Monday, December 1, 2008

ഓടടാ ഓട്ടം

.
അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേടാണ് വെളുപ്പിനെയുള്ള ഓട്ടം എന്ന് ഞാന്‍ മുന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നല്ലോ.

എട്ടാം ക്ലാസ്സിലെ ആ "ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്" എന്ന പദ്ധതിക്കു ശേഷം പലപ്പോഴും ഈ ഓട്ട പരിപാടി ആസൂത്രണം ചെയ്തിരുന്നുവെങ്കിലും കായികലോകത്തിന്റെ നിര്‍ഭാഗ്യം ഒന്നുകൊണ്ടു മാത്രം അത് നടക്കാതെപോയി. തോമാസേട്ടന്റെ വഴക്ക് പൂര്‍വ്വാധികം ശക്തിയാര്‍ജ്ജിക്കുകയും പഴയ തെറികളുടെ സ്ഥാനത്ത് കടിച്ചാല്‍ പൊട്ടാത്ത് യമണ്ടന്‍ തെറികള്‍ വന്നതിനാലും ബാബുവുമായൊത്ത് വീണ്ടുമൊരു പരീക്ഷണത്തിന് മുതിരാന്‍ എന്റെ മനസ്സും ശരീരവും തീരെ സമ്മതിച്ചില്ല. "പയ്യോളി എക്സ്പ്രെസ്സ്" പോല കായികകേരളത്തിന് ലഭിക്കേണ്ടിയിരുന്ന "പൈങ്ങോട് എക്സ്പ്രെസ്സ്" അതുകൊണ്ടും മാത്രം ലഭിക്കാതെ പോയി.

പൈങ്ങോട് സ്ക്കൂളിലെ നാലുവര്‍ഷവും കല്‍പ്പറമ്പ് സ്ക്കൂളിലെ ആറു വര്‍ഷവും കഴിഞ്ഞ് ഉപരി പഠനാര്‍ത്ഥം ഞാന്‍ കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം കോളേജില്‍ ഉഴപ്പുന്ന കാലം. യാദൃശ്ചികമായൊരു ദിവസം എന്റെ മനസ്സിലെ ഡാവ് -സ്പോര്‍ട്ട്സ് മാന്‍ സ്പിരിട്ട്- സടകുടഞ്ഞെഴുന്നേറ്റു. പഴയതു പോലല്ല, ഇപ്പോ കോളേജിലാ പഠിക്കുന്നത്. സുന്ദരിമാരുടെ കൃപാകടാക്ഷത്തിന് ഖദര്‍മുണ്ടിന്റെ സിമ്പ്ലിസിറ്റി മാത്രം പോരാ. അവര്‍ക്കതിലൊന്നും ഇപ്പോ വല്യ കമ്പമില്ല. മല്ലികാ ഷെരാവത്തിന്റെ ബോഡീഷെയ്പിനിണങ്ങും വിധമാണ് അന്നെന്റെ ശരീര വണ്ണം. മഷിയിട്ടു നോക്കിയാല്‍ പോലും കാല്‍ കഴഞ്ചു മസില്‍,കാണാവുന്നതും കാണിക്കാത്തതുമായ ഒരു ഭാഗത്തുമില്ല.കാണാത്തതവിടെ നിക്കട്ടെ,കാണാവുന്ന ഭാഗത്ത് എന്തെങ്കിലുമൊക്കെ കാണിച്ചുകൂട്ടി കാണാന്‍ കൊള്ളാവുന്ന ഒരുത്തനാവണമെന്ന് അന്നൊരാഗ്രഹം. ക്ലബ്ബ് - നാടകാദി പ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും ഇല്ലാതിരുന്ന ആ സമയത്ത് പ്രധാന കൂട്ടുകാരനും കുടുംബസുഹൃത്തുമായിരുന്ന സരസനും സഹൃദയനുമായ 'സന്തോഷ്' എന്റെ വീട്ടിലൊരു ദിവസം വന്നപ്പോള്‍ ഞാന്‍ കാര്യമവതരിപ്പിച്ചു.

" ഡാ സന്ത്വോ, നമുക്ക് വെളുപ്പിന്‍ എഴുന്നേറ്റ് ഓട്യാല്ലോഡാ?"

"വെളുപ്പിനാ? ഓടാനാ? ഞാനാ?"

ഒറ്റകുറ്റി പുട്ടില്‍ മൂന്നു കഷണങ്ങള്‍ എന്ന പോലെ ഒറ്റ മറുപടിയില്‍ മൂന്നു ചോദ്യങ്ങള്‍ അവനെന്റെ മുന്നില്‍ ആവിയോടെ കുത്തിയിട്ടു.

"എന്തേഡാ? വെളുപ്പിന്‍ ഓടണത് നല്ലതല്ലേ, ഞാന്‍ പണ്ട്........."

