Saturday, September 17, 2011

തൊടുപുഴ ബ്ലോഗ് മീറ്റും ഇനിയുള്ള മീറ്റുകളും - ഭാഗം രണ്ട്

തൊടുപുഴ മീറ്റും കഴിഞ്ഞു മീറ്റിലെ പുളിയും പോയി എന്നിട്ടിപ്പോ എന്തിനാ മീറ്റ് മീറ്റ് എന്നും പറഞ്ഞ് വരുന്നേ എന്നു ചോദിച്ചാല്‍ ‘ഇപ്പോ മീറ്റല്ലേ എവിടേയും എപ്പോഴും ..കണ്ണുര്‍ മീറ്റ്, തൃശ്ശൂര്‍ മീറ്റ്, എര്‍ണാളം മീറ്റ്... ഇനിയും മീറ്റുകള്‍ നടത്താന്‍ ബ്ലോഗര്‍മാരുടേയ്യും ബസ്സര്‍മാരുടേയും ജീവിതം ബാക്കി’ എന്ന മട്ടാണല്ലോ
അല്ലാതെ എന്റെ ബ്ലോഗില്‍ എഴുതാന്‍ എനിക്ക് സമയ-പ്രതിഭാ ദാരിദ്രം ഉള്ളതുകൊണ്ടും ഇങ്ങനെ വല്ല പോസ്റ്റുമിട്ട് വായനക്കാരെ പറ്റിക്കാം, ബ്ലോഗില്‍ സജ്ജീവമെന്ന് അടുത്ത ബ്ലോഗ്ഗ് കൂട്ടുകാര്‍ക്ക് തോന്നിക്കോളും എന്നുള്ള തെറ്റിദ്ധാരണജനകമായ കാരണങ്ങള്‍ കൊണ്ടൊന്നുമല്ല...:)

അപ്പോള്‍ മീറ്റ് ദിവസം വാഴ, മനോരാജ്, പാക്കരന്‍, ഞാന്‍ എന്നിവരെക്കൊണ്ട് ജോയുടെ കാര്‍ എറണാകുളം സൌത്തില്‍ നിന്നും പാലം കടന്ന് തൊടുപുഴയിലേക്ക്ക് കുതിക്കുമ്പോള്‍ കാറിനുള്ളില്‍ അലക്കിത്തേച്ച പാന്റും ഷര്‍ട്ടും ധരിച്ച് ഒരു സുസ്മേരവദനന്‍ ഇരിക്കുന്നുണ്ടായിരുന്നു. “ഇയാളേ അറിയില്ലേ? ‘ എന്ന ജോയുടെ ചോദ്യത്തിനും ആസനസ്ഥന്റെ നിറപുഞ്ചിരിക്കും എനിക്കയാളെ ഓര്‍ത്തെടുക്കാനായില്ല.

‘ബ്ലോഗറാണ്.... കൊച്ചി മീറ്റിനുണ്ടായിരുന്നു....പാട്ടൊക്കെ പാടിയത്...”
“ആഹാ..യെസ്..” എനിക്കോര്‍മ്മ വന്നു. പക്ഷേ പേരോര്‍മ്മകിട്ടിയില..”ബ്ലോഗറാല്ലേ? എന്താ പേര്‍?”
ദിമിത്രോവ് ...
“ഓഹോ..അതു ശരി. എന്താ ശരിക്കുള്ള പേര്‍?”
“അതന്നേ...ദിമിത്രോവ്?”
“ഏ? അത് പ്രൊഫൈല്‍ പേരല്ലേ?”
“ അല്ല ഇതാണെന്റെ ശരിക്കും പേര്‍”
എന്തായാലും സൌമ്യന്‍..സുന്ദരന്‍..ഗായകന്‍..

