ഗോപാലേട്ടന്
ജനതാ കോര്‍ണറിനു കുറച്ച് വടക്കുഭാഗത്തായി ഗോപാലേട്ടന്‍ ചായക്കട തുടങ്ങുമ്പോള്‍ ഒരു അമ്പത് വാര തെക്ക് സുധന്‍ ചേട്ടന്റെ ചായക്കടയും മുന്നൂറ് വാര വടക്ക് സുബ്രേട്ടന്റെ ചായക്കടയും ഉള്ളത് അറിയാഞ്ഞിട്ടല്ല, പക്ഷെ,ഗോപാലേട്ടന് ചായക്കട പരിപാടിയല്ലാതെ മറ്റൊരു പരിപാടിയും അറിയാത്തതുകൊണ്ടാണ്. വെള്ളാങ്കല്ലുര്‍ പഞ്ചായത്തില്‍ എവിടെയോ ആയിരുന്ന ഗോപാലേട്ടനും ഭാര്യയും ഒരു മകനും മകളുമടങ്ങുന്ന കുടുംബം എന്റെ വീടിനടുത്ത് ജനതാ കോര്‍ണറില്‍ വരുന്നത് ഞാന്‍ കലപ്പറമ്പ് ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ്.
ചായക്കട ഉദ്ഘാടനത്തിന്റെ അന്ന് എല്ലാവര്‍ക്കും ചായയും സവാള വടയും ഫ്രീയായി ഉണ്ടായിരുന്നു എന്ന് ഞാനറിഞ്ഞത് പിറ്റേ ദിവസമായിരുന്നതുകൊണ്ട് എനിക്ക് സംഗതി മിസ്സായി. എന്തായാലും സമീപത്തെ കല്‍പ്പണിക്കാരും മരപ്പണിക്കാരും വാര്‍ക്കപ്പണിക്കാരും രാവിലെ ചായകുടിക്കുന്നതും ദോശ ഇഡ്ഡലി പുട്ട് ഇത്യാദി ഐറ്റംസ് കഴിക്കുന്നതും ഗോപാലേട്ടന്‍സ് ചായക്കടയില്‍ നിന്നായി. സാമാന്യം തരക്കേടില്ലാത്ത കച്ചവടം.ഗോപാലേട്ടനുമൊപ്പം പത്നിയും ഒഴിവു സമയങ്ങളില്‍ ഹെസ്ക്കൂളിലേക്കെത്തിയ മകളുമായപ്പോള്‍ കച്ചവടം പൊടിപൊടിച്ചു. മകനെ കോണത്തുകുന്നില്‍ നിന്നു സാധനങ്ങള്‍ വാങ്ങാനോ അല്ലാത്തപ്പോള്‍ കടയുടെ ഉമ്മറത്ത് കിടക്കുന്ന പട്ടിയേയും അടുക്കള വൃത്തിയാക്കുന്ന കോഴികളെയും ആട്ടിയകറ്റാന്‍ മാത്രം ചുമതലപ്പെടുത്തി.
കുറ്റം പറയരുതല്ലോ, ഗോപാലേട്ടന്റെ ചായക്കട വെച്ചടി വെച്ചടി കേറി വന്നു, അവിടെ നിന്ന് ഒരു കാലിച്ചായ കഴിക്കാതെ ആബാലവൃദ്ധം ജനങ്ങള്‍ ആ ചായക്കടയെ മുറിഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടോ പോകില്ലെന്നായി. മാത്രമല്ല, നാലുവശവും ഓലകൊണ്ട് മേഞ്ഞ ചായക്കടയും അതിനുള്ളിലെ ബഞ്ചും ഡസ്ക്കും പലഹാരം ഇട്ടുവെച്ച ചില്ലലമാരയും പുറത്ത് ചാരിവെച്ചിരിക്കുന്ന കോണത്തുകുന്ന് രാജ് ടാക്കീസിന്റെ സിനിമാ പോസ്റ്റര്‍ ഒട്ടിക്കുന്ന ബോര്‍ഡുമെല്ലാം ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ചേരുവ പോലെ പരസ്പരം ഇണങ്ങിച്ചേര്‍ന്നു നാടിന്റെ ലാന്‍ഡ്മാര്‍ക്കായിത്തീര്‍ന്നു. ചുരുക്കത്തില്‍ ജനതാകോര്‍ണര്‍-പൈങ്ങോട് നിവാസികളുടെ അന്നദാതാവായി ഗോപാലേട്ടന്‍.
