Wednesday, July 6, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട്

(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍) 
കഴിഞ്ഞ പോസ്റ്റില്‍ നിന്നുംതുടര്‍ച്ച..

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി. കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു

***********************************************************************************

നഗരത്തിലെ കൊള്ളാവുന്നൊരു ഹോട്ടലില്‍ നേരത്തെ മുറി പറഞ്ഞു വെച്ചിരുന്നു പോങ്ങുമ്മൂടന്‍. അച്ചായന്‍ മുന്‍പ് വന്നപ്പോള്‍ താമസിച്ചതും അവിടെത്തന്നെ. അതുകൊണ്ടാകാം ഉള്ളതില്‍ വലുതും ഏറ്റവും നല്ലതുമായ എ സി മുറി തന്നെ കിട്ടി. മുറിയിലേക്ക്ക് ബാഗുകള്‍ ഒതുക്കി വെക്കുന്നതിനു മുന്‍പ് തന്നേ, ആദ്യം അകത്ത് കടന്ന ബ്രഷ്നോവും ശേഷം ലതീഷും ബാത്ത് റൂം ലക്ഷ്യമാക്കി ഓടി. ഒന്നും രണ്ടും വിശേഷങ്ങള്‍ പറഞ്ഞ് കുളിയും കഴിഞ്ഞാണ് ലതീഷ് അതിനകത്തു നിന്ന് വന്നത്, രണ്ടാമതു കയറിയ ബ്രഷ്നോവു വിട്ടില്ല. കുളി കഴിഞ്ഞ് അരയിലൊരു ബാത്ത് ടവല്‍ ചുറ്റി ബ്രഷ്നോവ്  സോഫയിലിരുന്നു.

“എവിടെ എനിക്കുള്ള നേര്‍ച്ച? പപ്പനാവനെ കാണാന്‍ കാഴ്ചദ്രവ്യമില്ലാതെ വന്നിരിക്കുന്നോ കശ്മലന്മാരെ?” പോങ്ങു നേരം വെളുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്ന് തോന്നുന്നു.

ബാഗില്‍ നിന്നും ബ്രഷ്നോവ് കാഴ്ചദ്രവ്യമായ സോമരസം പോങ്ങുവിന്റെ മുന്നില്‍ വെച്ചു. തന്റെ ബ്ലോഗ് പോസ്റ്റില്‍ ഒരു ബ്ലോഗിണിയുടെ ആദ്യ കമന്റ് വീണപ്പോഴുള്ള ആഹ്ലാദം പോലെ ഉറക്കച്ചടവിലും പോങ്ങുവിന്റെ മുഖം തിളങ്ങി. ഇരു കസേരകളിലും എതിരായിരുന്ന് പോങ്ങുവും ബ്രഷ്നോവും യുദ്ധം ആരംഭിച്ചു. ലതീഷ് താഴെ ബെഡ് വിരിച്ച് കൂര്‍ക്കം വലിക്കൊപ്പം ശയിച്ചു. ഞാനും അച്ചായനും ബെഡ്ഡിലിരുന്നു ചെസ്സുകളിക്കാരെപ്പോലെ അടുത്ത കരു നീക്കാനിരിക്കുന്ന പോങ്ങു - ബ്രഷ് പോരാളികള്‍ക്ക് കാഴ്ചക്കാരായി.
അന്തരിച്ച കവി അയ്യപ്പനും, അയ്യപ്പന്റെ തമാശകളും പോങ്ങു പതിവുപോലെ രസകരമായി പങ്കുവെച്ചു. സുഹൃദ് സദസ്സില്‍ പോങ്ങുമ്മൂടന്‍ സംസാ‍രിക്കുമ്പോള്‍ അങ്ങിനെയാണ്. സരസമായി പോങ്ങു അലയടിച്ചുകൊണ്ടിരിക്കും. നമ്മള്‍ക്കൊക്കെ നല്ല കേള്‍വിക്കാരാകാം. ഇടക്ക് പനമ്പട്ട തിന്ന് തൃപ്തിയായ ആനയെപ്പോലെ തലയാട്ടിക്കൊടുത്താല്‍ മതി.

