അടുത്ത നാടകം രാധാകൃഷ്ണന്‍ & പാര്‍ട്ടിയുടെ.....(ഒന്നാം ഭാഗം)
ഞാന്‍ എസ്.എസ്.എല്‍.സി പാസ്സാകുമെന്നോ, ഒരു റെഗുലര്‍ കോളേജില്‍ എനിക്ക് അഡ്മിഷന്‍ കിട്ടുമെന്നോ എന്റെ വീട്ടുകാര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല (ഞാനും!) പത്താംക്ലാസ്സ് കഴിഞ്ഞാല്‍ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ ചേരണം എന്നായിരുന്നു എന്റെ ആഗ്രഹം; വലിയ ചിത്രകാരനാകണം; പറ്റുമെങ്കില്‍ ഒരു പരസ്യകന്പനിയില്‍ ജോലിചെയ്ത് പേരെടുക്കണം അങ്ങിനെയൊക്കെ..... പണ്ടൊരിക്കല്‍ എന്റെ ചേട്ടന്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ അപ്ലൈ ചെയ്തതായിരുന്നു. പക്ഷെ ഇന്‍റ്റര്‍വ്യൂ കാര്‍ഡ് കിട്ടിയത് ക്ലാസ്സ് തുടങ്ങി രണ്ടു മാസം കഴിഞ്ഞ്. തപാല്‍ വകുപ്പിലെ ചേട്ടന്മാരുടെ സമരമായിരുന്നു അതിനു കാരണം. സമരം കഴിഞ്ഞെങ്കിലും, ദിവസങ്ങള്‍ വൈകിയെങ്കിലും പോസ്റ്റ്മാന്‍ ഇന്‍റ്റര്‍വ്യൂ കാര്‍ഡ് കൃത്യമായി വീട്ടില്‍ കൊണ്ടു വന്നു തന്നു, കൃത്യവിലോപം പാടില്ലല്ലോ!. അന്ന് ചേട്ടന് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ആ ആഗ്രഹം ഈയുള്ള അനിയന്‍ പൂര്‍ത്തിയാക്കി വലിയൊരു വരക്കാരനായി മാറി.....ചേട്ടനു വേണ്ടി ഒന്നു സാക്രിഫൈസ് ചെയ്തു കളയാം എന്നു കരുതെ......, നമ്മുടെ വീട്ടില്‍ മൂന്നു ആണ്‍ തരികളുണ്ടായിട്ടും, കോളേജില്‍ ചേരാന്‍ അവസരം ലഭിച്ച ഏക ആണ്‍ തരി എന്ന അഭിമാനം കൊണ്ടും, ഈയുള്ളവന്‍ പഠിച്ച് ഡിഗ്രിയെടുത്ത് സര്‍ക്കാര്‍ ജോലി ലഭിച്ച് നമ്മുടെ കുടുംബം നല്ലൊരു വഴിക്ക് കരകയറും എന്ന വീട്ടുകാരുടെ മിഥ്യാസങ്കല്‍പ്പം കൊണ്ടും, വിശ്വപ്രസിദ്ധനായൊരു മൈക്കല്‍ നന്ദകുമാരഞ്ചലൊ അല്ലെങ്കില്‍ വിന്‍സെന്റ് നന്ദഗോഖ് ഒക്കെ ആയിത്തീരാനുള്ള എന്റെ ഫൈന്‍ ആര്‍ട്സ് സ്വപ്നങ്ങളെ നിഷ്കരുണം ഷിഫ്റ്റ് + ഡെലിറ്റ് ചെയ്ത് എന്നെ കൊടുങ്ങല്ലൂരിലെ പ്രസിദ്ധമായ കുഞ്ഞികുട്ടന്‍ തന്‍പുരാന്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ (കെ.കെ.ടി.എം.) പ്രീഡിഗ്രി തേര്‍ഡ് ഗ്രൂപ്പിനു ചേര്‍ത്തു.(ഫസ്റ്റ്, സെക്കന്‍ഡ് ഗ്രൂപ്പുകളില്‍, നല്ലമാര്‍ക്കോടെ, എസ്.എസ്.എല്‍.സിക്ക് മിനിമം സെക്കന്‍ഡ് ക്ലാസ്സെങ്കിലും പാസ്സായ കുട്ടികള്‍ക്ക് സീറ്റു കൊടുത്തതുകൊണ്ടും, നാലാമതൊരു ഗ്രൂപ്പ് ഇല്ലാത്തതുകൊണ്ടും.)
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ തെക്കേ അറ്റത്തെ അവസാനത്തെ കോളേജാണ് കെ.കെ.ടി.എം. കൊടുങ്ങല്ലൂരിനപ്പുറം തെക്കുമുതല്‍ ഗാന്ധിജി യൂണിവേഴ്സിറ്റി തുടങ്ങുകയായി. കെ.കെ.ടി.എം. പണ്ടുമുതലേ കുപ്രസിദ്ധമാണ്, രാഷ്ട്രീയം കൊണ്ടും, സമരം കൊണ്ടും,സംക്ക്ങട്ടനം കൊണ്ടും. പോരാത്തതിനു തൃശ്ശൂര്‍ ജില്ലയിലെ വിരലിലെണ്ണാവുന്ന മിക്സഡ് കോളേജുകളില്‍ ഒരെണ്ണം.
