Thursday, November 17, 2011

ക്രോസ് -CROSS - ലഘു സിനിമ


കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സെന്തിലിന്റേയും സിജിയുടേയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയത്തിന്റെ ആവിഷ്കാരമായിരുന്നു അത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും സെന്തിലും സിജിയും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയെങ്കിലും അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. ചെറുതോ വലുതോ ആകട്ടെ ഏതൊരു സിനിമാ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണാവിഷ്കാരത്തിനു മുടക്ക് മുതല്‍ അത്യാവശ്യമെന്നിരിക്കെ അത്തരമൊരു സഹായത്തിനു കൂട്ടു നില്‍ക്കാന്‍ ആരേയും ലഭിക്കാത്തതുകൊണ്ട് ആദ്യ കുറേ വര്‍ഷങ്ങള്‍ ഈ സ്വപ്നത്തെ താലോലിച്ചു നടന്നിരുന്നു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ചെറുതും വലുതുമായ സംഭാവകളില്‍ നിന്ന് ഈയൊരു ചെറു സിനിമ രൂപം കൊണ്ടു.


കഥാപാത്രങ്ങളായി ഞങ്ങള്‍ക്കിടയിലെത്തന്നെ ചില സുഹൃത്തുക്കളും. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് കലാനിലയം നാടകവേദിയിലെ മുന്‍ നടിയും ഇപ്പോള്‍ മലയാള സീരിയല്‍ - പരസ്യ രംഗത്ത് സാന്നിദ്ധ്യമുള്ള ‘കവിത’യാണ്. സിനിമാ- സീരിയല്‍ രംഗത്തുള്ള സനല്‍ പോറ്റിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.


സിജി ഫിലിപ്പ് ആയിരുന്നു തിരക്കഥ. മുന്‍പ് ചില ടി വി സംരംഭങ്ങള്‍ക്ക് എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയവും സിജി ഫിലിപ്പിനുണ്ട്. സജി സുരേന്ദ്രന്‍, കെ കെ രാജീവ് എന്നീ സിനിമ -സീരിയല്‍ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി രൂപേഷ് രവി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.


സാജനും അനൂപും എഡിറ്റിങ്ങിലും, മനോജ് സൌണ്ട് ഡിസൈനും ദീപക്ക് സംഗീതവും ഗിരീഷ് കൊടുങ്ങല്ലൂര്‍ കലാ സംവിധാനരംഗത്തും പ്രവര്‍ത്തിച്ചു. സിനറ്റ് സേവ്യര്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും നന്ദന്‍(ഞാന്‍) ഡിസൈനിങ്ങിലും.

കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം


ഇക്കഴിഞ്ഞ 2011 ഒക്ടോബര്‍  28, 29 തിയ്യതികളിലായി കൊച്ചിയില്‍ വെച്ച് നടന്ന ഡോണ്‍ ബോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മത്സരത്തിനുണ്ടാവുകയും. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.


ആദ്യ സംരംഭമെന്ന നിലയില്‍ പോരായ്മകളേറെയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. എങ്കിലും ഈ രംഗത്ത് സജ്ജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരഭം എന്ന നിലയില്‍ ചിത്രത്തെ നോക്കിക്കാണണമെന്നും വിശദമായി വിലയിരുത്തണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.


സ്നേഹപൂര്‍വ്വം, നന്ദന്‍
***********************************************************************************

Tuesday, October 25, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - സമാപ്തം

ഈ ബ്ലോഗ് മീറ്റ് പോസ്റ്റ് ഇവിടേയും തീരുന്ന ലക്ഷണമില്ല. പക്ഷെ തീര്‍ക്കാതെന്തുചെയ്യും? കുറേ മാസങ്ങള്‍ക്ക് മുന്‍പായി പോങ്ങുമ്മൂടന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പോയതാ എന്തു പറ്റി എവിടെപ്പോയി എന്നൊന്നും അന്വേഷിച്ചീട്ടില്ല. ആ ഭീമാകാരത്തെ കണ്ടെത്തിയിട്ടൂവേണം മൂകാംബികയിലും കുടജാദ്രിമലയിലും കയറിയ വിശേഷം പറയാന്‍.

അപ്പോ പറഞ്ഞ് വന്നത്, കൊച്ചിമീറ്റിലും പിന്നെ തൊടുപുഴമീറ്റിലുമായി പുലികളും എലികളും സിംഹങ്ങളും സിംഹികളുമായി ഒരുപാടെണ്ണത്തിനെ കണ്ടുമുട്ടി, സംസാരിച്ചു ചിരിച്ചു ഒരുമിച്ച് ഭക്ഷണം കഴിച്ചു. പശും ചത്തു മോരിലെ പുളിം പോയി എന്ന് പറഞ്ഞപോലെ സംഗതി കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും ബസ്സിലും ബ്ലോഗിലുമിപ്പോ മീറ്റ് മീറ്റ് പിന്നെ ഈറ്റ് എന്നാണല്ലോ സംഗതി അപ്പോള്‍ രസകരമായൊരു കൂടിച്ചേരലിന്റെ സുഖം പറഞ്ഞില്ലെയെങ്കിലെങ്ങിനാ...

അന്നത്തെ പുലിപിടുത്തത്തിനുശേഷം പിന്നെ കണ്ടത് വെളുത്ത് തുടുത്തൊരു ബകനെയായിരുന്നു. ഘടോല്‍ക്കചന്‍ എന്നായിരിക്കും പേരെന്ന് കണക്ക് കൂട്ടി പരിചയപ്പെടാന്‍ ചെന്നപ്പോള്‍ കിളിശബ്ദത്തില്‍ മറുപടി..

“അരുണ്‍... അന്ന് നമ്മള്‍ കൊച്ചി മീറ്റിലും കണ്ടാരുന്നു”

ശ്ശെഡാ... ഇത്രേയുള്ളു സംഗതി. ഇക്കണ്ട ശരീരത്തിനാണീ അരുണെന്ന പേര്‍. അരുണോദയം പോലെ മുഖം പുറത്തേക് വരാന്‍ മടിക്കുന്ന മീശത്തുരുത്ത്.

പിന്നെ അവിടെ കണ്ടത് തിരൂര്‍ ബ്ലോഗ് മീറ്റിന്റെ സംഘാടകനും ചെണ്ടപ്പുറത്ത് കോലും വീഴുന്നോടത്തൊക്കെ ഉണ്ടാവും എന്ന് പഴമക്കാര്‍ പറയുന്നപോലെ എവിടെ ബ്ലോഗര്‍മാര്‍ ഒത്തുകൂടിയാലും ഏതുവണ്ടി പിടിച്ചും സദസ്സിലെത്തുന്ന ബ്ലോഗിന്റെ സ്വന്തം കൊട്ടോട്ടി.

സാബുവാണെന്നത്രെ ഈ മാന്യദേഹത്തിന്റെ പേരു.

ഈ തട്ടത്തുമലക്കാരനെ ബ്ലോഗ് മീറ്റില്‍ വന്നിട്ടുള്ളവരാരും മറക്കില്ല. 
തൂവെള്ള കുപ്പായവും വെണ്മയുള്ള മനസ്സും പെരുമാറ്റവുമായ മിതഭാഷിയും സുസ്മേര വദനവുമുള്ള  ഇ.എ.സജിം തട്ടത്തുമലയില്ലാതെ ഒരു ബ്ലോഗു മീറ്റും നടക്കില്ലത്രെ!

മീറ്റ് ആസ്വദിച്ചിരുന്നപ്പോഴാണ് തോളില്‍ ഒരു തോണ്ടല്‍ കിട്ടിയത്. തിരിഞ്ഞു നോക്കി. സംഗീതമയമായ മുഖം. മുഖത്ത് സംഗതികള്‍ ഭൃഗുവായി ഓടിക്കളിക്കുന്നു. (ഷഡ്ജം ഉണ്ടോന്ന് നോക്കിയില്ല. ഉണ്ടാവും!)
ഇതാരപ്പാ..


ഞാന്‍ ചെറിയനാടന്‍!
ശെഡാ ഈ വലിയവന്റെ പേരോ ചെറിയനാടന്‍. കൂടെ ഒരു ചെറിയനാട്ടുകാരിയുമുണ്ട്., ഇബ്രൂസ്. ചെറിയനാടന്‍ എന്ന ഈ നിശീകാന്തിന്റെ ജോലി ആഫ്രിക്കയിലും. എങ്കിലും മുഴുവന്‍ സമയം സംഗീതത്തില്‍. രചന, സംഗീതം എന്നു മാത്രമല്ല, ആലാപനവും കൂടി നടത്തിക്കളയും ഇഷ്ടന്‍.

കൂടെയൊരു ഉണ്ടമ്പൊരിയെക്കണ്ടപ്പോള്‍ ചോദിക്കാതിരിക്കാനായില്ല ആരാണെന്ന്.
യ്യോ മനസ്സിലായില്ലേ? ആ മുഖത്തൊന്നു നോക്കു എന്ന് നിശീ
ഞാനാ മുഖത്തേക്ക് തറപ്പിച്ചു നോക്കി.  ഗുരുവായൂര്‍ പപ്പടം പൊള്ളിച്ചപോലെ വീര്‍ത്തിരിക്കുന്ന കവിളുകള്‍. ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത്വം. സപ്തസ്വരങ്ങളും വീശിയടിക്കുന്ന മുഖഭാവമുള്ള ഈ ഉരുണ്ടു വെളുത്ത ശരീരമാരാണാവോ?
"ഞാന്‍ ഡാനില്‍ ഡേവീഡ്!"

ഹോ!.. ഈ കൊച്ചു കുഞ്ഞിന്റെ ശരീരത്തിനാണോ ഈ പേര്‍?
പറഞ്ഞു വന്നപ്പോള്‍ ഇരിഞ്ഞാലക്കുടക്കാരനാണ്. പോരാത്തതിനു കല്യാണവും കഴിച്ചിട്ടില്ലത്രേ.

