകളും അഞ്ചു പ്രാവശ്യം വായിച്ചു, ഓഡിയോ മൂന്നു പ്രാവശ്യം കേട്ടു, വീഡിയോ അതിക്രൂര ദൃശ്യമായതിനാല്‍ ഒരു പ്രാവശ്യമേ കണ്ടുള്ളൂ. വിദഗ്ദസമിതി ഭരണകൂടത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇത്രയും പ്രയോജനകരമായ ഈ നിര്‍ദ്ദേശം എവിടെ നിന്നു വന്നു എന്നറിയാന്‍ വിദഗ്ദ സമിതി ആ മേല്‍ വിലാസം വായിച്ചു.

അത് ‘ഇന്ത്യ’ എന്ന രാജ്യത്തിലെ ‘കേരള’മെന്ന സംസ്ഥാനത്തിലെ ‘വെള്ളങ്കല്ലൂര്‍ പഞ്ചാ‍യത്തി‘ല്‍ നിന്നായിരുന്നു. ഒരു കൂട്ടം ആളുകള്‍ എഴുതിയയച്ച ആ നിര്‍ദ്ദേശം വിദഗ്ദ സമിതിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഒരേസ്വരത്തില്‍ വായിച്ചു :


“.............പി.കെ.ജി.യുടെ പ്രസംഗം............”

.

23 comments:

നന്ദകുമാര്‍ May 5, 2008 at 4:38 PM  

ഈ എല്‍.കെ.ജി., യു.കെ.ജി. എല്‍.പി.ജി എന്നൊക്കെ പോലെയുള്ള സംഭവമാണോ ഈ ‘പി.കെ.ജി‘ എന്നു ചോദിക്കരുത്.

കാരണം ഇതൊരു വ്യക്തിയാണ്....വ്യക്തിപ്രഭാവമാണ്.....

പി.കെ.ജി.യുടെ അനുഗ്രഹാശിസ്സോടെ...

തോന്ന്യാസി May 5, 2008 at 4:49 PM  

ഠേ...........

തേങ്ങ ഇവിടെ പൊട്ടിച്ചിതറിയിരിക്കുന്നു...

ഇനി വായിക്കട്ടെ

തോന്ന്യാസി May 5, 2008 at 5:04 PM  

"................നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."


നന്ദേട്ടാ...ഇങ്ങനെ പോയാല്‍ ഇവിടെ കുറേ ജഡങ്ങള്‍ ചിരിച്ച് ചത്തുവീഴും

പുനര്‍ജ്ജനി May 5, 2008 at 5:39 PM  

പി. കെ. ജി, ടോംസിന്റെ നേതാവിനെ ഓര്‍മിപ്പിക്കുന്നു നന്ദകുമാര്‍. നേതാവിന്റെ പ്രസംഗം ഇങ്ങനെ... പ്രശസ്ത ക്രിക്കറ്റ്‌ കളിക്കാരനായ കപില്‍ദേവിന്റെ ചേട്ടന്‍ കേശവദേവിനു അവാര്‍ഡ്‌ കൊടുത്തതു മനസ്സിലാക്കാം. ഇവിടെ ഇപ്പോള്‍ വിലാസിനിയുടെ 'അവകാശികള്‍" ക്കാണ്‌ അവാര്‍ഡ്‌ കൊടുത്തിരിക്കുന്നത്‌ എന്തുകൊണ്ട്‌ വിലാസിനിക്കു തന്നെ ഇതു കൊടുത്തുകൂടാ എന്നുള്ളതാണ്‌ എന്റെ ചോദ്യം.."

Sandeepkalapurakkal May 5, 2008 at 5:47 PM  

കണ്ണന്‍ ചേട്ടാ.....
ഇതൊരുമാതിരി മ്ടെ കുട്ടിക്കാന്‍റെ കഥ പോലെ.....

പ്രിയ ഉണ്ണികൃഷ്ണന്‍ May 5, 2008 at 6:56 PM  

"നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."ഹ ഹ ഹ എന്തൂട്ടലക്കാത്...