ചായക്കടയിലെ പ്രധാന പലഹാരം സവാള വടയായിരുന്നു. വടയുടെ വലിപ്പവും വിലയും തമ്മില്‍ അജഗജാന്തരവിത്യാസമുണ്ടെങ്കിലും, ‘ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വടേം തിന്നിട്ട് പൂവ്വാടാ’ എന്നുള്ള വിശേഷം പറച്ചിലിനു വരെ വട കാരണമായി. ചായക്കടയിലെ ബിസിനസ്സിനു പുറമേ തൊട്ടടുത്ത ക്ഷേത്രങ്ങളില്‍ ഉത്സവങ്ങള്‍ വരുമ്പോള്‍ അവിടെ വരുന്ന മേളക്കാര്‍ക്കും നാടക-ബാലെ ട്രൂപ്പംഗങ്ങള്‍ക്കും ഉച്ചയൂണ് രാത്രിയൂണ് ഇത്യാദി കാര്യങ്ങള്‍ക്കും ഗോപാലേട്ടനെ ഏല്‍പ്പിച്ചു തുടങ്ങി കമ്മറ്റിക്കാര്‍. പക്ഷേ, ‘ഇത്തിരി സാമ്പാറൊഴിച്ചേ ചേച്ച്യേ..” ‘ഇത്തിരി അച്ചാറ് പോരട്ടെ പെങ്ങളെ..” എന്നുള്ള ശൃംഗാര മേളം ഹോട്ടലിനെ പ്രകമ്പനം കൊള്ളിച്ചപ്പൊള്‍ “ഞാന്‍ അമ്പലത്തില്‍ വന്ന് ചോറ് തന്നോളാം” എന്ന ഗോപാലേട്ടന്റെ തില്ലാനയില്‍ ഊണ് തായമ്പക അമ്പലമുറ്റത്തെ പന്തലിലായി. അങ്ങിനെ ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ കാറ്ററിംഗ് സര്‍വ്വീസ് കൂടിയായി എന്നു പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല.
കുഴിച്ചിട്ട വാഴക്കന്നു മുളപൊട്ടി തൈയായി കൂമ്പുവന്നു വളര്‍ന്നു വാഴയായി കുലവന്ന കാലം പോലെ ദിവസങ്ങളും മാസങ്ങളുമേറെ കടന്നു പോയി. കാലാനുസൃതമായി ഓരോ വിലവര്‍ദ്ധനയിലും ഗോപാലേട്ടന്‍ ചായയുടെ വടയുടേയും വില വര്‍ദ്ധിപ്പിച്ചെങ്കിലും അതിലാര്‍ക്കും ഒരു പരാതിയുമുള്ളതായി കേട്ടിട്ടില്ല. ആയിടെയാണ് കൌമാരത്തിലേക്ക് കാലെടുത്തുകുത്തിയ ഞങ്ങളുടേയും പൊട്ടിത്തെറിച്ച യൌവ്വനമുള്ള ചേട്ടന്മാരുടേയും ശ്വാസവേഗത്തെ പരീക്ഷിച്ച ‘വൈശാലി’ എന്ന സിനിമ റിലീസായത്. കൊടുങ്ങല്ലൂര്‍ ശ്രീകാളീശ്വരി തിയ്യറ്ററില്‍ ആദ്യത്തെ ആഴ്ചതന്നെ സിനിമ കണ്ടവര്‍ കാണാത്തവരോട് കണ്ട വിശേഷം പറഞ്ഞ് സകല തെണ്ടികള്‍ വരെ എന്തിനേറെ ഞങ്ങള്‍ പിള്ളാര്‍ വരെ ആദ്യത്തേയോ രണ്ടാമത്തേയോ ആഴ്ചയിലാ സിനിമ കണ്ടു ആസ്മാ രോഗികളെപോലെ ശ്വാസത്തെ നിയന്ത്രിക്കാനാവതെ കഴിച്ചു കൂട്ടി. സ്ത്രീ സാന്നിദ്ധ്യമറിയാത്ത ഋശ്യശ്രംഗനെ മെയ്യഴകുകൊണ്ട് വശീകരിക്കുന്ന വൈശാലിയുടെ ഉടലളവുകളും ആലില വയറും അതിലെ നാഭീച്ചുഴിയും കാളീശ്വരി തിയ്യറ്ററിന്റെ സ്ക്രീനില്‍ ക്ലോസപ്പില്‍ കണ്ട നാട്ടിലെ ഏതോ ഒരു വിരുതന്‍ ലോ ക്ലാസ്സില്‍ ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു “ നോക്ക്യേറാ.... ഗോപാലേട്ടന്റെ പീട്യേലെ സവാള വട പോലെണ്ട്”. വൈശാലി സുപര്‍ണ്ണയുടെ പൊക്കിള്‍ച്ചുഴിയെ അനുസ്മരിപ്പിക്കുന്ന ഗോപാലേട്ടന്റെ സവാള വടക്ക് അന്നു മുതല്‍ ഞങ്ങളുടെ നാട്ടില്‍ പുതിയൊരു പേര്‍ വീണു. ‘വൈശാലി വട’.
അതിനുശേഷം ‘ടാ ഗോപാലേട്ടന്റെ പീട്യേന്ന് ചായും വൈശാലി വടേം തിന്നിട്ട് പൂവ്വാട്ടാ’ എന്നുള്ളതായി വിശേഷം പറച്ചില്‍.
ഏത് അമേരിക്കക്കും ഉണ്ടാവുമല്ലോ ഒരു സാമ്പത്തികമാന്ദ്യം. അതുപോലെ പതിയെപ്പതിയെ ചില പരാതികള്‍ ഗോപാലേട്ടന്റെ ചായക്കടയെക്കുറിച്ചു പ്രചരിച്ചു വന്നു. അത് വെറും പ്രചാരണമല്ലെന്ന് മാണിക്യേട്ടന്റെ മോന്‍ സുനിയും കല്ലൊരക്കമ്പനിയില്‍ പണിക്കു പോണ പലരും പറഞ്ഞു. ചായക്കുള്ളില്‍ ഈച്ചയും പഞ്ചസാരയില്‍ ഉറുമ്പും പലപ്പോഴും കോമ്പിനേഷനുകളാവാറുണ്ടെന്നും പുട്ടും പപ്പടവും പൊതിഞ്ഞ വാഴയിലയില്‍ മാറാല കെട്ടിയിരുന്നുവെന്നും സ്ഥിരം കസ്റ്റമേഴ്സായ വാര്‍ക്കപ്പണിക്കാരും രാവിലത്തെ ശോധനക്ക് ആക്കം കൂട്ടാന്‍ ഗോപാലേട്ടന്റെ കാലിച്ചായ അടിക്കുന്ന കിളവന്മാരും പറഞ്ഞു. കടലക്കറിയില്‍ നിന്ന് കടുപ്പമുള്ള കല്ലു കിട്ടിയെന്ന് കല്ലുവെട്ടുകാരന്‍ സുബ്രേട്ടന്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. സത്യം പറഞ്ഞാല്‍ ബ്ലൂ ടൂത്ത് വഴി സത്യം പ്രചരിച്ച് അപവാദം കേള്‍ക്കേണ്ടി വന്ന സീരിയല്‍ നടീമാരുടെ അവസ്ഥയായി ഗോപാലേട്ടന്റെ ചായക്കടക്ക്. അന്നൊന്നും ടെക്നോളജി ഇത്രയും ഡവലപ്പ് ആയിട്ടില്ലല്ലോ അല്ലെങ്കില്‍ ഇതെല്ലാം ‘മോര്‍ഫിങ്ങ്’ ചെയ്ത് ഉണ്ടാക്കിയെടുത്ത നുണക്കഥകളാണെന്ന് ഗോപാലേട്ടനു പറയാമായിരുന്നു.
