Wednesday, November 19, 2008

ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?

..
ജീവിതത്തില്‍ ഒരു സ്പോര്‍ട്ട്സ്മാനാകുക എന്നത് എന്റെ എക്കാലത്തേയും വലിയ ഒരു സ്വപ്നമേ അല്ലായിരുന്നു. പത്രത്തില്‍ വല്ല സ്പോര്‍ട്സ് മാന്റെ പടം കാണുമ്പോളോ സ്ക്കൂളിലെ ഏതെങ്കിലും കൂട്ടുകാരന് ഓട്ടത്തിന് സമ്മാനം കിട്ടുമ്പോഴോ പിന്നെ ടി.വിയില്‍ ഒളിമ്പിക്സ് കാണുമ്പോഴോ എന്റെ ഉള്ളിന്റെയുള്ളില്‍ ഉറക്കഗുളിച്ച് കഴിച്ച് ഉറങ്ങിക്കിടക്കുന്ന അവന്‍ സ്പോര്‍ട്ട്സ് മാന്‍- പതുക്കെ കോട്ടുവായിട്ട് ഉണരും. കുറേ കഴിയുമ്പോള്‍ വീണ്ടും ഉറങ്ങും. അത്രതന്നെ. പണ്ട് പൈങ്ങോട് എല്‍.പി.സ്ക്കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്റര്‍ ഓട്ടത്തിന് പങ്കെടുത്ത് തോറ്റതും കല്‍പ്പറമ്പ് ഹൈസ്ക്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 100 മീറ്ററില്‍ 8-മനായി ഓടി അവസാനിപ്പിച്ചതും (ആകെ 8 പേരായിരുന്നു ഓടാന്‍) ഒഴിച്ചുനിര്‍ത്തിയാല്‍, കല്പറമ്പില്‍ അതിരാവിലെ ട്യ്യൂഷന് പോകുമ്പോള്‍ കല്ലേരിപാടത്തുവെച്ച് പട്ടി ഓടിപ്പിച്ചപ്പോള്‍ ഓടിയതും വീടിനു കഷ്ടി 50 വാര അകലെയുള്ള കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ രാത്രിയില്‍ പോകുമ്പോഴും വരുമ്പോഴും പേടി കാരണം ഓടിയതുമൊഴിച്ചാല്‍ കാര്യമായ മറ്റ് ഓട്ടങ്ങളൊന്നും എന്റെ കായിക ജീവിതത്തിലുണ്ടായിട്ടില്ല.
എന്നാലും മറ്റു സ്പോര്‍ട്ട്സ്മാന്മാര കാണുമ്പോള്‍ എന്നിലെ സ്പോര്‍ട്ട്സ്മാന്‍ ഒരിക്കലെങ്കിലും, ഒരു നിമിഷമെങ്കിലും അവരെപ്പോലെ ഓടണമെന്നും നാലാള്‍ കാണുന്ന സദസ്സില്‍ നിന്ന് സമ്മാനം വാങ്ങണമെന്നും കലശലായി മുട്ടിയിട്ടുണ്ടെങ്കിലും അതിലേക്കുള്ള പരിശ്രമമോ മറ്റോ ഒന്നും നടത്തിയിട്ടില്ല.



ഞാനന്ന് എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു. ഏഴാം ക്ലാസ്സ് മുതലേ നാട്ടിലുള്ള കൂട്ടുകാരുമായി ക്ലബ്ബ് , പൂക്കളമത്സരം, കഥ-കവിത- ചിത്രരചന, നാടകാദി പ്രവര്‍ത്തനങ്ങള്‍ ഉണ്ട്. അന്നുമതേ മേലനങ്ങാതെയുള്ള പരിപാടിക്ക് നമ്മളെപ്പോഴും ഊര്‍ജ്ജസ്വലനാണ്. അന്നത്തെ ക്ലബ്ബിലെ സഹാംഗവും നാടക സുഹൃത്തുമായിരുന്നു ശ്രീമാന്‍ ബാബു. എന്റെ വീടിന്റെ ഏതാണ്ട് 200 മീറ്റര്‍ അകലെയാണ് അവന്റെ വീട്. അവന് പ്രായം എന്നെക്കാള്‍ താഴെ, വായില്‍ നാക്ക് എന്നേക്കാള്‍ കൂടുതല്‍.

