Tuesday, January 6, 2009

മൂന്നു മുഴം മുല്ലപ്പൂ

.
തൊണ്ണൂറുകളുടെ പകുതിയില്‍.
കയ്യിലൊരു ഡിഗ്രിയും, പിന്നെ കിലുക്കിക്കുത്തും ആന മയില്‍ ഒട്ടകമൊക്കെയായി കറങ്ങി നടന്നൊടുവില്‍ കൊടുങ്ങല്ലൂര്‍ ചെറുപട്ടണത്തില്‍ ഒരു ചെറു ജോലി തരപ്പെടുത്തി വാണരുളുന്ന കാലം.

വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് അടുത്ത ജംഗ്ഷനിലേക്ക്. അവിടുന്ന് ബസ്സ് പിടിച്ചുവേണം കൊടുങ്ങല്ലൂരിലേക്ക്. രാവിലെ, അമ്മ റെഡിയാക്കിവെക്കുന്ന ചോറും തക്കാളി വാട്ടിയതും പിന്നെ വെളിച്ചെണ്ണയിലിട്ടു വറുത്തെടുത്ത വറ്റല്‍ മുളകിന്റെ ചമ്മന്തിയും കൂട്ടി ഉരുട്ടിയുണ്ട് , ഉച്ചയൂണിന് ഒന്നു പൊതിഞ്ഞെടുത്ത് ജംഗ്ഷനിലേക്ക് നടരാജ സര്‍വ്വീസ്. കളംകളം പൊഴിയുന്ന കിളിമൊഴികളും കേട്ട്, പുഞ്ചിരി പൊഴിയുന്ന കൊഞ്ചലുകളും രസിച്ച് ആര്‍മ്മാദിച്ച് ഒരു നടത്തം.

ആ നടത്തത്തിനു മറ്റൊരു വിശേഷതയുണ്ട്. വീട്ടില്‍ നിന്ന് ജംഗ്ഷനിലേക്കുള്ള നടത്തത്തിനിടയിലാണ് എനിക്ക് പണ്ടുമുതലേ പരിചയമുള്ള പെണ്‍കുട്ടിയുടെ വീട്. എന്നോടുള്ള ആരാധന മൂത്ത് മൂത്ത് തലക്കകത്ത് എന്തൊക്കെയൊ ആയ പരുവത്തിലാണ് ആ ആരാധിക. അവളെ കാണുക എന്നൊരു സദുദ്ദേശവും എനിക്കുണ്ടായിരുന്നു. പറ്റിയാല്‍ ഒരുമിച്ചൊരു നടത്തം, ജംഗ്ഷനിലേക്ക്. ഒരുമിച്ച് കളിച്ചു വളരാന്‍ പറ്റിയ പ്രായമൊന്നും അല്ലായിരുന്നെങ്കിലും സ്ക്കൂളില്‍ പോയിരുന്നപ്പോഴും അമ്പലത്തില്‍ പോകുമ്പോഴും വീട്ടിലെ വിശേഷാവശ്യങ്ങള്‍ക്കും ഒക്കെ ഒരുമിച്ചു കൂടുന്ന വീടും വീട്ടുകാരും, മൂത്തതൊരു ചെറൂക്കാന്‍ പത്താം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചു ബൈക്ക് വര്‍ക്ക് ഷോപ്പില്‍ ഉപരിപഠനം നടത്തുന്നു. രണ്ടാമത്തേതാണ് ഈ പെങ്കൊച്ച്. അവളിപ്പോള്‍ പ്രീഡിഗ്രിക്കു യൂണിവേഴ്സിറ്റിയെ കഷ്ടപ്പെടുത്തുന്നു. താഴെയുള്ള ചെറുക്കന്‍ സ്ക്കൂളില്‍. എല്ലാവരേയും ചെറുപ്പം മുതലേ അറിയാം. ടൌണില്‍ നിന്ന് എന്തെങ്കിലും സഹായമോ ഒക്കെ ഞാന്‍ തന്നെയായിരുന്നു. പിള്ളരുടെ, സ്ക്കൂളിലെ ഡ്രോയിങ്ങ് ബുക്കില്‍ പടം വരച്ചു കൊടുക്കുക, സ്ക്കൂളിലെ കലാപരിപാടികള്‍ക്ക് സഹായിക്കുക, സമ്മാനം വാങ്ങിച്ചു കൊടുക്കുക ഇതുകൊണ്ടൊക്കെ തന്നെ ഞാനാ വീട്ടിലെ ഇഷ്ടതാരമായിരുന്നു. മാത്രമല്ല വീട്ടുകാരനുമായി അങ്ങോട്ടും ഇങ്ങോട്ടും ചെറിയ ചെറിയ തുകകള്‍ സഹായിക്കുക, അങ്ങിനെ.

പതിവുപോലെയുള്ള ഒരു ദിവസം എന്റെ പ്രഭാത ഓട്ടത്തില്‍ വിശാലമായ പാടവരമ്പ് കയറി വരവേ, മഞ്ഞ പട്ടുപാവാടയില്‍ മുന്നിലവള്‍. കുളിമെടച്ചിലില്‍ മുടി മെടഞ്ഞിട്ട് നെറ്റിയിലൊരു ചന്ദനകുറിയൊക്കെ തേച്ച്, സൂര്യനെതിരെ, അതിനെ വെല്ലുന്ന വെളിച്ചത്തില്‍ ഇടവഴിയിലവള്‍.

"നീ കോളേജിലേക്കാണ്ടി? വരണ്ണ്ടാ ജംഗ്ഷനിലേക്ക്? " ഞാന്‍ ചോദിച്ചു.

