തബല സുധാകര ചരിതം
.
തബലയില്‍ സുധാകരന് അഗ്രഗണ്യനായിരുന്നെങ്കിലും ഞങ്ങളുടെയൊക്കെ വിഹാര രംഗങ്ങളായിരുന്ന ജനതാ കോര്‍ണര്‍, പഞ്ചായത്ത് ഹാള്‍ മുറ്റം, പഞ്ചായത്ത് ലൈബ്രറി, കോണത്തുകുന്നിലെ രണ്ടു ബസ് സ്റ്റോപ്പുകള്‍ ഇവിടങ്ങളിലെ ‘സുഹൃദ് സംഗമം’ എന്ന് വിളിപ്പേരിട്ട വായ് നോട്ട / പരദൂഷണ സംഘങ്ങളില്‍ സുധാകരന് വളരെ വീക്കായിരുന്നു. ആരെങ്കിലും തമാശ പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ച് കഴിഞ്ഞ് അടുത്തതിലേക്ക് കടക്കുമ്പോഴായിരിക്കും സുധാകരന് ആദ്യത്തെ തമാശയുടെ ചിരിയുതിര്‍ത്തിരുന്നത്. ചുരുക്കത്തില്‍ ഇത്തിരി സ്ലോ, മിതഭാഷി, നിര്‍ദ്ദോഷി, നിര്‍ഗ്ഗുണന്‍. അന്നൊന്നും സിക്സ് പാക്കും ഏയ്റ്റ് പാക്കും ഇല്ലാത്തതു കൊണ്ട് ആകെയുള്ള ഒരു പാക്ക് വയറേ സുധാകരനുണ്ടായിരുന്നുള്ളു. ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീര പ്രകൃതി. കറുപ്പാണോ, കറൂം കറുപ്പാണൊ എന്നു തിരിച്ചറിയാനാവത്ത നിറം, ആവശ്യത്തിനും അനാവശ്യത്തിനും വിടരുന്ന ഇളിഭ്യച്ചിരി. ഇതുകൊണ്ടൊക്കെ തന്നെ പലരേയും പറ്റി ചുമ്മാ കഥകളുണ്ടാക്കുന്നതില്‍ വിരുതന്മാരായ ചിലര്‍ സുധാകരനേയും കുറിച്ചു കഥകളുണ്ടാക്കിയതോടെ എല്ലാ അബദ്ധകഥകളിലേയും മെഗാതാരാം സുധാകരനായിത്തീര്‍ന്നു. ശരിക്കും പറഞ്ഞാല്‍ സൂപ്പര്‍ താരങ്ങള്‍ക്കു വേണ്ടി മലയാള സിനിമ തിരക്കഥകളൊരുക്കുന്ന പ്രവണതക്കു മുന്‍പേ തന്നെ സുധാകരനു വേണ്ടി ഒരു പാടു സൂപ്പര്‍ ഹിറ്റ് തിരക്കഥകളൊരുക്കി ഞങ്ങള്‍ സുഹൃദ് സംഘം അത്തരം പ്രവണത അന്നേ നാട്ടില്‍ ഉണ്ടാക്കിയിരുന്നു എന്നതായിരുന്നു ചരിത്ര സത്യം!. ഒരു കാര്യം ഉറപ്പായിരുന്നു. തബലയിലെന്നപോലെ സുധാകരന് മറ്റൊന്നിലും കൂടി അഗ്രഗണ്യനായിരുന്നു, പറയുന്ന മണ്ടത്തരങ്ങളിലും.