അതിനിടയില്‍ ഞാന്‍ പറഞ്ഞു. “ ആ പോങ്ങു, ഞങ്ങള്‍ വരുന്ന വഴി നിന്നെ ഒരാള്‍ അന്വേഷിച്ചിരുന്നു”
പോങ്ങു ശ്രദ്ധാലുവായി “ അതാര്?”
“ നിന്റെ ഫാന്‍സില്‍ പെട്ട ആരോ. നിന്റെ ബ്ലോഗ് വായികുന്ന ഒരു ആരാ...”
“ആരാധികയൊ? അതാരാ നന്ദേട്ടാ.?”
“ആരാധികയാണെന്ന് നീയങ്ങു ഉറപ്പിച്ചോ? “
“പിന്നെ ആരാണ്. വേം പറ.. ആരാണ്. ശോ! എന്തിനാണ് വിളിച്ചത്?”
“നിന്നെ കെട്ടാന്‍ പറ്റുമോന്നറിയാന്‍ അല്ല പിന്നെ..” അച്ചായന്‍ പുതപ്പ് വലിച്ച് തലയിലേക്കിട്ടു.
“ ഒരു ബ്ലോഗറാണ് വിളിച്ചത്” ഞാന്‍ വീണ്ടു സസ്പെന്‍സില്‍ പിടിമുറുക്കി
പോങ്ങു ബ്രഷ്നോവിനെ വിട്ട് എന്റെ കിടക്കയിലേക്ക്ക് വന്നു. ആരാണെന്നറിയാന്‍ അവനു ആകെ പരവേശം. എന്നിട്ടെന്നോട് പതിയെ “ വല്ല ബ്ലോഗിണിയാണോ?”

“അല്ല ബ്ലോഗര്‍” ഞാന്‍ പറഞ്ഞു “

“ഓ!” കട്ടിലില്‍ നിന്നെഴുന്നേറ്റ് ബ്രഷ്നോവിനെതിരെയുള്ള കസേരയിലേക്ക് പോങ്ങു വീണു. അടൂത്ത ഗ്ലാസ്സ് ചെലുത്തി എന്നിട്ട് :
“ നന്ദേട്ട... ഈ പാതിരാ കഴിഞ്ഞ നേരത്ത് ഒരുമാതിരി....ചുമ്മാ മനുഷ്യനെ ആശിപ്പിച്ചു”

“ അയ്യടാ... ബ്ലോഗിണിമാര്‍ക്ക് വിളിക്കാന്‍ പറ്റിയ മൊതല്? ഉം . ഇത് അരയന്നങ്ങളുടേ നാട്ടിലെ സിജോ യാ. ലണ്ടനില്‍ നിന്ന്. അവന്‍ നാളെ വിളിക്കും നിന്നോട് നേരിട്ട് സംസാരിക്കണം, നിന്റെ കടൂത്ത ആരാധകന്‍“

“ആരാധകന്‍?” പോങ്ങുവിനു പക്ഷെ വിശ്വാസം വന്നില്ല.

പോങ്ങു ഗ്ലാസ്സ് വീണ്ടു നിറക്കുന്നു. ബ്രഷ്നോട് പൊടിച്ചു വരുന്ന സ്വന്തം മീശയെ ‘അവിടെത്തന്നെയില്ലെ’ എന്ന അര്‍ത്ഥത്തിലാകണം ഇടക്കിടെ പരതുന്നുണ്ട്

“അപ്പോ നാളത്തെ പരിപാടിയെന്താ പോങ്ങു? നാളെ നല്ലൊരിടത്തേക്ക് നീങ്ങണ്ടെ. അതോ ഇവിടെത്തന്നെ ഇരുട്ടി വെളുപ്പിക്കണോ?” അച്ചായന്‍ ഷെഡ്യൂല്‍ നിവര്‍ത്തി.

