ഹൈവേ ഗാര്‍ഡനിലേക്ക് ഫോര്‍ ദി പ്യൂപ്പിള്‍സ് ആയ ഞാന്‍, കുമാരന്‍, തോന്ന്യാസി, മുരളീ കൃഷ്ണ എന്നിവര്‍ സ്ലോമോഷനില്‍ നടന്നു ചെല്ലുമ്പോള്‍ കാണുന്ന കരളലിയിക്കുന്ന ആദ്യ കാഴ്ച ഞങ്ങള്‍ പുലികളില്ലാതെ മീറ്റ് തുടങ്ങിയിട്ട് അരമണിക്കൂറോളം ആയിരിക്കുന്നു എന്നതായിരുന്നു. മാത്രമല്ല പാവപ്പെട്ടവന്‍ ഒരു മൈക്കും പിടിച്ച് ഓരോരുത്തരെ പരിചയപ്പെടുത്താന്‍ ക്ഷണിക്കുന്നു, പരിമിതരായ ബ്ലോഗിണികളടക്കം പലരും പരിചയപ്പെടുത്തി കഴിഞ്ഞത്രേ. പാവപ്പെട്ടവന്‍ എന്നെയൊന്നു നോക്കി, ഞാന്‍ ഏറെ വൈകിയെന്ന പരാതിയായിരുന്നു ആ നോട്ടത്തില്‍.
പാവം പാവപ്പെട്ടവന്‍. എത്ര നാള്‍ മുന്‍പ് അദ്ദേഹം പ്ലാന്‍ ചെയ്ത മീറ്റായിരുന്നു. ആദ്യം എറണാകുളത്ത് പിന്നെ തൊടുപുഴക്ക് മാറി ഒടുക്കം കറങ്ങിത്തിരിഞ്ഞ് വീണ്ടും എറണാകുളത്ത്, പക്ഷെ ഊര്‍ജ്ജ്വസ്വലരായ ഒരു കൂട്ടം ചെറുപ്പക്കാരല്ലേ കൂടെയൂണ്ടായിരുന്നത്, സോ പാവപ്പെട്ടവനു ഒന്നനങ്ങേണ്ടി വന്നില്ല.
പതുക്കെ ഹാളിനകത്തേക്ക് കടക്കാം എന്ന ഒരേയൊരു വിചാരത്തോടെ ഒരു പാദസ്പര്‍ശം പോലും ഉണ്ടാക്കാതെ ഹാളിലേക്ക് കടന്ന എന്റെ ചുവപ്പ് ഷര്‍ട്ടില്‍ ആരോ പിടി മുറുക്കി പുറകോട്ട് വലിച്ചു. എന്റെ ഏതെങ്കിലും ഫാന്‍സ് ആയിരിക്കുമെന്ന അതിഗംഭീര സന്തോഷത്തില്‍ തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് മറ്റൊരു ഹൃദയഭേദകമായ രൂപമായിരുന്നു. കഷണ്ടി കയറിയ തല, തുടുത്ത കവിളുകള്‍, മുഖത്ത് ഒട്ടിച്ചു വെച്ചിരിക്കുന്ന മീശയും ബുള്‍ഗാനും നീണ്ട ചുവന്ന ജുബ്ബ. സംശയമില്ല. കവി തന്നെ.
സന്തോഷമടക്കി ഞാന്‍ മന്ത്രിച്ചു. : “കവിയല്ലേ?”
“എന്തൂട്ട്?” ചെറിയ കണ്ണടക്കുള്ളില്‍ കണ്ണ് തള്ളിയൊരു പകപ്പ്
“ പരിചയപ്പെടാനായതില്‍ സന്തോഷം” ഞാന്‍ വീണ്ടും “അല്ല, മുരുകന്‍ കാട്ടാക്കടയല്ലേ?”
“പോടോ... ഞാനൊരു കാട്ടാക്കടയുമല്ല പെട്ടിക്കടയുമല്ല, ഞാന്‍ യൂസുഫ്കാ!!”