മീറ്റിനെത്തിയപ്പോഴാണ് ഒരു ചെറിയ കൈ തോളില്‍ പതിച്ചത്.
"നന്ദേട്ടനല്ലേ?"
ഞാന്‍ തിരിഞ്ഞ് നോക്കി. മുഖത്ത് ഒരു വക്രദൃഷ്ടി.. ഒരു ദൃഷ്ടി ദോഷം..
‘ധ..ധ......അങ്ങിനെയെന്താണ്ടല്ലോ പേര്‍?”
“അതേ..ധനേഷ്...വക്രദൃഷ്ടി ധനേഷ്”
"ഓര്‍മ്മണ്ട്, പണ്ട് ധനേഷും കൂട്ടുകാരനും കൂടി ശബരിമലയില്‍ പോയ അനുഭവം പോസ്റ്റായി എഴുതിയത് വായിച്ചിട്ടുണ്ട്. രസികന്‍ പോസ്റ്റ്. കണ്ടതില്‍ സന്തോഷം."
“എനിക്കും. “ 
പിന്നെ ബിരിയാണി കഴിക്കുന്ന തിരക്കില്‍ കണ്ടേങ്കിലും വായിലേക്ക് ചിക്കന്‍ പീസ് കയറ്റുന്നതിനിടയില്‍ മിണ്ടാന്‍ പറ്റിയില്ല.

കറുത്ത ഷര്‍ട്ട് ഇന്‍ ചെയ്തു നില്‍ക്കുന്ന മാന്യനെ കണ്ടപ്പോള്‍ അതൊരു ‘കൂതറ‘യായിരിക്കുമെന്ന് തോന്നിയില്ല.
‘ഹാഷിമേ..“ ഞാന്‍ പരിചയം പുതുക്കി
ഹാ.. ഹാഷിമെന്റെ തോളില്‍ കയ്യിട്ടു.  (ഇനി തോളില്‍ കയറി ചെവി തിന്നാനായിരിക്കുമോ?)
ചിലര്‍ കണ്ടാല്‍ മാന്യന്‍ ഉള്ളില്‍ കൂതറയായിരിക്കും., പക്ഷെ, ഇങ്ങേര്‍ പേരില്‍ കൂതറ, കണ്ടാലും പെരുമാറ്റത്തിലും ഒരു കൂതറത്തരവുമില്ല. അതുകൊണ്ട് ഇങ്ങേരെ ഞാന്‍ ഹാഷിമെന്നേ വിളിക്കൂ...കൂതറയെ ഞാന്‍ ഷിഫ്റ്റ് ഡെലിറ്റ് ചെയ്തു.

“നന്ദേട്ടാ‍ാ.. സുഖല്ലേ.. ഓര്‍മ്മണ്ടാ?”
ഷേക്ക് ഹാന്‍ഡിനു കൈ നീട്ടിക്കൊണ്ട് ഒരു പയ്യന്‍
ലിവന്‍ ജിക്കൂസല്ലേ.... ഒരു മറവിയുമില്ല. നല്ല പരിചയമല്ലേ. തിരൂരും, കൊച്ചിയിലും കണ്ട് നല്ല പരിചയം. ബ്ലോഗിലൂടെ ഏറെ പരിചയം.
ഹാ ജിക്കൂ...
ബ്ലോഗ് പോസ്റ്റും കമന്റുകളും വായിക്കുന്നപോലല്ല... ആളു പക്ഷെ ജിക്കു ശുദ്ധനാ കാണുമ്പോള്‍. ഒരു കുഴപ്പവും തോന്നില്ല. നിഷ്കളങ്കത ഒട്ടിച്ചു വെച്ച മുഖം. ഈപയ്യനില്‍ നിന്നോ ബോംബു സ്ഫോടനം പോലെയുള്ള കമന്റുകള്‍ വീഴുന്നത് ?


ഹാളിലെ ഇരുട്ടില്‍ ഒരു വെളുത്ത ടീഷര്‍ട്ട് നീങ്ങുന്നത് കണ്ട് ഞാന്‍ പിന്നാലെ വിട്ടു. ഷര്‍ട്ടിനുള്ളില്‍ പക്ഷെ ജിമ്മന്‍ ഉണ്ടായിരുന്നത് അടുത്തെത്തിയപ്പോഴാ കണ്ടത്. മറ്റാരുമല്ല
മത്തായി
മരട് സ്വദേശിയാണ്. സ്വന്തമായി ഒരു ചാനലുമുണ്ട്. മത്തായി വിഷന്‍ (രാത്രി ഒരുമണി മുതലേ സംപ്രേഷണം ഉണ്ടാവൂ ത്രേ!) കഴിഞ്ഞ വര്‍ഷം മത്തായിയെ എറണാകുളം പുസ്തകോത്സവത്തില്‍ കണ്ടതോര്‍ക്കുന്നു. എന്‍ ബി പബ്ലിക്കേഷന്റെ സ്റ്റാളില്‍ സജ്ജീവേട്ടന്റെ സ്പോട്ട് കാരിക്കേച്ചര്‍ ഉണ്ടായിരുന്നു. വന്നെത്തിയ മത്തായിക്കും വരക്കണം ഒരെണ്ണം. മത്തായിയെ ആകെയൊന്ന് നോക്കി നിരാശപ്പെട്ട് സജ്ജീവേട്ടന്‍ തല കുമ്പിട്ടു

