Thursday, June 26, 2008

സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പര്‍

.

"ഹലോ, ഇത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ...................സാര്‍ ആണോ?"

"അതേ, ഇത് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ................... ആണ്. ആരാ സംസാരിക്കുന്നത്?"

"സാറേ, ഇത് ഞാനാ നന്ദന്‍. കൊടുങ്ങല്ലൂരില്‍ നിന്ന്. ഞാനിടക്ക് സാറിനെ വിളിക്കാറുണ്ട്."

"ഓ നന്ദന്‍! മനസ്സിലായി. പറയൂ,"

" സാറെ, വേറെ എന്തെങ്കിലും ചാന്‍സ് ആയോ എന്നറിയാന്‍ വിളിച്ചതാണ്. ഇപ്പോ ഷൂട്ടിങ്ങ് വല്ലതും നടക്കുന്നുണ്ടോ?"

"ഓ! വേറെ ചാന്‍സ് ഒന്നുമായില്ലല്ലോ, സംഘടനകളുടെ സമരം കാരണം പല സിനിമയുടേയും ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചിരിക്കുകയാണ് ."

"അന്ന് സാറെനിക്ക് 'നീയിവിടെ നിക്ക്, ഞാനിപ്പോ വരാം' എന്ന സിനിമേല് ഒരു ചാന്‍സ് തന്നില്ലേ. പക്ഷെ തിയ്യേറ്ററില് പടം വന്നപ്പോ എന്റെ ഭാഗം കട്ടു ചെയ്തു പോയി സാറെ"

"അതൊക്കെ എഡിറ്റിങ്ങില്‍ സംഭവിക്കുന്നതല്ലെ, എന്തായാലും അടുത്ത പടത്തിനു ഞാന്‍ തന്നെ വിളിക്കാം. ഞാനിപ്പോ ഹോട്ടല്‍ ഹൈവേ ഗാര്‍ഡനിലാ, താന്‍ പിന്നെ വിളി...."

" അയ്യോ സാറെ കട്ടു ചെയ്യല്ലെ......ഒരു ഉപകാരം ചെയ്തു തരുമോ സാര്‍?"

"വേഗം പറയൂ നന്ദന്‍, എനിക്ക് ലാലേട്ടന്റെ ഷൂട്ടിങ്ങ് ലോക്കേഷനിലേക്ക് പോകേണ്ടതാ.."

"സാറെ, എനിക്ക് ലാലേട്ടന്റെ മൊബൈല്‍ നമ്പറൊന്ന് തരാമോ സാര്‍?"

"ലാലേട്ടന്റെ നമ്പറോ,.... അത്.....ലാലേട്ടന്റെ നമ്പറിപ്പൊ..... ഓര്‍മ്മയില്ലല്ലോ.. ... ശോ അത് മറന്നുപോയി"

"എന്നാ കുഴപ്പമില്ല സാര്‍...എനിക്ക് മമ്മുക്കയുടെ നമ്പര്‍ ഒന്നു തരാമോ, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ...?"

"മമ്മുക്കയുടെ നമ്പര്‍ അല്ലേ, ആക്ച്വലി നന്ദന്‍, മമ്മുക്ക ഈയ്യിടെ നമ്പര്‍ മാറ്റി എന്നു തോന്നുന്നു. എന്റെ കയ്യിലാണെങ്കില്‍ പുതിയ നമ്പറും ഇല്ല..."

"സാര്‍..... ശ്രീനിവാസന്റെ നമ്പറുണ്ടോ......ഒന്നു തരുമോ?..പ്ലീസ് സാര്‍..."

" ആഹ്, ശ്രീനിയേട്ടന്റെ നമ്പര്‍ എന്റെ ടെലിഫോണ്‍ ഇന്‍ഡെക്സില്‍ ഉണ്ടെന്നു തോന്നുന്നു. പക്ഷെ ബുക്ക് ഇപ്പോ എന്റെ റുമിലാ.നോക്കിയെടുത്തിട്ട് തരാം "

"എന്നാ വേണ്ട സാര്‍...എനിക്ക് പൃഥീരാജിന്റെ നമ്പര്‍ കിട്ടിയാലും മതി. അതുണ്ടാവുമല്ലേ അല്ലേ സാര്‍....?"