“ അതിപ്പോ അച്ചായാ, നാളെ അത്യാവശ്യമായി പാലാ വരെപോകണം. കുടുംബകാര്യമാണ്. പോയില്ലെങ്കില്‍, ഊണും ഉറക്കവും തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാക്കേണ്ടി വരും.”

“ഹയ്യൊ?! “ അച്ചായന്‍ തലയില്‍ കൈവെച്ചു “ അതെന്നാ വര്‍ത്താനമാ പോങ്ങു? നിങ്ങളിവിടെ ഉണ്ടാകും എന്ന് കരുതിയല്ലേ ഇക്കണ്ട ദൂരം വണ്ടിയോടിച്ചെത്തിയത്”

“ സംഗതി ശരിയാ അച്ചായാ. ഞാന്‍ വേണേല്‍ നില്‍ക്കാം. എന്റെ മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ വീട്, അല്ലെങ്കില്‍ തമ്പാനൂര്‍. ഇതിലേത് വേണം?” പോങ്ങു പിന്നേയും ചെലുത്തി.

“എന്നാപ്പിന്നേ എന്തേലുമാകട്ടെ. നാളെ വിശദമായി സംസാരിക്കാം. “ അച്ചായന്‍ വീണ്ടു പുതപ്പിനുള്ളിലേക്ക് പൂണ്ടു.

“എന്തായി നന്ദേട്ടാ.. സിനിമാ കാര്യങ്ങള്‍ ? നന്നായി നടക്കുന്നുണ്ടൊ?”

“ഉം.. സിനിമ കാണല് നന്നായി നടക്കുന്നുണ്ട് “ ഞാനും കാല്‍ നിവര്‍ത്തി.

“ അല്ല പോങ്ങു, ഞാനീ പറഞ്ഞ് വന്നത്, അങ്ങിനെ പ്രത്യയശാസ്ത്രപരമായി നോക്കിയാല്‍...........” ബ്രഷ്നോവ് അടുത്ത സിഗററ്റ് കത്തിച്ച് പോങ്ങുവിനെ വിഷയത്തിലേക്ക് വലിച്ചു.

‘ഉം! അത് ശരി’ ഞാനാലോചിച്ചു ‘ പാതിരാത്രി കഴിച്ച് പുലര്‍ച്ചെയാകാറായി, സഖാവ് പ്രത്യയശാസ്ത്രവിശകലനത്തിനുള്ള തയ്യാറെടുപ്പിലാണ്. അച്ചായന്റെ പുതപ്പില്‍ നിന്ന് ഒരു വശം വലിച്ച് ഞാന്‍ ദേഹത്തിട്ടു. യാത്ര എന്നേയും തളര്‍ത്തിയിരുന്നു. ഇരുട്ട് മൊത്തം വ്യാപിക്കവേ....

ഹഹഹഹാഹഹഹഹ മുറിയാകെ മുഴങ്ങുന്ന പൊട്ടിച്ചിരി കേട്ടു

പുതപ്പു മാറ്റി ഞാനും അച്ചായനും ചാടിയെഴുന്നേറ്റു. കൂര്‍ക്കം വലിയെ കെട്ടിപ്പിടിച്ചു കിടക്കുന്നതുകൊണ്ടാകണം, ലതീഷ് എഴുന്നേറ്റില്ല. “ എന്താ..എന്താ..”

“ഹെന്ത്?” പോങ്ങുവും ബ്രഷും ഞങ്ങളെ നിസ്സാരമായി നോക്കി

“ശെഡാ അച്ചായാ.. ഞങ്ങള്‍ക്ക് ഒരു തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനും പറ്റില്ലേ?”