" ഉം...... ദെന്തൂറ്റ് നടത്താ നന്ദ്വേട്ടന്‍ നടക്കണേ? ഒന്നു പതുക്കെ പൊക്കൂടെ? കൂടെ എത്തണങ്കീ ഞാന്‍ ഓടണല്ലാ"

" ഹഹ ശീലായടെണ്ണേ, നീ വാ" ഞാന്‍ നടത്തം പതുക്കെയാക്കി. " ഇന്ന് എന്തണ്ടി വിശേഷം? നീ ചുള്ളത്തി ആയിട്ടിണ്ടല്ലാ"

അതു കേട്ടതും അവളു ചിരിച്ചു. ഹൊ! പ്രഭത വെയിലിനെ തോല്‍പ്പിക്കുന്ന ചിരി. പച്ച പടര്‍ന്ന ഇടവഴിയില്‍ മഞ്ഞ കോളമ്പിപ്പൂവ് മാതിരി അവള്‍ വിടര്‍ന്നു നിന്നു.


"ഇന്നെന്റെ പെറന്നാളാ"

"ആണോടീ? അപ്പൊ ഹാപ്പി പെറന്നാള്‍ വിഷസ്" ഞാന്‍ പറഞ്ഞു.

"അങ്ങനൊന്നും വേറുതെ വിഷ് ചെയ്താ പോരാ, എന്തെങ്കിലും തന്നിട്ടേ വിഷ് ചെയ്യാമ്പാടു" അവള്‍ക്ക് കുസൃതി.

" ഉം തരും.. കൈ വീശിയൊന്നു തരും ഞാന്‍..." ഞാന്‍ കളിയായി കൈ വീശി. ചിരിച്ചു കൊണ്ടവള്‍ ഒഴിഞ്ഞുമാറിയപ്പോള്‍ ഇടവഴിയിലെ കൊങ്ങിണിചെടിപടര്‍പ്പിലവളുടെ മുടിയുടക്കി. മുള്ളില്‍ നിന്ന് മുടി വിടര്‍ത്തി നേരെയിട്ടുകൊടുക്കുമ്പോള്‍, ഞാന്‍ കണ്ടു. വേലിയിറമ്പില്‍ എന്നെ നോക്കി ചിരിക്കുന്നു ഓറഞ്ച് നിറത്തിലൊരു കൊങ്ങിണിപ്പൂവ്. ഒട്ടും താമസിച്ചില്ല പൂവ് പൊട്ടിച്ച് ഞാനവളുടെ തലയിലെ തുളസിക്കൊപ്പം ചൂടികൊണ്ട് പറഞ്ഞു.

" ദേഡി എന്റെ പെറന്നാള്‍ സമ്മാനം, അടിപൊളിയൊരു കൊങ്ങിണിപ്പൂവ്"

"ഉം" അമര്‍ത്തിമൂളി അവള്‍ വലതുകൈകൊണ്ട് തലയില്‍ തടവി. "ബെസ്റ്റ് ! പെറന്നാളിന് തരാന്‍ പറ്റിയ ഒരു പ്രെസന്റ്. നാണാവില്ലേ നന്ദ്വേട്ടാ..എച്ചിത്തരം കാണിക്കാന്‍?"

" എടീ അസത്തേ, ഇദന്നെ കിട്ടീത് നിന്റെ ഭാഗ്യാണ്ന്ന് വെച്ചോ, നിനക്കിനി ഗിഫ്റ്റ് തരണങ്കില്‍ ഞാന്‍ നിന്റെ അച്ഛന്റേന്ന് കാശ് കടം വേടിക്കണം"

ഞങ്ങള്‍ ജംഗ്ഷനിലേക്ക് നടന്നു നീങ്ങി.


മുന്‍പൊക്കെ കൂട്ടുകാരികളുടെ കൂടെ പോയിരുന്ന അവള്‍ മനപൂര്‍വ്വം അവരെ ഒഴിവാക്കാനോ മനപ്പൂര്‍വ്വം നേരം വൈകാനോ മുതിര്‍ന്നു. അതിനുള്ള ഏക കാരണം ഈയുള്ളവനായിരുന്നു. ഇടവഴിയില്‍ കാത്തുനില്‍ക്കുകയും ജംഗഷനിലേക്കു ഒരുമിച്ചു നടക്കുകയും പതിവായി.. ദിവസങ്ങളുടെ പ്രഭാത നടത്തത്തിനിടയില്‍ അവളുടെ ഇഷ്ടങ്ങളെനിക്കു പ്രഭാത ഭേരി പോലെ വെളിപ്പെട്ടു.

എന്റെ കൂടെ നടക്കണം
എന്നോട് മിണ്ടണം
എന്തേ ക്രിസ്മസ് കാര്‍ഡ് അയക്കാഞ്ഞേ?
ഞാന്‍ ന്യൂ ഇയര്‍ കാര്‍ഡ് അയച്ചത് കിട്ടിയോ?
ഒരൂസം നമുക്ക് കൊടക്കാപറമ്പ് അമ്പലത്തില്‍ പോവ്വാ?

ഇങ്ങിനെയൊക്കെ അവള്‍ക്കെന്നോടുള്ള ഇഷ്ടത്തിന്റെ സൂചനകള്‍ പരിഭവങ്ങളായി എനിക്കു കിട്ടിത്തുടങ്ങി.


അങ്ങിനെയങ്ങിനെ...ഒരു വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു വരുമ്പോള്‍ പതിവുപോലെ ഞാനവളുടെ വീട്ടിലെത്തി. കട്ടന്‍ ചായ കുടിച്ചിറക്കി വിശേഷങ്ങള്‍ പറയവേ അമ്മ അടുക്കളയില്‍ പോയ നേരം നോക്കി അവള്‍ എന്നോട് പറഞ്ഞു :

"നാളെ നന്ദ്വേട്ടന്‍ ഒരു കാര്യം ചെയ്യോ?"

" എന്തൂട്ടണ്ടി, നീ കാര്യം പറ, കാശ് ചെലവാവണ കാര്യൊഴിച്ച് വേറെ എന്തു വേണേ പറഞ്ഞോ"

" ഓ! ഒരു നക്കി!! ഇയ്ക്ക് കാശൊന്നും വേണ്ട. നാളെ കൊടൂങ്ങല്ലൂരീന്ന് വരുമ്പോ ഒരു സാധനം വേടിച്ചോണ്ടു വരണം. പറ്റോ?"

" എന്തൂറ്റ് സാനം?"

