Monday, February 28, 2011

അനന്തമീ യാത്ര അനന്തപുരി യാത്ര

.
(ഇക്കഴിഞ്ഞ 2010 ഒക്ടോബറില്‍ എന്റെ ജീവിതത്തില്‍ ബ്ലോഗ് സുഹൃത്തുക്കളോടൊപ്പം ചില യാത്രകളുണ്ടായി, ... ആ യാത്രാനുഭവങ്ങള്‍)


ഉച്ചയൂണും കഴിഞ്ഞ് വിശാലമായൊരു ഉറക്കത്തിന്റെയവസാനത്തിലാണ് മൊബൈല്‍ റിങ്ങ് ചെയ്തത് കേട്ടത്. എടുത്തപ്പോള്‍ ബ്ലോഗിലെ ആസ്ഥാന സഞ്ചാരി അച്ചായന്‍, കോട്ടയത്തു നിന്നുള്ള വരവായിരിക്കുമോ?.
(ഭൂലോകം കറങ്ങും ബൂലോഗ സഞ്ചാരി അച്ചായന്‍)

“നന്ദാ ഞാന്‍ എറണാകുളത്തുണ്ട് , താനെവിടെ? റെഡിയായിരുന്നോ ഞാന്‍ ഫ്രീയായാല്‍ വിളിക്കാം“

“അച്ചായിനിവിടെയെത്തിയോ? ഫ്രീയാകുമ്പോ വിളി, ഞാനൊന്നു കുളിച്ച് ഫ്രഷായി ബാഗുമെടുത്ത് വരാം”

ബഹറിനില്‍ നിന്നും ലീവിനെത്തിയതാണച്ചായന്‍. പുള്ളിയെ ഒരാഴ്ചമുന്‍പ് തൊടുപുഴയില്‍ ഹരീഷിന്റെ വീട്ടില്‍ വെച്ച് കണ്ടതാണ് . പക്ഷെ ഹരീഷിന്റെ വീട്ടുകാര്‍ ഉണ്ടാക്കിത്തന്ന ചെണ്ടക്കപ്പ പുഴുങ്ങിയതും കാന്താരിച്ചമ്മന്തിയും,  അയില വറൂത്തതും, ഉണക്കമീന്‍ പൊരിച്ചതും പപ്പടം കാച്ചിയതുകൊക്കെ ഫിനിഷ് ചെയ്ത് കൈകൊണ്ട് പാത്രം മോറി തിരിച്ചു കൊടുക്കേണ്ട തിരക്കില്‍ അച്ചായനോടെന്നല്ല കൂടെയുണ്ടായിരുന്ന ബ്ലോഗര്‍മാരായ യൂസുഫ്ക, പ്രവീണ്‍, മനോരാജ്,  എന്നിവരോട് പോലും ഒരക്ഷരം മിണ്ടാന്‍ പറ്റിയില്ല. പറ്റിയതു പറ്റി. 
(ചിത്രത്തില്‍ : നന്ദന്‍, ഹരീഷ്, അച്ചായന്‍, പ്രവീണ്‍, മനോരാജ്, നാട്ടുകാരന്‍, യൂസുഫ്കാ)

ഊണിനുശേഷം  തൊടുപുഴയുടെ സൌന്ദര്യം കാണിച്ചു തരാമെന്നു പറഞ്ഞു ഹരീഷ് ഏതൊ കുന്നിന്റെ അറ്റത്തു കൊണ്ടു വന്നു നിര്‍ത്തി. “ഇതെന്താ ഹരീഷേ ലോകത്തിന്റെ അവസാനമാണോ” എന്നു ചോദിച്ചതു ഞങ്ങളെല്ലാവരും കൂടെയാണ്, കാരണം അതിനപ്പുറം ശൂന്യതയായിരുന്നു. അണ്ഡകടാഹം, പൊഹ.

ഇളം വെയിലില്‍ പാറപ്പുറത്തെ മരത്തണലില്‍ ഞാനും പ്രവീണും ഹരീഷും കുറേ നേരം കാറ്റു കൊണ്ടിരുന്നു, അതിനിടയില്‍ അച്ചായന്‍ തന്റെ കാറുമെടുത്ത് വിട്ടിരുന്നു. പിന്നെ വിളി വരുന്നത് ഇപ്പോഴാണ്. ദാ മൊബൈല്‍ വീണ്ടും ചിലച്ചു.