MANOJ K S May 5, 2008 at 7:24 PM  

hai nandu chetta........
enikku ale mansilaiiiii?
aduthathu nammude babu manine patti onnezhuthu
manoj

anish May 5, 2008 at 9:04 PM  

njan oru blogger alla. ennal oru blog vayanakkaran aanu. samanyam thettillaathe thaankal ezuthunundenkilum postukalude neelam kurachu kooduthal thanne.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ May 6, 2008 at 12:14 AM  

ഇതൊന്നൊന്നര പോസ്റ്റാണല്ലോ നന്ദേട്ടാ

Mittu May 6, 2008 at 8:11 AM  

'എന്താ ഞാന്‍ വായിച്ചത്............??' പി.കെ.ജി. തന്റെ മൈന്റിനെ ഒന്നു റിവൈന്റു ചെയ്തു..


"....പ്രസംഗം......പ്രസംഗം.....ഉടനെ.......ഉടനെ.......നിറുത്ത.........."


പി.കെ.ജി കഥകള്‍ കലക്കി

G.manu May 6, 2008 at 8:49 AM  

അതും പോരാഞ്ഞ് അതിരാവിലെ പത്രം നോക്കി താനിന്ന് ഏതു നേതാവിന്റെ ഗ്രൂപ്പ് /പാര്‍ട്ടിയിലാണ് എന്നുറപ്പു വരുത്തണം

hahah ravile manas arinju aranju onnu chirichu mashe

super!!!!

Senu Eapen Thomas, Poovathoor May 6, 2008 at 11:34 AM  

പി.കെ.ജി യെ പോലെ പലരും മിക്ക ഗ്രാമങ്ങളില്‍ ഉണ്ട്‌. വായിച്ചപ്പോള്‍ ബാലചന്ദ്രമേനോന്റെ ശിഷ്യനാണോ ഈ പി.കെ.ജി എന്ന് തോന്നി പോയി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, സംഗീത സംവിധാനം, ഫാന്‍സ്‌ അസ്സോസിയേഷനില്‍ ആദ്യ ആംഗം, പിന്നെ പോസ്റ്റര്‍ ഒട്ടീരു എല്ലാം ഞാന്‍ തന്നെ:- ബാലചന്ദ്രമേനോന്‍.

അതിനെ അപേക്ഷിച്ച്‌ ഈ പി.കെ.ജി വെറും ശിശു.

കൊള്ളാം. പി.കെ.ജി എന്ന ആളെ നേരില്‍ കണ്ട്‌ പ്രസംഗം കേട്ടപോലെ തോന്നി. പുതിയ ഈ കഥാപാത്രത്തെ പരിചയപ്പെടുത്തിയതിനു നന്ദി.

പഴമ്പുരാണംസ്‌.

ഉഗാണ്ട രണ്ടാമന്‍ May 6, 2008 at 2:12 PM  

പി.കെ.ജി കഥകള്‍ കലക്കി...

Anonymous May 6, 2008 at 3:04 PM  

പി കെ ജി ഒരു സംഭവം തന്നെ....
വ്യത്യ്സ്തമായ പോ സ്റ്റുകള്‍... ഒന്നിനൊന്നു നന്നാവുന്നു...

പൈങ്ങോടന്‍ May 6, 2008 at 4:17 PM  

ഹലോ പി.കെ.ജിയല്ലേ

അതേ...ആരാ

ഇതു ഞാനാ പൈങ്ങോടന്‍. പിന്നെ നമ്മുടെ നന്ദകുമാറിനെ അറിയില്ലേ?

ഏത് നന്ദകുമാര്‍?

പൈങ്ങോട്ടിലെ ഷാപ്പിലും, വെള്ളാങ്ങല്ലൂര്‍ ബാറിലുമൊക്കെ പോയി എന്നും കുടിച്ച് തല്ലുണ്ടാക്കുന്ന നന്ദകുമാറിനെ അറിയില്ലേ?