" കൊറച്ച് മുല്ലപ്പൂവ്. ഞാറാഴ്ച എനിക്കൊരു കല്ല്യണംണ്ട്. അയിനാ"

" അദണ് ‍?! ഞാന്‍ കൊണ്ടരാലാ.. എന്തോരം വേണം?"

"ഒരു മൂന്നു മൊഴം. നാളെ വൈകീട്ട് കൊണ്ടരണം. എന്നാലെ എനിക്ക് മറ്റന്നാ കാലത്തന്നെ ചൂടാന്‍ പറ്റൊള്ളോ"

"മൂന്നു മൊഴത്തിന് കാശെത്രാവൂടീ?"

"അയ്യോ'' അവള്‍ തലയില്‍ കൈവെച്ച് എന്തോ പറയാന്‍ തുടങ്ങി

"വേണ്ട വേണ്ട ഞാന്‍ വാങ്ങിച്ചോണ്ടു വരാം. നീ കെടന്നലറണ്ട"

പിറ്റേ ദിവസം ജോലി കഴിഞ്ഞ് കൊടുങ്ങല്ലൂരമ്പലത്തിന്റെ നടയിലെ പൂക്കാരനില്‍ നിന്ന് മൂന്നുമുഴം മുല്ലപ്പൂ വാങ്ങി പൊതിഞ്ഞു ഭദ്രമായി ബാഗില്‍ വേച്ചു. ബസ്സിലിരിക്കുമ്പോള്‍ ഇടക്കിടെ അതെടുത്ത് വാസനിക്കാനും ഞാന്‍ മറന്നില്ല. ഹൊ! നാളെ കല്യാണത്തിന് അവള് ചൂടുന്ന മുല്ലപ്പൂ ഞാന്‍ വേടിച്ചു കൊടൂത്തതാ മോനെ' എന്ന് ഞാന്‍ തന്നെ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.

സന്ധ്യകഴിഞ്ഞു അവളുടെ വീടീന്റെ പടി കടന്നു തിണ്ണയിലേക്ക് കയറുമ്പോള്‍ ഉമ്മറത്ത് അവളുടെ അച്ചന്‍. 'ഇങ്ങേരുണ്ടായിരുന്നോ ഇവിടെ?' ഞാന്‍ തല ചൊറിഞ്ഞു

"എന്ത്ണ്ട് ചേട്ടോ വിശേഷം? പണിയൊക്കെയിണ്ടാ?" ഞാന്‍

'എന്തൂറ്റ് വിശേഷംണ്ടക്കേ.. പണ്യോക്കെ കൊറവാ..ദേ അയിനെടക്ക് നാളെ ഒരു കല്ല്യാണം. അതു വേറെ ഒരു കുരിശ്. ഇനീപ്പോ അതിന് പോണം"

'ഉം. ഉം..... ചേച്ച്യേ' ഞാന്‍ അകത്തേക്ക് നോക്കി വിളിച്ചു. " ഞാന് ഇവ്ടെണ്ട് ട്ടാ. തെരക്കിലാവും ല്ലേ?"

"ടീ നന്ദൂനിത്തിരി ചായള്ളം കൊട്ക്കിടീ' ചേട്ടന്‍ അകത്തിക്ക് നോക്കി വിളിച്ചു പറഞ്ഞു, അവസാന പുകയെടുത്ത് ബീഡി മുറ്റത്തേക്ക് വലിച്ചെറീഞ്ഞു.

ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ അകത്തേക്ക് ഏറുകണ്ണിട്ടു നോക്കി. അവളവിടെ എനിക്കു കാണാന്‍ പാകത്തിനു തന്നെ ഇരിക്കുന്നുണ്ട്. ചുമ്മ കയ്യിലൊരു പുസ്തകവും പിടിച്ച് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. പിന്നെ എന്നെ പണ്ടാറാക്കാന്‍ ഓരോ ചിരിയും. അവളുടെ അച്ഛന്‍ മുന്നിലിരിക്കുന്നതു കൊണ്ട് ഒന്നും ചോദിക്കാന്‍ വയ്യ. ചുമ്മാ ഒരു കുശലത്തിനായി ഞാന്‍ അകത്തേക്ക് നോക്കി വെറുതെ, വെറും വെറുതെ ചോദിച്ചു.

"നീ പോണില്ലെഡീ കല്ല്യാണത്തിന് ‍? ഓ ഇനീപ്പോ നാളെ ഭയങ്കര ചെത്തായിരിക്കും ലാ"

"ആ! ഇപ്പളല്ലേ നന്ദേട്ടാ ചെത്താന്‍ പറ്റൂ. നാളെ പോണം" അവള്‍ കട്ടക്കു കട്ട.

എന്തായാലും അങ്ങേരവിടെ ഇരിക്കുന്നതു കൊണ്ട് മുല്ലപ്പൂവിന്റെ കാര്യമൊന്നും പറയാന്‍ പറ്റില്ല. ഒരു പഞ്ചാരവാക്കും പറയാന്‍ പറ്റില്ലല്ലോ എന്റെ ആലുക്കത്തറ മുത്തീ! പിന്നെ ഞങ്ങള്‍ സംസാരം കണ്ണുകൊണ്ടാക്കി.

ഞാന്‍ മുല്ലപ്പൂ എന്റെ ബാഗിലുണ്ടെന്ന് കണ്ണുകൊണ്ട് കാണിച്ചു,

അച്ഛന്‍ ഇരിക്കുന്നുണ്ട് എന്ന് അവളുടെ മറുപടി

ഇങ്ങേരിതെപ്പോ ഇവിടെന്നെണീക്കും??

മറുപടിയായി അവള്‍ തല താഴ്ത്തി ശബ്ദമില്ലാതെ ചിരിച്ചു.

ഞാനിപ്പോ തരട്ടേ മുല്ലപ്പൂ?

അയ്യോ വേണ്ട. അച്ഛന്‍ കാണും, അച്ഛനറിയില്ല ഞാന്‍ വേടീക്കാന്‍ പറഞ്ഞ കാര്യം.