"വരക്കുന്നില്ലേ സജ്ജീവേട്ടാ.". ഞാന്‍ തിരക്കി
"ബ്ലാക്ക് മാര്‍ക്കര്‍ പെന്‍ ഞാന്‍ കുറച്ചേ കൊണ്ടുവന്നിട്ടുള്ളൂ."
"അതിനെന്താ ഒരെണ്ണം വരച്ച് കൊട്, ഗൂഗിള്‍ ബസ്സ് സൂപ്പര്‍ താരമാണ്‍."
“ശരിക്കും?” സജ്ജീവേട്ടന്‍ കണ്ണൂ മിഴിച്ചു.
“പിന്നേ.. മത്തായി ഒരു ദിവസം ബസ്സിട്ടില്ലെങ്കില്‍ ബസ്സിണികള്‍ ഊണു പോലും കഴിക്കില്ലത്രേ!”
“ഹോ!, ഇവനാണ് ബസ്സേശ്വരന്‍” സജ്ജീവേട്ടന്‍ ഉവാച.
തുടര്‍ന്ന് സജ്ജീവേട്ടന്‍ യജ്ഞം ആരംഭിച്ചു
ഒന്ന്.....രണ്ട്......മൂന്ന്....
മത്തായിയെ വരച്ചു കഴിഞ്ഞപ്പോള്‍ മൊത്തം മൂന്ന് ബ്ലാക്ക് മാര്‍ക്കര്‍ പേനകള്‍ മഷി തീര്‍ന്ന് താഴെ നിലം പതിച്ചു കഴിഞ്ഞിരുന്നു.


മീറ്റിന്റെ തിരക്കില്‍ പലരേയും ചിരിച്ചും പുഞ്ചിരിച്ചും തൊളില്‍ തട്ടിയുമൊക്കെ പരിചയപ്പെട്ടൂം പുതുക്കി..
“അപ്പോ പോവല്ലേ?”
ശബ്ദം കേട്ട് നോക്കുമ്പോള്‍ പാക്കരന്‍. രാവിലെ എന്റെയൊപ്പം വന്ന പാക്കരന്‍.
പോവാലോ പാക്കരാ. തിരക്ക് കൂട്ടാതെ.
പാക്കരന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശി. കണ്ടാല്‍ പയ്യന്‍ ലുക്ക്, പക്ഷെ പറഞ്ഞാല്‍ വിശ്വസിക്കില്ല, കല്യാണം കഴിച്ചിട്ടൂണ്ട്ന്ന്.!!! പാക്കരന്റെ കല്യാണത്തിന്റന്ന് ചേര്‍ത്തല പ്രദേശം ഹര്‍ത്താലാചരിച്ചുവെന്ന് ന്യൂസ് ഉണ്ട്. ചോദിച്ചപ്പോള്‍ കണ്ണിറുക്കി പാക്കരന്‍ സമ്മതിച്ചു. ഹോ, ഒരു പ്രദേശം മുഴുവന്‍ ഹര്‍ത്താലാചരിച്ച് കല്യാണാം ആഘോഷിക്കുന്നത് ലോകചരിത്രത്തിലാദ്യമാകണം.

തല്‍ക്കാലം തലകള്‍ ഇത്രമാത്രം...ഇനിയും സമയവും സൌകര്യവും ഒക്കെ അനുവദിച്ചാല്‍ ഉടനെത്തന്നെ.....

(ചിത്രങ്ങള്‍ക്ക് റെഫറന്‍സ് ഹബ്ബിയുടെ ഈ ബ്ലോഗ് പോസ്റ്റ് )