Showing posts with label നര്‍മ്മം. അനുഭവം. Show all posts
Showing posts with label നര്‍മ്മം. അനുഭവം. Show all posts

Wednesday, May 5, 2010

കല്ലേരിപ്പാടത്തെ വിഷു സംക്രാന്തി

.
ഒരു വിഷുവും കൂടി ആരവങ്ങളില്ലാതെ കഴിഞ്ഞുപോയി. കുറച്ചു വര്‍ഷങ്ങളായി കൈനീട്ടം കൊടുക്കുന്നതിന്റെ ബഡ്ജറ്റ് കൂടുതലായിട്ടുണ്ടെന്നല്ലാതെ വേറെ ഒരു സംഭവും ഇല്ല. അല്ലെങ്കിലും ഉത്സവങ്ങളും ആഘോഷങ്ങളും പകരുന്ന സുഖം കുട്ടിക്കാലത്തല്ലേ. ഇതൊന്നുമല്ലാതെ ലൈഫ് യാതൊരു ലിമിറ്റുമില്ലാതെ ടോപ്പ്ഗിയറില്‍ ഓടിക്കൊണ്ടിരുന്ന ഒരു ആര്‍മ്മാദകാലത്തെ വിഷു മനസ്സില്‍ നിന്നും മായില്ല. വിഷുവല്ല, വിഷു സംക്രാന്തിയായിരുന്നു ആ സുദിനം.

വര്‍ഷം കുറച്ച് പുറകിലാണ്. നാട്ടിലെ ജംഗ്ഷനില്‍ കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റായി തിണ്ണ നിരങ്ങിയിരുന്ന കാലം. ആഴ്ചയില്‍ മാറുന്ന സിനിമകളും വെള്ളിയാഴ്ചയിലെ ചിത്രഗീതവും പള്ളിപ്പെരുന്നാളും ഉത്സവവുമൊക്കെയാണ് ജീവിതത്തിന്റെ നിറപ്പകിട്ടുകള്‍ എന്ന് വിചാരിച്ചിരുന്ന സുന്ദര സുരഭില കാലഘട്ടം. ഒരു വിഷു സംക്രാന്തിയില്‍ സന്ധ്യയോടെ പതിവു പരദൂഷണ മാരത്തോണ്‍ ചര്‍ച്ചക്കും ഞങ്ങള്‍ നാലുപേര്‍ കല്ലേരിപ്പാടം ലക്ഷ്യമാക്കി നടന്നു. വിഷുവും പടക്കം പൊട്ടിക്കലും മറ്റുമൊന്നുമില്ലാത്ത നാലു അഭ്യസ്ഥവിദ്യരും അല്ലാത്തവരുമായ യങ്ങ് ജനറേഷന്‍സ് ഞാന്‍, ഗിരീഷ്, ദിനേശന്‍, മണികണ്ഠന്‍. കല്ലേരിപ്പാടത്തിന്റെ കലുങ്കിലേക്ക് ആസനം കൊണ്ടു വന്നിരുത്തി പരദൂഷണവും രാഷ്ട്രീയവും സിനിമയും ചര്‍ച്ചയാക്കി സിഗററ്റുകളെ ഷെയര്‍ ചെയ്ത് പാടത്തിനക്കരെ ആകാശത്തില്‍ പൊട്ടിവിരിയുന്ന അമിട്ടു നിറങ്ങളെ നോക്കി സംക്രാന്തിയെ സമ്പൂര്‍ണ്ണമാക്കുന്ന നേരം.

ദിനേശനും ഗിരീഷും എന്റെ ക്ലാസ്സ് മേറ്റാണ്. ദിനേശന്‍-ലോകത്തിലെ എന്തിനെക്കുറിച്ചും അറിയുന്ന അഭിപ്രായം പറയുന്ന വായനാശീലമുള്ളവന്‍. രമണ മഹര്‍ഷിമുതല്‍ രജനീഷ് മഹര്‍ഷി വരേയും ഗ്രീക്ക് മുതല്‍ ഗ്രീസ് വരേയും കഥകളി മുതല്‍ കോല്‍ക്കളി വരെയും എന്നു വേണ്ട ആകാശത്തിനു താഴെയും മുകളിലുമുള്ള സകലതിനേയുംകുറിച്ച് ആധികാര വിവരമുള്ളവന്‍‍.

ഗിരീഷ്- ഞങ്ങളുടെ പഞ്ചായത്തിലെ എന്നല്ല തൃശൂര്‍ ജില്ലയിലെ ഏതൊക്കെ പ്രദേശത്ത് എവിടെയൊക്കെ ഏതൊക്കെ പ്രായത്തില്‍ നല്ല സുന്ദരിക്കുട്ടികള്‍ ഉണ്ട് എന്നുള്ളതിന്റെ സഞ്ചരിക്കുന്ന വിജ്ഞാന കോശം, അഞ്ചിലേറെ ലൈനുകളുള്ള അഭിനവ കാസനോവ. ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, സുന്ദരന്‍, അബദ്ധങ്ങളില്‍ ഡിപ്ലോമ, മണ്ടത്തരങ്ങളില്‍ ചക്രവര്‍ത്തി, വായന-പുസ്തകം എന്നൊക്കെ കേട്ടാല്‍ ‘അയ്യ്യേ’ എന്ന് അറിയാതെ ചാണകത്തില്‍ ചവിട്ടിയ മട്ട്.

മണികണ്ഠന്‍- ഗ്രാമത്തിലെ മിമിക്രി ആര്‍ട്ടിസ്റ്റ്, നാടക നടന്‍-എഴുത്തുകാരന്‍-സംവിധായകന്‍, കൊമേഡിയന്‍. വാക്കിലൊളിപ്പിച്ച പരിഹാസം കൊണ്ട് ആളെ ആസാക്കാന്‍ മിടുക്കന്‍. കോമഡി കാസറ്റുകളുടെ ഹിറ്റ് റൈറ്റര്‍.
കളിയാക്കലും ചിരിയും കൊണ്ട് നേരം കഴിക്കവേ വടക്ക് കല്‍പ്പറമ്പ് ഭാഗത്ത് നിന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍കേട്ടു.

“പോലീസായിരിക്കോഡാ?” ഗിരീഷ് സിഗററ്റ് കുത്തിക്കെടുത്തി.

“പോടാ പോലീസ് ജീപ്പിന് ഒരു ഹെഡ്ലൈറ്റേ ഉള്ളൂ? ഇത് ഓട്ടോര്‍ഷ്യാ” ഹെഡ് ലൈറ്റിന്റെ വെളിച്ചം കണ്ട് ദിനേശന്‍ തീരുമാനിച്ചു,

ഓട്ടോ ഞങ്ങളുടെ അടുത്ത് വന്ന് നിര്‍ത്തി. പൈങ്ങോട്ടിലെ മനുച്ചെട്ടന്‍ ആയിരുന്നു. വെള്ളാങ്കല്ലൂരിലെ ഓട്ടവും കഴിഞ്ഞ് വിട്ടിലേക്കുള്ള വരവാണ്.

“ എന്തറാ വിഷുവായിട്ട് വെള്ളടി പരിപാടിണ്ടാ?” മനുച്ചേട്ടന്‍ പുറത്തിറങ്ങി.

“ഏയ് വെര്‍തെ..” ഞങ്ങള്‍

“വീട്ടിപ്പോയി പടക്കം പൊട്ടിച്ചൂര്‍ഡാ ഗിര്യേ” മനുച്ചേട്ടന്‍ തീവാങ്ങി ഒരു സിഗററ്റ് കത്തിച്ചു.

“ ഞങ്ങല്‍ക്ക് വിഷുല്ല്യാന്നേ, ഒരു വല്ല്യശ്ശന്‍ മരിച്ചോണ്ട് ഇത്തവണ വിഷുല്ല്യ” കുത്തിക്കെടൂത്തിയ സിഗരറ്റ് ഗിരീഷ് രണ്ടാമതു കത്തിച്ചു.

“എന്നാ പോട്ടറാ?” മനുച്ചേട്ടന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഘണ്ടാകര്‍ണ്ണ കയറ്റം കയറി.

“ ഓഹ് അന്തപ്രാണന്‍ കത്തിപോയിസ്റ്റാ.. പോലീസ് ജീപ്പ്ണന്നു വിചാരിച്ചു” ഗിരീഷ് കുറ്റി കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

“പണ്ട് രണ്ടുമൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക് പറ്റീറ്റ്ണ്ടറാ.. ഇല്ലെഡ നന്ദ്വോ?” മണികണ്ഠന്‍

“ ആ ടക്കേ... ഒരുസം രാത്രി ഇവിടിരുന്ന് പൂര ബഹളംസ്റ്റാ... അതിന്റെടേലാ വടക്ക്ന്ന് ഒരു ജീപ്പ് പാഞ്ഞ് വന്ന്...” ഞാന്‍

“ഞങ്ങള്‍ടെ അടുത്തെത്തീട്ട് ഒരൊറ്റ ചവിട്ട് നിര്‍ത്തല്” മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു “ ഞങ്ങളൊക്കെ രൊറ്റ പേടിസ്റ്റോ.. എല്ലാവരും എഴുന്നെറ്റ് നിന്നു. നോക്കുമ്പോരാ?”