സര്‍ക്കാര്‍ കോളേജായതിനാല്‍ ഏതു പോക്രിത്തരവും അവിടെ അനുവദിക്കപ്പെട്ടിരുന്ന കാലം,കോളേജില്‍ അഡ്മിഷന്‍ കിട്ടിയിട്ടും പെണ്‍ മക്കളെ പാരലല്‍ കോളേജില്‍ അയച്ചിരുന്ന രക്ഷിതാക്കളുടെ കാലം, പെണ്ണ് കെ.കെ.ടി.എം-ല്‍ പഠിച്ചതാണോ എങ്കില്‍ കല്ല്യാണം വേണ്ട എന്ന മട്ടില്‍ പെണ്‍കുട്ടികളുടെ കല്ല്യാണങ്ങള്‍ മുടങ്ങിയിരുന്ന കാലം, കെ.കെ.ടി.എം കോളേജില്‍ നിന്നും ക്ലാസ്സ് കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ, നാട്ടുകാര്‍ ആകെയൊന്നു ചുഴിഞ്ഞു നോക്കിയിരുന്ന കാലം. സത്യം പറഞ്ഞാല്‍ കെ.കെ.ടി.എം-ല്‍ പഠിക്കുന്നു എന്ന് പറഞ്ഞാല്‍ പാവം ഇവന്‍ / ഇവള്‍ കൈവിട്ടുപോയി എന്ന് മനസ്സില്‍ പറഞ്ഞ് അവനെ/അവളെ നോക്കി നാട്ടുകാര്‍ തലയില്‍ കൈവെച്ചിരുന്ന കാലം. ഇതായിരുന്നു കെ.കെ.ടി.എം കോളെജിനെപ്പറ്റി 90കള്‍ക്ക് മുന്‍പേയുള്ള പൊതു സങ്കലപ്പം.
80 കളുടെ അവസാനത്തിലാണ് ഞാന്‍ കെ.കെ.ടി.എം. ന്റെ പടി കയറുന്നത്. (പാടം കയറുന്നു എന്നതാണ് ശരി, അവിടെ അന്ന് പടി പോയിട്ട് ഒരു ചെടി പോലുമുണ്ടായിരുന്നില്ല. കോളേജിനു മുന്നില്‍ വലിയ പാടം ആയിരുന്നു.) കെ.കെ.ടി.എം കോളേജ് എന്നു പറഞ്ഞാല്‍.........ഒരു സ്ക്കൂള്., അല്ലാ!!..... അതിനേക്കാളും വല്ല്യ ഒരു സ്ക്കൂള്. അത്രേള്ളു!! ആസ്ബ്സ്റ്റോസ് മേഞ്ഞ രണ്ടു കെട്ടിടങ്ങള്‍ അടുത്തടുത്തായി ഒരു നിരയില്‍. പ്രീഡിഗ്രി ഒന്നാം വര്‍ഷം അവിടെയാണ്. അതിനു സമാന്തരമായി കോണ്‍ക്രീറ്റില്‍ ഒരു നിര. പ്രീ ഡിഗ്രി രണ്ടാം വര്‍ഷം അവിടെ. ഇതിനു നടുവിലായി അതിന്റെ പകുതി നീളത്തില്‍ ഒരു കോണ്‍ക്രീറ്റു കെട്ടിടം. ഓഫീസ്,പ്രിന്‍സിപ്പാള്‍ റൂം, അദ്ധ്യാപക വിശ്രമ മുറി(ആ മുറിയില്‍ എപ്പോഴും ആളുണ്ടാകും!) അതെല്ലാം ആ ബില്‍ഡിംങ്ങില്‍. പിന്നെ ക്യാന്‍പസ്സിന്റെ ഒരു മൂലയില്‍ ഒരു രണ്ടു നില കെട്ടിടം. ഡിഗ്രി, ലാബ് അതൊക്കെ അവിടെയാണ്. ചുരുക്കം പറഞ്ഞാല്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ 'പുട്ടു' ചുട്ടുവച്ച പാത്രത്തില്‍ നിന്ന് നടുവിലെ കുറ്റിയിലെ അരക്കഷണം എടുത്തു മാറ്റിയാല്‍ എങ്ങിനെയിരിക്കും?! അതായിരുന്നു കോളേജിന്റെ ഒരു 'ഏരിയല്‍ വ്യൂ'.
ഈ കെട്ടിട സമുച്ചയങ്ങളുടെ ഇടയില്‍ മൂന്നോ നാലോ മാവുകള്‍. മാവിനു താഴെ വെടിപ്പായി പൊട്ടിപ്പൊളിഞ്ഞ തറ. കോളേജിലെ എല്ലാ തറകളും കൂടിയിരുന്നത് ആ മാവിന്‍ തറയിലായിരുന്നു. പിന്നെ ക്യാന്‍പസ്സില്‍ അവിടവിടായി വലിയ യമണ്ടന്‍ ഇരുന്പ് പൈപ്പുകള്‍. ഇതാണ് കൊടുങ്ങല്ലൂര്‍ കെ,കെ,ടി.എം. കോളേജ്.