“നന്ദാ റെഡിയായില്ലേ? ഞാനും ഫ്രണ്ട്സും ഹൈകോര്‍ട്ടിനടൂത്തുണ്ട്, പാര്‍ക്കിങ്ങ് ഗ്രൌണ്ടിന്റെ ഓപ്പസിറ്റ് ഒരു കോഫീ ഷോപ്പില്‍”

“ദിപ്പ എത്തും അച്ചായാ” എന്നും പറഞ്ഞ് ബാഗെടുത്ത് തോളത്തിട്ട് റൂം പൂട്ടി സൌത്തില്‍ നിന്നൊരു ബസ്സില്‍ ഹൈകോര്‍ട്ട് ജംഗ്ഷനിലേക്ക് തിരിച്ചു.

യാത്രക്കൊരുങ്ങുകയാണ്. എവിടേക്ക്, എപ്പോള്‍ എന്നൊന്നും തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തേക്കാവാം എന്നൊരു ധാരണ മാത്രമുണ്ട്. അല്ലെങ്കിലും അച്ചായനിങ്ങനെയാണ്. നാട്ടിലെത്തിയാല്‍ (ബഹറിലും സംഗതിയിതൊക്കെത്തന്നെ, ഹോ! ഇതിനുമാത്രം പണവും സമയവും ഈ മാപ്ലാര്‍ക്കെവിടുന്നാണാവോ?!) പിന്നെ കാറുമെടുത്തൊരു യാത്രയാണ്. ചില ചെറിയ യാത്ര കഴിഞ്ഞ് എറണാകുളത്തെത്തി ഞാനും മറ്റു ചില ഫ്രണ്ട്സും കൂടി ഇനി അടൂത്ത യാത്ര. തല്‍ക്കാലം തിരുവനന്തപുരത്തേക്ക്. സാക്ഷാല്‍ പോങ്ങുമ്മൂടനെ ദര്‍ശിക്കണം കൂത്താടണം. ഒരു ദിവസം അവന്റെ തമാശകള്‍ കേട്ട് സര്‍വ്വം മറന്ന് പൊട്ടിച്ചിരിച്ച് മദിക്കണം അത്രയേ ഇപ്പോള്‍ ഞങ്ങള്‍ ആലോചിച്ചിട്ടുള്ളു. ഒരുപക്ഷേ അനന്തപുരിയിലേക്കുള്ള യാത്രക്കിടയില്‍ വെച്ച് എങ്ങോട്ടുവേണമെങ്കിലും ദിശതിരിയാം ഡെസ്റ്റിനേഷന്‍ മാറാം. അതൊക്കെ അച്ചായന്റെ മനസ്സിലും തീരുമാനത്തിലുമാണ്. പോണ വഴിക്ക് പൂരം. അത്രേയുള്ളൂ പുള്ളീടെ കാര്യം. എവിടെ എന്ത് എന്നുള്ളതൊക്കെ പിന്നെ. കാറിന്റെ ബാക്കില്‍ തന്റെ സ്ഥാവരജംഗമ വസ്തുക്കളുമായിട്ടാണ് അച്ചായന്റെ സഞ്ചാരം. ഇത് സഞ്ചാരത്തിന്റെ അച്ചായരീതികള്‍.