പെട്ടെന്നാണ്‍ ഹാളിന്റെ ഒരു വശത്തുകൂടെ കാലന്‍ കുടയും പുറത്ത് തൂക്കി ഒരാള്‍ ഒടിഞ്ഞു മടങ്ങി പോകുന്നത് കണ്ടത്. പിടിച്ചു നിര്‍ത്തി. കണ്ടു മറന്ന മുഖം.
നന്ദേട്ടനെന്നെ മനസ്സിലായില്ലേ? ഞാന്‍ ഒടിയന്‍.
ഹോ ഓര്‍മ്മ വന്നു കൊച്ചി മീറ്റിനു കണ്ടിട്ടുണ്ട്. സ്ഥലം പറഞ്ഞപ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അയല്‍ക്കാരനാണ്‍ കക്ഷിയെന്നു മനസ്സിലായി.
വൈക്കം മുഹമ്മദ് ബഷീറിനെ കണ്ടിട്ടുണ്ടോ എന്ന് ഞാന്‍ ചോദിച്ചു.
താടി തടവി പുറത്തേക്കൊന്ന് നോക്കി പുള്ളി ഒരൊറ്റ ചോദ്യാ..
അതാരാ....?

മീറ്റും ഈറ്റും കഴിഞ്ഞ് വട്ടം വളഞ്ഞുള്ള സംസാരത്തിലാണ് വെള്ളയും വെള്ളയും ധരിച്ചൊരു മനുഷ്യനെ കണ്ടത്. മീറ്റില്‍ കണ്ടില്ലല്ലോ നേരം വൈകിയതാണോ സ്ഥലം മാറി കയറിയതാണോ എന്നു സംശയിച്ച് പരിചയപ്പെട്ടു.
നല്ലീ...
ഹെന്ത്?!!!!
അതേ ഞാനാണ് നല്ലി. ബസ്സില്‍....
ഉവ്വുവ്വ്...കണ്ടിട്ടൂണ്ട്...മീറ്റിനെത്താന്‍ വൈകിയല്ലേ.
ഉവ്വ്. ഇത്തിരി വൈകി.
ഭക്ഷണം കഴിച്ചോ?
പിന്നേ, അത് വന്നെത്തിയപ്പോത്തന്നെ കഴിച്ചു.
(ഭയങ്കരന്‍!)

ആ ബസ്സറുടെ ഇടതുവശവും വലതു വശവും രണ്ട് ബസ്സര്‍മാരായിരുന്നു. കണ്ണടവെച്ചവര്‍, കലാസ്വാദകര്‍. വൈകിച്ചില്ല. ചെന്നു കേറി മുട്ടി.
വെളുത്തൊരു ചുള്ളന്‍ പയ്യന്‍. കണ്ടാലറിയാം കലാകാരനാണെന്ന്.
ഞാന്‍ നിവിന്‍.
ഹദ്ദാണ്. എന്റെ ഊഹം തെറ്റിയില്ല. (ആര്‍ ഊഹിച്ചു എന്ത് ഊഹിച്ചു. ഉവ്വ)

എതിര്‍ വശവും മറ്റൊരു സജ്ജീവ് ബസ്സര്‍ തന്നെ. പുള്ളിയുടെ ഷര്‍ട്ട് കണ്ടപ്പോഴെ ഞാന്‍ നോട്ടമിട്ടതാണ്. ആ ഷര്‍ട്ടെനിക്ക് ശ്ശി പിടിച്ചു. പരിചയപ്പെടാമെന്നു കരുതി ചെന്നു. പുള്ളിയുടേ മുഖമപ്പോള്‍ സ്വപ്നം കണ്ടിരിക്കുന്ന മട്ടിലാണ്. ഈ പകലിലും ബഹളത്തിലും സ്വപ്നം കാണുന്നവാരപ്പാ എന്നു സംശയിച്ച് പരിചയപ്പെട്ടും. ഊഹം തെറ്റിയില്ല.

ഞാന്‍....സ്വപ്നാടകന്‍...

(വെറുതെയല്ല ഉറക്കം തൂങ്ങിയ മട്ട്. )

ഹെന്തായാലും ചില മുഖങ്ങളെ മൌസ് ക്ലിക്കിലൊതുക്കാനും പരിചയം പുതുക്കാനും സന്തോഷിക്കാനും ബ്ലോഗ് മീറ്റുകള്‍ കാരണമായി. വളരെ സന്തോഷം. ഇനിയും മുഖങ്ങളെത്ര കിടക്കുന്നു ഫോള്‍ഡറില്‍, എന്റെ മൌസ് ക്ലിക്കിന്റെ വരയും കാത്ത്.
അതൊക്കെ മറ്റൊരിക്കല്‍.

|| ഇതി ബ്ലോഗ് മീറ്റ് ചിത്രവിശേഷം സമാപ്തം. ||

Saturday, September 17, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം രണ്ട്

തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ
അല്ലാതെ എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് സമയ-പ്രതിഭാ ദാരിദ്രം ഉള്ളതുകൊണ്ടും ഇങ്ങനെ വല്ല പോസ്റ്റുമിട്ട് വായനക്കാരെ പറ്റിക്കാം, ബ്ലോഗില്‍ സജ്ജീവമെന്ന് അടുത്ത ബ്ലോഗ്ഗ് കൂട്ടുകാര്‍ക്ക് തോന്നിക്കോളും എന്നുള്ള തെറ്റിദ്ധാരണജനകമായ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല...:)

അപ്പോള്‍ മീറ്റ് ദിവസം വാഴ, മനോരാജ്, പാക്കരന്‍, ഞാന്‍ എന്നിവരെക്കൊണ്ട് ജോയുടെ കാര്‍ എറണാകുളം സൌത്തില്‍ നിന്നും പാലം കടന്ന് തൊടുപുഴയിലേക്ക്ക് കുതിക്കുമ്പോള്‍ കാറിനുള്ളില്‍ അലക്കിത്തേച്ച പാന്റും ഷര്‍ട്ടും ധരിച്ച് ഒരു സുസ്മേരവദനന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ഇയാളേ അറിയില്ലേ? ‘ എന്ന ജോയുടെ ചോദ്യത്തിനും ആസനസ്ഥന്റെ നിറപുഞ്ചിരിക്കും എനിക്കയാളെ ഓര്‍ത്തെടുക്കാനായില്ല.

‘ബ്ലോഗറാണ്.... കൊച്ചി മീറ്റിനുണ്ടായിരുന്നു....പാട്ടൊക്കെ പാടിയത്...”
“ആഹാ..യെസ്..” എനിക്കോര്‍മ്മ വന്നു. പക്ഷേ പേരോര്‍മ്മകിട്ടിയില..”ബ്ലോഗറാല്ലേ? എന്താ പേര്‍?”
ദിമിത്രോവ് ...
“ഓഹോ..അതു ശരി. എന്താ ശരിക്കുള്ള പേര്‍?”
“അതന്നേ...ദിമിത്രോവ്?”
“ഏ? അത് പ്രൊഫൈല്‍ പേരല്ലേ?”
“ അല്ല ഇതാണെന്റെ ശരിക്കും പേര്‍”
എന്തായാലും സൌമ്യന്‍..സുന്ദരന്‍..ഗായകന്‍..

മീറ്റിനെത്തിയപ്പോഴാണ് ഒരു ചെറിയ കൈ തോളില്‍ പതിച്ചത്.
"നന്ദേട്ടനല്ലേ?"
ഞാന്‍ തിരിഞ്ഞ് നോക്കി. മുഖത്ത് ഒരു വക്രദൃഷ്ടി.. ഒരു ദൃഷ്ടി ദോഷം..
‘ധ..ധ......അങ്ങിനെയെന്താണ്ടല്ലോ പേര്‍?”
“അതേ..ധനേഷ്...വക്രദൃഷ്ടി ധനേഷ്”
"ഓര്‍മ്മണ്ട്, പണ്ട് ധനേഷും കൂട്ടുകാരനും കൂടി ശബരിമലയില്‍ പോയ അനുഭവം പോസ്റ്റായി എഴുതിയത് വായിച്ചിട്ടുണ്ട്. രസികന്‍ പോസ്റ്റ്. കണ്ടതില്‍ സന്തോഷം."
“എനിക്കും. “ 
പിന്നെ ബിരിയാണി കഴിക്കുന്ന തിരക്കില്‍ കണ്ടേങ്കിലും വായിലേക്ക് ചിക്കന്‍ പീസ് കയറ്റുന്നതിനിടയില്‍ മിണ്ടാന്‍ പറ്റിയില്ല.

കറുത്ത ഷര്‍ട്ട് ഇന്‍ ചെയ്തു നില്‍ക്കുന്ന മാന്യനെ കണ്ടപ്പോള്‍ അതൊരു ‘കൂതറ‘യായിരിക്കുമെന്ന് തോന്നിയില്ല.
‘ഹാഷിമേ..“ ഞാന്‍ പരിചയം പുതുക്കി
ഹാ.. ഹാഷിമെന്റെ തോളില്‍ കയ്യിട്ടു.  (ഇനി തോളില്‍ കയറി ചെവി തിന്നാനായിരിക്കുമോ?)
ചിലര്‍ കണ്ടാല്‍ മാന്യന്‍ ഉള്ളില്‍ കൂതറയായിരിക്കും., പക്ഷെ, ഇങ്ങേര്‍ പേരില്‍ കൂതറ, കണ്ടാലും പെരുമാറ്റത്തിലും ഒരു കൂതറത്തരവുമില്ല. അതുകൊണ്ട് ഇങ്ങേരെ ഞാന്‍ ഹാഷിമെന്നേ വിളിക്കൂ...കൂതറയെ ഞാന്‍ ഷിഫ്റ്റ് ഡെലിറ്റ് ചെയ്തു.