ഓ...ആ തലതെറിച്ചവന്‍...ഞാനറിയും..എന്താ കാര്യം

ങാ..ഇപ്പോ ഇന്റര്‍‌നെറ്റില്‍ ബ്ലോഗെന്നു പറയുന്ന ഒരു സംഗതിയുണ്ട്..അവന്‍ ഇത്തവണ പി.കെ.ജിയെക്കുറിച്ച് ഉള്ള കുറെ ഇല്ലാകഥകളൊക്കെ എഴുതിപ്പിടിപ്പിച്ച് ഈ ബൂലോഗം മൊത്തം കാണിക്കുകയാ

ആര്? ആ @#$@#$@# വനോ..അന്ന് ബാറില്‍ വെച്ച് അവന്‍ കുടിച്ച ബില്ല് ഞാന്‍ കൊടുക്കാത്തതിന്റെ ദേഷ്യമായിരിക്കും.

ങും..അതു തന്നെ..പിന്നെ ലവന്‍ ഈ ശനിയാഴ്ച ബാംഗ്ലൂര്‍ന്ന് നാട്ടില്‍ വരുന്നുണ്ട്. രാത്രി കോണത്തുകുന്നില്‍ ബസ്സിറങ്ങി ആലുക്കത്തറ ഇറക്കം വഴിയാ അവന്‍ വീട്ടില്‍ പോവുക..മൂന്നാലാള്‍ക്കാരെ സംഘടിപ്പിച്ചു വച്ചോ..നമ്മുക്കവനെ അവിടിട്ടു ചാമ്പാം..പി.കെ.ജി ആരാണെന്ന് അവനറിയട്ടെ പി.കെ.ജി.അപ്പോ എല്ലാം പറഞ്ഞപോലെ..ഐ.എസ്.ഡിയാ

നിരക്ഷരന്‍ May 6, 2008 at 11:17 PM  

".......പ്രസംഗം ഉടന്‍ നിറുത്തണം........"
അത് ക്ഷ പിടിച്ചു.

പി.കെ.ജി. പല നുറുങ്ങുകളായി
(പല പോസ്റ്റുകളായി)അവതരിപ്പിക്കാമായിരുന്നില്ലേ എന്ന് ഒരു സംശയം. ഇതിപ്പോ 10 പോസ്റ്റിനുള്ള പി.കെ.ജി. യല്ലേ ഒരൊറ്റ എല്‍.പി.ജി. പോലെ കത്തിത്തീര്‍ന്നത്. പൈങ്ങോടന്റെ കമന്റ് കലക്കി.

നന്ദകുമാര്‍ May 7, 2008 at 12:31 PM  

തോന്ന്യാസി : നന്ദി ആദ്യ തേങ്ങക്കും കമന്റ്റിനും.

പുനര്‍ജ്ജിനി : വീണ്ടും വന്നതിനും വായിച്ചതിനും നന്ദി.എല്ലാ നാട്ടിലും ഇങ്ങനെ പലരും കാണുമായിരിക്കും ‍;-)

സന്ദീപ് :- ആളെ മനസ്സിലായല്ലോ.ആരോടും പറയരുത്..:-)

പ്രിയ:- നന്ദി :-)

മനോജ് :- ഡാ എന്നെ പൈങ്ങോട്ടില്‍ കേറ്റാണ്ടാക്കണം അല്ലേ?? :-)

അനീഷ് : നീളം കൂടിപ്പോകുന്നതാണ്, എഴുതി വരുമ്പോള്‍. ഇനി ശ്രമിക്കാം.

അനൂപ് : നന്ദി മാഷെ...ഇനീം വരണം.

മിട്ടു :- സന്തോഷം വായനക്ക്...:-)

ജി.മനു:- മാഷെ നന്ദി :-)

സീനു ഈപ്പന്‍ :- നന്ദി മാഷെ കമന്റിന്..എല്ലാ നാട്ടിലുമുണ്ട് ഇങ്ങനെയുള്ള അവതാരങ്ങള്‍..

ഉഗാണ്ട : നന്ദി മാഷെ ഇനീം വരണം

ജ്യോതി:- മലയാളം പഠിചല്ലോ അല്ലേ? സന്തോഷം

പൈങ്ങോടന്‍: പൈങ്ങോടാ നിനക്കുള്ളത് ദിപ്പ തരാം. ഈ കമന്റിന്റെ താഴെ..

നിരക്ഷരന്‍:-ശരിയാണ് മാഷെ എത്ര പറഞ്ഞാലും തീരാത്തതാണ് പികെജി കഥകള്‍. ഇവിടെ ഒതുക്കിയതാ.