സംഗതി ആദ്യം നോട്ടീസടിച്ചത് മിലിട്ടറിയിലുള്ള മോഹനേട്ടനായിരുന്നു. അതിനു പക്ഷേ കാരണമുണ്ടായിരുന്നു. മോഹനേട്ടന്‍ ലീവിനു വന്നതിന്റെ പിറ്റേ ദിവസം തട്ടകത്തമ്മയെ തൊഴുതിട്ട് വരാം എന്നു കരുതി പുതിയകാവിലെ ഭഗവതിയെ തൊഴുത്, സര്‍വ്വേക്കല്ലിന്മേല്‍ കാക്കതൂറിയപോലെ കറുത്ത നെറ്റിയിലൊരു ചന്ദനക്കുറിയുമായി മടങ്ങിവരുമ്പോഴാണ് ഗോപാലേട്ടന്റെ കടയില്‍ കയറി ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് പോകാം എന്നു തീരുമാനിച്ചത്.
സൈക്കിള്‍ റോഡരികില്‍ സ്റ്റാന്‍ഡിലിട്ട് മോഹനേട്ടന്‍ കടയില്‍ കയറി ഒരു സ്ട്രോങ്ങ് ചായക്ക് ഓര്‍ഡറിട്ടു. പട്ടാളത്തിലെ വിശേഷം ചോദിച്ച് ഗോപാലേട്ടന്‍ ചായ നീട്ടിയടിക്കുമ്പോള്‍ അതിനുള്ളിലേക്ക് ഒരു അതിഥി പറന്നു വന്നത് ആരും അറിഞ്ഞില്ല. സവാള വട കടിക്കുന്നതിനിടയിലെ ഗ്യാപ്പില്‍ ചായയെ ആദ്യത്തെ മൊത്തു മൊത്താന്‍ തുനിഞ്ഞപ്പോഴാണ് മോഹനേട്ടന്‍ ഏതു പട്ടാളക്കാരനേയും ക്രുദ്ധനാക്കുന്ന ആ കാഴ്ച കണ്ടത്. തന്റെ ചായയിലേക്ക് ഒരു മണിയനീച്ച നുഴഞ്ഞു കയറിയിരിക്കുന്നു!!
“ദെന്തൂട്ടാ ഗോപാലാ ഇദ്? ചായേല് ഈച്ച കെടക്കണ കണ്ടില്ലേ”
“ ദെവടേ?” എന്നു ചോദിച്ച് ഗോപാലേട്ടന്‍ മുഷിഞ്ഞു നനഞ്ഞ തന്റെ വിരലുപയോഗിച്ച് അതിനെ തോണ്ടിയെറിഞ്ഞിട്ട് പറഞ്ഞു. “ ഒരീച്ചല്ലേ മോഹനോ! അതിനിത്ര ബഹളംണ്ടാക്കണോ?”
“ഉം.” എന്നും പറഞ്ഞ് പാഴായ ആദ്യ മൊത്തു മൊത്തി ഒന്നിറക്കി മോഹനേട്ടന്‍ പറഞ്ഞു “ പട്ടാളത്തിലെ മെസ്സിലാണെങ്കീ കാണാരുന്നു. ഒരൊറ്റ വെടിക്ക് തീര്‍ന്നേനെ ജീവന്‍”
“ആര്‍ടെ? ഈച്ചേടാ?” സത്യമായിട്ടും അത് ഗോപാലേട്ടന്‍ നിഷ്കളങ്കമായി ചോദിച്ചതായിരുന്നു
“അല്ലാ, ചായ ഇണ്ടാക്കണോന്റെ. ഇതൊന്നും അവടെ നടക്കില്ല.”