ഹൈക്കോര്‍ട്ടില്‍ ബസ്സിറങ്ങി പാര്‍ക്കിങ്ങ് സ്ഥലത്ത് വന്ന് മൊബൈലെടുത്ത് ഞെക്കി...യില്ല. ആറടിനീളത്തില്‍ ഒരു സുസ്നേര വദനം കോഫീഷോപ്പിന്റെ മുന്‍പില്‍. അകത്ത് കടന്ന് ഉപവിഷ്ടനായപ്പോള്‍ അച്ചായന്‍ തന്റെ സുഹൃത്തുക്കളെ പരിചയപ്പെടൂത്തി
(ചിത്രത്തില്‍ : ബ്രഷ്നോവ്, അച്ചായന്‍, ലതീഷ്)

“ഇത് ലതീഷ്, കോട്ടയം, പണ്ടേയുള്ള സുഹൃത്താണ്”

കൈപിടിച്ചു കുലുക്കി

തൊട്ടടുത്ത് ഇരിക്കുന്ന കുറുകിയൊരു മനുഷ്യനെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : “ അത് സഖാവ് ബ്രഷ്നോവ്”  താരം ഒന്നും പുഞ്ചിരിച്ചു. ഷേക്ക് ഹാന്‍ഡിനു പകരം കൈത്തലം നെറുകയില്‍ വെച്ച് എന്നെ സലാം ചെയ്തു (റെഡ് സല്യൂട്ട് ആണോ?!)

“ഉവ്വ് കേട്ടിട്ടുണ്ട്, ചരിത്രത്തില്‍. പണ്ട് കോള്‍ഡ് വാര്‍ നടന്നപ്പോള്‍ സോവിയറ്റ് യൂണിയനെ നയിച്ച സഖാവ്! പിന്നെ അനന്തപുരിയില്‍ വെച്ച് 120 കിലോയുള്ള പോങ്ങുവിനെ ചുട്ട നോട്ടം നോക്കി വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിയതും...അതേ സഖാവു തന്നല്ലേ?”

“യേസ്, അത് ഞാന്‍ തന്നെ....” നല്ല പരുക്കന്‍ ശബ്ദത്തില്‍ മറുപടി “ നന്ദുവിനെക്കുറിച്ച് ധാരാളം പറഞ്ഞിട്ടുണ്ട് അച്ചായനും പോങ്ങുവും“

“കൂടുതലും പരദൂഷണമാവും...” ഞാന്‍

“നന്ദനൊരു ചായ പറയട്ടെ” അച്ചായന്‍ സ്നേഹസ്വരൂപനായി “ ഒരു കട് ലറ്റ് കൂടേയായാലോ “

“ചായ വേണ്ട” ഞാന്‍ പറഞ്ഞു “ കട് ലറ്റ് രണ്ടെണ്ണമാകാം”

ഉള്ള സമയം കൊണ്ട് തന്നെ നാലു പേരും സൌഹൃദത്തിന്റെ വണ്ടി പൊട്ടിച്ചിരിയുടെ ഫസ്റ്റ് ഗിയറിലേക്കിട്ടു. പകല്‍ ഇരുട്ടിലേക്ക് വഴിമാറി, എറണാകുളം നഗരം വര്‍ണ്ണവെളിച്ചങ്ങളണിഞ്ഞു. നഗരം തിരക്കിലേക്കായി. നാല് വര്‍ സംഘം വണ്ടിക്കും ശരീരത്തിനും ഇന്ധനം നിറച്ച് നഗരത്തിരക്കില്‍ നിന്നും ദേശീയ പാതയിലേക്ക് കടന്നു. രാത്രി യാത്ര. അടുത്ത സ്ഥലം അനന്തപുരി, പോങ്ങുമ്മൂട ദര്‍ശനം.

പോകും വഴി പോങ്ങുമ്മൂടനെ ഓര്‍മ്മപ്പെടുത്താന്‍ മറന്നില്ല. അവനവിടേ രാവിലെ മുതലേ കാത്തിരിക്കുകയാണ്. എത്രയും നേരത്തെത്തുന്നോ അത്രയും നല്ലതെന്ന് അവന്‍. പോരുംവഴി പോങ്ങുമ്മൂടേത്തി വീടിനു മുന്നില്‍ നിന്ന് അവനെ എടൂത്ത് വണ്ടിയിലിട്ടേക്കാം എന്ന് അച്ചായന്റെ തീര്‍ച്ചപ്പെടുത്തല്‍. ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നൊരു പൊട്ടിച്ചിരി ഞാന്‍ കേട്ടു.