"പൃഥീരാജിന്റെ നമ്പര്‍...........നോക്കട്ടെ...അതു ഓര്‍മ്മയുണ്ടായിരുന്നതായിരുന്നു.....ഇപ്പോ ഓര്‍മ്മ കിട്ടുന്നില്ലല്ലോ....ശ്ശോ.."

"അതേ സാര്‍ എന്നാലൊരു കാര്യം ചെയ്യോ? എനിക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പറൊന്നു തരോ, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴ.....എക്സ്ട്രാ........എക്സ്ട്രാ..."

"ഓ! .....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സിന്ധു തൊടുപുഴയുടെ മൊബൈല്‍ നമ്പറോ..അത്രേള്ളൂ....ദാ..വേഗം എഴുതിയെടുത്തോളൂ.....
9...4....9...7...5....0....2....7.....0.... "

.

Tuesday, June 3, 2008

കൊച്ചുത്രേസ്യയുടെ ക്രൂരകൃത്യം


കൊച്ചുത്രേസ്യ എന്റെ കളിക്കൂട്ടുകാരിയായിരുന്നു. നഴ്സറിമുതല്‍ നാലാം ക്ലാസ് വരെ സ്ക്കൂളിലേക്കും തിരിച്ചു വീട്ടിലേക്കും, പിന്നെ കിഴക്കേ പറമ്പിലെ കശുമാവില്‍ തോപ്പില്‍ ഞങ്ങള്‍ കൂട്ടുകാരോടൊപ്പം കളിക്കാന്‍ കൂടുമായിരുന്ന കൂട്ടുകാരി. എന്റെ വീടിനടുത്തായിരുന്നു അവളുടെയും വീട്. ആറ് മക്കളുള്ള ഒരു കൃസ്ത്യന്‍ കുടുംബത്തിലെ അവസാന അംഗം. ആറ് മക്കളുള്ള ഒരു കുടുംബത്തിലെ അവസാന സന്തതിയാണല്ലോ ഞാനും. ഞങ്ങള്‍ക്ക് ഒരേപ്രായം. ഒന്നും മുതല്‍ മൂന്നാം കാസ്സുവരെ ഞങ്ങള്‍ ഒരേക്ലാസ്സിലായിരുന്നു.

ഒരു ദിവസം, മൂന്നാം ക്ലാസ്സില്‍ വെച്ച് നാലുമണിക്ക് സ്ക്കൂളും വിട്ട് വരികയായിരുന്നു ഞാന്‍. ക്ലാസ്സില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കൊച്ചു ത്രേസ്യ ഉണ്ടായിരുന്നില്ല എന്റെയൊപ്പം. അവള്‍ വരുന്നെങ്കില്‍ വരട്ടെ എന്നും വിചാരിച്ച് ഞാന്‍ നടന്നു.കാലത്ത് മുതല്‍ പിണക്കത്തിലായിരുന്നു ഞങ്ങള്‍. സ്ക്കൂളില്‍ നിന്ന് വീട്ടിലെക്കുള്ള് വഴിയില്‍, സ്ക്കൂളിനും കൊച്ചുവറീതേട്ടന്റെ റേഷന്‍ കടക്കും ഇടയില്‍ ചെറിയൊരു ഇടവഴിയാണ്. നീരോലിയും കമ്മ്യൂണിസ്റ്റ് പച്ചയും, മുളയും കാരമുള്ളും നിറഞ്ഞ ഇടവഴി. ഞാന്‍ നടത്തത്തിനിടെ ഇടവഴിയിലെത്തിയപ്പോള്‍.......അതാ കൊച്ചു ത്രേസ്യ ഇടവഴിയുടെ നടുക്ക്. പുസ്തകങ്ങള്‍ എല്ലാം താഴെവെച്ചിട്ടുണ്ട്. താഴെ പൂഴിമണ്ണില്‍ നിന്നും മാണ്ണു വാരിയെടുത്ത് ചെറിയൊരു തിണ്ട് (തിട്ട) ഉണ്ടാക്കുന്നു.

