തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം‘ എന്നോ മറ്റോ അല്ലേ പണ്ടൊരു കവി പാടിയിരിക്കുന്നത്?ഏതാണ്ടതുപോലെയാണ് ഗൂഗിള്‍ ബസ്സ് & ബ്ലോഗിലെ കാര്യങ്ങള്‍. ‘നാലുപേരു ചെയ്താല്‍ നാട്ടു നടപ്പായി‘ എന്ന് പണ്ടുള്ളവര്‍ പറഞ്ഞപോലെ ഓണ്‍ലൈനിലെ നാലു പേരൊത്തുകൂടിയാല്‍ അതിപ്പോ ബസ്സ് മീറ്റോ ബ്ലോഗ് മീറ്റോ ആയി. മീറ്റായാലും ഈറ്റുണ്ടായാലും സംഗതി രസകരം. ഒത്തുകൂടുന്ന തമ്മില്‍ക്കണ്ടിട്ടില്ലാത്ത സുഹൃത്തുക്കള്‍ക്ക് ഒരുമിച്ചു ചേരാനും പറയാനും പൊതുവായൊരു വിഷയമുണ്ടാവുന്നതു തന്നെ നല്ല കാര്യം. ഭിന്നാഭിപ്രായചര്‍ച്ചകളും വാഗ്വാദങ്ങളും തെറിവിളിയുമൊക്കെയുണ്ടെങ്കിലും ഒത്തുകൂടുന്നൊരു മീറ്റിന്റെയും ഈറ്റിന്റേയും കാര്യം പറഞ്ഞാല്‍ എല്ലാ അലങ്കാരങ്ങളും മാറ്റിവെച്ച് മുന്നിട്ടിറങ്ങുന്നത് ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ വലിയൊരു കാര്യമാണ്. ബ്ലോഗില്‍ ജീവന് പോയാലും അനോണിമിറ്റി കാത്തു സൂക്ഷിച്ചിരുന്നവരും അങ്ങിനെ വേണമെന്നു കരുതിയിരുന്നവരും വെര്‍ച്ചല്‍ ലോകത്തിന്റെ അനോണിമിറ്റി മുഖപടം മാറ്റി പ്രത്യക്ഷപ്പെടാനും ബസ്സ് സൌഹൃദം കാരണമായിട്ടുണ്ട് എന്നാണെന്റെ തോന്നല്‍.
സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ബസ്സിലെ ഗഡികളും ബ്ലോഗിലെ പഴയ ഗഡികളും കൂടി മ്മടെ പ്രാഞ്ച്യേട്ടന്റെ നാടായ, പൂരങ്ങളുടെ....പൂരങ്ങളുടെ.... തൃശ്ശിവപ്പേരൂരില്‍ വെച്ച് ആര്‍മ്മാദിക്കാന്‍ പോണ്ണ്ട് എന്നൊരു ഡയലോഗ് ബസ്സീന്ന് കിട്ടിയിരുന്നു. ഇമ്മളേം വിളിച്ചിട്ടൂണ്ടായിരുന്നു. അന്ന് മീറ്റിനു വരണോരുടെ നല്ല ഭാഗ്യമോ എന്റെ നിര്‍ഭാഗ്യമോ സംഗതിവശാല്‍ എനിക്ക് ആ ഗഡ്യോള്‍ടെ ഒപ്പം എന്റെ കെല്പ് റോള്‍ കാണിക്കാന്‍ പറ്റില്ല്യാന്നു തോന്ന്ണു. കുടുമ്മോം കുട്ടീം പരാധീനതേം അതിന്റേടേല് ഓണോം കൂടി വന്നപ്പോള്‍ ഒരു രക്ഷേമില്ലാത്ത അവസ്ഥയായി.