യാത്രയില്‍ ചര്‍ച്ച രാഷ്ട്രീയത്തില്‍ തുടങ്ങി. തിരഞ്ഞെടുപ്പു കഴിഞ്ഞ സമയമായതുകൊണ്ട് അതായിരുന്നു ഹോട്ട് ന്യൂസ്, പിന്നെ സിനിമയിലേക്കും ബ്ലോഗിലേക്കും അങ്ങിനെയങ്ങിനെ അപ്പോഴേക്കും പിന്‍ സീറ്റിലിരുന്ന ലതീഷും ബ്രഷ്നോവും ഉറക്കമായി. ഞാനും അച്ചായനും ബ്ലോഗ് പരദൂഷണങ്ങള്‍ പറഞ്ഞ്കൊണ്ടിരുന്നപ്പോള്‍ പെട്ടെന്നൊരു മഴ തകര്‍ത്തു പെയ്തു. അതിശക്തമായ മഴ മുന്നിലെ വഴിപോലും കാണാനാവുന്നില്ല. കേരളത്തിലെ റോഡായതുകൊണ്ട് വഴിയേതാ കുഴിയേതാ എന്ന് ഈ പ്രളയത്തില്‍ തിരിച്ചറിയാമാവുന്നില്ല. ഇടക്കെപ്പോഴോ വണ്ടി ഒരു കുഴിയിലേക്ക് ചാടിക്കയറി. കാര്‍ കുലുങ്ങിയതും പിന്നില്‍ ഉറക്കത്തിലായിരുന്ന ബ്രഷ്നോവ് ചാടിയെണീറ്റു കണ്ണു തിരുമ്മി നോക്കിയപ്പോള്‍ ചുറ്റും വെള്ളം.

‘ഹയ്യോ!! ഹയ്യോ? ഇതെന്താ സജീ സുനാമിയോ?”

“സുനാമിയല്ലഡോ സഖാവേ പേമാരി, മഴയാണ്”

“നമ്മളിതെവിടെ? റോട്ടീലാണോ അതോ കായലിലോ?”

ഒരു രക്ഷയുമില്ല ബ്രഷ്, നല്ല മഴയാ റോഡൊന്നും കാണാന്‍ വയ്യ” അച്ചായന്‍ സ്പീഡ് കുറച്ച് വെള്ളത്തിലൂടേ ഞങ്ങളുടെ കാര്‍ ബോട്ടിനെപ്പോലെ ആടിയുലഞ്ഞ് നീങ്ങി. ഏറേ ദൂരം പോയപ്പോള്‍ ദേശീയപാത കഴുകി വെടിപ്പാക്കിയപ്പോലെ കറുകറുത്ത് തെളിഞ്ഞു കാണാം. ആ ഭാഗത്തേക്ക് മഴ അത്ര ശക്തമായിട്ടില്ല. പിന്നെപ്പിന്നെ മഴ കുറഞ്ഞു യാത്ര സുഗമമായി.

ഇടക്ക് ഹൈവേയിലൊരിടത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ കണ്ടതും ഹോട്ടലിലെ ജീവനക്കാരെല്ലാം കോട്ടുവായിട്ടുകൊണ്ട് സ്വീകരിച്ചു. പാവങ്ങള്‍ കൊട്ടാരം പോലൊരു ഹോട്ടല്‍ പണിതിട്ടുണ്ടെങ്കിലും ആരെങ്കിലുമൊക്കെ കയറി വരണ്ടേ. അച്ചായന്‍ ലീവിനു വന്നത് അവരുടേ ഭാഗ്യം.

തിരിച്ചു വീണ്ടും യാത്ര തുടര്‍ന്നു ഇതിനിടയില്‍ വരില്ലേ വരില്ലേ നീ.. എന്ന ചോദ്യവുമായി പോങ്ങുവിന്റെ നിരവധി കോളുകള്‍ വന്നുകൊണ്ടിരുന്നു. എല്ലാത്തിനും മറുപടീ പറയാന്‍ ശ്രമിച്ച് ക്ഷമകെട്ട് അവസാനം അച്ചായന്‍ കര്‍ത്താവിനും മതത്തിനും നിരക്കാത്തത് അറിയാതെ പറയേണ്ടിവന്നെങ്കിലോ എന്ന് കരുതി ഫോണ്‍ എന്റെ കയ്യില്‍ തന്നു. ഭാഗ്യം അച്ചായന്റെ സഭ രക്ഷപ്പെട്ടു.