"എന്തൂട്ടണ്ടി ത്രേസ്യേ നീ ഒണ്ടാക്കണത്?"

"ശ്ശ്ശ്" അവള്‍ ചുണ്ടുവിരല്‍ ചുണ്ടില്‍ വെച്ച് ശബ്ദമുണ്ടാക്കി.

ഞാനവള്‍ ചെയ്യുന്നതെന്താണെന്ന് നോക്കി. വഴിയുടെ നടുക്ക് മണ്ണ് വടിച്ചു കൂട്ടി ചെറിയൊരു തിട്ട് ഉണ്ടാക്കി അതില്‍ ചെറിയ കുപ്പിച്ചില്ല്, കാരമുള്ള് എന്നിവ മുന മുകളിലേക്കായ് കുത്തിനിര്‍ത്തുന്നു, എന്നിട്ട് തിട്ടിന്റെ പരിസരം പരിസരത്തെ ഇലകള്‍ കൊണ്ട് മൂടുന്നു. ആരു നോക്കിയാലും അവിടെ അങ്ങിനെ ഒരു ചതി ഒളിഞ്ഞിരിക്കുന്നത് കാണില്ല.

"എന്തിനണ്ടീ ഇങ്ങനെ ചെയ്യണ്? ആരെടെങ്കിലും കാലിമ്മേ കുപ്പിച്ചില്ല് കേറില്ലേടീ?"

കൊച്ചുത്രേസ്യ എന്നെ കലിപ്പിച്ചൊന്നു നോക്കി എന്നിട്ടു പറഞ്ഞു.

"കേറട്ടെ, കേറാന്തന്ന്യാ ഇത് വെച്ചത്. ആ പണ്ടാറക്കാ‍ലീടെ കാലുമ്മത്തന്നെ ഇദ് കേറണം"

"ആരാ‍ണ്ടി?? ആര്ടെ കാലുമ്മേ?"

"മേരിടീച്ചറ്ടെ..ആ ശ്ശവീടെ കാലുമ്മേ ഇന്ന് കുപ്പിച്ചില്ല് കേറും" കൊച്ചുത്രേസ്യ എഴുന്നേറ്റു.

"അപ്പ നെനക്ക് ഇന്നും അടികിട്ട്യാ?"

"ഉം" കൊച്ചുത്രേസ്യ മുഖം കുനിച്ചു. അവസാന ഉണക്കയിലയും വിരിച്ചിട്ടു.

"ആ.." ഞാന്‍ പറഞ്ഞു. " പാകായള്ളോ, നിനക്ക് പാകായള്ളൊ"

"നീ പോഡക്കേ, നോക്കിക്കോ ആ പണ്ടാറക്കാലി നാള്‍ ഉസ്ക്കൂളില് വരില്ല്യ"

കുപ്പിച്ചില്ല് നിറച്ച ആ തിട്ട് കണ്ടിട്ട് എനിക്കെന്തോ പേടി തോന്നി. അങ്ങനൊന്നും വേണ്ടാന്നൊരു തോന്നല്‍. ഞാന്‍ കൊച്ചുത്രേസ്യയോടു പറഞ്ഞു

"വേണ്ടഡെണ്ണ്യേ..ഇങ്ങനൊന്നും വേണ്ടാട്ടാ..പാപംണ്ടാവും"

"അപ്പൊ ന്നെ തല്ലീതൊ?"

"അത് നീ പഠിക്കാണ്ടാവും, അല്ലെങ്കി എന്തെങ്കിലും കൊഴപ്പം കാണിച്ചിട്ടാവും"

"അതിന് ഇങ്ങനെ തല്ലോ??" അവള്‍ കൈ നിവര്‍ത്തി കാണിച്ചു. വെളുത്ത കൈപ്പത്തിയില്‍ ചുവന്ന വരകള്‍. എനിക്ക് പാവം തോന്നി.