“ആരാ പോലീസാ?” ഗിരീഷ്

“ ഏയ് എവട്ന്ന്. മ്മടെ ഗംഗേട്ടന്‍. ചാണാശ്ശേരിലേ. പുള്ളി കടപൂട്ടി വീട്ടീല്‍ക്ക് വരായിരുന്നു” മണികണ്ഠന്‍

“അന്ന് ഞങ്ങള് പേടിച്ചോണ്ട് പുള്ളി എടക്കെടക്ക് ഇങ്ങിനെ ചെയ്യുടെക്കേ ഞങ്ങളെ പേടിപ്പിക്കാനായിട്ട്. ഒന്ന് രണ്ട് പ്രാവശ്യം കഴിഞ്ഞ്പ്പോ ഞങ്ങള്‍ക്ക് മനസ്സിലായ്ട്ടാ, പിന്നെ ജീപ്പിന്റെ സൌണ്ട് കേക്കുമ്പഴക്കും ഞങ്ങക്കറീയാം. . പിന്നെ പുള്ളി വന്ന് എന്തെങ്കിലും പറഞ്ഞിട്ട് കൊറച്ചഴിഞ്ഞേ പോവു.”

മണികണ്ഠനില്‍ നിന്ന് സിഗററ്റിന്റെ ബാക്കി വാങ്ങുന്നതിനിടയില്‍ ഗിരീഷിനോട് ദിനേശന്‍ ചോദിച്ചു :

“എന്തായറാ നിന്റെ പുത്യേ ലൈന്‍?”

“എത് ലൈന്‍? ആര് പറഞ്ഞൂ?” ഗിരീഷ് ചൂടാവാന്‍ നോക്കി

“ ഹഹ ആരു പറഞ്ഞൂന്ന്. അപ്പോ സംഗതി ഇണ്ട് ല്ലേ?” ദിനേശന്‍ സംഗതി വെളിവാക്കി.

“പോയരെക്കേ. എനിക്കൊരു ലൈനൂല്ല്യ കോപ്പുല്ല്യ, ഒരെണ്ണത്തിനെ ചാലാക്കന്‍ തന്നെ എന്ത് പാടണന്നറിയോ?”

“ഒള്ള ലൈനൊക്കെ പോരഡാ ഗിരീഷേ.. ഹൊ നീ ഇതൊക്കെ എങ്ങനെ അഡ്ജസ്റ്റ് ചെയ്യുണൂടാ? “ ഞാന്‍

“ നിന്നെ പ്രിയദര്‍ശന്‍ നേരത്തെ കണ്ടിരുന്നെങ്കീ ബോയിങ്ങ് ബോയിങ്ങ് ല് മോഹന്‍ലാലിനു പകരം നിന്നെ വിളിച്ചേനെ” മണികണ്ഠന്റെ തമാശയില്‍ ഞങ്ങള്‍ അലറിച്ചിരിച്ചു. ആ സമയം പടിഞ്ഞാറെ പാടത്തിന്റവിടെ ഒരു ഗുണ്ട് പൊട്ടി തീപൂവുകള്‍ തെറിച്ചു. മറുകരയില്‍ എവിടെയൊ മാലപ്പടക്കത്തിനു ആരോ തുടക്കമിട്ടു. മേശപ്പൂവിന്റെയും ഗുണ്ടമിട്ടിന്റെയും പ്രഭയില്‍ ഞങ്ങളുടെ ചിരിയുടെ ബഹളത്തെ ഓവര്‍ലാപ്പ് ചെയ്ത്കൊണ്ട് വടക്ക് നിന്ന് ഗംഗേട്ടന്‍ ജീപ്പിന്റെ മുര്‍ള്‍ച്ച കേട്ടു.

“ദേഡേക്കേ ജീപ്പ്, പോലീസാവോ?” ഗിരീഷ് ചാടിയെഴുന്നേറ്റു

“ഒന്നിരിക്കെഡാ ശ്ശവീ. അത് ഗംഗേട്ടനണ്ടാ‍. പുള്ളിവരണ ടൈമാ”

“ ഹോ ഇങ്ങേര്‍ക്ക് വിഷൂന്റെ തലേദിവസേങ്കിലും നേരത്തെ കടയടച്ചു പോന്നുടെസ്റ്റാ”

“ഉം... ഇന്ന് നല്ല തെരക്കല്ലേ”

സിഗററ്റിന്റെ പുകച്ചുരുളകള്‍ക്കൊപ്പം കലുങ്കില്‍ ഗംഗേട്ടനെ കുറ്റപറഞ്ഞുകൊണ്ടിരുന്ന ഞങ്ങളുടെ മുന്നിലേക്ക് ഗംഗേട്ടന്‍ ജീപ്പ് കൊണ്ട് വന്ന് ചവിട്ട് നിര്‍ത്തി-ഏതാണ്ട് ഷാജി കൈലാസിന്റെ പടത്തിലെ ഷോട്ട് പോലെ.

“ഹായ്......ഗംഗേ......ഗം....ഗം..” ഗംഗേട്ടനെ വിഷ് ചെയ്യാന്‍ കൈപൊക്കിയ മണികണ്ഠന്റെ കൈ വായുവില്‍ നിന്നു. ശബ്ദം പകുതിയില്‍ മുറിഞ്ഞു, ഗംഗേട്ടനെ കാണാന്‍ ഞാന്‍ നൊക്കിയ ജീപ്പില്‍ മൂന്നാലു ഗംഗേട്ടന്മാര്‍....

“ദേഡാ പോലീ.....“ ഗിരീഷിന്റെ ശബ്ദം പുറത്തെക്ക് വന്നില്ല.

“എന്തറാ അവിടെ?” തല പുറത്തേക്കിട്ട് ഒരു പോലീസുകാരന്‍ ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചത് പാടത്തിന്റെ അക്കരെ ചെന്നു മാറ്റൊലി കൊണ്ടു..വിടെ?...ടെ...ടെ..

ആരുടേയും സഹായമില്ലാതെ എന്തിനു ഞങ്ങളുടെ മനസ്സുപോലുമറിയാതെ ഞങ്ങള്‍ എഴുന്നേറ്റു. മണികണ്ടന്‍ സിഗററ്റ് പിന്നിലൊളിപ്പിച്ചു, കാലുകൊണ്ട് ചെരുപ്പ് തപ്പി. ഗിരീഷ് മുണ്ട് മടക്കിക്കുത്താന്‍ തുടങ്ങി

“ ഏയ് ഒന്നുല്ല്യ. വെറുതെ..ഞങ്ങളിങ്ങനെ വര്‍ത്താനം പറഞ്ഞ്.....”

“ ആര‍ടമ്മേനെ കെട്ടിക്കാനണ്ടാ ഈ നേരത്ത് കലുങ്കിമ്മേലിരിക്കണേ.” പോലീസുകാരന്‍ ആക്രോശത്തോടെ ചാടിയിറങ്ങി. “കുടുമ്മത്ത്പോടാ“

ഞങ്ങള്‍ പതിയെ അനങ്ങാന്‍ തുടങ്ങി.

‘കുത്തിരിക്കാന്‍ കണ്ട സ്ഥലം‘ എന്നു പറഞ്ഞ് പോലീസുകാരന്‍ ലാത്തി ഉയര്‍ത്തി ഞങ്ങളുടെ അടുത്തേക്ക് വരാന്‍ തുടങ്ങി. ആലോചിക്കാന്‍ സമയമില്ല. കിട്ടിയാല്‍ കിട്ടിയതു തന്നെ. തിരിച്ചു കൊടുക്കാന്‍ പോലും പറ്റില്ല. എന്തെങ്കിലും പറഞ്ഞാലോ ചെയ്താലോ ഒരു രക്ഷയുമില്ല. ചെലപ്പോ വിഷുക്കഞ്ഞി സ്റ്റേഷനില്‍നിന്ന് കഴിക്കേണ്ടി വരും. അസമയം. ആവശ്യമില്ലാത്ത സ്ഥലം. ജീപ്പിലാണെങ്കില്‍ മൂന്നാലു പോലീസുകാരെങ്കിലും ഉണ്ട്. നമുക്കറിയാവുന്ന ഒരേയൊരു അടവായ പത്തൊമ്പതാമത്തെ അടവു തന്നെ നല്ലത്.

“ ഓടീക്കോറാ” എന്നൊരൊറ്റ പഞ്ച് ഡയലോഗില്‍ ഞാനും ദിനേശനും മണികണ്ഠനും നേരേ വടക്കോട്ട് കലപ്പറമ്പ് റോഡിലേക്ക് ഓടി. ഓടുന്ന വഴി കാലിലിടാന്‍ നേരം കിട്ടാഞ്ഞതു കൊണ്ട് മണികണ്ഠന്‍ തന്റെ ടോപ്പാസ് പരുവത്തിലായ പാരഗണിനെ കയ്യിലെടുത്തിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ ഞങ്ങള്‍ മ്മൂന്നു പേര്‍.. ‘അയ്യോ നമ്മള്‍ നാലുപേരില്ലേ. ഗിരീഷ് മിസ്സ്‘ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മണ്ടന്‍ നേരെ ജീപ്പു പോകുന്ന വഴിയിലേക്ക് ഓടുന്നു. ഞങ്ങളുടെ സിഗ്നല്‍ മനസ്സിലാവാതെ അവന്‍ ഓടിയത് നേരെ മുന്നിലേക്കാണ്. പക്ഷെ, ജീപ്പ് എടുത്ത് വരുമ്പോഴേക്കും അടുത്ത കുറ്റിക്കാട്ടിലേക്ക് സെയ്ഫാകാന്‍ അവനു പറ്റും.

റോഡില്‍ കൂടെ ഓടിയാല്‍ പോലീസ് പിന്തുടരും എന്നു തോന്നിയതുകൊണ്ട് ഞങ്ങള്‍ പുഞ്ചകൊയ്ത വയലിലേക്ക് ചാടാം എന്നു നിശ്ചയിക്കവേ ജീപ്പ് മുന്നോട്ടെടുക്കുന്നത് കേട്ടു. പാടത്തിലേക്ക് ചാടുന്നതിനു മുന്‍പ് ഞാനൊന്നു തിരിഞ്ഞു നോക്കി. പൊന്തയിലേക്ക് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്നതിനു മുന്‍പ് റോഡിന്റെ സൈഡിലെത്തിയ ഗിരീഷിന്റെ തൊട്ടടുത്തെത്തിയ ജീപ്പില്‍ നിന്നും പുറത്തേക്ക് നീണ്ടുവന്ന ലാത്തി ഗിരീഷിന്റെ ചന്തിയിലേക്ക് ഒന്നു വീശുന്നതു ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. “ക് ണേ...’ എന്ന സൌണ്ട് കേട്ടതും ഞാന്‍ വയലിലേക്ക് ചാടിയതും ഒപ്പമായിരുന്നു. റോഡിലെ ഇരുട്ടിനെ തനിച്ചാക്കി ജീപ്പ് ഘണ്ടാകര്‍ണ്ണ ക്ഷേത്രത്തിന്റെ കയറ്റത്തിലേക്ക് കയറിപോയി.
കല്ലേരിപ്പടം ഇരുട്ടിലായി. പാടത്തിനക്കരെ പടക്കം പൊട്ടുന്ന സൌണ്ട് കേള്‍ക്കാം. ഒന്നു തെറ്റിയിരുന്നെങ്കില്‍ ഞങ്ങളുടെ പുറത്തും പടക്കം പൊട്ടിയേനെ. ഇനിയെന്തു ചെയ്യേണ്ടു എന്ന മട്ടില്‍ ഞങ്ങള്‍ കുറച്ചു നേരം പാടത്തു നിന്നു,

“ഡാ ഗിരീഷെവിടേ?” മണികണ്ഠന്‍ അപ്പോഴാണ് ഗിരീഷിനെ ഓര്‍ത്തത് “ പണ്ടാറം അതിനെ പിടിച്ചോണ്ടു പോയാ?”

“ ആ ശ്ശവം നമ്മടൊപ്പം ഓടണേനു പകരം അങ്ങടാ ഓടിയത്. അവനിട്ട് ഒന്നു പൊട്ടിക്കണത് ഞാന്‍ കണ്ടു. പിടിച്ചോണ്ടു പോയാവോ?”“ ഞാന്‍ പറഞ്ഞു.

“ഗിരീഷേ......” ദിനേശന്‍ ഗിരീഷ് ഓടിയ ദിക്കിലേക്ക് നോക്കി ഒന്നു ഉറക്കെ വിളിച്ചു, അപ്പുറത്ത് കയറ്റത്ത് തട്ടി ആ ശബ്ദം തിരിച്ചു വന്നു. ഗിരീഷിന്റെ മറുപടിയില്ല. ഇരുട്ടീല്‍ തമ്മില്‍ കാണുന്നില്ലെങ്കിലും ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി (നോക്കിയോടത്ത് മുഖമായിരിക്കുമെന്ന സമാധനത്തില്‍)

“ഒന്നു കൂടി വിളിച്ചേടാ?” എനിക്ക് ആധിയായി

“ഗിരീഷേ...” ഇത്തവണ ദിനേശനും മണികണ്ഠനും ഒരുമിച്ചു വിളിച്ചു

നോ റിപ്ലൈ ഒണ്‍ലി എക്കോ.

ഞങ്ങള്‍ക്ക് പേടിയായി. പതുക്കെ പാടത്ത് നിന്ന് ഉയര്‍ന്ന റോഡിലേക്ക് പൊത്തിപ്പിടിച്ചു കയറി. പണ്ടാറം, ചാടിയപ്പോ ഇത്ര പൊക്കമുണ്ടെന്ന് അറിഞ്ഞില്ല. റോഡിലെത്തി പതിയെ കലുങ്കിനടുത്തേക്ക് നടന്നു. എങ്കിലും അവനിതെവിടെ പോയി എന്നായിരുന്നു ചിന്ത. ആ പൊന്തയുടെ വശത്തുകൂടി അവന്റെ വീട്ടിലേക്ക് ഒരു നടവഴിയുണ്ട്. പക്ഷെ രാത്രി നേരത്ത് അതിലേ നടന്നു പോകാന്‍ പറ്റില്ല. കല്ലും കട്ടയും തോടും ഇഴജന്തുക്കളുമുള്ള വഴിയിലൂടെ ഗിരീഷ് പോകുമെന്ന് കരുതാനും വയ്യ. ഇനിയിപ്പോ പോലീസുകാരന്‍ ഓടിച്ച എനര്‍ജിയില്‍ ആ വഴിയിലൂടെ അറിയാതെ ഓടിപ്പോയിട്ടുണ്ടാവുമോ!. കുറച്ചു നേരം കൂടി ഞങ്ങള്‍ ഗിരീഷിനെ കാത്തു കലുങ്കിലിരുന്നു. വരുന്നതു വരട്ടെ. വേണേല്‍ ഗിരീഷിന്റെ വീട്ടില്‍ കയറി പറഞ്ഞിട്ടൂ പോകാം, ചിലപ്പോ ജീപ്പില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ജംഗ്ഷനില്‍ പരിചയക്കാരെക്കണ്ട് അവിടെ ഗിരീഷിനെ ഇറക്കി വിട്ടിട്ടുണ്ടെങ്കിലോ എന്നൊക്കെയുള്ള ആലോചനയും തീരുമാനവുമായി ഞങ്ങള്‍ തിരികെ വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി.

ഗിരീഷിന്റെ വീട്ടിലെക്കുള്ള കൊച്ചു ഇടവഴിയുടെ അടുത്തെ പൊന്തക്കു മുന്നിലൂടെ ഞങ്ങള്‍ നടന്നു നീങ്ങി. അല്പം നടന്നപ്പോള്‍ പുറകില്‍ നിന്ന് വളരെ പതിഞ്ഞൊരു ശബ്ദം.

“ഡാ”

ആരാനാവോ ഈ നേരത്ത്?

“ആരണ്ടത്?’ മണികണ്ഠന്‍ ഉറക്കെ ചോദിച്ചു,

“ഞാനണ്ടാ..ഞാനണ്ടക്കെ..“ പൊന്തയിലെ ഇരുട്ടില്‍ നിന്നും ഗിരീഷു കയ്യും തിരുമ്മി നടന്നു വരുന്നു.

“ദേഡക്കേ ഗിരീഷ്” അവനെ കണ്ട ആശ്വാസത്തില്‍ ഞങ്ങള്‍ ചിരിച്ചു, അത്രയും സമയമായപ്പോഴേക്കും കഴിഞ്ഞ സംഭവങ്ങള്‍ ഒരു തമാശയായി ഞങ്ങളില്‍ രൂപപ്പെട്ടിരുന്നു.

“നീയെന്തണ്ടാ കൈതപ്പൊണ്ണന്റെ ഉള്ളീന്ന്, എന്തേറാ കയ്യുമ്മേ?” അവന്റെ തടവുന്ന കയ്യ് നോക്കി ഞങ്ങള്‍ ചോദിച്ചു,

“ഒന്നും പറയണ്ടടക്കെ.. ആ &*^&*%പോലീസുകാരന്‍ ലാത്തി നീട്ടി ചന്തീമെ നോക്കി ഒരൊറ്റ പെട.. തടുക്കാന്‍ വേണ്ടി കൈ വെച്ചതാ. കയ്യിങ്കണേമ്മെത്തന്നെ കിട്ടി”

“നിന്നോടാരണ്ടാ പറഞ്ഞേ ഇങ്ങ്ട് ഓടാന്‍. നിനക്ക് ഞങ്ങടെ കൂടേ ഓടായിരുന്നില്ല്ലേ” ഞാന്‍ ചീത്ത പറാഞ്ഞു.

