Monday, April 21, 2008

ആദ്യത്തെ പ്രേമലേഖനം

എന്നു വായിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നും ഞാനാദ്യമായി എന്റെ കാമുകിക്ക് കൊടുത്ത പ്രേമലേഖനമെന്നൊ, എനിക്കൊരു പെണ്‍കുട്ടി തന്ന പ്രണയക്കുറിപ്പെന്നൊ മറ്റോ. എന്നാല്‍ അങ്ങിനെയല്ല. എന്റെ ജീവിതത്തില്‍ ഞാനാദ്യം വായിച്ച ഒരു പ്രേമലേഖനം; അതും ഒരു പത്താംക്ലാസ്സുകാരി പെണ്‍കുട്ടി അവളുടെ കാമുകന് വേണ്ടി പഞ്ചാരയില്‍ പൊതിഞ്ഞെഴുതിയ കടുകട്ടി പ്രേമലേഖനം. അല്ലാതെ, അത് എന്റെയുമല്ല, ഞാന്‍ എഴുതിയതുമല്ല. അങ്ങിനൊന്നു എഴുതാനും കൊടുക്കാനും മാത്രം ചങ്കുറപ്പുണ്ടായിരുന്നില്ല ആ പ്രായത്തില്‍..

കാരണം ഞാനന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു.

നീല ട്രൌസറും വെള്ളഷര്‍ട്ടുമിട്ട കറുത്തു തടിച്ച, നോട്ടു ബുക്കുകളില്‍ ചിത്രങ്ങള്‍ കോറി വരച്ചു നടന്ന വെറും ഏഴാംക്ലാസ്സുകാരന്‍. ഏഴാം ക്ലാസ്സിനെ ഞാനിന്നും ഓര്‍മ്മിക്കാന്‍ കാരണം, ആദ്യമായി സ്ക്കൂള്‍ ഇലക്ഷനില്‍ ക്ലാസ്സ് ലീഡറായി മത്സരിച്ചതും വളരെ വിജയകരമായി....തോറ്റതും, പിന്നീട് ക്ലാസ്സ് ആര്‍ട്ട്സ് സെക്രട്ടറിയായതും, ആദ്യമായി ശബരിമലക്കു പോയതും, ആ സമയത്തു(മാത്രം) കറുത്ത മുണ്ടുടുത്തു വന്നതും, വര്‍ഷത്തിന്റെ പകുതിയിലെപ്പോഴൊ അപ്പുറത്തെ ക്ലാസ്സിലെ ഒരു നസ്രാണിപ്പെണ്ണിനോട് എന്തോ ഒരിദ് തോന്നിയതും, പറയാനറിയാത്തതുകൊണ്ടു പറയാഞ്ഞതും, ജീവിതത്തിലാദ്യമായി (വേറൊരാളുടെ) പ്രേമലേഖനം വായിച്ചതും ഒക്കെ ഏഴാം ക്ലാസ്സില്‍ വച്ചായിരുന്നു.

പൈങ്ങോട് ഗ്രാമത്തിന്റെ തെക്കേ അതിര്‍ത്തിയിലാണ് എന്റെ വീട്. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ ഒറ്റക്കായിരിക്കും. ഒരു ചെറിയ നെല്‍പ്പാടവും മൂന്നു കൈതോടുകളും കടന്നാല്‍ പൈങ്ങോട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തെത്തും. അവിടെവെച്ച് ചില കൂട്ടുകാരെ കിട്ടും. കൃഷ്ണന്‍ കുട്ടി ചേട്ടന്റെ പരിപ്പു വട മണക്കുന്ന ചായക്കടയും കുഞ്ഞുവറീതേട്ടന്റെ റേഷന്‍ കടയും കടന്ന് പൈങ്ങോട് തട്ടകത്തിലെ ഘണ്ഠാകര്‍ണ്ണ ക്ഷേത്രവും, മുന്നിലെ അരയാലും, അതിനോടു ചേര്‍ന്നുള്ള ഇറക്കവും ഇറങ്ങിക്കഴിഞ്ഞാല്‍ വിശാലമായ കല്ലേരിപ്പാടമായി. ഇരുവശങ്ങളിലും നെല്‍ വയല്‍ വിരിഞ്ഞു നില്‍ക്കുന്ന കല്ലേരിപ്പാടത്തിന്റെ നടുവിലൂടെ കല്ലേരിതോടിനു മുകളിലെ പാലത്തിലെത്തും. അവിടുന്നപ്പുറം കല്‍പ്പറമ്പ് ഗ്രാമമായി. മഞ്ഞുകാലത്ത് കല്ലേരിപാടത്തെ നെല്‍ച്ചെടിത്തുമ്പില്‍ മഞ്ഞുതുള്ളികള്‍ കാണാം. നടക്കുന്നതിനിടയില്‍ കാലുകൊണ്ട് ചെടിത്തുമ്പിലെ മഞ്ഞുതുള്ളികളെ തട്ടിത്തെറിപ്പിക്കും, മഞ്ഞുതുള്ളി പൊട്ടിച്ചിതറി വെയിലില്‍തട്ടി നെല്ലിന്‍ തലപ്പില്‍ മഴവില്ലു വിരിയും.

പൈങ്ങോട് എല്‍.പി സ്ക്കൂളിലെ നാലു വര്‍ഷ പഠനവും കഴിഞ്ഞ്, കല്‍പ്പറമ്പ് സ്ക്കൂളിലെത്തി മൂന്നാംവര്‍ഷംഅതായത് ഏഴാംക്ലാസ്സില്‍ പഠിക്കുന്ന വര്‍ഷമാണ് ജന്മനാ ചിത്രകാരനായിരുന്ന ( ജന്മനാ ഊമ....ജന്മനാ വികലാംഗന്‍ എന്നൊക്കെ പറയുന്ന പോലെ..) എനിക്ക് 'കട്ടക്ക് കട്ട' നില്‍ക്കാന്‍ ഒരു ചിത്രകാരനെതിരാളിയെ കിട്ടുന്നത്. എന്റെ നാട്ടുകാരനും, നാലാം ക്ലാസ്സുമുതല്‍ എന്റെ സുഹൃത്തുമായിരുന്ന ഗിരീഷ്. അഞ്ച്, ആറ് ക്ലാസ്സുകളില്‍ അവന്‍ വേറേതൊ ബാച്ചിലായിരുന്നു. പൈങ്ങോട് ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിനു പടിഞ്ഞാറ് വശത്തായിരുന്നു അവന്റെ വീട്. അങ്ങിനെ ഏഴാംക്ലാസ്സിലെ അംഗീകൃത ചിത്രകാരന്മാരായി ഞങ്ങള്‍. ആ ഏഴാം ക്ലാസ്സ് പ്രായത്തിലും പെണ്‍കുട്ടികളെപ്പോലെ കണ്ണെഴുതി പൊട്ടുതൊട്ട് വരുന്ന ഒരു നഴ്സറിക്കുട്ടിയുടെ നിഷ്കളങ്കത്വം തോന്നുന്ന ഗിരീഷിനെ ടീച്ചര്‍മാരും, പെണ്‍കുട്ടികളും വാത്സല്യത്തോടെ നോക്കി, സ്നേഹത്തോടെ പെരുമാറി. കോറി വരച്ച ചിത്രങ്ങളിലൂടെയൊക്കെ ഞാനതിനെ മറികടക്കാനൊരു ശ്രമം നടത്തിയെങ്കിലും, പക്ഷെ ഫലം കണ്ടില്ല. നമ്മടെ വിധി! ആഹ്! അല്ലാതെന്തു പറയാന്‍??!

ഇന്റര്‍വെല്ലുകളില്‍, ഉച്ചയൂണിന്റെ ഇടവേളകളില്‍, സ്ക്കൂളിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രകളില്‍ ഞങ്ങള്‍ വളരെയടുത്ത കൂട്ടുകാരായി. എന്‍. ആര്‍. മേനോന്റെ പറമ്പിലെ 'ബബ്ലൂസ്' നാരങ്ങ കട്ടും, എതിരെയുള്ള ജയറാമേട്ടന്റെ വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുടിച്ചും, സ്ക്കൂളിനടുത്തെ രവിരാജന്‍ മാസ്റ്ററുടെ ട്യൂഷന്‍ ക്ലാസ്സില്‍ കയറിയും കയറാതെയും, കയറിയ ദിവസങ്ങളില്‍ ഒരുമിച്ച് അടിവാങ്ങിയും, സ്ക്കൂളിനടുത്തെ 'ചാലിയന്റെ' കടയില്‍ അട്ടാണി കടല വാങ്ങി കടയുടെ തിണ്ണയിലിരുന്നു കൊറിച്ചും, സ്ക്കൂളിനു മുന്നിലെ അന്തുവേട്ടന്റെ കടയില്‍ നിന്ന് ഉപ്പിലിട്ട ലൂബിക്കയും നാരങ്ങ സത്തും വാങ്ങിത്തിന്നും, കോല്‍ ഐസ് വാങ്ങി കപ്പേളയുടെ അരമതിലിലിരുന്നു നൊട്ടിനുണഞ്ഞും, സ്ക്കൂളിനു പരിസരത്തെ വീടുകളില്‍ നിന്ന് നെല്ലിക്കയും, നെല്ലിപ്പുളിയും, ലൂബിക്കയും പെറുക്കി സ്ക്കൂളിനപ്പുറത്തെ പല്ലന്റെ കടയിലെ ഉപ്പുപ്പെട്ടിയില്‍ നിന്ന് കല്ലുപ്പ് കട്ടെടുത്ത് ഉപ്പില്‍ മുക്കിത്തിന്നും, ബസ്റ്റോപ്പിനെതിര്‍വശത്തെ ചായക്കടയിലെ സിനിമാപോസ്റ്റര്‍ നോക്കി വെള്ളമൊലിപ്പിച്ചും, പോസ്റ്ററിലെ സുകുമാരനും, മമ്മൂട്ടിക്കും മോഹന്‍ലാലിനും ചുണ്ടില്‍ ബീഡിക്കുറ്റി കുത്തിത്തിരുകിയും അങ്ങിനെയങ്ങിനെ ഏഴാം ക്ലാസ്സ് ഞങ്ങള്‍ ആര്‍മ്മാദിച്ചുപോരവെ...

പ്രേമവും പ്രേമചേഷ്ടകളും ഒട്ടും പരസ്യമാകാതിരുന്ന ആ എണ്‍പതുകളുടെ മദ്ധ്യത്തില്‍, ആണും പെണ്ണും അങ്ങിനെത്തന്നെയായിരുന്ന് വേര്‍തിരിഞ്ഞ് വിദ്യ അഭ്യസിച്ചിരുന്ന ആ കാലത്തില്‍ പെണ്‍കുട്ടി ആണ്‍കുട്ടിയോട്, തിരിച്ചും സംസാരിക്കുന്നത് എന്തോ വലിയ കുറ്റമാണെന്നു നാടും നാട്ടാരും കരുതിയിരുന്ന, ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയോട് എങ്ങാനും സംസാരിച്ചുപോയാല്‍ മാസങ്ങളോളം സംസാരവിഷയമായിരുന്ന കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍, ( പള്ളി വക കൃസ്ത്യന്‍ മാനേജ് മെന്റ് സ്ക്കൂളായിരുന്നു കല്‍പ്പറമ്പ് സ്ക്കൂള്‍. പ്രേമം പാപം, ആണും പെണ്ണും മിണ്ടിയാല്‍ പാപം, നോക്കിയാല്‍ പാപം, സര്‍വത്ര പാപം) അങ്ങിനെ എല്ലാവരുടേയും മനസ്സിലേക്കും, സ്വപ്നങ്ങളിലേക്കും അവരറിയാതെ പറഞ്ഞുപോയ ഒരു പ്രണയം അക്കാലയളവില്‍ കല്‍പ്പറമ്പ് സ്ക്കൂളില്‍ ഉണ്ടായി.കല്‍പ്പറമ്പ്-പൈങ്ങോട് ഗ്രാമത്തെ നടുക്കിയ, ഞെട്ടിവിറപ്പിച്ച, മൂക്കത്ത് വിരല്‍ വെപ്പിച്ച ഒരു പ്രേമമായിരുന്നു അത്. "നസീര്‍-ഷീല, ജയന്‍-ജയഭാരതി, സോമന്‍-സീമ, മധു-ശ്രീവിദ്യ, മോഹന്‍ലാല്‍-കാര്‍ത്തിക, മമ്മൂട്ടി-സുഹാസിനി" എന്നീ പ്രണയജോഡികള്‍പോലെ കല്‍പ്പറമ്പ് സ്ക്കൂളിലേയും പരിസരത്തേയും കിടാങ്ങള്‍ക്കും കിളവ-കിളവികള്‍ക്കും സ്വകാര്യം പറയാന്‍, വേലിക്കിരുവശവും നിന്ന് കൈമാറാന്‍ ഒരു പ്രണയ ജോഡി കല്‍പ്പറമ്പ് സ്ക്കൂളില്‍ ഉണ്ടായി.

"സജയന്‍ - ലക്ഷ്മി

സ്കൂളിലെ ഇടനാഴികകളില്‍, ചുമരുകളില്‍, മൂത്രപ്പുരയില്‍, പള്ളിമതിലില്‍, കല്‍പ്പറമ്പിലേയും പൈങ്ങോട്ടിലേയും ഇടവഴികളില്‍ 'സജയന്‍-ലക്ഷ്മി' പ്രണയം പൂത്തുലഞ്ഞു പരിമളം പടര്‍ത്തിനിന്നു. അതറിയാത്തതായി ഇരു ഗ്രാമങ്ങളിലും ആരുമുണ്ടായിരുന്നില്ല. 'ഈ പ്രേമംന്ന്ച്ചാ എന്തൂറ്റ്ണ് ?" എന്നു ശങ്കിച്ചുനിന്ന അഞ്ജാനകുതുകികള്‍ക്കു പോലും 'സജയന്‍-ലക്ഷ്മി' ദ്വയം കാണാപാഠമായിരുന്നു.