പിന്നെ ഞാനിതെന്തു ചെയ്യും

വെയ്റ്റ് ചെയ്യ്, നമുക്ക് നോക്കാം

അങ്ങിനെ കണ്ണുകൊണ്ട് കഥകളി കളിക്കുന്നതിടക്ക് അവളുടെ അച്ഛനോട് കാഷ്യലായിട്ട് ഞാനെന്തെക്കെയോ ചോദിക്കുന്നുണ്ട്. അങ്ങേരെന്തോ മറുപടി പറയുന്നുണ്ട്. പക്ഷെ മറുപടി കേള്‍ക്കാനല്ലല്ലോ ഞാന്‍ ചോദിക്കുന്നത്! അതിനിടയില്‍ അയാള്‍ അടുത്ത് ബീഡി കത്തിച്ചു. എന്റെ അവസാന പ്രതീക്ഷയും പോയി. എനിക്കാണെങ്കില്‍ പോയിട്ട് ഒരു പാട് കാര്യങ്ങളുണ്ട് വീട്ടില്‍. ഇതിനിടയില്‍ ഇങ്ങേരിതെഴുന്നേല്‍ക്കാന്‍ കാത്തിരുന്നാല്‍ മുല്ലപ്പൂവും കൊടുക്കില്ല ഞാന്‍ വീട്ടിലും പോകില്ല. ഒടുവില്‍ വരുന്നത് വരട്ടെ എന്ന് കരുതി ഞാന്‍ ബാഗ് തുറന്ന് മുല്ലപൂ പൊതിയെടുത്ത്

"ദേഡെണ്ണ്യേ.... ന്നാ പറഞ്ഞ സാനം"

എന്നു പറഞ്ഞ് അകത്തിരുന്ന അവളുടെ മടിയിലേക്ക് എറിഞ്ഞു. കൃത്യം അവളുടെ മടിയില്‍. അവളപ്പോള്‍ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി. അതു മൈന്‍ഡ് ചെയ്യാതെ ഞാനവളുടെ അച്ഛനോട് യാത്ര പറഞ്ഞ് പുറത്തെ ഇരുളിലേക്കിറങ്ങി. ഇരുട്ടിലൂടെ നടന്നു നീങ്ങുമ്പോള്‍ ഉമ്മറത്തിരുന്ന അവളുടെ അച്ഛന്റെ മുഴക്കം ഞാന്‍ കേട്ടു.

"എന്തുറ്റണ്ടീ ആ പൊതീല്?"

ദൈവമേ അങ്ങേര് സീരിയസ്സായിട്ടാണല്ലോ! മറുപടിയൊന്നും കേട്ടില്ല. കൂടുതലൊന്നും കേള്‍ക്കാന്‍ നില്‍ക്കാന്‍ ശേഷിയില്ലാതെ ഞാനെന്റെ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തുമ്പോഴും എനിക്കു ടെന്‍ഷനായിരുന്നു. ഇനി അവളുടെ അച്ഛന്‍ സംശയം വല്ലതും തോന്നിയിരിക്കുമോ? അയാള്‍ അവളെ ചീത്ത പറഞ്ഞിരിക്കുമോ? ഞാന്‍ വാങ്ങിയ മുല്ലപ്പൂ വാങ്ങി മുറ്റത്തേക്കെറിഞ്ഞിട്ടുണ്ടാവുമോ? സര്‍വ്വോപരി നാളെ അങ്ങേര് എന്റെ വീട്ടീല്‍ വന്ന് വഴക്കുണ്ടാക്കുമൊ? ഇന്നത്തോടെ ഈ ഒളിച്ചു കളി അവസാനിച്ച് സംഗതിമൊത്തം നാട്ടാരറിഞ്ഞ് നാണക്കേടാകുമോ?

തിരിഞ്ഞും മറിഞ്ഞും കിടന്ന് ഞാന്‍ ഉറങ്ങി-ഉറങ്ങിയില്ല എന്ന മട്ടില്‍ നേരം വെളുപ്പിച്ചു. ഞായറാഴ്ചയിലെ പതിവു പരിപാടികളില്‍ മുല്ലപ്പൂ പ്രശ്നം എന്റെ മനസ്സില്‍ നിന്ന് പോയി. അന്നു അവളെ കാണാന്‍ പറ്റിയില്ല. അതിന്റെ പിറ്റേ ദിവസം തിങ്കളാഴ്ച. പതിവുപോലെയുള്ള പ്രഭാത നടത്തത്തില്‍......

"നന്ദ്വേട്ടന്‍ എന്തൂറ്റ് പണ്യാ കാണിച്ചേ? ഞാനപ്പഴേ പറഞ്ഞാല്ലേ മുല്ലപ്പൂ അപ്പ തരണ്ടാന്ന്"

" എന്തേടീ അച്ഛന്‍ വല്ലതും പറഞ്ഞാ?" എനിക്കു ആധിയായി

"പിന്നെ പറയാണ്ട്?! ഇതൊക്കെ എന്തിനാ നന്ദ്വേട്ടനോട് പറഞ്ഞ വാങ്ങിപ്പിച്ചേ ന്നു ചോയിച്ചു"

"വേറെ എന്തെങ്കിലും പറഞ്ഞാ?"

" വേറെ കാര്യായിട്ട് ഒന്നും പറഞ്ഞില്ല. എന്തൂറ്റായാലും അച്ഛനത് അങ്ങ്ട് ഇഷ്ടായില്ലാന്നു തോന്നുണു. കുറേനേരം മോറും വീര്‍പ്പിച്ചിക്ക്ണ്ടായിരുന്നു."

ഞാനൊന്നും വേറെ പറഞ്ഞില്ല. അയ്യാള്‍ക്ക് എന്തു തോന്നിയോ ആവോ?

"അച്ഛന് വേറെ വല്ല സംശയം ഉണ്ടോടീ? "

"ആ എനിക്കറിയില്ല. എന്നോട് പിന്നേ കാര്യായിട്ടൊന്നും മിണ്ടിട്ടീല്ല"

എന്തോ അന്നത്തെ പ്രഭാതത്തിന് എനിക്കൊരു സൌന്ദര്യവും തോന്നിയില്ല. എന്തായാലും കുറച്ചു ദിവസം രാവിലെ ഒറ്റക്കു പോകുന്നതാകും ബുദ്ധി എന്നൊരു കുബുദ്ധി എനിക്കു തോന്നി. അബദ്ധവശാല്‍ ഇനി ഞങ്ങള്‍ രണ്ടാളും ഒരുമിച്ചു വരുന്നതു കൂടീ അയ്യാള്‍ കണ്ടാല്‍!!