“നന്ദേട്ടാ‍ാ.. സുഖല്ലേ.. ഓര്‍മ്മണ്ടാ?”
ഷേക്ക് ഹാന്‍ഡിനു കൈ നീട്ടിക്കൊണ്ട് ഒരു പയ്യന്‍
ലിവന്‍ ജിക്കൂസല്ലേ.... ഒരു മറവിയുമില്ല. നല്ല പരിചയമല്ലേ. തിരൂരും, കൊച്ചിയിലും കണ്ട് നല്ല പരിചയം. ബ്ലോഗിലൂടെ ഏറെ പരിചയം.
ഹാ ജിക്കൂ...
ബ്ലോഗ് പോസ്റ്റും കമന്റുകളും വായിക്കുന്നപോലല്ല... ആളു പക്ഷെ ജിക്കു ശുദ്ധനാ കാണുമ്പോള്‍. ഒരു കുഴപ്പവും തോന്നില്ല. നിഷ്കളങ്കത ഒട്ടിച്ചു വെച്ച മുഖം. ഈപയ്യനില്‍ നിന്നോ ബോംബു സ്ഫോടനം പോലെയുള്ള കമന്റുകള്‍ വീഴുന്നത് ?


ഹാളിലെ ഇരുട്ടില്‍ ഒരു വെളുത്ത ടീഷര്‍ട്ട് നീങ്ങുന്നത് കണ്ട് ഞാന്‍ പിന്നാലെ വിട്ടു. ഷര്‍ട്ടിനുള്ളില്‍ പക്ഷെ ജിമ്മന്‍ ഉണ്ടായിരുന്നത് അടുത്തെത്തിയപ്പോഴാ കണ്ടത്. മറ്റാരുമല്ല
മത്തായി
മരട് സ്വദേശിയാണ്. സ്വന്തമായി ഒരു ചാനലുമുണ്ട്. മത്തായി വിഷന്‍ (രാത്രി ഒരുമണി മുതലേ സംപ്രേഷണം ഉണ്ടാവൂ ത്രേ!) കഴിഞ്ഞ വര്‍ഷം മത്തായിയെ എറണാകുളം പുസ്തകോത്സവത്തില്‍ കണ്ടതോര്‍ക്കുന്നു. എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ സജ്ജീവേട്ടന്റെ സ്പോട്ട് കാരിക്കേച്ചര്‍ ഉണ്ടായിരുന്നു. വന്നെത്തിയ മത്തായിക്കും വരക്കണം ഒരെണ്ണം. മത്തായിയെ ആകെയൊന്ന് നോക്കി നിരാശപ്പെട്ട് സജ്ജീവേട്ടന്‍ തല കുമ്പിട്ടു

"വരക്കുന്നില്ലേ സജ്ജീവേട്ടാ.". ഞാന്‍ തിരക്കി
"ബ്ലാക്ക് മാര്‍ക്കര്‍ പെന്‍ ഞാന്‍ കുറച്ചേ കൊണ്ടുവന്നിട്ടുള്ളൂ."
"അതിനെന്താ ഒരെണ്ണം വരച്ച് കൊട്, ഗൂഗിള്‍ ബസ്സ് സൂപ്പര്‍ താരമാണ്‍."
“ശരിക്കും?” സജ്ജീവേട്ടന്‍ കണ്ണൂ മിഴിച്ചു.
“പിന്നേ.. മത്തായി ഒരു ദിവസം ബസ്സിട്ടില്ലെങ്കില്‍ ബസ്സിണികള്‍ ഊണു പോലും കഴിക്കില്ലത്രേ!”
“ഹോ!, ഇവനാണ് ബസ്സേശ്വരന്‍” സജ്ജീവേട്ടന്‍ ഉവാച.
തുടര്‍ന്ന് സജ്ജീവേട്ടന്‍ യജ്ഞം ആരംഭിച്ചു
ഒന്ന്.....രണ്ട്......മൂന്ന്....
മത്തായിയെ വരച്ചു കഴിഞ്ഞപ്പോള്‍ മൊത്തം മൂന്ന് ബ്ലാക്ക് മാര്‍ക്കര്‍ പേനകള്‍ മഷി തീര്‍ന്ന് താഴെ നിലം പതിച്ചു കഴിഞ്ഞിരുന്നു.


മീറ്റിന്റെ തിരക്കില്‍ പലരേയും ചിരിച്ചും പുഞ്ചിരിച്ചും തൊളില്‍ തട്ടിയുമൊക്കെ പരിചയപ്പെട്ടൂം പുതുക്കി..
“അപ്പോ പോവല്ലേ?”
ശബ്ദം കേട്ട് നോക്കുമ്പോള്‍ പാക്കരന്‍. രാവിലെ എന്റെയൊപ്പം വന്ന പാക്കരന്‍.
പോവാലോ പാക്കരാ. തിരക്ക് കൂട്ടാതെ.
പാക്കരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി. കണ്ടാല്‍ പയ്യന്‍ ലുക്ക്, പക്ഷെ പറഞ്ഞാല്‍ വിശ്വസിക്കില്ല, കല്യാണം കഴിച്ചിട്ടൂണ്ട്ന്ന്.!!! പാക്കരന്റെ കല്യാണത്തിന്റന്ന് ചേര്‍ത്തല പ്രദേശം ഹര്‍ത്താലാചരിച്ചുവെന്ന് ന്യൂസ് ഉണ്ട്. ചോദിച്ചപ്പോള്‍ കണ്ണിറുക്കി പാക്കരന്‍ സമ്മതിച്ചു. ഹോ, ഒരു പ്രദേശം മുഴുവന്‍ ഹര്‍ത്താലാചരിച്ച് കല്യാണാം ആഘോഷിക്കുന്നത് ലോകചരിത്രത്തിലാദ്യമാകണം.

തല്‍ക്കാലം തലകള്‍ ഇത്രമാത്രം...ഇനിയും സമയവും സൌകര്യവും ഒക്കെ അനുവദിച്ചാല്‍ ഉടനെത്തന്നെ.....

(ചിത്രങ്ങള്‍ക്ക് റെഫറന്‍സ് ഹബ്ബിയുടെ ഈ ബ്ലോഗ് പോസ്റ്റ് )

Tuesday, August 30, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും

‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം‘ എന്നോ മറ്റോ അല്ലേ പണ്ടൊരു കവി പാടിയിരിക്കുന്നത്?ഏതാണ്ടതുപോലെയാണ് ഗൂഗിള്‍ ബസ്സ് & ബ്ലോഗിലെ കാര്യങ്ങള്‍. ‘നാലുപേരു ചെയ്താല്‍ നാട്ടു നടപ്പായി‘ എന്ന് പണ്ടുള്ളവര്‍ പറഞ്ഞപോലെ ഓണ്‍ലൈനിലെ നാലു പേരൊത്തുകൂടിയാല്‍ അതിപ്പോ ബസ്സ് മീറ്റോ ബ്ലോഗ് മീറ്റോ ആയി. മീറ്റായാലും ഈറ്റുണ്ടായാലും സംഗതി രസകരം. ഒത്തുകൂടുന്ന തമ്മില്‍ക്കണ്ടിട്ടില്ലാത്ത സുഹൃത്തുക്കള്‍ക്ക് ഒരുമിച്ചു ചേരാനും പറയാനും പൊതുവായൊരു വിഷയമുണ്ടാവുന്നതു തന്നെ നല്ല കാര്യം. ഭിന്നാഭിപ്രായചര്‍ച്ചകളും വാഗ്വാദങ്ങളും തെറിവിളിയുമൊക്കെയുണ്ടെങ്കിലും ഒത്തുകൂടുന്നൊരു മീറ്റിന്റെയും ഈറ്റിന്റേയും കാര്യം പറഞ്ഞാല്‍ എല്ലാ അലങ്കാരങ്ങളും മാറ്റിവെച്ച് മുന്നിട്ടിറങ്ങുന്നത് ഓണ്‍ലൈന്‍ സൌഹൃദത്തിന്റെ വലിയൊരു കാര്യമാണ്. ബ്ലോഗില്‍ ജീവന്‍ പോയാലും അനോണിമിറ്റി കാത്തു സൂക്ഷിച്ചിരുന്നവരും അങ്ങിനെ വേണമെന്നു കരുതിയിരുന്നവരും വെര്‍ച്ചല്‍ ലോകത്തിന്റെ അനോണിമിറ്റി മുഖപടം മാറ്റി പ്രത്യക്ഷപ്പെടാനും ബസ്സ് സൌഹൃദം കാരണമായിട്ടുണ്ട് എന്നാണെന്റെ തോന്നല്‍.

സെപ്റ്റംബറിലെ ആദ്യ ആഴ്ചയില്‍ ബസ്സിലെ ഗഡികളും ബ്ലോഗിലെ പഴയ ഗഡികളും കൂടി മ്മടെ പ്രാഞ്ച്യേട്ടന്റെ നാടായ, പൂരങ്ങളുടെ....പൂരങ്ങളുടെ.... തൃശ്ശിവപ്പേരൂരില്‍ വെച്ച് ആര്‍മ്മാദിക്കാന്‍ പോണ്ണ്ട് എന്നൊരു ഡയലോഗ് ബസ്സീന്ന് കിട്ടിയിരുന്നു. ഇമ്മളേം വിളിച്ചിട്ടൂണ്ടായിരുന്നു. അന്ന് മീറ്റിനു വരണോരുടെ നല്ല ഭാഗ്യമോ എന്റെ നിര്‍ഭാഗ്യമോ സംഗതിവശാല്‍ എനിക്ക് ആ ഗഡ്യോള്‍ടെ ഒപ്പം എന്റെ കെല്പ് റോള്‍ കാണിക്കാന്‍ പറ്റില്ല്യാന്നു തോന്ന്ണു. കുടുമ്മോം കുട്ടീം പരാധീനതേം അതിന്റേടേല് ഓണോം കൂടി വന്നപ്പോള്‍ ഒരു രക്ഷേമില്ലാത്ത അവസ്ഥയായി.

