Saturday, November 28, 2009

കല്ലേരിപ്പാടം

.
പൈങ്ങോട് എല്‍ പി സ്കൂളിലെ വിജയകരമായ നാലു വര്‍ഷത്തെ വിദ്യാഭ്യാസം കഴിഞ്ഞ് ഉന്നത പഠനത്തിനായി തൊട്ടടുത്ത ഗ്രാമമായ കല്‍പ്പറമ്പ് ബി.വി.എം ഹൈസ്ക്കൂളിലെ അഞ്ചാംക്ലാസ്സില്‍ എന്നെ ചേര്‍ത്തത്, അച്ഛന്റെ അമ്മയുടേയും ഏറ്റവും ഒടുക്കത്തെ സന്തതിയായ ഞാന്‍ പഠനമെല്ലാം പൂര്‍ത്തീകരിച്ച് ഉന്നത വിദ്യാഭ്യാസം നേടി മിനിമം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെങ്കിലുമായി നാടിനും വിശിഷ്യാ വീടിനും വലിയ വലിയ ഗുണങ്ങള്‍ ചെയ്ത് ജീവിതം ഒരു മഹാ സംഭവമാക്കുമെന്ന് കരുതിയാണ്. മൂന്നു നേരം മൂക്കുമുട്ടെ ഫുഡ്ഡടിച്ച് തലയേതാ അരയേതാ കാലേതാ കൈയ്യേതാ എന്ന് തിരിച്ചറിയാന്‍ പറ്റാതെ ആകെക്കൂടി ഉരുണ്ടിരിക്കുന്ന ഒരു പരുവത്തിലെന്നെ ആക്കിയത് മാതാ-പിതാക്കാന്മാരുടെ ആ ആഗ്രഹമായിരുന്നല്ലോ.

നീല ടൌസറും വെള്ള ഷര്‍ട്ടും യൂണിഫോമിട്ട കല്പറമ്പ് സ്കൂളിലെ കുട്ടികള്‍ സ്ക്കൂളിലേക്ക് പോകുന്നത് കണ്ടാല്‍ വെള്ള ചോക്ക് നീല മഷിയില്‍ പകുതി മുക്കിയ ചേലായിരുന്നു. കൈതോടുകളും പാടവും ഇടവഴിയും കടന്ന് പൈങ്ങോട്ടിലെ ആസ്ഥാന മുത്തപ്പനായ ഘണ്ഠാകര്‍ണ്ണ മുത്തപ്പന്റെ അമ്പലവും അമ്പലമുറ്റത്തെ വിരിഞ്ഞ ആലും കടന്നാല്‍ കല്‍പ്പറമ്പ് ഗ്രാമാതിര്‍ത്തിക്കു തൊട്ടുമുമ്പുള്ള വിശാലമായ കല്ലേരിപ്പാടമായി. കല്ലേരിപ്പാടത്തിന്റെ റോഡിനിരുവശവും വിശാലമായ പാടം. അന്ന് പൈങ്ങൊട്ടില്‍ നിന്ന് കല്‍പ്പറമ്പിലേക്കുള്ള വഴി ടാര്‍ ചെയ്തിരുന്നില്ല. കല്ലും കട്ടയും കല്‍മണ്ണും ചേര്‍ന്ന ഇടവഴി, ഇരുവശവും ശീമക്കൊന്നകള്‍‍, തൈത്തെങ്ങുകള്‍, കമ്മ്യൂണിസ്റ്റ് പച്ചകള്‍.

മഴക്കാലമായാല്‍ റോഡിലെ കുഴികളില്‍ നിറയെ കുഞ്ഞു കുഞ്ഞു കുളങ്ങളായിരിക്കും. ഈ കുഴികളില്‍ ചിലപ്പോള്‍ പൊടിത്തവളകളേയും കാണാം. തവളയെ കാലുകൊണ്ട് പുറത്തേക്ക് തട്ടിത്തെറിപ്പിക്കുക എന്നതാണ് ഞങ്ങളുടെ വിനോദങ്ങളില്‍ ഒന്ന്. ചെറുതായി ഒന്ന് ഓടിവന്ന് ഇടതുകാല്‍ കുഴിയിലെ വെള്ളത്തില്‍ ചാടിക്കുത്തി വലതുകാല്‍ കൊണ്ട്, ഉയര്‍ന്നു വന്ന വെള്ളത്തെ ‘ടപ്പേ’ എന്നുച്ചത്തില്‍ പൊട്ടിക്കുന്ന ‘വെള്ളത്തില്‍ പടക്കം പൊട്ടിക്കുക‘ എന്ന മഹത്തായ കലാപരിപാടിയാണ് മറ്റൊന്ന്. തോട്ടിലെ വെള്ളം നോക്കിയും കാല്‍ നനച്ചും മീന്‍ പിടിച്ചും ഞങ്ങള്‍ ദിവസവും സ്കൂളില്‍ നിന്ന് നേരം വൈകി വീട്ടിലെത്തും.