പിറ്റേ ദിവസം മനപ്പൂര്‍വ്വം ഞാനിത്തിരി നേരം വൈകിയാണ് ഓഫീസിലേക്ക് പോയത്. അതുകൊണ്ട് തന്നെ അവളെ കൂട്ടു കിട്ടിയില്ല. അന്നു വൈകീട്ട് അവളുടെ വീട്ടിലും മനപ്പൂര്‍വ്വം പോയില്ല. പിറ്റേ ദിവസവും ഞാന്‍ നേരം വൈകിയാണ് ഓഫീസിലേക്ക് പോയത് അവള്‍ കൂട്ടില്ലാതെ. പക്ഷെ ജംഗഷനിലെത്തുന്നതിന്‍ മുന്‍പേ അവളുടെ ചേട്ടന്‍ സൈക്കിളില്‍ വരുന്നത് കണ്ടു. എന്നെ കണ്ടതും അവന്‍ :

" നന്ദ്വേട്ടാ, എന്റെ അച്ഛനെ കണ്ടാ? അച്ചന്‍ അന്വേഷിക്ക്ണ്ടായില്ലാ"

"നിന്റെ അച്ഛനാ? എന്തിന് ‍?

"അതറീയില്ല, നന്ദ്വേട്ടനെ കണ്ടാല്‍ അച്ഛന്‍ അന്വേഷിച്ചൂന്ന് പറയാന്‍ പറഞ്ഞു"

എന്റെ മനസ്സിലൊരു ഇടിവെട്ടി. 'ദൈവമേ' കഴിഞ്ഞു.. എല്ലാം കഴിഞ്ഞു. അയ്യാള്‍ എല്ലാം അറീഞ്ഞിരിക്കുന്നു' മനസ്സില്ലാ മനസ്സോടെ ഞാന്‍ ഓഫീസില്‍ പോയി. വൈകീട്ട് തിരികെ വരുമ്പോഴും ഞാനവളുടെ വീട്ടില്‍ മനപ്പൂര്‍വ്വം കയറിയില്ല. വീട്ടില്‍ എത്തി വൈകീട്ട് ടി.വി കണ്ടിരിക്കുമ്പോള്‍ അമ്മ പറഞ്ഞു

" ടാ.... ആ ........ചേട്ടന്‍ നിന്നെ അന്വേഷിച്ച് വന്നിട്ടുണ്ടായിരുന്നല്ലാ."

ഞാനൊന്നു ഞെട്ടി " എന്തിന് ‍? എന്നിട്ടെന്തൂറ്റാ പറഞ്ഞേ?"

" ആ, നിന്നെ ഒന്നു കാണണം ന്ന് പറഞ്ഞു. നീ വരുമ്പോള്‍ അയ്യാള് വന്നിരുന്നൂന്ന് പറയാന്‍ പറഞ്ഞു"

ഒരു വെള്ളിടി വെട്ടിയപോലെയായി ഞാന്‍. അപ്പോ അവളുടെ അച്ഛന്‍ എന്റെ വീട്ടിലും അന്വേഷിച്ചു വന്നിരിക്കുന്നു. അപ്പോ സംഗതി നിസ്സാരമല്ല. അയ്യാള്‍ സീരിയസ്സായി എടൂത്തിട്ടുണ്ട്.

" എന്തിനണ്ടാ അയ്യാള് നിന്നെ കാണാന്‍ ഇങ്ങ്ട് വന്നത്?" അമ്മ വിടാനുള്ള ഭാവമില്ല.

" ആ ആര്‍ക്കറീയാം, എന്തൂട്ടിനണാവോ?" ഞാന്‍ അറിയാത്ത മട്ട് ഭാവിച്ചു.

"ഉം." അമ്മയൊന്നു അമര്‍ത്തി മൂളി. "നോക്കീം കണ്ടും നടന്നാ എല്ലാവര്‍ക്കും നല്ലത്" എന്നു അര്‍ത്ഥം വെച്ച് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

അമ്മയുടെ മറുപടീയില്‍ വല്ലതും ഒളിഞ്ഞിരിക്കുന്നുണ്ടോ? എനിക്കു സംശയമായി. പണ്ടാരടങ്ങാന്‍ പുലിവാലാകുമോ? എന്താപ്പോ ചെയ്യാ എന്നോലോചിച്ചപ്പോള്‍ അങ്ങേരെ കാണാതിരിക്കുക എന്ന ഒരു മറുപടീയാണ് മനസ്സില്‍ തെളിഞ്ഞത്. 'ഒന്നു രണ്ടു ദിവസം കാണാതിരുന്നാല്‍ സംഗതി ഒന്നു കലങ്ങിത്തെളിയും. അങ്ങേരത് മറക്കുകയും ചെയ്യും' എന്നു കരുതി ഞാന്‍ മനപൂര്‍വ്വം അയാളുടെ മുന്നിലെ പെടാതിരിക്കാന്‍ ഒളിച്ചു നടന്നു.

രണ്ടു ദിവസത്തിനപ്പുറം രാവിലെ ചോറും പൊതിയെടുത്ത് ജംഗ്ഷനിലേക്ക് ഓടവേ ഇടവഴിയില്‍ അതാ അവള്‍. ഒരു ചന്ദനക്കുറിയും ചൂടി, വിടര്‍ന്ന ചെമ്പക പൂ കണക്കേ ഇടവഴിയിലൊരു മന്ദഹാസത്തില്‍ നില്‍ക്കുന്നു.

" എത്രൂസായെന്നോ ഞാന്‍ കാത്തു നിക്കാന്‍ തൊടങ്ങീയിട്ട്? എന്തായിരുന്നു കൊറെ ദിവസായിട്ട് കാണാനില്ലല്ലാ?!"