അതുകൊണ്ട് തന്നെ സുധാകരന് നായകനായ മണ്ടത്തരകഥകള്‍ക്ക് നാട്ടില്‍ പഞ്ഞമേതുമുണ്ടായില്ല. ചില സാമ്പിളുകള്‍ തരാം :
പൂവത്തുംകടവില് ഇപ്പോഴത്തെ പാലം വരുന്നതിനു മുന്‍പേ അപ്പുറമുള്ള എസ്. എന്‍ പുരത്തേക്ക് പോകാന്‍ കടത്തു വഞ്ചിയായിരുന്നു. ഒരു ദിവസം അക്കരേക്കു പോകാന്‍ സുധാകരന് കടത്തിനവിടെ വന്നതും നിറയെ ആളുകളുമായി കടത്തു വഞ്ചി ഇക്കരെകടവില്‍ നിന്നും തെല്ലകലെ മാത്രം ആയിട്ടുള്ളു. വേണേല്‍ ഒന്നാഞ്ഞു ഓടിവന്ന് ചാടിയാല്‍ വഞ്ചിയില്‍ കയറാം. സുധാകരന് മറ്റൊന്നും ചിന്തിച്ചില്ല. വഞ്ചിയില്‍ നില്ക്കുന്ന ‘കളറു’കളെ ഒന്നു ഒളികണ്ണിട്ടു നോക്കി നാലഞ്ച് സ്റ്റെപ്പ് പുറകോട്ട് നടന്ന് വഞ്ചിക്കാരനെ വിളിച്ച് ഓടിവന്നൊരു ചാട്ടം.

“കറപ്പേട്ടാ..... വഞ്ചി വിടല്ലേ... ഒരാള്‍ കേറിക്കോട്ടെ... ഊഊഊഊഉ.. ആഹ്!!“
ഇരുകാലുകളും കവച്ചു കുത്തി സുധാകരന് ബാലന്‍സ് ചെയ്തപ്പോള്‍ വഞ്ചിയൊന്നു ആടിയുലഞ്ഞു. വഞ്ചിക്കാരന് കറപ്പേട്ടന് കഴുക്കോല് താഴ്ത്തിക്കുത്തി വഞ്ചി ബാലന്‍സ് ചെയ്തു. ‘ദെന്താപ്പോ ഉണ്ടായേ’ എന്ന് കണ്ണ് മിഴിച്ച് നിന്ന യാത്രക്കാരേയും കറപ്പേട്ടനേയും കണ്ണിറുക്കി നോക്കി സുധാകരന് ചോദിച്ചു :
“എങ്ങനുണ്ട് കറപ്പേട്ടാ കറക്റ്റല്ലേ? എങ്ങനുണ്ട്?”
വെള്ളത്തില്‍ നിന്ന് കഴുക്കോല് പൊക്കി കറപ്പേട്ടന് ഒരൊറ്റ ഗര്‍ജ്ജനം : “ഫ!! കുരിപ്പേ, നിന്റമ്മക്കു വായു ഗുളിക വേടിക്കാന്‍ പോവ്വണ്ടാ നീയ്യ് ? വഞ്ചി അങ്ക്ട് കരക്കടുപ്പിച്ചിട്ട് ആളോള് ഇറങ്ങിയിട്ട് കേറ്യാപോരെടാ തെണ്ടീ? ആളോള് മുഴോന്‍ കേറാണ്ടെങ്ങനണ്ടാ അക്കരേക്ക് വഞ്ചി പോണത്?“
അക്കരെനിന്ന് ആളുകളെ കയറ്റി ഇക്കരേക്ക് വരികയായിരുന്ന വഞ്ചി ഇക്കരെ അടുപ്പിക്കാറായതേയുള്ളു എന്ന സത്യം സുധാകരന് മനസ്സിലാക്കുമ്പോഴേക്കും വഞ്ചിയിലാകെ ചിരി കയറി.