മഞ്ഞുകാലത്ത് കലേരിപ്പാടത്തിന് മറ്റൊരു മുഖമായിരിക്കും. കാലത്ത് മൂടല്‍മഞ്ഞിന്റെ നേര്‍ത്ത പാടകള്‍ അകന്നകന്ന് പോയി മഞ്ഞവെയില്‍ പാടമാകെ പരന്നു തുടങ്ങിയിട്ടുണ്ടാകും. അപ്പോഴും പാടത്ത് വളര്‍ന്ന് നില്‍ക്കുന്ന നെല്‍ച്ചെടിത്തുമ്പുകളില്‍ കൊഴിയാന്‍ മടിച്ച് മഞ്ഞുതുള്ളികള്‍ നില്‍ക്കുന്നത് കാണാം. വെയില്‍ തട്ടി അവ തിളങ്ങുന്നുണ്ടാകും. റോഡിന്റെ വശത്തുകൂടെ നടന്ന് ഈ നെല്‍ത്തുമ്പിലെ മഞ്ഞുത്തുള്ളിയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു മറ്റൊരു കൌതുകം. കാലുകളുടെ ആഞ്ഞുവീശലില്‍ ചിലപ്പോള്‍ ചെടിത്തുമ്പത്തിരിക്കുന്ന പൂച്ചാടികളും ദൂരേക്ക് തെറിച്ചു പോകും. വൈകീട്ട് ട്യൂഷനും കഴിഞ്ഞ് ആറുമണിയോടെ തിരിച്ചുവരുമ്പോഴേക്കും കല്ലേരിപ്പാടമാകെ മഞ്ഞു മൂടിയിട്ടുണ്ടാകും. പടിഞ്ഞാറുനിന്ന് ചുവപ്പ് കലര്‍ന്ന രശ്മികള്‍ നെല്‍ത്തുമ്പിനെ ചുവപ്പിച്ചുണ്ടാകും. മഞ്ഞുകണങ്ങള്‍ വീണ്ടും തിരികെ വരാന്‍ തുടങ്ങിയിട്ടുണ്ടാകും.

വേനലില്‍ പാടം വരണ്ടു കിടക്കും. കൊയ്തൊഴിഞ്ഞ പാടത്ത് ചിലപ്പോള്‍ ഫുട്ബോള്‍ കളി നടക്കുന്നുണ്ടാകും. കല്ലേരിത്തോട് വെള്ളം കുറഞ്ഞ് വരണ്ട ചാലുകളായിത്തീര്‍ന്നിട്ടുണ്ടാകും. ഏതു ഋതുവിലായാലും കല്ലേരിപ്പാടത്ത് അല്പസമയം ചിലവഴിക്കാത്ത ഒരു ദിവസവും ഒരു പൈങ്ങോട്ടുകാരനുണ്ടായിട്ടുണ്ടാവില്ല. അത്രമാത്രം കല്ലേരിപ്പാടം ഓരോ പൈങ്ങോടന്റേയും ജീവിത്തത്തില്‍ ചേര്‍ന്നു കിടക്കുന്നു.

പൊടിക്കാറ്റില്‍ ചുവന്ന മണ്ണ് പാറുന്ന ഒരു വേനല്‍ക്കാലം. ഞാനന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു എന്നാണോര്‍മ്മ (അഞ്ചാം ക്ലാസ്സില്‍ പോയി വരുന്നു എന്നു പറഞ്ഞാല്‍ മതി, ഒരു ഗമക്ക് പഠിക്കുന്നു എന്നൊക്കെ കൂട്ടീച്ചേര്‍ത്തതാ) അന്നൊരു ദിവസമാണ് ഞങ്ങള്‍ക്ക് ആ വിവരം കിട്ടിയത്. കല്‍പ്പറമ്പില്‍ നിന്ന് പൈങ്ങോട്ടിലേക്കുള്ള വഴി ടാര്‍ ചെയ്യാന്‍ പോകുന്നു!!!. ഒരു ദിവസം ഞങ്ങള്‍ കണ്ടു, റോഡിനിരുവശവും കൂട്ടിയിട്ട മെറ്റല്‍ കൂനകള്‍, ഓരോ വളവിലും ഒതുക്കി വച്ചിരിക്കുന്ന ടാര്‍ വീപ്പകള്‍. ടാറിട്ട റോഡിലൂടെ ഇനിയുള്ള കാലം സ്ക്കൂളില്‍ പോകുന്ന കാര്യമൊക്കെ ഓര്‍ത്തപ്പോള്‍ അന്ന് രോമം മുളക്കാത്ത ഞങ്ങള്‍ പീക്കിരിപ്പിള്ളാര്‍ക്കുപോലും രോമാഞ്ചം വന്നെങ്കില്‍ നിറയെ രോമമുള്ള ചേട്ടന്മാര്‍ക്ക് എന്തൊക്കെ തോന്നിക്കാണണം?! ഈ വേനലില്‍ ടാറിങ്ങ് പണി നടക്കുമെന്നും അടുത്ത കൊല്ലം സ്ക്കൂളില്‍ പോകുന്നത് ടാര്‍ റോഡിലൂടെയാണെന്നുമുള്ള വിവരം ഞങ്ങള്‍ക്ക് ചേട്ടന്മാരില്‍ നിന്ന് കിട്ടി.