ഈശ്വരാ യൂസുഫ്കാ, എത്ര കേട്ടിരിക്കുന്നു ഇടപ്പിള്ളി ബ്ലോഗ് മീറ്റിന്റെ ഈ സാരഥികളിലൊരാളിനെ. ഗുരുവായൂര്‍ സ്വദേശി, ചിത്രകാരന്‍, ഫോട്ടോഗ്രാഫി തല്‍പ്പരന്‍, കറകളഞ്ഞ സൌഹൃദം, ബ്ലോഗ് മീറ്റിന്റെ അഡ്മിനിസ്രേറ്റീവ് & ഫൈനാന്‍സ് കാര്യദര്‍ശി. കയ്യാലപ്പുറത്തിരുന്നിരുന്ന ഈ ബ്ലോഗ് മീറ്റിനെ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ കൊണ്ട് വിജയമീറ്റാക്കിയ ഊര്‍ജ്ജ്വസ്വലന്‍.
ഞാന്‍ യൂസുഫ്കയുടെ കൈപിടിച്ചു കുലുക്കി വിശേഷം പറഞ്ഞ് ഹാളിലേക്ക് നീങ്ങാന്‍ നോക്കി. ഇല്ല, യൂസുഫ്ക ഷേക്ക് ഹാന്റ് തന്ന കൈ വിടുന്നില്ല.
“എന്നാ യൂസുഫ്ക ശരിയപ്പോ...കാണാം”
കൈവിടാതെ യൂസുഫ്ക കാതില്‍ മൊഴിഞ്ഞു
“ട്രാ മോനേ...ഞാനീ വെള്ളത്തുണി വിരിച്ച് കുറേ പേപ്പറും വെച്ച് ഇവിടെ കുത്തിരിക്കണത് നിന്റെയൊക്കെ ജാഡ കാണാനല്ല, തന്നിട്ട് പോടാ മുന്നൂറുപ്പ്യ”
ആ ഒറ്റ ഡയലോഡില്‍ എന്റെ കരളിന്റെ അവശേഷിച്ച ചലനവും നിന്നു. പോക്കറ്റില്‍ നിന്ന് നൂറിന്റെ മൂന്ന് പച്ച നോട്ടുകള്‍ ഞാന്‍ മേശപ്പുറത്ത് വെച്ച് കാലിയായ പോക്കറ്റിനെ തടവി സദസ്സ്യര്‍ക്കിടയിലേക്ക് നടന്നു.
സദസ്സില്‍ നിന്ന് രണ്ടു കണ്ണുകള്‍ എന്നെ സാകൂതം നിരീക്ഷിക്കുന്നുണ്ടായിരുന്നു. കണ്ണടക്കു മീതേ നിന്നുള്ള് ആ സജസ്സന്‍ ഷോട്ട് കണ്ടപ്പോഴേ എനിക്കാളെ പിടികിട്ടി.
ചിത്രനിരീക്ഷണം ഷാജി. മാസങ്ങളായി ഫോണ്‍ വിളികളും മെയിലയപ്പുമുണ്ടെങ്കില്‍ നേരിട്ടു കാണുന്നത് മീറ്റിലാണ്. സിനിമ ജീവിതവും ജീവിതം സിനിമയുമാണയാള്‍ക്ക്. മൂന്ന് മാസം മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹൃസ്വചിത്ര ചലച്ചിത്രമേളയില്‍ പ്രത്യേക പരാമര്‍ശം നേടിയ ഒരു കൊച്ചു (അനിമേഷന്‍) ചിത്രത്തിന്റെ തിരക്കഥാകൃത്തും പങ്കാളിയുമാണ്. ഇക്കഴിഞ്ഞ ജൂണില്‍ കോഴിക്കോട് വെച്ച് മാതൃഭൂമി നടത്തിയ തിരക്കഥാശില്‍പ്പശാലയില്‍ പങ്കെടുത്ത 60 പേരില്‍ നിന്ന് തിരക്കഥായെഴുത്തില്‍ തിരഞ്ഞെടുത്ത അഞ്ചുപേരിലൊരാളാണ്. തീര്‍ച്ചയായും മലയാള സിനിമയുടെ വരും നാളുകളില്‍ ഈ ചെറുപ്പക്കാരന്റെ പേര് വെള്ളിത്തിരയില്‍ നമുക്ക് വായിച്ചെടുക്കാം.