കല്‍പ്പറമ്പ് സ്ക്കൂളിലെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതും, ഇടവേളകള്‍ തുടങ്ങുന്നതും അവസാനിക്കുന്നതും, ഉച്ചയിലെ ഇന്റര്‍വെല്‍ ബെല്‍ മുഴങ്ങുന്നതും സ്ക്കൂള്‍ വിടുന്നതും എന്തിനേറെ..... ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കല്‍പ്പറമ്പ് ബിഷപ്പ് വാഴപ്പിള്ളി മെമ്മോറിയല്‍ ഹൈസ്ക്കൂള്‍ ജന്മം കൊണ്ടതുപോലും 'സജയന്‍-ലക്ഷ്മി' പ്രണയജോഡികള്‍ക്കു വേണ്ടിയായിരുന്നു എന്ന മട്ടിലായിരുന്നു ആ ദിനങ്ങള്‍.

സജയന്‍ എന്റെ നാട്ടുകാരനായിരുന്നു, എന്റെ പരിചയക്കാരനും, നല്ല ഉയരവും, വെളുത്തനിറവും, വിടര്‍ന്ന ചിരിയുമായി ദിവസനും ചന്ദനക്കുറിയണിഞ്ഞു വന്ന ആ ചെറുക്കനെ പല സുന്ദരികളും ഉള്ളാലെ മോഹിച്ചിരുന്നു എന്നാണറിവ്. നാ‍ട്ടിലെ അലമ്പിനും അലവലാതികള്‍ക്കും പങ്കെടുക്കാതിരുന്ന സജയന്‍ അഞ്ച്, ആറ് ക്ലാസ്സുകളിലെ രാവിലെയുള്ള സ്ക്കൂള്‍ യാത്രയില്‍ എന്റേയും സുഹൃത്താവാറുണ്ടായിരുന്നു. ഞാനന്ന് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സജയന്‍ പത്താംക്ലാസ്സില്‍. ഞങ്ങള്‍ ശിശുക്കളുടെയൊക്കെ ചേട്ടന്മാര്‍. പത്തം ക്ലാസ്സെന്നു പറഞ്ഞാല്‍ കല്‍പ്പറമ്പ് സ്ക്കൂളിലെ ആര്‍മ്മാദത്തിന്റെ അവസാനവര്‍ഷം, കലാശകൊട്ട്.

തിളക്കമാര്‍ന്ന വിടര്‍ന്ന കണ്ണുകളുള്ള, മൂക്കിന്‍ തുമ്പത്ത് തിളങ്ങുന്ന മൂക്കൂത്തിയിട്ട ഒരു സുന്ദരിക്കുട്ടിയായിരുന്നു ലക്ഷ്മി. കല്‍പ്പറമ്പിനു സമീപത്തുള്ള മറ്റൊരു ഗ്രാമത്തില്‍ നിന്നും വരുന്ന ആ ഗ്രാമീണ സുന്ദരിക്ക് നീളമുള്ള ചുരുണ്ട മുടി ധാരാളമുണ്ടായിരുന്നു.വെളുത്ത് കൊലുന്നനെയുള്ള, ആരെയും കൂസാത്ത മുഖഭാവമുള്ള കൂട്ടുകാരികള്‍ക്കിടയില്‍ കലപില സംസാരംകൂട്ടുന്ന മനോഹരമായി ചിരിക്കുന്ന ഒരു മിസ്. കല്‍പ്പറമ്പ്.

സദാചാരം മാമ്മോദീസ മുക്കിയ, വിലക്കുകള്‍ കന്മതിലുകള്‍ തീര്‍ത്ത കല്‍പ്പറമ്പ് സ്ക്കൂളില്‍ വെച്ച് ഇവരെങ്ങിനെ പ്രേമിച്ചു തുടങ്ങി,പ്രേമം വെളിപ്പെടുത്തി എവിടെവെച്ച് പ്രേമം പങ്കുവെച്ചു എന്നതൊക്കെ ആഴത്തില്‍ അന്വേഷിച്ചാലും കിട്ടാത്ത വസ്തുതയാണ്. അതിനെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കു പോലും ഒരു നിഗമനത്തിലെത്താനോ അതിന്റെ ചരിത്രരേഖകള്‍ സംഘടിപ്പിക്കനോ സാധിച്ചിട്ടില്ലത്രെ. പക്ഷെ, അക്കാലത്ത് കല്‍പ്പറമ്പിലെ സകലമാന ജനങ്ങള്‍ക്കും ഒന്നറിയാമായിരുന്നു. ഒരു ഡോക്ടറൂടേയും സഹായമില്ലാതെ, ഒരു ഓപ്പറേഷനും കൂടാതെ സജയനും ലക്ഷ്മിയും പരസ്പരം ഹൃദയങ്ങള്‍ കൈമാറി എന്നുള്ള പരമ പ്രപഞ്ച സത്യം.!

ഏഴാം ക്ലാസ്സില്‍ വെച്ച് ഞാനും ഗിരീഷും കൂടെയുള്ളവര്‍ക്ക് പടം വരച്ചുകൊടുക്കുന്നതില്‍ മത്സരിക്കുകയായിരുന്നു. ഞാനൊന്ന് വരച്ചാല്‍ അവന്‍ രണ്ടെണ്ണം എന്നാല്‍ പിന്നെ ഞാന്‍ നാലെണ്ണം. പടം വരച്ചും, പിണങ്ങിയും ഇണങ്ങിയും ദിവസങ്ങള്‍, മാസങ്ങള്‍ നീങ്ങവെ ഒരു ദിവസം രാവിലത്തെ ഇന്റര്‍വെല്ലില്‍ സ്ക്കൂളിനു സമീപത്തെ ധനലക്ഷ്മി ബാങ്കിന്റെ മതിലില്‍ മൂത്രം ധാരധാരയായി ഒഴിച്ചുകൊണ്ടിരിക്കെ എന്റെ തൊട്ടടുത്ത് നിന്ന ഗിരീഷ് പറഞ്ഞു :

"ഡാ.....ഒരു കാര്യണ്ട്...നീ ആരോടും പറയരുത്..."

"എന്തൂട്ട് കാര്യണ്ടാ? നീ പറ" ഞാന്‍ 'മിഷന്‍' പൂര്‍ത്തിയാക്കി ട്രൌസര്‍ താഴ്ത്തി.

മിഷന്‍ പൂര്‍ത്തിയാക്കാന്‍ അവന്‍ കുറച്ചുകൂടി നേരമെടുത്തു.

'ഇവന് ഇത്രേം മൂത്രോ? അതും ഈ ശരീരത്തില്?' വെളുത്തു മെലിഞ്ഞ ഗിരീഷിനെ നോക്കി ഞാന്‍ അത്ഭുതപ്പെട്ടു.

"ഡാ ലക്ഷ്മില്ലേടാ...ഇമ്മ്ടെ സജയന്റെ ലൈന്‍. അവള്‍ടെ ഒരു ലൌ ലെറ്റര്‍ കിട്ടീട്ടിണ്ട് എനിക്ക്' ഗിരീഷ്.

"ഒന്നു പോയേരാ ചെക്കാ..." ഞാനവനെ കളിയാക്കി.

"അല്ലെഡാ നന്ദകുമാറെ, സത്യായിട്ടും. അവള് ഇപ്പ തന്നതാ എനിക്ക്"

"നിനക്കാ....? നിനക്കെന്തിനാഡാ അവള് കത്ത് തരണത്? അവള് സജയന്റെ ലൈനല്ലേ?"

"നീ പറയണത് കേക്കഡക്കെ, സജയന്‍ പനിയായിട്ട് അഞ്ചാറുസം ഉസ്ക്കൂളില് വരണ് ല്ല്യ. അപ്പ ലക്ഷ്മി സജയന് കൊടുക്കാന്‍ വേണ്ടി ഇന്റേല് തന്നതാ അവള്ടെ ലൌലെറ്ററ്." ഗിരീഷ് കാര്യം വെളിപ്പെടുത്തി.

ഞാന്‍ വിശ്വാസം വരാതെ അവനെ നോക്കി.

"അതേഡാ നന്ദകുമാറെ, ദിപ്പോ ദീ ഇന്റര്‍വെല്ലിന് അവള് തന്നതാ...ന്റെ പോക്കലിണ്ട്."

'നൊണ" ഞാന്‍ പറഞ്ഞു " എന്തിനാഡാ ഗിരീഷേ നൊണ പറയണത്...ഞാന്‍ വിശ്വസിക്കില്ല"

സ്ക്കൂളിനു സമീപത്തുള്ള കപ്പേളക്കു പിറകില്‍ നിന്ന് ട്രൌസറിന്റെ പോക്കറ്റീന്ന് കത്ത് പകുതി പുറത്തേക്കെടുത്ത് അവനത് കാണിച്ചു തന്നു.

ഒരു ചുവന്ന കവര്‍. (പണ്ട് കത്തയക്കാനും, കല്ല്യാണത്തിന് കാശും കൊടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന പിങ്ക്/ഇളം ഓറഞ്ച് നിറത്തിലുള്ള എന്‍വെലപ്പ്)

എന്റെ കണ്ണുകള്‍ വിടര്‍ന്നു...ഉരുണ്ടു...തുറിച്ചു..

"നേരാണോ ഗിരീഷെ നീ പറയണത്? സത്യം....?"

"അതേഡാ സത്യം ഇതവളുടെ ലൌലെറ്ററാ...സജയന് കൊട്ക്കാന്‍"

എനിക്കു എന്നിട്ടും വിശ്വാസമായില്ല. ഞാന്‍ പറഞ്ഞു :

" നീ പറ്റിക്കരുത്.....അമ്മേനെ പിടിച്ച് സത്യം ട് "

"എന്റെ അമ്മ തന്ന്യാണെ സത്യം.."

ഘണ്ഠാരന്‍ മുത്തപ്പനെ പിടിച്ച് സത്യം ട് "

"ഘണ്ഠാരന്‍ മുത്തപ്പനാണെ ഇത് ലക്ഷ്മിടെ കത്താ.."

"ഗുരായരപ്പനെ പിടിച്ച് സത്യം ട് "

"ഗുരായരപ്പനാണെ...അയ്യപ്പസാമ്യാണെ സത്യം. ഇദ് ലക്ഷ്മീടെ കത്താ....ഞാന്‍ നൊണ പറയണതല്ല"

ഒരു സത്യത്തില്‍ രണ്ടു ദൈവം.!!! .....മതി എനിക്കു വിശ്വാസമായി.

അവന്റെ പോക്കറ്റിലിരിക്കുന്ന പകുതി പുറത്തു കാണാവുന്ന ആ കത്ത് കണ്ടിട്ട് എനിക്കെന്തൊ ഒരിത്.....എന്റെ ചങ്കും കൈയ്യും കാലും വിറക്കുന്ന പോലെ...അതുവരെ അങ്ങിനെയൊരു കത്ത് ഞാന്‍ കണ്ടിട്ടില്ല.

"ഞാനാ കത്ത് ഒന്നു തൊടട്ടഡാ ഗിരീഷേ?" ഞാന്‍ വിറച്ചു വിറച്ചു ചോദിച്ചു.

ഗിരീഷ് നാലുപാടും ഒന്ന് നോക്കി, ലോക്കറില്‍ നിന്ന് ആഭരണമെടുക്കും പോലെ കീശയില്‍ നിന്ന് കത്തെടുത്ത് തന്നു.
ചുവന്ന കവര്‍. ഭദ്രമായി ഒട്ടിച്ചു വെച്ചിരിക്കുന്നു. ഞാനാ കത്ത് തൊട്ടു. കവറിലൂടെ വെറുതെ കയ്യോടിച്ചു., തിരിച്ചും മറിച്ചും നോക്കി. കത്തിനു നല്ല കനം.!

" ഉം.. ഉള്ളില് കൊറേ എഴുതീട്ടുണ്ടാവും..." ഞാന്‍ പറഞ്ഞു.

" മതീഡെക്കെ..." ഗിരീഷ് കത്ത് വീണ്ടും പോക്കറ്റിലേക്ക് തള്ളി.

സ്ക്കൂളില്‍ വീണ്ടും മണി മുഴങ്ങി. ഞങ്ങള്‍ ക്ലാസ്സുകളിലേക്ക് പോയി. ക്ലാസ്സില്‍ കയറുന്നതിന് മുമ്പ്, 'ഇതാരോടും പറയരുതെന്ന് അവന്‍ രഹസ്യമായി എന്നോടു പറഞ്ഞു.'

രത്നവല്ലിടീച്ചര്‍ ക്ലാസ്സിലേക്കു വന്നു. എന്താണ്ടൊക്കെ പറഞ്ഞു. എന്താണ്ടൊക്കെ എഴുതിച്ചു. ഞാനൊന്നും കേട്ടില്ല, കണ്ടില്ല, എഴുതിയില്ല. എന്റെ മനസ്സ് മുഴുവന്‍ ആ കത്തിലായിരുന്നു. ജീവിതത്തിലാദ്യമായാണല്ലൊ അങ്ങിനെയൊന്നു കാണുന്നത്.

'അതിനകത്ത് എന്തായിരിക്കും ? എനിക്കാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല.
എന്തായാലും അത് വായിക്കണം, വായിച്ചേ പറ്റൂ...എന്താ എഴുതിയിരിക്കുന്നത് എന്നറിയണമല്ലോ.."