പിന്നീടുള്ള ദിവസങ്ങള്‍ കല്‍പ്പറമ്പ് സ്ക്കൂളില്‍ നിന്നുള്ള മടങ്ങിവരവുകള്‍ തീര്‍ത്തും ഗംഭീരമായിരുന്നു. റോഡിലൂടെയുള്ള നടപ്പ് മാറ്റി ഇരുവശത്തുമുള്ള മെറ്റല്‍ക്കൂനയുടെ മുകളില്‍ കൂടെയായി. ഒരു കൂമ്പാരത്തില്‍ നിന്ന് റോഡില്‍ ചവിട്ടാതെ അടുത്ത കൂനയിലേക്ക് ചാടിപോകാനുള്ള ശ്രമത്തില്‍ പലരുടേയും മുതുകിലും തുടയിലും കല്പറമ്പ്-പൈങ്ങോട് റോഡ് ചരിത്രരേഖകള്‍‍ കുറിച്ചെങ്കിലും ഈ സാഹസ യാത്രയില്‍ നിന്ന് ഞങ്ങളാരും പിന്തിരിഞ്ഞില്ല. സാഹസികന്റെ മുന്നില്‍ അപകടങ്ങളില്ലല്ലോ. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ടാര്‍ വീപ്പയുടെ മൂടികള്‍ കുത്തിത്തുറക്കപ്പെടുകയും ടാറ് പുറത്തേക്കൊഴുകയും, ചില വീപ്പയിലെ ടാറിന്റെ അളവ് കുറയുകയും ചെയ്തു. പിന്നെപ്പിന്നെ ടാര്‍ വീപ്പയിലും തൊട്ടടുത്ത വീടിന്റെ മതിലിലുമൊക്കെ പല പല ചിത്രങ്ങള്‍ കണ്ടു. അതോടെ ഞങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. ഈ ടാര്‍ എന്നു പറയുന്ന സാധനം ഒരുഗ്രന്‍ മീഡിയമാണെന്ന്, എന്നു വെച്ചാല്‍ ഞങ്ങളുടെ കലാപരിപാടികള്‍ വികസിപ്പിക്കാന്‍ പറ്റിയ ഒരു സംഗതിയാണെന്ന്. അല്ലാതെ ടാര്‍ ആര് ദുരുപയോഗം ചെയ്തു എന്നൊന്നുമല്ല.

