ക്രോസ് -CROSS - ലഘു സിനിമ
കഴിഞ്ഞ വര്‍ഷമാണ് എന്റെ സുഹൃത്തും നാട്ടുകാരനുമായ സെന്തില്‍ രാജ് ഒരു ലഘു സിനിമയുടെ പ്രവര്‍ത്തനവുമായ് മുന്നിട്ടിറങ്ങുന്നത്. ഒപ്പം സിജി ഫിലിപ്പും ഉണ്ടായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ സെന്തിലിന്റേയും സിജിയുടേയും മനസ്സില്‍ ഉണ്ടായിരുന്ന ഒരു ആശയത്തിന്റെ ആവിഷ്കാരമായിരുന്നു അത്. ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഞാനും സെന്തിലും സിജിയും ഇതിന്റെ പ്രാരംഭപ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയെങ്കിലും അത് പൂര്‍ണ്ണമാക്കാന്‍ സാധിച്ചില്ല. ചെറുതോ വലുതോ ആകട്ടെ ഏതൊരു സിനിമാ പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണാവിഷ്കാരത്തിനു മുടക്ക് മുതല്‍ അത്യാവശ്യമെന്നിരിക്കെ അത്തരമൊരു സഹായത്തിനു കൂട്ടു നില്‍ക്കാന്‍ ആരേയും ലഭിക്കാത്തതുകൊണ്ട് ആദ്യ കുറേ വര്‍ഷങ്ങള്‍ ഈ സ്വപ്നത്തെ താലോലിച്ചു നടന്നിരുന്നു. പിന്നീട് ചില സുഹൃത്തുക്കളുടെ സഹായത്താല്‍ ചെറുതും വലുതുമായ സംഭാവകളില്‍ നിന്ന് ഈയൊരു ചെറു സിനിമ രൂപം കൊണ്ടു.
കഥാപാത്രങ്ങളായി ഞങ്ങള്‍ക്കിടയിലെത്തന്നെ ചില സുഹൃത്തുക്കളും. ചിത്രത്തിലെ ഏക സ്ത്രീ കഥാപാത്രം അവതരിപ്പിച്ചത് കലാനിലയം നാടകവേദിയിലെ മുന്‍ നടിയും ഇപ്പോള്‍ മലയാള സീരിയല്‍ - പരസ്യ രംഗത്ത് സാന്നിദ്ധ്യമുള്ള ‘കവിത’യാണ്. സിനിമാ- സീരിയല്‍ രംഗത്തുള്ള സനല്‍ പോറ്റിയും ഇതില്‍ അഭിനയിച്ചിട്ടുണ്ട്.
സിജി ഫിലിപ്പ് ആയിരുന്നു തിരക്കഥ. മുന്‍പ് ചില ടി വി സംരംഭങ്ങള്‍ക്ക് എഴുത്തിന്റെ മേഖലയില്‍ പ്രവര്‍ത്തിച്ച പരിചയവും സിജി ഫിലിപ്പിനുണ്ട്. സജി സുരേന്ദ്രന്‍, കെ കെ രാജീവ് എന്നീ സിനിമ -സീരിയല്‍ സംവിധായകരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി രൂപേഷ് രവി ഇതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
സാജനും അനൂപും എഡിറ്റിങ്ങിലും, മനോജ് സൌണ്ട് ഡിസൈനും ദീപക്ക് സംഗീതവും ഗിരീഷ് കൊടുങ്ങല്ലൂര്‍ കലാ സംവിധാനരംഗത്തും പ്രവര്‍ത്തിച്ചു. സിനറ്റ് സേവ്യര്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായും നന്ദന്‍(ഞാന്‍) ഡിസൈനിങ്ങിലും.
കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം
ഇക്കഴിഞ്ഞ 2011 ഒക്ടോബര്‍ 28, 29 തിയ്യതികളിലായി കൊച്ചിയില്‍ വെച്ച് നടന്ന ഡോണ്‍ ബോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മത്സരത്തിനുണ്ടാവുകയും. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ 2011 ഒക്ടോബര്‍ 28, 29 തിയ്യതികളിലായി കൊച്ചിയില്‍ വെച്ച് നടന്ന ഡോണ്‍ ബോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം മത്സരത്തിനുണ്ടാവുകയും. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കരസ്ഥമാക്കുകയും ചെയ്തു.
ആദ്യ സംരംഭമെന്ന നിലയില്‍ പോരായ്മകളേറെയുണ്ടെന്ന് തുറന്നു സമ്മതിക്കുന്നു. എങ്കിലും ഈ രംഗത്ത് സജ്ജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ ആദ്യ സ്വതന്ത്ര സംരഭം എന്ന നിലയില്‍ ചിത്രത്തെ നോക്കിക്കാണണമെന്നും വിശദമായി വിലയിരുത്തണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.
സ്നേഹപൂര്‍വ്വം, നന്ദന്‍
***********************************************************************************