"എന്നാലും ഇങ്ങിനേ വേണോടീ..?? ഉം പോട്ടെ, ആരും കാണണ്ടാ..നീ ബാ..നമ്മുക്ക് പോവ്വം"

"നീ പൊക്കോ, എന്നെന്തിനാ വിളിക്കണത്" അവള്‍ ചീറി.

എനിക്കെന്തോ കൊച്ചുത്രേസ്യയുടെ കയ്യിലെ പാടുകള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. ഒരുമിച്ചു വീട്ടില്‍ പോകാം എന്നു കരുതി വിളിച്ചതാണ്.

" നീ എന്നോട് പെണക്കല്ലേ? " അവള്‍ നിറുത്തുന്നില്ല " കാലത്ത് വല്ല്യ പോസു കാണിച്ച് പോന്നതല്ലേ, ഒറ്റക്ക് പോയാ മതി, ന്നെ കൂട്ടണ്ടാ"

സംഗതി ശരിയാണ്, ഞങ്ങള്‍ കാലത്ത് പിണങ്ങിയതാണ്. അവള്‍ തന്നെയായിരുന്നു കാരണം. രാവിലെ ഞങ്ങളൊരുമിച്ച് വീട്ടില്‍ നിന്നും ഒരുമിച്ച് സ്കൂളിലേക്കിറങ്ങിയതായിരുന്നു. രണ്ട് കൈതോടൂം ഒരു പാടവും കഴിഞ്ഞ് കോലോത്തെ കയറ്റം കയറുമ്പോളായിരുന്നു എതിരെ കളപ്പുരയ്ക്കലെ കണ്ണപ്പനപ്പൂപ്പന്‍ വരുന്നത്. ഞങ്ങളെ കണ്ടപാടെ അപ്പൂപ്പന്‍ പറഞ്ഞു :

"എടാ എവടെക്കണ്ടാ ന്ന്? ഇന്ന് ഉസ്ക്കൂളില്ല്യാ"

ഞാനും കൊച്ചുത്രേസ്യയും മുഖത്തോടു മുഖം നോക്കി. എന്തേ എന്നര്‍ത്ഥത്തില്‍ ഞാന്‍ അപ്പൂപ്പന്റെ മുഖത്തു നോക്കി.

"നിങ്ങടെ ഹെഡ് മാഷ് ടെ പട്ടി ചത്തു. അതോണ്ട് ഇന്ന് ഉസ്ക്കൂളില്ല്യാത്രെ"

"നേരാണൊ? " ഞാന്‍ സംശയം തീരാതെ വീണ്ടും നോക്കി

"അതേടാ.. ഇന്ന് പേപ്പറിലും ഉണ്ടാര്‍ന്ന്"

"ആഹാ! അപ്പടീ കൊച്ചുത്രേസ്യേ ഇന്ന് ഉസ്ക്കൂളുണ്ടാവില്ല്യ" എനിക്കു സന്തോഷായി.

" അതന്നേടാ ഇന്ന് കൊറേ കളിക്കാം" കൊച്ചുത്രേസ്യക്കും സന്തോഷം

ഞങ്ങള്‍ തിരിച്ച് കോലോത്തെ ഇറക്കം ഇറങ്ങി പാടവും തോടും കടന്ന് എന്റെ വീടിനടുത്തെത്തി. വടക്കേപ്പുറത്തെ കയറ്റത്തെത്തിയപ്പൊള്‍ അമ്മ വടക്കോറുത്ത്.

" എന്താടാ പോന്നേ? ഇന്ന് ഉസ്ക്കൂളില്ലേ?"

" ഇല്ല്യമ്മേ ഇന്ന് ഉസ്ക്കൂളില്ലാന്ന് കളപ്പുരക്കലെ അപ്പാപ്പന്‍ പറഞ്ഞു"

"അതെന്തേടാ?"