മറ്റൊരു സാമ്പിള്‍ :
ആലുക്കത്തറ അമ്പലത്തിലെ ഉത്സവത്തിനു സുധാകരനും ചില കൂട്ടൂകാരും പപ്പടവടയും കട്ടന്‍ ചായയുമിട്ട് തട്ടുകട നടത്തിയതില്‍ സുധാകരന്റെ വക വാടകക്കെടുത്ത പെട്രോമാക്സ് ആയിരുന്നു കോണ്ട്രിബൂഷന്. അത് കൃത്യമായും കൊണ്ടുവരികയും തിരിച്ചു കൊണ്ടു കൊടുക്കേണ്ടതും വാടക കൊടുക്കേണ്ടതും സുധാകരന്റെ ഉത്തരവാദിത്വം. രാത്രി നാടകവും കച്ചവടവും കഴിഞ്ഞ് കട പൂട്ടാനൊരുങ്ങുമ്പോഴാണ് സുധാകരന്റെ കൂട്ടുകാര്‍ തങ്ങള്‍ക്കൊരു ഉപകാരം ചെയ്യണമെന്നും ഉത്സവപ്പറമ്പിന്റെ അപ്പുറം പാടത്തിന്റെ കരയില്‍ ചീട്ടു കളി നടത്തുന്നുണ്ടെന്നും അതിന് സുധാകരന്റെ പെട്രോമാക്സ് വേണമെന്നും ആവശ്യപ്പെടുന്നത്. സുധാകരനല്ലേ, കൂട്ടുകാരല്ലേ, നല്ല മനസ്സല്ലേ എന്നുകരുതി വാടക തരണമെന്ന കരാറില്‍ സുധാകരന് പെട്രോമാക്സ് കൊടുത്തു, . പാടത്തിന്റെ വരമ്പത്ത് കളി തുടങ്ങി അല്പം കഴിഞ്ഞപ്പോള്‍ സുധാകരനും വന്നു പങ്കുചേര്‍ന്നു. പാടത്തിനിരുവശവും കൈതക്കാടുകളും ചെറിയ പൊന്തകാടുകളുമാണ്. കളി കുറേ പിന്നിട്ടപ്പോഴാണ് വിസിലിന്റെ അകമ്പടിയോടെ മൂന്നാലു പോലീസു കാരുടെ വരവ്.
“ഓടിക്കോടാ...” എന്നു പറഞ്ഞ് കൂട്ടുകാര്‍ ചിതറിയോടി കൈതക്കാട്ടിലും പൊന്തക്കാട്ടിലും ഒളിച്ചു, പെട്രോമാക്സ് തിരിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വമുള്ള സുധാകരന് അതിനെ അവിടെ ഉപേക്ഷിച്ചു പോകാന്‍ തയ്യാറായില്ല. തികഞ്ഞ ഉത്തരവാദിത്വത്തോടെ പെട്രോമാക്സും എടുത്ത് സുധാകരനും ഓടി അടൂത്തുകണ്ട പൊന്തക്കാട്ടില്‍ ഒളിച്ചിരുന്നു. പിന്നീടുള്ള കാര്യം പറയേണ്ടല്ലോ, പോലീസുകാര്‍ക്ക് പണി കുറവായി. വെളിച്ചം കണ്ട പൊന്തക്കാട്ടില്‍ നിന്നും അവര്‍ സുധാകരനെ ഈസിയായി പൊക്കി. ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടത്രേ!

ഇതത്രയും സുധാകരനെക്കുറിച്ചുള്ള കല്പിതകഥകളെങ്കിലും സുധാകരനെ അറിയുന്നവര്‍ ഇതൊരിക്കലും അവിശ്വസിക്കില്ല, കാരണം സുധാകരന് ഇതല്ല ഇതിലപ്പുറവും ചെയ്യുമെന്ന് ഒരു ധാരണയുണ്ട്. സംഗതി ആളൊരു ശുദ്ധനാണെങ്കിലും ശുദ്ധന്‍ ദുഷ്മന്റെ റിസള്‍ട്ട് ഉണ്ടാക്കുമെന്നല്ലോ പഴമൊഴി. എന്നാല്‍ ഇക്കഥകളെയൊന്നും പ്രതിരോധിക്കാനൊട്ടു സുധാകരനു കഴിഞ്ഞതുമില്ലാന്നു മാത്രമല്ല അതിനെ എതിര്‍ത്ത് വല്ലതും പറഞ്ഞാല്‍ വിനാശകാലേ ഓപ്പോസിറ്റ് ബുദ്ധി എന്നു പറഞ്ഞതുപോലെയാകും, അതോടെ പുതിയകഥകളിറങ്ങുകയും ചെയ്യും.