ക്ലബ്ബും, നാടകവും മറ്റു കലാപടിപാടികളുമായി നീങ്ങവേ ഒരു ദിവസം മീശമുളച്ചുതുടങ്ങുന്ന ഏതൊരു പയ്യനും, മീശ ഇന്നും മുളക്കും നാളെ മുളക്കും മറ്റന്നാള്‍ മുളക്കും എന്നു പ്രതീക്ഷിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവര്‍ക്കും അക്കാലയളവില്‍ പിടിപെടുന്ന ഒരു സൂക്കേട് -അനുഭവിച്ചാല്‍ മാത്രം തീരുന്ന സൂക്കേട് - ഞങ്ങള്‍ക്കും പിടിപെട്ടു. മറ്റൊന്നുമല്ല. "ഓട്ടം". ശരീരത്തിന്റെ കാരിരുമ്പാര്‍ന്ന ഉറപ്പിന്‍ വെളുപ്പിനേ എഴുന്നേറ്റ് ഓടുക!! മനസ്സും ശരീരവും മാത്രമല്ല, ഇനിയുള്ള അവസരങ്ങളില്‍ സ്ക്കൂളിലെ കായികോത്സവത്തില്‍ പങ്കെടുത്ത് വളരെ ഈസിയായി സമ്മാനവും വാങ്ങാം. അന്നു ഞങ്ങള്‍ക്കു മാത്രമല്ല, ഹൈസ്ക്കൂള്‍ തലം മുതല്‍ വിവാഹപ്രായമെത്തിയവര്‍ക്കു വരെ ഉണ്ടായിരുന്ന ഒരു അസുഖമായിരുന്നു വെളുപ്പിനെ എഴുന്നേറ്റ് ഓടുക എന്നത്. പക്ഷെ, മൂന്ന് ദിവസം കൊണ്ടോ മൂന്നാഴ്ച കൊണ്ടോ പല ഓട്ടപരിപാടികളും അവസാനിക്കുകയാണ് പതിവ്.

ഒരു ദിവസം, ക്ലബ്ബിന്റെ മീറ്റിങ്ങ് കഴിഞ്ഞ് രാത്രി എട്ട്-എട്ടരയ്ക്ക് വീട്ടിലേക്കുള്ള തിരിച്ചു വരവില്‍ ബാബുവാണ് ആ ആശയം പറഞ്ഞത്.

" ടാ നന്ദ്വോ, നമുക്ക് ഓട്യാലോ ടാ?"

" എവ്ട്ക്ക്? കുടുമ്മത്തിക്കാ? നടന്നാ പോരെ?" ഞാന്‍

"അല്ലെടാ ശവീ, നമുക്ക് വെളുപ്പിന് എഴുന്നേറ്റ് ഓട്യാലോ ? "

കൊള്ളാലോ സംഗതി. ഇത്തിരി ബുദ്ധിമുട്ടുള്ള പരിപാടിയാനെങ്കിലും ഒന്നു രണ്ടു മാസം കൊണ്ട് ബെന്‍ ജോണ്‍സനൊ കാള്‍ ലൂയീസോ ആയി മാറുന്നത് എന്റെയുള്ളില്‍ ഇന്റര്‍ കട്ട് ഷോട്ടെന്ന പോലെ വന്നു. എന്റെ മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന സ്പോര്‍ട്ട്സ്മാനെ ഞാന്‍ വിളിച്ചുണര്‍ത്തി : ' ടാ..മോനെ..ടാ എനീക്കെട... ടാ കുട്ടാ..'

" ടാ നന്ദ്വോ പൈങ്ങൊട്ടിലേം അമരിപ്പാടത്തേം ചെല പിള്ളാര് ഇപ്പ ഓടാന്‍ തൊടങ്ങീട്ട്ണ്ട് റാ" ബാബു വീണ്ടും.

"എന്നാപ്പിന്നെ നമുക്കെന്തറാ ഓട്യാല് ? നാളെ മൊതല് നമുക്കും ഓടാടാ ബാബോ" എനിക്കും ആവേശം

"പക്ഷെ ഒരു കൊഴപ്പണ്ടടാ നന്ദ്വോ" ബാബു റോഡിലെ സര്‍വ്വേരിക്കല്ലില്‍ കുന്തിച്ചിരുന്നു. " നമ്മള് രണ്ടാളായിട്ട് എങ്ങനെണ്ടാ ഓടാ? നമുക്ക് ഷണ്മുഖേട്ടന്റവിടത്തെ ഷനിലിലെ വിളിക്കാറാ"

"ഷനിലിനാ??!!" ഞാന്‍ തലയില്‍ കൈവച്ചു ( രാത്രി ഇരുട്ടായതുകൊണ്ടും കൈ എന്റേതായതുകൊണ്ടും ബാബുവത് കണ്ടില്ല) പണ്ട് കോണത്തകുന്നില്‍ ട്യ്യൂഷനുപോയപ്പോള്‍ ഷനിലിനെ കിടക്കപ്പായേന്ന് വിളിച്ചെഴുന്നേല്‍പ്പിച്ച് മുഖം കഴുകിച്ച് ട്യൂഷനു കൊണ്ടുപോയ കാര്യമോര്‍ത്തപ്പൊള്‍...