അപ്പോ പറഞ്ഞു വന്നത്, ആദ്യ തൊടുപുഴ മീറ്റില്‍ പങ്കെടുത്തില്ലെങ്കിലും പിന്നീടുള്ള മീറ്റുകളിലും ചെറിയ ചെറിയ ബ്ലോഗ് സൌഹൃദ കൂട്ടായ്മകളിലും ആദ്യവും അവസാനവുമായി മനസ്സു കൊണ്ടും ശരീരം കൊണ്ടു ഫുള്‍ സപ്പോര്‍ട്ടായിരുന്നു ഞാന്‍. (ബ്ലോഗില്‍ മുടങ്ങാതെ പോസ്റ്റുകളെഴുതിയിരുന്ന ഞാനിപ്പോ മീറ്റും ഈറ്റും കമ്പനിയുമായി നടക്കുന്നുവെന്ന് അനോണിമസ് കമന്റായും മെയിലുകളായും പരാതികള്‍ വന്നു) ഇക്കഴിഞ്ഞ 2011 ജൂലൈ 31 നു തൊടുപുഴയില്‍  മഴയുടെ സിംഫണി തീര്‍ത്ത പശ്ചാത്തലത്തില്‍ നടന്ന മീറ്റിലും ഈയുള്ളവന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഹരീഷിന്റെ കൂട്ടുകാര്‍ ഒരുക്കിത്തന്ന ബിരിയാണിയില്‍ തന്നെ ഞാനെന്റെ സ്നേഹവും പ്രകടിപ്പിച്ചിരുന്ന കാര്യം ഹരീഷും കൂട്ടൂകാരും ഓര്‍ക്കുമെന്ന് കരുതട്ടെ. ;)
അന്ന് അവിടെ കണ്ടുമുട്ടിയ ചില ഓണ്‍ലൈന്‍ സൌഹൃദങ്ങളെ ഞാനെന്റെ മനസ്സില്‍ കാപ്ചര്‍ ചെയ്തിട്ടുണ്ടായിരുന്നു. കണ്ണൂര്‍ മീറ്റും പിന്നെ പറഞ്ഞും പറയാതെയും നടത്താന്‍ പോകുന്ന മറ്റനേകം സൌഹൃദക്കൂട്ടായ്മയിലേക്ക് അന്ന് കണ്ടുമുട്ടിയ ചില മുഖങ്ങളെ മൌസിന്റെ കോറിവരയാല്‍ ഇവിടെ പ്രദര്‍ശിപ്പിക്കട്ടെ.


താഴെ കാണുന്ന ചിത്രങ്ങളില്‍ നിങ്ങളിലാരുടെയെങ്കിലും മുഖമില്ലെങ്കില്‍ വിഷമിക്കരുത്, വരക്കാന്‍ നേരം കിട്ടാത്തതുകൊണ്ടാണ്‍ എന്ന് കരുതിയേക്കണം. സമയവും സാഹചര്യവും ഒക്കെ ഒത്തുവരുമെങ്കില്‍ അടുത്ത പോസ്റ്റില്‍ നിങ്ങളിലാരെയെങ്കിലുമൊക്കെ വീണ്ടും കുത്തിവരക്കാന്‍ സാധിക്കട്ടെ.

ഹരീഷ് തൊടുപുഴ : 
മീറ്റില്‍ ആരോ കൈവിഷം കൊടുത്തിട്ടുണ്ടോ എന്ന് തോന്നിപ്പിക്കുന്ന പ്രകൃതം. ദിവസോം ഓരോ മീറ്റായാലോ എന്ന്  ചോദിച്ചാല്‍ ഒട്ടും മുഷിയില്ല, പക്ഷെ ഒരു നിര്‍ബന്ധമുണ്ടാകും മീറ്റ് എന്തായാലും എങ്ങിനെയായാലും ലത് തൊടുപുഴയില്‍ തന്നെ വേണം എന്ന്. ഒരു കൈ കൊണ്ട് കച്ചവടവും മറുകൈ കൊണ്ട് ക്യാമറയുമായി ഈ നാട്ടുപുറത്തുകാരന്‍  തൊടുപുഴയുടെ വിരിമാറിലൂടേ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാത്ത സൌഹൃദങ്ങളുമായി ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പോടെ ബ്ലോഗിലും ബസ്സിലും ഒപ്പം തൊടുപുഴയുടെ വഴികളിലും നിറഞ്ഞ് നില്‍ക്കുന്നു.
 

സപ്ത വര്‍ണ്ണങ്ങള്‍ - 
എന്ന് പറഞ്ഞിട്ട് എല്ലാം കൂടിച്ചേര്‍ന്ന ഒരു വര്‍ണ്ണമേ കണ്ടുള്ളൂ. വിദേശത്തെവിടെയോ ആണെന്നു തോന്നുന്നു. പക്ഷെ കണ്ടപ്പോള്‍ വെള്ളമുണ്ടും അയഞ്ഞ ഷര്‍ട്ടുമിട്ട് ഒരു തനി നാട്ടിന്‍പുറത്തുകാരനായിരുന്നു. എന്തായാലും സൌഹൃദത്തിന്റെ ആ വിടര്‍ന്ന ചിരിക്ക് സപ്ത വര്‍ണ്ണങ്ങളുമുണ്ടായിരുന്നു.
 

അലക്സാണ്ടര്‍ :- 
എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു ഈ പയ്യന്‍. വിടര്‍ന്ന ചിരിയുമായി മീറ്റ് കഴിയുവോളം. പരിചയപ്പെട്ടപ്പോള്‍ ഞാന്‍ പേര്‍ ചോദിച്ചു. “അലക്ഷാണ്ടര്‍’ ഹോ! ഈയൊരു ശരീരത്തിനോ ഈ പേര്‍ എന്ന് ഞാന്‍ മനസ്സില്‍ കരുതി പക്ഷെ പറഞ്ഞില്ല. എന്തിനാ വെറുതെ.
 

അനൂപ് :- 
കൊച്ചി മീറ്റിലാണ് പുലിയെ ആദ്യമായി കണ്ടത്. തൊടുപുഴ ബ്ലോഗ് മീറ്റില്‍ ഒരു അടിപൊളി ബ്ലാക്ക് ഷര്‍ട്ടിന്റെ സൌകുമാര്യത്തില്‍ സൌമ്യനായി നില്‍ക്കുന്നു. ഇങ്ങോട്ട് വന്ന് പരിചയം പുതുക്കുകയായിരുന്നു. കക്ഷി നിസ്സാരക്കാരനല്ല, സിനിമയാണ് മാദ്ധ്യമം. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനവും ഫെസ്റ്റിവല്‍ പരിപടികളുമൊക്കെയാണത്രേ..
 

ദേവന്‍ - 
എന്നല്ല പറയേണ്ടത്, ദേവ ഗന്ധര്‍വ്വന്‍ എന്ന് പറയാം. നെറ്റിയിലെ ചന്ദനക്കുറിയും ഒരു കാതിലെ കടുക്കനും നിഷ്കളങ്കമായ ആ ചിരിയും ഈ പയ്യനെ സുന്ദരനാക്കുന്നു.  ഞാനെന്തോ വലിയ സംഭവമാണെന്ന് തെറ്റിദ്ധരിച്ചാണെന്ന് തോന്നുന്നു എന്നോട് പരിചയപ്പെടാനും സംസാരിക്കാനും തിടുക്കം കാട്ടിയിരുന്നു. (വേണ്ടിയിരുന്നില്ല എന്ന് അവസാനം തോന്നിക്കാണണം ദേവന്)
 

സിജീഷ് - 
കണ്ടാലറിയില്ലെ പുപ്പുലിയാണേന്ന്. കവിതകള്‍ മാത്രമല്ല, ഇംഗ്ലീഷില്‍ വരെ ഒരു ബ്ലോഗുണ്ടത്രേ പഹയനു! ഐ ടി കമ്പനിയിലെ ഡിസൈനിങ്ങോ അങ്ങിനെ എന്താണ്ടോ ആണ് പണി. വിവാഹിതനാണത്രേ, കണ്ടാല്‍ പറയില്ല! നീണ്ട മുടിയും നീണ്ട മുഖവും മെലിഞ്ഞ ശരീരവുമുള്ള ഈ ചെറുപ്പക്കാരനെ ഒരു സിനിമയുടെ ഫ്രെയിമില്‍ ചുമ്മാ നിര്‍ത്തിയാല്‍ മതി, സംഗതി ഒരു ക്യാരക്ടര്‍ തന്നെയാകും.
 

പുണ്യാളന്‍ - 
ബസ്സിലും ബ്ലോഗിലുമുള്ള സകല ഫോട്ടോ ആസ്വാദകരുടേയും ആരാധാനാപാത്രം. ഫോട്ടോകള്‍ കൊണ്ട് കവിത രചിക്കുക എന്നൊക്കെ പറഞ്ഞാല്‍ ക്ലീഷേയാകും അനിര്‍വ്വചനീയമായ ആസ്വാദന തലത്തിലെത്തിക്കുന്ന ഫോട്ടോകളാണ് ഈ ബഹുമുഖപ്രതിഭയുടെ പ്രത്യേകത. ഒട്ടേറെ വിദേശ രാജ്യങ്ങളിലെ വാസം കഴിഞ്ഞ് ഇപ്പോള്‍ കൊച്ചിയില്‍ കുറ്റിയടിച്ചിരിക്കുകയാണ്. ആ ക്യാമറയുടെ ഒരു ഫ്രെയിമില്‍ പതിയാന്‍ കൊതിക്കാത്ത ആളുകളുണ്ടോ? പുണ്യാളന്‍ എടുത്ത എന്റെ ചിത്രമെന്ന് കാണിക്കാന്‍ കൊതിക്കാത്തവരുണ്ടോ? ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫറെ നേരിട്ട് കണ്ട് പരിചയപ്പെടണമെന്ന് അത്യാഗ്രഹമുണ്ടായിരുന്ന കക്ഷിയാണ് എനിക്കിയാല്‍. സംഗതി തരപ്പെട്ടു. സരസന്‍, സംഭാഷണപ്രിയന്‍, ഭക്ഷണപ്രിയന്‍. പുള്ളിയുടെ പ്രൈവറ്റ് ബ്ലോഗിലേക്ക് പ്രവേശനം കാത്തുകാത്തിരിക്കുകയാണ് ബസ്സിലേയും ബ്ലോഗിലേലും പലരും.
 