"അതേയ്, ഞങ്ങടെ ഹെഡ് മാഷ് ടെ പട്ടി ചത്തൂന്ന്. അതോണ്ട് ഇന്ന് സ്ക്കൂളില്ലാത്രെ"

ഞാനത് പറഞ്ഞുതീര്‍ന്നതും അമ്മ വേലിയില്‍ നിന്ന് ഒരു നീരോലി വടി ഒടിക്കാന്‍ തുടങ്ങിയതും ഒപ്പം

" പൊക്കേളൊ ചെക്കാ, ഓരോരുത്തര് ഓരോന്ന് പറയണത് കേട്ട് പോന്നോളും. മാഷ് ടെ പട്ടി ചത്തേനെന്തിനണ്ടാ ഉസ്ക്കൂളു മൊടക്കണത് "

ഇതെന്തെര് പ്രാന്താ?! അപ്പാപ്പന്‍ പറയണ് സ്ക്കൂളില്ല്യാന്ന്, അമ്മ അതിനെന്തിനാ ചൂടാവണത്? എനിക്കാകെ ആശയക്കുഴപ്പമായി. ഞാന്‍ കൊച്ചുത്രേസ്യയെ നോക്കി. അവളാണെങ്കില്‍ എനിക്കടി കിട്ടുമ്പോ അവള്‍ക്കും കിട്ടോന്ന് പേടിച്ച് എങ്ങോട്ടോടണം എന്ന് ആലോചിക്കുകയാണ്.

"എന്തൂട്ടണ്ടാ കുന്തം വിഴുങ്ങ്യമാതിരി നിക്കണ്. ഉസ്ക്കൂളില്‍ പോടാ....ഓടടാ.." അമ്മ വടി വീശി.

ഞാനോടി, കൊച്ചുത്രേസ്യ പിന്നിലൂടെ ഓടി. പാടവും കൈതോടും മൂന്നാമത്തെ പ്രാവശ്യം കടന്നു. (ഇത്തവണ ഒറ്റച്ചാട്ടത്തിന് തോടു കടന്നു) റോഡിലെത്തി.

എനിക്കാണെങ്കില്‍ സങ്കടവും ദേഷ്യവും വരുന്നുണ്ടായിരുന്നു. അപ്പാപ്പന്‍ പറഞ്ഞ നുണ വിശ്വസിച്ച് തിരിച്ച് വീട്ടീല്‍ പോയതിന്റെ നാണക്കേടു വേറെ. സ്ക്കൂളിലെത്തുമ്പോള്‍ നേരം വൈകുമോ എന്ന പേടി വേറെ..

" ആ അപ്പൂപ്പനെ കണ്ടാല്‍ ഞാന്‍..." ഞാന്‍ കലിയിളകി പറഞ്ഞു.

" നീയെന്തിനാ അത് വിശ്വസിക്കാന്‍ പോയെ?" കൊച്ചു ത്രേസ്യ

"പിന്നെ, ഇങ്ങനൊക്കെ പറഞ്ഞാല്..?"

" ഞാന്‍ അപ്പളേ പറഞ്ഞില്ലെഡാ മോനെ അത് നൊണയാവൂന്ന്"

"പോടി കൊരങ്ങത്തിമോറി, നീയെപ്പളണ്ടി അത് പറഞ്ഞത് " എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാനായില്ല. 'സ്ക്കൂളില്ല എന്നു കേട്ടപ്പോള്‍ എന്റെ കൂടെ ചാടിത്തുള്ളി വന്നതാണ്. എന്നിട്ടിപ്പോ'

" നീ പോടാ കൊരങ്ങാ..പോത്തേ.."

" പോഡീ, നീയെന്റെ കൂടെ വരണ്ടാ..." എനിക്കും വാശിയായി.

" പോഡക്കേ, ഞാന്‍ റോട്ടീക്കൂടെണ് നടക്കണത്..നിന്റെ കൂടെല്ലല്ലോ."

"എന്റൊപ്പം വരണ്ട...നീ വേറെ പൊക്കോ.."