വൈകീട്ട് സ്ക്കൂള്‍ വിട്ടു വരുമ്പോള്‍ പതിയെ നാട്ടുകാരാരും കാണുന്നില്ല എന്നുറപ്പ് വരുത്തി ഞങ്ങള്‍ (ഞാനും കൂട്ടുകാരും) ടാര്‍ വീപ്പയുടെ അടുത്തെത്തും.റോഡിനെപ്പറ്റിയും ടാറിനെപ്പറ്റിയുമൊക്കെ അത്ഭുതത്തോടെ പറഞ്ഞ് ആരും കാണാതെ പതുക്കെ വിരലുകൊണ്ടോ കോലു കൊണ്ടോ ടാറില്‍ നിന്ന് കുറച്ച് ഉരുട്ടിയെടുക്കും. അത് കിട്ടിയാല്‍ ഒന്നുമറിയാത്തവനെപ്പോലെ പതിയെ കൈ മടക്കി മുങ്ങും. കൈയ്യിലല്‍പ്പം വെള്ളം നനച്ച് ടാര്‍ എടുത്താല്‍ ഒരല്പം പോലും കൈയ്യില്‍ പറ്റിപ്പിടിക്കില്ല (അതൊക്കെ ദിവസങ്ങളിലൂടെയുള്ള പരീക്ഷണങ്ങളില്‍ നിന്ന് പഠിച്ചതാണ്) പിന്നെ എലാവരും കൂടി ‘ക്ലേ മോഡലിങ്ങ് ‘ ആണ്. ഉരുട്ടിയെടുത്ത ടാര്‍ കൊണ്ട് പതിയെ പല രൂപങ്ങള്‍ ഉണ്ടാക്കും. ഉരല്‍, ഉലക്ക, അമ്മി തുടങ്ങി ആനയെ വരെ ഉണ്ടാക്കാന്‍ ശ്രമം നടത്തി. ചിലരൊക്കെ വെറുതെ ഉരുട്ടിയുരുട്ടി പന്തുപോലെയാക്കി. കല്ലേരിപ്പാടത്തെ കലുങ്കിലിരുന്ന് രൂപങ്ങളെ ഉണ്ടാക്കിയും മാറ്റിയും ചിലപ്പോള്‍ കലുങ്കില്‍ തന്നെ അതിനെ ഉപേക്ഷിച്ചു പോരുകയും ചെയ്യും. അവിടുന്നങ്ങോട്ടു ടാറിനു ഞങ്ങളെയും ഞങ്ങള്‍ക്ക് ടാറിനേയും പിരിയാന്‍ വയ്യാത്ത പോലെയായി. ടാര്‍(ക്ലേ) മോഡലിങ്ങ് മാറി ടാര്‍ ത്രോ ആയി. ടാര്‍ ചെറിയ ചെറിയ ഉരുളകളാക്കി പരസ്പരം ഷര്‍ട്ടിലേക്ക് എറിയുക, പുസ്തകത്തിന്റെ കവറില്‍ ഒട്ടിച്ചു വെക്കുക, ട്രൌസറിന്റെ മൂട്ടിലേക്ക് എറിയുക അങ്ങിനെ കലാപരിപാടികള്‍ ഓരോ ദിവസവും മാറിമാറി വന്നു. വീട്ടിലെത്തുമ്പോഴേക്കും കൈനഖങ്ങള്‍ക്കിടയില്‍ ടാറിന്റെ അവശിഷ്ടങ്ങളുണ്ടാകും വെള്ള ഷര്‍ട്ടിന്റെ പല ഭാഗത്തും ടാറിന്റെ മണമുണ്ടാകും. പക്ഷേ, അതൊന്നും ഞങ്ങളെ ടാര്‍ മോഡലിങ്ങില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടു നയിക്കാനായില്ല.

അങ്ങിനെ നാലുമണിക്ക് സ്ക്കൂള്‍ വിട്ടു വരുന്ന ഒരു പതിവു ദിനം. റോഡിലെ ഞങ്ങളുടെ സ്ഥിരം ഇരയായ ടാര്‍ വീപ്പയില്‍ നിന്ന് നല്ലൊരു ഉണ്ട ടാര്‍ ഉരുട്ടിയെടുത്തു കയ്യിലിട്ടു തിരുകി പല ഷെയ്പ്പുകള്‍ വരുത്തി ഞങ്ങള്‍ നടന്നു കല്ലേരിപാടത്തെത്തി. പോക്കുവെയിലിന്റെ ശോഭയില്‍ പവന്‍ വിതച്ച പാടത്തിന്റെ കരയിലെ പാലത്തിന്മേലിരുന്ന് പല രൂപങ്ങളുണ്ടാക്കി, ചിലതിനെ അവിടെ ഉപേക്ഷിച്ചും ചിലര്‍ ടാര്‍ ഉരുളകളെ കയ്യില്‍ തിരുകിയും ഞങ്ങള്‍ വീണ്ടും നടത്തമാരംഭിച്ചു. പലതും സംസാരിച്ച് നടക്കുന്നതിനിടയിലാണ് ഞാന്‍, ഉരുട്ടിയ ടാര്‍ ഉണ്ട എന്റെ തലക്കു പുറകില്‍ ചെവിയുടെ സമീപത്ത് വെറുതെ ഉരുട്ടിനോക്കിയത്. കുറച്ചു ദിവസം മുന്‍പ് മുടിവെട്ടിയതുകാരണം തലയുടെ പുറകിലെ ഭാഗം വളരെ ചെറിയ കുറ്റിരോമങ്ങളായിരുന്നു. അതിനു മുകളിലൂടെ ടാറുണ്ട ഉരുട്ടുമ്പോള്‍ നല്ലസുഖം...നല്ല രസം. ആഹാ!! എനിക്കങ്ങു ബോധിച്ചു. ഞാന്‍ ടാറുണ്ട മുകളിലേക്കും താഴേക്കും പതിയെ തടവാന്‍ തുടങ്ങി. ഇക്കിളി തോന്നുന്ന സുഖം. ജോഷിയും ഗിരീഷും ഔസേപ്പുമൊക്കെയായി നടക്കലും വര്‍ത്താനം പറയലും പിന്നെ ഉരുട്ടലും. അതിനിടയില്‍ ആരും കാണാതെ എനിക്കൊരു ഇക്കിളി സുഖവും. അങ്ങിനെ കുറച്ചു നേരത്തെ നടത്തത്തിനിടയില്‍ കൈ താഴേക്ക് ഉരുട്ടിയപ്പോള്‍.....ഉരുട്ടിയപ്പോള്‍.... അയ്യോ! കൈ മാത്രം. കൈക്കുള്ളില്‍ ടാറുണ്ടയില്ല. താഴെ വീണോ? ഇല്ല വീണിട്ടില്ല. ഞാന്‍ തപ്പി നോക്കി. ടാര്‍ ഭദ്രമായി കുറ്റിമുടിയില്‍. ഞാനതിനെ മുകളിലേക്ക് ഉരുട്ടിനോക്കി. ടാര്‍ മുകളിലേക്ക് പരന്നു കയറി. വീണ്ടും താഴേക്ക് ഉരുട്ടി നോക്കി, ടാറുണ്ട താഴേക്ക് പരന്നു. അയ്യോ! പണ്ടാറം. കുരിശായല്ലോ. ഞാനത് വിരലുകൊണ്ട് പിച്ചിയെടുത്തു. കുറച്ചു ഭാഗം എന്റെ കയ്യില്‍ വന്നു, ബാക്കി?? ബാക്കിയെവിടെ? ഞാന്‍ തപ്പി നോക്കി. അതാ കുറച്ചു ഭാഗം മുടിയില്‍ വീണ്ടും വലി. എന്റെ പരാക്രമം കണ്ടിട്ടാകാം ജോഷിയും ഔസേപ്പും ചോദിച്ചു, :
“എന്താണ്ടാ... എന്തു പറ്റീടാ?“