ഈ പ്രേമം എന്ന് പറഞ്ഞാല്‍ എന്താണ് ..എവിടെയാണ് ...എങ്ങിനെയാണ് എന്നൊന്നും ഒരു പിടിയുമില്ല. നമ്മക്കാണെങ്കില്‍ പ്രേമിക്കാനുള്ള പ്രായൊന്നും ആയിട്ടില്ല. ഇപ്പോഴത്തെ കാലമൊന്നുമല്ലല്ലൊ. അന്നൊക്കെ ഏഴാം ക്ലാസ്സെന്നു പറഞ്ഞാല്‍ ശരിക്കും ശിശുക്കളാണ്. പോരാത്തതിന് പള്ളിസ്ക്കുളും. ഇപ്പോ അങ്ങിനെയാണോ? ഏഴാം ക്ലാസ്സ് ആകുമ്പോഴേക്കും പെണ്‍പിള്ളാര് പുളിമാങ്ങയും, മസാലദോശയും ചോദിക്കും....ലഞ്ച് ബോക്സില്‍ പുളിമാങ്ങയുടെ കഷണങ്ങള്‍ മമ്മി എടുത്തുവെച്ചു കൊടുത്തുവിടും. ചെറുക്കന്മാരാണെങ്കില്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ പോയി 'മൂഡ്സ് പ്ലീസ്' ചോദിക്കും. പക്ഷെ, പണ്ട് അങ്ങിനെയല്ലല്ലൊ!

മൂന്നാമത്തെ പിരീഡ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഗിരീഷിനെ തോണ്ടി വിളിച്ചു പറഞ്ഞു :

" ഡാ...നമുക്കാ കത്ത് വായിക്കാം..."

"ഞാനത് നിന്നോട് പറയാനിരിക്കായിരുന്നു. പക്ഷെ എങ്ങനെണ്ടാ??"

"നമുക്കാ കവറ് പൊളിച്ച് കത്തെടുത്ത് വായിക്കാം. നീ പൈങ്ങോട്ടിലെ ചന്ദ്രേട്ടന്റെ പീട്യേന്ന് വേറൊര് കവറ് വാങ്ങി അതിലിട്ട് കൊടുത്താല്‍ മതി."

അല്ലെങ്കിലും കുരുട്ടു ബുദ്ധിയില്‍ അന്നും ഞാന്‍ മിടുക്കാനാണ്.

ഗിരീഷിനു ആശ്വാസമായി. അവന്‍ പറഞ്ഞു :

" ആ അദ് മതി. അതാവുമ്പോ സജയനും അറീല്ല്യാ..ലക്ഷ്മീം അറീല്ല്യാ..!!"

"നമുക്ക് ഉച്ചക്കലത്തെ ഇന്റര്‍വെല്ലിന് കത്ത് പൊളിച്ച് വായിക്കാം" ഞാന്‍ പ്ലാന്‍ പറഞ്ഞു

"മതീഡാ, അപ്പ മതി... സൌകര്യായിട്ട് വായിക്കാം." ഗിരീഷിനു നൂറു സമ്മതം.

സേവ്യര്‍ മാഷ് ക്ലാസ്സില്‍ വന്നു. നൈട്രജനും, ഓക്സിജനും, ഹൈഡ്രജനും ക്ലാസ്സ് മുറിയില്‍ നിറഞ്ഞു. ഇവിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ ഒരു അണുബോംബും പോക്കറ്റിലിട്ട് ഇരിക്കുന്ന കാര്യം മാഷുണ്ടൊ അറിയുന്നു.!! ഞാനും ഗിരീഷും ഇടയ്ക്കിടക്ക് മുഖത്തോടു മുഖം നോക്കി.

' എന്താണ്ടാ ബെല്ലടിക്കാത്തെ...പണ്ടാറടങ്ങാനായിട്ട്..'

നിമിഷങ്ങള്‍ യുഗങ്ങളെപ്പോലെ കടന്നുപോയതിനൊടുവില്‍ അകലെനിന്ന് ഒരു കൂട്ടമണി മുഴങ്ങി.

ഞാനും ഗിരീഷും വീട്ടില്‍ നിന്നും കൊണ്ടുവന്ന ചോറ് ഉണ്ടു ഉണ്ടില്ല എന്ന മട്ടില്‍ വലിച്ചുവാരി അണ്ണാക്കിലേക്കെറിഞ്ഞു. പൈപ്പിഞ്ചോട്ടില്‍ പോയി പാത്രം കഴുകി യഥാസ്ഥാനത്ത് വച്ച് സ്ക്കൂളിന്റെ തെക്കേ ഗയിറ്റിലൂടെ പുറത്തേക്ക് പാഞ്ഞു.

സ്ക്കൂളിനു പുറത്തും ഗ്രൌണ്ടിലും, പഞ്ഞിക്കായകള്‍ പൊട്ടിത്തൂവിയ പോലെ നിറയെ പിള്ളേര്.

"എവിടെ വെച്ച് കത്തു വായിക്കും? നെറച്ചും പിള്ളേരാണല്ലോ, ഒരു രക്ഷയുമില്ലല്ലൊ ഘണ്ഠാരമുത്തപ്പാ.."

"ദാ അങ്ങ്ട് പൂവ്വാം" സ്ക്കൂളിനപ്പുറത്തെ ചാലിയന്റെ കട ചൂണ്ടി ഞാന്‍ പറഞ്ഞു.

സ്ക്കൂളിനു സമീപം ചാമക്കുന്ന് ഗ്രാമത്തില്‍ നിന്നും വരുന്ന ഒരു 'ചാലിയന്റെ' പലചരക്കു കടയാണ്. അതിനു പുറകില്‍ ചെറിയൊരു വെളിമ്പറമ്പാണ്.പലചരക്കു കട രണ്ടു നിലയായതുകൊണ്ട് ഒരു വശത്ത് മുകളിലേക്കുള്ള സിമന്റ് ഗോവണിയാണ്. ഗോവണിയും കടയും ചേരുന്ന പുറകുവശത്ത് ചെറിയൊരു ഗ്യാപ്പുണ്ട്. അവിടെ നിന്നാല്‍ ആരും കാണില്ല. ആ വശത്തേക്ക് കുട്ടികള്‍ വരാനുള്ള സാദ്ധ്യതയും കുറവ്.

"ആ അദ് മതി.. അവിടേക്ക് പൂവ്വാം." ഗിരീഷിനു സമ്മതം.

ഞാനും ഗിരീഷും 'ഓപ്പറേഷന്‍ ലൌ ലെറ്റര്‍' നടത്താന്‍ ചാലിയന്റെ കടയുടെ പുറകുവശത്തേക്ക് മാര്‍ച്ച് ചെയ്തു.

പുറകിലെത്തി ചുറ്റും നോക്കി ആരുമില്ലെന്നു ഉറപ്പു വരുത്തി ഗിരീഷ് ട്രൌസറിന്റെ പോക്കറ്റില്‍ നിന്നും കത്തെടുത്തു.

എന്റെ ചങ്ക് പതിവിലും വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി കവര്‍ പുറത്തേക്കെടുക്കുമ്പോള്‍ ഗിരീഷിന്റെ കുഞ്ഞിച്ചങ്കും മിടിക്കുന്നത് ഞാന്‍ കേട്ടു. രണ്ടു പേരുടേയും ചങ്കിടിപ്പ് ഡ്രമ്മര്‍ ശിവമണിയുടെ അനര്‍ഗ്ഗള മേളം പോലെ ദ്രുത വേഗം പൂണ്ടു. ഏതാണ്ട് ഒരു ആറാം കാലത്തിലുള്ള പെരുക്ക്. ഒരു അടിപൊളി ഫാസ്റ്റ് നമ്പറിനുള്ള റിഥം.

കവറിന്റെ ഒട്ടിച്ചുവെച്ച ഭാഗം പതുക്കെ അടര്‍ത്താന്‍ ഗിരീഷ് ശ്രമിച്ചു. സൂഷ്മമായി പൊളിച്ചെടുക്കാനുള്ള ശ്രമമാണ്.

'ദുഷ്ടന്‍' ഞാന്‍ മനസ്സില്‍ പറഞ്ഞു. ' ഒരു കവര്‍ വാങ്ങിക്കാനുള്ള ത്വല്ല ഒഴിവായിക്കിട്ടുമല്ലൊ...പിശുക്കന്‍.'

"നീ പൊളിക്കങ്ങ്ട്......." ആക്രാന്തം കൊണ്ട് ഞാനലറി.

ലാ‍ത്തിച്ചാര്‍ജ്ജിനു തയ്യാറായ പോലീസുകാര്‍ മേലധികാരിയുടെ 'ഫയര്‍ര്‍ര്‍' എന്ന കമാന്റ് കേട്ടതുപോലെ....ഗിരീഷ് ആ കവര്‍ വലിച്ചു കീറി.

പ്രതീക്ഷയോടെ നോക്കിയ ഞങ്ങളുടെ നാല് കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അതാ....മറ്റൊരു കവര്‍.

"ശെടാ.....ഇതെന്ത് മാജിക്കാ..."

ഗിരീഷ് പൊളിച്ചെടുത്ത കവറിലേക്കും, കയ്യിലിരിക്കുന്ന പുതിയ കവറിലേക്കും മാറി മാറി നോക്കി.

ഞാന്‍ വാ പൊളിച്ചു നിന്നു.

"ഇനി ഇങ്ങനെയായിരിക്കുമോ ലൌ ലെറ്റര്‍ പൊതിയുന്നത്?? അല്ലാ...നമുക്ക് മുന്‍ പരിചയം ഒന്നും ഇല്ലല്ലൊ..!" ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു.

ഗിരീഷ് അടുത്ത കവര്‍ വലിച്ചു കീറി.

പ്രതീക്ഷയോടെ നോക്കിയ ഞങ്ങളിലേക്ക് അത്ഭുതത്തിന്റെ എട്ടുനില അമിട്ട് പൊട്ടിച്ചുകൊണ്ട് അതാ മൂന്നാമത്തെ കവര്‍!!

"ദെന്തൂട്ട്...മൈ...മൈ.....മറ്റേതണ്ടാ നന്ദകുമാറെ... കവറിനുള്ളില്‍ വീണ്ടും കവറോ??"

"ഇങ്ങനെ ആയിരിക്കുഡെക്കേ ലൌ ലെറ്റര്‍ കൊടുക്കാ.." ഞാനെന്റെ പൊതുവിഞ്ജാനം വിളമ്പി. " എന്തായാലും പൊളിച്ചു. ഇനീം പൊളിക്കങ്ങ്ട്."

ഗിരീഷ് മൂന്നാമത്തെ കവര്‍ കീറി
നാലാമത്തേയും കവര്‍ കീറി
അഞ്ചാമത്തേയും കീറി
ആറാമത്തേയും കീറി.

പേടികൊണ്ടും, അദ്ധ്വാനം കൊണ്ടും ഞങ്ങള്‍ വിയര്‍ത്തു. അഞ്ച് മിനുട്ടിനുള്ളില്‍ കത്ത് പൊളിച്ച് വായിച്ച് സ്ക്കൂട്ടാവാനുള്ള ഞങ്ങളുടെ ശ്രമം പൊളിയുകയാണ്. മജീഷ്യന്‍ വായില്‍ നിന്ന് റിബ്ബന്‍ വലിച്ചെടുക്കുന്നപോലെ ഒന്നിനു പുറകെ ഒന്നായി കവറുകള്‍....ഓരോന്നും പൊളിച്ചെടുക്കുമ്പോള്‍ ഒരു ചുവന്നചിരി ചിരിച്ച് അടുത്ത കവര്‍.

ഒരു പ്രതികാരദാഹത്തോടെ ഗിരീഷ് ഏഴാമത്തെ കവറും വലിച്ചു കീറി.

ഞങ്ങളുടെ കണ്ണുകളില്‍ വിജയത്തിളക്കം. ഞാനും ഗിരീഷും ഒരു ചിരിയോടെ പരസ്പരം നോക്കി.

വെളുവെളുത്ത, നാലായി മടക്കിയ ഒരു കത്ത് ഗിരീഷിന്റെ കയ്യിലിരുന്ന് വെളുക്കെച്ചിരിച്ചു.

" അമ്പടീ ഭയങ്കരീ.... " ഞാന്‍ മനസ്സില്‍ പറഞ്ഞു. "കത്ത് ആരും കട്ട് വായിക്കാതിരിക്കാന്‍ അഞ്ചെട്ട് കവറിലാക്കി തന്നിരിക്കാലേ....ഉം...."

വിറക്കുന്ന കൈകളോടെ ഗിരീഷ് കത്ത് നിവര്‍ത്തി. വരയില്ലാത്ത കണക്കു ബുക്കിന്റെ നടുപേജുകള്‍ കീറിയെടുത്തിട്ടാണ് ആ കത്തെഴുതിയിരിക്കുന്നത്. ഇരു പേജുകള്‍ക്കു നടുവിലായി നൂലില്‍ നിന്നും കീറിയെടുത്ത അടയാളം കാണാം. മൊത്തം പത്തുപതിനഞ്ചോളം പേജുകള്‍ കാണും.

എനിക്കു കൂടി കാണാവുന്ന വിധത്തില്‍ ഗിരീഷ് കത്തു നിവര്‍ത്തി പിടിച്ചു. ആദ്യത്തെ വാചകം ഞങ്ങള്‍ വായിച്ചു.

"എന്റെ പുന്നാര കുട്ടന്.."