‘ഉം, എന്നാപ്പിന്നെ അവിടെ പട്ടാളക്കാരുടെ എണ്ണം ദിവസേന കൊറഞ്ഞേനല്ലോ’ എന്ന് അറിയാതെ പുറത്തു വന്ന ആത്മഗതത്തോടെ ഗോപാലേട്ടന്‍ ഉണങ്ങാന്‍ വെച്ചിരുന്ന അരിപ്പൊടിയില്‍ നിന്ന് ‘ഹൈഡ് ആന്റ് സീക്ക്‘ കളിച്ചിരുന്ന പാവം കോഴികളെ ഓടിക്കാന്‍ അകത്തേക്ക് വലിഞ്ഞു.
പക്ഷെ, കത്രീന പോലെ വീശിയടിച്ച അപവാദ പ്രചരണത്തിനു ഗോപാലേട്ടനെ വീഴ്ത്താന്‍ കഴിഞ്ഞില്ല. പ്രചരണത്തെക്കുറിച്ച് ഗോപാലേട്ടനോട് പറഞ്ഞവരോട് “ ഒക്കെ വെറുതെണ്ടാ..ആള്‍ക്കാര്‍ക്ക് എന്തൂറ്റാ പറയാന്‍ പറ്റാത്തെ..” എന്ന നിസ്സാര മറുപടിയില്‍ ഗോപാലേട്ടന്‍ മടക്കി.
കുറച്ചുനാള്‍ കഴിഞ്ഞ് പതിവുപോലെയുള്ള, യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു പ്രഭാതം.
എവിടെയോ അമ്പലപ്പരിപാടി കഴിഞ്ഞ് പൊതിഞ്ഞു കെട്ടിയ ചെണ്ടയുമായി വരികയായിരുന്നു ദേശത്തെ ശങ്കരന്‍ വേലന്‍. വീട്ടിലെത്തത്തുന്നതിനുമുന്‍പ് ബ്രേക്ക് ഫാസ്റ്റ് ഇവിടെയാക്കം എന്നു കരുതി ഗോപാലേട്ടന്റെ ചായക്കടയുടെ ഉമ്മറത്തെ ബക്കറ്റില്‍ നിന്ന് രണ്ടു കൈ വെള്ളമെടുത്ത് കൊലുക്കുഴിഞ്ഞ് മുറുക്കിചുവപ്പിച്ച വായ കഴുകി. ഉള്ളില്‍ കടന്ന് ചെണ്ട, മേശയുടെ സൈഡില്‍ നിവര്‍ത്തിവെച്ചു.
“ ഗോപാലോ... രണ്ട്ഷ്ണം പൂട്ടും ഇത്തിരി കടലച്ചാറും ഇട്ത്തേ. ആവ്, വെശന്നിട്ട് വയ്യാന്നേ”
“ആ, ശങ്കരന്‍ വേലനാ?! ദെവടായിരുന്നു പരിപാടി?” പ്ലേറ്റ് കഴുകി പുട്ട് എടുത്തുവെക്കുന്നതിനിടയില്‍ ഗോപാലേട്ടന്‍ ലോഹ്യം ചോദിച്ചു.