പ്രണയം,വിപ്ലവം,ബഹളം,വായ് നോട്ടം ഇത്യാദി കാര്യങ്ങളില്‍ വളരെ പിന്നിലായിരുന്ന കുറേ മുണ്ടുടുക്കികള്‍, അതായിരുന്നു ഞാനും എന്റെ കുറച്ചു കൂട്ടുകാരും. അന്ന് 'ബാഗി' പാന്റ്, ജീന്‍സിന്റെ തുടക്കമായിരുന്നുവെങ്കിലും, മുണ്ടായിരുന്നു പൊതുവെയുള്ള വേഷം. പാവാട ബ്ലൌസ്സിലും, ചുരിദാറിലും,കൂടിവന്നാല്‍ മിഡിയിലും പെണ്‍കുട്ടികളുടെ ഫാഷന്‍ ഒതുങ്ങി. മൈക്രോ മിഡി എന്നൊക്കെപ്പറഞ്ഞാല്‍ ഒരു 7 - 8 വയസ്സു വരെ വീട്ടില്‍ മാത്രം ധരിക്കുന്ന കൊച്ചുപാവാട എന്നായിരുന്നു അന്നത്തെ പെണ്‍കുട്ടികളുടെ ധാരണ. (ഇപ്പോഴാണല്ലൊ, വീട്ടില്‍ മുഴുനീള വസ്ത്രവും, വീടിനു പുറത്ത്, അവശ്യഭാഗങ്ങള്‍ മാത്രം മറക്കുന്ന കൊച്ചുകൊച്ചു തുണിക്കഷണങ്ങളും ആയത്. അന്നൊക്കെ നമ്മള്‍ പ്രാകൃത സമൂഹമായിരുന്നില്ലേ!!?!!)
ഞങ്ങള്‍ മുണ്ടുടുക്കികള്‍ നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ പിന്നോക്കമായിരുന്നതു കൊണ്ട്, മനസ്സിലെ സ്വപ്നങ്ങള്‍ക്ക് നിറം കൊടുക്കാനാവാതെയും, തുന്നലുടുപ്പുകള്‍ നല്‍കാതെയും സ്വപ്നങ്ങളുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് അവയെ നിഷ്കരുണം കൊന്നു അഥവാ അബോര്‍ട്ടു ചെയ്തു.
ഈ ഗ്രൂപ്പില്‍ എനിക്ക് പൊടി രാഷ്ടീയവും, വിദ്യാര്‍ത്ഥി സംങ് കടനാ പ്രവര്‍ത്തനവും ഉണ്ടായിരുന്നതൊഴിചാല്‍ ഞങ്ങളുടെ ഗ്രൂപ്പ് ശാന്തം, മൂകം.
ഞാന്‍ കൂടാതെ, ഞാന്‍ രാധ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍. എന്റെ നാട്ടുകാരനും, എഴുത്തുകാരനും, നാടക രചന/സംവിധായകനും, സാജന്‍ പറവൂര്‍ (ഇപ്പോള്‍ ഏഷ്യാനെറ്റില്‍ എഡിറ്റര്‍) സഹദേവന്‍ എടതിരിഞ്ഞി,ലതീഷ് മാള, ഫസറുദ്ദീന്‍ മതിലകം(ഇപ്പൊള്‍ എക്സ്-ഗള്‍ഫ്, നാട്ടില്‍ ബിസിനസ്സ്, ഇപ്പോഴും എന്റെ സുഹൃത്ത്) സജീവന്‍ പനങ്ങാട്, പിന്നെ ഇപ്പോള്‍ പേരോര്‍മ്മയില്ലാത്ത കുറച്ചുപേരും.
ഉച്ചക്ക് ഉണ്ണാതെ, മാവിഞ്ചുവട്ടിലോ, സൈക്കിള്‍ ഷെഡ്ഡിലൊ,കാറ്റാടി മരത്തിന്റെ കാട്ടിലൊ, മാവിന്‍ ചുവട്ടില്‍ കുഴിച്ചിട്ട പൈപ്പിനു പുറത്തോ ഇരുന്ന് സിനിമ, സാഹിത്യം,സംഗീതം,കല, രാഷ്ടീയം, സാമുഹ്യപ്രതിബദ്ധത ഒക്കെ ചര്‍ച്ചചെയ്യുന്ന വിവരദോഷികള്‍........നിര്‍ഗ്ഗുണപരബ്രഹ്മങ്ങള്‍.......അതായിരുന്നു ഞങ്ങള്‍...