"ശോ..!" നാണം കൊണ്ട് ഞങ്ങള്‍ ചുവന്നു. (വെളുവെളുത്ത ഗിരീഷ് ചുവന്നു. കറുകറുത്തു തടിച്ച ഞാന്‍ പറയാകാത്ത ഏതോ ഒരു കളറിലായി)

"എന്റെ ചക്കരക്കുട്ടന് മോളുടെ ഒരായിരം ഉമ്മ......ഉമ്മ........ഉമ്മ...."

ഗിരീഷ് ഇരുകാലുകളും പിണച്ചുനിന്നു. ഞാന്‍ തൊട്ടടുത്ത ഗോവണിച്ചുമരില്‍ കൈ മുറുകെ പിടിച്ചു.

"എത്ര ദിവസമായി എന്റെ സജയന്‍ കുട്ടനെ ഞാന്‍ കണ്ടിട്ട്..കുറച്ചു ദിവസം വരാതിരുന്നപ്പോള്‍ എനിക്കു ശരിക്കും സങ്കടമായി ഇനി എന്നാ വരാ..?"

വീണ്ടും ചുംബന വര്‍ഷം... ആ ചുബനങ്ങള്‍ ഞങ്ങള്‍ കട്ടെടുത്തു ആസ്വദിക്കവെ....ഏതോ ഒരുത്തന്‍ ആ വഴി വന്നു ഞങ്ങളെക്കടന്ന് ഓടിപ്പോയി. അവനു പിന്നാലെ വേറൊരുത്തനും. അവന്മാര്‍ 'ഓടിപ്രാന്തി' കളിക്കുകയാണ്.

"കുട്ടനില്ലാതെ ഒരു ദിവസം പോലും എനിക്ക് ഇരിക്കാനാവുന്നില്ല. ക്ലാസ്സിലിരിക്കുമ്പോഴും എനിക്കെന്റെ പൊന്നിനെത്തന്നെയാണ് ഓര്‍മ്മ"

എന്റെ കുട്ടന് ഒരായിരം ഉമ്മ.............ഉമ്മ..............ഉമ്മ...

ഞങ്ങള്‍ വിയര്‍ത്തു. പുട്ടിനു തേങ്ങയെന്നപോലെ ഓരോ പാരഗ്രാഫും തീരുമ്പോള്‍ ഉമ്മകളുടെ നീണ്ട നിര. പ്രേമം തുടിച്ചു നിന്ന ആ വാചകങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങളുടെ അരക്കെട്ടിലെവിടെയോ ഒരു ബോംബു പൊട്ടിയതായി തോന്നി. ഗോവണിച്ചുവരില്‍ വച്ചിരുന്ന എന്റെ കയ്യില്‍ നിന്നു വിയര്‍പ്പ് അരിച്ചിറങ്ങി. ഗിരീഷ് കാലുകള്‍ പരമാവധി പിണച്ചുനിന്ന് 'ബെല്ലി ഡാന്‍സി'ന്റെ പോസിലായി.

പെട്ടന്ന് മൂന്നാല് പിള്ളേര്‍ ആ വഴി ഓടിവന്നു, ഞങ്ങളെ നോക്കി കടന്നുപോയി.അവര്‍ക്കു പിന്നിലായി വേറെയും സംഘങ്ങള്‍ വരുന്നതും ഞങ്ങള്‍ കണ്ടു.

"കത്ത് മാറ്റിക്കോടാ.." ഞാന്‍ പറഞ്ഞു.

കത്തും പൊളിച്ചെടുത്ത കവറുകളും ഗിരീഷ് ട്രൌസറിന്റെ പോക്കറ്റിലേക്ക് പൂഴ്ത്തി.

സ്ഥലം സെയ്ഫല്ല എന്നറിഞ്ഞതോടെ ഞങ്ങള്‍ പുറത്തേക്കു വന്നു. 'കത്ത് വായിച്ച സ്ഥിതിക്ക് ഇനി മുഴുവനാക്കാതെ, ഈ രാത്രിയെന്നല്ല ഈ ജന്മത്തുപോലും ഉറങ്ങാന്‍ പറ്റില്ല. പക്ഷെ എവിടെവെച്ച് വായിക്കും?? ചാലിയന്റെ കടയുടെ പരിസരം പിള്ളേരാല്‍ നിറഞ്ഞു കഴിഞ്ഞു.

"വാ...നമുക്ക് വേറെ സ്ഥലം നോക്കാം" ഗിരീഷ് പറഞ്ഞു.

പക്ഷെ എവിടെ? ഗ്രൌണ്ടിലും മൂത്രപ്പുരയിലും ഒന്നും പറ്റില്ല...പിന്നെ...??

ഞാന്‍ ആലോചനയോടെ ആകാശം നോക്കി. ഗ്രൌണ്ടിന്റെ തെക്കേയറ്റത്ത് പ്രതീക്ഷയുടെ അടയാളമായി ഞാനൊരു കുരിശു കണ്ടു.

"കിട്ടിഡാ ഗിരീഷേ.....അദ്ന്നെ സ്ഥലം..."

ഗിരീഷ് എവിടെയെന്നര്‍ത്ഥത്തില്‍ എന്നെ നോക്കി.

"ദാ...അവിടെ... പള്ളീല്." ഗ്രൌണ്ടിന്റെ തെക്കേയറ്റത്തു നില്‍ക്കുന്ന പള്ളിയിലേക്കു ഞാന്‍ വിരല്‍ ചൂണ്ടി.

പള്ളി സുരക്ഷിതമായ സ്ഥലമാണ്. ആളൊഴിഞ്ഞ സ്ഥലം. കൂടി വന്നാല്‍ അച്ചന്‍ മാത്രമുണ്ടാകും അവിടെ. ഈ ഉച്ചസമയത്ത് അച്ചന്‍ നല്ല ഉറക്കമായിരിക്കും.

ഞാനും ഗിരീഷും ഗ്രൌണ്ടിലൂടെ പള്ളിയെ ലക്ഷ്യമാക്കി ഓടി. പള്ളിയുടെ പടവുകള്‍ കയറി ഹാളിലെത്തി. കത്ത് പകുതി വായിച്ച ഞങ്ങളില്‍ ബാക്കി വായിക്കാനുള്ള ആക്രാന്തം മുറ്റിനിന്നിരുന്നു. പ്രാര്‍ത്ഥനാഹാളിന്റെ വലിയൊരു തൂണിനു പുറകില്‍ മറഞ്ഞു നിന്ന് ഗിരീഷ് കത്തെടുത്തു നിവര്‍ത്തി. പരിസരം നിശ്ശബ്ദം. പള്ളിക്കകത്ത് ഒരു ഈച്ചപോലുമില്ല.ഞാനും ഗിരീഷും പിന്നെ മധുരം പൊതിഞ്ഞ ഒരു കത്തും മാത്രം.

നിര്‍ത്തിയേടത്തുനിന്ന് ഞങ്ങള്‍ വായിച്ചുതുടങ്ങി

"ഇനി നമ്മളെന്നാണ് ഒന്നിക്കുക? ഒരുമിച്ച് കല്ല്യാണം കഴിക്കാന്‍ പറ്റുമോ? പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞാല്‍ ഞാനീ കാര്യം അച്ഛനോട് പറയാന്‍ പോകുകയാണ്. കുട്ടനും അതുപോലെ വീട്ടില്‍ പറയില്ലേ?"

വെളുത്ത പേപ്പറില്‍ നീലമഷികൊണ്ട് കുനുകുനെ എഴുതിയ അക്ഷരങ്ങള്‍ ഞങ്ങളെ വേറേതൊ ഭൂമികയിലെത്തിച്ചു. ഓരോ വരിയിലും പ്രണയം ഉണര്‍ന്നുനിന്ന ആ ജ്വലനാഗ്നി ഞങ്ങളെ ശരിക്കും തീ പിടിപ്പിക്കുക തന്നെ ചെയ്തു.

"നമ്മുടെ വീട്ടുകാര്‍ നമ്മുടെ കല്ല്യാണത്തിന് സമ്മതിക്കുമോ? ഇല്ലെങ്കിലും നമുക്ക് ഒരുമിച്ച് ജീവിക്കണം. എന്റെ കുട്ടനെ വേര്‍പിരിയാന്‍ എനിക്കു പറ്റുമെന്നു തോന്നുന്നില്ല. കുട്ടനെ രണ്ടു ദിവസം കാണാതിരുന്നപ്പോള്‍ എനിക്കെന്തു വിഷമമായെന്നറിയുമോ? "

"കുട്ടനു പനി കുറവുണ്ടോ? മരുന്നൊക്കെ ശരിക്കും കഴിക്കണം. കുട്ടന്റെ അമ്മ എന്തു പറയുന്നു. കുട്ടന്‍ പനിച്ചുകിടക്കുകയല്ലെ...ആ നെറ്റിയില്‍ എന്റെ ഉമ്മ"

വീണ്ടും ഉമ്മകളുടെ കര്‍ക്കിടക മഴ.

ആള്‍ത്താരയുടെ വന്‍ തൂണില്‍ ഞാന്‍ വട്ടം പിടിച്ചുപോയി. അരമതിലില്‍ ഗിരീഷ് അറിയാതെ ഇരുന്നു പോയി.

കത്ത് മുക്കാലും വായിക്കവെ, ഗിരീഷ് പറഞ്ഞു..:

" ഇവള് പെണ്ണൊന്നുമല്ലഡെക്കേ.... ഇവള് ആണായിരിക്കുംന്നാ തോന്നണേ.."

" അതെങ്ങിനാഡാ.......അവള് പെണ്ണല്ലേ??" ഞാന്‍

"ഒരു പെണ്ണിനൊക്കെ ഇങ്ങിനൊക്കെ എഴുതാന്‍ പറ്റോഡാ... നന്ദകുമാറെ?"

"ആവോഡെക്കെ പറ്റേരിക്കും..." ഞാന്‍ കൈമലര്‍ത്തി.

പ്രണയത്തിന്റെ വികാരങ്ങളും, വിഹ്വലതകളും, നെടുവീര്‍പ്പുകളും അറിയാത്ത ആ പ്രായത്തില്‍ ലക്ഷ്മിയുടെ പ്രണയക്കുറിപ്പ് ഞങ്ങളില്‍ അത്ഭുതത്തിന്റെ പിരമിഡുകള്‍ തീര്‍ത്തു.

ഒരു അരമുക്കാല്‍ മണിക്കുര്‍ എടുത്തുകാണും കത്ത് മുഴുവനായി വായിച്ചു തീര്‍ക്കാന്‍. ഉമ്മകളുടെ തുലാവര്‍ഷ മഴ പെയ്തിറങ്ങിയ കത്ത് ഭദ്രമായി ഗിരീഷ് മടക്കി പോക്കറ്റില്‍ വച്ചു. അപ്പോഴും ഞങ്ങളുടെ കണ്ണുകളില്‍ അത്ഭുതങ്ങള്‍ അവസാനിച്ചിരുന്നില്ല. ആ കത്ത് ഒരു പെണ്‍കുട്ടി എഴുതിയതാണെന്ന് വിശ്വസിക്കാന്‍ വെറും ഏഴാം ക്ലാസ്സുകാരായ ഞങ്ങള്‍ക്ക് എത്രയാലോചിട്ടും പറ്റിയില്ല. കുറച്ചു നേരം ഒന്നു പറയാനാകാതെ ഞങ്ങള്‍ ആള്‍ത്താരയിലിരുന്നു.

"ഏയ് എന്താ അവിടെ..? ക്ലാസ്സില്‍ പോണില്ലേ...?"

എവിടെ നിന്നോ ഒരശീരി. ആരാണ്.....? കര്‍ത്താവായിരിക്കുമൊ?

ഞാന്‍ ഹാളിന്റെ അങ്ങേയറ്റത്തേക്കു നോക്കി. മെഴുകുതിരികളും കുറെ പ്രതിമകളും...

"ദൈവമേ യേശുകൃസ്തു ആണോ....?"

ഗിരീഷിന്റെ നോട്ടം അവിടുന്നും കഴിഞ്ഞ് അപ്പുറത്തെ സിമിത്തേരി വരെ പോയി. ഗിരീഷ് എന്റെ അടുത്തേക്ക് കൂറച്ചു ചേര്‍ന്നു നിന്നു.

' ഇനി അവിടെ ആരെങ്കിലും.........?' ഉച്ചസമയമാണ്.

"എന്താ ക്ലാസ്സില്‍ പോണില്ലേ?" വീണ്ടും അശരീരി.

ഇത്തവണ ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങള്‍ നോക്കി. അപ്പുറത്ത് ബാല്‍ക്കണിയില്‍ നിന്ന് അച്ചന്‍.

"ഞങ്ങള്‍ ഇന്റര്‍വെല്ലിന്...." ഞങ്ങളൊന്നു പരുങ്ങി.

"ബെല്ലടിച്ചത് കേട്ടില്ലേ?..ക്ലാസ്സില്‍ പൊക്കൂടെ..?" അച്ചന്‍ വീണ്ടും..

"ദൈവമേ......!!!" സമയം രണ്ടു മണി കഴിഞ്ഞിരിക്കുന്നു. ക്ലാസ്സ് തുടങ്ങിക്കാണും. ഞാനും ഗിരീഷും ആള്‍ത്താരയും കടന്ന് പുറത്തെ പള്ളിയുടെ പടവുകള്‍ ചാടിയിറങ്ങി ഗ്രൌണ്ടിലൂടെ ഓടി തെക്കേ ഗയിറ്റിലൂടെ സ്ക്കൂളില്‍ കയറി. അപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു.

യഥാസ്ഥാനത്ത് വന്നിരുന്നു ക്ലാസ്സിനെ ശ്രദ്ധിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജീവിതത്തിലാദ്യമായി വായിച്ച അതും ഒരു പെണ്‍കുട്ടിയുടെ മനസ്സു പകര്‍ത്തിയ ഒരു പ്രണയലേഖനം ഞങ്ങളുടെ കൊച്ചുമനസ്സിനെ അന്നും പിന്നീട് ദിവസങ്ങളോളം അലോസരപ്പെടുത്തി.