“പിന്നേ ആ നേരത്ത് എന്‍ സി സി ക്കാരെടെ പോലെ പിന്നക്ക് പിന്നാലെ മാര്‍ച്ച് ചെയ്യാന്‍ നിക്കല്ലേ, ഞാനോടീത് ഇങ്ങ്ടായിപ്പോയി. അവന്മാര്‍ പിന്നാലെ വന്ന് അടിക്കുന്ന് വിചാരിച്ചാ?”

“വേദനിണ്ടറാ” അവന്റെ കയ്യ് നോക്കി ഞാന്‍ ചോദിച്ചു “ എന്തായാലും പറ്റീത് പറ്റി. ഇനിത് ആരോടും പറയാന്‍ നിക്കണ്ട”

“ ഇക്ക് പറ്റുല്ല്യടെക്കേ. ആരോടും പറയാണ്ട് ഒരു സുഖല്ല്യ.” ഗിരീഷ് തന്റെ മനസ്സ് വെളിപ്പെടുത്തി.

“ ഹും. ഇനിത് കൊളാക്കിക്കോ. നാണക്കേടാ ശ്ശവീ”

“ഞാനെന്റെ ചേട്ടനോട് പറയൂടെക്കേ. അല്ലെങ്കീ ശര്യാവില്ല്യ”

ഗിരീഷ് അങ്ങിനെയാണ്. എന്തെങ്കിലും സംഭവം നടന്നാല്‍ വീട്ടിലോ കൂട്ടുകാരുടെ അടുത്തോ പറഞ്ഞില്ലെങ്കില്‍ അവന് സമാധാനക്കേടാണ്. അതിപ്പോ അവന് പറ്റിപ്പോയ അബദ്ധമായാലും ശരി. അങ്ങിനെയാണല്ലോ അവന്റെ മണ്ടത്തരങ്ങള്‍ ഞങ്ങള്‍ അറിയുന്നത്.

“നീയിനി ഇത് ആരോടും പറയണ്ട. ഓടീതും അടികിട്ടീതും പറഞ്ഞാല്‍ നമുക്ക്തന്നെ നാണക്കേട്.പിന്നെ ഒരുമാസം പൊറത്തെറങ്ങാന്‍ പറ്റില്ല“ എന്ന്പറഞ്ഞ് ഞങ്ങള്‍ ഗിരീഷിനെ ബ്രെയിന്‍ വാഷ് ചെയ്യാന്‍ തുടങ്ങി (അവനതില്ലെങ്കിലും) ഞങ്ങളുടെ നിര്‍ബന്ധം കാരണം ആരോടും പറയില്ല എന്ന അവന്റെ ഉറപ്പില്‍ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചു പോകാന്‍ നിശ്ചയിച്ചു.

“ എടാ വേഗം പൂവാടാ, പോലീസുകാര് തിരിച്ചു ഈ വഴി തന്നെ വരുംന്ന് പറഞ്ഞിട്ടുണ്ട്. ഇനി വരുമ്പോ നമ്മളേ കണ്ടാല് പിന്നെ, സ്റ്റേഷനില്‍ നോക്യാമതീന്നാ പറഞ്ഞേ“

“ഇത്രക്കും കമ്മ്യൂണിക്കേഷന്‍ നിങ്ങള് എപ്പോ നടത്തീടാ?” ദിനേശന് അത്ഭുതം

“ എനിക്കിട്ട് പെട്ച്ചിട്ട് പോണപോക്കില് ആ പോലീസുകാരന്‍ വിളിച്ചു പറഞ്ഞതണ്ടാ”

മുന്‍പ് നടന്നതൊക്കെ തമാശയായി തോന്നിയതുകൊണ്ട് അതിനെക്കുറിച്ച് പറഞ്ഞ് ചിരിച്ച് ഞങ്ങള് ഘണ്ടാകര്‍ണ്ണക്ഷേത്രത്തിന്റെ കയറ്റവും കയറി മഹിളാസമാജവും കഴിഞ്ഞ് ടൈലര്‍ ബാബുച്ചേട്ടന്റെ കടയുടെ മുമ്പിലെത്തി.

എവിടെപ്പോയെടാ കടയുടെ മുമ്പില്‍ വിഷുത്തലേന്ന് ആയതുകൊണ്ടാവും കുറച്ചുപേര്. കൂട്ടത്തിലെ ചന്ദ്രന്റെ ചോദ്യമാണ്.,

ഏയ് വെര്‍തെ.. കല്ലേരിപ്പാടത്ത്. എന്തേ ഇവിടെ..?

ദിപ്പന്നേ ഒരു പോലീസ് ജീപ്പ് ഇതിലേ പോയി, എന്താന്നറിയാന് നോക്കീതാ...വിഷുല്ലെടാ

ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി. പറയരുത് എന്ന് മൌനമായി സംവേദിച്ചു. ഗിരീഷിന്റെ മുഖം മാത്രം കയ്യാലപ്പുറത്തെ തേങ്ങ പോലെ. അവന്‍ ദയനീയമായി ഞങ്ങളെ നോക്കുന്നു.

മിണ്ടരുത് എന്ന് കണ്ണുരുട്ടി ഞങ്ങള്‍

എന്തറാ ഒരു വശപ്പെശക്? ഞങ്ങളുടെ മുഖാഭിനയം കണ്ടതോണ്ടാവും ചന്ദ്രന് വീണ്ടും.

ഏയ്...

അപ്പോഴേക്കും ഗിരീഷ് അടുത്ത് വന്നു എന്നിട്ട് ദിനേശിനോട് മുറുമുറുത്തു. ഞങ്ങളെ മാറ്റി നിര്‍ത്തി ദിനേശന്‍ പറഞ്ഞു എടാ അവന് പറയാന് മുട്ടുണൂന്ന്!

കൊന്നളയും ഞാനും മണികണ്ഠനും ഒരുമിച്ചു പറഞ്ഞു.

ഗിരീഷ് നിന്നു പിരിയാന്‍ തുടങ്ങി. പ്രായം കൂടുതലാണെങ്കിലും അവന്റെ നല്ല കൂട്ടൂകാരനാണ് ചന്ദ്രന്‍. അവനോടെങ്കിലും അത് പറയണമെന്നു അവനൊരു തോന്നല്‍

“എന്തണ്ടാ. എന്തോ ഒളിക്കണുണ്ടല്ലോ നിങ്ങള്, വെള്ളടിച്ചോടാ? ചന്ദ്രന്‍ സംഗതി പിടികിട്ടാന് നമ്പറെറക്കിനോക്കി.

“ഏയ്, വെര്‍തെ.. തോന്നണതാവും ഞങ്ങള്‍ മൂവരും ഒരുമിച്ചു പറഞ്ഞു.

അടുത്ത് സിഗററ്റിനു തീ കൊളുത്തി മണികണഠന്‍ തന്റെ പുതിയ കാസറ്റിന്റെ കഥപറയാന്‍ തുടങ്ങി. വലിയൊരു ആപത്തില്‍ നിന്നു രക്ഷപ്പെട്ടെന്ന മട്ടില്‍ ഞാന്‍ വീട്ടിലേക്കുള്ള ഇരുട്ടുപിടിച്ച വഴിയിലൂടെ നടക്കാന്‍ തുടങ്ങി.


**************************************************************************************


പിറ്റേ ദിവസം. വിഷു.
കുളിച്ച് കുറിതൊട്ട് കൈനീട്ടം വാങ്ങി, കൈലിമുണ്ട് മാറ്റി വെള്ളമുണ്ടുടുത്ത് കാല്‍ നടയായി പൈങ്ങോട്ടിലേക്ക് പോയി, ടൈലര്‍ ബാബുചേട്ടന്റെ കടയുടേ മുന്‍പിലെത്തിയപ്പോള്‍, പതിവു കൂട്ടം. ചന്ദ്രനും മറ്റുള്ളവരുമുണ്ട്. എന്നെ കണ്ടതും അവരില്‍ മേശപ്പൂവ് പോലൊരു ചിരി വിരിഞ്ഞു. എന്താണ് സംഗതി എന്നറിയാതെ ഞാന്‍ നടന്ന് അവര്‍ക്കരികിലെത്തി..

ഇന്നലെ എങ്ങ്നുണ്ടാര്‍ന്നു സംക്രാന്തി നന്ദ്വോ?

എന്ത് ?! എങ്ങിനെ? ഞാന്‍ പിടികിട്ടാതെ ചോദിച്ചു.