"അവന്‍ വരോടാ? അവനാ നേരത്ത് എനീക്കോ?" എനിക്ക് സംശയം

"ഞാന്‍ വിളിച്ചാ അവന്‍ വരോടക്കേ" ബാബുവിന് തെല്ലുമില്ല സംശയം

"എന്നാപ്പിന്നെ നാളെത്തന്നെ നമുക്ക് ഓടാറാ" ഞാന്‍

ഇനിവരാനുള്ള ദിവസങ്ങളിലൂടെയുള്ള ഓട്ട പ്രാക്റ്റീസിലൂടെ ഞാനൊരു മികച്ച ഓട്ടക്കാരനാകുന്നതും സ്ക്കൂളിലെ സ്പോര്‍ട്ട്സ് ഡേക്ക് 100,200,400,1000 മീറ്റര്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനത്തിനര്‍ഹനാകുന്നതും, ബീനാതോമാസും, അജിതയും, നിഷയും ജോയ്സി പോളുമൊക്കെ എന്നെ ആരാധനയോടെ നോക്കുന്നതും ഞാന്‍ കണ്ടു, വലതു-ഇടതുകയ്യില്‍ സമ്മാനം കിട്ടിയ കപ്പുകള്‍ പിടിച്ച് സ്ക്കൂള്‍ വരാന്തയിലൂടെ അവരെയൊക്കെ നോക്കി ഓരോ പുഞ്ചിരി സമ്മാനിച്ച് നടന്ന് വരവ്വേ...

"ടാ...എനീക്കെടാ..ടാ..ചെക്കാ..എനീക്കിനില്ലേ? ഓടാന്‍ പൂവ്വാന്‍ വെളുപ്പിന് വിളിക്കണന്ന് നീയല്ലേടാ പറഞ്ഞത്...."

ഹോ! നശിപ്പിച്ചു. എന്റെ നോട്ടം, പുഞ്ചിരി ഒക്കെ കാത്തുനിന്നിരുന്ന കല്‍പ്പറമ്പിലേയും അരിപ്പാലത്തേയും ചാമക്കുന്നിലേയും പെണ്‍കിടാങ്ങളൊക്കേയും നിരാശപ്പെടുത്തിക്കൊണ്ട് അമ്മ എന്നെ കുലുക്കി വിളിച്ചു.

ആദ്യം ഞാനാണ് എഴുന്നേല്‍ക്കേണ്ടത്. എന്നിട്ട് ബാബുവിന്റെ വീട്ടില്‍ ചെന്ന് അവനെ വിളിക്കും. പിന്നെ ഞങ്ങളൊരുമിച്ച് ഷനിലിനെ വിളിക്കും. പിന്നെ മൂവരും തൊട്ടപ്പുറത്തെ മെയിന്‍ റോഡിലുള്ള കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ നിന്ന് പൈങ്ങോട്ടിലെ കുഞ്ഞിവറീതെട്ടന്റെ റേഷന്‍ കടയുടെ അവിടേക്ക് കൃത്യം ഒരു കിലോമീറ്റര്‍ ഓടും. അവിടെ നിന്ന് തിരിച്ചും. പിന്നേയും നേരം വെളുക്കാന്‍ സമയമുണ്ടെങ്കില്‍ നേരെ പൂവ്വത്തുംകടവ് റോഡിലേക്ക് ഓടി എം.എസ്. മേനോന്‍ സ്റ്റോപ്പില്‍ ചെന്ന് അവിടുന്ന് തിരിക്കും. തിരിച്ച് കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്ന് അന്നത്തെ ഓട്ടമവസാനിപ്പിക്കും. അതാണ് 'ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന് '.

കൊച്ചുവെളുപ്പിന് ഞാനെഴുന്നേറ്റ് ഇരുട്ടിലൂടെ നടന്ന് ബാബുവിന്റെ വീട്ടിലെത്തി അവിടെയവന്‍ എഴുന്നേറ്റിട്ടില്ല എന്നല്ല ഒരു വെളിച്ചം പോലുമില്ല. റോഡില്‍ നിന്നും ഞാനവനെ വിളിച്ചു.

"ബാബോ...ടാ ബാബോ.."