പരീക്ഷകള്‍ ഒട്ടേറെ കടന്നുപോയി....കല്ലേരിതോട്ടില്‍ വെള്ളം കയറിയും ഇറങ്ങിയും പോയി...കല്ലേരിപ്പാടത്ത് നെല്‍മണികള്‍ വിതച്ചു, കൊയ്തു. ഇടവഴികള്‍ ടാര്‍ ചെയ്തു. വിജനമായ ഇടവഴികള്‍ക്കിരുപുറവും പുതിയ വീടുകള്‍ വന്നു. ശീമക്കൊന്നകള്‍ വെട്ടിയരിയപ്പെട്ടു.

ഏതൊരു സ്ക്കൂള്‍ പ്രണയവും പോലെ 'സജയന്‍-ലക്ഷ്മി' പ്രണയവും കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് പോയി. സ്ക്കുള്‍ ഫൈനലിനു ശേഷം ആ പ്രണയവൃക്ഷത്തിന്റെ ഇലകള്‍ കൊഴിഞ്ഞു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്കു ശേഷം സജയന്‍ ജോലി തേടി ബോംബെയിലേക്കു പോയി. ലക്ഷ്മിയെക്കുറിച്ചൊന്നും കേട്ടില്ല. കല്‍പ്പറമ്പ് സ്ക്കൂളും കുട്ടികളും ഇരുഗ്രാമങ്ങളും ആ പ്രണയവും മറന്നു. അല്ലെങ്കില്‍ അതിനു മുകളിലേക്ക് മറ്റു ചില പ്രണയജോഡികളുടെ പേരുകള്‍ വന്നു.

കാലം പഴയ ഓര്‍മ്മകളെ തുടച്ചു നീക്കി വെടിപ്പാക്കി.

വര്‍ഷങ്ങള്‍ എന്നെ ഒരു പരസ്യ ചിത്രകാരനാക്കി, ഗിരീഷിനെ ഫോട്ടോഗ്രാഫറും. ഒരു ഹൃസ്വ പ്രണയത്തിനൊടുവില്‍ കാമുകിയെത്തന്നെ വിവാഹം കഴിച്ച് ഗിരീഷ് ഗള്‍ഫിലേക്ക് പറന്നു. നീണ്ട ഉപജീവനയാത്രയില്‍ എറണാകുളം, തൃശൂര്‍, കോയമ്പത്തൂര്‍, നെന്മാറ, പാലക്കാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് എന്റെ ജീവിതം പലപ്പോഴായി എടുത്തെറിയപ്പെട്ടു.


***********************************************

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് മഴ പെയ്തൊഴിഞ്ഞൊരു പാലക്കാടന്‍ പ്രഭാതത്തില്‍ ഒരു പത്രവാര്‍ത്തയിലൂടെ ഞാനറിഞ്ഞു, കേരളത്തിലെ ഏതോ ഒരു പാതയില്‍ വെച്ച് ലക്ഷ്മി അപകടത്തില്‍ പെട്ടു മരിച്ചെന്ന വാര്‍ത്ത.

പത്രവാര്‍ത്തയില്‍ വിശ്വാസം വരാതെ ഞാന്‍ പൈങ്ങോടുള്ള എന്റെ സുഹൃത്തുക്കളെ ഫോണ്‍ വിളിച്ചു.

"എടാ....ഇത് ഞാനാ നന്ദു. ഞാനിന്ന് മനോരമയില്‍ ഒരു ന്യൂസ് കണ്ടു......."

"അതേടാ..ഞങ്ങളും പത്രത്തീന്നാ അറിഞ്ഞത്. .......അവരു തന്നെ.......കല്‍പ്പറമ്പ് സ്ക്കൂളില്‍ പഠിച്ച....."

ഞാന്‍ ഫോണ്‍ കട്ടു ചെയ്തു.

ഓര്‍മ്മകള്‍ കുറച്ചു നേരത്തേക്ക് എന്നെ വീണ്ടും ഒരു ഏഴാം ക്ലാസ്സുകാരനാക്കി..പഴയകാല ഓര്‍മ്മകള്‍ ഒരു മൊണ്ടാഷ് പോലെ മനസ്സില്‍....

ലക്ഷ്മി എന്നെ അറിയില്ല. ഞങ്ങള്‍ പരസ്പരം സംസാരിച്ചിട്ടില്ല..പരിചയപ്പെട്ടിട്ടുപോലുമില്ല. പക്ഷെ കാലം അവളുടെ ഒരു പ്രണയക്കുറിപ്പ് അവിചാരിതമായി എന്റെ കയ്യില്‍ കൊണ്ടു വന്നു തന്നു. ഒരുപാടു വര്‍ഷങ്ങള്‍ക്കിപ്പുറം അപ്രതീക്ഷിതമായി അവളുടെ മരണക്കുറിപ്പും....

കാലം എന്തൊക്കെയാണ് നമുക്ക് തന്നിട്ടു പോകുന്നത്................?!!?

.

Thursday, April 10, 2008

താനാരൊ തന്നാരോ തന താനാരോ തന്നാരോ..!!

"താനാരം തന്നാരം താനാരം ദേവ്യേ..

താനാരം തന്നാരം താനാരം
കാവില്‍ കൊടുങ്ങല്ലൂര്‍ വാണിടും ദേവ്യേ
അമ്മേ ഭഗവതി ഭദ്രകാള്യേ.." *

ജ്വലിക്കുന്ന മീനച്ചൂടില്‍ ചുവന്ന പട്ടുടുത്ത് അരമണിയും ചിലമ്പും കിലുക്കി കോമരങ്ങള്‍ മുറതെറ്റാതെ ഇക്കൊല്ലവും കൊടുങ്ങല്ലൂര്‍ കാവിലേക്ക് വന്നു. മുളവടികളില്‍ തട്ടി 'താനാരം തന്നാരം' പാടി, താളം ചവുട്ടി മണ്ണിന്റെ മക്കള്‍ കാവിലേക്കൊഴുകി. കേരളത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ നിന്നും നേര്‍ച്ച നേര്‍ന്നും പിച്ചതെണ്ടിയും കോമരങ്ങളും കൂട്ടരും കാവിലെത്തി നൃത്തമാടി, ഉറഞ്ഞു തുള്ളി.

സ്വന്തം മണ്ണില്‍ വിളയിച്ചെടുത്ത നെല്ലും, മഞ്ഞളും, കുരുമുള്‍കും അമ്മക്ക് കാഴ്ചവെച്ച് രുദ്രതാളത്തോടെ ഉള്ളിലെ ജ്വലനാഗ്നികള്‍ വായ്ത്താരി പാടി നൃത്തം ചവിട്ടി അമ്മക്കു മുന്നില്‍ അലറിവിളിക്കും, പൊട്ടിക്കരയും, വാള്‍ത്തലപ്പുകളില്‍ ചെഞ്ചോര പൂക്കും. സങ്കടങ്ങളും, പരിഭവങ്ങളും, അഹന്തയും, അഹങ്കാരവും അമ്മക്കു മുന്നില്‍ ഇറക്കിവെച്ച് വെറും പച്ചമനുഷ്യരായി തിരിച്ചു പോകും.

കേരളത്തിലെ പ്രധാനപ്പെട്ട മൂന്നു ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ തെക്ക് കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം. കേരളത്തില്‍ ആദ്യമായി ഭദ്രകാളിയെ കുടിയിരുത്തിയ ക്ഷേത്രമെന്ന പെരുമയുമുണ്ട് കൊടുങ്ങല്ലൂരിന്. അപൂര്‍വ്വമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലെ ഒരു പ്രധാന ഉത്സവമാണ് മീന മാസത്തിലെ ഭരണി മഹോത്സവം. അശ്വതി നാളിലെ കാവുതീണ്ടലാണ് അതില്‍ പ്രധാനം.

വിശ്വാസം ചെമ്പട്ടു പുതക്കുന്ന ഈ ചരിത്ര പ്രസിദ്ധമായ മണ്ണില്‍ മീനത്തിലെ തിരുവോണ ദിവസം ഉച്ചപ്പൂജക്കു ശേഷം വടക്കെ നടയിലെ ദീപസ്തംഭത്തിനു സമീപം മണല്‍ത്തിട്ട രൂപപ്പെടുത്തി അതില്‍ ചെമ്പട്ടു വിരിച്ച് കോഴിയെ സമര്‍പ്പിക്കുന്ന 'കോഴിക്കല്ലു മൂടല്‍' ചടങ്ങോടെ ഭരണി തുടങ്ങുകയായി. കൊടുങ്ങല്ലൂര്‍ ഭഗവതി വീട്ടുകാര്‍ക്കാണ് ആ ചടങ്ങിന് അവകാശം. ചടങ്ങു പൂര്‍ത്തിയായാല്‍ കാരണവര്‍ 'തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടോ' എന്നു മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. ക്ഷേത്രത്തിന്റെ പാരമ്പര്യ അവകാശികളായ വടക്കന്‍ കേരളത്തിലെ തച്ചോളി തറവാട്ടുകാരാണ് ആദ്യം കോഴിയെ സമര്‍പ്പിക്കുക.കോഴിക്കല്ലു മൂടലിനു ശേഷം ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ കോണിലെ ആല്‍മരത്തില്‍ എടമുക്ക് മൂ‍പ്പന്മാര്‍ വേണാടന്‍ കൊടികള്‍ ഉയര്‍ത്തും. കേരളത്തില്‍ ധ്വജപ്രതിഷ്ഠ (കൊടിമരം) ഇല്ലാത്ത ഏകക്ഷേത്രമായ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനും ഭരണിക്കും കൊടിയുയര്‍ത്തുന്നത് ക്ഷേത്രമുറ്റത്തെ അരയാല്‍-പേരാല്‍ കൊമ്പുകളിലാണ്.

പുരാണ കഥാഖ്യാന പ്രകാരം, ലോകാധമനം നടത്തിവന്നിരുന്ന ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികാനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയായി. അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ടാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നണ് വിശ്വാസം. പ്രത്യക്ഷമൈഥുനത്തിന്റെ സൂചനയായിട്ടാണ് തെറിപ്പാട്ടു പാടുന്നത്.

അശ്വതി നാളില്‍ ഉച്ചതിരിഞ്ഞ് സ്ത്രീകളടക്കമുള്ള കോമരങ്ങള്‍ കൂട്ടം ചേര്‍ന്ന് ക്ഷേത്രത്തിനു ചേര്‍ന്നുള്ള അവകാശത്തറകളില്‍ (ആല്‍ത്തറ) സ്ഥാനം പിടിച്ചിരിക്കും. കൊടുങ്ങല്ലൂര്‍ വലിയ തമ്പുരാന്‍ നിലപാടു തറയില്‍ വന്ന് ചുവന്ന പട്ടുകുട ഉയര്‍ത്തുന്നതോടെ 'കാവുതീണ്ടല്‍' ആരംഭിക്കുകയായി. തറയില്‍ ഇരിക്കുന്നവരും മറ്റുള്ള കോമരങ്ങളും കൂട്ടരും ക്ഷേത്രത്തിനു ചുറ്റും ഓടി മൂന്നു വട്ടം പ്രദക്ഷിണം വയ്ക്കും കൂറ്റന്‍ തിരമാലകള്‍ പോലെ അലയടിച്ചു വരുന്ന ഭക്തജനം 'അമ്മേ ദേവ്യേ' എന്നുറക്കെ വിളിച്ച് ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ മുളവടികള്‍ കൊണ്ട് അടിച്ച് , മഞ്ഞള്‍ പൊടിയും കുരുമുള്‍കും വിതറി തിരുനടയിലെത്തി ഉറഞ്ഞു തുള്ളി തിരുനെറ്റിയില്‍ വാള്‍ത്തലപ്പുകൊണ്ട് വെട്ടിയരിഞ്ഞ് നൃത്തം വയ്ക്കും, മുറിവില്‍ അമ്മയുടെ പ്രസാദമായ മഞ്ഞള്‍ പുരട്ടും.

മീനഭരണിയോടനുബന്ധിച്ച് കൊടുങ്ങല്ലൂര്‍ കാവും, നഗരവും ചുവക്കും, അരയാല്‍ കൊമ്പുകളില്‍ കൊടികൂറകള്‍ പാറും, സംഘം ചേര്‍ന്ന് 'തന്നാരം' പാടി ക്ഷേത്രപരിസരത്ത നൃത്തം വയ്ക്കും. 'കോഴിക്കല്ലില്‍; ചുവന്ന പട്ട് വിരിച്ച് നമസ്ക്കരിച്ച് സായൂജ്യമടയും, എല്ലാ സങ്കടങ്ങളും ദേവിക്കു മുന്നില്‍ ഇറക്കിവെയ്ക്കും.