വാഴക്കോടന്‍ - 
മീറ്റിന്റെ തലേദിവസം എന്റെ ഫ്ലാറ്റിന്റെ വാതില്‍ മുട്ടി എന്നോട് ആദ്യം പറഞ്ഞു : “ ഞാന്‍ വാഴ” ആഗതനെ ആകെയുഴിഞ്ഞ് ഞാന്‍ ചോദിച്ച് “കണ്ടിട്ട് പക്ഷെ, ഒരു വാഴക്കുലയോളമേ ഉള്ളൂലോ? സത്യത്തില്‍ ആരാ?” ക്ലീന്‍ ഷേവ് ചെയ്ത മുഖത്ത് നിന്നൊരു പൊട്ടിച്ചിരിയും എന്നെയൊരു ആലിംഗനവും “ ടേയ് നന്ദരേ.. ഞാനാണെടോ വാഴക്കോടന്‍” രണ്ടുമൂന്നു ദിവസം ഒരുമിച്ചുണ്ടായിരുന്നു സംസാരിച്ചു. എങ്കിലും സത്യമായിട്ടും ഇന്നും ഈ മനുഷ്യന്റെ ഒറിജിനല്‍ പേര്‍ എനിക്കറിയില്ല.


മത്താപ്പ് :- 
എന്ന് ഞാന്‍ പണ്ട് വിഷുവിനു മാത്രമേ കേട്ടിരുന്നുള്ളു. ഗൂഗിള്‍ ബസ്സ് വന്നു തുടങ്ങിയപ്പോള്‍ എന്നും പൊട്ടിത്തെറിക്കുന്ന മത്താപ്പൂക്കള്‍ കാണാന്‍ തുടങ്ങി. വരച്ചതില്‍ മൌസിനു വേണ്ടുവോളം സംതൃപ്തി തന്നത് ഈ മുഖമായിരിക്കും. കണ്ണടക്കുള്ളില്‍ കഞ്ചാവടിച്ചവന്റെ കണ്ണും, നീണ്ട മൂക്കും പൂത്തിരിയുടെ ഡിസൈന്‍ പോലുള്ള വരയന്‍ ടീഷര്‍ട്ടും ചുള്ളനാക്കിയിരിക്കുന്നു. മലയാളത്തില്‍ ഇനിയൊരു കാര്‍ട്ടൂന്‍ കഥാപാത്രം ചെയ്യണമെങ്കില്‍ മത്താപ്പിന്റെ ഈ രൂപമൊരു റെഫറന്‍സായിരിക്കും. തമാശയല്ല, ഇതും ഒരു ക്യാരക്ടര്‍ ആണ്.(ട്വിന്‍ ട്വിന്‍ പോലെ) വിപ്ലവ മുദ്രാവാക്യങ്ങള്‍ ക്യാമ്പസ്സില്‍ മുഴക്കുമെങ്കിലും ‘വള്ളുവനാടിന്റെ പാര്യമ്പര്യം‘ വാക്കുകളില്‍ ഭാഷകളില്‍ ആശയങ്ങളില്‍ പേറുന്നുണ്ട്. പ്രായം കൂടുമ്പോള്‍ പാകത്തിനൊത്ത ഉടുപ്പുകള്‍ തയ്പ്പിച്ചിടുമെന്ന് പ്രതീക്ഷിക്കാം. മത്താപ്പൊരു മത്താപ്പല്ല, ഒന്നൊന്നര മത്താപ്പൂവാണ്.
 
 
വിട്ടൂപോയവരെ വിടാതെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ട്. അതു വരെ ക്ഷമീ...:)


Wednesday, July 6, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്

(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍) 
കഴിഞ്ഞ പോസ്റ്റില്‍ നിന്നുംതുടര്‍ച്ച..

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി. കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു

***********************************************************************************

നഗരത്തിലെ കൊള്ളാവുന്നൊരു ഹോട്ടലില്‍ നേരത്തെ മുറി പറഞ്ഞു വെച്ചിരുന്നു പോങ്ങുമ്മൂടന്‍. അച്ചായന്‍ മുന്‍പ് വന്നപ്പോള്‍ താമസിച്ചതും അവിടെത്തന്നെ. അതുകൊണ്ടാകാം ഉള്ളതില്‍ വലുതും ഏറ്റവും നല്ലതുമായ എ സി മുറി തന്നെ കിട്ടി. മുറിയിലേക്ക്ക് ബാഗുകള്‍ ഒതുക്കി വെക്കുന്നതിനു മുന്‍പ് തന്നേ, ആദ്യം അകത്ത് കടന്ന ബ്രഷ്നോവും ശേഷം ലതീഷും ബാത്ത് റൂം ലക്ഷ്യമാക്കി ഓടി. ഒന്നും രണ്ടും വിശേഷങ്ങള്‍ പറഞ്ഞ് കുളിയും കഴിഞ്ഞാണ് ലതീഷ് അതിനകത്തു നിന്ന് വന്നത്, രണ്ടാമതു കയറിയ ബ്രഷ്നോവു വിട്ടില്ല. കുളി കഴിഞ്ഞ് അരയിലൊരു ബാത്ത് ടവല്‍ ചുറ്റി ബ്രഷ്നോവ്  സോഫയിലിരുന്നു.

“എവിടെ എനിക്കുള്ള നേര്‍ച്ച? പപ്പനാവനെ കാണാന്‍ കാഴ്ചദ്രവ്യമില്ലാതെ വന്നിരിക്കുന്നോ കശ്മലന്മാരെ?” പോങ്ങു നേരം വെളുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു.

ബാഗില്‍ നിന്നും ബ്രഷ്നോവ് കാഴ്ചദ്രവ്യമായ സോമരസം പോങ്ങുവിന്റെ മുന്നില്‍ വെച്ചു. തന്റെ ബ്ലോഗ് പോസ്റ്റില്‍ ഒരു ബ്ലോഗിണിയുടെ ആദ്യ കമന്റ് വീണപ്പോഴുള്ള ആഹ്ലാദം പോലെ ഉറക്കച്ചടവിലും പോങ്ങുവിന്റെ മുഖം തിളങ്ങി. ഇരു കസേരകളിലും എതിരായിരുന്ന് പോങ്ങുവും ബ്രഷ്നോവും യുദ്ധം ആരംഭിച്ചു. ലതീഷ് താഴെ ബെഡ് വിരിച്ച് കൂര്‍ക്കം വലിക്കൊപ്പം ശയിച്ചു. ഞാനും അച്ചായനും ബെഡ്ഡിലിരുന്നു ചെസ്സുകളിക്കാരെപ്പോലെ അടുത്ത കരു നീക്കാനിരിക്കുന്ന പോങ്ങു - ബ്രഷ് പോരാളികള്‍ക്ക് കാഴ്ചക്കാരായി.
അന്തരിച്ച കവി അയ്യപ്പനും, അയ്യപ്പന്റെ തമാശകളും പോങ്ങു പതിവുപോലെ രസകരമായി പങ്കുവെച്ചു. സുഹൃദ് സദസ്സില്‍ പോങ്ങുമ്മൂടന്‍ സംസാ‍രിക്കുമ്പോള്‍ അങ്ങിനെയാണ്. സരസമായി പോങ്ങു അലയടിച്ചുകൊണ്ടിരിക്കും. നമ്മള്‍ക്കൊക്കെ നല്ല കേള്‍വിക്കാരാകാം. ഇടക്ക് പനമ്പട്ട തിന്ന് തൃപ്തിയായ ആനയെപ്പോലെ തലയാട്ടിക്കൊടുത്താല്‍ മതി.

അതിനിടയില്‍ ഞാന്‍ പറഞ്ഞു. “ ആ പോങ്ങു, ഞങ്ങള്‍ വരുന്ന വഴി നിന്നെ ഒരാള്‍ അന്വേഷിച്ചിരുന്നു”
പോങ്ങു ശ്രദ്ധാലുവായി “ അതാര്?”
“ നിന്റെ ഫാന്‍സില്‍ പെട്ട ആരോ. നിന്റെ ബ്ലോഗ് വായികുന്ന ഒരു ആരാ...”
“ആരാധികയൊ? അതാരാ നന്ദേട്ടാ.?”
“ആരാധികയാണെന്ന് നീയങ്ങു ഉറപ്പിച്ചോ? “
“പിന്നെ ആരാണ്. വേം പറ.. ആരാണ്. ശോ! എന്തിനാണ് വിളിച്ചത്?”
“നിന്നെ കെട്ടാന്‍ പറ്റുമോന്നറിയാന്‍ അല്ല പിന്നെ..” അച്ചായന്‍ പുതപ്പ് വലിച്ച് തലയിലേക്കിട്ടു.
“ ഒരു ബ്ലോഗറാണ് വിളിച്ചത്” ഞാന്‍ വീണ്ടു സസ്പെന്‍സില്‍ പിടിമുറുക്കി
പോങ്ങു ബ്രഷ്നോവിനെ വിട്ട് എന്റെ കിടക്കയിലേക്ക്ക് വന്നു. ആരാണെന്നറിയാന്‍ അവനു ആകെ പരവേശം. എന്നിട്ടെന്നോട് പതിയെ “ വല്ല ബ്ലോഗിണിയാണോ?”