"ങും റും ങ്രുദം ങ്ങ് " ഉമ്മറത്തു നിന്നും ഒരു മുരള്‍ച്ച.

"ദൈവമേ അവന്‍ പട്ടിയെ വാങ്ങിച്ചോ? ഇവനിതെപ്പൊ വേടിച്ചു ശ്ശവം..!"

"ബാബൂ..." ഞാന്‍ വീണ്ടും

"ആരാണ്ടാത്?" ഉമ്മറത്തെ ഇരുട്ടില്‍ നിന്നും വീണ്ടും.

'ഈശ്വരാ...അത് പട്ടിയല്ല..അതവന്റപ്പന്‍ തോമാസേട്ടനാ..'

" ഞാനാ ബാബൂനെ...ഓടാന്‍...വിളിക്കാന്‍"

"ടാ ചെക്കാ...ദേ ആരാണ്ട് ഓടാന്‍ വിളിക്കണടാ.. " ഇരുട്ടിലൂടെ തോമാസേട്ടന്‍ ഉറക്കെ പറഞ്ഞു കൂടെ പതിയെ ' ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ വെളുപ്പിന്?' എന്നും പറയുന്നത് കേട്ടു.

തോമാസേട്ടന്റെ ആത്മഗതം കേട്ടതും ഞാന്‍ ഒരു ശങ്കയിലായി. മറ്റൊന്നുമല്ല രാത്രി എട്ടരമണിക്ക് ആരംഭിക്കുന്ന തോമാസേട്ടന്റെ ‘കഥാപ്രസംഗം’ രാത്രി 11 മണിയാകും കഴിയുമ്പോള്‍. ഭാര്യക്കുമാത്രമുള്ള എക്സ്ക്ലൂസീവ് കഥാ പ്രസംഗമാണെങ്കിലും നാട്ടുകാര്‍ക്കും ഫ്രീയായി കേള്‍ക്കാമായിരുന്നു. കൊടുങ്ങല്ലൂര്‍ ഭരണിയെപ്പോലും വെല്ലുന്ന ഇമ്പമാര്‍ന്ന പാട്ടുകള്‍ മുറുകിമുറുകി ഉച്ഛസ്ഥായിയിലെത്തുമ്പോഴേക്കും ഭാര്യ പായയും തലയിണയും ഉമ്മറത്തേക്ക് എറിഞ്ഞ് വാതിലടച്ചിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കഥയുടെ ക്ലൈമാക്സിലേക്ക് കരുതിവെച്ചിരുന്ന 916 ഹാള്‍മാര്‍ക്ക്ഡ് തെറികള്‍ കിടക്കപ്പായിലേക്ക് വീണുകൊണ്ടും പിന്നെ കിടന്നുകൊണ്ടുമായിരികും തോമാസേട്ടന്‍ പറയുക. അപ്പോഴും കിക്ക് ഇറങ്ങിയിട്ടുണ്ടാവില്ല.

ഇനിയിപ്പോ അതിന്റെ ലഹരിയിലെങ്ങാനും കഥയുടെ ബാക്കി എന്നോടെങ്ങാനും പറയുമോ ഭഗവാനേ എന്നു ചിന്തിച്ചപ്പോഴേക്കും അകത്ത് ചിമ്മിനി വെളിച്ചം തെളിഞ്ഞു. കണ്ണും തിരുമ്മി തലയും ചൊറിഞ്ഞ്കൊണ്ട് ബാബു പുറത്തേക്ക് വന്നു.

"ഷനിലിനെ വിളിച്ചോടാ?" കോട്ടുവായിട്ട് ബാബു എന്നോട്.

"പോടക്ക്യേ...ഞാന്‍ വിളിക്കില്ലാന്ന് പറഞ്ഞാല്ലേ, ഞാന്‍ വേണെല്‍ കൂടെ വരാം”

ഞങ്ങള്‍ രണ്ടു പേരും പോയി, ബാബു ഷനിലിനെ വിളിച്ചു കൊണ്ടു വന്നു, മൂവരും കൂടി കൃഷ്ണപ്പന്റെ കടയുടെ മുന്നില്‍ വന്നു. ആദ്യം പൈങ്ങോട്ടിലേക്കോടാം എന്ന കൂട്ടായ തീരുമാനത്തോടെ ഞങ്ങള്‍ കൂര്‍ത്ത മെറ്റല്‍ ഇളകികിടന്നിരുന്ന വഴിയിലൂടെ ഓടാന്‍ തുടങ്ങി.