പക്ഷേ ആയിടക്ക് സുധാകരന്റെ ജീവിതത്തില്‍ ഉണ്ടായ ഒരു അനുഭവം ഈ പറഞ്ഞകഥകള്‍ക്കൊക്കെ ആക്കം കൂട്ടിയ ഒരു സംഭവമുണ്ടായി.
ഒരു ദിവസം ഉച്ചയോടെ കൊടൂങ്ങല്ലൂരിലേക്ക് പോകാന്‍ വേണ്ടി കോണത്തുകുന്ന് ജംഗ്ഗ്ഷനിലേക്കുള്ള നടത്തത്തിലായിരുന്നു സുധാകരനും കൂടെ തന്റെ തബലയും. അന്ന് രാത്രി തൃപ്രയാറൊ മറ്റോ ഒരു ഗാനമേളയുണ്ടായിരുന്നു. എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രൂപ്പിന്റെ വണ്ടി കൊടുങ്ങല്ലൂരിലെത്തി സുധാകരനെ പിക്ക് ചെയ്യും. അതായിരുന്നു പ്ലാന്‍, അതിനുവേണ്ടിയുള്ള ഒരുക്കങ്ങളുമായി, തോളില്‍ തബലയെ ഭദ്രമായി പൊതിഞ്ഞെടുത്ത് ലാടവൈദ്യക്കാര്‍ മരുന്നു സഞ്ചി തോളിലിടും പോലെ തോളില്‍ തൂക്കി അലക്കി തേച്ച പാന്റും ഷര്‍ട്ടുമായി ഒരു ചുള്ളനായിട്ടായിരുന്നു സുധാകരന്റെ വരവ്.
വരുംവഴി കല്ലുവെട്ടുകാരന് വേലായുധേട്ടന്റെ വടക്കേ പുറത്ത് ഒരാള്‍ക്കുട്ടം. ആണുങ്ങളും പെണ്ണൂങ്ങളും കുട്ടികളും പട്ടികളുമായി ഒരു മിനിപൂരം. സംഗതിയറിയാന്‍ വേണ്ടി സുധാകരന് തന്റെ തബല ഭാണ്ഡം വേലിക്കരികില്‍ വെച്ച് വടക്കേപുറത്തേക്ക് ചെന്നു. സുധാകരന്റെ ഭാഷയില്‍ അതി ദാരുണമായിരുന്നു സംഭവം. വേലായുധേട്ടന്റെ ഭാര്യ കാര്‍ത്ത്യായനിചേച്ചി ഓമനിച്ചു വളര്‍ത്തിയ പിടക്കോഴി കിണറിനകത്തു നീന്തല്‍ പഠിക്കുന്നു. ഓമനക്കോഴിക്ക് അടുത്തിടെ വിരിഞ്ഞുണ്ടായ എട്ടുകുഞ്ഞുങ്ങള്‍ കിണറിന്റെ പരിസരത്തുനിന്ന് കീയോ കീയോ. പറക്കുമുറ്റും മുന്‍പ് തങ്ങളെ ഉപേക്ഷിച്ചു പോയതില്‍ വേദന തോന്നീട്ടോ, കാര്‍ത്ത്യായനിച്ചേച്ചിയുടെ അമ്മത്തൊട്ടിലിലേക്ക് തങ്ങളെ നിഷ്കരുണം വലിച്ചെറിഞ്ഞതില്‍ രോക്ഷം പൂണ്ടിട്ടോ സഹകരണസംഘത്തിന്റെ കൊടിപോലെ പല കളറുകളുള്ള ആ കോഴികുഞ്ഞുങ്ങള്‍ ഇടക്കിടക്ക് കരച്ചിലിന്റെ വോളിയം കൂട്ടാനും കിണറ്റിന് കരയിലേക്ക് ചാടിക്കയറാനും ശ്രമം നടത്തുന്നുണ്ട്.