“ടാര്‍ ഡാ.. ടാറെ...”

“റോട്ടിക്കെടന്ന് എന്തണ്ടാ ടാറ് ടാര്‍ന്ന്”

“അല്ലഡാ.. ടാറെന്റെ മുടിയില്‍.. പണ്ടാറടങ്ങാന്‍.. ശ്ശൊ ഇത് കിട്ട്ണില്ലെഡാ..” എനിക്ക് വെപ്രാളമായി.

“ ആ പാകായൊള്ളൊ! നീയല്ലാണ്ട് ഈ കുന്ത്രാണ്ടം തലേല്‍ തേക്കോ ശ്ശവീ”

“ അയിനിപ്പോ എനിക്കറിയോ ഈ കുരിപ്പിവിടെ പിടിക്കും ന്ന്. ശ്ശോ ഇനിപ്പോ എന്തൂട്ടെണ്ടാ ചെയ്യാ?”

“പിച്ചിയെടുക്കെഡാ ശ്ശവീ...”

“പണ്ടാറടങ്ങാന്‍. അമ്മറഞ്ഞാല്‍ കൊല്ലോടെക്കേ.” എനിക്ക് പേടിയും സങ്കടവും വന്നു.

എല്ലാവരും കൂടിയെന്റെ തല പരിശോധിക്കാന്‍ തുടങ്ങി. പല അഭിപ്രായങ്ങള്‍..പല നിര്‍ദ്ദേശങ്ങള്‍. പല കൈകള്‍ എന്റെ തലയിലും ടാറിലുമായി പതിഞ്ഞു, പലരും ടാര്‍ പറിച്ചെടുക്കാന്‍ തുടങ്ങിയതോടേ ചെറിയൊരു ഭാഗത്തു മാത്രം ഉണ്ടായിരുന്ന ടാര്‍ തലയില്‍ പലയിടത്തേക്കും പടരാന്‍ തുടങ്ങി.

“ ഒരു ബ്ലെയിഡ് കൊണ്ട് മുറിച്ചുകളഞ്ഞാലോ”

“ അതിനേക്കാള്‍ നല്ലത് ബ്ലേയിഡോണ്ട് ചെരണ്ട്യാ മതി” വേറൊരുത്തന്‍

“നീ നിന്റെ തലയില്‍ പോയി ചെരണ്ടടാ ശ്ശപ്പേ..” എനിക്ക് ദ്വേഷ്യം വന്നു.

ദൈവമേ ഇവന്മാരെല്ലാവരും കൂടി എന്റെ തല മൊട്ടയടിക്കുന്ന മട്ടാണോ?. ടാറ് കളയാതെ എനിക്ക് വീട്ടില്‍ പോകാനും പറ്റില്ല, ടാറാണെങ്കില്‍ തലയില്‍നിന്ന് പോകുന്നുമില്ല.