ഏതാണ്ട് ഒരു പത്തിരുപതുമീറ്റര്‍ ഓടിക്കാണും...’ഒരു രക്ഷയുമില്ല... നിലത്ത് കാല്‍ കുത്താന്‍ നിവൃത്തിയില്ല..’

“പണ്ടാറടങ്ങാന്‍...” കൊച്ചു വെളുപ്പിനെ ഞാന്‍ കൊച്ചു വായില്‍ പറഞ്ഞു. കാലിനേറുകൊണ്ട പട്ടിയെപ്പോലെ ഞാന്‍ ഒരുകണക്കിന്‍ ഓടിത്തുടങ്ങി. ഏതാണ്ട് അരകിലോമീറ്റര്‍ ഓടിയപ്പോഴേക്കും എനിക്കു മനസ്സിലായി. ‘ ഇന്നെന്റെ അടപ്പൂരും.. ഒറപ്പ്..’ വെളുപ്പിന്‍ എഴുന്നേറ്റ് ഓടി കാള്‍ ലൂയീസാവാനുള്ള എന്റെ തീരുമാനത്തെ ഞാന്‍ തന്നെ മനസ്സ ശപിക്കുകയല്ലാതെ വേറൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. എനിക്കു മുന്നേ ഓടിയ ശ്ശവികളോട് ‘ ടാ നിക്കടാ.. പതുക്കെ ഓടറാ..” എന്നൊക്കെ പറയണമെന്നുണ്ട്. പക്ഷെ ഇന്നത്തെപ്പോലെ അന്നുമുള്ള ദുരഭിമാനം അതിന്‍ സമ്മതിച്ചില്ല. കൂര്‍ത്ത മെറ്റലില്‍ ചവിട്ടി പാരഗണ്‍ വള്ളി ചെരുപ്പിന്റെ വള്ളി ഊരിപോയി. വാങ്ങിച്ചിട്ട് വെറും ഒരു വര്‍ഷമായതോണ്ടും അടുത്ത് സ്ക്കൂള്‍ തുറക്കലിനുമാത്രമേ വേറൊരണ്ണം കിട്ടുകയുള്ളൂ എന്നറിയാമായതോണ്ടും ഊരിയ വള്ളി തിരിച്ചിട്ട് വീണ്ടും ഓടുകയും വീഴാന്‍ പോകുമ്പോള്‍ വായുവില്‍ ബാലന്‍സ് ചെയ്തും ഒരു കണക്കിന്‍ ഞാന്‍ അവന്മാരുടെ ഒപ്പമെത്തി. നോക്കുമ്പോള്‍ സ്വതവേ തുറിച്ച കണ്ണുകളുള്ള ബാബുവിന്റെ കണ്ണ് പുറത്തേക്ക് തള്ളി ഇപ്പോ താഴെ വീഴും എന്ന മട്ടിലാണ്. ഓട്ടത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കാമെന്നു കരുതിയപ്പോള്‍ എന്തിനാ ശവത്തില്‍ കുത്തുന്നത് എന്നോര്‍ത്ത് അവനോട് ഞനൊന്നും ചോദിക്കാതെ ഓട്ടം തുടര്‍ന്നു.

അങ്ങിനെ ഒരു കണക്കിന്‍ ഓടിയും ഇടക്ക് ഞൊണ്ടിയും പലപ്പോഴും താഴെ വീഴാതെയും കൃത്യം ഒരു കിലോമീറ്റര്‍ പൈങ്ങോട് കുഞ്ഞുവറീതേട്ടന്റെ റേഷന്‍ പീടികക്കടുത്തുള്ള മൈല്‍ക്കുറ്റിയുടെ അടുത്തെത്തി. ’പനച്ചിക്കല്‍ ചിറ 2 കി.മീ.’ എന്ന മൈല്‍ കുറ്റി കണ്ടതും കോണ്‍ വെന്റ് സ്ക്കൂളില്‍ നിന്നും ഗവ്. മിക്സഡ് കോളേജില്‍ എത്തപ്പെട്ടവനെപ്പോലെ മനസ്സിലൊരു കുളിരു പടരുകയും ആക്രാന്തത്തോടെ രണ്ടടിയോടെ ആ മൈല്‍ക്കുറ്റിക്കുമെല്‍ പതിച്ചതും പെട്ടന്നായിരുന്നു.