ഇന്നലെ പോലീസുകാരുടെ പെട എങ്ങനുണ്ടാര്‍ന്നെന്ന്? രാജനാണ് എക്സ്പ്ലെയിന്‍ ചെയ്തത്

പെടേ? ആരു പെടച്ചു? പോലീസാരാ? ഏയ്? ആരു പറഞ്ഞു

“വേണ്ടറാ...വേണ്ടറാ മോനെ, സംഗതി ഒക്കെ ഞങ്ങളറിഞ്ഞു. ചന്ദ്രന്‍ വീണ്ടും

എന്തൂറ്ററിഞ്ഞെന്ന്?

എടാ, ഇന്നലെ നിങ്ങള് കല്ലേരിപ്പാടത്തിരുന്നപ്പോ പോലീസ് ജീപ്പ് വന്നതും എല്ലാവര്‍ക്കും പെടകിട്ടീതും?

“ഇതാരു പറഞ്ഞു ഇങ്ങനെ“

“ഒക്കെ ഗിരീഷു പറഞ്ഞെടാ...ഗിരീഷിന്റെ കയ്യുമ്മെ ആദ്യം ലാത്തികൊണ്ടടിച്ചു, പിന്നെ നിങ്ങളോരോരുത്തരേം പിടീച്ചു നിര്‍ത്തി ചന്തീമ്മെ പെടച്ചൂന്ന്.

ഈശ്വരാ അവനങ്ങനാണോ പറഞ്ഞേ?

ഇനിയൊന്നും പറയണ്ട... എല്ലാവര്‍ക്കും പെട കിട്ട്യ കാര്യം ഗിരീഷു വിസ്തരിച്ചു പറഞ്ഞെടാ മോനേ..

എടാ മഹാപാപി ഗിരീഷേ.. നിനക്ക് പെടകിട്ടീത് പറയാന്‍ നീ ഞങ്ങള്‍ക്കിട്ട് പെടച്ച്യൂല്ലെറാ.. പോലീസുകാരേക്കാള്‍ വല്യ ചെയ്തായെടാ ഇത്‘ ഞാന്‍ മനസ്സില്‍ ഗിരീഷിനെ പ്രാകിക്കൊണ്ട് പറഞ്ഞു.

എന്തായാലും ആ വര്‍ഷം വിഷുവിന് ഗിരീഷ് കൊളുത്തിയ തിരിയില്ലാത്ത ഗുണ്ട് കാരണം വിഷു കേമമായെന്ന് പ്രത്യേകം പറയേണ്ടല്ലോ.

Monday, May 5, 2008

പി.കെ.ജി

ഈ എല്‍.കെ.ജി., യു.കെ.ജി. എല്‍.പി.ജി എന്നൊക്കെ പോലെയുള്ള സംഭവമാണോ ഈ ‘പി.കെ.ജി‘ എന്നു ചോദിക്കരുത്.

കാരണം ഇതൊരു വ്യക്തിയാണ്....വ്യക്തിപ്രഭാവമാണ്.....

എ.കെ.ജി എന്നൊരാളെ നമ്മളെല്ലാവരും അറിയുമല്ലോ?! അതുപോലൊരു രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകന്‍, പ്രാസംഗികന്‍. ഓ! അത്രക്കും പുലിയാണൊ എന്നു സംശയപ്പെട്ടാല്‍ ഞാന്‍ സത്യസന്ധമായിത്തന്നെ പറയും...എ.കെ.ജി.യുടെ പതിനാലു...അല്ലല്ല...ഇരുപത്തെട്ടു അയലത്തു...അല്ലെങ്കില്‍ അതിനപ്പുറം നിര്‍ത്താവുന്ന ഒരു വ്യക്തി. എ.കെ.ജിയും പി.കെ.ജിയും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള വിത്യാസം മാത്രം.

പി.കെ.ജി. പൈങ്ങോട് ഗ്രാമത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക-പ്രാസംഗിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. സ്വസ്ഥം ഗൃഹ ഭരണം. സാമൂഹ്യ സേവനത്തിനിയെന്തു വേണം.? അതുകൊണ്ട് പൈങ്ങോടിന്റെ സാമൂഹ്യവും സാംസ്ക്കാരികവുമായ മേഖലകളില്‍ ഇദ്ദേഹം എപ്പോഴും മുന്‍പന്തിയിലുണ്ടാവും. സംശയമുണ്ടെങ്കില്‍ പിറ്റേദിവസത്തെ പത്രമെടുത്തു പ്രാദേശിക പേജൊന്നു നോക്കു. പഞ്ചായത്തിന്റെ, അതേതു വാര്‍ഡുമായിക്കോട്ടേ, ദാ...പി.കെ.ജി, പ്രസിഡന്റിനെ മറച്ചു നിന്നുകൊണ്ട് ചിരിച്ചുകൊണ്ട് മുന്നില്‍ തന്നെ!

പൈങ്ങോട്ടില്‍ നിന്നു രണ്ടരകിലോമീറ്റര്‍ അകലെയുള്ള കോണത്തുകുന്ന് വഴി ഇരിങ്ങാലക്കുട പോകുന്ന രണ്ടു ബസ്സിലും കയറിയാലും കോണത്തുകുന്നില്‍ ജംഗ്ഷനില്‍ ഇറങ്ങാം. പക്ഷെ അദ്ദേഹം കയറില്ല. ബസ്സില്‍, ടിക്കറ്റെന്നോ, കാശ് കൊടുക്കണമെന്നോ ഒക്കെയുള്ള പഴഞ്ചന്‍ ഏര്‍പ്പാടുണ്ട്. പൈങ്ങോട്ടില്‍ നിന്ന് കോണത്തുകുന്ന് ജംഗ്ഷനിലേക്കു തിരിച്ചു പോകുന്ന ഓട്ടോറിക്ഷ കിട്ടും. പക്ഷെ ചുള്ളന്‍ അതിലും കയറില്ല, റിട്ടേണ്‍ ചാര്‍ജ്ജ് കൊടുക്കണം ത്രേ. പിന്നെയന്തു ചെയ്യും? പൈങ്ങോട്ടില്‍ നിന്ന് കോണത്തുകുന്നിലേക്ക് പോകുന്ന ഏതെങ്കിലും ബൈക്ക് / സ്ക്കൂട്ടര്‍ യാത്രക്കാരന്റെ പിന്നില്‍ പിടിച്ചു കയറും. ബൈക്ക് യാത്രക്കാരന്‍ പരിചയമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ, തന്റെ ചന്തിയൊന്നു പുറകിലെ സീറ്റില്‍ വച്ചു കിട്ടണം, കൂളായി കോണത്തുകുന്നിലെത്തണം. അതിനു വേണ്ടി എത്ര മണിക്കൂറും കാത്തുനില്‍ക്കാന്‍ പി.കെ.ജി റെഡി.

വടക്കേ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ മാത്രം വേരുകളുള്ള കാക്കതൊള്ളായിരം ഗ്രൂപ്പുകളുള്ള ഒരു പാര്‍ട്ടിയുടെ, വെള്ളാങ്കല്ലൂര്‍ പഞ്ചായത്തിന്റെ സെക്രട്ടറി, പ്രസിഡണ്ട്, ഖജാന്‍ജി, ഏഴംഗകമ്മറ്റി എല്ലാം പി.കെ.ജി തന്നെയാണ്. അതുകൊണ്ട് രാഷ്ട്രീയ ഉത്തരവാദിത്വം, നിങ്ങള് വിചാരിക്കുന്ന പോലെനിസ്സാരമല്ല, വളരെ വലുതാണ്. പാര്‍ട്ടിയുടെ വല്ല പോസ്റ്ററോ നോട്ടീസൊ വന്നാല്‍ നാട്ടിലെ ഏതെങ്കിലും പിള്ളാര്‍ക്ക് ഇറച്ചിയും പൊറോട്ടയും ഓഫര്‍ ചെയ്ത് അവരെക്കൊണ്ട് മതിലില്‍ പതിപ്പിക്കണം. പ്രസംഗിക്കണം, ജാഥക്കു പോണം. അതും പോരാഞ്ഞ് അതിരാവിലെ പത്രം നോക്കി താനിന്ന് ഏതു നേതാവിന്റെ ഗ്രൂപ്പ് /പാര്‍ട്ടിയിലാണ് എന്നുറപ്പു വരുത്തണം. ഇന്നലെ വരെയുള്ള തന്റെ അഖിലേന്ത്യാ നേതാവ് ഇന്നു പാര്‍ട്ടി വിട്ടോ, വിട്ടെങ്കില്‍ കൂടെനില്‍ക്കണോ, കൂറുമാറണൊ ഒക്കെ പി.കെ.ജി തന്നെ ചെയ്യണം. ഇതൊക്കെ നിസ്സാര കാര്യമാണൊ? ഇതിനൊക്കെയിടയില്‍ പഞ്ചായത്തിലെ പരിപാടികള്‍, ഉദ്ഘാടനങ്ങള്‍, ആക്ഷന്‍ കമ്മറ്റികള്‍, സെമിനാറുകള്‍ ഹൊ! എന്നു വേണ്ട..ഒരു പൊതുപ്രവര്‍ത്തകനായിപ്പോയതിന്റെ ഓരോ പൊല്ലാപ്പുകള്‍...!! മാത്രമല്ല നാട്ടിലെ പൌരസമിതികളില്‍ ഒരു സെക്രട്ടറിയോ പ്രസിഡണ്ടോ ആയിക്കിട്ടാന്‍ വേണ്ടി പി.കെ.ജി നടത്തുന്ന അശ്രാന്ത പരിശ്രമങ്ങള്‍.....ഒരു ഉദാഹരണം മാത്രം പറയാം.