നന്ദകുമാര്‍ May 7, 2008 at 12:35 PM  

പൈങ്ങോടന്‍ അറിയാന്‍ വേണ്ടി മാത്രം. മറ്റാരും വായിക്കരുത്..പ്ലീസ്..

“ഹലോ നന്ദുവാണോ? ഇത് പി.കെ.ജിയാ

അതെ, നന്ദുവാണല്ലോ ആര് പി.കെ.ജിയോ...വാട്ടേ സര്‍പ്രൈസ് പികെജി!!

നന്ദുമോനെ, നിന്റെ ബ്ലോഗിലെ എന്നെപ്പറ്റിയുള്ള പോസ്റ്റ് കണ്ടു. എനിക്കിഷ്ടായി (ഗദ്..ഗദ്..) എന്നെക്കുറിച്ചെഴുതുന്നു എന്നു പറഞ്ഞപ്പോള്‍...ഇത്രയും ജനപ്രീതി കിട്ടുമെന്നു കരുതിയില്ല. (ഗദ്..ഗദ്..) സന്തോഷം...എന്നെ ലോകം മുഴുവന്‍ അറിയിച്ചതില്‍ ഞാനെങ്ങിയാ മോനോട് നന്ദി പറയാ..

അത്പിന്നെ പികെജീ...അതൊക്കെ ഒരു സന്തോഷം ല്ലേ..

സംഗതി ഉള്ള കാര്യങ്ങളൊക്കെത്തന്നെ..അതീ നാട്ടാര്‍ക്കു മുഴുവനും അറിയാവുന്നതല്ലേ....എനിക്കിഷ്ടായി. പക്ഷെ....ഇന്നലെ എനിക്കൊരു ഫോണ്‍ കോള്‍ കിട്ടി...ആ പൈങ്ങൊടനില്ലേ അവന്റെ..

ആണോ എന്തു പറഞ്ഞു...? കുഴപ്പം വല്ലതും...

അവന്‍ പൈങ്ങോടന്‍..#^&%**.. അവനാ എന്നെ പൈങ്ങോട്ടിലും കോണത്തകുന്നിലും ഇല്ലാക്കഥകള്‍ പറഞ്ഞ് നാറ്റിച്ചത്..എന്നിട്ടിപ്പോ എന്നെ ലോകം മുഴുവന്‍ അറിയിച്ച നന്ദുമോനെ തല്ലണം പോലും....മോനറിയോ..അവന്‍ ആഫ്രിക്കയില്‍ പോകുന്നതിന്റെ തലേദിവസം കൂട്ടുകാരൊക്കെ ക്കൂടി പൈങ്ങോട് ഷാപ്പിലിരുന്ന് തിന്നതും കുടിച്ചതുമൊക്കെ എന്റെ പേരിലാ..

ആണോ പികെ.ജീ??

ആണോന്നോ അന്ന് മൂവായിരം ഉറുപ്പ്യ ഞാന്‍ തരും എന്നു പറഞ്ഞ് എന്റെ പറ്റുബുക്കിലെഴുതിച്ചു. (ഗദ് ഗദ്) ഞാനറിഞ്ഞിട്ടില്ല സംഭവം. ഒരു ദിവസം പൈങ്ങോട്ടില്‍ക്കൂടി പോയ എന്റെ കഴുത്തിനു കുത്തിപ്പിടിച്ച് അറുമുഖന്‍ കാശു ചോദിച്ചപ്പളാ ഞാനറിയുന്നത്... (ഗദ്..ഗദ്..) പണ്ട് കള്ളുകുടിച്ച് കാശുകൊടുക്കനില്ലാത്ത ഇവന്റെ കുഞ്ഞിക്കഴുത്തിനു അറുമുഖന്‍ കേറിപ്പിടിച്ചപ്പോ ഇവനെ രക്ഷിച്ചത് ഞാനാ..ആ അവനാ....

അത് പോട്ടെ പികെജി. വിവരമില്ലാത്ത പിള്ളാരല്ലേ....