"അമ്മേടെ മക്കള് വന്നിട്ടുണ്ടമ്മേ
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ
നാടിന്റെ മക്കള്, കാടിന്റെ മക്കള്
മണ്ണിന്റെ മക്കള് വന്നിട്ടുണ്ടമ്മേ" *

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നാണ് ഭക്തര്‍ ഏറെയും വരുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ എണ്‍പതു വയസ്സു കഴിഞ്ഞ വൃദ്ധയും വൃദ്ധനും വരെ ഭക്തരിലുണ്ടാകും. 'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്കറിയാം, ഉത്സവം നമ്മുടെ കണ്മുമ്പില്‍ തുറന്നിടുന്നതെന്തെന്ന്. സാധാരണ ജീവിതസാഹചര്യങ്ങളില്‍ ഒരു പുല്‍പ്പായ നിവര്‍ത്തിയിടാന്‍പോലും ശേഷിയില്ലാത്ത വൃദ്ധര്‍ അന്ന് ചെമ്പട്ടുടുത്ത് ഉറഞ്ഞുതുള്ളി നെറുകവെട്ടിപ്പൊളിച്ച് ചോരയൊലിപ്പിച്ച് കാഴ്ച്ചയുടെ ചലിക്കുന്ന ഗോപുരങ്ങളായി നമുക്ക് മുന്നില്‍ നിറയും.ദൈവത്തിന്റെ ശക്തിയല്ല അത്. കലയുടെ ശക്തിയാണ്. ഗോത്രകലയുടെ ശക്തി. അത് സങ്കടവും നിരാശയും നിറഞ്ഞ ഉടലില്‍നിന്ന്,ഉയിരില്‍ നിന്ന് പ്രാചീനമായ ഒരു ഗോത്രജീവിതശക്തിയെ പുറത്തു ചാടിക്കുന്നു.ആഴത്തിലെ ഭൂതകാലത്തെ, ഒരു പ്രാചീനഗോത്രസമത്വത്തെ പില്‍ക്കാലത്തുണ്ടായ വിലക്കുകളില്‍നിന്ന് പുറത്തെത്തിക്കുകയാണവര്‍. ജീവിതസാഹചര്യങ്ങള്‍ ഉണ്ടാക്കിവെച്ച എല്ലാ തടവറകളില്‍ നിന്നും മനുഷ്യന്‍ അവന്റെ/അവളുടെ സ്വേച്ഛയിലെത്തുന്നു.' **

എല്ലാവരും ഒരേ മനസ്സോടെ 'അമ്മേ ദേവ്യേ' വിളിച്ച് കൊടുങ്ങല്ലൂര്‍ കാവിനേയും, നഗരത്തിനേയും ശബ്ദമുഖരിതമാക്കും. സാമൂഹ്യ-ജാതീയ-സാമ്പത്തിക വിത്യാസമില്ലാതെ അമ്മയുടെ മക്കള്‍ ഒരേ മനസ്സോടെ, ഒരേ താളത്തോടെ, ഒരേ വായ്ത്താരിയോടെ തികഞ്ഞ സാഹോദര്യത്തോടെ ക്ഷേത്രമുറ്റത്ത് ഭക്തിയാല്‍ ലയിക്കും. ഓരോ ദേശത്തിനും അവരുടെ ആല്‍ത്തറ, ദേശമൂപ്പന്‍ എന്നിവയുണ്ട്. കലിതുള്ളി വന്ന കോമരങ്ങളും കൂട്ടരും മൂപ്പന്റെ മുന്നില്‍ നമസ്കരിച്ച് മൂപ്പന്റെ അനുഗ്രഹവും വാങ്ങി മഞ്ഞള്‍ പ്രസാദവും അണിഞ്ഞ് തിരിച്ചു പോരും.

അടുത്ത കൊല്ലം ഭരണിനാളില്‍ അമ്മയെ കാണാന്‍ അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയോടെ സ്വന്തം ദേശങ്ങളിലേക്ക് ചേക്കേറാന്‍ തുടങ്ങും.



**********************************************************
കടപ്പാടുകള്‍ : -
* പാട്ട് - സുബ്രഹ്മുണ്യന്‍ പുത്തന്‍ ചിറ,
** 'കൊടുങ്ങല്ലൂര്‍ ഭരണി ഒരു പ്രാവശ്യം കണ്ടവര്‍ക്ക്.....' (ഈ വരികള്‍) - പി.എന്‍.ഗോപീകൃഷ്ണന്‍ (അവലംബം : www.kavithakodi.blogspot.com)
**********************************************************


ഞാനെടുത്ത 'ഭരണി ചിത്രങ്ങള്‍' താഴെ....




























Friday, April 4, 2008

ദാരിദ്ര്യം എന്ന വാക്കിന്റെ അര്‍ത്ഥം...


" ഇനി പറയൂ കുട്ടികളെ, രണ്ടുമൂന്നു ദിവസം പട്ടിണി കിടന്ന്, വിശപ്പു സഹിക്കവയ്യാതായപ്പോള്‍ കുട്ടിയായിരുന്ന ജീന്‍ വാല്‍ ജീന്‍ ബേക്കറിയില്‍ നിന്ന് അപ്പം (ബണ്ണ്) മോഷ്ടിച്ചത് ശരിയാണോ ?"

പൈങ്ങോട് എന്ന എന്റെ കൊച്ചുഗ്രാ‍മത്തില്‍ നിന്നും, ഞാന്‍ പഠിച്ചു വളര്‍ന്ന എന്റെ വായനയുടെ ലോകം വലുതാക്കിയ, തൊട്ടടുത്ത കല്‍പ്പറമ്പ് എന്ന ഗ്രാമത്തിലെ 'കോസ്മോപോളിറ്റന്‍' വായനശാലയിലേക്കുള്ള നടത്തത്തിലായിരുന്നു ഞാനും എന്റെ സുഹൃത്ത് മണികണ്ഠനും.

പൈങ്ങോട്ടിലെ കല്ലേരിപ്പാടവും കഴിഞ്ഞ് കല്‍പ്പറമ്പിലേക്കുള്ള ഇടവഴികളിലൂടെ, മണികണ്ഠന്‍ പറയുന്ന തമാശകള്‍ കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടുള്ള പതിവുയാത്രയായിരുന്നു അത്. ഇടവഴികളുടെ ഇരുവശങ്ങളിലും ശീമക്കൊന്നകള്‍ പൂത്ത് ഇളംചുവപ്പാര്‍ന്ന പൂക്കള്‍ തോരണം തൂങ്ങിയിരുന്നു. പതിവിലേറെ ചുവന്ന ഒരു സന്ധ്യയിലായിരുന്നു ആ സായാഹ്ന നടത്തം. പതിവു ചിരി വര്‍ത്തമാനത്തിനിടയിലെപ്പോഴോ ഞങ്ങള്‍ പഠിച്ചു വളര്‍ന്ന കല്‍പ്പറമ്പ് സ്ക്കൂളും, ജീവിതവും, അനുഭവങ്ങളും സംഭാഷണവിഷയമായി വന്നു. അതിനൊടുവിലാണ് ആറാം ക്ലാസ്സിലോ മറ്റോ മലയാളം ക്ലാസ്സില്‍ വെച്ച് മാഷ് പറഞ്ഞുകൊടുത്ത ജീന്‍ വാല്‍ ജീന്റെ കഥയും അതിനെത്തുടര്‍ന്നുള്ള ചോദ്യവും മണികണ്ഠന്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്.

"ജീന്‍ വാല്‍ ജീന്റെ കഥ പറഞ്ഞ് തന്നിട്ട് മാഷ് ഞങ്ങളോടാ ചോദ്യം ചോദിച്ചു " മണികണ്ഠന്‍ പറഞ്ഞു.

" നമ്മളൊക്കെ റേഷനരി ടീമല്ലേടാ നന്ദ്വോ, നമ്മള് ജീന്‍ വാല്‍ ജീന്‍ ചെയ്തതാ ശരീന്നു പറഞ്ഞു."

“നീ മാത്രേ പറഞ്ഞുള്ളൂ?" ഞാന്‍ ചൊദിച്ചു.

"ഞാനും പിന്നെ വേറെ ചില റേഷനരി ടീമുകളും ഹ! ഹ! ഹ!"

" അല്ലാ അതിലിപ്പോ വല്ല്യ തെറ്റുണ്ടോ" മണികണ്ഠന്‍ തുടര്‍ന്നു " വെശപ്പു കൊണ്ടാ ജീന്‍ വാല്‍ ജീന്‍ അന്നത് ചെയ്തത്. അത് ശര്യാന്നന്യാ അന്നും ഇന്നും എനിക്ക് തോന്നണത്."

" ഒരു തെറ്റുമില്ല." ഞാന്‍ പറഞ്ഞു. "വിശപ്പിനും കാമത്തിനും വേണ്ടിയുള്ള യാത്രയും അലച്ചിലുമാണല്ലോ ജീവിതം......അടിസ്ഥാന വികാരങ്ങളെ തൃപ്തിപ്പെടുത്താനുള്ള പരക്കം പാച്ചില്‍"
ഞാന്‍ ഫിലോസഫറായി.

"ആ അദ്ന്നേ, ഞങ്ങള് കൊറച്ചു പേര് പറഞ്ഞു ജീന്‍ വാല്‍ ജീന്‍ ചെയ്തതാ ശരീന്ന്." മണികണ്ഠന്‍ തുടര്‍ന്നു. :
പക്ഷേണ്ട്ടാ നന്ദ്വോ! അരിപ്പാലത്തുന്നും, പടിയൂര്‍ന്നും വരുന്ന കൊറെ കാശാര് പിള്ളാരില്ലേ, പടിയൂര്‍ത്തെ കൊറെ സായിപ്പമ്മാര് പിള്ളാര് ( ആഗ്ലോ ഇന്ത്യന്‍സ്) പിന്നെ അരിപ്പാലത്തെ ഗള്‍ഫില് അപ്പമ്മാരുള്ള കാശാര് പിള്ളേര്. അവര് പറഞ്ഞു ജീന്‍ വാല്‍ ജീന്‍ ചെയ്തത് തെറ്റാന്ന്. പട്ട്ണ്യാണെങ്കിലും, വെശപ്പാണെങ്കിലും കടേ കേറി കട്ടത് തെറ്റ്ണ്ന്ന്; അങ്ങിനെ പാടില്ല്യാത്രെ..."

ഞാന്‍ പൊട്ടിച്ചിരിച്ചു., മണികണ്ഠനും കൂടെ ചിരിച്ചു. ഞങ്ങളുടെ പൊട്ടിച്ചിരികേട്ട് പച്ചിലത്തലപ്പുകള്‍ വിറകൊണ്ടു. ചിരിക്കൊടുവില്‍ മണികണ്ഠന്‍ ഇത്രയും കൂടി പറഞ്ഞു :

"എന്തൂറ്റ് തെറ്റ്ശ്ട്ടാ ? അല്ലെങ്കിലും ഈ കാശൊള്ളോന്മാര്‍ക്ക് വെശന്നിട്ട് അന്തപ്രാണന്‍ കത്തണതെന്താന്ന് അറിയില്ലെടാ നന്ദ്വൊ "

സന്ധ്യ കൂടുതല്‍ ചുവന്നു വന്നു. എന്‍.ആര്‍ മേനോന്റെ വീടിനു മുന്നിലെ കയറ്റവും കയറി ഞങ്ങള്‍ വായനശാലയുടെ സമീപത്തെ പള്ളിയുടെ പരിസരത്തെത്താറായി. പതിനായിരങ്ങള്‍ക്ക് അപ്പവും വീഞ്ഞും പകര്‍ന്നു നല്‍കിയ പ്രവാചകന്റെ അടയാളമായി പള്ളിക്കു മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന കുരിശു കാണ്മാറായി.

മണികണ്ഠന്‍ അന്നതു പറയുമ്പോള്‍ അവന്റെ വാക്കുകള്‍ക്ക് ; എത്രവെന്തിട്ടും മണം മാറാത്ത റേഷനരിയുടെ ഗന്ധം ഉണ്ടായിരുന്നു, കാന്താരി മുളകിന്റെ എരിവുണ്ടായിരുന്നു. അവന്റെ സംഭാഷണങ്ങളില്‍ ചുട്ട പപ്പടത്തിന്റെ ചാരം പുരണ്ടിരുന്നു.

************************************

മണികണ്ഠന്‍; പൈങ്ങോട് എന്ന എന്റെ ഗ്രാമത്തിലെ നല്ലൊരു സുഹൃത്താണ്. സഹൃദയന്‍, കലാകാരന്‍, അഭിനേതാവ്, നാടകരചയിതാവ് / സംവിധായകന്‍. ഗ്രാമസദസ്സുകളിലെ നിറഞ്ഞ ചിരിസാന്നിദ്ധ്യം. പൈങ്ങോട്ടില്‍ നിന്ന് ആദ്യമായി കൊച്ചില്‍ കലാഭവനില്‍ എത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ്. ഹാസ്യം സൃഷ്ടിക്കാ‍നും, പറയാനും, എഴുതാനും കഴിയുന്ന അപൂര്‍വ്വം ആളുകളില്‍ ഏറെ നര്‍മ്മബോധമുള്ള വ്യക്തി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മണികണ്ഠന്‍ അറിയപ്പെടുന്നത് 'കലാഭവന്‍ മണികണ്ഠന്‍' എന്നാണ്. കേരളത്തില്‍ കോമഡി കാസറ്റ് തരംഗം ഉദയം ചെയ്തതില്‍ മണികണ്ഠന്‍ ഒരു തുടക്കമായിരുന്നു. മണികണ്ഠന്റെ ഹാസ്യകഥാപ്രസംഗങ്ങള്‍ കാസറ്റുകളില്‍ അവതരിപ്പിച്ച സിനിമാതാരങ്ങളും കോമഡി സ്കിറ്റുകള്‍ വേദിയിലും ചാനലിലും അവതരിപ്പിച്ച മിമിക്രിതാരങ്ങളും കേരളത്തില്‍ കുറവ്. 'കലാഭവന്‍ മണി, ഹരിശ്രീ അശോകന്‍, സലിംകുമാര്‍' പിന്നെ 'ടിനി ടോം, മനോജ് ഗിന്നസ്, ഉണ്ണി എസ്. നായര്‍' തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.