എന്തായാലും കോളേജല്ലേ എന്നു കരുതി കോളേജ് ജീവിതത്തിനു പിന്നീട് ഒരു നാണക്കേട് ഉണ്ടാകാതിരിക്കാന്‍ ക്ലാസ്സുകള്‍ കട്ട് ചെയ്തിരുന്ന കാലം, പോക്കറ്റിലെ ചില്ലറകള്‍ തപ്പിപ്പെറുക്കി പൊറോട്ടയും ആവോളം സാന്‍പാറും വാങ്ങിതിന്നിരുന്ന കാലം, ഇഷ്ടപ്പെട്ട പെണ്‍കുട്ടിയോട് പ്രണയം വെളിപ്പെടുത്താതെ ഉള്ളിലൊതുക്കിയ കാലം, ഏതെങ്കിലും ഒരു പെണ്‍കുട്ടി നമ്മോട് സംസാരിച്ചാല്‍ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് തൊണ്ട വരണ്ട് തൊട്ടടുത്ത പൈപ്പിന്‍ ചോട്ടില്‍ പോയി തൊണ്ട നനച്ചിരുന്ന കാലം. "അറിഞ്ഞതില്‍ പാതി പറയാതെ പോയി, പറഞ്ഞതില്‍പ്പാതി പതിരായി പോയി" എന്ന് മനസ്സില്‍ മൂളിനടന്നിരുന്ന വേണു നാഗവള്ളിക്കാലം.
സമരവും ക്ലാസ്സും, ക്ലാസ്സ് -കട്ടലും കയറലുമൊക്കെയായി ഒന്നാം വര്‍ഷ പ്രീഡിഗ്രി പൂര്‍ത്തിയാക്കി ഞങ്ങള്‍ രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെത്തി, ഞങ്ങള്‍ ചേട്ടന്മാരായി.
ഒരു ദിവസം, ഓഫീസ് റൂമിന്റെ ചുമരിലൊട്ടിച്ചുവെച്ച അടുത്ത ഒന്നാം വര്‍ഷ പ്രിഡിഗ്രിയുടെ സെലക്ഷന്‍ ലിസ്റ്റ് നോക്കാന്‍ പോയി.സെലക്ഷന്‍ ലിസ്റ്റിലെ ആണ്‍കുട്ടികളുടെ പേരുകള്‍ യാതൊരു വ്യത്യാസവും കൂടാതെ ലിസ്റ്റില്‍ കിടന്നപ്പോള്‍ പെണ്‍കുട്ടികളുടെ പേരുകള്‍ക്കു ചുറ്റും, നാട്ടിലെ ക്ഷേത്രങ്ങളില്‍ കളമെഴുത്തുപാട്ടിനു കളം വരക്കുന്നതുപോലെ, അഗ്രഹാരങ്ങളിലെ വീട്ടുമുറ്റത്ത് കോലങ്ങള്‍ വരച്ചപോലെ വരഞ്ഞും കുറുകിയും വട്ടത്തിലും നീളത്തിലും ഓരോരോ ചിത്രപ്പണികള്‍. രണ്ടാംവര്‍ഷ പ്രീഡിഗ്രിയിലെ ചേട്ടന്‍മാരുടെ കരവിരുതാണ്. അത്രയും പോന്ന കലാകാരന്മാരുടെ ബാച്ചില്‍ പഠിക്കാന്‍ സാധിച്ചതില്‍ അവിടെ വെച്ചു തന്നെ ഞാന്‍ അഭിമാനം കൊണ്ടു!! ഇലക്ഷന്‍ അടുക്കുന്‍പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നാട്ടിലെ ചുമരുകള്‍ ബുക്കു ചെയ്യുന്നപോലെ, ചില പെണ്‍കുട്ടികളുടെ പേരിന്റെ ചുറ്റും ഒരു വട്ടം വരച്ചിട്ട് അതിനുനേരെ 'ബുക്ക്ഡ്'' എന്നെഴുതിയിരിക്കുന്നു. 'രശ്മി.ആര്‍.' എന്നതിന്റെ നേരെ ഒരുത്തന്‍ ഒരു ആരോ വരച്ചിട്ട് 'എന്റെ ചരക്കേ..' എന്നെഴുതിയിരിക്കുന്നു. പിന്നെ 'വീണ എ.സി.' 'പൊന്നുമോളെ'....'അശ്വതി കെ.കെ.' 'ചേട്ടന്റെ മുത്തേ'... ഇതൊക്കെകൂടാതെ ചില പേരുകള്‍ക്കു നേരെ 'അന്‍പു കൊണ്ട ഹൃദയവും', 'എന്റെ മാത്രം'...'ഇവളെന്റേത്"... എന്നൊക്കെയുണ്ട്.