പാതിരാത്രി ആയിത്തുടങ്ങിയിട്ടൂണ്ടാകും ഞങ്ങള്‍ നഗരാ‍തിര്‍ത്തിക്കുള്ളില്‍ കയറാറായി. മയങ്ങിക്കിടന്ന എന്നെ തട്ടിയുണര്‍ത്തി അച്ചായന്‍ പറഞ്ഞു :
“ നന്ദാ.. നന്ദാ... ഇതേതാ സ്ഥലമെന്ന് നോക്കു. പോങ്ങുമൂട് എത്തിയോ? അവിടെ വീടിനു മുന്നില്‍ പോങ്ങു കാത്തു നില്‍ക്കാമെന്ന് പറഞ്ഞിട്ടുണ്ട്.”

ഉറക്കച്ചടവില്‍ ഞാന്‍ തട്ടിപ്പിടന്നെഴുന്നേറ്റ്  പുറത്തേക്ക് നോക്കി. ആകെ ഇരുട്ട്,ഇതേത് സ്ഥലം തിരുവനന്തപുരവും കഴിഞ്ഞ് തെക്കോട്ട് പോയോ?! മുന്നില അരണ്ട വെളിച്ചത്തിലെ പച്ച ബോര്‍ഡുകള്‍ ഞാന്‍ നോക്കി. ഇല്ല. കോവളം ബൈപ്പാസിലേക്കും തിരുവനന്തപുരം നഗരത്തിലേക്കുമുള്ള കഴക്കൂട്ടം സിഗ്നല്‍ കണ്ടു.

“ലെഫ്റ്റെടുക്കച്ചായാ” കോട്ടൂവായക്കീടയിലും ഞാന്‍ അലറി

അച്ചായന്‍ കഴക്കൂട്ടവും കഴിഞ്ഞ് നഗരാതിര്‍ത്തിയിലേക്ക് കയറാറായി. ഞാന്‍ അച്ചായന്റെ മൊബൈലെടുത്ത് വീണ്ടും പോങ്ങുമ്മൂടനെ ഞെക്കി

“ ടാ ഞങ്ങളെത്തി അഞ്ച് മിനുട്ടിനുള്ളില്‍ പോങ്ങുമ്മൂടെത്തും നീ റോഡിലേക്കിറങ്ങി നില്‍ക്ക്”

“ നിങ്ങളാരടെ...*(&(*(&(*&%^^&%വെടെയാ...?” ഉറക്കപ്പിച്ചില്‍ അവന്റെ ഒടുക്കത്തെ തെറി.

“എടാ ദുഷ്ടാ കര്‍ത്താവിന്റെ നല്ലൊരിടയന്‍ കൂടെയുള്ളപ്പോള്‍ ഇമ്മാതിരി ഭാഷ പ്രയോഗിക്കാതെടാ.. ഞങ്ങളിപ്പെയെത്തും നീ വെയ്റ്റ് ചെയ്യ്”

10 മിനുട്ട് കഴിഞ്ഞിരിക്കണം ഞങ്ങള്‍ പോങ്ങുമ്മൂട് ജംഗ്ഷനില്‍ ബസ്സ് ഷെല്‍ട്ടറിന്റെ മുന്‍പിലെത്തി. തൊട്ടടുത്തതാണ് പോങ്ങുവിന്റെ വീട്. ഗെയ്റ്റില്‍ അവനുണ്ടാവും എന്ന് പറഞ്ഞിരുന്നു. ഞാനും അച്ചായനും വണ്ടി സൈഡൊതുക്കി പുറത്തിറങ്ങി. ഞാന്‍ ഇരുട്ടില്‍ പരതി.. അതാ അതാ.. ഒരു മതിലിനു മുകളില്‍ ഡബിള്‍ മുണ്ട് തോരാനിട്ടതുപോലെ പോങ്ങുമൂടന്‍ കമഴ്ന്നു കിടക്കുന്നു. കാറ്റത്താണോ അല്ലയോ എന്നറിയില്ല അരക്കു താഴോട്ട്  ചെറുതായി ആടുന്നുണ്ടായിരുന്നു.