“അല്ല ബ്ലോഗര്‍” ഞാന്‍ പറഞ്ഞു “

“ഓ!” കട്ടിലില്‍ നിന്നെഴുന്നേറ്റ് ബ്രഷ്നോവിനെതിരെയുള്ള കസേരയിലേക്ക് പോങ്ങു വീണു. അടൂത്ത ഗ്ലാസ്സ് ചെലുത്തി എന്നിട്ട് :
“ നന്ദേട്ട... ഈ പാതിരാ കഴിഞ്ഞ നേരത്ത് ഒരുമാതിരി....ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു”

“ അയ്യടാ... ബ്ലോഗിണിമാര്‍ക്ക് വിളിക്കാന്‍ പറ്റിയ മൊതല്? ഉം . ഇത് അരയന്നങ്ങളുടേ നാട്ടിലെ സിജോ യാ. ലണ്ടനില്‍ നിന്ന്. അവന്‍ നാളെ വിളിക്കും നിന്നോട് നേരിട്ട് സംസാരിക്കണം, നിന്റെ കടൂത്ത ആരാധകന്‍“

“ആരാധകന്‍?” പോങ്ങുവിനു പക്ഷെ വിശ്വാസം വന്നില്ല.

പോങ്ങു ഗ്ലാസ്സ് വീണ്ടു നിറക്കുന്നു. ബ്രഷ്നോട് പൊടിച്ചു വരുന്ന സ്വന്തം മീശയെ ‘അവിടെത്തന്നെയില്ലെ’ എന്ന അര്‍ത്ഥത്തിലാകണം ഇടക്കിടെ പരതുന്നുണ്ട്

“അപ്പോ നാളത്തെ പരിപാടിയെന്താ പോങ്ങു? നാളെ നല്ലൊരിടത്തേക്ക് നീങ്ങണ്ടെ. അതോ ഇവിടെത്തന്നെ ഇരുട്ടി വെളുപ്പിക്കണോ?” അച്ചായന്‍ ഷെഡ്യൂല്‍ നിവര്‍ത്തി.

“ അതിപ്പോ അച്ചായാ, നാളെ അത്യാവശ്യമായി പാലാ വരെപോകണം. കുടുംബകാര്യമാണ്. പോയില്ലെങ്കില്‍, ഊണും ഉറക്കവും തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാക്കേണ്ടി വരും.”

“ഹയ്യൊ?! “ അച്ചായന്‍ തലയില്‍ കൈവെച്ചു “ അതെന്നാ വര്‍ത്താനമാ പോങ്ങു? നിങ്ങളിവിടെ ഉണ്ടാകും എന്ന് കരുതിയല്ലേ ഇക്കണ്ട ദൂരം വണ്ടിയോടിച്ചെത്തിയത്”

“ സംഗതി ശരിയാ അച്ചായാ. ഞാന്‍ വേണേല്‍ നില്‍ക്കാം. എന്റെ മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ വീട്, അല്ലെങ്കില്‍ തമ്പാനൂര്‍. ഇതിലേത് വേണം?” പോങ്ങു പിന്നേയും ചെലുത്തി.

“എന്നാപ്പിന്നേ എന്തേലുമാകട്ടെ. നാളെ വിശദമായി സംസാരിക്കാം. “ അച്ചായന്‍ വീണ്ടു പുതപ്പിനുള്ളിലേക്ക് പൂണ്ടു.

“എന്തായി നന്ദേട്ടാ.. സിനിമാ കാര്യങ്ങള്‍ ? നന്നായി നടക്കുന്നുണ്ടൊ?”

“ഉം.. സിനിമ കാണല് നന്നായി നടക്കുന്നുണ്ട് “ ഞാനും കാല്‍ നിവര്‍ത്തി.

“ അല്ല പോങ്ങു, ഞാനീ പറഞ്ഞ് വന്നത്, അങ്ങിനെ പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍...........” ബ്രഷ്നോവ് അടുത്ത സിഗററ്റ് കത്തിച്ച് പോങ്ങുവിനെ വിഷയത്തിലേക്ക് വലിച്ചു.

‘ഉം! അത് ശരി’ ഞാനാലോചിച്ചു ‘ പാതിരാത്രി കഴിച്ച് പുലര്‍ച്ചെയാകാറായി, സഖാവ് പ്രത്യയശാസ്ത്രവിശകലനത്തിനുള്ള തയ്യാറെടുപ്പിലാണ്. അച്ചായന്റെ പുതപ്പില്‍ നിന്ന് ഒരു വശം വലിച്ച് ഞാന്‍ ദേഹത്തിട്ടു. യാത്ര എന്നേയും തളര്‍ത്തിയിരുന്നു. ഇരുട്ട് മൊത്തം വ്യാപിക്കവേ....

ഹഹഹഹാഹഹഹഹ മുറിയാകെ മുഴങ്ങുന്ന പൊട്ടിച്ചിരി കേട്ടു

പുതപ്പു മാറ്റി ഞാനും അച്ചായനും ചാടിയെഴുന്നേറ്റു. കൂര്‍ക്കം വലിയെ കെട്ടിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാകണം, ലതീഷ് എഴുന്നേറ്റില്ല. “ എന്താ..എന്താ..”

“ഹെന്ത്?” പോങ്ങുവും ബ്രഷും ഞങ്ങളെ നിസ്സാരമായി നോക്കി

“ശെഡാ അച്ചായാ.. ഞങ്ങള്‍ക്ക് ഒരു തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനും പറ്റില്ലേ?”

“ ഈ കൊച്ചു വെളുപ്പാന്‍ കാലത്താണോടാ നിന്റെ തമാശയും അലര്‍ച്ചയും” ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പോങ്ങുവിന്റെ തോളില്‍ കൈവെച്ചു,

ചെലുത്തിയ ഗ്ലാസ്സിന്റെ എണ്ണം കൂടിയതുകൊണ്ടാകാം, പോങ്ങു എന്നെ ചെരിഞ്ഞൊന്നു നോക്കി തന്റെ ബലിഷ്ടമായ കൈകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ എടുക്കുന്ന പോലെ എന്റെ കയ്യെടുത്ത് മാറ്റിയിട്ട് എന്നോട് പറഞ്ഞു :

“ ദേ... നന്ദേട്ടാ ന്നു വിളിച്ച വായകൊണ്ട് വേറെ വല്ലതും വിളിപ്പിക്കരുത് ട്ടാ “

“എന്നാ.. എന്നാ പോളിറ്റ് ബ്യൂറോ നടക്കട്ടെ” എന്നും പറഞ്ഞ് അച്ചായന്‍ അവശേഷിപ്പിച്ചിരുന്ന പുതപ്പിന്റെ ഒരു കഷണത്തിനടിയിലേക്ക്ക് ഞാന്‍ നൂണ്ടു കയറി. അലര്‍ച്ചയും ചിരിയും അടക്കവും സിഗററ്റും മറ്റുമായി ബ്രഷ്നോവും പോങ്ങുവും ആ രാത്രിയെ പറഞ്ഞയച്ചു.

പിറ്റേന്ന് ഞാനെഴുന്നേറ്റത് ഇത്തിരി നേരം വൈകീട്ടാണ്. എല്ലാവരും യഥാസ്ഥാനത്തുണ്ട്. പക്ഷെ ഒരാളെ മാത്രം കണ്ടില്ല. സാക്ഷാല്‍ പോങ്ങുമ്മൂടനെ.

Monday, February 28, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര

.
(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍)


ഉച്ചയൂണും കഴിഞ്ഞ് വിശാലമായൊരു ഉറക്കത്തിന്റെയവസാനത്തിലാണ് മൊബൈല്‍ റിങ്ങ് ചെയ്തത് കേട്ടത്. എടുത്തപ്പോള്‍ ബ്ലോഗിലെ ആസ്ഥാന സഞ്ചാരി അച്ചായന്‍, കോട്ടയത്തു നിന്നുള്ള വരവായിരിക്കുമോ?.
(ഭൂലോകം കറങ്ങും ബൂലോഗ സഞ്ചാരി അച്ചായന്‍)

“നന്ദാ ഞാന്‍ എറണാകുളത്തുണ്ട് , താനെവിടെ? റെഡിയായിരുന്നോ ഞാന്‍ ഫ്രീയായാല്‍ വിളിക്കാം“

“അച്ചായിനിവിടെയെത്തിയോ? ഫ്രീയാകുമ്പോ വിളി, ഞാനൊന്നു കുളിച്ച് ഫ്രഷായി ബാഗുമെടുത്ത് വരാം”

ബഹറിനില്‍ നിന്നും ലീവിനെത്തിയതാണച്ചായന്‍. പുള്ളിയെ ഒരാഴ്ചമുന്‍പ് തൊടുപുഴയില്‍ ഹരീഷിന്റെ വീട്ടില്‍ വെച്ച് കണ്ടതാണ് . പക്ഷെ ഹരീഷിന്റെ വീട്ടുകാര്‍ ഉണ്ടാക്കിത്തന്ന ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും,  അയില വറൂത്തതും, ഉണക്കമീന്‍ പൊരിച്ചതും പപ്പടം കാച്ചിയതുകൊക്കെ ഫിനിഷ് ചെയ്ത് കൈകൊണ്ട് പാത്രം മോറി തിരിച്ചു കൊടുക്കേണ്ട തിരക്കില്‍ അച്ചായനോടെന്നല്ല കൂടെയുണ്ടായിരുന്ന ബ്ലോഗര്‍മാരായ യൂസുഫ്ക, പ്രവീണ്‍, മനോരാജ്,  എന്നിവരോട് പോലും ഒരക്ഷരം മിണ്ടാന്‍ പറ്റിയില്ല. പറ്റിയതു പറ്റി. 
(ചിത്രത്തില്‍ : നന്ദന്‍, ഹരീഷ്, അച്ചായന്‍, പ്രവീണ്‍, മനോരാജ്, നാട്ടുകാരന്‍, യൂസുഫ്കാ)

ഊണിനുശേഷം  തൊടുപുഴയുടെ സൌന്ദര്യം കാണിച്ചു തരാമെന്നു പറഞ്ഞു ഹരീഷ് ഏതൊ കുന്നിന്റെ അറ്റത്തു കൊണ്ടു വന്നു നിര്‍ത്തി. “ഇതെന്താ ഹരീഷേ ലോകത്തിന്റെ അവസാനമാണോ” എന്നു ചോദിച്ചതു ഞങ്ങളെല്ലാവരും കൂടെയാണ്, കാരണം അതിനപ്പുറം ശൂന്യതയായിരുന്നു. അണ്ഡകടാഹം, പൊഹ.