മുഴുവനാക്കാന്‍ സമ്മതിക്കാതെ അവന്‍ പറഞ്ഞു :

" അതേയ്, ഞാനും ഓടിയിട്ടുണ്ട് വെളുപ്പിന്‍. അന്ന് നിര്‍ത്തിയതാ. പിന്നെ ഇതുവരെ...ഈ നിമിഷം വരെ...ങേ ഹെ."

" അതെന്തേഡാ... പിന്നെ ഓടിയില്ലേ?" ഞാന്‍

അവനെന്നെ ദയനീയമാംവിധം ഒന്നു നോക്കി . മുന്നിലിരുന്ന ആറിത്തണുത്ത കട്ടന്‍ ചായയുടെ ബാക്കി ഒറ്റവലിക്ക് കുടിച്ച് അവനെന്നോട് അതിദാരുണമായ ആ കഥ പറഞ്ഞു. സാക്ഷാല്‍ ഒസാമ ബിന്‍ലാദന്‍ പോലും തോക്ക് താഴെ വെച്ച് തേങ്ങിപ്പോകുന്ന ആ 'ഓട്ട്'ത്തിന്റെ കഥ.

കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവനും തോന്നിയിരുന്നു വെളുപ്പിനേയുള്ള ഓട്ടത്തിന്റെ അസ്കിത. മറ്റൊന്നുമല്ല കരൂപ്പടന്ന ഹൈസ്ക്കൂളില്‍ പഠിക്കുമ്പോള്‍ അവിടെത്തന്നെ പഠിക്കുന്ന അമരിപ്പാടത്തെ ചില പിള്ളേര്‍ വെളുപ്പിന്‍ എഴുന്നേറ്റ് ഓടുന്നുണ്ടെന്നറിഞ്ഞ സന്തോഷിന് ഇരിക്കപ്പൊറുതിയില്ലാതെയായി.

' ഓടണം...വീട് വിട്ട് ഓടണം..വെളുപ്പിനേ ഓടണം. ചിരട്ടക്കുന്ന്-അമരിപ്പാടം-കോണത്തുകുന്ന് വഴി കറങ്ങി ചിരട്ടക്കുന്നില്‍ തിരിച്ചെത്തുന്നവരെ ഓടണം.'

കൂട്ടിന് സന്തോഷ് തന്റെ അയല്‍ വാസിയുമായ മധുവിനെ വിളിച്ചു. ചെറുപ്പം മുതലേയുള്ള കൂട്ടുകാരനാണ് മധു. ഒരേ പ്രായം, ഒരേ വലിപ്പം, ഒരേ ചിന്ത. രണ്ടാളും കൂടി ചിന്തിച്ചുറപ്പിച്ചു. 'നാളെ മുതല്‍ നമുക്കും വെളുപ്പിന്‍ എഴുന്നേറ്റ് ഓടണം' എന്തായാലും അവര്‍ മൂന്നാമതൊരുത്തനെ വിളിച്ചില്ല. മൂന്നുപേരു മുന്നിട്ടിറങ്ങിയാല്‍ ...മൂ...മൂ...മൂവന്തിയായിപ്പോകുമെന്നോ മറ്റോ ഉള്ള ചില പഴഞ്ചന്‍ ധാരണകളായിരുന്നു അതിനു പിന്നില്‍.

വെളുപ്പിന് ആദ്യം എഴുന്നേല്‍ക്കേണ്ടതും വിളിച്ചുണര്‍ത്തേണ്ടതും സന്തോഷാണ്. കുറ്റം പറയരുതല്ലോ വാച്ച്, ക്ലോക്ക്, ടൈമ്പീസ്, ഇത്യാദികളൊന്നും കാര്യമായൊന്നും പ്രചാരത്തിലില്ലാതിരുന്ന ആ കാലത്തും സന്തോഷിന്റെ ടൈം സെറ്റിഗ്സ് കറക്ടായിരുന്നു, വാച്ച് ഉപയോഗിച്ചിരുന്നില്ലെങ്കിലും. പല വീടുകളിലും ആകെ ഒരു ക്ലോക്കോ അല്ലെങ്കില്‍ ഒരു ടൈമ്പീസോ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൊബൈലൊന്നും സങ്കല്‍പ്പത്തില്‍ പോലുമുണ്ടാവാതിരുന്ന ആ കാലത്ത് പക്ഷെ, സമയത്തെക്കുറിച്ച് ആളുകളുടെ കാല്‍ക്കുലേഷന്‍ പലപ്പോഴും കറക്ടായിരുന്നു. സന്തോഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പഴയൊരു ടൈമ്പീസായിരുന്നു. രാത്രി ഒമ്പതുമണിയോടെ ഊണുകഴിച്ചു കിടന്നുറങ്ങുന്ന ഫാമിലി രാവിലത്തെ അതിഭീകരമായ അലാറം കേട്ടായിരുന്നു ഉണര്‍ന്നിരുന്നത്, സന്തോഷിന്റെ വീടുമാത്രമല്ല തൊട്ടയല്‍പ്പക്കത്തെ അഞ്ചാറു ഫാമിലികളും.