പണ്ട് വെള്ളാങ്കല്ലൂര്‍ ബാറിന് മുന്നില്‍ വെച്ച് ഇവന്‍ ബോധമില്ലാതെ പാട്ടപെറുക്കണ ഏതോ തമിഴത്തിയെ നോക്കിയെന്നോ പിടിച്ചെന്നോ പറഞ്ഞ് തമിഴന്മാര്‍ ഇവനെ 'സിസര്‍ കട്ട'ടിച്ചപ്പോള്‍ ഞാനാ മദ്ധ്യസ്ഥം പറഞ്ഞ് രക്ഷിച്ചത്. ആ അവനാ ഇപ്പോ... (ഗദ്..ഗദ്..)

ഒക്കെ വിട്ടുകളാ പികെജി...ബോധം അവനു പണ്ടേ ഇല്ലല്ലോ...

പൈങ്ങോട്ടിലവന്റെ ശല്യം സഹിക്കാതായപ്പോള്‍..പെണ്മക്കളുള്ള കാര്‍ന്നോന്മാര്‍ പിരിവെടുത്താ അവനെ ആഫ്രിക്കയിലോട്ടയച്ചത്...അവനിപ്പോ അവിടെ ഏതോ ആദിവാസിയെ കെട്ടി കഴിയാണന്നാ പൈങ്ങോട്ടിലെ സംസാരം..

അയ്യോ കെട്ടിയതല്ല..പികെ.ജീ......കാടന്മാര് പിടിച്ച് കെട്ടിച്ചതാ...

എന്തായാലും അവന്‍ ഒരു ദിവസം നാട്ടിലേക്കു വരില്ലേ.....അന്ന് ഞാനവനെ കാണും. അവനെന്റെ കയ്യില്‍കിട്ടിയാല്‍... @%^$^^#^#^

അയ്യോ പികെജി...ആവേശം കൊണ്ട് അവനെ തല്ലൊന്നും ചെയ്യരുത്... കുനിച്ചു നിര്‍ത്തി കൂമ്പിനു നാല് ചവിട്ട്...അതുമാത്രം മതി...പാവം ജീവിച്ചോട്ടെ..

ശരി നന്ദു... പോസ്റ്റ് വായിച്ച എന്റെ സന്തോഷം പറയാനാ വിളിച്ചേ....എസ്.ടി.ഡി അല്ലേ കാശൊരുപാടായി..കൊഴപ്പല്ല്യാ..ഞാന്‍ പാര്‍ട്ടിക്ക് ബില്ലു കൊടുത്ത് മാറിക്കോളാം...അപ്പോ ബൈ...

ബൈ പികെജീ...വിളിച്ചതില്‍ സന്തോഷം..ബൈ

വാല്‍മീകി May 9, 2008 at 3:02 AM  

ഈ പി.കെ.ജി അല്ലെ ഇപ്പോള്‍ രാഷ്ട്രീയം ഒക്കെ നിര്‍ത്തി ബ്ലോഗും സീരിയല്‍ അഭിനയവുമൊക്കെയായി നടക്കുന്നത്?

Kichu Vallivattom May 9, 2008 at 1:16 PM  

എനിക്ക് ആളെ മനസ്സിലാകാത്തത് കൊണ്ടാണ് ഞാന്‍ കമന്റ് ചെയ്യാതിരുന്നത്‌. ആള് ആരെന്നറിയാന്‍ വേണ്ടി ഞാന്‍ പ്യ്ങ്ങോട്ടിലുള്ള എന്‍റെ ഒരു സുഹൃത്തിനെ ഇന്നലെ വിളിച്ചു. അപ്പൊ അവന്‍ ചോദിക്കുകയാ.. അയ്യോ! അയാളെ അറിയില്ലേ.. പ്യ്ങ്ങോട്ടിലെ ഒരു ശല്യമാണ്‌ എന്നു.. ആളെ നേരിട്ടരിയില്ലെന്കിലും ഇപ്പൊ ഈ കഥയിലൂടെ മനസ്സിലക്കിതന്നല്ലോ...താങ്ക്സ്...
പിന്നെ പ്യ്ങ്ങോടന്റെ കമന്റും അതിന്റെ റിപ്ല്യയും സൂപ്പര്‍ ആയിട്ടുണ്ട്‌...
സന്ദീപ്‌ പറഞ്ഞപോലെ ഇത് കുട്ടിക്കായുടെ കഥ പോലുണ്ട്... എല്ലാ നാട്ടിലും ഇതുപോലെ ഒരലെന്കിലും ഉണ്ടാകും അല്ലെ....