പൈങ്ങോടു സ്ക്കൂളില്‍ നടന്ന ഒരു പൌരസമിതി രൂപീകരണത്തിന്റെ ആദ്യ മീറ്റിങ്ങ്. ഗ്രാമത്തിലെ റോഡുവികസനമാണു വിഷയം. പല വീട്ടുകാരും പറമ്പിന്റെ ഓരോ ഭാഗം വിട്ടുകൊടുക്കേണ്ടതും സ്വഭാവികമായി തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന സംഭവം. നാടിന്റെ വികസനമല്ലേ എന്നു കരുതി വാര്‍ഡിലെ ഒട്ടുമിക്കവരും തൊട്ടടുത്ത വാര്‍ഡിലെ പ്രമുഖരും എത്തിയിട്ടുണ്ട്. ക്ഷണിച്ചിട്ടില്ലെങ്കിലും പി.കെ.ജി യും സന്നിഹിതന്‍. ഇനി അഥവാ ആരെങ്കിലും ക്ഷണിക്കാന്‍ മറന്നെങ്കില്‍ തന്നെ പി.കെ.ജി ക്കു വിഷമമില്ല. ദിവസവും സമയവും അന്വേഷിച്ച് പുള്ളിക്കാരന്‍ അവിടെയത്തിക്കോളും. അല്ലെങ്കില്‍ തന്നെ പൊതുപ്രവര്‍ത്തകരെ ആരെങ്കിലും ക്ഷണിക്കണോ?

യോഗം തുടങ്ങി, ചര്‍ച്ചകള്‍ക്കു ശേഷം പൌരസമിതിയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന ഘട്ടമെത്തി. പി..കെ.ജി ഒന്നു ഉഷാറായി, നിവര്‍ന്നിരുന്നു. ഭാരവാഹികളാവാന്‍ തയ്യാറുള്ളവര്‍ മുന്നിട്ടിറങ്ങണമെന്ന ആഹ്വാനം ആരും മുഖവിലക്കെടുത്തില്ല. കുറച്ചു നേരത്തെ നിശ്ശബ്ദത.

"എന്നാപിന്നെ നമ്മുടെ സജ്ജയന്‍ തന്നെ പ്രസിഡണ്ടാവട്ടെ" പി.കെ.ജിയുടെ നിര്‍ദ്ദേശം.

സദസ്സ് ഞെട്ടി. എങ്ങിനെയങ്കിലും ഈ പണ്ടാരമൊന്നു കഴിഞ്ഞിട്ടു കുടുംബത്തു പോകാന്‍ വേണ്ടി തലചൊറിഞ്ഞിരുന്ന സജ്ജയന്‍ചേട്ടന്‍ വരെ ഞെട്ടി. കാരണം മറ്റൊന്നല്ല. സ്വന്തം പറമ്പിലെ തേങ്ങ വീണാല്‍ പൊലും അത് പെറുക്കാന്‍ മുറ്റത്തിറങ്ങാത്ത, തൊട്ടയല്പക്കത്ത് താമസിക്കുന്നത് ആരാണെന്നു പോലും അറിയാത്ത സജ്ജയന്‍ ചേട്ടന്‍ മീറ്റിംഗിനു വന്നതു തന്നെ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. (ലോകം നന്നായി തുടങ്ങിയെന്നു വരെ ചില ബുദ്ധിജീവികള്‍ അടക്കം പറഞ്ഞു) അപ്പോഴാണ് സ്വന്തം വാര്‍ഡിലെ ആളുകളെപോലും അറിയാത്ത സജ്ജയന്‍ ചേട്ടന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞെട്ടലില്‍ നിന്നും മുക്തനായ സജ്ജയന്‍ ചേട്ടന്‍ വിനീത വിധേയനായി പറഞ്ഞു.

"അയ്യോ ക്ഷമിക്കണം. എനിക്കിതൊന്നും അറിയാത്ത കാര്യമാണ്. സമയവും തീരെയില്ല. വേറെ ആരെങ്കിലും പ്രസിഡന്റാവുന്നതായിരിക്കും നല്ലത്."

"എന്നു പറഞ്ഞാല്‍ ആരെങ്കിലും ആകണ്ടെ.....എല്ലാവരും ഇങ്ങിനെ പിന്‍ വലിഞ്ഞാ പിന്നെങ്ങിനാ..?" പി.കെ.ജി വിടാനുള്ള ഭാവമില്ല.

"എന്നാ പിന്നെ പി.കെ.ജി തന്നെയാകട്ടെ പ്രസിഡണ്ട്" സജ്ജയന്‍ ചേട്ടന്‍ പറഞ്ഞു.
സ്വാഭവികം. തന്നെ നിര്‍ദ്ദേശിച്ച ആളോട് നന്ദി സൂചകമായി ഈ ഉപകാരമല്ലാതെ മറ്റെന്തു ചെയ്യും?

" ആ..! എന്നാപിന്നെ...ശരി...നിങ്ങളുടെയൊക്കെ നിര്‍ബന്ധം ആണെങ്കില്‍ അങ്ങിനെയായിക്കോട്ടെ.." പി.കെ.ജി ക്കു നൂറു സമ്മതം.

ഡൈ ചെയ്തു കറുപ്പിച്ച പ്രേംനസീര്‍ മീശ ചെറുതായി തടവി പി.കെ.ജി ഇളകിയിരുന്നു. അങ്ങിനെ പി.കെ.ജി പൌരസമിതിയുടെ പ്രസിഡണ്ടായി.

ഇത്രയും വിവരണത്തിലൂടെ മൊത്തത്തില്‍ ആളെങ്ങിനെയെന്ന് മനസ്സിലായല്ലൊ?!

*************************************

കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ മുന്നണിയുടെ ഘടക കക്ഷിയാണ് പി.കെ.ജി.യുടെ ദേശീയ പാര്‍ട്ടി. അതുകൊണ്ടു തന്നെ മുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തിലും, തിരഞ്ഞെടുപ്പു യോഗങ്ങളിലും പി.കെ.ജി മുഖ്യ ഘടകം. പി.കെ.ജിയുടെ പ്രസംഗം വളരെ 'ഉജ്ജ്വല'മായതുകൊണ്ട് മുന്നണി യോഗത്തിന്റെ അവസാന പ്രാസംഗികനായിട്ടാണ് പി.കെ.ജി യെ ഉള്‍പ്പെടുത്താറ്. അധികം ആളുകളില്ലാത്ത, മുന്നണിയിലെ പ്രമുഖ പാര്‍ട്ടിക്ക് തീരെ സ്വാധീനമില്ലാത്ത പ്രദേശങ്ങളിലാണ് പി.കെ.ജിയ്ക്ക് പ്രസംഗിക്കാനവസരം കൊടുക്കുന്നത്. (പിന്നേ; വര്‍ഷങ്ങളായി ചോര കൊടുത്തും കെട്ടിപ്പെടുത്തിയ പാര്‍ട്ടിയുടെ സ്വാധീനം ഒറ്റയൊരു പ്രസംഗത്തിലൂടെ കളയാന്‍ മുന്നണിയുടെ തലപ്പത്തിരിക്കുന്നവന്റെ തലയില്‍ ആള്‍താമസം ഇല്ലാതിരിക്കണം)

'രാമ ജന്മഭൂമി പ്രശ്നം' കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം.

കോണത്തുകുന്നില്‍ മുന്നണിയുടെ മതസൌഹാര്‍ദ സമ്മേളനം നടക്കുന്നു. വര്‍ഗ്ഗീയതക്കെതിരെയുള്ള ആഹ്വാനവുമായി സമ്മേളനം ഗംഭീരമായി. അവസാന പ്രാസംഗികനായി പി.കെ.ജി എഴുന്നേറ്റു. അതുവരെ ആവേശത്തോടെ പ്രസംഗം കേട്ടിരുന്നവര്‍ വീട്ടിലേക്കു മടങ്ങിത്തുടങ്ങി.കടകളുടെ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ചിലര്‍ ബീഡിവലിക്കാന്‍ മാറിനിന്നു. ഏകദേശം ശൂന്യമായിത്തുടങ്ങിയ കോണത്തുകുന്ന് ജംഗഷനെ നോക്കി പി.കെ.ജി. കത്തിക്കയറിത്തുടങ്ങി. പ്രസംഗം ഒരു പതിനഞ്ചു മിനിട്ടായിക്കാണും..