‘മതീഡെക്കെ….ഒരു..കിലോമീറ്ററായി” എന്നുമ്പറഞ്ഞ് ഞാന്‍ മൈല്‍കുറ്റിയിലിരുന്ന് കിതച്ചു. ബാബുവും ഷനിലും എന്റെ കിതപ്പിന്‍ കോറസ്സായി. മൊത്തം കോറസ്സിന്റെ ഒരു സിംഫണി. സാക്ഷാല്‍ ബീഥോവനു പോലും ക്രിയേറ്റ് ചെയ്യാന്‍ പറ്റാത്ത കിതപ്പിന്റെ ഒരു പെര്‍ഫെക്റ്റ് സിംഫണി. ഒരേ ഈണം. ആരോഹണവും അവരോഹണവും കറക്റ്റ്. സംഗതികളെല്ലാം കിറുകൃത്യം. ഒട്ടും തന്നെ ഫ്ലാറ്റല്ലാത്ത റൊമ്പ റൊമ്പ ഫന്റാസ്റ്റിക് ഏന്റ് ബംബ്ലാസ്റ്റിക്ക് ഏന്റ് ഇലാസ്റ്റിക് കിതപ്പ്.

“കൊറേനേരം ഇരുന്നിട്ട് തിരിച്ചോടാഡാ..” എന്റെ അപേക്ഷ യാതൊരു തടസ്സവുമില്ലാതെ അംഗീകരിക്കപ്പെട്ടു. മൈല്‍ക്കുറ്റിയിലും റോഡിന്റെ വശങ്ങളിലും ഇരുന്നും പാതികിടന്നും ഞങ്ങള്‍ കിതപ്പാറ്റാന്‍ തുടങ്ങി. അന്നേരം ആ വഴി പോയ ഒരു പട്ടി ‘ഇവറ്റകളേത് പട്ടികളണ്ടാ’ എന്ന മട്ടില്‍, കുടുമ്മത്ത് കാശും പോരാത്തതിന് തൊലിവെളുപ്പുമുള്ള പെമ്പിള്ളാരുടെ ഒരു ജാതി നോട്ടം പോലെ പരമ പുച്ഛത്തോടെ ഞങ്ങളെ നോക്കി കടന്നു പോയി.

അഞ്ച് മിനുട്ടിന്‍ ശേഷം ഞങ്ങള്‍ തിരിഞ്ഞോടാന്‍ തുടങ്ങി. തുടങ്ങിയപ്പോള്‍ നടത്തിയത് ഓട്ടമായിരുന്നെങ്കില്‍ തിരിച്ചുള്ളത് ‘ഞൊണ്ടോട്ട’മായിരുന്നു. അതായത് പലപ്പോഴും ഞൊണ്ടി ഞൊണ്ടിയും ഇടക്കിത്തിരി ഓട്ടവും. ഓട്ടത്തിടയില്‍ ഞാന്‍ എന്നേയും പിന്നെ ബാബുവിനേയും പ്രാകുകയായിരുന്നു. അതല്ലതെ ആ നേരത്ത് ഞാനെന്തു ചെയ്യാന്‍?! അങ്ങിനെ ഞൊണ്ടോട്ടം ഞൊണ്ടി ഞൊണ്ടി വീണ്ടും കൃഷ്ണപ്പന്റെ പീടികക്കു മുന്നില്‍ തിരിച്ചെത്തി. കടയുടെ മുന്നിലെ കടത്തിണ്ണയിലേക്ക് ആദ്യം മറിഞ്ഞു വീണത് മറ്റാരുമായിരുന്നില്ല, ഈ ഞാനെന്ന ബെന്‍ ജോണ്‍സണായിരുന്നു!!

“ അങ്ങനെ കെടക്കാണ്ട് ഇത്തിരി നീങ്ങടാ… ഞങ്ങള്‍ക്കും കെടക്കണം” ബാബുവിന്റെ അലര്‍ച്ച.
ഒരാള്‍ക്കു നീണ്ടു നിവര്‍ന്നു കിടക്കാന്‍ പാകമില്ലാത്ത ആ നാലടി നീളമുള്ള തിണ്ണയില്‍ വരും കാലത്തിന്റെ മൂന്ന് ഓട്ടരാജാക്കന്മാര്‍ നാക്ക് പുറത്തേക്കിട്ട് കണ്ണും തള്ളി കിതപ്പാറ്റാന്‍ കുറേ നേരം കിടന്നു.

‘ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ ആദ്യ ദിവസം അങ്ങിനെ കഴിഞ്ഞെങ്കിലും രണ്ടാമത്തേയും മൂന്നാമത്തേയും ദിവസം വലിയ കുഴപ്പമില്ലാതെ ഓടാന്‍ കഴിഞ്ഞു. ഞങ്ങളുടെ ആത്മവിശ്വാസം പതിയെപതിയെ ഒന്നരയില്‍ നിന്ന് ക്വാര്‍ട്ടറിലേക്കും പിന്നെ പൈന്റിലേക്കും അവിടെനിന്ന് ഫുള്ളിലേക്കും കയറികയറി വന്നു.