“ ഈ കൊച്ചു വെളുപ്പാന്‍ കാലത്താണോടാ നിന്റെ തമാശയും അലര്‍ച്ചയും” ഞാന്‍ കിടക്കയില്‍ നിന്ന് ചാടിയെഴുന്നേറ്റ് പോങ്ങുവിന്റെ തോളില്‍ കൈവെച്ചു,

ചെലുത്തിയ ഗ്ലാസ്സിന്റെ എണ്ണം കൂടിയതുകൊണ്ടാകാം, പോങ്ങു എന്നെ ചെരിഞ്ഞൊന്നു നോക്കി തന്റെ ബലിഷ്ടമായ കൈകൊണ്ട് ഒരു പൂച്ചക്കുഞ്ഞിനെ എടുക്കുന്ന പോലെ എന്റെ കയ്യെടുത്ത് മാറ്റിയിട്ട് എന്നോട് പറഞ്ഞു :

“ ദേ... നന്ദേട്ടാ ന്നു വിളിച്ച വായകൊണ്ട് വേറെ വല്ലതും വിളിപ്പിക്കരുത് ട്ടാ “

“എന്നാ.. എന്നാ പോളിറ്റ് ബ്യൂറോ നടക്കട്ടെ” എന്നും പറഞ്ഞ് അച്ചായന്‍ അവശേഷിപ്പിച്ചിരുന്ന പുതപ്പിന്റെ ഒരു കഷണത്തിനടിയിലേക്ക്ക് ഞാന്‍ നൂണ്ടു കയറി. അലര്‍ച്ചയും ചിരിയും അടക്കവും സിഗററ്റും മറ്റുമായി ബ്രഷ്നോവും പോങ്ങുവും ആ രാത്രിയെ പറഞ്ഞയച്ചു.

പിറ്റേന്ന് ഞാനെഴുന്നേറ്റത് ഇത്തിരി നേരം വൈകീട്ടാണ്. എല്ലാവരും യഥാസ്ഥാനത്തുണ്ട്. പക്ഷെ ഒരാളെ മാത്രം കണ്ടില്ല. സാക്ഷാല്‍ പോങ്ങുമ്മൂടനെ.

25 comments:

nandakumar July 6, 2011 at 9:29 PM  

“അനന്തമീ യാത്ര അനന്തപുരി യാത്ര - ഭാഗം രണ്ട് “
നീണ്ട യാത്രയുടെ രണ്ടാം ഭാഗം.

(ഇത് ഒരു നടക്ക് പോകുന്ന ലക്ഷണമില്ല!!! പോസ്റ്റ് ഒരുപാട് എഴുതേണ്ടിവരും) :(

Manoraj July 6, 2011 at 9:49 PM  

വാക്ക് പാലിച്ചതിന് ആദ്യം ഒരു താങ്ക്സേ :):) ഒരു നടക്കുപോയില്ലെങ്കിലും പോസ്റ്റ് ഒരുപാട് എഴുതേണ്ടി വന്നാലും വിരോധമില്ല.. അങ്ങട് തുടരട്ടെ..

പൊങ്സിനെ രാവിലെ കണ്ടില്ല എന്നതില്‍ വലിയ അത്ഭുതം തോന്നുന്നില്ല:) “ഇടക്ക് പനമ്പട്ട തിന്ന് തൃപ്തിയായ ആനയെപ്പോലെ തലയാട്ടിക്കൊടുത്താല്‍ മതി“ അത് ഞാന്‍ ലൈകി.. അനന്തപുരി വിശേഷങ്ങള്‍ തുടരട്ടെ.

jayanEvoor July 6, 2011 at 9:59 PM  

ഹ! ഹ!!

കലക്കൻ വിവരണം.
പക്ഷേ ഇതു ഞാൻ വെള്ളം തൊടാതെ വിഴുങ്ങില്ല.
ഇതിനൊരു മറുപടി പോങ്ങ്‌സ് ഉടൻ തരുന്നതായിരിക്കും.