"................നിങ്ങള്‍ക്കറിയാമോ നാട്ടുകാരെ...ഈ മന്ദിര്‍-മസ്ജിദ് പ്രശ്നം കാരണം ഇന്ന് അയോദ്ധ്യയില്‍......ആയിരക്കണക്കിന് 'ജഡ'ങ്ങളാണ് ദിവസവും ചത്തുവീഴുന്നത്...."

വീട്ടില്‍ പോകാന്‍ നടന്നു തുടങ്ങിയ പൈങ്ങോട്ടിലെ വേലായുധേട്ടന്‍ പെട്ടെന്ന് നിശ്ചലനായി.
ഷട്ടറിട്ടു തുടങ്ങിയ ദാസേട്ടന്‍ ഷട്ടര്‍ പകുതിക്കുവെച്ച് നിര്‍ത്തി ചെവിയോര്‍ത്തു.
ബീഡി വലിച്ചിരുന്ന കുഞ്ഞഹമ്മദിക്ക പുക പുറത്തേക്കൂതാതെ കണ്ണും തള്ളിയിരുന്നു.

മഴപെയ്തപ്പോള്‍പോലും, മഴകൊള്ളാതിരിക്കാന്‍ വേണ്ടി സ്ക്കുളിന്റെ ഇറയത്ത് കയറിയിട്ടില്ലാത്ത യൂണിയന്‍കാരന്‍ സുധാകരേട്ടന്‍ സര്‍വ്വേരിക്കല്ലിലിരുന്നു ആരോടെന്നില്ലാതെ പറഞ്ഞു :

"എന്തൂറ്റാ ഇയാള് പറയണ്? ജഡം ചത്തു വീഴേ?!? ചത്തു കഴിഞ്ഞാലല്ലെഡൊ ജഡാവാണത്? പിന്നെങ്ങിനാണ് ജഡം ചത്തു വീഴണത്? "

****************************************

സംസ്ഥാന സര്‍ക്കാരിന്റെ അരിവില വര്‍ദ്ധനവിനെതിരെയുള്ള മുന്നണിയുടെ വാഹനപ്രചരണ ജാഥക്ക് വെള്ളാങ്കല്ലൂര്‍ ജംഗ്ഷനില്‍ സ്വീകരണം. പ്രാസംഗികന്‍ പതിവുപോലെ പി.കെ.ജി.
സംസ്ഥാന സര്‍ക്കാരിന്റെ വിലവര്‍ദ്ദനവിനെതിരെ പി.കെ.ജി കത്തിക്കയറി.

".......നിങ്ങള്‍ക്കറിയാമോ ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം മൂന്നു പ്രാവശ്യം അരി വില വര്‍ദ്ധിപ്പിച്ചു...... ഇപ്പോള്‍ ഒരു കിലോ അരിക്ക് റേഷന്‍ കടയില്‍ എത്രയാണ് വില??..."

"...അറിയുമോ ഒരു കിലോ അരിക്ക് എന്താണിപ്പോ വില...?"

ജംഗ്ഷന്‍ നിശ്ശബ്ദം.. പി.കെ.ജി. വീണ്ടും ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഉത്തരത്തിനു ജനം കാതോര്‍ത്തു നിന്നു.

"......എത്രയാണു വില...?" അഞ്ചു പ്രാവശ്യം പി.കെ.ജി. ആ ചോദ്യം ചോദിച്ചു...അവസാനം തൊട്ടടുത്തിരുന്ന അദ്ധ്യക്ഷനോട് പതുക്കെ ഒരു ചോദ്യം :

".....ശ്...ശ്.....അതേ, ഒരു കിലോ അരിക്ക് ഇപ്പൊ എത്രാണ് വെലാ?..."

********************************

ഒരു ഓണക്കാലം. കോണത്തുകുന്നിന്റെ സമീപ ഗ്രാമമായ കാരുമാത്രയില്‍ ഗ്രാമത്തിലെ ഒരു കലാസമിതി സംഘടിപ്പിച്ച ഓണാഘോഷം. വൈകീട്ട് ആറു മണിക്ക് സമ്മേളനം തുടങ്ങി. അതു കഴിഞ്ഞു വേണം കുട്ടികളുടെ കലാപരിപാടികള്‍, അവസാനം നാടകം ഒക്കെ നടത്താന്‍. ആശംസാ പ്രസംഗത്തിനു നമ്മുടെ പി.കെ.ജിയുമുണ്ട്. ഉദ്ഘാടകന്‍ പഞ്ചായത്ത് പ്രസിഡണ്ട്. പ്രസംഗം തുടങ്ങി. അവസാനം പി.കെ.ജിയുടെ ഊഴമെത്തി. കോണ്‍ വെന്റ് സ്ക്കൂളില്‍ പഠിച്ചവന്‍ ഗവ. മിക്സഡ് കോളേജില്‍ ചെന്ന പോലെ, ആക്രാന്തത്തോടെ പി.കെ.ജി. മൈക്കിനരികിലെത്തി വാഗ്വിലാസം തുടങ്ങി.

പി.കെ.ജി യുടെ പ്രസംഗം തുടങ്ങിയതോടെ ആണുങ്ങളില്‍ പലരും ബീഡി വലിക്കാനും ചായകുടിക്കാനും എഴുന്നേറ്റു. പെണ്ണുങ്ങള്‍ പരസ്പരം തലയിലെ പേന്‍ നോക്കാനിരുന്നു.

"ഈ ഈ ഓണം ഓണം എന്നു പറഞ്ഞാല്‍...... നിങ്ങള്‍ക്കറിയാമോ ഡല്‍ഹിയില്‍ മണ്ഡല്‍ കമ്മീഷന്റെ പേരില്‍ എത്ര പേരാണ് ആത്മഹത്യ ചെയ്യുന്നത്......“

പി.കെ.ജിയുടെ പ്രസംഗത്തില്‍ ഓണം പോയിട്ട് ഒരു മൂലം പോലുമില്ല. അയോദ്ധ്യയും, മണ്ഡലും, വര്‍ഗ്ഗീയതയും മാത്രം.

അതിനിടയില്‍ ക്ലബ്ബ് പ്രസിഡണ്ട് ഒരു കടലാസ്സ് പി.കെ.ജിക്കു കൈമാറി. കടലാസ്സ് നോക്കി പി.കെ.ജി വായിച്ചു.

".....കബ്ബിന്റെ ഖജാന്‍ ജി സുരേഷ് ഈ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍ ഉടന്‍ സ്റ്റേജിനു പുറകിലേക്കു വരണം..എന്ന് ക്ലബ്ബ് പ്രസിഡണ്ട്.."

അത്രയും പറഞ്ഞ് പി.കെ.ജി വീണ്ടും അയോദ്ധ്യയിലേക്കു പോയി..

ആണുങ്ങള്‍ രണ്ടു ചായ കുടിച്ചു മൂന്നാമത്തേതിനു ഓര്‍ഡര്‍ ചെയ്തു...ബീഡി മൂന്നെണ്ണം വലിച്ചു.
പി.കെ.ജി പ്രസംഗവണ്ടി അയോദ്ധ്യയില്‍ നിന്ന് നേരെ ഡല്‍ഹിയിലേക്ക് വിട്ടു, മണ്ഡല്‍ കമ്മീഷന്‍ കവര്‍ ചെയ്യാന്‍..

പ്രസിഡണ്ട് വീണ്ടുമൊരു കടലാസ്സ് പി.കെ.ജിക്കു കൈമാറി. പി.കെ.ജി അതുനോക്കി വീണ്ടും :
"....സിംഗിള്‍ ഡാന്‍സിനു പേരുകൊടുത്തിട്ടുള്ള കെ.പി. മഞ്ചുമോള്‍ ഉടനെ സ്റ്റേജിനു പുറകിലെത്തണം. പ്രസംഗം കഴിഞ്ഞാല്‍ ഉടനെ കലാപരിപാടികള്‍ ആരംഭിക്കും...."

ആണുങ്ങള്‍ മൂന്നാമത്തെ ചായ കടം പറഞ്ഞു. പെണ്ണുങ്ങളില്‍ ചിലര്‍ വീട്ടില്‍ പോകാനെഴുന്നേറ്റു. എന്നിട്ടും പി.കെ.ജി ക്കു യാതൊരു കുലുക്കവുമില്ല. ആശാന്‍ തകര്‍ക്കുകയാണ്.

സ്റ്റേജിനു പുറകില്‍ പ്രസിഡന്റും,സെക്രട്ടറിയും, ഖജാന്‍ ജിയും തലചൊറിഞ്ഞു.
'പണ്ടാറം, ഇയാള്‍ടെ പ്രസംഗം കഴിഞ്ഞിട്ട് ഇന്നിനി കലാപരിപാടി നടത്താന്‍ സമയമുണ്ടാവോ?'