ഫസ്റ്റ് ഇയര്‍ പ്രീഡിഗ്രി തുടങ്ങിയെങ്കിലും റാഗ് ചെയ്യാനൊ, പരിചയപ്പെടാനോ ഞങ്ങള്‍ പോയില്ല. എന്തിന് ?!!? ഞങ്ങള്‍ ബുദ്ധിജീവികള്‍! പക്വമതികള്‍!! രാഷ്ട്രീയ-സാമൂഹ്യപ്രതിബദ്ധതയുള്ള രക്തം തിളക്കുന്ന യുവജനങ്ങള്‍!!!. അതൊക്കെ പെണ്‍ മോഹികളായ, സദാചാരബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില 'പുഷ്പ'ന്മാര്‍ക്ക്' പറഞ്ഞിട്ടുള്ളതാണ്. ഞങ്ങള്‍ക്കതൊന്നും ചേരില്ല. ( അല്ലാതെ, ധൈര്യമില്ലാഞ്ഞിട്ടും, ചമ്മലുണ്ടായിട്ടൊന്നുമല്ല!!) ഞാന്‍ മാത്രം പൊളിറ്റിക്കല്‍ ക്യാന്‍പയിന്‍ എന്ന പേരില്‍ സഹപ്രവര്‍ത്തകരോടൊപ്പം രാഷ്ടീയ വിശദീകരണത്തിനും മറ്റുമായി ഒന്നാംവര്‍ഷ ക്ലാസ്സുകളില്‍ പോയി. ആ വഴിക്ക് അങ്കവും കണ്ടു, താളിയും പറിച്ചു.!
ഗെയ്റ്റിനരികിലോ, ഓഫീസിനടുത്തുവെച്ചോ, മാവിന്‍ ചുവട്ടിലോ നില്‍ക്കുന്‍പോള്‍ ഒന്നാംവര്‍ഷ പ്രീഡിഗ്രിയിലെ സുന്ദരികുട്ടികള്‍ ഞങ്ങളെ കടന്നുപോകുന്‍പോള്‍ ഞാനും രാധയും സാജനും പരസ്പരം നോക്കി ഒന്നു നെടുവീര്‍പ്പിടും, വീണ്ടും മാവിന്‍ ചുവട്ടില്‍ പോയി മാനം നോക്കി ഇരിക്കും അത്രതന്നെ...!!
ദിവസങ്ങളും, ആഴ്ചകളും, മാസങ്ങളും, ക്ലാസ്സുകളായും, സമരങ്ങളായും, സംങ്ങ്ക്കട്ടനങ്ങളായും കടന്നുപോയി. കൊടുങ്ങല്ലൂരിലെ തിയ്യറ്ററുകളില്‍ സിനിമകള്‍ മാറി മാറി വന്നു.
അങ്ങിനെയിരിക്കെ ഒരു ദിവസം കോളേജില്‍ ആര്‍ട്ട്സ് ഫെസ്റ്റിവല്‍ വന്നെത്തി!
മൂന്നു ദിവസം നീളുന്ന വിദ്യാര്‍ഥികളുടെ കലാമത്സരങ്ങള്‍!!
പലര്‍ക്കും കൂവാനും, കൂവിത്തെളിയാനുമുള്ള അസുലഭാവസരം! വായ് നോക്കികള്‍ക്ക് വായ് നോക്കാനും, കാമുകന്‍മാര്‍ക്ക് കാമുകിയെ മുട്ടിയുരുമ്മാനും കിട്ടുന്ന അവര്‍ണ്ണനീയാവസരം!! കൊടുങ്ങല്ലൂരിലെ തലതെറിച്ചവന്‍മാര്‍ക്ക് "താനാരോ തന്നാരോ" പാടാന്‍ കിട്ടുന്ന പത്തര മാറ്റുള്ള സുവര്‍ണ്ണാവസരം!!!
ഒരു ദിവസം ഉച്ചയിലെ ഊണില്ലാ ഇടവേളയില്‍ പൊടുന്നനെ രാധയുടെ ഒരു നിര്‍ദ്ദേശം.
' ടാ നന്ദ്വോ, ഇക്കൊല്ലം നമക്കൊരു നാടകാ കളിച്ചാലോ??!!'
...........................................തുടരും..........................................
പര്‍വ്വത്തില്‍ പറയാത്തത് :- ഞാനീ പോളീടെക്നിക്കില്‍ പഠിക്കാത്തതു കൊണ്ട് മലയാളം ബ്ലോഗിങ്ങിന്റെ യന്ത്ര സംവിധാനങ്ങളെ കുറിച്ചൊന്നും വലിയ പിടിയില്ല. എഴുതി വന്നപ്പോള്‍ വല്ല്യൊരു പോസ്റ്റായോ എന്നു സംശ്യം!! ഒരു തുടക്കക്കാരന്റെ നീളമുള്ള പോസ്റ്റ് എങ്ങിനെ സ്വീകരിക്കപ്പെടും എന്നതില്‍ ആശങ്കയുണ്ടുതാനും. അതുകൊണ്ട് 'മെഷീന്‍ കട്ട്'‘ ഉപയോഗിച്ചു മുറിച്ചു രണ്ടാക്കി. ആദ്യ പോസ്റ്റിലൂടെ 'തുടരന്‍' എഴുതിയ ബ്ലോഗര്‍ എന്ന ബഹുമതി കിട്ടുമോ എന്തോ!? എന്തരോ!! ??