അപ്പോ പറഞ്ഞു വന്നത്, ആദ്യ തൊടുപുഴ മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും പിന്നീടുള്ള മീറ്റുകളിലും ചെറിയ ചെറിയ ബ്ലോഗ് സൌഹൃദ കൂട്ടായ്മകളിലും ആദ്യവും അവസാനവുമായി മനസ്സു കൊണ്ടും ശരീരം കൊണ്ടു ഫുള്‍ സപ്പോര്‍ട്ടായിരുന്നു ഞാന്‍. (ബ്ലോഗില്‍ മുടങ്ങാതെ പോസ്റ്റുകളെഴുതിയിരുന്ന ഞാനിപ്പോ മീറ്റും ഈറ്റും കമ്പനിയുമായി നടക്കുന്നുവെന്ന് അനോണിമസ് കമന്റായും മെയിലുകളായും പരാതികള്‍ വന്നു) ഇക്കഴിഞ്ഞ 2011 ജൂലൈ 31 നു തൊടുപുഴയില്‍ മഴയുടെ സിംഫണി തീര്‍ത്ത പശ്ചാത്തലത്തില്‍ നടന്ന മീറ്റിലും ഈയുള്ളവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഹരീഷിന്റെ കൂട്ടുകാര്‍ ഒരുക്കിത്തന്ന ബിരിയാണിയില്‍ തന്നെ ഞാനെന്റെ സ്നേഹവും പ്രകടിപ്പിച്ചിരുന്ന കാര്യം ഹരീഷും കൂട്ടൂകാരും ഓര്‍ക്കുമെന്ന് കരുതട്ടെ. ;)
അന്ന് അവിടെ കണ്ടുമുട്ടിയ ചില ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഞാനെന്റെ മനസ്സില്‍ കാപ്ചര്‍ ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂര്‍ മീറ്റും പിന്നെ പറഞ്ഞും പറയാതെയും നടത്താന്‍ പോകുന്ന മറ്റനേകം സൌഹൃദക്കൂട്ടായ്മയിലേക്ക് അന്ന് കണ്ടുമുട്ടിയ ചില മുഖങ്ങളെ മൌസിന്റെ കോറിവരയാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കട്ടെ.
താഴെ കാണുന്ന ചിത്രങ്ങളില്‍ നിങ്ങളിലാരുടെയെങ്കിലും മുഖമില്ലെങ്കില്‍ വിഷമിക്കരുത്, വരക്കാന്‍ നേരം കിട്ടാത്തതുകൊണ്ടാണ് എന്ന് കരുതിയേക്കണം. സമയവും സാഹചര്യവും ഒക്കെ ഒത്തുവരുമെങ്കില്‍ അടുത്ത പോസ്റ്റില്‍ നിങ്ങളിലാരെയെങ്കിലുമൊക്കെ വീണ്ടും കുത്തിവരക്കാന്‍ സാധിക്കട്ടെ.
ഹരീഷ് തൊടുപുഴ :

സപ്ത വര്‍ണ്ണങ്ങള്‍ -
എന്ന് പറഞ്ഞിട്ട് എല്ലാം കൂടിച്ചേര്‍ന്ന ഒരു വര്‍ണ്ണമേ കണ്ടുള്ളൂ. വിദേശത്തെവിടെയോ ആണെന്നു തോന്നുന്നു. പക്ഷെ കണ്ടപ്പോള്‍ വെള്ളമുണ്ടും അയഞ്ഞ ഷര്‍ട്ടുമിട്ട് ഒരു തനി നാട്ടിന്‍പുറത്തുകാരനായിരുന്നു. എന്തായാലും സൌഹൃദത്തിന്റെ ആ വിടര്‍ന്ന ചിരിക്ക് സപ്ത വര്‍ണ്ണങ്ങളുമുണ്ടായിരുന്നു.
അലക്സാണ്ടര്‍ :-
എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു ഈ പയ്യന്. വിടര്‍ന്ന ചിരിയുമായി മീറ്റ് കഴിയുവോളം. പരിചയപ്പെട്ടപ്പോള്‍ ഞാന്‍ പേര് ചോദിച്ചു. “അലക്ഷാണ്ടര്‍’ ഹോ! ഈയൊരു ശരീരത്തിനോ ഈ പേര് എന്ന് ഞാന്‍ മനസ്സില്‍ കരുതി പക്ഷെ പറഞ്ഞില്ല. എന്തിനാ വെറുതെ.