“ഒന്നും പറയണ്ടറപ്പാ...ഇന്നലെ ഒരു ചാത്തനുപാട്ടുണ്ടായിരുന്നു. തുള്ളലും ചാടലും കഴിഞ്ഞപ്പോ വെളുപ്പാന്‍ കാലായി”
ഗോപാലേട്ടന്‍ കടലച്ചാറൊഴിച്ച പുട്ടിന്റെ പ്ലേറ്റ് ശങ്കരന്‍ വേലനു മുന്നിലേക്ക് വെച്ചു. അപ്പോഴാണ് ഗോപാലേട്ടന്റെ മകന്‍അങ്ങോട്ടു വന്നതും മേശമേല്‍ പൊതിഞ്ഞുവെച്ച ചെണ്ട കണ്ടതും. വെറുതെ ഒരു രസത്തിനു ചെണ്ടയുടെ ഒരു സൈഡില്‍ വെറുതേ ഒന്നു കൊട്ടിനോക്കിയത് ചെക്കന്റെ കഷ്ടകാലത്തിന് ഗോപാലേട്ടന്റെ കണ്ണില്‍ പെട്ടു. ചെറുക്കന്റെ കുഞ്ഞിത്തലയില്‍ ചായരിപ്പ കൊണ്ട് ഒരഞ്ചാറു കിഴുക്ക് ഗോപാലേട്ടനും കൊടുത്തിട്ട് ചെക്കനോടായി അലറി:
“ഉസ്ക്കൂളീ പൂവ്വാന്‍ നോക്കറാ പൊട്ടാ, കൊട്ടാന്‍ നിക്കാണ്ട് ”
ചാത്തനുപാട്ടിനു കൊട്ടിയതിന്റേയും പാടിയതിന്റേയും ഉറക്കമൊഴിച്ചതിന്റേയും ഇതുവരെ നടന്നതിന്റേയും ക്ഷീണമാറ്റാന്‍ വേണ്ടി ചാറൊഴിച്ച് ചാലിച്ച പുട്ടെടുത്ത് കുഴച്ച് ആദ്യത്തെ പിടി വായിലിട്ടതും എന്തോ ഒരു അരുചി ശങ്കരന്‍ വേലന്റെ നാക്കിലുണര്‍ന്നു. ഉറക്കമൊഴിച്ചതിന്റെ കുഴപ്പമാകുമെന്നു കരുതി ചവച്ചിറക്കി. രണ്ടാമത്തെ പിടിയും വായിലിട്ടപ്പോള്‍ സെയിം ടേസ്റ്റ്, മാത്രമല്ല ഉടയാത്ത എന്തോ ഒന്ന് നാവില്‍ തടഞ്ഞു. അതെടുത്ത് പുറത്തിട്ട് ശങ്കരന്‍ വേലന്‍ കുഴച്ചിട്ട പുട്ടു നോക്കി. ചാറുപുരളാത്ത പുട്ടില്‍ ചാരനിറത്തില്‍ കട്ടിപിടിച്ച എന്തോ . എന്താണെന്നു ഒരു ഊഹവുമില്ല, നേരത്തെ താന്‍ ചവച്ച പുട്ടില്‍ ഇവന്റെ ഒരു കഷണമാണെന്നു ശങ്കരന്‍ വേലനു മനസ്സിലായി. സംഗതിയുടെ ഷേപ്പും നിറവുമൊക്കെ നല്ല പരിചയവുണ്ട്. ഉറക്കച്ചടവില്‍ അതൊട്ട് ഓര്‍ത്തെടുക്കാനും പറ്റുന്നില്ല.
“ ഗോപാലോ, ദേ നോക്ക്യ്യേ.. ദെന്തൂറ്റാ സംഭവം? ദെന്താ സാനം?”