ഇപ്പഴും നിറം മങ്ങാതെ നില്‍ക്കുന്ന പഴയൊരു കലാലയ സ്മരണ. നര്‍മ്മത്തിന്റെ മേന്‍പൊടി ചേര്‍ത്തി പോസ്റ്റുണ്ടാക്കാം എന്നായിരുന്നു ചിന്ത. പോസ്റ്റു പാകം ചെയ്തു വെന്തു വന്നപ്പോള്‍, നര്‍മ്മത്തിന്റെ കഴഞ്ചു തീരെ കൂറഞ്ഞോ എന്നും സംശ്യം. (ഈ സംശ്യം കൊണ്ട് വല്ല്യ ത്വയിരക്കേടായല്ലോ ഭഗോത്യേ !!) നര്‍മ്മം ചേര്‍ത്തു വിളന്‍പുന്ന മാന്ത്രിക വിദ്യ അറിയാത്തതുകൊണ്ട് നിങ്ങളു തന്നെ എടുത്ത് കഴിക്ക് , എന്നിട്ടു പറ, വല്ല ചൂരും മണോം ണ്ടോന്ന്. !!!
24 comments:
ഇപ്പഴും നിറം മങ്ങാതെ നില്‍ക്കുന്ന പഴയൊരു കലാലയ സ്മരണ. നര്‍മ്മത്തിന്റെ മേന്‍പൊടി ചേര്‍ത്തി പോസ്റ്റുണ്ടാക്കാം എന്നായിരുന്നു ചിന്ത. പോസ്റ്റു പാകം ചെയ്തു വെന്തു വന്നപ്പോള്‍, നര്‍മ്മത്തിന്റെ കഴഞ്ചു തീരെ കൂറഞ്ഞോ എന്നും സംശ്യം. (ബാക്കി ഭാഗം രണ്ടു ദിവസത്തിനുള്ളില്‍ പോസ്റ്റുന്നതാണ്.)
gud! still keeping that gud old day memories in ur mind? great! waiting 4 the next 'episode'
എന്റെ വലിയൊരാഗ്രഹമായിരുന്നു ഫൈന്‍ ആര്‍ ട്സ് ... ദൈവസഹായം കൊണ്ട് എല്ലാം കുളമായിക്കിട്ടി....പോസ്റ്റ് ശരിക്കും ആസ്വദിച്ചു ട്ടോ..
ക്യാമ്പസിന്റെ പേര് കളയാതെ ക്ലാസ്സ് കട്ട് ചെയ്ത ഭീകരാ.....ഒന്നാം ഭാഗം ഇഷ്ടായി രണ്ടാം ഭാഗം പെട്ടന്നാവട്ടെ.......പിന്നേയ് കര്‍ട്ടന്‍ ഞാനിട്ടോളാം..............
മച്ചൂ...ഒന്നാംഭാഗം ഉഷാറായിട്ടുണ്ട്.പിന്നെ കോളേജില്‍ വെച്ച് മച്ചു ആരേയും റാഗു ചെയ്തില്ലെങ്കിലും മച്ചൂനെ റാഗ് ചെയ്ത വിവരം മനപ്പൂര്‍വ്വം ഇതില്‍ ചേര്‍ക്കാതിരുന്നത് വളരെ മൃഗീയവും പൈശാചികവുമായി..ഞാന്‍ അപലപിക്കുന്നു .കൂടാതെ ഇലക്ഷനു തല്ലുകിട്ടി രണ്ടുമാസം ആശുപത്രിയില്‍ കിടന്ന ആ സംഭവവും എഴുതാതെവിട്ടത് മോശമായിപോയി.
നന്ദാ,ആ കോളേജ് ആകെ മാറിപ്പോയി.ഇന്ന് ഏറ്റവും കൂടുതല്‍ സാംസ്കാരികപ്രവര്‍ത്തനം നടക്കുന്ന ഒരു കോളേജാണത്.ഉഷടീച്ചറുടേയും സുബൈദടീച്ചറുടേയും അദ്ധ്വാനഫലം..ഫസറുവിനോട് പറയുന്നുണ്ട്,ഈ അഭ്യാസത്തെപ്പറ്റി..
എഴുത്തിനു നല്ല ഒഴുക്കുണ്ട് നന്ദേട്ടാ... ധൈര്യമായി ബാക്കി കൂടി എഴുതൂ...
“ചുരുക്കം പറഞ്ഞാല്‍ നാട്ടിന്‍പുറത്തെ ചായക്കടയില്‍ 'പുട്ടു' ചുട്ടുവച്ച പാത്രത്തില്‍ നിന്ന് നടുവിലെ കുറ്റിയിലെ അരക്കഷണം എടുത്തു മാറ്റിയാല്‍ എങ്ങിനെയിരിക്കും?! അതായിരുന്നു കോളേജിന്റെ ഒരു 'ഏരിയല്‍ വ്യൂ'.”
കിടിലന്‍ വിവരണം. കുറച്ചു അക്ഷരത്തെറ്റുകള്‍ വന്നിട്ടുണ്ട്. അതൊക്കെ ഒന്നു കൂടി ശ്രദ്ധിയ്ക്കണേ...