സന്തോഷ് വെളുപ്പിന് എഴുന്നേറ്റു. കിഴക്ക് ഉദയത്തിന്റെ മുന്നൊരുക്കം കാണാം. അവന്‍ സമയത്തിന്റ്റെ കാല്‍കുലേഷന്‍ കറക്റ്റാക്കി മധുവിനെ വിളിച്ചു. ചിരട്ടകുന്ന് പണിക്കശ്ശേരി അമ്പലത്തിനു മുന്നിലൂടെ അമരിപ്പാടം വെള്ളടാങ്കി ജംഗ്ഷന്‍ വഴി കോണത്തുകുന്നിലേക്ക് ഓടി അവിടുന്ന് പൈങ്ങോട് വഴി തിരിഞ്ഞ് ചിരട്ടകുന്നില്‍ വീടിനു മുന്നിലെ റോഡില് ഏകദേശം നാലഞ്ച് കിലോമീറ്ററോളം ഓടി പൂര്‍ത്തിയാക്കി. അപ്പോഴേക്കും നേരം പരപരാന്നു വെളുത്തു തുടങ്ങി.

" നാളെ കൊറച്ചും കൂടി നേരത്തെ എഴ്ന്നേല്‍ക്കണടാ..." സന്തോഷ് ആവേശഭരിതനായി.

" ശരിയാ.. നമുക്കപ്പോ രണ്ടു റൌണ്ട് ഓടാം." മധുവിനും ആവേശം

ഓട്ടം പൂര്‍ത്തിയാക്കി വീട്ടില്‍ പോയി പല്ലുതേച്ച് കുളിച്ച് പഴങ്കഞ്ഞി കുടിച്ച് രണ്ടു പഴങ്കഞ്ഞികളും കരൂപ്പടന്ന് സ്ക്കൂളിലേക്ക് നീരു വീര്‍ത്ത കാലുമായി നിരങ്ങി നീങ്ങി.

അങ്ങിനെ ഓട്ടം ആദ്യത്തെ ദിവസം സൂപ്പര്‍ ഹിറ്റ് , രണ്ടാമത്തെ ദിവസം മൊത്തം രണ്ടു റൌണ്ട് ഓടി മെഗാ ഹിറ്റായി, മൂന്നാമത്തെ ദിവസവും രണ്ട് റൌണ്ട് ഓടി ബമ്പര്‍ ഹിറ്റ്. നാലാമത്തെ ദിവസം.......നാലാമത്തെ ദിവസം, ഊ..ഊ..ഉജ്ജ്വലമായിരുന്നു പ്രകടനം!!

പതിവുപോലെ തലേ ദിവസം അത്താഴവും കഴിഞ്ഞ് ഒമ്പതുമണിയോടെ ഉറങ്ങാന്‍ കിടന്ന സന്തോഷ് പതിവു പോലെയുള്ള റൂട്ടിന്‍ അനുസരിച്ച് ഉള്‍വിളിയാലെ വെളുപ്പിന് എഴുന്നേറ്റ് മധുവിന്റെ വീട്ടിലെത്തി മധുവിനെ വിളിച്ച് ചിരട്ടക്കുന്ന് റോഡിലൂടെ ഓടാന്‍ തുടങ്ങി.

ചിരട്ടക്കുന്ന് , അമരിപ്പാടം, കോണത്തുകുന്ന്, പൈങ്ങോട് വഴി നാലഞ്ചുകിലോമീറ്റര്‍ ഓടി സ്റ്റാര്‍ട്ടിങ്ങ് പോയിന്റില്‍ എത്തി. വീണ്ടും രണ്ടാം റൌണ്ടിനൊരുങ്ങി. പഴയപോലെ ഒരു റൌണ്ടുകൂടിയെടുത്തു തിരിച്ചെത്തി. മൊത്തം പത്തുകിലോമീറ്ററോളം. എന്നിട്ടും ഇരുട്ട് മാറിയില്ല. സൂര്യേട്ടന്‍ ഉദിക്കാനൊരു ഭാവവുമില്ല.

" ഇന്നിത്തിരി നേരത്തെയാണോടാ നമ്മള്‍? " മധു കിതപ്പോടെ ചോദിച്ചു.

" ആവേരിക്കും" സന്തോഷ് " എന്നാപിന്നെ നമുക്ക് ഒരു റൌണ്ടും കൂടി ഓട്യാലോ?"