" രാവിലെ എഴുന്നേല്‍ക്കാന്‍ നേരം വൈകൂടി പെണ്ണെ. അതാ"

"ഉം എല്ലാസോം സെക്കണ്ട് ഷൊ സിനിമക്ക് പോയിട്ടല്ലേ? അതോ ഇനി രാത്രി കക്കാന്‍ പോണ് ണ്ടാ രാവിലെ കെടന്നൊറങ്ങാന്‍?"

ഞാനൊന്നു ചിരിച്ചു കാണിച്ചു. ഉള്ളിലെ ഉദ്വേഗം അടക്കാന്‍ വയ്യാതെ ഞാന്‍ ചോദിച്ചു

"എടീ നിന്റച്ഛന്‍ അന്വേഷിക്കുണ്ടായിരുന്നു പറഞ്ഞൂല്ലാ.. എന്തിനാ?"

" ആ! എന്നോടൂം ചോയ്ച്ചു നന്ദ്വേട്ടനെ കണ്ടോന്ന്. ഞാന്‍ പറഞ്ഞു കാണാറില്ല്യാന്ന്. "

"എന്തിനാടീ അച്ഛന്‍ അന്വേഷിച്ചേ ആ മുല്ലപ്പൂവിന്റെ കാര്യാണോ?"

" ആ, എനിക്കറിയില്ല. എന്തിനണന്ന് അച്ഛനോട് ചോയ്ച്ചൊ, എനിക്കെങ്ങനെ അറീയാനാ?"

അവളുടെ ചോദ്യങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും ഒരു മൂളലില്‍ മറുപടിയൊതുക്കി ഞങ്ങള്‍ ജംഗ്ഷനിലെത്തി വഴിപിരിഞ്ഞു. ഞാന്‍ ഓഫീസിലേക്കും അവള്‍ കോളേജിലേക്കും പോയി. ഓഫീസിലിരിക്കുമ്പോഴും എന്റെ മനസ്സ് പെഴ്തൊഴിയാത്ത പേമാരി പൊലെയായിരുന്നു. 'ഞാനിതാ നാട്ടുകാരുടെ മുന്നില്‍ നാറാന്‍ പോകുന്നു...ഈശ്വരാ‍ാ‍ാ‍ാ‍ാ‍ാ‍ാ...'

അന്ന് വൈകീട്ട് ജോലി കഴിഞ്ഞ് ഞാന്‍ ജംഗ്ഷനില്‍ ബസ്സിറങ്ങി. വീട്ടിലേക്ക് നടക്കുമ്പോള്‍ അവിടെ കൂട്ടുകാരായ കൈലാസനും ഗിരീഷും വേറെ പലരും.

" ഡാ നന്ദോ, ഇന്ന് കാരുമാത്ര പൂ‍യ്യം ല്ലേഡാ? പോണ്ടറാ നമുക്ക്?"

അന്നു മകരത്തിലെ പൂയ്യമായിരുന്നു. കാരുമാത്ര അമ്പലത്തിലെ തൈപ്പൂയ്യം. കാവടീയും, നാദസ്വരവും ബാന്റ് സെറ്റും എല്ലാം ചേര്‍ന്ന് ഒരു ബഹളമായിരിക്കും. പക്ഷെ എന്റെ മനസ്സിലെ തൈപ്പൂയം തുടങ്ങിയിട്ട് രണ്ടുമൂന്ന് ദിവസമായി. എന്നും നാദസ്വരം, കാവടിയാട്ടം, ശിങ്കാരിമേളം......

"പിന്നെ പോണ്ടെറാ.." ഞാന്‍ ആവേശിതനായി " പോയില്ലെങ്കി പിന്നെ എന്തൂട്ട് കോണത്തുകുന്നാര് ഡാ നമ്മളൊക്കെ"

"എന്നാ വാടാ, സന്ധ്യക്ക് ഞങ്ങള്‍ പോണ് ണ്ട് കാവടി സെറ്റിന്റെ കൂടെ, നീ വേം വീട്ടീ പോയിട്ട് വാടെക്കേ"

"എന്നാ ആ സൈക്കിള്‍ താടാ ഞാന്‍ വേം വീ‍ട്ടീപ്പൊയിട്ട് വരാ" അവരില്‍ നിന്നു സൈക്കിള്‍ വാങ്ങി ഞാന്‍ വീട്ടിലേക്കു തിരിച്ചു. അതുവരെയുണ്ടായിരുന്ന എല്ല വിഷമങ്ങളും അതോടെ തീര്‍ന്നു തുടങ്ങിയിരുന്നു. ഇന്നത്തെ രാത്രിയില്‍ കാവടീ സെറ്റിന്റെ കൂടെ കറങ്ങി നടന്ന് വെളുപ്പിന് വീട്ടിലെത്തി ഒന്നുറങ്ങിയാ‍ല്‍ നാളെ നേരം വെളുക്കുമ്പോഴേക്കും ഫ്രെഷായിട്ടുണ്ടാകും. ഒരു പുതിയ മനുഷ്യന്‍!!!

ഞാന്‍ സൈക്കിളെടുത്ത് കോണത്തകുന്ന് രാജ് ടാക്കീസും കഴിഞ്ഞ് ഹെല്‍ത്ത് സെന്ററിലെ ഇറക്കവും കഴിഞ്ഞ് ആലുക്കത്തറ മുത്തിയുടെ അമ്പലവും കഴിഞ്ഞ് മുന്നോട്ടു പോകവേ..എവിടെനിന്നാണെന്നറിയില്ല. അതാ എന്റെ മുന്നിലേക്ക് അയ്യാള്‍..... അവളുടെ അച്ഛന്‍!! സൈക്കിളൊന്ന് വെട്ടിച്ച് ഏതെങ്കിലും വളവിലേക്കു തിരിക്കാം എന്നു ആലോചിച്ചു തുടങ്ങുമ്പോഴേക്കും അയ്യാള്‍ എന്നെ കണ്ടു. കയ്യുയര്‍ത്തി എന്നെ വിളിച്ചു... " ടാ‍ാ..നന്ദ്വോ.."