അടുത്ത വന്ന ഗോപാലേട്ടന്‍ പ്ലേറ്റ് എടുത്തുനോക്കി വിശദമായി പരിശോധിക്കുകയും സംഗതി മനസ്സിലായതുകൊണ്ട് അത്രയും ഭാഗം കൈകൊണ്ട് വടിച്ച് താഴെയിടുകയും “ ഓ! അതെന്തൂറ്റാണാവോ? നിങ്ങള് കഴിക്കെന്നേ” എന്നും പറഞ്ഞ് പ്ലേറ്റ് ശങ്കരന്‍ വേലനു തിരികെ കൊടുക്കുകയും ചെയ്തു. ശങ്കരന്‍ വേലന്‍ തന്റെ വേല പൂര്‍വ്വാധികം ഭംഗിയായി തുടങ്ങാനൊരുങ്ങുമ്പോഴാണ് ഗോപാലേട്ടന്‍ അകത്തേക്ക് ഭാര്യയെ നോക്കി ദ്വേഷ്യത്തൊടെ വിളിച്ചു പറഞ്ഞത് :
“ ട്യേ.. നിങ്ങളൊക്കെ ആരെവടെ നോക്കിയിരിക്ക്യാണ്ടീ... ആ വിരിച്ചിട്ടിരിക്കുന്ന അരിപ്പൊടി നോക്കാന്‍ ഒരുത്തിയും ഇല്ല്യാലേ”
ഗോപാലേട്ടന്റെ ആജ്ഞ കേട്ടതും അകത്തു നിന്നൊരു ശബ്ദം മുഴങ്ങിയതും ചായക്കടയെ വിജ്രംഭിച്ചൊരു ചാത്തന്‍ കോഴി അകത്തു നിന്നും പറന്നു വന്നതും ഒരുമിച്ചായിരുന്നു. ശങ്കരന്‍ വേലന്റെ ചെണ്ടക്കും തലക്കും മുകളിലുടെ ഒരു വെള്ളത്തൂവല്‍ പറത്തി പുറത്തേക്ക് പാഞ്ഞതു തന്റെ കണ്‍ കോണിലൂടെ കണ്ടപ്പോള്‍ കുഴച്ച പുട്ടെടുത്ത് വായക്കകത്തേക്ക് പോയികൊണ്ടിരുന്ന ശങ്കരന്‍ വേലന്റെ കൈ പാതിവഴിയില്‍ വെച്ചു നിന്നു. അരിപ്പൊടിയില്‍ ആടിക്കളിച്ചിരുന്നതും തലക്കു മുകളിലൂടെ പറന്നകന്നതും ഗോപാലേട്ടന്റെ വളര്‍ത്തു കോഴിയായിരുന്നെന്ന സത്യം ശങ്കരന്‍ വേലനു നിമിഷാര്‍ദ്ധം കൊണ്ട് മനസ്സിലാവുകയും പുട്ടിനൊപ്പം കിട്ടിയ ആ ‘സ്പെഷ്യല്‍ അരുചി‘ക്കു കാരണം ‘ഇവന്റേ‘താണെന്ന സത്യം ഉറക്കച്ചടവിന്റെ ആലസ്യത്തിലായിരുന്ന ശങ്കരന്‍ വേലന്റെ തലച്ചോറിലേക്ക് ചാട്ടുള്ളിപോലെ വീശിയടിച്ചതും പെട്ടെന്നായിരുന്നു.
പൊതിഞ്ഞു വെച്ചിരുന്ന ചെണ്ടയേയും മറികടന്ന് ഓടിയ ശങ്കരന്‍ വേലന്‍ പുറത്തെത്തും മുന്‍പ് ചായക്കടയുടെ മുറ്റത്തേക്ക് തലേന്നത്തെ അന്തിക്കള്ളുമുതല്‍ തൊട്ടുമുന്‍പ് കഴിച്ച പുട്ടു വരെ പുറത്തേക്ക് കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാന്‍ തുടങ്ങി. അപ്പോഴേക്കും പുറത്ത് ചാരിവെച്ചിരുന്ന കോണത്തുക്കുന്ന് രാജ് ടാക്കീസിലെ സിനിമാ പോസ്റ്ററില്‍ കെട്ടിപ്പിടിച്ചു നിന്നിരുന്ന മോഹന്‍ലാലിന്റേയും ഉര്‍വ്വശിയുടേയും ദേഹത്തേക്ക് ശങ്കരന്‍ വേലന്റെ ‘കൊടുംവാള്‍‘ വന്നലച്ചു വീണു.
ആ ഒരു സംഭവത്തോടെ ഗോപാലേട്ടന്‍ ചായക്കടപൂട്ടി കാശിക്കു പോയെന്നു കരുതിയൊ? നെവര്‍! അസംഭവ്യം!! ഗോപാലേട്ടന്‍ ഞങ്ങളുടെ നാട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് കൂടുമാറുന്നതുവരെ ചായക്കട ബിസിനസ്സ് അഭംഗുരം നടത്തിയിരുന്നു എന്ന് ചരിത്ര രേഖകള്‍ പറയുന്നു.
.