പഴയ റൂട്ടിലോടെ നാലഞ്ചുകിലോമീറ്റര്‍ ഒന്നുകൂടി ഓടി സന്തോഷും മധുവും ഉല്‍ഭവസ്ഥാനത്ത് തിരിച്ചെത്തി. കൂരാകൂരിട്ടായിരുന്ന ആകാശം നോക്കി മധു ചോദിച്ചു :

" ഇതെന്താണ്ടാ നേരം വെളുക്കാത്തെ? നമ്മളിന്ന് മൂന്ന് റൌണ്ട് ഓടീലാ!"

" ആ! ചെലപ്പ മഴക്കാറ് ആയിരിക്കുഡെക്കേ" സന്തോഷിന്‍ സംശയം " എന്നാപിന്നെ നമുക്കൊരു റൌണ്ട് കൂടി ഓട്യാലോഡാ മധൂ"

എന്റമ്മേ ഞാനില്ലഡക്കേ. മതീരാ ഓടീത്. വീട്ടിപ്പോകാം" വയറിനു രണ്ടു വശത്തുകൂടീ കൈചേര്‍ത്ത് മധു പറഞ്ഞു.

അപ്പോഴും സന്തോഷിന്റെ സംശയം മാറിയിരുന്നില്ല 'മൂന്നു റൌണ്ടായി ഏകദേശം പത്തു പതിനഞ്ചു കിലോമീറ്റര്‍ ഓടിക്കാണും...പിന്നെ..'

" അല്ലഡാ സാധാരണയായി രണ്ടു റൌണ്ട് ഓടിക്കഴിഞ്ഞാല് നേറം വെളുക്കാറില്ലേഡാ.. ഇന്നെന്തെണ്ടാ നേരം വെളുക്കാന്‍............"

" നീയൊരു കോപ്പും പറയണ്ടഡാ... മനുഷ്യനിവിടെ വയറുവേദന എടുക്ക്വാ"

" നമ്മളിന്ന് ഭയങ്കര സ്പീഡിലോടീഡെക്കെ അതാ" സന്തോഷ് അനുനയിപ്പിച്ചു.

" എന്തൂട്ട് പണ്ടാറായാലും ഞാനില്ലെഡെക്കെ, ഇമ്മ്ക്ക് വീട്ടീപ്പോകാം"

ഉദിക്കാതിരുന്ന സൂര്യനെ രണ്ടു തൊള്ള ചീത്ത പറഞ്ഞ് സന്തോഷും മധുവും വീട്ടിലേക്ക് തിരിച്ചു പോയി. വീട്ടിലെത്തിയിട്ടൂം സൂര്യന് ഉദിക്കാനുള്ള ഭാവം ഉണ്ടായില്ല. വീട്ടിലെത്തിയിട്ടും,വീണ്ടും കിടന്നിട്ടും സന്തോഷിന് സംശയം മാറിയില്ല 'ഇന്നെന്തായിരിക്കും പറ്റീത്?'

കിടന്നിട്ടും കിടക്കപൊറുതിയില്ലാണ്ടായപ്പോ സന്തോഷ് പതുക്കെ എഴുന്നേറ്റു. 'സമയം നോക്കുക തന്നെ' ടൈമ്പീസ് അച്ഛന്റെ മുറിയിലാണ്‍. സന്തോഷ് അച്ഛന്റെ മുറിയിലേക്ക് നടന്നു. ചാരി വെച്ച ഓലവാതില്‍ ഒരു വശത്തേക്ക് നീക്കി അവനകത്തു കടന്നു.ഇരുട്ടില്‍ തീപ്പെട്ടി കണ്ടെടുത്ത് ഉരച്ച് ചിമ്മിനി വിളക്കു കത്തിച്ചു. അച്ഛന്റെ പായയുടെ തലക്കലിരുന്ന ടൈമ്പീസെടുത്തു സന്തോഷ് സമയം നോക്കി. വിശ്വാസം വരുന്നില്ല.. ..

' ഏയ് അങ്ങിനെയാവോ?'

കണ്ണു തിരുമ്മി അവന്‍ വീണ്ടും സമയം നോക്കി. സമയം 2-10.....പാതിരാത്രി കഴിഞ്ഞ് 2.10........

പുധ്ദ്ധുതുമ്മം.......

വല്ലാത്തൊരു ശബ്ദത്തോടെ സന്തോഷും ചിമ്മിനി വിളക്കും കൂടെ ടൈമ്പീസും പുറകിലെ ചുമരിലേക്കു മറിഞ്ഞു .

" അപ്പോ ഈ നട്ട പാതിരിക്കായിരുന്നോ പത്തുപതിനഞ്ചു കിലോമീറ്റര്‍ ഞാന്‍ ഓടീത് എന്റെ മുത്തപ്പാപ്പാപ്പാപ്പാ‍ാ‍ാ‍ാ......"