'എന്റെ ആലുക്കത്തറ മുത്തീ...... കഴിഞ്ഞു. എല്ലാം ഇതാ അവസാനിക്കാന്‍ പോകുന്നു' ഞാന്‍ സൈക്കിള്‍ നിര്‍ത്തി

അയ്യാള്‍ വേഗം നടന്ന്നു വന്ന് എന്റെ അടുത്തെത്തി സൈക്കിളിന്റെ ഹാന്‍ഡില്‍ കൈവെച്ചു. ഞാന്‍ ഉള്ളില്‍ ചിരിച്ചെങ്കിലും അത് പുറത്തേക്ക് വന്നില്ല. വേറെ ഒരു വഴിയുമില്ല. ഞാന്‍ ആയുധം വെച്ചു കീഴടങ്ങി. 'സാരല്ല്യ നെപ്പോളിയനു വരെ ഇങ്ങിനെയൊരു അവസ്ഥ വന്നിട്ടുണ്ട് പിന്നെയാണോ ഞാന്‍. നത്തിങ്ങ് ഈസ് ഇമ്പോസിബിള്‍'' ഒരു നത്തും പ്രശ്നല്ലാന്ന്.





" ഞാനെത്ര ദിവസായെന്നറിയ്യോ നിന്നെ അന്വേഷിച്ചു നടക്കുന്നത്?"

"ആണോ.. ഞാനറിഞ്ഞില്ല ചേട്ടാ.." ഞാന്‍ സര്‍വ്വോത്തവനാകാന്‍ ശ്രമിച്ചു.

"ഞാന്‍ പിള്ളേരോട് പറഞ്ഞയച്ചിട്ടുണ്ടായിരുന്നല്ലാ.. പറഞ്ഞില്ലേ, ഞാന്‍ വീട്ടിലും വന്നിരുന്നു. അമ്മ പറഞ്ഞുകാണുലോ?"

" ആഹ്..ഉവ്വ്.. പറഞ്ഞു...ഞാന്‍ പിന്നെ. അത് പിന്നേ.."

"ഞാന്‍ ഒരു പ്രധാന കാര്യം പറയാനാ നിന്നെ അന്വേഷിച്ചേ"

'അതെനിക്കറീയാലാ ചേട്ടാ, എനിക്കല്ലേ അതറിയൂ' ഞാന്‍ മനസ്സില്‍ പറഞ്ഞു

"ഈ കാര്യത്തില്‍ നിനക്കല്ലാതെ വേറൊരാള്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ലാന്നറിയാലോ. ഈ കാര്യത്തില്‍ നീയൊന്നു അറിഞ്ഞു ചെയ്യണം" അയ്യാള്‍ വീണ്ടും

'ഇനി എന്തറിയാന്‍ ചേട്ടാ... എല്ലം അറിഞ്ഞില്ലേ' ഞാന്‍ വീണ്ടും മനസ്സില്‍

'നീ സമ്മതിച്ചു എന്ന് പറയാതെ എനിക്ക് മനസ്സമാധാനണ്ടാവില്ല്യ"

'ഈശ്വരാ ഇയാള്‍ എന്നെ കല്ല്യാണത്തിനു സമ്മതിപ്പിക്കുകയാണ്?' എനിക്കുള്ളില്‍ തീ കത്തി

" അല്ല നീയെന്താ ഒന്നും പറയാത്തത്?"

"അല്ല..അതു പിന്നെ, ചേട്ടാ. ഞാന്‍ അറിഞ്ഞുകൊണ്ട്...അതിപ്പോ ഞാനിതെങ്ങിനാ...സമ്മതിക്കാ..." ഞാന്‍ വിക്കി

എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് മനസ്സിലായി. സംഗതി ഇങ്ങേരറിഞ്ഞ സ്ഥിതിക്ക് എന്നെക്കൊണ്ട് മകളെ കെട്ടിക്കാന്‍ തന്നെയാണ് പ്ലാന്‍. ഈശ്വരാ ഇതീന്നെങ്ങിനെയാ ഒന്നു തലയൂരുക??!!

'ഒരു രക്ഷയുമില്ലല്ലോ ഭഗവാനേ' ഞാനൊന്ന് മനസ്സില്‍ സെര്‍ച്ച് ചെയ്ത് നോക്കി. ഒരു കീവേര്‍ഡും കിട്ടിയില്ല.

"അതിപ്പോ ചേട്ടാ.. എന്റെ അവസ്ഥ അറിയാലോ.. വീട്ടിലെ പ്രശ്നങ്ങള്‍. പിന്നെ ജോലീന്ന് പറയുമ്പോ ശമ്പളം കാര്യായിട്ട് ഒന്നുമില്ല. അങ്ങിനെ തട്ടിമുട്ടു ജീവിച്ചു പൂവ്വാന്നല്ലാതെ...." ഞാനെന്റെ അവസ്ഥ മനസ്സിലാക്കന്‍ ഒരു ശ്രമം നടത്തി.

"ഇതൊക്കെ എനിക്കറിയാത്തതല്ല നന്ദ്വോ, എന്നുവെച്ച് ഈ പ്രശ്നം ഇങ്ങിനെ നീട്ടികൊണ്ടോവാന്‍ പറ്റ്വൊ?

"അതെ അത് ശരിയാണ് ‍." ഞാന്‍ വിളര്‍ത്തു, അപ്പോ അങ്ങേര് എല്ലാം തീരുമാനിച്ച മട്ടാണ്.