" ഞാന്‍ ഇതീക്കൂടെ നടക്കും.." അവള്‍ക്കും വാശി

" നീയിനി എന്റെ കൂടെ വരണ്ട. ഒറ്റക്കു പോയാ മതി. ഇനി മിണ്ടില്ല്യ നിന്നോട്"

അതും പറഞ്ഞ ഞാന്‍ ഓടി സ്ക്കൂളിലേക്ക്. ഇടക്ക് അവള്‍ എന്റെ പിന്നാലെ ഓടുന്നുണ്ടോ എന്ന് ഞാന്‍ തിരിഞ്ഞു നോക്കി. ഇല്ല. എന്നോട് പിണങ്ങിത്തന്നെ അവള്‍ നടന്നു വരികയാണ്.


'ശരിയാണ് കാലത്ത് പിണങ്ങിയതാ. വൈകുന്നേരമായപ്പോളേക്കും മിണ്ടാന്‍ വന്നു എന്നു അവള്‍ക്കു തോന്നും.' ഞാന്‍ ആലോചിച്ചു.

"അതിനു ഞാന്‍ പിണങ്ങിയില്ലല്ലോ" ഞാന്‍ ചമ്മലൊതുക്കാന്‍ ചുമ്മാ നമ്പറിട്ടു.

"ശ്ശൊ! മേരിടീച്ചര്‍ ആ വഴി വന്നാമതിയായിരുന്നു" കൊച്ചു ത്രേസ്യക്കു സംശയം..

അവളപ്പോഴും അവള്‍ ചെയ്ത ക്രൂരകൃത്യത്തിലായിരുന്നു. എനിക്കാണെങ്കില്‍ അവള്‍ ചെയ്തത് ശരിയല്ലാന്നും അത് ആരോടെങ്കിലും പറയണമെന്നും തോന്നി. വീടെത്തും വരെ ഞങ്ങളതേപ്പറ്റി ഒന്നും മിണ്ടിയില്ലെങ്കിലും വീട്ടില്‍ ചെന്നിട്ട് ഇത് അമ്മയോട് പറയണം എന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തി. ആരോടെങ്കിലും പറയാന്‍ മുട്ടീട്ടു വയ്യ.

വീട്ടിലെത്തിയപാടെ ഞാന്‍ പുസ്തകകെട്ടു ചായ്പിലേക്കു വലിച്ചെറിഞ്ഞ് പടിഞ്ഞാമ്പറത്തേക്കു പോയി. അമ്മ മുറ്റത്തു നിന്ന് തെങ്ങിന്‍ പട്ട കീറുന്നു, അടുക്കളയിലേക്കുള്ള വിറകിന്.

"അമ്മേ അമ്മേ ഇന്നൊരു കാര്യണ്ടായി" ഞാന്‍ വലിയ വായില്‍ പറഞ്ഞു.

"എന്തൂറ്റണ്ടാ?" അമ്മ പട്ടയില്‍ നിന്നു കണ്ണെടുക്കാതെ ചോദിച്ചു.

"കൊച്ചുത്രേസ്യയില്ലേ അമ്മേ, അവള് മേരിടീച്ചര്‍ടെ കാല്മ്മേ കേറാന്‍ റോട്ടില്‍ കുപ്പിച്ചില്ല് വെച്ചു"

ഞാന്‍ ഒരു ക്രൂരകൃത്യം കണ്ടുപിടിച്ചെന്ന മട്ടില്‍ വിശദമായിപറഞ്ഞതും, കേട്ടയുടനെ വെട്ടുകത്തി താഴെയിട്ട് മുട്ടനൊരു പട്ടവടി എടുത്ത് അമ്മ എന്റെ നേരെ ഒരു ചാട്ടം.

"പൊക്കോളോ ചെക്കാ..ഓരൊ മാപ്പിളിച്ചിപിള്ളാര് കുരുത്തക്കേട് കാണിക്കണോടൊത്ത് നോക്കിനിന്നോളും... നിനക്ക് എന്തിന്റെ കൊഴപ്പണ്ടാ അസത്തേ..."

മുറ്റത്ത് നിന്നിരുന്ന ഞാന്‍ ഇറയത്തേക്ക് ഒരൊറ്റ ചാട്ടം. വേഗം ഉമ്മറത്തേക്ക് ഓടി.