സദസ്സ്യരെ നോക്കി പരിചയം പുതുക്കുമ്പോഴായിരുന്നു എന്നെ ഫോക്കസ്സ് ചെയ്യുന്ന ഒരു വീഡിയോ കാമറ കണ്ടത്. ഞാനൊന്നുകൂടി എയര്‍ പിടിച്ചിരുന്നു. മീറ്റിന്റെ വീഡിയോ ബ്ലോഗിലും പിന്നെ സിഡിയുമായിട്ടൊക്കെ വരുന്നതല്ലേ, -ഇനിയിപ്പോ ഉണ്ടാക്കാന്‍ പറ്റില്ലെങ്കിലും-ഇല്ലാത്ത ഗ്ലാമര്‍ ഉണ്ടെന്ന് വരുത്തിയിരുന്നപ്പോഴാണ് വീഡിയോയും കൊണ്ട് കഷണ്ടി കയറിയെങ്കിലും ‘ഞാന്‍ സമ്മതിക്കില്ല’ എന്ന വീറും വാശിയോടെയുമുള്ള ഹെയര്‍ സ്റ്റൈലുമായി ഗ്രാഫര്‍ എന്റെ നേര്‍ക്ക് കാമറ തന്നത്.
“ഇനി കൊറച്ച് നേരം നന്ദനൊന്ന് റെക്കോഡ് ചെയ്യ്, ഒന്നു പുറത്തേക്ക് പോണം”
ആ ബ്ലോഗര്‍ മറ്റാരുമായിരുന്നില്ല. ബൂലോഗത്തിന്റെ സ്വന്തം വീഡിയോഗ്രാഫര്‍, “നമ്മുടെ ബൂലോഗ“ത്തിന്റെ സാരഥി ജോഹര്‍ എന്ന ജോ.
ഡിസൈനര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍ ഇതിനൊക്കെപ്പോരാഞ്ഞ് ബ്ലോഗറും. അതാണ് ജോ. ഇടപ്പിള്ളി മീറ്റിന്റെ മറ്റൊരു സഹകാര്യദര്‍ശി, മൌനം ഭൂഷണമാക്കിയ സംഘാടകന്‍. പരാതികളും പരിഭവങ്ങളുമില്ലാതെ സംഘാടനത്തില്‍ തന്റെ പങ്കുകള്‍ വൃത്തിയായും ആത്മാര്‍ത്ഥമായും ചെയ്തു തീര്‍ക്കുന്ന ബ്ലോഗര്‍. കഴിഞ്ഞ ചെറായി മീറ്റും തന്റെ സംഘാടനപാടവം കൊണ്ട് വിജയത്തിലെത്തിച്ച ബ്ലോഗര്‍. പതിഞ്ഞ സ്വരം, മിത ഭാഷണം, ഏറെ അദ്ധ്വാനം. ചുരുങ്ങിയ വാക്കുകളില്‍ ജോ-യെ ഇങ്ങിനെ വിവരിക്കാം.
അതിനിടയിലാണ് സദസ്സിനു തൊട്ടുമുന്നില്‍ ഇടതുമാറി ഒരു കസേരയില്‍ വലതുമാറി ഞെരിഞ്ഞമര്‍ന്ന് ഒരാള്‍ ഇരിക്കുന്നതു കണ്ടത്. മെലിഞ്ഞ് നീണ്ടുയര്‍ന്ന രൂപം 80കളിലെ മലയാള സിനിമയിലെ നായകന്മാരെ അനുസ്മരിപ്പിക്കുന്ന നീണ്ടുവളഞ്ഞ കേശഭാരം, സ്കെയിലും കോമ്പസ്സുകൊണ്ടു അളന്ന് വടിച്ചേടുത്ത മീശയും താടിയും. മുന്നിലെ മേശയില്‍ ലാപ്പ്ടോപ്പ്, വെബ് കാമറ, നിരവധി കോഡുകള്‍ കുന്ത്രാണ്ടങ്ങള്‍ സകലം ബഹളമയം.