അനിയാ.... പോങ്ങനിയാ... ഓടി വാ!

Muralee Mukundan , ബിലാത്തിപട്ടണം July 6, 2011 at 10:35 PM  

അനന്തമായി ആർമാദിക്കുവാൻ നാട്ടിലെ ബൂലോഗർക്ക് മാത്രം വിധിച്ചതോർത്ത് അസൂയപ്പെടുന്നു...

നിരക്ഷരൻ July 6, 2011 at 10:40 PM  

എന്റെ മുന്നില്‍ ഇപ്പോള്‍ രണ്ട് ഓപ്ഷനേയുള്ളൂ. ഒന്നുകില്‍ വീട്, അല്ലെങ്കില്‍ തമ്പാനൂര്‍. ഇതിലേത് വേണം?” പോങ്ങു പിന്നേയും ചെലുത്തി.

എനിക്കൊരു മലയാറ്റൂർ ബ്രിഗേഡിയർ സ്റ്റൈൽ ഓർമ്മ വരുന്നു. അങ്ങേരും ഇങ്ങനെ (പോങ്ങു പിന്നേയും ചെലുത്തി.)ചില കാച്ചുകാച്ചാനുണ്ട്.

ചിതല്‍/chithal July 6, 2011 at 10:57 PM  

അതെ അതെ. ജയേട്ടൻ പറഞ്ഞപോലെ വെള്ളം തൊടാതെ വിഴുങ്ങാൻ ഒരു പ്രങ്ങ്യാസം. ഏതായാലും ബാക്കി കൂടി വരട്ടെ.

ജീവി കരിവെള്ളൂർ July 6, 2011 at 11:09 PM  

ആ പുതപ്പിന്റെ കഷ്ണത്തിലേക്ക് എങ്ങിനെ നൂണ്ടു കയറീ നന്ദൻ ജീ ... ;)

sijo george July 7, 2011 at 3:44 AM  

ഹെന്റെ നന്ദേട്ടാ, അന്ന് വിളിച്ചപ്പോ ആ ‘മഹാനുഭാവൻ പോങ്ങേട്ടനോടൊന്ന് മിണ്ടാനൊരവസരം തന്നില്ലന്നതോ പോട്ടെ, മ്മടെ കച്ചറ ബ്ലോഗ് പ്രൊഫൈലിന്റെ ലിങ്ക് തന്നെ കൊടുത്തത് ഇച്ചിരെ അക്രമമായി പോയിട്ടോ..:)) എന്തായാലും ബാക്കി ഭാഗങ്ങളും പോരട്ടെ.. ‘ഒരു മുറൈ വന്ത് പാർത്താലാ’ യൊക്കെ :)

അനില്‍@ബ്ലോഗ് // anil July 7, 2011 at 8:55 AM  

ഇതങ്ങു കാണ്ടം കാണ്ടം ആയി കിടക്കുകയാണല്ലോ.
:)
ഉഗ്രന്‍ !

Anil cheleri kumaran July 7, 2011 at 9:26 AM  

പെട്ടെന്നൊന്നും നിർത്തണ്ടാന്നേ..

അഭി July 7, 2011 at 9:56 AM  

നല്ല വിവരണം നന്ദേട്ടാ

രഘുനാഥന്‍ July 7, 2011 at 10:30 AM  

പോങ്ങുവിനു(സോറി പോങ്ങേട്ടനു..ബ്ലോഗില്‍ എന്റെ സീനിയറാ...) എന്തു പറ്റി? ബാത് റൂമില്‍ പോയതായിരിക്കും അല്ലേ?

Kaithamullu July 7, 2011 at 2:33 PM  

നന്ദാ,
കാത്ത് കാത്ത് കാത്തിരുന്നിട്ട്....
ബാക്കി ഭാ‍ഗം(ങ്ങള്‍)?