'ഇതെന്തൊരു കൂത്താ! കൊഴപ്പം മുഴോന്‍ ഉണ്ടാക്കീത് കൊച്ചുത്രേസ്യ. എന്നിട്ടിപ്പൊ എന്തിനാ എന്റെ മെക്കട്ട് കേറണേ? ഈ അമ്മക്കിത് എന്തിന്റെ സൂക്കേടാ?!'

അതും ആലോചിച്ച് ഞാന്‍ അകത്തേക്ക് കയറി ഷര്‍ട്ടും ട്രൌസറും മാറി. മൂടു കീറിത്തുടങ്ങിയ ഒരു ട്രൌസറെടുത്തിട്ടു. ബട്ടന്‍സ് പോയ ഭാഗം പിണച്ചുകുത്തി.

ഞാന്‍ അടുക്കളയിലേക്ക് നീങ്ങി. നല്ല ഓട്ടടയുടെ മണം!!

അടുക്കളയുടെ കട്ടിളപ്പടിയില്‍ നിന്ന് പതിയാമ്പുറത്തേക്ക് നോക്കിയപ്പോള്‍ അടുപ്പില്‍ വച്ച മണ്‍ചട്ടിയില്‍ നിന്ന് ആവി പറക്കുന്നു. താഴെ തറയിലിരുന്നു ചേച്ചി വാഴയിലയില്‍ അട പരത്തുന്നു.

"ചായ ആയാ?" ഞാന്‍ പരമാവധി ദൈന്യം കലര്‍ത്തി ചോദിച്ചു.

"ഇല്ല്യ. അട അടപ്പത്തു വെച്ചേ ഉള്ളൂ. അതെറക്കിട്ടുവേണം ചായേടെ വെള്ളം വെക്കാന്‍" ചേച്ചി

അട ആകാന്‍ ഇത്തിരി നേരമെടുക്കുമെന്ന് മനസ്സിലായി ഞാന്‍ ഉമ്മറത്തേക്കു ചെന്നു. അപ്പുറത്തെ ജോസഫിന്റെ പറമ്പില്‍ സാനിയും, ജോസും, ജോസഫും കൊച്ചുത്രേസ്യയും,ഷൈനിയും, കൊച്ചുറാണിയും കശുമാവിന്‍ മേല്‍ കയറികളിക്കാന്‍ പോകാണ്. ഞാനോടി കശുമാവിന്‍ തോപ്പിലെത്തി, ഒരു കൊമ്പില്‍ ഞാന്നു കേറി. ഞങ്ങള്‍ ആണ്‍പിള്ളാര്‍ എല്ലാവരും കശുമാവിന്റെ ചാഞ്ഞുകിടക്കുന്ന കൊമ്പില്‍ കയറി കളിക്കാന്‍ തുടങ്ങി. കൊച്ചുത്രേസ്യയും, ഷൈനിയും കൊച്ചുറാണിയും മാവില്‍ കേറാനാകാതെ താഴെ നില്‍ക്കുന്നു.

"ഞങ്ങളും കേറട്ടടാ." പെണ്‍സംഘം ചോദിച്ചു.

"വേണ്ട വേണ്ടാ..നിങ്ങള് പെണ്ണങ്ങളാ മാവീകേറണ്ടാ" ജോസഫ് കളിയാക്കി.

"എന്താ കേറിയാല്? "

ഇടിവെട്ട് ചോദ്യം കൊച്ചുത്രേസ്യയൂടെതാണ്.

" ഉം കേറും കേറും...പോട്യണ്ണേ" ഞങ്ങള്‍ കളിയാക്കി.

" എന്നാ കേറീറ്റ് തന്നെ കാര്യം" കൊച്ചുത്രേസ്യ പാവാട മുറുക്കിക്കെട്ടി മാവിന്റെ ചാഞ്ഞ കൊമ്പില്‍ കൈ വെച്ചു.

"വേണ്ടടെണ്ണ്യേ...നീ കേറമ്പോണ്ടാ" ഷൈനിയും കൊച്ചുറാണിയും നിരുത്സാഹപ്പെടുത്തിനോക്കി.