അനൂപ് :-
കൊച്ചി മീറ്റിലാണ് പുലിയെ ആദ്യമായി കണ്ടത്. തൊടുപുഴ ബ്ലോഗ് മീറ്റില്‍ ഒരു അടിപൊളി ബ്ലാക്ക് ഷര്‍ട്ടിന്റെ സൌകുമാര്യത്തില്‍ സൌമ്യനായി നില്ക്കുന്നു. ഇങ്ങോട്ട് വന്ന് പരിചയം പുതുക്കുകയായിരുന്നു. കക്ഷി നിസ്സാരക്കാരനല്ല, സിനിമയാണ് മാദ്ധ്യമം. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനവും ഫെസ്റ്റിവല്‍ പരിപടികളുമൊക്കെയാണത്രേ..
ദേവന് -
എന്നല്ല പറയേണ്ടത്, ദേവ ഗന്ധര്വ്വന് എന്ന് പറയാം. നെറ്റിയിലെ ചന്ദനക്കുറിയും ഒരു കാതിലെ കടുക്കനും നിഷ്കളങ്കമായ ആ ചിരിയും ഈ പയ്യനെ സുന്ദരനാക്കുന്നു. ഞാനെന്തോ വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് തോന്നുന്നു എന്നോട് പരിചയപ്പെടാനും സംസാരിക്കാനും തിടുക്കം കാട്ടിയിരുന്നു. (വേണ്ടിയിരുന്നില്ല എന്ന് അവസാനം തോന്നിക്കാണണം ദേവന്)
സിജീഷ് -
കണ്ടാലറിയില്ലെ പുപ്പുലിയാണേന്ന്. കവിതകള്‍ മാത്രമല്ല, ഇംഗ്ലീഷില്‍ വരെ ഒരു ബ്ലോഗുണ്ടത്രേ പഹയനു! ഐ ടി കമ്പനിയിലെ ഡിസൈനിങ്ങോ അങ്ങിനെ എന്താണ്ടോ ആണ് പണി. വിവാഹിതനാണത്രേ, കണ്ടാല്‍ പറയില്ല! നീണ്ട മുടിയും നീണ്ട മുഖവും മെലിഞ്ഞ ശരീരവുമുള്ള ഈ ചെറുപ്പക്കാരനെ ഒരു സിനിമയുടെ ഫ്രെയിമില്‍ ചുമ്മാ നിര്‍ത്തിയാല്‍ മതി, സംഗതി ഒരു ക്യാരക്ടര്‍ തന്നെയാകും.
പുണ്യാളന് -
ബസ്സിലും ബ്ലോഗിലുമുള്ള സകല ഫോട്ടോ ആസ്വാദകരുടേയും ആരാധാനാപാത്രം. ഫോട്ടോകള്‍ കൊണ്ട് കവിത രചിക്കുക എന്നൊക്കെ പറഞ്ഞാല്‍ ക്ലീഷേയാകും അനിര്‍വ്വചനീയമായ ആസ്വാദന തലത്തിലെത്തിക്കുന്ന ഫോട്ടോകളാണ് ഈ ബഹുമുഖപ്രതിഭയുടെ പ്രത്യേകത. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ വാസം കഴിഞ്ഞ് ഇപ്പോള്‍ കൊച്ചിയില്‍ കുറ്റിയടിച്ചിരിക്കുകയാണ്. ആ ക്യാമറയുടെ ഒരു ഫ്രെയിമില്‍ പതിയാന്‍ കൊതിക്കാത്ത ആളുകളുണ്ടോ? പുണ്യാളന് എടുത്ത എന്റെ ചിത്രമെന്ന് കാണിക്കാന്‍ കൊതിക്കാത്തവരുണ്ടോ? ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫറെ നേരിട്ട് കണ്ട് പരിചയപ്പെടണമെന്ന് അത്യാഗ്രഹമുണ്ടായിരുന്ന കക്ഷിയാണ് എനിക്കിയാല്‍. സംഗതി തരപ്പെട്ടു. സരസന്, സംഭാഷണപ്രിയന്, ഭക്ഷണപ്രിയന്‍. പുള്ളിയുടെ പ്രൈവറ്റ് ബ്ലോഗിലേക്ക് പ്രവേശനം കാത്തുകാത്തിരിക്കുകയാണ് ബസ്സിലേയും ബ്ലോഗിലേലും പലരും.