ഞാന്‍ തോളിലൊന്നു തൊട്ടതേയുള്ളു. വെട്ടിത്തിരിഞ്ഞുകളഞ്ഞു രൂപം. തലയിലും താടിയിലുമുള്ള ബഹുരോമക്കാടിനും കട്ടിക്കണ്ണടക്കുമിടയില്‍ അല്പം മാത്രം തെളിഞ്ഞു കാണുന്ന രൂപത്തെ ഞാന്‍ തിരിച്ചറിഞ്ഞു. മുള്ളു എന്ന മുള്ളൂക്കാരന്‍ എന്ന ഷാജി മുള്ളൂക്കാരന്‍.
ബ്ലോഗിന്റെ സ്വന്തം ടെക്നോപുലിയത്രേ വിദ്വാന്‍. ഇന്ദ്രധനുസ്സ് എന്ന തന്റെ സ്വന്തം ബ്ലോഗ് നിറയെ പുതിയ ബ്ലോഗേഴ്സിനും പഴയ ബ്ലോഗേഴ്സിനുമുള്ള ടിപ്പ്സ് & ട്രിക്സ് മാത്രമാണ്. ബ്ലോഗിലൂടേ, ചാറ്റിലൂടെ, മെയിലിലൂടെ എന്തിനു മൊബൈലിലൂടെപോലും ഈ പഹയന്‍ ബ്ലോഗേഴ്സിന്റെ സകല സംശയങ്ങളും നിവര്‍ത്തിച്ചു തരും. ഒരു ദിവസം കുറഞ്ഞത് 200 കിലോമീറ്ററെങ്കിലും ബൈക്കില്‍ യാത്രചെയ്യും. 24 മണിക്കൂറും ഓണ്‍ലൈനിലുണ്ടായിരിക്കും. സംശയം ചോദിച്ച് മെയില്‍/എസ് എം എസ്/കോള്‍ ചെയ്താല്‍ സ്വന്തം മൊബൈലില്‍ നിന്ന് ഉപഭോക്തൃബ്ലോഗറെ വിളിച്ചോളും. പരമ സാധു എന്നാല്‍ ഇന്റര്‍ നെറ്റ് ശിങ്കം. ചെറായിമീറ്റിലും ഈ ഇടപ്പിള്ളി മീറ്റിലുമുള്ള ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യവും സഹകരണവും മീറ്റിന്റെ വിജയഘടകങ്ങളാവുകയായിരുന്നു. സഹ സംഘാടകന്‍, ലൈവ് സ്ട്രീമിന്റെ അമരക്കാരന്‍.
പുറത്തെ ഫോട്ടൊയെടൂക്കല്‍ ബഹളം നോക്കിനില്‍ക്കുമ്പോഴാണ് ‘ഹായ് നന്ദന്‍ നേരം വൈകിയല്ലോ’ എന്നുമ്പറഞ്ഞ് ഒരു കുട്ടി ബ്ലോഗര്‍ വന്നത്. ഒരു കൊച്ചു കുട്ടി എന്നെ നന്ദന്‍ എന്നുവിളീച്ചതില്‍ എനിക്ക് തെല്ലൊരലോസരം ഇല്ലാതെ വന്നില്ല. അതു മുഖത്ത് കാണിച്ചില്ല. വെളുത്ത് തുടുത്ത മീശമുളക്കാത്ത ആ കൊച്ചുമുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി, കുറച്ചു നാള്‍ മുന്‍പ് ചെറായിയില്‍ വെച്ച് കണ്ടതാണ്. വിശദമായി പരിചയപ്പെട്ടില്ല.
കുട്ടി കൈ തന്ന്‍ പരിചയപ്പെടൂത്തി “ മനോരാജ് “
ഒരത്ഭുതം തോന്നി, പരിചയം പുതുക്കിയേക്കാം എന്ന് കരുതി ചോദിച്ചു :
“മോനെത്രേലാ പഠിക്കുന്നത്?”