അതെ, അന്ന് ‘ഓപ്പറേഷന്‍ ഓട്ട’ത്തിന്റെ നാലാം ദിവസം.

പതിവുപോലെ ഞാന്‍ കൊച്ചുവെളുപ്പിന്‍ എഴുന്നേറ്റ് ബാബുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു, കൂരാകൂരിരുട്ടിലും ചീവീടിന്റെ മെലഡി. ബാബുവിന്റെ വീട്ടുപടിക്കലെത്തി ഞാന്‍ പതിവു പോലെ വിളിച്ചു.
“ബാബോ…..ഡാ..ബാബോ..”

പതിവുപോലെ ഒരു മുരള്‍ച്ച ഇരുട്ടില്‍ നിന്നും.

ഞാനത് മൈന്‍ഡ് ചെയ്യാതെ വീണ്ടും വിളിച്ചു :

“ബാബോ…ഡാ എണീക്കെഡാ..”

“ആഴാണ്ടാ ത്??..” ഇരുട്ടില്‍ നിന്ന് കുഴഞ്ഞുമറിഞ്ഞ ഒരു ചോദ്യം.

“ഞാനാ…ബാബൂനെ ഓടാന്‍ വിളിക്കാന്‍….”

“നിനക്കൊന്നും കുഴുമ്മത്ത് വേഴെ പണിയില്ലേഡാ ക്ടാവേ…?” തോമാസേട്ടന്റ് ശബ്ദം കുഴഞ്ഞിട്ടുണ്ടെങ്കിലും പതിവില്ലാത്ത മൂര്‍ച്ച. ഞാനുറപ്പിച്ചു. ഇന്നലത്തെ വഴക്ക് ‘എന്‍ഡ് ഓഫ് ദി പാര്‍ട്ട്’ ആവുമ്പോഴേക്കും തോമാസേട്ടന്‍ വീണു പോയിട്ടുണ്ടാകും, അതാണ് സംഗതി. എന്നാലും എനിക്ക് ബാബുവിനെ വിളിക്കാതിരിക്കാന്‍ പറ്റില്ലല്ലോ!

“ അല്ല തോമാസേട്ടാ പിന്നെ….. ഞങ്ങള്‍… എല്ലാ ദിവസവും… ഇങ്ങിനെ……..”

“ഫാ!!!! 7*(&&#%^%$^#$ വെളുപ്പിനേ മനുഷ്യന്റെ ഒറക്കം കളയാനായിട്ട് ഓരോരുത്തര്‍…. പോയി കെടന്നൊറങ്ങടാ…”&^%&^%^“

ഞാനൊന്നു നിശ്ശബ്ദനായി. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദം മാത്രം. അവറ്റകളക്കറിയില്ലല്ലൊ തോമാസേട്ടനെ.

കുറച്ചു നേരം കഴിഞ്ഞ് ഞാന്‍ വീണ്ടും പതിയെ വിളിച്ചു.

“ബാബോ…ഡാ… ബാബോ..”

“ഫാ….. പോയില്ലേഡാ കുരിപ്പേ… നീയൊക്കെ..@@^%^@&%^*(&(*&)( നിന്നെയൊന്നും അങ്ങിനെയല്ല പറയേണ്ടത്..നീയൊക്കെ…*&*(^%&^%%#%...”

ഒരു പുളിച്ച രസം എന്റെ നാവിലുണരുകയും കാതടപ്പിക്കുന്ന ഡ്രം ബീറ്റ് ചെവിയില്‍ മൂളുകയും ചെയ്തപ്പോള്‍ എനിക്ക് കാര്യം വളരെ വ്യക്തമായി. ഇന്നലെ തോമാസേട്ടനും ഭാര്യയും തമ്മിലുള്ള വഴക്ക് ക്ലൈമാക്സ്സിലെത്തുമ്പോഴേക്കും, ആവനാഴിയില്‍ ഒരുക്കിവെച്ച തെറിയുടെ ബ്രഹ്മാസ്ത്രങ്ങള്‍ പുറത്തെടുക്കുമ്പോഴേക്കും പെണ്ണുമ്പിള്ള പായ പുറത്തേക്കിട്ട് വാതിലടച്ചുകാണും. അന്നേരം പറയാന്‍ പറ്റാതെ ബാക്കിയായ തെറികളാണ് കൊച്ചു വെളുപ്പിന്‍ അതും വെറും വയറ്റില്‍ നില്‍ക്കുന്ന എനിക്കിട്ട് തട്ടുന്നത്.