പക്ഷെ ആ കോമഡി കാസറ്റ് തരംഗത്തിനു ശേഷം മണികണ്ഠന്‍ ഒന്നുമായില്ല, ആരുമായില്ല. നര്‍മ്മത്തിന്റെ രസതന്ത്രം അറിയാത്ത കോമാളിക്കൂട്ടങ്ങള്‍ സിനിമയിലും, ചാനലികളിലും അരങ്ങു തകര്‍ക്കുമ്പോള്‍ മണികണ്ഠന്‍ എന്ന; ചിരിയെ നിമിഷങ്ങള്‍‍ക്കുള്ളില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന കലാകാരന്‍ പൈങ്ങോട് എന്ന ഗ്രാമത്തില്‍ ഒതുങ്ങിപ്പോയി.

***********************************

ഒരുപാടു നാളുകള്‍ക്കു ശേഷമുള്ള മറ്റൊരു സായാഹ്ന നടത്തമായിരുന്നു അന്നും. പതിവുപോലെ 'കോസ്മോപോളിറ്റന്‍" വായനശാലയിലേക്ക്. ഇടവഴികളിലെ മരങ്ങള്‍ ഇലപൊഴിഞ്ഞ് ശിഖരങ്ങള്‍ നീട്ടിനിന്നിരുന്നു.

തലേദിവസം ഒരു കോമഡി കാസറ്റിന്റെ റെക്കോര്‍ഡിങ്ങ് കഴിഞ്ഞ് എറണാകുളത്തുനിന്നും വന്നതേയുള്ളു മണികണ്ഠന്‍. അടുത്തയാഴ്ച റിലീസാകാന്‍ പോകുന്ന കാസറ്റിലെ തമാശകളും, പാരഡികളും പറഞ്ഞ് ഇടവഴിയിലെ ശൂന്യതയില്‍ പൊട്ടിച്ചിരിയുടെ പൂക്കള്‍ വിതറിക്കൊണ്ട് ഞങ്ങള്‍ നടന്നു.

ചിരിക്കൊടുവില്‍ മണികണ്ഠന്‍ മറ്റൊന്നു പറഞ്ഞു :

റിയാന്‍ സ്റ്റുഡിയോവിലെ റെക്കൊഡിങ്ങും കഴിഞ്ഞ് പാതിരാത്രി എറണാകുളത്തെ ഒരു ലോഡ്ജിലായിരുന്നു മണികണ്ഠനും മറ്റൊരു കലാഭവന്‍ മിമിക്രി സുഹൃത്തും താമസിച്ചത്. പിറ്റേദിവസം നേരം പുലര്‍ന്ന് പ്രൊഡൂസറുടെ വരവും കാത്തിരിക്കുകയായിരുന്നു അവര്‍. പല്ലുതേപ്പും കുളിയും കഴിഞ്ഞ് താഴെ കടയില്‍ നിന്ന് വാങ്ങിയ മാതൃഭൂമിയും, മനോരമയും വായിക്കുകയായിരുന്നു മണികണ്ഠന്‍. വൈകിയെഴുന്നേറ്റ സുഹൃത്ത് കുളിയിലേക്കുള്ള ഒരുക്കത്തിലും.

കഴുത്തിലെ തടിച്ച സ്വര്‍ണ്ണമാലയും, കയ്യിലെ സ്വര്‍ണ്ണ ചങ്ങലയും, മൊബൈലും മേശപ്പുറത്ത് ഊരിവെച്ച് തോര്‍ത്തുടുത്ത് സുഹൃത്ത് മണികണ്ഠനോട് ചോദിച്ചു :

"ഡാ മണികണ്ഠന്‍, ഞാന്‍ കുളിക്കാന്‍ പോണ് ട്ടാ. നീയിവിടെ ഇണ്ടാവോ, അതൊ പൊറത്ത് പോണ്ണ്ടാ?"

"ഞാന്‍ ഇവിടിണ്ടാവും" സിഗരറ്റു കുറ്റി താഴെ ചവുട്ടി കെടുത്തി മണികണ്ഠന്‍ പറഞ്ഞു.

ഒന്നു സംശയിച്ചു നിന്നിട്ട് സുഹൃത്ത് ബാത്ത് റുമില്‍ കയറി. ബാത്ത് റൂമില്‍ നിന്ന് സിനിമാപാട്ടും പാരഡി ഗാനങ്ങളും കേള്‍ക്കാറായി. ഇടയ്ക്കിടെ ചില സിനിമാ താരങ്ങള്‍ ബാത്ത് റൂമിനുള്ളില്‍ ആക്രോശിക്കും.

‘എന്താപ്പാ ഇത്ര സൌണ്ട്‘ എന്നി ചിന്തിച്ച് മണികണ്ഠന്‍ തല തിരിച്ചു നോക്കിയപ്പോള്‍ ബാത്ത് റൂമിന്റെ വാതില്‍ പകുതി ചാരിയിട്ടേയുള്ളു.

'ഇവനെന്തൂറ്റ് വെടക്കാ, കുളിക്കുമ്പോള്‍ വാതിലടച്ചൂടെ' എന്ന് മനസ്സില്‍ പറഞ്ഞ് മണികണ്ഠന്‍ പത്രത്തിലേക്ക് മുഖം തിരിക്കേ....

"ഡാ.. മണികണ്ഠാ....."

മണികണ്ഠന്‍ തലയുയര്‍ത്തി. ബാത്ത് റൂമിനു വെളിയില്‍ തലയിലും ദേഹത്തും സോപ്പു പതയുമായി സുഹൃത്ത്.

"എന്താഡാ..?" മണികണ്ഠന്‍

" അല്ലാ..അതേ..പിന്നെ....അതുപിന്നെ........ഞാന്‍..ഞാനാ കൊച്ചിന്‍ ഹനീഫേടെ സൌണ്ട് എടുത്തത് എങ്ങനിണ്ട്?"

അതിലിപ്പൊ എന്താത്ര ചോദിക്കാന്‍ അടുത്താഴ്ച കാസറ്റ് റിലീസാവില്ലേ എന്നാലോചിച്ച് മണികണ്ഠന്‍ മറുപടി പറയാന്‍ തുനിയവേ, മറുപടിക്ക് കാത്തുനില്‍ക്കാതെ സോപ്പുപത രൂപം ബാത്ത് റൂമിലേക്ക് കയറിപ്പോയി.

അകത്തുനിന്നും വീണ്ടും പാരഡി. ഇടക്കിടെ 'മണികണ്ഠന്‍..." എന്നുള്ള വിളികളും, എന്തോ ചോദ്യങ്ങളും. പത്രത്തില്‍ നിന്ന് കണ്ണെടുക്കതെ മണികണ്ഠന്‍ മൂളിക്കൊണ്ടിരുന്നു.

ഇടക്ക് എപ്പോഴൊ, മണികണ്ഠന്‍ മേശപ്പുറത്തുനിന്നും സിഗററ്റ് എടുക്കവെ, മേശപ്പുറത്തിരുന്ന പിക്കപ്പ് ബാഗില്‍ (Plastic Pick up Bag) കൈ തട്ടി 'കര കര' ശബ്ദം ഉണ്ടായി.

"ഡാ‍ മണികണ്ഠന്‍........."

ശബ്ദം കേട്ട് മണികണ്ഠന്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ സോപ്പു പത നിറഞ്ഞ രൂപം പിന്നില്‍..

"എന്താടാ..?" മണികണ്ഠന്‍ സിഗററ്റ് ചുണ്ടില്‍ വച്ചു.

"അല്ലാ... അത് പിന്നെ..... നമ്മുടെ..നമ്മുടെ കാസറ്റ് ഹിറ്റാവും ല്ലേ?"

"ആവുന്നാ തോന്നണേ.." മണികണ്ഠന്‍ സിഗററ്റ് കത്തിച്ചു.

മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ രൂപം വീണ്ടും ബാത്ത് റൂമിലേക്ക് കയറിപ്പോയി.

'ഇവനെന്താ ഇങ്ങിനെ??!!' മണികണ്ഠന്‍ ആലോചിക്കുകയായിരുന്നു. 'വാതില്‍ തുറന്നിട്ടു കുളിക്കുന്നു, കുളിക്കിടയില്‍ മണികണ്ഠാ...മണികണ്ഠാ... എന്നു വിളിക്കുന്നു, ഇടക്കിടക്കു പുറത്തേക്കു ചാടുന്നു....ഇവന് വട്ടായോ..??!'

"പിന്നേ...മണികണ്ഠന്‍...." ബാത്ത് റൂമില്‍ നിന്ന് വീണ്ടും
"ആ സുരേഷ് ഗോപീഡെ ഡയലോഗ് കലക്കീലേ..?"

ഒരു പതിനഞ്ചു മിനുട്ടോളം ഈ നാടകം അരങ്ങേറവേ മണികണ്ഠനു പതുക്കെ സംഗതികള്‍ മനസ്സിലാവാന്‍ തുടങ്ങി. മേശപ്പുറത്ത് സുഹൃത്തിന്റെ മാല, കൈചെയിന്‍, മൊബൈല്‍ ഇരിക്കുന്നുണ്ട്. റൂമിലാണെങ്കില്‍ താന്‍ മാത്രം. ഇതായിരിക്കുമോ സുഹൃത്തിനെ അസ്വസ്ഥനാക്കുന്നത് !?!

ആദ്യമാദ്യം അത് തന്റെ സംശയമാണെന്നു വിശ്വസിക്കാന്‍ ശ്രമിച്ചങ്കിലും ബാത്ത് റുമില്‍ നിന്നും പുറത്തേക്ക് ചാടിവരുമ്പോള്‍ സുഹൃത്തിന്റെ നോട്ടം മേശപ്പുറത്തെ തന്റെ വിലപിടിച്ച വസ്തുക്കളിലേക്ക് പോകുന്നത് മണികണ്ഠന്‍ ഓര്‍ത്തെടുത്തു.

എന്തോ, മണികണ്ഠനു സ്വയം ജാള്യത തോന്നി.

ഒരുമിച്ചു ഒരേ വേദികള്‍ പങ്കിട്ട, ഒരു പാടു കാസറ്റുകളില്‍ ഒരുമിച്ചു പങ്കെടുത്ത, ഇപ്പോള്‍ വേദികളില്‍ വിലപിടിച്ച തന്റെ പഴയ സുഹൃത്ത് തന്നെ അങ്ങിനെ കാണുന്നതില്‍ മണികണ്ഠനു വിവരിക്കാനാവാത്ത ഒരു ജാള്യത തോന്നി.

'ഇവനെന്തേ ഇങ്ങിനെ..?'

താന്‍ മുറിയില്‍ ഇരിക്കുവോളം, സുഹൃത്തിന്റെ വില പിടിച്ച വസ്തുക്കള്‍ എന്റെ കൈകള്‍ക്കരികെ വിശ്രമിക്കുമ്പോഴും സുഹൃത്തിന് മനസ്സമാധാനത്തോടെ കുളിക്കാനാവില്ല എന്ന സത്യം മണികണ്ഠന്‍ തിരിച്ചറിഞ്ഞു.

പത്രം കട്ടിലിലേക്കെറിഞ്ഞ് പുതിയൊരു സിഗററ്റിന് തീ കൊളുത്തി മണികണ്ഠന്‍ വാതില്‍ ചാരി ബാല്‍ക്കണിയിലേക്ക് നടന്നു.

പുറത്ത് കൊച്ചി നഗരം തിളച്ചുതുടങ്ങിയിരിക്കുന്നു. വാഹനങ്ങളുടെ അനന്തമായ നിര. നഗരം, ഓഫീസിലേക്കും, കച്ചവടത്തിലേക്കും, ജീവിതത്തിലേക്കും ഉണരുകയായിരുന്നു. കറുത്ത പൊടിപടലങ്ങള്‍ നഗരത്തില്‍ പടര്‍ന്നുതുടങ്ങിയിരുന്നു.

മണികണ്ഠന്‍ സിഗററ്റ് ആഞ്ഞാഞ്ഞു വലിച്ചു.

************************************

ഒരുപാടു നാളുകള്‍ക്കു ശേഷം മറ്റൊരു വേനല്‍ സന്ധ്യ.

പൈങ്ങോട് ഗ്രാമത്തിലെ ഒട്ടുമിക്ക പൈങ്ങോടന്മാരും ഒത്തു ചേരാറുള്ള കല്ലേരിപാടത്തെ കലുങ്കിലിരിക്കുകയായിരുന്നു ഞാന്‍.കൂടെ പഠിച്ചവരും അല്ലാത്തതുമായ സുഹൃത്തുക്കളുമുണ്ടായിരുന്നു കൂടെ. തൊട്ടകലെ പാടത്ത് ക്രിക്കറ്റ് കളി നടക്കുന്നു. തമാശയും കളിയാക്കലും സിഗരറ്റ് വലിയുമായി സൌഹൃദസംഘം കല്ലേരിപാടത്തെ ചെറിയൊരു ഉത്സവപ്പറമ്പാക്കിമാറ്റിയിരുന്നു.

സന്ധ്യ കനത്തുവന്നതോടെ പലരും വീടുകളിലേക്ക് ചേക്കേറാന്‍ തുടങ്ങി.ഞാനും ഒന്നോ രണ്ടോ സുഹൃത്തുക്കളും മാത്രം അവശേഷിച്ചു.

സമീപത്തെ ഘണ്ഠാകര്‍ണ്ണ ക്ഷേത്രത്തിന്റെ മുന്നിലുള്ള ഇറക്കവും കഴിഞ്ഞ് മണികണ്ഠന്‍ കല്ലേരിപ്പാടത്തെ ചുവന്ന സന്ധ്യയിലേക്കത്തി, ആരുടേയോ കയ്യില്‍നിന്ന് സിഗററ്റ് വാങ്ങി പുകച്ചു.