1) ഒരു വലിയ കൊട്ട കയറില്‍ കെട്ടി കിണറ്റിനകത്തേക്ക് ഇറക്കുക, കോഴി അതില്‍ കയറുമ്പോള്‍ പൊക്കിയെടുക്കാം.
2) അതല്ല കുട്ടയില്‍ കുറച്ച് ചോറ് വെച്ചു കൊടുക്ക്, അത് കണ്ട് കോഴി കുട്ടയില്‍ കയറും അപ്പോള്‍ പൊക്കിയെടുക്കാമെന്ന് മറ്റൊരാള്‍.
3) ഒരു ഏണി വച്ചു കൊടൂത്താല്‍ ഏണിയില്‍ കൂടി കയറില്ലേ എന്ന് വേറൊരുത്തി (അതിനു കാര്‍ത്ത്യായനി ചേച്ചി പറഞ്ഞ മറുപടി ഇവിടെ എഴുതുന്നില്ല)
4) ഒരു മോട്ടോര്‍ ഉപയോഗിച്ച് കിണറ്റിലെ വെള്ളം മുഴുവന്‍ വറ്റിച്ചു കളഞ്ഞാല്‍ മുങ്ങിച്ചാവാതെ കോഴിയെ കിട്ടുമെന്ന് വേറൊരാള് (അതു പറഞ്ഞയാള്‍ക്ക് കാര്‍ത്ത്യായനി ചേച്ചി രണ്ട് വരി “സരസ്വതീ സ്തുതി’ പാടി കൊടുത്തു)
അഭിപ്രായ സമന്വയമാകാതെ പാസ്സാക്കാന്‍ പറ്റാത്ത വനിതാ സംവരണ ബില്‍ കണക്കേ അഭിപ്രായമേറെ പറഞ്ഞിട്ടും ഏറെ പണിപ്പെട്ടിട്ടും കോഴി കിണറ്റിനുള്ളില്‍ തന്നെ നീന്തല്‍ തുടര്‍ന്നു. ഗ്രൂപ്പ് ബ്ലോഗില്‍ കുമിഞ്ഞു കൂടുന്ന കമന്റ് കണക്കേ നാട്ടുകാരുടെ ഓപ്ഷനുകള്‍ ഒരുപാടായപ്പോളാണ് ഇതെല്ലാം കണ്ടും കേട്ടും നിന്ന സുധാകരന്റെ തബലപോലെയുള്ള തലയില്‍ ഒരുഗ്രന്‍ ഐഡിയ വന്നത്.
“ എന്റെ കാര്‍ത്ത്യാനേച്ച്യേ ഇങ്ങനൊന്നും ചെയ്തിട്ടൊരു കാര്യോല്ലാട്ടാ. കൊട്ട വെച്ചാലും കൊട്ടേല് ചോറ് വെച്ച് കൊടുത്താലും കോഴി കേറുന്ന് എനിക്ക് തോന്ന്ണില്ല്യ”
“പിന്നെ എന്തണ്ടാ സുധാരാ ചെയ്യാ?” നെഞ്ചത്തടിക്കും നെലവിളിക്കും ഒരു ഷോര്‍ട്ട് ബ്രേക്ക് കൊടുത്ത് കാര്‍ത്ത്യായനി ചേച്ചി സുധാകരന്റെ അടുത്തുവന്നു
“ അതേ തള്ളക്കോഴിക്ക് ഏറ്റോം ഇഷ്ടള്ളൊത് എന്തുറ്റാ?”
കിണറിനു ചുറ്റും വട്ടം കൂടിയവര്‍ മുഖത്തോടു മുഖം നോക്കി. ആ അത്ഭുതത്തിനു മുകളിലേക്ക് സുധാകരന് തന്റെ ഐഡിയ പറഞ്ഞു.