ജിഹേഷ് May 10, 2008 at 4:01 PM  

പി കെ ജി യുടെ നെറ്റ് കണക്ഷന് തകരാറിലായതിനാല് അദ്ദേഹം മെയില് അയച്ചു തന്നത് ഞാന് കമെന്റുന്നു
-----------------------------------------------------------

ഒരുത്തനെ പിരിവെടുത്ത് ആഫ്രിക്കേലും വിട്ടു..ഒരുത്തനെ ബാംഗ്ലൂരുക്കും കെട്ടു കെട്ടിച്ചു. എന്നിട്ടും ശല്യം തീരണില്യാലോ ദേവീ... ഇവരുടെ ഇടയില് കിടന്ന് ഇങ്ങനെ വിഷമിപ്പിക്കാതെ രണ്ടണ്ണത്തിനെം വേഗം അങ്ങ്ട് വിളിച്ചൂടെ?

അതികം പറയാന് സമയല്യാ. കൊടുംങ്ങല്ലൂരു പോണം. പൈങ്ങോടന്റെ പേരിലുള്ള പെണ്ണുകേസ് ഇന്നാ കോടതിയില് വിളിക്കുന്നേ. തല്ലിപൊളിയാണെങ്കിലും നാട്ടുകാരനല്ലേ. സഹായിക്കണ്ടേ...

ങാ നന്ദു ഒരു കാരയ്ം. നീയിങ്ങോട്ടുവരുമ്പോള് ബ്ലോഗില് നിന്നും രണ്ടു കഥകൂടി പ്രിന്റ് ഔട്ട് എടുത്തോണ്ടുവാ.
വീട്ടിലേ ടോയിലറ്റില് പേപ്പര് കഴിഞ്ഞു. നിന്റെ കഥയുടെ പേപ്പര് ചുരുട്ടിവെച്ചാല് പിന്നെ ഒരു മാസത്തേക്കു വേടിക്കേണ്ട. നല്ല നീളമല്ലേ

എന്ന് പി.കെ.ജി

Ranjith chemmad May 11, 2008 at 11:09 PM  

പ്രഭാവം തന്നെ നന്ദജീ..
എഴുത്തില്‍ താങ്കളുടെയും,
മറ്റതിന്‌ പി.കെ.ജി.യുടെ.... യും

ഉപാസന | Upasana May 21, 2008 at 3:41 PM  

കോമഡികളില്‍ എനിക്ക് ഏറ്റവും ഇഷ്ടം പൊളിറ്റിക്കല്‍ കോമഡീ ആണ്.
വളരെ.
ഈ പോസ്റ്റ് അത്തരം “വിറ്റ്” കളാല്‍ സമൃദ്ധമായിരുന്നു.
നല്ല ഹ്യൂമര്‍ സെന്‍സ്.

പിന്നെ പൊതുവായ ഒരു കഥാതന്തുവിനെ ആസ്പദമാക്കി ഈ ‘വിറ്റ്’കള്‍ ഒക്കെ പുനര്‍ക്രമീകരിച്ച് എഴുതിയിരുന്നെങ്കില്‍ ഇത് ഒരു മാസ്റ്റര്‍പീസ് ആക്കാമായിരുന്നു.
കേരള രാഷ്ട്രീയത്തിലുണ്ടായ ഏതെങ്കിലും സംഭവത്തെ, അല്ലെങ്കില്‍ മറ്റെന്തിങ്കിലിനേയും പി‌കെ‌ജിയുമായി ബന്ധിപ്പിച്ച് ഒരു കൈമാക്സ്..!

വിവരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പി‌കെ‌ജി ഒരു ആര്‍‌എസ്‌പി യോ എന്‍‌സി‌പി യോ (ഇപ്പോ എല്‍‌ഡി‌എഫിന് പുറത്താണ്) ജനതാദള്‍ സെക്യുലര്‍ ഓ ആണെന്നാണ്.

ഇനിയും തുടരുക.
ആശംസകള്‍.
:-)
ഉപാസന