ഇളം വെയിലില്‍ പാറപ്പുറത്തെ മരത്തണലില്‍ ഞാനും പ്രവീണും ഹരീഷും കുറേ നേരം കാറ്റു കൊണ്ടിരുന്നു, അതിനിടയില്‍ അച്ചായന്‍ തന്റെ കാറുമെടുത്ത് വിട്ടിരുന്നു. പിന്നെ വിളി വരുന്നത് ഇപ്പോഴാണ്. ദാ മൊബൈല്‍ വീണ്ടും ചിലച്ചു.

“നന്ദാ റെഡിയായില്ലേ? ഞാനും ഫ്രണ്ട്സും ഹൈകോര്‍ട്ടിനടൂത്തുണ്ട്, പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്റെ ഓപ്പസിറ്റ് ഒരു കോഫീ ഷോപ്പില്‍”

“ദിപ്പ എത്തും അച്ചായാ” എന്നും പറഞ്ഞ് ബാഗെടുത്ത് തോളത്തിട്ട് റൂം പൂട്ടി സൌത്തില്‍ നിന്നൊരു ബസ്സില്‍ ഹൈകോര്‍ട്ട് ജംഗ്ഷനിലേക്ക് തിരിച്ചു.

യാത്രക്കൊരുങ്ങുകയാണ്. എവിടേക്ക്, എപ്പോള്‍ എന്നൊന്നും തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തേക്കാവാം എന്നൊരു ധാരണ മാത്രമുണ്ട്. അല്ലെങ്കിലും അച്ചായനിങ്ങനെയാണ്. നാട്ടിലെത്തിയാല്‍ (ബഹറിലും സംഗതിയിതൊക്കെത്തന്നെ, ഹോ! ഇതിനുമാത്രം പണവും സമയവും ഈ മാപ്ലാര്‍ക്കെവിടുന്നാണാവോ?!) പിന്നെ കാറുമെടുത്തൊരു യാത്രയാണ്. ചില ചെറിയ യാത്ര കഴിഞ്ഞ് എറണാകുളത്തെത്തി ഞാനും മറ്റു ചില ഫ്രണ്ട്സും കൂടി ഇനി അടൂത്ത യാത്ര. തല്‍ക്കാലം തിരുവനന്തപുരത്തേക്ക്. സാക്ഷാല്‍ പോങ്ങുമ്മൂടനെ ദര്‍ശിക്കണം കൂത്താടണം. ഒരു ദിവസം അവന്റെ തമാശകള്‍ കേട്ട് സര്‍വ്വം മറന്ന് പൊട്ടിച്ചിരിച്ച് മദിക്കണം അത്രയേ ഇപ്പോള്‍ ഞങ്ങള്‍ ആലോചിച്ചിട്ടുള്ളു. ഒരുപക്ഷേ അനന്തപുരിയിലേക്കുള്ള യാത്രക്കിടയില്‍ വെച്ച് എങ്ങോട്ടുവേണമെങ്കിലും ദിശതിരിയാം ഡെസ്റ്റിനേഷന്‍ മാറാം. അതൊക്കെ അച്ചായന്റെ മനസ്സിലും തീരുമാനത്തിലുമാണ്. പോണ വഴിക്ക് പൂരം. അത്രേയുള്ളൂ പുള്ളീടെ കാര്യം. എവിടെ എന്ത് എന്നുള്ളതൊക്കെ പിന്നെ. കാറിന്റെ ബാക്കില്‍ തന്റെ സ്ഥാവരജംഗമ വസ്തുക്കളുമായിട്ടാണ് അച്ചായന്റെ സഞ്ചാരം. ഇത് സഞ്ചാരത്തിന്റെ അച്ചായരീതികള്‍.

ഹൈക്കോര്‍ട്ടില്‍ ബസ്സിറങ്ങി പാര്‍ക്കിങ്ങ് സ്ഥലത്ത് വന്ന് മൊബൈലെടുത്ത് ഞെക്കി...യില്ല. ആറടിനീളത്തില്‍ ഒരു സുസ്നേര വദനം കോഫീഷോപ്പിന്റെ മുന്‍പില്‍. അകത്ത് കടന്ന് ഉപവിഷ്ടനായപ്പോള്‍ അച്ചായന്‍ തന്റെ സുഹൃത്തുക്കളെ പരിചയപ്പെടൂത്തി
(ചിത്രത്തില്‍ : ബ്രഷ്നോവ്, അച്ചായന്‍, ലതീഷ്)

“ഇത് ലതീഷ്, കോട്ടയം, പണ്ടേയുള്ള സുഹൃത്താണ്”

കൈപിടിച്ചു കുലുക്കി

തൊട്ടടുത്ത് ഇരിക്കുന്ന കുറുകിയൊരു മനുഷ്യനെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : “ അത് സഖാവ് ബ്രഷ്നോവ്”  താരം ഒന്നും പുഞ്ചിരിച്ചു. ഷേക്ക് ഹാന്‍ഡിനു പകരം കൈത്തലം നെറുകയില്‍ വെച്ച് എന്നെ സലാം ചെയ്തു (റെഡ് സല്യൂട്ട് ആണോ?!)

“ഉവ്വ് കേട്ടിട്ടുണ്ട്, ചരിത്രത്തില്‍. പണ്ട് കോള്‍ഡ് വാര്‍ നടന്നപ്പോള്‍ സോവിയറ്റ് യൂണിയനെ നയിച്ച സഖാവ്! പിന്നെ അനന്തപുരിയില്‍ വെച്ച് 120 കിലോയുള്ള പോങ്ങുവിനെ ചുട്ട നോട്ടം നോക്കി വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിയതും...അതേ സഖാവു തന്നല്ലേ?”

“യേസ്, അത് ഞാന്‍ തന്നെ....” നല്ല പരുക്കന്‍ ശബ്ദത്തില്‍ മറുപടി “ നന്ദുവിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട് അച്ചായനും പോങ്ങുവും“

“കൂടുതലും പരദൂഷണമാവും...” ഞാന്‍

“നന്ദനൊരു ചായ പറയട്ടെ” അച്ചായന്‍ സ്നേഹസ്വരൂപനായി “ ഒരു കട് ലറ്റ് കൂടേയായാലോ “

“ചായ വേണ്ട” ഞാന്‍ പറഞ്ഞു “ കട് ലറ്റ് രണ്ടെണ്ണമാകാം”

ഉള്ള സമയം കൊണ്ട് തന്നെ നാലു പേരും സൌഹൃദത്തിന്റെ വണ്ടി പൊട്ടിച്ചിരിയുടെ ഫസ്റ്റ് ഗിയറിലേക്കിട്ടു. പകല്‍ ഇരുട്ടിലേക്ക് വഴിമാറി, എറണാകുളം നഗരം വര്‍ണ്ണവെളിച്ചങ്ങളണിഞ്ഞു. നഗരം തിരക്കിലേക്കായി. നാല് വര്‍ സംഘം വണ്ടിക്കും ശരീരത്തിനും ഇന്ധനം നിറച്ച് നഗരത്തിരക്കില്‍ നിന്നും ദേശീയ പാതയിലേക്ക് കടന്നു. രാത്രി യാത്ര. അടുത്ത സ്ഥലം അനന്തപുരി, പോങ്ങുമ്മൂട ദര്‍ശനം.

പോകും വഴി പോങ്ങുമ്മൂടനെ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല. അവനവിടേ രാവിലെ മുതലേ കാത്തിരിക്കുകയാണ്. എത്രയും നേരത്തെത്തുന്നോ അത്രയും നല്ലതെന്ന് അവന്‍. പോരുംവഴി പോങ്ങുമ്മൂടേത്തി വീടിനു മുന്നില്‍ നിന്ന് അവനെ എടൂത്ത് വണ്ടിയിലിട്ടേക്കാം എന്ന് അച്ചായന്റെ തീര്‍ച്ചപ്പെടുത്തല്‍. ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നൊരു പൊട്ടിച്ചിരി ഞാന്‍ കേട്ടു.