“അയ്യോ അത്രയും ആയിട്ടില്ല, മൂന്ന് വയസ്സ് ആകുന്നതേയുള്ളൂ”
“അതല്ലാ, ഇയാള് എന്തിനാ പഠിക്കുന്നത്? കോളേജിലാ? ഈ മൂന്ന് വയസ്സ് എന്നു പറഞ്ഞത്.....?”
“ശ്ശോ ഞാന്‍ പഠിക്കല്ല നന്ദാ.. മൂന്നു വയസ്സ് എന്നു പറഞ്ഞത് എന്റെ മകന്റെ കാര്യമാ. അവനെ ഭാര്യയുടെ ഒപ്പം അവളുടേ വീട്ടില്‍ പറഞ്ഞു വിട്ടിട്ടാ ഞാനീ മീറ്റിനു വന്നത്”
ആ ഒരു സത്യാവസ്ഥ ശരിക്കും ഹൃദയഭേദകമായിരുന്നു. കരള്‍ പിളര്‍ക്കുന്ന നഗ്ന സത്യം!!
കുറച്ചു മാസമായി ഈ മീറ്റിന്റെ കാര്യങ്ങള്‍ക്ക് ഓടി നടക്കുന്ന വൈപ്പിന്‍ സ്വദേശി മനോരാജ്, സിമ്പ്ലന്‍, സുന്ദരന്‍, മനോരാജിന്റെ മുഖം കണ്ടാവണം “നിഷ്കളങ്കത” എന്നൊക്കെ കണ്ടുപിടീച്ചത്. മീറ്റിന്റെ സഹ സംഘാടകനും വിജയ ശില്പികളിലൊരാളും
പക്ഷെ, മീറ്റില്‍ നിറഞ്ഞു നിന്നത് മറ്റാരുമായിരുന്നില്ല. ഫോട്ടോകള്‍ കൊണ്ടും സംഘാടാടനം കൊണ്ടും ബ്ലോഗില്‍ വിരിഞ്ഞു നില്‍ക്കുന്ന, കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോട് തടിയില്‍ മത്സരിക്കാന്‍ തയ്യാറെടുക്കയാണോ എന്ന് തോന്നിപ്പോകുന്ന, വലിയ ശരീരവും അതുനിറയെ സൌഹൃദവുമുള്ള കയ്യില്‍ കാമറയും തൂക്കി എല്ലാ ബ്ലോഗര്‍മാരുടേയും ബ്ലോഗിണിമാരുടേയും മുഖത്ത് ഒരു കണ്ണടച്ച് നോക്കിയ ഒരു തൊടുപുഴക്കാരന്‍ ഹരീഷ്.
കേരളത്തില്‍ നടന്ന മൂന്ന് ബ്ലോഗ് മീറ്റിന്റേയും മുഖ്യ സംഘാടകന്‍. ബ്ലോഗിന്റെ സ്വന്തം ഫോട്ടോഗ്രാഫര്‍. തൊടുപുഴയിലേക്ക് മീറ്റ് മാറ്റാം എന്ന തീരുമാനം ഈ ചെറുപ്പക്കാരന്റെ ഊര്‍ജ്ജവും നിശ്ചയദാര്‍ഢ്യവും സംഘാടക മികവും കണ്ടായിരുന്നു. പക്ഷെ വീണ്ടും എറണാകുളത്തേക്ക് മാറേണ്ടിവന്നപ്പോഴും മീറ്റിന്റെ പുറകില്‍ സകലകരുത്തുമായി നിറഞ്ഞു നിന്നത് ഈ ഫോട്ടോഗ്രാഫറും കൃഷിക്കാരനും നല്ലൊരു കുടുംബസ്ഥനും എപ്പോഴും തൊടുപുഴയുടെ പച്ചപ്പില്‍ ചിലവഴിക്കാനാഗ്രഹിക്കുന്ന ഈ നിര്‍മ്മല ഹൃദയനായിരുന്നു. ബ്ലോഗ് മീറ്റ് സമം ഹരീഷ് തൊടുപുഴ എന്നായിട്ടുണ്ട് ഇപ്പോള്‍ സമവാക്യം എന്നുപറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല.