"അതുകൊണ്ട് നന്ദു തന്നെ ഈ കാര്യം ഏല്‍ക്കണം, എന്നെ രക്ഷിക്കണം"

"അല്ല ചേട്ടന്‍ ഇപ്പോഴും കാര്യം...ഒന്നും ....പറഞ്ഞില്ല..." ഞാന്‍ ഒരു അവസാനവട്ടം ഒരു ശ്രമം നടത്തി

"കാര്യൊക്കെ നിനക്കറിയണതല്ലേ.. നീ പണ്ടുമുതലേ എന്റെ വീട്ടീ വരണതല്ലേ നന്ദ്വോ. നീയറിയാത്തതാ കാര്യങ്ങളൊക്കെ" അയ്യാളുടെ ശബ്ദം ഇത്തിരി കനത്തുവോ?! "

ഞാന്‍ ചിരിച്ചു ഒഴിഞ്ഞു. "ഞാന്‍.....ഞാന്‍... അതിപ്പോ...എങ്ങിനെ.. ഞാനെന്താ വേണ്ടത്" ഒടുവില്‍ എല്ലാം സഹിക്കാന്‍ ഞാനൊരുങ്ങി നിന്നു.

" മറ്റൊന്നും തോന്നരുത്.. നീ തന്നെ.... ഉടനെ ......."

"ചേട്ടന്‍ കാര്യംന്താന്ന്ച്ചാ പറ..." ടെന്‍ഷന്‍ കൊണ്ട് പൊറുതിമുട്ടിയ ഞാന്‍ അലറി.

അയ്യാള്‍ ഹാന്‍ഡിലില്‍ നിന്ന് കയ്യെടുത്ത് എന്റെ അരികിലേക്ക് ഒന്നുക്കൂടി നീങ്ങി നിന്നു. ഞാനന്നേരം ഓടാനുള്ള ഇടവഴിയോ പരിസരമോ ഉണ്ടോന്നു നോക്കി. രണ്ടു കാലും നിലത്തൂന്നി റെഡിയായി നിന്നു. വലതു കൈ അങ്ങേരുടെ ആദ്യത്തെ ഇടി തടുക്കാന്‍ സജ്ജമാക്കി..

"നീ...നീ.." അയ്യാള്‍ ചുറ്റും നോക്കി " നീയിപ്രാവശ്യം........"

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി

"നന്ദൂ....നീ ഇത്തവണ എനിക്ക് ഒരു അയ്യായിരം ഉറുപ്പിക സംഘടിപ്പിച്ചു തരണം....."

................................???? !!!!!


"എന്തൂറ്റ്??"

അവിശ്വസനീയമായൊന്നു കേട്ട പോലെ ഞാന്‍ കണ്ണു വിടര്‍ത്തി

" അതേ, എവിടുന്നേങ്കിലും നീ എനിക്ക് അയ്യായിരം ഉറുപ്പ്യ ഉണ്ടാക്കി ത്തരണം"

ഞാന്‍ ചിരിക്കനോ കരയണോ എന്നറിയാതെ നിന്നു.

"നിനക്കറീയാലോ അവളുടെ(ഭാര്യയുടെ) കാര്യങ്ങള്‍. എന്നും ആസ്പത്രി തന്നെ. നാളത്തെകഴിഞ്ഞാല്‍ ആസ്പത്രീ പോണംന്ന് വിചാരിക്കുന്നു. ഇപ്രാവശ്യം അവളെ കുറ്ച്ചൂസം കെടത്തണ്ടി വരും. കയ്യിലാണെങ്കീ പത്ത് പൈസയില്ല.. ഇക്കാര്യത്തില്‍ നിനക്കേ എന്നെ സഹായിക്കാന്‍ പറ്റൂ" ഒറ്റ ശ്വാസത്തില്‍ അയ്യാള്‍ പറഞ്ഞു

ഹോ! ടയറിലെ കാറ്റ് പോയ സൈക്കിളിനെ പോലെ ഞാന്‍ ഭൂമിയിലൊന്ന് ഇരുന്നു. 'അപ്പ ഇതിനായിരുന്നോ ഇങ്ങേര്‍ എന്നെ അന്വേഷിച്ചത്?'

"ഇതായിരുന്നാ ചേട്ടന്‍ ചോദിക്കാ‍ന്‍ ഇരുന്നത്?" എന്റെ മനസ്സില്‍ ഒരു കുളിര്‍ തെന്നല്‍ വീശി.

"ആ! അയിന് നിന്നെ ഒന്നു കണ്ടു കിട്ടണ്ടേ, ഞാനെത്ര ദിവസായന്നറീയോ കൊറച്ച് കാശുണ്ടാക്കാന്‍ നോക്കണ് ‍. ............നിന്നെക്കൊണ്ട് പറ്റോ ഇത്രേം കാശ്, പെട്ടെന്ന്"

"അതൊക്കെ ഞാനേറ്റു ചേട്ടാ. ഇതൊക്കെ ഒരു വലിയ പ്രശ്നമാണോ" വലിയൊരു വൈതരണി ഒഴിഞ്ഞ സന്തോഷത്തില്‍ ഞാനെന്തിനും തയ്യാറായിരുന്നു., അത്രയും വലിയൊരു തുക അന്ന് എനിക്കു സംഘടിപ്പിക്കാന്‍ അസാദ്ധ്യമായിരുന്നെങ്കിലും പ്രശ്നത്തില്‍ നിന്ന് തലയൂരിയ ഞാനെന്തിനും തയ്യാറായിരുന്നു,

"ചേട്ടന്‍ ധൈര്യായിട്ട് വീട്ടി പൊക്കോ, ഒക്കെ ഞാനേറ്റു"

കാശ് പിറ്റേ ദിവസം മതിയെന്ന് ചേട്ടന്‍ പറഞ്ഞെങ്കിലും അന്നക്കന്ന്, അന്ന് രാത്രിക്കു രാത്രി, അമരിപ്പാടത്തെ എന്റെ കൂട്ടുകാര്‍ നടത്തിയിരുന്ന ബ്ലെയ്ഡില്‍ നിന്ന് അയ്യായിരം രൂപ ഞാന്‍ കൊള്ളപലിശക്കെടുത്തു കൊടുത്തു; ജീവിതത്തിലാദ്യമായി.

ആ രാത്രിയോടെ കുറച്ചു ദിവസമായി എന്റെ മനസ്സില്‍ നിറഞ്ഞു കൊട്ടിയിരുന്ന ശിങ്കാരമേളത്തിന് കലാശക്കൊട്ടു വീണു,

ഹോ! മൂന്നു മുഴം മുല്ലപ്പൂ വരുത്തിയ വിന..
.