“ എന്തണ്ടാ?.. എന്തൂറ്റണ്ടാ? പൂയ്...ടാ”

പാടത്തിനവിടെനിന്നൊരു ശബ്ദം. ഞങ്ങള്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ ഒരു പശുവിനെപ്പിടിച്ചുകൊണ്ടൊരു ചേട്ടന്‍. പൈങ്ങോട് മഹിളാ സമാജത്തിന്റെ തൊട്ടടുത്ത് വീടുള്ള രാജന്‍ എന്ന ചേട്ടന്‍ ആയിരുന്നു. ആള് പശുവിനെ തീറ്റാന്‍ പാടത്തേക്ക് വന്നതായിരുന്നു. ഞങ്ങള്‍ കുറച്ചു പേര്‍ എന്റെ തലയെ വട്ടം പിടിച്ച് പരീക്ഷണം നടത്തുന്നത് കണ്ടപ്പോള്‍ ആള്‍ ഉറക്കെ വിളീച്ചു ചോദിച്ചതാണ്.

“വേണ്ടറാ.. പറയണ്ട..” ഞാന്‍ പറഞ്ഞു. : “ആളറിഞ്ഞാല്‍ ഇനി പൈങ്ങോട് മൊത്തം അറിയും. നാണക്കേടാകും”

“ദേ ദിവന്റെ തലേല്‍ ടാറായി” ഏതോ ഒരു ആത്മാര്‍ത്ഥ കൂട്ടുകാരന്‍ സെക്കന്റിലൊരംശം കൊണ്ട് സംഗതി അനൌണ്‍സ് ചെയ്തു.

പശുവിനെ സൈഡിലെ തെങ്ങില്‍ കെട്ടി രാജന്‍ ഞങ്ങളുടെ അടുത്തു വന്നു. ഡോക്ടര്‍ രോഗിയെ പരിശോധിക്കും പോലെ എന്റെ തല തിരിച്ചും ചെവി മടക്കിയും ആള്‍ പരിശോധിച്ചു,

“ ഇതാരാണ്ടാ ടാര്‍ തേച്ചെ?” രാജന്റെ ചോദ്യം

“ ഞാന്‍ തന്നാ” എന്റെ ദയനീയ മറുപടി

“ ദെങ്ങനാഡാ തേച്ചെ?“

“തേച്ചതല്ലാ തന്നെ ആയതാ”

“ നിന്നെ സമ്മതിക്കാണോല്ലഡാ.. ഔ...എളുപ്പല്ലാട്ടാ”

“ ഇപ്പോ കൊറേ പോയി”

“ ഹോ! എന്നിട്ട് ബാക്കിഒള്ളതാണോ ഈ കാണണത്?”

“ ഇതെങ്ങെനാ ഒന്നു കളയാ? ” അവസാന വഴിയെന്നപോലെ ഞാന്‍ ചോദിച്ചു,

തല നന്നായി പരിശോധിച്ചു അല്പം ചിന്താധീനനായി രാജന്‍ ഗൌരവത്തില്‍ പറഞ്ഞു. : “ഉം ഒരൊറ്റ വഴിയേയുള്ളു, നീ വാ”

“എവടക്ക്? “ ഞങ്ങളെല്ലാവരും ഒരുമിച്ച്.

“നീ എന്റെ കൂടെ വാടാ.ഞാന്‍ എന്റെ വീട്ടിപ്പോയിട്ട് സകലതും ശര്യാക്കിത്തരാം. ബാ”

അപ്പോഴേക്കും സ്ക്കൂല്‍ വിട്ടിട്ട് വീട്ടിലെത്താതിരുന്ന കുറേ അലവലാതികളും എന്റെ ചുറ്റും കൂടി,. നോക്കട്ടെ നോക്കട്ടെ എന്നും പറഞ്ഞ് പേറ് കഴിഞ്ഞ പെണ്ണിനേയും കുട്ടിയേയും കാണുന്ന പോലെ എല്ലാവരും വന്നെന്റെ തല നോക്കിയും പിടിച്ചും പരിശോധിച്ചു.

‘പണ്ടാറങ്ങാന്‍ ഇവറ്റകള്‍ക്ക് സ്ക്കൂളു വിട്ടാല്‍ കുടുമ്മത്തിക്ക് പൊക്കൂടെ‘ എന്ന് ഞാന്‍ മനസ്സില്‍ പ്രാകി. മുന്നില്‍ രാജന്‍ പുറകില്‍ ഞാന്‍ അതിനു പുറകില്‍ മറ്റു സംഘാംഗങ്ങളുമായി പാര്‍ട്ടിയുടെ ശക്തിപ്രകടനം പോലെ, ഘണ്ടാകര്‍ണ്ണന്റെ അമ്പലകയറ്റവും കഴിഞ്ഞ് അംഗനവാടിയുടെ പുറകിലുള്ള രാജന്റെ വീട്ടിലെത്തി.