വാഴക്കോടന്‍ -
മീറ്റിന്റെ തലേദിവസം എന്റെ ഫ്ലാറ്റിന്റെ വാതില്‍ മുട്ടി എന്നോട് ആദ്യം പറഞ്ഞു : “ ഞാന്‍ വാഴ” ആഗതനെ ആകെയുഴിഞ്ഞ് ഞാന്‍ ചോദിച്ച് “കണ്ടിട്ട് പക്ഷെ, ഒരു വാഴക്കുലയോളമേ ഉള്ളൂലോ? സത്യത്തില്‍ ആരാ?” ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് നിന്നൊരു പൊട്ടിച്ചിരിയും എന്നെയൊരു ആലിംഗനവും “ ടേയ് നന്ദരേ.. ഞാനാണെടോ വാഴക്കോടന്‍” രണ്ടുമൂന്നു ദിവസം ഒരുമിച്ചുണ്ടായിരുന്നു സംസാരിച്ചു. എങ്കിലും സത്യമായിട്ടും ഇന്നും ഈ മനുഷ്യന്റെ ഒറിജിനല്‍ പേര് എനിക്കറിയില്ല.
മത്താപ്പ് :-
എന്ന് ഞാന്‍ പണ്ട് വിഷുവിനു മാത്രമേ കേട്ടിരുന്നുള്ളു. ഗൂഗിള്‍ ബസ്സ് വന്നു തുടങ്ങിയപ്പോള്‍ എന്നും പൊട്ടിത്തെറിക്കുന്ന മത്താപ്പൂക്കള്‍ കാണാന്‍ തുടങ്ങി. വരച്ചതില്‍ മൌസിനു വേണ്ടുവോളം സംതൃപ്തി തന്നത് ഈ മുഖമായിരിക്കും. കണ്ണടക്കുള്ളില്‍ കഞ്ചാവടിച്ചവന്റെ കണ്ണും, നീണ്ട മൂക്കും പൂത്തിരിയുടെ ഡിസൈന്‍ പോലുള്ള വരയന്‍ ടീഷര്‍ട്ടും ചുള്ളനാക്കിയിരിക്കുന്നു. മലയാളത്തില്‍ ഇനിയൊരു കാര്‍ട്ടൂന്‍ കഥാപാത്രം ചെയ്യണമെങ്കില്‍ മത്താപ്പിന്റെ ഈ രൂപമൊരു റെഫറന്‍സായിരിക്കും. തമാശയല്ല, ഇതും ഒരു ക്യാരക്ടര്‍ ആണ്.(ട്വിന്‍ ട്വിന്‍ പോലെ) വിപ്ലവ മുദ്രാവാക്യങ്ങള്‍ ക്യാമ്പസ്സില്‍ മുഴക്കുമെങ്കിലും ‘വള്ളുവനാടിന്റെ പാര്യമ്പര്യം‘ വാക്കുകളില്‍ ഭാഷകളില്‍ ആശയങ്ങളില്‍ പേറുന്നുണ്ട്. പ്രായം കൂടുമ്പോള്‍ പാകത്തിനൊത്ത ഉടുപ്പുകള്‍ തയ്പ്പിച്ചിടുമെന്ന് പ്രതീക്ഷിക്കാം. മത്താപ്പൊരു മത്താപ്പല്ല, ഒന്നൊന്നര മത്താപ്പൂവാണ്.
വിട്ടൂപോയവരെ വിടാതെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. അതു വരെ ക്ഷമീ...:)