സമാനതകളില്ലാത്ത ആ തെറിഘോഷം കേട്ടതും ഞാന്‍ പിന്തിരിഞ്ഞ് വീട്ടിലേക്കുള്ള വഴിയില്‍ വലതുകാല്‍ ഉയര്‍ത്തി വെച്ച്, പിന്നത്തെ ഇടം കാല്‍ കുത്തുമ്പോള്‍ ഞാനെന്റെ വീടിന്റെ പടിഞ്ഞാമ്പുറത്ത്.

ഒരക്ഷരം പോലും മിണ്ടാതെ എന്റെ മുറിയുടെ വാതില്‍ തുറന്ന് പുതച്ചു മൂടി കിടക്കാനൊരുങ്ങുമ്പോള്‍..
“എന്തേടാ.. ഇന്ന് ഓടമ്പോയില്ലേ? ഇത്രവേഗം ഓടികഴിഞ്ഞാ..?” അമ്മ

“ഊം ഓടി… പെട്ടെന്ന് തീര്‍ത്തു” എന്ന് ഹതാശനായി പറഞ്ഞ് പുതപ്പുകൊണ്ട് പൂണ്ടടക്കം മൂടി കിടക്കുമ്പോഴും തോമാസേട്ടന്റെ തെറി എന്റെ തലക്കു ചുറ്റും പ്രകമ്പനം കൊണ്ടിരുന്നു.

“ഓപ്പറേഷന്‍ ഓട്ടം ഇന്‍ വെളുപ്പിന്‍’ അന്നത്തോടെ തീര്‍ന്നു.

********************************

കാലചക്രം കാളവണ്ടി ചക്രം പോലെ തിരിഞ്ഞു. വര്‍ഷങ്ങള്‍ക്കിപ്പുറം പല നഗരങ്ങലലഞ്ഞ് ഞാന്‍ ബാംഗ്ലൂരിലെത്തി. നാട്ടില്‍ പല പണികള്‍ ചെയ്ത് ഒടുവില്‍ ബാബു ഗള്‍ഫിലും.
ഒരവധിയില്‍ നാട്ടില്‍ പോയപ്പോള്‍ പഴയ കൃഷണപ്പന്റെ പീടികക്കുമുന്നില്‍ യാദൃശ്ചികമായി ബാബുവിനെ കണ്ടു. അവന്‍ ഗള്‍ഫില്‍ നിന്നും ലീവിനെത്തിയിരിക്കുന്നു. എന്നെ കണ്ടതും കണ്ണ് വിടര്‍ത്തി അവനെന്റരികില്‍ വന്നു.

“ഓര്‍മ്മണ്ടഡാ ശ്ശവ്യേ ഈ മൊഗം?”

ഞാന്‍ ചിരിച്ചു. ‘പിന്നെഡാ ഓര്‍മ്മല്യേഡാ ബാബൊ?”

“ഉവ്വഡാ ഓര്‍മ്മ കാണില്ല..ബാംഗ്ലൂരില്‍ കൊറേ മൊഗങ്ങള്‍ കാണണതല്ലേ… മ്മളൊന്നും ഓര്‍മ്മണ്ടാവില്യ”

ഞാന്‍ വലിയ വായില്‍ ചിരിച്ചു. സൌഹൃദം തേച്ചു മിനുക്കി സംസാരിച്ചു കഴിഞ്ഞ് പോകാന്‍ നേരം അവന്‍ ചോദിച്ചു :

“ഡാ നന്ദ്വോ… നമുക്ക് പഴേ പോലെ വെളുപ്പിന് എഴുന്നേറ്റ് ഓട്യാല്ലോഡാ..”

“യ്യോ വേണ്ടഡാ.. അന്ന് നിന്റപ്പന്‍ തോമാസേട്ടന്റെ വായീന്ന് കേട്ട തെറിയുടെ പുളി....ദാ…..ദിപ്പളും എന്റെ നാക്കിന്തുമ്പത്തുണ്ട്”

“ഹ ഹ!! ശ്ശവീ, ചുളുവിന് എന്റെ അപ്പനെ വിളിച്ചൂല്ലെഡാ..”

“ഹ ഹ..ഹ”


കാലമെത്ര കഴിഞ്ഞാലും കൊഴിയാത്ത സൌഹൃദപ്പൂക്കള്‍! കണ്ടുമുട്ടലുകളുടെ കാറ്റ് വീശുമ്പോള്‍ അവിടെ സ്നേഹത്തിന്റെ സൌരഭ്യം പരക്കുന്നു!
.