പശൂനെത്തീറ്റാന്‍ പോയ രാജന്‍ വലിയൊരു കുട്ടി സംഘവുമായി വരുന്നതുകണ്ടപ്പോല്‍ രാജന്റെ അമ്മ അകത്തു നിന്നോടി വന്നു വലിയ വായില്‍ നിലവിളിച്ചു,.

“എന്റെ മോനേ.... നിനക്കെന്തുപറ്റിയെടാ.. പശൂനെത്തീറ്റാന്‍ പോയതല്ലേടാ നീ..എന്തൂട്ട് കുരുത്തക്കേടണ്ടാ നീ കാട്ടീത് ?”

“അമ്മ അവടെ ചാവാണ്ട്ക്ക്. ദേ ഈ ക്ടാവിടെ തലേല്‍ ടാറ് ആയി. അത് കളയാന്‍ വന്നതാ”

‘അത്രേള്ളൊ.” സ്വച്ചിട്ട പോലെ അവര്‍ കരച്ചില്‍ നിര്‍ത്തി മുറ്റത്തു നിര്‍ത്തിയ ആട്ടിന്‍ കുഞ്ഞുങ്ങള്‍ക്ക് പ്ലാവില കൊടുക്കാന്‍ പോയി.

ഞങ്ങളെ മുറ്റത്ത് നിര്‍ത്തി രാജന്‍ അകത്തേക്ക് പോയി. രാജന്റെ വീട്ടിലുള്ളവരെല്ല്ലം വന്ന് എന്നെ ഒരു അത്ഭുത വസ്തുവിനെ എന്ന പോലെ നോക്കി. ‘എന്നാലും ഇതെങ്ങിനെ ഇവന്റെ തലയില്‍ വന്നു‘ എന്ന് താടിക്ക് കൈ കൊടുത്തു ആലോചിച്ചു നിന്നു. ഞങ്ങള്‍ കുട്ടികളുടെ സംഘം കണ്ട് അയല്പക്കങ്ങളിലെ ചേച്ചിമ്മാര്‍, അമ്മമാര്‍, അമ്മൂമ്മമ്മാര്‍, പശൂവിനേയും ആടിനേയും തീറ്റിക്കാന്‍ പോകുന്നവര്‍ എന്നു വേണ്ട മുറിബീഡി വലിക്കുന്ന അപ്പൂപ്പന്മാര്‍ വരെ അവിടേക്ക് വന്ന് തങ്ങളുടേതായ പ്രസ്ഥാവനകളും അഭിപ്രായങ്ങളും നടത്തി. അതു മാത്രമോ ‘ഈ കുട്ടി എവടത്ത്യാ? ’ എന്നുള്ള ചോദ്യവും. ‘അവര്‍ക്കെന്റെ തല കണ്ടാല്പോരെ?പിന്നെ ഞാനെവിടെത്തെയാണ് , ആരുടെ മോനാണ് എന്നൊക്കെ അറിയുന്നതെന്തിനാ?‘ എനിക്ക് ചൊറിഞ്ഞു കയറുന്നുണ്ടാ‍യിരുന്നു.

ഒരു കയ്യില്‍ കുപ്പിയും മറുകയ്യില്‍ ബ്ലെയിഡുമായി അകത്തു നിന്നും രാജന്‍ വന്നു. ‘തല കാട്ടടാ”

“ അയ്യോ ചേട്ടാ എന്താ ചെയ്യാന്‍ പോണെ?”

“അതൊന്നും നീയറിയണ്ട. നീയിവിടെ തലകുനിച്ചിരിക്ക്.“ എന്നും പറഞ്ഞ് രാജനെന്നെ താഴെയിരുത്തി. കുപ്പി തുറന്ന് കയ്യിലെ തുണിക്കഷണത്തിലേക്ക് എന്തൊ ഒഴിച്ചു, അതിന്റെ മണം കേട്ടതും എനിക്ക് മനസ്സിലായി. ‘മണ്ണെണ്ണ’!!

‘ഈശ്വരാ,....കുളിക്കാന്‍ നേരം തലയില്‍ വെളിച്ചെണ്ണ പരട്ടുന്നപോലെ ഇന്നെന്നെ മണ്ണെണ്ണ പുരട്ടി കുളിപ്പിക്കോ?’

“ചേട്ടന്‍ മണ്ണെണ്ണ പരട്ടാന്‍ പോവാണോ? അത് വേണോ?” ഞാന്‍ ദയനീയനായി ചോദിച്ചു

“എടാ മണ്ണെണ്ണയോ പെട്രോളോ പരട്ട്യാലേ ടാ‍ര്‍ പോകള്ളൊ, ഇത് മണ്ണെണ്ണയാ, നീ ചാകാണ്ടിരിക്ക്. ഞാനിത് തലേല്‍ മുഴോന്‍ തേക്കാന്‍ പോവല്ല”

രാജന്‍ ഒരു തുണിയില്‍ മണ്ണെണ്ണ മുക്കി എന്റെ തലയില്‍ പുരട്ടാന്‍ തുടങ്ങി. കുറേ നേരം തുടച്ചിട്ടും മുഴുവന്‍ പോകുന്നില്ല.പിന്നെപ്പിന്നെ ടാര്‍ പതിയെ ഇളകാന്‍ തുടങ്ങി.