പിന്നെ നോക്കുമ്പൊള്‍ കണ്ടത് ചാഞ്ഞ കൊമ്പിലൂടെ കശുമാവില്‍ കയറുന്ന കൊച്ചുത്രേസ്യയെയാണ്. ഞങ്ങള്‍ ആണ്‍പിള്ളാര്‍ കയറുന്ന വേഗതയൊടെ കൊച്ചുത്രേസ്യ മാവില്‍ കയറി കൊമ്പില്‍ ഇരുപ്പുറപ്പിച്ചു.

ഞങ്ങള്‍ ആണ്‍പിള്ളേര്‍ പെട്ടെന്ന് താഴെയിറങ്ങി, കൊമ്പിലിരിക്കുന്ന കൊച്ചുത്രേസ്യയെ നോക്കി വലതു കൈ പൊക്കി പാടാന്‍ തുടങ്ങി.

"പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി

പെണ്ണ് മരം കേറി..
പെണ്ണിന്റെ മാപ്പിള തീ കോരി"

*******************************

വര്‍ഷങ്ങള്‍ ഒരു പാടു കൊഴിഞ്ഞു. കുറച്ചു നാള്‍ മുന്‍പ് മഹാ നഗരത്തില്‍ നിന്നൊരു മുക്തി കിട്ടി നാട്ടില്‍ വന്നു. പൈങ്ങോട്ടിലെ ഇടവഴികളിലൂടെ കുറച്ചു നടന്നു തിരികെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

“ഡാ എവിടെപോയെടാ..”

ആരാണെന്നറിയാന്‍ തിരിഞ്ഞു നോക്കി. മുറുക്കി തുപ്പിയ ചെമ്പരത്തിവേലിക്കപ്പുറം മുഷിഞ്ഞ മാക്സിയില്‍ കൊച്ചുത്രേസ്യ.

“ആഹ് നീയിതെപ്പോ വന്നൂ?”

“ ഞാന്‍ ഇന്നലെ ഉച്ചെരിഞ്ഞ് വന്നൂടെക്കേ? നീയിപ്പാ ബാംഗ്ലൂരണ്ടാ? എപ്പളാ വന്നത്?“

“ആഹ്. ഞാന്‍ ശനിയാഴ്ചയെത്തി. “ ത്രേസ്യയെ ഒരുപാടു നാളായിരിക്കുന്നു കണ്ടിട്ട്. സന്തോഷം തോന്നി.

“നിന്റെ കല്ല്യാണായില്ലേടാ?”

“ഏയ്?” ഞാന്‍ ഒന്നു ചിരിച്ചു

“ഇനി എപ്പഴണ്ടാ? ദേ എന്റെ രണ്ടാമത്തെ ക്ടാവ് അഞ്ചാം ക്ലാസ്സിലായി”

കുറച്ചുനേരം കൂടി സംസാരിച്ചു നിന്ന് ഞങ്ങള്‍ പിരിഞ്ഞു.

“ഡാ..” അവള്‍ തിരിഞ്ഞു നിന്നു വിളിച്ചു. ഞാന്‍ എന്താ എന്നര്‍ത്ഥത്തില്‍ നോക്കി.

“ഡാ എന്നെ കല്ല്യാണത്തിന് വിളിക്കണട്ടാ.. മറക്കല്ലേ..”

“പിന്നേടി, ഞാന്‍ മറക്കോ?” ചിരിച്ചു കൈവീശി ഞാന്‍ വീട്ടിലേക്കു നടന്നു.

വടക്കേപ്പറത്തുകൂടി അടുക്കളവാതില്‍ വഴി അകത്തേക്കു കടന്നു. അടുക്കളയില്‍ നിന്ന് ആ മണം വന്നു. വെന്ത ഓട്ടടയുടെ മണം. ഞാന്‍ അടുപ്പിലേക്കു നോക്കി. അടുപ്പിനുമുകളില്‍ മണ്‍ചട്ടിയില്‍ നിന്നു ആവി പറക്കുന്നു.

.