തമാശകളും, ചിരിയുമായി കുറച്ചുനിമിഷങ്ങള്‍കൂടി കടന്നു പോയി. കൂടെയുള്ള സുഹൃത്തുക്കളും സൈക്കിളെടുത്തു പോയി. ഇരുട്ടിനു വഴിമാറാന്‍ തുടങ്ങുന്ന ചുകന്നു തുടുത്ത സന്ധ്യയില്‍ ഞാനും മണികണ്ഠനും തനിച്ചായി.

പൊട്ടിച്ചിരികളുടെ പൂമരങ്ങള്‍ തീര്‍ക്കാറുള്ള മണികണ്ഠന്‍ അന്ന് ഇലകൊഴിഞ്ഞ ചില്ലപോലെ മൌനിയായിരുന്നു.

"എവിടായിരുന്നു കൊറച്ചൂസം?" ഞാന്‍ ചോദിച്ചു.

"എറണാകുളത്തായിരുന്നു." മണികണ്ഠന്‍ നിര്‍വ്വികാരനായി
"ഒരു കാസറ്റ് റെക്കോഡിങ്ങുണ്ടായിരുന്നു"

മണികണ്ഠന്റെ മറ്റൊരു മിമിക്രി സുഹൃത്തായിരുന്നു നിര്‍മ്മാതാവ്. മണികണ്ഠന്‍ സ്ക്രിപ്റ്റ്, മലയാള സിനിമയിലെ ഒരു പ്രശസ്ത ഹാസ്യ നടന്‍ അവതരണം.

മീനച്ചൂടില്‍ വിണ്ടുകിടന്ന കല്ലേരിപ്പാടത്തിലേക്ക് മിഴികള്‍ നട്ട് മണികണ്ഠന്‍ തലേ രാത്രിയിലെ അനുഭവം പറഞ്ഞു :

റെക്കോഡിങ്ങ് കഴിഞ്ഞ് എറണാകുളത്തു നിന്നും കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയിലായിരുന്നു മണികണ്ഠനും, പ്രൊഡ്യൂസര്‍ സുഹൃത്തും. പ്രൊഡ്യൂസര്‍ സുഹൃത്തിന്റെ ബൈക്കിലായിരുന്നു ഇരുവരുടേയും രാത്രിയേറെ വൈകിയുള്ള യാത്ര.

എറണാകുളത്തുനിന്നും യാത്ര തുടങ്ങി ഒരുപാടു ദൂരം പിന്നിട്ടപ്പോള്‍ ഡ്രൈവുചെയ്തിരുന്ന സുഹൃത്ത് പുറകിലേക്ക് കൈ നീട്ടി അയാളുടെ ചന്തിയില്‍ തടവും..പിന്നേയും ഡ്രൈവു ചെയ്യും.
കുറേ ദൂരം പിന്നിടുമ്പോള്‍ വീണ്ടും കൈ പുറകിലേക്ക്....

'ഇവനിതെന്തിന്റെ സൂക്കേടാ..അയ്യേ വൃത്തികെട്ടവന്‍' സുഹൃത്തിന്റെ കൈ മണികണ്ഠന്റെ തുടയില്‍ തട്ടുമ്പോള്‍ മണികണ്ഠന്‍ ചിന്തിച്ചു.

കുറേ ദൂരം പിന്നിടുമ്പോള്‍ വീണ്ടും സുഹൃത്തിന്റെ കൈ.

'ഇവനിത് എന്ത് ഭാവിച്ചാ..??!! അയ്യേ ഇവനിത്തരക്കാരനാണോ??' മണികണ്ഠന്‍ ആലോചിച്ചു.

സുഹൃത്തിന്റെ അതുവരെ കണ്ടിട്ടില്ലാത്ത പെരുമാറ്റം മണികണ്ഠനെ സംശയങ്ങളുടെ നാല്‍ക്കവലയില്‍ നിര്‍ത്തി. പലപ്പോഴും ഇതാവര്‍ത്തിച്ചപ്പോള്‍ മണികണ്ഠന്‍ ചോദിച്ചു. :

"എന്താണ്‍ ഡ്രാ...എന്താ പറ്റീത്.?"

"ഏയ് ഒന്നൂല്ല്യാ.."

കൊടുങ്ങല്ലൂരിലേക്കുള്ള യാത്രയില്‍ ഇത് പലപ്പോഴും ആവര്‍ത്തിച്ചു; അതോടൊപ്പം കാസറ്റിനെക്കുറിച്ചും, ഭാവിപരിപാടികളെക്കുറിച്ചും സുഹൃത്ത് മണികണ്ഠനോട് സംസാരിചുകൊണ്ടിരുന്നു.മണികണ്ഠന്‍ അതിന് മറുപടിയും പറഞ്ഞുകൊണ്ടിരുന്നു; ഒപ്പം സുഹൃത്തിന്റെ ഈ പ്രവൃത്തിയെപ്പറ്റി ചിന്തിച്ചുംകൊണ്ടിരുന്നു.
ബൈക്കിലുള്ള യാത്രയില്‍ വളവിലും, തിരിവിലും അതല്ലെങ്കില്‍ ഗട്ടര്‍ ചാടുമ്പോള്‍ മണികണ്ഠന്റെ കാലും കൈയ്യും സുഹൃത്തിന്റെ കാലിലോ ദേഹത്തൊ സ്പര്‍ശിക്കും, സ്വാഭാവികമായി. അപ്പോഴാണ് സുഹൃത്തിന്റെ ഈ കൈ പ്രയോഗം.
ഒരുപാടു ദൂരം പിന്നിട്ടപ്പോള്‍ മണികണ്ഠനു ഒരു കാര്യം മനസ്സിലായി. സുഹൃത്ത് കൈ നീട്ടി ചെയ്യുന്നത് സുഹൃത്തിന്റെ തന്നെ പിന്‍പോക്കറ്റ് തപ്പുന്നതാണെന്ന്.

ആദ്യത്തെ ചിന്തകള്‍ തന്റെ തോന്നലുകളാണെന്ന് കരുതി വിട്ടുകളഞ്ഞെങ്കിലും സുഹൃത്തിന്റെ ആവര്‍ത്തനങ്ങള്‍ മണികണ്ഠനു ഒരു കാര്യം മനസ്സിലാക്കികൊടുത്തു :

'സുഹൃത്ത് ചെയ്യുന്നത് അയാളുടെ പിന്‍പോക്കറ്റിലിരിക്കുന്ന പഴ്സ് തപ്പുന്നതാണെന്ന സത്യം.'

എത്ര ശ്രമിച്ചിട്ടും മണികണ്ഠനത് ദഹിച്ചില്ല. അങ്ങിനെയാകാന്‍ വഴിയില്ല. ഒരുപാടു നാളുകളായി, ഒരേ വേദികള്‍ പങ്കിട്ട അവനുവേണ്ടി സൌജന്യമായി സ്ക്രിപ്റ്റുകള്‍ എഴുതികൊടുത്ത എന്നെ അവനങ്ങിനെ സംശയിക്കോ?

'ഏയ് ഇല്ല്യ....അങ്ങിനെ വരാന്‍ വഴിയില്ല..'

ഇടയ്ക് ഒരിടത്ത് വഴിയരുകില്‍ മൂത്രമൊഴിക്കാന്‍ സുഹൃത്ത് വണ്ടി നിര്‍ത്തി. വഴിയരുകിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് രണ്ടുപേരും ആശ്വാസം നിര്‍വ്വഹിക്കേ സുഹൃത്ത് മണികണ്ഠനോട് ഒരു കഥ പറഞ്ഞു. :

"മണികണ്ഠാ, എനിക്ക് ഇത് മാതിരി രാത്രി ആളുകളെ പൊറകിലിരുത്തി വണ്ടിയോടിക്കാന്‍ ഇപ്പോ ഭയങ്കര പേട്യാ.."

"എന്ത്യേ?"

" നീ വായിച്ചില്ലേ? പത്രത്തില്, ചാവക്കാട്ട് നടന്ന ഒരു സംഭവം..?" സുഹൃത്ത്

"ഇല്ല്യ......എന്താ സംഭവം..??" മണികണ്ഠന്‍

"ഒരുത്തന്‍ കൂട്ടുകാരനായിട്ട് രാത്രി വണ്ടീല് പോവ്വായിരുന്നു. ഇതുപോലെ മൂത്രൊഴിക്കാന്‍ വണ്ടിനിര്‍ത്തി അവര് മൂത്രൊഴിക്കായിരുന്നു. പെട്ടന്ന് പൊറകിലിരുന്ന കൂട്ടാരനില്ല്യേ, അവന്‍ റോട്ടില് കെടന്ന ഒരു വല്ല്യ കരിങ്കല്ലെടുത്ത് കൂട്ടാരന്റെ തലേല് ഒറ്റ അടി. തലപൊട്ടി അയാള് താഴെ വീണു. വണ്ടീടെ പൊറകിലിരുന്ന കൂട്ടാരന്‍ താഴെവീണോന്റെ മാലയും, മൊബൈലും, പോക്കറ്റിലെ പഴ്സും എടുത്ത് അയാള്ടെ വണ്ടീല് തന്നെ രക്ഷപ്പെട്ടുത്രെ............എന്താലേ...ഹൊ...വിശ്വസിക്കാന്‍ പറ്റ്ണില്ല...."

മണികണ്ഠന്‍ ഒഴിച്ചുകൊണ്ടിരുന്ന മൂത്രം പകുതിയില്‍ വെച്ച് നിന്നുപോയി. കുറച്ചുനേരം എന്ത് പറയണം, എന്ത് ചെയ്യണം എന്നറിയാതെ മണികണ്ഠന്‍ നിന്നു പോയി. ദിവസവും പത്രം വായിക്കുന്ന പത്രത്തിലെ കുഞ്ഞു വാര്‍ത്തകളിലും, വിശേഷങ്ങളിലും നിന്ന് തമാശക്കുള്ള സ്കോപ്പുകള്‍ പരതുന്ന മണികണ്ഠന്‍, സുഹൃത്ത് പറഞ്ഞ ഒരു ന്യൂസ് ഒരു പത്രത്തിലും കണ്ടിരുന്നില്ല.

സുഹൃത്ത് പറഞ്ഞത് വാര്‍ത്തയല്ലായിരുന്നെന്നും, സുഹൃത്തിന്റെ സംശയം നിറഞ്ഞ മനസ്സില്‍ നിന്നും പുറത്തുവന്ന ഭാവനയായിരുന്നെന്ന് മനസ്സിലാക്കാന്‍ ദിവസനും ചോറുതിന്നുന്ന മണികണ്ഠനു തെല്ലു സമയം വേണ്ടി വന്നില്ല.

റെക്കോഡിങ്ങ് കഴിഞ്ഞ് സുഹൃത്തിന്റെ വണ്ടിയില്‍ കയറിപോന്നത് വളരെ വിഡ്ഢിത്തമായെന്ന് മണികണ്ഠനു തോന്നി. ബസ്സിലോ വല്ല തമിഴന്‍ ലോറിയിലോ കയറിവന്നാല്‍ മതിയായിരുന്നു എന്നും തോന്നി. ഇനിയിപ്പൊ ഈ പാതിരാത്രിയില്‍ പാതിവഴിയില്‍ എന്തു ചെയ്യാന്‍ എന്ന് സ്വയം പഴിച്ചുകൊണ്ടു മണികണ്ഠന്‍ വീണ്ടും സുഹൃത്തിന്റെ പുറകില്‍ കയറി. ഇപ്രാവശ്യം സുഹൃത്തിനെ സ്പര്‍ശിക്കാതെ തെല്ലകലം പാലിച്ചിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.

നാട്ടിലെ ആളൊഴിഞ്ഞ ജംഗ്ഷന്‍ എത്തുവോളം സുഹൃത്ത് മണികണ്ഠനോട് എന്തൊക്കെയോ സംസാരിച്ചു, എന്തൊക്കെയോ ചോദിച്ചു. തന്റെ ജന്മത്തേയും വിധിയേയും പഴിച്ചുകൊണ്ടുതന്നെ മണികണ്ഠന്‍ അതിനൊക്കെയും യാന്ത്രികമായി മൂളിക്കൊണ്ടിരുന്നു.

പാതിരാത്രിയില്‍ കവലയില്‍ നിന്ന് രണ്ടുപേരും രണ്ടു വീടുകളിലേക്ക് പിരിഞ്ഞുപോയി.

ഒരു പൊട്ടിച്ചിരിയുടെ കഥ പ്രതീക്ഷിച്ചിരുന്ന എന്നോട് മണികണ്ഠന്‍ പറഞ്ഞു നിര്‍ത്തിയത് ഇതായിരുന്നു. ഒരു മറുപടിക്കായി ഞാനെന്റെ മനസ്സ് പരതവെ, വാക്കുകള്‍ തിരയെ...സിഗററ്റിന്റെ പുകയൂതികൊണ്ട് മണികണ്ഠന്‍ പറഞ്ഞു :

"നന്ദൂ...അന്ന് രാത്രി ഞാനൊരു സത്യം മനസ്സില്ലാക്കി.."

ഒരു ചിരിക്കഥയാണൊ എന്ന പ്രതീക്ഷയോടെ അവനെ നോക്കിയ എന്നോട്, ദൂരെ കല്ലേരിപ്പാടത്തിനു പടിഞ്ഞാറ് പകുതിയോളം മറഞ്ഞു കഴിഞ്ഞ സൂര്യനെ നോക്കി മണികണ്ഠന്‍ നിര്‍വ്വികാരനായി പറഞ്ഞു

"ദാരിദ്ര്യം എന്ന വാക്കിന്..................കള്ളന്‍ എന്നൊരു അര്‍ത്ഥം കൂടിയുണ്ടെന്ന്......"

.