“ ഇത് ബ്ലെയിഡുകൊണ്ട് തന്നെ കളയേണ്ടി വരും” എന്ന് പ്രഖ്യാപിച്ചു കളഞ്ഞു രാജന്‍.

“ഇങ്ങ്ട് കുനിഞ്ഞ് നിക്കടാ..”

“അയ്യോ കഴുത്തു മുറിയോ?” എനിക്ക് പേടിയായി

“ഇല്ലടെക്കേ... നീയിങ്ങ്ട് താട്ട്യേ നിന്റെ തല” രാജന്‍ എന്റെ തലപിടിച്ച് ചെരിച്ച് വെച്ചു പതിയെ ബ്ലെയിഡ് കൊണ്ട് ചുരണ്ടാന്‍ തുടങ്ങി. കുറച്ചു ദിവസം മുന്‍പ് ഭംഗിയായി മുടി വെട്ടിയതാണ്, അതും നല്ല സ്റ്റൈലില്‍. ഇനി എലി കരണ്ട കപ്പക്കിഴങ്ങുപോലെയാകുമോ എന്റെ തല?

എന്തിനേറെപറയുന്നു, ഏതാണ്ട് അരമണിക്കുര്‍ നേരത്തെ അശ്രാന്ത പരിശ്രമത്തിനു ശേഷം രാജന്‍ മണ്ണെണ്ണയും ബ്ലെയിഡും ഉപയോഗിച്ച് എന്റെ തല ഒരു പരുവമാക്കിയെടുത്തു. ഞാന്‍ പതിയെ കൈവിരല്‍ കൊണ്ട് തല തടവി നോക്കി. തലയിലെ ടാര്‍ പോയെങ്കിലും അതോടൊപ്പം അവിടത്തെ മുടിപോയതുകാരണം ഒരു ഭംഗിക്കുറവ്!! തലയില്‍ തടവിയ കൈ ഞാന്‍ മണത്തുനൊക്കി. അസ്സല്‍ മണ്ണെണ്ണ മണം. കാലത്ത് സ്ക്കൂളില്‍ പോകുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേച്ച് കുളിച്ച എന്റെ തല വൈകീട്ടായപ്പോളേക്കും മണ്ണെണ്ണതേച്ച് വടിക്കേണ്ടി വന്നു. സംഗതി വിജയകരമായി പൂര്‍ത്തിയാക്കിയശേഷം ഇനി അമ്മ കൂടി തരാന്‍ പോകുന്ന‘ സമ്മാനം‘ ഓര്‍ത്ത് ഞാന്‍ വീട്ടിലേക്ക് പോകാന്‍ എഴുന്നേറ്റു.

“ ടാ...റോഡ് പണി തൊടങ്ങാന്‍ ഇനീം കൊറേ ദിവസണ്ട്ട്ടാ.. ആ ടാര്‍ അവിടെയുണ്ടാവോ അതോ നിന്റെ തലേന്ന് എടുക്കണ്ടിവര്വോ?” രാജന്‍ എല്ലാവരും കേള്‍ക്കേ ഉറക്കെ കളിയാക്കി.

നാണക്കേട് കാരണം എലികരണ്ട പോലത്തെ തല കുനിച്ചു ഞാന്‍ വീട്ടിലേക്ക് തിരിച്ചു നടക്കാന്‍ തുടങ്ങിയപ്പോള്‍ ഔസേപ്പും മനോജും ബിനോജും ഗിരീഷും കിട്ടിയ അവസരം പാഴാക്കാതെ എന്റെയൊപ്പം വട്ടം ചുറ്റി നടന്ന് പാടാന്‍ തുടങ്ങി...

“ഡിങ്ക ഡിക്ക ടാര്‍ ആയേ...
ഡിങ്ക ഡിക്ക ആരടെ തലേല്‍?
ഡിങ്ക ഡിക്ക നന്ദൂന്റെ തലേല്‍..
ഡിങ്ക ഡിക്ക എന്തു ചെയ്തു?
ഡിങ്ക ഡിക്ക പച്ചെള്ളം പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക വെളിച്ചെണ്ണ പരട്ടി
ഡിങ്ക ഡിക്ക എന്നിട്ടും പോയില്ല
ഡിങ്ക ഡിക്ക മണ്ണെണ്ണ പരട്ടി
ഡിങ്ക ഡിക്ക ടാര്‍ പോയേ....“
.