:)
munpile comment il kandathu kondu vveendum ezhuthunnilla..colleginte view vinekurichulla xplnation sree paranja pole kidilan thanne. tcr- kdr bus il pokumbol cllge nte board kandittullathallathe nerittu kananulla bhagyam undayittilla...eppo kandu ,nerittu thanne..annathe oru saraasari rakshithakkaludeyum vidyarthikaludeyum manasikaavastha valare manoharamayi, kurachu narmathode avatharippichathil ..nandan vijayichirikkunnu....100%.. .congrats...
akkamshayude mulmunayil thanne nirthikondanallo avasappichirikkunnathu :-)
തുടക്കം മോശ്മല്ല...
ചുരുക്കി പരയുന്നത് എനിക്കു കൂടുതല്‍ ഇഷ്ടം
വിസ്താരഭയം ആശം സിക്കുന്നു...(തമാശ ആയി എടുക്കുക അല്ലെങ്കില്‍ സീര്യസായീ)
Nalla udhyamam....kollam nandu....thudaroooo
നന്നായിട്ടുണ്ട് ! ആശംസകളോടെ,
തുടരുക.....
ഒരു തുടക്കകാരനാണെന്നൊന്നും തോന്നിയില്ല വായിച്ചപ്പോള്‍. നന്നായിട്ടുണ്ട്. അടുത്തഭാഗത്തിനായി കാത്തിരിക്കുന്നു...
ഓ.ടോ : ഞാനും ഒരു ഗവ. കോളേജിലാണ് ജോലി ചെയ്യുന്നത്. ട്രാന്‍സ്ഫര്‍ ഭീഷണി നേരിടുന്ന വര്‍ഗം. ഒരിക്കല്‍ ഈ പറഞ്ഞ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയാലോന്ന് ആലോചിച്ചിരുന്നു. പിന്നെ അത് ഒഴിവാക്കാനായി. എന്തായാലും ഇപ്പോള്‍ ആ കോളേജ് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ബെസ്റ്റെഴുത്ത് ഭായി......എന്തോന്നു തുടക്കം, എന്തോന്ന് ഒടുക്കം...ഇതന്നെ എഴുത്ത്. ചെറുതും, വലുതും ആണെന്നൊന്നും കരുതണ്ട.
നന്നായിട്ടുണ്ട്. നന്നായി ആസ്വദിച്ചി തന്നെ വായിച്ചു. ഉയര്‍ന്ന മാര്‍ക്ക് കിട്ടിയതിനാല്‍ കെ കെ ടിം എമ്മില്‍ പോലും അഡ്മിഷന്‍ കിട്ടാതിരുന്ന ഒരു ഹതഭാഗ്യനാണു ഈയുള്ളവന്‍.
പഠിക്കണകാലത്ത് നന്നായി പഠിക്കാഞ്ഞത് നന്നായി എന്ന് ഇപ്പോള്‍ തോന്നാറുണ്ട്:)
അപ്പോ പറഞ്ഞ് വന്നത് അടുത്തത് പെട്ടെന്ന് പോരട്ടേന്ന്......
Nandaa..........Nammude K.K.T.M il ethiyamathiri........good:)
suspense?!!! part second ennathu prekshakare pidichu nirthanulla nandante oru kuthanthramalle ennu samshayikkendi irikkunu!!! enthayaalum kalakkunnundu... poratte iniyum kodungalloor veera-kathakal!
സുധീഷ് :- ജീവിതത്തിലെ നല്ല ഓര്‍മ്മളാണല്ലോ നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്, ഇപ്പോഴും.
ജയേഷ് :- എന്റേയും. എനിക്കും സാധിച്ചില്ല. പക്ഷെ, കണ്ടും,കേട്ടും,നിരീക്ഷിച്ചും ഞാന്‍ വരക്കാന്‍ പഠിച്ചു.
തോന്ന്യാസി :-ബ്ലോഗില്‍ എപ്പോഴും വരുന്നതില്‍ സന്തോഷം. ഇന്നു തന്നെ ഞാന്‍ കര്‍ട്ടനിടും.
പൈങ്ങോടാ :- നല്ലൊരു ജനനേതാവിനെ പറ്റി ഇങ്ങിനെ പറഞ്ഞാല്‍ പാപം കിട്ടുട്ടോ :-) ഗഡീ നിനകു ഞാന്‍ വെച്ചിട്ടുണ്ട് കെട്ടാ..
പി.എന്‍. ഗോപീകൃഷ്ണന്‍ :- കോളേജിനെക്കുറിച്ചുള്ള 90-കള്‍ക്കു മുന്‍പുള്ള പൊതുജനങ്ങളുടെ ഒരു വീക്ഷണം എന്നേ ഞാനുദ്ദേശിച്ചുള്ളു. സത്യത്തില്‍ ജനാധിപത്യപരവും, സാഹോദര്യവും, പ്രതിപക്ഷബഹുമാനമുള്ളതും, കല-സാസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ നടന്നതുമായ ഒരു കോളേജായിരുന്നു അന്നും. ഉഷടീച്ചറും, സുബൈദടീച്ചറുമൊക്കെ മറക്കാനാവാത്ത സജ്ജീവ സാന്നിദ്ധ്യമായിരുന്നു അന്നും. ‘അരാഷ്ട്രീയത’ കേരളത്തിലെ പല ക്യാന്‍പ്സ്സുകള്‍ക്ക് മേല്‍ ഏല്‍പ്പിച്ച ദുരന്തം ഇന്ന് കാണുന്‍പോള്‍ ആ പഴയ നല്ല കാലം ഓര്‍മ്മവരുന്നു.