“അച്ചായാ അതാ പോങ്ങു.....”

അച്ചായന്‍ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി. തലയില്ലാത്ത ഒരു ഭീമാകാരം ഒരു മതിലില്‍ (അതോ ഗയിറ്റിലോ?) ചാരിവെച്ചതുപോലെ.

“ഇതു തന്നെയാകുമോ ? “ അച്ചായന്‍ സംശയത്തിലാണ്

“ഇതായിരിക്കും, സ്ഥലം ഇതു തന്നെ. പക്ഷെ, അവന്‍ ഗയിറ്റില്‍ ചാരി കാത്തു നില്‍ക്കാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. പക്ഷെ, ഇതിപ്പോ!”

ഞങ്ങള്‍ മൊബൈല്‍ റിങ്ങ് ചെയ്തു. ഷോക്കടിച്ചതുപോലെ ആ ഭീകരരൂപത്തിനു തല വന്നു, മൊത്തമനങ്ങി. നോക്കിയപ്പോള്‍ ഞങ്ങളേയും കാറീനേയും കണ്ടു

“അച്ചായാ...നന്ദേട്ട..” അലര്‍ച്ചയോടെ രൂപം മൊത്തം ഒന്നിളകി. ഞങ്ങള്‍ മുന്നോട്ട് നടന്നു ചെന്നു.

“എടാ നീ ഗെയിറ്റിനു മുന്നില്‍ കാത്തു നില്‍ക്കാമെന്നു പറഞ്ഞിട്ട്.....”

“ഗെയിറ്റിനു മുന്നില്‍ തന്നെ നന്ദേട്ട ഞാന്‍ നിന്നത്..”

“എന്നിട്ട് ഗെയിറ്റെവിടെ?” എന്റെ സംശയം മാറുന്നില്ല

“ഹേയ്! എന്താ ഈ പറയുന്നത്. ഞാന്‍ ഈ ഗെയിറ്റിനു മുന്നിലല്ലേ നിന്നത്” എന്നു പറഞ്ഞ് പോങ്ങുമ്മൂടന്‍ റോഡിലേക്കിറങ്ങി ഞങ്ങളോടൊപ്പം ചേര്‍ന്നു

ശരിയാണ് പോങ്ങു നീങ്ങിയിടം നോക്കിയപ്പോള്‍ കറുത്ത പെയിന്റടിച്ച ഒരു ഗേറ്റ്. അപ്പോ ഇത്ര നേരം അവന്‍ നിന്നത് ഇവിടെയായിരുന്നോ? ഹോ!. ഒരു കാര്‍ കയറ്റാന്‍ വലിപ്പുമുണ്ടായിരുന്ന ഗെയ്റ്റ് പോങ്ങു വിരിഞ്ഞു നിന്നപ്പോള്‍ കോഴിക്കൂടിന്റെ വാതിലു പോലെയായിപ്പോയി.

കൂടുതല്‍ സംസാരിക്കാന്‍ നിന്നില്ല. പോങ്ങുവിനെക്കൂടി കാറിന്റെ പുറകിലേക്കിട്ടു. പോങ്ങു കയറിയപ്പൊള്‍ കാറൊന്നു അമര്‍ന്നു. ബ്രഷ്നോവും ലതീഷ് രണ്ടാമത്തെ ഉറക്കമുണര്‍ന്നു. ബ്രഷ്നോവിനെ വട്ടം പുണര്‍ന്ന് പോങ്ങു അലറിച്ചിരിച്ചു. എല്ലാവരേയും വഹിച്ച് അച്ചായന്റെ കാര്‍ പോങ്ങുമ്മൂടെ ജംഗ്ഷനെ തനിച്ചാക്കി അനന്തപുരി നഗരത്തിലേക്ക് ചീറിപ്പാഞ്ഞു


(തുടരും..............എന്നാണ് വിചാരിക്കുന്നത്..... പറ്റിയാല്‍ തുടരാം..)