“ അതിന്റെ കുഞ്ഞോളെ തന്നെ. ആ കൊട്ടേല് കുഞ്ഞുങ്ങളെ ഇട്ട് കെണറ്റിലേക്കിറക്കാ... കുഞ്ഞുങ്ങളെ കാണുമ്പോള്‍ തള്ളക്കോഴി വേഗം കുഞ്ഞുങ്ങളുടെ അടുത്തേക്ക് വരാന്‍ വേണ്ടി കൊട്ടേല് കേറും . അപ്പ നമുക്ക് കൊട്ട് പൊന്തിച്ചെടുക്കാം”
സുധാകരന്റെ ഐഡിയ കേട്ടതും, ‘ശ്ശേഡാ ഇതെന്തേ ഞങ്ങള്‍ക്കാദ്യം തോന്നില്ല” എന്നു വിചാരിച്ച് പെണ്ണുങ്ങള് മൂക്കത്തു വിരല്‍ വച്ചു, ചില ആണുങ്ങള് ചന്തി ചൊറിഞ്ഞു. താമസിയാതെ കയറെടുത്ത് വലിയൊരു കുട്ട അതിനോട് ഭദ്രമായി പിടിപ്പിച്ച് അതിലേക്ക് എട്ടും പൊട്ടും തിരിയാത്ത എട്ട് കളര്‍ കുഞ്ഞുങ്ങളെ ഇറക്കി വച്ചു, വേലായുധേട്ടനും നാട്ടുകാരും കൂടി കയര്‍ പതിയെ പതിയെ കിണറ്റിലേക്ക് ഇറക്കി. കീയോ കീയോ ശബ്ദം കിണറിന്റെ ആഴങ്ങളിലേക്ക് നേര്‍ത്തു നേര്‍ത്തു പോയിക്കൊണ്ടിരുന്നു. കിണറ്റിന് കരയില്‍ അക്ഷമരായ ഒരുപാടു കണ്ണുകള്‍, വിജയശ്രീലാളിതനായ മുഖത്തോടെ സുധാകരന്, ഇതുവരെ ഇടിച്ച ഇടിയുടെ വേദനകൊണ്ടാണാവോ എന്തോ അമ്മിക്കല്ലിനരികെയിരുന്നു കാര്‍ത്ത്യായനിചേച്ചി നെഞ്ചത്തിടി മതിയാക്കി ഇടിച്ചു പഞ്ചറായ നെഞ്ചു തടവാന്‍ രണ്ടാമതും ഒരു ഷോര്‍ട്ട് ബ്രേക്ക് എടുത്തു. കുട്ടയില്‍ കെട്ടിയ കയര്‍ പതിയെ വെള്ളത്തിനു തൊട്ട് മുകളിലേക്ക് എത്തുവാന്‍ തുടങ്ങി.കോഴി അപ്പോഴേക്കും പ്രാണഭയം മൂലം കിണര്‍ ഒരു പരുവമാക്കിയെടുത്തിട്ടുണ്ടായിരുന്നു. വെള്ളത്തില്‍ നിറയെ കോഴിത്തുവലുകള്‍.
അങ്ങിനെ വേലായുധേട്ടനും കൂട്ടരും എട്ടു കുഞ്ഞുങ്ങളെയിട്ട് കെട്ടിയിറക്കിയ കുട്ട പതിയെ വെള്ളത്തിനു മീതെ തൊട്ടൂ തൊട്ടില്ല എന്നു മട്ടിലെത്തിയതും, കുഞ്ഞുങ്ങളെ കണ്ട പിടക്കോഴി ഉച്ചയുണ്ടാക്കാന്‍ ശ്രമിച്ചതും, അമ്മയെ കണ്ട എട്ട് കുഞ്ഞുങ്ങള്‍ “കീയോ കീയോ ...ഞങ്ങടമ്മേ... ...കീയോ കീയോ” എന്നു പറഞ്ഞ് കുട്ടയില്‍ നിന്ന് വെള്ളത്തില്‍ കിടന്ന തള്ളക്കോഴിയുടെ അടുത്തേക്ക് ഡൈവ് ചെയ്തതും ഒരുമിച്ചായിരുന്നു.