സൌഹൃദവും തമാശയും ഭക്ഷണവുമായി, പൊറാടത്തിന്റെ ‘പ്രിയമുള്ളവളേ നിനക്കുവേണ്ടി..” എന്ന ഗാനാലാപനവും (സതീഷ് എന്ന് പൊറാടത്തെ, അതിമനോഹരമായിരുന്നു ആ ഗാനം. നിങ്ങള്‍ പാടിയ വേളയില്‍ ഞാനെന്റെ അസംഖ്യം -മുന്‍-കാമുകിമാരെ ഓര്‍ത്തുപോയി) ബ്ലോഗിണി പ്രയാണിന്റെ പ്രിയതമന്‍ പാടിയ ‘ പണ്ടു പാടിയ പാട്ടിലൊരീണം...” എന്ന ഗാനാലാപനവും ഒക്കെ കണ്ടും കേട്ടും തൃപ്തിയോടെ എന്റെ ഫ്ലാറ്റിലേക്ക് തിരികെ നടക്കാന്‍ നേരം.... എന്റെ സപ്ത നാഡികളും തളര്‍ത്തിക്കളയുന്ന ഒരു ഘാടാഘടിയന്‍ ചോദ്യവുമായി ഒരു ചെറുപ്പക്കാരന്‍ എന്റെ മുന്നില്‍..
“എല്ലാവരേയും പറ്റി പറഞ്ഞു, പടവും വരച്ചു. എന്നിട്ടും...എന്നിട്ടുമെന്തേ എന്നെക്കുറിച്ച് പറഞ്ഞില്ല്ല....ഞാനെന്താടോ രണ്ടാംകുടീലുണ്ടായതാ??!”
ഇടപ്പിള്ളിമീറ്റിന്റെ ഊര്‍ജ്ജമായിരുന്ന പ്രവീണ്‍ വട്ടപ്പറമ്പത്തെന്ന അന്തിക്കാട്ടുകാരനായിരുന്നു അത്.
ബ്ലോഗ് വാഗ്വാദങ്ങളെ ബ്ലോഗില്‍ തന്നെ തീര്‍ക്കുന്ന, വിമര്‍ശനങ്ങളെ സൌഹൃദങ്ങളില്‍ പോറലേല്‍പ്പിക്കാത്ത പ്രവീണ്‍, ഇടപ്പിള്ളി മീറ്റിന്റെ തുടക്കം മുതല്‍ ഒടുക്കം വരെയുള്ള കാര്യങ്ങളിലും തമാശകളിലും ഭാഗഭാക്കായിരുന്നു. എന്തൊക്കെപ്പറഞ്ഞാലും ഈ ചെറുപ്പക്കാരന്റെ കൂടെ നില്‍ക്കുമ്പോള്‍ നമുക്കും ഒരു ഊര്‍ജ്ജം പകര്‍ന്നു കിട്ടുന്നുണ്ട്. ഒന്നിനും “നോ’ എന്നൊരു മറുപടിയില്ല, അസാദ്ധ്യമെന്നൊരു ചിന്തയില്ല. ബ്ലോഗിനും സൌഹൃദത്തിനും വേണ്ടി എന്തിനും തയ്യാര്‍, എപ്പോഴും..
മറ്റൊരു ബ്ലോഗ് കൂട്ടായ്മയുടെ പദ്ധതികളുമായി മീറ്റ് പകര്‍ന്നു നല്‍കിയ ഊര്‍ജ്ജവും ഉല്ലാസവും സ്നേഹവുമായി ഞങ്ങളെല്ലാവരും സ്വന്തം ഇടങ്ങളിലേക്ക് തിരിച്ചു,
|| ഇതി ഇടപ്പിള്ളി ബ്ലോഗ് മീറ്റ് വിവരണം സമാപ്തം ||
(ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ചിത്രങ്ങള്‍ വലുതായി കാണാം)