Areekkodan | അരീക്കോടന്‍ July 7, 2011 at 3:10 PM  

നിർത്തണ്ടാന്നേ..

G.MANU July 7, 2011 at 9:25 PM  

സൗഹൃദത്തിന്റെ ഇ-തെന്നൽ വീണ്ടും... അടുത്ത പാർട്ടും പടവും പോരട്ടണ്ണാ.....

ആളവന്‍താന്‍ July 8, 2011 at 12:54 AM  

ആഹാ ഇത് പോസ്റ്റിയായിരുന്നോ? അടുത്തത്‌ ഈ വര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടോ?

Typist | എഴുത്തുകാരി July 8, 2011 at 9:55 AM  

ഭാഗം ഒന്നിൽനിന്നു് രണ്ടിലേക്കു് നടന്നെത്താൻ നീണ്ട നാലു മാസമോ, അതു ശരിയാവില്ല.

nandakumar July 8, 2011 at 1:04 PM  

ഈ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങളും മറ്റു പോസ്റ്റുകളുമായി എല്ലാ ആഴ്ചയിലും ഇനി നന്ദപര്‍വ്വം സജീവമായിരിക്കും

- എല്ലാവരും ഒന്നു കരുതിയിരുന്നോ!! - ;) :) :)

വിനുവേട്ടന്‍ July 9, 2011 at 12:14 AM  

പോങ്ങു ഇനി കോവളത്തേക്കെങ്ങാനും ആയിരിക്കുമോ കാലത്തേ തന്നെ വച്ചു പിടിച്ചത്‌...? എന്തായാലും അടുത്തയാഴ്ച വരെ കാത്തിരിക്കാം...

Manoraj July 10, 2011 at 11:53 AM  

നന്ദകുമാര്‍ said...ഈ പോസ്റ്റിന്റെ ബാക്കി ഭാഗങ്ങളും മറ്റു പോസ്റ്റുകളുമായി എല്ലാ ആഴ്ചയിലും ഇനി നന്ദപര്‍വ്വം സജീവമായിരിക്കും
- എല്ലാവരും ഒന്നു കരുതിയിരുന്നോ!! - ;) :) :)

ഈശ്വരന്മാരേ.. അങ്ങനേങ്കിലും ഈ മനുഷ്യന്‍ ഒന്ന് നന്നായാ മത്യാര്‍ന്ന്!!!

അങ്ങട് എഴുത് മാഷേ.. ഇതിപ്പ എന്തൂണ്ട് കരുതിരിക്കാന്‍ എന്റിഷ്ടാ:)

Manikandan July 17, 2011 at 8:56 PM  

കുഴപ്പമില്ല ഖണ്ടശ്ശ ആയിട്ടാണെങ്കിലും പതുക്കെ വരട്ടെ അനന്തപുരവിശേഷങ്ങൾ.

വീകെ July 22, 2011 at 7:33 PM  

പോങ്സ് രാവിലെ മുങ്ങിയത് ബാത്ത്‌റൂമിലേക്കായിരിക്കും....!
വാളു വക്കാൻ...!!
ഹാ.. ഹാ‍.. ഹാ...

ഒരു യാത്രികന്‍ July 24, 2011 at 5:15 PM  

ഇതിന്റെ ബാക്കി എപ്പഴാ വരിക.നന്ദനേം പൊങ്ങൂനേം ഒക്കെ കാണണമെന്ന് വലിയ ആഗ്രഹമുണ്ട്.എന്നാണാവോ?..........സസ്നേഹം

.. August 4, 2011 at 3:21 PM  

sure aanallo mashe..nxt week nokkatte...

Anonymous August 12, 2011 at 1:06 PM  

Nandetta,
How could you stop writing, In a busy bangalore life your blog helped people like me to relax.

Keep writing for us. you are doing a service.

No other blog had that nice drawing and accompanied stories.