വേലായുധേട്ടനും കൂട്ടരും നോക്കുമ്പോള്‍ തള്ളക്കോഴിയും എട്ട് കോഴിക്കുഞ്ഞുങ്ങളും വെള്ളത്തില്‍.......
“ഊശ്ശ്സ്സ്സ്......“ എന്ന് നെടുവീര്പ്പോ നിശ്വാസമോ എന്താണെന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരത്താല്‍ ഒരു ശബ്ദം അവിടെ കൂടിയിരുന്നവരുടെ വായില്‍ നിന്നും വന്നു. കിണറ്റില്‍ നിന്നു കണ്ണെടുത്ത് അവര്‍ നോക്കിയത് സുധാകരനെയായിരുന്നു. ‘സംഗതി പണി പാളിയാ?’ എന്ന് ചിന്തിച്ച് സുധാകരന് കിണറ്റിലേക്ക് നോക്കുമ്പോള്‍ നീന്തി തളര്‍ന്ന തള്ളക്കോഴിയും മുങ്ങാന്‍ തുടങ്ങുന്ന ചില കുഞ്ഞുങ്ങളും പ്രാണരക്ഷാര്‍ത്ഥം മുങ്ങുന്ന തള്ളയുടെ പുറത്തു കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ചില കുഞ്ഞുങ്ങളേയുമാണ്.
എല്ലാ കണ്ണുകളും സുധാകരനിലേക്കായതോടെ വെള്ളത്തില്‍ വീണത് കോഴിയായിരുന്നെങ്കിലും നനഞ്ഞ കോഴിയുടെ അവസ്ഥയായിരുന്നു സുധാകരനപ്പോള്‍. കയര്‍ താഴെയിട്ട് വേലായുധേട്ടന് സുധാകരന്റെ അടുത്തേക്ക് വന്നു
“ നിനക്ക് പ്രാന്ത്ണ്ടടാ കുരിപ്പേ? ആദ്യം തള്ളക്കോഴിമാത്രേ ഉണ്ടായിരുന്നുള്ളു കെണറ്റില്. ആ കുഞ്ഞുങ്ങളെയെങ്കിലും ഞങ്ങള്‍ക്ക് കിട്ട്യേനെ”
“ അല്ല വേലായുധേട്ടാ...എനിക്കറിയോ അവറ്റകള് കെണറ്റില് ചാടുന്ന്...ഞാനിപ്പോ”
അപ്പോളേക്കും വിവരമറിഞ്ഞ കാര്‍ത്ത്യായനി ചേച്ചി ഷോര്‍ട്ട് ബ്രേക്ക് നിര്‍ത്തി നെഞ്ചത്തടിസീരിയല്‍ പതിവിലേറെ കനത്തിലാക്കി സുധാകരനു നേരെ ഓടി വന്നു.
“ എടാ തപലമോറാ...എന്റെ പെടക്കോഴ്യേം കുഞ്ഞുങ്ങളേയും കെണറ്റില് തള്ളി കൊന്നില്ലേടാ... നീ പണ്ടാറാവുള്ളൂടാ...”
“ അല്ല ചേച്ച്യേ....അതിപ്പോ ...ഞാന്‍..” കാര്‍ത്ത്യായനി ചേച്ചിയുടെ അപശ്രുതിക്ക് അപതാളം കൊട്ടേണ്ട സ്ഥിതിയിലായി സുധാകരന്.