ഓണത്തിനിടയില്‍ പ്രസംഗകച്ചവടം നടത്തിയിരുന്ന പി.കെ.ജിയുടെ കയ്യിലേക്ക് പ്രസിഡണ്ട് ഒരു കടലാസ്സ് കൂടി കൈമാറി. പ്രസംഗത്തിന്റെ ഒഴുക്ക് നഷ്ടപെട്ടതിന്റെ ഈര്‍ഷ്യയില്‍ പി.കെ.ജി കടലാസ്സ് വാങ്ങി യാന്ത്രികമായി വായിച്ചു.:

"...........പ്രസംഗം ഉടന്‍ നിറുത്തണം........"

കടലാസ്സ് താഴെയിട്ട് വീണ്ടും അയോദ്ധ്യയിലേക്ക് നടക്കാന്‍ തുടങ്ങിയ പി.കെ.ജി. പെട്ടെന്ന് നിന്നു..

'എന്താ ഞാന്‍ വായിച്ചത്............??' പി.കെ.ജി. തന്റെ മൈന്റിനെ ഒന്നു റിവൈന്റു ചെയ്തു..

"....പ്രസംഗം......പ്രസംഗം.....ഉടനെ.......ഉടനെ.......നിറുത്ത.........."

ആണുങ്ങള്‍ നിര്‍ത്താതെ കൈയ്യടിക്കാന്‍ തുടങ്ങി. പെണ്ണുങ്ങള്‍ വാ പൊത്തിച്ചിരിച്ചു.

' അതു ശരി..അപ്പൊ അത് എനിക്കുള്ള കടലാസ്സായിരുന്നല്ലേ....'

അയോദ്ധ്യയിലേക്ക് പോകാന്‍ തുടങ്ങിയ പ്രസംഗത്തെ പി.കെ.ജി ഒരു കണക്കിന് ഓണത്തിന്മെലേക്ക് വലിച്ചുകെട്ടി നന്ദി പറഞ്ഞു സ്റ്റേജിനുപുറകിലേക്ക് ചെന്നു. ഭാരവാഹികളാരാ മക്കള്‍!?! അവര്‍ കടലാസ്സ് കൊടുത്ത അപ്പോള്‍ തന്നെ സ്ഥലം കാലിയാക്കിയിരുന്നു. കലാപരിപാടികളും നാടകവും കാണാന്‍ നില്‍ക്കാതെ പി.കെ.ജി പൈങ്ങോട്ടിലേക്ക് വച്ചു പിടിച്ചു

************************************

പി.കെ.ജിയെക്കുറിച്ച് പൈങ്ങോട്ടിലും കോണത്തുകുന്നിലും പ്രചരിക്കുന്ന ഒരു കഥ കൂടി പറഞ്ഞു നിര്‍ത്താം. പൈങ്ങോട്ടിലേ ആസ്ഥാനവിദൂഷകരെന്നു പേരുകേട്ട കലാഭവന്‍ മണികണ്ഠനും രാജനുമാണ് ആ കഥയുടെ സൃഷ്ടാക്കള്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതെന്തുമാകട്ടെ, കഥ ഇതാണ്.

പ്രാകൃതമായ ശിക്ഷാവിധികള്‍ ഇപ്പോഴും നിലവിലുള്ള ചില യാഥാസ്ഥിക മത ഭരണകൂടങ്ങള്‍ നിലവിലുള്ള ചില രാജ്യങ്ങള്‍ (സൌദി അറേബ്യ അടക്കമുള്ള ചില മത ഭരണ രാജ്യങ്ങള്‍) തദ്ദേശിയരുടെയും മറുനാട്ടുകാരുടേയും നിരന്തരമായ അഭ്യര്‍ത്ഥനകളെ മാനിച്ച് ഒരു പുനര്‍ചിന്തക്കു ഒരുങ്ങുന്നു. കൈ വെട്ടുക, തല വെട്ടുക, കല്ലെറിഞ്ഞു കൊല്ലുക തുടങ്ങിയ പ്രാകൃത ശിക്ഷാവിധികള്‍ നിര്‍ത്തിവെച്ച് പകരം മറ്റു ശിക്ഷാവിധികള്‍ നടപ്പിലാക്കണം അതാണ് ജനങ്ങളുടെ ആവശ്യം.

യാഥാസ്ഥിക ഭരണകൂടം ലോകത്തിന്റെ എല്ലാഭാഗത്തേക്കും നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞുകൊണ്ട് അഭിപ്രായ സര്‍വ്വേകള്‍ നടത്തി. ലോകത്തിലെ ജനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ അയക്കാന്‍ സൌകര്യം ഏര്‍പ്പെടുത്തി. ഭരണകൂടം നിശ്ചയിച്ച ഒരു വിദഗ്ദസമിതി ആയിരിക്കും ഈ കാര്യങ്ങള്‍ ചെയ്യുന്നത്. ലോകത്തില്‍ നിന്ന് വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കൊ സംഘടനകള്‍ക്കോ ഈ പ്രാകൃതശിക്ഷാവിധികള്‍ക്കു പകരമായി മറ്റേതു ശിക്ഷാവിധിയും വിശദമായി എഴുതി അറിയിക്കാം. അതിന്റെ ഓഡിയോ, വീഡിയോ അടക്കമുള്ള വിശദീകരണങ്ങള്‍കൂടി വിദഗ്ദസമിതിക്കു സമര്‍പ്പിക്കണം. വിദഗ്ദസമിതി വിശദമായി അതെല്ലാം പരിശോധിച്ച് ഒട്ടും പ്രാകൃതമല്ലാത്തതാണോ, എന്നാല്‍ പഴയ ശിക്ഷാവിധിപോലെ കഠിനമായതു തന്നെയാണോ എന്ന് തീരുമാനിച്ച് വിധിയെഴുതും.

പക്ഷെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശങ്ങളില്‍ പാനലും, ഭരണകൂടവും തൃപ്തരായില്ല.നിര്‍ദ്ദേശങ്ങളില്‍ പലതും പഴയ പോലെ അതിക്രൂരമായത് അല്ലെങ്കില്‍ വളരെ മൃദുലമായത്. ഭരണകൂടം തൃപ്തരായില്ല.

അവസാനം രണ്ടുമൂന്നു മാസങ്ങള്‍ക്കു ശേഷം വിദഗ്ദസമിതിക്ക് വേറേതൊ രാജ്യത്തിന്നു നിന്നും ഒരു നിര്‍ദ്ദേശം കിട്ടി. വിശദമായ ആ ശിക്ഷാവിധി വായിച്ചപ്പോള്‍ പാനലിലെ അംഗങ്ങളുടെ മുഖം തെളിഞ്ഞു. തങ്ങളിത്രനാള്‍ തേടിയതെന്തോ അവസാനം അതു കിട്ടിയിരിക്കുന്നു.....ക്രൂരവും, മൃഗീയവും,പൈശാചികവുമായ ഈ ശിക്ഷാവിധികള്‍ക്കു പകരം, കൈ വെട്ടുകയോ, തലവെട്ടുകയോ, കല്ലെറിയുകയോ ചെയ്യാതെ......എന്നാല്‍ പഴയപോലെത്തന്നെ കുറ്റവാളി അത്യന്തം വേദനയോടെ... നീറി നീറി....മൃഗീയമായി മരണമടയുന്ന ഒരു പുതിയ ശിക്ഷ...

പാനല്‍ അയച്ചുകിട്ടിയ കുറിപ്പുകളും, അനുഭവക്കുറിപ്പുകളും അഞ്ചു പ്രാവശ്യം വായിച്ചു, ഓഡിയോ മൂന്നു പ്രാവശ്യം കേട്ടു, വീഡിയോ അതിക്രൂര ദൃശ്യമായതിനാല്‍ ഒരു പ്രാവശ്യമേ കണ്ടുള്ളൂ. വിദഗ്ദസമിതി ഭരണകൂടത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇത്രയും പ്രയോജനകരമായ ഈ നിര്‍ദ്ദേശം എവിടെ നിന്നു വന്നു എന്നറിയാന്‍ വിദഗ്ദ സമിതി ആ മേല്‍ വിലാസം വായിച്ചു.

അത് ‘ഇന്ത്യ’ എന്ന രാജ്യത്തിലെ ‘കേരള’മെന്ന സംസ്ഥാനത്തിലെ ‘വെള്ളങ്കല്ലൂര്‍ പഞ്ചാ‍യത്തി‘ല്‍ നിന്നായിരുന്നു. ഒരു കൂട്ടം ആളുകള്‍ എഴുതിയയച്ച ആ നിര്‍ദ്ദേശം വിദഗ്ദ സമിതിയിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഒരേസ്വരത്തില്‍ വായിച്ചു :


“.............പി.കെ.ജി.യുടെ പ്രസംഗം............”

.