യാത്രയില്‍ ചര്‍ച്ച രാഷ്ട്രീയത്തില്‍ തുടങ്ങി. തിരഞ്ഞെടുപ്പു കഴിഞ്ഞ സമയമായതുകൊണ്ട് അതായിരുന്നു ഹോട്ട് ന്യൂസ്, പിന്നെ സിനിമയിലേക്കും ബ്ലോഗിലേക്കും അങ്ങിനെയങ്ങിനെ അപ്പോഴേക്കും പിന്‍ സീറ്റിലിരുന്ന ലതീഷും ബ്രഷ്നോവും ഉറക്കമായി. ഞാനും അച്ചായനും ബ്ലോഗ് പരദൂഷണങ്ങള്‍ പറഞ്ഞ്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നൊരു മഴ തകര്‍ത്തു പെയ്തു. അതിശക്തമായ മഴ മുന്നിലെ വഴിപോലും കാണാനാവുന്നില്ല. കേരളത്തിലെ റോഡായതുകൊണ്ട് വഴിയേതാ കുഴിയേതാ എന്ന് ഈ പ്രളയത്തില്‍ തിരിച്ചറിയാമാവുന്നില്ല. ഇടക്കെപ്പോഴോ വണ്ടി ഒരു കുഴിയിലേക്ക് ചാടിക്കയറി. കാര്‍ കുലുങ്ങിയതും പിന്നില്‍ ഉറക്കത്തിലായിരുന്ന ബ്രഷ്നോവ് ചാടിയെണീറ്റു കണ്ണു തിരുമ്മി നോക്കിയപ്പോള്‍ ചുറ്റും വെള്ളം.

‘ഹയ്യോ!! ഹയ്യോ? ഇതെന്താ സജീ സുനാമിയോ?”

“സുനാമിയല്ലഡോ സഖാവേ പേമാരി, മഴയാണ്”

“നമ്മളിതെവിടെ? റോട്ടീലാണോ അതോ കായലിലോ?”

ഒരു രക്ഷയുമില്ല ബ്രഷ്, നല്ല മഴയാ റോഡൊന്നും കാണാന്‍ വയ്യ” അച്ചായന്‍ സ്പീഡ് കുറച്ച് വെള്ളത്തിലൂടേ ഞങ്ങളുടെ കാര്‍ ബോട്ടിനെപ്പോലെ ആടിയുലഞ്ഞ് നീങ്ങി. ഏറേ ദൂരം പോയപ്പോള്‍ ദേശീയപാത കഴുകി വെടിപ്പാക്കിയപ്പോലെ കറുകറുത്ത് തെളിഞ്ഞു കാണാം. ആ ഭാഗത്തേക്ക് മഴ അത്ര ശക്തമായിട്ടില്ല. പിന്നെപ്പിന്നെ മഴ കുറഞ്ഞു യാത്ര സുഗമമായി.

ഇടക്ക് ഹൈവേയിലൊരിടത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ കണ്ടതും ഹോട്ടലിലെ ജീവനക്കാരെല്ലാം കോട്ടുവായിട്ടുകൊണ്ട് സ്വീകരിച്ചു. പാവങ്ങള്‍ കൊട്ടാരം പോലൊരു ഹോട്ടല്‍ പണിതിട്ടുണ്ടെങ്കിലും ആരെങ്കിലുമൊക്കെ കയറി വരണ്ടേ. അച്ചായന്‍ ലീവിനു വന്നത് അവരുടേ ഭാഗ്യം.

തിരിച്ചു വീണ്ടും യാത്ര തുടര്‍ന്നു ഇതിനിടയില്‍ വരില്ലേ വരില്ലേ നീ.. എന്ന ചോദ്യവുമായി പോങ്ങുവിന്റെ നിരവധി കോളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും മറുപടീ പറയാന്‍ ശ്രമിച്ച് ക്ഷമകെട്ട് അവസാനം അച്ചായന്‍ കര്‍ത്താവിനും മതത്തിനും നിരക്കാത്തത് അറിയാതെ പറയേണ്ടിവന്നെങ്കിലോ എന്ന് കരുതി ഫോണ്‍ എന്റെ കയ്യില്‍ തന്നു. ഭാഗ്യം അച്ചായന്റെ സഭ രക്ഷപ്പെട്ടു.

പാതിരാത്രി ആയിത്തുടങ്ങിയിട്ടൂണ്ടാകും ഞങ്ങള്‍ നഗരാ‍തിര്‍ത്തിക്കുള്ളില്‍ കയറാറായി. മയങ്ങിക്കിടന്ന എന്നെ തട്ടിയുണര്‍ത്തി അച്ചായന്‍ പറഞ്ഞു :
“ നന്ദാ.. നന്ദാ... ഇതേതാ സ്ഥലമെന്ന് നോക്കു. പോങ്ങുമൂട് എത്തിയോ? അവിടെ വീടിനു മുന്നില്‍ പോങ്ങു കാത്തു നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.”

ഉറക്കച്ചടവില്‍ ഞാന്‍ തട്ടിപ്പിടന്നെഴുന്നേറ്റ്  പുറത്തേക്ക് നോക്കി. ആകെ ഇരുട്ട്,ഇതേത് സ്ഥലം തിരുവനന്തപുരവും കഴിഞ്ഞ് തെക്കോട്ട് പോയോ?! മുന്നില അരണ്ട വെളിച്ചത്തിലെ പച്ച ബോര്‍ഡുകള്‍ ഞാന്‍ നോക്കി. ഇല്ല. കോവളം ബൈപ്പാസിലേക്കും തിരുവനന്തപുരം നഗരത്തിലേക്കുമുള്ള കഴക്കൂട്ടം സിഗ്നല്‍ കണ്ടു.

“ലെഫ്റ്റെടുക്കച്ചായാ” കോട്ടൂവായക്കീടയിലും ഞാന്‍ അലറി

അച്ചായന്‍ കഴക്കൂട്ടവും കഴിഞ്ഞ് നഗരാതിര്‍ത്തിയിലേക്ക് കയറാറായി. ഞാന്‍ അച്ചായന്റെ മൊബൈലെടുത്ത് വീണ്ടും പോങ്ങുമ്മൂടനെ ഞെക്കി

“ ടാ ഞങ്ങളെത്തി അഞ്ച് മിനുട്ടിനുള്ളില്‍ പോങ്ങുമ്മൂടെത്തും നീ റോഡിലേക്കിറങ്ങി നില്‍ക്ക്”

“ നിങ്ങളാരടെ...*(&(*(&(*&%^^&%വെടെയാ...?” ഉറക്കപ്പിച്ചില്‍ അവന്റെ ഒടുക്കത്തെ തെറി.

“എടാ ദുഷ്ടാ കര്‍ത്താവിന്റെ നല്ലൊരിടയന്‍ കൂടെയുള്ളപ്പോള്‍ ഇമ്മാതിരി ഭാഷ പ്രയോഗിക്കാതെടാ.. ഞങ്ങളിപ്പെയെത്തും നീ വെയ്റ്റ് ചെയ്യ്”

10 മിനുട്ട് കഴിഞ്ഞിരിക്കണം ഞങ്ങള്‍ പോങ്ങുമ്മൂട് ജംഗ്ഷനില്‍ ബസ്സ് ഷെല്‍ട്ടറിന്റെ മുന്‍പിലെത്തി. തൊട്ടടുത്തതാണ് പോങ്ങുവിന്റെ വീട്. ഗെയ്റ്റില്‍ അവനുണ്ടാവും എന്ന് പറഞ്ഞിരുന്നു. ഞാനും അച്ചായനും വണ്ടി സൈഡൊതുക്കി പുറത്തിറങ്ങി. ഞാന്‍ ഇരുട്ടില്‍ പരതി.. അതാ അതാ.. ഒരു മതിലിനു മുകളില്‍ ഡബിള്‍ മുണ്ട് തോരാനിട്ടതുപോലെ പോങ്ങുമൂടന്‍ കമഴ്ന്നു കിടക്കുന്നു. കാറ്റത്താണോ അല്ലയോ എന്നറിയില്ല അരക്കു താഴോട്ട്  ചെറുതായി ആടുന്നുണ്ടായിരുന്നു.

“അച്ചായാ അതാ പോങ്ങു.....”

അച്ചായന്‍ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി. തലയില്ലാത്ത ഒരു ഭീമാകാരം ഒരു മതിലില്‍ (അതോ ഗയിറ്റിലോ?) ചാരിവെച്ചതുപോലെ.

“ഇതു തന്നെയാകുമോ ? “ അച്ചായന്‍ സംശയത്തിലാണ്

“ഇതായിരിക്കും, സ്ഥലം ഇതു തന്നെ. പക്ഷെ, അവന്‍ ഗയിറ്റില്‍ ചാരി കാത്തു നില്‍ക്കാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. പക്ഷെ, ഇതിപ്പോ!”

ഞങ്ങള്‍ മൊബൈല്‍ റിങ്ങ് ചെയ്തു. ഷോക്കടിച്ചതുപോലെ ആ ഭീകരരൂപത്തിനു തല വന്നു, മൊത്തമനങ്ങി. നോക്കിയപ്പോള്‍ ഞങ്ങളേയും കാറീനേയും കണ്ടു

“അച്ചായാ...നന്ദേട്ട..” അലര്‍ച്ചയോടെ രൂപം മൊത്തം ഒന്നിളകി. ഞങ്ങള്‍ മുന്നോട്ട് നടന്നു ചെന്നു.

“എടാ നീ ഗെയിറ്റിനു മുന്നില്‍ കാത്തു നില്‍ക്കാമെന്നു പറഞ്ഞിട്ട്.....”

“ഗെയിറ്റിനു മുന്നില്‍ തന്നെ നന്ദേട്ട ഞാന്‍ നിന്നത്..”

“എന്നിട്ട് ഗെയിറ്റെവിടെ?” എന്റെ സംശയം മാറുന്നില്ല

“ഹേയ്! എന്താ ഈ പറയുന്നത്. ഞാന്‍ ഈ ഗെയിറ്റിനു മുന്നിലല്ലേ നിന്നത്” എന്നു പറഞ്ഞ് പോങ്ങുമ്മൂടന്‍ റോഡിലേക്കിറങ്ങി ഞങ്ങളോടൊപ്പം ചേര്‍ന്നു

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി.

കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു


(തുടരും..............എന്നാണ് വിചാരിക്കുന്നത്..... പറ്റിയാല്‍ തുടരാം..)