“ ഫ!! തെണ്ടീ, തോന്ന്യാസം പറഞ്ഞിട്ട് നിന്ന് നെരങ്ങുന്നോടാ? വേഗം ആ കോഴീനേം കുഞ്ഞുങ്ങളേയും എടുത്തുതാടാ” വേലായുധേട്ടന് കല്ലുവെട്ടിവെട്ടി തഴമ്പുവന്ന കയ്യു തടവി.
“ അയ്യോ ഇന്ന് പറ്റില്ല ചേട്ടാ.. എനിക്കിപ്പോ തൃപ്പയാര്‍ക്ക് പോണ്ടതാ.. ഇന്ന് കളീണ്ട്.”
“ഒരോടത്തും പോവില്ല, ഇതെടുത്ത് തന്നിട്ട് പോയാ മതി നിന്റെമ്മേനെ കെട്ടിക്കാന്‍...അല്ലെങ്കീ കാര്‍ത്ത്യായനി ആരാ മോള് ന്ന് നീയറിയും”
“ അല്ല ചേച്ചീ...ചേട്ടാ..... ട്രൂപ്പുകാര് വണ്ടീം കൊണ്ട്.....”
“ഇതെങ്ങനേലും എടുക്കാന്‍ നിന്ന ഞങ്ങളെ പറഞ്ഞ് പറ്റിച്ചത് നീയാ, കോഴീനേം കുഞ്ഞുങ്ങളെം എടുത്ത് തന്നിട്ട് നീ എങ്ക്ട്ന്നച്ചാ പൊക്കോ, അല്ലേല്‍ നിന്നെ കൊണ്ടോവാന്‍ മുനിസിപ്പാലിറ്റീന്നാ വണ്ടി വരാ” വേലായുധേട്ടന് നിലപാട് വ്യക്തമാക്കി.
അലക്കിത്തേച്ച പാന്റും ഷര്‍ട്ടും വലിച്ചു കേറ്റി, മുഖത്ത് ചായം പൂശി, ഗാനമേളക്കിറങ്ങിയ സുധാകരന് കിണറിനകത്തേക്കിറങ്ങേണ്ട ഗതികേടിലായി.
അവസാനം ഇട്ടിരുന്ന ഷര്‍ട്ടും പാന്റും ഊരി, വേലായുധേട്ടന്റെ ഒരു തോര്‍ത്തുമുണ്ടും ചുറ്റി, നാട്ടുകാര്‍ വെച്ചു കൊടുത്ത മുളയേണിയിലും ബാക്കി കയറിലുമായി, കിണറിനകത്തേക്ക് നിരങ്ങിയിറങ്ങി കോഴിയേയും കുഞ്ഞുങ്ങളേയും സുധാകരന് കൊട്ടയിലൂടെ പുറത്തെടുത്തു. അതല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല എന്ന് സുധാകരന് നന്നായറിയാം. അല്ലേല്‍ തൃപ്രയാര്‍ നടക്കേണ്ട ഗാനമേള കാര്‍ത്ത്യായനിചേച്ചിയുടെ കിണറ്റിന് കരയില്‍ നടന്നേനെ.
എന്തായാലും പിറ്റെ ദിവസം ട്രൂപ്പിന്റെ ഓഫീസിലേക്ക് പോയ സുധാകരന്റെ നടുമ്പുറത്ത് ട്രൂപ്പ് മാനേജരും സഹപ്രവര്‍ത്തരും ചേര്‍ന്ന് ദ്രുത താളത്തില്‍ നല്ല പെരുക്ക് പെരുക്കി ഒരു ഗാനമേള നടത്തിയെന്ന് കേട്ടു കേള്‍വിയുണ്ട്. ഈ സംഭവത്തോടെ സുധാകരനെക്കുറിച്ചുള്ള (കെട്ടു)കഥകള്‍ക്ക് കര്‍ക്കിടകത്തില്‍ പോലും പഞ്ഞമേതുമുണ്ടായില്ല എന്നു മാത്രമല്ല., കേട്ട കഥകളൊക്കെ സത്യമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു.
||ഇതി സുധാകരചരിതം ശുഭം||