ആ നല്ല കോളേജിനെപ്പറ്റി, ആ നല്ല കാലത്തെപ്പറ്റി ഞാന്‍ മറ്റൊരു പര്‍വ്വം പിന്നീടെഴുതുന്നുണ്ട്.
ശ്രീ :- ശ്രദ്ധിക്കാം. പരമാവധി ശ്രമികുന്നുണ്ട്. നന്ദി.
ജ്യോതി :- നന്ദി ട്ടാ.. :-)
അനാഗതാ:- എനിക്കും വിസ്താര ഭയം തന്നെ. തമാശയാകുന്‍പോള്‍ അറിയാതെ ഇത്തിരി കൂടിപോകുന്നതാ..നന്ദി.
മനോജ് :- നന്ദി. തുടരാം.
കെ.പി.സുകുമാരന്‍ : ആശംസകള്‍ക്കു നന്ദി.:-) ഇനിയും ഇവിടെ വരണംട്ടാ..
ജിഹേഷ് :- നാട്ടുകാരാ നന്ദന്റെ നന്ദി...:-)
ഗീതാഗീതി : തീര്‍ച്ചയായും അവിടെ പഠിപ്പിക്കാന്‍ അവസരം കിട്ടിയാല്‍ പാഴാക്കരുത്. കേരളത്തിലെ ഒരുപാടു പ്രഗത്ഭര്‍ പഠിപ്പിച്ച കോളേജാണത്. ഒരു പാടു സാഹിത്യകാരന്മാര്‍ വരെ. സര്‍ക്കാര്‍ കോളേജായതുകൊണ്ടു നിരവധി പ്രഗത്ഭരുടെ ശിഷ്യനാകാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാനതില്‍ ഇന്നും അഭിമാനിക്കുന്നു. ഈ വരികളില്‍ എനിക്കെന്തെങ്കിലും ചെയ്യാനാവുന്നുണ്ടെങ്കില്‍ അത് ആ കോളേജിലെ ഗുരുഭൂതരുടെ കഴിവുകൊണ്ടാണ്. കമന്റിനു നന്ദി. വീണ്ടും വരിക.
കുറുമാന്‍ :- ഞാന്‍ ബ്ലോഗു തുടങ്ങിയിട്ടും എന്തേ കാരണവന്മാരൊന്നും കണ്ടില്ല എന്നു വിചാരിക്കായിരുന്നു.:-) അക്ഷരമുറിയിലായിരുന്നു എന്ന് കുറുമാന്റെ പോസ്റ്റ് വായിച്ചളാ അറിഞ്ഞത്. എന്തായാലും ഈ വരവു കൊണ്ടും, കമന്റുകൊണ്ടും എന്റെ പര്‍വ്വം ധന്യമായി.
ആറു :- കമന്റിനു നന്ദി. ഇനിയും വരണം.
സിജി :- കുതന്ത്രമല്ല സിജി വെറും തന്ത്രം. :-) കമന്റിനു നന്ദീ ട്ടാ :-) ഇപ്പൊ ഫോണ്ട് സൈസ് പ്രശ്നംന്നുല്ല്യല്ലോ??
അഭിപ്രായം അറിയിച്ചവര്‍ക്കും ഇനി അറിയിക്കാനുള്ളവര്‍ക്കും നന്ദി :-)
നല്ല സ്റ്റൈലന്‍ എഴുത്തണല്ലൊ അണ്ണാ
തുടരും എന്നു പറഞ്ഞിട്ട് തുടരാതിരിക്കരുതേ
മാഷ്‌ക്ക് കര്‍ട്ടനിടുന്നതല്ല....നാടകത്തിന് കര്‍ട്ടനിടുന്ന കാര്യാ പറഞ്ഞതേയ്......കോളേജില്‍ പ്രീ-ഡിഗ്രി തൊട്ടേ എന്റെ വീക്നെസാ കര്‍ട്ടന്‍...
അതു പിടിക്കുന്ന പണി നിവൃത്തിയുണ്ടെങ്കില്‍ ഞാനാര്‍ക്കും വിട്ടുകൊടുക്കൂല്ല......സംശയണ്ടെങ്കി മാഷ് ‘കാപ്പിലാനോ’ട് ചോദിച്ചു നോക്ക്യേ.......
മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html
നന്ദന്‍,
താങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു. വളരെ രസകരമായ് എഴുതിയിട്ടുണ്ട്. തുടരുക. ആശംസകള്‍ !
ഇഷ്ടായി.ബാക്കി വായിക്കട്ടെ.
Post a Comment